Friday, 26 November 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 21


Text Formatted

ഒമാന്‍ ലാബിലെ പരീക്ഷണങ്ങള്‍

"ഞാന്‍ ജോലി പഠിക്കാന്‍ വന്നതല്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു കമ്പനിയില്‍ 15 കൊല്ലത്തെ പരിചയമുണ്ടെനിക്ക്'', ഞാന്‍ പറഞ്ഞതു കേട്ടപ്പോള്‍ വിശ്വാസം വരാതെ അയാള്‍ എന്നെ നോക്കി.

Image Full Width
Image Caption
ചിത്രീകരണം : പ്രദീപ് പുരുഷോത്തമന്‍
Text Formatted

രുഭൂമിയിലൂടെ അഞ്ചു മിനിറ്റ് വണ്ടിയോടിക്കാണും, ഒരു സെക്യൂരിറ്റി ഗേറ്റ് കാണാറായി.
ഇതിനിടയില്‍ നമ്മുടെ സുഹൃത്ത് പേരു പറഞ്ഞു - സുലൈം. 
ചങ്ങാതി അടുത്ത ചോദ്യവും ചോദിച്ചു, ‘‘ആര്‍ യു ഹിന്ദു?''(ബാബറി മസ്ജിദ് പൊളിച്ച സമയമാണ്!) 
ഞാന്‍ പറഞ്ഞു, ‘‘ഐ വാസ് ബോണ്‍ ആസ് ഹിന്ദു. ബട്ട് ഐ ആം നോട്ട് ദാറ്റ് റിലിജിയസ്.''
ചങ്ങായിക്ക് അത് ബോധിച്ചോ ആവോ! പിന്നീട് അക്കാര്യം ചോദിച്ചില്ല. ഒമാന്‍ പൊലീസ് കാവല്‍ നില്‍ക്കുന്ന ഗേറ്റ് കടന്ന് ക്യാമ്പിലേയ്ക്ക് വണ്ടി പ്രവേശിച്ചു. നിറയെ മരങ്ങളും പുല്‍ത്തകിടികളും മനോഹരമായ കെട്ടിടങ്ങളുമുള്ള ഒരു സ്ഥലം. പെട്ടെന്ന് ഒരു അത്ഭുതലോകത്തെത്തിയപോലെ! വണ്ടി പാര്‍ക്ക് ചെയ്ത് എന്നെ ലാബിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഒമാനി വേഷമണിഞ്ഞ, താടി നീട്ടിവളര്‍ത്തിയ ഒരു സാത്വികന്‍ ലാബ് സൂപ്പര്‍വൈസറുടെ കസേരയിലിരിക്കുന്നു. നിറഞ്ഞ ചിരിയോടെ എഴുന്നേറ്റ് കൈനീട്ടി ഹസ്തദാനം ചെയ്തു. എന്റെ പിരിമുറുക്കം പാതി കുറഞ്ഞു! പേര് പറഞ്ഞു, ‘‘അബ്ദുള്ള അല്‍ മഖ്ബാലി'' 

രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി കാന്റീനിലേയ്ക്ക് നടന്നു. നിറയെ ആളുകളാണ്. ആവശ്യമുള്ളത് എടുത്ത് കഴിക്കാം. കോണ്ടിനെന്റല്‍, അറബിക്ക്, ഇന്ത്യന്‍ സ്‌റ്റൈലിലുള്ള ഭക്ഷണങ്ങളുണ്ട്. പല രാജ്യക്കാരായ ആളുകള്‍ ഇടകലര്‍ന്നിരുന്ന് ഭക്ഷണം കഴിക്കുന്ന കൗതുകകരമായ കാഴ്ച!

