Sunday, 25 September 2022

മതവും ജീവിതവും


Text Formatted

ഒരു സെക്യുലർ മുസ്​ലിമിന്റെ റംസാന്‍ ചിന്തകള്‍

വര്‍ഗീയത വളരുമ്പോള്‍ നമ്മള്‍ അയല്‍പക്കത്തുള്ള മറ്റ് മതക്കാരുടെ ജീവതത്തിലേക്കൊന്ന്​ എത്തിനോക്കിയാല്‍ മതി എന്നത് എത്ര ശരിയാണ്. അതുകൊണ്ടാവും എല്ലാ മതക്കാരും അയല്‍പക്കക്കാരുമായി ഒന്നും പങ്ക് വെക്കരുതെന്ന് ശഠിക്കുന്നത്.

Image Full Width
Image Caption
ഫോട്ടോ : മുഹമ്മദ് ഫാസില്‍
Text Formatted

ഫൂര്‍ ഭായ്, നിങ്ങളുടെ വയറ്റിനകത്ത് അഗ്‌നിയാണ്’ എന്നാണ് ഒരു ആയുര്‍വേദ ഡോക്ടര്‍ അടുത്ത കാലത്ത് എന്നോടുപറഞ്ഞത്.
സംഭവം ശരിയാണ്. ൻറുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു എന്ന നോവലിലെ കുഞ്ഞുപ്പാത്തുമ്മയെ പോലെ എന്തുതിന്നാലും ദഹിക്കുന്ന ഒരു വയറായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ നോമ്പുനോറ്റാല്‍ കിടന്നാണ് മുഴുവനാക്കുക. ഉമ്മയാവട്ടെ ആ നോമ്പ് മുറിപ്പിക്കാനുള്ള ശ്രമത്തിലുമാവും. പലപ്പോഴും അത്താഴത്തിന് വിളിക്കാതിരിക്കും. വൈകുന്നേരം നാല് മണിയാവുമ്പോഴേക്കും അത് മിക്കവാറും മുറിച്ചിരിക്കും. ആരെങ്കിലും കളിയാക്കിയാല്‍ കുട്ടികള്‍ അര നോമ്പ് എടുത്താല്‍ മതിയെന്ന് ആശ്വസിപ്പിക്കും.

ചില കുട്ടികള്‍ ക്ലാസില്‍ വെച്ച് മാഷെന്താ നിസ്‌ക്കരിക്കാത്തത് എന്നുചോദിക്കും. ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഡല്‍ഹി ജുമാ മസ്ജിദ്, ഞാന്‍ അവിടെ നിസ്‌ക്കരിച്ചതാ, അവിടെ നിസ്‌ക്കരിച്ചാല്‍ പിന്നെ ജീവിതത്തില്‍ നിസ്‌ക്കരിക്കേണ്ട കാര്യമില്ല എന്നുപറയും

ഏഴ് സഹോദരീസഹോദരന്‍മാരുള്ള വീട്ടില്‍ കുട്ടികള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ അടുക്കള അടച്ചിടുന്ന പതിവ് ഒരിക്കലുമുണ്ടായിരുന്നില്ല. നാലു മണിക്കുശേഷം പത്തിരിയും കറികളും ഉണ്ടാക്കാന്‍ തുടങ്ങും. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൂപ്പര്‍ ഷെഫിനെപ്പോലെ രുചി നോക്കാനായി നോമ്പെടുത്ത സ്ത്രീകള്‍ക്കിടയില്‍ ഞാനുണ്ടാവും. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്തോളം നോമ്പ് ഞാനെടുത്തിട്ടുണ്ട്. മാത്രമല്ല, മധുരമുള്ള പുകയില കൊണ്ട് നിര്‍മിച്ച ചക്കരബീഡി വലിച്ച് സുജായിയായി നടന്നിട്ടുണ്ട്! അക്കാലത്ത് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ പെരുന്നാളിന്റെ രണ്ടാഴ്ച  മുമ്പുതന്നെ ചെറുവണ്ണൂരില്‍ നിന്ന്​ കോഴിക്കോട് പോയി ഷര്‍ട്ടിനുള്ള തുണി വാങ്ങും. അന്ന് നോ​​മ്പ്​ എടുക്കില്ല. ഒരു സിനിമ കാണും. നാട്ടിലെ തിയേറ്ററില്‍ സിനിമ കാണാന്‍ പറ്റില്ല. കാരണം, കാണികള്‍ കുറവായതിനാല്‍ ആ മാസം മുഴുവന്‍ എ പടങ്ങളുടെ ആറാട്ടായിരിക്കും! 

