കോവിഡുകാല ജീവിതം
ആർദ്ര അക്ഷരി
മൂർദ്ധാവില്‍ തറച്ച ആണി
ഈ സമയം ഞാനൊരു യാത്രക്കിടയിലാണെന്ന് സങ്കല്‍പ്പിച്ച് ഒരു മാസത്തോളം വീട്ടിലേക്ക് എനിക്ക് തന്നെ നിരന്തരം ചെറിയ കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു. കണ്ട സിനിമകളെപ്പറ്റിയും വായിച്ച പുസ്തകങ്ങളെപ്പറ്റിയും കുട്ടിക്കാലത്തെപ്പറ്റിയും കാണാന്‍ കഴിയാതെ വീര്‍പ്പുമുട്ടികിടക്കുന്ന കാഴ്ചകളെപ്പറ്റിയുമെല്ലാം കത്തിലെഴുതി.

മാര്‍ച്ച് മാസത്തിന്റെ തുടക്കങ്ങളിലാണ് കവിതാവായനയും കഴിഞ്ഞ് തിരുവനന്തപുരം ആകാശവാണിയില്‍ നിന്ന് പി.ജി അവസാന വര്‍ഷ തിസീസ് വര്‍ക്കുകളുടെ തിരക്കുകളിലേക്ക് മടങ്ങുന്നത്. ട്രെയിനില്‍ വെച്ച് കോവിഡ് എന്ന വാക്ക് അടക്കംപറച്ചിലുകളും സംശയങ്ങളുമായി മാത്രം ചെവിയിലെത്തിക്കൊണ്ടിരുന്ന സമയം.
അധികം നീണ്ടില്ല, രണ്ടാഴ്ചക്കുള്ളില്‍ രാജ്യം ഒന്നടങ്കം ലോക്ക്ഡൗണിലായി. അവധിയെണ്ണുന്ന കണക്കെ ഇന്നു തീരും നാളെത്തീരും എന്നു തുടങ്ങിയ അടച്ചിരിപ്പ് ഒരു വര്‍ഷത്തിലധികം നീണ്ടു നില്‍ക്കുമെന്ന് സങ്കല്‍പ്പിച്ചതേയല്ല. എത്ര പെട്ടെന്നാണ് മനുഷ്യരെല്ലാം ഒരു വൈറസിന് മുന്നില്‍ കുഞ്ഞുങ്ങളായി തീര്‍ന്നത്!
കോവിഡിന് മുന്‍പും ശേഷവുമായി ജീവിച്ച സമയത്തെയിപ്പോള്‍ രേഖപ്പെടുത്താമെന്നിരിക്കെ, അതിജീവനത്തോടൊപ്പം, പോയ നേരങ്ങളിലെ യാത്രകള്‍ക്കും കൂടിച്ചേരലുകള്‍ക്കും ബഹളങ്ങള്‍ക്കുമെല്ലാം മൂര്‍ദ്ധാവില്‍ തറഞ്ഞ ആണി കൂടിയാണ് എനിക്ക് ഈ രണ്ട് വര്‍ഷക്കാലം.
ഓരോ പറങ്കിക്കഥകളും അടുത്തതിലേക്ക് പറന്നുകൊണ്ടിരുന്നു. ഓരോ കഥാപാത്രങ്ങളും മാഞ്ഞും മറഞ്ഞും പോയി. എത്രയെത്ര പറങ്കിക്കാലങ്ങളാണ് എണ്ണിയെടുക്കാനാകാതെ ഇപ്പോഴും ഓര്‍മ്മകളില്‍ കിടന്നു പൊട്ടുന്നത്!
സ്‌കൂള്‍ പഠനകാലം കഴിഞ്ഞതോടെ ഉപരിപഠനവും മറ്റുമായി വീട് വിട്ട് നിന്ന ഒരാളെന്ന നിലയില്‍ ലോക്ക്ഡൗണ്‍ ആരംഭങ്ങളില്‍ വീടൊരു പ്രലോഭനമായിരുന്നു. മുറിക്കുള്ളില്‍ അടുക്കലും ഒരുക്കലുമാണ് നടന്നുകൊണ്ടിരുന്നതെങ്കില്‍ മുറ്റത്ത് ചെടിച്ചട്ടികളും ഗ്രോബാഗുകളും നിരന്നിരുന്നു. പത്തുമണിച്ചെടികള്‍ പൂക്കൂടകളിലും തക്കാളിയും വഴുതിനയുമെല്ലാം ഗ്രോബാഗിലുമായി ഒരു പച്ചതുരുത്ത് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെല്ലാം മുറക്ക് നടന്നുകൊണ്ടിരുന്നു.

