Friday, 09 December 2022

സംവരണം, സാമൂഹിക നീതി


Text Formatted

എയ്​ഡഡ്​ സ്​ഥാപനങ്ങളിലെ നിയമനം
പി.എസ്​.സിക്ക്​ വിടുന്നതിൽ ആർക്കാണ്​ എതിർപ്പ്​?

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം, 1957 മുതൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.കെ ബാലന്‍ ഏറ്റെടുത്തതോടെ ഇത്​ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്​. 1957ലെ വിദ്യാഭ്യാസ ബില്ലിലെ ഈ സുപ്രധാന നിര്‍ദ്ദേശം നടപ്പാക്കാന്‍ പിന്നീടുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ പോലും തയ്യാറാക്കാത്ത സാഹചര്യത്തിലാണ് എ.കെ ബാലന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്​.

Image Full Width
Text Formatted

യ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം, 1957 മുതൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്​. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.കെ ബാലന്‍ ഏറ്റെടുത്തതോടെ ഇത്​വീണ്ടും സജീവ ചർച്ചയായി മാറിയിരിക്കുകയാണ്​. ഈ മേഖലയിൽ സാമൂഹിക നീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂവെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുള്ളവര്‍ക്കുമാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
കാലങ്ങളായി, ദലിത്​- പിന്നാക്ക വിഭാഗങ്ങളും സംഘടനകളും ഉയർത്തിക്കൊണ്ടിരുന്ന ഒരു വിഷയം കൂടിയാണിത്​. അത്​, സി.പി.എമ്മിനെപ്പോലെ, ഭരണം കൈയാളുന്ന ഒരു മുഖ്യധാരാ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവിൽനിന്നുണ്ടാകുന്നു എന്നതാണ്​ ബാലന്റെ പ്രസ്​താവനയുടെ പ്രാധാന്യം.

എ.കെ. ബാലൻ പറഞ്ഞത്​

ബാലന്റെ പ്രസ്​താവനയുടെ ഉള്ളടക്കം ഇതാണ്​: കോഴയായി മാനേജ്മെന്റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നു?. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനമില്ല. പി. എസ്​.സിക്കുവിട്ടാല്‍ അനാവശ്യ നിയമനം ഒഴിവാക്കാം, സാമ്പത്തികബാധ്യത കുറയ്ക്കാം.
രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്നും രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാധ്യമല്ലെന്നും ബാലന്‍ പറയുന്നു.

ഈ വിഷയത്തില്‍ കൂടുതല്‍ ഫോളോഅപ്പ് നടത്തിയ ശേഷം മാത്രമേ ഇനി പ്രതികരിക്കാനുള്ളൂവെന്നാണ് എ.കെ ബാലന്റെ ഇപ്പോഴത്തെ നിലപാട്. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നതിനാലാണ് അദ്ദേഹം ഇപ്പോള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന്​ ഒഴിഞ്ഞു നില്‍ക്കുന്നതെന്നാണ് കരുതുന്നത്.

എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം എം.ഇ.എസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നേരത്തെ ഉന്നയിച്ചിരുന്നു. മറ്റ് മാനേജ്‌മെന്റുകളും തയാറാണെങ്കില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സര്‍ക്കാരിനു വിട്ടുകൊടുക്കാമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. പി.എസ്.സി വഴി നിയമനം നടത്തുമ്പോള്‍ ഈഴവ സമുദായം നേരിട്ട അനീതി സമൂഹത്തിന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാലന്​ കോടിയേരിയുടെ തിരുത്ത്​

അതേസമയം, എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന തീരുമാനം പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇല്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും, ബാലന്റെ അഭിപ്രായത്തോട് പ്രതികരിച്ചത്. വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും സി.പി.എമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് കോടിയേരി പറഞ്ഞത്. എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് ആലോചനയിലില്ലെന്ന് പറഞ്ഞ ശിവന്‍കുട്ടി, സ്‌കൂളുകളില്‍ പി.ടി.എ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്‌മെന്റുകള്‍ വഴി നിയമിക്കുമ്പോള്‍ പി.ടി.എ നിയമിച്ചവരെ ഒഴിവാക്കുമെന്നും വിശദീകരിച്ചു.

