Tuesday, 28 March 2023

ഭാവി രാഷ്​ട്രീയം


Text Formatted

​​​​​​​രാഹുല്‍ ഗാന്ധിയുടെ
രൂപാന്തരപ്രാപ്തി

2022 നമുക്ക് തരുന്ന ഏറ്റവും വലിയ പ്രതീക്ഷ ഭാരത് ജോഡോ യാത്രയുടെ ദീര്‍ഘകാല ഫലം തന്നെയാണ്. അതിന് ആശയപരവും പ്രവൃത്തിപരവുമായ തുടര്‍ച്ചകളുണ്ടാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ യഥാര്‍ത്ഥ ഗതിവിഗതികള്‍. യാത്രയുടെ തുടക്കം മുതല്‍ അതിന്റെ ഗതിവിഗതികളേയും അതുളവാക്കിയ അനുകൂല- പ്രതികൂല പ്രതികരണങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ച ഒരാളാണ് ഇതെഴുതുന്നത്.

Image Full Width
Image Caption
രാഹുൽ ഗാന്ധി
Text Formatted

2022 അവസാനിക്കുമ്പോള്‍ രാഷ്ട്രീയമായ എന്തൊക്കെ സൂചനകളാണ് പോയ വര്‍ഷം അവശേഷിപ്പിക്കുന്നത്?

ആഗോളതലത്തിലും ഇന്ത്യയിലും സമഗ്ര മാറ്റത്തിന്റെ ദുര്‍ബലമെങ്കിലും സുവ്യക്തമായ ചില സാധ്യതകള്‍ തെളിഞ്ഞുവരുന്നുണ്ട്. കൃത്യമായ പ്രവചനങ്ങള്‍ക്ക് ആധാരമാകാവുന്നത്ര പ്രബലമല്ല കഴിഞ്ഞ കൊല്ലത്തിന്റെ വെളിച്ചക്കീറുകള്‍. അതേസമയം, അവ ചില നിഗമനങ്ങളിലേക്ക് നയിക്കുന്നുമുണ്ട്.

രാഷ്ട്രീയം പ്രത്യാശയുടെ പ്രയോഗവും പ്രതിനിധാനവുമാണ്. ഏത് കൂരിരുട്ടിലും പ്രകാശത്തിന്റെ നേരിയ കീറുകളെങ്കിലും കാണുന്നതാവണം രാഷ്ട്രീയവിശകലനങ്ങള്‍. എല്ലാം തീര്‍ന്നുവെന്നോ സ്വപ്നങ്ങളെല്ലാം എന്നെന്നേക്കുമായി അവധിയെടുത്തെന്നോ പറയുന്നത് വിശകലനമല്ല, രോഗി മരിക്കാന്‍ പോകുന്നുവെന്ന ഭിഷഗ്വര പ്രഖ്യാപനം മാത്രമാണ്. ചരിത്രപണ്ഡിതയും കേംബ്രിഡ്​ജ്​ അധ്യാപികയുമായ ശ്രുതി കപില ദി പ്രിന്റിലെഴുതിയ ലേഖനത്തില്‍ 2022- നെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്:  ‘For all the doom and gloom, 2022 was a half- decent year for democracy - globally and in India.' (എല്ലാ നാശത്തോടും മ്ലാനതയോടുമൊപ്പം, 2022 ആഗോളതലത്തിലും ഇന്ത്യയിലും ജനാധിപത്യത്തെ സംബന്ധിച്ച്​ പാതി മെച്ചപ്പെട്ട ഒരു വര്‍ഷമായിരുന്നു). ലേഖനത്തില്‍ അവരെത്തിച്ചേരുന്ന നിഗമനങ്ങള്‍ ജാഗ്രതയോടെയുള്ള ശുഭവായനയാണ്. ഈ കുറിപ്പെഴുതാന്‍ പ്രേരകമായതും അവരുടെ ലേഖനത്തിന്റെ വായനയാണ്.  

right-wing-leader
ഡൊണാള്‍ഡ് ട്രംപ്, ബോള്‍സനാരോ, ബോറിസ് ജോണ്‍സണ്‍, നരേന്ദ്രമോദി

കഴിഞ്ഞ പത്തുവര്‍ഷം ലോകമൊട്ടുക്കും വലതുപക്ഷ ജനപ്രിയ രാഷ്ട്രീയത്തിന്റെ തേരോട്ടമായിരുന്നു. ഇക്കാര്യത്തില്‍ വികസിത- വികസ്വര രാജ്യങ്ങൾ എന്ന വ്യത്യാസം ഒട്ടുമുണ്ടായിരുന്നില്ല. വികസിത- വികസ്വര രാജ്യങ്ങള്‍ സമാനമായ രാഷ്ട്രീയപ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്നതുതന്നെ ചരിത്രത്തില്‍  ആദ്യമായാണ്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ്, ബ്രസീലില്‍ ബോള്‍സനാരോ, ഫിലിപ്പീന്‍സില്‍ ഡ്യൂട്ടേര്‍ട്ട്, ഹങ്കറിയില്‍  വിക്ടര്‍ ഓര്‍ബാന്‍, ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍, ഇന്ത്യയില്‍ നരേന്ദ്രമോദി - ഈ രാജ്യങ്ങളെല്ലാം കഴിഞ്ഞ ഒരു ദശകമായി ഒരേ രാഷ്ട്രീയപ്രവണതയാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നത്. അതിന്റെ പൊതുസവിശേഷതകള്‍ ഇവയാണ്: മാധ്യമ പൊതുസമ്പര്‍ക്ക (PR) തന്ത്രങ്ങളിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത  ശക്തനെന്ന പ്രതിച്ഛായയുള്ള വലിയ നേതാവ്,  ഒരു രാജ്യത്ത് നിലനില്‍ക്കുന്ന സകല ധ്രുവീകരണ സാധ്യതകളെയും - മതം, വംശം, വര്‍ണം, ജന്മനായുള്ള പൗരത്വവും അല്ലാതെയുള്ള പൗരത്വവും തമ്മിലുള്ള വ്യത്യാസം, മറ്റെന്തും - പരമാവധി പൊലിപ്പിച്ചെടുത്ത് സ്വത്വാധിഷ്​ഠിതമായ ഒരു സ്ഥിരം വോട്ടുബാങ്ക് സൃഷ്ടിച്ചെടുക്കല്‍, ചങ്ങാത്ത മുതലാളിത്തത്തിന്റെ പൂര്‍ണമായ തുറന്നുവിടൽ, അതുണ്ടാക്കുന്ന അസമത്വത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാൻ പൗരന്മാരെ സ്വത്വപരമായ സംഘർഷങ്ങളിലേക്ക് തള്ളിവിടൽ, ആന്തരിക- ബാഹ്യ ശത്രുക്കളെക്കുറിച്ചുള്ള ഭയ - വെറുപ്പുകളുടെ നിരന്തര പ്രസാരണം, ജനാധിപത്യസ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി തകര്‍ക്കല്‍, നീതിയും ന്യായവും നിഷ്‌കാസനം ചെയ്യല്‍, ഭരണകൂടത്തിന്റെ ഉപകരണങ്ങളായ അന്വേഷണ ഏജന്‍സികളെയും കോടതികളെ പോലും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഉപയോഗിക്കല്‍, രാഷ്ട്രീയ ആശയവ്യത്യാസങ്ങളെ ശത്രുതയായി പരിണമിപ്പിക്കല്‍, ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടുമുള്ള പുച്ഛവും അവജ്ഞയും, മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനം, സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് എതിരാളികളെ അപമാനിക്കലും ആക്രമിക്കലും, അതിനുവേണ്ടി വളര്‍ത്തിയെടുത്ത ട്രോള്‍ സൈന്യങ്ങള്‍; ഈ സവിഷേതകളെല്ലാം വിഭിന്നരൂപങ്ങളില്‍ മുകളില്‍ പറഞ്ഞ രാജ്യങ്ങളിലെല്ലാം കാണാനാവും. ഇന്ത്യയിലാവട്ടെ ഇവ അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. 

