കവിത
അൻവർ അലി
മൂന്നു ചാവെഴുത്തുകള്‍

ഒന്ന്: സൊറാബ്ദ്ദീൻ കൊലമാല
തീ കൊടുത്ത് ഗോദ്ര വാങ്ങി
ഡും ഡും ഡും
ഗോദ്ര കൊടുത്ത് ചോര വാങ്ങി
ഡും ഡും ഡും
ചോര കൊടുത്ത് ഭരണം വാങ്ങി
ഭരണം കൊഴുത്ത് വയറു വീങ്ങി
വയറിളകിത്തൂറി നാട്
നാടാകെ കെട്ടുനാറി
ഡും ഡും ഡും ഡും
ഡും ഡും ഡും.
സത്യം ചവിട്ടിപ്പൊറത്തിട്ട
ഹരേണ്‍ പാണ്ഡ്യ ഡും
കൂലിക്കൊലയാളിയായ
സൊറാബ്ദ്ദീൻ ഡും
സൊറാബ്ദ്ദീന്റെ കൂട്ടുകാരി
കൗസര്‍ബായി ഡും
സൊറാബ്ദ്ദീന്റെ പങ്കുകാരന്‍
പ്രജാപതി ഡും
സൊറാബ്ദ്ദീന്റെ കേസു കേട്ട
ജഡ്ജി ലോയ ഡും
ലോയയുടെ കൂടെ നിന്ന
ലോയറമ്മാര്‍ ഡും
സൊറാബ്ദ്ദീന്റെ ഊര് പേര്
സൊറാബ്ദ്ദീന്റെ ഭൂതഭാവി
സൊറാബ്ദ്ദീന്റെ മതം ഗുദം
സൊറാബ്ദ്ദീന്റെ ജഡം പടം
ഡും ഡും ഡും ഡും
ഡും ഡും ഡും
സൊറാബ്ദ്ദീനെ പാര്‍ത്തവര്‍
സൊറാബ്ദ്ദീനെ ഓര്‍ത്തവര്‍
സൊറാബ്ദ്ദീനെ കുളിപ്പിച്ചോര്‍
സൊറാബ്ദ്ദീനെ അടക്കിയോര്‍
സൊറാബ്ദ്ദീനെ എഴുതിയോര്‍
സൊറാബ്ദ്ദീനെ വായിച്ചോര്‍
സൊറാബ്ദ്ദീനെ ചോയിച്ചോര്‍
സൊറാബ്ദ്ദീനെ മായിച്ചോര്‍
സൊറാബ്ദ്ദീനുള്ളവര്
സൊറാബ്ദ്ദീനില്ലാത്തോര്
സൊറാബ്ദ്ദീനായവര്
സൊറാബ്ദ്ദീനല്ലാത്തോര്
എല്ലാരും എല്ലാരും എല്ലാരും ഡും
ഡും ഡും ഡും ഡും
ഡും ഡും ഡും
സൊറാബ്ദ്ദീനെ കൊന്നതാര്?
ഡും .....
രണ്ട്: സ്റ്റാന്‍സ്വാമിമൊഴി
യമുനയില്‍ വിഷം കലക്കാനോ
ഗംഗയില്‍ ശവമൊഴുക്കാനോ
ഞാന്‍ കൂട്ടുനിന്നിട്ടില്ല
റാഞ്ചിയിലെ ജലപാതങ്ങളെ കൊന്ന്
മലമ്പള്ളയില്‍ കെട്ടിത്തൂക്കിയിട്ടില്ല
ധന്‍ബാദിന്റെ അയിരു ചൂഴ്ന്ന കണ്‍കുഴികളില്‍
ഊരുകളെ ഉയിരോടെ അടക്കിയിട്ടില്ല
നടന്നോ കിനാപ്പുറത്തോ എത്താനാവാത്ത
ഭൂതകാലത്തും വിദൂരത്തും വച്ച് നിങ്ങളെന്നെ
വിധ്വംസക വേഷത്തില്‍ കണ്ടിട്ടുണ്ട് അല്ലേ?
കൊറഗാവോണിലെ ദളിതസൈന്യത്തിനൊപ്പവും
ഗാഗുല്‍ത്തയിലെ മനുഷ്യപുത്രനൊപ്പവും
ഞാന്‍ ആയുധമേന്തിയിട്ടുണ്ട്, അല്ലേ?
വിറവാതം ബാധിച്ച ജനാധിപത്യത്തിന്റെ
നെടുന്തൂണേ
എന്റെ ജീവനീമ്പിക്കുടിച്ച വ്യാളീമുഖമേ
തൊണ്ടയില്‍ വെള്ളമിറ്റാന്‍
ഒരു കച്ചിത്തുരുമ്പല്ലേ ചോദിച്ചുള്ളൂ?
മിച്ചം വന്ന ഗോത്രജന്തു
എച്ചിലല്ലെന്നല്ലേ പറഞ്ഞുള്ളൂ?
അതിന്
ചാവാറായ എന്നെ
വെയില്‍ത്തറയില്‍ പച്ചമീനെന്ന പോലെ
ജയിലറയില്‍ ഉണക്കാനിട്ടു
അല്ലേ യുവര്‍ ഓണര്‍ ?
മൂന്ന്: അനന്യ മോണോലോഗ്
സര്‍
ഓര്‍മ്മയുണ്ടോ
താങ്കള്‍ വെട്ടിക്കണ്ടിച്ച് തുന്നിച്ചേര്‍ത്ത
ആ അടിയിറച്ചിത്തുണ്ടിനെ?
അവളാണ് ഞാന്‍.
അമ്മപെങ്ങളെന്നും
പെണ്ണുപൊന്‍മകളെന്നും
വജൈനയോനിപൂറെന്നും
താങ്കള്‍ മടിയിലിരുത്തി പേരിട്ട
കുലീനരുടെ കുലത്തില്‍ പിറന്നവളല്ല
എന്നില്‍ ജീവന്‍ വസിക്കുന്നില്ല
ചോര ഒഴുകുന്നില്ല
പഴുപ്പാണ് സര്‍,
വെളുത്തു തുടുത്ത പഴുപ്പ്,
ലോകത്തിലെ സകല സര്‍ജിക്കല്‍ വിസര്‍ജ്യങ്ങളുടെയും
എച്ചില്‍ക്കുഴി നൂണുവരും പഴുപ്പ്
പെടുക്കുമ്പോള്‍ ചിതറുന്നത്
താങ്കളടിച്ചുകയറ്റിയ ആണികളാണ്, സര്‍
തിന്നുന്ന വായിലൂടെത്തന്നെ സര്‍
തീട്ടവും
ആണ്മയെ ഇക്കിളിക്കൊള്ളിക്കാന്‍
മാരച്ഛത്രമോ ശംഖുപുഷ്പദലങ്ങളോ ഇല്ലാത്ത
ഈ വെറുമിറച്ചിത്തുണ്ടിനെ ചുമലേറ്റി
വേദനയുടെ നൂറുനൂറിഴകൂട്ടിപ്പിരിച്ച
നീരൊഴുക്കിലൂടെ തുഴഞ്ഞു പോകുന്നുണ്ട് സര്‍
നിലവിളിയായ് നീര്‍ന്ന്, ഒരു കൂട്ടുകാരനിറച്ചി
താങ്കള്ളത് കാണണമെന്നില്ല
കണ്ണടച്ച് തഴുതിട്ടോളൂ.
▮