അരികുജീവിതം
അരുൺ കെ.എൽ.
പി ആന്‍ഡ് ടി കോളനി, എറണാകുളം സൗത്ത്
കിടക്കപ്പായയിലേക്ക് മലിനജലം
കയറുന്ന വീടുകൾ
പി ആന്‍ഡ് ടി കോളനി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുപുറകിലെ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുവരുന്ന ഭാഗങ്ങളിലാണ്. ഓരോ ഷെഡുകള്‍ക്കും പുറകിലൂടെ ഒഴുകുന്നത് കൊച്ചിയുടെ മാലിന്യം വഹിക്കുന്ന തുറന്ന തോടുതന്നെയാണ്. നഗരവത്കരണത്തിലൂടെ അരികുവത്കരിക്കപ്പെടുന്ന ചില ജീവിതങ്ങളിലൂടെ.

രണ്ടു മഴ പെയ്താല്‍ റെയില്‍വേസ്റ്റേഷന്‍ പരിസരം വെള്ളം കയറും, അതെല്ലാം
കയറുന്നത് പി ആന്‍ഡ് ടി കോളനിക്കാരുടെ കിടക്കപ്പായിലേക്കാണ്.
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമ തുറന്നുകാട്ടിയ ഗ്രേറ്റർ കൊച്ചിന്‍ ഡവലപ്പ്‌മെൻറ് അതോറിറ്റിയുടെ വികസന മാതൃകകള്‍ നേടിത്തന്നത് അരികുവത്കൃതപ്പെട്ട ഒരു ജനവിഭാഗത്തെയാണ്. എങ്ങനെയാണ് ഒരുപറ്റം ആളുകള്‍ തികച്ചും അരക്ഷിതമായ ജീവിതസാഹചര്യങ്ങളില്‍ എത്തിച്ചേരുന്നത് എന്നത് ഭരണകൂടത്തിന്റെയും, അതുമായി ബന്ധപ്പെട്ട്മുന്നേറിവരുന്ന കച്ചവട കമ്പോള വ്യവസ്ഥിതിയുടെയും ഉപോല്‍പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.
ഭൂമി സ്വകാര്യസ്വത്താവുകയും അതിന് കച്ചവടവസ്തുവിന്റെ സ്വഭാവം വന്നുചേരുകയും ചെയ്തതോടെ അത് വാങ്ങാന്‍ കഴിവുളളവരുടേതായി മാറി. ഭൂമി സ്വകാര്യസ്വത്തായി മാറിയ പ്രക്രിയയിൽ അതിനായുളള മത്സരങ്ങളും നടന്നിട്ടുണ്ട്. 1967-ലെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ ദലിതരെയും, ആദിവാസികളെയും ദോഷകരമായി ബാധിച്ചത്, ഈ കിടമത്സരങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കാന്‍ കഴിയാത്തതിനെതുടർന്നാണ്. വയനാട്ടിലെ കര്‍ഷകത്തൊഴില്‍ മാത്രം ചെയ്തുവന്ന പണിയരെ ജന്മികള്‍ അടിച്ചോടിച്ചപ്പോള്‍ അവര്‍ ചെന്നുകയറിയത് സര്‍ക്കാരിന്റെ വനഭൂമിയിലേക്കാണ്. ദലിതരാകട്ടെ ചതുപ്പുകളിലും അഭയം പ്രാപിച്ചു.
പി ആന്‍ഡ് ടി കോളനി നിവാസികളുടെ പ്രധാന ആവശ്യം, നഗരത്തില്‍ കൂലിവേലയും മറ്റ് ജോലിയും ചെയ്തു ജീവിക്കാൻ നഗരത്തില്‍ തന്നെ അല്ലെങ്കില്‍ തൊട്ടടുത്ത് ഒരു വീട് എന്നതാണ്. ഇത് സര്‍ക്കാര്‍ നല്‍കുന്ന ഫ്ലാറ്റ്സമുച്ചയമായാലും മതി എന്ന് ഇവർ പറയുന്നു
നാളിതുവരെ തുടര്‍ന്നുവന്ന തെറ്റായ വികസനമാതൃകകള്‍ അവശേഷിപ്പിക്കുന്നത്, അരികുവത്കൃതമായ ഒരുപറ്റം ജനങ്ങളെയാണ്. അവരാണെങ്കില്‍ നിത്യകൂലിക്കാരും സാമ്പത്തിക കാര്യപ്രാപ്തിയില്ലാത്തവരുമായിരുന്നു. അമര്‍ത്യാ സെന്നിന്റെ Capability and Freedom എന്ന സംജ്ഞ ചര്‍ച്ച ചെയ്യുന്നതും കഴിവിനെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ്. ഒരാളുടെ സാമ്പത്തികാവസ്ഥ അവർക്ക് ഏതുതരം ജീവിതം, പഠനം, തൊഴില്‍ എന്നിവ തെരഞ്ഞെടുക്കാം എന്ന് നിര്‍ണയിക്കുന്നതാണ്. അപ്പോള്‍ കഴിവുളളവരും ഇല്ലാത്തവരും സാമൂഹികമായാണ് സൃഷ്ടിക്കപ്പെടുന്നത് എന്നുതന്നെ പറയാം.
