സാംസ്കാരിക പഠനം
സാജു ഗംഗാധരന്
ഫഹദ് എന്ന വിമത ശരീരം
നിരന്തരം രാഷ്ട്രീയം സംസാരിക്കുന്ന ന്യൂജനറേഷന്: കഴിഞ്ഞ ഒരു ദശകത്തിലെ മലയാള സിനിമയുടെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും വിശകലനം ചെയ്യുന്നു

‘‘കോവിഡ് കാലത്ത് നിര്‍മിക്കപ്പെട്ട സുപ്രധാന സിനിമ''യെന്ന് ജോജിയെ കുറിച്ച്
ദി ന്യൂയോര്‍ക്കര്‍ എഴുതിയപ്പോള്‍ ഓസ്കര് കിട്ടിയ സന്തോഷമായിരുന്നു മലയാള സിനിമാ പ്രേക്ഷകര്‍ക്ക്. പ്രത്യേകിച്ചും പുതുതലമുറ സിനിമയുടെ ആരാധകര്‍ക്ക്. 1985ല്‍ ഇറങ്ങിയ കെ. ജി. ജോര്‍ജ്ജിന്റെ ഇരകളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും ജോജിയില്‍ ഇല്ല എന്ന വിമര്‍ശനം നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്പോയിലര്‍ അലേര്‍ട്ട് ആയി വ്യാപിക്കുമ്പോള്‍ തന്നെ ആയിരുന്നു വെറും മൂന്നരക്കോടി ജനങ്ങള്‍ മാത്രം സംസാരിക്കുന്ന പ്രാദേശിക ഭാഷയിലെടുക്കപ്പെട്ട ഒരു ഇന്ത്യന്‍ സിനിമയെ കുറിച്ച് ന്യൂയോര്‍ക്കര്‍ എന്ന ഒന്നാംകിട അമേരിക്കന്‍ മാധ്യമം എഴുതുന്നത്. പ്രമേയത്തിലെ കോപ്പിയടി ആരോപണത്തിലെ ബാലിശമായ വാദമുഖങ്ങള്‍ അവിടെ നില്ക്കട്ടെ. പക്ഷേ രണ്ടു സിനിമകളും ഉണ്ടായ കാലത്തിന് അസാധാരണമായ ചില സാമ്യതകളുണ്ട് എന്നത് സൂക്ഷ്മ വിശകലനത്തില്‍ കണ്ടെത്താന്‍ സാധിയ്ക്കും.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാര്‍മികത്വത്തില്‍ സ്വതന്ത്ര ഇന്ത്യ ആധുനിക സമൂഹമായി പരിണമിക്കാന്‍ തുടങ്ങിയതിന്റെ ഉത്പന്നമാണ് ഇരകള്‍ എന്നു വേണമെങ്കില്‍ പറയാം. ഇന്ത്യന്‍ സിനിമ വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും ഗതിവേഗം പ്രാപിച്ച വര്‍ഷമാണ് 1950കളും 60കളും. ഫിലിം എന്‍ക്വയറി കമീഷനും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷനും ഒക്കെ തുടങ്ങിയതും ലോക സിനിമയുടെ ഭാവുകത്വ പരിണാമങ്ങളും രാഷ്ട്രീയ ഉള്ളടക്കവും ഇന്ത്യന്‍ യുവാക്കളെ ആവേശം കൊള്ളിച്ചതും ഈ കാലത്താണ്. കെ. ജി. ജോര്‍ജ്ജ് എന്ന സംവിധായകന് ആ യുവതയുടെ പ്രതീകമായിരുന്നു. സിനിമയുടെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ അയാളില്‍ അടിയന്തരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് വാഴ്ച ഉണ്ടാക്കിയ പ്രതികരണങ്ങളാണ് ഇരകളായി രൂപാന്തരപ്പെട്ടത്.
ഇരകൾ എന്ന സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലമാണെങ്കില്‍ ജോജിയുടേത് നരേന്ദ്ര മോദിയുടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാ കാലമാണ്.
സാറാസും മാലിക്കും വരെ
ജോജിയുടെ സംവിധായകന് ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാംപുഷ്ക്കരനും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിച്ചു വന്നവരല്ല. അതവര്‍ക്ക് ഒരു അയോഗ്യതയുമല്ല. കാരണം 1990 കളില്‍ ആഗോളവത്ക്കരണം തുറന്നുകൊടുത്ത പുതിയ വാതായനങ്ങളുടെ ഉൽപ്പന്നങ്ങളാണ് അവര്‍. ചലച്ചിത്രോത്സവങ്ങളും ടോറൻറ് സൈറ്റുകളും നഗരങ്ങളിലെ സിനിമാ ഡി.വി.ഡികളുടെ ഗ്രേ മാര്‍ക്കറ്റുകളും സ്ട്രീമിങ് പ്ലാറ്റ് ഫോമുകളും അവര്‍ക്ക് കാഴ്ചയുടെ അതിരുകളില്ലാത്ത ലോകം കാണിച്ചുകൊടുത്തു. ലോകസിനിമയിലെ മാറുന്ന പ്രവണതകള്‍ തങ്ങളുടെ ലാപ്ടോപ്പിന്റെയും മൊബൈലിന്റെയും ചെറു ചതുരത്തില്‍ കണ്ടും അറിഞ്ഞും അനുഭവിച്ചും അവര്‍ പഠിച്ചു. പുതുസിനിമയെ കുറിച്ച് അവര്‍ ഒന്നിച്ചിരുന്ന് സ്വപ്നങ്ങള്‍ നെയ്തു. ആ സ്വപ്നങ്ങളുടെ നിരവധിയായ സാക്ഷാത്ക്കാരങ്ങളില്‍ ഒന്നാണ് ജോജി.
