ഭൂസമരങ്ങളുടെ ഭാവി
അരുൺ ടി. വിജയൻ
വരാനിരിക്കുന്നു,
ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾ
ആദിവാസികളുടെയും ദലിതരുടെയും മത്സ്യത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും ഭൂമിക്കുവേണ്ടിയുള്ള അവകാശ സമരങ്ങളുടെ ഭാവിയെക്കുറിച്ച് അന്വേഷണം

ഭൂമിക്കുവേണ്ടി ഇനിയൊരു പ്രക്ഷോഭം ജനങ്ങളും സര്‍ക്കാറും ആഗ്രഹിക്കുന്നില്ല എന്ന് ഹൈകോടതി അഭിപ്രായപ്പെട്ടത് ഈയിടെയാണ്. ‘ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള മുന്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ആവശ്യത്തിന് ഭൂമി ലഭ്യമല്ല എന്നതിന്റെ പേരില്‍ ഉറപ്പ് ലംഘിക്കുന്നത് വരാനിരിക്കുന്ന വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടാക്കും'- ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഒരു മുന്നറിയിപ്പിന്റെ സ്വരത്തിലാണിത് പറഞ്ഞത്.
ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട് തയാറാക്കിയ പാക്കേജ് നടപ്പാക്കാത്തതിനെതിരായ ഹര്‍ജികളില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലായിരുന്നു ഈ പരാമര്‍ശം.
സര്‍ക്കാര്‍ ഉറപ്പും കാത്ത് മൂവായിരത്തിലേറെ പേര്
പത്തനംതിട്ടയിലെ ചെങ്ങറയില്‍ ഭൂരഹിത കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരമാരംഭിച്ചിട്ട് 2022 ആഗസ്റ്റ് നാലിന് 15 വര്‍ഷമാകുന്നു. 598 കുടുംബങ്ങളിലായി മൂവായിരത്തിലേറെ പേരാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയ ചെങ്ങറ പാക്കേജും പ്രതീക്ഷിച്ച് ഇവിടെ കുടില്‍ കെട്ടി താമസിക്കുന്നത്. മലയാലപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പെടുന്ന കുമ്പഴ എസ്റ്റേറ്റിലാണ് ചെങ്ങറ സമരഭൂമി. ഹാരിസണ്‍സ് മലയാളം കമ്പനിയുടെ പേരിലുള്ള ഭൂമിയാണിത്. എന്നാല്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമികളിലൊന്നാണ് ഇതെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ ഇവിടെ തന്നെ കുടിലുകള്‍ കെട്ടിയത്.

2007 ആഗസ്റ്റ് നാലിന് ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ സാധുജന വിമോചന സംയുക്തവേദി 300 കുടുംബങ്ങളുമായി ആരംഭിച്ച സമരത്തില്‍ രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഏഴായിരം കുടുംബങ്ങളായി. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രത്യേകിച്ച് അന്നത്തെ സര്‍ക്കാരിന് നേതൃത്വം കൊടുത്തിരുന്ന സി.പി.എം പ്രവര്‍ത്തകരും സമരക്കാരും തമ്മില്‍ ആദ്യകാലം മുതല്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങളാണ് നടന്നിരുന്നത്. സമരക്കാര്‍ക്ക് ഭൂമിക്കുപുറത്ത് പോകാനാകാത്ത വിധം ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. സമരഭൂമിയിലേക്ക് അരിയും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ വരെ ആക്രമണം നേരിടുന്ന അവസ്ഥയുമുണ്ടായി.