അത്ര വലുതൊന്നുമല്ല ലാബ്.
ലാബില്‍ കയറണമെങ്കില്‍ കവറോളും (പാന്റും ഷര്‍ട്ടും ചേര്‍ന്നൊരു സാധനം!) സേഫ്റ്റി ഷൂസും, സുരക്ഷാ കണ്ണടയും (സേഫ്റ്റി ഗോഗ്ള്‍സ്) നിര്‍ബന്ധം. കവറോള്‍ അവിടെയുണ്ട്. എന്റെ സൈസിലുള്ള ഷൂസ് ഇല്ല. അത് അടുത്ത ദിവസത്തെ ഫ്‌ളൈറ്റില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തു. റൂം റെഡിയായിട്ടുണ്ട്. ലഞ്ച് സമയം കഴിഞ്ഞിരുന്നു. പക്ഷേ നേരത്തേ പറഞ്ഞു വച്ചിട്ടുണ്ട്. അബ്ദുള്ള എന്നോടൊപ്പം കാന്റീനിലേയ്ക്ക് വന്നു. വിശാലമായ കാന്റീന്‍ ഒരു ഫൈവ്സ്റ്റാര്‍ റെസ്റ്റോറന്റിനെ ഓര്‍മിപ്പിച്ചു. അവിടുത്തെ സ്റ്റുവാര്‍ഡിനെ പരിചയപ്പെടുത്തി. ഭക്ഷണ സമയമൊക്കെ പറഞ്ഞുതന്നു. കുറച്ചു ഭക്ഷണം കഴിച്ചു. താവൂസ് എന്നൊരു കമ്പനിക്കാണ് ഭക്ഷണത്തിന്റേയും സ്‌കീപ്പിങ്ങിന്റേയും ചുമതലകള്‍. അബ്ദുള്ള തന്നെ കൂടെ വന്ന് റൂം കാണിച്ചുതന്നു. നല്ല സൗകര്യമുള്ള മുറി. ഫ്രിഡ്ജും ടി.വിയുമൊക്കെയുണ്ട്. ടോയ്​ലെറ്റ് വരാന്തയിലേയ്ക്കാണ് തുറക്കുന്നത്. അതുകൊണ്ട് മുറിയില്‍നിന്ന് വരാന്തയിലിറങ്ങിവേണം ടോയ്​ലെറ്റില്‍ പോവാന്‍. എല്ലാം നല്ല വൃത്തിയുള്ള മുറികള്‍. മുറി പൂട്ടുന്ന ഏര്‍പ്പാടില്ല. രാവിലെ 7 മണിമുതല്‍ വൈകിട്ട് 5 വരെയാണ് ലാബ് സമയം. ഉച്ചക്ക് 12 മണിയോടെ ലഞ്ച് കഴിക്കാം. അതു കഴിഞ്ഞാല്‍ 1.30 ആവുമ്പോള്‍ ലാബിലെത്തിയാല്‍ മതി. സമയം നാലു മണിയോട് അടുക്കുന്നതേയുള്ളൂ. അബ്ദുള്ള പോയശേഷം ഇനിയെന്ത് എന്നാലോചിച്ച് കുറച്ചുനേരം വരാന്തയിലൂടെ നടന്നു. അതിനിടക്ക് മൂന്നു നാലുപേര്‍ എന്നെക്കടന്നു പോയി. അവര്‍ സംസാരിച്ചിരുന്നത് മലയാളത്തിലാണെന്ന് എനിക്കു തോന്നി. എന്തായാലും അവിടെ മലയാളികള്‍ ഉണ്ടാവുമെന്നും കണ്ടുപിടിക്കാമെന്നും ഒരു തോന്നലുണ്ടായി.