1950-85 എന്ന മൂന്നുപതിറ്റാണ്ടുകാലമാണ് ഇരകളെ സൃഷ്ടിച്ചതെങ്കില്‍ 1990-2021 എന്ന മൂന്നുപതിറ്റാണ്ട് കാലമാണ് ജോജിയെ സൃഷ്ടിച്ചത്. ആദ്യ സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലമാണെങ്കില്‍ രണ്ടാമത്തേതിന്റേത് നരേന്ദ്ര മോദിയുടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാ കാലമാണ്. ഇന്ത്യാ പാക് വിഭജനവും ഗാന്ധി വധവും ആദ്യ ഘട്ടത്തില്‍ മുറിവുകളായെങ്കില് 1992ലെ ബാബറി മസ്ജീദ് തകര്‍ക്കല്‍ രണ്ടാം ഘട്ടത്തിന്റെ ഉണങ്ങാത്ത മുറിവാണ്. തട്ടുപൊളിപ്പന്‍ അസംബന്ധ ജഡിലമായ പടപ്പുകളില്‍ നിന്നു വഴിമാറി മുഖ്യധാരാസിനിമയിലെ പുതിയ തലമുറ എന്തുകൊണ്ട് രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ എടുക്കുന്നു എന്ന ചോദ്യത്തെ മൂര്‍ത്തമായ ഈ ചരിത്ര സാമ്യതയില്‍ നിന്നും സാഹചര്യത്തില്‍ നിന്നും കൊണ്ട് വിശകലനം ചെയ്യുന്നത് ഒരു ദിശാസൂചിയാകും എന്ന കാര്യത്തില്‍ സംശയമില്ല.

സംവിധാനം, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി സിനിമയുടെ സര്‍വ മേഖലകളിലും പുതിയ തലമുറയുടെ കടന്നുവരവിന് സാക്ഷ്യം വഹിച്ച കഴിഞ്ഞ ഒരു ദശാബ്ദക്കാലം എണ്ണം പറഞ്ഞ 100 സിനിമകള്‍ എങ്കിലും ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ ഉദാഹരിക്കാവുന്ന തരത്തിലേക്ക് മലയാള സിനിമ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാന്‍ കഴിയും. ഒ.ടി.ടി യുഗത്തിലേക്ക് കൂടി ചുവടുവെച്ചതോടെ മലയാള സിനിമയെ കാത്തിരിക്കുന്നത് ഒരു സുവര്‍ണകാലമാണ് എന്ന് സങ്കല്പ്പിച്ചാല് അതൊരു അതിമോഹമായിരിക്കില്ല എന്നാണ് ഏറ്റവും ഒടുവില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സാറാസും മാലിക്കും തെളിയിക്കുന്നത്.
2010 ഓടെയാണ് മറ്റൊരു ‘ന്യൂ ജനറേഷന്' മലയാള സിനിമയില്‍ ഉദയം ചെയ്യുന്നത്. പ്രമേയ സ്വീകരണത്തിലും ആഖ്യാനത്തിലും കഥാപാത്ര അവതരണത്തിലും പുതിയ കാറ്റ് വീശിത്തുടങ്ങി എന്നത് എങ്ങും വ്യക്തമായിരുന്നു.
രണ്ട് ന്യൂ ജനറേഷനുകൾ
1970കളുടെ ഒടുവിലും 80കളിലും സജീവമായിരുന്ന ഒരു ന്യൂ ജനറേഷന് മലയാള സിനിമയില്‍ ഉണ്ടായിരുന്നു. കെ.ജി. ജോര്‍ജ്ജും ഭരതനും പത്മരാജനും ഐ. വി. ശശിയും മോഹനും ഒക്കെ നയിച്ച ഒരു തലമുറ. എം. ടി. വാസുദേവന്‍ നായരുടെ ശക്തമായ എഴുത്തും ഇതിന് പിന്തുണയായി ഉണ്ടായിരുന്നു. ‘നിഷ്ഠൂരമായ' റിയലിസമായിരുന്നു ഇവരുടെ മുഖമുദ്ര. തകരയും ലോറിയും ഇരകളും പെരുവഴിയമ്പലവും അരപ്പട്ടകെട്ടിയ ഗ്രാമവും തൃഷ്ണയും അവളുടെ രാവുകളും ഇളക്കങ്ങളുമൊക്കെ ഈ കാലത്ത് പിറന്നുവീണു. പത്മരാജന്റെ തിരക്കഥയില്‍ കെ. ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത ഹിപ്പിയിസത്തിന്റെ കഥ പറഞ്ഞ രാപ്പാടികളുടെ ഗാഥ പോലുള്ള വേറിട്ട സിനിമകള്‍ ഈ കാലത്ത് നിര്‍മിക്കപ്പെട്ടു. ജനപ്രിയ സിനിമയുടെ ഫോര്‍മാറ്റില്‍ നിര്‍മിക്കപ്പെട്ട ഈ ചലച്ചിത്രങ്ങളെല്ലാം അസാമാന്യമായ കഥകളും കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. മരംചുറ്റി പ്രണയവും കണ്ണീര്പടങ്ങളും അധോലോക കസര്‍ത്തുകളും അടക്കിഭരിച്ചിരുന്ന പ്രമേയ പരിസരത്ത് ജീവിതത്തിന്റെ പരുക്കന്‍ ചിത്രങ്ങള്‍ ഇവര്‍ കോറിയിട്ടു.