ഹാരിസണ്‍ മലയാളം ഹൈക്കോടതിയില്‍ നിന്ന് നേടിയെടുത്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമരപ്രവര്‍ത്തകരെ തോട്ടംഭൂമിയില്നിന്ന് ഒഴിപ്പിക്കാന്‍ 2008 മാര്‍ച്ചില്‍ വന്‍ പൊലീസ് സന്നാഹം സമരഭൂമിയിലെത്തി. ഒരു കയ്യില്‍ മണ്ണെണ്ണ പാത്രങ്ങളും മറ്റേ കയ്യില്‍ തീപ്പെട്ടിയുമായി സ്ത്രീകളും കുട്ടികളും നിലയുറപ്പിച്ചപ്പോള്‍ പുരുഷന്മാര് കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറായി നിന്നാണ് പൊലീസിനെ പ്രതിരോധിച്ചത്. ഇത് വലിയ തോതില്‍ വാര്‍ത്തയായതോടെ സര്‍ക്കാരിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ പ്രകാരം ചെങ്ങറയില്‍ സമരം ചെയ്യുന്ന 1738 കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തുകയും കേരളത്തിലെ പത്ത് ജില്ലകളിലായി 831 ഏക്കര്‍ ഭൂമി ഇവര്‍ക്കായി കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

ലംഘിക്കപ്പെട്ട ഉറപ്പുകള്‍
27 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയും വീടുപണിയുന്നതിന് 1.25 ലക്ഷം രൂപയും ഭൂരഹിതരായ 832 പട്ടികജാതി കുടുംബങ്ങള്‍ക്ക് അരയേക്കര്‍ ഭൂമിയും ഒരു ലക്ഷം രൂപയും അഞ്ച് സെൻറില്‍ താഴെ ഭൂമിയുള്ള 573 കുടുംബങ്ങള്‍ക്ക് പത്ത് മുതല്‍ 25 സെൻറ് വരെ ഭൂമിയും 75,000 രൂപയും മരിച്ച 12 പേര്‍ക്ക് സഹായവും സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നുമുള്ള വ്യവസ്ഥയിലാണ് സമരം ഭാഗികമായി പിന്‍വലിച്ചത്. എന്നാല്‍, ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതില്‍ ഗുരുതര അനാസ്ഥയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായത്. പട്ടയം ലഭിച്ചെങ്കിലും വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് ഭൂമി ലഭിച്ചത്. ലഭിച്ചതാകട്ടെ മൂന്നാറിലെ ചില മൊട്ടക്കുന്നുകളും കാസർകോട്ടെ തരിശുനിലങ്ങളും കണ്ണൂരിലെ പെരിങ്ങോത്ത് പാറ പ്രദേശവുമൊക്കെയായിരുന്നു. പട്ടയം കിട്ടിയെങ്കിലും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായ സമരക്കാര്‍ വീണ്ടും സംഘടിച്ചു. കൊല്ലം ജില്ലയിലെ അരിപ്പയിലും സെക്രട്ടേറിയറ്റിനു മുന്നിലുമായി അവര്‍ സമരം തുടര്‍ന്നു.
ഇതേതുടര്‍ന്നാണ് ഭൂസമരത്തില്‍ പങ്കെടുത്ത 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2010 ജനുവരി രണ്ടിന് ഉത്തരവിട്ടത്. ഇതിനായി തയ്യാറാക്കിയ ചെങ്ങറ പാക്കേജ് അനുസരിച്ച് 831 ഏക്കര്‍ ഭൂമി ഫ്ളോട്ടുകളായി തിരിച്ച് നല്‍കാനായിരുന്നു തീരുമാനിച്ചത്. തിരുവനന്തപുരത്ത് 225, കൊല്ലത്ത് 20, ഇടുക്കിയില്‍ 657, എറണാകുളത്ത് 30, പാലക്കാട്ട് 55, വയനാട്ടില്‍ 30, മലപ്പുറത്ത് 18, കണ്ണൂരില്‍ 100, കാസര്‍കോട്ട് 360 വീതം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായിരുന്നു പദ്ധതി.

എന്നാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് ഇതുവരെ പുനരധിവസിപ്പിച്ചത് 180 കുടുംബങ്ങളെ മാത്രമാണെന്ന് റവന്യൂ വിഭാഗം അടുത്തകാലത്ത് പുറത്തുവിട്ട രേഖകളില്‍ പറയുന്നു. അനുയോജ്യമായ ഭൂമി ലഭിക്കാത്തതാണ് പത്ത് വര്‍ഷത്തിലേറെയായിട്ടും ചെങ്ങറ പാക്കേജ് നടപ്പാക്കാത്തതിന് കാരണമായി റവന്യൂ വകുപ്പ് പറയുന്നത്. വീടുപണിയാനോ കൃഷിക്കോ ഉപയോഗിക്കാനാകാത്ത ഭൂമി ലഭിച്ചവര്‍ ചെങ്ങറ സമരപ്പന്തലിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങി.
കെ റെയിലിനുവേണ്ടി കല്ലിടല്‍ നടക്കുമ്പോള്‍ തന്നെയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാത്തതിന്റെ പേരില്‍ ഒരു കൂട്ടം മനുഷ്യര്‍ സമരം ചെയ്യുന്നതെന്ന് ഓര്‍ക്കണം.
