സഭയും സാമ്പത്തികവും
മുജീബ് റഹ്മാൻ കിനാലൂര്‍
സഭ- ബി.ജെ.പി ഡീല്‍ ലളിതം;
ഒഴുകണം, കോടികളുടെ വിദേശ ഫണ്ട്
ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ അമെന്റ്‌മെന്റ് ബില്‍ ക്രൈസ്തവ സഭകളെ എത്ര ആഴത്തില്‍ ബാധിക്കുമെന്ന് വിദേശ സഹായം നേടുന്നവരുടെ ലിസ്റ്റ് എളുപ്പം ബോധ്യപ്പെടുത്തുന്നു. തങ്ങളുടെ സാമ്പത്തിക നിലനില്‍പ്പ് അവതാളത്തിലാകാന്‍ പോകുന്നു എന്ന ഭീതിയാണ് ഏതറ്റം വരെ പോകാനും സഭകള്‍ തീരുമാനിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ പ്രേരണ.

നട്ടാല്‍ മുളയ്ക്കാത്ത കള്ളങ്ങളും, പരമ വൃത്തികേടുകളും വര്‍ഗീയ വിഷവും മുസ്‌ലിം സമുദായത്തിനെതിരെ തുറന്നുവിടാന്‍ ക്രൈസ്തവ സഭയുടെ മേലധ്യക്ഷന്മാര്‍ തുനിഞ്ഞിറങ്ങിയത് സംഘപരിവാരത്തെ പ്രീണിപ്പിക്കാണെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ ഈ പ്രീണനത്തിന്റെ അടിയന്തര സാഹചര്യമെന്താണ്?. കേരളത്തിലെ ബി.ജെ.പിയുടെ തണല്‍പറ്റി അധികാരത്തിന്റെ ഓഹരി പറ്റാം എന്ന താല്‍പര്യമാണോ?. ബി.ജെ.പി അങ്ങനെ മനഃപ്പായസമുണ്ണുന്നുണ്ടാകാം. എന്നാല്‍ സഭയെ സംബന്ധിച്ച് അധികാരമോഹം രണ്ടാമതേ വരുന്നുള്ളൂ. പ്രഥമവും പ്രധാനവും സാമ്പത്തികമാണ്.
കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കുകീഴിലെ ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള ദൈനംദിന ചെലവ് കോടികളുടേതാണ്. ചര്‍ച്ചുകളും സന്ന്യാസ മഠങ്ങളും സെമിനാരികളും അനാഥാലയങ്ങളും ആശുപത്രികളും പത്രസ്ഥാപനങ്ങളുമെല്ലാം അതിലുണ്ട്. പ്രളയങ്ങള്‍ക്ക് പിന്നാലെ കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ സാമ്പത്തിക രംഗത്തുണ്ടായ തകര്‍ച്ച സഭകളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പുതിയ പള്ളികളുടെ നിര്‍മാണവും രൂപതകള്‍ക്കുകീഴിലുള്ള പല പദ്ധതികളും വിദേശ സഹായത്തെ ആശ്രയിച്ചാണ് നടന്നുപോന്നിരുന്നത്. ഇന്ത്യന്‍ ക്രൈസ്തവരുടെ പ്രവാസി സംഘടനകളും വിദേശ ക്രൈസ്തവ സംഘടനകളുമാണ് വന്‍തോതില്‍ ഫണ്ട് നല്‍കി സഭകളെ സഹായിച്ചു പോരുന്നത്. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ഉടനെ വിദേശ ഫണ്ടിംഗിനെതിരെ കര്‍ശന നീക്കം തുടങ്ങി. മതസ്ഥാപനങ്ങളും എന്‍.ജി.ഒകളും വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിനെതിരെ കടുത്ത നിയമങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിയതോടെ ക്രൈസ്തവ സഭകള്‍ ബി.ജെ.പി യോടുള്ള നിലപാടുകളില്‍ അയവ് വരുത്താനും അവരെ പരമാവധി പ്രീണിപ്പിക്കാനും തയ്യാറാവുകയായിരുന്നു.
