Classic comics
വിനീത വെള്ളിമന
മാന്‍ഡ്രേക്കേ, മറക്കില്ലൊരിക്കലും
പുതുതലമുറ സൂപ്പര്‍ ഹീറോകള്‍ അരങ്ങുവാഴുന്ന ഡിജിറ്റല്‍ ലോകത്തെങ്ങാനും ഒരു തിരിച്ചുവരവ് ഉണ്ടായേക്കാം എന്നാശിക്കുന്ന ഒരു തലമുറയെങ്കിലും ബാക്കിയുള്ളിടത്തോളം ആ മായാജാലക്കാരന് പ്രസക്തിയുണ്ട്.

അതിപ്രശസ്തരായ മാന്ത്രികരുടെ കൂട്ടായ്മയും പ്രദര്‍ശനങ്ങളും നഗരത്തില്‍ നടക്കുകയാണ്. ഓരോരുത്തര്‍ക്കും അവരുടേതായ മാസ്റ്റര്‍പീസ് ഐറ്റങ്ങളും ആരാധക വൃന്ദങ്ങളുമുണ്ട്. മുകളറ്റം എവിടെയും കൊരുത്തിടാതെ ഉയര്‍ത്തി നിര്‍ത്തിയ കയറില്‍ പിടിച്ചു കയറല്‍ ആണ് ഒരു മാന്ത്രികന്റെ മുഖ്യ ഇനമെങ്കില്‍ മറ്റൊരാള്‍ക്ക് എത്ര പൂട്ടിട്ട പെട്ടിയില്‍ നിന്നും ഞൊടിയിടയില്‍ രക്ഷപ്പെടലാണ്; ഇനിയിലൊരാള്‍ക്കു രൂപം മാറാനുള്ള കഴിവാണത്.
ഇതിനിടെ ഒരു കള്ളന്‍ നഗരത്തിലിറങ്ങുന്നു. കൊലയാളിയുമാണ് അയാള്‍. മജീഷ്യന്മാരുടെ വിദ്യകള്‍ ഉപയോഗിച്ചാണ് മോഷണവും അതിനായുള്ള കൊലപാതകങ്ങളും. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞു നടക്കുന്ന ആ ക്രിമിനലിനെ പത്രങ്ങള്‍ കറുത്ത മാന്ത്രികന്‍ എന്ന് വിശേഷിപ്പിച്ചു. ജനം ഭീതിയുടെ പിടിയിലായി.
കറുത്ത മാന്ത്രികനെ കുടുക്കാന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചതനുസരിച്ച് മാന്ത്രികനായ മാന്‍ഡ്രേക്കും സഹായി ലോതറും രംഗത്തിറങ്ങി. ലോതറിന്റെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴേക്കും വായനക്കാരന്‍ അടുത്ത വാരാന്ത്യപ്പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കേണ്ടി വരുന്നു.

1934ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയ മാന്‍ഡ്രേക്ക് ദ മജീഷ്യന്‍ എന്ന കോമിക് സ്ട്രിപ്പിലൂടെയാണ് കുറ്റവാളിയെ അതിസാഹസികമായി കീഴടക്കുന്ന മാന്‍ഡ്രേക്കിന്റെ വീരേതിഹാസം തുടങ്ങുന്നത്. ദി ഗ്രേറ്റ് ഡിപ്രഷന്‍ എന്ന മുപ്പതുകളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലമായിരുന്നു അത്.