വരാനിരിക്കുന്നത് ശക്തമായ ഭൂസമരങ്ങള്‍
ഭൂമിക്കുവേണ്ടിയുള്ള നിലവിളികള്‍ നിശബ്ദമാക്കപ്പെട്ട ചരിത്രമാണ് സമകാലിക കേരളത്തിന്റേത്. കേരളത്തില്‍ എണ്ണിയാലൊടുങ്ങാത്തവര്‍ ഭൂമിയില്ലാതെ ജീവിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ജാതിമത സംഘടനകളുടെയും ഒരു അയല്ക്കൂട്ടത്തിന്റെയോ പോലും പിന്‍ബലമില്ലാത്തവര്‍. ഭൂമിക്കുവേണ്ടി ഇനിയൊരു പ്രക്ഷോഭം ജനങ്ങളും സര്‍ക്കാറും ആഗ്രഹിക്കുന്നില്ല എന്ന ഹൈക്കോടതി പരാമര്‍ശം പരിശോധിക്കേണ്ടത് ഈയൊരു സാഹചര്യത്തിലാണ്.
ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പത്തെ വിധിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കോടതി നിരീക്ഷണമെന്ന് മുത്തങ്ങ സമരനായകന് എം. ഗീതാനന്ദന് പറയുന്നു. ഭൂമി കയ്യേറി ആളുകള്‍ സമരം ചെയ്യുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്നാണ് അന്ന് കോടതി പറഞ്ഞത്.

ഈ വാഗ്ദാനങ്ങള്‍ നിലനില്‍ക്കെ വലിയതോതില്‍ ഭൂമി ഏറ്റെടുത്തുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ എന്തര്‍ത്ഥത്തിലാണ് സംസാരിക്കുന്നതെന്നും അന്ന് കോടതി ചോദിച്ചിരുന്നു. ഇപ്പോഴും അത്തരം പരാമര്‍ശമുണ്ട്. എന്നാല്‍ ഈ മേഖലയിലുള്ളവരുടെയെല്ലാം അഭിപ്രായം ശക്തമായ സമരങ്ങള്‍ തന്നെ ഭൂമിക്കുവേണ്ടി ഇനിയും വേണ്ടിവരുമെന്നാണ്. എല്ലാവരും ഐക്യപ്പെട്ടാണ് ഇപ്പോള്‍ പോകുന്നത്. അതില്‍ ചെങ്ങറ സമരത്തിലുണ്ടായിരുന്ന ശ്രീരാമന് കൊയ്യോനെ പോലെയുള്ളവരും ഞങ്ങളുമൊക്കെ ശക്തമായ നീക്കം നടത്തുന്നുണ്ട്. ഭൂസമരങ്ങളില്‍ കോടതി ഇടപെടില്ലെന്നാണ് ഇപ്പോഴത്തെ നിരീക്ഷണത്തിന്റെ പൊരുള്‍. അത് സമരം ചെയ്യുന്നവര്‍ക്ക് അനുകൂലമായ നിലപാടാണെന്നും അദ്ദേഹം പറയുന്നു. സമരം എന്തായാലും ശക്തിപ്പെടും- ഗീതാനന്ദന് പറഞ്ഞു.
അടിസ്ഥാന വര്‍ഗത്തിനുവേണ്ടി സംസാരിക്കേണ്ടവരെല്ലാം പല ചേരികളില്‍
ഒരുപാടാളുകളാണ് തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഉള്‍പ്പെടെ ഭൂമിയില്ലാത്തതായി ഉള്ളതെന്നും അതിനാല്‍, ഭൂസമരങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും മൂന്നാര്‍ പൊമ്പിളൈ ഒരുമൈ നേതാവ് പി. ഗോമതി പറയുന്നു. ഭൂമിയില്ലാതെ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ അവരും സമരത്തിന് ഇറങ്ങുന്നില്ല. ആര്‍ക്കെങ്കിലും ഒറ്റയ്ക്ക് സമരം ചെയ്യാനാകുമോ? ആദിവാസികളായാലും ദലിതരായാലും മത്സ്യത്തൊഴിലാളികളായാലും തോട്ടം തൊഴിലാളികളായാലും സമരത്തിനിറങ്ങേണ്ടി വരും. ഇപ്പോള്‍ ഇവിടെ കുടിയൊഴിപ്പിക്കലല്ലേ പ്രധാനമായും നടക്കുന്നത്. കുടിയൊഴിപ്പിച്ച് വികസനം നടത്തുകയല്ലേ? പുനരധിവാസ പാക്കേജുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭൂമി കണ്ടെത്താനാകുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി പിടിച്ചെടുക്കുമ്പോള്‍ ഈ തടസ്സവാദങ്ങളൊന്നും പറഞ്ഞുകേള്‍ക്കാറില്ല. ഇനിയിപ്പോള്‍ ഭൂമിയില്ലാത്തവരുടെ മാത്രമല്ല, ഭൂമി നഷ്ടമായവരുടെ സമരങ്ങള്‍ കൂടിയാണ് വരാനിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ അതിനായി സമരങ്ങള്‍ നടക്കുന്നുണ്ട്.

