Wednesday, 29 March 2023

ആത്മകഥ


Text Formatted

എഴുകോണ്‍- 23

​​​​​​​സ്ഥാപനങ്ങളിലൂടെ കയറിയും ഇറങ്ങിയും, ജീവിതം

നമ്മള്‍ കയറിയിറങ്ങി പോകുന്ന സ്ഥാപനങ്ങള്‍ നമ്മളെ രൂപപ്പെടുത്തുന്നതില്‍ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ പെട്ടുപോകാതെ അതോടൊപ്പം ചേരുകയും പുറത്തുള്ള ചലനാത്മകസമൂഹത്തിലേക്ക് ഇടക്കിടെ ഇറങ്ങി നടക്കുകയും ചെയ്താല്‍ ജീവിതം രസകരമാക്കാം
 

Image Full Width
Image Caption
SCTIMST ബയോ മെഡിക്കല്‍ റിസർച്ച്
Text Formatted

മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ രക്തദാനം ചെയ്യുന്നത് പതിവാണ്. അടുത്ത ബന്ധുക്കളാരും രക്തം കൊടുക്കാനില്ലാത്ത രോഗികള്‍ക്കായിരിക്കും അത് നല്‍കുന്നത്. ബ്ലഡ് ബാങ്കില്‍ പോയി രക്തം നല്‍കിയ ശേഷം രോഗിയുടെ ബന്ധുക്കളെ കാണുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന ആശ്വാസമാണ് നമുക്ക് ഇന്‍സെന്റീവ് ആകുന്നത്. അങ്ങനെ പോകുമ്പോള്‍ ഒരിക്കല്‍ മെഡിക്കല്‍ കോളേജിന് തൊട്ടടുത്തുള്ള എസ്.സി.റ്റി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആൻറ്​ ടെക്നോളജിയില്‍ (Sree Chitra Tirunal Institute of Medical Science and Technology) നിന്നും ബ്ലഡ് ആവശ്യമുണ്ടെന്ന് അറിയിപ്പ് വന്നു. അവിടെ പോയപ്പോള്‍ ലഭിച്ച സ്വീകരണം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായിരുന്നു.

മെഡിക്കല്‍ കോളേജിലെ പോലെ അവിടെ തിക്കും തിരക്കുമില്ല. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ വന്ന് പുഞ്ചിരിയോടെ ബ്ലഡ് ബാങ്കിലേക്ക് കൂട്ടികൊണ്ടുപോയി. ഞങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ആശങ്കകള്‍ അകറ്റാനെന്നോണം തമാശകള്‍ പറഞ്ഞു. വളരെ വൃത്തിയായി ഒരുക്കിയ കോട്ടില്‍ നഴ്സുമാര്‍ ഞങ്ങളെ കിടത്തുകയും മൃദുവായി സൂചി ഉള്ളില്‍ കടത്തുകയും ചെയ്തു. ബ്ലീഡിംഗ് കഴിഞ്ഞ ഉടനെ അടുത്ത് മുറിയില്‍ കൊണ്ടിരുത്തി ചൂടുള്ള ഹോര്‍ലിക്സും ബിസ്‌കറ്റും കഴിക്കാന്‍ തന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന്​ വളരെ വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു അവിടെ.

ശ്രീ ചിത്ര എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്നത് മഹാരാജാവിന്റെ മുഖമല്ല, ഗുണനിലവാരമുള്ള ആരോഗ്യ സേവനം നടത്തുന്ന നമ്മുടെ നാട്ടിലെ ഒരു വലിയ ആശുപത്രിയാണ്.

അന്തര്‍ദ്ദേശീയ നിലവാരം പുലര്‍ത്തുന്ന ദേശീയ മെഡിക്കല്‍ സ്ഥാപനമാണ് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആൻറ്​ ടെക്​നോളജി. കാര്‍ഡിയോളജി, ന്യൂറോളജി സ്‌പെഷ്യാലിറ്റി സേവനങ്ങളാണ് ഇവിടെ പ്രധാനമായുള്ളത്. ചിത്തിര തിരുനാള്‍ മഹാരാജാവ് നല്‍കിയ കെട്ടിടത്തില്‍ ശ്രീ ചിത്ര മെഡിക്കല്‍ സെന്ററായാണ് ആദ്യം ഇത് പ്രവര്‍ത്തിച്ചത്. ബയോമെഡിക്കല്‍ ടെക്​നോളജിയിൽ ഗവേഷണം നടത്തുന്ന വിഭാഗം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്നു. മഹാരാജാവിന്റെ പേരില്‍ തുടങ്ങി ടെക്​നോളജിയിൽ അവസാനിക്കുന്ന ഈ സ്ഥാപനത്തിന്റെ പേര് കൗതുകകരമാണ്. ഇത് രണ്ട് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങളും ഇതുപോലെ പരമ്പരാഗത മൂല്യങ്ങളെയും ആധുനിക മൂല്യങ്ങളെയും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് പോകുന്നതാണ്.

sreechithra
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി

അടുത്തിടെ സവര്‍ക്കറുടെ പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ സ്ഥാപനങ്ങള്‍ക്ക് മനുഷ്യരുടെ പേരുകള്‍ നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചു. സ്ഥാപനങ്ങളിലൂടെ നമുക്കിഷ്ടപ്പെട്ടവരെ അനശ്വരരാക്കി തീര്‍ക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഏതായാലും ഈ സ്ഥാപനങ്ങളിലൂടെ കയറി ഇറങ്ങി പോകുന്ന ആയിരങ്ങള്‍ മരണത്തിനുശേഷം വളരെ പെട്ടെന്ന് തന്നെ വിസ്മരിക്കപ്പെടുന്നു. 

ശ്രീ ചിത്ര എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്നത് മഹാരാജാവിന്റെ മുഖമല്ല, ഗുണനിലവാരമുള്ള ആരോഗ്യ സേവനം നടത്തുന്ന നമ്മുടെ നാട്ടിലെ ഒരു വലിയ ആശുപത്രിയാണ്. അവിടെ ഹൃദയ ശസ്ത്രക്രിയ നടത്തി സുഖമായി തിരിച്ചെത്തിയവരെ കണ്ടിട്ടുണ്ട്. അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന അവിടെത്തെ പല ഡോക്ടര്‍മാരെയും അറിയാം. ചിലര്‍ സുഹൃത്തുക്കളാണ്. അവിടെ ജോലി ചെയ്യുന്നവര്‍ക്ക് സ്വകാര്യ പ്രാക്ടീസ് ഇല്ലാത്തതിനാല്‍ മുഴുവന്‍ സമയവും അവര്‍ രോഗീ പരിചരണത്തിലും അക്കാദമിക പ്രവര്‍ത്തനങ്ങളിലും മുഴുകുന്നു.