Adani
ഗൗതം അദാനിക്കൊപ്പം നരേന്ദ്രമോദി

ഇന്ത്യ: അപമാനവീകരണവും അപനിര്‍മാണവും

കഴിഞ്ഞ എട്ടുവര്‍ഷത്തോളം ഇന്ത്യയില്‍ നടന്ന വിദ്വേഷവ്യാപനത്തിന്റെയും ഹിംസയുടെയും അധികാര ദുരുപയോഗത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും  മാധ്യമങ്ങളുടെയും  വരിയുടക്കലിന്റെയും ചരിത്രം സുവിദിതമാണ്. വിശദാംങ്ങള്‍  എല്ലാവര്‍ക്കുമറിയാം. ഈ സാഹചര്യം, എല്ലാം നഷ്ടപ്പെട്ടു എന്ന സമ്പൂര്‍ണ നിരാശയിലേക്ക് നമ്മില്‍ പലരെയും നയിച്ചിട്ടുണ്ട്. സ്വാഭാവികമായ ഒരു തോന്നലാണത്. അത്രമാത്രം ഭീകരമായ രീതിയിലാണ് സ്വതന്ത്ര ബഹുസ്വര ജനാധിപത്യ ഭാരതം നമ്മുടെ കണ്‍മുമ്പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതും സകല തലങ്ങളിലും ഹിന്ദുത്വഫാഷിസത്തിന്റെ ദംഷ്ട്രകള്‍ രാഷ്ട്രശരീരത്തില്‍ ആഴ്ന്നിറങ്ങുന്നതും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ നാനാവിധ പീഡനങ്ങള്‍ക്ക് വിധേയരാവുന്നതും നാം കണ്ടത്.

ഒരു മനുഷ്യന്‍ പോസിറ്റിവായ ഊര്‍ജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവന്‍ നടന്നുതീര്‍ക്കുന്നത് ചരിത്രനിര്‍ണായകമാണ് - അതിന്റെ ഹ്രസ്വകാലഫലം എന്തായിരുന്നാലും.

ഇന്ത്യന്‍ മുസ്​ലിംകളെ സംബന്ധിച്ച്​ മുഹമ്മദാലി ജിന്നയുടെ ആശങ്കകളെല്ലാം ഒന്നൊന്നായി ശരിവയ്ക്കുന്ന അനുഭവമായിരുന്നു. ചരിത്രത്തിലാദ്യമായി രാജ്യം ഭരിക്കുന്ന കക്ഷിക്ക് മുസ്​ലിം എം.പിമാരോ എം.എല്‍.എമാരോ പേരിന് പോലുമില്ലാത്ത സ്ഥിതി സംജാതമായി. വിവേചനത്തിന്റെ വ്യവസ്ഥാപിത രൂപങ്ങള്‍ ഒരു ഭാഗത്തും വിദ്വേഷത്തിന്റെ അഗ്‌നിനാളങ്ങള്‍ മറുഭാഗത്തും ശക്തിപ്രാപിക്കുമ്പോള്‍ നിസ്സഹായതയുടെ പാതാളത്തിലേക്ക് ഇരുപത് കോടിയോളം വരുന്ന ഒരു ന്യൂനപക്ഷ സമുദായം താഴ്ന്നുപോയി. അവരുടെ കൂടെ നിന്നാല്‍ വോട്ട് പോകുമെന്നതിനാല്‍ സെക്യുലർ പാര്‍ട്ടികള്‍ അവരുടെ പേര് പോലും പറയാന്‍ മടിക്കുന്ന സാഹചര്യമുണ്ടായി. ആഗോള മാധ്യമങ്ങളില്‍ ഇന്ത്യയെക്കുറിച്ച്, മുമ്പ് നാസി ജര്‍മനിയെയോ റുവാണ്ടയെയോ മ്യാന്‍മറിനെയോ ഒക്കെപ്പറ്റി വന്നിരുന്ന പോലുള്ള വാര്‍ത്തകളും വിശേഷണങ്ങളും സര്‍വസാധാരണമായി. ബാബ്റി മസ്ജിദ് മുതല്‍ നോട്ടുനിരോധനം വരെയുള്ള വിഷയങ്ങളില്‍ വന്ന ഒട്ടനവധി സുപ്രീംകോടതി വിധികള്‍ നീതിന്യായവ്യവസ്ഥയുടെ നിക്ഷ്പക്ഷതയെക്കുറിച്ച് ചോദ്യചിഹ്നങ്ങളുയര്‍ത്തി.

bulldozer
ഹൃദയവും ആത്മാവും നഷ്ടപ്പെട്ട, കനിവും മൈത്രിയും ബഹുസ്വര മസൃണതകളും അന്യംനിന്നുപോയ ഒരു രാഷ്ട്രമായി ഭാരതത്തെ അവര്‍ മാറ്റി.