A K
എ. കെ ബാലന്‍

എയ്ഡഡ് സ്‌കൂള്‍ നിമയനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിനുപിന്നില്‍ ഗൂഢോദ്ദേശ്യങ്ങളുണ്ടെന്നാണ് എന്‍.എസ്.എസ് പ്രതികരിച്ചത്. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തുന്നു. 

1957ല്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി മുന്നോട്ടുവച്ച ഏറ്റവും സുപ്രധാനമായ നിര്‍ദ്ദേശമായിരുന്നു ഇത്. പ്രൈവറ്റ് ഏജന്‍സികള്‍ നടത്തുന്ന സ്‌കൂളുകളില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ലിസ്​റ്റ്​ പബ്ലിക് സര്‍വ്വീസ് കമീഷന്‍ തയ്യാറാക്കുമെന്ന്​​വ്യവസ്ഥ ചെയ്യത്തക്ക രീതിയില്‍ കേരള വിദ്യാഭ്യാസ ബില്ലിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുമെന്ന്​ അന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. സ്റ്റേറ്റ് ലിസ്റ്റില്‍ നിന്ന് ആരെ വേണമെങ്കിലും തിരഞ്ഞെടുത്ത് നിയമിക്കുവാന്‍ മാനേജര്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും സര്‍ക്കാരിന്റെ പ്രസ്താവനയിലുണ്ടായിരുന്നു. അപ്രകാരം നിയമനം ലഭിക്കാത്തവര്‍ക്ക് സർക്കാര്‍ സ്‌കൂളുകളില്‍ നിയമനം നല്‍കാനായിരുന്നു ലക്ഷ്യം.

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കിയാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിമുടി ജനാധിപത്യവല്‍ക്കരിക്കുന്ന പ്രക്രിയയ്ക്കാകും  സാക്ഷിയാകാന്‍ പോകുന്നതെന്ന് സണ്ണി എം. കപിക്കാട് 

അധ്യാപകര്‍ക്ക് ശമ്പളവും ബത്തയും ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പെന്‍ഷനും എല്ലാം പൂര്‍ണമായും സർക്കാരാണ് നല്‍കുന്നതെന്നും സ്‌കൂളുകളുടെ സംരക്ഷണച്ചെലവിനായി ഗ്രാൻറ്​ നല്‍കുന്നുണ്ടെന്നും അതിനാല്‍ അധ്യപകരെ ഓരോ കൊല്ലം കൂടുന്തോറും അധ്യാപകരായി നിയമിക്കപ്പെടാന്‍ തയ്യാറുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും ഈ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയ വിമോചനസമരത്തിനിടയാക്കിയ വിദ്യാഭ്യാസ ബില്ലിലെ ഈ സുപ്രധാന നിര്‍ദ്ദേശം നടപ്പാക്കാന്‍ പിന്നീടുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ പോലും തയ്യാറാക്കാത്ത സാഹചര്യത്തിലാണ് എ.കെ ബാലന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്​.