പല സ്ഥാപനങ്ങളില്‍ നിന്നും പുതുതായി ഒന്നും ഉണ്ടാകാത്തത് ഗവേഷകരും അധ്യാപകരും അവിടെ കുടുങ്ങി പോവുകയും സ്ഥാപനം അങ്ങനെ ജഡമായി പോവുകയും ചെയ്യുന്നതുകൊണ്ടാണ്. രോഗികള്‍ കിടക്കുന്ന ആശുപത്രികള്‍ ഗവേഷണസ്ഥാപനങ്ങള്‍ കൂടിയാകുമ്പോള്‍ സ്ഥിതി കുറച്ച് കൂടി സങ്കീര്‍ണമാണ്.

അന്താരാഷ്ട നിലവാരത്തില്‍ മികവ് പുലര്‍ത്തുന്നതിന് ഇതാവശ്യമാണ്. ഗവേഷണത്തിന് തീരെ പ്രാമുഖ്യമില്ലാത്ത നമ്മുടെ നാട്ടില്‍ മെഡിക്കല്‍ ടെക്​നോളജിയിൽ ഗവേഷണം നടത്തി ഹൃദയ ശസ്ത്രക്രിയക്കാവശ്യമായ വാല്‍വ് ഒക്കെ വികസിപ്പിച്ചെടുക്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞു. മികവുള്ള സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനം കഴിഞ്ഞുവന്ന ഡോ:എം.എസ്. വല്യത്താനാണ് സ്ഥാപനം വളര്‍ത്തിയെടുത്തത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ അദ്ദേഹത്തെ ഈ ജോലി ഏല്‍പ്പിക്കുകയാണുണ്ടായത്. 
ആരോഗ്യഗവേഷണത്തില്‍ അന്തര്‍വിഷയപരമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. ചിത്രയില്‍ നിന്ന് വിരമിച്ചശേഷം അദ്ദേഹം മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ വൈസ്ചാന്‍സലര്‍ ആയിരുന്നു. ആ സമയത്ത് പരമ്പരാഗതമായ ആയുര്‍വ്വേദ ആരോഗ്യവിജ്ഞാനീയം ഗവേഷണത്തിലൂടെ വളര്‍ത്തിയെടുക്കാനും അദ്ദേഹം ശ്രമിച്ചു.

m.s vallyathan
ഡോ:എം.എസ്. വല്യത്താന്‍

ശ്രീ ചി​ത്രയിലേയും മെഡിക്കല്‍ കോളേജിലേയും സേവനങ്ങള്‍ താരതമ്യം ചെയ്തു കൊണ്ടുള്ള സംഭാഷണങ്ങളില്‍ പലപ്പോഴും ഏര്‍പ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങളുടെ രൂപവല്‍ക്കരണം, അവക്ക് സമൂഹവുമായുള്ള ജൈവബന്ധം എന്നിവ സാമൂഹ്യശാസ്ത്രപഠനങ്ങള്‍ക്ക് വിധേയമാക്കാവുന്നതാണ്. ശ്രീ ചിത്ര, സേവനത്തില്‍ മികവ് പുലര്‍ത്തുന്നു എങ്കിലും ജനങ്ങള്‍ക്ക് പ്രാപ്യത അത്ര എളുപ്പമല്ല. ശസ്ത്രക്രിയക്ക് ചിലപ്പോള്‍ ഒരുപാട് കാലം കാത്തിരിക്കേണ്ടിവരും. രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കാത്തത് ചിലര്‍ക്ക് വല്ലാത്ത മാനസിക പ്രശ്‌നം ഉണ്ടാക്കാറുണ്ട്. എല്ലാ സ്‌പെഷ്യാലിറ്റികളും ഇല്ലാത്തതിനാല്‍ വേറെ വകുപ്പുകളില്‍ കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണെങ്കില്‍ അതിന് പ്രയാസം നേരിടും. 

മെഡിക്കല്‍ കോളേജില്‍, നിയന്ത്രണങ്ങളുണ്ടെങ്കിലും അത് ജനങ്ങള്‍ വസിക്കുന്ന സ്ഥലമെന്ന തോന്നലുണ്ടാക്കും. സമൂഹത്തിന്റെ ഒരു പരിഛേദം അവിടെ എപ്പോഴുമുണ്ടാകും. ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് ഉണ്ടായിരുന്ന സമയത്ത് ചികിത്സ സൗജന്യമായിരുന്നു എങ്കിലും ഡോക്ടര്‍മാരെ വീട്ടില്‍പോയി കാണുക എന്ന സമ്പ്രദായമുണ്ടായിരുന്നു. അത് നിര്‍ത്തലാക്കിയശേഷം രോഗികള്‍ക്ക് അത് ചെയ്യേണ്ടി വരുന്നില്ല. പഠനങ്ങള്‍ക്കും പഠിപ്പിക്കുന്നതിനും കൂടുതല്‍ സമയം ലഭിക്കുകയും ശ്രീചിത്രയിലെ പോലെ അക്കാദമിക് മികവുണ്ടാക്കുകയുമായിരുന്നു ഉദ്ദേശ്യം. അതെന്തായാലും എല്ലാകാലത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കാണാനെത്തുന്നവരുടെയും തിക്കും തിരക്കുമാണ്. കോവിഡിന്റെ സാഹചര്യത്തില്‍ ഇപ്പോള്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്.

എത്രത്തോളമാണ് സാധാരണ ലോകത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത്? സ്ഥിരമായി വിട്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് പോയാല്‍ ഒന്നും പുതുതായി സൃഷ്ടിക്കാന്‍ കഴിയില്ല. സംസാരത്തിലേക്ക് വീണ്ടും ഇറങ്ങി വരുകയും അതിലേക്ക് ശ്രദ്ധ തിരിക്കുകയും വേണം.

