Tuesday, 28 March 2023

മുസ്​ലിം വിദ്വേഷത്തിന്റെ രാഷ്​ട്രീയം


Text Formatted

ഇസ്‌ലാമിലേക്കുള്ള മതംമാറ്റം: ഭീതിയും വിരോധവും
അവബോധങ്ങളായി മാറുമ്പോള്‍

ഇസ്‌ലാമിലേക്കുള്ള മതം മാറ്റത്തെ ലൗ ജിഹാദ് എന്നും തീവ്രവാദത്തിലേക്കുള്ള വഴി എന്നും മുദ്രകുത്തി ഭീതി പരത്തുന്ന സാഹചര്യത്തില്‍ മുസ്‌ലിം വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയും ഇന്ത്യയിലെ, പ്രത്യേകിച്ച്​, കേരളത്തിലെ സാമുദായികതയെ സംബന്ധിച്ച ധാരണകളെയും കുറിച്ച്​ ഒരു വിശകലനം

Image Full Width
Image Caption
ചേരമാൻ ജുമാ മസ്ജിദ്‌
Text Formatted

‘എന്നെ ടി.എന്‍. ജോയ് എന്നുവിളിക്കാതെ നജ്മല്‍ ബാബു എന്നു വിളിച്ചതിന്റെ രാഷ്ട്രീയത്തെ ഞാന്‍ ബഹുമാനിക്കുന്നു.' 
- നജ്മല്‍ ബാബു    

തപരമായ സ്വത്വസ്ഥാപനമെന്ന നിലയിലും വ്യക്തികാമന എന്ന നിലയിലും മറ്റനേകം രാഷ്ട്രീയ താല്‍പര്യങ്ങള്‍ എന്ന നിലയ്ക്കും  മതം മാറ്റം നടക്കാറുണ്ട്. എന്നാല്‍ ഇസ്‌ലാമിലേക്കുള്ള മതം മാറ്റത്തെ ലൗ ജിഹാദ് എന്നും തീവ്രവാദത്തിലേക്കുള്ള വഴി എന്നും മുദ്രകുത്തി ഭീതി പരത്തുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും ബാധിക്കുന്ന മുസ്‌ലിം വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ പ്രത്യേകിച്ചും ഇന്ത്യയിലെ, കേരളത്തിലെ സാമുദായികതയെ സംബന്ധിച്ച ധാരണകളെ പുനര്‍വിചിന്തനം ചെയ്തുകൊണ്ട് മനസ്സിലാക്കേണ്ടതുണ്ട്. എപ്പോഴും സ്വയം വിശദീകരിക്കേണ്ടതും ന്യായീകരിക്കേണ്ടതും കുറ്റസമ്മതം നടത്തേണ്ടതുമായ മുസ്‌ലിം സാമുദായിക സ്വത്വത്തെ കുറിച്ചുള്ള കൂടുതല്‍ സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്. നജ്മല്‍ ബാബുവിന്റെ മുകളില്‍ സൂചിപ്പിച്ച വാക്കുകള്‍ അത്തരം പ്രതിരോധത്തിന്റെ രാഷ്ട്രീയമാകുന്നതും അങ്ങനെയാണ്. 

ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആഗമനവും വളര്‍ച്ചയും തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു. മുസ്‌ലിംകളുടെ സഹവര്‍ത്തിത്വത്തിലൂന്നിയ പെരുമാറ്റവും അടിമത്തം പേറിയിരുന്ന കീഴാള ജനത ഇസ്‌ലാമിനെ മോചനമാര്‍ഗമായി കണ്ടതും വരേണ്യതയെ സധൈര്യം വെല്ലുവിളിച്ചവരോടുള്ള ആരാധനാഭാവമുമൊക്കെ ഇസ്‌ലാമിന്റെ വളര്‍ച്ചയെ സഹായിച്ച ഘടകങ്ങളാണ്. എന്നാല്‍ നവോത്ഥാനം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കല- സാഹിത്യം - വിജ്ഞാനം - വാസ്തുവിദ്യ - ശില്‍പ ചാതുരി തുടങ്ങി സമസ്ത വിജ്ഞാന മേഖലകളിലുമുള്ള ഇസ്‌ലാമിന്റെ സംഭാവനകള്‍ തിരസ്‌കരിക്കപ്പെടുകയാണുണ്ടായത്.
പ്രബുദ്ധ കേരളത്തിന്റെ ലിബറല്‍ സെക്യുലര്‍ സാമൂഹ്യ ചരിത്രരചന നടത്തിയവര്‍ പോലും മുസ്‌ലിം നവോത്ഥാനത്തെയും മുസ്‌ലിംകള്‍ സൃഷ്ടിച്ച നവോത്ഥാനത്തെയും വിശദീകരിക്കാന്‍ പാടുപെടുകയാണ്.  ജാതിവ്യവസ്ഥ, അയിത്തം തുടങ്ങിയ വിവേചനങ്ങള്‍ക്കെതിരെ ശബ്ദിച്ച മുസ്‌ലിം നേതാക്കളെ മുഖ്യധാരയില്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് പിന്‍വലിയുന്ന ഭീരുത്വമാണ് നവോത്ഥാന ചരിത്രകാരന്മാരില്‍ പോലും പ്രകടമായത്. ഹിന്ദുത്വ വരേണ്യ ഉച്ചനീചത്വങ്ങളോട് നിരന്തരം പോരാടിയ മുസ്‌ലിംകളെ കൊളോണിയല്‍ ചരിത്രകാരന്മാര്‍ ചാര്‍ത്തിയ മാപ്പിള ഫനാറ്റിസം (മതഭ്രാന്ത്, ഹാലിളക്കം) തുടങ്ങിയ ഹീനപദങ്ങളുപയോഗിച്ച് വിളിക്കാന്‍ യാതൊരു വിരക്തിയും അവര്‍ കാണിച്ചതുമില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

അവര്‍ണ ജാതിയില്‍ പെട്ട ഒരു വ്യക്തി ഇസ്​ലാം മതം സ്വീകരിച്ചാല്‍ മുസ്​ലിം ജനതയ്ക്ക് ലഭ്യമായിരുന്ന സര്‍വ അവകാശങ്ങളും ആ വ്യക്തിക്കും പ്രാപ്യമായി. ഇവിടുത്തെ ഹിന്ദു രാജാക്കന്മാരും നാടുവാഴികളും അക്കാര്യത്തില്‍ തടസവാദങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല.

‘‘തുറകളില്‍ ശക്തരാവുകയും സാഹസിക ജീവിതക്രമം സൃഷ്ടിക്കുകയും ചെയ്ത് സ്വത്വരൂപീകരണം നടത്തിയ മാപ്പിള സമുദായം ഉള്‍നാടുകളില്‍ ചെറുകച്ചവടക്കാരും കര്‍ഷകരുമായാണ് കുടിയേറിയത്. ആദ്യകാലത്ത് തീരങ്ങളില്‍ മാത്രമായി കണ്ട ജീവിത സാന്നിധ്യം അങ്ങനെ ഉള്‍നാടുകളിലും മലനാടുകളിലുമെത്തിച്ചത് മാപ്പിളമാരാണ്. തുറകളില്‍ നിന്നും മാറി കേരളത്തില്‍ നഗരങ്ങളും അര്‍ധനഗരങ്ങളും രൂപം കൊണ്ടു. വാണിജ്യത്തെ മാത്രം അടിസ്ഥാനമാക്കി ജീവിച്ചിരുന്ന മാപ്പിളമാര്‍ തരിശായിക്കിടന്ന ഭൂമി ബ്രാഹ്‌മണ ജന്മിയില്‍ നിന്ന്​ കാണം വാങ്ങിയ നായര്‍ കാണക്കുടിയാന്റെ പാട്ടക്കുടിയാനായി മാറി. മറ്റു കീഴാളര്‍ അവരുടെ കൃഷിഭൂമിയിലെ ജോലിക്കാരുമായി മാറി. അങ്ങനെ രാജ്യത്തിന്റെ റവന്യു വരുമാനം വര്‍ധിക്കുകയും കൃഷി വ്യാപകമാവുകയും ചെയ്തു. ചെറുകിട കച്ചവടങ്ങള്‍ ഉള്‍നാടുകളില്‍ സജീവമായപ്പോള്‍ കാര്‍ഷികോല്പന്നങ്ങളുടെ വാങ്ങല്‍- വില്‍ക്കല്‍ സാമ്പത്തിക പുരോഗതിക്ക് കാരണമായി. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങള്‍ സജീവമായത് അങ്ങനെയായിരുന്നു. കരുവാരക്കുണ്ട്, നിലമ്പൂര്‍ പോലെയുള്ള കാടും മലകളും നിറഞ്ഞ പ്രദേശങ്ങള്‍ പോലും ജനപദങ്ങളായി മാറി. നാട്ടില്‍ നടമാടിയിരുന്ന അനാചാരങ്ങളും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ഉച്ചനീചത്വവും കുറയാന്‍ ഈ കുടിയേറ്റം കാരണമായി. അടിസ്ഥാന വര്‍ഗ്ഗം മോചനമാര്‍ഗ്ഗമെന്ന തരത്തില്‍ മതം മാറ്റത്തെ സ്വീകരിക്കുന്നതാണ് കണ്ടത്. സുരക്ഷയും സമഭാവനയും അവരെ അതിന് പ്രേരിപ്പിച്ചു .’’ (കേരള നവോത്ഥാനവും മുസ്​ലിംകുളം - സി.അബ്ദുള്‍ ഹമീദ്).

ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹിക ചുറ്റുപാടില്‍ കേരളത്തിലെ അവര്‍ണ ജാതി വിഭാഗങ്ങളുടെ  നില സ്വതവേ പരുങ്ങലിലായിരുന്നു. അതുകൊണ്ടു തന്നെ മാനവ സാഹോദര്യ സന്ദേശവുമായി എത്തിയ ഇസ്​ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ ആളുകള്‍ പ്രതീക്ഷയോടെ കണ്ടു. അവര്‍ണ ജാതിയില്‍ പെട്ട ഒരു വ്യക്തി ഇസ്​ലാം മതം സ്വീകരിച്ചാല്‍ മുസ്​ലിം ജനതയ്ക്ക് ലഭ്യമായിരുന്ന സര്‍വ അവകാശങ്ങളും ആ വ്യക്തിക്കും പ്രാപ്യമായി. ഇവിടുത്തെ ഹിന്ദു രാജാക്കന്മാരും നാടുവാഴികളും അക്കാര്യത്തില്‍ തടസവാദങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല. വ്യാപാരക്കുത്തക മുസ്​ലിം ജനതയുടെ കൈവശമായിരുന്നതു കൊണ്ടു തന്നെ ഹിന്ദുക്കള്‍ക്ക് മുസ്​ലിം സമുദായത്തോട് ബഹുമാനമുണ്ടായിരുന്നു. ഏതെങ്കിലും ഹിന്ദു ഇസ്​ലാം സ്വീകരിച്ചാല്‍ തന്നെയും അയാള്‍ക്ക് യാതൊരു പ്രഹരവും മറ്റു ഹിന്ദുക്കളില്‍ നിന്ന്​ ഏല്‍ക്കേണ്ടി വന്നിരുന്നില്ല. ആദ്യ കാലത്ത് മുസ്​ലിം വ്യാപാരികള്‍ പുതുവിശ്വാസികള്‍ക്കുപകരിക്കത്തക്ക നിലയില്‍ ഒരു ഫണ്ട് രൂപീകരിച്ചിരുന്നു. ഇതും ഇസ്​ലാം മത സ്വീകരണത്തിന് അന്നത്തെ ജനതയെ പ്രേരിപ്പിച്ചു.

group-photo-of-a-muslim-family-kerala-1914-(1).jpg
കേരളത്തിലെ പഴയ കാല മുസ്‌ലിം കുടുംബം ( 1914 ) / Photo : keralaculture.org

റോളണ്ട് മില്ലറുടെ മാപ്പിള മുസ്​ലിംകൾ (പരിഭാഷ: തോമസ് കാര്‍ത്തികപുരം) എന്ന ഗ്രന്ഥത്തില്‍ 1871 - 81 കാലഘട്ടത്തിലെ ഇസ്​ലാം മത പരിവര്‍ത്തനത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്:  ‘‘ഈ കാലയളവില്‍ ഏതാണ്ട് 50,000 പേര്‍ മുസ്​ലിം സമുദായത്തില്‍ ചേര്‍ന്നുവെന്ന് സെന്‍സസ് വിവരങ്ങള്‍ കാണിക്കുന്നു. ഇതില്‍ ഏറ്റവും വലിയ വിഭാഗം ചെറുമരായിരുന്നു. പൊതുജനസംഖ്യ 5.71 ശതമാനം ഉയര്‍ന്നപ്പോള്‍ ചെറുമരുടെ ജനസംഖ്യ 34.63 ശതമാനം കുറഞ്ഞു. തുടര്‍ന്നു വന്ന ദശകങ്ങളില്‍ ഏറ്റവും താണ സാമൂഹിക വിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നത് തുടര്‍ന്നു. ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ അപൂര്‍വമായി മാത്രമേ സ്വമേധയാ ഇസ്​ലാമില്‍ ചേര്‍ന്നുള്ളൂവെങ്കിലും മുക്കുവര്‍ ഇസ്​ലാമിലേക്ക് തുടര്‍ന്നും ആകര്‍ഷിക്കപ്പെട്ടു. പക്ഷേ, പ്രതീക്ഷിച്ച പോലെ അവര്‍ മുഴുവനും ഇസ്​ലാമില്‍ ചേര്‍ന്നില്ല. കീഴ് ജാതിക്കാരായ മറ്റു ഹിന്ദുക്കളിലും ഇതിന്റെ സ്വാധീനമുണ്ടായിരുന്നു. 1882 ല്‍ നടന്ന ക്രിസ്ത്യന്‍ മിഷന്റെ ഒരു സമ്മേളനത്തില്‍ മാപ്പിളമാര്‍ അതിവേഗം, വിശേഷിച്ചും ഹിന്ദു സമുദായത്തിലെ താണ വിഭാഗങ്ങളില്‍ നിന്ന്, വളര്‍ന്നു വരുകയാണെന്നും പടിഞ്ഞാറന്‍ തീരദേശത്തെ താണവംശക്കാര്‍ മുഴുവനും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മുഹമ്മദീയരാകുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ പ്രവചനം യാഥാത്ഥ്യമായില്ലെങ്കിലും 1871-1911 വരെയുള്ള 40 വര്‍ഷത്തില്‍ മാപ്പിള ജനസംഖ്യ 63.9 ശതമാനം കണ്ട് വളര്‍ന്നു. ഹിന്ദുക്കളുടേത് 22.6 ശതമാനം മാത്രമായിരുന്നു.'’

മതപരിഷ്‌കരണത്തിനപ്പുറം മാനവിക ധാരയില്‍ കേരളീയ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് മുന്നേറിയ ഇസ്​ലാമിന്റെ നവോത്ഥാന മുന്നേറ്റങ്ങളിലും ആത്മീയ തലത്തില്‍ ഇസ്​ലാം പുലര്‍ത്തിയ സത്യസന്ധതയിലും ആകൃഷ്ടരായും ഇസ്​ലാം മതം സ്വീകരിച്ചവര്‍ നിരവധിയാണ്.

അടിമ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നാണ് അക്കാലത്ത് ഏറ്റവും മതപരിവര്‍ത്തനം നടന്നിട്ടുള്ളതെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തില്‍ പി.കെ. ബാലകൃഷ്ണന്‍ Social Revoution in a Kerala village (Dr. A.Ayyappan) എന്ന പുസ്തകത്തിലെ ചില വരികള്‍ ചേര്‍ത്തിട്ടുണ്ട്. അതിങ്ങനെയാണ്:   ‘‘ജാതി സമൂഹത്തിന്റെ മനോവ്യാധി സ്വയം കൈപ്പറ്റിയ വിജാതീയ വിഭാഗമാണ് ഒരു ചരിത്ര സാന്നിദ്ധ്യമായി കേരളത്തില്‍ നാം കണ്ടു തുടങ്ങുന്ന മുസ്​ലിം ജനത. മേല്‍ജാതിയില്‍ നിന്ന്​ മതം മാറി വന്നതാണെങ്കില്‍ അക്കാര്യം വീമ്പോടെ പറയുകയും താഴ്​ന്ന ജാതിയായിരുന്നെങ്കില്‍ അത് പറയുന്നത് അവമതിക്കലായി കയര്‍ക്കുകയും ചെയ്യുന്ന പതിവ് കൈവിടാത്തവരാണെങ്കിലും ഇവിടത്തെ സമ്പത്തിന്റെ അസ്തിവാരം വിസ്താരപ്പെടുത്തുന്നതില്‍, അറബികളുടെ മതത്തിലും രക്തത്തിലും പങ്കുപറ്റിയ മുസ്​ലിം വിഭാഗം സാരമായ പങ്കുവഹിക്കുകയുണ്ടായി.’’   
സവര്‍ണര്‍ മതം മാറുമ്പോഴും  ആത്മബോധത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന സവര്‍ണതയില്‍  നിന്നൊരു പരിണാമം അവര്‍ക്ക് സാധ്യമാകാറില്ല എന്നൊരു ധ്വനി ഈ വരികളിലുണ്ട്. അത് ഒരു പരിധി വരെ വാസ്തവമാണെന്ന് പ്രായോഗിക തലത്തില്‍ നിന്ന്​ ചിന്തിച്ചാല്‍ നമുക്ക് മനസിലാവും.  ‘‘അറബികളുടെ രക്തത്തിലും മതത്തിലും പങ്കുപറ്റിയ’’ എന്ന പ്രയോഗത്തില്‍ ഇസ്​ലാമിനോടുള്ള പരിഹാസം ധ്വനിക്കുന്നതായും കാണാം. 

quilon_Syrian_copper_plates_(9th_century_AD).jpg
എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ മുസ്‌ലിം വ്യാപാരികള്‍ വന്നതിനെ കുറിച്ച് രേഖപ്പെടുത്തിയ തരിസാപള്ളി ചെപ്പേടുകള്‍ (നസ്രാണി ക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങള്‍)

ഒരു രക്ഷാമാര്‍ഗ്ഗം എന്ന നിലയില്‍ മാത്രം ഇസ്​ലാമിനെ ജനങ്ങള്‍ ആശ്ലേഷിച്ചു എന്നു കരുതാനാവില്ല. മറിച്ച്, മതപരിഷ്‌കരണത്തിനപ്പുറം മാനവിക ധാരയില്‍ കേരളീയ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് മുന്നേറിയ ഇസ്​ലാമിന്റെ നവോത്ഥാന മുന്നേറ്റങ്ങളിലും ആത്മീയ തലത്തില്‍ ഇസ്​ലാം പുലര്‍ത്തിയ സത്യസന്ധതയിലും ആകൃഷ്ടരായും ഇസ്​ലാം മതം സ്വീകരിച്ചവര്‍ നിരവധിയാണ്. മതംമാറ്റവും കാമനയും എന്ന പേരില്‍ ബി.എസ്. ബാബുരാജ് എഴുതിയ ലേഖനത്തില്‍ (അപ്രകാശിതം) ഇങ്ങനെ പറയുന്നു:  ‘‘സാമുദായികമായ ഉച്ഛനീചത്വങ്ങളും പദവിയും മതംമാറ്റത്തിന്റെ പ്രധാന കാരണമായിരിക്കുമ്പോൾ തന്നെ മതംമാറ്റത്തിൽ വ്യക്തിനിഷ്ഠ കാമനകൾ  വഹിച്ചിരുന്ന പങ്ക് നിഷേധിക്കപ്പെടുകയാണ് പതിവ്. ആ സ്ഥാനത്ത് മതംമാറ്റത്തെ സാമ്പത്തികവും ദേശവിരുദ്ധവുമായ താൽപര്യങ്ങളോട് കൂട്ടിക്കെട്ടും. സാമൂഹിക ധ്രുവീകരണം ലക്ഷ്യം വച്ചുള്ളവയാണ് ഇത്തരം ആഖ്യാനങ്ങൾ. ഇസ്​ലാമിലേക്കുള്ള മതംമാറ്റത്തെ സംബന്ധിച്ച്​ സംസ്ഥാന ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ പഠനവും ഇത്തരം ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ലൗജിഹാദ് എന്ന ആരോപണത്തെ തള്ളിക്കളയുന്നുണ്ടെങ്കിലും മതംമാറ്റത്തിന്റെ കാരണങ്ങളായി ആഭ്യന്തര വകുപ്പ് കണ്ടെത്തുന്നവ ആക്ഷേപാർഹമാണ്.പഠനമനുസരിച്ച് 2011 മുതൽ 2016 വരെ 7299 പേർ കേരളത്തിൽ ഇസ്​ലാം മതം സ്വീകരിച്ചു. വർഷം 1216 പേർ. മലബാറിൽ 568. തുടർന്ന്​, മതംമാറിയവരുടെ സാമൂഹ്യ- രാഷ്ട്രീയ പശ്ചാത്തലത്തിന്റെ വിപുലമായ കണക്കാണ്. രസകരമായി തോന്നിയത്, മതം മാറാൻ പറഞ്ഞ കാരണങ്ങളാണ്. അതിങ്ങനെ: പ്രണയം മൂലം മതംമാറിയവർ 61 ശതമാനം. കുടുംബത്തകർച്ച- 12, ദാരിദ്ര്യം- 8, മാനസികബുദ്ധിമുട്ട്​- 7, പദവിക്കായി- 6, സാമൂഹ്യമാധ്യമങ്ങളിലൂടെ- 2 ശതമാനം വീതം പേരാണ് മതം മാറിയത്. എന്തെങ്കിലും കുഴപ്പങ്ങൾ മൂലമാണ് ആളുകൾ മതം മാറുന്നതെന്നാണ് ഈ കണക്കുകൾ പറയുന്നത്. മാത്രമല്ല ഇസ്​ലാമിലേക്ക് മതം മാറിയവരുടെ മാത്രം കണക്കവതരിപ്പിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചന നൽകിയും ദുരൂഹത സൃഷ്ടിച്ചിരിക്കുന്നു.'’
പഠനത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് ബി.എസ്. ബാബുരാജ് പറയുന്നു.
 കേരള ചരിത്രത്തിലെ മതംമാറ്റ കഥകളെടുത്തു നോക്കിയാല്‍  മതം ഒരു അനുഭൂതിയും ജീവചര്യയുമായി  കരുതി ഇസ്​ലാമായവരെയും ഹിന്ദുവായവരെയും ക്രിസ്ത്യാനിയായവരെയുമെല്ലാം കാണാം. പെരുമാൾ മുതൽ നജ്ബാബുവിലൂടെ ആ ശ്രേണി തുടരുന്നു.

