Wednesday, 29 March 2023

ഫിക്ഷനും ചരിത്രവും


Text Formatted

‘ആഗസ്റ്റ് 17'  ഒരു  ബദല്‍ ചരിത്രമായി
വായിക്കുന്നത് ഗുരുതര പിഴവായിരിക്കും

അപാരമായ സ്വാതന്ത്ര്യത്തോടെ ചരിത്രത്തെ ഫിക്ഷന്റെ തലത്തിലേക്ക് കൊണ്ടുവരികയാണ് തന്റെ ഉദ്യമമെന്ന്​ എസ്. ഹരീഷ്  ‘ആഗസ്റ്റ് 17'  എന്ന നോവലിന്റെ ആമുഖത്തില്‍ വിശദീകരിക്കുന്നു. പക്ഷെ , ഹരീഷിന്റെ ആഖ്യാനത്തില്‍ സമയക്രമത്തെ ഈ രീതിയില്‍ വിന്യസിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും രേഖീയ ചരിത്രത്തിന്റെ പാഠപുസ്തക സങ്കല്പത്തില്‍ നിന്ന് നോവലിന് വിടുതല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.

Image Full Width
Text Formatted

‘You could make the past live for the reader: your novel could then effect the integration of the external time of history. with the beat of human interiority.'
- Carolyn Steedman, Dust: The Archive and the Cultural History.  

‘There is everything, or Everything, the great undifferentiated past, all of it, which is not history, but just stuff. . .  From that, you make history, which is never what was there, once upon a time.'
- Carolyn Steedman. 

രിത്രവും  ഭൂതകാലവുമൊക്കെ ഭാവനയ്ക്ക് ഇഷ്ടംപോലെ വിഹരിക്കാനുള്ള ഭൂമികയാണ്. ചരിത്രവും ഭൂതകാലവും ഒന്നല്ല. ചരിത്രം വസ്തുതനിഷ്ഠതയെ കാംക്ഷിക്കുന്നു. അതുകൊണ്ടാണ്, പാഠവത്കരണം പ്രധാനമാകുന്നത്. ഇന്ത്യക്കാര്‍ക്ക് ഭൂതകാലമുണ്ട്, ചരിത്രമില്ല എന്ന കൊളോണിയല്‍ ബോധ്യം ഇവ രണ്ടും തമ്മിലുള്ള വേര്‍തിരിവ് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ആധുനിക ചരിത്രരചന വസ്തുതകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ്. ഈ ചരിത്രവസ്തുക്കളെ മാറ്റിയും മറിച്ചും കളിച്ചുനോക്കാവുന്നതുമാണ്. ഇങ്ങനെയല്ല, അങ്ങനെയായിരുന്നെങ്കില്‍ എന്ന അന്വേഷണത്തില്‍ കൗതുകവും വര്‍ത്തമാനവുമുണ്ട്. അതെ, അതില്‍ വര്‍ത്തമാനവുമുണ്ട്. തലമുറകള്‍ പ്രവര്‍ത്തനനിരതമായ വര്‍ത്തമാനം. അതുകൂടി സന്നിവേശിപ്പിച്ചതാണല്ലോ ചരിത്രം. ഇങ്ങനെ സാകൂതം നമ്മളെടുത്തു കളിയാടുന്ന ചരിത്രം അല്ലെങ്കില്‍ ഭൂതകാലം, കല്പിതകഥയില്‍ തന്നെ ഒതുങ്ങുമെന്ന ഉറപ്പുണ്ട് ചരിത്രത്തെ ഫിക്ഷനാക്കുമ്പോള്‍. ഇത് പാഠപുസ്തകചരിത്രമാകില്ലെന്നും കല്പിതകഥയായി തന്നെ വായിച്ചാസ്വദിക്കാമെന്നുമാണ് നമുക്ക് ലഭിക്കുന്ന സാംസ്‌കാരികമായ   ഇന്‍സ്റ്റിറ്റ്യൂഷനൽ ഗ്യാരണ്ടി. കേടുപാടു വരാതെ സൂക്ഷിക്കാന്‍ അക്കാദമികമായ രീതികളില്‍ ചരിത്രത്തെ ഇന്‍ഷൂര്‍ ചെയ്തിട്ടുമുണ്ട്. പാഠവത്കരിക്കപ്പെട്ട ചരിത്രവും ആര്‍ക്കൈവുകളുമാണ്  ഇന്‍ഷൂറന്‍സ്. പക്ഷെ, ഈ വ്യവസ്ഥാപിത ജ്ഞാനവ്യസ്ഥ തന്നെ  അട്ടിമറിക്കപ്പെടുന്ന രീതിയില്‍ ചരിത്രം തിരുത്തിയെഴുതപ്പെടുകയും അങ്ങനെ തിരുത്തിയെഴുതപ്പെട്ട ചരിത്രം പാഠപുസ്തകങ്ങളിലൂടെ തലമുറകളുടെ ബോധങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ ഒരു ഭാഗത്ത്​തകൃതിയായി നടക്കുന്നു.  