തോട്ടം മേഖലയില്‍ ലൈന്‍ വീടുകള്‍ക്കായി ഈ സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ മാറ്റിവച്ചതായി കണ്ടു. എന്നാല്‍ ആ പത്ത് കോടി ആരുടെ കയ്യിലേക്കാണ്പോകാനിരിക്കുന്നത്. പഞ്ചായത്ത്- ബ്ലോക്ക് പ്രതിനിധികളുടെയും എം.എല്‍.എയുടെയും കൈകളില്‍ മാത്രമാകും ഈ തുക എത്തിച്ചേരുക. അല്ലെങ്കില്‍ കമ്പനി ഉടമകളിലെത്തും. ഈ പത്ത് കോടി എന്തുചെയ്തുവെന്ന് ജനങ്ങള്‍ക്കുമുന്നില്‍ നിന്ന് എന്തായാലും ഞങ്ങള്‍ ചോദിക്കും. അതിന് ഇവര്‍ മറുപടി പറയേണ്ടി വരും.
എല്ലാവര്ക്കും ഭൂമി ലഭിച്ചു, എല്ലാവര്ക്കും വേണ്ട എല്ലാം ഈ സര്‍ക്കാര്‍ ചെയ്തു കൊടുത്തു എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. ഭൂമിയില്ലാത്ത ഒരാളും കേരളത്തിലില്ലെന്നും എല്ലാവര്ക്കും ഭൂമിയുണ്ടെന്നുമാണ് ഇതിലൂടെ സ്ഥാപിക്കാന്‍ നോക്കുന്നത്. ലൈന്‍ വീടുകള്‍ കെട്ടിക്കൊടുക്കുന്നതുകൊണ്ടുമാത്രം ഭൂമിയുടെ ആവശ്യം ഇല്ലാതാകുന്നില്ല. പാവങ്ങളെ എങ്ങനെ അടിച്ചമര്‍ത്തണമെന്ന് ഈ സര്‍ക്കാരിന് നന്നായി അറിയാം. ദലിത്- മുസ്ലിം സംഘടനകള്‍ ഒന്നിച്ചുനിന്നാല്‍ വലിയൊരു ഭൂസമരം കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും അവരൊന്നിച്ച് നില്‍ക്കില്ലല്ലോ? നേതാക്കളെല്ലാം ഓരോ ധ്രുവങ്ങളിലല്ലേ? ഒരുപക്ഷെ ഭൂസമരങ്ങള്‍ക്ക് ശക്തമായ നേതൃത്വം ഇല്ലെന്നതാകാം, സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കുന്നത്. എതിര്‍ക്കുന്നവര്‍ക്കു നേരെ ഭീഷണിയും ഉണ്ടാകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികളും ക്രമക്കേടുകളും തെളിവുസഹിതം അറിയാവുന്ന പലരും അതില്‍ നിന്നൊക്കെ ഭീഷണി പേടിച്ച് പിന്മാറിയിരിക്കുകയാണ്. ഇത് നമ്മള് കാണുന്നുണ്ട്. ആ സാഹചര്യത്തില്‍ കേരളത്തില്‍ ഭൂസമരം നടത്താന്‍ ആളില്ലാത്ത അവസ്ഥയുണ്ടെന്നുമാകാം സര്‍ക്കാര്‍ കരുതുന്നത്.
ഭൂസമരങ്ങളെയൊക്കെ ഒതുക്കിയെന്നും ഇനിയും ഒതുക്കുമെന്നുമാകാം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആര് ഭൂസമരം നടത്തിയാലും ഒതുക്കുന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ശീലം. എന്നാല്‍ ഒരു സമരത്തിനും പരിഹാരമുണ്ടാകുന്നുമില്ല. പലപ്പോഴും സമരത്തെ അവഗണിച്ച് പരാജയപ്പെടുത്തുന്നതും നമ്മള് കാണാറുണ്ട്. അവഗണിക്കുമ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് സമരക്കാര്‍ മടങ്ങിപ്പോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കഴിഞ്ഞയാഴ്ച മൂന്നാറില്‍ സി.പി.ഐ ഒരു സമരം നടത്തി. പട്ടയം മാത്രം കൈവശമുള്ളവര്‍ക്ക് ഭൂമി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പലര്‍ക്കും പല വര്‍ഷങ്ങളായി ഭൂമി കാണിച്ചുകൊടുത്തിട്ടില്ല. ഇതൊക്കെ പാവപ്പെട്ട ജനങ്ങളെ പറ്റിക്കാനാണ്. നമ്മളൊക്കെ അവര്‍ക്ക് വെറും വോട്ടുബാങ്ക് മാത്രമാണ്. പാര്‍ട്ടി വളര്‍ത്താന്‍ മാത്രമാണ് ഇവരുടെ ശ്രമം. അടിസ്ഥാന വര്‍ഗത്തിനുവേണ്ടി സംസാരിക്കേണ്ടവരെല്ലാം പല ചേരികളിലായതിനാല്‍ നമുക്കുമാത്രം ആരുമില്ല- ഗോമതി പറയുന്നു.