പെരുമാളുടെ  മതം മാറ്റവും മക്കയ്ക്കു പോകലും രാജ്യ വിഭജന മെല്ലാം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. 

പെരുമാളുടെ മതം മാറ്റം

ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനത്തെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പെരുമാളുടെ  മതം മാറ്റവും മക്കയ്ക്കു പോകലും രാജ്യ വിഭജന മെല്ലാം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. 

തൃശ്ശൂര്‍ ഭാരതവിലാസം പ്രസില്‍ അച്ചടിച്ച  കേരളോല്‍പ്പത്തിയില്‍, പത്‌നിയുടെ ആരോപണം വിശ്വസിച്ച്​ പടമലനായരെ വധശിക്ഷയ്ക്കു വിധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രായശ്ചിത്തത്തിന്റെ പേരില്‍ മതപരിവര്‍ത്തനം ചെയ്ത ചേരമാന്‍ പെരുമാളിന്റെ കഥ വിവരിക്കുന്നുണ്ട്. രാജ്ഞി മന്ത്രിയെ രഹസ്യ വേഴ്ചയ്ക്കു ക്ഷണിച്ചു. വഴിപ്പെടാതിരുന്നപ്പോള്‍ രാജാവിനോട് സൈന്യാധിപര്‍ തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ മുതിര്‍ന്നതായി പറഞ്ഞു വിശ്വസിപ്പിച്ചു. പടമലനായര്‍ അത്ഭുതാവഹമാംവണ്ണം രക്ഷപ്പെട്ടു. ഒരു മേഘശകലം പടമലനായരെ പൊക്കിയെടുത്തുയര്‍ന്നു എന്നാണൈതിഹ്യം. പശ്ചാത്താപവിവശനായ രാജാവിനെ നോക്കി പടമലനായര്‍ ഇങ്ങനെ ഉപദേശിച്ചുവത്രേ:  ‘‘വടക്ക് അശുവിങ്കല്‍ മുതിരപ്പുറത്ത് വേദ ആപിയാര് എന്നൊരു ജോനകനുണ്ട്. അവിടെ ചെന്നു കണ്ടാല്‍ നാലാം വേദ മുറപ്പിച്ച് ഓലമാറി കപ്പല്‍ വെപ്പിച്ചു ഓട്ടഴകത്തിന്മേല്‍ വന്നു തിരുവഞ്ചി മുഖത്തണയും . അവിടെ നിന്നു കുംഭ മാസത്തില്‍ പതിനാറ് നിലാവ് നേര്‍വെളിപെട്ട ഒന്നിച്ചു പ്രകാശിക്കുമ്പോള്‍ പാതിപകുത്ത് ഭൂമിയിലിറങ്ങി അതിനൊത്ത് ഒരു പുളപ്പായി ഉദിച്ചു കാണും. അന്തിയായിക്കാണും. അവിടെ നാലാംവേദ മുറപ്പിച്ച് ഒക്കത്തക്ക അശുവിനു പൊക്കൊണ്ടാല്‍ പാതി മോക്ഷം കിട്ടും’ എന്നു പറഞ്ഞു പടമലനായര് സ്വര്‍ഗ്ഗം പുക്കതിന്റെ ശേഷം പെരുമാള്‍ അശുവിനു പോകയും ചെയ്തു’’ (കേരളോൽപ്പത്തി) എന്നു കാണുന്നു.

അറേബ്യയിലെ മക്കയില്‍ ഒരു കറുത്ത വാവിന്‍നാള്‍ രാത്രി പൂര്‍ണചന്ദ്രന്‍ ഉദിച്ചതായി ചേരമാന്‍ പെരുമാള്‍ സ്വപ്നം കണ്ടു എന്ന് മലബാര്‍ മാന്വലിന്റെ കര്‍ത്താവായ വില്യം ലോഗന്‍ ഉദ്ധരിക്കുന്നു. പെരുമാള്‍ സിലോണില്‍ നിന്ന്​മടങ്ങുകയായിരുന്ന ഒരു മുസ്​ലിം സംഘത്തെ കാണാനിടയായി എന്നും അവരുടെ നേതാവ് ശൈഖ് ശിഹാബുദ്ദീന്‍ സ്വപ്നം വ്യാഖ്യാനിച്ചു കൊടുത്ത് അദ്ദേഹത്തെ മുസ്​ലിം മത വിശ്വാസിയാക്കി എന്നും വില്യം ലോഗന്‍ മുതല്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ പെരുമാളിന്റെ മതപരിവര്‍ത്തനകഥയ്ക്ക് പ്രധാനമായും രണ്ടു ഭാഷ്യങ്ങളാണുള്ളത്. ഒന്ന് പ്രായശ്ചിത്തത്തിന്റേതാണെങ്കില്‍ മറ്റൊന്ന് സ്വപ്നവ്യാഖ്യാനത്തിന്റേതാണ്. മതംമാറ്റം ഒരു വ്യക്തിയുടെ ന്യായബോധത്തില്‍ നിന്നും ധൈഷണികതയില്‍ നിന്നും കാമനകളില്‍ നിന്നുമുണ്ടാകുന്ന തീരുമാനമാണ്. പെരുമാളിന്റെ മതം മാറ്റത്തെ സംബന്ധിച്ച  വ്യാഖ്യാനങ്ങളെല്ലാം അതു തന്നെയാണ് പറയുന്നത്. 

പെരുമാളുടെ മതം മാറ്റം ക്രി. 822-ലായിരുന്നുവെന്ന് തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പറയുന്നു. എന്നാല്‍ അത് 12-ാം നൂറ്റാണ്ടിലാവാമെന്നും ഏഴാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആവില്ലെന്നുമാണ് എം.ജി.എസ് നാരായണന്റെ പക്ഷം. പെരുമാള്‍ രാജ്യം പകുത്തു നല്‍കിയിട്ടുണ്ടെങ്കില്‍ അത് 1102-നു മുമ്പല്ലെന്നാണ്  മറ്റൊരു പക്ഷം. (ഇളംകുളം കുഞ്ഞന്‍പിള്ള - ചേര സാമ്രാജ്യം, ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍) കോഴിക്കോട്ടെ ബ്രിട്ടീഷ് കലക്ടര്‍ ഇന്നസ് സൂചിപ്പിക്കുന്നതു പോലെ, മുഹമ്മദീയനായി മതം മാറിയ പെരുമാള്‍ വാഴ്ച ഒഴിഞ്ഞതോടെ അവസാനിച്ച ഒരു രാജവംശം കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്നുവെന്നും അത് മിക്കവാറും ഒമ്പതാം നൂറ്റാണ്ടിലാണെന്നുമാണ്  മറ്റൊരു അഭിപ്രായം (താരാചന്ദ് : ഇന്‍ഫ്‌ളുവന്‍സ് ഓഫ് ഇസ്​ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍ ) .
‘അതെന്തായാലും ക്രി. 216 മുതല്‍ 825 വരെയുള്ള പെരുമാക്കന്മാരുടെ പേരുവിവരപ്പട്ടിക കാണിച്ച്, മുഹമ്മദ് നബിയുടെ കാലത്ത് പെരുമാള്‍ പോയിരിക്കാനിടയില്ലെന്നു വാദിക്കാനാവില്ലെന്നു തീര്‍ച്ച' (പ്രാചീന കേരളം - ശൂരനാട് കുഞ്ഞന്‍പിള്ള ).

കച്ചവടാവശ്യാര്‍ഥം വന്ന അറബികള്‍ നേരത്തെ തീരപ്രദേശങ്ങളില്‍ ഉണ്ടായിരുന്നതു കൊണ്ടാണ് വിദേശികളായ മതപ്രചാരകര്‍ക്ക് ഇത്ര വ്യാപകമായ ജനപിന്തുണ ലഭിച്ചതെന്ന് അനുമാനിക്കുന്നു

പെരുമാക്കന്മാരുടെ വംശ ചരിത്രം ഇന്നും അജ്ഞാതമാണ്. 200-ല്‍ പരം ശിലാലിഖിതങ്ങള്‍ പരിശോധിച്ച സുന്ദര്‍രാജും പ്രൊഫ. കില്‍ഹോണും ചേരമാന്‍ പെരുമാളുടെ കാലഗണനയ്ക്കുതകുന്നതൊന്നും കണ്ടു കിട്ടിയിട്ടില്ലെന്ന്  എപ്പിഗ്രാഫിയാ ഇന്‍ഡിക്കാ (വാ. നാല് ) യില്‍ എഴുതിയിട്ടുണ്ട്.
‘‘പെരുമാളുടെ മക്കാ യാത്രക്കുശേഷമാണ് മാലികുബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ 44 പേരടങ്ങുന്ന സംഘം ധര്‍മടത്ത് കപ്പലിറങ്ങിയത്. അവരില്‍ 20 പേരെങ്കിലും ഖുര്‍ആന്‍ മനഃപാഠമാക്കിയവരായിരുന്നു. ധര്‍മടത്തെ ഭരണാധികാരി അതിഥികളെ സ്വാഗതം ചെയ്തു. ആരാധനയ്ക്കും മതപ്രചാരണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുത്തു.’’ (നോ: മാലിക് ഇബ്‌നു ദിനാര്‍ ).