നഗരവത്കരണം (Urbanization) പ്രധാനമായും രണ്ടുതരത്തിലാണ് നടക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ പൊതുവെ നടന്നത് വ്യവസായവത്കരണത്തെ പിന്‍തുടര്‍ന്നുവന്ന നഗരവത്കരണമാണ്. നഗരവത്കരണത്തെ സോഷ്യോളജിസ്റ്റുകളും മറ്റു നഗരപഠനവക്താക്കളും നിര്‍വചിച്ചിട്ടുള്ളത് തുടര്‍ന്നുകൊണ്ടിക്കുന്ന പ്രക്രിയയായിട്ടാണ്. നഗരവത്കരണത്തിന്റെ രണ്ടാംതരം, വ്യവസായവത്കരണവുമായി ബന്ധമില്ലാത്ത നഗരവത്കരണ പ്രവര്‍ത്തനങ്ങളാണ്. ഇത് സ്റ്റേറ്റിന്റെയോ മറ്റ് ഏജന്‍സികളുടേയോ പ്രവര്‍ത്തനത്തിന്റെയോ അല്ലെങ്കില്‍ കച്ചവടത്തിന്റെയോ ഭാഗമായി വരാം.
കമ്മട്ടിപ്പാടം എന്ന സിനിമയിൽ, ജി.ഡി.സി.എ. പോലുള്ള സ്ഥാപനങ്ങള്‍ എത്രത്തോളം ആധുനിക കൊച്ചിയുടെ നിര്‍മാണത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വായിച്ചെടുക്കാനാകും. കേരളത്തില്‍ പൊതുവെ നടന്നിട്ടുള്ള നഗരവത്കരണം വ്യവസായവത്കരണവുമായി ബന്ധപ്പെട്ടതല്ല. കൊച്ചി കേരളത്തിലെ ഒരു പ്രധാന കച്ചവടകേന്ദ്രമായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കപ്പല്‍മാര്‍ഗത്താല്‍, പടിഞ്ഞാറന്‍ കൊച്ചി കേന്ദ്രീകരിച്ച് കച്ചവടം നടത്തുകയും അത് കേരളത്തിലെ തന്നെ പ്രധാന കച്ചവടകേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ കൊച്ചിയുടെ നഗരവത്കരണം നടന്നതിനുശേഷം ശതാബ്ദങ്ങള്‍ കഴിഞ്ഞശേഷമാണ് കിഴക്കന്‍ കൊച്ചിയിലേക്ക് വികസനപ്രവര്‍ത്തനങ്ങള്‍ കടന്നുവരുന്നത്, അതും കച്ചവടവുമായി ബന്ധപ്പെട്ടാണ്.
ഡേവിഡ് ഹാര്‍വേയെപ്പോലുള്ളവര്‍ ഇക്കണോമിക് ജ്യോഗ്രഫിയെ സംബന്ധിച്ച് നടത്തിയ പഠനങ്ങളില്‍ ഭൂമി എങ്ങനെ കച്ചവടവസ്തുവായി മാറിയെന്നും, നഗരവത്കരണത്തിന്റെ ഭാഗമായി അതിന് എങ്ങനെ വിലവര്‍ധനയുണ്ടാകുന്നു എന്നും, എങ്ങനെയാണ് അരികുവത്കൃത ജനവിഭാഗങ്ങളുണ്ടാകുന്നത് എന്നും വിശദീകരിക്കുന്നു.