തങ്ങളുടെ സാമൂഹ്യ- സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് തണലാകും വിധം ബി.ജെ.പിയെ ഉപയോഗിക്കാനാകും സഭ ഇപ്പോള്‍ ചതുരുപായങ്ങള്‍ പയറ്റുന്നത്
വിദേശ സഹായങ്ങള്‍ക്ക് വിലങ്ങ്
കഴിഞ്ഞ വര്‍ഷമാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ അമെൻറ്മെൻറ് ബില്‍ കേന്ദ്രം കൊണ്ടുവന്നത്. വിദേശ സഹായം ലഭിക്കുന്ന സംഘടനകള്‍ക്ക് മൂക്കുകയറിടാന്‍ കൊണ്ടുവന്ന ഈ ബില്‍ ഏറ്റവും നഷ്ടം വരുത്തുക ക്രൈസ്തവ സംഘടനകള്‍ക്കും സഭകള്‍ക്കുമാണ്. പുതിയ പല കുരുക്കുകളും ഈ നിയമത്തിലുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ ഫണ്ട് കൈമാറാന്‍ പാടില്ല എന്നതാണ് ഒരു പ്രധാന ഭേദഗതി. കേന്ദ്രീകൃത സംഘടനകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു ഈ നടപടി. മലയോര- ഗ്രാമീണ മേഖലകളിലും മറ്റും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിദേശ സഹായം എത്തിക്കാന്‍ ഈ നടപടി വിനയാകുമെന്ന് ക്രൈസ്തവ സഭകള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അക്കൗണ്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി ബ്രാഞ്ചില്‍ മാത്രമേ തുടങ്ങാവൂ എന്നതാണ് മറ്റൊരു ഭേദഗതി.

സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ് എന്ന നിബന്ധനയും പണമൊഴുക്കിന് തടസം സൃഷ്ടിക്കും. പ്രധാനപ്പെട്ട മറ്റൊരു ഭേദഗതി, ഒരു സന്നദ്ധ സംഘടനയും ആ സംഘടനയുടെ ഭരണപരമായ പ്രവര്‍ത്തനത്തിന്റെ 20 ശതമാനം മാത്രമേ വിദേശ പണമായി സ്വീകരിക്കാവൂ എന്നതാണ്. മുമ്പ് 50 ശതമാനം വരെ തുക ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ എന്‍.ജി.ഒകള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ മത പ്രചാരണത്തിനും മറ്റും വക മാറ്റാനുള്ള പഴുതാണ് ഇതിലൂടെ അടഞ്ഞത്.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മുതല്‍ 20,457 സര്‍ക്കാരിതര സംഘടനകളുടെ എഫ്.സി.ആര്‍.ഐ രജിസ്ട്രേഷനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതിലേറെയും ക്രൈസ്തവ സംഘടനകളാണ്
ഇതിനെല്ലാം പുറമെ സര്‍ക്കാരിന് ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഏത് സമയത്തും അന്വേഷണം നടത്താനും ചട്ടം ലംഘിച്ചെന്നുകണ്ടാല്‍ അന്വേഷണത്തിന് ഉത്തരവിടാനും അതുവരെ വിദേശ സഹായം കൈപ്പറ്റരുതെന്ന് നിര്‍ദ്ദേശിക്കാനും സാധിക്കും. അതുവരെ ലഭിച്ച, എന്നാല്‍ ഉപയോഗിക്കാതിരുന്ന ഫണ്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും പുതിയ ഭേദഗതിയിലുണ്ട്.