ഇസ്​ലാം മതം രൂഢമൂലമാക്കിയ സല്‍സ്വഭാവമാകുന്ന സുഗന്ധച്ചെടിയുടെ പരിമളം അന്യ സമുദായക്കാര്‍ക്കും രാജാക്കന്മര്‍ക്കും ആകര്‍ഷമായിത്തോന്നിയതു കൊണ്ട് ആദ്യം മലയാളത്തില്‍ വന്ന ചെറുസംഘം മുഖേന മുസ്​ലിംകള്‍ക്ക് ഉത്തരോത്തരം അഭിവൃദ്ധി ഉണ്ടായി എന്നാണ് തുഹ്ഫതുല്‍ മുജാഹിദീനില്‍ കാണുന്ന വിവരണം.
മാലികുബ്‌നു ദീനാറിനോടൊപ്പം പെരുമാളുടെ മരുമകന്‍ കോഹിനൂര്‍ രാജകുമാരനുമുണ്ടായിരുന്നു എന്ന് രിഹ്​ളതുല്‍ മുലൂകില്‍ കാണുന്നു. തിരുവിതാംകൂര്‍ റാണിയുടെ മകന്‍ കോഹിനൂര്‍ രാജകുമാരനാണ് പെരുമാളെ അനുഗമിച്ചിരുന്നതെന്നും അതല്ല, ധര്‍മടത്തെ ശ്രീദേവിയുടെ മകന്‍ മഹാബലിയാണ് പോയിരുന്നതെന്നും രണ്ടഭി പ്രായമുണ്ട്. മഹാബലിയാണ് മുഹമ്മദ് അലിയായ ശേഷം അറയ്ക്കല്‍ രാജവംശ സ്ഥാപകനായിത്തീര്‍ന്നത് എന്നാണ് അനുമാനം.
ചാലിയത്തുകാരായ ഹാജി മുസ്താമുദ്ക്കാദ്, ഹാജി നീലി നഷാദ്, അഹമദ് ഖ്വാജ, ഹാജി സാദിബാദ്, ഹസന്‍ ഖ്വാജ എന്നിവരും മാലികുബ്‌നു ദീനാറിന്റെ സംഘത്തിലുണ്ടായിരുന്നു. ധര്‍മടത്തുനിന്ന് അവര്‍ കൊടുങ്ങല്ലൂരിലേക്ക് പോയി. അവിടുത്തെ ഭരണാധികാരി മുസ്ലിംകള്‍ക്ക് മതപ്രചാരണത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

MalikDeenarMosque-Talangara.jpg
കാസർകോട്ടെ മാലിക് ദിനാർ മസ്ജിദ്‌

മംഗലാപുരം മുതല്‍ കാവില്‍പട്ടണം വരെയുള്ള പ്രദേശങ്ങളില്‍ മാലികുബ്‌നു ദീനാറിന്റെയും അനുയായികളുടെയും പ്രവര്‍ത്തനഫലമായി ഇസ്​ലാം വ്യാപിച്ചതായി അനുമാനിക്കുന്നു. കച്ചവടാവശ്യാര്‍ഥം വന്ന അറബികള്‍ നേരത്തെ തീരപ്രദേശങ്ങളില്‍ ഉണ്ടായിരുന്നതു കൊണ്ടാണ് വിദേശികളായ മതപ്രചാരകര്‍ക്ക് ഇത്ര വ്യാപകമായ ജനപിന്തുണ ലഭിച്ചതെന്ന് അനുമാനിക്കുന്നു. അറബികളും പേര്‍ഷ്യക്കാരുമായ കച്ചവടക്കാര്‍ പടിഞ്ഞാറന്‍ തീരങ്ങളില്‍ നാട്ടുകാരായ സ്ത്രീകളെ വിവാഹം ചെയ്തു പാര്‍പ്പിക്കുകയായിരുന്നുവെന്ന് ഡോ. താരാചന്ദ്, ഇന്‍ഫ്‌ളുവന്‍സ് ഓഫ് ഇസ്​ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചറില്‍ സമര്‍ഥിച്ചിട്ടുണ്ട്. അറബികളുടെ സാന്നിധ്യം നാട്ടുകാര്‍ക്കും നാടുവാഴികള്‍ക്കും മാടമ്പിമാര്‍ക്കും ഒരുപോലെ ആവശ്യമായിരുന്നു. അറബികളുടെ ശിക്ഷണത്തില്‍ നാവിക സേന സജ്ജമാക്കുന്നതിന്, ഓരോ മുക്കുവ കുടുംബത്തില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മുസ്​ലിമാകണമെന്ന് സാമൂതിരി നിര്‍ദ്ദേശിച്ചിരുന്നതായി കള്‍ച്ചറല്‍ സിമ്പിയോസിസ് പോലുള്ള ഗവേഷണ ഗ്രന്ഥങ്ങളില്‍ എടുത്തു പറയുന്നുണ്ട് : ‘‘പടിഞ്ഞാറന്‍ കോര്‍ഡോവ മുതല്‍ കിഴക്കന്‍ ഏഷ്യയിലെ മലാക്ക വരെയുള്ള മുസ്​ലിം ശക്തികളുടെ ശ്യംഖലയിലെ ഒരു സജീവ കണ്ണിയായിരുന്നു അക്കാലത്ത് സാമൂതിരി.'’
രാജകുടുംബത്തില്‍ നിന്നുപോലും മതപരിവര്‍ത്തനം നടക്കുന്നതിന് ഈ സൗഹൃദം വഴി വെച്ചു.  മതം മാറിയവര്‍ക്ക് അയിത്തമോ ഭ്രഷ്ടോ ഇല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്യം ഇസ്​ലാം ഉയര്‍ത്തിക്കാണിച്ചതായും സ്വാഭാവികമായും മേല്‍ജാതിക്കാരില്‍ നിന്നും കീഴ് ജാതിക്കാരില്‍ നിന്നും മതപരിവര്‍ത്തനം ഉണ്ടാകാന്‍ ഇത് കാരണമായെന്നും ഇസ്​ലാമിക വിജ്ഞാന കോശത്തില്‍ പറയുന്നു. ‘കോട്ടക്കലോമന കുഞ്ഞാലിക്ക് തിയ്യരും നായരും ഒന്നു പോലെ ' എന്ന നാടന്‍ പാട്ടിന്റെ വരികളില്‍ ഇസ്​ലാം ഉയര്‍ത്തിയ സാഹോദര്യത്തിന്റെ സന്ദേശമാണ് പ്രതിധ്വനിക്കുന്നത്.

ഇസ്​ലാം - ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ ദേശവിരുദ്ധരും തിന്ന ചോറിനു നന്ദിയില്ലാത്തവരുമാണെന്ന് ഗോള്‍വാള്‍ക്കര്‍ അഭിപ്രായപ്പെടുന്നു.

മുഖ്യധാരാ ചരിത്രം എഴുതുന്ന സവര്‍ണ വഴികളെ സ്വാധീനിക്കുന്ന ഘടങ്ങള്‍ സാമ്പത്തികം, സാംസ്‌കാരികം, സാമൂഹികം, രാഷ്ട്രീയം എന്നിവയാണ്. ഇവയുടെ സ്വാധീനത്തില്‍ എഴുതപ്പെട്ട ചരിത്രം ചില വിടവുകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് എഴുതപ്പെട്ടത്. ആ വിടവുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കഥകള്‍ ചരിത്രം എന്ന വ്യാജേന എഴുതി ചേര്‍ക്കാനും വ്യാഖ്യാനിക്കാനും മുഖ്യധാരാ ചരിത്ര വ്യവഹാരങ്ങള്‍ക്ക് ഇടം നല്‍കുന്നവയായിരുന്നു. ചേരമാന്‍ പെരുമാളുടെ മതംമാറ്റത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെയും ഹൈന്ദവ സവര്‍ണതാ പൂര്‍വ്വ കാല ഇടപെടലുകളുടെ തുടര്‍ച്ചയായി കാണാവുന്നതാണ്.

ഹിന്ദുത്വ ദേശീയതയുടെ പ്രാദേശിക ഇടപെടലും നജ്മല്‍ ബാബുവിന്റെ മതപരിവര്‍ത്തനവും 

ഹിന്ദുത്വ ദേശീയതയുടെ ആശയം അടിസ്ഥാനപരമായി ഏകാധിപത്യവും തുല്യതയെ എതിര്‍ക്കുന്നതുമാണ്. അതിന്റെ തത്ത്വശാസ്ത്രം തികച്ചും മനുഷ്യത്വഹീനമാണ്. മേധാവിത്തപരവും സാമ്രാജ്യത്വത്തെ അനുകൂലിക്കുന്നതുമാണ് അതിന്റെ ലോകവീക്ഷണം. ഷംസുല്‍ ഇസ്​ലാമിന്റെ ഇന്ത്യന്‍ ദേശീയതയുടെ മതമാനങ്ങള്‍  (പരിഭാഷ- എ.എന്‍. സത്യദാസ്) എന്ന ഗ്രന്ഥത്തില്‍ ആര്‍.എസ്.എസ്  ആചാര്യനായ ഗോള്‍വാള്‍ക്കറുടെ  Bunch of Thoughts എന്ന ഗ്രന്ഥത്തിലെ ലെ ചില ഭാഗങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്:  ‘‘അവര്‍ ഈ ദേശത്ത് പിറന്നവരാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാലവര്‍ക്ക്  തിന്ന ഉപ്പിനോട് നന്ദിയുണ്ടോ? അവരെ വളര്‍ത്തി വലുതാക്കിയ ഈ ദേശത്തോട് നന്ദിയുണ്ടോ? ഈ ദേശത്തിന്റെയും പാരമ്പര്യങ്ങളുടെയും സന്തതികളാണെന്നും അതിനെ സേവിക്കുന്നത് മഹാഭാഗ്യമാണെന്നും അവര്‍ക്ക് തോന്നുന്നുണ്ടോ? രാഷ്ട്രത്തിനു വേണ്ടിയുള്ള സ്‌നേഹബോധവും അര്‍പ്പണബോധവും ഇല്ലാതായി. കൂടാതെ, ഈ ദേശത്തിന്റെ ശത്രുക്കളുമായി അനന്യത പ്രാപിക്കാനുള്ള വാഞ്ച്ഛയും അവരിലുണ്ടായി. തങ്ങളുടെ വിശുദ്ധ ഇടങ്ങളെന്ന നിലയില്‍ ചില അന്യദേശങ്ങളിലേക്കവര്‍ നോക്കുന്നു.’’

najmal babu
നജ്മല്‍ ബാബു

ഇസ്​ലാം - ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ ദേശവിരുദ്ധരും തിന്ന ചോറിനു നന്ദിയില്ലാത്തവരുമാണെന്ന് ഗോള്‍വാള്‍ക്കര്‍ അഭിപ്രായപ്പെടുന്നു. മുസ്​ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ഹിന്ദു രാഷ്ട്രത്തിന്റെ വൈരാഗ്യ മനോഭാവവും ഈ അഭിപ്രായത്തില്‍ പ്രകടമാണ്. ഈ ഫാസിസ്റ്റ് ആശയങ്ങളുടെ പിന്തുടര്‍ച്ചക്കാരായ  ഇന്ത്യന്‍ മോദി ഭരണകൂടത്തിന്റെ അക്രമാസക്തവും വംശീയവുമായ അജണ്ടകളുടെ ഭാഗമായി  പൗരത്വം വരെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് മുസ്​ലിം ജനത എത്തിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയത പറയുമ്പോഴെല്ലാം ന്യൂനപക്ഷ വര്‍ഗീയതയും പറയണമെന്ന് ശഠിക്കുകയും ന്യൂനപക്ഷം ചെയ്യുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് തങ്ങള്‍ക്ക് അക്രമങ്ങള്‍ ചെയ്യേണ്ടി വരുന്നതെന്ന് ലോകത്തെങ്ങുമുള്ള ഫാസിസ്റ്റുകളെ പോലെ ഇന്ത്യയിലെ സംഘപരിവാറും സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ ബി.ജെ പി യുടെ വേരോട്ടത്തെ ചെറുത്തു നില്‍ക്കാന്‍ പ്രാദേശിക കക്ഷികള്‍ ശ്രമിക്കുമ്പോള്‍ സംഘപരിവാറിന്റെ ന്യൂനപക്ഷ വര്‍ഗീയതാ വാദത്തെ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുകയാണ് ഇവിടുത്തെ മുഖ്യധാരാ ഇടതു നേതൃത്വം. 
ഈ കീഴടങ്ങല്‍ രാഷ്ട്രീയത്തിന്റെ പ്രതിധ്വനികള്‍ പ്രാദേശിക ഇടങ്ങളിലേക്കും വ്യാപിക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ഇസ്​ലാം സമുദായത്തെ മൊത്തത്തില്‍ വര്‍ഗീയവാദികളാക്കുന്നതും സംഘ പരിവാറിന് ഗുണം ചെയ്യുന്നതുമാണ്. ഇത്തരം ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായും അതിലുപരി ആത്മീയ അന്വേഷണത്തിലേക്കുള്ള  കാല്‍വെയ്പായും ഇസ്​ലാം മതാശ്ലേഷണം നടത്തിയ വ്യക്തിയാണ്  കൊടുങ്ങല്ലൂരുകാരനായ നജ്മല്‍ ബാബു.

