Sunday, 14 August 2022

പ്രസാധക ജീവിതം


Text Formatted

പച്ചക്കുരുമുളകിന്റെ എരിവും പുകച്ചിലും

വെല്ലുവിളികളും സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ല. സഹായിക്കാനോ ഒപ്പം നിന്നു നയിക്കാനോ മറ്റാരുമില്ല, തനിച്ച് തന്നെയാണ് എല്ലാ യുദ്ധങ്ങളും. എന്നാല്‍, ഈ യുദ്ധം തുടരുക തന്നെ ചെയ്യും. എന്തെന്നാല്‍, നിലവില്‍ ഇത് തുടര്‍ന്നുകൊണ്ടുപോകുന്നത് തന്നെ ഞാന്‍ നയിക്കുന്ന ഏറ്റവും വലിയ സമരമാണ് എന്നെനിക്ക് തീര്‍ച്ചയുണ്ട്. 

Image Full Width
Image Caption
ബിനു ആനമങ്ങാട്​
Text Formatted

ക്ഷരങ്ങളോടും പുസ്തകങ്ങളോടും എഴുത്തുകാരോടുമുള്ള ഒടുങ്ങാത്ത ഇഷ്ടത്തില്‍ നിന്നാണ് പ്രസാധനത്തെക്കുറിച്ചുള്ള ചിന്ത തുടങ്ങുന്നതുതന്നെ. ആര്‍ത്തിപിടിച്ച് വായിച്ചിരുന്ന, പുതിയ പുസ്തകങ്ങളെ മുഖം ചേര്‍ത്തു ശ്വസിച്ചിരുന്ന, ഓരോ പുസ്തകങ്ങളുടെയും ലേഔട്ടും ഭംഗിയും ശ്രദ്ധയോടെ നോക്കിക്കണ്ടിരുന്ന ഒരാളായിരുന്നു അന്നൊക്കെ. പുതിയ പുസ്തകങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സംസാരിയ്ക്കുന്നതിനിടയില്‍ പല തവണ,  ‘എന്തുകൊണ്ട് നമുക്ക് പുസ്തകമിറക്കിക്കൂടാ' എന്നു സ്വയവും കൂട്ടുകാരോടും ചോദിച്ചിട്ടുണ്ട്. അതുപോലുള്ള ഒരുപാട് ചോദ്യങ്ങള്‍ക്കും ചിന്തകള്‍ക്കുമൊടുവിലാണ് ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക യാഥാര്‍ത്ഥ്യമാകുന്നത്.

അതിനിടെയാണ് ആഴ്ചപ്പതിപ്പുകളില്‍ വളരെക്കാലത്തിനു ശേഷം അഷിത എന്ന പേരു കണ്ടു തുടങ്ങിയത്. നീണ്ട കാലയളവിനു ശേഷം അഷിതയുടെ തിരിച്ചുവരവ് ഗ്രീന്‍ പെപ്പറിലൂടെയാകുന്നത് അങ്ങനെയാണ്.

ഇപ്പൊഴോര്‍ക്കുമ്പോള്‍ അറിയാം, സാഹസികമായൊരു തീരുമാനമായിരുന്നു അതെന്ന്. പുസ്തക പ്രസാധന രംഗത്തോ മറ്റേതെങ്കിലും സ്വയം തൊഴില്‍ അല്ലെങ്കില്‍ ബിസിനസ്​ മേഖലയിലോ യാതൊരു മുന്‍പരിചയമോ അനുഭവമോ അറിവോ ഇല്ലാതെയുള്ള ഒരെടുത്തുചാട്ടം. ആകെ കൈമുതലായുള്ളത്, പുസ്തകങ്ങളോടുള്ള സ്‌നേഹവും പുസ്തകം കെട്ടിലും മട്ടിലും എങ്ങനെയായിരിയ്ക്കണം എന്ന കാഴ്ചപ്പാടും പണമായി രണ്ടു ലക്ഷം രൂപ കണ്ടെത്താന്‍ സാധിയ്ക്കുമെന്ന വിശ്വാസവും മാത്രം. സാമ്പത്തികമായി പിന്തുണയ്ക്കാന്‍ കഴിയില്ലെങ്കിലും പുസ്തകങ്ങള്‍ കണ്ടെത്തുന്നതിലും പേജ് ഡിസൈന്‍ പോലുള്ള ക്രിയേറ്റീവ് വര്‍ക്കിലും കൂടെ നില്‍ക്കാമെന്ന ഉറപ്പില്‍ സുഹൃത്തുക്കള്‍ ധൈര്യം തന്നു. അന്നാ ധൈര്യത്തിന്റെ പുറത്താണ് ഇറങ്ങിത്തിരിച്ചതും. 

Binu Anamangadu Green pepper publica


അഷിതയിൽനിന്നും ഫറ ബേക്കറിൽനിന്നും തുടക്കം

സ്വയംതൊഴില്‍ സംരംഭം എന്ന രീതിയിലാണ് പബ്ലിക്കേഷന്‍ ആരംഭിയ്ക്കുന്നത്. ഒരു പേരു നിശ്ചയിയ്ക്കല്‍, രജിസ്‌ട്രേഷൻ നടപടികള്‍, ഐ. എസ്. ബി. എന്‍ നമ്പറുകള്‍ കൈപ്പറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തിലേറേ സമയമെടുത്തു. ആദ്യപുസ്തകം എന്താവണം, എങ്ങനെയാവണം എന്നു തീരുമാനിക്കുന്നതും അതുപോലെ വലിയൊരു കടമ്പയായിരുന്നു. ആ പുസ്തകത്തില്‍, ഗ്രീന്‍ പെപ്പറിന്റേതായ ഒരു മുദ്ര വേണമെന്ന ആഗ്രഹമുണ്ടായിരുന്നു.

ആ സമയത്താണ് ഫറ ബേക്കര്‍ എന്ന പലസ്തീന്‍ പെണ്‍കുട്ടിയുടെ ട്വീറ്റുകള്‍ ജനശ്രദ്ധ നേടുന്നത്. ആദ്യപുസ്തകം എന്ന രീതിയില്‍, ഫറയുടെ ട്വീറ്റുകള്‍ ശേഖരിച്ച് പുസ്തകമാക്കാന്‍ തീരുമാനിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് ആഴ്ചപ്പതിപ്പുകളില്‍ വളരെക്കാലത്തിനു ശേഷം അഷിത എന്ന പേരു കണ്ടു തുടങ്ങിയത്. നീണ്ട കാലയളവിനു ശേഷം അഷിതയുടെ തിരിച്ചുവരവ് ഗ്രീന്‍ പെപ്പറിലൂടെയാകുന്നത് അങ്ങനെയാണ്. അപൂര്‍ണ വിരാമങ്ങളും മഴ മേഘങ്ങളുമൊക്കെയെഴുതി ഒരു കാലത്ത് നമ്മെ വിസ്മയിപ്പിച്ച് വര്‍ഷങ്ങളോളം മൗനമായിരുന്നതിനു ശേഷം ഹൈക്കു കവിതകളിലൂടെയായിരുന്നു ആ മടങ്ങിവരവ്. ഓട്ടോഗ്രാഫ് മാതൃകയിലാണ് പുസ്തകം തയ്യാറാക്കിയത്.  ‘ഇന്ന് എന്റെ പേര്​ പലസ്തീന്‍ എന്നാകുന്നു' എന്ന ഫറാ ബേക്കറുടെ കുറിപ്പുകള്‍ അത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം കൊണ്ടും  ‘അഷിതയുടെ ഹൈക്കു കവിതകള്‍' ആ മടങ്ങിവരവു കൊണ്ടും ശ്രദ്ധ നേടി. 