വൈകുന്നേരങ്ങളില്ലെല്ലാം കശുമാങ്ങാ തോപ്പുകളിലേക്കുള്ള ചെറിയ നടത്തങ്ങളുണ്ടായി. കുട്ടിയായിരുന്ന കാലത്തിലേക്കാണ് ഈ ദിവസങ്ങളിലെല്ലാം കൂടുതലും ഓര്‍മ്മ പോയത്. പ്രതേകിച്ചും അപ്പൂപ്പനുമൊന്നിച്ചുള്ള ദിവസങ്ങള്‍. ചെറിയ ക്ലാസുകളിലേതിലോ പഠിക്കുമ്പൊഴാണ്, നെല്ല് മെതിക്കുന്ന മുറ്റത്തിന്റെ നടുത്തളത്തില്‍ സന്ധ്യയ്ക്ക് മത്സരിച്ച് പെറുക്കിക്കൂട്ടിയ കശുവണ്ടികള്‍ മുഴുവന്‍ നിരത്തി വെയ്ക്കും. അപ്പൂപ്പന്‍ ചകിരിത്തൊണ്ടുകളും ഉണക്കയിലകളും ചുള്ളിക്കമ്പുകളുമൊക്കെയെടുത്ത് തീ കൂട്ടാന്‍ തുടങ്ങും. തീ ചകിരിയില്‍ നിന്ന്ഇലകളിലേക്കും കമ്പുകളിലേക്കും പടര്‍ന്ന് പുക വരാന്‍ തുടങ്ങുമ്പോള്‍ പറങ്കിയണ്ടികളെടുത്ത് അതിനുള്ളിലിട്ട് മൂടും. പിന്നെ ക്ഷമയോടെയുള്ള കാത്തിരിപ്പാണ്. പൊട്ടലും ചീറ്റലും ഏകദേശം അവസാനിക്കുന്ന വരെ ഒരേയിരിപ്പ്.
പുസ്തകങ്ങള്‍ ഒരു സുഹൃത്തിന്റെ ഗുണം ചെയ്യും ചിലസമയങ്ങളില്‍. ഒറ്റക്കിരിക്കുന്ന സമയത്ത് മിണ്ടാനും പറയാനും കേള്‍ക്കാനുമൊക്കെയായി അരികിലൊരാളോ ഒരു കൂട്ടം ആളുകളോ ഇരിക്കുന്നത് പോലെ.
അതിനിടക്ക് പറങ്കികളുടെ കഥയും പറങ്കിമാങ്ങകളുടെ പ്രേതബാധയുമൊക്കെ അപ്പൂപ്പന്‍ പറഞ്ഞു തീര്‍ത്തിട്ടുണ്ടാകും. പറങ്കിക്കഥയുടെ അവസാനം, കേട്ടു കേട്ടില്ല എന്ന സ്ഥിതി വരും. കണ്ണും കാതും വീണ്ടും തീയ്ക്ക് ചുറ്റും ഏകാഗ്രപ്പെടും. അന്നേരം മെല്ലെ ഓരോ കമ്പുകളായി പുറത്തെടുത്ത് ചകിരിപ്പൊളിയെ തട്ടി നീക്കി കശുവണ്ടിക്കരിക്കട്ടകളോരോന്നായി പുറത്തേക്കിടും. ചിലതൊക്കെ വെറും കരിയായി മാറിയിട്ടുണ്ടാകും. ഓരോന്ന് വീതം കുഞ്ഞു കല്ലുകളും ചിരട്ടയുമെടുത്ത് തല്ലിപ്പൊട്ടിച്ചു പരിപ്പ് പുറത്തെടുക്കും. രുചിയുടെ ഇളം ചൂടോടെ ഓരോന്നും വായിലേക്കിട്ട് കയ്യിലെ കരി മുഖത്തും ബാക്കി അപ്പൂപ്പന്റെ മുണ്ടിലുമായിത്തുടച്ച് ഓടാന്‍ തുടങ്ങും. ആസ്വദിച്ചും ആഘോഷിച്ചുമുള്ള ഓരോ ഓട്ടങ്ങളിലും ഓരോ കശുവണ്ടിക്കാലങ്ങള്‍ കടന്നു പോയി. ഓരോ പറങ്കിക്കഥകളും അടുത്തതിലേക്ക് പറന്നുകൊണ്ടിരുന്നു. ഓരോ കഥാപാത്രങ്ങളും മാഞ്ഞും മറഞ്ഞും പോയി. എത്രയെത്ര പറങ്കിക്കാലങ്ങളാണ് എണ്ണിയെടുക്കാനാകാതെ ഇപ്പോഴും ഓര്‍മ്മകളില്‍ കിടന്നു പൊട്ടുന്നത്!