2010 ഓടെയാണ് മറ്റൊരു ‘ന്യൂ ജനറേഷന്' മലയാള സിനിമയില്‍ ഉദയം ചെയ്യുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ട്രാഫിക്കിലാണ് ഇതിന്റെ തുടക്കം എന്നൊക്കെയുള്ളത് കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ട അവകാശവാദങ്ങളാണെങ്കില്‍ കൂടി പ്രമേയ സ്വീകരണത്തിലും ആഖ്യാനത്തിലും കഥാപാത്ര അവതരണത്തിലും പുതിയ കാറ്റ് വീശിത്തുടങ്ങി എന്നത് എങ്ങും വ്യക്തമായിരുന്നു. മൂന്നോ നാലോ പ്ലോട്ടുകള്‍, രേഖീയമല്ലാത്ത കഥ പറച്ചില് രീതി, തുച്ഛമായ കഥാപാത്രങ്ങള്‍, പരിമിതമായ ഇടങ്ങള്‍, മണിക്കൂറുകള്‍ മാത്രം ദൈര്‍ഘ്യമുള്ള കാലം, മറയില്ലാത്ത തുറന്ന സംഭാഷണങ്ങള്‍, നഗര കേന്ദ്രീകൃത പശ്ചാത്തലം- ഒരു ന്യൂ ജനറേഷന് സിനിമയെ ഇങ്ങനെയൊക്കെ ആയിരുന്നു ആദ്യകാലത്ത് വര്‍ഗീകരിച്ചിരുന്നത്. ആഷിക് അബു, രാജീവ് രവി, അന്‍വര്‍ റഷീദ്, അമല്‍ നീരദ് തുടങ്ങി നിരവധി യുവ സംവിധായകര്‍ പുതുതരംഗ സിനിമകളുമായി രംഗത്തെത്തി.
ആഷിക് അബുവിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പറും (2011), ലിംഗഛേദം നടത്തപ്പെടുന്ന താര നായകനെ അവതരിപ്പിച്ച 22 ഫീമെയില്‍ കോട്ടയവും (2012) സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വിഷയ സ്വീകരണത്തിലൂടെ പുതുതലമുറ സിനിമയ്ക്ക് ഉള്‍ക്കാമ്പ് നല്കി. അതോടെ; രൂപത്തിലല്ല, പറയുന്നത് എന്താണ്എന്നതിലാണ് കാര്യം എന്നതിന് പ്രാമുഖ്യം കൈ വന്നു തുടങ്ങി. അവിടുന്നിങ്ങോട്ടുള്ള പത്ത് വര്‍ഷം രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കപ്പെട്ടു.

അരികു ജീവിതങ്ങളും നഗരവത്ക്കരണവും
രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും (2013) കമ്മട്ടിപ്പാടവും (2016) ആഗോളവത്ക്കരണം ഗതിവേഗം പകര്‍ന്ന നഗരവത്ക്കരണം പ്രാന്തവത്ക്കരിച്ച ചില മനുഷ്യരുടെ കഥയാണ് പറഞ്ഞത്. അന്നയും റസൂലും എന്ന സിനിമയിൽ ഇരു സമുദായത്തില്‍ പെട്ട രണ്ടുപേരുടെ പ്രണയമാണ് രാഷ്ട്രീയം പറയാനുള്ള മാധ്യമമെങ്കില്‍ കമ്മട്ടിപ്പാടത്തില്‍ ദളിത് വിഭാഗത്തിലും ഉന്നത ജാതിയിലും പെട്ട രണ്ടു പേരുടെ സൗഹൃദമാണ് മീഡിയം. ജനപ്രിയ കഥാശരീരത്തിലേക്ക് അരികുജീവിതങ്ങളുടെ രാഷ്ട്രീയം അതിശക്തമായി ചേര്‍ത്തു വെയ്ക്കാന്‍ പറ്റി എന്നതാണ് ഈ രണ്ടു സിനിമകളുടെയും വിജയം. കെട്ടിപ്പൊക്കപ്പെടുന്ന ഓരോ നഗരത്തിന്റെ അടിയിലും ഒരു കമ്മട്ടിപ്പാടവും ഗംഗമാരും ഉണ്ടെന്ന് പറഞ്ഞുവെക്കുകയും അവരുടെ ജീവിത വേരുകളുടെ ജൈവികമായ പടരല്‍ എളുപ്പത്തിലൊന്നും തടയാന്‍ പറ്റുന്നതല്ല എന്നുറപ്പിക്കുകയും ചെയ്യുന്ന കമ്മട്ടിപ്പാടത്തിലെ വിനായകന് അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ദളിത് കഥാപാത്രങ്ങളില്‍ ഒന്നായി മാറി. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വിനായകന് നേടാന്‍ കഴിഞ്ഞത് താരപ്പൊലിമയ്ക്കേറ്റ ശക്തമായ തിരിച്ചടികളില്‍ ഒന്നാണ്.

ഭരണകൂട ഹിംസയും മനുഷ്യാവകാശവും
‘നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതല്‍' എന്ന മുഖവാക്യത്തില്‍ ആരംഭിക്കുന്ന, രാജീവ് രവിയുടെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസും ആഷിക് അബുവിന്റെ മായാനദിയും (2017) ഭരണകൂടവും പൗരനും തമ്മിലുള്ള ഹിംസാത്മക ബന്ധത്തെ നോക്കിക്കാണുന്ന സിനിമകളാണ്. രണ്ടിലെയും നായക കഥാപാത്രങ്ങള്‍ സാധാരണക്കാരാണ്. രണ്ടു പേരും ചിത്രാന്ത്യത്തില്‍ കൊല്ലപ്പെടുകയാണ്. ഒരാള്‍ ഭരണകൂടത്തിനുവേണ്ടി നിഗൂഢ നീതി നടത്തിപ്പുകാരായി പ്രത്യക്ഷപ്പെടുന്ന ക്വട്ടേഷന്‍ ഗുണ്ടകളാലും മറ്റേയാള്‍ പൊലീസിനാലും. നക്സലൈറ്റ് വര്‍ഗീസില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ കൊലപാതകം എന്ന അനീതി നടത്തിപ്പാണ് മായാനദിയുടെ അന്ത്യം. സമൂഹം അനുഭവിക്കുന്ന സ്വാസ്ഥ്യത്തിന്റെ പിറകില്‍ ഭരണകൂടം നിര്‍വഹിക്കുന്ന നിഗൂഡമായ ഹിംസകളുണ്ട് എന്നാണ് രണ്ടു സിനിമകളും പറയുന്നത്.