അഷിത
അഷിത

ഒരുപാട് സമയമെടുത്തും നിരന്തര ചര്‍ച്ചകള്‍ നടത്തിയും പലതവണ പല മാതൃകകള്‍ പരീക്ഷിച്ചുമാണ് ആദ്യ രണ്ട് പുസ്തകങ്ങളുടെയും കവറും പേജ് ലേഔട്ടും ഫൈനലാക്കിയത്. ഒരുപാട് സന്തോഷം തോന്നിയ സമയമായിരുന്നു അത്. പുസ്തകത്തിന്റെ ക്വാളിറ്റി കൊണ്ടും, ഭംഗി കൊണ്ടും പല രീതിയില്‍ അഭിനന്ദിക്കപ്പെട്ടു.  ‘ഇന്ന് എന്റെ പേര് പലസ്തീന്‍ എന്നാകുന്നു’ എന്ന പുസ്തകം, പുസ്തകം പ്രിൻറ്​ ചെയ്ത അക്ഷര ഓഫ്‌സെറ്റിന്​ മികച്ച പുസ്തക നിര്‍മിതിയ്ക്കുള്ള അവാര്‍ഡ് ലഭിയ്ക്കാന്‍ കാരണമായി. ഒരു തുടക്കക്കാരി എന്ന നിലയിലും കുത്തക കമ്പനികളും പുരുഷാധിപത്യവും അരങ്ങുവാഴുന്ന പ്രസാധന മേഖലയില്‍ ഒരു സ്ത്രീയുടെ ഒറ്റയ്ക്കുള്ള കാല്‍വെയ്പ് എന്ന നിലയിലും അതൊരു നല്ല തുടക്കം തന്നെയായിരുന്നു.

പച്ചക്കുരുമുളക് എന്ന പേര്

സൗഹൃദങ്ങളായിരുന്നു എന്നും എന്റെ ശക്തി, ദൗര്‍ബല്യവും അതു തന്നെയാണെങ്കിലും സൗഹൃദങ്ങളില്‍ നിന്നും സ്‌നേഹത്തില്‍ നിന്നുമാണ് മാറ്റങ്ങളുണ്ടാവുക എന്നും സ്‌നേഹം കൊണ്ട്​ മാറ്റാന്‍ കഴിയാത്തതായി ഒന്നുമില്ല എന്നുമൊക്കെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. പ്രസാധനം ആരംഭിയ്ക്കുമ്പോള്‍, അത് ക്രിയേറ്റിവ് ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഒരിടമായിരിയ്ക്കണമെന്ന് ഞാനാഗ്രഹിച്ചു.

ഹൈക്കു കവിതകള്‍ പ്രസിദ്ധീകരിയ്ക്കാനുള്ള അനുവാദം തരുമ്പോള്‍ അഷിത ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്, മലയാളത്തിലെ പ്രധാനപ്പെട്ട ഒരു പ്രസാധക വിതരണ ഗ്രൂപ്പിന് ഈ പുസ്തകം വിതരണം ചെയ്യാന്‍ നല്‍കരുത്.

ഒരുട്ടോപ്പ്യന്‍ സ്വപ്നം എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന, ഏതൊരെഴുത്തുകാരനും ഭാഷാലിംഗവ്യത്യാസമില്ലാതെ വന്നുപോകാനും എഴുതാനും സംസാരിയ്ക്കാനും ഏതു വായനക്കാരിയ്ക്കും/കാരനും വന്നിരുന്നു വായിക്കാനും അഭിപ്രായം പറയാനും ചിന്തകള്‍ പങ്കുവെക്കാനും കഴിയുന്ന ഒരിടം. തുടര്‍ച്ചയായി പുസ്തക ചര്‍ച്ചകളും വായനകളും സംവാദങ്ങളും നടക്കുന്ന, പുതിയ ആശയങ്ങളും ചിന്തകളും രൂപപ്പെടാന്‍ സാധ്യതയുള്ള ഒരിടം.  ഈ ചിന്തയില്‍ നിന്നാണ്  ‘പച്ചക്കുരുമുളക്’ എന്ന പേരിലേയ്ക്ക് വരുന്നത്.  ‘സൗഹൃദത്തിന്റെ പച്ചയും ധൈഷണികതയുടെ എരിവും' എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക എന്ന പേരു തീരുമാനിയ്ക്കുന്നത്.

ആദ്യപുസ്തകങ്ങളുടെ അനുഭവം

2014 സെപ്റ്റംബര്‍ - ഒക്​ടോബർ മാസങ്ങളിലായാണ് ആദ്യ പുസ്തകങ്ങള്‍ വെളിച്ചം കാണുന്നത്. മുന്നനുഭവമോ പരിചയമോ ഇല്ലാത്തതിന്റെ പിഴവുകള്‍ കഴിയുന്നതും വരാതിരിയ്ക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് ഓരോ അടിയും മുന്നോട്ട് വെച്ചത്. ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. പ്രസാധന രംഗത്ത് സമാന്തരമായി കടന്നുവന്ന്, തകര്‍ന്നു പോയ നിരവധി ഉദാഹരണങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു. എങ്കിലും മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. വളരെ പിശുക്കി മാത്രം സംസാരിക്കുമായിരുന്ന എനിയ്ക്ക് ആളുകളോട് സംസാരിക്കാനും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുമായിരുന്നു ഏറെ പ്രയാസം നേരിട്ടത്. അഷിതയോടും ഫറയുടെ ട്വീറ്റുകള്‍ വിവര്‍ത്തനം ചെയ്ത ശൈജലിനോടും സംസാരിച്ചതും പബ്ലിക്കേഷന്റെ ആശയങ്ങള്‍ പങ്കുവെച്ചതുമെല്ലാം സുഹൃത്തുക്കള്‍ വഴിയാണ്. നുജൂമുദ്ദീനിനും മഹേഷുമാണ് (മഹേഷ് ഇന്നില്ല) പുസ്തകങ്ങളുടെ കവര്‍ ചെയ്തത്. അഷിതയുടെ ഹൈക്കു കവിതകള്‍ക്ക് കാവ്യാത്മകമായ വര സമ്മാനിച്ചത് എഴുത്തുകാരി കൂടിയായ മീരയാണ്. 

അഷിതയുടെ ഹൈക്കുകവിതകള്‍  അടൂര്‍ ഗോപാലകൃഷ്ണന്‍ ശ്രീബാല കെ. മോനോന് നല്‍കിയാണ് പ്രകാശനം
അഷിതയുടെ ഹൈക്കുകവിതകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ശ്രീബാല കെ. മോനോന് നല്‍കി പ്രകാശനം ചെയ്യുന്നു. ബി. മുരളി സമീപം.

ഹൈക്കു കവിതകള്‍ പ്രസിദ്ധീകരിയ്ക്കാനുള്ള അനുവാദം തരുമ്പോള്‍ അഷിത ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്, മലയാളത്തിലെ പ്രധാനപ്പെട്ട ഒരു പ്രസാധക വിതരണ ഗ്രൂപ്പിന് ഈ പുസ്തകം വിതരണം ചെയ്യാന്‍ നല്‍കരുത് എന്നായിരുന്നു അത്. ആ ആവശ്യം അതുപോലെ പാലിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കു കവിതകള്‍ക്കൊപ്പം സമാന്തരമായി ഫറയുടെ പുസ്തകത്തിന്റെ വര്‍ക്കും നടക്കുകയാണ്. ഇങ്ങനെ ഒരു പുസ്തകം ഇറങ്ങുന്നു എന്നത് ഫറ ബേക്കറെ അറിയിക്കണം എന്നത് ഒരാഗ്രഹമായിരുന്നു. ശൈജല്‍ തന്നെയാണ് അതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. അയച്ച ഇ-മെയില്‍ അവര്‍ കണ്ട് ഒരു മറുപടി വന്നതിനു ശേഷം പുസ്തകം ഇറക്കാം എന്ന ചിന്തയില്‍ വന്ന ചെറിയ ഇടവേളയില്‍ ആകെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഒരു വാര്‍ത്ത കേട്ടു, മലയാളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധക സ്ഥാപനം ഫറയുടെ കുറിപ്പുകള്‍ പുസ്തകമാക്കുന്നു എന്ന്. വല്ലാത്തൊരു സംഘര്‍ഷമാണ് അതുണ്ടാക്കിയത്.