1957ൽ മുണ്ട​​ശ്ശേരി പറഞ്ഞത്​

ബില്‍ അവതരിപ്പിച്ച്​ ജോസഫ് മുണ്ടശേരി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍: നമ്മുടെ സാമൂഹ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഒരു നിയമം അല്ലെങ്കില്‍ മറ്റൊരു നിയമം പ്രാബല്യം നല്‍കി അര്‍ഹിക്കുന്ന പരിരക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് പ്രൈവറ്റ് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകന്മാരെപ്പോലുള്ളവര്‍ക്ക് നിയമവശാല്‍ ഒരു പരിരക്ഷ ലഭിക്കാതെ പോകുന്നത് ദയനീയമാണെന്ന് ഈ ഗവണ്‍മെന്റിന് അഭിപ്രായമുണ്ട്. ഡിപ്പാര്‍ട്ടമെന്റിനുതന്നെയും ഇപ്രകാരം ഒരു നിയമം ഏര്‍പ്പെടുത്തി ഡിപ്പാര്‍ട്ട്മെൻറ്​ നടപടികള്‍ നിയമവശാല്‍ സാധൂകരിക്കണമെന്ന അഭിപ്രായം കഴിഞ്ഞ പത്തിരുപതു സംവത്സരങ്ങളായി വന്നിട്ടുണ്ടെന്ന് എനിക്കും ഈ സഭയിലിരിക്കുന്ന ബഹുമാനപ്പെട്ട മെമ്പര്‍മാര്‍ക്കും അറിയാവുന്നതാണ്.

nss sndp
വെള്ളാപ്പള്ളി നടേശന്‍, സുകുമാരന്‍ നായര്‍

​​​​​​​ഗവണ്‍മെൻറ്​ ഈ ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രധാനമായി ഉദ്ദേശിച്ചിട്ടുള്ളത് ഡിപ്പാര്‍ട്ടമെന്റില്‍നിന്ന്​ ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികളും, നിബന്ധനകളും പ്രൈവറ്റ് മേഖലയ്ക്കും, സര്‍ക്കാര്‍ മേഖലയ്ക്കും  നിയമപ്രാബല്യം നല്‍കണമെന്നതാണ്. നിയമ പ്രാബല്യം ഇല്ലാത്തതിനാല്‍ ഡിപ്പാര്‍ട്ട്മെന്റു നിബന്ധനകളെ കോടതി പോലും ചോദ്യചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായിട്ടുണ്ട്. അതില്‍നിന്ന്​ മോചനം ലഭിക്കുന്നതിനുള്ള നടപടികള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകന്മാര്‍ക്കും ഒരു അടിയന്തരാവശ്യമായി തീര്‍ന്നിരിക്കുന്നു എന്നതിനെ മുന്‍നിര്‍ത്തിയാണ് ഈ നിയമം സഭയില്‍ അവതരിപ്പിക്കുന്നത്.

എല്ലാ മേഖലകളിലുമുള്ള അധ്യാപകന്മാര്‍ക്കും ഗവണ്‍മെൻറ്​ മുഴുവന്‍ ശമ്പളം കൊടുക്കണമെന്നുള്ള ഉത്തരവാദിത്വം കഴിഞ്ഞ ഗവണ്‍മെന്റിന്റെ നേതാവായിരുന്ന ശ്രീ. പി.എസ്. റാവു തന്നെ ഒരുത്തരവുമൂലം നടപ്പിലാക്കിയിട്ടുണ്ട്. അങ്ങനെ മുഴുവന്‍ ശമ്പളവും ഗവണ്‍മെന്റില്‍ നിന്ന്​ കൊടുക്കുന്ന ഏര്‍പ്പാടുവന്നതിനുശേഷം ആ ശമ്പളം ഗവണ്‍മെൻറ്​ നേരിട്ടുകൊടുക്കുന്നതാണ് ഉത്തമമെന്ന് എല്ലാ അധ്യാപകന്മാരും, അധ്യാപക സംഘടനകളും ഗവണ്‍മെന്റിനെ ധരിപ്പിച്ചിട്ടുണ്ട്.