Pradeep Purushothaman

രാത്രിയായപ്പോള്‍ അബ്ദുള്ള റൂമില്‍ വന്നു. സുഖവിവരങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ രണ്ടു ജോടി കവറോളും ഗോഗ്ള്‍സും തന്നു. നാളെയേ ഷൂസ് എത്തൂ. തല്ക്കാലം ഇട്ടിരിക്കുന്ന ഷൂസുമായി നാളെ വന്നോളൂ എന്നുപറഞ്ഞ് അദ്ദേഹം പോയി. വളരെ സൗമ്യനായ മനുഷ്യന്‍. സംസാരിക്കുന്നതു തന്നെ വളരെ മൃദുവായിട്ടാണ്. ഒരു സൂപ്പര്‍വൈസറുടെ തലക്കനമൊന്നും കാണിക്കുന്നില്ല. വളരെ സമാധാനം തോന്നി.
രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി കാന്റീനിലേയ്ക്ക് നടന്നു. 6 മണി മുതലാണ് ക്യാന്റീന്‍. നിറയെ ആളുകളാണ്. ആവശ്യമുള്ളത് എടുത്ത് കഴിക്കാം. കോണ്ടിനെന്റല്‍, അറബിക്ക്, ഇന്ത്യന്‍ സ്‌റ്റൈലിലുള്ള ഭക്ഷണങ്ങളുണ്ട്. പല രാജ്യക്കാരായ ആളുകള്‍ ഇടകലര്‍ന്നിരുന്ന് ഭക്ഷണം കഴിക്കുന്ന കൗതുകകരമായ കാഴ്ച!

7 മണിക്ക് ലാബിലെത്തി. അബ്ദുള്ള അവിടത്തെ സേഫ്റ്റി കാര്യങ്ങളെക്കുറിച്ചും ലാബിന്റെ മൊത്തം പ്രവര്‍ത്തനത്തെപ്പറ്റിയുമൊക്കെ പറഞ്ഞു തന്നു. ശേഷം ലാബിലെ അനാലിസിസ് ഹാളിലേയ്ക്ക് കൊണ്ടുപോയി. അവിടെ ഒരാള്‍ നിറഞ്ഞ ചിരിയോടെ നില്‍ക്കുന്നു! എന്റെ യാത്രാപ്രശ്‌നം പരിഹരിച്ചുതന്ന ജാസിം എന്ന ജാസിം - അല്‍ -ഡാര്‍വിഷി! പെട്ടെന്ന് ചങ്ങാതിയായി! സുലൈമിന് അതത്ര പിടിച്ച ഒരു മട്ടു കാണുന്നില്ല! അവിടത്തെ വര്‍ക്കുകളെപ്പറ്റി പറഞ്ഞു തന്നു. അത്ര വലിയ വര്‍ക്കുകളൊന്നുമില്ല. അല്‍പം ആഞ്ഞു പിടിച്ചാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് തീര്‍ക്കാവുന്നതേയുള്ളൂ എന്നെനിക്ക് മനസ്സിലായി.

വ്യാഴാഴ്ചയായാല്‍ സുലൈമിന് വലിയ സന്തോഷമാണ്, അന്ന് പാട്ടും ബഹളവുമൊക്കെയാവും. ഞാന്‍ ജാസിമിനോട് കാര്യം തിരക്കി. ജാസിം ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘വെള്ളിയാഴ്ചയാണ് കശാപ്പ് ചെയ്യാനുള്ള ആടിനെയും കാളയേയുമൊക്കെ കൊണ്ടുവരുന്നത്.’’

അന്നേ അവിടെ വലിയ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കും ഇന്റര്‍നെറ്റുമൊക്കെ ഉണ്ടായിരുന്നു. വൈകിട്ട് 4 മുതല്‍ രാവിലെ 8 വരെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അക്‌സെസ് ചെയ്യാം. ബാക്കി സമയം ബ്ലോക്ക് ചെയ്തിരിക്കും. ലബോറട്ടറി ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം എന്ന ലിംസ് പ്ലാറ്റ്‌ഫോമിലാണ് അനാലിസിസ് റിപ്പോര്‍ട്ടുകളൊക്കെ തയ്യാറാക്കുന്നതും അയയ്ക്കുന്നതും. ജാസിം വളരെ സൗഹൃദപരമായാണ് പെരുമാറിയിരുന്നത്. സുലൈം തിരിച്ചും! അയാള്‍ ചെയ്യുന്ന അനാലിസിസ് കഴിഞ്ഞാല്‍ അതിന്റെ കുപ്പികളും ബീക്കറുകളുമൊക്കെ എന്റെ ടേബ്ബിളിലെ സിങ്കില്‍ കൊണ്ടു വയ്ക്കും. അതൊക്കെ ഞാന്‍ കഴുകണം എന്നൊരു ധിക്കാരപരമായ നിലപാട്! സൊല്യൂഷനുകള്‍ തീര്‍ന്നാല്‍ എടുത്തുകൊണ്ടു വയ്ക്കാന്‍ എന്നോട് ആവശ്യപ്പെടാന്‍ തുടങ്ങി. ഞാന്‍ അബ്ദുള്ളയോട് പറഞ്ഞു, ‘‘ഞാന്‍ ലാബ് അസിസ്റ്റൻറ്​ അല്ല, കെമിസ്റ്റ് ആണ്. എന്റെ ജോലിയുടെ ഭാഗമായുള്ള ക്ലീനിങ് ഒക്കെ ഞാന്‍ തന്നെ ചെയ്യും, മറ്റൊരാള്‍ ചെയ്യുന്നത് ക്ലീന്‍ ചെയ്യാന്‍ എനിക്ക് പറ്റില്ല.'' 