ഇനി ഇങ്ങനെ ഒരു പുസ്തകത്തിനു പ്രസക്തിയില്ല എന്നും ഇറക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും വന്‍കിട പ്രസാധകരോട് മത്സരിയ്ക്കാന്‍ പറ്റില്ല എന്നും ഇനി ഈ പുസ്തകം വന്നാലും അത് അവരുടെ പുസ്തകത്തിനിടയില്‍ മുങ്ങിപ്പോകുമെന്നുമൊക്കെ പല അഭിപ്രായങ്ങള്‍ വന്നു, പലരും ഉപദേശിച്ചു. എന്നാല്‍, രണ്ടും രണ്ട് പുസ്തകമായിരിയ്ക്കുമെന്നും ഗ്രീന്‍ പേപ്പറിന്റെ പുസ്തകം വേറിട്ട് നില്‍ക്കുമെന്നുമുള്ള ഒരുറപ്പ് എന്തുകൊണ്ടോ എനിയ്ക്ക് തോന്നിയിരുന്നു. നിയമപരമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലും വരുമോ എന്ന് മാത്രമായിരുന്നു ആശങ്ക. ഫറയില്‍ നിന്ന്​ മറുപടി കിട്ടിയപ്പോള്‍ ആ ആശങ്കയ്ക്ക് വിരാമമായി. വായിയ്ക്കാന്‍ അറിയില്ലെങ്കിലും പുസ്തകം കാണണമെന്ന് ആഗ്രഹമുണ്ടെന്നും എങ്ങനെയെങ്കിലും പുസ്തകം എത്തിക്കാന്‍ കഴിയുമോ എന്നും അവര്‍ ചോദിച്ചു.

അങ്ങനെ പുസ്തകവുമായി മുന്നോട്ട് പോയി. പ്രസിദ്ധീകരിയ്ക്കുന്നതിന്​ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന  ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റ് വരെ കൂട്ടിച്ചേര്‍ത്താണ് പുസ്തകമിറക്കിയത്. എന്നാല്‍ അപ്പോഴും പ്രശ്‌നങ്ങളൊഴിഞ്ഞിരുന്നില്ല. പ്രകാശനത്തിന് തൊട്ടുമുന്‍പ്, പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്ന ചിലരോട് ഈ ചടങ്ങില്‍ പങ്കെടുക്കരുത് എന്നുവരെ ചിലര്‍ ആവശ്യപ്പെട്ടു എന്നറിഞ്ഞപ്പോഴാണ് ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണിതെന്നും വ്യക്തിപരമായ വിരോധങ്ങള്‍ കൂടി ഇത്തരം സംരഭങ്ങളെ ബാധിക്കുമെന്നും കൂടുതല്‍ കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടിരിയ്ക്കയാണെന്നും എനിയ്ക്കു മനസ്സിലായത്.

അപകടം മനസ്സിലായത്, പുസ്തകം മുഴുവന്‍ വിറ്റു തീര്‍ന്നിട്ടും പ്രിൻറ്​ ചെയ്ത പണം പോലും തിരികെ കിട്ടാതായപ്പോഴാണ്. ആദ്യ രണ്ട് പുസ്തകവും രണ്ടാം പതിപ്പിലെത്തിയപ്പോഴും പ്രസ്സിലെ ബില്‍ സെറ്റില്‍ ചെയ്യാന്‍ വീണ്ടും കയ്യില്‍ നിന്ന് പണമെടുക്കേണ്ട അവസ്ഥയായിരുന്നു.

എന്നാല്‍ ഒരു സമാന്തര പ്രസാധന സംരംഭത്തിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ചതിലുമേറെ അംഗീകാരം  ആ പുസ്തകത്തിനു കിട്ടി. രാഷ്ട്രീയ ചിന്തകനായ നൈനാന്‍ കോശി, എം. എ. ബേബി എന്നിവര്‍ പുസ്തകത്തിന്റെ ആദ്യ വായനക്കാരായിരുന്നു. പ്രകാശനവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും സിനിമാ മേഖലയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അന്ന് പാര്‍ട്ടി സെ​ക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘ഇന്ന് എന്റെ പേര് പലസ്തീന്‍ ആകുന്നു’ എന്ന പുസ്തകം,  രാജശ്രീ വാര്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്തത് (അഷിതയുടെ ഹൈക്കുകവിതകള്‍  അടൂര്‍ ഗോപാലകൃഷ്ണന്‍ ശ്രീബാല കെ. മോനോന് നല്‍കിയാണ് പ്രകാശനം ചെയ്​തത്). ഏറെ കടമ്പകള്‍ കടന്ന്​യാഥാര്‍ത്ഥ്യമായതുകൊണ്ടുതന്നെ, രണ്ട് പുസ്തകങ്ങളുടെയും പ്രകാശനച്ചടങ്ങില്‍ വെച്ച് പുസ്തകനിര്‍മിതിയിലെ വ്യത്യസ്തതയെയും മനോഹാരിതയെയുംകുറിച്ച് പലരും എടുത്തുപറഞ്ഞത് എന്റെ ഊര്‍ജ്ജം കൂട്ടി. 

‘ഇന്ന് എന്റെ പേര് പലസ്തീന്‍ ആകുന്നു’ എന്ന പുസ്തകം, മുഖ്യമന്ത്രി പിണറായി വിജയന്‍  രാജശ്രീ വാര്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
‘ഇന്ന് എന്റെ പേര് പലസ്തീന്‍ ആകുന്നു’ എന്ന പുസ്തകം, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജശ്രീ വാര്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഡോ. എം.കെ. മുനീര്‍, ബിനോയ് വിശ്വം എന്നിവര്‍ സമീപം.

പ്രകാശനം കൂടാതെ, ആ പുസ്തകം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ സാഹചര്യവും അധിനിവേശ രാഷ്ട്രീയവും ചര്‍ച്ച ചെയ്തുകൊണ്ട് വിവിധയിടങ്ങളില്‍ കാമ്പയിനുകള്‍ നടന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, കോഴിക്കോട് വെച്ചുനടന്ന ഫറാ ബുക്ക് ചലഞ്ച് കാമ്പയിനാണ്. മുഖ്യധാരയിലെവിടെയും കേട്ടിട്ടുപോലുമില്ലാത്ത ഗ്രീന്‍ പെപ്പറിന്റെ പുസ്തകത്തിനായി അന്നത്തെ സാമൂഹ്യ- സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൂടെ നിന്നു. വ്യക്തമായ രാഷ്ട്രീയ ബോധത്തോടുകൂടി തന്നെയാണ് അതുപോലൊരു പുസ്തക നിര്‍മിതിയിലേക്കെത്തിയതെങ്കിലും പുസ്തക പ്രസാധനമെന്നതും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും ഒരു വലിയ ഉത്തരവാദിത്തമാണെന്നുമുള്ള ബോധ്യം അന്ന് ശക്തമായി. 