മലബാറിലെ പ്രൈവറ്റ് മേഖലയിലുള്ള അധ്യാപകന്മാര്‍ക്ക് മദ്രാസ് ഗവണ്‍മെന്റിന്റെ നടപടിയെ അംഗീകരിച്ച് നേരിട്ട് ശമ്പളം കൊടുക്കുന്ന ഏര്‍പ്പാടാണ് ഇന്നുള്ളത്. ആ ഏര്‍പ്പാട് തിരുവിതാംകൂര്‍കൊച്ചിയിലേക്കും വ്യാപിപ്പി ക്കാനാണ് ഗവണ്‍മെൻറ്​ ഉദ്ദേശിക്കുന്നത്. ആ നടപടി ഇങ്ങോട്ട് വ്യാപിപ്പിക്കുന്നതിന് ഒരു ബില്ലിന്റെ ആവശ്യമില്ലെന്ന് ഗവണ്‍മെന്റിനറിയാം. ഒരു എക്സിക്യൂട്ടീവ് ഉത്തരവുമൂലം നടപ്പാക്കാവുന്നതാണ്​. ഗവണ്‍മെന്റില്‍നിന്ന്​ നേരിട്ട് ശമ്പളം കൊടുക്കുകയെന്ന സമ്പ്രദായം പരക്കെ അംഗീകരിക്കുന്നതോടുകൂടി അധ്യാപകന്മാരും, മാനേജരന്മാരും തമ്മിലുള്ള യജമാനഭൃത്യബന്ധത്തിന് ഒരു പരിവര്‍ത്തനം വരുത്തണമെന്നുള്ള സംഗതി ഈ സഭയുടെ മുന്‍പില്‍ വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയും കാലമായിട്ട്​ ഗവണ്‍മെന്റില്‍നിന്നു ഗ്രാന്റുവാങ്ങി അധ്യാപകര്‍ക്ക്​ ശമ്പളം കൊടുത്തുപോന്നിട്ടുള്ള മാനേജർന്മാര്‍, അധ്യാപകന്മാരെ അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളായിട്ടാണ് പരിഗണിച്ചിരുന്നതെന്നുള്ളത് നമുക്കെല്ലാവര്‍ക്കും അറിയാം. മേലില്‍ ഗവണ്‍മെൻറ്​ നേരിട്ട് ശമ്പളം കൊടുക്കുന്നു എന്ന സ്ഥിതിവന്നുപോയാല്‍ മാനേജർമാരും അധ്യാപകന്മാരും തമ്മിലുള്ള ബന്ധം പഴയപോലെ യജമാനഭൃത്യബന്ധം ആയിരിക്കരുതെന്ന്​ ഗവണ്‍മെന്റിനഭിപ്രായമുണ്ട്. ആ ബന്ധം അവസാനിപ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ തുല്യസേവനപ്രവണതയോടുകൂടി ഡിപ്പാര്‍ട്ടുമെന്റും മാനേജരന്മാരും അധ്യാപകന്മാരും ഏകോപിച്ചും സഹകരിച്ചും ഒരു പ്രവത്തനം ഭാവിയില്‍ ഈ രാജ്യത്തുണ്ടാകണമെന്ന പ്രത്യാശയോടുകൂടിയാണ് ഞാന്‍ ഈ ബില്‍ അവതരിപ്പിക്കുന്നത്.

​​​​​​​സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ മാത്രമല്ല, പൊതുമേഖലയിലെയും സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എണ്‍പതുകള്‍ മുതല്‍ സമരം ചെയ്യുന്നത്. അതെല്ലാം അവഗണിക്കപ്പെട്ടിട്ടുണ്ട്.

