Epistemology of Science
വി. വിജയകുമാർ
ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 23
യാഥാര്‍ത്ഥ്യവും ജ്ഞാനവും വ്യത്യസ്ത സംവര്‍ഗ്ഗങ്ങളാണ്
പ്രപഞ്ചം നിരന്തരം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ആധുനികശാസ്ത്രപഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ സ്ഥിതസത്തയെ അന്വേഷിക്കുന്നത് ഒട്ടും യുക്തിപൂര്‍വ്വമല്ല.

ലോകത്തെ വ്യാഖ്യാനിക്കുക മാത്രമല്ല, മാറ്റിത്തീര്‍ക്കുകയും വേണമെന്ന് കാള്‍ മാര്‍ക്സ് എഴുതുന്നുണ്ടല്ലോ? പ്രയോഗങ്ങളും പ്രവര്‍ത്തനങ്ങളും മാറ്റിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ്. നിരീക്ഷിക്കുന്ന വസ്തുവിനെ, നിരീക്ഷിതവ്യവസ്ഥയെ, പ്രകൃതിയെ മാറ്റുന്നതിലൂടെയാണ് ദ്രവ്യത്തിന്റെ ഗുണധര്‍മങ്ങള്‍ നമുക്കു മനസ്സിലാകുന്നത്. വസ്തുവിനെ നിരീക്ഷിക്കാനുള്ള ശ്രമം തന്നെ വസ്തുവിനെ ചലിപ്പിക്കുന്നുവെന്ന്, വസ്തുവിനെ മാറ്റുന്നുവെന്ന് ക്വാണ്ടം ഭൗതികം തിരിച്ചറിയുന്നുണ്ട്. ഈ മാറ്റമാണ് ജ്ഞാനത്തിലേക്കു നയിക്കുന്നത്. ശാസ്ത്രജ്ഞാനം ചലനത്തിന്റെ, മാറ്റത്തിന്റെ കൂടപിറപ്പാണ്. മാറുന്നതിനെയാണ് അറിയുന്നത്. മാറിയ രൂപത്തിലാണ് അറിയുന്നത്. മാറാത്തതിനെ അറിയാന്‍ കഴിയുന്നില്ല. വര്‍ത്തമാനയാഥാര്‍ത്ഥ്യത്തെ അതേരൂപത്തില്‍ വര്‍ത്തമാനനിമിഷത്തില്‍ പോലും അറിയുന്നില്ല.
എന്താണ് ഭൗതികയാഥാര്‍ത്ഥ്യം? സൈദ്ധാന്തികമായി ഭൗതികയാഥാര്‍ത്ഥ്യത്തെ നിര്‍വ്വചിക്കാനുള്ള ശ്രമം ശാസ്ത്രജ്ഞന്മാര്‍ ആദ്യമായി നടത്തുന്നത് ഐന്‍സ്റ്റൈന്റെ നേതൃത്വത്തില്‍ എഴുതപ്പെട്ട ഒരു ശാസ്ത്രപ്രബന്ധത്തിലാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനോടൊപ്പം ബോറിസ് പൊഡോള്‍സ്‌കി, നാഥന്‍ റോസ്സണ്‍ എന്നീ ശാസ്ത്രജ്ഞന്മാരുമുണ്ടായിരുന്നു. ക്വാണ്ടം ഭൗതികത്തെ കുറിച്ച് പല പ്രമുഖ ശാസ്ത്രജ്ഞന്മാരുമായി ഐന്‍സ്റ്റൈന്‍ പുലര്‍ത്തിയ വിയോജിപ്പുകളായിരുന്നു പുതിയൊരു ചിന്താപരീക്ഷണത്തിലേക്കും പ്രബന്ധത്തിലേക്കും അദ്ദേഹത്തെ നയിച്ചത്. ക്വാണ്ടം ഭൗതികം ഒരു അപൂര്‍ണസിദ്ധാന്തമാണെന്ന് അദ്ദേഹം കരുതി.

""ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ക്വാണ്ടം ബലതന്ത്ര വിശദീകരണങ്ങള്‍ പൂര്‍ണ്ണമാണോ?''എന്ന ശീര്‍ഷകത്തിലുളള പ്രബന്ധം ഭൗതികയാഥാര്‍ത്ഥ്യത്തേയും ഭൗതികസിദ്ധാന്തത്തിന്റെ പൂര്‍ണ്ണതയേയും നിര്‍വ്വചിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഈ നിര്‍വ്വചനങ്ങള്‍ ഇങ്ങനെയാണ്. (1) ഭൗതികവ്യവസ്ഥയെ ഒട്ടും തന്നെ അലോസരപ്പെടുത്താതെ ഒരു ഭൗതികരാശിയുടെ മൂല്യം നിശിതമായ നിശ്ചിതത്വത്തോടെ (പൂര്‍ണ്ണമായ സംഭാവ്യതയോടെ) നിര്‍ണ്ണയിക്കാനാകുമെങ്കില്‍ അത് ഭൗതികയാഥാര്‍ഥ്യത്തിന്റെ ഒരു മൂലകത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. (2) ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ ഓരോ മൂലകത്തിനും അതിനെ സംബന്ധിച്ച ഭൗതികശാസ്ത്രസിദ്ധാന്തത്തില്‍ ഒരു പൂരകഭാഗ(counter part)മുണ്ടെങ്കില്‍ ആ സിദ്ധാന്തം പൂര്‍ണമാണെന്നു കരുതാവുന്നതാണ്.
ക്ലാസിക്കല്‍ ഭൗതികവ്യവസ്ഥകളില്‍ സൃഷ്ടിക്കപ്പെടുന്ന അലോസരങ്ങള്‍ ഗണനീയമാകാതിരിക്കുമ്പോള്‍ ക്വാണ്ടം വ്യവസ്ഥകളില്‍ സമാനമായ അലോസരങ്ങള്‍ വലിയ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുന്നത്
ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ നിര്‍വ്വചനത്തില്‍ തന്നെ, ആദ്യ ഖണ്ഡികയില്‍ നാം സൂചിപ്പിച്ച പ്രയോഗത്തിന്റേയും ചലനത്തിന്റേയും മാറ്റത്തിന്റേയും പ്രശ്നം നിഷേധിക്കപ്പെടുന്നുണ്ട്. ഭൗതികവ്യവസ്ഥയെ അലോസരപ്പെടുത്താതെ പ്രയോഗങ്ങളും അളവുപ്രക്രിയകളും അസാധ്യമാണ്. ഭൗതികവ്യവസ്ഥയുടെ നിരീക്ഷണവും അളവുപ്രക്രിയകളും ആ വ്യവസ്ഥക്ക് അലോസരങ്ങളേല്‍പ്പിക്കുന്നുവെന്ന് നീല്‍സ് ബോര്‍ പറയുന്നുണ്ട്. ക്ലാസിക്കല്‍ ഭൗതികവ്യവസ്ഥകളില്‍ സൃഷ്ടിക്കപ്പെടുന്ന അലോസരങ്ങള്‍ ഗണനീയമാകാതിരിക്കുമ്പോള്‍ ക്വാണ്ടം വ്യവസ്ഥകളില്‍ സമാനമായ അലോസരങ്ങള്‍ വലിയ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുന്നത്. ഇവിടെ, ഐന്‍സ്റ്റൈന്‍ നല്‍കുന്നത് വളരെ ആദര്‍ശാത്മകമായ ഒരു നിര്‍വ്വചനമായി മാറുന്നു. ക്വാണ്ടം ഭൗതികത്തോടുള്ള ഐന്‍സ്റ്റൈന്റെ വിയോജിപ്പുകളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതിന്, അലോസരപ്പെടുത്താതെ (Without disturbing)എന്നതിനു പകരം സ്വാധീനിക്കാതെ (Without influencing) എന്നു തിരുത്തണമെന്നും ബോര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഐന്‍സ്റ്റൈന്‍ നല്‍കിയ ചിന്താപരീക്ഷണത്തെ ഡേവിഡ് ബോം (David Bohm) എന്ന ശാസ്ത്രജ്ഞന്‍ പരിഷ്‌ക്കരിച്ച് അവതരിപ്പിച്ച രൂപത്തില്‍ ഇവിടെ പറയാം. എതിര്‍ദിശകളില്‍ ഭ്രമണ (spin)മുള്ള രണ്ട് ഇലക്ട്രോണുകളുടെ ഒരു വ്യവസ്ഥയെ നാം പരിഗണിക്കുന്നു. ഇത്തരത്തിലുളള ദ്വി ഇലക്ട്രോണ്‍ വ്യവസ്ഥകളെ സൃഷ്ടിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. ഓരോ ഇലക്ട്രോണി ന്റേയും ഭ്രമണം എത്രയാണെന്ന് നിശ്ചിതത്വത്തോടെ പറയാന്‍ കഴിയില്ലെങ്കിലും, Z ദിശയെ ആസ്പദമാക്കി ഇവയുടെ മൊത്തം ഭ്രമണഫലം പൂജ്യമാണ്. പരസ്പരപ്രതിപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നവിധത്തില്‍ ഈ ഇലക്ട്രോണുകളെ അകറ്റുകയും വളരെ ദൂരത്തില്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു കണിക (ഇലക്ട്രോണ്‍-1) ഭൂമിയിലും അടുത്തത് (ഇലക്ട്രോണ്‍-2) ചന്ദ്രനിലും ആണെന്ന് കരുതുക. നിശ്ചിതസമയത്ത്, ഒന്നാമത്തെ ഇലക്ട്രോണിന്റെ Z അക്ഷത്തെ ആസ്പദമാക്കിയുളള ഭ്രമണത്തിന്റെ മൂല്യം അളന്നാല്‍ രണ്ടാമത്തെ കണത്തിന്റെ ഭ്രമണമൂല്യവും പറയാന്‍ കഴിയും. മൊത്തം ഭ്രമണഫലം പൂജ്യമാണല്ലോ? അതായത്, ഒന്നാമത്തെ ഇലക്ട്രോണില് നിന്ന് വളരെ അകലെയുളള രണ്ടാമത്തെ ഇലക്ട്രോണിന്റെ ഭ്രമണമൂല്യം അതിനെ അലോസരപ്പെടുത്താതെ തന്നെ നിശ്ചിതത്വത്തോടെ പ്രവചിക്കാന്‍ കഴിയും. ഐന്‍സ്‌റ്റൈന്റെ നിലപാട് ഇതായിരുന്നു. ഭ്രമണ (spin) മെന്ന ഭൗതികരാശിക്ക് ഭൗതികയാഥാര്‍ത്ഥ്യത്തില്‍ സ്ഥാനമുണ്ടെന്നു സിദ്ധിക്കുന്നു. അത് കൃത്യമായി അളന്നെടുക്കാന്‍ കഴിയുന്നതുമാണ്.
ഒരു വിദൂരപ്രവര്‍ത്തനം നിലനില്‍ക്കുന്നില്ലെങ്കില്‍, ക്വാണ്ടം ബലതന്ത്രം ഭൗതികയാഥാര്‍ത്ഥ്യത്തെ പൂര്‍ണമായി പ്രതിനിധീകരിക്കുന്ന സിദ്ധാന്തമല്ലെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരുമെന്നാണ് ഐന്‍സ്റ്റൈന്‍ ചൂണ്ടിക്കാണിച്ചത്
എന്നാല്‍, ഏതൊരു മാനകപ്രക്രിയയും അലോസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ക്വാണ്ടം ബലതന്ത്രത്തിന്റെ സമീപനത്തിന് ഇത് സ്വീകാര്യമായിരിക്കില്ല. ഇലക്ട്രോണുകള്‍ ഏകവ്യവസ്ഥയായിരിക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രതിപ്രവര്‍ത്തനങ്ങള്‍ അവയെ വേര്‍പെടുത്തിക്കഴിഞ്ഞാല്‍ നിലനില്‍ക്കുന്നില്ലെന്നു വേണം കരുതാന്‍. ഒരു സന്ദേശത്തിനും പ്രകാശത്തേക്കാള്‍ കൂടുതല്‍ പ്രവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയാത്തതുകൊണ്ട് ഒരു ഇലക്ട്രോണിന്റെ ഭ്രമണം നിശ്ചയിക്കുന്ന അതേസമയത്തു തന്നെ അടുത്ത ഇലക്ട്രോണില് ഭ്രമണമൂല്യം അളക്കുന്നുവെന്ന സന്ദേശം എത്തിച്ചേരാന്‍ സാധ്യതയില്ല. ഇലക്ട്രോണ്‍-1 ന്റെ ഭ്രമണം മനസ്സിലാക്കുന്നതിനായി തെരഞ്ഞെടുത്ത ഭ്രമണാക്ഷത്തെക്കുറിച്ചുളള ധാരണ ഇലക്ട്രോണ്‍-2 ന് ലഭിക്കുന്നുമില്ല. ഇലക്ട്രോണ്‍-2 ന്റെ ഭ്രമണമൂല്യം കൃത്യമായി ലഭിക്കുന്നുണ്ടെങ്കില്‍, ക്വാണ്ടം ഭൗതികസിദ്ധാന്തപ്രകാരം പ്രേതസദൃശമായ ഒരു വിദൂരപ്രവര്‍ത്തനം ഇലക്ട്രോണുകള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കരുതേണ്ടിവരും.