വെല്ലുവിളികള്‍

ആദ്യ രണ്ട് പുസ്തകങ്ങളെ സംബന്ധിച്ച്​ വിപണനം അത്ര വലിയ പ്രശ്‌നമായി തുടക്കത്തില്‍ തോന്നിയില്ല. ക്രെഡിറ്റ് രീതിയിലാണെങ്കിലും 50% വിതരണ വ്യവസ്ഥയിലാണെങ്കിലും കേരളത്തിലെ എല്ലാ ജില്ലകളിലും ഒരിടത്തെങ്കിലും എന്ന രീതിയില്‍ ബുക്​ ഷോപ്പുകളില്‍ പുസ്തകമെത്തിച്ചു. അപകടം മനസ്സിലായത്, പുസ്തകം മുഴുവന്‍ വിറ്റു തീര്‍ന്നിട്ടും പ്രിൻറ്​ ചെയ്ത പണം പോലും തിരികെ കിട്ടാതായപ്പോഴാണ്. ആദ്യ രണ്ട് പുസ്തകവും രണ്ടാം പതിപ്പിലെത്തിയപ്പോഴും പ്രസ്സിലെ ബില്‍ സെറ്റില്‍ ചെയ്യാന്‍ വീണ്ടും കയ്യില്‍ നിന്ന് പണമെടുക്കേണ്ട അവസ്ഥയായിരുന്നു. ഒരുപാട് സ്‌ട്രെസ്സ് എടുത്തും തുടര്‍ച്ചയായി വിളിച്ചും നേരിട്ട് പോയുമൊക്കെ കുറച്ചൊക്കെ പണം തിരികെ കിട്ടി. അപ്പോഴും എല്ലാ  വര്‍ഷവും കൃത്യമായി കണക്ക് സെറ്റില്‍ ചെയ്യുന്ന ചിലരും ഉണ്ട് എന്നത് മറക്കുന്നില്ല. എന്നാല്‍, അതുകൊണ്ടുമാത്രം മുന്നോട്ടുപോകാന്‍ കഴിയില്ലായിരുന്നു. 
പിന്നെപ്പിന്നെ പൈസ തിരികെ തരാത്തവര്‍ക്ക് പുസ്തകം നല്കാതെയായി. അപ്പോള്‍ നേരിട്ട ചോദ്യം, ഷോപ്പുകളില്‍ ലഭ്യമല്ലെങ്കില്‍ പിന്നെ പുസ്തകം ഇറക്കിയിട്ട് എന്താണ് കാര്യമെന്നാണ്. ഓണ്‍ലൈന്‍ വിപണനം ഉണ്ടെങ്കില്‍ പോലും ഇത്ര സജീവമായിരുന്നില്ല. വീണ്ടും ഫൈനല്‍ സെറ്റില്‍മെൻറ്​ എന്ന രീതിയില്‍ ഒരവധി കണക്കാക്കി പുസ്തകങ്ങള്‍ വിതരണത്തിന് നല്‍കി. കനത്ത സാമ്പത്തിക ബാധ്യതയായിരുന്നു ഫലം. 

പുസ്തകങ്ങള്‍ വിതരണത്തിനെടുത്ത ഒരു സ്ഥാപനം, നിലവിലെ കണക്ക്​ സെറ്റില്‍ ചെയ്യാതെ അവരുടെ സ്ഥാപനം പൂര്‍ണമായും മറ്റൊരാള്‍ക്ക് വിറ്റു. മറ്റു ചിലര്‍, നോട്ട് നിരോധനമാണ്, നഷ്ടമാണ്, കുറെ കൂടി സമയം വേണം എന്നിങ്ങനെ പല പല കാരണങ്ങള്‍ പറഞ്ഞ്​ നീട്ടിനീട്ടിക്കൊണ്ടുപോയി. അന്ന് കിട്ടാനുണ്ടായിരുന്ന തുക, മൂന്നുലക്ഷത്തോളം രൂപ ഇന്നിതുവരെയും കിട്ടിയിട്ടില്ല. പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരൊറ്റയാള്‍ പട്ടാളമായതുകൊണ്ടല്ലേ, അല്ലെങ്കില്‍ ഒരു സ്ത്രീയായതുകൊണ്ടല്ലേ ഇവരൊക്കെ ഇങ്ങനെ പെരുമാറിയത്/പെരുമാറുന്നത് എന്ന്. 

അദ്ദേഹം വിളിച്ചു ചോദിച്ചു, ‘ബിനു, നിങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആള്‍ക്കാരാണോ? ഞാന്‍ ആര്‍. എസ്. എസിന്റെ ആളാണ്​, നിങ്ങള്‍ എന്റെ പുസ്തകം ഇറക്കുന്നതില്‍ എനിയ്ക്ക് താല്പര്യമില്ല'.

സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത വണ്ണം തളര്‍ത്തിക്കളഞ്ഞ മറ്റൊരു സംഭവം ഹൈക്കു കവിതകളുടെ രണ്ടാം പതിപ്പിന്റെ വിതരണമാണ്. വായനക്കാരില്‍ നിന്ന് ഡിമാന്‍ഡ് ഉണ്ട് എന്ന് മനസ്സിലാക്കിയാണ്  1000 കോപ്പികള്‍ രണ്ടാം പതിപ്പായി പ്രിൻറ്​ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, ആ പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ല. ഏതാണ്ട് 800 ലധികം പുസ്തകങ്ങള്‍ വെറും കടലാസിന്റെ വില പോലുമില്ലാതെ ചോദ്യചിഹ്നം പോലെ ശേഷിച്ചു. 
പുസ്തകശാലകളുടെയോ വിതരണ സംവിധാനങ്ങളുടെയോ പിന്തുണയില്ലാത്തതും ഓഫ്​ലൈൻ വിപണനം സാധ്യമാകാത്തതും ഇപ്പോഴും ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാല്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കുറേക്കൂടി വിപുലമായി വരുന്ന ഇക്കാലത്ത് ആ പരിമിതി മറികടക്കാന്‍ കഴിഞ്ഞേക്കും എന്ന് ഞാനിപ്പോഴും പ്രതീക്ഷിയ്ക്കുന്നു. എന്നെ സംബന്ധിച്ച്​ മറ്റൊരു പ്രധാന പ്രശ്‌നം പണമിടപാടുകള്‍/ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധക്കുറവോ അറിവില്ലായ്മയോ കൂടിയാണ്. പണം കൊടുത്ത് (ശമ്പള/വേതന വ്യവസ്ഥയില്‍) ഒരാളെ അതിനായി നിയോഗിക്കുക എന്നത് എനിക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്ന ഒന്നല്ല താനും. ചെറുകിട പ്രസാധകരെ സംബന്ധിച്ച്  വിപണനത്തിനോ സംഭരണത്തിനോ ഫലപ്രദമായ മാര്‍ഗം കണ്ടെത്തുന്നത് ഇപ്പോഴും വലിയ പ്രയാസം നേരിടുന്ന മേഖല തന്നെയാണ്. സര്‍ക്കാര്‍ സ്‌പ്പോണ്‍സര്‍ഷിപ്പോടുകൂടിയ വിപണന മേളകളൊക്കെ വന്‍കിട പ്രസാധകരെ മാത്രമാണല്ലോ സഹായിക്കുന്നത്. അത്തരം മേളകളില്‍ ഒരു സ്റ്റാള്‍ സജ്ജമാക്കാന്‍ പോലും ചെറുകിട പ്രസാധകര്‍ക്ക് സാധിക്കാതെ വരുന്നു.

പേജ് ലേഔട്ട്, പുസ്തകങ്ങള്‍ തപാലിൽ അയക്കൽ, ​പ്രസുമായുള്ള കോ- ഓര്‍ഡിനേഷന്‍ എന്നിവയ്ക്ക് ഒരു സുഹൃത്തിന്റെ സഹായമുണ്ട്. എന്നാല്‍ അദ്ദേഹവും മറ്റൊരു സ്ഥിരം ജോലിയില്‍ തിരക്കുള്ള ഒരു വ്യക്തിയാണ്. അതുകൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്, പുസ്തകങ്ങള്‍ക്ക് ലഭിയ്ക്കുന്ന ഓര്‍ഡറുകള്‍ ഫേസ്​ബുക്കിലായാലും മൊബൈലിലായാലും അത് നോട്ട് ചെയ്ത് വിലാസങ്ങള്‍ കൃത്യമാക്കി സെറ്റ് ചെയ്യാനും, പുസ്തകം ആവശ്യപ്പെടുന്നവരുടെ പേയ്മെൻറ്​ മോഡ് പരിശോധിച്ച് ഉറപ്പാക്കാനും വരുന്ന ഫോണുകളും മെസ്സേജുകളും അറ്റന്‍ഡ് ചെയ്യാനും മറുപടി പറയാനും, പുതിയ പുസ്തകങ്ങളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്​ലോഡ്​ ചെയ്യാനും എഴുത്തുകാരുമായും പുസ്തകവിതരണക്കാരുമായും പുസ്തക ആവശ്യക്കാരുമായും സംസാരിയ്ക്കാനും പ്രൂഫ് നോക്കാനും പുസ്തകങ്ങളിലേയ്ക്ക് വേണ്ട അത്യാവശ്യം കുറിപ്പുകള്‍ എഴുതാനും ബാങ്കിടപാടുകള്‍ മാനേജ് ചെയ്യാനും എല്ലാറ്റിനുംകൂടി ഒറ്റയൊരാളാണ്, അതും ജോലി കഴിഞ്ഞ് കണ്ടെത്തുന്ന ഇത്തിരി സമയത്താണ് ഇതെല്ലാം ചെയ്യുന്നത്. ശമ്പളം വാങ്ങിയോ അല്ലാതെയോ  പുസ്തകങ്ങളോടും ഈ പ്രവര്‍ത്തനത്തോടും ഇഷ്ടമോ പ്രതിബദ്ധതയോ സമര്‍പ്പിത ഭാവമോ ഉള്ള ഒരു ടീമുണ്ടെങ്കില്‍ മാത്രമേ (ഒരാളാണെങ്കില്‍ കൂടിയും) ഒരു വിജയം എന്ന രീതിയില്‍ പ്രസാധനത്തെ കൊണ്ടുപോകാന്‍ കഴിയൂ. അതേസമയം, മാര്‍ക്കറ്റിങ്ങിന്​ അതില്‍ വലിയ പ്രാധാന്യവുമുണ്ട്. ഒരു ബിസിനസ്​ കാഴ്ചപ്പാടില്‍ക്കൂടി നോക്കി കണ്ട് ഇടപെട്ടാല്‍ മാത്രമേ നഷ്ടം വരാതെ മുന്നോട്ടുപോകാന്‍ സാധിയ്ക്കൂ. അങ്ങനെ ഒരു സംവിധാനം ഗ്രീന്‍ പെപ്പറിന് ഇപ്പോഴുമില്ല എന്നത് ഒരു വെല്ലുവിളി തന്നെയാണ്. 