ലൈസന്‍സ് റദ്ദാക്കല്‍
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മുതല്‍ 20,457 സര്‍ക്കാരിതര സംഘടനകളുടെ എഫ്.സി.ആര്‍.ഐ രജിസ്ട്രേഷനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതിലേറെയും ക്രൈസ്തവ സംഘടനകളാണ്. ജാര്‍ഖണ്ഡിലെ എക്രിയോസോകുലിസ് വടക്ക് പടിഞ്ഞാറന്‍ ഗോസ്സ്‌നര്‍ ഇവാഞ്ചലിക്കല്‍, മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്‍ (ഇ.സി.എ), ജാര്‍ഖണ്ഡിലെ തന്നെ നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, മുംബൈയിലെ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് അസോസിയേഷന്‍ (എന്‍.എല്‍.എഫ്.എ) എന്നീ സംഘടനകളുടെ എഫ്.സി.ആര്‍. എ ലൈസന്‍സ് റദ്ദാക്കപ്പെട്ടതായി ‘പ്രവാചക ശബ്ദം' എന്ന ക്രൈസ്തവ പ്രസിദ്ധീകരണം (സപ്തം 8, 2020) റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്ക ആസ്ഥാനമായ രണ്ടു ക്രിസ്ത്യന്‍ സംഘടനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളതായും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക ആസ്ഥാനമായ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവയാണവ.

രാജ്‌നന്ദ ഗാവോണ്‍ ലെപ്രസി ഹോസ്പിറ്റല്‍, ഡോണ്‍ബോസ്‌കോ ട്രൈബല്‍ ഡെവലപ്‌മെൻറ് സൊസൈറ്റി എന്നിവയാണ് ലൈസന്‍സ് റദ്ദാക്കപ്പെറ്റ് മറ്റ് രണ്ടു സംഘടനകള്‍. കംപാഷന്‍ ഇന്റര്‍നാഷ്ണല്‍ എന്ന അമേരിക്കന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ സംഭാവനകള്‍ 2017-ല്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. ബ്ലൂംബര്‍ഗ് ഫിലാന്ത്രോപ്പീസ് എന്ന അമേരിക്കന്‍ സംഘടനയില്‍ നിന്ന് സംഭാവന സ്വീകരിച്ച രണ്ടു സംഘടനകളുടെ ലൈസന്‍സും ഇതേ വര്‍ഷം റദ്ദാക്കപ്പെട്ടിരുന്നു. ഏറെ പഴക്കം ചെന്ന സംഘടനകളുടെ എഫ്.സി.ആര്‍.ഐ രജിസ്ട്രേഷനുകള്‍ റദ്ദാക്കിയത് സഭകളെ ശരിക്കും ഭയപ്പെടുത്തുക തന്നെ ചെയ്തു.
വിദേശ ഫണ്ട് കേരള സഭകള്‍ക്ക്
2010-12 കാലഘട്ടത്തില്‍ ഒരു കോടിയിലധികം വിദേശ സഹായം കൈപ്പറ്റിയ സംഘടനകളുടെ പേരുവിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തിയിരുന്നു. കേരളത്തിലുള്ള 143 മത-സാമുദായിക സന്നദ്ധ സംഘടകള്‍ക്കാണ് കോടികളുടെ വിദേശ സഹായം ലഭിക്കുന്നത്. മാതാ അമൃതാനന്ദമയി മഠവും ബിലീവേഴ്സ് ചര്‍ച്ച് ഓഫ് ഇന്ത്യയും ഇതിലുണ്ട്. കെ.ടി. യോഹന്നാന്റെ ബീലിവേഴ്സ് ചര്‍ച്ചിന് 160 കോടി രൂപ ലഭിക്കുന്നതായാണ് അന്ന് വെളിപ്പെടുത്തിയത്. ബിലീവേഴ്സ് ചര്‍ച്ചിന് ടെക്സാസില്‍ നിന്നാണ് കൂടുതല്‍ ധനസഹായം ലഭിച്ചത്. കുഴല്‍ക്കിണര്‍ കുഴിക്കാനെന്ന പേരില്‍ 17.29 കോടി രൂപ സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വാരാപ്പുഴ, തൃശൂര്‍, കൊച്ചി, കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം ക്രൈസ്തവ രൂപതകളും നെയ്യാറ്റിന്‍കര രൂപത, മധ്യകേരള ഇടവക, കൊല്ലം രൂപതകളും കോടികള്‍ ധനസഹായം കൈപ്പറ്റുന്നതായി ആ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ഒരു കോടിയിലധികം രൂപ വിദേശത്തുനിന്ന് കൈപ്പറ്റിയ 57 സന്നദ്ധ സംഘടനകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏഴെണ്ണം ഒഴികെ എല്ലാം ക്രൈസ്തവ സംഘടനകളാണ്
2012 ജൂലൈ 4 ന് ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളുടെ കണക്കുകള്‍ വിശദമായി നല്‍കിയിരുന്നു. കേരളത്തിലെ സന്നദ്ധ സംഘടനകള്‍ പ്രസ്തുത സാമ്പത്തിക വര്‍ഷം 425 കോടി രൂപ വിദേശത്തുനിന്ന് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 436 സംഘടനകള്‍ക്കാണ് ഇത്രയും പണം വന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദേശ പണം എത്തിയത് കെ. പി. യോഹന്നാന്റെ തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയ്ക്കാണ്. 159,91,67,620 രൂപയാണ് ഒരു വര്‍ഷം മാത്രം യോഹന്നാന് ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം വന്ന ജില്ലയും പത്തനംതിട്ടയാണ്. 195 കോടിയാണ് പത്തനംതിട്ട ജില്ലയിലേക്ക് വിദേശത്തുനിന്ന് എത്തിയിരിക്കുന്നത്.