ഈ വിദൂരപ്രവര്‍ത്തനത്തിലൂടെ ഇലക്ട്രോണ്‍-1 ന്റെ ഭ്രമണമൂല്യം അളക്കുന്ന സമയത്തുതന്നെ രണ്ടാമത്തെ ഇലക്ട്രോണില് സന്ദേശം എത്തിച്ചേരുകയും അതിന്റെ ഭ്രമണമൂല്യം ഇതനുസരിച്ച് നിശ്ചയിക്കപ്പെടുകയും ചെയ്യുന്നതായി പറയേണ്ടി വരും. നാം ഗ്രഹിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന യഥാതഥവാദപരമായ നിലപാടിനു വിരുദ്ധമാണിത്. ഒരു വിദൂരപ്രവര്‍ത്തനം നിലനില്‍ക്കുന്നില്ലെങ്കില്‍, ക്വാണ്ടം ബലതന്ത്രം ഭൗതികയാഥാര്‍ത്ഥ്യത്തെ പൂര്‍ണമായി പ്രതിനിധീകരിക്കുന്ന സിദ്ധാന്തമല്ലെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരുമെന്നാണ് ഐന്‍സ്റ്റൈന്‍ ചൂണ്ടിക്കാണിച്ചത്. പ്രേതസദൃശമായ വിദൂരപ്രവര്‍ത്തനമാകട്ടെ, നിത്യപരിചയത്തിനു വിരുദ്ധവും അതിഭൗതികമായ ഭാരം പേറുന്നതുമാണ്.

ഐന്‍സ്റ്റൈന്‍-പൊഡോള്‍സ്‌കി-റോസ്സണ്‍ ചിന്താപരീക്ഷണത്തെ പരീക്ഷണശാലയിലെ ഒരു പരീക്ഷണമായി മാറ്റുന്നതിനുള്ള വഴികള്‍ തെളിഞ്ഞത് ജോണ്‍ ബെല്‍ എന്ന ശാസ്ത്രജ്ഞന്റെ ഇടപെടലുകളിലൂടെയാണ്. ഇ.പി.ആര്‍. ചിന്താപരീക്ഷണത്തെ പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു അസമത (Inequality) രൂപപ്പെടുത്തുകയാണ് ജോണ്‍ ബെല്‍ ചെയ്തത്. ഇ.പി.ആര്‍.പരീക്ഷണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കണികകളുടെ സ്വഭാവമോ അവയില്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങളോ തന്റെ സൈദ്ധാന്തിക നിഗമനങ്ങളിലെത്തുന്നതിന് ബെല്‍ പരിഗണിക്കുന്നില്ല. മറിച്ച്, വേര്‍തിരിക്കപ്പെട്ട കണികകളില്‍ ഒരേസമയംതന്നെ നടത്തുന്ന മാനകപരീക്ഷണ (Measurement experiments)ങ്ങളില്‍ പരിഗണിക്കേണ്ടുന്ന പരസ്പര ബന്ധങ്ങളുടെ സൈദ്ധാന്തിക അതിര്‍ത്തികള്‍ നിര്‍വ്വചിക്കുകയും എല്ലാ മാനകപ്രക്രിയകളേയും നയിക്കുന്ന ഒരു വിചിന്തനശാസ്ത്രനിയമം രൂപപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്തത്. ഇതിലേക്ക് മൂന്ന് അടിസ്ഥാന സങ്കല്പനങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്നു.
- എല്ലാ ക്വാണ്ടം കണികകളും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ഭൗതികഗുണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
- ഏതെങ്കിലും സന്ദേശം പ്രകാശവേഗത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നില്ല.
- ക്വാണ്ടം ബലതന്ത്രം വിചിന്തനശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെ അംഗീകരിക്കുന്നുണ്ട്.