അക്കാദമിക് - ഗവേഷണസ്ഥാപനങ്ങള്‍ എത്രത്തോളം സാമൂഹിക അകലം പാലിക്കണമെന്നത് ചിന്തിക്കേണ്ട വിഷയമാണ്. കോവിഡ് നിയന്ത്രിക്കാനുള്ള ഡിസ്റ്റന്‍സിംഗ് അല്ല, സമൂഹത്തില്‍ നിന്ന് എത്രത്തോളം അകലം പാലിക്കണമെന്നതാണ് ഉദ്ദേശിച്ചത്. വലിയ ഗവേഷണ സ്ഥാപനങ്ങളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും കടക്കുമ്പോള്‍ വിശാലമായ കാമ്പസും മനുഷ്യര്‍ കുറവുള്ള കൂറ്റന്‍ കെട്ടിടങ്ങളുടെ ഉള്ളകങ്ങളും തിരക്കില്ലാത്ത പഴയ ദേവാലയങ്ങളുടെ പ്രതീതി ഉണ്ടാക്കാറുണ്ട്. ദൈനംദിന ജീവിതത്തിന്റെ മുഷിപ്പില്‍ നിന്ന്​ ശാന്തവും സ്വസ്ഥവും ചിന്തിക്കാന്‍ പ്രേരണ നല്‍കുന്നതുമായ അന്തരീക്ഷത്തിലേക്ക് നമ്മളെത്തും. ലൈബ്രറികളിലെ നിശ്ശബ്ദത വിദ്യാര്‍ത്ഥികളില്‍ ചിന്താതരംഗങ്ങള്‍ ഉണര്‍ത്തുന്നുണ്ടാവും. എന്നാല്‍, എത്രത്തോളമാണ് സാധാരണ ലോകത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത്? സ്ഥിരമായി വിട്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് പോയാല്‍ ഒന്നും പുതുതായി സൃഷ്ടിക്കാന്‍ കഴിയില്ല. സംസാരത്തിലേക്ക് വീണ്ടും ഇറങ്ങി വരുകയും അതിലേക്ക് ശ്രദ്ധതിരിക്കുകയും വേണം. അപ്പോഴാണ് ഗവേഷണം അര്‍ത്ഥവത്താകുന്നത്. പല സ്ഥാപനങ്ങളില്‍ നിന്നും പുതുതായി ഒന്നും ഉണ്ടാകാത്തത് ഗവേഷകരും അധ്യാപകരും അവിടെ കുടുങ്ങി പോവുകയും സ്ഥാപനം അങ്ങനെ ജഡമായി പോവുകയും ചെയ്യുന്നത് കൊണ്ടാണ്. രോഗികള്‍ കിടക്കുന്ന ആശുപത്രികള്‍ ഗവേഷണസ്ഥാപനങ്ങള്‍ കൂടിയാകുമ്പോള്‍ സ്ഥിതി കുറച്ച് കൂടി സങ്കീര്‍ണ്ണമാണ്.

1990 ല്‍ ഞാന്‍ ഒരു ഗവേഷണസഹായിയായി ശ്രീ ചിത്രയില്‍ കടന്നു ചെന്നു. കാമ്പസ് വിശാലമല്ലെങ്കിലും അതിന്റെ അകം പഠനത്തിനും ഗവേഷണത്തിനും പറ്റിയ ഗംഭീരമായ അന്തരീക്ഷമാണ് ഒരുക്കിയിരുന്നത്. ഡോ. വി.രാമന്‍കുട്ടി അവിടെ ഒരു ഗവേഷകനായി വന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ പഠനത്തെ സഹായിക്കാന്‍ ഒരു ഡോക്ടര്‍ വേണമെന്നും എനിക്കത് ചെയ്യാനാവുമെന്നും പരിഷത് സുഹൃത്തുക്കളായ ഡോക്ടര്‍മാരാരോ ആണ് നിര്‍ദ്ദേശിച്ചത്. ഡോ. രാമന്‍കുട്ടിയും പരിഷത്ത്​ പഠനങ്ങളില്‍ പങ്കെടുക്കുന്ന ആളാണ്. ശിശുരോഗ വിദഗ്ദ്ധനാണെങ്കിലും ഹെല്‍ത്ത് എക്കണോമിക്‌സിലും അദ്ദേഹം പ്രാവീണ്യം നേടി. ആരോഗ്യത്തിന്റെ സാമൂഹിക- സാമ്പത്തിക മാനങ്ങള്‍ അന്ന് മെഡിക്കല്‍ ഫീല്‍ഡില്‍ അധികം ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോഴും അത് മിക്കവാറും കമ്യൂണിറ്റി മെഡിസിനില്‍ മാത്രമായി ഒതുങ്ങുകയാണ്. വളരെ കുറച്ച് ചികിത്സകര്‍ മാത്രമാണ് ഈ വിഷയത്തില്‍ താത്പര്യമെടുക്കുന്നത്. മുന്‍പ് കമ്യൂണിറ്റി മെഡിസിന്‍ വിദഗ്ദ്ധരും, പബ്ലിക് ഹെല്‍ത്തുമായി ബന്ധപ്പെട്ട ചില നടപടി ക്രമങ്ങളില്‍ മാത്രം ഒതുങ്ങുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ കൂടുതല്‍ ശാസ്ത്രീയ വിശകലനങ്ങളും പഠനങ്ങളും ഈ വകുപ്പ് ചെയ്യുന്നുണ്ട്. ശാസ്ത്ര സാഹിത്യപരിഷത് നടത്തിയ ആരോഗ്യസര്‍വ്വേയാണ് എനിക്ക് ആരോഗ്യ പഠനത്തില്‍ താത്പര്യമുണ്ടാക്കിയത്.

 AMCHSS
അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്

സയന്‍സ് ആൻറ്​ ടെക്​നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്​ ആയ ശ്രീ ചിത്ര, സാമൂഹ്യ പഠനത്തില്‍ കൂടി ഗവേഷണം തുറന്നത് അതിന്റെ വികാസമായി കാണാം. വല്യത്താനെ പോലെ ക്രാന്തദര്‍ശിയായ ഒരാള്‍ അതിനു നേതൃത്വം നല്‍കിയത് കൊണ്ടാവണം അത് സാധിച്ചത്. ഇപ്പോള്‍ അവിടുത്തെ പബ്ലിക് ഹെല്‍ത്ത് വിഭാഗം അന്താരാഷ്ട്ര നിലവാരമുള്ള അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്(AMCHSS) എന്ന പേരില്‍ കോഴ്സുകളും ഗവേഷണങ്ങളും നടത്തുന്ന ഒരു വലിയ സ്ഥാപനമായി ഉയര്‍ന്നു. അന്ന് അത് ഡോ. രാമന്‍ കുട്ടി മാത്രമുണ്ടായിരുന്ന ഒരു വകുപ്പായിരുന്നു. ഏതു സ്ഥാപനത്തിന്റെയും രൂപീകരണഘട്ടം വളരെ ജീവത്തായിരിക്കും. അവിടെ പദവി വ്യത്യാസങ്ങളും മത്സരങ്ങളും നമ്മളെ ഭയപ്പെടുത്തുകയോ അസ്വസ്ഥപ്പെടുത്തുകയോ ഇല്ല. ഞാന്‍ അവിടെ ചേരുമ്പോള്‍ എന്നോട് മത്സരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഡോ. രാമന്‍ കുട്ടി വളരെ സൗമ്യനും നര്‍മ്മബോധമുള്ളയാളുമാണ്. അധികാരഭാവം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാവില്ല. അറിവിലും കലയിലുമാണ് അദ്ദേഹത്തിന് താത്പര്യം. സ്വന്തം ജോലിയില്‍ ആത്മവിശ്വാസമുള്ളതു കൊണ്ട് മറ്റുള്ളവരുടെ മേല്‍ ആധിപത്യത്തിന് ശ്രമിക്കാത്ത അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഡോ. രാമന്‍ കുട്ടി.