ആണത്തത്തിന്റെ രാഷ്ട്രീയം, നീതി നടത്തിപ്പിന്റെ വ്യാജ വഴികൾ
മഹേഷിന്റെ പ്രതികാരം (2016) പ്രദര്ശനത്തിനെത്തിയപ്പോള് കേട്ട ഒരു വാചകം ഒരു പത്മരാജന് സിനിമ പോലെ റിയലിസ്റ്റിക് എന്നായിരുന്നു. ഒരിടത്തൊരു ഫയല്‍വാനിലും പെരുവഴിയമ്പലത്തിലുമൊക്കെ നമ്മള് കണ്ട ആണത്തവും അതില്‍ അന്തര്‍ലീനമായ ഹിംസയും തന്നെയാണ് മഹേഷിന്റെ പ്രതികാരത്തിലും അവതരിപ്പിക്കപ്പെട്ടത്. കഥ പറച്ചിലിന്റെ ലാളിത്യവും ദൃശ്യ ഭാഷയും കഥാപാത്രങ്ങളുടെ ഉള്‍ക്കരുത്തുമാണ് നവഭാവുകത്വ സിനിമകളിലെ എണ്ണംപറഞ്ഞ അനുഭവമാക്കി മഹേഷിനെ മാറ്റിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും (2017) എന്ന സിനിമയില്‍ യാതൊരു രേഖകളുമില്ലാത്ത അരികു ജീവിയായ ഒരു കള്ളന്റെ കഥയിലൂടെ ആഗോള പ്രാധാന്യമുള്ള കുടിയേറ്റത്തിന്റെ രാഷ്ട്രീയത്തെ തന്നെയാണ് ദിലീഷ് പോത്തന് അവതരിപ്പിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട് കാസര്‍ഗോഡ് എത്തപ്പെട്ടവനാണ് കള്ളന്. ഭിന്നജാതിയില്‍ നിന്ന് പ്രേമിച്ച് കല്യാണം കഴിച്ചു നാട് വിട്ടോടി കാസര്‍ഗോഡ് എത്തിയവരാണ് സുരാജിന്റെയും നിമിഷയുടെയും നവദമ്പതിമാരുടെ കഥാപാത്രങ്ങള്‍. എങ്ങനെയാണ് നീതിനടത്തിപ്പിലെ പ്രധാന സംഗതിയായ മൊഴി പൊലീസ് വ്യാജമായി സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് സിനിമ. പലായനത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം തന്നെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും സംസാരിക്കുന്നത്.

ആഗോള രാഷ്ട്രീയം കേന്ദ്ര പ്രമേയമാകുമ്പോള്‍
ആഗോള സ്വഭാവമുള്ള ഭൗമ രാഷ്ട്രീയ പ്രധാനമായ കഥാ പരിസരമാണ് ടെയ്ക്ക് ഓഫ്, സുഡാനി ഫ്രം നൈജീരിയ, സി. ഐ. എ- കോമ്രേഡ് ഇന്‍ അമേരിക്ക എന്നീ സിനിമകളെ വ്യത്യസ്തമാക്കുന്നത്. മലയാളിയുടെ പ്രവാസ ചരിത്രത്തിലെ സംഭ്രമജനകമായ ഒരു സംഭവകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മഹേഷ് നാരായണന്റെ ടെയ്ക്ക് ഓഫ് (2017) എന്ന സിനിമയിൽ, തീവ്രവാദവും ആഭ്യന്തര യുദ്ധവും വംശീയ ഉന്മൂലനവും കൊടികുത്തിവാഴുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയമാണ് പശ്ചാത്തലമായി വരുന്നത്. ബന്ധങ്ങള്‍ക്കിടയിലെ ഛിദ്രങ്ങളും അതിജീവനത്തിനുള്ള അടങ്ങാത്ത മനുഷ്യന്റെ ത്വരയും ഒരു സര്‍വൈവല്‍ ത്രില്ലര്‍ ജോണറിലേക്ക് പരാവര്‍ത്തനം ചെയ്തപ്പോള്‍ ത്രസിപ്പിക്കുന്ന കാഴ്ചാനുഭവം കൂടിയായി അത് മാറി. ആഫ്രിക്കയില്‍ നിന്ന് ഉപജീവനാര്‍ത്ഥം കേരളത്തിലേക്ക് എത്തുന്ന ഒരു നൈജീരിയന്‍ ഫുട്ബോളറുടെ കഥയാണ് സുഡാനി ഫ്രം നൈജീരിയ (2018) പറയുന്നത്. ദാരിദ്ര്യവും അഭയാര്‍ഥി പ്രശ്നവും സങ്കീര്‍ണമായ ഇമിഗ്രേഷന്‍, പൗരത്വ നിയമങ്ങളും ഒക്കെ ഈ സിനിമയില്‍ ചര്‍ച്ചയാവുന്നുണ്ട്. രോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയവും സന്ദര്‍ഭോചിതമായി കടന്നുവരുന്ന ഈ ചിത്രം ലളിത സുന്ദരമായ ഒരു കഥയിലൂടെ ഗൗരവതരമായ രാഷ്ട്രീയം സംവദിക്കാന്‍ ശ്രമിക്കുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സി.ഐ.എ- കോമ്രേഡ് ഇന്‍ അമേരിക്കയില്‍ (2017) നിയമവിരുദ്ധമായി രാജ്യാതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വിവിധ രാജ്യക്കാരായ മനുഷ്യരുടെ കഥ കടന്നുവരുന്നുണ്ട്. ട്രംപ് ഭരണകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മെക്സിക്കന്‍ -യു. എസ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റമാണ് പശ്ചാത്തലം.