hareesh
എസ്. ഹരീഷ് / Photo: :Benhar Bhasi, Fb

നമ്മള്‍ വാസ്തവികതാനന്തരത (post truth) എന്നു വിളിക്കുന്നതിന്റെ  പ്രധാന പ്രവണതകളിലൊന്ന്, ചരിത്രത്തിന്റെ പുനര്‍രചനയാണ്, അഥവാ ഭൂതകാലത്തിന്റെ തിരുത്തിയെഴുത്താണ്. ‘ആള്‍ട്ട് റൈറ്റ് രാഷ്ട്രീയം’ ബദല്‍ വസ്തുതകളിലൂടെയാണ് (ആള്‍ട്ട് ഫാക്ട്) ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നത്. നിലവിലില്ലാത്തതും തികച്ചും ഭാവനാത്മകവുമായ വസ്തുതകളെ മെനഞ്ഞാണ് ചരിത്രത്തെ പുനഃസൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള ചരിത്രത്തിന്റെ തിരുത്തിയെഴുത്തും പുനഃസൃഷ്ടിയും ഭരണകൂടത്തിന്റെ സാംസ്‌കാരിക പദ്ധതിയുടെ ഭാഗമാകുന്ന സങ്കീര്‍ണ ചരിത്രസന്ധിയില്‍ ചരിത്രത്തെ ഒരു കല്പിതകഥയായി മാത്രം വ്യാഖ്യാനിക്കുന്ന ഒരു രചനയിലേര്‍പ്പെടുമ്പോള്‍, പ്രതീകാത്മകതലത്തിലെങ്കിലും ഈ ആസൂത്രിത പദ്ധതിക്കുള്ള സാധൂകരണമായി ചരിത്രത്തെ മുന്‍നിര്‍ത്തിയുള്ള രചന മാറുന്നുണ്ടോ എന്നൊരു ആത്മപ്രതിഫലനം എഴുത്തുകാർ സ്വയം നടത്തേണ്ടതുണ്ട്. ചരിത്രത്തിന്റെയും കഥയുടെയും കലര്‍പ്പുകളെക്കുറിച്ച്​ ഒന്നുരണ്ട്​സാമാന്യ നീരിക്ഷണങ്ങള്‍ നടത്തുന്നുവെന്നല്ലാതെ മിത്തിന്റെ ചരിത്രവത്കരണത്തെക്കുറിച്ചും ചരിത്രത്തിന്റെ മൈത്തികവത്കരണത്തെക്കുറിച്ചും ഗൗരവമായ ആലോചനകളൊന്നും എസ്​. ഹരീഷിന്റെ ‘ആഗസ്റ്റ് 17'  എന്ന കൃതിയുടെ രചനയെ സ്പര്‍ശിച്ചതായി അനുഭവപ്പെടുന്നില്ല.