തിരുവനന്തപുരം ജില്ലയിലെ ഹൃദ്രോഗത്തിന്റെ വ്യാപ്തിയെ കുറിച്ച് പഠിക്കുകയായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതേക്കുറിച്ചുള്ള ഡേറ്റ ഒന്നും അന്ന് ലഭ്യമായിരുന്നില്ല. കേരളത്തില്‍ ഹൃദ്രോഗം ഒരു പ്രധാന മരണ കാരണമായിരിക്കുന്നതുകൊണ്ട് ഇന്നും ആ പഠനം വളരെ പ്രസക്തമാണ്. ഇതിലേക്ക് നയിക്കുന്ന പ്രമേഹം, രക്താതിമര്‍ദ്ദം എന്നിവയെക്കുറിച്ചുള്ള ഡേറ്റയും ഞങ്ങള്‍ക്ക് ഇതില്‍ നിന്ന് കിട്ടി. ശാസ്ത്രീയമായ സാമ്പിള്‍ ശേഖരണം ഫീല്‍ഡില്‍ പോയി നടത്തിയാലേ കൃത്യമായ വിവരം നമുക്ക് ലഭിക്കുകയുള്ളൂ. ആശുപത്രിയില്‍ വരുന്ന രോഗികളുടെ കണക്കില്‍ നിന്നും ഇത് ലഭിക്കുകയില്ല. അതുകൊണ്ടാണ് ഇത്തരം പഠനങ്ങള്‍ ആവശ്യമായിരിക്കുന്നത്.

ramankutty
ഡോ:രാമന്‍ കുട്ടി

ആദ്യ ദിവസങ്ങളില്‍ ലൈബ്രറിയില്‍ പോയി ഇത് സംബന്ധിച്ച് മറ്റു സ്ഥലങ്ങളില്‍ ഉണ്ടായിട്ടുള്ള പഠനങ്ങള്‍ റിവ്യൂ ചെയ്യുകയായിരുന്നു ഞങ്ങളുടെ ജോലി. അന്ന് പഞ്ചിംഗ് സമ്പ്രദായമൊക്കെ ഉണ്ടായിരുന്ന സ്ഥാപനങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. അവിടെ അതൊക്കെ ഉണ്ടായിരുന്നതുകൊണ്ട് അവരവരുടെ ഡ്യൂട്ടി സമയങ്ങളില്‍ ആരും പുറത്ത് പോവുകയുമൊന്നും ചെയ്തിരുന്നില്ല. പ്രൊഫഷണല്‍ എന്ന് പറയാവുന്ന ആ അന്തരീക്ഷം മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തോന്നി. ലൈബ്രറിയിലും എല്ലാവരും തികഞ്ഞ അച്ചടക്കം പാലിച്ചു.

പഠനത്തിനുള്ള ആവശ്യമായ തയാറെടുപ്പുകള്‍ക്ക് ശേഷം ഞങ്ങള്‍ ഫീല്‍ഡിലേക്ക് പോകാനൊരുങ്ങി. എന്നോടൊപ്പം സോഷ്യല്‍ സയൻറിസ്റ്റായ ജെസ്സി, ടെക്‌നിഷ്യന്മാരായ സുഷമ, ഹരി, ഫീല്‍ഡ് അസിസ്റ്റന്റ് ദിലീപ് എന്നിവര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അച്യുതമേനോന്‍ സെന്ററിന്റെ തലവനായ ശങ്കര്‍ ശര്‍മയായിരുന്നു സ്റ്റാറ്റിസ്റ്റിക്‌സില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. തെരഞ്ഞെടുത്ത വീടുകളില്‍ ദിലീപ് ആദ്യം പോയി പഠനത്തെ കുറിച്ച് വിവരം കൊടുക്കുകയും വീട്ടുകാരുടെ സമ്മതം വാങ്ങുകയും ചെയ്തു. അതിനു ശേഷം ഞങ്ങള്‍ പോയി വിവരങ്ങള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയുമാണ് പതിവ്. വാഹനത്തില്‍ കൊണ്ടുപോകാവുന്ന തരത്തിലുള്ള ഇ.സി.ജി. (Electro Cardiogram) മെഷിന്‍ ഉപയോഗിച്ച് ഹൃദയപരിശോധന നടത്തി. അവ ഓരോന്നും ചിത്രയിലെ ഹൃദ്രോഗവിദഗ്ധനായ ഡോ: ബാലകൃഷ്ണന്‍ വിശദമായി പരിശോധിക്കുകയും ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് തരികയും ചെയ്തു. പരിമിതമായി മാത്രം ജനങ്ങള്‍ക്ക് പ്രവേശനമുള്ള ഒരു ഗവേഷണ സ്ഥാപനത്തില്‍ നിന്നും ഞങ്ങള്‍ അവരുടെ വാസസ്ഥലങ്ങളിലേക്കു പോവുകയും പ്രശ്‌നങ്ങള്‍ കണ്ടെത്തി ആവശ്യമുള്ളവരെ ആശുപത്രിയില്‍ വരാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു.

സി.ഡി.എസില്‍ പബ്ലിക് ഹെല്‍ത്തുമായി ബന്ധപ്പെട്ട് ഇന്റര്‍ ഡിസിപ്ലിനറി ആയി പഠനം നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ഇന്റര്‍വ്യൂവിന് പോയെങ്കിലും ഞാന്‍ പിന്തള്ളപ്പെട്ടു. ഞാന്‍ ചെയ്യാനുദ്ദേശിച്ച പഠനത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.

