വിജയഗാഥ/ സഫര്‍നാമാ
ഗുരു ഗോബിന്ദ് സിംഗ്
വിവര്‍ത്തനം: ഹരിശങ്കരനശോകന്‍
സിഖ് വിശ്വാസത്തെ സംഘടിതരൂപമുള്ള മതമായി ചിട്ടപ്പെടുത്തിയ പത്താമത്തെ ഗുരുവാണ് ഗുരു ഗോബിന്ദ് സിങ്. അദ്ദേഹം എഴുതിയ, ചരിത്രപ്രാധാന്യമുള്ള വിഖ്യാത കാവ്യമാണ് സഫര്‍നാമ. ക്ലാസിക്കല്‍ പേഴ്സ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട കൃതിയാണിത്. 1705ല്‍ നടന്ന ചംപ്കൗര് യുദ്ധത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനോട് പരാജയപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹത്തിന് ഗുരു ഗോബിന്ദ് സിങ് അയച്ച വിജയപ്രഖ്യാപനമാണ് ഈ കാവ്യം. യുദ്ധത്തില്‍ ഔറംഗസേബ് നടത്തിയ വഞ്ചനകളെക്കുറിച്ചും സത്യപ്രതിജ്ഞാലംഘനങ്ങളെക്കുറിച്ചും ഗുരു ചൂണ്ടിക്കാട്ടുന്നു. തളരാത്ത പോരാട്ടവീര്യം പ്രകടിപ്പിച്ചതിലുടെ സിഖ് സൈന്യത്തിന് നേടാന്‍ കഴിഞ്ഞ ധാര്‍മിക വിജയത്തെക്കുറിച്ചും ഗുരു സൂചിപ്പിക്കുന്നുണ്ട്. ഒരു വലിയ സൈന്യത്തെ അയച്ചിട്ടും ഔറംഗസേബിന് തന്നെ പിടികൂടാനോ സിഖ് സൈന്യത്തെ ഇല്ലാതാക്കാനോ കഴിഞ്ഞില്ല. തന്റെ മാതാപിതാക്കളും നാലു മക്കളും നഷ്ടമായെങ്കിലും അതെല്ലാം മറന്ന് ചെറുത്തുനില്‍പ്പിന്റെ വീര്യവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ വിജയപ്രഖ്യാപനം. ഈ കാവ്യസന്ദേശം ഔറംഗസേബിനെ ആഴത്തില്‍ ഉലച്ചതായും പറയപ്പെടുന്നു. ''നീതി കാണാതെ പോവുമ്പോള്‍ വാളെടുക്കുന്നതും പോരാടുന്നതും
ഒരു അവകാശമാകുന്നു'' എന്ന് പ്രഖ്യാപിക്കുന്ന, ഒരു ദേശം എന്ന നിലക്കും സമൂഹം എന്ന നിലക്കും എക്കാലവും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന പഞ്ചാബി ജനതയുടെ രാഷ്ട്രീയപ്രഖ്യാപനം കൂടിയാകുന്നു സമകാലിക സന്ദര്‍ഭത്തില്‍ സഫര്നാമയുടെ പുനര്‍വായന