തീരപ്രദേശങ്ങളില്‍ 24,000 ത്തോളം കുടുംബങ്ങള്‍ക്ക് വീടില്ല
ആദിവാസി വിഭാഗങ്ങള്‍ മാത്രമല്ല, കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റൊരു വിഭാഗമായ തീരദേശവാസികളും ഭൂമിക്കുവേണ്ടി പ്രക്ഷോഭത്തിലാണ്. തീരദേശ ഭൂസംരക്ഷണ വേദി ഒരു വര്‍ഷമായി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് നേതാവ് മാഗ്ലിന്‍ ഫിലോമിന യോഹന്നാന് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍, കോവിഡ് കാലത്ത് പോലും ഇരുന്നൂറിലേറെ ആളുകള്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശങ്ങളിലെ മുഴുവന്‍ എം.എല്‍.എമാരെയും പങ്കെടുപ്പിച്ച് 24 മണിക്കൂര്‍ ‘കടല്‍ കോടതി' സംഘടിപ്പിച്ചിരുന്നു. ഭൂമിക്കുവേണ്ടിയുള്ള തീരദേശവാസികളുടെ പോരാട്ടത്തിന്റെ തുടക്കമാണിത്. ഇപ്പോള്‍ ഞങ്ങള്‍ രാഷ്ട്രീയത്തിനതീതമായ വലിയൊരു കൂട്ടായ്മയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ മാസം 25ന് താനൂരില്‍ ഒരു പൊതുസമ്മേളനം നടത്തുന്നുണ്ട്. തീരദേശങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.

കടലിന്റെ ആവാസവ്യവസ്ഥയും തീരദേശത്തെ ജീവിതവുമായും ബന്ധപ്പെട്ട സമരങ്ങളായിരുന്നു ഇത്രയും കാലം കൂടുതലായുമുണ്ടായിരുന്നത്. അത് വിട്ട് കേരളത്തിലെ തീരദേശങ്ങളില്‍ ഇത്രയും കാലമില്ലാതിരുന്ന ഭൂമി എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വനാവകാശം പോലെ തീരദേശ ഭൂ അവകാശ നിയമം ഉണ്ടാകണമെന്ന ആവശ്യമുയര്‍ത്തുകയാണ് തങ്ങളെന്ന് മാഗ്ലിന്‍ ഫിലോമിന പറയുന്നു. അതിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നാംഘട്ട കോവിഡ് രൂക്ഷമായതുകൊണ്ട് വലിയൊരു ഇടവേളയുണ്ടായതിനാല്‍ ഞങ്ങള്‍ക്ക് അധികം മുന്നോട്ടുപോകാനായിട്ടില്ല. പക്ഷെ, ഞായറാഴ്ചകളില്‍ കൂടി അധികം ജോലിയെടുത്ത് അതിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
നാഷണല്‍ റൂറല്‍ ഡെവലപ്പ്മെൻറ് 2021ല്‍ നടത്തിയ പഠന പ്രകാരം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 24,000 ത്തോളം കുടുംബങ്ങള്‍ വീടില്ലാത്തവരായി ഉണ്ട്. ഭൂമിയില്ലാത്ത ആളുകളുടെ എണ്ണം ഇപ്പോഴും ഇത്രയേറെയുണ്ട്. മറ്റു ഭാഗങ്ങളിലേതുപോലെ അല്ല, തീരദേശത്ത് ഏഴുമുതല്‍ ഒമ്പത് വരെയൊക്കെയാണ് ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം. കടലാക്രമണവും മറ്റും മൂലം ഇപ്പോഴും ഗോഡൗണുകളിലൊക്കെയാണ് മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നത്. തിരുവനന്തപുരത്തൊക്കെ ഗോഡൗണാണ് എന്നെങ്കിലും പറയാം. കാസര്‍കോട്ടൊക്കെ കടല്‍ കയറി വീടു നഷ്ടപ്പെട്ടവര്‍ ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് ഉദ്ഘാടനം ചെയ്ത മഞ്ചേശ്വരം ഹാര്‍ബര്‍ 300 കോടി രൂപ ചെലവാക്കി നിര്‍മിച്ചതാണ്. ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്ന പ്രതീക്ഷയില്ലാതെ ധൃതിയിലാണ് അത് നിര്‍മിച്ചത്. വളരെ അശാസ്ത്രീയമായാണ് നിര്‍മാണം. അവിടെ കൂടുതലും മുസ്ലിം സമുദായത്തിലുള്ളവരാണ് താമസിക്കുന്നത്. കൂട്ടുകുടുംബ സമ്പ്രദായം ശക്തമായി നിലനില്‍ക്കുന്ന ആ ഭാഗത്തെ നാലോ അഞ്ചോ കുടുംബങ്ങളാണ് കടലേറ്റം മൂലം അനാഥമായത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം മൂലം ഇടം നഷ്ടമായ അവര്‍ എവിടെയാണെന്ന് പറയാന്‍ പോലും സര്‍ക്കാരിനോ കോടതിക്കോ സാധിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒരു പുനരധിവാസ പാക്കേജും നടപ്പാക്കിയിട്ടില്ലെന്ന് മാഗ്ലിന്‍ പറയുന്നു.