അതിനേക്കാളുപരി, നമ്മുടെ സമൂഹത്തില്‍ എത്രത്തോളം ആളുകളെ ഹൃദ്രോഗം ബാധിച്ചിട്ടുണ്ട് എന്നറിയേണ്ടത് ചികിത്സയിലെയും പ്രതിരോധത്തിലെയും പ്ലാനിംഗിന് വളരെ ആവശ്യമുള്ളതാണ്. ഗ്രാമീണ മേഖലയിലായിരുന്നു ഞങ്ങളുടെ പഠനം. തീരപ്രദേശത്ത് നിന്നും മലമ്പ്രദേശത്ത് നിന്നും ഇടപ്രദേശത്ത് നിന്നും ഗ്രാമങ്ങള്‍ തെരഞ്ഞെടുത്തു. മൂന്നു സ്ഥലങ്ങളിലും വ്യത്യസ്ത ജീവിതരീതികള്‍ നയിക്കുന്ന മനുഷ്യരാണ്. തീരപ്രദേശത്ത് മീന്‍ പിടിച്ച് ഉപജീവനം നടത്തുന്നവര്‍ അടുത്തടുത്ത വീടുകളില്‍ തിങ്ങി പാര്‍ത്തിരുന്നു. അവര്‍ ജോലിക്ക് പോകാതെ ഞങ്ങളെ കാത്തിരിക്കുകയും പരിശോധനയില്‍ സഹകരിക്കുകയും ചെയ്തു. ഏറ്റവും ദൂരെയുള്ള സ്ഥലം പൊന്മുടി ഭാഗത്തുള്ള പെരിങ്ങമല ആയിരുന്നു. അവിടേക്കുള്ള യാത്ര ഞാന്‍ നന്നായി ആസ്വദിച്ചു. കാടും മലയുമുള്ള പ്രദേശങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന പച്ചിലയുടെ സുഗന്ധം എപ്പോഴും എന്നെ ആകര്‍ഷിക്കും. ചിലപ്പോള്‍ യാത്രക്കിടയില്‍ ജീപ്പില്‍ കിടന്നുറങ്ങും. അവിടത്തെ ആളുകള്‍ ഞങ്ങള്‍ക്ക് പനനൊങ്കും പനങ്കള്ളും നല്‍കി സല്‍ക്കരിച്ചു. വലിയ ആശുപത്രിയില്‍ നിന്ന് പഠിക്കാനെത്തിയവരെന്ന് നിലയില്‍ എല്ലായിടത്ത് നിന്നും നല്ല സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അന്നത്തെ പഠനത്തില്‍ 1.4 ശതമാനം ആളുകള്‍ക്കാണ് ഹൃദ്രോഗമുണ്ടായതായി കണ്ടത്. 2016 ല്‍ നടത്തിയ ഒരു പഠനത്തില്‍ അന്നത്തേതിന്റെ മൂന്നിരട്ടിയായി ഇത് കാണുന്നുണ്ട്. 

cds
സെന്റര്‍ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്‌

തിരുവനന്തപുരത്ത് അന്തര്‍ദ്ദേശീയ തലത്തില്‍ ഗുണനിലവാരം പുലര്‍ത്തുന്നതും സ്വതന്ത്രമായ നിലനില്‍പ്പുള്ളതുമായ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെൻറ്​ സ്റ്റഡീസ്. ലാറി ബേക്കറുടെ ചെലവ് കുറഞ്ഞതും മനോഹരവുമായ നിര്‍മിതികൊണ്ടും വിപുലമായ ലൈബ്രറി കൊണ്ടും ധാരാളം പഠിതാക്കളെ ആ സ്ഥാപനം ആകര്‍ഷിച്ചു. ഞങ്ങള്‍ അതിനടുത്തുള്ള പ്രശാന്ത് നഗറിലേക്ക് താമസം മാറ്റിയിരുന്നു. കേരളത്തില്‍ നിന്നും പുറത്ത് നിന്നുമുള്ള അവിടുത്തെ പ്രൊഫസര്‍മാര്‍ അവിടെ വരുന്നവരോട് തുല്യരെ പോലെ പെരുമാറി. പുറം രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളൊക്കെ ഉണ്ടായിരുന്നതിനാല്‍ താരതമ്യേന സ്ത്രീ വിവേചനം കുറഞ്ഞ സ്ഥലമായിരുന്നു അത്.

പ്രശാന്ത് നഗര്‍ നാട്ടിന്‍പുറം പോലെ ആയിരുന്നെങ്കിലും സി.ഡി.എസിനടുത്ത് താമസിച്ചിരുന്നത് കൊണ്ട് ഇഷ്ടമുള്ള വേഷങ്ങള്‍ ധരിക്കുന്നതിനും സ്വതന്ത്രമായി രാത്രിയിലും മറ്റും അതിനടുത്തൊക്കെ നടക്കുന്നതിനും ചായ കുടിക്കാന്‍ പോകുന്നതിനുമൊക്കെ സ്ത്രീകള്‍ക്കും അവിടെ സാധിച്ചിരുന്നു. ആ സ്ഥാപനം അതിന്റെ ചുറ്റുമുള്ള ആളുകളുടെ മനോഭാവത്തെ ചെറുതായെങ്കിലും സ്വാധീനിച്ചു. ശ്രീചിത്രയിലെ ജോലിയും തരക്കേടില്ലാത്ത ശമ്പളവും എന്റെ പദവി ഉയര്‍ത്തിയത് പോലെ തോന്നിപ്പിച്ചു. എന്നാല്‍ അത് അവസാനിക്കാറായിരുന്നു. അത് കഴിയുമ്പോഴേക്കും സി.ഡി.എസില്‍ പബ്ലിക് ഹെല്‍ത്തുമായി ബന്ധപ്പെട്ട് ഇന്റര്‍ ഡിസിപ്ലിനറി ആയി പഠനം നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു. അവിടെ ഇന്റര്‍വ്യൂവിന് പോയെങ്കിലും ഞാന്‍ പിന്തള്ളപ്പെട്ടു. ഞാന്‍ ചെയ്യാനുദ്ദേശിച്ച പഠനത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.

അച്ഛനില്ലാതെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുക അന്ന് പതിവായിരുന്നില്ല. രക്ഷകര്‍ത്താവിന്റെ പേര് അച്ഛന്റെ അയിരിക്കുകയും അച്ഛന്‍ ഒപ്പിടുകയും വേണം. അച്ഛന്‍ വന്നില്ലെങ്കിലും അച്ഛന്റെ പേര് രക്ഷകര്‍ത്താവായി വെക്കാന്‍ സ്‌കൂള്‍ അധികാരികള്‍ ആവശ്യപ്പെട്ടു.

