ശരീരം എന്ന നിലപാട്
അഡ്വ. കുക്കു ദേവകി
ഹിഡുംബിയെന്നും, താടകയെന്നും, ശൂര്‍പ്പണഖയെന്നും
വിളികേട്ട ബാല്യ കൗമാരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്
വിടര്‍ന്നു ചിരിക്കാന്‍ ഇഷ്ടമുള്ള എന്നോട് എന്തിനിങ്ങനെ രാക്ഷസച്ചിരി ചിരിക്കുന്നു എന്ന് ചോദിച്ചവരുണ്ട്. ഇതിന്റെയൊക്കെ ടോണ്‍ ‘ഞങ്ങള്‍ തമാശ പറഞ്ഞതല്ലേ' എന്നാണ്. എങ്ങനെയാണ് മനുഷ്യനെ വേദനിപ്പിച്ച് അത് വെറും തമാശയാണെന്ന് പറയാന്‍ സാധിക്കുന്നത്?

എപ്പിക്കുകളായ മഹാഭാരതത്തിലും രാമായണത്തിലുമുള്ളതുപോലെ ബോഡി ഷെയ്മിങ് വേറെയൊന്നിലും കാണാനാകില്ല. മന്ഥര, ശകുനി, ഘടോല്‍ക്കചന്‍, ഭീമന്‍, ഹിഡുംബി, താടക, ശൂര്‍പ്പണഖ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. അസുരന്മാര്‍ അഥവാ രാക്ഷസന്മാര്‍ കറുത്തവരും തമോഗുണമുള്ളവരുമാണ്.
മുടന്തനായ ശകുനിയാണ് മഹാഭാരതത്തിലെ ഏറ്റവും ഏഷണിക്കാരനായ കഥാപാത്രം. ഒന്നാലോചിച്ചു നോക്കൂ, മനുഷ്യരില്‍ എത്രമേല്‍ വിഷമാണ് ആ കഥാപാത്രത്തിനാല്‍ വ്യാസന്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്, എന്റെ കൂടെ പഠിച്ചവർ പലപ്പോഴും പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്, ‘കാണാന്‍ അസ്സല് പാണ്ടിയെപ്പോലുണ്ടെന്ന്’. ‘പാണ്ടി’യെന്നാല്‍ തമിഴത്തി. ഒരേ സമയം തമിഴ് ജനതയും നമ്മളെ തന്നെയും കളിയാക്കുന്ന പ്രവണത.
രാമായണത്തിലെ ‘വാനരന്മാ’രെ ഞാന്‍ മനസ്സിലാക്കുന്നത് ദക്ഷിണേന്ത്യക്കാരായ നമ്മൾ ആയാണ്. ആനന്ദ് പട്വർധന്റെ രാം കേ നാം എന്ന ഡോക്യുമെന്ററിയില്‍ അത് സൂചിപ്പിക്കുന്നുമുണ്ട്. ഇതൊക്കെ പൊതുസമൂഹത്തില്‍ ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത്. ക്രൗഞ്ച മിഥുനപ്പക്ഷികളെ വേട്ടയാടുന്ന കാട്ടാളനെ വിവരിച്ചിരിക്കുന്നത് കറുത്തവനും ക്രൂരനുമായാണല്ലോ. അതിലൊരു കാര്യം മുഴച്ചുനില്‍ക്കുന്നുമുണ്ട്. കറുത്തവരായ മനുഷ്യര്‍ ക്രൂരന്മാരാവും എന്ന നറേറ്റീവ്. അവരെ തിരുത്താന്‍ ഏതെങ്കിലും മഹര്‍ഷിയോ ബ്രാഹ്മണനോ വേണ്ടി വരും. അത്തരമൊരു ചിന്ത രൂഢമൂലമായി കിടക്കുന്ന സമൂഹമാണ് നമ്മുടേത്.