അന്ന് മാന്‍ഡ്രേക്കിനെ വായിച്ചു തുടങ്ങിയവര്‍ മണ്മറയുകയും പിന്നീടിങ്ങോട്ടുണ്ടായിരുന്ന വായനക്കാര്‍ തന്നെ മദ്ധ്യവയസ്‌കരോ അതിനുമേല്‍ പ്രായമുള്ളവരോ ആയിക്കഴിയുകയും ചെയ്‌തെങ്കിലും ഇനിയൊരു മടങ്ങിവരവില്ലാത്തവിധം ആരാധകരുടെ ഓര്‍മ്മയില്‍ നിന്ന് പോയ് മറഞ്ഞിട്ടില്ല ആ മാന്ത്രികന്‍. പുതുതലമുറ സൂപ്പര്‍ ഹീറോകള്‍ അരങ്ങുവാഴുന്ന ഡിജിറ്റല്‍ ലോകത്ത് എങ്ങാനും ഒരു തിരിച്ചുവരവ് ഉണ്ടായേക്കാം എന്ന് ആശിക്കുന്ന ഒരു തലമുറയെങ്കിലും ഇനിയുമിവിടെ ബാക്കിയുള്ളിടത്തോളം ആ മായാജാലക്കാരന് പ്രസക്തിയുമുണ്ട്.
മന്ത്രവാദികളുടെയും മറ്റും പ്രിയ സസ്യമാണ് മാന്‍ഡ്രേക്. മാന്ത്രിക ശക്തിയുള്ള, ആളുകളെ ഉന്മത്തരാക്കാന്‍ കഴിവുള്ള ആ ചെടിയുടെ പേര് അതേ കഴിവുകളുള്ള മാന്ത്രികന് അല്ലാതെ മറ്റാര്‍ക്കാണ് ചേരുക.
അന്നുവരെ കണ്ടിട്ടുള്ള കോമിക് കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നു മാന്‍ഡ്രേക്. കൗബോയ് മട്ടിലുള്ള പരുക്കന്‍ രൂപഭാവങ്ങളുള്ള നായകവേഷമൊന്നും ആയിരുന്നില്ല മാന്‍ഡ്രേക്കിന്റേത്. നല്ല ഉയരമുള്ള, സുന്ദരനായ മാന്‍ഡ്രേക്ക് എന്നും കറുത്ത സ്യൂട്ടും തൊപ്പിയും ചുവന്ന മേലങ്കിയുമണിഞ്ഞാണ് വായനക്കാര്‍ക്ക് മുന്നിലെത്തിയിരുന്നത്. ലിയോണ്‍ മാന്‍ഡ്രേക്ക് എന്ന യഥാര്‍ത്ഥ മാന്ത്രികന്റെ വേഷവിധാനങ്ങള്‍ മാന്‍ഡ്രേക് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലിയോണ്‍ പിന്നീട് തന്റെ സ്റ്റേജിലെ പേര് കഥാപാത്രത്തിന്റെ പേരിനൊപ്പിച്ച് മാന്‍ഡ്രേക് എന്നു മാത്രമാക്കിയിട്ടുമുണ്ട്.

ലീ ഫോക് എന്ന ലിയോണ്‍ ഹാരിസണ്‍ ഗ്രോസാണ് മാന്‍ഡ്രേക്കിന്റെ സൃഷ്ടാവ്. കുട്ടിക്കാലം മുതല്‍ക്കേ മായാജാല പ്രകടനങ്ങളില്‍ ഏറെ ആകൃഷ്ടനായിരുന്നു ലിയോണ്‍. കോളേജ് കാലഘട്ടത്തില്‍ ആണ് ആദ്യമായി മാന്‍ഡ്രേക് എന്ന മാന്ത്രികനെ അദ്ദേഹം വരയ്ക്കുന്നത്. അടച്ചിട്ട മുറിയിലിരുന്ന് കണ്ണാടിയില്‍ ഇടയ്ക്കിടെ നോക്കി സ്വന്തം മുഖച്ഛായയിലാണ് ലിയോണ്‍ മാന്‍ഡ്രേക്കിനെ വരച്ചത്.
