Sunday, 25 September 2022

ശരീരവും അധികാരവും


Text Formatted

ഉണരുന്ന ഉടലുകള്‍

സ്ത്രീയുടെ രതികര്‍തൃത്വത്തിലൂടെ മാത്രമേ  ആണ്‍കോയ്മയുടെ അയഥാര്‍ത്ഥമായ സ്ത്രീലൈംഗിക ബിംബങ്ങളെ ഉടച്ചു വാര്‍ക്കാന്‍ കഴിയൂ.  സ്ത്രീകള്‍ എന്തിന് സ്വന്തം ശരീരത്തെ ലജ്ജയോടെ നോക്കാതിരിക്കണം? അനന്തമായ സാദ്ധ്യതകളിലേക്ക് തുറക്കാന്‍ പാകത്തില്‍  ഉയിര് കൊണ്ട് അതിരിട്ട ഉടലുകളാണ് നമ്മളെല്ലാം.

Image Full Width
Image Caption
റിമ കല്ലിങ്കല്‍
Text Formatted

എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഞാനാദ്യമായി അഴിച്ചു വെക്കും.
അതിനു ശേഷം ഇളം തവിട്ടു നിറമുള്ള ഈ തൊലി ഊരുകയും എല്ലുകള്‍ തകര്‍ക്കുകയും ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.
ഒടുവില്‍ എല്ലിനുമകത്ത്, മജ്ജക്കും കീഴില്‍, ആഴത്തില്‍ നാലാമതൊരു ഡൈമൻഷനില്‍  പ്രത്യേകം ഇരിപ്പിടമില്ലാത്തതും അനാഥവും അതിസുന്ദരവുമായ ആത്മാവിനെ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുമെന്ന് ഞാനാശിക്കുന്നു. 

- ‘എന്റെ കഥ’; മാധവിക്കുട്ടി.

രാള്‍ സ്വന്തം ഇഷ്ടത്തോടെ ആടകളണിയുന്നതും അഴിച്ചുമാറ്റുന്നതും  സൗന്ദര്യാത്മകമാണ്. അപ്പോള്‍ ഉടല്‍ തളിര്‍ക്കുകയും പൂക്കുകയുമാണ്. അത് സ്വയം ആയിത്തീരലാണ്. ഇഷ്ടപ്പെടാതെ ഇതുരണ്ടും ചെയ്യേണ്ടിവരുന്നത് ശ്വാസം മുട്ടലും മനം പുരട്ടലും ഉണ്ടാക്കുന്നു. ഉടലാകെ വസ്ത്രം കൊണ്ട് മൂടുന്നതാണോ, അത് ആവും വിധം തുറന്നിടലാണോ ശരി? ഇതെങ്ങനെ വിവാദ വിഷയമാവുന്നു? സ്ത്രീയുടെ നഗ്‌നത എന്തുകൊണ്ട് സവിശേഷമായി? 

സ്ത്രീകളുടെ മേല്‍ ആണധികാരം പ്രവര്‍ത്തിക്കുന്നതിന്റെ ഏറ്റവും പ്രകടമായ രീതിയായാണ് വസ്ത്രത്തിന്മേലുള്ള നിയന്ത്രണം മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. യുവതലമുറയിലെ പെണ്‍കുട്ടികള്‍ അത് തലങ്ങും വിലങ്ങും തകര്‍ത്തെറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പഴയ തലമുറയില്‍ നിന്ന് ഉള്‍ക്കൊണ്ട ഫെമിനിസ്റ്റ് അവബോധം മാത്രമല്ല, നിയന്ത്രിതമെങ്കിലും സ്ത്രീകള്‍ക്ക് ഏറെക്കുറെ ലഭ്യമായിക്കൊണ്ടിരിക്കുന്ന സൈബറിടങ്ങള്‍, വ്യാപാര താല്പര്യങ്ങള്‍ കൊണ്ടുവരുന്ന ഫാഷനുകള്‍, നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വികസിച്ചു കൊണ്ടിരിക്കുന്ന സ്ത്രീസ്വത്വ ബോധം, ലൈംഗികതയിലെ ഉണര്‍വ്​, ക്വിയര്‍ പ്രസ്ഥാനം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. സ്ത്രീയുടെ ശരീരത്തേയും വസ്ത്രധാരണത്തേയും, പുരുഷാധിപത്യമൂല്യങ്ങള്‍ വച്ചു കൊണ്ട് എത്രമേല്‍ ഇനിയും നിയന്ത്രിക്കാനാവുമെന്നത് വരും കാലങ്ങളില്‍ നിരീക്ഷിച്ചറിയേണ്ട കാര്യമാണ്.   

rehana
രഹ്ന ഫാത്തിമ

സ്ത്രീകള്‍ക്കുമേലുള്ള അധികാര പ്രയോഗങ്ങള്‍ സാമ്പത്തികവും രാഷ്ട്രീയവുമായ മറ്റു വടംവലികളുമായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതാണ്. സിനിമകളിലും മറ്റു കച്ചവട മേഖലകളിലും സ്ത്രീശരീരം പരമാവധി ഉപയോഗപ്പെടുത്തുന്നത് കാണാമെങ്കിലും, സ്ത്രീകള്‍ അവരുടെ ആത്മപ്രകാശനത്തിന്റെ ഭാഗമായി, സ്വതന്ത്രമായി അത് തുറന്നുകാട്ടുന്നതിനെതിരെ ഇപ്പോഴും സമൂഹത്തില്‍ അസഹിഷ്ണുത കാണുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രഹ്ന ഫാത്തിമ എന്ന ആക്ടിവിസ്റ്റ്, തന്റെ മാറിടം സ്വന്തം കുട്ടിക്ക് ചിത്രമെഴുതാനായി തുറന്നു കൊടുക്കുകയും അവരത് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വിവാദമായിരുന്നു.  സ്ത്രീശരീരത്തിന്റെ ഉടമസ്ഥത ആര്‍ക്കാണ് എന്നത് അതിനാല്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കേണ്ടി വരുന്നു.   

സ്​ത്രീശരീരത്തിന്റെ വസ്​തുവൽക്കരണം

സ്ത്രീശരീരത്തെയും കാമനകളേയും ലൈംഗികതയേയും കയ്യടക്കി കൊണ്ടാണ് പുരുഷാധികാരം അവരുടെ മേലേക്ക് പടര്‍ന്നുകയറുന്നതെന്ന തിരിച്ചറിവ് ഫെമിനിസത്തിന്റെ ആദ്യപാഠങ്ങളില്‍ ഒന്നാണ്. സ്ത്രീകളുടെ ശരീരം മറ്റുള്ളവര്‍ക്കായി ഒരുക്കിയെടുക്കേണ്ടതാണെന്ന അറിവ്, അത്തരം ബാധ്യതകളില്‍ നിന്ന് കുതറി മാറാന്‍ ആദ്യകാല ഫെമിനിസ്റ്റുകളെ പ്രേരിപ്പിച്ചതില്‍ അതിശയിക്കാനില്ല.

സ്ത്രീകളുടെ ബൗദ്ധികമായ ഉണര്‍വിനെ ഉയര്‍ത്തിപ്പിടിച്ച്​ ശരീരത്തിന്റെ തടവില്‍ നിന്ന് മോചിക്കാനുള്ള ശ്രമങ്ങളാണ് മേരി വൂള്‍സ്റ്റന്‍ ക്രാഫ്റ്റിനെ പോലെയുള്ളവരില്‍ നിന്നൊക്കെ ഉണ്ടായത്. പുരുഷന്മാര്‍ക്കുമുന്നില്‍ ആകര്‍ഷണീയത ഉണ്ടാക്കാനായി പാദങ്ങളും മുലകളും അരക്കെട്ടും ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്ത് കൃ​ത്രിമ സൗന്ദര്യം ഉണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് പണിപ്പെടേണ്ടിയിരുന്നു. മനസും ബുദ്ധിയും ഇതില്‍നിന്ന് വേറിട്ട് സാര്‍വത്രികമായ ഗുണവിശേഷങ്ങളുള്ളതായി സങ്കല്പിക്കുകയും സ്ത്രീകര്‍തൃത്വത്തിന്റെ സ്രോതസ്സായി അതുറപ്പിച്ചെടുക്കുകയും ചെയ്യേണ്ടത് സ്ത്രീ വിമോചകരുടെ ആവശ്യവുമായി. ഇത്, ഒരു കാലത്ത് നിലനിന്ന ശരീരം/മനസ്സ് ദ്വന്ദ്വ സങ്കല്‍പ്പത്തിന്റെ കാഴ്ചപ്പാടിലായിരുന്നു എന്നും കാണാന്‍ കഴിയും. 

സ്ത്രീകളുടെ അസ്തിത്വം എല്ലായ്​പ്പോഴും അവരുടെ ശരീരവുമായി ചേര്‍ത്തു കാണുന്ന സംസ്‌കാരമാണ് നമ്മള്‍ വളര്‍ത്തിയെടുത്തിട്ടുള്ളത്. എപ്പോഴും മറ്റുള്ളവരുടെ നോട്ടത്തിന് വിധേയപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന ബോദ്ധ്യത്തില്‍ ജീവിക്കാന്‍ അവള്‍ ശീലിച്ചു പോരുന്നു.