ഇതിന്റെയൊക്കെ പിന്‍തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ചാനലുകള്‍ തോറുമുള്ള കോമഡി പരിപാടികള്‍, അവ എത്രമേല്‍ ബോഡി ഷെയ്മിങ് ആണ്. ആ പരിപാടികളിലൊക്കെ കറുത്തവരെയും തടിച്ചവരേയും പല്ലുന്തിയവരെയും മുടന്തരേയും ബുദ്ധിവികാസം പ്രാപിക്കാത്തവരേയും ഒരു ദാക്ഷിണ്യവുമില്ലാതെ കളിയാക്കുന്നതുകണ്ട് കൈകൊട്ടിച്ചിരിക്കുന്ന മനുഷ്യരാണ് ചുറ്റും. എങ്ങനെയാണ് ശരീരകേന്ദ്രീകൃതമായി മനുഷ്യരെ കളിയാക്കാന്‍ സാധിക്കുക? അതിന്റെ അടിസ്ഥാനം നമുക്ക് കിട്ടിയത് ഈ എപ്പിക്കുകളില്‍ നിന്നാണ്.

ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്, എന്റെ കൂടെ പഠിച്ചവർ പലപ്പോഴും പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്, ‘കാണാന്‍ അസ്സല് പാണ്ടിയെപ്പോലുണ്ടെന്ന്’. ‘പാണ്ടി’യെന്നാല്‍ തമിഴത്തി. ഒരേ സമയം തമിഴ് ജനതയും നമ്മളെ തന്നെയും കളിയാക്കുന്ന പ്രവണത.
പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്, നല്ല കടുത്ത നിറങ്ങളുപയോഗിക്കുന്ന കറുത്തവരെ കളിയാക്കുന്നത്. ‘കണ്ണടിച്ചു പോകും' എന്നൊക്കെ പറഞ്ഞിട്ടാണ് ആക്ഷേപം.
ചെറുപ്പത്തില്‍ ഏല്‍ക്കുന്ന പല ഷെയ്മിങ്ങുകളും പലര്‍ക്കും മൈന്റല്‍ ട്രോമ വരെ ഉണ്ടാക്കാറുണ്ട്. അതിനെയെല്ലാം മറികടക്കാന്‍ അസാധ്യമായ അതിജീവന ബോധം വേണം. സാധാരണയില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് അതിന് സാധിച്ചെന്നുവരില്ല. എന്തിനാണ് മറ്റൊരാളുടെ ശരീരത്തില്‍ ഇത്ര ഇടപെടുന്നത്?. എന്താണ് നമ്മളെയതിന് പ്രേരിപ്പിക്കുന്നത്? കാലാകാലങ്ങളായി പിന്തുടര്‍ന്നുവരുന്ന രീതി അതായതുകൊണ്ടാണോ? ഒരു പരിധിവരെ, അടിസ്ഥാനപരമായി നമ്മള്‍ നില്‍ക്കുന്നത് പുരാണാതിഹാസ ചിന്തകളിലാണ്. അതിനെയെടുത്തു കളയേണ്ടിയിരിക്കുന്നു. രാമായണത്തിലെ മന്ഥര കൂനിയാണ്. അവരാണ് രാമായണ കഥയില്‍ കൈകേയിയ്ക്ക് രാമനെ കാട്ടിലയ്ക്കാനും മറ്റുമുള്ള ചിന്ത പകര്‍ന്നുനല്‍കുന്നത്. ഇവരെ ആരാധിക്കുന്ന മനുഷ്യരില്‍ കൂനുള്ളവരെ കാണുന്നത് എന്ത് വികാരമാണുണ്ടാവുക?
വിടര്‍ന്നു ചിരിക്കാന്‍ ഇഷ്ടമുള്ള എന്നോട് എന്തിനിങ്ങനെ രാക്ഷസച്ചിരി ചിരിക്കുന്നു എന്ന് ചോദിച്ചവരുണ്ട്. ഇതിന്റെയൊക്കെ ടോണ്‍ ‘ഞങ്ങള്‍ തമാശ പറഞ്ഞതല്ലേ' എന്നാണ്. എങ്ങനെയാണ് മനുഷ്യനെ വേദനിപ്പിച്ച് അത് വെറും തമാശയാണെന്ന് പറയാന്‍ സാധിക്കുന്നത്? അത്തരം തമാശകള്‍ ഒരിക്കല്‍ പോലും അനുവദിച്ചുകൊടുക്കാന്‍ സാധിക്കാത്തതാണ്. ഒരാളുടെ കോങ്കണ്ണ് എങ്ങനെ നമ്മളില്‍ ചിരിയുണര്‍ത്തും? അല്ലെങ്കില്‍ കൂന്, മുടന്ത്, കറുപ്പ് ... ഇവയെല്ലാം ചിരിയുണര്‍ത്തുന്നതെങ്ങനെ?