Binu Anamangadu Green pepper publica

ആദ്യ പുസ്തകം മുതല്‍ ഇതുവരെയിറങ്ങിയ പുസ്തകങ്ങളില്‍ 90 ശതമാനത്തിനും കവര്‍ ചെയ്തിരുന്നത് സുഹൃത്ത് കൂടിയായ മഹേഷ് ആയിരുന്നു. പ്രൊഫഷണല്‍ എന്ന രീതിയില്‍ തന്നെയാണ് മഹേഷ് അത് ചെയ്തിരുന്നതെങ്കില്‍കൂടിയും സൗഹൃദം കൂടിയുള്ളതിനാല്‍ മഹേഷിനു സാധ്യമല്ലാത്ത ഒരു സാഹചര്യത്തില്‍ മാത്രമാണ് മറ്റൊരു ഡിസൈനറെ അന്വേഷിച്ചിരുന്നത്. മഹേഷ് പോയത് ഒരു വലിയ വിടവുണ്ടാക്കി. അതുപോലെ തന്നെയാണ്, ഗ്രീന്‍ പെപ്പര്‍ ആരംഭിക്കാന്‍ പ്രോത്സാഹനം തന്ന സൗഹൃദങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. മരണം കൊണ്ടല്ലെങ്കിലും ജീവിതം കൊണ്ട് തന്നെ അത്രയും പ്രിയപ്പെട്ടവര്‍ എന്ന് കരുതിയവര്‍ അകന്നു പോവുകയും വല്ലാത്ത രീതിയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും അത് ഗ്രീന്‍ പെപ്പറിലും പ്രതിഫലിച്ചു. ഗ്രീന്‍ പെപ്പര്‍ അവസാനിക്കുകയാണ് എന്നുതന്നെ കരുതിയ നിരവധി സന്ദര്‍ഭങ്ങളുണ്ട്, എന്നാല്‍, ഇത് അവസാനിക്കുന്നു എന്നോര്‍ക്കുമ്പോള്‍ അനുഭവിക്കുന്ന ശൂന്യതയാണ് ഇപ്പോഴും മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്.

പാളിച്ചകള്‍

കയ്യില്‍ പണവും മനസ്സില്‍ ക്രിയേറ്റിവിറ്റിയും ഉള്ള ആര്‍ക്കു വേണമെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കാം. എന്നാല്‍ അത് വിപണനം ചെയ്ത്​ ചെലവായ പണം തിരികെ സ്വരൂപിക്കല്‍ അതുപോലെ സാധിക്കില്ല എന്നതാണ് എന്റെ വിലയിരുത്തല്‍. വ്യക്തിപരമായി, ഞാന്‍ ഒരു ബിസിനസ്​ മനസ്സുള്ള ആളല്ല. ഇത് പ്രസാധന മേഖലയില്‍ ഒരുപാട് പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇന്നോര്‍ക്കുമ്പോള്‍ അറിയാം, ബിസിനസ്​ ആയി കണ്ടിരുന്നെങ്കില്‍ ഗ്രീന്‍ പെപ്പര്‍ എന്ന സംരംഭം തന്നെ രക്ഷപ്പെടുമായിരുന്ന എത്രയോ പുസ്തകങ്ങള്‍ കയ്യിലൂടെ കടന്ന് പോയിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ അനുഭവം പരിശോധിയ്ക്കുമ്പോള്‍ സാമ്പത്തിക ഇടപെടലുകളില്‍ കാണിച്ച അനാസ്ഥയും മാര്‍ക്കറ്റിങ് രംഗത്ത് വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തതുമാണ് ഏറ്റവും വലിയ പരാജയം. 

ഒരുപാട് പേജുകളുള്ള ഒരു പുസ്തകം, അത്രയും ഡിമാന്‍ഡ് ഉണ്ടെന്ന ഉറപ്പില്‍, രണ്ടാമത് പ്രിന്റ്​ ചെയ്യുമ്പോള്‍ കൂടുതല്‍ നഷ്ടം വരുമെന്ന് കരുതി ആദ്യ പതിപ്പില്‍ തന്നെ 1500 കോപ്പികള്‍ പ്രിന്റ് ചെയ്യുകയുണ്ടായി. ഒരു വെറും വാക്കിന്റെ വിശ്വാസത്തിലുള്ള ഒരെടുത്തുചാട്ടമായിരുന്നു അത്. ആ പുസ്തകം 500 കോപ്പികള്‍ പോലും വിറ്റുപോയില്ല. അതുണ്ടാക്കിയ നഷ്ടവും വളരെ വലുതായിരുന്നു. ഈ രീതിയില്‍, ദീര്‍ഘ വീക്ഷണമില്ലാതെ ചെയ്ത ഒരുപാട് കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ പല പ്രയാസങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

പല എഴുത്തുകാരും, പ്രശസ്തരായവര്‍ ഉള്‍പ്പെടെ, പുസ്തകങ്ങള്‍ ഗ്രീന്‍ പെപ്പര്‍ എന്ന് ബാനറിനെയോ അല്ലെങ്കില്‍ ബിനു എന്ന് വ്യക്തിയെയൊ വിശ്വസിച്ച് ഏല്പിക്കുകയും അവര്‍ ആഗ്രഹിക്കുന്ന സമയത്ത് ആ പുസ്തകം ഇറക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ്​ മറ്റൊരു പരാജയം