അബ്ദുള്ള അത് ഗൗരവമായെടുത്ത്, സുലൈമിനെ വിളിച്ച് സംസാരിച്ചു. പിന്നീട് വലിയ പ്രശ്‌നമുണ്ടായില്ലെങ്കിലും എന്നോട് ഒരു നീരസം അയാള്‍ക്കുള്ളതായി തോന്നി. വ്യാഴാഴ്ചയായാല്‍ സുലൈമിന് വലിയ സന്തോഷമാണ്, അന്ന് പാട്ടും ബഹളവുമൊക്കെയാവും. ഞാന്‍ ജാസിമിനോട് കാര്യം തിരക്കി. ജാസിം ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘വെള്ളിയാഴ്ചയാണ് കശാപ്പ് ചെയ്യാനുള്ള ആടിനെയും കാളയേയുമൊക്കെ കൊണ്ടുവരുന്നത്. അതിനേ ബിസ്മി ചൊല്ലി അറുക്കുന്ന ചുമതല ഈ കക്ഷിക്കാണ്. അതിന്റെ സന്തോഷമാണിത്!'' 
എനിക്ക് അത്ഭുതവും പരവേശവും തോന്നി.

ജാസിം പറഞ്ഞിട്ടാണ് അവിടത്തെ സ്ഥിതിഗതികള്‍ ഏകദേശം മനസ്സിലായത്. ഓയില്‍ ഡ്രില്ലിംഗിലും ഓപ്പറേഷനുകളിലും ഇന്‍സ്ട്രുമെന്റേഷനിലുമെല്ലാം വിദേശികളാണ് പി.ഡി.ഒയില്‍ അധികവും. അതുകൊണ്ട് നാട്ടുകാരെ റിക്രൂട്ട് ചെയ്യുന്ന 'ഒമനൈസേഷന്‍' എന്ന പരിപാടി പി.ഡി. ഒ യില്‍ തുടങ്ങി. അതനുസരിച്ച് ആദ്യം ലബോറട്ടറിയാണ് ഒമനൈസേഷനായി അവര്‍ തെരഞ്ഞെടുത്തത്. ഒമാനികളെ ട്രെയിനിങ് നല്‍കി കെമിസ്റ്റ് ആക്കി നിയമിച്ച് ലബോറട്ടറികളില്‍നിന്ന് മറ്റു രാജ്യക്കാരെ പൂര്‍ണമായും ഒഴിവാക്കി. പക്ഷേ അപ്പോഴാണ് കുഴപ്പമായത്. ലാബിന്റെ പ്രവര്‍ത്തനങ്ങളെ അത് ബാധിച്ചു. നാട്ടുകാരായ പല കെമിസ്റ്റുമാര്‍ക്കും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ ഓരോ പ്രൊജക്റ്റുകളുടെ പേരും പറഞ്ഞ് കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ കെമിസ്റ്റുമാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ തീരുമാനിച്ച് ജിയോകെം എന്ന ദുബായ് കമ്പനിയുമായി കരാറൊപ്പിട്ടു. അങ്ങനെ പി.ഡി.ഒ യുടെ ഓരോ ലാബിലും ഓരോ കരാര്‍ അടിസ്ഥാനത്തിലുള്ള കെമിസ്റ്റുമാര്‍. അക്കൂട്ടത്തില്‍ ബാഹ്ജ ലാബില്‍ ഞാനും.

