അന്വേഷണ റിപ്പോർട്ട്
അലി ഹെെദർ
ലക്ഷദ്വീപുകാരുടെ ‘ഗാന്ധി വിരോധം’,
സംഘ്പരിവാറിന്റെ ഗാന്ധി സ്നേഹം
2010 ഗാന്ധി ജയന്തി ദിനത്തില്‍ കവരത്തിയില്‍ അനാച്ഛാദനം ചെയ്യാൻ കൊണ്ടുവന്ന ഗാന്ധി പ്രതിമ ദ്വീപുകാരുടെ എതിര്‍പ്പുകാരണം തിരിച്ചയക്കേണ്ടി വന്നു എന്ന കഥയുണ്ടാക്കി ദ്വീപ് നിവാസികളെ ഗാന്ധി വിരോധികളായി മുദ്ര കുത്തുകയാണ് സംഘപരിവാർ. ഈ പ്രചാരണത്തിനുപുറകിലെ ഗൂഢലക്ഷ്യം അന്വേഷിക്കുന്നു

ലക്ഷദ്വീപ് ജനതയുടെ സ്വൈര്യജീവിതം സംഘര്‍ഷങ്ങളിലേക്ക് വഴുതിവീണിട്ട്മാസങ്ങള് കഴിഞ്ഞു. ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും മുസ്‌ലിംകൾ മാത്രമുള്ള ദ്വീപ് ഭൂമിക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായ കരുനീക്കങ്ങള്‍ക്ക് ഇരയാവുകയാണിന്ന്. ലക്ഷദ്വീപിന്റെ സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ സന്തുലിതാവസ്ഥകളെ അട്ടിമറിക്കുന്ന നീക്കങ്ങളുമായി വന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ തുറന്ന പോരാട്ടവുമായി ദ്വീപ് ജനത രംഗത്തെത്തിയതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കണ്ണിലെ മറ്റൊരു കരടായി അവര്‍ മാറി.
അധികാരത്തിന്റെ പിന്‍ബലത്തില്‍ നടപ്പാക്കുന്ന ജനദ്രോഹ നയങ്ങള്‍ കൂടാതെ വ്യാജ ആരോപണങ്ങളും കുപ്രചാരണങ്ങളുമടക്കമുള്ള സംഘടിത നീക്കങ്ങള്‍ ദ്വീപ് സമൂഹത്തിനുനേരെ തുടര്‍ച്ചയായി അരങ്ങേറുകയാണ്. ദ്വീപിന് നിരവധി കിലോമീറ്റര്‍ അകലെ കടലില്‍ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുക്കുമ്പോള്‍ ദ്വീപ് ജനത കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നതും ഗുജറാത്ത് തീരത്ത് അദാനിയുടെ ഹാര്‍ബറില്‍ 20,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിക്കുമ്പോള്‍ യാതൊരുവിധ ചര്‍ച്ചകളുമില്ലാതിരിക്കുന്നതും അതുകൊണ്ടാണല്ലോ. ദ്വീപ് സമൂഹത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് ഇന്ന് ഗാന്ധിയെപ്പോലും സംഘപരിവാര്‍ ആയുധമാക്കുന്നു എന്നതാണ് ഏറ്റവും പുതിയ സാഹചര്യം.
ഗാന്ധി പ്രതിമ അനാച്ഛാദന ചടങ്ങ്, സംഘപരിവാര്‍ വിനിയോഗിച്ചത് തങ്ങളുടെ വംശീയ, അപര മത വിദ്വേഷ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ്. ദ്വീപ് ജനതയ്ക്ക് ഗാന്ധി വിരോധികള്‍ എന്നൊരു പേരുകൂടി സംഘപരിവാര്‍ ചാര്‍ത്തിക്കൊടുത്തു.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ലക്ഷദ്വീപ് ആസ്ഥാനമായ കവരത്തിയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധി ജയന്തി ദിനത്തില്‍ പതിവായി നടക്കാറുള്ളത് പോലെ സ്വാഭാവികമായി കാണേണ്ടിയിരുന്ന ഈ ചടങ്ങ് സംബന്ധിച്ച വാര്‍ത്തയെ സംഘപരിവാര്‍ വിനിയോഗിച്ചത് തങ്ങളുടെ വംശീയ, അപര മത വിദ്വേഷ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ്. ദ്വീപ് ജനതയ്ക്ക് ഗാന്ധി വിരോധികള്‍ എന്നൊരു പേരുകൂടി സംഘപരിവാര്‍ ചാര്‍ത്തിക്കൊടുത്തു.