ശരീരം നിങ്ങളില്‍ ചിരിയുണര്‍ത്തുന്നുണ്ടെങ്കില്‍ എന്തോ കാര്യമായ കുഴപ്പം നിങ്ങള്‍ക്കുണ്ടെന്ന് കരുതിക്കോളൂ. പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്, നല്ല കടുത്ത നിറങ്ങളുപയോഗിക്കുന്ന കറുത്തവരെ കളിയാക്കുന്നത്. ‘കണ്ണടിച്ചു പോകും' എന്നൊക്കെ പറഞ്ഞിട്ടാണ് ആക്ഷേപം. കറുത്ത ശരീരമുള്ളയാള്‍ കടുത്ത നിറം ഉപയോഗിച്ചാലെന്താണ്? കടും മഞ്ഞ, ചുവപ്പ്, പച്ച ഇതെല്ലാം കറുപ്പായി ചേരില്ല എന്ന് ആരാണിവിടെ അലിഖിത നിയമമാക്കിയിരിക്കുന്നത്? ഒരു വിഭാഗത്തിന്റേതു മാത്രമാണോ നിറങ്ങള്‍?
ആകര്‍ഷകമായ പല ഇടങ്ങളിലും കറുത്തവരെ കാണുക അപൂര്‍വമാണ്. നമ്മുടെ സിനിമകളില്‍ കറുത്ത നായികമാര്‍ വിരളമല്ലേ? ടി.വിഷോകള്‍ നയിക്കുന്ന അവതാരകര്‍ വെളുത്തിട്ടല്ലേ? അങ്ങനെ പല തെളിച്ചമുള്ള ഇടങ്ങളും കറുത്തവര്‍ക്ക് നഷ്ടമാകുന്നില്ലേ.
ഒരു കാര്യം മനസ്സിലാക്കണം. എല്ലാ നിറവും എന്തിനോടും ചേരും. കറുപ്പും അതുപോലൊരു നിറമാണ്, എല്ലാത്തിനോടും യോജിക്കുന്ന ഒന്ന്.
അതുപോലെ ആഴത്തില്‍ പതിഞ്ഞ ഒരു ചൊല്ലാണ് ‘കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്’ എന്നത്. ശരീരപ്രകൃതിയനുസരിച്ച് ഒരു മനുഷ്യനെ വിശ്വസിക്കരുതെന്നുപറയാന്‍ എന്തവകാശം? അതുണ്ടാക്കുന്ന ഇംപാക്റ്റ് വളരെ വലുതാണ്. പണ്ട് ഒരു പരസ്യം ഉണ്ടായിരുന്നു, ‘നിങ്ങളുടെ ശരീരം മെലിഞ്ഞുണങ്ങിയതാണോ! എങ്കില്‍ ഈ പ്രൊഡക്റ്റ് കഴിക്കൂ’ എന്നു പറഞ്ഞ് ഒരു പ്രൊഡക്റ്റ് ചൂണ്ടിക്കാണിക്കുന്നു. നിരന്തരം സ്വീകരണമുറിയില്‍ കാണുന്ന മെലിഞ്ഞുണങ്ങിയ ആള്‍ക്കുണ്ടാകുന്ന പ്രശ്‌നം ചെറുതല്ല.
അതുപോലെ കറുത്ത പെണ്‍കുട്ടി കോളേജില്‍ ചെല്ലുമ്പോള്‍ അവളെ അവിടെയുള്ള ആണ്‍കുട്ടികള്‍ നോക്കുന്നില്ല. അതവള്‍ക്ക് വളരെ വലിയ വിഷമമാണുണ്ടാക്കുന്നത്. അപ്പോഴെയ്ക്കും ഫെയര്‍ ആൻറ് ലൗലി എത്തുന്നു. അത് തേച്ച് വന്നാല്‍ മതി, ആണ്‍സുഹൃത്ത് റെഡിയാകുമെന്ന് പറയുന്നു. കറുത്തവള്‍ വെളുത്താല്‍ മാത്രമേ നല്ലൊരു ജീവിതം സാധ്യമാവൂ എന്ന ചിന്തയാണ് ഇത്തരം ഉൽപ്പന്നങ്ങളുണ്ടാക്കുന്നത്.