സമകാലികമായ ദേശീയതയുടെ ബദല്‍ ചരിത്ര പുനര്‍രചന എഴുതപ്പെടുന്നത് വ്യാജ വസ്തുതകളെയോ അര്‍ദ്ധസത്യങ്ങളെയോ അടിസ്ഥാനമാക്കിയാണ്. പുറന്തള്ളലും ബഹിഷ്‌ക്കരിക്കലുമാണ്  ഈ ചരിത്ര രചനയുടെ ഉദ്ദേശ്യം തന്നെ

തിരുത്തപ്പെടുന്ന ചരിത്രവും വ്യത്യസ്ത ചരിത്രങ്ങളും 

ചരിത്രത്തിലെ വെട്ടലും തിരുത്തലും കുറച്ചുകാലമായി ഇവിടെ നടന്നുവരുന്ന കാര്യമാണ്. പ്രധാനമായും സെക്യുലര്‍ ദേശീയതയുടെ ബദലാഖ്യാനമെന്ന നിലയിലാണ് ഈ പ്രശ്‌നം ഗൗരവമായി നമ്മുടെ മുമ്പിലേക്കുവരുന്നത്. ചരിത്രം തിരുത്തിയെഴുതണം എന്ന ആവശ്യത്തിന് അടിസ്ഥാനമായി ഉന്നയിക്കപ്പെടുന്ന കാര്യം, നിലവിലെ ചരിത്രം മെക്കോളെ - മാര്‍ക്‌സ് ചരിത്രമാണെന്നതാണ്. അതായത്, പാശ്ചാത്യ സമൂഹങ്ങളുടെ വികാസചരിത്രത്തെ മുന്‍നിര്‍ത്തി വികസിപ്പിച്ചെടുത്ത ചരിത്രശാസ്ത്രമാണ് ഇന്ത്യന്‍ അല്ലെങ്കില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ചരിത്രരചനയില്‍ ഉപയോഗിക്കുന്നത് എന്ന്​. ചരിത്രരചനാശാസ്ത്രം പല രീതിയിലും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയതയുടെ ചരിത്രം ദേശീയ ബൂര്‍ഷ്വാസിയുടെ ആത്മകഥയാണ് എന്നതാണ് കീഴാള ചരിത്രശാസ്ത്രം ഉന്നയിച്ച ഒരു പ്രധാന വിമര്‍ശനം. ദേശീയതയുടെ ചരിത്രത്തില്‍ സ്ഥാനം ലഭിക്കാതെപോയ മര്‍ദ്ദിത  ജനവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രതിരോധചരിത്രം ദേശീയതയുടെ പ്രബലചരിത്രത്തെ അപനിര്‍മിക്കുന്നതായിരുന്നു എന്നാണ് ഈ വാദത്തിലെ പ്രധാന സംഗതി. വിശദമായി തന്നെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണിത്.

എന്നാല്‍ സമകാലികമായ ദേശീയതയുടെ ബദല്‍ചരിത്ര പുനര്‍രചന എഴുതപ്പെടുന്നത് വ്യാജ വസ്തുതകളെയോ അര്‍ധസത്യങ്ങളെയോ അടിസ്ഥാനമാക്കിയാണ്. പുറന്തള്ളലും ബഹിഷ്‌കരിക്കലുമാണ് ഈ ചരിത്ര രചനയുടെ ഉദ്ദേശ്യം തന്നെ. വംശീയ പുറന്തളളലിന് പ്രേരകമാകുന്ന വിധത്തിലാണ് ചരിത്രം പുനര്‍രചിക്കപ്പെടുന്നത്. 