""ഇത്, രാജ്‌നാഥ് സിംഗ് ജീ... ഇന്നലെ വരെ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കാത്ത ലക്ഷദ്വീപില്‍, ഗാന്ധിജിയുടെ പ്രതിമ ദ്വീപില്‍ ഇറക്കാന്‍ അനുവദിക്കാതെ വന്ന, കപ്പലില്‍ തന്നെ കൊച്ചിക്ക് മടക്കി അയച്ച കവരത്തി ദ്വീപില്‍, ഇന്ന് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്നു'', രാജ്‌നാഥ് സിംഗ് കവരത്തിയില്‍ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു ബി.ജെ.പി നേതാവ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. സമാനമായതും ഇതിനേക്കാള്‍ വംശീയ വിദ്വേഷം വമിക്കുന്നതുമായ പലതരം പ്രതികരണങ്ങള്‍ ദേശീയ- അന്തർ ദേശീയ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു.

ജനം ടി.വി അതിങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: "ഇത് പുതിയ ഇന്ത്യയാണ്. ഈ രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ചോദ്യം ചെയ്ത് മുന്നോട്ടു പോകാന്‍ ഒരാളേയും നാം അനുവദിക്കില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരേയും കച്ച് മുതല്‍ കാമരൂപം വരേയും ഈ രാജ്യം ഒന്നാണ്, അവിഭാജ്യമാണ്, ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഈ രാജ്യത്ത് എവിടേയും സ്ഥാപിക്കാന്‍ നമുക്ക് അവകാശമുണ്ട്. അത് തടയാന്‍ ഒരാള്‍ക്കും കഴിയില്ല. തടയാന്‍ ശ്രമിക്കുന്നവരെ കരുത്തോടെ നേരിടാന്‍ നമുക്കിന്ന് കഴിയുകയും ചെയ്യും. 2010 ല്‍ യു.പി.എ സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ ലക്ഷദ്വീപില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പ്രതിമ നിര്‍മ്മിച്ച് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിമ ലക്ഷദ്വീപില്‍ ഇറക്കാന്‍ ഒരു വിഭാഗം സമ്മതിച്ചില്ല. മതപരമായ കാരണങ്ങളായിരുന്നു പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഉയര്‍ത്തിയത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍, ഗാന്ധിജിയുടെ പ്രതിമ കവരത്തിയില്‍ സ്ഥാപിച്ചത്.'
‘മഹാത്മാഗാന്ധിയുടെ ആശയങ്ങളെ നിരാകരിക്കുന്ന, ജാതിമേല്‍ക്കോയ്മ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വര്‍ ഇന്ന് എന്തിനാണ് മഹാത്മാഗാന്ധിയെ ഉയര്‍ത്തിപ്പിടിക്കുന്നത്? ’’
2010 ഗാന്ധി ജയന്തി ദിനത്തില്‍ തലസ്ഥാന ദ്വീപായ കവരത്തിയില്‍ അനാച്ഛാദനം ചെയ്യണമെന്നുദ്ദേശിച്ച് സെപ്റ്റംബര്‍ 28 ന് എം.വി. അമിന്‍ദിവി കപ്പലില്‍ പുറപ്പെട്ട രണ്ടുലക്ഷം രൂപ വിലവരുന്ന ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ദ്വീപുകാരുടെ എതിര്‍പ്പുകാരണം തിരിച്ചയക്കേണ്ടി വന്നു എന്ന കഥയെ പിന്‍പറ്റിയാണ് ഇക്കഥകളെല്ലാം പ്രചരിക്കപ്പെട്ടത്. സംഘപരിവാർ പ്രചരിപ്പിക്കുന്ന ആ കഥയ്ക്ക് പക്ഷെ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.
ഗാന്ധി പ്രതിമ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് "ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ടില്‍ അന്നത്തെ കലക്റ്ററായിരുന്ന എന്‍. വസന്ത കുമാര്‍ പറയുന്നത്, ‘മോശം കാലാവസ്ഥ കാരണം കപ്പലില്‍ നിന്ന് ഭാരിച്ച പ്രതിമ ഇറക്കാന്‍ പറ്റിയില്ല’ എന്നാണ്. മതപരമായ എന്തെങ്കിലും എതിര്‍പ്പ് ഇതിനുപിന്നിലുണ്ടോ എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല എന്നും അത്തരം എതിര്‍പ്പുകളുണ്ടെങ്കില്‍ സാധാരണഗതിയില്‍ പള്ളിയിലെ ഖാസിയാണ് അതറിയിക്കുക എന്നും അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ലെന്നും’ കലക്ടര്‍ വിശദീകരിക്കുന്നുമുണ്ട്.