ഒന്നാമത്തെ സങ്കല്പനം ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളളതാണ്. ഇത് നിരീക്ഷകന് പുറത്തുളള വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം എന്ന സങ്കല്പനത്തെ അംഗീകരിക്കുന്നു. നിരീക്ഷകന്റെ ബോധത്തിനു പുറത്തു സ്വതന്ത്രമായി നിലനില്ക്കുന്ന ബാഹ്യലോകത്തെ കുറിച്ചാണ് ഇതുപറയുന്നത്. ഒരു കണികയിലെ ഭൗതികസ്വാധീനങ്ങള്‍ സ്ഥലീയമായി വേര്‍തിരിക്കപ്പെട്ട അടുത്ത കണികയില്‍ അതേസമയംതന്നെ അനുഭവപ്പെടുന്നില്ലെന്നതാണ് രണ്ടാമത്തെ സങ്കല്പനം. ഐന്‍സ്റ്റൈന്റെ സവിശേഷ ആപേക്ഷികസിദ്ധാന്തം നല്‍കുന്ന നിര്‍ദ്ദേശമാണിത്. ഇവയോടൊപ്പം വിചിന്തനശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെ കൂടി സ്വീകരിച്ചുകൊണ്ട്, ഇരു കണികകളുടേയും ഒരേസമയത്തെ മാനകപരീക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളിലെ സാധ്യമാകുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ നിശിതമായ അതിരുകള്‍ ഒരു ഗണിതശാസ്ത്ര അസമതയിലൂടെ ജോണ്‍ബെല്‍ പ്രസ്താവിച്ചു. പരമമായ ശാസ്ത്രനേട്ടങ്ങളിലൊന്നായി ജോണ്‍ ബെല്ലിന്റെ അസമതയെ ഹെന്‍ട്രി സ്റ്റാപ്പ് വിശേഷിപ്പിക്കുന്നു.
അലയ്ന്‍ ആസ്പെക്റ്റിന്റെ പരീക്ഷണം ക്വാണ്ടം ഭൗതികത്തെ സാധൂകരിച്ചതിലൂടെ ഐന്‍സ്റ്റൈന്‍ സ്വീകരിച്ച ശുദ്ധയഥാതഥവാദം പരാജയപ്പെട്ടുവെന്നു പറയാം. മനുഷ്യബോധത്തിനു പുറത്തു സ്വതന്ത്രമായി നില്‍ക്കുന്ന വസ്തുനിഷ്ഠപ്രകൃതിയെ കുറിച്ചുള്ള ലെനിന്റെ സങ്കല്‍പ്പനത്തേയും ഇതുപിന്തുണയ്ക്കുന്നില്ല.
അലയ്ന്‍ ആസ്പെക്റ്റ് നടത്തിയ ഒരു പരീക്ഷണം ജോണ്‍ബെല്ലിന്റെ അസമതകളെ പരിശോധനക്കു വിധേയമാക്കുകയുണ്ടായി. ആസ്പെക്ടിന്റെ പരീക്ഷണം ക്വാണ്ടം കണികകളെ സംബന്ധിച്ചിടത്തോളം ഈ അസമതകള്‍ അസാധുവാണെന്നു വ്യക്തമായി തെളിയിച്ചു. ഈ അസമതകള്‍ അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിപ്രവര്‍ത്തനം സ്ഥലീയമായി വേര്‍തിരിക്കപ്പെട്ട ക്വാണ്ടം കണികകള്‍ ആവശ്യപ്പെടുന്നുണ്ടെന്ന നിഗമനത്തിലാണ് ആസ്പെക്റ്റ് എത്തിച്ചേരുന്നത്. പ്രപഞ്ചം അതിന്റെ സാകല്യത്തില്‍ തദ്ദേശീയമല്ലാത്ത പ്രഭാവങ്ങളെ പ്രകടിപ്പിക്കുന്നു. അതായത്, ജോണ്‍ ബെല്‍ സ്വീകരിച്ച സങ്കല്പനങ്ങളില്‍ ഒരെണ്ണമെങ്കിലും സ്വീകാര്യമല്ലെന്നു വരുന്നു. ഇവയില്‍ ഏതെങ്കിലും ഒരു സങ്കല്പനത്തെ ഉപേക്ഷിക്കേണ്ടിവരികയാണെങ്കില്‍, പഴയ ഈഥര്‍ സിദ്ധാന്തത്തിലേക്കു തിരിച്ചുപോകേണ്ടി വന്നാല്‍പോലും, സവിശേഷ ആപേക്ഷിക സിദ്ധാന്തത്തിന്റെ നിര്‍ദ്ദേശമായിരിക്കും താന്‍ ഉപേക്ഷിക്കുകയെന്നും, ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള സങ്കല്പനത്തെ സംരക്ഷിക്കുകയെന്നത് ഭൗതികശാസ്ത്രജ്ഞന്റെ കടമയാണെന്നും പോള്‍ ഡേവിസുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തില്‍ ജോണ്‍ബെല്‍ പറയുന്നുണ്ട്.