സിനിമയുടെ സ്ത്രീപക്ഷം
പുതു തലമുറ സിനിമയുടെ ഏറ്റവും പ്രധാന സവിശേഷത സ്ത്രീകള്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന കഥകള്‍ പറയാന്‍ കാണിക്കുന്ന ധീരതയാണ്. 22 ഫീമെയില്‍ കോട്ടയത്തിലൂടെയും റാണി പദ്മിനി (2016) യിലൂടെയും ആഷിക് അബു ഏറ്റവും ശക്തമായി പറഞ്ഞുവെച്ച പ്രതലത്തിലേക്ക് നിരവധി സിനിമകളാണ് പിറന്നുവീണത്. ‘‘ഏത് ടൈപ്പ് ചേട്ടനായാലും വേണ്ടില്ല, എടീ പോടീന്നു വിളിക്കാന്‍ പറ്റില്ല'' എന്ന ഡയലോഗ് ഒരു സൂപ്പര്‍താര ഡയലോഗ് പോലെ ആഘോഷിക്കപ്പെട്ട കാലമാണിത്. ഈ ഗണത്തിലെ പ്രധാനപ്പെട്ട സിനിമകളാണ് ഉയരെയും സ്റ്റാന്‍ഡ് അപ്പും ഹലാല്‍ ലൌ സ്റ്റോറിയും സാറാസുമൊക്കെ. കാമുകന്റെ കയ്യാല്‍ ആസിഡ് അറ്റാക്കിന് വിധേയമായ ഇരയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഉയരെയും (2019) കാമുകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട നായികയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടമായ വിധു വിന്‍സെൻറിന്റെ സ്റ്റാന്‍ഡ് അപ്പും (2019) വേറിട്ട സൃഷ്ടികളാണ്. സക്കറിയ സംവിധാനം ചെയ്ത ഹലാല്‍ ലൗ സ്റ്റോറി (2020) മുസ്ലിം സമുദായത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തെയും ഭാര്യ ഭര്‍തൃ ബന്ധത്തെയും നോക്കിക്കാണുന്ന സിനിമയാണ്. ഇതിലെ ഗ്രെയ്സ് ആന്റണിയുടെ സുഹറ സമീപകാലത്തെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണ്. ഈ ഗണത്തില്‍ പെടുത്താവുന്ന ശക്തമായ രചനകളില്‍ ഒന്നാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് (2021). ഗര്‍ഭഛിദ്ര അവകാശവും ശരീരത്തിനുമേലുള്ള അധികാരവും സ്ത്രീകള്‍ക്ക് തന്നെയാണ് എന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തെ അതിശക്തമായി അവതരിപ്പിക്കാന്‍ സാറാസിന് കഴിഞ്ഞിട്ടുണ്ട്.

അഞ്ജലി മേനോന് (ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ), ഗീതു മോഹന്‍ദാസ് (മൂത്തോന്), വിധു വിന്‍സൻറ് (മാന്‍ ഹോള്‍, സ്റ്റാന്‍ഡ് അപ്), കാവ്യ പ്രകാശ് (വാങ്ക്) തുടങ്ങിയ വനിതാ സംവിധായകരുടെ മികച്ച സൃഷ്ടികള്‍ കൊണ്ടും പര്‍വ്വതി (ടെയ്ക്ക് ഓഫ്, ചാര്‍ലി, ഉയരെ, ബംഗ്ലൂര് ഡേയ്സ്), രജിഷ വിജയന് (സ്റ്റാന്‍ഡ് അപ്), റിമ കല്ലിങ്കല്‍ (22 ഫീമെയില്‍ കോട്ടയം) നിമിഷ സജയന് (തൊണ്ടിമുതലും ദൃക്സാക്ഷിയും, നായാട്ട്), ഐശ്വര്യ ലക്ഷ്മി (വരത്തന്, മായാനദി), അന്ന ബെന്‍ (കുമ്പളങ്ങി നൈറ്റ്സ്, സാറാസ്) തുടങ്ങിയ നടിമാര്‍ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ ദശകം.
എന്താണ് വീട്? കുമ്പളങ്ങി നൈറ്റ്സ് പറയുന്നത്
തെരുവില്‍ നിന്ന് ഒരു കൂരയ്ക്കുകീഴിലേക്കെത്തിയ രക്തബന്ധമില്ലാത്ത കുറച്ചുപേരുടെ കഥയാണ് ഷോപ്പ് ലീഫ്റ്റേഴ്സ് എന്ന ജാപ്പനീസ് സിനിമ. കുടുംബം എന്ന സ്ഥാപനത്തെ പ്രശ്നവത്ക്കരിക്കാനാണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര് നേടിയ ആ ചിത്രം ശ്രമിച്ചത്. അച്ഛനും അമ്മയുമില്ലാത്ത, ഒരു തീട്ടപ്പറമ്പിന് സമീപമുള്ള ചെത്തിത്തേക്കാത്ത വീട്ടില്‍ താമസിക്കുന്ന സഹോദരങ്ങളും അവരുടെ ഇടയിലേക്ക് കടന്നുവരുന്ന മൂന്നു സ്ത്രീകളും ചേര്‍ന്ന് ഒരു കുടുംബവും വീടും ഉണ്ടാകുന്നതിനെ കുറിച്ചാണ് കുമ്പളങ്ങി നൈറ്റ്സ് പറയുന്നത്. സിനിമയിലെ ബോബി എന്ന കഥാപാത്രം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് ഇതൊരു വീടാണോ എന്നത്. ഷൈന്‍ നിഗം അഭിനയിച്ച വലിയ പെരുന്നാളും (2019) മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ ചേരി സമാനമായ ജീവിത സാഹചര്യത്തില്‍ കഴിയുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്നു.