അതുപോലെ മറ്റൊന്ന്, ചില സമയങ്ങളില്‍ കരുത്താണ് എന്ന് തോന്നുമെങ്കിലും ഒറ്റയ്ക്കുള്ള ഈ നില്‍പ് തന്നെയാണ്. ഒരു സ്ഥാപനം അല്ലെങ്കില്‍ ടീമാകുമ്പോള്‍ പരസ്പര ധാരണകളുടെയോ ഉടമ്പടികളുടെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകും. എന്നാല്‍, ഗ്രീന്‍ പെപ്പറിനെ സംബന്ധിച്ച്​പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നവര്‍ സുഹൃത്തുക്കളാണ്, അല്ലാതെ ഇതില്‍ ബാധ്യതയുള്ളവരല്ല. അവര്‍ നിര്‍വഹിക്കുന്ന കാര്യങ്ങളെ ഉത്തരവാദിത്തമായി പോലും കാണാന്‍ കഴിയില്ല, ഉണ്ടെങ്കില്‍ തന്നെയും അത് ബിനു എന്ന വ്യക്തിയോടുള്ള സൗഹൃദത്തിന്റെ ഉത്തരവാദിത്തം മാത്രമാണ് അല്ലാതെ സ്ഥാപനത്തോടല്ല.  അതുകൊണ്ടുതന്നെ, വ്യക്തിപരമായി എനിയ്ക്കുണ്ടായ എല്ലാ ആരോഹണാവരോഹണങ്ങളും നേരിട്ടോ അല്ലാതെയോ ഗ്രീന്‍ പെപ്പറിനെയും ബാധിച്ചിട്ടുണ്ട്. മാറിനിന്നു ചിന്തിയ്ക്കുമ്പോള്‍ അത് പാടില്ലായിരുന്നു എന്നെനിക്കറിയാം. എന്റെ മുറിവുകളും സങ്കടങ്ങളും എന്റെ ജോലിയെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു, എന്നാല്‍ ആ ശ്രദ്ധ ഗ്രീന്‍ പെപ്പറിന്റെ കാര്യത്തില്‍ പുലര്‍ത്താന്‍ കഴിഞ്ഞില്ല. വ്യക്തിജീവിതത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കനുസരിച്ച് ഞാനുലയുന്നതോടൊപ്പം ഗ്രീന്‍ പെപ്പറും ഉലഞ്ഞുകൊണ്ടിരുന്നു.

പല എഴുത്തുകാരും, പ്രശസ്തരായവര്‍ ഉള്‍പ്പെടെ, പുസ്തകങ്ങള്‍ ഗ്രീന്‍ പെപ്പര്‍ എന്ന് ബാനറിനെയോ അല്ലെങ്കില്‍ ബിനു എന്ന് വ്യക്തിയെയൊ വിശ്വസിച്ച് ഏല്പിക്കുകയും അവര്‍ ആഗ്രഹിക്കുന്ന സമയത്ത് ആ പുസ്തകം ഇറക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ്​ മറ്റൊരു പരാജയം. പുസ്തകം മനോഹരമായും ഏതൊരാളും ആഗ്രഹിയ്ക്കുന്ന  രൂപത്തിലും ഇറക്കിയെങ്കിലും ന്യായീകരിക്കാന്‍ കഴിയാത്ത കാലതാമസമെന്നത് ഒരു പിഴവ് തന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ ഇറങ്ങിയ പാടും പന്ത് (രവി മേനോന്‍) ഒരുദാഹരണമാണ്. പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടും ഇറക്കാം എന്നുപറഞ്ഞിട്ടും രണ്ട് വർഷത്തോളമെടുത്തു. മറ്റൊരു എഴുത്തുകാരനായിരുന്നെങ്കില്‍ തീര്‍ച്ചയായും, മതി ഇനി നിങ്ങള്‍ എന്റെ പുസ്തകം ഇറക്കണ്ട എന്ന് പറഞ്ഞേനെ. എന്നാല്‍, ഒറ്റയ്ക്കുള്ള ഓട്ടം അറിയുന്നതുകൊണ്ടോ സാമ്പത്തിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടോ എന്തോ അദ്ദേഹം ഒന്നും പറഞ്ഞില്ല, ക്ഷമയോടെ കാത്തിരുന്നു.

മഹേഷ് പോയശേഷം മഹേഷിന്റെ പേരില്‍ മികച്ച കവര്‍ ഡിസൈനര്‍ക്കുള്ള ഒരു അവാര്‍ഡ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യ അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു, സൈനുല്‍ ആബിദ് ആയിരുന്നു അവാര്‍ഡ് ജേതാവ്. എന്നാല്‍, കൃത്യമായി പ്ലാന്‍ ചെയ്യാനോ ഒരു ചടങ്ങ് നടത്തി ആ അവാര്‍ഡ് കൊടുക്കാനോ സാധിച്ചില്ല. ഒരു ജോലി എന്ന രീതിയിലോ സ്ഥാപനം എന്ന രീതിയിലോ പ്രൊഫഷണലിസം പാലിക്കുന്നതില്‍ പിഴവ് സംഭവിച്ചു എന്നതാണ് വാസ്തവം.

തിക്താനുഭവങ്ങള്‍

നല്ലൊരു വായനക്കാരിയും പല എഴുത്തുകാരുമായും സൗഹൃദം സൂക്ഷിച്ചിരുന്നവളുമായിരുന്ന എനിക്ക് അത് രണ്ടും നഷ്ടപ്പെട്ടു എന്നതാണ് ഒരു പ്രധാന കാര്യം. വായന, പുസ്തകം തെരഞ്ഞെടുക്കാനോ പ്രൂഫ് നോക്കാനോ വേണ്ടി മാത്രമായി മാറി. സൗഹൃദങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയുമുള്ള ബന്ധങ്ങളായിരുന്നു. ആ ഞാന്‍ ഒരു പബ്ലിഷര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ചില മാറ്റങ്ങളുണ്ട്. ഞാന്‍ പുസ്തകം ചോദിച്ചേക്കുമോ എന്ന് അവരും (പ്രശസ്തരായവര്‍ക്ക് അതിന്റെ ആവശ്യമില്ലല്ലോ, പ്രത്യേകിച്ച് വന്‍കിട പ്രസാധകര്‍ കാത്തു നില്‍ക്കുമ്പോള്‍) പുസ്തകം പ്രസിദ്ധീകരിച്ചാല്‍, അവരര്‍ഹിക്കുന്ന രീതിയില്‍ വിപണിയിലെത്തിക്കാനും റോയല്‍റ്റി കൊടുക്കാന്‍ എനിക്ക് കഴിയാതെ വരുമോ എന്ന് ഞാനും സംശയിക്കുന്ന ഒരവസ്ഥ വന്നു. അടുത്ത സൗഹൃദമുണ്ടായിരുന്ന എഴുത്തുകാരുടെ ആരുടെയും പുസ്തകങ്ങള്‍ ഇറക്കിയില്ല, ഞാന്‍ അവരോടോ അവര്‍ എന്നോടോ അതേക്കുറിച്ച് സംസാരിച്ചില്ല. ഗ്രീന്‍ പെപ്പറില്‍ നിന്ന് വേറിട്ട് എനിക്ക് മുന്നോട്ടു പോകാന്‍ കഴിയാതെ വന്നതുകൊണ്ട് സ്വാഭാവികമായി ആ സൗഹൃദങ്ങളില്‍ മിക്കതും ഇല്ലാതായി.

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായ 13 പേർ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ഇടപെടലിനെക്കുറിച്ചുള്ള, ‘ പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ്.
കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായ 13 പേർ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ഇടപെടലിനെക്കുറിച്ചുള്ള, ‘ പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ’ എന്ന പുസ്തകം എം. സ്വരാജ് പ്രകാശനം ചെയ്യുന്നു.