ഇറച്ചിക്കൊലകള്‍, കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചത്, പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയായി മാറ്റാനുള്ള കുത്സിതനീക്കങ്ങള്‍, പൗരത്വനിയമ ഭേദഗതിയും അതുമായി ബന്ധപ്പെട്ട വിദ്വേഷപ്രചാരണങ്ങളും, പ്രതിപക്ഷനിരയിലെ നേതാക്കളും ആക്ടിവിസ്റ്റുകളും നേരിടേണ്ടിവന്ന നിരന്തരമായ ‘നിയമ'നടപടികള്‍, മുസ്​ലിം മതജീവിതത്തിന്റെ നാനാവിധ ചിഹ്നങ്ങളെ അവഹേളിക്കുവാനുള്ള സംഘടിത ശ്രമങ്ങള്‍, എന്‍.ഡി.ടി.വി അദാനി കൈക്കലാക്കിയതടക്കമുള്ള മാധ്യമമേഖലയിലെ കൈകടത്തലുകള്‍, മാധ്യമ - രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെ പരശ്ശതം രാജ്യദ്രോഹക്കേസുകള്‍ ചുമത്തിയത്, വെറുപ്പും ന്യൂനപക്ഷവിരോധവും ഹിംസാത്മക മതദേശീയതയും പ്രചരിപ്പിക്കാനും യുക്തിരഹിതമായ ഐതിഹ്യങ്ങള്‍ക്ക് ചരിത്രപരത നല്‍കാനുമായി പടച്ചുവിട്ട മുഖ്യധാരാ ബോളിവുഡ് സിനിമകള്‍, ഹിന്ദുത്വവാദികളോട് അല്പമെങ്കിലും വിയോജിക്കുന്ന സിനിമകളെ ബഹിഷ്‌കരിക്കാനും ഒതുക്കാനുമുള്ള നഗ്‌നമായ ആവിഷ്‌കാര സ്വാതന്ത്ര്യലംഘനങ്ങള്‍, ജെ.എന്‍.യു പോലൊരു മഹിതസ്ഥാപനത്തെ തകര്‍ത്തത്, ഇന്ത്യ ഇതുവരെ കൈവരിച്ച അക്കാദമിക മുന്നേറ്റത്തെ പാടെ ഇല്ലാതാക്കാന്‍ ലക്ഷ്യം വച്ചുള്ള പുതിയ വിദ്യാഭ്യാസനയം, ഇന്ത്യാ ചരിത്രത്തെ മിത്തുകളുടെ സാധൂകരണമായി മാറ്റാനുള്ള നീചനീക്കങ്ങള്‍, ചരിത്രത്തെ മൊത്തത്തില്‍ പൗരന്മാരെ പരസ്പരം പോരടിക്കാനുള്ള ഉപകരണമാക്കി മാറ്റല്‍, മുത്തലാഖ് നിയമത്തിലൂടെ ഒരു സമുദായത്തിനുള്ളിലെ വിവാഹമോചനത്തെ മാത്രം കുറ്റവല്‍ക്കരിച്ച നിന്ദ്യമായ നടപടി, പല സംസ്ഥാനങ്ങളില്‍ ഡസന്‍കണക്കിന് എം. എല്‍.എ മാരെ കൂറുമാറ്റി ബി.ജെ.പി സര്‍ക്കാര്‍  രൂപീകരിച്ചത്... ഈ പട്ടിക വളരെ നീണ്ടതാണ്. ഇവയോരോന്നും നമ്മുടെ റിപ്പബ്ലിക്കിനെ സമ്പൂര്‍ണമായി തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു, കഴിഞ്ഞ എട്ടുവര്‍ഷങ്ങളില്‍.

ഹൃദയവും ആത്മാവും നഷ്ടപ്പെട്ട, കനിവും മൈത്രിയും ബഹുസ്വരമസൃണതകളും അന്യംനിന്നുപോയ ഒരു രാഷ്ട്രമായി ഭാരതത്തെ അവര്‍ മാറ്റി. പൗരന്മാരില്‍ ഒരു വലിയ വിഭാഗത്തെ വെറുപ്പിന്റെയും ഹിംസയുടെയും ആള്‍രൂപങ്ങളായി അവര്‍ പരിവര്‍ത്തിപ്പിച്ചു. ഈ രാജ്യധ്വംസനത്തെ വെറും കാഴ്ചക്കാരായി കണ്ടുനില്‍ക്കുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷകക്ഷികള്‍ ഓരോന്നും മൃതപ്രായരായി.

caa protest
ഭീകരമായ രീതിയിലാണ് ഭാരതം നമ്മുടെ കണ്‍മുമ്പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതും സകലതലങ്ങളിലും ഹിന്ദുത്വഫാഷിസത്തിന്റെ ദംഷ്ട്രകള്‍ രാഷ്ട്രശരീരത്തില്‍ ആഴ്ന്നിറങ്ങുന്നതും നാം കണ്ടത്