നാലു മണിക്കുശേഷം പത്തിരിയും കറികളും ഉണ്ടാക്കാന്‍ തുടങ്ങും. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൂപ്പര്‍ ഷെഫിനെപ്പോലെ രുചി നോക്കാനായി നോമ്പെടുത്ത സ്ത്രീകള്‍ക്കിടയില്‍ ഞാനുണ്ടാവും.
നാലു മണിക്കുശേഷം പത്തിരിയും കറികളും ഉണ്ടാക്കാന്‍ തുടങ്ങും. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൂപ്പര്‍ ഷെഫിനെപ്പോലെ രുചി നോക്കാനായി നോമ്പെടുത്ത സ്ത്രീകള്‍ക്കിടയില്‍ ഞാനുണ്ടാവും. / Photo: panoorrestaurant.com

പിന്നീടാണ് ഞാന്‍ ഒരു ഹിന്ദുവായ ആശയെ കെട്ടി  ‘ഹിസ്​ലിം' ആയത്. ഞങ്ങള്‍ വാടകവീട്ടില്‍ താമസിക്കുമ്പോള്‍ പല ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കും. വീട്ടില്‍ നോമ്പെടുത്ത അവരുടെ ഒരു രഹസ്യ നോമ്പുമുറിക്കല്‍ കേന്ദ്രമായി എന്റെ വീട് മാറി. പക്ഷേ പിന്നീട് അത് ശരിയായ ഒരു നടപടിയെല്ലന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതോടെ ആ കേന്ദ്രം ഞാന്‍ പൂട്ടി.
പത്തിരുപത് കൊല്ലത്തോളം ഞാന്‍ മലബാര്‍ മുസ്​ലിംകളുടെ മക്കയായ തിരൂരങ്ങാടിയിലെ ചെമ്മാടും പരപ്പനങ്ങാടിയിലും പാരലല്‍ കോളേജ് അധ്യാപകനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ കുട്ടികള്‍ക്ക് പ്രിയങ്കരനായ അധ്യാപകനായിരുന്നു എന്നതാണ് എന്റെ അനുഭവം. അതില്‍ അസൂയ തോന്നിയതു കൊണ്ടാവണം, ഒരു അധ്യാപകന്‍, ഇത് സ്ഥലം ചെമ്മാടാണ്, (മര്‍ഹൂം സയ്യിദ് അലവിത്തങ്ങളുടെ ജാറം ഒരു കിലോമീറ്റര്‍ ദൂരത്താണ്) ഒന്ന് ശ്രദ്ധിച്ചാള് എന്നൊരു മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് ഇതേ അധ്യാപകന്‍ തന്നെ മാധവിക്കുട്ടി  മുസ്​ലിമായപ്പോള്‍ അവര്‍ ഒരു ചീത്ത സ്ത്രീയല്ലേ എന്നുപറഞ്ഞ് ആശ്വസിക്കുന്നതുകേട്ടപ്പോള്‍ അസുഖം മനസ്സിലായി.

പക്ഷേ കോളേജിലെ ടൂറിനും ആര്‍ട്‌സ് ഫെസ്റ്റിവലിലും ആശയും മക്കളും സജീവമായി പങ്കെടുത്തു. എല്ലാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവരോട് ആദരവോടെയാണ് പെരുമാറിയത്.  എന്നാലും നോമ്പ് കാലത്ത് ഞാന്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ അയോദ്ധ്യ ഹോട്ടലില്‍ പോവുമ്പോള്‍ കുട്ടികള്‍, ഒരു നോമ്പെങ്കിലുമെടുത്തു കൂടെ എന്ന് കളിയാക്കും. എന്റെ ശിഷ്യഗണങ്ങള്‍ എടുക്കുന്ന നോമ്പിന്റെ അല്‍പം പുണ്യം എനിക്ക് ലഭിക്കുമെന്ന് മറുപടി പറയും. ചില കുട്ടികള്‍ ക്ലാസില്‍ വെച്ച് മാഷെന്താ നിസ്‌ക്കരിക്കാത്തത് എന്നുചോദിക്കും. ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഡല്‍ഹി ജുമാ മസ്ജിദ്, ഞാന്‍ അവിടെ നിസ്‌ക്കരിച്ചതാ, അവിടെ നിസ്‌ക്കരിച്ചാല്‍ പിന്നെ ജീവിതത്തില്‍ നിസ്‌ക്കരിക്കേണ്ട കാര്യമില്ല എന്നുപറയും. കുട്ടികള്‍ ആ തള്ള് കേട്ട് ചിരിക്കും. ഇത് സത്യമാണ്. ഡല്‍ഹിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്​ കാണാന്‍ ടൂര്‍ പോയപ്പോയാണ് ആ ചരിത്രസംഭവം നടന്നത്.