പി ആന്‍ഡ് ടി കോളനിയിലെ ഭൂരിഭാഗം സ്ത്രീകളും വീട്ടുജോലികള്‍ക്കോ മറ്റു ജോലിക്കോ പോയി കുടുംബം പുലര്‍ത്തുന്നവരാണ്. ഓരോ കുടുംബങ്ങളും എന്നെങ്കിലും സ്വന്തമായി വീടുണ്ടാക്കി അവിടേക്ക് താമസം മാറണം എന്നാഗ്രഹിക്കുന്നവരാണ്.
അടിസ്ഥാനസൗകര്യ വികസനവും അതിനോടനുബന്ധിച്ച് വളര്‍ന്നുവരുന്ന സര്‍ക്കാര്‍- സര്‍ക്കാരിതര നിക്ഷേപങ്ങളും, റെയില്‍വേ പോലുള്ള യാത്രാസംവിധാനങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും നഗരവത്കരണപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നു. പിന്നീട് നഗരവത്കരണപ്രക്രിയയുടെ ഭാഗമായി കാര്യക്ഷമതയും കഴിവും അപഹരിക്കപ്പെട്ടവർ നഗരങ്ങളിലേക്ക് കുടിയേറുന്നു. ഈ കുടിയേറ്റങ്ങള്‍ ചേരികളുടെ രൂപപ്പെടലിന് കാരണമാകുന്നു. ഗ്രാമങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും കുടിയേറുന്നവര്‍ കുടിലുകളുണ്ടാക്കി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കയറി താമസിക്കുന്നതിനെ കൈയേറിതാമസിക്കുക എന്നു വിശേഷിപ്പിക്കപ്പെടുന്നു. സ്വകാര്യസ്വത്തായ ഭൂമി പണം കൊടുത്ത് സ്വന്തമാക്കുമ്പോള്‍ ലഭിക്കുന്ന ആധാരമോ മറ്റു രേഖകളോ ആണ് സ്വകാര്യസ്വത്തിന്റെ ആദ്യ ഗുണം. ഇതിനു കഴിവില്ലാത്തവര്‍ അതിജീവനത്തിന് നഗരപ്രദേശങ്ങളുടെ അരികുകളില്‍, അതായത് ചതുപ്പുകളിലോ, റെയില്‍വേ പുറമ്പോക്കുകളിലോ കയറി താമസിക്കുമ്പോള്‍ അവിടെ ചേരികള്‍ രൂപാന്തരപ്പെടുന്നു എന്ന് നഗരവത്കരണപ്രക്രിയയിലെ സിദ്ധാന്തക്കാര്‍ പറഞ്ഞുവച്ചിട്ടുണ്ട്.
2011-ലെ സെന്‍സസ് പ്രകാരം മില്യണ്‍ പ്ലസ് സിറ്റി ആയ കൊച്ചിയില്‍ 21,17,990 പേർ താമസിക്കുന്നുണ്ട്. ഇതില്‍ 10,42,809 പുരുഷന്മാരും 10,75,181 സ്ത്രീകളുമാണ്. സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ കൊച്ചി റിപ്പോര്‍ട്ട് (വോള്യം ഒന്ന്, പേജ് 13) പ്രകാരം, കൊച്ചിന്‍ കോര്‍പ്പറേഷനില്‍ 283 ചേരികളിലായി 1,27,872 പേർ താമസിക്കുന്നുണ്ട്. രാജീവ് ആവാസ് യോജന സെല്ലിലെ സുനില്‍ എബ്രഹാം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2013-ലെ കണക്കുപ്രകാരം കൊച്ചിയില്‍ 218 ചേരികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം 28,000 കുടുംബങ്ങള്‍-ഓരോ ചേരിയിലും 128 കുടുംബങ്ങള്‍- എന്ന ശരാശരിയില്‍ താമസിച്ചിരുന്നു.
മലയാള സിനിമകളില്‍ കൊച്ചിയിലെ ചില ചേരികള്‍ പലപ്പോഴും സെറ്റുകള്‍ ആകാറുണ്ട്. അതില്‍ അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമ ഫോര്‍ട്ട് കൊച്ചിയിലെ തുരുത്തി കോളനിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതില്‍ തുരുത്തി കോളനി ‘സ്ലം ഓഫ് ഹോപ്’ അല്ലെങ്കില്‍ പ്രതീക്ഷയുടെ ചേരി എന്ന് നിര്‍വചിക്കാവുന്ന ഒന്നാണ്. ആ ഡിവിഷനിലെ അഷ്റഫ്ക്കയുടെ പ്രവര്‍ത്തനം അതിന് ഒരു കാരണമായിരുന്നു എന്നുപറയാം. കമ്മട്ടിപ്പാടത്തിലും ഈ പരിസരങ്ങള്‍ കാണാം. തുരുത്തി ഗ്രൗഡ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച പറവ എന്ന ചിത്രത്തിലും കാണാം. ഇവയെല്ലാം ‘പ്രതീക്ഷയുടെ ചേരി’ എന്ന നിര്‍വചനത്തില്‍പ്പെടുത്താവുന്നതാണ്.