ബൈബിളിലെ ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ ജേക്കബിനെ ഗര്‍ഭം ധരിക്കുവാന്‍ റേച്ചലിന് മരുന്നായി നല്‍കിയത് മാന്‍ഡ്രേക് എന്ന ഔഷധ സസ്യത്തിന്റെ വേരായിരുന്നു. പിന്നെയിങ്ങോട്ട് ചരിത്രത്തിലും കഥയിലും പല രേഖകളിലും, ഒടുവില്‍ ഹാരി പോട്ടര്‍ കഥകളില്‍ വരെ, മന്ത്രവാദികളുടെയും മറ്റും പ്രിയ സസ്യമാണ് മാന്‍ഡ്രേക്. മാന്ത്രിക ശക്തിയുള്ള, ആളുകളെ ഉന്മത്തരാക്കാന്‍ കഴിവുള്ള ആ ചെടിയുടെ പേര് അതേ കഴിവുകളുള്ള മാന്ത്രികന് അല്ലാതെ മറ്റാര്‍ക്കാണ് ചേരുക.

ടിബറ്റന്‍ പര്‍വ്വതനിരകളില്‍ ഉള്ള പരമോന്നത മാന്ത്രിക വിദ്യാലയമായ കോളേജ് ഓഫ് മാജിക്കിലെ പ്രധാന ഗുരുവാണ് തെറോണ്‍. അദ്ദേഹത്തിന്റെ കൈവശമുള്ള ഒരമൂല്യ രത്‌നത്തിന്റെ ശക്തി മൂലം അനേകം നൂറ്റാണ്ടുകളായി അദ്ദേഹം ഭൂമിയില്‍ ജീവിക്കുന്നു. അത്ര ദീര്‍ഘമായ ജീവിതകാലത്തില്‍ പന്ത്രണ്ട് വിവാഹങ്ങള്‍ കഴിക്കുകയും അതില്‍ നാല്‍പ്പതോളം മക്കള്‍ ഉണ്ടാവുകയും ചെയ്തു. അതിലൊരാളാണ് മാന്‍ഡ്രേക്ക്. ലൂസിഫര്‍, ഡെറിക്, ലെനോര്‍ എന്നിവര്‍ ആയിരുന്നു മാന്‍ഡ്രേക്കിന്റെ കാലത്ത് ജീവനോടെ ബാക്കിയുണ്ടായിരുന്നത്.
ടിബറ്റില്‍ ജനിച്ച് വളര്‍ന്ന മാന്‍ഡ്രേക്കിന് മാന്ത്രിക വിദ്യകളില്‍ ഗുരുവായത് പിതാവ് തന്നെയാണ്. പിതാവിന്റെ പക്കല്‍ നിന്ന് മന്ത്രവിദ്യകള്‍ മാത്രമല്ല തൊപ്പിയും മേല്‍ വസ്ത്രവും മാന്ത്രികദണ്ഡും മാന്‍ഡ്രേക്കിനു ലഭിച്ചു. പൊതുജീവിതത്തില്‍ ഒരു സ്റ്റേജ് മജീഷ്യന്‍ എന്ന നിലയില്‍ ആണ് അറിയപ്പെട്ടിരുന്നത് എങ്കിലും അതേ സമയം തന്നെ സമൂഹത്തിലെ ക്രിമിനലുകള്‍ക്കും മറ്റു ദുഷ്ടശക്തികള്‍ക്കും എതിരെ പോരാടുകയായിരുന്നു യഥാര്‍ത്ഥത്തില്‍ മാന്‍ഡ്രേക്. ഹിപ്‌നോട്ടിസം, അദൃശ്യത, വായുവില്‍ ഉയര്‍ന്നു പൊങ്ങല്‍, ടെലിപോര്‍ട്ടിങ് എന്നുവേണ്ട അവസരം കിട്ടിയാല്‍ ആരെയും അത്ഭുതപ്പെടുത്തുന്ന അനവധി വിദ്യകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. മാന്‍ഡ്രേക്കിനെ വായിച്ചിരുന്ന തലമുറയിലെ സ്റ്റേജ് മജീഷ്യന്മാരുടെയും ഹീറോ ആയിരുന്നതുകൊണ്ടാകണം അവരുടെ വേഷവിധാനം മാന്‍ഡ്രേക്കിന്റേതിനോട് സമാനമായത്.