ചരിത്രം ആഖ്യാനാത്മകമാണെന്ന വിലയിരുത്തല്‍ പുതിയതല്ല. ഉത്തരാധുനികതയുടെ ഈ ചരിത്രദര്‍ശനത്തെ ദേശീയതാവാദികളായ ചരിത്രകാരന്മാരും മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരും പൊസിറ്റിവിസ്റ്റ്​- ഉദാരവാദികളായ ചരിത്രകാരന്മാരും ഒരേപോലെ എതിര്‍ത്തിട്ടുള്ളതാണ്.  
ചരിത്രം ഭാഷയുടെ കളിയാണെന്ന പരിമിതവീക്ഷണം മാത്രമായിരുന്നില്ല ഉത്തരാധുനികതയുടെ ചരിത്രദര്‍ശനം. വരേണ്യചരിത്രത്തെ ശിഥിലപ്പെടുത്തി​പുതിയ ചെറു ആഖ്യാനങ്ങള്‍, പ്രബലമായ ചരിത്രാഖ്യാനങ്ങൾ ബഹിഷ്‌കരിച്ച്​പുറംതള്ളിയ ജനതയെയും സംഭവങ്ങളെയും വീണ്ടെടുക്കുകയാണുണ്ടായത്. അധീശത്വത്തിനെതിരെ ചെറുപ്പുനിൽപ്പ്​ സംഘടിപ്പിച്ച മനുഷ്യരെ അവര്‍ അര്‍ഹിക്കുന്ന അന്തസ്സോടെ ഓര്‍മകളില്‍ വീണ്ടും സ്ഥാനപ്പെടുത്തുകയാണ് ചെയ്തത്. ഓര്‍മകളുടെ പുനരാഖ്യാനം എന്നതിലൂടെ സംഭവിക്കാത്തതോ നടക്കാത്തതോ ആയ ചരിത്രമല്ല ഉത്തരാധുനികത പടച്ചുണ്ടാക്കിയത്. ചരിത്രവസ്തുതകളെ മുന്‍നിര്‍ത്തിയാണ് പുതിയ ആഖ്യാനങ്ങള്‍ സാധ്യമായത്. 

ചരിത്രത്തിന്റെ ആഖ്യാനാത്മകതയെക്കുറിച്ച്​ ഹെയ്ഡന്‍ വൈറ്റ് പറയുന്നത്, ഭൂതകാലം ആഖ്യാനത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ എന്നാണ്. ആഖ്യാനം എന്നതിനെ സ്വാഭാവിക പ്രേരണയായാണ് ഹെയ്ഡന്‍ വൈറ്റ് പറയുന്നത്. ടെക്​സ്​റ്റ്​ബുക്ക് ചരിത്രത്തിന്റെ വായനയെയാണ് വിരസമെന്നു വിളിക്കുന്നത്. ചരിത്രത്തിന്റെ വിരസതയല്ല ഇത്. വായനയുടെ വിരസതയാണ്. പാഠപുസ്തക ചരിത്രം വിവരങ്ങളുടെ വെറും ക്രമീകരണമാണ്. ആ രീതിയില്‍ ക്രമീകരിക്കപ്പെട്ട ചരിത്രം ഗുണനപ്പട്ടിക എന്ന പോലെ ഓര്‍ത്തുവെയ്ക്കേണ്ട ഭാരമാണ്. അതാണ് ചരിത്രവായനയെ വിരസമാക്കുന്നത്. കഥപറഞ്ഞുപോക്ക് മാത്രമല്ല ചരിത്രം. അത് സംഭവങ്ങളുടെ കാര്യകാരണങ്ങളിലേക്കുകൂടി കടക്കുന്നു. പോസിറ്റിവിസ്‌റ്റ്​ ചരിത്രം കാര്യവും കാരണവും ബന്ധപ്പെടുത്തി നേര്‍രേഖീയമായ ചരിത്രകഥനമാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, കാര്യകാരണത്തെ കൂടി പ്രശ്‌നവത്കരിക്കുന്ന ചരിത്രശാസ്ത്രം പ്രാഥമികമായി ലംഘിക്കുന്നത് ഈ നേര്‍രേഖീയതയാണ്. അത് ഭിന്നതലങ്ങളില്‍ നിന്ന് നടന്ന സംഭവങ്ങളെ നോക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ ഭിന്നനോട്ടങ്ങളില്‍ ചരിത്രമെന്നത് ചിഹ്നശാസ്ത്രവ്യവഹാരമാകുന്നു. അതുവരെ അദൃശ്യവത്കരിക്കപ്പെട്ടതും തമസ്‌കരിക്കപ്പെട്ടതുമായ പലതും പുതിയ നോട്ടപ്പാടുകളിലേക്ക് അതിക്രമിച്ചുവരികയോ പുതിയ കാഴ്ചപ്പാടുകളെ തന്നെ സൃഷ്ടിക്കുകയോ ചെയ്യുന്നു.  