സ്വാഭാവികമായും രാജ്യസ്‌നേഹികളായ ആരിലും എല്ലാം കൈവിട്ടുപോയി എന്ന വേപഥു സൃഷ്ടിക്കാന്‍ മതിയായ ഒരവസ്ഥയാണ് ഇന്ത്യയില്‍. ഭീതിയാണ് രാജ്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന പ്രബലവികാരമിന്ന്, വെറുപ്പും. ഗാന്ധിയുടെ നാട്ടില്‍ ഗോഡ്‌സേയുടെ ആശയങ്ങളും വികാരങ്ങളുമാണിന്ന് അധീശത്വം പുലര്‍ത്തുന്നത്. ഇത്രയൊക്കെയായിട്ടും നാടിനെ ഈ പരുവത്തിലാക്കിയ മനുഷ്യന്‍ ജനപ്രിയനും ഹിന്ദുഹൃദയസാമ്രാട്ടുമായി തുടരുകയാണ്. പൗരന്മാര്‍ കൂടുതല്‍ ദാരിദ്യത്തിലേക്ക് വീഴുന്നതും അംബാനിയുടെയും അദാനിയുടെയും സമ്പത്ത് രണ്ടും മൂന്നും ഇരട്ടിയായി വര്‍ഷാവര്‍ഷം വര്‍ധിക്കുന്നതുമൊന്നും വര്‍ഗീയാന്ധത ബാധിച്ച ജനസഞ്ചയത്തിന് ഒരു പുനശ്ചിന്തയ്ക്കും കാരണമാവുന്നില്ല. ജനങ്ങളെ പിരിച്ചുവിട്ട് പുതിയൊരു ജനതയെ തെരഞ്ഞെടുക്കുന്നതല്ലേ കൂടുതല്‍ മെച്ചമെന്ന ബര്‍ടോള്‍ഡ് ബ്രെഹ്റ്റിന്റെ പഴയ ചോദ്യം നമ്മുടെ കാര്യത്തില്‍ വളരെ പ്രസക്തമാകുന്നുണ്ടിന്ന്.

ഇരുട്ടിലെ പ്രകാശരശ്മികള്‍

ഇതുവരെ നാം പറഞ്ഞുവന്നത്, നാമെന്തുമാത്രം ഇരുട്ടിലാണെന്നതിന്റെ ഉദാഹരണങ്ങളാണ്. ഈ കുറ്റാക്കൂരിരുട്ടില്‍ പ്രകാശരശ്മികള്‍ എവിടെയെങ്കിലും കാണാനുണ്ടോ? മറ്റു പല രാജ്യങ്ങളിലും സംഭവിച്ച, തുടക്കത്തില്‍ സൂചിപ്പിച്ച പോലുള്ള ഒരു മാറ്റത്തെക്കുറിച്ച് പ്രതീക്ഷക്ക് വകയുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. നാല് കാരണങ്ങളാല്‍ ഇന്ത്യന്‍ സാഹചര്യം സങ്കീര്‍ണമാണ്.

വലതുപക്ഷ, വിദ്വേഷാധിഷ്ഠിത  ജനപ്രിയത ശക്തിപ്പെട്ട മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൂറുകൊല്ലത്തോളം  സംഘടനാപരമായും ഒന്നര നൂറ്റാണ്ടോളം ആശയപരമായും വേരുകളുള്ള, ലക്ഷോപലക്ഷം അനുയായികളുള്ള, ധാര്‍മിക-നൈതിക മൂല്യങ്ങളിലൊന്നും ലവലേശം വിശ്വാസമില്ലാത്ത, ലക്ഷ്യസാധ്യത്തിന് ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഒരു ദുശ്ശക്തിയാണ് മറുവശത്തുള്ളത്.

ഗാന്ധിജിയ്ക്കുശേഷം ഇത്രമേല്‍ ആളുകള്‍ക്ക് ചെവികൊടുത്ത വേറെ ഏതു നേതാവുണ്ട് നമ്മുടെ ചരിത്രത്തില്‍? ഗാന്ധിയുടെ ഔന്നത്യം രാഹുലിനുണ്ടെന്നോ ആ ധാര്‍മിക- നൈതിക കൊടുമുടിയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നെന്നോ ഇതിനര്‍ത്ഥമില്ല.

രണ്ടാമതായി, ജനാധിപത്യസ്ഥാപനങ്ങള്‍  പൂര്‍ണമോ ഭാഗികമോ ആയി തകര്‍ന്നുകഴിഞ്ഞതിനാല്‍ അവയെ പുനഃക്രമീകരിക്കാനും ശുദ്ധീകരിക്കാനും പതിറ്റാണ്ടുകളെടുക്കും.

മൂന്നാമതായി, മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എളുപ്പത്തില്‍ നന്നാക്കിയെടുക്കാന്‍ പറ്റാത്തത്ര ആഴത്തില്‍ വേരോടിക്കഴിഞ്ഞിട്ടുണ്ട് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും. പരസ്പരം ഭയത്തോടെ നോക്കുന്ന സമുദായങ്ങള്‍ ഒരുമിച്ച് കഴിയുന്ന നഗരങ്ങളും ഗ്രാമങ്ങളുമാണ് നമ്മുടെ സമകാലികയാഥാര്‍ഥ്യം. അത്രയേറെ വിഷം തീണ്ടിയ മനുഷ്യരാണ് പൊലീസിലും കോടതിയിലും മറ്റു സ്ഥാപനങ്ങളിലുമുള്ളത്. ഭരണം മാറിയാല്‍ പോലും മനോഭാവം മാറുക എളുപ്പമല്ല. അതിനായി ഒരു ഗാന്ധി വരുമെന്ന പ്രതീക്ഷയുമില്ല.

നാലാമതായി, ഒരു കമ്പോളമെന്ന നിലയ്ക്കും ഒരു രാഷ്ട്രമെന്ന നിലക്കുമുള്ള ഇന്ത്യയുടെ ലോകതലത്തിലുള്ള പ്രാധാന്യം മൂലം, ഒരു വന്‍വംശഹത്യ നടക്കാത്തിടത്തോളം അന്തര്‍ദേശീയ ഇടപെടലിനും സമ്മര്‍ദ്ദത്തിനുമുള്ള സാധ്യത ഒട്ടുമില്ല. നമ്മുടെ ഭാഗധേയം നാം തന്നെ മിനക്കെട്ട് മാറ്റുകയേ വഴിയുള്ളൂ. 