നജ്മല്‍ബാബുവിന്റെ  അഭാവത്തില്‍ അദ്ദേഹത്തെ ടി.എന്‍. ജോയി ആയി അവരോധിക്കാനുള്ള കഠിന ശ്രമങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ഇടതു ലിബറല്‍ സുഹൃത്തുക്കളും നടത്തിയത്. 

ഇസ്​ലാം മതം സ്വീകരിച്ച കാലത്ത് പ്രബോധനം മാസികയിൽ വന്ന അഭിമുഖത്തില്‍ ഇസ്​ലാം മതപരിവര്‍ത്തനത്തിലേക്ക് തന്നെ നയിച്ച കാര്യങ്ങളെ കുറിച്ച് നജ്മല്‍ ബാബു പറയുന്നതിങ്ങനെയാണ്:  ‘‘എന്റെ നല്ല സുഹൃത്തുക്കളില്‍ കൂടുതലും മുസ്​ലിംകളാണ്. വിശുദ്ധ ജീവിതത്തിനു വേണ്ടിയും സാമൂഹിക പ്രവര്‍ത്തനത്തിനു വേണ്ടിയും ഇസ്​ലാം അവരെ പ്രചോദിപ്പിക്കുന്നത് ഞാന്‍ കാണുന്നു. മറ്റൊരു മതസ്ഥനും മതത്തിന്റെ പ്രചോദനം കൊണ്ട് ഇതൊന്നും ചെയ്യുന്നില്ല. മതബാഹ്യമായ കാരണങ്ങളാലാണ് അവര്‍ സാമൂഹ്യ പ്രവര്‍ത്തകരാകുന്നത്. കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക പശ്ചാത്തലവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ല മതവിശ്വാസിയായിരിക്കെ ജനനായകത്വം പിടിച്ചു വാങ്ങിയ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് എന്നെ വിസ്മയിപ്പിച്ച വീര പുരുഷനാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ കയറിയ ആരാധനാലയമാണ് ചേരമാന്‍ പള്ളി. ഭാവിയിലെ കൊടുങ്ങല്ലൂരിന്റെ ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി എന്റെ കുഴിമാടം ചേരമാന്‍ പള്ളിപ്പറമ്പില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും നിലനിര്‍ത്തുന്നതിന് തലമുറകള്‍ക്കുള്ള ഒരാഹ്വാനമായി എന്റെ ഇസ്​ലാം മത സ്വീകരണത്തെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'’

തന്റെ ജീവിതം തന്നെ ഫാസിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ് നജ്മല്‍ ബാബു. ‘നജ്മല്‍ ബാബു' എന്ന പേരിനോടും ആ പേരുമാറ്റത്തിന്റെ രാഷ്ട്രീയത്തോടുമുള്ള അസഹിഷ്ണുത അദ്ദേഹത്തിന്റെ മരണാനന്തരവും നിലനില്‍ക്കുന്നതായി മനസ്സിലാക്കാം. നജ്മല്‍ ബാബുവിന്റെ മരണം നടന്നതിനു പിറ്റേന്ന് മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍  ‘നജ്മല്‍' എന്ന പേരിനെ ബോധപൂര്‍വ്വം തിരസ്‌കരിച്ച  ‘ടി.എന്‍. ജോയ്' എന്ന് ആവര്‍ത്തിച്ചു പയോഗിച്ചിരിക്കുന്നതായി കാണാം. മാത്രമല്ല ആ വാര്‍ത്തയിലൊന്നും  അദ്ദേഹത്തിന്റെ മതപരിവര്‍ത്തനത്തെ സംബന്ധിച്ച യാതൊരു സൂചനകളും നല്‍കിയിരുന്നുമില്ല. നജ്മല്‍ബാബുവിന്റെ  അഭാവത്തില്‍ അദ്ദേഹത്തെ ടി.എന്‍. ജോയി ആയി അവരോധിക്കാനുള്ള കഠിന ശ്രമങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ഇടതു ലിബറല്‍ സുഹൃത്തുക്കളും നടത്തിയത്. 
നജ്മല്‍ ബാബുവിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും കവിയുമായ സച്ചിദാനന്ദന്‍ എഴുതിയ കവിത (നീ, പിന്നില്‍ - ടി.എന്‍. ജോയിക്ക്) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീരിക്കുകയുണ്ടായി. ആ കവിതയിലെ ചില വരികൾ:
മതമേതുമാകട്ടെ
പീഡിതരുടെ തെന്റെ 
ഹിത, മെന്നുറപ്പിക്കാന്‍
പേര്‍ മാറ്റും ദുഖജ്ഞനായ്,
അവര്‍ നിന്‍ ജഡത്തിനാ-
യൊടുവില്‍ കലഹിക്കെ - 
ഇരുകൂട്ടര്‍ക്കും വാരി -
യെടുക്കാന്‍ മലര്‍ക്കുന്നായ്'

നജ്മല്‍ ബാബുവിന്റെ മതംമാറ്റം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തിന്​ ഹിന്ദുവും മുസ്​ലിമും  പിടിവലി നടത്തുകയായിരുന്നെന്നും സ്ഥാപിക്കാനുള്ള കവിയുടെ  ശ്രമം ഈ വരികളില്‍ പ്രകടമാണ്.  ‘പീഡിതനായിക്കൊണ്ടേ പീഡിത വിഭാഗങ്ങളെ മനസ്സിലാക്കാനാവൂ എന്ന തന്റെ കമ്യൂണിസ്റ്റ് തത്വമാണ് നജ്മല്‍ ബാബു എന്ന പേരിലുള്ള ജോയിയുടെ മതം മാറ്റം' എന്ന് സച്ചിദാനന്ദന്‍  നജ്മല്‍ ബാബുവിനെ കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരനായ നജ്മല്‍ ബാബുവിന് ഒരിക്കലും ഒരു മതവിശ്വാസിയാകാന്‍ സാധിക്കില്ല എന്ന് സമര്‍ത്ഥിച്ച്​ ഇടതു യുക്തിവാദികളായ  നജ്മലിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിലെ ഇസ്​ലാമിനോടുള്ള വിയോജിപ്പ് പ്രകടമാക്കി. നജ്മല്‍ ബാബുവിന്റെ ഖബറടക്കത്തെ ചൊല്ലിയുണ്ടായ വാഗ്വാദങ്ങളിലും ഇവര്‍  മൗനമവലംബിച്ച്​  ഹൈന്ദവ താല്പര്യങ്ങളെ സംരക്ഷിക്കുകയാണ്  ചെയ്തതെന്ന് നജ്മല്‍ ബാബുവിന്റെ രാഷ്ട്രീയ തീരുമാനമായ ചേരമാന്‍ മസ്ജിദിലെ ഖബറിടത്തിനു വേണ്ടി നിലയുറപ്പിച്ചവരില്‍ പലരും അഭിപ്രായപ്പെടുന്നു. (ചരിത്രം ചോദിക്കും നജ്മല്‍ ബാബുവിന്റെ ഖബറെവിടെ  എന്ന പുസ്തകത്തില്‍ പ്രശാന്ത് സുബ്രഹ്‌മണ്യന്‍, ബി.എസ്. ബാബുരാജ്, പി.എ. കുട്ടപ്പന്‍, പി. അംബിക, എം. ലുഖ്മാന്‍ സഖാഫി, ഡോ. അതിര ചെമ്പകശ്ശേരി മഠത്തില്‍, പി.എ. സ്വാദിഖ് ഫൈസി താനൂര്‍, കെ.ടി ഹാഫിസ്, കെ.എ. നുഐമാന്‍, എന്‍.എം. സിദ്ദിഖ് തുടങ്ങിയവരുടെ ലേഖനങ്ങളില്‍ പൊതുവായി ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു). മുസ്​ലിമായി ജീവിക്കാനും മരിക്കാനും ആഗ്രഹിച്ച ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ മരണാനന്തരവും  ‘ടി.എന്‍. ജോയ്' എന്ന് മാത്രം സംബോധന ചെയ്യാനാണ് ഇടതുപക്ഷ മതേതര വാദികളെല്ലാം താല്പര്യപ്പെടുന്നത്.  

മതസംഗമ ഭൂമികയെന്ന്​ വിശേഷിപ്പിക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണ് നജ്മല്‍ ബാബുവിനോട് ചെയ്ത അതേ അനീതിയാണ് അതിനു മുമ്പ്​ സൈമണ്‍ മാസ്റ്റര്‍ മുഹമ്മദ് ഹാജിയായപ്പോഴും  ചെയ്തത്.