അധ്യാപകന്മാരുടെ നില ഉയര്‍ത്തുന്നതോടുകൂടി സ്‌കൂള്‍ മാനേജർന്മാരെ സംബന്ധിച്ചും ചില വ്യവസ്ഥകള്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഈ കാലംവരെ മാനേജർന്മാര്‍ ആവശ്യപ്പെട്ടാല്‍ ഗ്രാന്റുകൊടുക്കും എന്നേയുള്ളൂ. സാമൂഹ്യബോധത്തോടുകൂടി വിദ്യാഭ്യാസമേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ മുന്നോട്ടുവന്നിട്ടുള്ള മാനേജിംഗ് ഏജന്‍സികള്‍ക്ക് സ്‌കൂള്‍സജ്ജീകരണങ്ങള്‍ക്കും സ്‌കൂള്‍ നടത്തിപ്പിനും മറ്റുമായി വളരെ ഉദാരമായ ഗ്രാൻറ്​ കൊടുക്കാനാണ് ഗവണ്‍മെൻറ്​ ഈ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. ഗ്രാന്റു ലഭിക്കാതെ അവര്‍ക്കു സ്‌കൂള്‍ നടത്താന്‍ സാധിക്കില്ലെന്ന് ഗവണ്‍മെന്റിനു ബോധ്യമായിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്ന് സംഭാവന പിരിച്ചാണ് മിക്ക നല്ല മാനേജ്മെന്റുകളും സ്‌കൂള്‍കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നത്​ എന്നതിനാൽ, അവര്‍ക്ക്​ വലിയ ഒരു സംഖ്യ സംഭാവനചെയ്തേ മതിയാവൂ എന്നു ഗവണ്‍മെന്റിനറിയാം. അപ്രകാരമുള്ള സജ്ജീകരണങ്ങള്‍ക്കും സ്‌കൂള്‍ നടത്തിപ്പിനും ഗ്രാന്റ് കൊടുക്കാന്‍ ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അങ്ങനെ മാനേജരന്മാര്‍ക്ക് അവരുടെ വീതവും അധ്യാപകര്‍ക്ക് അവരുടെ വീതവും നല്‍കി ഇരുഭാഗക്കാരെയും യോജിപ്പിക്കണമെന്നാണ് ഗവണ്‍മെന്റുദ്ദേശിക്കുന്നത്.

Mundassery
ജോസഫ് മുണ്ടശേരി. / Photo : Wikimedia Commons

വിമോചന സമരത്തിന് കാരണമായ ബില്ലുകളില്‍ ഒന്നായ വിദ്യാഭ്യാസ ബില്ലിനെതിരെ അന്ന് ഏറ്റവും എതിര്‍പ്പുണ്ടായത് അധ്യാപക നിയമന പ്രശ്നത്തെ സംബന്ധിച്ചായിരുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍, പ്രത്യേകിച്ച് കത്തോലിക്ക മാനേജ്മെന്റുകളാണ് ശക്തമായി രംഗത്തെത്തിയത്. തങ്ങളുടെ സ്‌കൂളുകളില്‍ അധ്യാപകരെ തെരഞ്ഞെടുത്ത് നിയമിക്കുന്നതില്‍ തങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു അവരുടെ വാദം.

എവിടെയാണ്​ സംവരണം?

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കിയാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിമുടി ജനാധിപത്യവല്‍ക്കരിക്കുന്ന പ്രക്രിയയ്ക്കാകും  സാക്ഷിയാകാന്‍ പോകുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനും ചിന്തകനുമായ സണ്ണി എം. കപിക്കാട് ട്രൂ കോപ്പി വെബ്​സീനിനോട്​ പറഞ്ഞു. അമ്പത് വര്‍ഷമായി, അതായത് 1972ലെ ഡയറക്ട് പേയ്​മെൻറ്​ സിസ്റ്റം എന്ന കരാര്‍ രൂപപ്പെട്ടശേഷം സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും എന്നാല്‍ നിയമനാധികാരം പൂര്‍ണമായും മാനേജ്മെന്റുകള്‍ക്കായിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പ്രൈവറ്റ് അധ്യാപകരുടെ സമരത്തെ തുടര്‍ന്നാണ് ഈ വ്യവസ്ഥ രൂപീകരിച്ചത്. ഇപ്പോള്‍ ഇതിനെ എതിര്‍ക്കുന്ന എന്‍.എസ്.എസ് പറയുന്നത് ഇതിനുന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ്. എന്നാല്‍ എന്‍.എസ്.എസിന്റെയായാലും മറ്റ് സമുദായ മാനേജ്മെന്റുകളുടെയാണെങ്കിലും സ്ഥാപനങ്ങളില്‍ നാല് ശതമാനം മാത്രമാണ് സംവരണമുള്ളത്. എം.ഇ.എസിന്റെ കോളേജുകളില്‍ മാത്രമാണ് 17 ശതമാനം സംവരണമുള്ളത്. പി.എസ്.സി വഴിയാക്കുമ്പോള്‍ അര്‍ഹതപ്പെട്ട യോഗ്യതയുള്ളവര്‍ക്ക് ജോലി ലഭിക്കുമെന്നതാണ് ഗുണം. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല ഇതുകൊണ്ട് ഗുണം ചെയ്യുന്നത്. നിയമമനുസരിച്ച് 50 ശതമാനം മാത്രമേ കമ്മ്യൂണിറ്റിക്ക് അവകാശപ്പെട്ടതായുള്ളൂ. ബാക്കി അമ്പത് ശതമാനം ഉദ്യോഗാര്‍ത്ഥികളെ ഓപ്പണ്‍ മെറിറ്റില്‍ കോള്‍ ഫോര്‍ ചെയ്ത് നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍ നൂറ് ശതമാനവും പണം നല്‍കുന്നവര്‍ക്ക് മാത്രം നല്‍കുന്നതാണ് ഇപ്പോള്‍ നടക്കുന്നത്. അതിനൊരു മാറ്റം വരാനും മനേജ്മെന്റുകളുടെ ഈ അഴിമതി ഇല്ലാതാകാനും നിയമനങ്ങള്‍ ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ തന്നെയാണ് നടത്തേണ്ടത്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത്​ സി.പി.എം നയം തന്നെയാണ്​’