Rahul Gandhi
ആശയവ്യക്തതയും അസാമാന്യമായ ആശയവിനിമയപാടവവുമുള്ള ഒരു രാജ്യതന്ത്രജ്ഞനായി മാറുന്നതാണ് ഭാരത് ജോഡോ യാത്ര കാണിച്ച് തന്നത്. / Photo : Rahul Gandhi, FB Page

ബഹുസ്വര ഭാരതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പകരുന്ന കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഗതി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണ്. വര്‍ഷങ്ങളോളം ആരിലും വലിയ മതിപ്പുളവാക്കാത്ത, പ്രായേണ ദുര്‍ബലനായ ഒരു രാഷ്ട്രീയനേതാവായിരുന്നു രാഹുല്‍. 2022 ല്‍ സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയസംഭവം അദ്ദേഹത്തിന്റെ രൂപാന്തരപ്രാപ്തിയാണ്. മതിപ്പുളവാക്കാത്ത, ജനപ്രിയനല്ലാത്ത, ജനകീയനല്ലാത്ത രാഹുല്‍ ഗാന്ധി എല്ലാ അര്‍ത്ഥത്തിലും അത്ഭുതപ്പെടുത്തുന്ന, ആശയവ്യക്തതയും അസാമാന്യമായ ആശയവിനിമയപാടവവുമുള്ള ഒരു രാജ്യതന്ത്രജ്ഞനായി മാറുന്നതാണ് ഭാരത് ജോഡോ യാത്ര കാണിച്ച് തന്നത്. യാത്രയുടെ തുടക്കം മുതല്‍ അതിന്റെ ഗതിവിഗതികളേയും അതുളവാക്കിയ അനുകൂല- പ്രതികൂല പ്രതികരണങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ച ഒരാളാണ് ഇതെഴുതുന്നത്. കന്യാകുമാരിയില്‍ യാത്ര ആരംഭിക്കുമ്പോള്‍ ഇതൊരു വലിയ സാമൂഹ്യ രാഷ്ട്രീയ സംഭവമായി മാറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പരാജയം ഉറപ്പുള്ള, സ്വയം പരിഹാസപാത്രമാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ഏറ്റവും പുതിയ സാഹസമെന്നേ മിക്ക ആളുകളും കരുതിയുള്ളൂ. ഈ ലേഖകനും അങ്ങനെതന്നെ. പക്ഷെ നാടകീയമായ, എല്ലാ അശുഭപ്രവചനങ്ങളേയും അസത്യമാക്കുന്ന പരിവര്‍ത്തനമാണ് പതുക്കെ പതുക്കെ നാം കാണാന്‍ തുടങ്ങിയത്. 

പലതരം വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ പത്രക്കാര്‍ ശ്രമിച്ചപ്പോഴൊക്കെ രാഹുൽ തന്റെ മൂന്ന് മര്‍മവിഷയങ്ങളില്‍ മാത്രം ഊന്നി - വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ.

രാഹുല്‍ ഗാന്ധിയുടെ രൂപാന്തരപ്രാപ്തി

രാഹുല്‍ ഗാന്ധിയുടെ രൂപാന്തരപ്രാപ്തിയാണ് അതിലേറ്റവും ശ്രദ്ധേയം. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്ന, ഒരു രാജ്യതന്ത്രജ്ഞന്റെ പക്വതയോടെയും വിവേകത്തോടെയും, അതോടൊപ്പം മൂര്‍ച്ചയുള്ള രാഷ്ട്രീയബോധ്യത്തോടെയും ജനങ്ങളോടും മാധ്യമങ്ങളോടും സംസാരിക്കുന്ന, അതുവരെ കോണ്‍ഗ്രസില്‍ പലരും സ്വീകരിച്ചിരുന്ന മൃദുഹിന്ദുത്വനാട്യങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ച് ഉള്ളത് ഉള്ളതുപോലെ പറയുന്ന, അപാരമായ ആത്മവിശ്വാസവും സ്വപ്രത്യയസ്ഥൈര്യവും പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ രാഹുല്‍ ഗാന്ധിയുടെ ഉദയവും വികാസ പരിണാമവുമാണ് നാം കണ്ടത്. ഭാരത് ജോഡോ യാത്ര ഡല്‍ഹിയിലെത്തിയപ്പോഴേക്കും  ആര്‍ക്കും  ‘പപ്പു’ എന്നു വിളിച്ച് കളിയാക്കാനാവാത്ത ഉന്നതമായ വ്യക്തിമേന്മയിലേക്ക് അദ്ദേഹം പരിവര്‍ത്തിച്ചിരുന്നു. അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്തിരുന്ന മടിത്തട്ട് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ഓരോ നീക്കവും മനസ്സില്ലാമനസ്സോടെയാണെങ്കിലും റിപ്പോര്‍ട്ടു ചെയ്യാന്‍ തുടങ്ങി. അതുവരെ കണ്ട ഭാവം നടിക്കാത്ത പല ചാനലുകളും യാത്ര ലൈവ് ആയിത്തന്നെ കൊടുക്കാന്‍ തുടങ്ങി. യാത്രയെയും രാഹുലിനെയും താറടിക്കാനുള്ള ബി.ജെ.പി കുതന്ത്രങ്ങളോരോന്നും മണിക്കൂറുകള്‍ക്കുള്ളില്‍ ത്തന്നെ പരാജയപ്പെട്ടു. ആക്രമണത്തില്‍നിന്ന് അവര്‍ പ്രതിരോധത്തിലേക്ക് പൊടുന്നനെ മാറാന്‍ തുടങ്ങി. യാത്ര കൊറോണ പടര്‍ത്തുമെന്ന ആരോഗ്യ മന്ത്രിയുടെ കത്ത് സര്‍ക്കാരിനെ പരിഹാസ്യമാക്കി. യാത്രയുടെ ജനപിന്തുണക്ക് കിട്ടിയ ഏറ്റവും വലിയ സാക്ഷ്യപത്രമായി ആ കത്ത് മാറി.  

rahul-ghandhi-
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി / Photo : Rahul Gandhi, FB Page