മതങ്ങളോടുള്ള കമ്യൂണിസത്തിന്റെ  വിരോധത്തെ കുറിച്ച് നജ്മല്‍ ബാബു പറഞ്ഞ വാക്കുകളാണിത്:   ‘‘മതവിശ്വാസങ്ങള്‍ വര്‍ഗീയമാണെന്നത് കമ്യൂണിസത്തിന്റെ ഒരു സഹജമായ നിലപാടാണ്. സ്വന്തം മതവിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ടാണ് ഒരാള്‍ കമ്യൂണിസ്റ്റാവുന്നത്. ബാബരി മസ്ജിദ് പ്രശ്‌നം ഒരു മതത്തിന്റെ കാര്യമായാണ് ആദ്യം പരിഗണിക്കപ്പെട്ടത്. ഫാസിസം ഒരു പ്രത്യേക മതത്തെ ടാര്‍ഗറ്റ് ചെയ്യുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ ഈ സിദ്ധാന്തങ്ങള്‍ പറയുന്നത് അനുബോധമില്ലായ്മയാണ്.’’ 
നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള തലമുറകള്‍ക്കുള്ള ഒരാഹ്വാനമായി തന്റെ ഇസ്​ലാം മതസ്വീകരണത്തെ കാണണമെന്നും, ഭാവിയിലെ കൊടുങ്ങല്ലൂരിന്റെ ഫാസിസ്റ്റ വിരുദ്ധതയുടെ പ്രതീകമായി തന്റെ കുഴിമാടം ചേരമാന്‍ പള്ളിപ്പറമ്പില്‍ ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. 
നജ്മല്‍ ബാബുവിന്റെ ഇസ്​ലാം മതപ്രവേശത്തെ രാഷ്ട്രീയ പ്രയോഗമായി മാത്രം കാണുന്നവര്‍ക്കും  തനിക്കെതിരെ നിലനില്‍ക്കുന്ന വിവാദ പരാമര്‍ശങ്ങള്‍ക്കും നജ്മല്‍ ബാബു മറുപടി നല്‍കുന്നത് ഇങ്ങനെയാണ്:  ‘‘എന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സര്‍വ്വ ഊര്‍ജവും ഫാസിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിക്കുകയാണ്. ചേര്‍മാന്‍ പള്ളിയില്‍ ഖബറടക്കുക എന്നഭ്യര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ അതിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. മുസ്​ലിം സമൂഹത്തിന്റെ ഭാഗമായപ്പോള്‍ ഞാന്‍ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമര്‍പ്പിക്കുകയാണ് ചെയ്തത്. ‘പബ്ലിസിറ്റിക്ക് വേണ്ടി പലതും ചെയ്യുന്നവനാണ്, അതിലൊന്നാണ് മതം മാറ്റമെന്ന ഈ പുതിയ വേഷം കെട്ടല്‍' എന്നത് മുതല്‍ ഫാസിസ്റ്റ് പക്ഷത്തു നിന്നുള്ള തെറിവിളികള്‍ വരെയുള്ള വിമര്‍ശനങ്ങള്‍ നടത്തുന്നവരോട് പറയാനുള്ളത് ഇത്രമാത്രമാണ്: കാരുണ്യവാനായ ദൈവത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്.  പരലോക വിശ്വാസിയായ ഞാന്‍ പ്രശാന്തത അനുഭവിക്കുകയാണ്. അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുക. അതിനാല്‍ നിലപാടുകളില്‍ ഒത്തുതീര്‍പ്പില്ലാതിരിക്കാന്‍ ശ്രമിക്കുന്ന എനിക്ക് അവന്റെ കാരുണ്യം ലഭിക്കും.’’

Young_muslim_woman_in_the_Thar_desert_near_Jaisalme
തങ്ങള്‍ക്കിഷ്ടപ്പെടാത്ത ജനവിഭാഗങ്ങളുടെ ഭക്ഷണം, ഭാഷ, വസ്ത്രം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവയെല്ലാം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് വരുത്തിത്തീര്‍ക്കലാണ് വംശീയ വാദികളുടെ ഒരു പ്രവര്‍ത്തന രീതി.

ഇസ്​ലാമിലേക്കുള്ള തന്റെ ആത്മീയാശ്ലേഷണത്തെ ഇതില്‍ കൂടുതല്‍ വ്യക്തതയോടെ ഒരു വ്യക്തിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്ന ചോദ്യങ്ങളെയും ന്യായങ്ങളെയും വസ്തുതകളെയും കാറ്റില്‍പ്പറത്തി  യുക്തിവാദത്തിന്റെ ഹൈന്ദവ വര്‍ത്തമാനങ്ങള്‍ അതിനു മുകളില്‍ ചിതയൊരുക്കി.
നജ്മല്‍ ബാബു സുലൈമാന്‍ മൗലവിയ്ക്കയച്ച കത്തില്‍ ഇങ്ങനെ എഴുതുന്നു:  ‘‘ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കാന്‍ കഴിയുമോ? നോക്കൂ ! മൗലവീ, ജനനം തിരഞ്ഞെടുക്കുവാന്‍ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിനു നടക്കുന്നതല്ലേ ശരി ?’’ 
ഒരു വ്യക്തി താന്‍ ജീവിച്ചിരിക്കേ തന്റെ  മരണാനന്തര ചടങ്ങ് എങ്ങനെയാകണമെന്ന് രേഖാമൂലം വെളിപ്പെടുത്തിയിട്ടും ആ സത്യത്തിന്റെ മുകളില്‍ ചവിട്ടി വിശ്വാസ അവിശ്വാസ ന്യായീകരങ്ങള്‍ നടത്തിയ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പ്രമുഖരാണ് ആ വ്യക്തിയുടെ  ശരീരത്തിന് മരണശേഷവുമുള്ള അയാളുടെ അവകാശത്തെ നിഷേധിച്ചത് എന്നുപറയാം. നജ്മല്‍ ബാബുവിന്റെ മയ്യിത്ത് ചേരമാന്‍ പള്ളിയില്‍ ഖബറടക്കാതെ വീട്ടുവളപ്പില്‍ ദഹിപ്പിച്ച്​ അദ്ദേഹത്തിന്റെ മരണാന്തര രാഷ്ട്രീയത്തിന് അവര്‍ വിലക്കേര്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു.
‘‘ഹിന്ദുത്വക്കുപ്പായത്തില്‍ കയറി വരുന്ന ഫാസിസം ഇഷ്ടമില്ലാത്ത എന്തിനെയും ശത്രുവാക്കും, ആക്രമിക്കും. കമ്യൂണിസവും ഗാന്ധിസവും വരെ അവരുടെ ശത്രുക്കളാണ്. ആഗോള സാമ്രാജ്യത്വം ലോകത്തിന്റെ നിയമമാക്കിത്തീര്‍ത്ത ഇസ്​ലാമോഫോബിയയുടെയും, ഇന്ത്യന്‍ ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്​ലിം അപരവത്കരണത്തിന്റെയും കാലത്ത് മതങ്ങളെല്ലാം ശത്രുക്കളാണെന്ന് കരുതുന്നത് ചരിത്രപരമായ വങ്കത്തമാണ്’’ എന്ന് അഭിപ്രായപ്പെട്ട നജ്മല്‍ ബാബുവിന്റെ യുക്തിയോടാണ് ഹിന്ദുത്വ യുക്തിവാദികള്‍ നിരന്തരം കലഹിച്ചത്. 
മുന്‍ നക്‌സലൈറ്റും അടിയന്തരാസ്ഥാ തടവുകാരനും ഫാസിസത്തിനും വംശീയതയ്ക്കുമെതിരെ നിരന്തരം പോരാടിയ വിപ്ലവകാരിയുമായ നജ്മല്‍ ബാബു എന്നും പ്രശ്‌നമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് നിലകൊണ്ടത്.
കേവലം ഉപരിപ്ലവമായ പുരോഗമനവിപ്ലവ രാഷ്ട്രീയത്തില്‍ നിന്നുമുള്ള മോചനം എന്ന നിലയില്‍ ടി.എന്‍. ജോയിയില്‍ നിന്ന്​ നജ്മല്‍ ബാബു ആയി മാറാനും അതിലൂടെ തന്റെ വിശ്വാസത്തെയും രാഷ്ട്രീയത്തെയും  ഉയര്‍ത്തിപ്പിടിക്കാനും ശ്രമിച്ച ഒരു വ്യക്തിയെ ഇന്നും  ‘ടി.എന്‍. ജോയ്' എന്ന പേരില്‍ ഓര്‍മപ്പെരുന്നാള്‍ ആചരിച്ച്​ ഒരു കൂട്ടം പേര്‍ ആദരിക്കുന്നു. നജ്മല്‍ ബാബുവിന്റെ മതപരിവര്‍ത്തനത്തെ കേവലം രാഷ്ട്രീയ തീരുമാനമായി മാത്രം ചിത്രീകരിച്ച് അദ്ദേഹത്തിന്റെ ഇസ്​ലാമിക വിശ്വാസത്തെ റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ നടത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ്  ആശയങ്ങളുമായി ഇതിനെ കൂടിച്ചേര്‍ത്ത് വായിക്കാവുന്നതാണ്.

സാംസ്‌കാരിക ബുദ്ധിജീവികളെന്ന് കണക്കാക്കുന്നവര്‍ പോലും ഇസ്​ലാം മതത്തെ ഏത് കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്ന് മനസ്സിലാക്കിത്തരുന്നതാണ് വി. പ്രഭാകരന്റെ കുറിപ്പുകള്‍.

മുഹമ്മദ് ഹാജി ( സൈമണ്‍ മാസ്റ്റര്‍)

മതസംഗമ ഭൂമികയെന്ന്​ വിശേഷിപ്പിക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണ് നജ്മല്‍ ബാബുവിനോട് ചെയ്ത അതേ അനീതിയാണ് അതിനു മുമ്പ്​ സൈമണ്‍ മാസ്റ്റര്‍ മുഹമ്മദ് ഹാജിയായപ്പോഴും  ചെയ്തത്. കൊടുങ്ങല്ലൂര്‍ കാര സ്വദേശിയായ ഇ.സി. സൈമണ്‍ മാസ്റ്റര്‍ ഇസ്​ലാം മതം  സ്വീകരിക്കുന്നത് 2000 ആഗസ്റ്റ് 18 നാണ്. മത പരിവര്‍ത്തനത്തിന്റെ പേരില്‍ ജീവതത്തില്‍ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നില്ലെങ്കിലും മരണാനന്തരം മൃതശരീരത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നിരിക്കാം, അതുകൊണ്ടാകാം ഇസ്​ലാം മതം സ്വീകരിച്ചശേഷം അദ്ദേഹം ഇസ്​ലാമിക രീതിയില്‍ തന്നെ ഖബറടക്കണമെന്ന് രേഖാമൂലം വസിയത്ത് തയ്യാറാക്കി കാതിയാളം മഹല്ലിന് ഏല്‍പ്പിച്ചത്. അതില്‍ സാക്ഷികളായി ഒപ്പുവെച്ചത് അദ്ദേഹത്തിന്റെ മക്കളാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മരണാനന്തരം മൃതദേഹം പഠനത്തിന്​ മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കുകയാണ് ചെയ്തത്. ഇതിലെ അനീതിയെ ആരും ചോദ്യം ചെയ്തില്ല. യാതൊരു തരത്തിലുള്ള ചര്‍ച്ചകളുമുണ്ടായില്ല. ‘ലാഹി ലാഹാ ഇല്ലല്ലാഹ ചൊല്ലി നിന്റെ തിരുനാമം വാഴ്ത്തി മരിക്കാനുള്ള ഭാഗ്യം എനിക്കു തരേണമേ പടച്ചതമ്പുരാനേ .... ' എന്ന മുഹമ്മദ് ഹാജിയുടെ പ്രാര്‍ത്ഥനയും വിശ്വാസവും സ്വന്തം ശരീരത്തിനു മേലുള്ള നിര്‍ണയാവകാശവും അദ്ദേഹത്തിന്റെ മരണാനന്തരം റദ്ദു ചെയ്യപ്പെട്ടു. 

muhammed haji
മുഹമ്മദ് ഹാജി ( സൈമണ്‍ മാസ്റ്റര്‍ )

ഈ നീതി നിഷേധത്തെ ശക്തമായി ചോദ്യം ചെയ്ത വ്യക്തിയായിരുന്നു നജ്മല്‍ബാബു. മുഹമ്മദ് ഹാജിക്കുണ്ടായ അവസ്ഥ തനിക്കും സംഭവിക്കുമോ എന്ന് അദ്ദേത്തിന് ആശങ്കയുണ്ടായിരുന്നു. നജ്മല്‍ ബാബു ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഒരു പത്രസമ്മേളനത്തില്‍  ‘ഹിന്ദുത്വത്തിന്റെ കപട മുഖമാണ് യുക്തിവാദം' എന്ന് നജ്മല്‍ ബാബു പറയുകയുണ്ടായി. നജ്മല്‍ ബാബുവിന്റെയും മുഹമ്മദ് ഹാജിയുടെയും മരണത്തിലൂടെ അത് സ്ഥിരീകരിക്കപ്പെടുകയായാണുണ്ടായത്. ഇങ്ങനെ ഇസ്​ലാമിലേക്കുള്ള മതം മാറ്റവും മരണവും മരണാനന്തര ശുശ്രൂഷകളും പരസ്പരം കെട്ടു പിണഞ്ഞു കിടക്കുന്നു.