ഹിസ്റ്റോറിക്കല്‍ റൊമാന്‍സ് ചരിത്രവുമായുള്ള റൊമാന്‍സ് കൂടിയാണ്. ഭാവനാത്മകമായ ദേശ നിര്‍മിതി കൂടിയായി മാറുന്നു. സി.വിയുടെ നോവലുകളില്‍ ഇതെങ്ങനെ കളിയാടി എന്നത് വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്. 

ബുദ്ധനെക്കുറിച്ചുള്ള മിത്തോഗ്രാഫിയില്‍ നിന്ന് ഭാവിയുടെതായ വിമോചന രാഷ്ട്രീയം പുനഃസൃഷ്ടിച്ച അംബേദ്കര്‍, ഇന്ത്യയെക്കുറിച്ചുള്ള ഒരു വിമതചരിത്രമാണ് (dissident history) എഴുതിയത്. ദുഃഖിതരും നിരാലംബരും അസുഖബാധിതരുമായ മനുഷ്യരെ നേരില്‍ കണ്ട ശ്രീബുദ്ധന്‍ ഈ സംസാരദുഃഖത്തില്‍ നിന്ന് മോഹമുക്തനാകാന്‍ എല്ലാം പരിത്യജിച്ചു എന്ന പ്രബല കാഴ്​ചയ്ക്കു ബദലായി, കോല്യ - ശാക്യ വിഭാഗങ്ങള്‍ തമ്മില്‍ ജലം പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് ബുദ്ധന്‍ രാജ്യവും രാജ്യധര്‍മവും പരിത്യജിക്കുന്നതെന്നാണ് അംബേദ്ക്കറുടെ ബുദ്ധചരിതത്തിന്റെ പുതിയ വായന മുന്നോട്ടുവെയ്ക്കുന്നത്. ബുദ്ധദര്‍ശനത്തിനാധാരമായ മിത്തില്‍ നിന്ന് ഭൗതികവാദപരമായ വ്യാഖ്യാനമാണ് അംബേദ്കര്‍ ആവിഷ്‌കരിച്ചത്. സാമൂഹ്യ നവീകരണത്തിന്റെ പുതിയൊരു ദര്‍ശനം അതില്‍ അന്തര്‍ലീനമാണ്. വിമതചരിത്രം നിലവിലെ ചരിത്രവസ്തുതകളെയോ പ്രബലമായി നിലനില്‍ക്കുന്ന മൈത്തികമായ ആശയങ്ങളെയോ അപനിര്‍മിച്ച്​, പ്രക്ഷോഭസജ്ജമായ സാമൂഹിക വിമോചനത്തിന്റെ സാധ്യതകളിലേക്ക് ഭൗതികവാദ കാഴ്ചപ്പാടോടെ ചരിത്രത്തെയും ഐതിഹ്യങ്ങളെയും പുനരാഖ്യാനം ചെയ്യുകയാണ്. നേര്‍രേഖീയമായ ഒരു ചരിത്രഗതിയെയല്ല ഇത് നമുക്കുമുമ്പാകെ അവതരിപ്പിക്കുന്നത്. കാലത്തിന്റെ ക്രമാനുഗതികതയെ ലംഘിച്ച്​ ഭാവിയെ ഒരു മിന്നല്‍വെളിച്ചം പോലെ പ്രകാശിതമാക്കുന്ന ഭൗതികവാദവ്യഖ്യാനമാകുന്നു ഇത്. 