ആദ്യപുസ്തകം ഇറങ്ങി കൃത്യം ഒരു വർഷം കഴിഞ്ഞാണ് അഷിതയുടെ കത്തുകള്‍ ഇറങ്ങുന്നത്. അത് ഗ്രീന്‍ പേപ്പറിന്റെ പതിനൊന്നാമത്തെ പുസ്തകമായിരുന്നു. ഇന്‍ലന്റിന്റെ മാതൃകയിലാണ് ആ പുസ്തകം ലേ ഔട്ട് ചെയ്തത്. പുസ്തകം ഇറങ്ങി, കുറച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ഹൈക്കു കവിതകളുടെ രണ്ടാം പതിപ്പ് ഇറക്കാന്‍ തീരുമാനിക്കുന്നത്. ഇതിനിടയില്‍ ഈ രണ്ട് പുസ്തകങ്ങളും വിറ്റ് ഗ്രീന്‍ പെപ്പര്‍ നല്ലൊരു തുക സമ്പാദിച്ചു എന്നോ മറ്റോ ആരോ അഷിതാമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചിരിയ്ക്കണം. ഹൈക്കു കവിതകള്‍ ആദ്യ പതിപ്പ് വിറ്റു കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യവുമാണ്, പണം കിട്ടിയില്ല എന്നത് എഴുത്തുകാരിയുടെ കുഴപ്പം കൊണ്ടല്ലല്ലോ. ആവശ്യപ്പെട്ട ചെറിയ തുക കൊടുത്തെങ്കിലും ഈ പുസ്തകങ്ങള്‍ മറ്റൊരു പ്രസാധകര്‍ക്ക് നല്‍കുകയാണെന്നും ഇനി ഗ്രീന്‍ പെപ്പര്‍ വില്‍ക്കേണ്ട എന്നുമായിരുന്നു എഴുത്തുകാരിയുടെ തീരുമാനം. സാഹിത്യ രംഗത്തോ പ്രസാധന രംഗത്തോ ഒന്നുമല്ലാത്ത, വെറും 10 പുസ്തകങ്ങള്‍ മാത്രം ഇറക്കിയ ഒരാള്‍ എന്ത് ചെയ്യാനാണ്? ആ പുസ്തകങ്ങളത്രയും എടുത്ത് കത്തിച്ച് കളയാന്‍ വരെ തോന്നിപ്പോയ സന്ദര്‍ഭമായിരുന്നു അത്. സാമ്പത്തിക നഷ്ടമുണ്ട്, എന്നാല്‍ അതിലുപരി അന്നുണ്ടായ മാനസിക സംഘര്‍ഷം വളരെ വലുതായിരുന്നു. 
മികച്ചതെന്നും വിപണന സാധ്യതയുണ്ടെന്നും ഞാന്‍ വിശ്വസിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിന് തൊട്ടു മുന്‍പായി എനിക്ക് ഒരു മെസ്സേജ് ലഭിക്കുന്നു, പുസ്തകങ്ങള്‍ എഴുതിയ ആളെക്കുറിച്ച്.  ഈ രണ്ട് വ്യക്തികളുടെ ജീവിതത്തിലെ കാപട്യത്തെക്കുറിച്ചായിരുന്നു അത്. എഴുത്തുകാരന്റെ ജീവിതമെന്തിന് പബ്ലിഷര്‍ നോക്കണം, എഴുത്ത് മാത്രം നോക്കിയാല്‍ പോരെ എന്ന ചോദ്യം ഉയരുമ്പോഴും അതില്‍ ഒരു പുസ്തകം ആത്മാംശമുള്ളതായിരുന്നു എന്നതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്. അതേത്തുടര്‍ന്നുണ്ടായ ചില അന്വേഷണങ്ങളില്‍ നിന്ന് ഞാന്‍ അറിഞ്ഞത് സത്യമാണെന്നും പുസ്തകമെന്ന് യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമൊന്നുമില്ലെന്നും ഫിക്ഷന് തുല്യമാണെന്നും മനസ്സിലാക്കുന്നു. എന്നാല്‍, ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോയി. പുസ്തകം പ്രിൻറ്​ ചെയ്തു, പ്രകാശനം തീരുമാനിച്ചു, ക്ഷണക്കത്തുവരെ പ്രിൻറ്​ ചെയ്തു. ഇനിയുമൊരു സാമ്പത്തിക പ്രതിസന്ധി താങ്ങാന്‍ കഴിയില്ല എന്നതുകൊണ്ട് ആ പുസ്തകവുമായി മുന്നോട്ട് പോകേണ്ടി വന്നു. ഒരു ബിസിനസ്​ എന്ന രീതിയില്‍ പ്രസാധനത്തെ കാണാന്‍ സാധിച്ചാല്‍ ഇത്തരം ഡിലെമകള്‍ ഒഴിവാക്കാന്‍ കഴിയും, എന്നാല്‍ പലപ്പൊഴും വൈകാരികമായാണ് ഞാന്‍ പുസ്തകങ്ങളെയും സമീപിച്ചത്. എഴുതുന്നതെല്ലാം യാഥാര്‍ത്ഥ്യമാണെന്നും എഴുത്തുകാരൊക്കെ അത്രയും നന്മയുള്ളവരാണെന്നുമൊക്കെ വിശ്വസിച്ചിരുന്ന, ഇപ്പോഴും ഇടക്കിടെ തോന്നുന്ന ഒരു പ്രത്യേക അസുഖത്തിനു അടിമയായിരുന്നു ഞാന്‍. 

ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങള്‍ ഈ മേഖലയില്‍ വന്നതിനു ശേഷം ഉണ്ടായിട്ടുണ്ട്. ഒരിയ്ക്കല്‍ പ്രശസ്തനായ ഒരെഴുത്തുകാരന്‍, അദ്ദേഹത്തിന്റെ ചില കവിതകള്‍ പുസ്തകമാക്കാന്‍ ഗ്രീന്‍ പെപ്പറിനെ ഏല്പിച്ചു. പുസ്തകത്തിന്റെ ലേ ഔട്ട് ഒക്കെ ചെയ്ത ആദ്യ പ്രൂഫ് വായനയുടെ സമയത്ത്, അദ്ദേഹം വിളിച്ചു ചോദിക്കുന്നു, ‘ബിനു, നിങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആള്‍ക്കാരാണോ?' 
‘ഇവിടെ അങ്ങനെ ആള്‍ക്കാരൊന്നുമില്ല, ഞാന്‍ മാത്രമെയുള്ളൂ. പാര്‍ട്ടി മെമ്പറൊന്നുമല്ല, എങ്കിലും ഒരു പക്ഷം എന്ന്പറഞ്ഞാലത് ഇടതുപക്ഷമാണ്, എന്താണ്​ മാഷെ'.
‘അല്ല, മറ്റൊന്നുമല്ല, ഞാന്‍ ആര്‍. എസ്. എസിന്റെ ആളാണ്​, നിങ്ങള്‍ എന്റെ പുസ്തകം ഇറക്കുന്നതില്‍ എനിയ്ക്ക് താല്പര്യമില്ല'.
ഒരു നിമിഷം സ്തംബ്ധിച്ചു പോയെങ്കിലും പറഞ്ഞു, ‘മാഷേ, അക്ഷരങ്ങള്‍ക്ക് ആര്‍. എസ്. എസ് എന്നോ ഇടതുപക്ഷം എന്നോ ഒക്കെയുണ്ടോ?' ആ പുസ്തകം നഷ്ടപ്പെട്ടതില്‍ ഇന്നും വലിയ ദുഃഖമൊന്നുമില്ല, എന്നാലാ കാഴ്ചപ്പാട് വേദനിപ്പിച്ചു. സമാനമാണ്, പുസ്തകം ഇറക്കുന്നതിന്റെ ആദ്യ ചര്‍ച്ചയെല്ലാം കഴിഞ്ഞ്​ ഗ്രീന്‍ പെപ്പര്‍ വഴി ഇറക്കാം എന്ന ഉറപ്പിന്മേല്‍ ലേഔട്ട് മോഡല്‍ പ്രത്യേകമായി ചെയ്ത്​ തയ്യാറാക്കി ഡ്രാഫ്റ്റ് അയച്ചപ്പോള്‍,  ‘സോറി, നിങ്ങള്‍ ലേറ്റ് ആയതുകൊണ്ട് ഞാന്‍ മറ്റൊരു പബ്ലിഷര്‍ക്ക് കൊടുത്തുപോയി' എന്ന മറുപടി കിട്ടിയതും.
നിരാശപ്പെടുത്തുന്നതും ചെറുതെങ്കിലും മുന്‍പോട്ടുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതുമാണ് ഇത്തരം അനുഭവങ്ങളെന്നു പറയാതെ വയ്യ.