അംബേദ്കറൈറ്റ് മുസ്​ലിം - ശംസുദ്ദീന്‍

കേരളത്തിലെ ദളിത് - ബഹുജന്‍ - പിന്നാക്ക- ന്യൂനപക്ഷ രാഷ്ട്രീയ വീക്ഷണത്തിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ വി. പ്രഭാകരന്‍ 2003 ലാണ് ഇസ്​ലാം സ്വീകരിച്ച് ശംസുദ്ദീന്‍ എന്ന പേര് സ്വീകരിക്കുന്നത്. തന്റെ ഇസ്​ലാം മത സ്വീകരണത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെയാണ്: 
‘ഡോ. ബാബാ സാഹെബ് അംബേദ്കര്‍ തെളിച്ച പാതയിലൂടെ, അഥവാ ബ്രാഹ്‌മണിസത്തിനെതിരായ പോരാട്ടങ്ങളിലൂടെ ഇസ്​ലാമിന്റെ വിമോചന ലോകത്തേക്ക് ഞാന്‍ സ്വാഭാവികമായി നടന്നെത്തുകയായിരുന്നു.'  
ആയില്യത്ത് കുറ്റ്യേത്ത് ഗോപാലന്‍ നമ്പ്യാര്‍ എന്ന എ.കെ.ജിയുടെ മാതൃസഹോദരിയുടെ ചെറുമകന്‍ വി.പ്രഭാകരന്‍, ശംസുദ്ദീന്‍ ആയി മാറിയതിനു പിന്നിലുള്ള രാഷ്ട്രീയ മനസ്സിലാക്കലുകളെ  അംബേദ്കറൈറ്റ് മുസ്​ലിം: ജീവിതം പോരാട്ടം എന്ന തന്റെ ഓര്‍മക്കുറിപ്പ് സമാഹാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: ‘2003 അവസാനത്തിലാണ് ഞാന്‍ ഔദ്യോഗികമായി ഇസ്​ലാം സ്വീകരിക്കുന്നത്. മാനസികമായി വളരെ നേരത്തെത്തന്നെ ഞാന്‍ ഇസ്​ലാമിന്റെ വഴിയിലായിരുന്നു. എന്റെ സഹപാഠികളിലും സുഹൃത്തുക്കളിലും പെട്ട ഒരുപാട് പേര്‍ മുസ്​ലിംകളായിരുന്നു. അവരുടെ വീടുകളിലും മറ്റും ഞാന്‍ നിത്യസന്ദര്‍ശകനായിരുന്നു. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത വേണ്ട വിധം അനുഭവിക്കാത്തതിനാലാവാം മുസ്​ലിം കുടുംബങ്ങളിലെ പരസ്പര സ്‌നേഹവും അടുപ്പവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. മുഹമ്മദലി സാഹിബാണ് എനിക്ക് ശഹാദത്ത് കലിമ ചൊല്ലിത്തന്നത്.  ‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഒരു ദൈവമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു). സൂര്യന്റെ പര്യായപദമാണ് പ്രഭാകരന്‍. സൂര്യന് അറബിയില്‍ ശംസ് എന്നാണ് പറയുക. ദീനിന്റെ സൂര്യന്‍ എന്നര്‍ത്ഥം വരുന്ന ശംസുദ്ദീന്‍ എന്ന പേരാണ് അദ്ദേഹം മുസ്​ലിമായ എനിക്കായി നല്‍കിയത്.'’

ഭീകരവാദത്തിന്റെ അടയാളങ്ങള്‍ അറബിപേരും  തൊപ്പിയും  താടിയും നിസ്‌ക്കാര ത്തഴമ്പുമെല്ലാമാണെന്ന ബോധം വ്യാപകമായി അഴിച്ചു വിടാന്‍ മത്സരിക്കുന്ന വലിയൊരു വിഭാഗം സംഘങ്ങളാണ്  ജനതയുടെ നിയന്ത്രണാധികാരം ഏറ്റെടുത്തിരിക്കുന്നത്. 

ബാല്യത്തില്‍ തന്നെ യുക്തിവാദിയായിത്തീര്‍ന്ന ശംസുദ്ദീന് ഇസ്​ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമായ സ്രഷ്ടാവ് എന്ന ആശയത്തോട് യോജിക്കാന്‍ പ്രയാസമായിരുന്നുവെന്നും പിന്നീട് സ്രഷ്ടാവ് എന്ന സങ്കല്പത്തില്‍ കാതലായ മാറ്റo സംഭവിക്കുകയാണുണ്ടായതെന്നും  വിശദീകരിക്കുന്നുണ്ട്. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുള്‍പ്പടെ പല സുഹൃത്തുക്കളും  ഇസ്​ലാമത പരിവര്‍ത്തനത്തോടെ തന്നോടുള്ള സ്‌നേഹബന്ധം തന്നെ വിച്ഛേദിച്ചതായി അദ്ദേഹം തന്റെ ഓര്‍മക്കുറിപ്പില്‍ രേഖപ്പെടുത്തുന്നുണ്ട്. സാംസ്‌കാരിക ബുദ്ധിജീവികളെന്ന് കണക്കാക്കുന്നവര്‍ പോലും ഇസ്​ലാം മതത്തെ ഏത് കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്ന് മനസ്സിലാക്കിത്തരുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍.

പേരുകളിലേക്കുള്ള എത്തി നോട്ടങ്ങളും
ലൗ ജിഹാദ് ഭീതിയും

തങ്ങള്‍ക്കിഷ്ടപ്പെടാത്ത ജനവിഭാഗങ്ങളുടെ ഭക്ഷണം, ഭാഷ, വസ്ത്രം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവയെല്ലാം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് വരുത്തിത്തീര്‍ക്കലാണ് വംശീയ വാദികളുടെ ഒരു പ്രവര്‍ത്തന രീതി. ഇസ്​ലാം സ്വത്വത്തെ വെളിപ്പെടുത്തുന്ന പേരുകളെ ഉന്നം വെച്ചും ഈ പ്രവര്‍ത്തന രീതികള്‍ പ്രാവര്‍ത്തികമാക്കുന്നതായി കാണാം.
രാജ്യാന്തര ചലച്ചിത്ര മേളയില്‍  ദേശീയഗാന വിഷയം വിവാദമായപ്പോള്‍ അക്കാദമി ചെയര്‍മാനായ കമലിനെ കമാലുദ്ദീനാക്കി സംഘപരിവാറുകാര്‍ ആക്രമിച്ചിരുന്നു. അതുപോലെ തന്നെ പല കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴും പ്രതികളുടെ പേരുകളിലെ മത സൂചനയെ അതുവരെയില്ലാത്ത വിധം വലിച്ചിഴക്കുന്നതായി കാണാം, പ്രതി ഇസ്​ലാം സമുദായത്തില്‍ പെട്ട വ്യക്തിയാണെങ്കില്‍ പ്രത്യേകിച്ച് . ഭീകരവാദത്തിന്റെ അടയാളങ്ങള്‍ അറബിപേരും  തൊപ്പിയും  താടിയും നിസ്‌ക്കാര ത്തഴമ്പുമെല്ലാമാണെന്ന ബോധം വ്യാപകമായി അഴിച്ചു വിടാന്‍ മത്സരിക്കുന്ന വലിയൊരു വിഭാഗം സംഘങ്ങളാണ്  ജനതയുടെ നിയന്ത്രണാധികാരം ഏറ്റെടുത്തിരിക്കുന്നത്. 

കമലാ സുരയ്യയെ മാധവിക്കുട്ടിയായി മാത്രം അംഗീകരിക്കാന്‍ താല്പര്യപ്പെടുന്നവരാണേറെയും. സംഘപരിവാര വിചാരകേന്ദ്രത്തിന്റെ താത്വികാചാര്യനായ പി.പരമേശ്വരന്‍  ‘സ്വന്തം സ്വഭാവത്തിലെ ദൗര്‍ബല്യം കൊണ്ട് അനിവാര്യമായ ദുരന്തത്തിലേക്കു വഴുതി വീണ ദുരന്ത നാടകത്തിലെ നായിക' എന്നാണ് കമലാസുരയ്യയെ കുറിച്ച് പറഞ്ഞത്.  ‘കമല സുരയ്യയുടെ അന്ത്യ കര്‍മങ്ങള്‍ സ്വാതന്ത്ര്യത്തോടും വിധിപ്രകാരവും ചെയ്യുന്നതില്‍ നിന്ന് അവരുടെ ബന്ധുക്കളെ വിലക്കുകയും നിസ്സഹായരാക്കുകയും ചെയ്തവര്‍ ആരായിരുന്നാലും സാംസ്‌കാരിക കേരളം അവര്‍ക്കു മാപ്പു നല്‍കില്ല'  എന്ന് കുമ്മനം രാജശേഖരന്‍ മുറവിളി കൂട്ടി. മതം മാറിയ കാലം തൊട്ട്  കമല ദുരന്ത കഥാപാത്രമായിരുന്നു എന്നു വരുത്തിത്തീര്‍ക്കാനുള്ള വാദങ്ങള്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. കമല സുരയ്യയെ, അവരുടെ നിലപാടുകളെ വിഷം നിറച്ച മധുര പലഹാരങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ നാടാണിത്.

ഈയിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജൻറ്​ ക്വാർട്ടേഴ്‌സിന്റെ വരാന്തയില്‍ നൃത്തം ചെയ്ത് വൈറലായ ജാനകിയെയും നവീനെയും ഹൈന്ദവ സംഘടനകള്‍ വിമര്‍ശിച്ചത് ഇരുവരുടെയും പേരിലുള്ള മത സൂചനകളെ ഇഴകീറി പരിശോധിച്ചാണ്. ജാനകിയുടെ പേരിനോടൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനോടൊപ്പമുള്ള റസാഖും ഹിന്ദുത്വ ബോധങ്ങളെ അസ്വസ്ഥപ്പെടുത്തി. പ്രമുഖ ഹൈന്ദവ സംഘടനയെ പ്രതിനിധാനം ചെയ്യുന്ന ശശികല ടീച്ചര്‍  ‘ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായിരിക്കട്ടെ' എന്ന ഉപദേശ രൂപേണയുള്ള താക്കീതും നല്‍കുകയുണ്ടായി. മാധവിക്കുട്ടി കമലാ സുരയ്യയായതുപോലെ ജാനകിക്ക് മനപരിവര്‍ത്തനം സംഭവിക്കരുതെന്ന ഇസ്​ലാമിക വിരുദ്ധ ബോധത്തില്‍ നിന്നുമാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ രൂപപ്പെടുന്നത്.  മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജി.എസ്. ടി യുമടക്കമുള്ള കാര്യങ്ങള്‍ വിമര്‍ശന വിധേയമാക്കിയതിനെ തുടര്‍ന്ന് സിനിമാ നടന്‍ വിജയിയുടെ പേരിനോടൊപ്പമുള്ള ജോസഫിലെ മതം ചര്‍ച്ചയാക്കിയ അതേ ബോധമാണ് ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും പ്രവര്‍ത്തിച്ചത്. ജാനകിക്കും നവീനും വലിയ പിന്തുണയുമായി  രംഗത്തു വന്നവരില്‍ ഭൂരിഭാഗവും ഇന്നും അഖിലയെ ഹാദിയയായി കാണാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നവരാണ് എന്നതു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. സിറിയയില്‍ ആടുമേക്കാന്‍ പോകുമെന്ന് പൊതുസമൂഹം പ്രവചിച്ച ഹാദിയ ഇന്ന് ഡോ. ഹാദിയയായി നിലകൊള്ളുമ്പോഴും ലൗ ജിഹാദ് ആരോപിക്കുന്നവരുടെ നിര വര്‍ദ്ധിക്കുകയാണ് എന്നതാണ് സ്വാഭാവികമായ യാഥാര്‍ത്ഥ്യം.  

ഔദ്യോഗികമായി മതം മാറാന്‍ അംഗീകൃത സ്ഥാപനങ്ങളുടെ സാക്ഷ്യപത്രമോ മറ്റോ വേണ്ടതില്ല എന്നും സ്വയം നടത്തുന്ന പ്രഖ്യാപനം  മതിയെന്നും കോടതി വ്യക്തമാക്കിയത് ഈയിടെയാണ്. 

അഡ്വ. ഷഹ്‌സാദ് ഹുദവി   മൃതദേഹത്തിന്റെ അവകാശങ്ങള്‍ എന്ന ലേഖനത്തില്‍ ഇസ്​ലാം മതപരിവര്‍ത്തന നിയമത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്:  ‘‘1937 ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ പ്രകാരം ഏതൊരു വ്യക്തിക്കും താന്‍ മുസ്​ലിം ആണെന്നും, കരാര്‍ നിയമ പ്രകാരം മേജര്‍ ആണെന്നും ശരീഅത്ത് ആക്ട് പ്രകാരമുള്ള വിഷയങ്ങളില്‍ തനിക്ക് മുസ്​ലിം വ്യക്തിനിയമം ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തരമൊരു നിയമത്തിനുവേണ്ട ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഈ ആവശ്യവുമായി തദേവൂസ് എന്ന അബു താലിബ് ഹൈക്കോടതിയെ സമീപിക്കുകയും താന്‍ മുസ്​ലിം ആണെന്നും മുസ്​ലിം വ്യക്തിനിയമം തന്റെ മേല്‍ ബാധകമാക്കണമെന്നുമുള്ള സത്യവാങ്മൂലം സ്റ്റേറ്റ് നിയോഗിക്കുന്ന അധികാരിയുടെ മുന്നില്‍ നടപ്പാക്കുവാന്‍ പറയുന്ന ഈ ചട്ടം നടപ്പിലാക്കിയിട്ടില്ല എന്നും സ്റ്റേറ്റ് അത്തരമൊരു അധികാരിയെ നിയോഗിക്കാന്‍ ബാധ്യസ്ഥരാണ് എന്നും വാദിച്ചു. മൂന്ന് മാസത്തിനകം ഗവണ്‍മെൻറ്​ ചട്ടങ്ങള്‍ നിര്‍മിക്കുമെന്ന് അറിയിച്ച   പ്രകാരമാണ് കോടതി കേസ് തീര്‍പ്പു കല്‍പ്പി ച്ചത്. എന്നാല്‍, വിധിപ്രസ്താവത്തിനുശേഷം മൂന്നുമാസം കഴിഞ്ഞിട്ടും ചട്ടങ്ങള്‍ രൂപീകരിച്ചതായി കാണുന്നില്ല. ഔദ്യോഗികമായി മതം മാറാന്‍ അംഗീകൃത സ്ഥാപനങ്ങളുടെ സാക്ഷ്യപത്രമോ മറ്റോ വേണ്ടതില്ല എന്നും സ്വയം നടത്തുന്ന പ്രഖ്യാപനം  മതിയെന്നും കോടതി വ്യക്തമാക്കിയത് ഈയിടെയാണ്. 
മതംമാറിയെന്നതിനും പേരുമാറ്റത്തിനും ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഗവൺമെൻറ്​ ശഠിക്കരുതെന്നും, ആ വ്യക്തിയുടെ സ്വമേധയാ ഉള്ള പ്രഖ്യാപനം മതിയെന്നും, അത്തരം പ്രഖ്യാപനം സംശയമുളവാകുന്നതാണെങ്കില്‍ ഗവണ്‍മെന്റിന്​ ആവശ്യമെങ്കില്‍ അന്വേഷണം നടത്താമെന്നുമുള്ള കേരളാ ഹൈക്കോടതിയുടെ 2018ലെ വിധിപ്രസ്താവം ഇക്കാര്യം വ്യക്തമാക്കിയതാണ്. നിലവില്‍, മേല്‍ചട്ടങ്ങള്‍ നിലവില്‍ വരാത്തിടത്തോളം കാലം സ്വയം പ്രഖ്യാപനം (declaration) തന്നെ പര്യാപ്തമെന്നു ചുരുക്കം. തദേവൂസ്
വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ചട്ടങ്ങള്‍ പുതു വിശ്വാസികളെ സംബന്ധിച്ച്​ എത്രമാത്രം ഗുണകരമാകുമെന്നത് സംബന്ധിക്കുന്ന സാമൂഹികവും നിയമപരവുമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ചട്ടങ്ങള്‍ക്കനുസൃതമായി രജിസ്റ്റര്‍ ചെയ്യാത്ത പുതുവിശ്വാസികളെ സംബന്ധിച്ച്​ മുസ്​ലിം വ്യക്തിനിയമം എങ്ങനെ ബാധിക്കുമെന്നതടക്കമുള്ള വിഷയങ്ങള്‍ ഗൗരവതരമായി പരിഗണിക്കേണ്ടതുണ്ട്.’’

Thousands_of_Muslims_praying_during_the_Eid_festival_at_a_mosque_in_Delhi_in_1942.jpg
ഡല്‍ഹി ജുമാമസ്ജിദില്‍ പെരുന്നാള്‍ നിസ്‌ക്കരിക്കുന്നവര്‍. 1942 ലെ ദൃശ്യം.

നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്​ലാം മതത്തില്‍ നിഷിദ്ധമാണ്. മനുഷ്യാവകാശങ്ങള്ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യവും പരിഗണനയും നല്കുന്ന വിധികളാണ് ഇസ്​ലാമിക ശരീഅത്തിൽ നിലനില്‍ക്കുന്നത്. അവ രേഖകളായി മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ആ വിധിന്യായങ്ങളെല്ലാം ചരിത്രത്തില്‍ നടപ്പിലാക്കപ്പെട്ടതാണ്. ഖുര്‍ആന്‍ രണ്ടാം അധ്യായം256-ാം വചനം ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:  ‘‘ഇസ്​ലാമാകുന്ന ആദർശപരവും ധാർമികവും കർമപരവുമായ ഈ വ്യവസ്ഥ ആരുടെയും മേൽ ബലാൽക്കാരം അടിച്ചേൽപ്പിക്കാവതല്ല. ഇത് ഒരാളുടെ തലയിൽ നിർബന്ധപൂർവം വെച്ചുകെട്ടാവുന്ന ഒരു വസ്തുവേ അല്ല'' (തഫ്ഹീമുല് ഖുർആൻ, അൽബഖറ 285-ാം വ്യഖ്യാനക്കുറിപ്പ്).  ഇത്തരമൊരു നിയമം  നിലനില്‍ക്കെ ഇസ്​ലാമിനെതിരെ നിര്ബന്ധ മതപരിവർത്തനമെന്ന ആരോപണമുന്നയിക്കുന്നതിലെ അനീതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

കേരളത്തിൽ ലൗ ജിഹാദ് കാമ്പയിന്‍ നടത്തുന്നു എന്ന  കള്ളപ്രചാരണം ഒരിടത്ത് നടക്കുമ്പോൾ ഔദ്യോഗിക രേഖകളിലെ കണക്കുകള്‍ മറ്റൊരു വശത്ത് വസ്തുതയായി നിലനില്‍ക്കുന്നു.

ദ ന്യൂ ഇന്ത്യന്‍ എക്​സ്​പ്രസ്​ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് 2020 ല്‍ നടന്ന 506 മതം മാറ്റങ്ങളില്‍ 241 പേരും ഹിന്ദു മതത്തിലേക്കാണ് എന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്​ലാം മതം സ്വീകരിച്ചത് 144 പേരും ക്രിസ്ത്യന്‍ മതം സ്വീകരിച്ചത് 119 പേരുമാണ്. കേരളത്തിൽ ലൗ ജിഹാദ് കാമ്പയിന്‍ നടത്തുന്നു എന്ന  കള്ളപ്രചാരണം ഒരിടത്ത് നടക്കുമ്പോൾ ഔദ്യോഗിക രേഖകളിലെ കണക്കുകള്‍ മറ്റൊരു വശത്ത് വസ്തുതയായി നിലനില്‍ക്കുന്നു. ഇസ്​ലാം മതാശ്ലേഷണം നടത്തുന്നവര്‍ മാനസികവും സാമൂഹികവും നിയമപരവുമായ നിരവധി പ്രശ്‌നങ്ങളെ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഹാദിയ കേസ് അതില്‍ അവസാനത്തേതാവുന്നില്ല. 

‘‘ഇന്ത്യന്‍ മുജാഹിദീന്‍ അണുബോംബിടാന്‍ പോകുന്നുവെന്നും നാവിക പരിശീലനം തുടങ്ങുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഈയിടെയുണ്ടായി. ഇവയുടെ സത്യമെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല. ആരും ഇവയെ പിന്തുടരുന്നില്ല. എന്നാല്‍ അവ സൃഷ്ടിക്കുന്ന ഭീതിയും വിരോധവും അവബോധങ്ങളായി മാറി നിലനില്‍ക്കുകയും ചെയ്യുന്നു.’’
നജ്മല്‍ ബാബു. 

അഞ്ജലി മോഹന്‍ എം. ആര്‍.  

തൃശൂർ പുല്ലൂറ്റ്​ ഗവ. കെ.കെ.ടി.എം കോളേജ്​ മലയാള വിഭാഗത്തിൽ  ഗവേഷക.

 

Audio