11 എന്‍.ജി.ഒകള്‍ക്കാണ് ഈ പണം വന്നത്; എല്ലാം ക്രിസ്ത്യന്‍ സംഘടനകള്‍. 39 കോടി രൂപ എത്തിയ കോഴിക്കോട് രണ്ടാം സ്ഥാനത്തും 23 കോടി രൂപ എത്തിയ തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3,78,933 സന്നദ്ധ സംഘടനകളാണ്. ഇതില്‍ 18,142 സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 436 സംഘടനകള്‍ക്കാണ് പ്രസ്തുത വര്‍ഷം വിദേശത്തുനിന്ന് പണം കിട്ടയത്.
436 സംഘടനകളില്‍ 385 എണ്ണവും ക്രിസ്ത്യന്‍ സഭകളാണ്. ഒമ്പതെണ്ണം മാത്രമാണ് ഹിന്ദു സംഘടനകള്‍. 42 എണ്ണം മുസ്‌ലിം മാനേജ്‌മെൻറിന്റെ സംഘടനകളാണ്. 2010ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമേ സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തുനിന്ന് സഹായം കൈപ്പറ്റാന്‍ കഴിയൂ. ലഭിച്ച പണത്തിന്റെ വരവുചെലവിനങ്ങള്‍ അതാത് വര്‍ഷം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ കണക്ക് പരിശോധിക്കും. കണക്ക് ഹാജരാക്കിയത് 436 സന്നദ്ധ സംഘടനകളാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 18,142 സംഘടനകളില്‍ എത്ര കോടി വ്യവസ്ഥാപിത രീതിയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയെന്നതിന് വ്യക്തതയില്ല- ജന്മഭൂമി പറയുന്നു.

ഒരു കോടിയിലധികം രൂപ വിദേശത്തുനിന്ന് കൈപ്പറ്റിയ 57 സന്നദ്ധ സംഘടനകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏഴെണ്ണം ഒഴികെ എല്ലാം ക്രൈസ്തവ സംഘടനകളാണ്. ഹിന്ദു സംഘടനകള്‍ രണ്ടെണ്ണം മാത്രം. മുസ്‌ലിം സംഘടനകളില്‍ ഏറ്റവും തുക ലഭിച്ചത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സംഘടനയായ കാരന്തൂര്‍ മര്‍ക്കസിനാണ് (12,97,03,139), ഹിന്ദു സംഘടനകളില്‍ ഏറ്റവും പണം ലഭിച്ചത് മാലക്കര ശ്രീവിദ്യാസമിതിക്കാണ് (29,90,48,400).