ന്യൂയോര്‍ക്കിലെ ഒരു മലമുകളില്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ഉള്‍പ്പടെ, അന്നു ചിന്തിക്കാന്‍ കഴിയാവുന്നതിനപ്പുറത്തുള്ള ഏറ്റവും ആധുനിക സൗകര്യങ്ങള്‍ എല്ലാമുള്ള, സാനഡു (Xanadu) എന്ന ബംഗ്ലാവില്‍ ആയിരുന്നു മാന്‍ഡ്രേക് താമസിച്ചത്. അക്കാലത്ത് സങ്കല്പിക്കാവുന്നതിനപ്പുറമുള്ള പല സാങ്കേതിക വിദ്യകളും വരച്ചു കാണുകയും പിന്നീട് അതേ സൗകര്യങ്ങള്‍ നമുക്കിപ്പോള്‍ കണ്‍മുന്നില്‍ എത്തുകയും ചെയ്യുമ്പോഴാണ് ലീ ഫോക്കിന്റെ ദീര്‍ഘ ഭാവനയുടെ ആഴം ബോധ്യമാകുന്നത്. സന്തത സഹചാരിയും സഹായിയും ആയ ലോതറും സാനഡുവില്‍ മാന്‍ഡ്രേക്കിന് ഒപ്പമുണ്ടായിരുന്നു. വേഡ്സ് വര്‍ത്തിന്റെ സമകാലികനായ കോളറിഡ്ജിന്റെ പ്രശസ്ത കവിതയായ കുബ്ലാ ഖാനിലെ, അതേ പേരുള്ള നായക കഥാപാത്രത്തിന്റെ കൊട്ടാരത്തിന്റെ പേരും സാനഡു എന്ന് തന്നെയായിരുന്നു.
മാന്‍ഡ്രേക്കെവിടെയുണ്ടോ അവിടെ ലോതറും ഉണ്ടാകും. അതാണ് രീതി. ഒരു ആഫ്രിക്കന്‍ യാത്രയില്‍ ഒപ്പം കൂടിയതാണ് ലോതര്‍. ഏഴു രാഷ്ട്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പ്രബലരായ ആഫ്രിക്കന്‍ ഗോത്രവര്‍ഗ കൂട്ടായ്മയിലെ രാജകുമാരന്‍ ആയിരുന്നു ലോതര്‍
മാന്‍ഡ്രേക് കോമിക്കുകളില്‍പ്പെട്ട രണ്ടാമത്തെ കഥയിലാണ് അതിസുന്ദരിയായ നായിക നാദയുള്ളത്. ആദ്യം കണ്ടതു മുതല്‍ തന്നെ മാന്‍ഡ്രേക്കിന് ഏറെ പ്രിയപ്പെട്ടവളായി മാറിയിരുന്നു നാദ. യൂറോപ്യന്‍ രാജ്യമായ കൊക്കെയ്‌നിലെ (Cockaigne) രാജകുമാരിയായിരുന്നു അവള്‍. കാള്‍ രാജാവിന്റെയും ഇസബെല്‍ റാണിയുടേയും മകള്‍. കാള്‍ രാജാവിന്റെ മരണശേഷം നാദയുടെ സഹോദരന്‍ സിഗ്രിഡ് രാജാവായി. ചൂതുകളി ഭ്രാന്തനായ അയാള്‍ നാദയുടെ നെക്ലേസ് വരെ ചൂതുകളിയില്‍ നഷ്ടപ്പെടുത്തി. ആ ആഭരണങ്ങള്‍ തിരിച്ചു നേടുന്നതിനായാണ് നാദ മാന്‍ഡ്രേക്കിന്റെ സഹായം തേടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിനു വഴിമാറി. ഹെക്റ്ററിലെ ഡ്യൂക്ക് ആയ ആവെരിയുമായി നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് അതോടെ നാദ പിന്മാറുകയും ചെയ്തു. ആയോധന മുറകളില്‍ അതിവിദഗ്ധയായിരുന്നു നാദയും. 1930കളില്‍ പരസ്പരം കണ്ടുമുട്ടുകയും പിന്നീടിങ്ങോട്ടുള്ള കഥകളിലൊക്കെ ഒപ്പമുണ്ടാവുകയും ചെയ്‌തെങ്കിലും അവര്‍ വിവാഹിതരാകുന്നത് 1997ല്‍ മാത്രമാണ്. അതിഗംഭീരമായിരുന്നു വിവാഹ ചടങ്ങുകള്‍. സാനഡുവിലും കൊക്കെയ്‌നിലും മാന്‍ഡ്രേക്കിന്റെ പിതാവിന്റെ സാന്നിധ്യത്തില്‍ ഹിമാലയത്തിലുമായി മൂന്നു ഗംഭീര വേദികളില്‍ മൂന്നു ചടങ്ങുകളില്‍ ആയാണത്രെ അവര്‍ വിവാഹിതരായത്.