ലക്ഷദ്വീപ് എം.പിയും ഗാന്ധി പ്രതിമ അനാച്ഛാദന പരിപാടിയിലെ പങ്കാളിയുമായിരുന്ന എം.പി. പി.പി. മുഹമ്മദ് ഫൈസൽ ട്രൂകോപ്പി വെബ്സീനിനോട് പറഞ്ഞത്: ‘‘പ്രഫുല്‍ കെ. പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി വന്നതിനുശേഷം കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപ് ജനത നടത്തിയ ചെറുത്തുനില്‍പ്പിനെ എതിര്‍ക്കാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു ശ്രമം അവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അല്ലാതെ അതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. അവരുടെ ഉദ്ദേശ്യം ദ്വീപിനെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നതുതന്നെയാണ്. ദ്വീപ് ജനതയെ കുറിച്ച് മറ്റൊരു ചിത്രം പുറത്തേക്ക് എത്തിക്കുക എന്നതാണ്. എന്നാല്‍ ലക്ഷദ്വീപുകാരെ അറിയുന്ന ഒരാളും ദ്വീപ് ജനതയുടെ മേല്‍ ചൊരിയുന്ന ഒരു തെറ്റിദ്ധാരണയും വിശ്വസിക്കാന്‍ പോകുന്നില്ല.’’

ചരിത്രാധ്യാപകനും ചിന്തകനുമായ കെ.ഇ.എന്‍ പറയുന്നു: ‘‘മഹാത്മാഗാന്ധിയുടെ ആശയങ്ങളെ നിരാകരിക്കുന്ന, ജാതിമേല്‍ക്കോയ്മ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വര്‍ ഇന്ന് എന്തിനാണ് മഹാത്മാഗാന്ധിയെ ഉയര്‍ത്തിപ്പിടിക്കുന്നത്? അതിന്റെ പ്രധാന കാരണം, ഗാന്ധിയുടെ ആശയങ്ങള്‍ക്കൊക്കെ പലതരം വേലിയിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ വെട്ടിനിരത്താന്‍ പലതരത്തില്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ജനതയുടെ അവബോധത്തില്‍ എവിടെയോ ഒരു ഗാന്ധിയുണ്ട് എന്നതാണ്. നോട്ടിലല്ലാതെ, ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ എവിടെയോ ഒരു ഗാന്ധിയുണ്ട്. ആ ഗാന്ധിയെക്കൂടി തങ്ങളുടെ ആശയപ്രചാരണത്തിനും തങ്ങളുടെ മേല്‍ക്കോയ്മയ്ക്കും ഉപയോഗിക്കണമെന്ന താത്പര്യമാണത്. ജാതിമേല്‍ക്കോയ്മയുടെ അജണ്ടയ്ക്ക് ഇന്ത്യന്‍ ജനതയുടെ അബോധത്തിലെ ആ അവ്യക്ത ഭാഗത്തെക്കൂടി ഉപയോഗിക്കുന്നതിന്റെ ഭാഗമായി മാത്രമേ സംഘപരിവാറിന്റെ ഗാന്ധി സ്‌നേഹത്തെ കാണാന്‍ സാധിക്കൂ.’’