പണം പറ്റുന്നവര്‍
ജന്മഭൂമി റിപ്പോര്‍ട്ട് തുടരുന്നു: ഡിവൈന്‍ ചില്‍ഡ്രന്‍സ് ഹോം, പൂജപ്പുര (1,15,23,467), ലാറ്റിന്‍ ആര്‍ച്ച് ബിഷപ്പ് ഹൗസ്, വെള്ളയമ്പലം (1,62,26,278), ടി.എസ്.എസ്.എസ് ആര്‍ച്ച് ബിഷപ്പ് ഹൗസ്, വെള്ളയമ്പലം (2,20,88,633), ബെറ്റ്‌സയ്ദ വുമണ്‍സ് സൊസൈറ്റി, വിഴിഞ്ഞം (2,24,72,002), ഡെയില്‍വ്യൂ ആര്യനാട് (2,52,20,552), വിംഗ്‌സ് ഓഫ് ഫ്‌ളൈ, വെള്ളനാട് (2,88,76,988), ശിവാനന്ദ ആശ്രമം, നെയ്യാര്‍ഡാം (1,04,85,715), കത്തോലിക്ക കൗണ്‍സില്‍ ചര്‍ച്ച്, നീണ്ടകര (2,66,11,074), ശ്രീവിദ്യാ സമിതി, മാലക്കര (29,90,48,400), ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി, മണക്കാല (2,11,28,407), സെൻറ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, മഞ്ചാടി (1,92,61,916), കത്തോലിക്ക ഡയോസിസ്, പാലാ (25,56,77,485), സി.എസ്.ഐ ട്രസ്റ്റ്, മേലുകാവ്മറ്റം (1,74,27,327), സെൻറ് തോമസ് മിഷന്‍, മേപ്പാറ (5,33,43814), കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (11,16,91,173), ക്ലാരറ്റ് ഭവന്‍, കുറവിലങ്ങാട് (4,16,31,599), പ്രിസണ്‍ ഫെലോഷിപ്പ്, വടവാതൂര്‍ (1,07,02,073), കാഞ്ഞിരപ്പള്ളി രൂപത (29,88,82,492), മലനാട് ഡെവലപ്പ്‌മെൻറ് സൊസൈറ്റി, പറുത്തോട് (11,40,19,490), ഇന്റര്‍കോളീജിയറ്റ് പ്രെയര്‍ ഫെലോഷിപ്പ്, ചങ്ങനാശ്ശേരി (1,08,17,380), ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ്, ചിങ്ങവനം (7,34,52,038), സെയ്വേ ഫാമിലി, പാറപ്പുറം (18,48,57,350), സൊസൈറ്റി ഫോര്‍ റിലീഫ്, കോലഞ്ചേരി (1,38,98,636), സെൻറ് ജോസഫ് വിദ്യാഭവന്‍, ഇടപ്പള്ളി (1,56,01,605), വിന്‍സന്റേറിയന്‍ കോണ്‍ഗ്രിഗേഷന്‍, ഇടപ്പള്ളി (1,53,32,929), പീരുമേട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി (2,25,37,358), സെന്റ് ജോസഫ് ഹോസ്പിറ്റല്‍, കട്ടപ്പന (1,36,64,458), ഇടുക്കി രൂപത (1,27,09,729), ഡിവൈന്‍ ട്രസ്റ്റ്, മുരിങ്ങൂര്‍ (2,02,96,462), ഡയറക്ടറേറ്റ് ഓഫ് സെമിത്തേരിയല്‍ സിസ്റ്റേഴ്‌സ് (1,10,74,989), തൃശൂര്‍ രൂപത (3,30,21,987), വോയ്‌സ് ഓഫ് ഗോസ്പല്‍, തൃശൂര്‍ (1,34,98,854), ജൂബിലി മിഷന്‍ ആശുപത്രി, തൃശൂര്‍ (19,07,13,039), വാടാനപ്പള്ളി ഓര്‍ഫനേജ് (3,63,26,184), കോട്ടപ്പുറം ഡെവലപ്പ്‌മെൻറ് സൊസൈറ്റി (1,27,44,729), സെൻറ് ജോസഫ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ്, കൊടുങ്ങല്ലൂര്‍ (1,05,46,965), മുതലമട ട്രസ്റ്റ്, പാലക്കാട് (3,44,65,026), ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (1,88,25,085), കോഴിക്കോട് രൂപത (1,73,46,434), സെൻറ് തോമസ് പ്രോവിന്‍സ്, കോഴിക്കോട് (3,70,84,341), ഓഫര്‍, കല്ലായി (6,13,02,660), സിയോണ്‍ പ്രോവിന്‍സ്, കോഴിക്കോട് (1,62,22,196), കാരന്തൂര്‍ മര്‍ക്കസ് (12,97,03,139), കോഴിക്കോട് റോമന്‍ കത്തോലിക്ക രൂപത (2,75,77,492), ജെസ്യൂട്ട് സൊസൈറ്റി (1,48,81,504), സിറാജുല്‍ ഹുദാ കുറ്റ്യാടി (1,10,31,907), ഇസ്ലാഹിയ അസോസിയേഷന്‍, മുക്കം (1,65,02,141), സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് ,കൊടുവള്ളി (1,19,61,205), ബത്തേരി രൂപത (1,10,94,492), മാനന്തവാടി രൂപത (2,06,68,625), വയനാട് മുസ്‌ലിം ഓര്‍ഫനേജ് (3,25,68,890), സ്‌നേഹനികേതന്‍, കണ്ണൂര്‍ (2,17,86,737), കണ്ണൂര്‍ രൂപത (2,00,11,775) എന്നീ സംഘടനകളാണ് ഒരു കോടിയിലധികം രൂപ വിദേശത്തുനിന്ന് വാങ്ങിയവര്‍.
ഡല്‍ഹിയിലേക്കുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന
ഈ റിപ്പോര്‍ട്ട് പഴയതാണെങ്കിലും കേരളത്തിലേക്ക് വിദേശ ഫണ്ട് ഒഴുകുന്നത് എവിടേക്കാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഏതാനും ഹിന്ദു, മുസ്‌ലിം സംഘടനകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവും ഭീമമായ വിദേശ സഹായം സ്വീകരികുന്നത് ക്രൈസ്തവ സഭയാണെന്നാണ് ജന്മഭൂമി പറയുന്നത്. ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ അമെന്റ്‌മെന്റ് ബില്‍ കേരളത്തിലെ ക്രൈസ്തവ സഭകളെ എത്ര ആഴത്തില്‍ ബാധിക്കുമെന്ന് വിദേശ സഹായം നേടുന്നവരുടെ ഈ ലിസ്റ്റ് എളുപ്പം ബോധ്യപ്പെടുത്തുന്നു. തങ്ങളുടെ സാമ്പത്തിക നിലനില്‍പ്പ് അവതാളത്തിലാകാന്‍ പോകുന്നു എന്ന ഭീതിയാണ് ഏതറ്റം വരെ പോകാനും സഭകള്‍ തീരുമാനിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ പ്രേരണ.

ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മുഖാന്തിരം പ്രധാന മന്ത്രിയെ സന്ദര്‍ശിക്കാനുള്ള സഭാധ്യക്ഷന്മാരുടെ നീക്കം പ്രസക്തമാകുന്നത്. 2020 ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട കേരളത്തിലെ ചില പ്രധാന ബിഷപ്പുമാരുടെ ലക്ഷ്യം തങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന വിദേശ ഫണ്ട് നിയന്ത്രണ നീക്കങ്ങളെ നേര്‍പ്പിക്കുക എന്നതുതന്നെയായിരുന്നു. മറ്റു രാഷ്ട്രീയ വിഷയങ്ങളില്‍ സഹകരിക്കാമെങ്കില്‍ സഭയോട് അനുഭാവപൂര്‍വ്വം സഹകരിക്കാമെന്ന നിലപാടാണ് പ്രധാന മന്ത്രിയും അമിത്ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി സമുന്നത നേതാക്കളും അന്ന് സ്വീകരിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേരളത്തില്‍ കുറ്റിയടിച്ചത്തോടെ മേലധ്യക്ഷന്മാരുടെ ഭയാശങ്ക വീണ്ടും വര്‍ദ്ധിച്ചു. ആ ഭയപ്പാടിലാണ് പഴകിപ്പുളിച്ച ലവ് ജിഹാദ് പൊടിതട്ടിയെടുക്കുന്നത്. ഫുഡ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് അടക്കം പുതിയ ഇനങ്ങള്‍ ഒന്നൊന്നായി പുറത്തെടുക്കുന്നതും ക്രിസ്ത്യന്‍ വര്‍ഗീയ ഗ്രൂപ്പുകളെ ഇറക്കി സോഷ്യല്‍ മീഡിയ വഴി കടുത്ത മുസ്‌ലിം വിരുദ്ധ കാമ്പയിന്‍ നടത്തുന്നതും ഈ ഘട്ടത്തിലാണ്. താമരശ്ശേരി രൂപത പുറത്തിറക്കിയ യുവതീ-യുവാക്കള്‍ക്കുള്ള കൈപുസ്തകം പ്രസരിപ്പിക്കുന്ന വര്‍ഗീയ വിഷം എളുപ്പമൊന്നും തൂത്തുമാറ്റാന്‍ പറ്റാത്തത്ര രൂക്ഷമാണ്. തങ്ങളുടെ ചൊല്‍പ്പടിക്ക് സഭ വിധേയമായി എന്ന് ബോധ്യമായതോടെയാണ് ബി.ജെ.പി നേതാക്കള്‍ അരമനകളില്‍ നിത്യസന്ദര്‍ശകരാകുന്നത്. ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള അജപാലകന്മാരുടെ കണ്ണിലുണ്ണി ആകുന്നതും അങ്ങനെയാണ്. ഡീല്‍ വളരെ ലളിതമാണ്. സഭകള്‍ക്ക് വരുന്ന കോടികളുടെ വിദേശ ഫണ്ടുകള്‍ക്ക് നേരെ കേന്ദ്രം കണ്ണടക്കണം. പകരം, കേരളത്തില്‍ സമുദായ ധ്രുവീകരണം ഉണ്ടാക്കാനുള്ള ബി.ജെ.പി അജണ്ടയോട് സഹകരിക്കാം.
ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ സംസ്ഥാനങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍മാരായി അയക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവരെ കൂടെ നിര്‍ത്തുക എന്ന ജോലിയാണ് ശ്രീധരന്‍ പിള്ള ഇപ്പോള്‍ കൂടുതലായി ചെയ്യുന്നത്.
രാഷ്ട്രീയ മോഹങ്ങള്‍
ബി.ജെ.പി ദേശീയ തലത്തില്‍ ഒരു അജയ്യ ശക്തിയായത്തോടെ അതിന്റെ കൂടെ നില്‍ക്കുകയാണ് രാഷ്ട്രീയ ലാഭമെന്ന് സഭയെ നയിക്കുന്ന മേലധ്യക്ഷന്മാര്‍ വിശ്വസിക്കുന്നു. ഈ അഭിപ്രായത്തോട് വിയോജിക്കുന്ന ന്യൂനപക്ഷം സഭയുടെ നേതൃത്വത്തിലുണ്ടെങ്കിലും അവരുടെ ശബ്ദം അമര്‍ത്തപ്പെട്ടു കഴിഞ്ഞു. ബി.ജെ.പി സര്‍ക്കാരിന് അപസ്വരമാകുന്ന നീക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ആക്ടിവിസ്റ്റും ജസ്യൂട്ട് പാതിരിയുമായിരുന്ന സ്റ്റാന്‍ സ്വാമിയെ പിന്തുണക്കാതെ സഭ ഒഴിഞ്ഞുമാറിയത്. ആഗോള തലത്തില്‍ വത്തിക്കാന്‍ മുന്‍കൈ എടുത്തു നടത്തുന്ന മതാന്തര സ്‌നേഹ സൗഹൃദ പരിപാടികളെ രാജ്യത്ത് മരവിച്ചു നിര്‍ത്തുകയാണ് ഇപ്പോള്‍ സഭയുടെ നയം. സഭകളുടെ മുന്‍കയ്യോടെ പ്രവര്‍ത്തിച്ച ഇന്റര്‍ഫെയ്ത്ത് ഇനീഷേറ്റീവുകള്‍ ഇതിനോടകം നിശ്ചലമായതും കൂട്ടിവായിക്കാം.