ഇപ്പോള്‍ നടക്കുന്ന കെ-റെയില്‍ വിരുദ്ധ സമരവും ഭൂസമരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കെ-റെയില്‍ വരുമ്പോള്‍ ഭൂമി ആവശ്യമുള്ളവര്‍ മാത്രമല്ല, ഭൂമി നഷ്ടപ്പെടുന്നവര്‍ കൂടി സമരത്തിനിറങ്ങേണ്ടി വരികയാണ്. അതിനെ ഇവിടുത്തെ മുതലാളിത്ത വ്യവസ്ഥയിലുള്ള ഭരണകൂടം അടിച്ചമര്‍ത്തുന്നുവെന്ന വാസ്തവം കൂടിയുണ്ട്. മുതലാളിത്ത ഭരണകൂടമെന്ന് മാത്രമല്ല, ദല്ലാള്‍ ഭരണകൂടം എന്നുകൂടിയാണ് ഇതിനെ വിളിക്കേണ്ടത്. മുമ്പ് തൊഴിലാളി സംരക്ഷണമെന്ന പേരിലുള്ള വര്‍ഗസമരമായിരുന്നു അവരുടേത്. ഇന്നും വര്‍ഗസമരം തന്നെയാണ് ചെയ്യുന്നത്, പക്ഷെ ആ വര്‍ഗം മുതലാളി വര്ഗമാണെന്നുമാത്രം. ഭൂമിയും വീടും ഇല്ലാത്തതിനാല്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കും അസംഘടിതര്‍ക്കും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്- മാഗ്ലിന്‍ ഫിലോമിന പറഞ്ഞു.
നമ്മുടെ തൊഴിലിനോടുചേര്ന്നാണ് ഭൂമി അല്ലെങ്കില്‍ ഇടം കണ്ടെത്തുന്നത്. അതിനാല്‍, ഇതിനെ ഭൂമിയുടെയോ കിടപ്പാടത്തിന്റെയോ മാത്രം പ്രശ്നമായി കാണരുത്. ജീവിതത്തിന്റെ ഭാഗം കൂടിയാണത്. അതുകൊണ്ടാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ സെക്രട്ടേറിയറ്റിന്റെ പരിസരത്ത് വന്ന് താമസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പോലും താമസിക്കുന്നത് സെക്രട്ടറിയേറ്റിന്റെ അടുത്തല്ലേ? മത്സ്യത്തൊഴിലാളി കടല്‍ത്തീരത്തുതന്നെ താമസിക്കാനാഗ്രഹിക്കുന്നത് അവരുടെ ഉപജീവനവുമായി ബന്ധപ്പെട്ടാണ്. ആദിവാസി വനഭൂമിയില്‍ തന്നെ താമസിക്കുന്നതും അതിനാലാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ട് തരത്തിലുള്ള ഭൂമിയാണ് വേണ്ടത്. അതിലൊന്ന് വീടുകള്‍ വയ്ക്കുന്നതിനാണ്. മറ്റൊന്ന് അവരുടെ തൊഴിലിടമായുള്ള കരഭൂമിയുടെ ആവശ്യമാണ്. വല ഉണക്കാനും നന്നാക്കാനും മത്സ്യം സംസ്കരിച്ച് സൂക്ഷിക്കുന്നതിനും എല്ലാം ഭൂമി വേണം. പണ്ട് പുറമ്പോക്ക് ഭൂമിയായി വിശാലമായ കടല്‍ത്തീരമുണ്ടായിരുന്നു. ആ കടല്‍ത്തീരം മൊത്തം നഷ്ടപ്പെട്ടു. ഇപ്പോള്‍ നമ്മള് ആവശ്യപ്പെടുന്നത് കടലിനോടുചേര്ന്നുകിടക്കുന്ന ഭൂമിയും വാസസ്ഥലങ്ങളും മത്സ്യത്തൊഴിലാളികളുടെ കീഴിലായിരിക്കണമെന്നാണ്. തീരദേശ പഞ്ചായത്തുകളാണ് ഞങ്ങളുടെ മറ്റൊരു ആവശ്യം. നിലവിലെ പഞ്ചായത്ത് സംവിധാനത്തില്‍ 15 വാര്‍ഡ് അപ്പുറത്തും പത്ത് വാര്‍ഡ് ഇപ്പുറത്തും ആയിരിക്കും. അതിനിടയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകും. ഒരു ഗ്രാമത്തില്‍ തന്നെ തീരദേശവാസികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാകുന്ന സംവിധാനമുണ്ടാകണം.