എഴുപതുകളിലും എണ്‍പതുകളിലും ഈ ആശയങ്ങളാണ് മുഖ്യമായും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ നയിച്ചിരുന്നത്. കമ്പോളാവശ്യങ്ങള്‍ക്കായി സ്ത്രീശരീരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയും സൗന്ദര്യമത്സരങ്ങള്‍ക്കെതിരെയും ഫെമിനിസ്റ്റുകള്‍ രംഗത്തുവന്നിരുന്നു. ശരീരത്തിന്റെ വിലാസങ്ങള്‍ ഒതുക്കി വക്കുകയും, കഴിയുന്നത്ര ബൗദ്ധികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതിനായിരുന്നു പ്രാധാന്യം. സാരി മൂടി പുതക്കുക, ആഭരണങ്ങള്‍ ഒഴിവാക്കുക, നിറം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക എന്നതൊക്കെ കേരളത്തിലെ സ്ത്രീനേതാക്കള്‍ ചെയ്തിരുന്നതായി കാണാം. ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും കേരളത്തില്‍ നവോത്ഥാനവും തൊഴിലാളി പ്രസ്ഥാനവും ഒക്കെയായി ബന്ധപ്പെട്ട സ്ത്രീ മുന്നേറ്റങ്ങളെ, അവയിലെ ആദര്‍ശാത്മകതയും സ്വാധീനിച്ചിട്ടുണ്ട്. പുരുഷലോകം കയ്യടക്കിയിരുന്ന ബൗദ്ധിക ഇടങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് ശരീരത്തിന്റെ ബാദ്ധ്യത ഒഴിവാക്കാനാണ് സ്ത്രീകള്‍ പരിശ്രമിച്ചത്. കേരളത്തില്‍ വ്യാപകമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതില്‍ നല്ലൊരു മാദ്ധ്യസ്ഥം വഹിച്ചിട്ടുണ്ട്. ഇപ്പോഴും സ്ത്രീകളെ, സ്ത്രീശരീരങ്ങളെ അച്ചടക്കത്തോടെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ പങ്ക് വഹിക്കുന്നു. ബൗദ്ധിക വ്യവഹാരത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണെങ്കിലും, സ്വതന്ത്രമായ അന്വേഷണത്തിനോ വ്യക്തിപരമായ പരിണതിക്കോ ഉതകുന്നതിനു പകരം ജാതിയിലും ലിംഗത്വത്തിലുമുള്ള അസമത്വവും വിവേചനവും നില നിര്‍ത്തുന്നതിനുള്ള സ്ഥാപനങ്ങളായി അവ മാറുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നുവന്ന സമയത്തുണ്ടായിരുന്ന വിമോചക ദൗത്യം ഇല്ലെന്നുമാത്രമല്ല, കേവലം ജീവിതോപാധിക്കു പോലും അതിപ്പോള്‍ സ്ത്രീകള്‍ക്ക് അധികം ഉപകരിക്കുന്നില്ല.

സ്ത്രീകളുടെ അസ്തിത്വം എല്ലായ്​പ്പോഴും അവരുടെ ശരീരവുമായി ചേര്‍ത്തു കാണുന്ന സംസ്‌കാരമാണ് നമ്മള്‍ വളര്‍ത്തിയെടുത്തിട്ടുള്ളത്. എപ്പോഴും മറ്റുള്ളവരുടെ നോട്ടത്തിന് വിധേയപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന ബോദ്ധ്യത്തില്‍ ജീവിക്കാന്‍ അവള്‍ ശീലിച്ചു പോരുന്നു. അതിനാല്‍, പുറമേ നിന്നുള്ള നോട്ടം വീഴുമ്പോഴും അതില്ലാത്തപ്പോഴും സ്വയം ശരീരം മാത്രമായി ചുരുങ്ങിപ്പോകുന്നോ എന്ന ചോദ്യമുണ്ടായി. ശരീരത്തിന്റെ ‘വസ്തുവല്‍ക്കരണം' (Objectification) എന്ന് ഫെമിനിസ്റ്റുകള്‍ അത് വ്യാഖ്യാനി ച്ചിട്ടുണ്ട്. സ്വത്വത്തില്‍ നിന്ന് വേറിട്ടു പോകുന്നതിനാല്‍ ഈ അവസ്ഥ മാർക്​സിസ്റ്റ് കാഴ്ചപ്പാടില്‍ ‘അന്യവല്‍ക്കരണം' (Alienation) എന്ന തരത്തിലും  വിശദീകരിക്കപ്പെട്ടിട്ടുണ്ട്.  മിഷായേല്‍ ഫൂക്കോ, ‘ഡിസിപ്ലിന്‍ ആന്‍ഡ് പണിഷ്' (Discipline and Punish) എന്ന കൃതിയിലൂടെ രൂപപ്പെടുത്തിയ ‘ഗെയ്സ്' (gaze) എന്ന സങ്കല്പനം, ലിംഗത്വ സമത്വത്തെ കാണുന്നില്ല എന്നു വിമര്‍ശിച്ചുകൊണ്ടുതന്നെ, ഫെമിനിസ്റ്റുകള്‍ വിശകലനത്തിന്​ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. 

സ്ത്രീയുടെ ശരീര വര്‍ണനകളും അതിലേക്കുവീഴുന്ന പുരുഷ നോട്ടവും സാഹിത്യത്തിലും സിനിമയിലും മറ്റു കലകളിലും വിന്യസിക്കപ്പെട്ടിരിക്കുന്നത് സ്ത്രീവിമോചകരുടെ ശ്രദ്ധക്കും വിമര്‍ശനത്തിനും വിധേയമായി. പുരുഷന്റെ ഇഷ്ടത്തിനും അഭിലാഷങ്ങള്‍ക്കും അനുസരിച്ചാണ് സ്ത്രീയുടെ നഗ്‌നതയും അലങ്കാരവും എപ്പോള്‍, എങ്ങനെ, എവിടെയെല്ലാം എന്നത് നിര്‍ണയിക്കപ്പെടുന്നത് എന്നതാണ് പ്രധാന വിമര്‍ശം. അത് ലൈംഗികതയുമായും, എല്ലായ്​പ്പോഴും അതിന്റെ കര്‍ത്താവായി ചമയുന്ന പുരുഷന് ലഭിക്കുന്ന ആധിപത്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം നഗ്‌നത, സൗന്ദര്യാത്മകതയില്‍ നിന്ന് അശ്ലീലമായി മാറുന്നത് ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തിലാണെന്നും കാണാം. 

ആണധികാര വ്യവസ്ഥ സ്ഥാപിക്കപ്പെടുമ്പോഴേക്കും  സ്ത്രീയുടെ ശരീരഭംഗി ആസ്വദിക്കുക മാത്രമല്ല, അതുവഴി അവരെ വിധേയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്ന് ഫെമിനിസ്റ്റ് വിമര്‍ശകര്‍ കാണുന്നു

 മറയ്​ക്കുന്ന ശരീരവും തുറക്കുന്ന ശരീരവും

സ്ത്രീ പുരുഷ ശരീരങ്ങളെ അവയുടെ ധര്‍മത്തിന്റെ തലങ്ങളില്‍ മാത്രം കാണുകയും വ്യക്തികള്‍ രൂപപ്പെടാതെയുമിരിക്കുന്ന കാലത്തെ സ്ത്രീപ്രതിനിധാനങ്ങളെ ആധുനിക കാലത്തേതു പോലെ കാണാന്‍ കഴിയില്ല. കാളിദാസന്റെ കൃതികളിലും ഗീതഗോവിന്ദത്തിലുമൊക്കെയുള്ള സ്ത്രീകളുടെ ശരീരവര്‍ണനകള്‍, അവരുടെ കാമനകളെ കൂടി ഉള്‍ക്കൊള്ളുന്നതിനാലാവാം, അശ്ലീലമായി അനുഭവിക്കാന്‍ കഴിയാത്തത്. അവയിലൊക്കെ കാമിനിമാരുടെ മുലക്കച്ച അഴിഞ്ഞു പോകുന്നതും മിഴികള്‍ കാതരമാവുന്നതും ഇഷ്ടപുരുഷനോടുള്ള പ്രണയത്താലാണ്. അതോടു ചേര്‍ന്നാണ് മിക്കപ്പോഴും ശരീരവര്‍ണനകളുള്ളത്.  ഖജുരാഹോയിലെയും മറ്റും ക്ഷേത്ര ശില്പങ്ങളിലും നഗ്‌നത അശ്ലീലമാവുന്നില്ല. അതേസമയം, പിതൃമേധാവിത്വ വ്യവസ്ഥയുമായി ചേര്‍ത്തുവച്ചുള്ള വായനകളും ഇവയെ പറ്റി എല്ലാം ഉണ്ടായിട്ടുമുണ്ട്. പുരുഷന്മാരെ അപമാനിക്കാനായി അവരുടെ  ‘സ്വത്ത്​’ എന്നു കരുതുന്ന പാഞ്ചാലിയുടെ വസ്ത്രാക്ഷേപം മഹാഭാരതത്തിലും കാണുന്നുണ്ടല്ലോ .   

Lucifer
ലുസിഫര്‍ സിനിമയിലെ ഐറ്റം ഡാന്‍സില്‍ നിന്നും

ആണധികാര വ്യവസ്ഥ സ്ഥാപിക്കപ്പെടുമ്പോഴേക്കും  സ്ത്രീയുടെ ശരീരഭംഗി ആസ്വദിക്കുക മാത്രമല്ല, അതുവഴി അവരെ വിധേയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്ന് ഫെമിനിസ്റ്റ് വിമര്‍ശകര്‍ കാണുന്നു. സ്വേച്ഛാ പ്രകാരമുള്ള തെരഞ്ഞെടുപ്പോ, മറ്റു സാമൂഹ്യമായ അധികാരങ്ങളോ ഇല്ലാതിരിക്കുന്നിടത്ത് സ്ത്രീ ഒരു ലൈംഗിക ഉപഭോഗ വസ്തു മാത്രമായി തരംതാഴുന്നു. പോര്‍ണോഗ്രാഫി, ഈ സന്ദര്‍ഭത്തില്‍ കടുത്ത എതിര്‍പ്പുകള്‍ക്ക് വിധേയമായി. സ്ത്രീകളുടേയും കുട്ടികളുടെയും താല്‍പര്യത്തിന് വിരുദ്ധമായി ബലം പ്രയോഗിച്ചോ അധികാരം കൊണ്ടോ, അതല്ലെങ്കില്‍ ദാരിദ്ര്യം മുതലെടുത്തോ ഒക്കെയാണ് അവരെ പോര്‍ണോഗ്രാഫി ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് എന്നത് ഉയര്‍ന്നു വന്ന വിമര്‍ശമാണ്. ആക്രമിക്കുകയും വേദനിപ്പിക്കുകയും കീഴ്പ്പെടുത്തുകയുമൊക്കെയാണ് ഇവയില്‍ ചിത്രീകരിക്കുന്നത്. ഇതെല്ലാം ആസ്വദിക്കുന്നത് പുരുഷന്മാര്‍ മാത്രമാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇവ മാത്രമാണ് ലൈംഗികതയെ കുറിച്ച് പഠിക്കാന്‍ ചെറുപ്പക്കാര്‍ക്ക് ലഭ്യമാകുന്നത് എന്നതാണ് മറ്റൊരു പ്രശ്‌നം. അവര്‍ ഈ പീഡനങ്ങള്‍ യാഥാര്‍ത്ഥ ജീവിതത്തിലും പിന്തുടരുന്നു. മറിച്ച്, സ്ത്രീകളെ ഭോഗവസ്തുക്കളായി കാണുകയും അവര്‍ കീഴ്‌പെടുത്താനുള്ളവരാണെന്ന ബോധം നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹത്തില്‍ അത് പോര്‍ണോഗ്രഫിയിലും പ്രതിഫലിക്കുകയാണെന്ന് കണ്ടവരുമുണ്ട്. 