വളരെ സ്വാഭാവികമായി നടന്ന സംഭവങ്ങളെ വളച്ചൊടിച്ച്, തങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചാണ് സംഘപരിവാര്‍ ദ്വീപ് ജനതയ്ക്കുമേല്‍ ഗാന്ധി വിരോധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
ദ്വീപില്‍ അപ്രഖ്യാപിത ശരീഅത്ത് നിയമം നടപ്പിലുണ്ടെന്ന വലതുപക്ഷ പ്രചാരണത്തിനെതിരെയും ദ്വീപുകാരുടെ ഗാന്ധി വിരോധമെന്ന പുതിയ ആരോപണത്തെക്കുറിച്ചും ദ്വീപിലെ ഒരേയൊരു പ്രസിദ്ധീകരണമായ ലക്ഷദ്വീപ് ഡയറി എഴുതി: ‘‘ഇറക്കാന്‍ കഴിയാതെ തിരിച്ചുപോയ ഗാന്ധിപ്രതിമ കവരത്തിയിലേക്ക് തിരിച്ചെത്തിയതായി ഞങ്ങള്‍ക്കറിയാന്‍ സാധിച്ചിട്ടില്ല. അന്നത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ദാദു തന്റെ ആത്മീയ ഗുരുവായ ബാബാ രാംദേവിനെ ദ്വീപില്‍ കൊണ്ടുവരികയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സ്‌കൂളുകളിലും പൊതുജനങ്ങള്‍ക്കും യോഗ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അത് ദ്വീപുകാര്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാല്‍ ഹിന്ദുത്വ ആശയങ്ങള്‍ കുത്തിനിറച്ച ഒരു പുസ്തകം വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുകയും കുട്ടികള്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ ‘ഓം..' എന്ന് അഭിസംബോധന ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തപ്പോഴാണ് ദ്വീപ് ജനത എതിര്‍പ്പ് പ്രകടിപ്പിച്ചത്. അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ കുട്ടികളെ സൂളിലേക്ക് വിടുന്നില്ല എന്ന് ദ്വീപുകാര്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ക്ക് മാറ്റം വന്നത്. ഗാന്ധിപ്രതിമ കൊണ്ടുവന്ന് സ്ഥാപിച്ച് ആഴ്ചയില്‍ ഒരു ദിവസം പുഷ്പാര്‍ച്ചന നടത്തണമെന്നും പറഞ്ഞിരുന്നു. ഇത് വരും തലമുറ ബിംബാരാധനയായി തെറ്റിദ്ധരിക്കുമോ എന്ന ആശങ്ക ഖാസി പ്രകടിപ്പിച്ചിരുന്നു. ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ അന്നും ഇന്നും ദ്വീപുകാര്‍ എതിരല്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കടല്‍ക്ഷോഭം കാരണം ഭാരമുള്ള പ്രതിമ ഇറക്കാന്‍ കഴിയാതെ തിരികെ കൊണ്ടുപോവുകയായിരുന്നു. അടുത്ത റിപ്പബ്ലിക് ദിനത്തിൽ സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടെ അഡ്മിനിസ്‌ട്രേഷന്‍ ഒരു ശില്പിയെ വന്‍കരയില്‍ നിന്ന് കൊണ്ടുവന്ന് ഗാന്ധിപ്രതിമ ഉണ്ടാക്കിച്ചതായി അറിയുന്നു. തൊട്ടടുത്ത വര്‍ഷം റിപ്ലബ്ലിക് ദിനത്തിന് അത് പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. എന്നാല്‍ പ്രതിമക്ക് ഗാന്ധിയോട് രൂപസാദൃശ്യം കുറവായിരുന്നു. പലരും അക്കാര്യം സൂചിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ രൂപസാദൃശ്യമില്ലാത്തതിനെ തുടര്‍ന്ന് അത് സ്ഥാപിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.’’
വളരെ സ്വാഭാവികമായി നടന്ന ഇത്തരം സംഭവങ്ങളെ വളച്ചൊടിച്ച്, തങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചാണ് സംഘപരിവാര്‍ ദ്വീപ് ജനതയ്ക്കുമേല്‍ ഗാന്ധി വിരോധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

""ദ്വീപ് ജനതയോട് കൂടിയാലോചിക്കാതെയും ദ്വീപ് ജനതയുടെ വികാരം മാനിക്കാതെയും നടപ്പിലാക്കാന്‍ ശ്രമിച്ച പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ സ്വാഭാവികമായും ജനം പ്രതിഷേധിച്ചിട്ടുണ്ട്. അതിന് രാജ്യത്താകെ വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധയും കിട്ടി. ആ പ്രതിഷേധത്തെയും പ്രതിരോധത്തെയും ഇപ്പോള്‍ അവര്‍ ഇതുപോലുള്ള കള്ളങ്ങള്‍ പ്രചരിപ്പിച്ചാണ് പ്രതിരോധിക്കുന്നത്. അതുകൊണ്ടാണ് സംഘപരിവാര്‍ അനുകൂല പത്രങ്ങള്‍ ദ്വീപുകാരുടെ ഗാന്ധി വിരോധം എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്ഷദ്വീപ് ഉണ്ടായി ഇത്രയും കാലം ഇത് പോലൊരു പരാമര്‍ശം എവിടെയും കേട്ടിട്ടില്ല. എന്തിന് പ്രഫുല്‍ കെ. പട്ടേല്‍ വരുന്നതിന് മുമ്പ് ആറ് വര്‍ഷം ബി.ജെ.പി സര്‍ക്കാറിന്റെ കീഴില്‍ തന്നെയായിരുന്നല്ലോ ലക്ഷദ്വീപ്, അന്നും രാജ്‌നാഥ് സിംഗ് ദ്വീപില്‍ വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ഒരു വാദം ഇപ്പോഴെവിടെ നിന്നാണ് വന്നത്.