ജമാ മസ്ജിദ്, ദല്‍ഹി. / Photo: Ajmal MK
ജമാ മസ്ജിദ്, ദല്‍ഹി. / Photo: Ajmal MK

ചെമ്മാട് ദാറുല്‍ ഹുദാ (മമ്പുറം മഖാം നേരിട്ട് നടത്തുന്ന സ്ഥാപനം)യില്‍ നിന്ന്​വരുന്ന കുട്ടികള്‍ക്ക് അല്‍പം ഫിലോസഫിയൊക്കെ അറിയാം. അതിനാല്‍ അവര്‍ കോഴിയാണോ കോഴിമുട്ടയാണോ  എന്നുചോദിച്ച് എന്നെ പിടിക്കാന്‍ നോക്കി. ഞാന്‍ നിരീശ്വരവാദം പറയാത്തതാണ് അവരുടെ പ്രശ്‌നം. ഞാന്‍ നിരീശ്വരവാദിയല്ല എന്നുപറഞ്ഞാല്‍ അവര്‍ക്ക് വിശ്വാസമാവില്ല. ഒരിക്കല്‍ ഞാന്‍ മറുപടിയായി ഇങ്ങനെ പറഞ്ഞു:  ‘സ്‌ക്രൂ ആണോ സ്‌ക്രൂ ഡ്രൈവര്‍ ആണോ ആദ്യമുണ്ടായത്. എന്തായാലും അത് ദൈവമുണ്ടാക്കിയതല്ലല്ലോ?'
പിന്നീടവര്‍ അത് അല്ലാഹു നല്‍കിയ ചിന്താശക്തി കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ഉത്തരം പറഞ്ഞു.
അവസാനം ഞാന്‍ അവരോട് പറഞ്ഞു,  ‘മക്കളേ, ഈ ചോദ്യം തന്നെ കാലഹരണപ്പെട്ടതാണ്. ക്രിസ്തുവിനും മുമ്പ് ജീവിച്ചിരുന്ന പ്ലാറ്റോ ഇതിന് ഉത്തരം പറഞ്ഞിട്ടുണ്ട്. ദൈവമാണ് കോഴിയെ ഉണ്ടാക്കിയതെന്ന് സങ്കല്‍പ്പിക്കുക. ആദ്യം ദൈവം കോഴിയെ മനസ്സില്‍ കാണണ്ടേ. അതിനാല്‍ മറ്റ് പക്ഷികളില്‍ നിന്ന്​വ്യത്യസ്തമായ കോഴിയെന്ന ആശയമാണ് ആദ്യം ഉണ്ടായത്'.

അതോടെ അത്തരം ചര്‍ച്ചകള്‍ അവസാനിച്ചു. പക്ഷേ അവരുടെ കളിയാക്കല്‍ തുടര്‍ന്നു. ഇന്നും ആയിരം തരിക്കഞ്ഞിയുടെ സ്വാദുണ്ട് അവരുടെ ആ സ്‌നേഹത്തിന്. ഞാന്‍ നരകത്തില്‍ പോവുമോ എന്ന ഉത്കണ്ഠയായിരുന്നു ഇതിനെല്ലാം അടിസ്ഥാനമായി വര്‍ത്തിച്ചത് എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. മുസ്​ലിംകളുടെ അസഹിഷ്ണതയെ കുറിച്ചുള്ള പല വാര്‍ത്തകളും ഞാന്‍ പുച്ഛിച്ചു തള്ളുന്നതിന്റെ കാരണം ഇതാണ്.

'നാരായം' സിനിമയില്‍ നിന്ന്
'നാരായം' സിനിമയില്‍ നിന്ന്

ഒരു സാവിത്രി അന്തര്‍ജനം അറബി പഠിപ്പിച്ച് വിവാദമായപ്പോള്‍ (ഈ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമയാണ് നാരായം) ചെമ്മാടുള്ള തൃക്കുളം യു.പി സ്‌കൂളില്‍ അറബി പഠിപ്പിച്ചത് ഒരു ദലിത് യുവാവായിരുന്നു! ഇപ്പോഴും ഒരു മുസ്​ലിമിനെ വിവാഹം കഴിച്ച ഒരു ഹിന്ദു വനിതാ ഡോക്ടര്‍ മമ്പുറത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. വര്‍ഗീയത വളരുമ്പോള്‍ നമ്മള്‍ അയല്‍പക്കത്തുള്ള മറ്റ് മതക്കാരുടെ ജീവിതത്തിലേക്കൊന്ന്​ എത്തിനോക്കിയാല്‍ മതി എന്നത് എത്ര ശരിയാണ്. അതുകൊണ്ടാവും എല്ലാ മതക്കാരും അയല്‍പക്കക്കാരുമായി ഒന്നും പങ്ക് വെക്കരുതെന്ന് ശഠിക്കുന്നത്.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

ഗഫൂര്‍ അറയ്ക്കല്‍

കവി, എഴുത്തുകാരൻ. നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇരപിടിക്കുന്നതെങ്ങനെ എന്നിവ കവിതാ സമാഹാരങ്ങൾ. നക്ഷത്ര ജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നിവ ബാലസാഹിത്യങ്ങൾ. ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരി ലൂസായ കാറ്റാടിയന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നിവ നോവലുകൾ. ലുക്കാ ചുപ്പി എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.

Audio