മണിപ്രവാള കൃതികളിലെ സ്ത്രീശരീര വര്‍ണനകള്‍ സ്ത്രീകളുടെ നോട്ടത്തില്‍ വിമര്‍ശന വിധേയമാക്കാവുന്നതാണ്. നവോത്ഥാന കാലത്ത് രൂപപ്പെട്ട സ്ത്രീ കര്‍തൃത്വങ്ങള്‍ ശരീരബദ്ധമായ ബോധത്തിനു മേലെ അറിവ് നേടിയും പൊതു മണ്ഡലത്തിലേക്കിറങ്ങിയും താന്‍ബോധം നേടുന്നതിലെ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും അക്കാലത്തെ സാഹിത്യവും ചരിത്രരേഖകളും വെളിപ്പെടുത്തുന്നു. ജെ. ദേവികയുടെ ‘കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ' എന്ന പുസ്തകം ഈ അവസ്ഥ മനസ്സിലാക്കാന്‍ ഉപകരിക്കും. ശരീരം  മറയ്ക്കുന്നതാണോ തുറന്നിടുന്നതാണോ കര്‍തൃത്വത്തിന് യോജിച്ചതാവുക എന്നതില്‍ സ്ത്രീകള്‍ പലയിടത്തും സന്ദേഹിക്കേണ്ടി വരുന്നുണ്ട്. മാറു മറയ്ക്കുന്നത് വ്യഭിചാരിണികളാണ് എന്ന സങ്കല്‍പ്പവും അന്ന് നിലനിന്നു. പരിഷ്‌കരണ കര്‍ത്താക്കളായ പുരുഷന്മാരുടെയും വിദേശീയ മിഷനറിമാരുടെയും ബ്രിട്ടീഷുകാരുടെയും  പ്രേരണ പലപ്പോഴും  സ്ത്രീകളുടെ  വസ്ത്രധാരണത്തില്‍ മാറ്റമുണ്ടാക്കുന്നതിനെ സ്വാധീനിക്കുന്നതായി കാണാം. സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും വളരെ ബുദ്ധിമുട്ടിയാണ് സ്ത്രീകള്‍ ധരിച്ചതെന്നതിന് രേഖകളുണ്ട്. അണിഞ്ഞൊരുങ്ങലിനേക്കാള്‍, പഠിപ്പിനും അറിവിനും പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഇന്ദുലേഖയെ പോലെ ആദ്യകാല നായികമാര്‍ പ്രത്യക്ഷപ്പെടുന്നത്. മോഹിനിയാട്ടത്തിനും മറ്റും നേരത്തേ ഉണ്ടായിരുന്ന ഔന്നത്യം അക്കാലത്ത് നഷ്ടപ്പെടുകയും ചെയ്തു. 

സ്ത്രീശരീരം പൊതുവേ കൂടുതലായി ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ താല്പര്യപ്പെട്ടു. പ്രേംനസീറിനെ പോലെയുള്ള നായകന്മാര്‍ സൂട്ടും ടൈയും ധരിച്ച് ശരീരഭാഗങ്ങള്‍ മുഴുവന്‍ മറച്ചു വരുമ്പോള്‍, അന്നത്തെ നായികമാരുടെ ശരീരം കൂടുതലും പ്രദര്‍ശിപ്പിക്കപ്പെടുന്നതായി കാണാം

നായികാശരീരങ്ങൾ

സ്ത്രീകളെ നല്ലതെന്നും ചീത്തയെന്നും വിഭജിച്ചുറപ്പിക്കുന്നതില്‍ ആധുനികതയാണ് കൂടുതല്‍ പങ്ക് വഹിച്ചത്. കുടുംബിനികളും പതിതകളുമായി സ്ത്രീകള്‍ വേര്‍തിരിക്കപ്പെടുന്നു. പതിതകള്‍ നിഷ്‌കാസിതരും തമസ്‌കരിക്കപ്പെട്ടവരും ഭാവിയില്‍ മാന്യപദവി സ്വപ്നം കണ്ട്, സ്വന്തം അവസ്ഥ മറച്ചുവച്ച് ജീവിക്കേണ്ടവരുമായി. എല്ലാവരും കുടുംബിനികളായി മാറുന്ന ഒരു നല്ല നാളെ വിഭാവനം ചെയ്യപ്പെട്ടു. എന്നാല്‍, ശരീരം/മനസ്​ ദ്വന്ദ്വസങ്കല്പത്തില്‍ അകപ്പെട്ടതു പോലെ സ്ത്രീവിമോചനവാദികള്‍ ഇവിടെയും നല്ല/ചീത്ത  എന്ന ദ്വന്ദ്വവല്‍ക്കരണത്തില്‍ പെട്ടുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.   
സ്ത്രീകളെ ഇരട്ടത്താപ്പിലൂടെ രണ്ട് തരമായി കാണുന്നതു പോലെ വിനോദ സേവികമാരേയും രണ്ടുതരത്തില്‍ തിരിക്കുന്നതായി കാണാം. ഒരു കൂട്ടര്‍  താരപദവി കൊണ്ട് തിളങ്ങുന്നവരും, മറ്റുള്ളവര്‍ എപ്പോഴും  മുഖം മറയ്ക്കപ്പെടുന്നവരും. പക്ഷെ, ഏതവസ്ഥ പേറിയാലും, സ്വന്തം  ‘പിഴവ്' മൂലമോ പുറമേയുള്ള കാരണങ്ങളാലോ ഏതു സ്ത്രീയും പതിതയായി പരിണമിക്കാം. സ്ത്രീയുടെ  ‘അപകടകരമായ ലോലത' ശരീരത്തിലെന്ന പോലെ അവസ്ഥയിലുമുണ്ട്. കുടുംബത്തിനുപുറത്തേക്ക് ആശങ്കയോടെ മാത്രമേ അവര്‍ക്ക് കടക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.

unsplash
Photo : unsplash

നാടകത്തില്‍ മാത്രമല്ല, സിനിമയിലും അഭിനയിക്കാന്‍ വരുന്ന സ്ത്രീകള്‍ ഇന്നത്തെ പോലെ ആത്മാഭിമാനത്തോടെ പ്രൊഫഷണലുകളായി കടന്നു വരുന്നത് തുടക്കത്തില്‍ വിരളമായിരുന്നു.  നൃത്തത്തില്‍ നൈപുണ്യമുള്ളതു കൊണ്ടോ, ദാരിദ്ര്യം കൊണ്ടോ ഒക്കെയാണ് ആദ്യകാലത്ത്  സ്ത്രീകള്‍ സിനിമയിലേക്ക് വന്നിരുന്നത്. താരമൂല്യം എല്ലാവര്‍ക്കും ഒരേ പോലെ ലഭിക്കുകയില്ല.  കുടുംബ മഹിമയോ ബന്ധുബലമോ പ്രശസ്തിയോ ഒക്കെ ചിലര്‍ക്ക് ലഭ്യമാകും. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ട നര്‍ത്തകിമാരായിരുന്ന ലളിത, പത്മിനി, രാഗിണിമാര്‍ക്ക് സിനിമയിലും സമൂഹത്തിലും നല്ല പദവി ലഭിച്ചിട്ടുണ്ട്.   അതേപോലെ, അത് ലഭിച്ചിട്ടുള്ളവരും ജീവിതം തന്നെ ദുരന്തമായി തീര്‍ന്നവരും സിനിമാ ലോകത്തുണ്ടായി. സ്ത്രീശരീരം പൊതുവേ കൂടുതലായി ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ താല്പര്യപ്പെട്ടു. പ്രേംനസീറിനെ പോലെയുള്ള നായകന്മാര്‍ സൂട്ടും ടൈയും ധരിച്ച് ശരീരഭാഗങ്ങള്‍ മുഴുവന്‍ മറച്ചു വരുമ്പോള്‍, അന്നത്തെ നായികമാരുടെ ശരീരം കൂടുതലും പ്രദര്‍ശിപ്പിക്കപ്പെടുന്നതായി കാണാം. എന്നാല്‍, ജീവിതത്തില്‍ അങ്ങനെയായിരുന്നില്ല താനും. കോളേജുകളില്‍ സാരിയൊക്കെ നിര്‍ബ്ബന്ധമായിരുന്ന അക്കാലത്ത് വെള്ളിത്തിരയിലെ  ‘കോളേജ് കുമാരിമാര്‍' പ്രത്യക്ഷപ്പെട്ടിരുന്നത് തുട പ്രദര്‍ശിപ്പിക്കുന്ന ഷോർട്സോ​ മിനി സ്‌കര്‍ട്ടോ ധരിച്ചാണ്. എന്നാല്‍, നിത്യജീവിതത്തില്‍  പുരുഷന്മാര്‍ വീട്ടിലൊക്കെ അര്‍ദ്ധനഗ്‌നരായിരിക്കും. സ്ത്രീകള്‍, ഉറങ്ങുമ്പോള്‍ പോലും സാരിയും മറ്റും ധരിച്ചു പോന്നു. വീട്ടിലും നാട്ടിലും മൂടി കെട്ടിയ സ്ത്രീകളെ കണ്ട് മനം മടുക്കുന്ന പുരുഷന്മാര്‍ക്ക് വെള്ളിത്തിരയിലെ സ്ത്രീശരീരം കുളിർമ പകരുന്നുണ്ടാകണം. എന്നാല്‍, ഇതിനുവേണ്ടി പണിയെടുക്കുന്ന സ്ത്രീകളുടെ അവസ്ഥയോ? കുടുംബിനിക്ക് കിട്ടുന്ന പദവിയിലേക്കെത്താന്‍   അവര്‍ക്കും  വിവാഹം ചെയ്യണം. അതിലെത്തിയാല്‍ പിന്നെ അഭിനയം വേണ്ടെന്ന് വക്കുന്നത് അതിലെ മൂല്യവ്യത്യാസം കൊണ്ടായിരിക്കുമല്ലോ.  