ഭാവനാത്മക ചരിത്രം (Imaginary history) ഇതില്‍നിന്ന് നിന്ന് വ്യതിരിക്തമാണ്. സുദീപ്‌തോ കവിരാജ് ഭാവനാത്മക ചരിത്രത്തിന്റെ വ്യവഹാരിക സ്വഭാവമെന്താണെന്ന്​ 1995 -ല്‍ പ്രസിദ്ധീകരിച്ച ബങ്കിംചന്ദ്രനെക്കുറിച്ചുള്ള പഠനത്തില്‍ സുദീര്‍ഘമായി വിശദീകരിക്കുന്നുണ്ട്. വസ്തുത അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രകഥനരീതി പാടേ മാറ്റിവെക്കുന്നു. ഭാവനാത്മകവും മിത്തിക്കലുമായി ചരിത്രത്തിലെ ഘടകങ്ങളെ ഈ ആഖ്യാനം മുന്നോട്ടുകൊണ്ടുവരുന്നു. ചരിത്രത്തിന്റെ ലക്ഷ്യം, നടന്ന സംഭവങ്ങളെ പറ്റി അറിയിക്കുകയല്ല, മറിച്ച്​, നിര്‍ദേശിക്കുകയാണ്. എന്താണ് നിര്‍ദേശിക്കുന്നത്? ചരിത്രത്തിലെ സംഭവങ്ങള്‍ എന്തുകൊണ്ട് സംഭവിച്ചു എന്ന്​. പക്ഷെ, ചരിത്രം സംഭവിച്ചത് മാത്രമല്ല; സംഭവിക്കാതിരുന്നതുകൂടിയാണ്. അത് വസ്തുതാകഥനമല്ല. കഥകളിലൂടെ ജനങ്ങള്‍ അവര്‍ തങ്ങള്‍ എന്താണ് / എന്തായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ കൂടി ചരിത്രമാണ് മെനയുന്നത്.

ambedkar
'ബുദ്ധനെക്കുറിച്ചുള്ള മിത്തോഗ്രാഫിയില്‍ നിന്ന് ഭാവിയുടെതായ വിമോചന രാഷ്ട്രീയം പുനഃസൃഷ്ടിച്ച അംബേദ്കര്‍, ഇന്ത്യയെക്കുറിച്ചുള്ള ഒരു വിമത ചരിത്രമാണ് (dissident history) എഴുതിയത്. ബുദ്ധദര്‍ശനത്തിനാധാരമായ മിത്തില്‍ നിന്ന് ഭൗതികവാദപരമായ വ്യാഖ്യാനമാണ് അംബേദ്കര്‍ ആവിഷ്‌ക്കരിച്ചത്.'

ചരിത്രത്തിലെ സമയം അന്ത്യമില്ലാത്ത സാധ്യതയാണ് (Time in history is unending possibility). ഇത് എങ്ങനെയാണ് സാധ്യമാക്കുക? ചരിത്രം ഇവിടെ ഭാവനാത്മകമായ നാടകവേദിയാകുന്നു. അരങ്ങത്തു ജീവിച്ചിരുന്നവരും അല്ലാത്തതുമായ കഥാപാത്രങ്ങളിലൂടെയാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. പോയ്​മറഞ്ഞ കാലവും ഭാവിയും ഈ രംഗവേദിയില്‍ കൂട്ടിമുട്ടുന്നു. സംഭവിച്ചതും സംഭവിക്കാത്തതും ഒരേ വേദിയില്‍ അവതരിപ്പിക്കപ്പെടുന്നു. സംഭവിക്കാതിരുന്നത് ഭാവനാത്മകമായ ഭാവിയില്‍ പുനരവതരിപ്പിക്കപ്പെടുന്നു. കാലപ്രമാണങ്ങളെ ഈ ചരിത്രകഥനം ഭേദിക്കുന്നു. അങ്ങനെ ഭേദിക്കുമ്പോഴും ചരിത്രത്തില്‍ തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ പോലെ അജ്ഞാതവും വിദൂരവുമായ ഏതോ ഭാവികാലത്തിലല്ല. നമ്മള്‍ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ ചരിത്രത്തിലാണ് ഭാവി കേളിയാടുന്നത്. ഹിസ്റ്റോറിക്കല്‍ റൊമാന്‍സ് ഇങ്ങനെയുള്ള കഥനത്തിന്റെ ഭൂമികയാണ്. ഹിസ്റ്റോറിക്കല്‍ റൊമാന്‍സ് ചരിത്രവുമായുള്ള റൊമാന്‍സ് കൂടിയാണ്. ഭാവനാത്മകമായ ദേശനിര്‍മിതി കൂടിയായി അത് മാറുന്നു. സി.വി.യുടെ നോവലുകളില്‍ ഇതെങ്ങനെ കളിയാടി എന്നത് വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്. 