മനുഷ്യബോധത്തിനു പുറത്തുനില്ക്കുന്ന ഭൗതികപ്രപഞ്ചമെന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചുളള സങ്കല്പനത്തെ ഉപേക്ഷിച്ചുകൊണ്ട് ഭൗതികശാസ്ത്രജ്ഞന്മാര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന കാര്യത്തിലാണ് ജോണ്‍ബെല്‍ ഊന്നിയത്. എന്നാല്‍, ക്വാണ്ടം ബലതന്ത്രത്തിലെ പ്രാദേശികമല്ലാത്തപ്രഭാവങ്ങളും വിദൂര, പരസ്പരാശ്രിതത്വങ്ങളും സന്ദേശപ്രേക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കാവുന്നതിനാല്‍, സവിശേഷ ആപേക്ഷികസിദ്ധാന്തത്തിന് ഇത് ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
അലയ്ന്‍ ആസ്പെക്റ്റിന്റെ പരീക്ഷണം ക്വാണ്ടം ഭൗതികത്തെ സാധൂകരിച്ചതിലൂടെ ഐന്‍സ്റ്റൈന്‍ സ്വീകരിച്ച ശുദ്ധയഥാതഥവാദം പരാജയപ്പെട്ടുവെന്നു പറയാം. മനുഷ്യബോധത്തിനു പുറത്തു സ്വതന്ത്രമായി നില്‍ക്കുന്ന വസ്തുനിഷ്ഠപ്രകൃതിയെ കുറിച്ചുള്ള ലെനിന്റെ സങ്കല്‍പ്പനത്തേയും ഇതു പിന്തുണയ്ക്കുന്നില്ല. ശുദ്ധയഥാതഥവാദവും വസ്തുനിഷ്ഠതയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളും ഭൗതികശാസ്ത്രത്തിനുള്ളില്‍ നിന്നു തന്നെ വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭമാണിത്. നമ്മുടെ ബോധത്തിനു പുറത്ത് സ്വതന്ത്രമായി നില്‍ക്കുന്ന ലോകത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ കൊണ്ട് ജ്ഞാനശാസ്ത്രത്തെ വ്യാഖ്യാനിക്കുന്ന ശ്രമങ്ങളെ ഇത് നിരുത്സാഹത്തിലാക്കുന്നു. ജ്ഞാനാര്‍ജ്ജനപ്രക്രിയയില്‍ വസ്തുനിഷ്ഠതയുടെയും ആത്മിനിഷ്ഠതയുടെയും ഘടകങ്ങള്‍ ഇടപെടുന്നുണ്ട്. ഭൗതികയാഥാര്‍ത്ഥ്യവും അതിനെ കുറിച്ചുള്ള ജ്ഞാനവും വ്യത്യസ്ത സംവര്‍ഗങ്ങളെന്ന നിലക്ക് കാണേണ്ടതുണ്ടെന്ന ബാദിയുവിന്റെ സമീപനത്തിന് പ്രസക്തിയുണ്ടാകുന്നു. നാം ആര്‍ജ്ജിക്കുന്ന ജ്ഞാനം ഭൗതികയാഥാര്‍ത്ഥ്യത്തെ കേവലമായി പ്രതിനിധീകരിക്കുന്നില്ല. വസ്തുനിഷ്ഠത കേവലവസ്തുനിഷ്ഠതയല്ല. ലെനിനെ പോലുള്ള മാര്‍ക്സിസ്റ്റുകള്‍ ജ്ഞാനത്തെ ചരിത്രപരമായി സോപാധികമായി കണ്ടതിന്നപ്പുറത്ത് അതിനെ ജ്ഞാനശാസ്ത്രപരമായും സോപാധികമായി കാണേണ്ടതുണ്ട്.
എല്ലാറ്റിനേയും ഏതോ ഏകത്തിലേക്കു ചുരുക്കുകയും ഞെരുക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്ന ദര്‍ശനം മുതലാളിത്തത്തിന്റെ ഏകധ്രുവലോകം പോലെ, മതഭ്രാന്തന്മാരുടെ ഏകമതം പോലെ കേവലമായ ഏകസത്യത്തെ തേടുന്നു.