നായികമാരുടെ കൂടെ നൃത്തമാടാനെത്തുന്ന സ്ത്രീകള്‍, ഐറ്റം ഡാന്‍സുകാര്‍, ചാന്‍സ് ചോദിച്ചെത്തുന്ന സ്ത്രീകള്‍ ഒക്കെ വലിയ ചൂഷണത്തിന് വിധേയരാവുകയും സമൂഹത്തിലെ സദാചാര വ്യവസ്ഥക്കുമുന്നില്‍ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

സിനിമാരംഗത്ത് താരമൂല്യമുള്ളവര്‍ പോലും കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നതിനാലും, മാനസിക സമ്മര്‍ദ്ദം കൊണ്ടും, ചൂഷണവും സാമൂഹ്യാപവാദവും നേരിടാനാകാതെയും തകര്‍ന്നുപോയതായി കാണാം. വിജയശ്രീ എന്ന മികച്ച നടിയുടെ ആത്മഹത്യ ഇപ്പോഴും വേദനിപ്പിക്കുന്നതാണ്.  നായികമാരുടെ കൂടെ നൃത്തമാടാനെത്തുന്ന സ്ത്രീകള്‍, ഐറ്റം ഡാന്‍സുകാര്‍, ചാന്‍സ് ചോദിച്ചെത്തുന്ന സ്ത്രീകള്‍ ഒക്കെ വലിയ ചൂഷണത്തിന് വിധേയരാവുകയും സമൂഹത്തിലെ സദാചാര വ്യവസ്ഥക്കുമുന്നില്‍ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്നുണ്ട്. എണ്‍പതുകളിലേക്ക് കടന്നപ്പോള്‍ ശോഭ നായികയായ സിനിമകളിലൊക്കെ പുതിയ വേഷങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ കാമ്പസുകളില്‍ കാണുന്നതുപോലെ കോട്ടണ്‍ സാരിയുടുത്ത്, മുടി ഒതുക്കി കെട്ടി വച്ച ശാലീന രൂപം. യാഥാര്‍ഥ്യവുമായി കൂടുതല്‍  ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, ഇത് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കി. എന്നാല്‍, ഈ ഇമേജിനപ്പുറം ശോഭയുടെ ജീവിതവും ദുരന്തമായി തീര്‍ന്നു.  

Wikimedia Commons
ശോഭ / Photo : Wikimedia Commons

ഇന്നിപ്പോള്‍ അവസ്ഥ കുറെയൊക്കെ മാറി മറിഞ്ഞതായി കാണാം. പെണ്‍ കുട്ടികളും യുവതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം മറികടന്ന് അവര്‍ക്ക് പറ്റുന്ന സ്ഥലങ്ങളില്‍, സൈബറിടങ്ങളില്‍ എങ്കിലും ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നു. കുറച്ചു നാള്‍ മുമ്പ് മഞ്ജു വാര്യര്‍ ചെയ്ത ഒരു ഫോട്ടോ ഷൂട്ട് വിവാദമായതിനെ തുടര്‍ന്ന് ധാരാളം സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവക്കുകയുണ്ടായി. ഇറക്കം കുറഞ്ഞ പാവാട ധരിക്കുക എന്നത് മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നു എന്നും അതിന് വീട്ടില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു എന്നും പലരും എഴുതിയതില്‍ നിന്ന് മനസ്സിലായി. ഇപ്പോള്‍ ധാരാളം പേരും വിലക്കുകള്‍ മറികടന്ന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. സിനിമയില്‍ അഭിനയിക്കാനെത്തുന്ന സ്ത്രീകളും, മുന്നേ പോലെയല്ല. അത് ഒരു പ്രൊഫഷനായി കണ്ടുതുടങ്ങിയിരിക്കുന്നു. സിനിമയില്‍ താരങ്ങളായ സ്ത്രീകളെ മറ്റു സ്ത്രീകള്‍ റോള്‍ മോഡലുകളാക്കുന്നു എന്നതും ശ്രദ്ധേയമാണ്. നല്ല സ്ത്രീ, ചീത്ത സ്ത്രീ വരമ്പ് സ്ത്രീകള്‍ സ്വാഭാവികമെന്നോണം  മായ്ച്ചു തുടങ്ങിയിരിക്കുന്നു. സെലിബ്രിറ്റികള്‍ വിവാഹമോചിതരാകുമ്പോഴും അവര്‍ക്ക് മുമ്പത്തെ പോലെ ചീത്തപ്പേരുണ്ടാകുന്നില്ല. അത്തരം  നിയന്ത്രണങ്ങള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. മറ്റു സ്ത്രീകളും അവരില്‍ നിന്ന് ഊര്‍ജ്ജവും ധൈര്യവും ഉള്‍ക്കൊള്ളുന്നു. ബ്ലോഗുകളും ലഘു വീഡിയോ ടോക്കുകളും ചമയ്ക്കാന്‍, മറ്റുള്ളവരുടെ അനുവാദമോ സഹായമോ ഇല്ലാതെ ചില സ്ത്രീകള്‍ക്കെങ്കിലും കഴിയുന്നുണ്ട്.  

Manju Warrier
മഞ്ജു വാര്യർ / Photo : Manju Warrier, fb page

സിനിമകളിലും ഇപ്പോള്‍ നായികയായും  ‘അഴിഞ്ഞാട്ടക്കാരി'യായും അവതരിപ്പിക്കപ്പെടുന്നവര്‍ക്കിടയിലെ അന്തരം കുറഞ്ഞു വരുന്നു. മേനി പ്രദര്‍ശിപ്പിക്കുന്ന കാര്യത്തിലും അങ്ങനെ  തന്നെ. സ്മിത (സില്‍ക്ക്) യില്‍ നിന്ന്​ഡേര്‍ട്ടി പിക്ച്ചറിലെ വിദ്യാ ബാലനിലെത്തുമ്പോഴേക്ക് ഈ അന്തരം കുറഞ്ഞു വരുന്നതായി കാണാം.  നല്ല സ്ത്രീ, ചീത്ത സ്ത്രീ പിളര്‍പ്പ് പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയായിരിക്കുമ്പോഴും, രണ്ടു കൂട്ടരുമില്ലാതെ പുരുഷന്മാര്‍ക്ക് മതിവരില്ല. ലൈംഗികമായ ഉണര്‍വ്വിന് ഉത്തേജിതയായതോ, അങ്ങനെ അഭിനയിക്കുന്നതോ ആയ സ്ത്രീയെയാണ് പുരുഷന് ആവശ്യം.  കുടുംബത്തിലെ സ്ത്രീയെ അങ്ങനെ കാണാന്‍ അവര്‍ ഇഷ്ടപ്പെടുന്നുമില്ല.  അപൂര്‍വ്വം ചിലര്‍ കിടപ്പറയില്‍ മാത്രം അതിഷ്ടപ്പെടുന്നു. ഭാര്യ, ഭരിക്കപ്പെടേണ്ടവളും, കൂടെ ജീവിക്കേണ്ടവളുമായതു കൊണ്ട്, താന്‍ നാഥനായ  കുടുംബത്തിലെ ഭരണനിര്‍വ്വഹണത്തിന്  അച്ചടക്കം ആവശ്യമായി വരും. പുരുഷന് ലൈംഗികോര്‍ജ്ജം നല്‍കാന്‍  കാഴ്ചയിലെങ്കിലും പബ്ലിക് സ്ത്രീകള്‍ തന്നെ വേണം. ഈ സ്ത്രീകളെ  പുറമേ തള്ളിപ്പറയുകയും, ഉള്ളില്‍ ആരാധിക്കുകയുമാണ് പുരുഷന്മാര്‍ ചെയ്യുന്നത്. അകലെ നിന്നുള്ള ആരാധന, ഈ സ്ത്രീകളുടെ ജീവിതത്തിന് അധികം ഗുണം ചെയ്യുന്നുമില്ല. സ്മിതയുടെ ആരാധകരായി ലക്ഷക്കണക്കിന് പുരുഷന്മാരുണ്ടായിട്ടും അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. സണ്ണി ലിയോണിനെ പോലെ, സ്വന്തം സ്ഥാനവും കര്‍ത്തൃത്വവും ഉറപ്പിച്ചെടുക്കുന്ന തരത്തിലേക്ക് മാറുമ്പോള്‍ ഒരു പക്ഷെ, ആരാധകരുടെ വേലിയേറ്റം, സ്ത്രീകള്‍ക്ക് കരിയര്‍ വളര്‍ച്ചക്കെങ്കിലും ഉപകരിച്ചേക്കും.  

ഭാര്യയായോ, അഭിസാരികയായോ, ചാരസുന്ദരിയായോ, ഹണി ട്രാപ്പില്‍ പുരുഷനു വേണ്ടി ശത്രുവിനെ കുടുക്കുന്നവളായോ ജീവിക്കുന്ന  സ്ത്രീകളെല്ലാം അതിജീവനത്തിനുവേണ്ടി വേഷം കെട്ടുകയാണ്. വിവിധ തരത്തിലാണെന്ന് മാത്രം.