ഒരു കുടുംബത്തിന് അഞ്ച് സെൻറ് സ്ഥലമെങ്കിലും എന്നതാണ് ഞങ്ങളുടെ ആവശ്യം. പിന്നെ തൊഴിലുമായി ബന്ധപ്പെട്ട പൊതുഇടമാണ് വേണ്ടത്. ഞങ്ങളുടെ ഭൂമി ആവശ്യത്തെക്കുറിച്ച് കേരളത്തിന്റെ പൊതുസമൂഹത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ആ രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും മാഗ്ലിന്‍ ഫിലോമിന വ്യക്താക്കി.
ആ നിയമനിർമാണത്തിന് പേടി!
ഭൂപരിഷ്കരണം നടപ്പാക്കി അരനൂറ്റാണ്ട് പിന്നിട്ടിട്ടും, അടിസ്ഥാന വര്‍ഗത്തിന്റെ ഭൂമിക്കുവേണ്ടിയുള്ള നിലവിളികള്‍ ഇപ്പോഴും ഉയരുന്നുവെന്നത്, ഭാവിയിലേക്കുവേണ്ടി ചമയ്ക്കപ്പെടുന്ന നയരേഖകളുടെയും നവകേരള മാതൃകയുടെയും പൊള്ളത്തരം കാണിച്ചുതരുന്നു. ദലിതരെയും ആദിവാസികളെയും എന്നും ഭൂരഹിതരായി നിലനിര്‍ത്താനുള്ള ഗൂഢാലോചനയാണ്, ഭൂപരിഷ്കരത്തിലടക്കമുണ്ടായത്. ഭൂപരിഷ്കരണം പുതിയ മനുഷ്യനെയും പുതിയ കുടുംബത്തെയും സൃഷ്ടിച്ചു എന്നാണ്, ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, ഇവിടുത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹം എങ്ങനെയാണ് ഈ പുതിയ മനുഷ്യനിൽനിന്നും കുടുംബത്തിൽനിന്നും ഒഴിവാക്കപ്പെട്ടത് എന്നതിന് ഇനിയും തൃപ്തികരമായ വിശദീകരണമുണ്ടായിട്ടില്ല.