ഗതാഗതവും സഞ്ചാരവും പൂര്‍ണമായും നിലച്ചതോടെ തിരിച്ചു കൊടുക്കാന്‍ വെച്ചിരുന്ന ലൈബ്രറി പുസ്തകങ്ങളായിരുന്നു പിന്നീട്, കൃത്യമായി പറഞ്ഞാല്‍, ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ കൂടെയുണ്ടായിരുന്നത്. ബുള്‍ബുളുകളുടെ കൂടൊരുക്കങ്ങളും മഞ്ഞുമൂടി വരുന്ന മരത്തലപ്പുകളും ഒരു ജനലിനപ്പുറം കാണാന്‍ കഴിഞ്ഞിരുന്ന ഹോസ്റ്റലിലെ ഏറ്റവും ഭംഗിയുള്ളതും സമാധാനപൂര്‍ണവുമായ മണ്‍സൂണ്‍ സമയങ്ങള്‍ കൂടിയായിരുന്നു അത്.

പുസ്തകങ്ങള്‍ ഒരു സുഹൃത്തിന്റെ ഗുണം ചെയ്യും ചിലസമയങ്ങളില്‍. ഒറ്റക്കിരിക്കുന്ന സമയത്ത് മിണ്ടാനും പറയാനും കേള്‍ക്കാനുമൊക്കെയായി അരികിലൊരാളോ ഒരു കൂട്ടം ആളുകളോ ഇരിക്കുന്നത് പോലെ. തീര്‍ത്തും ഒറ്റയായ സമയങ്ങളിലാണെങ്കില്‍ മരുന്നിന്റെ ഗുണം ചെയ്യും. അത്തരത്തില്‍ ഗുണം ചെയ്‌തൊരു വായനയാണ് എ. കെ. രാമാനുജന്റെ കവിതകള്‍. എത്ര ലളിതവും സുന്ദരവുമായ അഖ്യാനങ്ങളാണ് അദ്ദേഹത്തിന്റേത്. ഒരേ സമയം ചിന്തയെ പിടിച്ചു നിര്‍ത്താനും അതേ സമയം ചിന്തിക്കാനും പ്രേരിപ്പിക്കുന്ന തരം അനുഭവമാണ് എനിക്കുണ്ടായത്. ചില സാന്നിധ്യങ്ങളെ, സങ്കല്‍പ്പങ്ങളെ ഒക്കെ ചുറ്റിലേക്കും തുറന്നു വിടുന്ന എഴുത്തുകള്‍. ജീവിതവും, മരണവും, സ്‌നേഹവും, വേദനയുമെല്ലാം മുന്നിലേക്ക് നീട്ടുന്ന ചിത്രങ്ങള്‍, ശബ്ദങ്ങള്‍, ബിംബങ്ങള്‍.

ഈ കവിതകളിലൂടെ കടന്നുപോകുന്ന ഒരാള്‍ ചിലപ്പോള്‍ ഭംഗിയുള്ളൊരു ചിത്രത്തിനകത്തോ മറ്റ് ചിലപ്പോള്‍ സ്വന്തം സ്വപ്നചക്രങ്ങളുടെ അനിശ്ചിതത്വത്തിലോ ചെന്നുപെട്ടെന്നും വരാം. ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും, 12 ഇയേര്‍സ് എ സ്ലേവുമെല്ലാം ലോക്ക്ഡൗണ്‍ സമയത്തെ വായനയില്‍ പെട്ടതും യാദൃച്ഛികമായാണ്. രാത്രിയും പകലുമറിയാത്ത ചില ദിവസങ്ങളില്‍ കൂട്ടിരുന്ന സിനിമകളുടെ ഒരു നിര തന്നെയുണ്ട്. The Danish Girl, The Peanut Butter Falcon, Amelie, Gadjo Dilo, What's Eating Gilbert Grape, എന്നിങ്ങനെ നീളും പട്ടിക.