ഐന്‍സ്റ്റൈനും കൂട്ടരും നിര്‍ദ്ദേശിച്ച ചിന്താപരീക്ഷണം അവരുടെ ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം ഋണാത്മകഫലമാണ് സൃഷ്ടിച്ചതെങ്കിലും വിദൂരതയിലുള്ള കണങ്ങളുടെ സംഘടിതാവസ്ഥ (entangled state)വയെ മനസ്സിലാക്കുന്നതിനു സഹായകമായി തീര്‍ന്നു. ഇത് ആകര്‍ഷകമായ പല സാങ്കേതികവിദ്യാപ്രയോഗങ്ങളിലേക്കും നയിക്കുന്നതാണ്. ഗൂഢസന്ദേശവിനിമയവിദ്യ (cryptography)യിലും കമ്പ്യൂട്ടിങ്ങിലും ഇത് പ്രയോഗക്ഷമമാകുന്നു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ എന്ന ഒരു പുതിയ മേഖല തന്നെ തുറക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിലെ പ്രതിസന്ധികള്‍ തന്നെ നൂതനസരണികള്‍ തുറന്നു തരുന്നതാണ് നാം കാണുന്നത്. ശാസ്ത്രത്തിന്റെ ചിരവികസ്വരക്ഷമതയെ മനസ്സിലാക്കാന്‍ കഴിയുന്ന സന്ദര്‍ഭമായി ഇതുമാറിത്തീരുന്നു.

ഭൗതികശാസ്ത്രം ഒരു മഹാഏകീകൃതസിദ്ധാന്തത്തേയും സാര്‍വ്വത്രികസിദ്ധാന്ത (Theory of Everything)ത്തേയും രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണെന്ന് ശാസ്ത്രജ്ഞന്മാര്‍ നമ്മോടു പറയാന്‍ തുടങ്ങിയിട്ടു കുറേ നാളുകളായി. അതിനു ശേഷം ഭൗതികശാസ്ത്രത്തിന്റെ അന്ത്യമാണെന്നും പ്രവചിക്കപ്പെട്ടു. ഇത്തരം സമീപനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശനം വിമര്‍ശിക്കപ്പെടേണ്ടതാണ്. പ്രപഞ്ചം ഏകാത്മകമാണെന്നു പറയുന്ന ഒരു വീക്ഷണമാണത്. പ്രശസ്ത ശാസ്ത്രദാര്‍ശനികനായ ഹിലാരി പുട്നാം ഇതിനെ കുറിച്ചു ശ്രദ്ധേയമായ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ശാസ്ത്രം ശരിയായ ഒരു ഏകസിദ്ധാന്തത്തിലേക്കു ചുരുങ്ങുമെന്ന, കൃത്യമായ ഏകസിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തെ വിശദീകരിക്കുന്നതിനു ശാസ്ത്രത്തിനു കഴിയുമെന്ന വിശ്വാസം നാം എന്തിനു പുലര്‍ത്തണമെന്ന് അദ്ദേഹം ചോദിക്കുന്നു.
ഈ വാദം ശാസ്ത്രത്തിന്റെ കേവല സംപ്രത്യയവല്‍ക്കരണമാണ്. ഇത് വരട്ടുതത്ത്വവാദമാണ്. ജ്ഞാനം നാം ആവശ്യപ്പെടുന്ന ഒരൊറ്റ ബൃഹദ്ചിത്രത്തിലേക്കു ചുരുങ്ങി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന ആശയം വരട്ടുതത്ത്വവാദപരമാണ്. പ്രപഞ്ചം നമ്മുടെമേല്‍ ഒരു ഏകഭാഷയെ അടിച്ചേല്‍പ്പിക്കുന്നില്ല. അത് ഒരു ഏകസിദ്ധാന്തത്തേയും അടിച്ചേല്‍പ്പിക്കുന്നില്ല. ഹിലാരി പുട്നാം പറയുന്നു "നമ്മുടെ മനസ്സിനു പുറത്ത് ഒരു നിശ്ചിതഗണം വസ്തുക്കളുണ്ടായിരിക്കുക, അവയ്ക്കിടയില്‍ ഒരു നിശ്ചിതബന്ധമുണ്ടായിരിക്കുക, മനസ്സില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന ഈ വസ്തുക്കളുടെ കേവലയാഥാര്‍ത്ഥ്യങ്ങളെ ഭാഷയിലെ വാക്കുകളും വാക്യങ്ങളും ഉപയോഗിച്ച് നമുക്ക് ആവിഷ്‌ക്കരിക്കാന്‍ കഴിയുക, ഈ ബന്ധങ്ങളെ കുറിക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങള്‍ ഏകീകൃതമാണെന്നു പറയുക - ഈ ചിത്രം അതിവാദമാണെന്നും ധൈഷണികമല്ലെന്നും തോന്നുന്നുണ്ടെങ്കില്‍ ലോകത്തിന്റെ കേവലമായ സംപ്രത്യയവല്‍ക്കരണം ബുദ്ധിപരമല്ലെന്നു ചൊല്ലി തള്ളിക്കളയണം.'