സ്ത്രീകളുടെ ലൈംഗിക കര്‍തൃത്വം; ഫെമിനിസത്തിന്റെ മൂന്നാം തരംഗത്തിൽ

കുടുംബത്തില്‍ കഴിയുന്ന സ്ത്രീകളെല്ലാം സ്വസ്ഥതയോടെ കഴിയുന്നു എന്നും പൊതുവിടത്തിലെ സ്ത്രീ എപ്പോഴും വിഷമിച്ചു കഴിയുന്നു എന്നും ഇതുവരെ പറഞ്ഞതിന് അര്‍ത്ഥമില്ല. സ്ത്രീകള്‍ എപ്പോഴും ലൈംഗികത അടക്കി വച്ചവരായി തുടരുന്നു എന്നും കരുതേണ്ടതില്ല. അവരവര്‍ക്ക് ലഭ്യമായ ഇടങ്ങളില്‍ വച്ച് മെച്ചപ്പെട്ട റോളുകള്‍ ഏറ്റെടുക്കുകയും, കര്‍ത്തൃത്വം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും അതിനായി വില പേശല്‍ നടത്തുകയുമാണ് സ്ത്രീകള്‍ ചെയ്യുന്നത്. സ്ത്രീകളെ രണ്ട് തരത്തില്‍ വിഭജിച്ചു നിര്‍ത്തുന്നതാണ് അവരുടെ കര്‍തൃത്വത്തിന് ഏറ്റവും വലിയ വിലങ്ങ് തടിയായിട്ടുള്ളത്. സാമൂഹ്യമായി പിന്തള്ളപ്പെട്ടിരിക്കുന്നതിനാല്‍, നേരെ നിന്ന് അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയില്ല. അപ്പോള്‍ പല വിധ തന്ത്രങ്ങള്‍ മെനഞ്ഞെടുക്കുകയായിരിക്കും എളുപ്പം. സമ്പത്തും അധികാരവും കയ്യടക്കിയിരിക്കുന്ന പുരുഷനോട് ചേര്‍ന്ന് നില്‍ക്കുക എന്നത് അവരുടെ  അതിജീവനതന്ത്രമാണ്. ടി.ഡി. രാമകൃഷ്ണന്റെ നോവലിലെ ആണ്ടാള്‍ ദേവനായകി എന്ന മിത്തിക്കല്‍ കഥാപാത്രം യുദ്ധത്തില്‍ ജയിച്ചെത്തുന്ന അധിപന്മാരെ ധാര്‍മികതയുടെ ബാദ്ധ്യതയൊന്നുമില്ലാതെ, പെട്ടെന്ന് മാറി മാറി സ്വീകരിക്കുകയും, അവര്‍ക്ക് ആനന്ദവും അറിവും പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. ഭാര്യയായോ, അഭിസാരികയായോ, ചാരസുന്ദരിയായോ, ഹണി ട്രാപ്പില്‍ പുരുഷനു വേണ്ടി ശത്രുവിനെ കുടുക്കുന്നവളായോ ജീവിക്കുന്ന  സ്ത്രീകളെല്ലാം അതിജീവനത്തിനുവേണ്ടി വേഷം കെട്ടുകയാണ്. വിവിധ തരത്തിലാണെന്ന് മാത്രം. സൂക്ഷ്മമായി ജീവിതം പരിശോധിച്ചാല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന, സദാചാരത്തിന്റെ നൂലിഴ നേരിയ ചലനത്തില്‍ പൊട്ടിപ്പോകാവുന്നത്ര ദുര്‍ബലമാണ്. ബലപ്രയോഗത്തിലൂടെയും ആഖ്യാനങ്ങളിലൂടെയും നെയ്തു വച്ചിരിക്കുന്ന മുഖപടം മാത്രമാണത്. 

Silk Smitha
സിൽക്ക് സ്മിത, വിദ്യ ബാലൻ

സ്ത്രീകള്‍ ഉണര്‍ന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ വെളിപ്പെട്ടു. അത് തുടര്‍ന്നു കൊണ്ടുമിരിക്കുന്നു. കാമവും, കാമനകളും കര്‍ത്തൃത്വവും തുടിക്കുന്ന ഉടലുകള്‍ തന്നെയാണ് സ്ത്രീകളും പേറുന്നത്. പുരുഷ കാമനകള്‍ക്കായി സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുകയും, കാബറെ, പോര്‍ണോഗ്രാഫി, ലൈംഗിക തൊഴില്‍ എന്നിവയെല്ലാം എതിര്‍ക്കുകയും ചെയ്തുകൊണ്ടാണ് ഫെമിനിസം, പ്രത്യേകിച്ചും ഫെമിനിസത്തിന്റെ രണ്ടാം തരംഗം കര്‍മനിരതമായത്. പാട്രിയാര്‍ക്കിയുടെ സമൂല പരിവര്‍ത്തനം അവര്‍ വിഭാവനം ചെയ്തു. എന്നാല്‍, സമാന്തരമായി തന്നെ ശരീരത്തേയും ലൈംഗികതയേയും ആഘോഷമാക്കി ഉയര്‍ത്തിക്കൊണ്ട്​സ്ത്രീകര്‍ത്തൃത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗവും ഉണ്ടായിരുന്നു.    
ഗര്ഭനിയന്ത്രണം സാദ്ധ്യമാക്കുക സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിനുമേലുള്ള നിയന്ത്രണമാണ് എന്ന് ഒരു വിഭാഗം സ്ത്രീകള്‍ നേരത്തേ തിരിച്ചറിഞ്ഞു.  

അമേരിക്കയില്‍ ഇത് 1916 ല്‍ തുടങ്ങി വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മാര്‍ഗരറ്റ് സാംഗറുടെ പ്രവര്‍ത്തനങ്ങളൊക്കെ സ്ത്രീകള്‍ അവരുടെ ലൈംഗിക കര്തൃത്വം സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായി കാണാം. അവര്‍ അതിനായി അറസ്റ്റ് വരിക്കുകയും  പലായനം നടത്തുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ രതി, രതിമൂര്‍ച്ഛ, സ്വയംഭോഗം എന്നിവയൊക്കെ ബെറ്റി ഡോഡ്‌സനെ പോലെയുള്ള സ്ത്രീകള്‍  വിവരിക്കുകയും കലയുടെ ഭാഗമാക്കുകയും ചെയ്തു. ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും അതുവരെയുണ്ടായിരുന്ന ധാരണകള്‍ മറ്റുകയുണ്ടായി. സ്ത്രീകളുടെ ലൈംഗിക കര്‍തൃത്വം തിരിച്ചു പിടിക്കേണ്ടതാണെന്ന ബോധത്തോടെയുള്ള ഫെമിനിസ്റ്റ് ഇടപെടലുകള്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങിയത് തൊണ്ണൂറുകള്‍ക്കുശേഷമാണ്. ഫെമിനിസത്തിന്റെ മൂന്നാം തരംഗത്തില്‍ വ്യത്യസ്തങ്ങളായ സ്ത്രീ അനുഭവങ്ങളെ അറിയുകയും അംഗീകരിക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇതിനായി കൂടുതല്‍ ഇടങ്ങളുണ്ടായി.  

sexworkers
997ലെ സെക്‌സ് വര്‍ക്കര്‍മാരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന്. / Photo: Screen grab from 'Negotiating sex workers' right' video

ലിംഗപദവിയുടെ സ്വയം തെരഞ്ഞെടുക്കല്‍, ലൈംഗിക ചായ്​വ്​, ഇഷ്ടങ്ങള്‍ എന്നിവ  കര്‍തൃത്വത്തിന്റെ  കാതലായി മനസ്സിലാക്കുന്നതിന് ലൈംഗികതയെക്കുറിച്ചുള്ള പുതിയ വ്യവഹാരങ്ങളും  വ്യത്യസ്ത ലൈംഗികവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും സഹായിച്ചു. പല  സാഹചര്യത്തിലുമുള്ള സ്ത്രീകള്‍ അവരുടെ ശബ്ദം ഉയര്‍ത്തുകയും മറ്റുള്ളവര്‍ അത് കേള്‍ക്കുകയും ചെയ്യുമ്പോള്‍ കര്‍തൃത്വങ്ങള്‍ ആവിഷ്‌കരിക്കപ്പെടുകയാണ്. പാശ്ചാത്യ ഫെമിനിസ്റ്റുകളില്‍ ഗെയില്‍ റൂബിന്‍, (Gayle Rubin) ലൈംഗികതയെ  നല്ലതും ചീത്തയുമായി തിരിച്ചിരിക്കുന്നതിലെ സാമ്പത്തിക രാഷ്ട്രീയമാനങ്ങള്‍ തിരിച്ചറിയുകയുണ്ടായി. 1984 ല്‍ പ്രസിദ്ധീകൃതമായ  ‘തിങ്കിങ് സെക്‌സ്'  (Thinking sex), ലൈംഗികതയിലെ വ്യത്യസ്തതകളെ പുറത്തെടുക്കുകയും ക്വിയര്‍ രാഷ്ട്രീയത്തെ  ഫെമിനിസത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. പോര്‍ണോഗ്രാഫിക്കെതിരായി ഒരു വിഭാഗം ഫെമിനിസ്റ്റുകള്‍ എഴുപതുകളിലും എണ്‍പതുകളിലും ഉയര്‍ത്തിക്കൊണ്ടുവന്നഎതിര്‍പ്പുകളോടുള്ള പ്രതികരണത്തിലൂടെ  സെക്‌സ് പോസിറ്റീവായ ഫെമിനിസ്റ്റുകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. സദാചാര പരിഭ്രാന്തിയിലും ദ്വന്ദ്വ കല്പനകളിലും ഫെമിനിസ്റ്റുകളും പെട്ടു പോയിട്ടുണ്ട്.