5000 കോപ്പികള്‍ എങ്ങനെയായാലും വിറ്റുപോകും, ഞാന്‍ തന്നെ മാര്‍ക്കറ്റ് ചെയ്യും, എന്ന് എഴുത്തുകാരന്റെ ഉറപ്പ് ഉണ്ടായിരുന്നെങ്കിലും മുന്‍ അനുഭവങ്ങളുള്ളതിനാല്‍, 500 കോപ്പി ആദ്യപതിപ്പായി പ്രിന്റ് ചെയ്ത മറ്റൊരു പുസ്തകമുണ്ട്. മറ്റു പല പബ്ലിഷേഴ്‌സുമായും സംസാരിച്ചപ്പോള്‍ പബ്ലിഷ് ചെയ്യാന്‍ പണം ആവശ്യപ്പെട്ടെന്നും പണം നല്കകാനാകില്ല, എന്നാല്‍ പുസ്തകം 5000 കോപ്പി വരെ ആവശ്യക്കാര്‍ ഉണ്ട്, ആ വില്പന ഉറപ്പാക്കാം എന്നുമാണു പറഞ്ഞിരുന്നത്. പുസ്തകമിറങ്ങി ഏതാണ്ട് 300 കോപ്പിയോളം വിറ്റ് കഴിഞ്ഞ സമയത്താണ്  എഴുത്തുകാരന്‍ കണക്ക് ചോദിക്കുന്നതും അദ്ദേഹത്തിനു അര്‍ഹതപ്പെട്ട പണം ആവശ്യപ്പെടുന്നതും.

ഗ്രീന്‍ പെപ്പര്‍ എന്നത് എന്റെ അത്രയും പ്രിയപ്പെട്ട ഒന്നാവുകയും എന്നാല്‍ മുന്നോട്ട് പോകാന്‍ സാധ്യതകളൊന്നുമില്ലാതിരിക്കുകയും ചെയ്ത പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയില്ല എന്നുതന്നെ തീരുമാനിച്ചിട്ടുണ്ട്.

ബാക്കിയുള്ള പുസ്തകം എഴുത്തുകാരന്‍ സ്വയം വിറ്റോളാം എന്നും പറയുന്നു. അതിന്റെ പിറകെ പോയി സംഘര്‍ഷത്തിലാകാന്‍ വയ്യ എന്നതുകൊണ്ട് അങ്ങനെയാവട്ടെ എന്നു സമ്മതിച്ച്, പ്രിന്റ് ചെയ്ത പുസ്തകത്തിന്റെയും വില്പന നടന്ന പുസ്തകങ്ങളുടെയും വിവരങ്ങള്‍ കൈമാറുമ്പോള്‍ കിട്ടിയ മറുപടി,  "നിങ്ങള്‍ നുണ പറയുകയാണ്, നിങ്ങള്‍ പ്രിന്റ ചെയ്തത് 500 കോപ്പിയല്ല എന്ന് എനിയ്ക്കറിയാം, അതിലും കൂടുതല്‍ നിങ്ങള്‍ പ്രിന്റ ചെയ്തിട്ടും പ്രസ്സില്‍ നിന്ന് എടുത്തിട്ടുമുണ്ട്' എന്നാണ്. പ്രൊഫഷണല്‍ ആയി ഇത്തരം നിമിഷങ്ങളില്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. വ്യക്തിപരമായി എന്റെ നൈതികതയെയും സത്യസന്ധതയെയും ആക്ഷേപിക്കയും  ചോദ്യം ചെയ്യുകയും  ചെയ്ത സന്ദര്‍ഭമായിരുന്നു അത്. അതുപോലെയോ മറ്റെന്തെങ്കിലും രീതിയിലോ കള്ളം കാണിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇത്തരം സാമ്പത്തിക പ്രയാസങ്ങളോ ഇഴച്ചിലുകളൊ ഗ്രീന്‍ പെപ്പറിനോ വ്യക്തിജീവിതത്തിലോ  ഉണ്ടാകുമായിരുന്നില്ല.

ഇനിയും മുന്നോട്ട്

ക്വാളിറ്റി അല്പം കുറച്ച് പുസ്തകം ഇറക്കാമെന്നും പുസ്തകം വായിച്ചാല്‍ പോരേ, ഇത്രയ്ക്കൊക്കെ നോക്കാനുണ്ടോ എന്നുമൊക്കെ പലരും തുടക്കത്തിലെ അരിഷ്ടതകള്‍ കണ്ട് പറഞ്ഞിരുന്നു. പക്ഷെ എന്തുസംഭവിച്ചാലും അതില്‍ വിട്ടുവീഴ്ചയില്ല എന്നുറപ്പിച്ചിരുന്നു. ഇന്നിപ്പോള്‍ ഏഴുവർഷം പൂര്‍ത്തിയാകുമ്പോഴും ആ നിലപാടില്‍ മാറ്റമില്ല. ഇറക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറച്ചാലും അത് മികച്ച രീതിയില്‍ തന്നെ ഇറക്കാനാണ് തീരുമാനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി  ചില മാതൃഭൂമി ബുക്​ ഷോപ്പ്​ ഒഴികെ മറ്റു സ്റ്റാളുകളില്‍ പുസ്തകം നല്‍കാറില്ല. ഓണ്‍ലൈന്‍ വില്പനയും വി.പി.പി ആയും നേരിട്ട് പണമടക്കുന്നവര്‍ക്കും തപാല്‍ വഴി പുസ്തകം അയക്കുകയുമാണ് ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേരിട്ടുള്ള വില്പന (വാട്‌സ്​ആപ്പ്​, ഗൂഗിള്‍ പേ എന്നിവ) യുടെ സാധ്യത ഇപ്പോള്‍ കൂടിയിട്ടുമുണ്ട്. 

Binu Anamangadu Green pepper publica

ഗ്രീന്‍ പെപ്പര്‍ എന്നത് എന്റെ അത്രയും പ്രിയപ്പെട്ട ഒന്നാവുകയും എന്നാല്‍ മുന്നോട്ട് പോകാന്‍ സാധ്യതകളൊന്നുമില്ലാതിരിക്കുകയും ചെയ്ത പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയില്ല എന്നുതന്നെ തീരുമാനിച്ചിട്ടുണ്ട്, എന്നാല്‍ പിന്നെയും ഒരു ശ്രമം കൂടി എന്ന് മുന്നോട്ടു പോയിട്ടുണ്ട്. ഗ്രേസി ടീച്ചര്‍, മധുപാല്‍, പി. ശ്രീകുമാര്‍, രാധിക സി. നായര്‍, ഡി. യേശുദാസ്, അലി കടുകശ്ശേരി, ഷെരീഫ് സാഗര്‍, റിജാം റാവുത്തര്‍, ഗിരീഷ് വര്‍മ ബാലുശ്ശേരി, ഫിറോസ് എ. അസീസ്, ശാലിനി നായര്‍, ദേവി ജെ. എസ്., പോളി വര്‍ഗീസ്, സലിഷ് ജോണി, ടി.പി. വിനോദ്, ജിജി ജോഗി, വനജ വാസുദേവ്, ജോണി വര്‍ക്കി, വിനോദ് കൃഷ്ണ, മനോജ് മേനോന്‍, കെ.വി. മോഹന്‍ കുമാര്‍, റീമ അജോയ്, ഹരിത ഉണ്ണിത്താന്‍ തുടങ്ങി പല എഴുത്തുകാരുടെയും പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഏഴു വര്‍ഷം കൊണ്ട് 56 പുസ്തകങ്ങളാണ് ഗ്രീന്‍ പെപ്പറിലൂടെ വെളിച്ചം കണ്ടത്. എന്നാല്‍, ഒരു പുസ്തകം പോലും ഇറക്കാത്ത വര്‍ഷവും ഉണ്ടായിട്ടുണ്ട്.  

ഇപ്പോഴും നേരിടുന്ന വെല്ലുവിളികളും സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ല. സഹായിക്കാനോ ഒപ്പം നിന്നു നയിക്കാനോ ഇപ്പോഴും മറ്റാരുമില്ല, തനിച്ച് തന്നെയാണ് എല്ലാ യുദ്ധങ്ങളും. എന്നാല്‍, ഈ യുദ്ധം തുടരുക തന്നെ ചെയ്യും. എന്തെന്നാല്‍, നിലവില്‍ ഇത് തുടര്‍ന്നുകൊണ്ടുപോകുന്നത് തന്നെ ഞാന്‍ നയിക്കുന്ന ഏറ്റവും വലിയ സമരമാണ് എന്നെനിക്ക് തീര്‍ച്ചയുണ്ട്. ​​​​​​​


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്,  ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. 

Audio