പ്രശാന്ത് നഗറിനടുത്ത് സി.ഡി.എസ് പോലെ ഇടക്കിടെ സന്ദര്‍ശിക്കാന്‍ പറ്റിയ മറ്റു സ്ഥലങ്ങള്‍ പുലയനാര്‍കോട്ടയും ആക്കുളം ബോട്ട് ക്ലബ്ബും ആയിരുന്നു. മെഡിക്കല്‍ കോളേജിലെ പഠനത്തിന്റെ ഭാഗമായി പല പ്രാവശ്യം പുലയനാര്‍കോട്ടയിലെ ടി.ബി. സെന്റര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് ടിബി (ക്ഷയം) വളരെ സഹതാപം അര്‍ഹിക്കുന്ന രോഗമായിരുന്നു. രോഗികളുടെ ശരീരം വല്ലാതെ ക്ഷീണിച്ചിരുന്നു. ഇപ്പോഴത്തെ അത്രയും ഫലപ്രദമായ മരുന്നുകളില്ലായിരുന്നു. അവിടെ കൂടെ ആരെയും നിര്‍ത്തിയിരുന്നില്ല. ഒറ്റപ്പെട്ടതും വേദന നിറഞ്ഞതുമായ ജീവിതമാണ് അവിടെ അവര്‍ നയിച്ചിരുന്നത്. ഇപ്പോള്‍ ശക്തവും ഫലപ്രദവുമായ മരുന്നുകള്‍ ലഭ്യമാണ്. അത് ആറു മാസം വീട്ടില്‍ വച്ച് തന്നെ കഴിച്ചാല്‍ മതി. പോഷകാഹാരം നല്‍കുന്നതിനും കൂടുതല്‍ ശ്രദ്ധയുണ്ട്. വീട്ടില്‍ തന്നെ ബന്ധുക്കളോടൊപ്പം കഴിയാം. 2030 ആകുമ്പോഴേക്കും, ക്ഷയം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പദ്ധതി ഉണ്ടാക്കിയിരിക്കുകയുമാണ്.

വളരെ ഉയര്‍ന്ന ഒരു കുന്നിന്റെ മുകളിലായതിനാല്‍ ടി.ബി. സെന്ററിന് പുറത്തിറങ്ങി നോക്കുമ്പോള്‍ ചക്രവാളത്തിന്റെ മുക്കാല്‍ ഭാഗവും ചുറ്റിക്കിടക്കുന്ന സമുദ്രം കാണാമായിരുന്നു. സമുദ്രവും ആകാശവും തമ്മില്‍ വേര്‍തിരിക്കാനാകാത്ത ആ കാഴ്ച സമ്പന്നമായ ഒരനുഭവം നല്‍കി. ശുദ്ധവായുവും മനോഹരമായ കാഴ്ചയും നല്‍കുന്ന ആ പരിസരത്ത് രോഗികള്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിഞ്ഞിരുന്നോ എന്നറിയില്ല. അതാസ്വദിക്കാനുള്ള മാനസികസാന്നിധ്യം അവര്‍ക്കുണ്ടായിരുന്നോ എന്നും അറിയില്ല. അതിനടുത്ത് താമസമാക്കിയപ്പോള്‍ എനിക്ക് അതിരാവിലെയും സന്ധ്യക്കും അവിടെ പോയി കടല്‍ കാണാനും നല്ല വായു ശ്വസിക്കാനും കഴിഞ്ഞു. രാവിലെ പോകുമ്പോള്‍ നൂറു കണക്കിന് കരിയിലക്കിളികള്‍ കലപില എന്ന് ചിലച്ച് ജീവന്റെ ഓരോ കോശങ്ങളെയും ഉണര്‍ത്തി. ആ മനോഹരദേശത്ത് പോയി ഇപ്പോള്‍ പ്രകൃതിയുടെ കലപില കേള്‍ക്കാനാവില്ല. ആ പ്രദേശം മുഴുവന്‍ ആംഡ് ഫോഴ്‌സിന്റെ കൈവശമാണ്. സെക്യൂരിറ്റി ഗേറ്റുകളിലൂടെ കടന്ന് അവരുടെ റോഡിലൂടെ നമുക്ക് സഞ്ചരിക്കാം. അതുവഴി കടന്നു പോകുമ്പോഴെല്ലാം വിദൂരമായ കടലിന്റെ പഴയ ഓര്‍മകള്‍ ഉള്ളില്‍ തിരയിളക്കി.

jayasree
ഡോ. എ.കെ ജയശ്രീ

ആക്കുളം ബോട്ട് ക്ലബ് ടൂറിസം വികസനത്തിന്റെ ഭാഗമായിരുന്നു എങ്കിലും ആകര്‍ഷകമായി വലുതായൊന്നുമില്ലായിരുന്നു. അവിടെ പോയി സ്വസ്ഥമായി കുറച്ച് നേരം ഇരിക്കാമെന്നു മാത്രം. എന്നാല്‍ പോകുന്ന വഴിയില്‍ എര്‍ത്ത് സയന്‍സസിന്റെ (Earth sciences) കാടുപിടിച്ച സ്ഥലമുണ്ട്. അവിടെ വളരുന്ന കാട്ടു ചെടികള്‍ ആരും വെട്ടി മാറ്റിയിരുന്നില്ല. അതിനാല്‍ ഇതുവരെ കാണാത്ത പൂക്കളും പഴങ്ങളുമൊക്കെ കാണും. ഓരോ തവണ പോകുമ്പോഴും കാണുന്ന പുതിയ ചെടികളും വല്ലികളും ആക്കുളത്തേക്ക് നടക്കാന്‍ പ്രേരണയായി. കനിക്കും അവളുടെ പ്രായത്തിലുള്ള കുട്ടികള്‍ക്കും ആ നടത്തം ഉത്സാഹം നല്‍കി. 
ആ വര്‍ഷം കനിയെ പട്ടം ഗവണ്മെന്റ് ഗേള്‍സ് സ്‌കൂളില്‍ ചേര്‍ക്കാന്‍ ഞാന്‍ കൊണ്ട് പോയി. മൈത്രേയന്‍ സ്ഥലത്തില്ലാതിരുന്നതുകൊണ്ടാണ് ഞാന്‍ മാത്രമായി പോയത്. എന്നാല്‍, അച്ഛനില്ലാതെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുക അന്ന് പതിവായിരുന്നില്ല. രക്ഷാകര്‍ത്താവിന്റെ പേര് അച്ഛന്റെ അയിരിക്കുകയും അച്ഛന്‍ ഒപ്പിടുകയും വേണം. അച്ഛന്‍ വന്നില്ലെങ്കിലും അച്ഛന്റെ പേര് രക്ഷാകര്‍ത്താവായി വക്കാന്‍ സ്‌കൂള്‍ അധികാരികള്‍ ആവശ്യപ്പെട്ടു. ഞാന്‍ അതിന് ഒരുക്കമല്ലെന്ന് അറിയിച്ചു. അച്ഛന്‍ വരാതിരിക്കുമ്പോള്‍ എന്തോ ഉത്തരവാദിത്വക്കുറവുള്ളതായി അവര്‍ അനുഭവിക്കുന്നതായി തോന്നി. ലൈംഗിക തൊഴിലാളികള്‍ അവരുടെ കുട്ടികളുടെ രക്ഷാകര്‍തൃത്വം നിയമപോരാട്ടം നടത്തിയാണ് നേടിയെടുത്തിട്ടുള്ളതെന്ന് ഒരു ദേശീയ സമ്മേളനത്തില്‍ അവര്‍ പറഞ്ഞിട്ടുണ്ട്. 