മാന്‍ഡ്രേക്കെവിടെയുണ്ടോ അവിടെ ലോതറും ഉണ്ടാകും. അതാണ് രീതി. ഒരു ആഫ്രിക്കന്‍ യാത്രയില്‍ ഒപ്പം കൂടിയതാണ് ലോതര്‍. ഏഴു രാഷ്ട്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പ്രബലരായ ആഫ്രിക്കന്‍ ഗോത്രവര്‍ഗ കൂട്ടായ്മയിലെ രാജകുമാരന്‍ ആയിരുന്നു ലോതര്‍. ലോക ത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ലോതര്‍ മാന്‍ഡ്രേക്കിന്റെ എല്ലാ സാഹസിക വിജയങ്ങള്‍ക്കും പങ്കാളിയായി ഒപ്പമുണ്ട്. ഒന്നാന്തരം ഒരു ബോക്‌സര്‍ കൂടിയാണയാള്‍. കര്‍മ എന്നൊരു സുന്ദരി കൂട്ടുകാരിയുമുണ്ട് ലോതറിന്. ഒരു കോമിക് സ്ട്രിപ്പില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനും ലോതര്‍ ആണ്. എന്തിനും തയ്യാറായി ഒപ്പമുള്ള കറുത്ത ഗോത്രവര്‍ഗക്കാരനായ ഈ സുഹൃത്ത് റോബിന്‍സണ്‍ ക്രൂസോയ്ക്ക് ആഫ്രിക്കയില്‍ കൂട്ടുകിട്ടിയ ഗോത്രവര്‍ഗക്കാരന്‍ തന്നെയായ മാന്‍ ഫ്രൈഡേ യെ ഓര്‍മിപ്പിക്കുന്ന ഒരു കഥാപാത്രമാണ്. പക്ഷേ, മാന്‍ ഫ്രൈഡേ സാധാരണക്കാരനും ലോതര്‍ ഒരു രാജകുമാരനും ആയിരുന്നു. പുലിത്തോലിന്റെ കുപ്പായവും മുറി ഇംഗ്ലീഷു മായി വന്ന ലോതര്‍ പിന്നീട് പരിഷ്‌കാരിയായി. ഇംഗ്ലീഷ് തെറ്റില്ലാതെ പറയാന്‍ പഠിക്കുകയും ഷര്‍ട്ട് ധരിക്കുകയും ചെയ്തു തുടങ്ങിയെങ്കിലും ആ പുലിത്തോല്‍ ഡിസൈന്‍ കൈ വിട്ടുകളഞ്ഞില്ല. ആദ്യകാലങ്ങളില്‍ കറുത്ത സേവകനായി അറിയപ്പെട്ട ലോതര്‍ മാന്‍ഡ്രേക്കിനെ മാസ്റ്റര്‍ എന്നാണു വിളിച്ചിരുന്നതെങ്കില്‍ കാലം മാറുകയും വര്‍ണ വിവേചനം അസ്വീകാര്യമാവുകയും ചെയ്തപ്പോള്‍ മാന്‍ഡ്രേക്കിന്റെ കൂട്ടുകാരനായി മാറുകയും മാസ്റ്റര്‍ എന്ന വിളി മാറി അത് മാന്‍ഡ്രേക് എന്ന് തന്നെ ആവുകയും ചെയ്തു.