യു.ഡി.എഫിലെ നിര്‍ണായക സാന്നിധ്യമായിരുന്ന കേരള കോണ്‍ഗ്രസുകളുടെ പഴയ പ്രതാപം അസ്തമിച്ചു എന്ന സത്യവും ക്രൈസ്തവ സംഘടനകള്‍ തിരിച്ചറിയുന്നു. കേരള കോണ്‍ഗ്രസുകളിലെ തുടരെയുള്ള പിളര്‍പ്പുകളും യു.ഡി.എഫിന് സംഭവിക്കുന്ന രാഷ്ട്രീയ പരാജയങ്ങളും മാണിയെ പോലുള്ള അതികായന്മാരുടെ അഭാവവുമെല്ലാം കേരളത്തിലെ ക്രൈസ്തവ രാഷ്ട്രീയത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇനി ഈ മറുവശത്താണെങ്കില്‍, തങ്ങള്‍ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ സഭയുടെ പിന്തുണ ഇല്ലാതെ കഴിയില്ലെന്ന് ബി.ജെ.പി ക്കും നല്ല ബോധ്യമുണ്ട്. മധ്യകേരളം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയത് ആ ബോധ്യത്തില്‍ നിന്നാണ്.

അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയെയും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള തന്നെ ഇടപെട്ട് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. വളരെ വേഗം ഈ മേഖലയില്‍ ഇടപെടണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ സംസ്ഥാനങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍മാരായി അയക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവരെ കൂടെ നിര്‍ത്തുക എന്ന ജോലിയാണ് ശ്രീധരന്‍ പിള്ള ഇപ്പോള്‍ കൂടുതലായി ചെയ്യുന്നത്. വൈദികരെയും ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും കൈയിലെടുക്കാനുള്ള നീക്കങ്ങള്‍ക്ക് ബി.ജെ.പി സംസ്ഥാന കമ്മറ്റി തന്നെ പദ്ധതി തയ്യാറാക്കിയതായി വാര്‍ത്ത ഉണ്ടായിരുന്നു.
ബി.ജെ.പിയോടൊപ്പം നിന്ന് കേരള രാഷ്ട്രീയത്തില്‍ വിധിനിര്‍ണായകശക്തിയായി മാറാം എന്നത് ക്ഷിപ്ര സാധ്യമായ ഒരു കാര്യമാണെന്ന് ക്രൈസ്തവ സഭ കരുതാന്‍ ഇടയില്ല. കേരളത്തിലെ ജനസംഖ്യാപരമായ സവിശേഷത ബി.ജെ.പിക്ക് കീറാമുട്ടിയാണ്. അതുകൊണ്ട് തങ്ങളുടെ സാമൂഹ്യ- സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് തണലാകും വിധം ബി.ജെ.പിയെ ഉപയോഗിക്കാനാകും സഭ ഇപ്പോള്‍ ചതുരുപായങ്ങള്‍ പയറ്റുന്നത്. കേന്ദ്രത്തില്‍ അധികാരമുള്ള ഒരു പാര്‍ട്ടിയുമായുള്ള ചങ്ങാത്തത്തിന്റെ ബലത്തില്‍ കേരളത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്താന്‍ സഭക്ക് കഴിയും. ഈ അടവുനയത്തിന്റെ വിജയമാണ് ഇപ്പോള്‍ നാം കേരള രാഷ്ട്രീയത്തില്‍ കാണുന്നത്. വര്‍ഗീയ കാളകൂടം തുറന്നു വിട്ട, കേരളത്തിലെ വത്തിക്കാനായ പാലായിലെ ബിഷപ്പില്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ ബി.ജെ.പിക്കാര്‍ മാത്രമല്ല ഊഴമിട്ട് ചെല്ലുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും ബിഷപ്പ് ഹൗസിന്റെ മുന്നില്‍ ക്യൂവിലുണ്ട്. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.