കേവലസത്യത്തേയോ അതീതത്തെയോ കുറിച്ചുള്ള വിശ്വാസങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്, അതിനു ദൈവമെന്നോ ബ്രഹ്മമെന്നോ എന്തു പേരിട്ടു വിളിച്ചാലും. സ്ഥിതവും കേവലവും മാറ്റമില്ലാത്തതുമായ സത്യത്തെ കുറിച്ചുള്ള ആ ദര്‍ശനം പ്രപഞ്ചത്തെ ഉണ്മയായി കാണുന്നു
ആധുനിക ഭൗതികശാസ്ത്രം തന്നെ ബഹുപ്രപഞ്ചങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. മാതൃസിദ്ധാന്തം അനേകം പ്രപഞ്ചങ്ങളുടെ സാധ്യതകളെ കുറിച്ചുള്ള സിദ്ധാന്തീകരണങ്ങളിലേക്കു പോലും കടക്കുന്നു. ലോകം ബഹുലതകളുടേതാണെന്ന്, അവയ്ക്കിടയിലെ പരസ്പരസഹവര്‍ത്തിത്വത്തിന്റേയും പരസ്പരബഹുമാനത്തിന്റേയുമാണെന്ന് വെളിപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍, എല്ലാറ്റിനേയും ഏതോ ഏകത്തിലേക്കു ചുരുക്കുകയും ഞെരുക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്ന ദര്‍ശനം മുതലാളിത്തത്തിന്റെ ഏകധ്രുവലോകം പോലെ, മതഭ്രാന്തന്മാരുടെ ഏകമതം പോലെ കേവലമായ ഏകസത്യത്തെ തേടുന്നു. അതിഭൗതികത്തോടൊപ്പമാണ് ഭൗതികവും നടക്കുന്നതെന്നു തീര്‍ച്ച! തിരിച്ചും പറയാം. ഈ അതിഭൗതികം എല്ലാറ്റിനേയും ഒന്നിലേക്ക് അമര്‍ത്തിയൊതുക്കുന്ന ഏകത്വവാദമല്ല. ശൂന്യതയില്‍ നിന്നും എമ്പാടും വിടര്‍ന്നു പെരുകുന്ന ബഹുലതകളാണ്.
കേവലസത്യത്തേയോ അതീതത്തെയോ കുറിച്ചുള്ള വിശ്വാസങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്, അതിനു ദൈവമെന്നോ ബ്രഹ്മമെന്നോ എന്തു പേരിട്ടു വിളിച്ചാലും. സ്ഥിതവും കേവലവും മാറ്റമില്ലാത്തതുമായ സത്യത്തെ കുറിച്ചുള്ള ആ ദര്‍ശനം പ്രപഞ്ചത്തെ ഉണ്മയായി കാണുന്നു. സ്ഥിതവും കേവലവുമായ സത്യപ്രപഞ്ചം എന്ന ഉണ്മയെ വിട്ട് പ്രപഞ്ചയാഥാര്‍ത്ഥ്യത്തെ ഒരു ആയിത്തീരലായി കാണുന്നതാണ് ഉചിതം. പ്രപഞ്ചം നിരന്തരം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ആധുനികശാസ്ത്രപഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ സ്ഥിതസത്തയെ അന്വേഷിക്കുന്നത് ഒട്ടും യുക്തിപൂര്‍വ്വമല്ല. ലോകം സ്ഥിതസ്വത്വങ്ങളുടെ വ്യവസ്ഥയല്ല, അത് ആയിത്തീരലിന്റെ പ്രക്രിയയിലുള്ള ഒരു അതിസ്ഥിതവ്യവസ്ഥയാണ്. അനിശ്ചിതമാണ് പ്രപഞ്ചം. അനിശ്ചിതമായ പ്രപഞ്ചത്തെ കുറിച്ചുള്ള ജ്ഞാനവും അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നതാണ്. ശാസ്ത്രജ്ഞാനത്തിന്റെ സന്ദേഹാത്മകതയുടേയും നവീകരണക്ഷമതയുടേയും കാരണവും മറ്റൊന്നല്ല. കേവലമായതിന്റെ നിരാസമാണ് പ്രപഞ്ചത്തിന്റെ ലക്ഷണം. ▮
(അവസാനിച്ചു)