Pradeep Purushothaman

പത്തുമണിയോടെ ലാബില്‍ ക്ലീനിങ്ങിനായി ഒരു പയ്യന്‍ വന്നു. മെലിഞ്ഞ് ഒരു 20-21 വയസ്സുതോന്നിക്കുന്ന പയ്യന്‍. അവനവിടം ക്ലീന്‍ ചെയ്തശേഷം എന്റടുത്തേക്കുവന്നു. കര്‍ണ്ണാടകക്കാരനാണ് - റയീസ് അഹമ്മദ്. അവനെപ്പറ്റി ഒരുപാട് പറയാനുണ്ട്. അത് പിന്നീടാകാം. ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ തൊട്ടടുത്ത ഓഫീസില്‍ കമ്പ്യൂട്ടര്‍ സെക്ഷനില്‍ മലയാളികളുണ്ട്, അവരെ പരിചയപ്പെടുത്തിത്തരാം എന്നായി അവന്‍. അങ്ങനെ രണ്ടുപേരെ പരിചയപ്പെടുത്തിത്തന്നു. തലേദിവസം വരാന്തയിലൂടെ മലയാളം സംസാരിച്ചുപോയവര്‍! അവര്‍ക്കും സന്തോഷമായി. അവിടെ ലാബില്‍ വരുന്ന ആദ്യത്തെ മലയാളിയാണത്രേ ഞാന്‍! ലാബില്‍ എപ്പോഴും ധാരാളം കുടിവെള്ളം ലഭ്യമായിരിക്കും. അവിടെയുള്ളവര്‍ക്ക് അത് ഉപയോഗിക്കാം. മറ്റു സെക്ഷനുകളിലുള്ളവര്‍ക്ക് കുടിവെള്ളക്കുപ്പികള്‍ കാശുകൊടുത്ത് വാങ്ങണം. അതുകൊണ്ട് ലാബിലുള്ളവരുമായി കണക്ഷന്‍ ഉണ്ടാക്കാന്‍ എല്ലാവര്‍ക്കും വലിയ താല്പര്യമാണ്. കമ്പ്യൂട്ടറിലുള്ള ഒരാള്‍ എറണാകുളത്തുനിന്നും മറ്റേയാള്‍ കൊട്ടാരക്കരയില്‍നിന്നുമാണ്. അവര്‍ അവരുടെ റൂമിലേക്ക് ക്ഷണിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഏതെങ്കിലും ഒരു റൂമില്‍ ഒത്തുകൂടുക പതിവായി.

‘‘നിങ്ങളുടെ കോണ്‍ട്രാക്ടര്‍ ഒരു കള്ളനാണ്. ഇവിടെ അയാള്‍ വിടുന്ന കെമിസ്റ്റുമാര്‍ ജോലി ഇവിടെ വന്നാണ് പഠിക്കുന്നത്'' എന്നയാള്‍ പറഞ്ഞു.

ഞാന്‍ റൂമൊക്കെ ഒന്ന് അറേഞ്ച് ചെയ്തിട്ട് ആദ്യം ചെയ്തത് കൂടെക്കൊണ്ടുപോയ കലണ്ടര്‍ ഭിത്തിയില്‍ തൂക്കുകയാണ്. ചെന്ന ദിവസം 90 എന്ന് മാര്‍ക്ക് ചെയ്തു. അടുത്ത ദിവസം 89, അങ്ങനെ ഓരോ ദിവസവും കൗണ്ട്ഡൗണ്‍ ചെയ്യാന്‍ തുടങ്ങി! രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് ആ ദിവസം കലണ്ടറില്‍ വെട്ടിക്കളഞ്ഞ് ഒരു ദിവസം കുറയ്ക്കുകയാണ്! ദിവസങ്ങള്‍ക്ക് നീളം കൂടിയെന്നും പതിയെയാണ് ദിവസങ്ങള്‍ കഴിയുന്നതെന്നും തോന്നിത്തുടങ്ങി!