പാപ്പയുടെ ജീവിതം മുന്നോട്ടുപോകുന്നത് കോളനിയിലെ ജീവിതം കൊണ്ടാണ്. തമിഴ്‌നാട്ടില്‍ പോയാല്‍ അവര്‍ക്ക് ഉപജീവനമാര്‍ഗമില്ല. ‘തമിഴ്‌നാട്ടിലാണെങ്കില്‍ ആരും 10 പൈസ തരാനില്ല. ഇവിടെയാണെങ്കില്‍ എങ്ങനെയെങ്കിലും ജീവിക്കും. പിന്നെ പള്ളിയുടെ സഹായവുമുണ്ട്’; അവർ പറയുന്നു.
നൈരാശ്യത്തിന്റെ / നിരാശയുടെ ചേരിയും ഈ കൊച്ചിയില്‍ തന്നെയുണ്ട്. അതിലൊന്നാണ് ഒന്നാണ് പി ആന്‍ഡ് ടി കോളനി. സ്നേഹനഗര്‍ എന്ന് ഈ കോളനിയുടെ ചുവരില്‍ എഴുതിവച്ചിട്ടുണ്ട്. പി ആന്‍ഡ് ടി കോളനി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുപുറകിലെ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുവരുന്ന ഭാഗങ്ങളിലാണ്. ഓരോ ഷെഡുകള്‍ക്കും പുറകിലൂടെ ഒഴുകുന്നത് കൊച്ചിയുടെ മാലിന്യം വഹിക്കുന്ന തുറന്ന തോടുതന്നെയാണ്. ഭിത്തികള്‍കൊണ്ട് വേര്‍തിരിച്ചിരുന്ന ഈ ഷെഡുകളിൽ ചിലത്, ഒരുകാലത്ത് തീപിടിത്തത്തിനുശേഷം പള്ളി പണിതുകൊടുത്തതാണ്.
ഇതിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഉദയ കോളനി. ബിഗ് ബി എന്ന സിനിമയില്‍ ഇതിനെ അന്ധകാര കോളനി എന്നും വിളിച്ചിട്ടുണ്ട്. ഉദയ കോളനി നേരത്തെ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.
തൊഴില്‍ തേടിയെത്തി പിന്നീട് കുടിയേറി പാര്‍ത്തവരാണ് ഈ ചേരികളില്‍ പലരും. നഗരവത്കരണത്തിന്റെ ഭാഗമായി അരികുവത്കൃതപ്പെട്ട ജനസമൂഹമാണിവർ.

പാപ്പ (65)
പാപ്പ എന്ന അമ്മ പി ആന്‍ഡ് ടി കോളനിയിലാണ് താമസിക്കുന്നത്. 2013-ലാണ് ഞാന്‍ ആദ്യമായി ഈ കോളനിയില്‍ പോകുന്നത്, ചേരിനിവാസികളായ സ്ത്രീകളുടെ അതിജീവനമാര്‍ഗങ്ങള്‍ എന്ന ഒരു യു.ജി.സി. പ്രൊജക്റ്റിന്റെ വിവരശേഖരണാര്‍ഥം. 2019 - 2020 ലും കോളനിയില്‍ പോകാനിടയായി. ഇതാകട്ടെ, കുടുംബശ്രീയുടെയും കിലയുടെയും നേതൃത്വത്തില്‍ നടന്ന പ്രളയാനന്തര പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. പി ആന്‍ഡ് ടി കോളനിയില്‍ വിവശേഖരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ ആ പ്രൊജക്ടിന്റെ എറണാകുളം കുടുംബശ്രീ മിഷൻ കോ-ഓര്‍ഡിനേറ്ററായിരുന്ന ഞാന്‍ തന്നെ തയ്യാറാവുകയായിരുന്നു. 2019-ല്‍ പാപ്പ എന്ന അമ്മയെ കാണുമ്പോള്‍ തങ്ങളെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് അവർ പറഞ്ഞിരുന്നു. മറ്റുപലരും ഇതു പറഞ്ഞെങ്കിലും പി ആന്‍ഡ് ടി കോളനിക്കാര്‍ക്ക് ആത്മവിശ്വാസം പൊതുവെ കുറവായിരുന്നു.
2013-ലെ ‘ആർ.എ.വൈ.’ പോലുള്ള പദ്ധതികള്‍ ചേരിയില്‍ കഴിയുന്നവര്‍ക്ക് സ്ഥലം കണ്ടെത്തി ഫ്ലാറ്റുകൾ പണിതു നല്‍കാനുളളതായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ചേരിനിവാസികള്‍ക്ക് മാറിമാറി പ്രതീക്ഷ നല്‍കിക്കൊണ്ടിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കാറുണ്ട്.
സ്വന്തമായി പട്ടയമോ ഭൂമിരേഖകളോ ഇല്ലാത്തവരാണ് പി ആന്‍ഡ് ടി കോളനിയിലെ മുഴുവന്‍ താമസക്കാരും. പലരും 50 വര്‍ഷങ്ങളായി താമസിക്കുന്നവരാണ്. പി ആന്‍ഡ് ടി കോളനിയ്ക്ക് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് പുഷ്പ പറഞ്ഞു. പുഷ്പ എന്ന അമ്മയെ ഞാന്‍ കാണുന്നത് 2013-ലെ യു.ജി.സി. പഠനത്തിന്റെ ഭാഗമായാണ്.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ പി ആന്‍ഡ് ടി കോളനിയില്‍ പൊതുടാപ്പ് നല്‍കിയിട്ടുണ്ട്. ഇതുവഴി എല്ലാ വീടുകളിലും 24 മണിക്കൂറും വെള്ളം കിട്ടാറുണ്ട് എന്ന് താമസക്കാര്‍ പറയുന്നു. പി ആന്‍ഡ് ടി കോളനിയില്‍ തമിഴ്‌നാട്ടില്‍ നിന്ന്വന്നുതാമസിക്കുന്നവരാണ് പാപ്പയും ഭര്‍ത്താവും. ഭര്‍ത്താവ് വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. പാപ്പ അസുഖത്തെ തുടർന്ന് ചികിത്സയിലും. അവരുടെ മകള്‍ തമിഴ്‌നാട്ടിലുണ്ടെന്ന് പറഞ്ഞു. പി ആന്‍ഡ് ടി കോളനിയില്‍ 2014 -2015 കാലഘട്ടങ്ങളില്‍ മൂന്നുനാലു തവണ ഞാന്‍ ചോദ്യാവലിയൂടെ പൂർത്തീകരണവുമായി കടന്നുചെന്നിട്ടുണ്ട്.
2015-ല്‍ പാപ്പയെ കാണുമ്പോള്‍ അവര്‍ക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്നും എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പറഞ്ഞിരുന്നു. അവര്‍ വീട്ടുജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത് എന്നും ഇപ്പോള്‍ അസുഖം കാരണം ജോലിയ്ക്ക് പോകാന്‍ കഴിയുന്നില്ല എന്നും പറഞ്ഞു. 2015 സെപ്റ്റംബര്‍ എട്ടിനാണ് ഞാന്‍ അവരെ കാണുന്നത്.
കോളനിയിലെ ഭൂരിഭാഗം സ്ത്രീകളും വീട്ടുജോലികള്‍ക്കോ മറ്റു ജോലിക്കോ പോയി കുടുംബം പുലര്‍ത്തുന്നവരാണ്. ഓരോ കുടുംബങ്ങളും എന്നെങ്കിലും സ്വന്തമായി വീടുണ്ടാക്കി അവിടേക്ക് താമസം മാറണം എന്നാഗ്രഹിക്കുന്നവരാണ്. 2015-ല്‍ പാപ്പയെ കാണുമ്പോള്‍ അവര്‍ ഉച്ചഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഒരു മുറിയും അടുക്കളയും അടുക്കളയോട് ചേര്‍ന്ന ടോയ്ലറ്റുമാണ് അവരുടെ വീട്. പി ആന്‍ഡ് ടി കോളനിയിലെ ഭൂരിഭാഗം വീടുകളും ഇതുപോലെയാണ്. നേരത്തെ പൊട്ടിപൊളിഞ്ഞുകിടന്ന അവരുടെ വീട്, വീട്ടുജോലിയ്ക്ക് പോയിരുന്ന അവിടത്തെ ആളുകള്‍ നന്നാക്കി കൊടുത്തു എന്നാണ് പാപ്പ പറഞ്ഞത്. അവരുടെ വിവാഹം കഴിഞ്ഞിട്ട് 38 വര്‍ഷമായി. 30 വര്‍ഷമായി കോളനിയില്‍ താമസിക്കുന്നു. ഒരു മകനും മകളുമാണ് അവര്‍ക്കുള്ളത്. മകളുടെ കല്ല്യാണം കഴിഞ്ഞു വേറെ പോയെന്നും, മകന്‍ പിണങ്ങിപ്പോയെന്നുമാണ് പറഞ്ഞത്.
ഒരിക്കല്‍ പി ആന്‍ഡ് ടി കോളനിയിൽ തീപിടുത്തമുണ്ടായപ്പോൾ അടുത്തുളള ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ കേസ് കൊടുത്തു. അന്നാണ് ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് പല കോളനി നിവാസികളും അറിയുന്നത്
ആശുപത്രിയില്‍ കിടന്നപ്പോള്‍ മകള്‍ വന്ന് തന്നെ പരിചരിച്ചെന്നും അതുകഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോയെന്നും പാപ്പ പറഞ്ഞു. ഇതുവരെ തന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മൂന്നര ലക്ഷത്തോളം രൂപ ചെലവായെന്നും സ്വര്‍ണം വിറ്റും ജോലി ചെയ്തിരുന്ന ആളുകള്‍ സഹായിച്ചുമാണ് ഈ പണം കണ്ടെത്തിയതെന്നും അവർ പറഞ്ഞു. 2019-ല്‍ പി ആന്‍ഡ് ടി കോളനിയില്‍ ചെന്നപ്പോള്‍ ഞാന്‍ ആദ്യം അന്വേഷിച്ചത് പാപ്പയെയാണ്, അവരുടെ അസുഖം ഭേദമായി എന്നുപറഞ്ഞു.
പി ആന്‍ഡ് ടി കോളനിയില്‍ 89 വീടുകളുണ്ട്. ഇവിടുത്തെ ആരോഗ്യമുള്ള സ്ത്രീകളെല്ലാം എന്തെങ്കിലും ജോലിക്ക് പോകാറുണ്ട്. വീട്ടുപണി, ലോട്ടറി വില്‍പന, ഓട്ടോ ഓടിക്കൽ എന്നിങ്ങനെ. ഫ്ലവേഴ്സ് ചാനലിന്റെ ഒരുകോടി എന്ന മത്സരത്തില്‍ കോളനിയിലെ ഓട്ടോ തൊഴിലാളിയായ വനിത മത്സരിച്ചിരുന്നു. ഉച്ചയ്ക്കുശേഷം ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളെ അവിടെ കാണാറുണ്ട്. പാപ്പയുടെ ജീവിതം മുന്നോട്ടുപോകുന്നത് കോളനിയിലെ ജീവിതം കൊണ്ടാണ്. തമിഴ്‌നാട്ടില്‍ പോയാല്‍ അവര്‍ക്ക് ഉപജീവനമാര്‍ഗമില്ല. ‘തമിഴ്‌നാട്ടിലാണെങ്കില്‍ ആരും 10 പൈസ തരാനില്ല. ഇവിടെയാണെങ്കില്‍ എങ്ങനെയെങ്കിലും ജീവിക്കും. പിന്നെ പള്ളിയുടെ സഹായവുമുണ്ട്’; അവർ പറയുന്നു. ഗാന്ധി നഗറിലെ സഭയാണ് ഇന്നു കാണുന്ന വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കിയതെന്ന് പാപ്പ പറഞ്ഞു.