വേട്ടയുടെ ഗാഥകള്‍
ഒരു വേട്ടയാടലിന്റെ കഥയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് (2019). ഒരു മലയോര ഗ്രാമത്തില്‍ വെട്ടാന്‍ കൊണ്ടുവന്നപ്പോള്‍ പുറത്തു ചാടിയ പോത്തിനെയാണ് ഗ്രാമീണര്‍ ഒന്നടങ്കം വേട്ടയാടന്‍ ഇറങ്ങുന്നത്. ഹിംസയും അധികാരവും തമ്മിലുള്ള ബന്ധത്തെ സറിയലിസ്റ്റിക് ആയി അവതരിപ്പിച്ച ജല്ലിക്കട്ട് ഈ കാലത്ത് സൃഷ്ടിക്കപ്പെട്ട മനോഹരമായ രചനകളില്‍ ഒന്നാണ്. ആദ്യ ചിത്രമായ നായകന് മുതല്‍ ആമേന്‍ (2013) ഡബിള്‍ ബാരല്‍ (2015), അങ്കമാലി ഡയറീസ് (2017) ഈ. മ.യൌ (2018) എന്നീ സിനിമകളിലൂടെ പുതുതലമുറയുടെ ദൃശ്യഭാഷയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.
മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് (2021) മറ്റൊരു വേട്ടയുടെ കഥയാണ് പറയുന്നത്. ഭരണകൂടത്തിന്റെ ഉപകരണങ്ങളായ പൊലീസുകാര്‍ ത്തന്നെയാണ് ഇവിടെ വേട്ടയാടപ്പെടുന്നത്. രാഷ്ട്രീയ മേലാളന്മാരും പോലീസും തമ്മിലുള്ള അവിശുദ്ധമായ കൊടുക്കല്‍ വാങ്ങലുകളുടെ ഇരകള്‍ ഇവിടെ അധികാരമുണ്ടെന്ന് കരുതുന്ന പോലീസുകാര്‍ തന്നെയായി മാറുന്നു. അതേസമയം ദളിത് ജന വിഭാഗത്തെ കുഴപ്പക്കാരായി അവതരിപ്പിച്ചു എന്ന വിമര്‍ശനവും സിനിമ നായാട്ടിനെതിരെ ഉയരുകയുണ്ടായി. തന്റെ മണ്ണിലേക്ക് അധിനിവേശം നടത്തിയ നായകനെ വേട്ടയാടുന്ന ദളിത് (പ്രതി)നായകന്റെ വിജയത്തിന്റെ കഥയാണ് കള. കുടിയേറ്റത്തിന്റെയും ആദിവാസി ജീവിതത്തിന്റെയും രാഷ്ട്രീയ പരിസരം പറയുന്ന ഈ സിനിമ ആരാണ് യഥാര്‍ഥത്തില്‍ ‘കള' എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
സദാചാരവും സ്വവര്‍ഗ പ്രണയവും
സദാചാര പൊലീസിംഗ് സജീവ ചര്‍ച്ചയായി മാറിയ സമയത്താണ് അനുരാജ് മനോഹറിന്റെ ഇഷ്ക് (2019) പുറത്തിറങ്ങുന്നത്. സദാചാര സംരക്ഷകരായി നടിക്കുന്ന ആണിനെ വില്ലന്റെയും നായകന്റെയും സ്ഥാനത്ത് നിര്‍ത്തി നടുവിരല്‍ കാട്ടി സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നായികയാണ് ഇഷ്കിലെ താരം. മലയാള സിനിമയില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ക്ലൈമാക്സുകളില്‍ ഒന്നാണ് ഈ നടുവിരല്‍ പ്രതിഷേധം.
യാഥാസ്ഥിതികമായ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗ പ്രണയത്തെ അവതരിപ്പിച്ച സിനിമയാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് (2019). ഓഫ് ബീറ്റ് സിനിമകള്‍ മാത്രം തൊട്ടിരുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിഷയം ഒരു മുഖ്യധാരാ സിനിമയുടെ പ്രമേയ പരിസരത്തില്‍ അതിശക്തമായി കടന്നുവരുന്നു എന്നത് പുതുനിര സിനിമാക്കാരുടെ ഉറച്ച രാഷ്ട്രീയ ബോധ്യത്തിന്റെ തെളിവുകൂടിയാണ്.

ആത്മീയ വ്യവസായവും ഇസ്ലാമിക രാഷ്ട്രീയവും
എപിക് സ്വഭാവമുള്ള രണ്ടു സിനിമകളാണ് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സും മാലികും. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് (2020) ആത്മീയ വ്യവസായത്തിന്റെ അധോലോകങ്ങള്‍ തുറന്നു കാണിച്ച സിനിമയാണ്. ജാതി- മത ഭേദമന്യേ കോടികള്‍ മറിയുന്ന ഈ ബിസിനസ് എങ്ങനെയാണ് മനുഷ്യന്റെ ആകുലതയെയും ഭയത്തെയും അരക്ഷിതത്വത്തെയും ചൂഷണം ചെയ്യുന്നത് എന്ന കാര്യം ധീരമായി പറയാന്‍ ട്രാന്‍സിന് സാധിച്ചിട്ടുണ്ട്.
ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരുടെ മുന്പിലെത്തിയ മാലിക് വര്‍ഗീയ സംഘര്‍ഷം എങ്ങനെയാണ് ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റ് ഗൂഢാലോചനയുടെയും സൃഷ്ടിയായി മാറുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് അവതരിപ്പിക്കുന്നത്. ബീമാ പള്ളി വെടിവെപ്പുമായി സാദൃശ്യം കല്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവ കഥകളില്‍ നിന്ന് വേറിട്ട അസ്തിത്വമുള്ള ഒരു കഥയാണ് മാലിക് പറയുന്നത്. പൊതുസമൂഹം പ്രതിനായകന്മാരായി കരുതുന്നവരല്ല യാഥാര്‍ഥ വില്ലന്മാര് എന്നും അവരെല്ലാം ഭരണകൂടത്തിനെ കയ്യിലെ ഉപകരണങ്ങള്‍ മാത്രമാണെന്നും മാലിക് പറയുന്നു. ഇസ്ലാമോഫോബിയയുടെ വേരുകള്‍ എവിടെക്കാണ് നീണ്ടുകിടക്കുന്നത് എന്നും മാലിക് വ്യക്തമാക്കി തരുന്നുണ്ട്.