ഇതിനിടയില്‍ തിസീസ് വര്‍ക്ക് മുഴുമിപ്പിക്കാന്‍ കഴിഞ്ഞത് കുറേ നാളത്തെ അധ്വാനത്തിന് അവധി തന്നെങ്കിലും കോളേജിലേക്ക് ഒരു തിരിച്ചുപോക്ക് അടുത്തൊന്നും ഉണ്ടാവുകയില്ലെന്നത് നിരാശപ്പെടുത്താതെയില്ല. ഒരു പരിധി വരെ കോളേജിലെയും ഹോസ്റ്റലിലെയും അവസാന ദിവസങ്ങള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടതിന്റെ ആ നിരാശയകറ്റിയത് ഫോണിലൂടെയുള്ള ദീര്‍ഘനേര വീഡിയോ/ഓഡിയോ സംഭാഷണങ്ങളും ചര്‍ച്ചകളുമാണ്. ലോക്ക്ഡൗണ്‍ എന്ന മതിലിനപ്പുറവും ഇപ്പുറവും നിന്ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും അതിനു പുറത്തും നടക്കുന്ന പലതും ദിവസവും ശബ്ദങ്ങളിലൂടെ അറിഞ്ഞു. ചുറ്റിലും നിറയെ ആളുകളുണ്ടാവുമ്പോഴും ആരുമില്ലാത്ത അവസ്ഥ ലോക്ക്ഡൗണ്‍ ചെയ്ത മോശം കാര്യങ്ങളിലൊന്നാണ്.

പലര്‍ക്കുമെന്ന പോലെ, സമപ്രായക്കാരുമായും സമാന ചിന്തകള്‍ പങ്കിടുന്നവരുമായുമുള്ള കുഞ്ഞു കമ്മ്യൂണുകളാണ് കോവിഡ് കാരണം ഇല്ലാതായിപ്പോയ സന്തോഷങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്. അവനവനെ അടയാളപ്പെടുത്തി വെച്ചിരിക്കുന്ന ഒരു കൂട്ടത്തില്‍ ചേരല്‍. അക്കാരണം കൊണ്ട് തന്നെ കോവിഡ് വ്യാപനത്തിന്റെ സാധ്യതകളില്‍ ഗൗരവത്തോടെ കാണാവുന്ന ഒന്നും.
ചലച്ചിത്രമേളകളും സാഹിത്യോത്സവങ്ങളും പോലെ അവനവനെ സന്തോഷമുള്ളവരാക്കി നിര്‍ത്താന്‍ കഴിവുള്ള സകല ഇടങ്ങളില്‍ നിന്നും താല്‍ക്കാലികമായെങ്കിലും മാറ്റിനിര്‍ത്തപ്പെട്ടു. ഇവയെല്ലാം സാരമില്ലെന്നു വെക്കാവുന്നവയാണെങ്കിലും ഒരു സ്ഥലത്ത് സ്ഥിരമായി മനസ്സു നിറഞ്ഞ് ഒന്നും ചെയ്യാനില്ലാതെ ഇരിക്കേണ്ടി വരുന്ന അവസ്ഥ മാനസികമായി കൊണ്ടെത്തിച്ച അനിശ്ചിതത്വങ്ങള്‍ ചെറുതല്ല.
വീടുകളിലിരിക്കേണ്ടി വന്ന ഒട്ടുമുക്കാല്‍ പെണ്‍കുട്ടികള്‍ക്കുമെന്ന പോലെ സുരക്ഷിതത്വം ചിലപ്പോഴൊക്കെ ഒരു ലക്ഷ്മണരേഖയും ബാധ്യതയുമായ കാലം കൂടിയാണിത്. വേണ്ടപ്പെട്ടവരെ പോലും കൈ നീട്ടി തൊടാനോ കൂടിയിരിക്കാനോ സാധിക്കാത്ത വിധം അകലം ഇടയില്‍ വന്നു നിറഞ്ഞ സമയം.
ഇത്തരം സാഹചര്യങ്ങളില്‍ ഒരു സാമൂഹ്യജീവി എന്ന നിലയില്‍ പുറം ലോകവുമായി ആകെയുള്ള ബന്ധം ഇന്റര്‍നെറ്റും മാധ്യമങ്ങളും വാര്‍ത്താസമ്മേളനങ്ങളും തന്നെയായിരുന്നു. ഇപ്പോഴും കുറെയൊക്കെ ആണ് താനും.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും അതിനു പുറത്തും നടക്കുന്ന പലതും ദിവസവും ശബ്ദങ്ങളിലൂടെ അറിഞ്ഞു. ചുറ്റിലും നിറയെ ആളുകളുണ്ടാവുമ്പോഴും ആരുമില്ലാത്ത അവസ്ഥ ലോക്ക്ഡൗണ്‍ ചെയ്ത മോശം കാര്യങ്ങളിലൊന്നാണ്.
ആവര്‍ത്തനവിരസതയുടെ അവസാന മണിയടിക്കുമ്പോഴേക്കും ഒന്ന് കഴിയുമ്പോള്‍ അടുത്തത് എന്ന കണക്കെ, ചെയ്യുന്ന കാര്യങ്ങളെയെല്ലാം ഞാന്‍ മാസം തോറും മാറ്റിക്കൊണ്ടിരുന്നു. ഒരു മാസത്തിന്റെ അല്ലെങ്കില്‍ രണ്ടോ മൂന്നോ മാസങ്ങളുടെ ഇടവേളകളിലാണ് ഈ കൂടു വിട്ട് കൂട് തേടല്‍.
മാസങ്ങള്‍ കഴിയുന്തോറും പുതിയ പുസ്തകങ്ങള്‍ തുറക്കാതെയും കണ്ടു തുടങ്ങിയ സിനിമകള്‍ മുഴുമിപ്പിക്കാതെയും ആരോടും അധികം സംസാരിക്കാതെയും ഒരു വാക്ക് പോലും എഴുതാതെയും കാറ്റാടി കണക്കായി കാര്യങ്ങള്‍.
ചുറ്റിനും പ്രതീക്ഷക്ക് വക തരുന്ന ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ആളുകള്‍ക്ക് രോഗം ബാധിക്കുമ്പോഴും മരിക്കുമ്പോഴും എന്നതുള്‍പ്പെടെ കോവിഡ് ലോകത്ത് നടക്കുന്ന സര്‍വ്വതിനോടും പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി എനിക്കനുഭവപ്പെടുന്ന ഒരുതരം നിര്‍വ്വികാരത എന്നെത്തന്നെ പേടിപ്പെടുത്താനും തുടങ്ങി.

ഈ സമയം ഞാനൊരു യാത്രക്കിടയിലാണെന്ന് സങ്കല്‍പ്പിച്ച് ഒരു മാസത്തോളം വീട്ടിലേക്ക് എനിക്ക് തന്നെ നിരന്തരം ചെറിയ കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു. കണ്ട സിനിമകളെപ്പറ്റിയും വായിച്ച പുസ്തകങ്ങളെപ്പറ്റിയും കുട്ടിക്കാലത്തെപ്പറ്റിയും കാണാന്‍ കഴിയാതെ വീര്‍പ്പുമുട്ടികിടക്കുന്ന കാഴ്ചകളെപ്പറ്റിയുമെല്ലാം കത്തിലെഴുതി. പതിയെ ഇതില്‍ നിന്നെല്ലാം അവനവനെ അടര്‍ത്തിയെടുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും തളരാതെ ഒപ്പം ചേര്‍ന്ന് പോവുകയാണ് ഏറ്റവും വലിയ അതിജീവനം എന്നും ഈ സമയവും കടന്നുപോകുമെന്നും സമയമെടുത്താണെങ്കിലും ഇതിനിടയില്‍ സ്വയം പഠിപ്പിച്ചെടുത്തു. മാനസികാരോഗ്യം വീണ്ടെടുക്കുന്നതില്‍ കത്തെഴുത്ത് വലിയ രീതിയില്‍ത്തന്നെ ഉപകരിച്ചിട്ടുണ്ടെന്ന് പറയട്ടെ.
എനിക്കൊരു കാട്ടുപൂവായാല്‍ മതി. മഴയെത്തുന്നതിനു മുന്‍പേ ഒരു പുഴയുടെ തണുപ്പില്‍, ഇത് വരെ ചെയ്ത് കൂട്ടിയതെല്ലാം ഉരിഞ്ഞിട്ടുകൊണ്ട് ഉറക്കമുണരാന്‍ കഴിയുന്ന ഒരു കാട്ടുപൂവ്.
അത്തരത്തിലൊരു കത്ത് ഇങ്ങനെയാണ്:
10 ഏപ്രില്‍ 2020.
നല്ല ഛായഗ്രഹകര്‍ക്ക് നല്ല സംവിധായകരാവാനുള്ള സാധ്യതകളെപ്പറ്റിയാണ് ഞാനോര്‍ക്കുന്നത്.
ഒരു പൂവിനെ, ഒരു കാടിനെ അത്രമേല്‍ ഭംഗിയോടെ പകര്‍ത്താന്‍ കഴിയുമെങ്കില്‍ അവ ചേര്‍ത്തെടുക്കാനാണാനോ പ്രയാസം!
കണ്ണും കാതും ആകര്‍ഷിക്കുന്ന എത്രയെത്ര ചലച്ചിത്രങ്ങളാണ്. ഛായാഗ്രഹരെ ഞാനിഷ്ടപ്പെടുന്നു.
നല്ല കാഴ്ചകള്‍ കഥകളേക്കാള്‍ ശ്രദ്ധയകര്‍ഷിക്കുന്നവയാണ്. അഥവാ, നല്ല കാഴ്ചകളുള്ള കഥകളിലേ കണ്ണു തറഞ്ഞിട്ടുള്ളൂ.
ചില സിനിമകളുടെ രാഷ്ട്രീയത്തെയോ കഥയെയോ തൊടാതെയും അതിലേക്ക് കടന്നുചെല്ലാന്‍ ആഗ്രഹിക്കാതെയും അതിന്റെ ഫ്രെയിമുകളെയും നിറങ്ങളെയും വെറുതേ അനുഭവങ്ങളായിക്കണ്ട് ഞാനെടുക്കുന്നു.
ഓരോ കഥാപാത്രങ്ങളുടെയും നിസ്സഹായതകള്‍ തഴഞ്ഞു വെച്ചാണ് ഞാന്‍ നടക്കുന്നത്. എനിക്കിപ്പോള്‍ ആ കാഴ്ചകളും അതിനെ കുതിര്‍ത്തി നിര്‍ത്തുന്ന സംഗീതവും മതി.
എനിക്കൊരു കാട്ടുപൂവായാല്‍ മതി. മഴയെത്തുന്നതിനു മുന്‍പേ ഒരു പുഴയുടെ തണുപ്പില്‍, ഇത് വരെ ചെയ്ത് കൂട്ടിയതെല്ലാം ഉരിഞ്ഞിട്ടുകൊണ്ട് ഉറക്കമുണരാന്‍ കഴിയുന്ന ഒരു കാട്ടുപൂവ്.
ലഭ്യമാകുന്ന മുറക്ക് വാക്സിനേഷനെടുത്തും സാമൂഹ്യ അകലവും മറ്റ് നിര്‍ദ്ദേശങ്ങളും പാലിച്ചു പുറത്തിറങ്ങാനും വളരെ ചെറിയ യാത്രകള്‍ നടത്താനും ഈയടുത്ത കാലത്തായി നമ്മള്‍ തുടങ്ങി എങ്കിലും പഴയ ലോകത്തിലേക്ക് ഇനിയും എത്തിയിട്ടില്ല എന്ന ബോധം തീര്‍ത്തും വിട്ടുകളഞ്ഞിട്ടില്ല.
നിരന്തരം ചുറ്റിലും നടക്കുന്ന മാറ്റങ്ങള്‍ക്കും മാറ്റമില്ലായ്മകള്‍ക്കും അനുസരിച്ച് ജീവിതരീതികളേയും ചിന്തകളേയും വിശ്വാസങ്ങളേയും അടുക്കിയും വിലയിരുത്തിയും തിരുത്തിയും വ്യവഹരിക്കാനുള്ള തരത്തിലേക്ക് നമ്മള്‍ കുറെയൊക്കെ വികാസവും പക്വതയും പ്രാപിച്ചിട്ടുണ്ട്. ഈ അടച്ചിരിപ്പ് കാലം അതുകൊണ്ട് തന്നെ കോവിഡ് അതിജീവനത്തിന്റെയും ജനാധിപത്യ സംവിധാനത്തിന്റെയും മുകളിലുള്ള പ്രതീക്ഷയുടേതുകൂടിയാണ്. ▮