ഇത് സി.പി.എമ്മിന്റെ നയം തന്നെയാണെന്ന് ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ. കെ കൊച്ച് ഓര്‍മിപ്പിച്ചു. പിന്നാക്കക്കാരും പട്ടികജാതിക്കാരും എന്തുവന്നാലും വോട്ട് ചെയ്യുമെന്ന ധൈര്യമാണ് അവര്‍ക്ക്. നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങളെല്ലാം എന്തുവന്നാലും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കും. ഇത്തരമൊരു നിലവാരത്തിലേക്ക് ഇടതു-ദലിത് സംഘടനകളൊന്നും പോയിട്ടില്ല. അതുകൊണ്ട് അവര്‍ക്ക് സംവരണത്തെ അവഗണിക്കാം. വാസ്തവത്തില്‍ ഈ സംഭവം 1957 മുതലുള്ളതാണ്. 57ല്‍ മുണ്ടശേരി അവതരിപ്പിച്ച റിപ്പോര്‍ട്ടിലുള്ളതാണ്. വളരെ വര്‍ഷക്കാലം ആരുമിത് പറയാതിരുന്നു. എണ്‍പതുകളില്‍ ദലിത് പ്രസ്ഥാനങ്ങളുണ്ടായപ്പോഴാണ് ഈ പ്രശ്നം മുന്നോട്ട് വച്ചത്. ഇതിനുവേണ്ടി നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ മാത്രമല്ല, പൊതുമേഖലയിലെയും സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എണ്‍പതുകള്‍ മുതല്‍ സമരം ചെയ്യുന്നത്. അതെല്ലാം അവഗണിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ദലിത് സംഘടനകള്‍ക്ക് ശക്തിയില്ലാത്തതിനാലാണ് അവര്‍ക്ക് അവഗണിക്കാന്‍ കഴിയുന്നത്. പക്ഷേ ഈ സമ്മര്‍ദ്ദം ബാലന് കാണാതിരിക്കാനാകില്ല. അതുകൊണ്ടാണ് ബാലന്‍ ഇത് പറഞ്ഞത്. രാധാകൃഷ്ണനും നിയമസഭയില്‍ ഇത് പറഞ്ഞു.