പോണോഗ്രഫി, അക്രമത്തിന് തത്തുല്യമാണെന്നും അത് കാണുന്നവരെല്ലാം സ്ത്രീകള്‍ക്കുനേരെ അക്രമികളാകുകയും ചെയ്യുമെന്നതിന്  വസ്തുതാപരമായ പഠനങ്ങളില്ല.

ലൈംഗികതയെ ആകപ്പാടെ എതിര്‍ക്കുന്നത് പുരുഷമേധാവിത്വത്തിനെതിരായ സമരമായി തുലനപ്പെടുത്തുന്നത്  ഫെമിനിസ്റ്റുകളും പരുഷമേധാവിത്വത്തിന്റെ തന്നെ അജണ്ടയായ സദാചാരക്കെണിയില്‍ അകപ്പെടുന്നതുകൊണ്ടാണ്.   പോര്‍ണോഗ്രാഫിയെ  മാത്രം മൊത്തമായി ഇല്ലാതാക്കാന്‍ ആവശ്യപ്പെടുകയും, സ്ത്രീകളെ അടിച്ചമര്‍ത്തുന്ന കുടുംബം, മതം, ഭരണകൂടം, വിദ്യാഭ്യാസം, മാധ്യമങ്ങള്‍ എന്നിവയിലെല്ലാമുള്ള സ്ത്രീവിരുദ്ധതക്കെതിരെ മാത്രം നിലപാടെടുക്കുകയും ചെയ്യുന്നതില്‍  സൂക്ഷ്മമായ ലൈംഗിക സദാചാരഭയം പ്രവര്‍ത്തിക്കുന്നതു കാണാമെന്ന് റൂബിന്‍ പറയുന്നു. പോണോഗ്രഫി, അക്രമത്തിന് തത്തുല്യമാണെന്നും അത് കാണുന്നവരെല്ലാം സ്ത്രീകള്‍ക്കുനേരെ അക്രമികളാകുകയും ചെയ്യുമെന്നതിന്  വസ്തുതാപരമായ പഠനങ്ങളില്ല. ലൈംഗികത രൂപപ്പെടുന്നതിന്റെ ഭാഗമായ ഫാന്റസി, സ്വകാര്യമായി അനുഭവിക്കാവുന്ന രതി, ഇണകളെ ലഭിക്കാത്തവര്‍ക്കുള്ള ഉപാധി, പകര്‍ച്ചവ്യാധികളെ ഭയപ്പെടാതെയുള്ള അനുഭൂതി, സ്വയംഭോഗത്തിനുള്ള രസക്കൂട്ട്, രതിയുടെ മുന്നോടിയായ ഉത്തേജനോപാധി, ഇങ്ങനെ ഒട്ടേറെ വശങ്ങള്‍ പോര്‍ണോഗ്രഫിക്കുണ്ട്. ദാമ്പത്യത്തിനു പുറത്തുള്ള ലൈംഗികതയോടുള്ള ഭയമാണ് വ്യത്യസ്ത ലൈംഗികതാല്പര്യങ്ങളെ അന്ധമായി എതിര്‍ക്കാന്‍ ഒരു വിഭാഗം ഫെമിനിസ്റ്റുകളേയും പ്രേരിപ്പിച്ചത്.

Kerala Queer Pride
@keralaqueerpride

തൊണ്ണൂറുകള്‍ക്കുശേഷം ശക്തിപ്രാപിച്ച ട്രാന്‍സ്, ഗേ, ലെസ്ബിയന്‍, ക്വിയര്‍ പ്രസ്ഥാനങ്ങള്‍ ഫെമിനിസത്തിന് അവഗണിക്കാന്‍ കഴിയാതെ വന്നു. ആണ്മ എല്ലാ ആണുങ്ങളിലും ഒരു പോലെയല്ല എന്നുള്ളതും ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് ഒടുങ്ങാത്ത വ്യത്യസ്തതകളുണ്ടെന്നുമുള്ള തിരിച്ചറിവ് ഈ പ്രസ്ഥാനങ്ങളിലൂടെ വ്യാപകമായി. ഒരു ജീവിതപങ്കാളിയെ കണ്ടെത്താനും ഒരുമിച്ച് ജീവിക്കാനുമുള്ള സാഹചര്യം സ്വവര്‍ഗാനുരാഗികള്‍ക്ക് സമൂഹം നല്‍കുന്നില്ല. നിലവിലുള്ള ലൈംഗികക്രമം ഉടച്ചു കളഞ്ഞുകൊണ്ട് മാത്രമേ അവര്‍ക്ക് കര്‍തൃത്വം ഉറപ്പിക്കാന്‍ കഴിയൂ.  സ്ത്രീപുരുഷപ്രണയത്തിന്റെ അതിപ്രസരം കൊണ്ട് നമ്മുടെ പൂര്‍വ്വകാല കലാ സാഹിത്യ സിനിമ പരിസരങ്ങള്‍ മലീമസമായിരിക്കുന്നു എന്നത് ഇതരവിഭാഗങ്ങളുടെ പ്രണയലാവണ്യം നുകരാന്‍ കഴിയുമ്പോഴാണ് തിരിച്ചറിയുന്നത്. ട്രാന്‍സ് ജെന്റര്‍, ക്വിയര്‍ മനുഷ്യരുടെ ചുവടുവയ്പുകളും ചലനവിന്യാസങ്ങളും എല്ലാം തമസ്‌കരിക്കപ്പെട്ടിരുന്നു എന്നത് എത്ര വലിയ സൗന്ദര്യനഷ്ടമാണ്?  പുറംലോകത്ത് അംഗീകാരമില്ലാത്തിടത്തോളം  അതൊക്കെ മോശം പോര്‍ണോഗ്രഫിയായി എണ്ണിയിരുന്നിരിക്കാം.

കുടുംബിനികളും വിനോദിനികളും

വിനോദ വ്യവസായത്തില്‍ പണിയെടുക്കേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ ഫെമിനിസ്റ്റുകളെ പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴും അവര്‍ വസ്തുവല്‍ക്കരണത്തിനും ചൂഷണത്തിനും ഇരകളാക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന കാഴ്ചയാണ് അവരെ അസ്വസ്ഥപ്പെടുത്തിയത്. ബാറുകളില്‍ നൃത്തം ചെയ്യുന്നവര്‍, അമ്പലത്തിലെ ദേവദാസികള്‍, വീടുകളില്‍ ഉന്നതര്‍ക്ക് ലൈംഗികസേവനം ചെയ്യുന്നവര്‍, സെക്‌സ് ഷോയിലും മസാജ് സെന്ററിലും പണിയെടുക്കുന്നവര്‍, ബ്രോതലുകളില്‍ ജോലി ചെയ്യുന്നവര്‍, തെരുവില്‍ നിന്ന് കസ്റ്റമര്‍മാരെ കണ്ടെത്തേണ്ടവര്‍, ഫോണും നെറ്റും  ഉപയോഗിച്ച് കച്ചവടം നടത്തുന്നവര്‍, ഹോട്ടലിലെ കാബറെ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ആയിരക്കണക്കിന് സ്ത്രീകളാണ് വിനോദവ്യവസായത്തിലുള്ളത്.  ശരീരത്തിന്റെ ദൃശ്യതയും ചലനങ്ങളും കരവിരുതും സ്പര്‍ശവും ഉപയോഗിച്ച് സേവനം നടത്തുന്നത്.  മറ്റു സ്ത്രീകളോട് ഒപ്പമോ അതിലേറെയോ ഈ സ്ത്രീകളും അന്യവല്‍ക്കരണവും അപമാനവീകരണവും ചൂഷണവും നേരിടുന്നുണ്ട്.  തൊഴിലില്‍ മറ്റുള്ളവരെ പോലെ തന്നെ പൂര്‍ണമായ സ്വതന്ത്രേച്ഛയോടെ ഒരു തെരഞ്ഞെടുപ്പ് ഇവര്‍ക്കും സാദ്ധ്യമല്ല. ഒരു കാലത്ത് കുടുംബിനികള്‍ക്കെന്ന പോലെ തന്നെ ഇതില്‍ പല തൊഴിലുകള്‍ക്കും മാന്യതയുണ്ടായിരുന്നു. പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍.  കൊളോണിയലിസത്തിന്റെയും ആധുനികതയുടെയും ഭാഗമായി കടന്നുവന്ന വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ സ്ത്രീകളെ നല്ലവരും പിഴച്ചവരുമായി തരം തിരിച്ചു കണ്ടതിലൂടെയാണ് കുടുംബത്തിന് പുറത്ത് ലൈംഗിക സേവയോ വിനോദ സേവയോ ചെയ്യുന്ന സ്ത്രീകള്‍ അധോലോകത്തിലേക്ക് തള്ളിമാറ്റപ്പെടുന്നത്.  സമുദായത്തിന്റെ സദാചാരഭ്രംശത്തിന്റെ ഉത്തരവാദിത്വം തന്ത്രപൂര്‍വം ഈ സ്ത്രീകളുടെ തലയില്‍ കെട്ടിവക്കാന്‍ പുരുഷമേധാവിത്വത്തിനു കഴിഞ്ഞു.  കുടുംബിനികള്‍, അവര്‍ക്കുണ്ടെന്ന് ധരിക്കുന്ന മാന്യത, അത് നഷ്ടപ്പെട്ട സ്ത്രീകളുടെ ചെലവിലാണ് ഉണ്ടാകുന്നത്. കുടുംബത്തില്‍ നടത്തുന്ന സേവനങ്ങളും, കാല്പനികമായ ഒരു മാന്യതാപ്രതീതി ഉളവാക്കുന്നു എന്നതൊഴിച്ചാല്‍ ചൂഷണത്തിലും അന്യവല്‍ക്കരണതത്തിലുമാണ് ഊന്നിയിട്ടുള്ളത്. ചതുപ്പുനിലത്തിലൂടെ നടക്കുമ്പോഴെന്ന പോലെ ഏതു സമയവും ചെളിയില്‍ ആണ്ടു പോകാം.  

50 രൂപക്ക് തെരുവില്‍ ശരീരം വില്‍ക്കുന്ന ലൈംഗിക സേവികയും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങി ശരീരം കൊണ്ട് ദൃശ്യവിരുന്നൊരുക്കുന്ന താരങ്ങളും വിനോദ വ്യവസായത്തിന്റെ ഭാഗമാണ്.

വിനോദ വ്യവസായത്തില്‍ പണിയെടുക്കുന്ന സ്ത്രീകളെല്ലാം എപ്പോഴും ഇരകളായി തുടരുന്നവരും ചൂഷണത്തിലൂടെ  മാത്രം അവിടേക്കെത്തിയവരുമാണോ? കുടുംബങ്ങളില്‍ ജനിച്ച് അവിടെ നിന്നുതന്നെ വില്‍ക്കപ്പെടുന്നവര്‍, പാരമ്പര്യമായി തന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, വിവാഹശേഷം  ഭര്‍ത്താവിന്റെ പ്രേരണയാലോ പുറന്തളളലാലോ എത്തപ്പെട്ടവര്‍, എല്ലാം അവരിലുണ്ട്. മറ്റുള്ളവരുടെ ചതിയാല്‍ ആനയിക്കപ്പെട്ടവരുമുണ്ട്. രതിയുടെ പരിസരങ്ങള്‍ ആസ്വദിക്കാന്‍ താല്‍പ്പര്യത്തോടെ എത്തുന്നവരും,  കലയോടു താല്പര്യമുള്ളവരും   കൂടുതല്‍ പണം കാംക്ഷിച്ചെത്തുന്നവരും സാഹസങ്ങള്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. ചതിക്കും വഞ്ചനക്കും ഇരയാക്കപ്പെട്ടവരും എല്ലാ കാലവും ഇരകളായി തുടരുന്നില്ല. ജീവിതകാലം മുഴുവന്‍ തടവില്‍ കഴിയേണ്ട അവസ്ഥയുള്ളവര്‍ വളരെ കുറവായിരിക്കും. കൂടുതല്‍ പേരും അവര്‍ക്ക് ലഭ്യമായേക്കാവുന്ന മറ്റു തൊഴില്‍ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി തല്‍ക്കാലത്തേക്കെങ്കിലും ഇത് തെരഞ്ഞെടുക്കുന്നവരാണ്. വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടെങ്കിലും  മുഴുവന്‍ സമയവും അവര്‍ കരഞ്ഞുകൊണ്ടിരിക്കുകയല്ല. അതിജീവിക്കുകയും ആ പ്രക്രിയയില്‍ പല വിധ നൈപുണ്യങ്ങള്‍ ആര്‍ജ്ജിക്കുകയുമാണ്. മനുഷ്യരെ കൂടുതല്‍ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും അവര്‍ക്ക് എളുപ്പം സാധിക്കും.  
ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തുകയും സ്‌കൂളിലും കോളേജിലും പോയി അധികം പഠിക്കാന്‍ സാധിക്കാത്തവരുമായ നടിമാര്‍, മറ്റു യുവതികളേക്കാള്‍ നന്നായി സംസാരിക്കുകയും പ്രതിസന്ധികളെ നേരിടുകയും ചെയ്യുന്നത് ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകളുടെ കര്‍തൃത്വം പ്രകടമാകുന്നതോടെയാണ് ഈ മാറ്റങ്ങളും ദൃശ്യമാകുന്നത്.  

50 രൂപക്ക് തെരുവില്‍ ശരീരം വില്‍ക്കുന്ന ലൈംഗിക സേവികയും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങി ശരീരം കൊണ്ട് ദൃശ്യവിരുന്നൊരുക്കുന്ന താരങ്ങളും വിനോദ വ്യവസായത്തിന്റെ ഭാഗമാണ്. അവരുടെ ഇടയില്‍ പല അടരുകളിലായി വിന്യസിക്കപ്പെട്ട അനേകരുണ്ട്. ആന്ധ്രയില്‍ റെക്കോര്‍ഡ് ഡാന്‍സ് ഒരു പുരുഷ വിനോദമാണ്. സാധാരണക്കാരുടെ കാബറെ എന്ന് വേണമെങ്കില്‍ പറയാം. സ്ത്രീകള്‍ നൃത്തം ചെയ്യുമ്പോള്‍, കാമാര്‍ത്തി കൊണ്ട് സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കാണികളായ  പുരുഷന്മാരെ നടത്തിപ്പുകാര്‍ ചൂരല്‍ വടി വീശി തല്ലി ഓടിക്കുന്നതുകാണാം.  ഇതും നിയമവിരുദ്ധമാണ്. പൊലീസ് വന്നാല്‍ നിര്‍ത്തിപ്പോകുകയോ പണം കൊടുക്കുകയോ വേണ്ടി വരും. ജീവിതത്തിന്റെ അവസ്ഥയിലും പദവിയിലും ഇവരെല്ലാം  എത്ര വ്യത്യസ്തരാണ്? വസ്തുവല്‍ക്കരണത്തിന്റെ പേരില്‍ ഏതൊക്കെ തൊഴിലുകള്‍ എതിര്‍ക്കപ്പെടാന്‍ കഴിയും?  വാണിജ്യമെന്ന പേരില്‍ ഉന്നതരെ എതിര്‍ക്കാന്‍ കഴിയുമോ? വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും പിടിയിലമരാത്ത ഏത് തൊഴില്‍ മേഖലയാണ് ഇന്നുള്ളത്? അപ്പോള്‍ പിന്നെ ഇതില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മാത്രമായി  കളങ്കമുണ്ടാകുന്നതെങ്ങനെ?  താഴേത്തട്ടില്‍ വരുന്ന നര്‍ത്തകിമാരും ലൈംഗിക സേവികമാരുമാണെങ്കിലോ? അവരുടെ  അന്നം മുട്ടിക്കുക എന്നതാണ് ഇതെല്ലം ഉന്മൂലനം ചെയ്യണം എന്ന് വാദിക്കുന്നവരുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്നത്.

Disco-Dance-Club-Disne
Photo : maxpixel.net

തിരസ്‌കൃതരായവരും അപമാനിക്കപ്പെട്ടവരും  തന്നെ അവരുടെ കാര്യങ്ങള്‍ സംസാരിക്കട്ടെ. അതിനുള്ള ഇടങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് മറ്റുള്ളവര്‍ക്ക് ചെയ്യാവുന്നത്. ഇന്ത്യയില്‍ താഴേ വിഭാഗത്തില്‍ പെടുന്ന ലൈംഗിക തൊഴിലാളികളാണ് ആദ്യം സംഘടിതരായത്. അവര്‍ അവരുടെ  ജീവിതവും അതിജീവനവും അവകാശവും സംസാരിക്കുക വഴി കര്‍തൃത്വം നിര്‍മിക്കപ്പെടുകയാണ്. എല്ലാവര്‍ക്കും അപമാനഭയം അതിജീവിച്ച് പുറമേ വരാന്‍ കഴിയുന്നില്ലെങ്കിലും, പുറത്തു വരുന്നവര്‍ വഴി  ‘തൊഴിലാളികള്‍ ' എന്ന  ഐഡന്റിറ്റി സ്ഥാപിച്ചെടുത്തു.  ഇതേ തൊഴിലില്‍ തുടരുകയാണെങ്കിലും മറ്റു തൊഴിലുകള്‍ സ്വീകരിക്കുകയാണെങ്കിലും ജീവിക്കാനാവശ്യമായ സുരക്ഷിതമായ ചുറ്റുപാടാണ് എല്ലാവരും കാംക്ഷിക്കുന്നത്. ബാറുകളിലേയും ഹോട്ടലുകളിലേയും നൃത്തങ്ങളും ആനന്ദോപാധികളും അധോലോകത്തിലെന്നതു പോലെയാണ് നിലകൊള്ളുന്നത്. ലൈംഗിക തൊഴിലിലെന്ന പോലെ ഇവിടെയും സ്ത്രീകള്‍ ചൂഷണത്തിനും പീഡനത്തിനും ഇരകളാക്കപ്പെടുന്നത് ഈ അധോലോക സ്വഭാവം നില നിര്‍ത്തുന്നത് കൊണ്ടാണ്. ലൈംഗികാനന്ദം, വര്‍ജ്ജിക്കേണ്ടതാണെന്നും, നിന്ദ്യവുമാണെന്ന പൊതുബോധമാണ് ഇത് നിലനിര്‍ത്തുന്നത്. ഇവയെ നീതിയുടെ വെളിച്ചത്തു കൊണ്ടു വരാനല്ല, ഇല്ലാതാക്കുകയും പിന്നീട് രഹസ്യമായി ഉപയോഗിക്കാന്‍ പാകത്തില്‍, ഇരുട്ടില്‍ നിര്‍ത്തുകയുമാണ് സംസ്‌കാരമായി കരുതുന്നത്.  

ഹോട്ടലുകളില്‍ ഒരു കാലത്തുണ്ടായിരുന്ന കാബറെ നൃത്തങ്ങള്‍ സമരം ചെയ്ത് ഇല്ലാതാക്കിയ ചരിത്രം കേരളത്തിനുണ്ട്. പ്രകടമായ ആനന്ദം അനുവദിക്കാത്തിടത്ത് ക്രൂരതയും ചൂഷണവും നിലകൊള്ളും. അടുത്തിടെ സ്ത്രീകള്‍ക്ക് ബാറുകളില്‍ ജോലി ചെയ്യാന്‍ തന്നെ അനുവാദമില്ലെന്നും കണ്ടു. തൊഴില്‍ മേഖലകളില്‍ നിന്നെല്ലാം സ്ത്രീകള്‍ പുറത്താകുമ്പോള്‍, അവര്‍ സുരക്ഷിതരാവുകയല്ല. കൂടുതല്‍ അരക്ഷിതരാവുകയാണ്.  രക്ഷിക്കാനെന്ന പേരില്‍ വാസ്തവത്തില്‍ അവര്‍ ശിക്ഷിക്കപ്പെടുകയാണ്. മുംബൈയിലെ ബാറുകളില്‍ ഡാന്‍സ് നിര്‍ത്തലാക്കിയപ്പോള്‍, തൊഴില്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ സംഘടിക്കുകയും അവകാശങ്ങള്‍ക്കായി പൊരുതുകയും ചെയ്തു. ലൈംഗികത്തൊഴിലാളി സംഘടനകള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കുകയും വിശാലമായ  ഒരു ശ്രുംഖലയിലേക്ക് കണ്ണി ചേര്‍ക്കപ്പെടുകയും ആണുണ്ടായത്. 