നമ്മുടെ പേരിന്റെ കൂടെ അച്ഛന്റെയോ കുടുംബപ്പേരോ ചേര്‍ക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ട് കനിക്ക് അവളുടെ പേര് മാത്രം മതിയെന്ന് ഞാന്‍ പറഞ്ഞു. അച്ഛന്റെ പേര് വേണമെന്ന് അവരും

ജാതിയും മതവും എഴുതാനുള്ള കോളത്തില്‍ ഒന്നും എഴുതേണ്ട എന്ന് പറഞ്ഞതും അവര്‍ക്ക് പ്രശ്‌നമുണ്ടാക്കി. കുറെ സമയം അവരോട് വാദിക്കേണ്ടി വന്നു. കുറച്ച് കഴിയുമ്പോള്‍ നിങ്ങള്‍ വന്ന് ആനുകൂല്യത്തിനായി ഇത് തിരുത്താന്‍ ശ്രമിക്കുമെന്നും അപ്പോള്‍ അവര്‍ക്ക് ജോലി കൂട്ടുമെന്നുമായിരുന്നു അവരുടെ വാദം. നമ്മുടെ പേരിന്റെ കൂടെ അച്ഛന്റെയോ കുടുംബപ്പേരോ ചേര്‍ക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ട് കനിക്ക് അവളുടെ പേര് മാത്രം മതിയെന്ന് ഞാന്‍ പറഞ്ഞു. അച്ഛന്റെ പേര് വേണമെന്ന് അവരും. അതു വേണ്ട എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ പിന്നെ എന്തെങ്കിലും ഇനിഷ്യല്‍ വേണമെന്നായി. എന്നാല്‍ പിന്നെ അവളുടെ പേരിന്റെ ആദ്യത്തെ അക്ഷരമാകട്ടെ എന്ന് കരുതി ‘കെ’ എന്ന് പറഞ്ഞു. പിന്നീട് അവള്‍ വളരുകയും അത് മുഴുപേരാക്കണമെന്ന നിര്‍ബ്ബന്ധമുണ്ടാവുകയും ചെയ്തപ്പോള്‍ അവള്‍ തന്നെ അത് കുസൃതിയായി വികസിപ്പിച്ചു.

അക്കാലത്ത് മാസത്തിലൊരിക്കലെങ്കിലും സന്ദര്‍ശിച്ചിരുന്ന ഒരു സ്ഥാപനമാണ് പാലക്കാട് മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍ (IRTC). ശാസ്ത്ര സാഹിത്യ പരിഷത്ത്​ ഗ്രാമീണ ജനങ്ങള്‍ക്കാവശ്യമായ ടെക്​നോളജി ഗവേഷണം ചെയ്ത് വികസിപ്പിക്കാൻ 1987ല്‍ രൂപീകരിച്ച സ്ഥാപനമാണ് അത്. പാലക്കാടന്‍ കാറ്റും കാടും നേരിട്ടനുഭവിക്കാന്‍ കിട്ടുന്ന ആ അവസരങ്ങള്‍ ഞാന്‍ ഒഴിവാക്കിയിരുന്നില്ല. ടൗണില്‍ നിന്ന്​ എട്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് ഈ ഗ്രാമം. തുടങ്ങുമ്പോള്‍ പുകയില്ലാത്ത അടുപ്പ് പോലെ വളരെ കുറച്ച് ഗവേഷണങ്ങള്‍ മാത്രമാണ് അവിടെ നടന്നിരുന്നത്. കൂടുതല്‍ ആലോചനകളും പഠനങ്ങളും വേണ്ടി വരുന്ന സമ്മേളനങ്ങള്‍ അവിടെ വച്ച് നടത്താറുണ്ട്. അവിടെ തന്നെ വച്ചുണ്ടാക്കുന്ന നല്ല നാടന്‍ ഭക്ഷണവും താമസ സൗകര്യവും അതിന് അനുയോജ്യമാണ്. മറ്റ് ഗവേഷണസ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടെക്​നോളജിയാണ് അവിടെ വികസിപ്പിക്കുന്നത്.

irtc
ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍

ആദ്യകാലത്ത് ജനകീയാസൂത്രണത്തിന് സഹായകമായ വിഭവ ഭൂപട നിര്‍മ്മാണ (Resource mapping) ത്തിനുള്ള പരിശീലനവും മറ്റും അവിടെ നടന്നിരുന്നു. കുറെ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം അവിടെ പോകുമ്പോള്‍ അത് വളരെ വികസിച്ചതായി കണ്ടു. പ്രാദേശിക വികസനത്തിനാവശ്യമായ ജൈവ കൃഷി, ജലസേചനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയിലെല്ലാം പല മാതൃകകളും ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നൂറിലധികം ആളുകള്‍ പല പ്രോജക്ടുകളിലായി പ്രവര്‍ത്തിക്കുന്നു. മറ്റു സ്ഥാപനങ്ങളിലെ പോലെ അനാവശ്യമായ ഔപചാരികതകളില്ലാത്ത സമീപനവും ജനങ്ങളുടെ പ്രശ്‌നങ്ങളോട് ചേര്‍ന്ന് നിന്നുള്ള ഗവേഷണവും എന്തെല്ലാം കുറവുകളുണ്ടായാലും ഈ സ്ഥാപനത്തിന്റെ തനിമ നില നിര്‍ത്തുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പിന്തുണക്കുന്നതാണ് ഇവിടുത്തെ പദ്ധതികള്‍. ആത്മാര്‍ത്ഥതയുള്ള ഗവേഷകരുടെ നൂതന സംരംഭങ്ങളെ കില, നബാർഡ്, ലോകാരോഗ്യസംഘടന, യൂനിസെഫ്​, യു.എൻ.ഡി.പി പോലുള്ള ഏജന്‍സികള്‍ സഹായിക്കുകയും ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ പ്രയോക്താക്കള്‍ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ ഗവേഷണങ്ങളെ ജനോപകാരപ്രദമായ ദിശയിലേക്ക് വഴി തിരിച്ച് വിടുകയാണ്. 