അതുപോലെ തന്നെ ശ്രദ്ധേയമാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ പരിഹാസങ്ങളും വിമര്‍ശനങ്ങളും. പ്രതിപക്ഷത്തെ ഒരു നേതാവ് മാധ്യമങ്ങളെ അങ്ങനെ കടന്നാക്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പത്രപ്രവര്‍ത്തകരുടെ നിസ്സഹായത അദ്ദേഹം പലതവണ വിവരിച്ചു.  ‘കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന കുതിരകളെപ്പോലെയാണ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍. പലതും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അവര്‍ക്കാഗ്രഹമുണ്ട്. പക്ഷെ അവര്‍ക്കത് കഴിയില്ല. പത്ര ഉടമകള്‍ കടിഞ്ഞാണ്‍ വലിക്കും. ജോലിയില്‍ നിന്ന് പിരിച്ചുവിടും. മോദിയെ സ്തുതിക്കുക, അദ്ദേഹത്തിന്റെ യജമാനന്മാരായ അദാനിയേയും അംബാനിയെയും പ്രശംസിക്കുക. ഇത് മാത്രമേ അവര്‍ക്ക് ചെയ്യാനാവൂ,' അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്. വലിയൊരു വിഭാഗം സന്നദ്ധസംഘടനകളുടെ പങ്കാളിത്തം യാത്രയില്‍ ഉറപ്പുവരുത്താനായത് രാഹുല്‍ ഗാന്ധിയുടെ വലിയ വിജയമാണ്. ജീവിതം മുഴുവന്‍ കോണ്‍ഗ്രസ്​ വിമര്‍ശകനായിരുന്ന യോഗേന്ദ്ര യാദവ് യാത്രയിലുടനീളം പങ്കെടുക്കുക മാത്രമല്ല, ഫേസ്ബുക്ക് ലൈവ് വഴി ഓരോ ദിവസവും യാത്രയുടെ വിവരണവും വിശകലനവും നല്കുന്നുണ്ടായിരുന്നു. ഇതൊരു വെറും കോണ്‍ഗ്രസ്സ് പാര്‍ട്ടി പരിപാടിയല്ല എന്ന് ആളുകളെ ബോധ്യപ്പെടുത്തുന്നതില്‍ യോഗേന്ദ്ര യാദവിന്റെ സാന്നിധ്യവും സംസാരവും വലിയ പങ്കുവഹിച്ചു.

ഒന്നാമതായി കോണ്‍ഗ്രസുമായി തനിക്കുള്ള ബന്ധം അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും പുനര്‍നിര്‍വചിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍. ഗാന്ധിജിക്ക് കോണ്‍ഗ്രസുമായുണ്ടായിരുന്ന ബന്ധത്തിന് സമാനമായ ഒരു സ്ഥിതിയിലേക്ക് അത് മാറിയിട്ടുണ്ട്.

യാത്രയിലെ രാഹുലിന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും ഉള്ളടക്കത്തിന്റെ കാമ്പുകൊണ്ടും പ്രതിപാദനത്തിന്റെ മൂര്‍ച്ച കൊണ്ടും വേറിട്ടുനിന്നു. പലതരം വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ പത്രക്കാര്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം തന്റെ മൂന്ന് മര്‍മവിഷയങ്ങളില്‍ മാത്രം ഊന്നി - വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ. കൂടുതല്‍ അഭ്യാസം കാണിക്കാന്‍ വന്ന പത്രക്കാര്‍ക്ക് കണക്കിന് കൊടുക്കുകയും ചെയ്തു. എൻ.ഡി.ടി.വിയിലെ ഒരു റിപ്പോര്‍ട്ടര്‍ കോണ്‍ഗ്രസ്സിലെ ആന്തരികപ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുലിന്റെ മറുചോദ്യം ഇങ്ങനെ:  ‘നിങ്ങള്‍ക്ക് ഇപ്പോള്‍ പുതിയൊരു ഉടമസ്ഥനുണ്ടല്ലോ അല്ലേ.'  അതും ചോദ്യവുമായി എന്ത് ബന്ധമെന്ന് അവര്‍ പ്രതിഷേധിച്ചെങ്കിലും അവരുടെ വൈക്ലബ്യം വ്യക്തമായിരുന്നു. മാത്രവുമല്ല, മുഖ്യധാരാമടിത്തട്ട് മാധ്യമങ്ങള്‍ക്കൊന്നും രാഹുല്‍ അഭിമുഖം കൊടുത്തില്ല. അതേസമയം, യൂട്യൂബേര്‍സിനും മറ്റും നീണ്ട സംഭാഷണങ്ങള്‍ അനുവദിക്കുകയും ചെയ്തു. ഇതിന്റെ തന്ത്രജ്ഞത പ്രധാനമാണ്. 

Yogendra-Yadav-4Yogendra-Yadav-4, FB
ഭാരത് ജോഡോ യാത്രയ്ക്കിടെ യോഗേന്ദ്ര യാദവ് / Photo : Yogendra Yadav, FB Page

മുഖ്യധാരാമാധ്യമങ്ങള്‍ ഏറെക്കുറെ മുഴുവനായിത്തന്നെ മോദിസ്തുതിയില്‍ മാത്രം അഭിരമിക്കുകയും പ്രതിപക്ഷകക്ഷികളെ വിമര്‍ശിക്കുകയും  അപഹസിക്കുകയും  മാത്രം ചെയ്യുന്ന ഒരു സാഹചര്യത്തില്‍ തന്റെ സന്ദേശം പ്രസാരണം ചെയ്യാന്‍ ബദല്‍വഴി കണ്ടെത്തുകയായിരുന്നു രാഹുലും കൂട്ടരും. ഒടുവില്‍, യാത്ര അവഗണിക്കാനാവില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ വരുകയും അവഗണിച്ച മാധ്യമങ്ങള്‍ തന്നെ രാഹുലിന്റെ തമാശകള്‍ പോലും വാര്‍ത്തയാക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്​തു. ജയറാം രമേശുമായുള്ള ഒരഭിമുഖത്തില്‍, ഇന്ത്യ ടുഡേ ഒട്ടൊരു പരിഭവത്തോടെ എന്താണ് രാഹുല്‍ ഞങ്ങളുമായി സംസാരിക്കാന്‍ ഒരവസരം തരാത്തത് എന്ന് വിഷമത്തോടെ ചോദിക്കുന്ന നില വരെയുണ്ടായി. ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് രാഹുലിനെ ഒരു ‘കടിഞ്ഞൂല്‍ പൊട്ട’നായി ചിത്രീകരിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങളെല്ലാം  പരാജയത്തില്‍ കലാശിച്ചു എന്നുമാത്രമല്ല, ഇദ്ദേഹം തങ്ങളെ പ്രതിരോധത്തിലാക്കിയെന്ന വസ്തുത മറച്ചുപിടിക്കാനാവാത്ത പരുവത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. 