ഉണ്ട: രാഷ്ട്രീയം സംസാരിച്ച ഏക സൂപ്പര്‍താര സിനിമ
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ഉണ്ട (2019)യാണ് ഈ കാലത്ത് പ്രത്യക്ഷ രാഷ്ട്രീയം സംസാരിച്ച ഏക ‘സൂപ്പര്‍ താര' സിനിമ. മാവോയിസ്റ്റ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഛത്തീസ്ഗഢിലേക്ക് പോകുന്ന പൊലീസുകാരുടെ കഥ പറഞ്ഞ സിനിമ സേനയ്ക്കുള്ളിലെ ജാതീയതയെ ശക്തമായി തുറന്നുകാട്ടുന്ന ഒന്നായി.
‘ഷമ്മി’ എന്ന ഹീറോ
ഒരു കാലത്ത് ഭരത് ഗോപി എങ്ങനെയാണോ തന്റെ ശരീരം കൊണ്ട് മുഖ്യധാര സിനിമയെ രാഷ്ട്രീയവത്ക്കരിച്ചത് അതിനെക്കാള്‍ പതിന്മടങ്ങ് ശക്തിയിലാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയം സംസാരിക്കുന്നത്. ‘ഏത് മരമോന്തയ്ക്കും സിനിമയില്‍ അഭിനയിക്കാമെന്നായി' എന്നു പറഞ്ഞത് കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിലെ നായകനായ ടി. വി. ചന്ദ്രനെ ചൂണ്ടിക്കാട്ടിയാണ് (മങ്കമ്മ). പ്രേംനസീര്‍ പൗഡര്‍ പൂശി തിളങ്ങി നില്ക്കുന്ന കാലത്താണ് കബനീനദി സംഭവിക്കുന്നത് എന്നും ഓര്‍ക്കണം. അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഗോപി അഭിനയിച്ച സിനിമകള്‍ വിതരണം ചെയ്യാന്‍ വിമുഖത കാണിച്ച കാലവും ഉണ്ടായിരുന്നു. ആ ഇടത്തിലേക്കാണ്
വ്യവസ്ഥാപിത താരത്തിന്റെ രൂപസൗകുമാര്യം ഇല്ലാത്ത ഫഹദ് എന്ന നടന് സ്വന്തം സിംഹാസനം വലിച്ചിട്ടിരിക്കുന്നത്.

‘ഷമ്മി ഹീറോയാടാ ഹീറോ' എന്ന ഡയലോഗിലൂടെ നായക സ്വരൂപത്തെ അപനിര്‍മ്മിക്കുകയാണ് കാല്‍പ്പനിക നായകനും വില്ലനും ദുര്‍ബലനും കോമാളിയും സൈക്കോയുമൊക്കെയായി പകര്‍ന്നാടുന്ന ഈ നടന്. ഈ വിമതത്വം തന്നെയാണ് പുതുകാല രാഷ്ട്രീയ സിനിമകളുടെ പ്രിയ താരമാക്കി ഫഹദിനെ മാറ്റുന്നത്. ചാപ്പാ കുരിശ്, അന്നയും റസൂലും, ആമേന്‍, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേയ്ക്ക് ഓഫ്, വരത്തന്, കുമ്പളങ്ങി നൈറ്റ്സ്, സി യു സൂണ്‍, ജോജി, മാലിക് തുടങ്ങി നിരവധി സിനിമകളില്‍ ഫഹദ് മുഖ്യകഥാപാത്രമായി ഈ കാലത്ത് രംഗത്തെത്തി. മലയാളത്തിലെ നവസിനിമയുടെ ‘പതാകാവാഹകന്‍' എന്ന് അല്‍ജസീറ അഭിമുഖത്തില്‍ ഫഹദ് വിശേഷിപ്പിക്കപ്പെട്ടത് അതുകൊണ്ടു കൂടിയാണ്. മലയാളത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ട സിനിമകളുടെ എണ്ണം നോക്കിയാല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലെ സൂപ്പര്‍ താരമാണ് ഫഹദ് എന്ന് പറയേണ്ടി വരും. ഒ.ടി.ടി നേരിട്ടു റിലീസ് ചെയ്യുന്നത് തടയാന്‍ ഫഹദിനെ വിലക്കാന്‍ വരെ സിനിമാ വ്യവസായ ഗൂഢ സംഘം ആലോചിച്ചിരുന്നു എന്ന കാര്യം ഓര്‍ക്കുക.
ഒ.ടി.ടി എന്ന സാധ്യത
രാഷ്ട്രീയം പറയുന്ന സീരീസുകളിലൂടെയാണ് നെറ്റ്ഫ്ളിക്സ്, ആമസോണ്‍ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകള് ഇന്ത്യയില്‍ വിവാദ കേന്ദ്രങ്ങളായത്. പാതാള്‍ ലോക്, സാക്രഡ് ഗെയിംസ്, താണ്ഡവ് തുടങ്ങിയ സീരീസുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയും ചരിത്രത്തെയും അതിനിശിതമായി തന്നെ അവതരിപ്പിക്കുകയുണ്ടായി. സിനിമകള്‍ക്കും ഒ.ടി.ടി തുറന്നുകൊടുക്കുന്നത് അത്തരമൊരു സാധ്യതയാണ്. ആഗോളമായ പ്രേക്ഷക സമൂഹമാണ് ഒ.ടി.ടിയുടെ മുന്നിലിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയും സാധ്യതയും. ഏതെങ്കിലും ഒരു രാജ്യത്തെ കരിനിയമങ്ങള്ക്കൊണ്ട് ഒ.ടി.ടിയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ വരിഞ്ഞുമുറുക്കാന്‍ കഴിയില്ല എന്നത് പുതുനിര ചലച്ചിത്രകാരന്മാര്ക്ക് ധൈര്യം പകരുന്ന കാര്യമാണ്. ചിലപ്പോള്‍ പഴയ ‘ഉച്ചപ്പടം' പോലെ ഒടുങ്ങുമായിരുന്ന ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചന് (2021) പോലുള്ള സിനിമകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് ഒ.ടി.ടി പ്ലാറ്റ് ഫോം സഹായിച്ചു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

സോഷ്യല്‍ മീഡിയ ഓഡിറ്റിംഗ്
മുഖ്യധാര സിനിമയിലെ ആരെയും കൂസാത്ത പാരമ്പര്യ വാദികള്‍ക്ക് പോലും പൊളിറ്റിക്കല്‍ കറക്റ്റ്നെസിനെ കുറിച്ച് വ്യാകുലപ്പെടുന്ന തരത്തിലേക്ക് സിനിമകളെ വിശകലനം ചെയ്യുന്ന വേദിയായി സമൂഹമാധ്യമങ്ങള്‍ മാറിയതും പുതു ജനറേഷന് സിനിമകളെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഒരു സിനിമയുടെ വിജയത്തെ നിര്‍ണയിക്കുന്ന പ്രേക്ഷക സമൂഹം നവ സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് എന്നത് സിനിമാ നിര്‍മാതാക്കളുടെ ദുഃസ്വപ്നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ സമൂഹത്തിലെ എല്ലാ തരം വിഷയങ്ങളും ഇഴ കീറി ചര്‍ച്ച ചെയ്യുന്ന സമൂഹ മാധ്യമങ്ങള്‍ പ്രേക്ഷക സമൂഹത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് താരതമ്യേന തട്ടുപൊളിപ്പന്‍ സ്വഭാവമുള്ള ഗോദ (2017) എന്ന സിനിമയില്‍ പോലും ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് ബീഫും പൊറോട്ടയും എന്ന തന്റെ ഇഷ്ട വിഭവം തേടി നടക്കുന്ന നായകന് കടന്നു വരുന്നത്. രുചിയുടെ രാഷ്ട്രീയം അല്ലാതെ മറ്റെന്താണ് ഇത്?
വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ സ്വാധീനം
ലിംഗ പദവിയുടെ രാഷ്ട്രീയം പരിഗണിക്കാതെ നിങ്ങള്‍ക്ക് ഇനി സിനിമ പിടിക്കാന്‍ സാധ്യമല്ല എന്ന ധാരണ മലയാള സിനിമയില്‍ ഉറപ്പിക്കുന്നതിന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് പോലുള്ള കൂട്ടായ്മ വഹിച്ച പങ്ക് ചരിത്രപരമാണ്. കസബ പോലുള്ള സിനിമകള്‍ അതിറങ്ങിയ കാലത്ത് ആഘോഷിക്കപ്പെടുകയും പിന്നീട് അതിരൂക്ഷമായ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവുകയും ചെയ്തത് നടി പാര്‍വ്വതി തെരുവോത്ത് നടത്തിയ പ്രസ്താവനയിലൂടെയാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ കണ്ണിലൂടെയല്ലാതെ സ്ത്രീ ജീവിതത്തെ നോക്കിക്കാണാനുള്ള ഈ ശ്രമം 2011ല്‍ ഇറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതല്‍ തുടങ്ങിവെച്ചെങ്കിലും അത് ശക്തമായ രാഷ്ട്രീയ വാണിംഗ് സിഗ്നലായി സമീപകാലത്ത് മാറി.

ആഗോള സിനിമയിലെ പാരസൈറ്റ്സ് പ്രതിഭാസം
2019ല്‍ റോമ എന്ന ചിത്രത്തിനുവേണ്ടി നെറ്റ്ഫ്ളിക്സ് നടത്തിയ പ്രചണ്ഡമായ പ്രചാരണത്തെ തോൽപ്പിച്ച് ഓസ്കാര്‍ നേടിയത് വര്‍ണവിവേചനത്തിന്റെ കഥപറഞ്ഞ താരതമ്യേന ചെറുചിത്രമായ ഗ്രീന്‍ബുക്ക് ആണ്. 2020ല്‍ ഏവരെയും ഞെട്ടിച്ച് കൊറിയന്‍ ചിത്രമായ പാരസൈറ്റ്സ് ഓസ്കാര്‍ നേടി. നഗരവത്ക്കരണത്തില്‍ അരികിലേക്ക് തള്ളപ്പെടുന്ന മനുഷ്യരുടെ കഥ പറഞ്ഞ സാമൂഹ്യ ആക്ഷേപ സിനിമയാണ് പാരസൈറ്റ്സ്. അഞ്ചുകോടി ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തു നിന്നുള്ള സിനിമ കൃത്യമായ രാഷ്ട്രീയം സംസാരിച്ചുകൊണ്ടു തന്നെ ഹോളിവുഡ് സ്റ്റുഡിയോ ഭീമന്മാരുടെ പടങ്ങളെ പരാജയപ്പെടുത്തി ഗ്ലാമര്‍ പുരസ്കാരം കയ്യെത്തി പിടിച്ചെങ്കില്‍ അതാര്‍ക്കും സാധ്യമാണ് എന്ന സ്ഥിതിവിശേഷമാണ് സംജാതമാക്കിയിരിക്കുന്നത്.
ജോജിയെ കുറിച്ചുള്ള ന്യൂയോര്‍ക്കര്‍ കുറിപ്പ് ആ വഴിയിലേക്കുള്ള മലയാളിയുടെ യാത്രയുടെ തുടക്കമാവാം. കോവിഡ് മഹാമാരിയും ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളും അതിനുള്ള പുതിയ സാധ്യതകളാവാം.
നിരന്തരം രാഷ്ട്രീയം സംസാരിച്ചുകൊണ്ടുതന്നെ ലോകസിനിമയുടെ പടവുകള്‍ കയറാന്‍ മലയാളത്തിലെ യുവ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രാപ്തരായിക്കഴിഞ്ഞിരിക്കുന്നു. ▮