Women in Cinema Collective
ഡബ്ല്യു.സി.സി അംഗങ്ങള്‍ / Photo : Women in Cinema Collective, fb page

വളരെ വലിയ മൂലധനത്തിന്റെ ഒഴുക്കുള്ളതുകൊണ്ടാവണം വലിയ വ്യവസായമായിട്ടും സിനിമയിലെ  സ്ത്രീകള്‍ക്ക്, തങ്ങള്‍ അനുഭവിക്കുന്ന അനീതിക്കെതിരെ സംഘടിക്കാന്‍ കഴിയാതിരുന്നത്. പൊതുവേ, സ്ത്രീകളുടേതല്ലെന്ന് പൊതു സമൂഹം കരുതുന്ന മേഖലയായതു കൊണ്ടു കൂടിയാണത്. കേരളത്തില്‍ ഡബ്ല്യു.സി.സി രൂപപ്പെട്ടെങ്കിലും മറ്റു സ്ഥലങ്ങളില്‍ സമാനമായവ കാണുന്നില്ല. സിനിമയിലേക്ക് നടിമാരായി കടന്നുവരുന്നവര്‍ മോഡലിംഗ്, സൗന്ദര്യ മത്സരം എന്നതില്‍ നിന്നൊക്കെയാകാറുണ്ട്.  ഇത്തരം സംരംഭങ്ങളെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഒരു വിഭാഗം എതിര്‍ത്തിട്ടുണ്ട്. ലൈംഗികത്തൊഴിലാളികളുടെ സ്വതന്ത്ര സംഘടനകളേയും അവര്‍ എതിര്‍ത്തിരുന്നു. സ്ത്രീകള്‍ ഇതിലെല്ലാം വസ്തുവല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ പേരിലാണത്. വസ്തുവല്‍ക്കരണത്തെ കുറിച്ച് പുനര്‍വായനകള്‍ നടന്നിട്ടുണ്ട്.
വസ്തുവല്‍ക്കരണത്തിന് വിധേയരാകുന്നവര്‍ എപ്പോഴും ആ നിലയില്‍ തുടരുന്നില്ല എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. പുരുഷന്മാരും ക്വിയര്‍ മനുഷ്യരും ഒന്നും തന്നെ ഇതില്‍ നിന്ന് മോചിതരല്ല. എല്ലാ ജോലികളിലും ഇതിന്റെ അംശങ്ങളുണ്ട്. എന്നാല്‍, മനുഷ്യര്‍ക്ക് അസ്തിത്വപരമായി തന്നെ വസ്തുവല്‍ക്കരിക്കപ്പെട്ടുകൊണ്ട് സദാ  തുടരാനാവില്ല. ഇങ്ങനെ പലവിധ ആഖ്യാനങ്ങളുമുണ്ട്. അങ്ങനെയിരിക്കേ, ശാരീരിക വിനോദത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ മാത്രമായി ഇത് കാണുന്നതില്‍ സദാചാരത്തിന്റെ ഒരു കാണാവള്ളിക്കുരുക്കുണ്ടോ എന്ന് നോക്കേണ്ടതുണ്ട്.   

sara joseph
സാറാ ജോസഫ്, ആർ.രാജശ്രീ

രതിവിനോദത്തെ ഉപജീവിച്ചു കഴിയുന്ന സ്ത്രീകള്‍ക്ക്, മറ്റു സ്ത്രീകള്‍ക്ക് ലഭിക്കാത്ത സ്വാതന്ത്ര്യം പല മേഖലയിലും കണ്ടിട്ടുണ്ട്.  പൊട്ടിച്ചിരിക്കാനും പുരുഷന്മാരെ വരുതിക്ക് നിര്‍ത്താനും ചിലപ്പോഴെങ്കിലും  അവര്‍ക്കുകഴിയും. എല്ലാ മനുഷ്യരും അവരുടെ സ്ഥലങ്ങളില്‍ നിന്നുകൊണ്ട് ആനന്ദം തേടുന്നവരാണ്. ഈ സ്ത്രീകള്‍ സമ്മേളിക്കുമ്പോള്‍ പല വിധ ലീലകളും തമാശകളും പങ്കുവക്കുന്നതിന് പലപ്പോഴും  സാക്ഷിയായിട്ടുണ്ട്. അധികാരികളായി ചമയുന്ന പല പുരുഷന്മാരെയും ചിലര്‍ ആജ്ഞാനുവര്‍ത്തികളാക്കി കണ്ടിട്ടുണ്ട്. വ്യത്യസ്തരായ പുരുഷന്മാരുടെ രതിലീലകള്‍ അവര്‍ നിരീക്ഷണവിധേയമാക്കുന്നു. യൂറോപ്പില്‍ സെക്‌സ് പ്രദര്‍ശനത്തിന് സ്വയം വിധേയയായി തൊഴിലെടുത്തിരുന്ന ഒരു സ്ത്രീ തന്റെ നഗ്‌നശരീരം കണ്ണാടിക്കൂടിനുവെളിയില്‍ വരിവരിയായി നില്‍ക്കുന്ന പുരുഷന്മാരിലുണ്ടാക്കുന്ന പ്രതികരണങ്ങള്‍ പഠനവിധേയമാക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തത് വായിച്ചതോര്‍ക്കുന്നു. കൊല്‍ക്കത്തയിലെ മാല സിങ് എന്ന ലൈംഗിക തൊഴിലാളി സ്ത്രീ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്  വളരെ ശക്തരായ സ്ത്രീകളില്‍ ഒരാളാണ്. അവരുടെ നോട്ടത്തിനുമുന്നില്‍ പതറാതെ ഒരു പുരുഷനും കടന്നുപോകാനാവില്ല. എപ്പോഴും എരിയുന്ന സിഗററ്റ് ചുണ്ടില്‍ കരുതുന്ന മാല, പുരുഷന്റെ  സിഗററ്റു പൊള്ളലേല്‍ക്കുന്ന വേശ്യാപ്രതിച്ഛായ തകര്‍ത്തെറിയും.  

ഒറ്റക്ക് യാത്ര ചെയ്യുമ്പോഴും ഹോട്ടലില്‍ കയറിയാലും പുരുഷന്മാരുടെ തുറിച്ചു നോട്ടങ്ങള്‍ മുന്‍പ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അതേസമയം തിരിച്ച് അവരെ നോക്കുകയാണെങ്കില്‍, അവര്‍ അസ്വസ്ഥരാകും.

സംസാരിച്ചു തുടങ്ങുന്നതോടെ, പൊതുവേദികളില്‍ സ്ഥാനം ഉറപ്പിക്കുന്നതോടെ, സ്ത്രീകള്‍ക്ക് കര്‍തൃത്വം ഉണ്ടാകുന്നു.  അത് വീട്ടമ്മയായാലും വിനോദിനി ആയാലും. ഒറ്റക്ക് യാത്ര ചെയ്യുമ്പോഴും ഹോട്ടലില്‍ കയറിയാലും പുരുഷന്മാരുടെ തുറിച്ചു നോട്ടങ്ങള്‍ മുന്‍പ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അതേസമയം തിരിച്ച് അവരെ നോക്കുകയാണെങ്കില്‍, അവര്‍ അസ്വസ്ഥരാകും.  സ്വന്തം ശരീരം കൊണ്ട് എന്തു ചെയ്യണമെന്ന് സ്വയം  തീരുമാനിക്കുന്നിടത്ത്, ശരീരം നഗ്‌നമോ അലംകൃതമോ ആകട്ടെ അത് സ്ത്രീക്ക് ബാദ്ധ്യതയല്ല. സ്ത്രീകള്‍ അവരുടെ കര്‍തൃത്വങ്ങള്‍ രചിച്ചു തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ പെണ്ണെഴുത്തും സ്ത്രീപക്ഷ നാടകങ്ങളും കഴിഞ്ഞ ദശകങ്ങളില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. സാറാ ജോസഫ് മുതല്‍ ആര്‍. രാജശ്രീ വരെയുള്ള സ്ത്രീ എഴുത്തുകാര്‍  സ്ത്രീകളുടെ കാമനകളും ശരീരത്തിന്റെ ഉണര്‍വ്വുകളും മനോഹരമായി ആഖ്യാനം ചെയ്തിട്ടുണ്ട്.  സൈബര്‍ സ്ഥലങ്ങളില്‍ യുവതികളായ കവിതാകാരികള്‍ നാനാതരത്തില്‍ ഉടലുകള്‍ രചിക്കുന്നു. സ്ത്രീയുടെ രതികര്‍തൃത്വത്തിലൂടെ മാത്രമേ  ആണ്‍കോയ്മയുടെ അയഥാര്‍ത്ഥമായ സ്ത്രീലൈംഗിക ബിംബങ്ങളെ ഉടച്ചു വാര്‍ക്കാന്‍ കഴിയൂ.  സ്ത്രീകള്‍ എന്തിന് സ്വന്തം ശരീരത്തെ ലജ്ജയോടെ നോക്കാതിരിക്കണം? അനന്തമായ സാദ്ധ്യതകളിലേക്ക് തുറക്കാന്‍ പാകത്തില്‍  ഉയിര് കൊണ്ട് അതിരിട്ട ഉടലുകളാണ് നമ്മളെല്ലാം.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി.

Audio