രാഹുല്‍ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നു. അതിനോട് താല്പര്യമുള്ളവര്‍ക്ക് കൂടെ വരാം, അല്ലാത്തവര്‍ക്ക് അവരുടെ വഴി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലൊന്നും ഇടപെട്ട് കളയാന്‍ തനിക്ക് സമയമില്ല. അതിനേക്കാള്‍ എത്രയോ വലിയ ചരിത്രനിയോഗം തന്റെ മുന്നിലുണ്ട്. താനതുമായി മുന്നോട്ടുപോകുകയാണ്. ഇത് പല നിലയ്ക്കും ഒരു ദാര്‍ശനികമാറ്റം കൂടിയാണ്.

രാഹുല്‍ ഗാന്ധിയുടെ രൂപാന്തരപ്രാപ്തിയുടെ ചേരുവകള്‍

എന്താണ് രാഹുല്‍ ഗാന്ധിയുടെ രൂപാന്തരപ്രാപ്തിയുടെ ചേരുവകള്‍?

ഒന്നാമതായി കോണ്‍ഗ്രസുമായി തനിക്കുള്ള ബന്ധം അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും പുനര്‍നിര്‍വചിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍. ഗാന്ധിജിക്ക് കോണ്‍ഗ്രസുമായുണ്ടായിരുന്ന ബന്ധത്തിന് സമാനമായ ഒരു സ്ഥിതിയിലേക്ക് അത് മാറിയിട്ടുണ്ട്. കോണ്‍ഗ്രസ്​ നേതൃത്വത്തില്‍ മിക്കവരും തന്റെ ഉല്‍ക്കണ്ഠകള്‍ പങ്കിടുന്നില്ലെന്നും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കപ്പുറം ഒന്നിനും വില കല്പിക്കുന്നില്ലെന്നും അദ്ദേഹത്തിന് നന്നായറിയാം. അതിനാല്‍ രാഹുല്‍ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നു. അതിനോട് താല്പര്യമുള്ളവര്‍ക്ക് കൂടെ വരാം, അല്ലാത്തവര്‍ക്ക് അവരുടെ വഴി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലൊന്നും ഇടപെട്ട് കളയാന്‍ തനിക്ക് സമയമില്ല. അതിനേക്കാള്‍ എത്രയോ വലിയ ചരിത്രനിയോഗം തന്റെ മുന്നിലുണ്ട്. താനതുമായി മുന്നോട്ടുപോകുകയാണ്. ഇത് പല നിലയ്ക്കും ഒരു ദാര്‍ശനികമാറ്റം കൂടിയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതുകൊണ്ടുമാത്രം തകര്‍ന്നടിഞ്ഞ ഒരു രാഷ്ട്രശരീരത്തെ ആരോഗ്യത്തിലേക്ക് പുനരാനയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്.  വേണ്ടത് മൗലികമായ മനോഭാവപരിവര്‍ത്തനമാണ്. അത് ജനങ്ങളോടുള്ള നേര്‍ക്കുനേരെയുള്ള സംഭാഷണത്തിലൂടെ മാത്രമേ സാധിക്കൂ. 3500 കിലോമീറ്റര്‍ നടന്നുതീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. അതില്‍ ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും ബൃഹത്തായ മാനങ്ങളുണ്ട്. സംഘടനാകാര്യങ്ങളില്‍ ഗാന്ധിജിയോട് താരതമ്യം ചെയ്തതുപോലെ ഇക്കാര്യത്തിലും ഗാന്ധിമാതൃകയാണ് രാഹുലിന്റെ വഴികാട്ടി. തപസ്യ എന്ന വാക്ക് ആ നിലയ്ക്ക് വളരെ അര്‍ത്ഥപൂര്‍ണമാണ്.

rahul-ghandhi-
ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി

ഒരു ശരാശരി രാഷ്ട്രീയക്കാരനില്‍നിന്ന് ദാര്‍ശനികബോധ്യങ്ങളുള്ള രാജ്യതന്ത്രജ്ഞനിലേക്കും സാമൂഹ്യപ്രവര്‍ത്തകനിലേക്കും രാഹുല്‍ പരിവര്‍ത്തിച്ചുവെന്ന് പറയുന്നത് ഈ അര്‍ത്ഥത്തിലാണ്. അതിന്റെ ഏറ്റവും വാചാലമായ തെളിവ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വിവിധ ആളുകളുമായി യാത്രയിലുടനീളം നടത്തുന്ന സമാഗമങ്ങളും സംഭാഷണങ്ങളുമാണ്. ഗാന്ധിജിയ്ക്കുശേഷം ഇത്രമേല്‍ ആളുകള്‍ക്ക് ചെവികൊടുത്ത വേറെ ഏതു നേതാവുണ്ട് നമ്മുടെ ചരിത്രത്തില്‍? ഗാന്ധിയുടെ ഔന്നത്യം രാഹുലിനുണ്ടെന്നോ ആ ധാര്‍മിക- നൈതിക കൊടുമുടിയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നെന്നോ ഇതിനര്‍ത്ഥമില്ല. പക്ഷെ ആ മാതൃകയാണ് അദ്ദേഹം പിന്തുടരുന്നതെന്ന് നിസ്സംശയം പറയാനാവും. 