ഇനി കേരളത്തില്‍ വിതരണം ചെയ്യാന്‍ ഭൂമിയില്ല എന്ന് തോമസ് ഐസക്കിനെപ്പോലുള്ളവര്‍ പറയുന്നു. അതായത്, ഭൂമി എന്ന അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യം കൈയൊഴിയുകയാണ് ഇടതുപക്ഷം അടക്കം ചെയ്യുന്നത്. അതിനു പകരമാണ്, ‘ആധുനിക കോളനികള്‍' എന്ന് വിശേഷിപ്പിക്കാവുന്ന ഫ്ളാറ്റ് പദ്ധതി വരുന്നത്. സ്വന്തമായി വീട് എന്ന പുകമറയിലൂടെ ഭൂമി എന്ന അവകാശം ഉന്നയിക്കപ്പെടുന്നത് എന്നന്നേക്കുമായി റദ്ദാക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
കുത്തകകള്‍ അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്ന തോട്ടം ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന കമീഷന് റിപ്പോര്‍ട്ടുകള്‍ തന്നെ സര്ക്കാറിനുമുന്നിലുണ്ട്. ഭൂപരിഷ്കരണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട തോട്ടം മേഖലയില്‍ കുത്തക കമ്പനികള്‍ കൈവശം വച്ചിരിക്കുന്നത് അഞ്ചുലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ്. 200ഓളം കമ്പനികളാണ് സംസ്ഥാനത്തെ തോട്ടം മേഖലയിലുള്ളത്. അവയില്‍ 95 ശതമാനവും ഭൂമി കൈവശം വച്ചിരിക്കുന്നത് അനധികൃതമായാണ് എന്നാണ് കമീഷനുകളുടെ കണ്ടെത്തല്‍. സര്‍ക്കാറിന് അവകാശപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനാണ് 2015 ഡിസംബര്‍ 30ന് സ്പെഷല്‍ ഓഫീസറായി എം.ജി. രാജമാണിക്യത്തെ നിയോഗിച്ചത്. സര്‍ക്കാറിന് അവകാശപ്പെട്ട ഏഴു ലക്ഷം ഏക്കര്‍ ഭൂമി കമ്പനികള്‍ കൈവശം വച്ചതിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റിനുശേഷം വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഭൂമിക്കുമേല്‍ യാതൊരു അവകാശവാദവും ഉന്നയിക്കാനാകില്ലെന്നും 1953ലെ കമ്പനി രജിസ്ട്രേഷന് ആക്റ്റ് പ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികള്‍ക്ക് ഒരു സെൻറ് ഭൂമി പോലും കൈവശം വെക്കാന്‍ അധികാരമില്ലെന്നുമായിരുന്നു രാജമാണിക്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഹാരിസണ്‍സ് മലയാളം കമ്പനിയുടെ തെക്കന്‍ ജില്ലകളിലുള്ള 30,000 ഏക്കര്‍ ഭൂമി സര്‍ക്കാറിലേക്ക് ഏറ്റെടുത്ത് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.
എന്നാല്‍, രാജമാണിക്യം റിപ്പോര്‍ട്ട് സര്‍ക്കാർ വകുപ്പുകളിൽ തന്നെ ഭിന്നതയുണ്ടാക്കി. റിപ്പോര്‍ട്ടിനെതിരെ നിയമവകുപ്പ് പരസ്യമായി രംഗത്തുവന്നു.
ഫെറാ ആക്ട്, ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, വന്‍കിടക്കാരുടെ കൈവശമുള്ള 5.25 ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം അനുസരിച്ച് മുന്നോട്ടുപോകാന്‍ റവന്യൂവകുപ്പും തീരുമാനിച്ചു. ഇതിനിടെ, റിപ്പോർട്ട് ചോദ്യം ചെയ്ത് ഹാരിസണ്‍സ് നല്കിയ ഹര്‍ജിയില്‍, ഭൂമിയുടെ ഉടസ്ഥാവകാശത്തര്ക്കത്തില് തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി, ഭൂമി ഏറ്റെടുക്കല്‍ ഹൈകോടതി റദ്ദാക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണമാണ് സര്‍ക്കാറിനുമുന്നിലുള്ള വഴി. എന്നാല്‍, അത്തരമൊരു നിയമനിര്‍മാണം ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അജണ്ടയില്‍ ഇന്നില്ല.

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടാണ് ഭൂസമരങ്ങളുണ്ടാകുന്നത്. ദലിത്- ആദിവാസി വിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, ഭൂരഹിത കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ വലിയൊരു വിഭാഗം ഇപ്പോഴും ഭൂരഹിതരാണ്. ഇവരെല്ലാം നാലുസെൻറ്, രണ്ടു സെൻറ് കോളനികളിലും പുറമ്പോക്കിലുമൊക്കെയാണ് കഴിയുന്നത്. ഇവര്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ഹാരിസണ്‍സ്, കണ്ണന് ദേവന് പോലുള്ള കമ്പനികള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നത്. ഭൂമിക്കുവേണ്ടിയുള്ള ദലിതരുടെയും ആദിവാസികളുടെയും ദരിദ്രരുടെയുമെല്ലാം ആവശ്യങ്ങള്‍ നിര്‍വീര്യമാക്കാന്‍ ജീവകാരുണ്യപദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവക്കുന്നത്. ഭൂമിയടക്കമുള്ള വിഭവങ്ങളുടെമേലുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ, വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവരുടെ പക്ഷത്തുനിന്ന് കേരളം രംഗത്തിറങ്ങേണ്ട സമയമാണിത്.▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ അറിയിക്കാം.