വൈക്കം സത്യാഗ്രഹത്തിന് ഗാന്ധി വരുന്നതറിഞ്ഞ് തോണി തുഴഞ്ഞു വന്ന് ഗാന്ധിയെ കണ്ടു മടങ്ങിയ ദ്വീപുകാരെ കുറിച്ചാണ് ഗാന്ധി പ്രതിമ വെക്കാന്‍ സമ്മതിക്കാത്തവര്‍ എന്ന് പറയുന്നത്. രാജ്നാഥ് സിംഗ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ കവരത്തി ദ്വീപില്‍ നിന്നും മറ്റു ദ്വീപില്‍ നിന്നുമെല്ലാം ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. ദ്വീപുകാരുടെ ഗാന്ധി സ്‌നേഹം ചോദ്യം ചെയ്യാന്‍ ഒരിക്കലും ആര്‍ക്കും സാധിക്കില്ല.'' പി.പി. മുഹമ്മദ് ഫൈസൽ എം.പി പറയുന്നു.

ഗാന്ധി പ്രതിമ ദ്വീപില്‍ സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള കവരത്തി വില്ലേജ് പഞ്ചായത്ത് ഇറക്കിയ പ്രമേയം കൂടി മറച്ചുപിടിച്ചാണ്, ഗാന്ധിയെ തുടക്കം മുതലെ സമ്പൂര്‍ണമായി നിരാകരിച്ച സംഘപരിവാര്‍ ‘ഗാന്ധി സ്നേഹം' വിദ്വേഷത്തിലൂടെ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ദ്വീപിലെ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത് ഐക്യകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു എന്നാണ് കവരത്തി വില്ലേജ് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ടി.അബ്ദുല്‍ ഖാദര്‍ ട്രൂകോപ്പി വെബ്സീനോട് പറഞ്ഞത്: ‘‘ഞങ്ങളുടെ കൂടെ ആവശ്യമായിരുന്നു രാഷ്ട്രപിതാവിന്റെ പ്രതിമ ഇവിടെ സ്ഥാപിക്കുക എന്നത്. അല്ലാതെ സംഘപരിവാര്‍ രാഷ്ട്രീയ താല്‍പര്യത്തോടെ പ്രചരിപ്പിക്കുന്നതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല.’’
ഗാന്ധി ആഹ്വാനം ചെയ്ത സമരങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്നവർ പക്ഷെ ദ്വീപ് ജനതയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നു. അവരെ രാജ്യദ്രോഹികളും മതദേഹങ്ങളും ഭീകരവാദികളുമാക്കുന്നു.
ഗാന്ധി ജയന്തിക്ക് ഒരു മാസം മുമ്പ് സെപ്തംബര്‍ ഒന്‍പതിന് കവരത്തി പഞ്ചായത്ത് നടത്തിയ പഞ്ചായത്ത് ബോഡി മീറ്റിങ്ങില്‍, ഒക്ടോബര്‍ രണ്ടിന് ലക്ഷദ്വീപിലേക്കുള്ള കവാടമായ കവരത്തിയിലെ പ്രധാന ജെട്ടിയുടെ പരിസരത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് പറഞ്ഞിരുന്നു. സാധാരണക്കാരിലേക്ക് അധികാരം വികേന്ദ്രീകരിക്കുന്ന പഞ്ചായത്തി രാജ് സംവിധാനം വിഭാവനം ചെയ്യുകയും അതിനെ പ്രചോദിപ്പിക്കുകയും ചെയ്ത ഗാന്ധിയെ കുറിച്ചും മീറ്റിങ്ങിന്റെ പ്രമേയത്തിൽ പരാമര്‍ശമുണ്ട്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തേണ്ട പരിപാടികളും മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തു. ബോഡി മീറ്റിങ്ങിലെ തീരുമാനങ്ങള്‍ ലക്ഷദ്വീപ് പഞ്ചായത്തുകളുടെ ഡയറക്ടറെയും, അഡ്മിനിസ്‌ട്രേറ്ററെയും മറ്റും സെപ്തംബര്‍ 16ന് നല്‍കിയ കത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത അനുഭവമുള്ളവരാണ് ദ്വീപ് ജനത. ഗാന്ധി ആഹ്വാനം ചെയ്ത സമരങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്നവർ പക്ഷെ ദ്വീപ് ജനതയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നു. അവരെ രാജ്യദ്രോഹികളും മതദേഹങ്ങളും ഭീകരവാദികളുമാക്കുന്നു.