തിരഞ്ഞെടുപ്പും യാത്രയുടെ ഫലങ്ങളും

ഇതെല്ലാം പറയുമ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം, 2024 ലെ തിരഞ്ഞെടുപ്പില്‍ ഭാരത് ജോഡോ യാത്രക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുമോ എന്നതാണ്. അതിനുള്ള ഉത്തരം നിഷേധാത്മകമാണ്. കോണ്‍ഗ്രസ്​ പോലൊരു പാര്‍ട്ടിയുടെ കഴിവുകേടുകളും ആന്തരികദൗര്‍ബല്യങ്ങളും ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ അന്തഃഛിദ്രതകളുമൊക്കെയായി ബന്ധപ്പെട്ട ഒരു ചോദ്യമാണത്. ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യ സംസ്‌കാരത്തോടും ഭരണഘടനാ മൂല്യങ്ങളോടും മതമൈത്രീമര്യാദകളോടുമൊക്കെ കൂറു പുലര്‍ത്തുന്ന വൈവിധ്യമാര്‍ന്ന പൗരവിഭാഗങ്ങളില്‍ പ്രതീക്ഷയും പോരാട്ടവീര്യവും സന്നിവേശിപ്പിക്കാന്‍ യാത്രക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടുവെന്ന് വേപഥു കൊണ്ടവരില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന ശുഭാപ്തിവിശ്വാസം ഉദ്ദീപിപ്പിക്കാന്‍ അത് ഹേതുവായിട്ടുണ്ട്. വലിയ മാറ്റങ്ങള്‍ ഒരു പുലര്‍ക്കാലത്ത് പൊടുന്നനെ പൊട്ടിവീഴുന്നതല്ല. സമയമെടുത്തേ അത് സംഭവിക്കൂ. തുടക്കത്തില്‍ പറഞ്ഞതുപോലെ ആശയും പ്രതീക്ഷയുമാണ്, നിരാശയും ഇരുട്ടിനോട് രാജിയാകലുമല്ല, ദീര്‍ഘദൃഷ്ടിയുള്ള യഥാർഥ രാഷ്ട്രീയത്തിന്റെ മര്‍മവും കാമ്പും.

സാമൂഹ്യമായ, സാംസ്‌കാരികമായ ഒരു ശുദ്ധീകരണത്തിന്റെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് ഫലം കൊണ്ടുമാത്രം സംഘ്​പരിവാർ മലീമസമാക്കിക്കഴിഞ്ഞ ഇന്ത്യയെ നന്നാക്കാനാവില്ല. ഹ്രസ്വകാലമാറ്റങ്ങളെക്കാള്‍ നാം ഊന്നേണ്ടത് ദീര്‍ഘകാല പരിവര്‍ത്തനമാണ്.

ഒരു രാജ്യം മുഴുവന്‍ അഹോരാത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഭാഷയും വ്യാകരണവും മുഖമുദ്രയായി നശിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭരിക്കുന്ന സര്‍ക്കാര്‍ എങ്ങനെയൊക്കെ പൗരന്മാരെ കൂടുതല്‍ പരസ്പരം പോരടിപ്പിക്കാന്‍ പറ്റുമെന്ന് പരീക്ഷിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ഒരു മനുഷ്യന്‍ പോസിറ്റിവായ ഊര്‍ജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവന്‍ നടന്നുതീര്‍ക്കുന്നത് ചരിത്രനിര്‍ണായകമാണ് - അതിന്റെ ഹ്രസ്വകാലഫലം എന്തായിരുന്നാലും.  ‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പീടിക തുറക്കാനാണ്' താന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് ആഴമുള്ള സാരാംശഗംഭീരമായ സന്ദേശമാണ്. സാധാരണകാലത്ത് വെറും വാചാലതയായും കെട്ട കാലത്ത് വലിയ തത്വസാഗരമായും വായിച്ചെടുക്കേണ്ട വാക്കുകളാണത്. 

2022 നമുക്ക് തരുന്ന ഏറ്റവും വലിയ പ്രതീക്ഷ ഭാരത് ജോഡോ യാത്രയുടെ ദീര്‍ഘകാലഫലം തന്നെയാണ്. അത് കാശ്മീരില്‍ അവസാനിക്കുന്നതിനുപകരം അതിന് പലവിധത്തിലുള്ള ആശയപരവും പ്രവൃത്തിപരവുമായ തുടര്‍ച്ചകളുണ്ടാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ യഥാര്‍ത്ഥ ഗതിവിഗതികള്‍. സാമൂഹ്യമായ, സാംസ്‌കാരികമായ ഒരു ശുദ്ധീകരണത്തിന്റെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് ഫലം കൊണ്ടുമാത്രം സംഘ്​പരിവാർ മലീമസമാക്കിക്കഴിഞ്ഞ ഇന്ത്യയെ നന്നാക്കാനാവില്ല. ഹ്രസ്വകാലമാറ്റങ്ങളെക്കാള്‍ നാം ഊന്നേണ്ടത് ദീര്‍ഘകാല പരിവര്‍ത്തനമാണ്. വിഷം തലച്ചോര്‍ മുതല്‍ കാല്പാദം വരെ തീണ്ടിയ ഒരു രാഷ്ട്രശരീരത്തെ പാഷാണമുക്തമാക്കി വീണ്ടും ആരോഗ്യം വീണ്ടെടുക്കുക ക്ഷിപ്രസാദ്ധ്യമല്ല. ശരീരം പാഷാണമലിനമായതിനോടൊപ്പവും ഹൃദയവും ആത്മാവും നഷ്ടപ്പെട്ട ഒരു രാഷ്ട്രത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഗാന്ധിജിയോടുപമിക്കാനോ ഭാരത് ജോഡോ യാത്ര ദണ്ഡി യാത്ര പോലൊന്നാണെന്ന് സ്ഥാപിക്കാനോ അല്ല ഇത്രയും എഴുതിയത്. പ്രതീക്ഷകളെ നിരാശ വിഴുങ്ങിക്കളഞ്ഞ ഒരഭിശപ്ത ദശാസന്ധിയില്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര നീണ്ടുകിടക്കുന്ന മരുഭൂമിയിലെ വിദൂരസ്ഥമായ മരുപ്പച്ച നല്കുന്നതുപോലുള്ള ആശ്വാസത്തിന്റെ സുഖദമായ കുളുര്‍മ പകരുന്നുവെന്ന് മാത്രമാണ് വാദിക്കുന്നത്. ബാക്കി കാലമാണ് തെളിയിക്കേണ്ടത്.  

ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotry എന്നിവ പ്രധാന കൃതികൾ

 

Audio