മാന്‍ഡ്രേക്കിന്റെ കൂട്ടുകാരില്‍ ലോതറിനെക്കാള്‍ ശക്തന്‍ എന്ന് ചിലപ്പോളെങ്കിലും തോന്നുന്ന മറ്റൊരു കഥാപാത്രം ഹൊജോ എന്ന ജപ്പാന്‍കാരനാണ്. സാനഡുവിലെ കുശിനിയുടെ ചുമതലക്കാരന്‍ ആയാണ് പുറമേ കാണുന്നതെങ്കിലും ഇൻറർ ഇന്റല്‍ എന്ന അന്താരാഷ്ട്ര സേനയുടെ രഹസ്യ തലവനാണ് ഹൊജോ. കുറ്റകൃത്യങ്ങള്‍ക്കെ തിരെയാണ് ഈ സേന പ്രവര്‍ത്തിക്കുന്നത്. ഹൊജോയാണ് ആയോധനമുറകളില്‍ നാദയുടെ ഗുരു.

ചുരുക്കിപ്പഞ്ഞ ഇത്രയും പേരേക്കൂടാതെ ഇനിയും ചില നല്ല കഥാപാത്രങ്ങളും വില്ലന്മാരുമുണ്ട് മാന്‍ഡ്രേക്ക് എന്ന ചിത്രകഥയില്‍. കോബ്ര, ഡെറിക്, ക്ലേ ക്യാമല്‍, അലീന, ബ്രാസ് മങ്കി എന്നിങ്ങനെ തുടരുന്നു വില്ലന്മാരുടെ നിര. മാന്‍ഡ്രേക്കിന്റെ വൈരികളായ ദുഷ്ടരില്‍പ്പെടുന്ന, രസകരമായ പേരുള്ള മറ്റൊരാള്‍ ഉണ്ട്; ഏകര്‍ദ്‌നാം (Ekardnam). ഇംഗ്ലീഷില്‍ മാന്‍ഡ്രേക് എന്നത് തിരിച്ചിട്ടാല്‍ കിട്ടുന്ന പേരുള്ള ഇയാള്‍ മാന്‍ഡ്രേക്കിന്റെ ദുഷ്ടനായ പ്രതിബിംബം ആണ്. കണ്ണാടിയുടെ മറുവശത്തുള്ള ലോകത്താണ് ജീവിതം. അവിടെ അദ്‌റാന്‍ (Adran) എന്നൊരു പ്രതിബിംബം നാദയ്ക്കും അതുപോലെ ഓരോന്ന് മറ്റുള്ളവര്‍ക്കുമുണ്ട്. കണ്ണാടിക്കപ്പുറത്തേക്ക് തട്ടിക്കൊണ്ടുപോയ നാദയെ മാന്‍ഡ്രേക്കും ലോതറും പോയി സാഹസികമായാണ് രക്ഷപെടുത്തി തിരികെ കൊണ്ടുവരുന്നത്.
എതിരാളികളുടെ കൂട്ടത്തില്‍ ഏറ്റവും കുഴപ്പക്കാരന്‍ കോബ്ര എന്ന വിളിപ്പേരുള്ള ലൂസിഫര്‍ ആണെന്നു പറയാം. മാന്‍ഡ്രേക്കിന്റെ അര്‍ദ്ധ സഹോദരന്‍തന്നെയാണ് ലൂസിഫര്‍. ആദ്യ മാന്‍ഡ്രേക് കഥയായ ദി കോബ്രായിലൂടെ മാന്‍ഡ്രേക്കിനൊപ്പം രംഗപ്രവേശം നടത്തിയതാണ് ലൂസിഫര്‍. ഇയാളുടെ ലക്ഷ്യം തെറോണും മാന്‍ഡ്രേക്കും കാത്തു സൂക്ഷിക്കുന്ന മാന്ത്രിക ശക്തിയുള്ള അമൂല്യങ്ങളായ രണ്ട് രത്നങ്ങളില്‍ ഒന്നെങ്കിലും കൈക്കലാക്കുക എന്നതാണ്. 1937ല്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ തോല്‍പ്പിച്ചു വിട്ടുവെങ്കിലും ഏറിയ വൈരാഗ്യത്തോടെ 1965ല്‍ വീണ്ടും ആ ശല്യക്കാരന്‍ തിരിച്ചെത്തി. മാന്‍ഡ്രേക്കുമായുള്ള പഴയ യുദ്ധത്തില്‍ വിരൂപമായ മുഖം ഒരു വെള്ളി മുഖം മൂടിയിട്ടു മറച്ചൊക്കെയാണ് വീണ്ടും എത്തിയത്. പിന്നീട് കാലം മാറിയപ്പോള്‍ മുഖമൊക്കെ ശസ്ത്രക്രിയയിലൂടെ പഴയതുപോലെ ആക്കിയെടുക്കുകയും ചെയ്തു.