ആകര്‍ഷകമായ പല ഇടങ്ങളിലും കറുത്തവരെ കാണുക അപൂര്‍വമാണ്. നമ്മുടെ സിനിമകളില്‍ കറുത്ത നായികമാര്‍ വിരളമല്ലേ? ടി.വിഷോകള്‍ നയിക്കുന്ന അവതാരകര്‍ വെളുത്തിട്ടല്ലേ? അങ്ങനെ പല തെളിച്ചമുള്ള ഇടങ്ങളും കറുത്തവര്‍ക്ക് നഷ്ടമാകുന്നില്ലേ. കറുത്തവര്‍ അതൊക്കെ ആഗ്രഹിക്കുന്നത് വലിയ തെറ്റാണെന്നതുപോലുള്ള ബോധം ഇവിടെ സര്‍വസാധാരണമാണ്. ഹിഡുംബിയെന്നും, താടകയെന്നും, ശൂര്‍പ്പണഖയെന്നും വിളികേട്ട ബാല്യ കൗമാരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. എത്ര വൃത്തികേടായിട്ടാണ് ആ കഥാപാത്രങ്ങള്‍ നമ്മളില്‍ വര്‍ത്തിയ്ക്കുന്നതെന്ന് ഒന്നാലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. എത്ര മനോഹരമായ കഥാപാത്രങ്ങളാണ് അവരെല്ലാം. എന്നിട്ടും അക്കാലത്തെ ബോഡി ഷെയ്മിങ് വിദ്വാന്‍മാര്‍ അവരെ അത്തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഉന്തിയ പല്ലാണ് എന്ന കാരണം പറഞ്ഞ് ഒരു ആദിവാസി യുവാവിന് ജോലി നിഷേധിക്കപ്പെട്ട സംഭവം ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ടല്ലോ. പി.എസ്.സിയോ സര്‍ക്കാരോ ഇതില്‍ നിന്ന് കൈ കഴുകുന്നത് ശരിയല്ല. യൂണിഫോംഡ് ജോലിയില്‍ ‘നിരയൊപ്പിച്ച പല്ലുകള്‍' എന്ന നിയമം ഉണ്ടെങ്കില്‍ അത് കാലഹരണപ്പെട്ടതാണെന്നും അത് തിരുത്തി പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും അധികാരികള്‍ മനസ്സിലാക്കണം. അല്ലാതെ അത്രമേല്‍ പ്രത്യക്ഷമായ ബോഡി ഷെയ്മിങ്ങിനെ ഊട്ടിയുറപ്പിക്കുകയല്ല വേണ്ടത്.
പെണ്ണ് വെളുത്തതാണോ കറുത്തതാണോയെന്ന എന്‍ക്വയറി എത്രമേല്‍ അനീതിയാണ്. ഓരോ ശരീരവും അത്രമേല്‍ സുന്ദരമാണ് എന്നു മാത്രം ഞാന്‍ പറഞ്ഞുവെയ്ക്കുന്നു.
ഈയൊരു കാലത്തും ന്യൂജന്‍ ചിന്തകളില്‍ അഭിരമിക്കുന്ന പുതുതലമുറയെങ്കിലും ഇത്തരം ബോഡി ഷെയ്മിങ്ങിൽനിന്ന് മാറിനില്‍ക്കേണ്ടതാണ്. വിവാഹം അന്വേഷിക്കുന്നവര്‍ പെണ്ണിന്റെ കാല്, കൈ, കണ്ണ്, നിറം എന്നു വേണ്ട എല്ലാം പരിശോധിക്കുന്നത് ഒരു തരത്തില്‍ ബോഡി ഷെയ്മിങ് തന്നെയാണ്. കണ്ണ്, കോങ്കണ്ണ് ആണെന്ന് നോക്കണം എന്ന് പറയുന്നതേ ഒരു മനുഷ്യനോട് ചെയ്യുന്ന നീതികേട് തന്നെയാണ്. പെണ്ണ് വെളുത്തതാണോ കറുത്തതാണോയെന്ന എന്‍ക്വയറി എത്രമേല്‍ അനീതിയാണ്. ഓരോ ശരീരവും അത്രമേല്‍ സുന്ദരമാണ് എന്നു മാത്രം ഞാന്‍ പറഞ്ഞുവെയ്ക്കുന്നു. ബോഡി ഷെയ്മിങ് എന്ന മനുഷ്യത്വവിരുദ്ധത വിട്ട് നല്ലൊരിടത്തേയ്ക്ക് നമ്മുടെ ചിന്തകളെ ഉയര്‍ത്തനാകട്ടെ. ▮