ശ്രീ ചിത്ര വിട്ടപ്പോഴേക്കും എനിക്ക് തൃശൂര്‍ മുളങ്കുന്നത്തുകാവിലെ ഇ.എസ്.ഐ ആശുപത്രിയില്‍ എംപ്ലോയ്​മെൻറ്​ എക്‌സ്‌ചേഞ്ചില്‍ മെഡിക്കല്‍ ഓഫീസറായി താല്‍ക്കാലിക നിയമന ഓര്‍ഡര്‍ കിട്ടി. അതിന് പരീക്ഷയോ ഇന്റര്‍വ്യൂവോ വേണ്ടി വന്നില്ല. അവിടെ ഞാന്‍ ഒറ്റക്ക് താമസിക്കുകയായതുകൊണ്ട് ആശുപത്രി ക്വാര്‍ട്ടേഴ്‌സ് തന്നെ തെരഞ്ഞെടുത്തു. ഒന്നോ രണ്ടോ ചെറിയ മുറികളും അടുക്കളയുമുള്ള തീരെ ചെറിയ കെട്ടിടമായിരുന്നു അത്. അവിടെ ഫര്‍ണീച്ചറോ അലങ്കാര വസ്തുക്കളോ ഒന്നും കൊണ്ട് നിറച്ചില്ല. ഭക്ഷണവും ഉണ്ടാക്കിയില്ല. നെഞ്ചു രോഗമുള്ളവര്‍ക്ക് മാത്രമായുള്ള ആശുപത്രിയായിരുന്നു അത്. കൂടുതലും ക്ഷയരോഗമുള്ളവരായിരുന്നു. രോഗികള്‍ക്ക് നല്‍കിയിരുന്ന ഭക്ഷണത്തിന്റെ പങ്ക് ചിലപ്പോഴൊക്കെ കഴിച്ചു. അല്ലാത്ത സമയങ്ങളില്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് കാന്റീനില്‍ നിന്നും.

പഴയ കൂട്ടുകാരൊക്കെ അവിടെ ഉണ്ടെന്ന് വെറുതെ സങ്കല്‍പ്പിക്കും. താമസസ്ഥലത്ത് എനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അന്നുപയോഗിച്ച സോപ്പിന്റെ മണമാണ് ഇപ്പോഴും അവിടുത്തെ എല്ലാ ഓര്‍മകളിലും തങ്ങിനില്‍ക്കുന്നത്. 

വളരെ നന്നായി ജോലി ആസ്വദിച്ച സമയമായിരുന്നു അത്. സൂപ്രണ്ട് ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഏതാണ്ട് ഒരേ പ്രായക്കാര്‍. ആറേഴു പേരുണ്ടായിരുന്നതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായിരുന്നു നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നത്. അറുപതോളം രോഗികള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അപൂര്‍വ്വം ചിലപ്പോള്‍ ചിലര്‍ക്ക് നെഞ്ചു വേദനയോ ശ്വാസംമുട്ടോ വന്നതൊഴിച്ചാല്‍ രാത്രിയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പകലും മിക്കവാറും ശാന്തമായിരുന്നു. പതിനൊന്നു മണിക്ക് ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ഓരോ ഡോക്ടര്‍മാരും മാറി മാറി ചായയുണ്ടാക്കി. അതെനിക്ക് പുതിയ അനുഭവമായിരുന്നു. അന്ന് മെഡിക്കല്‍ കോളേജിന്റെ പ്രധാന ഭാഗം ടൗണിലായിരുന്നതിനാല്‍ വൈകുന്നേരങ്ങളില്‍ നടക്കാന്‍ മുളങ്കുന്നത്ത് കാവില്‍ കുറ്റിക്കാടുകളും മരങ്ങളും നിറഞ്ഞ ധാരാളം സ്ഥലം ഉണ്ടായിരുന്നു. അതിനിടെ പോസ്റ്റ് ഗ്രാജുവേഷന്‍ താല്പര്യമുണ്ടായിരുന്നവര്‍ എന്‍ട്രന്‍സ് പരീക്ഷക്കുവേണ്ടി അവിടെ തന്നെ കൂടി രാത്രിയില്‍ ഒരുമിച്ച് പഠിക്കാന്‍ തുടങ്ങി. അവരുടെ കൂടെ കൂടാന്‍ എനിക്കും താല്പര്യമുണ്ടായി. പഠനത്തോടൊപ്പം നാട്ടുകാര്യങ്ങളും രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളുമൊക്കെ ഞങ്ങള്‍ സംസാരിച്ചു. ചിലരുമായി വളരെ അടുത്ത ബന്ധമുണ്ടായി. എങ്കിലും അവിടന്ന് പോന്ന ശേഷം മിക്ക ആളുകളുമായുള്ള കണക്ഷന്‍ വിട്ടു പോയി. ഇപ്പോള്‍ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയില്‍ പോകുമ്പോള്‍ ദൂരെ നിന്ന് അന്നത്തെ ആ ആശുപത്രി നോക്കി നില്‍ക്കാറുണ്ട്. പഴയ കൂട്ടുകാരൊക്കെ അവിടെ ഉണ്ടെന്ന് വെറുതെ സങ്കല്‍പ്പിക്കും. താമസസ്ഥലത്ത് എനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അന്നുപയോഗിച്ച സോപ്പിന്റെ മണമാണ് ഇപ്പോഴും അവിടുത്തെ എല്ലാ ഓര്‍മകളിലും തങ്ങിനില്‍ക്കുന്നത്. 

നമ്മള്‍ കയറിയിറങ്ങി പോകുന്ന സ്ഥാപനങ്ങള്‍ നമ്മളെ രൂപപ്പെടുത്തുന്നതില്‍ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. മിക്കപ്പോഴും ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ തട്ടി തടഞ്ഞു പോവുകയാണ് പതിവ്. മുകളിലേക്ക് കയറാവുന്ന ഏണികളുടെ ഇടയില്‍ താഴോട്ടു തള്ളിയിടുന്ന അപകടങ്ങളും "ഏണിയും പാമ്പും' കളിയിലെ പോലെ പതിയിരിപ്പുണ്ടാവും. സ്ഥാപനങ്ങളില്‍ പെട്ടുപോകാതെ അതോടൊപ്പം ചേരുകയും, അതേസമയം അതിനു പുറത്തുള്ള ചലനാത്മകമായ സമൂഹത്തിലേക്ക് കൂടി ഇടക്കിടെ ഇറങ്ങി നടക്കുകയും ചെയ്താല്‍ ജീവിതം കുറച്ച് കൂടി രസകരമാക്കാം.

(തുടരും)

ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Audio