നാലഞ്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജാസിമിന് ഡ്യൂട്ടി കഴിയാറായി. ഇനി 14 ദിവസം കഴിഞ്ഞേ വരൂ. പകരം വരുന്നത് മൊഹമ്മദ് അല്‍ സപ്തിയാണ്. മൊഹമ്മദ് വളരെ നല്ലൊരു ചെറുപ്പക്കാരന്‍. വേഗം സൗഹൃദത്തിലായി. ജാസിം ഇടയ്ക്കിടക്ക് വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. മൊഹമ്മദും സുലൈമിന്റെ എന്നോടുള്ള പ്രവര്‍ത്തികള്‍ വീക്ഷിച്ചുകൊണ്ടിരുന്നു. ചില സമയങ്ങളില്‍ ശാസിക്കുകയും ചെയ്തു. ജാസിം പോയതോടൊപ്പം അബ്ദുള്ളയും പോയി. പകരം വന്നത് റാഷിദ് അല്‍ സഖ്വാനി എന്നൊരു പക്കാ മുടരന്‍! ചുരുണ്ടമുടിയും ആകാരവുമൊക്കെ ഒരു ആഫ്രിക്കന്‍ വംശജനെ ഓര്‍മിപ്പിച്ചു. ജോലികഴിഞ്ഞാല്‍ മറ്റ് ക്യാമ്പുകളിലെ ലാബുകളിലുള്ള മലയാളി കെമിസ്റ്റുകളുമായി ഫോണില്‍ സംസാരിക്കുക പതിവാണ്. ഒരുദിവസം റാഷിദ് ലാബിലേയ്ക്ക് വരുമ്പോള്‍ ഞാനങ്ങനെ ഒരാളുമായി ഫോണില്‍ സംസാരിക്കുകയാണ്. അതയാള്‍ക്ക് പിടിച്ചില്ല. അഹമ്മദിനോട് ‘‘ഇയാളെന്താ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ഇയാള്‍ക്ക് ജോലി കൊടുക്കൂ'' എന്നാക്രോശിച്ചു. 