""അടിസ്ഥാനപരമായി സംഘപരിവാര്‍ മഹാത്മാഗാന്ധിയുടെ എതിര്‍പക്ഷത്ത് നിന്നവരാണ്. സത്യത്തില്‍ ഗാന്ധി മുന്നോട്ടുവെച്ച ആശയങ്ങളുടെ, മതസൗഹാര്‍ദാധിഷ്ടിതമായ മതവായനയുടെ സമ്പൂര്‍ണ നിരാകരണമാണ് 1923ലെ സവര്‍ക്കറുടെ ഹിന്ദുത്വം. വാളിന്റെ മതമാണ് സവര്‍ക്കറുടെ ഹിന്ദുമതം, അത് വിശ്വാസത്തിന്റെയല്ല എന്നാണ് ഗാന്ധി അതേക്കുറിച്ച് നടത്തിയ പ്രതികരണം.
രണ്ട് 1939 ലെ WE or Our Nationhood Defined എന്ന ഗോള്‍വാക്കറുടെ പുസ്തകത്തില്‍ ഇന്ത്യന്‍ മഹത്വത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സന്ദര്‍ഭത്തില്‍, ചന്ദ്രഗുപ്തന്‍, കൗഡില്യന്‍, ശിവജി, സി.വി രാമന്‍, രവീന്ദ്രനാഥ ടാഗോര്‍, ലാല്‍ബഹദൂര്‍ ശാസ്ത്രി അങ്ങനെ ഇന്ത്യയിലെ എല്ലാ മഹാന്മാരുടെ പേരും പറയുന്നുണ്ട്. ആ പട്ടികയില്‍ 75 പേര് പറയുന്നുണ്ട്. അതില്‍ ഗാന്ധിയുടെ പേരില്ല. അതാണ് 1939ലെ സൈദ്ധാന്തിക കൃതികളുടെ സ്വഭാവം.
സ്വാതന്ത്ര്യാനന്തരം ഇയാളുടെ പ്രഭാഷണങ്ങളെല്ലാം ചേര്‍ത്ത ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകമുണ്ട്. അതില്‍ ഗാന്ധിയുടെ പേരുപോലും പറയാതെ ‘ഹിന്ദു- മുസ്‌ലിം ഐക്യമില്ലാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞവന്‍ രാജ്യവഞ്ചകനാണ്’ എന്നാണ് പറയുന്നത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഏറെക്കുറെ 1930കള്‍ മുതല്‍ പലതവണ നടത്തിയ വധശ്രമം. 1948 ജനുവരി 30ന് അഞ്ചാമത്തെ ശ്രമമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. അതുകഴിഞ്ഞ് 1950 ല്‍ ഗാന്ധിയന്‍ സോഷ്യലിസം എന്ന ഇന്ത്യന്‍ ജനതയുടെ ഓര്‍മകളെ അവഹേളിക്കുന്ന ഒരു വിചിത്ര പൊളിറ്റിക്കല്‍ ടെര്‍മിനോളജിയുമായി രംഗത്തുവന്നു. അതായത് തത്വത്തിലും പ്രയോഗത്തിലും ഗാന്ധിയെ നിരാകരിച്ചവര്‍ തന്നെ 1950ൽ ഗാന്ധിയന്‍ സോഷ്യലിസം കൊണ്ടുവന്നു. അത് പെട്ടെന്ന് പിന്‍വലിച്ചു. 1966ല്‍ നെഹ്റുവിനെ ഉപേക്ഷിക്കാന്‍ വേണ്ടി അവര്‍ ചെയ്ത കാര്യം ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്നു ഉത്തരം പറഞ്ഞു, നെഹ്റുവിനെ തള്ളി. 2003ലാണ് ഗാന്ധിയുടെ ചിത്രത്തിന് മുമ്പില്‍ പാര്‍ലമെന്റില്‍ സവര്‍ക്കറുടെ പടം വെച്ചത്, പിന്നീട് ഈ അടുത്ത കാലത്ത് ഗാന്ധി സങ്കല്പയാത്ര, സ്വച്ഛഭാരത്... അങ്ങനെ എന്തല്ലാം. അതായത് മതസൗഹാര്‍ദം ഉള്‍പ്പെടെയുള്ള ഗാന്ധിയുടെ മൗലിക ആശയങ്ങള്‍ മാറ്റിയിട്ട് ഗാന്ധിയെ ഉപരിതലത്തിലുള്ള ഒരു സാധനമാക്കി അവർ മാറ്റി''- കെ.ഇ.എന്‍ പറയുന്നു.

സര്‍ക്കാറിന്റെ കയ്യിലുള്ള എല്ലാ സ്ഥലങ്ങളിലും ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ ലക്ഷദ്വീപുകാര്‍ക്കോ ഇന്ത്യന്‍ ജനതയ്ക്കോ എതിര്‍പ്പുണ്ടാവില്ല എന്നതാണ് വസ്തുത, ദ്വീപുകാർ ഇപ്പോഴെതിർക്കുന്നത് ദ്വീപുകാരുടെ ഭൂമി തട്ടിയെടുക്കുന്ന കോർപറേറ്റ് കൊള്ളയ്ക്കെതിരെയാണ്. ഗതാഗത തടസമൊന്നുമില്ലാതെ, ലക്ഷദ്വീപ് ജനത സമരം ചെയ്യുന്നത് ഗാന്ധി പ്രതിമ വയ്ക്കുന്നതിന് എതിരെയല്ല ലക്ഷദ്വീപിലെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് എതിരെയാണ്.
""ഒരു ബലപ്രയോഗവും കൂടാതെയാണ് മഹാത്മയുടെ പ്രതിമ കവരത്തിയില്‍ സ്ഥാപിച്ചത്. ലക്ഷദ്വീപില്‍ മഹാത്മാ ഗാന്ധിയുടെ പേരില്‍ ചെത്ത്‌ലത്തിനടുത്ത് നാട്ടുകാര്‍ ബാപ്പുജിയുടെ പേരിട്ട് വിളിക്കുന്ന ഒരു ഗാന്ധി ദ്വീപ് ഉണ്ട്, റോഡുകള്‍ ഉണ്ട്, അന്ത്രോത്തിലെ പഴയ പ്രീഡിഗ്രി കോളേജുണ്ട്, ഇന്നത്തെ പ്ലസ്ടുവിന്റെ പേരും മഹാത്മായുടേതുതന്നെയാണ്. എന്നാല്‍ ഇന്ന് ബാപ്പുവിനോടും, ദേശത്തോടും കൂറ് തെളിയിക്കേണ്ട അവസ്ഥയിലാണ് ഞങ്ങള്‍. ഒരേ സമയം ആടിനോടൊപ്പവും, ആടിനെ കൊന്നിട്ട്, അതേ ആടിന്റെ പേരില്‍ ആഘോഷം നടത്തുന്ന പുലിയോടൊപ്പവും നില്‍കേണ്ട ഗതികെട്ട അവസ്ഥ ഭീകരമാണ്. രണ്ടിലും കാലു വെച്ചില്ലെങ്കില്‍ ദ്വീപുകാരന് ഫ്രീയായി തീവ്രവാദ ചാപ്പയും കിട്ടും. ബാപ്പുജിയെ കൊന്നവരുടെയും, ബ്രിട്ടീഷുകാരന് ഇന്ത്യയെ ഒറ്റു കൊടുത്തവരുടെയും പിന്‍തലമുറ ദ്വീപുകാര്‍ക്ക് രാജ്യസ്‌നേഹത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയാണ്'', കവരത്തി സ്വദേശി സാബിത്ത് ട്രൂകോപ്പി വെബ്‌സീനോട് പറഞ്ഞു.

കെ.ഇ.എൻ പറയുന്നു: ""മുസ്‌ലിം ജനത ഭൂരിപക്ഷമുള്ള കശ്മീര്‍, ലക്ഷദ്വീപ് പോലുള്ള ഇടങ്ങളെ ഒരു മിനി പാക്കിസ്ഥാനാണെന്നാണ് വിചാരധാരയില്‍ പരാമർശിക്കുന്നത്. അങ്ങനെയൊരു മുസ്‌ലിം അപരത്വം സൃഷ്ടിക്കുകയാണ് ഇപ്പോള്‍ സംഘപരിവാര്‍. ജാതിമേല്‍ക്കോയ്മയെന്ന് പറയുന്നത് തന്നെ അപരകേന്ദ്രീകൃതമായി നിലനില്‍ക്കുന്ന ഒരു മര്‍ദക സാമൂഹ്യ സംവിധാനമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രതിമ സ്ഥാപിക്കുക, സ്ഥാപിക്കാതിരിക്കുക എന്നതിനേക്കാള്‍ പ്രധാനം ഈ പ്രതിമയുടെ പേരില്‍ അവര്‍ നേരത്തെ തന്നെ നിര്‍മിച്ചുവെച്ച അപരവിദ്വേഷത്തെ കുറേക്കൂടി സജീവമാക്കുക എന്നതാണ്. ഇന്നവര്‍ പലതരത്തില്‍ കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലുമൊക്കെ നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട്. ആധിപത്യപ്രതിസന്ധിയുണ്ട്. അത് മറച്ചുവെക്കാനുള്ള എക്കാലത്തെയും ഭരണകൂടത്തിന്റെ ചില തന്ത്രങ്ങളാണിത്. കോര്‍പ്പറേറ്റ് വംശീയ താല്‍പര്യങ്ങളുടെ കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റാനുള്ള അജണ്ടയായ്ക്കെതിരെ വമ്പിച്ച പ്രക്ഷോഭമാണ് അവിടെയുണ്ടായത്.അതില്‍ സംഘപരിവാര്‍ പതറിപ്പോയിരുന്നു. അതിനെ അതിജീവിക്കാന്‍ അവര്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിലൊന്നാണ് സത്യത്തില്‍ ഈ പ്രതിമവിവാദം.
ദ്വീപിലെ ജനതയെ സംബന്ധിച്ച് അവരുടെ ജീവല്‍പ്രശ്നമാണ് പ്രധാനം. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഒരു പൊതുരീതി, ഏതെങ്കിലും ഒരു സമരം വരുമ്പോള്‍ അതിന്റെ തുടക്കത്തില്‍ വാര്‍ത്തയുടെ ആഘോഷമുണ്ടാകും. അതുകഴിഞ്ഞാല്‍ പതുക്കെ പതുക്കെ വാര്‍ത്ത കുറയും. പിന്നെ പുതിയ പ്രശ്നം വരുമ്പോള്‍ വാര്‍ത്ത അതിന്റെ പിറകേ പോകും. ഇപ്പോള്‍ കര്‍ഷക സമരം മൂന്നൂറ് ദിവസം കഴിഞ്ഞു. അത് ഗംഭീര സമരമാണ്. ആ സമരത്തെക്കുറിച്ച് ആദ്യകാലം വന്ന വാര്‍ത്തകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും നോക്കൂ. ഒടുവില്‍ വാര്‍ത്തകള്‍ വന്നത് വാഹനമിടിച്ചുകയറ്റി ആളെക്കൊന്നപ്പോഴല്ലേ. അതായത് നമ്മുടെ നാട്ടിലുണ്ടാവുന്ന ജനകീയ പ്രതിരോധങ്ങളെ അത്ഭുതമായിട്ടോ കൗതുകമായിട്ടോ അല്ലെങ്കില്‍ ഒരു പ്രതിസന്ധിയുടെ സമയത്തോ അടയാളപ്പെടുത്തുകയല്ലാതെ അതിന് വലിയ പ്രാധാന്യം കിട്ടാതെ പോകുന്നുണ്ട്.
ലക്ഷദ്വീപില്‍ പ്രത്യക്ഷ സമരം നടന്നപ്പോള്‍ വാര്‍ത്തകളൊക്കെ വന്നു. സര്‍ക്കാര്‍ അവരുടെ നിലപാടൊന്നും പിന്‍വലിച്ചിട്ടില്ല. ജനങ്ങള്‍ അവരുടെ പ്രതിരോധവും പിന്‍വലിച്ചിട്ടില്ല. പക്ഷേ അത് മറ്റ് പുതിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ മറ്റ് വിഷയങ്ങളിലേക്ക് പോകുന്നു. അങ്ങനെയൊരു അന്തരീക്ഷമുണ്ട്. ആ അന്തരീക്ഷത്തില്‍ ഈ പ്രതിമവരുമ്പോള്‍ അതിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കും. കുറച്ചുകഴിഞ്ഞാല്‍ അതിനും പ്രാധാന്യം ഉണ്ടാവില്ല.''▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.