Wednesday, 29 March 2023

കവിത


Text Formatted

​​​​​​​

chullikkad
ബാലചന്ദ്രന്‍ ചുള്ളിക്കാട്

 

പോസിറ്റീവ്

ക്ഷാകവചം ധരിച്ച് ഞായറും തിങ്കളും
ഈ മുറിയില്‍ വന്നുപോയി.
ചുമരുകളുടെ കാവല്‍ ഊഴം മാറി.
സമയം എന്നെ മൗനംകൊണ്ടു ഗുണിച്ചു

കടലിന്റെ വിദൂരവിലാപത്തില്‍നിന്ന് 
കാറ്റു കടഞ്ഞെടുത്ത ധൂമപ്രതിമ.
അതിന്മേല്‍ ഏപ്രിലിന്റെ നൈരാശ്യം
ഒരുനിമിഷം ചിറകൊതുക്കി.
പിന്നെ വിഷം വിസര്‍ജ്ജിച്ചു പറന്നുപോയി.

രാഷ്ട്രത്തിന്റെ നുണകള്‍
​​​​​​​തുള്ളിതുള്ളിയായി
എന്റെ രക്തത്തില്‍ കയറിക്കൊണ്ടിരിക്കുന്നു.
ഓര്‍മ്മകളെ ഉറുമ്പരിക്കുന്നു.
അവ സംസാരിക്കുന്നു.
ഉറുമ്പുകളുടെ സംഭാഷണം അപനിര്‍മ്മിക്കേണ്ടത് 
പ്രതീകയുക്തികൊണ്ടോ 
ഉണങ്ങിയ ഇലകളുടെ മഞ്ഞനിറംകൊണ്ടോ
എന്നറിയാതെ ഞാന്‍ കുഴങ്ങി.

അരക്ഷിതമായ ബോധം
ഒരുമാലാഖയെ കൂട്ടിക്കൊണ്ടുവന്നു.
ദുഃസ്വപ്‌നത്തിന്റെ താപനില രേഖപ്പെടുത്തി
അവള്‍ തിരിച്ചുപോയി.
സായാഹ്നം
നായ്ക്കളുടെയും കിളികളുടെയും 
ശബ്ദങ്ങളെ കൂട്ടിക്കലര്‍ത്തുന്നു.

വാര്‍ത്തകളുടെ തീരങ്ങളില്‍
ചിതാഗ്നിയുടെ കാവിക്കൊടികള്‍ പാറുന്നു.
കാലത്തിന്റെ ശ്വാസകോശത്തില്‍
മരണം പെറ്റുപെരുകുന്നു...

പറയൂ, ഞാന്‍ എവിടെയാണ്?

ബാലചന്ദ്രന്‍ ചുള്ളിക്കാട്

കവി, നടൻ. പതിനെട്ടു കവിതകൾ, അമാവാസി, ഗസൽ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (സമ്പൂർണ സമാഹാരം), ചിദംബര സ്മരണ എന്നിവ പ്രധാന കൃതികൾ. ജി. അരവിന്ദന്റെ  ‘പോക്കുവെയിലി’ൽ നായകനായിരുന്നു.

Audio