മാന്‍ഡ്രേക്കിന്റെ കൂര്‍മ ബുദ്ധിയും കുറ്റാന്വേഷണ രീതികളും അതിനു മുന്‍പേ വന്ന ഷെര്‍ലക് ഹോംസിനെ ഓര്‍മിപ്പിക്കുന്നത് യാദൃശ്ചികമല്ല. ആര്‍തര്‍ കോനന്‍ ഡോയിലിന്റെ കൃതികള്‍ ലീ ഫോക് വളരെ ഇഷ്ടപ്പെട്ടിരുന്നതു കൊണ്ടാണത്.
ഡെറിക് ആവട്ടെ മാന്‍ഡ്രേക്കിന്റെ ഇരട്ട സഹോദരനുമാണ്. താല്‍ക്കാലിക സന്തോഷങ്ങള്‍ക്കു വേണ്ടി മാന്ത്രിക ശക്തി ദുരുപയോഗം ചെയ്തിരുന്ന ഡെറിക്കിനെ കൈകാര്യം ചെയ്യല്‍ മാന്‍ഡ്രേക്കിനു താരതമ്യേന എളുപ്പമായിരുന്നു. ഏങ്കിലും മാന്‍ഡ്രേക് കാരണം നഷ്ടമായ ശക്തികള്‍ തിരിച്ചു പിടിക്കാന്‍ ഡെറിക് ശ്രമിച്ചുകൊണ്ടേയിരുന്നു. ക്ലേ കാമലും മകള്‍ ബ്രാസ് മങ്കിയും ആരെയും അനുകരിക്കാനും അതനുസരിച്ചു രൂപം മാറാനും ഉള്ള കഴിവുള്ളവരാണ്. കുറ്റകൃത്യം ചെയ്തത് ഇവരാണെങ്കില്‍ താന്താങ്ങളുടെ അടയാളങ്ങളായ ചെറിയ ഒരു കളിമണ്‍ ഒട്ടകത്തിന്റെയോ പിത്തള കുരങ്ങന്റെയോ ചെറിയ മുദ്രകള്‍ ക്രൈം സീനില്‍ മനപൂര്‍വ്വം അവശേഷിപ്പിക്കാറുണ്ട്.
ഓരോ കഥയിലും ദുഷ്ടശക്തികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ വിജയകരമായി എതിര്‍ത്ത് തോല്‍പ്പിക്കുന്ന മാന്‍ഡ്രേക്കിനെയാണ് കാണുന്നത്. ഓരോരുത്തരുടെയും കഴിവുകളും ദൗര്‍ബല്യങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ക്ഷണനേരം കൊണ്ട് പ്രതികരിക്കുന്നതിനുള്ള കഴിവും കൂര്‍മ്മബുദ്ധിയും മാന്ത്രികശക്തികളും ആണ് ഈ വിജയങ്ങള്‍ക്കു പിന്നില്‍. മാന്‍ഡ്രേക്കിന്റെ കൂര്‍മ ബുദ്ധിയും കുറ്റാന്വേഷണ രീതികളും അതിനു മുന്‍പേ വന്ന ഷെര്‍ലക് ഹോംസിനെ ഓര്‍മിപ്പിക്കുന്നത് യാദൃശ്ചികമല്ല. ആര്‍തര്‍ കോനന്‍ ഡോയിലിന്റെ കൃതികള്‍ ലീ ഫോക് വളരെ ഇഷ്ടപ്പെട്ടിരുന്നതു കൊണ്ടാണത്. അതേ കൃതികളെ ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു മാന്‍ഡ്രേക്കിനെ വായിച്ചിരുന്നവരും.
ന്യൂയോര്‍ക്കില്‍ താമസം, ടിബറ്റിലെ ബാല്യം, പിന്നീട് കൂട്ടുകാരില്‍ യൂറോപ്പുകാരിയായ നാദ, ജപ്പാന്‍കാരനായ ഹൊജോ, ആഫ്രിക്കക്കാരനായ ലോതര്‍; ലോകത്തിലെവിടെയുമുള്ള വായനക്കാരെ കയ്യിലെടുക്കാനുദ്ദേശിച്ചു തന്നെയാവണം ഇത്തരം കഥാപാത്ര സൃഷ്ടി.

ലീ ഫോക് ആണ് സ്രഷ്ടാവെങ്കിലും 1934ലെ തുടക്കം മുതല്‍ തുല്യ പ്രാധാന്യത്തോടെ പിന്നണിയില്‍ ഫില്‍ ഡേവിസ് എന്ന ചിത്രകാരനും മാന്‍ഡ്രേക്കിനെ വരയ്ക്കുന്നതില്‍ ഉണ്ട്. ആദ്യം വരകളിലൂടെ ലീ ഫോക് രൂപം നല്‍കിയെങ്കിലും സ്ഥിരം കോമിക് സ്ട്രിപ്പ് ആയി പ്രസിദ്ധീകരിച്ചപ്പോള്‍ വരച്ചിരുന്നത് ഫില്‍ ഡേവിസ് ആയിരുന്നു. 1934 മുതല്‍ 1964വരെ ഡേവിസ് മാന്‍ഡ്രേക്കിനെ വരച്ചു. പിന്നീട് 2013 വരെ ഫ്രെഡ് ഫ്രഡറിക്സ് ആണ് വര തുടര്‍ന്നത്. 1934 മുതല്‍ 1999 വരെ മാന്‍ഡ്രേക് കഥകള്‍ ലീ ഫോക്കിന്റെ പേനത്തുമ്പില്‍ നിന്നായിരുന്നുവെങ്കിലും പിന്നീട് 2013 വരെ വരയും എഴുത്തും ഫ്രെഡ് തന്നെയായിരുന്നു.
പത്രത്താളുകളിലെ കോമിക് സ്ട്രിപ്പ് ആയി തുടങ്ങി കിങ് കോമിക്‌സിലൂടെയും റേഡിയോയിലൂടെയും ഡെല്‍ കോമിക്‌സിലൂടെയും പ്രശസ്തമായി സൂപ്പര്‍ ഹീറോമാരുടെയൊക്കെ താവളമായ മാര്‍വെല്‍ സ്റ്റുഡിയോസില്‍ എത്തിയെങ്കിലും പുതു തലമുറയിലെ സൂപ്പര്‍ ഹീറോമാര്‍ക്കായി തല്‍ക്കാലം വഴിമാറി നില്കുന്നു മാന്‍ഡ്രേക് എന്ന മാന്ത്രികന്‍. ഉടുപ്പിലും ഭാവത്തിലും അക്കാലത്തെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ നിന്നും വിഭിന്നനായിരുന്നില്ല മാന്‍ഡ്രേക്. എങ്കില്‍, രൂപത്തില്‍ ഏറെ വിഭിന്നനായിരുന്ന വേഷത്തില്‍ വലിയൊരു തിരിമറി നടത്തിയ മറ്റൊരു നായകനെയും അതേ കാലത്തു ലീ ഫോക് സൃഷ്ടിക്കുകയുണ്ടായി. ആ കഥയ്ക്കായി അടുത്ത പാക്കറ്റിന് കാത്തിരിക്കുക. ▮