Pradeep Purushothaman

അഹമ്മദ് ‘‘അതിന് അയാള്‍ ജോലിയെല്ലാം ചെയ്തു കഴിഞ്ഞല്ലോ.'' എന്നു പറഞ്ഞു. 
റാഷിദിന് അതത്ര പിടിച്ചില്ല. തിരികെ ഓഫീസിലേയ്ക്ക് നടന്നപ്പോള്‍ ഞാനും പിറകേ ചെന്നു. ‘‘എനിക്ക് തന്നിട്ടുള്ള ജോലികളെല്ലാം കൃത്യമായി ചെയ്തുതീര്‍ത്തിട്ടുണ്ട്. വേറേ ജോലിയുണ്ടെങ്കില്‍ പറഞ്ഞാല്‍ ചെയ്യാം. ജോലി ചെയ്യാതെ ഫോണ്‍ ചെയ്യാറില്ല'' എന്നു ഞാന്‍ പറഞ്ഞത് അയാള്‍ക്കത്ര പിടിച്ചില്ല.
‘‘നിങ്ങളുടെ കോണ്‍ട്രാക്ടര്‍ ഒരു കള്ളനാണ്. ഇവിടെ അയാള്‍ വിടുന്ന കെമിസ്റ്റുമാര്‍ ജോലി ഇവിടെ വന്നാണ് പഠിക്കുന്നത്'' എന്നയാള്‍ പറഞ്ഞു.
‘‘ഞാന്‍ ജോലി പഠിക്കാന്‍ വന്നതല്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു കമ്പനിയില്‍ 15 കൊല്ലത്തെ പരിചയമുണ്ടെനിക്ക്'', ഞാന്‍ പറഞ്ഞതുകേട്ടപ്പോള്‍ വിശ്വാസം വരാതെ അയാള്‍ എന്നെ നോക്കി.
‘‘അതേതു കമ്പനി?''
‘‘ഫാക്ട്''
‘‘അത്ര വലിയ കമ്പനിയാണോ? എത്ര ജോലിക്കാരുണ്ട് അവിടെ?''
‘‘പതിനായിരത്തിനുമുകളില്‍''
അയാളുടെ കണ്ണിലൊരു അത്ഭുതഭാവം!
‘‘അത്രയും വലിയ കമ്പനിയോ!'' (അന്ന് പി.ഡി.ഒയില്‍ 5000ല്‍ താഴെ ജീവനക്കാരേയുണ്ടായുള്ളൂ. അതുവച്ച് പി.ഡി.ഒ യെക്കാളും വളരെ വലിയ കമ്പനിയാവും ഫാക്ട് എന്ന് അയാള്‍ കണക്കുകൂട്ടി!)
‘‘എന്തൊക്കെ സൗകര്യങ്ങളുണ്ട്?''
കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല. ‘‘ഞങ്ങള്‍ക്ക് ഫ്രീ ക്വാര്‍ട്ടേഴ്‌സുണ്ട്. കുട്ടികള്‍ക്ക് ഫ്രീയായി പഠിക്കാന്‍ സ്‌കൂളുകളുണ്ട്. മറ്റെല്ലാ സൗകര്യങ്ങളുമുള്ള വലിയ ടൗണ്‍ഷിപ്പുണ്ട്..''
റാഷിദിന്റെ മുഖം കുനിഞ്ഞു. എന്നിട്ടയാള്‍ പതിയെ പറഞ്ഞു, ‘‘ദെന്‍ യുവര്‍ കമ്പനി ഈസ് എ വെരിഗുഡ് കമ്പനി!''
‘‘ദെന്‍ വൈ ഡിഡ് യു കം ഹിയര്‍?'' ഇത്രയും സൗകര്യമൊക്കെ ഉപേക്ഷിച്ച് എന്തിനാണ് വന്നതെന്നാണ് ചോദ്യം. അതിന്റെ മുന എനിക്ക് പിടിക്കിട്ടി!
ഞാന്‍ അലക്ഷ്യമായി പറഞ്ഞു, ‘‘ഹി കോള്‍ഡ് മി ആന്‍ഡ് റിക്വസ്റ്റെഡ് മൈ സര്‍വീസ്. ഐ അക്‌സെപ്റ്റഡ് ഇറ്റ് ഫോര്‍ എ ചെയ്ഞ്ച്. ഐ വില്‍ റിട്ടേണ്‍ ടു മൈ കമ്പനി ആഫ്റ്റര്‍ ത്രീ മന്ത്‌സ്!''
അയാള്‍ക്ക് അത്ഭുതം! ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല!
ഞാന്‍ പറയും എന്ന് ഞാനും! 
അയാള്‍ നിലംപരിശായി എന്ന് എനിക്ക് മനസ്സിലായി.
പതിയെ ഭാവത്തിലൊക്കെ മാറ്റം വന്നു.
സംബോധന ചെയ്യുന്നത് ‘‘മൈ ഫ്രണ്ട്'' എന്നായി!

കമ്പ്യൂട്ടറിലെ മലയാളികളോട് അയാള്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ‘‘അയാള്‍ക്ക് ഇവിടെ വരേണ്ട ആവശ്യമൊന്നുമില്ല, അവിടെ നല്ലൊരു കമ്പനിയില്‍ നല്ല ജോലിയുള്ള ആളാണ്. വെറുതേയൊരു ചേയ്ഞ്ചിനു വന്നതാണ്. അയാള്‍ ഇവിടെ നില്‍ക്കാനൊന്നും പോവുന്നില്ല.''
അതോടെ റാഷിദിന് എന്നോട് അല്പം ബഹുമാനമൊക്കെ തോന്നിത്തുടങ്ങി!
ആ ബഹുമാനം പതിന്മടങ്ങ് വര്‍ദ്ധിക്കാന്‍ ഒരു സംഭവം പിറകേയുണ്ടായി! 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

പ്രദീപ് പുരുഷോത്തമന്‍

ഫാക്​ട്​ മണ്ണുപരിശോധനാകേന്ദ്രം തലവനായിരുന്നു. ചിത്രകാരനാണ്​.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM