Wednesday, 29 March 2023

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

​​​​​​​അധ്യായം ഒമ്പത് (തുടർച്ച): തിരമാലകള്‍ രാകിരാകി കൂര്‍പ്പിച്ചെടുത്ത മുലക്കണ്ണുകള്‍

 

ചിത്രം 4:     ത്രികോണം

""ഡോക്ടര്‍ക്ക് അറിയാമല്ലോ, വെറുമൊരു സാധാരണ കൗണ്‍സിലര്‍ മാത്രമാണ് ഞാന്‍. സൈക്കോളജിയില്‍ മാസ്റ്റേഴ്സ് കഴിഞ്ഞ് ചെറിയൊരു കോഴ്സും ചെയ്ത് സാധാരണക്കാരുടെ സങ്കടവും പ്രശ്നങ്ങളും എല്ലാംകേട്ട് തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. അതിനിടെ ഇത്രയും വലിയ മാനസികസമ്മര്‍ദ്ദം താങ്ങാനുള്ള ശേഷി എനിക്കിപ്പോള്‍ ഇല്ല.''

""എന്താണ് സൈമണ്‍? മാസത്തില്‍ ഒരിക്കല്‍ മാത്രമല്ലേ നിങ്ങള്‍ വന്നു കണ്ടുകൊണ്ടിരുന്നത്. ഇതിപ്പോള്‍ കഴിഞ്ഞ ആഴ്ച വന്നു പോയതല്ലേയുള്ളൂ? കൗണ്‍സലിംഗിനു വന്ന ആരെങ്കിലുമായി വീണ്ടും പ്രേമത്തിലായോ? രോഗികളുമായി ഇമോഷണലി ഇന്‍വോള്‍വ്ഡ് ആകരുതെന്ന് എത്രവട്ടം പറഞ്ഞു തരണം''
""അതൊന്നുമല്ല ഡോക്ടര്‍''
""പിന്നെന്താണ്?''
""തിങ്കളും ബുധനും വെള്ളിയുമാണെന്റെ പ്രശ്നം''
""അന്നെന്താണ്?'
""അന്നാണ് അവര്‍ എന്നെ കാണാന്‍ വരിക''
""ആര്‍? അതുമിതും പറഞ്ഞ് നേരം കളയാതെ കാര്യം പറയൂ''
""തിങ്കളാഴ്ച ഗൗതം, ബുധനാഴ്ച അഹല്യ, വെള്ളിയാഴ്ച ദേവന്‍ എന്നീ ക്രമത്തിലാണ് അപ്പോയിമെന്റ് നല്‍കിയിരുന്നത്. അതുകൊണ്ടു ഇവരാരും തന്നെ കൂട്ടിമുട്ടുന്നില്ല. ഇനി ഇവര്‍ പരസ്പരം അറിയുന്നവര്‍ തന്നെയാണോ എന്നും എനിക്ക് അത്ര ഉറപ്പില്ല. പക്ഷേ മിക്കപ്പോഴും മൂന്നുപേരും ഒരേ കഥയാണ് പറയുന്നതെന്ന് എനിക്ക് തോന്നിപ്പോകും. എന്നാല്‍ കഥാപാത്രങ്ങളുടെ പേരുകളില്‍ ഒരു സാമ്യവുമില്ല. ഇതെല്ലാം സത്യമാണെന്ന് സ്ഥാപിക്കുന്നതിനു എന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലാതാനും. ഞാനാകെ ആശയക്കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ്.''
""റിലാക്സ്. ടെന്‍ഷന്‍ ആകേണ്ട ആവശ്യമില്ല. ഓരോന്നായി പറയൂ.''

photo_2021-04-30_16-46-52.jpg

ഗൗതം: ഈയിടെയായി രാത്രി കിടക്കുന്നേരം ഒന്ന് തൊടാന്‍ നോക്കിയാല്‍ പോലും, സുഖമില്ല തലവേദനിക്കുന്നു, നാറിയിട്ട് വയ്യ, ഒന്ന് കുളിക്കട്ടെ, അടുക്കള ഒന്നൊതുക്കിയിട്ട് വരാം, നാളെ ഓഫീസില്‍ നേരത്തെ പോകണം, സീരീസിലെ ലാസ്റ്റ് എപ്പിസോഡ് കൂടെയുണ്ട്, ഇന്ന് വേണ്ട പനി വരുന്ന പോലെ, ഐ നീഡ് എ ബ്രേക്ക് എന്നെല്ലാം അവള്‍ പറയുമായിരുന്നു. ഞാന്‍ കരുതി പന്ത്രണ്ട് വര്‍ഷത്തോളമായി കുഞ്ഞിനു വേണ്ടിയുള്ള ട്രീറ്റ്മെന്റ്, സെക്സ് തന്നെ മടുത്തു കാണും. ഡോക്ടര്‍ നിര്‍ദേശിച്ച ദിനങ്ങളില്‍ പരസ്പരം കണ്ണുകളില്‍ നോക്കാതെ ഒരു ചടങ്ങുപോലെ എല്ലാം തീര്‍ത്ത് ഉറങ്ങിയ അവസ്ഥവരെ എത്തിയിരുന്നു കാര്യങ്ങള്‍. അതിന്റെ ഹാങ്ങ് ഓവര്‍ ആവും എന്ന് കരുതി. ടാബ്ലറ്റും ഇഞ്ചക്ഷനും മൂലം അവളുടെ സ്വഭാവത്തിലും ശരീരത്തിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതില്‍ പിന്നെ ട്രീറ്റ്മെന്റില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി മരുന്നുകള്‍ എല്ലാം നിര്‍ത്തിവച്ചു. അതില്‍പിന്നെ ഈ കാര്യമൊഴിച്ച് ബാക്കിയെല്ലാം നോര്‍മ്മല്‍ സ്ഥിതിയിലേക്ക് എത്തിയിരുന്നു.''

അഹല്യ : അബിന്‍ കരുതിയിരിക്കുന്നത് പതിവ് പോലെ മൂഡ് സ്വിംഗ്സാകുമെന്നാണ്. പതിയെ ശരിയാകുമെന്നാണ്. അതുകൊണ്ടാണ് ഫോഴ്സ് ചെയ്യാത്തത്. അവന്‍ അല്ലെങ്കിലും അങ്ങനെയാണ് പണ്ടും അങ്ങനെ ഒന്നിനും നിര്‍ബന്ധിക്കാറൊന്നുമില്ല. അമ്മയും അച്ഛനും എല്ലാവരും കാത്ത് നില്‍ക്കുകയാണ് വഴിപാടും പ്രാര്‍ത്ഥനയുമൊക്കെയായി. അതൊന്നും എനിക്കറിയാത്തതല്ല. പക്ഷെ എനിക്ക് അതിനി കഴിയില്ല കാരണം അബിന്‍ എന്നെ തൊടുമ്പോഴെല്ലാം എനിക്ക് അവന്റെ മുഖം ഓര്‍മ വരും. അമലിന്റെ. ഒരിക്കല്‍ ഞാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. അവനൊരു പാവമാണ്. അവനു ഞാന്‍ മാത്രമേ ഉള്ളൂ. അവന്റെ ചിരിക്കുന്ന മുഖമാണ് ഭര്‍ത്താവ് എന്നെ ചേര്‍ത്ത് പിടിക്കുമ്പോള്‍ ഓര്‍മ വരുന്നത്. അമലിന്റെ എക്സ് കാമുകി അവനെ ഉപേക്ഷിച്ചപ്പോള്‍ അവന്റെ വിഷമങ്ങള്‍ കേള്‍ക്കുന്ന ഒരാളായിട്ടാണ് ഞാന്‍ നിന്നത്. ആ കാമുകി ടോക്സിക് ആയിരുന്നു. ഒരു തരത്തിലും അമലിനെ അര്‍ഹിച്ചിരുന്നുമില്ല. അതുകൊണ്ടാണ് അവനെ അവളില്‍ നിന്നും പറിച്ചു മാറ്റിയത്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാതെ ഞങ്ങള്‍ പ്രേമത്തിലായിപ്പോയി. അബിന്‍ അങ്ങനെ ഇതൊന്നും ശ്രദ്ധിക്കുന്ന ഒരാളല്ല ഹീ മേക്സ് മീ ഹാപ്പി. അമല്‍ മേക്സ് മീ ഹാപ്പിയര്‍.

ദേവന്‍: രേഷ്മയാണ് എന്നെ ആ ബ്രേക്കപ്പില്‍ നിന്നും രക്ഷപ്പെടുത്തിയത്. രണ്ടുവട്ടം പഴയ കാമുകി കാരണം കൈ മുറിക്കേണ്ടി വന്നു. എങ്കിലും അവള്‍ക്കായി ഞാന്‍ കാത്തിരുന്നു. വരില്ലെന്നറിഞ്ഞിട്ടും എന്റെ പ്രേമമാണ് വലുതെന്ന് കരുതി കാത്തിരുന്നു. അല്ലെങ്കിലും പ്രേമിക്കുന്നവരല്ല പ്രശ്നം, സ്വന്തം പ്രേമം വിശുദ്ധമാണെന്ന് കരുതി ഒരോന്നിലും തൂങ്ങിപ്പിടിച്ചു നില്‍ക്കുന്നവരാണ് മനുഷ്യര്‍. ഞാനും അത് തന്നെ ചെയ്യാന്‍ നോക്കി. എന്നാല്‍ അതില്‍ നിന്നും എന്നെ അടര്‍ത്തി മാറ്റിയത് രേഷ്മയായിരുന്നു. അതത്ര എളുപ്പമൊന്നുമായിരുന്നില്ല. കാരണം ഞാനാദ്യമായിട്ട് പ്രേമത്തില്‍ വീണത് ആ സമയത്തായിരുന്നു. അത് പോട്ടെ രേഷ്മയിലേക്ക് തിരിച്ച് വരാം. ആദ്യം ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആയിരുന്നു. രേഷ്മ വിവാഹിതയാണെന്ന് മുന്‍പേ അറിയാം. പക്ഷെ ഞങ്ങള്‍ ദിവസവും സംസാരിക്കും. പഴയ ഉത്സാഹമൊക്കെ എനിക്ക് തിരിച്ച് വന്നത് അവള്‍ വിളിച്ചു തുടങ്ങിയപ്പോഴാണ്. പക്ഷെ ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല അവള്‍ക്ക് ഭര്‍ത്താവിന്റെ കൂടെ കഴിയുവാന്‍ പറ്റില്ലെന്നാണ് പറയുന്നത്. പ്രേമമൊക്കെ തന്നെ ശരിയാണ് പക്ഷെ പ്രേമത്തിലുള്ള വിശ്വാസം എനിക്ക് കഴിഞ്ഞ തവണയേ പോയിരുന്നു. അത് രേഷ്മക്ക് അറിയില്ല. ഞാന്‍ അറിയിച്ചിട്ടും ഇല്ല. അത് മാത്രവുമല്ല അയാളെ ഉപേക്ഷിക്കുവാന്‍ കഴിയില്ല എന്ന് അവള്‍ കട്ടായം പറഞ്ഞു. പിന്നെ ഞാന്‍ ആരാണവള്‍ക്ക് നേരം പോക്കോ? ഭര്‍ത്താവില്ലാത്ത സമയം ഫ്ലര്‍ട്ട് ചെയ്യാനുള്ള ഒരുത്തനോ. എനിക്കത് വയ്യ. 

ഗൗതം : ഒരു ദിവസം എനിക്കോര്‍മ്മയുണ്ട് ഓവുലേഷന്റെ കറക്ട് ഡേറ്റിന് ഡോക്ടര്‍ വിളിച്ചറിയിച്ചിട്ടും മടി പിടിച്ച് രണ്ടുപേരും കിടന്നുറങ്ങിയത്. ഹോര്‍മോണുകള്‍ കുത്തിവെച്ച് കുത്തിവെച്ച് അവള്‍ വീര്‍ത്ത് പോയിരുന്നു. അവളുടെ കഷ്ടപ്പാട് കണ്ടിട്ടാണ് ചികിത്സ കുറച്ച് കാലം നിര്‍ത്തിവെച്ചത്. ഞാന്‍ കൂട്ടുകാരുടെ കുട്ടികള്‍ക്കൊപ്പം കളിക്കുന്നത് കാണുമ്പോള്‍ അകലെയിരുന്ന് അവള്‍ കണ്ണു നിറക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടേതൊരു പ്രേമ വിവാഹമായിരുന്നു. ഫോണൊന്നും അന്ന് ഇതുപോലെ പ്രൈവറ്റ് ആയിട്ട് ഉപയോഗിക്കാനൊന്നും കഴിയില്ലായിരുന്നു. കാത്തിരുന്ന് കാത്തിരുന്ന് ദുരിതകാലത്തെല്ലാം കൂടെ നിന്ന് ഒരുമിച്ച് ജീവിച്ചു തീര്‍ത്ത വര്‍ഷങ്ങള്‍. കുഞ്ഞിനു വേണ്ടി മന:പൂര്‍വ്വം ഇണചേര്‍ന്ന രാത്രികള്‍, ജോലിത്തിരക്കുകള്‍, കുടുംബ ബാധ്യതകള്‍ ഉത്തരവാദിത്തങ്ങള്‍ ഇത്തരത്തില്‍ ഞങ്ങള്‍ മാറി പോകുമെന്ന് ഞാനൊരിക്കലും ഓര്‍ത്തിരുന്നില്ല. ഞാനെപ്പോഴും അവളോട് പറയാറുണ്ട് നമ്മള്‍ ഒരിക്കലും നല്ല ഭാര്യയും ഭര്‍ത്താവുമല്ല പക്ഷെ ഏറ്റവും നല്ല റൂം മേറ്റ്സ് ആണെന്ന്. ഒരുമിച്ച് സിനിമയും കണ്ട് സോഫയില്‍ കിടന്നുള്ള ഉറക്കവും ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ പുറത്ത് പോകലും ഒക്കെ ആയി കുറേ നല്ല ദിവസങ്ങള്‍ ഒരുമിച്ച് പങ്കിട്ട നല്ല സുഹൃത്തുക്കള്‍. ഞാനവളുടെ ടൈപ്പല്ല. അവള്‍ സെയിലന്റാണ്. ഇന്റ്രോവര്‍ട്ട് ആണ്. ആര്‍ട്ടിസ്റ്റാണ്. എന്റെ സുഹൃത്തുക്കളല്ലാതെ അവള്‍ക്ക് സ്വന്തമായി ഒരു സുഹൃത്തില്ല. പലപ്പോഴും ഞങ്ങളുടെ കൂടെ കൂടുവാന്‍ അവള്‍ക്ക് പറ്റാറില്ല. എത്ര വിലപിടിപ്പുള്ള സമ്മാനം ഞാന്‍ വാങ്ങിക്കൊടുത്താലും അതിലൊന്നും ഒരു താല്‍പ്പര്യം കാണിക്കില്ല. എന്ത് ജന്മമാണെടാ നിന്റെ ഭാര്യയെന്ന് സുഹൃത്തുക്കള്‍ ചോദിക്കും.

അഹല്യ: എല്ലാവര്‍ക്കും കാണുമോ എന്നെനിക്കറിയില്ല പക്ഷെ എത്ര ഒഴിച്ചിട്ടും നിറയാതിരുന്ന പാത്രം പോലെ ആയിരുന്നു ഞാന്‍. അബിന്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു വിടവ് അതെപ്പോഴും ഒഴിഞ്ഞു തന്നെ കിടന്നു. അവനും അതറിയാമായിരുന്നു. ബഹളങ്ങളൊന്നും ഇഷ്ടമല്ലാത്ത പാര്‍ട്ടികളില്‍ ആഹ്ലാദിക്കാത്ത ആളുകളില്‍ നിന്നും ഒഴിഞ്ഞു നിന്ന ഒരാളായിരുന്നു ഞാന്‍. അബിനാണെങ്കില്‍ ഫ്രണ്ട്സാണെല്ലാം. അവരില്ലാത്ത വീക്കെന്‍ഡ് ഉണ്ടാകാറേയില്ല. അമല്‍ ജീവിതത്തില്‍ വന്നതോടെ എല്ലാം മാറി. ഞാന്‍ പരിപൂര്‍ണ്ണയായ ഒരു സ്ത്രീയായി. അതുവരെ ഞാന്‍ പോലും അറിയാതിരുന്ന ഒരു ഭാഗത്തെ ജനലുകള്‍ അവന്‍ തുറന്നിട്ടു. എന്റെ ഭ്രാന്തുകളെല്ലാം അതുപോലെ മനസിലാക്കാന്‍ ഒരാളായി. അമലും ഞാനും ഏകദേശം  ഒരാളാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഒരു പോലെ. അവനിഷ്ടപ്പെട്ട കഥകള്‍ കവിതകള്‍ ചിത്രങ്ങള്‍ എല്ലാം എന്റേതായി. ഒരാളെ മുറിച്ച് രണ്ടാക്കിയ പോലെ. അതുവരെ എന്നെ കേള്‍ക്കുവാന്‍ തയ്യാറാകാതിരുന്ന ആളുകള്‍ക്ക് മുന്‍പിലേക്ക് എനിക്ക് സംസാരിക്കാന്‍ എന്നെ കേള്‍ക്കാന്‍ മനസിലാക്കുവാന്‍ ഉമ്മ നല്‍കുവാന്‍ ചെറിയ ചെറിയ ചിരികള്‍ക്കൊക്കെയായി. ഇടയ്ക്ക് വല്ലപ്പോഴും എനിക്ക് കുറ്റബോധം ഒക്കെ വന്നിരുന്നു. അബിന്‍ ഒരു വണ്‍ വുമണ്‍ മാനല്ലേ. ഞാനില്ലെങ്കില്‍ അവനെങ്ങിനെ അഡ്ജസ്റ്റ് ചെയ്യും. ഞാന്‍ മാറി നില്‍ക്കുന്ന ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്യുന്ന ആളാണ്. പക്ഷെ അതൊന്നും അല്ല അബിന്റെ മറ്റൊരു പ്രേമം ഞാനൊരിക്കല്‍ കണ്ടു പിടിച്ചു.

photo_2021-04-30_16-11-27 (2).jpg

ദേവന്‍ : എനിക്കവരോട് ദിവ്യപ്രേമം ആണെന്ന് കരുതിയെങ്കില്‍ തെറ്റി. അങ്ങനെ ഒരു ആഗ്രഹവും എനിക്കില്ല. ഞാന്‍ പറഞ്ഞല്ലോ പ്രേമത്തില്‍ വിശ്വസിക്കുവാന്‍ എനിക്കിനി കഴിയില്ല. അല്ലെങ്കിലും ഞങ്ങള്‍ പ്രേമത്തിലാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. സംസാരിച്ച് സംസാരിച്ച് പെട്ടെന്നൊരു ദിവസം അത് സെക്സിലേക്ക് എത്തിപ്പോയതാണ്. അതിനു ശേഷം ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ എന്ന പോലായിരുന്നു മുന്‍പോട്ട് പോയത്. എനിക്ക് അവളേയും അവള്‍ക്കെന്നേയും ആവശ്യമുണ്ടായിരുന്നു. പക്ഷെ എനിക്ക് റിയല്‍ ആയിട്ടുള്ള ആരെങ്കിലും വേണമെന്നുണ്ടായിരുന്നു. 24 മണിക്കൂറും കൂടെ നില്‍ക്കാന്‍ സാധിക്കുന്ന ആരെങ്കിലും. ഇതിപ്പോള്‍ ദിവസത്തില്‍ രണ്ട് മണിക്കൂര്‍ എല്ലാം കിട്ടുമാരിക്കും. അവര്‍ക്ക് ഭര്‍ത്താവുണ്ട് ഭര്‍ത്തൃവീട്ടുകാരുണ്ട്. അവരെയൊന്നും വിട്ടിട്ട് ഇറങ്ങി വരലൊന്നും നടക്കില്ല. പക്ഷെ മറ്റൊരു കാര്യമുണ്ട്. സുന്ദരിയാണ്. എനിക്ക് പറ്റിയ സ്ത്രീയാണ്. ഞങ്ങള്‍ ഒരുമിച്ച് ഹാപ്പിയൊക്കെ ആവുമെന്ന് തോന്നി. അവര്‍ വരക്കും ഞാനെഴും. മറ്റൊരു കാര്യം അവരുടെ ഭര്‍ത്താവ് നോക്കുന്ന സൗകര്യത്തിലൊന്നും അവരെ നോക്കാന്‍ എനിക്കാവില്ല. അവര്‍ നല്ല സൗകര്യത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയാണ്. അവരുടെ സന്തോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വീട് അലങ്കരിക്കലാണ്. അതെല്ലാം വിട്ട് അവര്‍ എന്റെ കൂടെ വന്നാല്‍ എനിക്കൊപ്പം സന്തോഷമായിട്ട് ജീവിക്കില്ല. എനിക്കുറപ്പാണ്.

ഗൗതം: എന്നേക്കാള്‍ അടുപ്പമാണ് എന്റെ വീട്ടുകാരുമായിട്ട് മീരക്ക്. അനിയത്തിയുടെ മകളെ സ്വന്തം മകളെപ്പോലെയാണ് ഞങ്ങള്‍ നോക്കിയിരുന്നത്. അവള്‍ക്ക് വേണ്ടി വര്‍ഷാവര്‍ഷം എന്തെങ്കിലുമൊക്കെ മീര കരുതി വയ്ക്കും. ഒരു വര്‍ഷമായി ശാരീരികമായി എന്നെ അടുപ്പിക്കുന്നില്ല എന്ന കാര്യം ഞാനും മീരയുമല്ലാതെ മറ്റൊരാള്‍ക്കു കൂടെ അറിയാം. എന്റെ സുഹൃത്തിന്റെ ഭാര്യയായ സ്മിതക്ക്. സ്മിതയും ഞാനും നല്ല ക്ലോസ് ആണ്. അതൊരു പക്ഷെ ഒരു അഫയര്‍ ആക്കി മാറ്റുവാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. സ്മിതയ്ക്ക് ഒരു മകനുണ്ട്. അനിയത്തി അടുത്തില്ലാത്തതിനാല്‍ എന്റെ അച്ഛത്തം മുഴുവന്‍ പ്രകടിപ്പിക്കുന്നത് സ്മിതയുടെ മകനോടാണ്. അവനു ഞാന്‍ സുഹൃത്തിനെപ്പോലെയായി. മക്കള്‍ക്കിഷ്ടമുള്ളവരെ അമ്മയും സ്നേഹിക്കും പോലെ ആയിരുന്നു ഇത്. സ്മിതക്ക് ഇമോഷ്ണലി സപ്പോര്‍ട്ട് എല്ലാം കൊടുത്തിരുന്നത് ഞാനായിരുന്നു. സ്മിതക്ക് എന്നെ ഇഷ്ടമാണ് എനിക്ക് അവളേയും ഇഷ്ടമാണ്. പക്ഷെ അത് വേറെ ഒരു തലത്തിലെ ഇഷ്ടമാണെന്നേ ഉള്ളൂ. സെക്സിന്റെ കാര്യം പറഞ്ഞപ്പോള്‍ സ്മിത പറഞ്ഞു. കുട്ടിക്ക് വേണ്ടിയുള്ള മെഡിക്കേഷന്‍ സ്റ്റാര്‍ട്ട് ചെയ്യൂ. അപ്പോള്‍ അവള്‍ സമ്മതിക്കും എന്ന്.

അഹല്യ : മെഡിക്കേഷന്‍ വീണ്ടും ചെയ്യാന്‍ തുടങ്ങണമെന്ന് പറഞ്ഞ ദിവസം ഞാന്‍ കരഞ്ഞു. വീട്ടിലെ പല സാധനങ്ങളും എറിഞ്ഞുടച്ചു. അത് എന്റെ ശരീരത്തില്‍ അധീശത്വം സ്ഥാപിക്കുവാനുള്ള അബിന്റെ നീക്കമാണെന്ന് അറിയാഞ്ഞല്ല, ഈ മെഡിക്കേഷനിലൂടെ കടന്നു പോകുമ്പോള്‍ ഞാനനുഭവിക്കേണ്ട സമ്മര്‍ദ്ദങ്ങക്കുറിച്ചാലോചിച്ചിട്ടാണ്. ഈ വട്ടം മനസ് കൈവിട്ട് പോകുമെന്ന് തോന്നി. അതിനിടയില്‍ അമലും. അവനെങ്കിലും നല്ലൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നി. ഞാനതവനോട് പറയുകയും ചെയ്തു. ഏതെങ്കിലും നല്ല കുട്ടികളെ നോക്കെടാ എന്ന്. അവന്‍ കേള്‍ക്കുന്നില്ല. ഒരുദിവസം താഴെ വീണ കുട്ടിയുടെ പെന്‍സില്‍ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ സോഫയുടെ താഴെ കൈകള്‍ അബിന്റെയും ലക്ഷ്മിയുടേയും കോര്‍ത്തു പിടിച്ച കൈകള്‍ കണ്ടതോടെ ആണ് എന്റെ കുറ്റബോധം മാറിയത്. അബിന്‍ അവളെ പ്രേമിക്കുന്നതില്‍ എനിക്കൊരു പ്രശ്നവുമില്ല. എന്നെ എന്റെ ജീവിതം ജീവിക്കുവാന്‍ വിട്ടാല്‍ മാത്രം മതി. എനിക്കെന്റെ സമാധാനം മാത്രം മതി. പക്ഷെ ഒരു കുഞ്ഞിനേയും പ്രതീക്ഷിച്ച് ദിവസങ്ങള്‍ തള്ളി നീക്കി ഒടുവില്‍ വയറുവേദനയുമായി കിടന്ന് കരയുവാനെനിക്ക് വയ്യ. പക്ഷെ ഇതൊന്നും അബിനോട് തുറന്ന് പറയാന്‍ എനിക്ക് കഴിയുന്നില്ല. കുട്ടികളോടുള്ള അവന്റെ സ്നേഹം കാണുമ്പോള്‍ ഞാനെന്തൊരു ഫെയിലിയര്‍ ആണെന്ന് തോന്നും. വീടും വീട്ടുകാരും സൊസൈറ്റിയും അവനോട് സഹതാപം കാണിക്കും. അവന്റെ കൂട്ടുകാരി ഒരിക്കല്‍ എന്നോട് വന്നു ചോദിച്ചു. കുട്ടികളില്ലാഞ്ഞും നീയെങ്ങിനെ ഇത്ര ഹാപ്പി ആകുന്നു. അതെന്താ കുട്ടികളില്ലാത്തവര്‍ക്ക് ഹാപ്പി ആകാന്‍ കഴിയില്ലേ? കരഞ്ഞുകൊണ്ട് എല്ലാം സഹിക്കുക എന്നല്ലാതെ. ഈ മുപ്പത്തിയഞ്ച് വയസുവരെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുവാന്‍ എനിക്ക് സാധിച്ചിട്ടില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം. ഇതും അങ്ങനെ തന്നെ നടക്കട്ടെ.

ദേവന്‍ : ഒരു ദിവസം നിന്നോട് മുടിഞ്ഞ പ്രേമമാണെന്ന് പറയുക. പിറ്റേന്ന് നീയെങ്കിലും രക്ഷപ്പെടണം എന്ന് പറഞ്ഞ് തള്ളിമാറ്റുക. പിറ്റേന്ന് നീയില്ലാതെ പറ്റുന്നില്ല എന്ന് പറയുക. മനസിലായോ. അതുകൊണ്ട് ചെറിയ ഒരു ഡിസ്റ്റന്‍സ് ഇടാം എന്ന് കരുതി. അവള്‍ക്ക് മറ്റുള്ളവരെ മറികടന്ന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ ഉള്ളത് ഞാനാണ്. എന്നെ ഹര്‍ട്ട് ചെയ്താലും ഞാനത് താങ്ങും. അതല്ലേ നല്ലത്. ഇപ്പോള്‍ ഒഴിഞ്ഞു നിന്നാല്‍ ഹര്‍ട്ട് ആവുന്നത് കുറയുകയല്ലേ ചെയ്യുക. പക്ഷെ തോന്നുന്നില്ല. കാരണം മെഡിക്കേഷന്‍ തുടങ്ങിയിരിക്കയാണ്. ഒരു കുഞ്ഞ് വന്നാല്‍ അവളുടെ വിഷമങ്ങളെല്ലാം മാറും. എനിക്കുറപ്പുണ്ട്. ഞാന്‍ മറ്റാരെയെങ്കിലും കണ്ടുമുട്ടുമോ എന്ന് നോക്കാം. അതിനു മുന്‍പ് അവസാനമായിട്ട് എന്നെയൊന്ന് കാണണമെന്ന് രേഷ്മ പറഞ്ഞിട്ടുണ്ട്. അതാണ് നല്ലതെന്ന് തോന്നുന്നു. പോയികാണാം. എല്ലാം അവസാനിപ്പിക്കണം. ഇതിന്റെ പേരില്‍ ഇനിയും ഹര്‍ട്ട് ചെയ്യാനും ഹര്‍ട്ട് ആകാനും വയ്യ.

ഗൗതം: ഒടുവില്‍ അവള്‍ സമ്മതം മൂളി. ആദ്യത്തെ വട്ടം അവളുടെ മുഖം കണ്ട് ഡോക്ടര്‍ക്കരികില്‍ പോകുന്ന സമയം വണ്ടിയൊതുക്കി ഞാന്‍ കരഞ്ഞു. അവളുടെ മുഖം വികാരരഹിതമായിരുന്നു. എനിക്ക് വേണ്ടി മാത്രമാണ് ഇതെല്ലാം ചെയ്യുന്നതെന്ന ഒരു ഭാവം. രണ്ടാമത്തെ ശ്രമത്തില്‍ അവള്‍ സമ്മതം മൂളി. മെഡിക്കേഷന്‍ നടക്കുന്നുണ്ട്. എല്ലാം പോസറ്റീവ് ആണ്. ഈ വട്ടം എല്ലാം ഓക്കെ ആവുമെന്ന് മനസ് പറയുന്നു. സ്മിതയുമായി അടുത്തിടപഴകുന്നത് ഫ്രണ്ട്സിനിടയില്‍ ചര്‍ച്ചയായെന്ന് തോന്നുന്നു. അതിനാല്‍ എല്ലാമൊന്ന് കുറയ്ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മീരക്കത് പ്രശ്നം കാണില്ല. ഞാനില്ലെങ്കില്‍ പോലും ഒറ്റക്ക് ജീവിക്കുവാന്‍ അവള്‍ക്ക് കഴിയും എന്നാണെന്റെ തോന്നല്‍.

അഹല്യ: അബിന്‍ വലിയ സന്തോഷത്തിലാണ്. സ്വയം ഉരുകിയാലും മറ്റുള്ളവര്‍ക്ക് വെളിച്ചം കിട്ടുന്നുണ്ടല്ലോ. അതുമതി. അവസാനമായി എനിക്ക് അമലിനെ ഒന്ന് കാണണം. ദിവസം ഫിക്സ് ചെയ്തിട്ടുണ്ട്. അവനെ ഇനി അറിയിക്കണം. അതോടെ തീരും എല്ലാം. എന്റെ സന്തോഷവും. അമല്‍ എനിക്ക് പകരം മറ്റാരേയോ സ്നേഹിക്കുന്നത് ഓര്‍ക്കുമ്പോള്‍ തൊണ്ട വേദനിക്കും. ഒന്നും ഓര്‍ക്കാന്‍ വയ്യ. മരിച്ചു കളഞ്ഞാലോ എന്ന് തോന്നി. ഇന്നലെ തുട ഞാന്‍ പിച്ചി പൊളിച്ചു. ശരീരത്തെ ഉപദ്രവിക്കുന്ന ഒരാളായിരുന്നില്ല ഒരിക്കലും ഞാന്‍. പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെ എല്ലാം ഉള്ളില്‍ ഒതുക്കിയൊതുക്കി ഭ്രാന്തായിപ്പോകുമോ എന്ന് എനിക്ക് സംശയമുണ്ട്. 

ദേവന്‍ : രേഷ്മയെ പോയി കണ്ടു. എനിക്ക് തീരെ കണ്ട്രോള്‍ കിട്ടിയില്ല. ഞങ്ങള്‍ രണ്ടും കെട്ടിപ്പിടിച്ച് വളരെ നേരം കരഞ്ഞു. കണ്ണുകളില്‍ ഉമ്മ വച്ചപ്പോള്‍ ഉപ്പ് രുചിച്ചു. എനിക്ക് അത്തരത്തില്‍ സ്നേഹം നല്‍കുമ്പോഴൊക്കെ അവള്‍ കരയും. അവളുടെ മുഖം കണ്ടാല്‍ എനിക്ക് മനസിലാകും എത്രദിവസം അവള്‍ കരഞ്ഞെന്നും ഉറങ്ങാതെ ഇരുന്നെന്നും. കണ്‍പീളകളെല്ലാം വീര്‍ത്ത് നിന്നിരുന്നു. അവള്‍ക്ക് സങ്കടമല്ലാതെ മറ്റൊന്നും കൊടുക്കുവാന്‍ എനിക്ക് കഴിയില്ലെന്ന് തോന്നി. അവള്‍ കടന്ന് പോകുന്ന ദു:ഖം അകലെ നിന്ന് നോക്കുമ്പോലെ അല്ലായിരുന്നു. ഭക്ഷണം മര്യാദക്ക് കഴിക്കാതെ അവളാകെ മെലിഞ്ഞിരുന്നു. നഗ്നരായി ഏറെനേരം മുറികളില്‍ ഞങ്ങള്‍ ചുറ്റിയടിച്ചു. അവള്‍ക്ക് മറ്റാരേക്കാളും എന്നെ ഇഷ്ടമാണെന്ന് എനിക്ക് തോന്നി.

photo_2021-04-30_16-47-13.jpg

നെഞ്ചില്‍ നിന്നും മാറിക്കിടക്കാന്‍ കൂട്ടാക്കാതെ ഏറെ നേരം ഞങ്ങള്‍ സമയം ചിലവഴിച്ചു. അവള്‍ക്കായി ഞാന്‍ മുട്ട പൊരിച്ച് നല്‍കി. പോകും നേരം അവളെനിക്ക് വാക്ക് നല്‍കി. ഈ സ്നേഹത്തിനു വേണ്ടി എത്ര വേണമെങ്കിലും മുറിപ്പെടുവാനും തയ്യാറാണെന്ന്. അവളില്ലാതെ ഇനി പറ്റില്ലെന്ന് തോന്നി. പ്രേമം വീണ്ടും എന്നെ കീഴ്പ്പെടുത്തിയത് ഞാനറിഞ്ഞു.

ഗൗതം: ഇന്നത് സംഭവിച്ചു. ഡോക്ടര്‍ പറഞ്ഞ ദിവസമായിരുന്നു. ഓഫീസ് ഉണ്ടായിരുന്നതിനാല്‍ ക്ഷീണിച്ചാണ് എത്തിയത്. മെഴുകുതിരിയെല്ലാം കത്തിച്ചു വച്ച് മീര എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി അവളറിയാതെ ബാത്ത് റൂമിലിരുന്ന് സ്വയംഭോഗം ചെയ്ത് ജീവിക്കുന്നു. പെട്ടെന്ന് അവള്‍ ഇനിഷിയേറ്റെടുത്തപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും നല്ല ഒര്‍ഗ്ഗാസം അന്നായിരിക്കും സംഭവിച്ചു കാണുക. അവള്‍ക്ക് എന്ത് സംഭവിച്ചു എന്നെനിക്ക് മനസിലായില്ല. ഇനി റിസള്‍ട്ടിനായുള്ള കാത്തിരിപ്പാണ്.

അഹല്യ: ഞാന്‍ ഗര്‍ഭിണിയാണ്. അതെ ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഗര്‍ഭിണിയാണ്. അന്ന് ഡോക്ടര്‍ പറഞ്ഞ ദിവസത്തില്‍ ഞാന്‍ അമലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീ ഹഡ് അണ്‍പ്രൊട്ടക്റ്റഡ് സെക്സ്. അബിനു സംശയം ഒന്നും തോന്നാതിരിക്കുവാന്‍ അന്ന് രാത്രി അവനുമായും ഞാന്‍ ഇണചേര്‍ന്നു. ഞാന്‍ ഗര്‍ഭിണിയാണ്. ആന്‍ഡ് യു നോ വാട്ട്. ഐ ആം സോ ഹാപ്പി. എനിക്കാ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് അറിയേണ്ട. ഐ ആം സോ സോ ഹാപ്പി. എനിക്കിനി ആരും വേണ്ട ഈ കുഞ്ഞല്ലാതെ.

ദേവന്‍: രേഷ്മ വിളിച്ചിരുന്നു. ഇനിയൊരിക്കലും കാണാന്‍ ശ്രമിക്കരുതെന്നും വിളിക്കാന്‍ ശ്രമിക്കരുതെന്നും പറഞ്ഞു കരഞ്ഞു ഫോണ്‍വെച്ചു. ഞാന്‍ തിരികെ കോണ്ടാക്ട് ചെയ്യാന്‍ നോക്കി. നമ്പര്‍ മാറ്റിയെന്ന് തോന്നുന്നു. പോയി കാണുവാന്‍ ശ്രമിച്ചു. വീട് പൂട്ടിക്കിടക്കുന്നു. കഴിഞ്ഞ ബ്രേക്കപ്പിനേക്കാള്‍ ഈ ഉപേക്ഷ എന്നെ ഹിറ്റ് ചെയ്തു. ഐ ഗേവ് എവരിതിംഗ്. പക്ഷെ സ്റ്റില്‍. ഐ വാണ്ട് റ്റു ഡൈ. ഏതെങ്കിലും ഒരു നാള്‍ അവള്‍ തിരികെ വന്നാലോ എന്ന് കരുതി കാത്തിരിക്കുകയാണ്. വരും എനിക്ക് ഉറപ്പുണ്ട്. കാരണം എനിക്കൊപ്പമാണ് അവള്‍ ഹാപ്പി ആകുകയുള്ളൂ. വേറെ ആര്‍ക്കൊപ്പം ജീവിച്ചാലും അവള്‍ ചിരിക്കുകയൊക്കെ ചെയ്യും പക്ഷെ നിറയണമെങ്കില്‍ എന്റെ സാമീപ്യം കൂടിയെ തീരൂ. അതവള്‍ക്ക് അറിയാം. എനിക്കും അറിയാം. ഒരു പക്ഷെ ദൈവത്തിനും. ഷീ വാസ് ദ ഓണ്‍ലി ഗുഡ് തിംഗ് ഇന്‍ മൈ ലൈഫ്.

photo_2021-04-30_16-11-27.jpg

-----------
"സൈമണ്‍ '
"ഡോക്ടര്‍'
"അവരോട് ഇതിനെക്കുറിച്ച് സംസാരിച്ചോ?'
"ഇല്ല'
"നല്ലത്. കാരണം. ഇത് മൂന്നും മൂന്ന് കഥകളാണ്. അനാവശ്യമായി നമ്മള്‍ ഡോറ്റ്സ് പൂരിപ്പിക്കേണ്ട കാര്യമില്ല. ഡോണ്ട് മിക്സിറ്റ് അപ്പ്. ആ സ്ത്രീ ഇപ്പോള്‍ വരാറുണ്ടോ?'
"ഇല്ല'
"ഭര്‍ത്താവോ'
"ഇല്ല'
"ദേവന്‍ മാത്രമാണോ?'
"അതെ. വല്ലപ്പോഴും മാത്രം'
"ദേവനു വേണ്ട ഇമോഷണല്‍ സപ്പോര്‍ട്ട് മാത്രം കൊടുക്കുക. അയാള്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി ജീവിതം തുടങ്ങും. ഭയപ്പെടാതെ'
"ഉവ്വ്. അത്തരത്തില്‍ ഒരു സൂചന അവസാനം കണ്ടപ്പോള്‍ നല്‍കി'
"എങ്കില്‍ പോകൂ. പോയി അവനെ മൂവ് ഓണ്‍ ആകാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കൂ. പിന്നെ ഒന്നു കൂടി. നമ്മളും മനുഷ്യരാണ്. അവരും മനുഷ്യരാണ്. ഇമോഷണലി ഇന്‍വോള്‍വ്ഡ് ആകാതെ നോക്കൂ'
"എല്ലാം പറഞ്ഞപ്പോള്‍ റിലാക്സ്ഡ് ആയി ഡോക്ടര്‍. താങ്ക്സ്. അടുത്ത മാസം കാണാം ഇനി'
"ശരി. ഗുഡ് ഡേ സൈമണ്‍'
"ഗുഡ് ഡേ ഡോക്ടര്‍'

ചിത്രം 5: വിധേയ

41 വയസുകാരി കാമുകിയെ വീട്ടില്‍ പരിചയപ്പെടുത്തിയ ദിവസം, മകനേ അവരെന്നേക്കാള്‍ അഞ്ചെട്ട് വയസിന്റെ ഇളപ്പമല്ലേയുള്ളൂവെന്ന് അമ്മയും അവര്‍ക്കൊരു ഹസ്ബന്റും മകളുമുണ്ടെന്ന് സഹോദരിയും ഇപ്പോഴുള്ള സുഖത്തിനു നീയൊന്നും കയറി ഏറ്റുപോകല്ലേടായെന്ന് സുഹൃത്തും ആശങ്കപ്പെട്ടപ്പോള്‍ എന്നേക്കാള്‍ നിനക്ക് സ്നേഹം അമ്മയോടാണ്, ഞാന്‍ പാചകം ചെയ്തുകൊണ്ട് വന്ന വെണ്ടയ്ക്കാ കറി ഇത്ര ആസ്വദിച്ച് കഴിച്ചിട്ടില്ല ഇതുവരെ, ദൈവമേ അടുത്ത ജന്മത്തിലെങ്കിലും ഞങ്ങളെ അനാഥരായി ജനിപ്പിക്കേണമേയെന്ന് കാമുകിയും അസ്വസ്ഥയായി.

അവന്‍ ചിരിച്ചു. അവളത് കണ്ടില്ല.
ആദ്യമായി അവര്‍ കണ്ടുമുട്ടിയപ്പോഴും ഇതേപോലെ അവന്‍ ചിരിച്ചു. അവളത് കണ്ടില്ല. ആദ്യ നോവലിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് സാമ്പിള്‍ അധ്യായങ്ങളുമായി പ്രശസ്ത പബ്ലിഷിംഗ് കമ്പനിയുടെ ഓഫീസില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഒരു ഇരുപത്തിയഞ്ചുകാരന്റെ ആദ്യ നോവലിന്റെ മൂന്ന് അദ്ധ്യായങ്ങള്‍ പ്രവൃത്തി പരിചയം വച്ച് തള്ളിക്കളയുവാന്‍  എഡിറ്റര്‍ ശ്രമിച്ചുവെങ്കിലും അസിസ്റ്റന്റ് എഡിറ്ററായ കാര്‍മയോട് ഒന്ന് പരിശോധിക്കുവാന്‍ ആവശ്യപ്പെട്ടു. വീടെത്തുവാനുള്ള തിരക്കില്‍ ആദ്യ രണ്ടുപേജ് ഓടിച്ച് നോക്കി പേജുകള്‍ ചവറ്റുകുട്ടയില്‍ താഴ്ത്തുവാനുള്ള പദ്ധതിയായിരുന്നു അവള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ആദ്യത്തെ രണ്ടുപേജിലേ എഴുത്തുകാരന്റെ ഭാഷയില്‍ കാര്‍മ മൂക്കും കുത്തി വീണു. മുഴുവനാക്കാതെ സ്വസ്ഥമായിരുന്നു വായിക്കുന്നതിന് കടലാസു കെട്ട് ബാഗിനുള്ളില്‍ വച്ച് മറുപടി നാളെ അറിയിക്കാമെന്ന വ്യവസ്ഥയില്‍ അവരിറങ്ങി. ആയൊരു രാത്രി അന്‍പത്തി മൂന്ന് പേജ് വരുന്ന ആദ്യ മൂന്ന് അധ്യായങ്ങള്‍ മതിവരുവോളം കാര്‍മ വായിച്ചു നോക്കി. പിന്നെ കണ്ണടയൂരി ആലോചിച്ചു. ഒരു ഇരുപത്തഞ്ചുകാരന്റേതോ ഈ എഴുത്ത്. ഉറപ്പായും ഇയാളെ മറ്റാരോ സഹായിക്കുന്നുണ്ടാവണം. അന്നവളുടെ സ്വപ്നത്തില്‍ ആ എഴുത്തുകാരന്‍ വന്ന് കണ്ണട മാറ്റിയപ്പോള്‍ മൂക്കില്‍ തെളിഞ്ഞ പാടില്‍ വന്ന് ഉമ്മ വച്ചു.
പിറ്റേന്ന് എഴുത്തുകാരന്റെ ഫോണിലേക്ക് കാര്‍മയുടെ ഓഫീസ് ഫോണില്‍ നിന്നും ഒരു വിളി ചെന്നു. പിറ്റേന്ന് ഓഫീസില്‍ എത്തിച്ചേരുവാനായിരുന്നു അയാള്‍ക്ക് അറിയിപ്പ് കിട്ടിയത്. എഴുത്തുകാരന്‍ ചെന്നു. അവള്‍ ഇരിക്കുവാന്‍ ക്ഷണിച്ചു. അയാള്‍ തന്നേല്‍പ്പിച്ച സാമ്പിള്‍ തിരികെ കയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു
"ഇത് ഇവിടെ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുകയില്ല'
അവന്‍ ചിരിച്ചു അവളത് കണ്ടില്ല
"ഇത് നിലവാരമില്ലാത്തതു കൊണ്ടല്ല. ഞങ്ങളുടെ വായനക്കാര്‍ക്ക് ഇതാവശ്യമില്ല. ഇവിടെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത് വായനക്കാര്‍ക്ക് കൂടി വേണ്ടിയിട്ടാണ്. മനസിലാക്കുമല്ലോ.' അവന്‍ കടലാസ് കെട്ട് കുത്തിയൊതുക്കി
"ഐ ആം സോറി'
"ഹേയ് അത് കുഴപ്പമില്ല'
"ചരിത്രമോ രാഷ്ട്രീയമോ ഗവേഷണമോ അങ്ങനെയൊന്നിന്റേയും പിന്‍ബലമില്ലാതെ നിങ്ങള്‍ എഴുതിയ ഈ മൂന്നധ്യായം മലയാള നോവല്‍ ചരിത്രത്തില്‍ നിലനില്‍ക്കില്ല.' അവന്‍ മറുപടിയൊന്നും നല്‍കാന്‍ പോയില്ല. അവള്‍ ഒന്നും പറയാതെ അടുത്ത ജോലിയിലേക്ക് കടന്നു. ഒന്നിലും ശ്രദ്ധ നില്‍ക്കാതെ ഫോണെടുത്ത് ഒരു സുഹൃത്തിനെ വിളിച്ചു. എന്തോ മിണ്ടി. കുറച്ച് സമയം കൊണ്ട് കുറ്റബോധം മാറിയെന്ന് തോന്നിയപ്പോള്‍ ജോലിയിലേക്ക് തിരികെ മടങ്ങി.
അന്ന് രാത്രിയില്‍ ഭര്‍ത്താവിനൊപ്പം കിടക്കുന്ന സമയം മുഴുവന്‍ അവള്‍ ഓര്‍ത്തത് ആ നോവലിനെക്കുറിച്ചായിരുന്നു. ഈ സമയം അവനേയും നോവലിനേയും കുറിച്ച് ഓര്‍ത്തതില്‍ അത്ഭുതം കൂറി, പതിയെ മൊബൈല്‍ എത്തിപ്പിടിച്ച് അവന്റെ നമ്പറിലേക്കൊരു ടെക്സ്റ്റ് മെസേജ് അയച്ചു. മുഴുവന്‍ നോവലുമായി ഓഫീസില്‍ എത്തൂ. പിറ്റേന്ന് വലിയൊരു കെട്ടുമായി ആ യുവാവ് ഓഫീസിലെത്തി. സഹപ്രവര്‍ത്തകരാരും ശ്രദ്ധിക്കാത്ത രീതിയില്‍ ആ കടലാസ് കെട്ടുകള്‍ അവള്‍ ഒളിപ്പിച്ചു വച്ചു. അന്നു രാത്രി നോവല്‍ വായിച്ച് വായനക്കാരി എഴുത്തുകാരനുമായി പ്രേമത്തില്‍ അകപ്പെട്ടു.

"ദേ വെറുതെ പെണ്‍പിള്ളേരോട് ലൂസ് ടോക്കിനു പോകരുത്. ഈ പാവത്തം കാരണം എല്ലാവരും നിന്നെ വേദനിപ്പിക്കും. എന്നിട്ട് കൊതിപ്പിച്ച് കടന്നു കളയും.' പ്രേമിച്ച് തുടങ്ങിയതില്‍ പിന്നെ നാല്‍പ്പത്തൊന്നുകാരി ഒരു ടീനേജ് കുട്ടിയായി. തികച്ചും ഒരു സ്വാര്‍ത്ഥ. സുഹൃത്തുക്കളുമായി ചുറ്റിയടിക്കുവാനോ സ്ത്രീ സുഹൃത്തുക്കളെ കാണാന്‍ പോകുമ്പോള്‍ ഒക്കെ മുഖം കനപ്പിച്ച് കണ്ണു നിറച്ച് നില്‍ക്കും. അതു കാണുമ്പോള്‍ അവനു മനസലിയും.
അവനു ആരും വേണ്ടായിരുന്നു. 
അവള്‍ക്കുണ്ടായിരുന്ന ലോകപരിചയവും സാഹിത്യത്തിലെ അറിവും ജീവിതത്തില്‍ അതുവരെ പാലിച്ച ചിട്ടകളും തത്ത്വചിന്തയും ഒന്നും തന്നെ അവന്റെ സാന്നിധ്യത്തില്‍ വിലപ്പോയില്ല. അവനു മുന്‍പില്‍ അവള്‍ എല്ലാത്തരത്തിലും നഗ്നയായി. ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് അവനൊപ്പം താമസം തുടങ്ങിയാലോയെന്നാലോചിക്കുന്ന സമയമായിരുന്നു. ഒരേയൊരു നിബന്ധന മാത്രമാണ് അവള്‍ മുന്‍പോട്ട് വച്ചത്
""മകളെ അറിയിക്കണം''. അയാള്‍ക്ക് ലജ്ജ തോന്നി.
""അമ്മക്കുണ്ടായ രണ്ടാമത്തെക്കുട്ടിയെ കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ദൂരെ നിന്നും അസൂയയോടെ നോക്കി നില്‍ക്കുന്ന മൂത്ത കുട്ടിയെ രണ്ട് തവണ സ്വപ്നം കണ്ടു.' അയാള്‍ പറഞ്ഞു.
""നീയെനിക്ക് മകന്‍ കൂടിയാണ്'' അവളറിയിച്ചു. അപ്പോഴവിടെ നിശബ്ദത ഉടുക്കു കൊട്ടി
""ഞാനുമൊരു സ്വപ്നം കണ്ടു''. അവള്‍ പറഞ്ഞു
""നിന്റെ അമ്മ എന്നേയും നമ്മുടെ മകനേയും അംഗീകരിക്കാതിരിക്കുന്നത്. എന്നെ മാത്രം അവഗണിക്കുന്നത്. ഞാന്‍ കരഞ്ഞിട്ടും നീയെന്നെ തിരിഞ്ഞു നോക്കിയില്ല. എന്നെ പുറത്ത് നിര്‍ത്തി കുട്ടിയേയും കൊണ്ട് എല്ലാവരും അകത്ത് കയറിപ്പോയി''.
""എന്ത് തരം സ്വപ്നമാണ്. അരക്ഷിതമായ മനസിന്റേത് പോലെ''
""നമുക്കിത് വേണ്ടെന്ന് വയ്ക്കാം .നീ നിന്റെ വയസിലുള്ള ആരെയെങ്കിലും കണ്ടുപിടിക്കൂ. എനിക്ക് വേദനിക്കുവാന്‍ വയ്യ'' അവന്‍ അവളുടെ നെഞ്ചില്‍ ഒരുമ്മ കൊടുത്തു.
""ഇപ്പോള്‍ വേദന കുറഞ്ഞുവോ?''
""നോക്കൂ നിന്റെ കാര്യത്തില്‍ നിന്റെ കാര്യത്തില്‍ മാത്രം ഞാനെത്ര പൊസസീവ് ആണെന്ന് നിനക്കറിയാമല്ലോ. മറ്റുള്ള പെണ്ണുങ്ങളെ തുറിച്ചു നോക്കുന്നതു പോലും എന്നെ വിഷമിപ്പിക്കും. എന്തിനാണ് ദൈവം നമ്മെ വെവ്വേറെ കാലങ്ങളില്‍ സൃഷ്ടിച്ചത്? ഇത്ര കാലം എന്നില്‍ നിന്നും അകറ്റി വച്ചത്? അത്രയും നിമിഷങ്ങള്‍ എനിക്ക് നിനക്കൊപ്പം നഷ്ടപ്പെട്ടു. നിന്റെ എഴുത്ത് ഇഷ്ടമാണെന്ന് പറഞ്ഞു വരുന്ന എല്ലാ പെണ്ണുങ്ങളേയും മുഖത്ത് ആസിഡൊഴിക്കണം. നീയാരോടും മിണ്ടേണ്ട സംസാരിക്കേണ്ട ഓര്‍ക്കേണ്ട.''

അന്നു രാത്രി മുഴുക്കേയവര്‍ നോവലിനെക്കുറിച്ചായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. വാതിലില്‍ മുട്ട് കേട്ടപ്പോള്‍ അവള്‍ ഫോണ്‍ വയ്ക്കുകയാണെന്ന് പറഞ്ഞു. പക്ഷെ കോള്‍ കട്ട് ആയിരുന്നില്ല. അവനു രസം പിടിച്ചു എന്താണവിടെ സംഭവിക്കുന്നതെന്ന് കേട്ടുകൊണ്ടിരുന്നു. അവള്‍ ഭര്‍ത്താവുമായുള്ള സംഭാഷണത്തിലേക്ക് അവന്‍ കാത് കൂര്‍പ്പിച്ചു.
""ഇന്ന് എന്നാലാകില്ല എബിന്‍''
""അതെന്താ ഇന്ന് കുഴപ്പം''
""എനിക്കിന്ന് തലവേദനയാണ്''
""മുടന്തന്‍ ന്യായം''. ശബ്ദം വളരെക്കുറവായിരുന്നു. പല വാക്കുകളും അവനു മനസിലാക്കുവാന്‍ കഴിഞ്ഞില്ല. വാഗ്വാദത്തിന്റേയും പിടിവലിയുടേയും ശബ്ദം അവന്‍ കേട്ടു. പുറത്ത് വരുന്ന ഓരോ ശബ്ദത്തിനും ആ എഴുത്തുകാരന്‍ ഓരോ വാക്കുകള്‍ നല്‍കി. ഈ ശബ്ദം അയാള്‍ അവളെ കിടക്കയിലേക്ക് തള്ളിയിട്ടതാകണം. ഇത് പാന്‍സ് അഴിക്കുന്ന ശബ്ദം. വലിയ താമസമില്ലാതെ ഉമ്മകളുടേയും ശീല്‍ക്കാരത്തിന്റേയും ഉലച്ചിലിന്റേയും ശബ്ദവീചികള്‍ ഫോണില്‍ കറങ്ങി. എഴുത്തുകാരന്‍ അതെല്ലാം ഇരുന്നെഴുതി. ഏതാനും നിമിഷങ്ങള്‍ കടന്നു പോയി. പെട്ടെന്ന് അവന്റെ പേരു വിളിക്കുമ്പോലെ ഒരു ശബ്ദം കേട്ടു
''ജോണ്‍ ജോണ്‍ ജോണ്‍ ജോണ്‍'' അവള്‍ പിറുപിറുക്കുന്നു പെട്ടെന്ന് ഒരടിയുടെ ശബ്ദം. വീണ്ടും ശീല്‍ക്കാരങ്ങള്‍ അതിനിടയില്‍ സംഭാഷണം
""ആരുടെ പേരാണ് നീ വിളിക്കുന്നത്''
""എന്റെ പുതിയ കാമുകന്റെ''
""അപ്പോള്‍ നീ എന്നെ ചീറ്റ് ചെയ്യുകയാണല്ലേ''
""അതെ അവനെന്ന് കരുതിയാണ് ഞാന്‍ നിങ്ങള്‍ക്ക് വഴങ്ങിത്തരുന്നത്''
""സൊ യു ആര്‍ എ ബിച്ച്?''
""യെസ് ഐ ആം എ ബിച്ച് ഡാഡി''. അടിയുടെ ശബ്ദം വീണ്ടും മുഴങ്ങി
""സ്ലാപ് മീ ഹാര്‍ഡര്‍.' അവളുടെ അനിയന്ത്രിതമായ ശബ്ദം. അടിയുടെ ഉയര്‍ന്ന ശബ്ദം
""അവന്‍ നിന്നെ തൊടാറുണ്ടോ?''
""ഉവ്വ് ഞാനവനേയും തൊടാറുണ്ട്''
""ദെന്‍ ഹൂ ഈസ് യുവര്‍ ഡാഡി''
""യു''
""ഹൂസ് സ്ലേവ് ആര്‍ യു''
""യുവര്‍സ്''
 അടി ശബ്ദം വീണ്ടും കേട്ടപ്പോള്‍ എഴുത്തുകാരന്‍ ഫോണ്‍ കട്ട് ചെയ്ത് കയ്യിലുണ്ടായിരുന്ന പേന വലിച്ചെറിഞ്ഞു. 
രണ്ടുദിവസം കഴിഞ്ഞ് ജോണിനെ അന്വേഷിച്ച് അവള്‍ വന്നു. അത്യതിസാധാരണമായ പ്രേമത്താല്‍ അവള്‍ അവനെ പരിഗണിച്ചു.
""എന്താണ് മുഖത്ത്  ഒരു കൈപ്പത്തി'' അവളറിയാതെ മുഖം തടവി
""ഭര്‍ത്താവുമായി ചെറിയൊരു വഴക്ക്' അവന്‍ ചിരിച്ചു, അവളത് കണ്ടില്ല.
""നിങ്ങളുടെ സെക്ഷ്വല്‍ ഫാന്റസിയിലേക്കായി കണ്ടെത്തിയ കഥാപാത്രമാണ് ഞാന്‍ അല്ലേ?' അവള്‍ ജോണിന്റെ വാ പൊത്തി. അതിന്മേല്‍ ഉമ്മ വച്ചു.
""ശ് അത് പറയരുത്'
""പറയരുതെന്നോ നിങ്ങളുടെ മുഴുവന്‍ സംഭാഷണവും ഞാന്‍ കേട്ടു'' അവളപ്പോള്‍ കരച്ചില്‍ തുടങ്ങി. എഴുത്തുകാരനു സഹതാപമൊന്നും തോന്നിയില്ല. പത്ത് മിനിറ്റോളം കരച്ചില്‍ നീണ്ടു നിന്നു. പതിയെ പതിയെ അത് നിശബ്ദതയിലേക്ക് തെളിഞ്ഞു. തെളിവെള്ളം പോലെ നിശബ്ദത ഊറി.
""എന്റെ അമ്മ സ്ത്രീ മുന്നേറ്റ കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു. ഫെമിനിസ്റ്റായിരുന്നു. ജനിച്ചതു മുതല്‍ കേട്ട് തുടങ്ങിയതാണ് ഫെമിനിസം എന്ന വാക്ക്. ഞാന്‍ വളര്‍ന്നതും അവര്‍ക്കൊപ്പമാണ്. സ്ത്രീ പുരുഷ തുല്യതയില്‍ വിശ്വസിച്ചിരുന്നവരായിരുന്നു ചുറ്റും. സ്വയം ഫെമിനിസ്റ്റ് എന്ന് വിളിച്ച് അഭിമാനിച്ച കുട്ടിക്കാലം. എന്നാല്‍ യൗവനത്തിലെത്തിയതോടെ എന്നെ ഉണര്‍ത്തിയത് കാമുകനെ അനുസരിക്കുക എന്ന പ്രവൃത്തിയാണ്. അതിലാണെനിക്ക് സന്തോഷവും കാമവും കണ്ടെത്താന്‍ കഴിഞ്ഞത്. ആദ്യകാലത്ത് വിവാഹത്തിലുണ്ടായ അകല്‍ച്ചക്ക് ശേഷം ഞങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയതും അത് തന്നെ. അതൊരിക്കലും അടിമത്തമായിരുന്നില്ല. ഭര്‍ത്താവ് കയറി വരുവാന്‍ പറയുന്നു ഞാന്‍ അനുസരിക്കുന്നു. അത്തരത്തിലൊരു സെക്ഷ്വല്‍ ഫാന്റസി BDSM ദാമ്പത്യത്തിനു പുതിയൊരു ഉണര്‍വ് നല്‍കി. അതുവഴി ഞങ്ങള്‍ പരസ്പരം അടുത്തു. ഡൈവോഴ്സിന്റെ സാധ്യത ഇല്ലാതായി. അതില്‍പ്പിന്നെ ഈ ഫാന്റസിയുമായി ബന്ധപ്പെട്ട് ചില നിയമങ്ങള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു. അയാളെ എല്ലായ്പ്പോഴും ഡാഡിയെന്ന് അഭിസംബോധന ചെയ്യണം എന്നായിരുന്നു ഒന്ന്. ആദ്യമാദ്യം അശ്ലീലമായി അത് തോന്നിയിരുന്നുവെങ്കിലും പിന്നീട് ഞാനാവിളി ആസ്വദിച്ചു തുടങ്ങി. എല്ലാ ദിവസവും ഞാന്‍ ഷേവ് ചെയ്യണമായിരുന്നു. രാവിലെ എഴുന്നെറ്റയുടന്‍ അയാളുടെ ലൈംഗികാവയവത്തെ ചുണ്ടാല്‍ സ്പര്‍ശിക്കണമായിരുന്നു. മറ്റെല്ലാം എന്റെ തിരഞ്ഞെടുപ്പുകളായിരുന്നു. ഡൊമിനേറ്റ് ചെയ്യുന്ന ജോലികള്‍ ഭര്‍ത്താവാണ് എടുത്തിരുന്നത്. പുറത്ത് നിന്ന് നോക്കുന്ന ഒരാള്‍ക്ക് പഴഞ്ചന്‍ എന്ന് പറഞ്ഞ് പരിഹസിക്കുവാന്‍ ഇത് ധാരാളമാണ് എന്നാല്‍ എന്റെ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. എന്റെ ജീവിതം മുഴുക്കെ ഞാന്‍ ശക്തയും സ്വതന്ത്രയുമായിരുന്നു. അതുവരേയും എല്ലാം നിയന്ത്രണത്തില്‍ വച്ചിരുന്ന ഒരാള്‍ കുറച്ചു സമയത്തേക്ക് ചുമതല മറ്റൊരാളില്‍ ഏല്‍പ്പിക്കുന്നതിന്റെ ഒരു സുഖം പറഞ്ഞാല്‍ മനസിലാക്കാന്‍ സാധിക്കില്ല. പ്രഷര്‍ വാല്‍വ് ഊരി വിടുന്നത് പോലെ ഒരാശ്വാസം. ഒരു ഫെമിനിസ്റ്റ് അവരുടെ ഇഷ്ടവും സ്വന്തം ആവശ്യപ്രകാരമാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഈ വിധേയത്വം എന്നെ സംബന്ധിച്ച് കൃത്യമായിരുന്നു. എന്റെ സ്വത്വം വിളിച്ചു പറയുന്ന ഒന്ന്. എന്റെ സ്ത്രീത്വം ആഗ്രഹിക്കുന്ന ഒന്ന്. അതെന്റെ ജീനിലുണ്ടായിരുന്നു. അതിനെ നിഷേധിക്കുവാനെനിക്ക് കഴിഞ്ഞില്ല. അതിനിടയിലാണ് നിങ്ങളോടുള്ള പ്രേമം കയറി വന്നത്. അത് ആത്മാര്‍ഥവുമായിരുന്നു. പക്ഷെ ഇതെല്ലാം അറിഞ്ഞാല്‍ നീയെന്നെ വെറുക്കുമെന്ന് ഞാന്‍ ഭയന്നു. ഒടുവിലത് സംഭവിക്കുവാന്‍ പോകുന്നു''

""ദിവസവും ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുന്ന നിങ്ങള്‍ എനിക്ക് മേല്‍ സ്വാര്‍ത്ഥ ആകുന്നതിലെ മന:ശാസ്ത്രം എനിക്ക് മനസിലാകുന്നില്ല''.
""കാരണം ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു ജോണ്‍. എന്റെ ഭര്‍ത്താവോ നിങ്ങളോ കരുതും പോലെ ഒരു റോള്‍ പ്ലേ അല്ല എനിക്കിത്. നിങ്ങളെ ഞാന്‍ ആത്മാര്‍ത്ഥമായി പ്രേമിക്കുന്നു. ഒരുമിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. ഫെമിനിസ്റ്റും വിധേയയുമായ ഒരു സ്ത്രീയാണ് ഞാന്‍. എന്നെ വിശ്വസിക്കൂ''
അവന്‍ പതിയെ അവളുടെ കൈകളില്‍ കനിവോടെ സ്പര്‍ശ്ശിച്ചപ്പോള്‍ അവര്‍ക്കിടയില്‍ നിലനിന്നിരുന്ന കനം പറന്നു പോയി.
""ഇവയെല്ലാം തന്നെ കുമ്പസാരം അടിസ്ഥാനപ്പെടുത്തി മേരി വരച്ച ചിത്രങ്ങളാണ്.''
""ഈ കുമ്പസാരങ്ങള്‍ ദ്വീപിലെത്തന്നെ മനുഷ്യരുടേതാണോ?''
""കുമ്പസാര രഹസ്യം പുറത്ത് പറയുന്നത് പാപമാണ് സോളമന്‍ കേട്ടിട്ടില്ലേ?''
""ആറാമത്തെ ചിത്രം എന്താണ്?''
""ഓ അതിനെപ്പറ്റി പറയുവാന്‍ മറന്നു പോയി. ഇത് മറ്റുള്ളവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. കുരിശുമരണങ്ങളെപ്പറ്റി ഒരു സീരീസ് തുടങ്ങുവാനുള്ള പ്ലാനുണ്ടായിരുന്നു ഞങ്ങള്‍ക്ക് പക്ഷെ ഈയൊരു ചിത്രം മാത്രമേ വരയ്ക്കുവാന്‍ സാധിച്ചുള്ളൂ.''
""കുരിശില്‍ കിടക്കുന്നത് സ്ത്രീയാണോ''
""അതെ. ആദ്യത്തേത് പതിനഞ്ചാം നൂറ്റാണ്ടില്‍ നേതൃത്വം ഇല്ലാതെ വലഞ്ഞ ഫ്രഞ്ച് സേനക്ക് വഴിവെളിച്ചമായി മാറിയ വനിത ജോന്‍ ഓഫ് ആര്‍ക്ക് ആണത്.''

photo_2021-04-30_16-11-25.jpg

""അവരും കുരിശുമരണങ്ങളും തമ്മിലുള്ള ബന്ധം എന്താണ്?''
""ആര്‍ക്കിനെ ദുര്‍മന്ത്രവാദിനിയെന്ന് മുദ്രകുത്തി വിചാരണ നടത്തി ക്രൂശിച്ച് ചുട്ടുകൊന്നതാണ്. പുരുഷന്റെ പടച്ചട്ട ധരിച്ചാണ് അവര്‍ പട്ടാളക്കാര്‍ക്ക് വഴികാട്ടിയായത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ നൂറു വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധം നടന്നു. 1420കളില്‍ യുദ്ധക്കരാര്‍ ലംഘിച്ച് ഫ്രാന്‍സിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകള്‍ ഇംഗ്ലണ്ട് പിടിച്ചടക്കി. ഇത് ഫ്രാന്‍സ് ഭരണകൂടത്തെ അതിസമ്മര്‍ദ്ദത്തിലാഴ്ത്തി. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ജോന്‍ ചെറുപ്പത്തിലേ വെളിപാടുകള്‍ കിട്ടിയതായി അവകാശപ്പെട്ടിരുന്നു.

ക്രിസ്തുമതത്തിനായി രക്തസാക്ഷിയായ വിശുദ്ധ കാതറീന്‍, മാര്‍ഗരറ്റ് എന്നിവരുടെ അരുളപ്പാടും ദര്‍ശനവും തനിക്ക് ലഭിച്ചതായും ഇംഗ്ലീഷുകാരെ തുരത്തുവാന്‍ അവര്‍ ആഹ്വാനം ചെയ്തതായും ജോന്‍ അറിയിച്ചു. എന്നാല്‍ ഈ ആവശ്യത്തെ പട്ടാള ഉദ്യോഗസ്ഥരും രാജാവും പരിവാരങ്ങളും പരിഹസിച്ചുവിട്ടു. എന്നിട്ടും ജോന്‍ ഉദ്യമത്തില്‍ നിന്നും പിന്മാറിയില്ല. യുദ്ധത്തെക്കുറിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമറിയാവുന്ന രഹസ്യങ്ങള്‍ പലതും ജോന്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവചനത്താല്‍ പ്രചരിപ്പിച്ചു. ഈയൊരു അപ്രതീക്ഷിത നീക്കം രാജാവുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കി. മുഖാമുഖസംഭാഷണത്തില്‍ ജോന്‍ വളരെ സുപ്രധാനമായ ഒരു വിവരം രാജാവിനു കൈമാറി. യുദ്ധഭൂമിയില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ജോന്‍ അറിയുന്നതിലെ നിഗൂഢത ചാള്‍സ് ഏഴാമനെ സംശയാലുവാക്കി. ജോനിനെക്കുറിച്ച് അന്വേഷിച്ചറിയുവാന്‍ ഒരു സംഘത്തെ അദ്ദേഹം ഏര്‍പ്പാടാക്കി. അതേസമയം ജോനിന്റെ ഇടപെടല്‍ ഫ്രഞ്ച് സേനക്ക് ഗുണം ചെയ്തേക്കുമെന്ന വീക്ഷണത്തില്‍ പടച്ചട്ടയണിയിച്ച് ജോനിനെ യുദ്ധമുഖത്തിലെക്കയച്ചു. ഓര്‍ലിയന്‍ നഗരത്തിന് വേണ്ടിയായിരുന്നു അപ്പോള്‍ പോരാട്ടം. ആദ്യമാദ്യം ജോനിന്റെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച പലരും അവരുടെ തന്ത്രപരമായ തീരുമാനങ്ങള്‍ വിജയത്തിലേക്കെത്തിക്കാന്‍ പ്രാപ്തിയുള്ളവയാണെന്ന് അംഗീകരിച്ചു. ജോന്‍ ഒരു സംഘം സൈനികര്‍ക്കൊപ്പം യോദ്ധാവിന്റെ വേഷത്തില്‍ പടപൊരുതിയതും മുറിവേറ്റിട്ടും യുദ്ധം തുടര്‍ന്നതും യോദ്ധാക്കള്‍ക്ക് വീറും വാശിയും നല്‍കി. വൈകാതെ ഇംഗ്ലണ്ട് സേനയെ ആ നഗരത്തില്‍ നിന്നും തുരത്താന്‍ ഫ്രഞ്ച് സേനക്കായി. എന്നാല്‍ മുറിവേറ്റ ജോനിനെ ഇംഗ്ലണ്ട് ചാരന്മാര്‍ ചതിയിലൂടെ കീഴ്പ്പെടുത്തി. ജോനിനു ലഭിച്ച ജനപിന്തുണ ഇംഗ്ലണ്ട് രാജാവിനെ പ്രകോപിപ്പിച്ചതോടെ അവരെ വിചാരണ ചെയ്ത് ദുര്‍മന്ത്രവാദിനിയായി മുദ്രകുത്തി കടുത്തപീഡനങ്ങള്‍ക്ക് വിധേയയാക്കുന്നതിനായി ഉത്തരവിട്ടു. 

1431ല്‍ മന്ത്രവാദിനിയായ ജോനിനെ രണ്ടുവട്ടം കത്തിച്ച് ചാമ്പലാക്കി ചാരം നദിയില്‍ ഒഴുക്കി. യാതൊരു വിധത്തിലും കൂടിച്ചേരാതിരിക്കുന്നതിനാണ് എല്ലുകള്‍ പോലും കത്തിച്ച് ചാരമാക്കിയത്. എന്നാല്‍ 1920കളില്‍ പഴയവിധി പുന:പരിശോധിക്കുകയും ജോനിനെ വിശുദ്ധയായി കത്തോലിക്കാ സഭ പ്രഖ്യാപിക്കുകയും ചെയ്തു.''
""ചിത്രത്തിലെ അടുത്ത സ്ത്രീ ആരാണ് ?''
""1447 സ്വിറ്റ്സര്‍ലന്റിലെ വില്ലിസില്‍ നടന്നത്. അതിനടുത്തത് 1631 ലെ ബാം ബര്‍ഗ് പിന്നെ 1848ല്‍ ഇംഗ്ലണ്ടില്‍ നടന്ന മറ്റൊന്ന്. അവസാനത്തേത് സിസിലി എന്ന സ്ത്രീയാണ്.''
""പലരും വരച്ച ചിത്രങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മേരി ഈ ചിത്രം പൂര്‍ത്തിയാക്കിയത് എന്നാല്‍ സിസിലിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു.''
""അതെന്താ?''
""സോളമന്‍ വരൂ മുറിയിലേക്ക് പോകാം.'' അച്ചന്‍ കപ്യാരോട് പള്ളി പൂട്ടിക്കോളാന്‍ അനുവാദം നല്‍കി.

ചെറുതായിരുന്നുവെങ്കിലും അടുക്കും ചിട്ടയും വൃത്തിയുമുള്ളതായിരുന്നു അച്ചന്റെ മുറി. നിറമുള്ള കുപ്പികളുടെ ഒരു അലങ്കാര വസ്തു സോളമനെ ആകര്‍ഷിച്ചു. കരിമ്പച്ച മഞ്ഞ നിറമുള്ള മണ്ണ് കോരി നിറച്ച ചെറിയ കൂടുകളില്‍ ചെറുചെടികള്‍ വളരുന്നുണ്ടായിരുന്നു. മുറിയില്‍ തന്നെയുണ്ടായിരുന്ന കെറ്റിലില്‍ വെള്ളം തിളപ്പിച്ച് ചായയിട്ട അച്ചന്‍ ഒരു കവിള്‍ കുടിച്ച് അടുത്ത കഥയിലേക്ക് യാത്രയായി.
""സിസിലിയുടെ ചിത്രം മേരി എവിടേയും കണ്ടിട്ടില്ല. സിസിലിയുടെ ചരിത്രം അറിയുന്നവര്‍ തന്നെ വളരെ വിരളമാണ്. ചിത്രകലാപഠനവുമായി ബന്ധപ്പെട്ടാണ് മേരിയെ ഞാന്‍ പരിചയപ്പെടുന്നത്. ആ സമയത്തും ആര്‍ട്ട് ഓഫ് വിച്ച് ഹണ്ട് എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഒരു പേപ്പര്‍ പ്രസന്റേഷനുമായി ബന്ധപ്പെട്ടാണ് മേരി എന്നെ വന്ന് കാണുന്നത്. തുരുത്തിലെ പള്ളിയില്‍ സിസിലിയുടെ ചരിത്രത്തെക്കുറിച്ചുള്ള രേഖകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് അവളെ ആരോ പറഞ്ഞു ധരിപ്പിച്ചിരുന്നത്. അത് പരിശോധിക്കുവാന്‍ കൂടിയായിരുന്നു മേരിയുടെ ആദ്യതുരുത്ത് സന്ദര്‍ശനം.''
""മന്ത്രവാദിനികളോ ഹഹ''
""നിങ്ങള്‍ കരുതും പോലെ നിസാരമായി ചിരിച്ചു തള്ളേണ്ട ഒന്നല്ല. ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. പതിനാലാം നൂറ്റാണ്ടിലാണ് മന്ത്രവാദിനികളെ ചുട്ടെരിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. അതിന്റെ പ്രധാനകാരണം ക്രൈസ്തവ സഭ ലോകമെമ്പാടും ശക്തിയാര്‍ജ്ജിച്ചതായിരുന്നു. കറുത്ത കുര്‍ബാനകളുമായി ബന്ധപ്പെട്ട മന്ത്രവാദിനികളുടെ ചരിത്രം ക്രൈസ്തവസമൂഹത്തെ ഭീതിയിലാഴ്ത്തി. സാത്താന്റെ മണവാട്ടിമാരായാണ് അവര്‍ മന്ത്രവാദിനികളെ കണക്കാക്കിയിരുന്നത്. കത്തോലിക്കാ പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ഉപയോഗിക്കുന്ന തിരുവോസ്തി മോഷ്ടിച്ച് സാത്താനാരാധനക്ക് മറിച്ചു നല്‍കുന്ന ഇവര്‍ ഭൂമിയില്‍ നാശം വിതക്കുമെന്ന് പ്രവചനമുണ്ടായി. പതിനാലാം നൂറ്റാണ്ടു മുതല്‍ പതിനെട്ടു വരെയുള്ള കാലഘട്ടത്തില്‍ പള്ളി കൊന്നു കൂട്ടിയ മന്ത്രവാദിനികള്‍ അഞ്ചുലക്ഷത്തോളമായിരുന്നു. ആദത്തിനെ പാപത്തിലേക്ക് പ്രേരിപ്പിച്ചത് സ്ത്രീയാണെന്ന വാദം ആ ലിംഗത്തോട് ഒരുതരം അവജ്ഞ വളര്‍ത്താന്‍ കാരണമായി. അടിമ എന്ന നിലയില്‍ സ്ത്രീയെ കണ്ടിരുന്ന പല സംസ്‌കാരങ്ങളുമുണ്ട്. ഈ സ്ത്രീ വിരുദ്ധതയും മന്ത്രവാദിനി വേട്ടക്ക് ചുക്കാന്‍ പിടിച്ചു. ഇതിനുണ്ടായിരുന്ന മറ്റൊരുമാനം ക്രൈസ്തവസഭക്ക് മറ്റ് മതങ്ങളോടുണ്ടായിരുന്ന വെറുപ്പായിരുന്നു. അധികാരവും ആയുധശക്തിയുമുപയോഗിച്ച് പല മതത്തേയും അവര്‍ ഭൂമിയില്‍ നിന്നേ തുടച്ചു നീക്കി. അതിനുപയോഗിച്ച ഒരായുധമായിരുന്നു ഈ മന്ത്രവാദിനി വേട്ടയെന്നും പറയപ്പെടുന്നുണ്ട്. മന്ത്രവാദിനിക്ക് മറ്റൊരു അര്‍ത്ഥം കൂടെ വ്യാഖ്യാനിക്കാവുന്നതാണ്. സ്വതന്ത്ര സ്ത്രീ. ഇവര്‍ പണ്ടുകാലത്തും സ്വാതന്ത്ര്യത്തിനും സമത്വത്തിനും പോരാടിയ സ്ത്രീകളായിരുന്നു. ഈ സ്ത്രീകളെ മതത്തിന്റെ കഥയുടെ പേര് പറഞ്ഞ് ദുര്‍മന്ത്രവാദിനികളാക്കി ജീവനോടെ ദഹിപ്പിച്ച് സ്ത്രീ സമൂഹത്തെ ഭീതിയിലാഴ്ത്തി നിയന്ത്രണത്തിലാക്കുകയാണ് ക്രൈസ്തവസമൂഹം യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഇതേ രീതിയില്‍ പല മതങ്ങളേയും അവര്‍ തച്ചുടച്ചു. ശേഷിക്കുന്നവരെ പരിവര്‍ത്തനം നടത്തി സ്വന്തക്കാരാക്കുകയും ചെയ്തു. സൈന്റ് അഗസ്റ്റിന്‍ മതവിശ്വാസികളോട് ഉദ്ഘോഷിച്ച വരികള്‍ കേട്ടിട്ടുണ്ടോ?
Pagans Jews and heretics would burn forever
In the eternal fire with the devil unless saved by the catholic church

പല സംസ്‌ക്കാരങ്ങളും മനുഷ്യരും ഭൂമിയില്‍ നിന്നും അപ്രത്യക്ഷരാകുവാന്‍ കാരണമായ വരികളാണിവ. ഇനിയൊരു കാരണം കൂടിയുണ്ട് അത് സാമ്പത്തികമാണ്. വൃദ്ധകളായ പ്രഭ്വികളെ ദുര്‍മന്ത്രവാദികളെന്ന് ചാപ്പകുത്തി ദഹിപ്പിക്കുന്നതോടെ അവരുടെ എല്ലാ സ്വത്തും സഭയ്ക്കും സമ്പ്രദായം നടപ്പിലാക്കിയ ഉദ്യോഗസ്ഥര്‍ക്കും വന്നുചേരും. നിരപരാധികളായ ഒട്ടനവധി സ്ത്രീകള്‍ ഇത്തരത്തില്‍ കത്തിച്ചാമ്പലായി. മറ്റുചിലര്‍ പുരുഷാധിപത്യം ശരിവെച്ച് തലകുനിച്ചു. സഭയും രാജാക്കന്മാരും മന്ത്രവാദിനിവേട്ടക്കായി ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. സൂചികൊണ്ട് കുത്തി വിരലില്‍ രക്തം വരുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയായിരുന്നു ഈ ഉദ്യോഗസ്ഥര്‍ ആളുകളെ മനുഷ്യനാണോ മന്ത്രവാദിനിയാണോ എന്ന് തീരുമാനിച്ചിരുന്നത്. മന്ത്രവാദം ആരോപിക്കപ്പെട്ട സ്ത്രീയെ മൂന്നുദിവസം ഉറങ്ങുവാന്‍ സമ്മതിക്കാതെ തുടര്‍ച്ചയായി ചോദ്യം ചെയ്യും. മറ്റ് വഴികളില്ലാതെ പ്രതികള്‍ കുറ്റസമ്മതം നടത്തും. അതോടെ ക്രൂശിത മരണമാണ്. അല്ലെങ്കില്‍ ജീവനോടെ ദഹിപ്പിക്കും. ഇന്നത്തെ ഭരണകൂടം തന്റെ വിപ്ലവകാരികളേയും ആക്ടിവിസ്റ്റുകളേയും ഇല്ലാതാക്കുന്ന രീതി ഇതിനോട് ഏറെ സാദൃശ്യമുണ്ടായിരുന്നതിനാല്‍ മേരിയുടെ വാദങ്ങള്‍ വിചിത്രമായിരുന്നു. അന്നത്തെ മന്ത്രവാദിനികളും ഇന്നത്തെ ഫെമിനിസ്റ്റുകളും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു എന്നാണ് അവളുടെ തിയറി പറഞ്ഞു വക്കുന്നത്. എനിക്കതിനോട് ഒരു താല്‍പ്പര്യവുമില്ലായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിച്ച് ഹണ്ടുകള്‍ എന്നതായിരുന്നു മേരി തിരഞ്ഞെടുത്ത വിഷയം. രാഷ്ട്രീയവും സാമൂഹികവുമായി വിച്ച് ഹണ്ടിനെ സമീപിച്ചാല്‍ മാത്രമെ അന്ന് ഇതില്‍ ഒളിഞ്ഞു കിടന്നിരുന്ന ക്രൂരത തിരിച്ചറിയുവാനാകുകയുള്ളൂ. രാജദ്രോഹിയെന്നോ മാവോയിസ്റ്റെന്നോ മുദ്രകുത്തി രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ തിരോധാനങ്ങള്‍ ആധുനികലോകത്തിലെ വിച്ച്ഹണ്ടുകളായി നാം കണക്കാക്കേണ്ടി വരും. അവയുടെ സാമൂഹികചുറ്റുപാടുകള്‍ പരിഗണിച്ച് പൊതുവായ ഘടകങ്ങളുടെ താരതമ്യപഠനങ്ങളായിരുന്നു മേരിയുടെ ശ്രമം. എന്നാല്‍ അവരെ ഈ വിഷയത്തിലേക്ക് എത്തിച്ചത് ഇവയൊന്നുമല്ല''
""പിന്നെ?''
""കേരള ചരിത്രത്തില്‍ ആദ്യമായി നടന്ന വിച്ച് ഹണ്ടിനെക്കുറിച്ച് അറിയുമോ?''
""ഇല്ല''

photo_2021-04-30_16-11-26 (2).jpg

""പോര്‍ച്ചുഗീസുകാര്‍ വരുന്നതിനു മുന്‍പ് നാഥനില്ലാ കളരിയായിരുന്നു കേരളത്തിലെ ക്രിസ്തുമതം. പലതരം ആചാരങ്ങള്‍ പിന്തുടരുന്ന ക്രിസ്ത്യാനികള്‍ നിലനിന്നിരുന്ന നാടായിരുന്നു കേരളം. ഇവരെയെല്ലാം ഒരൊറ്റക്കുടക്കീഴില്‍ കൊണ്ടുവന്നത് പോര്‍ച്ചുഗീസുകാരാണ്. അതിനായി മിഷണറിമാരേയും മെത്രാന്മാരേയും അവര്‍ കപ്പലുകയറ്റി കൊണ്ടുവന്നു. രാജാക്കന്മാരില്‍ നിന്നും നാടുവാഴികളില്‍ നിന്നും അത്ര വലിയ പരിഗണനകള്‍ ലഭിക്കാതിരുന്ന ക്രൈസ്തവ സമൂഹത്തിനു പോര്‍ച്ചുഗീസ് ആഗമനം പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി. പോര്‍ച്ചുഗീസ് രാജാവിനു കീഴിലുള്ള ഭരണമാണ് അഭിവൃദ്ധിക്കുള്ള പുതിയ വഴിയായി അവര്‍ കണക്കാക്കിയത്. റോമും മാര്‍പ്പാപ്പയും പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു ആ കാലഘട്ടത്തില്‍. ക്രിസ്തുമതത്തെ നയിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വന്ന മതപുരോഹിതര്‍ക്ക് കേരളത്തിലെ ആചാരങ്ങള്‍ ഒന്നും പിടികിട്ടിയില്ല. ഇത്തരത്തില്‍ പലതട്ടുകളില്‍ കിടക്കുന്നതിനാലാണ് കേരളത്തില്‍ സഭക്ക് വേരോട്ടമില്ലാത്തതെന്ന് അവര്‍ വിധിയെഴുതി. പ്രശ്നപരിഹാരമായി എല്ലാ ക്രൈസ്തവരും ഒരേ ആചാരങ്ങള്‍ പിന്തുടരുവാന്‍ ആഹ്വാനമുണ്ടായി. കേരളത്തില്‍ ഇത് നടപ്പില്‍ വരുത്താന്‍ പ്രത്യേകം മെത്രാന്മാരേയും പുരോഹിതരേയും വത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തു. എന്നാല്‍ ഇതിനെതിരെ പ്രതിരോധിച്ചത് വൈദ്യം പഠിച്ച സിസിലിയെന്ന സ്ത്രീ മാത്രമായിരുന്നു. പുതിയ പരിഷ്‌ക്കാരങ്ങളെ എതിര്‍ത്ത് കൊണ്ട് അവര്‍ നിലനിന്നപ്പോള്‍ ഏതാനും കുടുംബക്കാരും അവരുടെ നിഴല്‍പറ്റി പഴയ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്ന് നിലകൊണ്ടു. ക്രൈസ്തവസഭ കണ്ട ഒരേയൊരു പോംവഴി സിസിലിയെ ദുര്‍മന്ത്രവാദിനിയായി ചിത്രീകരിച്ച് ജീവനോടെ കത്തിച്ച് ആളുകളില്‍ ഭീതിയുളവാക്കുക എന്ന തന്ത്രമായിരുന്നു. അതവര്‍ നടപ്പില്‍ വരുത്തുകയും ചെയ്തു. ഈ സിസിലിയുടെ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു മേരി.''

​​​(തുടരും)

അരുണ്‍ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടല്‍ത്തീരങ്ങള്‍ etc  എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Audio