ദലിത് വിദ്യാര്‍ത്ഥികൾ ഹൈക്കോടതിയില്‍ ഒരു കേസ് കൊടുത്തിരുന്നു. യു.ജി.സി ഗ്രാൻറ്​ കിട്ടുന്ന സ്ഥാപനങ്ങളിലെല്ലാം സംവരണം നടപ്പിലാക്കണമെന്നായിരുന്നു കേസിലെ ആവശ്യം. യു.ജി.സി ഗ്രാൻറ്​ ഇവിടുത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കിട്ടുന്നുണ്ട്. കാളീശ്വരം രാജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായി. ജസ്റ്റിസ് ശങ്കരന്‍ വിധി പ്രഖ്യാപിച്ച കേസ്, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരുന്നു. ഈ സമയത്ത് എന്‍.എസ്.എസിന്റെ ഓഫീസ് സെക്രട്ടറി സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. ആ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കുന്നതിനെയും എന്‍.എസ്.എസ് എതിര്‍ക്കുകയല്ലേയുള്ളൂ.
ഏറ്റവും കൂടുതല്‍ സ്‌കൂളുകളും കോളേജുകളുമുള്ളത് ക്രിസ്ത്യന്‍ സംഘടനകള്‍ക്കും എന്‍.എസ്.എസിനുമാണ്. അതുകൊണ്ടാണ് അവര്‍ എതിര്‍ക്കുന്നത്. ആ സ്ഥാപനങ്ങളില്‍ വലിയ തട്ടിപ്പുമാണ് നടക്കുന്നത്. നിയമനം പി.എസ്.സിക്ക് വിടുന്നതിലൂടെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമുണ്ടാകും. ക്രിസ്ത്യന്‍ സംഘടനകളുടെ സ്ഥാപനങ്ങള്‍ നോക്കിയാല്‍ ക്രിസ്ത്യാനികളെ മാത്രമാണ് നിയമിക്കുകയെന്ന് കാണാം. നായന്മാരുടെ സ്ഥാപനങ്ങളില്‍ നായന്മാരെയും. എന്തിനേറെ ഹിന്ദുക്കളുടേത് എന്ന് പറയുന്ന ദേവസ്വം ബോര്‍ഡിന് 128 സ്ഥാപനങ്ങളുണ്ട്. അതില്‍ 117 ഉം നായര്‍ സ്ഥാപനങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. നിയമനം പി.എസ്.സിക്ക് വിട്ടാല്‍ മത്സരാധിഷ്ഠിതമായി അധ്യാപകര്‍ വരും. അതില്‍ ദലിതരും മുസ്ലിങ്ങളും ഈഴവരും ക്രിസ്ത്യാനികളും നായന്മാരും എല്ലാമുണ്ടാകും. ദലിതര്‍ക്കിടയിലും മെറിറ്റില്‍ നിയമനങ്ങള്‍ നടക്കുന്നുണ്ട്.- കൊച്ച് ചൂണ്ടിക്കാട്ടി.

kpsc
കെ. കെ കൊച്ച്, സണ്ണി എം. കപിക്കാട്

എസ്.എന്‍.ഡി.പിയുടെയും എസ്.എന്‍ ട്രസ്റ്റിന്റെയും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡൻറ്​ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. അതേസമയം, എല്ലാ സ്ഥാപനങ്ങളും ഇതിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠിച്ചശേഷം പ്രതികരണമെന്ന്​ ബാലൻ

ഈ വിഷയത്തില്‍ കൂടുതല്‍ ഫോളോഅപ്പ് നടത്തിയ ശേഷം മാത്രമേ ഇനി പ്രതികരിക്കാനുള്ളൂവെന്നാണ് എ.കെ ബാലന്റെ ഇപ്പോഴത്തെ നിലപാട്. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നതിനാലാണ് അദ്ദേഹം ഇപ്പോള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന്​ ഒഴിഞ്ഞു നില്‍ക്കുന്നതെന്നാണ് കരുതുന്നത്. അതേസമയം, വിശദമായി പഠിച്ച ശേഷം ഇതിനെക്കുറിച്ച് തന്റെ ഭാഗത്തുനിന്നും തീര്‍ച്ചയായും പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി വഴിയാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

അരുൺ ടി. വിജയൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കവി.

Audio