ഇന്ത്യയില്‍ പ്രധാന നഗരകേന്ദ്രങ്ങളോട് ആനുപാതികമായി ചേരികള്‍ കാണാം. ഡല്‍ഹിയിലെ ചേരിയിലെ ആളുകളുടെ സാമൂഹികാന്തരീക്ഷവും ജീവിതരീതിയും ഒന്നുമല്ല കേരളത്തില്‍. എറണാകുളത്തെ സംബന്ധിച്ചു പറയുമ്പോള്‍, 2013-ലെ ‘ആർ.എ.വൈ.’ പോലുള്ള പദ്ധതികള്‍ ചേരിയില്‍ കഴിയുന്നവര്‍ക്ക് സ്ഥലം കണ്ടെത്തി ഫ്ലാറ്റുകൾ പണിതു നല്‍കാനുള്ളതായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി ചേരിനിവാസികള്‍ക്ക് മാറിമാറി പ്രതീക്ഷ നല്‍കിക്കൊണ്ടിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കാറുണ്ട്. 2014 മുതല്‍ 2020 വരെയുളള കാലത്ത് കൊച്ചിന്‍ കോര്‍പ്പറേഷനിലെ നഗരകേന്ദ്രങ്ങളോടു ചേര്‍ന്നുകിടക്കുന്ന ചില ചേരിപ്രദേശങ്ങള്‍, പാര്‍പ്പിട പദ്ധതികള്‍വഴി അടിമുടി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് ഭൂമിയില്‍ ഉടമസ്ഥാവകാശമുള്ള, ചേരികൾക്ക് സമാനമായ സെറ്റിൽമെൻറുകളുടെ കാര്യമാണ്. എന്നാല്‍ ഉദയ കോളനി, പി ആന്‍ഡ് ടി കോളനി എന്നിവിടങ്ങളിലുള്ളവർ വാസയോഗ്യമല്ലാത്ത പുറമ്പോക്കിലാണ് താമസിക്കുന്നത്. ഉദയ കോളനിയിലെ ഒരു വീട്ടമ്മ പറഞ്ഞത്, അഴുക്കുചാലിനു മുകളില്‍ താമസിക്കുന്നതുകൊണ്ട് ഡെങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ സീസണലായി വരാറുണ്ടെന്നാണ്. കൂടാതെ മാരകരോഗങ്ങളാല്‍ ചികിത്സയിലുളളവരും ഈ ചേരികളിലുണ്ട്.
പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്കെല്ലാം റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ തുടങ്ങിയ രേഖകളുണ്ട്. കൂടാതെ ഗ്യാസ് കണക്ഷനും, മുടങ്ങാതെയുളള കുടിവെള്ള വിതരണവുമുണ്ട്. എന്നാല്‍ മഴയില്‍ മലിനജലം കയറാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ ഒരു വീട് മാത്രമില്ല
2013-14 കാലഘട്ടത്തില്‍ കാണാന്‍ കഴിഞ്ഞ പി ആന്‍ഡ് ടി, ഉദയ കോളനികള്‍ 2019-20 ല്‍ വീണ്ടും സന്ദര്‍ശിക്കാനിടയായപ്പോള്‍ വെള്ളപ്പൊക്കം കൊണ്ടും കാലപ്പഴക്കം കൊണ്ടും നാശോന്മുഖമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഉദയ കോളനിയില്‍ ചില വീടുകള്‍ പുതുക്കി പണിയുന്നതും പുനര്‍നിര്‍മിക്കുന്നതും കാണാനിടയായി. ഇവിടെ സ്ഥിരതാമസക്കാരെ കൂടാതെ പുതുതായി വന്ന വാടകക്കാരുമുണ്ട്. എന്നാല്‍ അവര്‍ പണയം പോലുളള വാടകക്കരാറിനാല്‍ അവിടെ താമസിക്കുന്നവരാണ്. ദശാബ്ദങ്ങളായി പണയവ്യവസ്ഥയില്‍ താമസിക്കാന്‍ വന്ന് പിന്നീട് തുടര്‍ന്നുതാമസിക്കുന്നവരുമുണ്ട്.
പുഷ്പ ഉപേന്ദ്രന്‍ (60)
പി ആന്‍ഡ് ടി കോളനിയിലെ മറ്റൊരു വീട്ടമ്മ പുഷ്പ ഉപേന്ദ്രനെ പരിചയപ്പെട്ടത് 2013-ലെ യു.ജി.സി പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ സര്‍വെയിലാണ്. അവര്‍ക്ക് 60 വയസായിരുന്നു. നഗരത്തില്‍ ഒരു വീട്ടില്‍ പണിക്കുപോയി തിരിച്ചുവരുന്ന വഴിയാണ് അവരെ കണ്ടത്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് മൂന്നുമണിവരെ വിവിധ വീടുകളില്‍ പണി ചെയ്തുവരുന്നതായി പുഷ്പ പറഞ്ഞു. അവർ തിരുവനന്തപുരം മലയിന്‍കീഴിലാണ് ജനിച്ചത്. എറണാകുളത്തു വന്നിട്ട് 40 വര്‍ഷംമായി. ആങ്ങള എറണാകുളത്തെ നമ്പീശന്‍ ബട്ടര്‍ എന്ന കടയില്‍ ജോലിക്കു നില്‍ക്കുന്നു. അങ്ങനെയാണ് താൻ ഇവിടേക്കു വന്നതെന്നും പുഷ്പ പറഞ്ഞു. ആദ്യം ഇവർ അമൃത ആശുപത്രിക്കടുത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പിന്നീട് പി ആന്‍ഡ് ടി കോളനിയില്‍ 1,000 രൂപയ്ക്ക് വീട് വാങ്ങി അവിടെ താമസമാക്കി. വീടിന് പട്ടയം ലഭിച്ചിരുന്നോ എന്നു ചോദിച്ചപ്പോള്‍ മുദ്രക്കടലാസില്‍ എഴുതിത്തന്നിരുന്നുവെന്നും പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഒരിക്കല്‍ പി ആന്‍ഡ് ടി കോളനിയിൽ തീപിടുത്തമുണ്ടായപ്പോൾ അടുത്തുളള ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ കേസ് കൊടുത്തിരുന്നതായും അന്നാണ് ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് അവര്‍ അറിഞ്ഞതെന്നും പറഞ്ഞു. പിന്നീട് പള്ളി സഹായിച്ചാണ് കട്ട കെട്ടിപ്പൊക്കി ആസ്ബറ്റോസ് ഷീറ്റിട്ട് ഈ കാണുന്ന രീതിയില്‍ പണിതതെന്ന് അവര്‍ പറഞ്ഞു. കോളനിക്കാരെ എം.എൽ.എ.യും മറ്റും സഹായിക്കാറുണ്ടെന്നും ഭര്‍ത്താവ് 22 വര്‍ഷമായി തന്നെ ഉപേക്ഷിച്ചുപോയെന്നും പുഷ്പ പറഞ്ഞു. അവർ പെന്‍ഷന് അപേക്ഷിച്ചിരുന്നു. 2014-ല്‍ 4000 രൂപയും പിന്നെ 2800 രൂപയും പെന്‍ഷനായി കിട്ടി. പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്കെല്ലാം റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ തുടങ്ങിയ രേഖകളുണ്ട്. കൂടാതെ ഗ്യാസ് കണക്ഷനും, മുടങ്ങാതെയുളള കുടിവെളള വിതരണവുമുണ്ട്. എന്നാല്‍ മഴയില്‍ മലിനജലം കയറാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ ഒരു വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാകാതെ നില്‍ക്കുന്നു എന്ന് എല്ലാ കുടുംബാംഗങ്ങളും പറഞ്ഞു.
ഇവരുടെ പ്രധാന ആവശ്യം നഗരത്തില്‍ കൂലിവേലയും മറ്റ് ജോലിയും ചെയ്തു ജീവിക്കാൻ നഗരത്തില്‍ തന്നെ അല്ലെങ്കില്‍ തൊട്ടടുത്ത് ഒരു വീട് എന്നതാണ്. ഇത് സര്‍ക്കാര്‍ നല്‍കുന്ന ഫ്ലാറ്റ് സമുച്ചയമായാലും മതി എന്നുതന്നെയാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഈ പദ്ധതികള്‍ നടപ്പിലാക്കാനുളള കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍നിന്നാണ് ഉണ്ടാകേണ്ടത്. നൈരാശ്യത്തിന്റെ ചേരിയില്‍നിന്ന് പ്രതീക്ഷയിലേയ്ക്ക് ഉയര്‍ന്നുവരാനുള്ള അവകാശം ഇവർക്കുമുണ്ട്. ▮
References:
Castells, Manuel (1976): ‘Is there an Urban Sociology?’,
C.G. Pickvance (editor): ‘Urban Sociology.’, Methuen & Co. Ltd. London.
Desai, A. R., & Pillai, S. Devadas, (1972): ‘Profile of Indian slums’, University of Bombay. Bombay.
Hamilton Lawrence (2020), How to read Amartya Sen, Penguin Random House India: Haryana.
Harvey, David (1972), ‘Revolutionary and Counter Revolutionary Theory in Geography and the Problem of Ghetto Formation’, Antipode.Vol. 4. No. 2. P. 1-13.1. www.praxisepress.org/CGR/11-Harvey.pdf.
Harvey, David (1985), ‘Consciousness and Urban Experience’, Oxford University Press. New York.
Tabussum, Henna. (2011). eds. ‘Slums in India’. ABD Publishers. Jaipur, New Delhi.