മുഖ്യധാരാ ചരിത്രത്തിന്റെ സ്രോതസുകളെ മാത്രം അവലംബിച്ച്​ രചിക്കപ്പെട്ട  ‘ആഗസ്റ്റ് 17'  എന്ന നോവലിനെ  ബദല്‍ ചരിത്രമായി മനസ്സിലാക്കുന്നത് ഗുരുതര പിഴവായിരിക്കും. 

സാമൂഹികനീതിക്കായുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും എന്നാല്‍ ദേശീയ ബൂര്‍ഷ്വാസിയുടെ ജീവചരിത്രമായ അക്കാദമിക ചരിത്രങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരാവുകയും ചെയ്​തവരുടെ അര്‍ഹമായ സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് ബദല്‍ചരിത്രരചനകള്‍ക്ക് പറയാനുള്ളത്. ന്യൂനപക്ഷ സമൂഹങ്ങളുടെ ചരിത്രം (minor histories) ബദല്‍ചരിത്രം എന്ന നിലയില്‍ അതുവരെ ആധികാരികമെന്നു നിനച്ചുപോന്നിരുന്ന ചരിത്രങ്ങളെ അവ്യവസ്ഥിതമാക്കുകയും ഓരങ്ങളിലേക്ക് തള്ളപ്പെട്ടുപോയ മനുഷ്യരെ ചരിത്രത്തിന്റെ നടുവേദിയിലേക്ക് കൊണ്ടുവരികയും ചെയ്തു. ബദല്‍ചരിത്രത്തിന്റെ സാധ്യതകളെ തടസ്സപ്പെടുത്തിയത് ചരിത്രപരമായ ഉപാദാനങ്ങളുടെ ലഭ്യതക്കുറവൊന്നുമായിരുന്നില്ല. അത് ധാരാളമുണ്ടായിരുന്നു. പക്ഷെ, ലബ്ധപ്രതിഷ്ഠ ആര്‍ക്കൈവുകളിലായിരുന്നില്ല അടിയാളജനതയുടെ പ്രക്ഷോഭചരിത്രത്തിന്റെ പോരാട്ടത്തിന്റെ രേഖകള്‍ സൂക്ഷിച്ചിരുന്നത്, മറ്റിടങ്ങളിലായിരുന്നു. ചരിത്രശാസ്ത്രപരമായ ധാരണകളെ തന്നെ തിരുത്തുംവിധം എത്‌നോഗ്രാഫിക് രേഖകള്‍ ലഭ്യമായിരുന്നു. 

ദേശീയതയുടെ ചരിത്രശാസ്ത്രം​ ആദിവാസികളുടെയും ദലിതരുടെയും ചെറുന്യൂനപക്ഷങ്ങളുടെയും ചരിത്രത്തെ സമീപിച്ചിരുന്നത് സ്വാംശീകരണപ്രക്രിയയുടെ ഭാഗമായാണ്. ആദിവാസി- ദലിത് പോരാട്ടങ്ങള്‍ കൊളോണിയല്‍ പിടിച്ചുപറിക്കും ജാതിമര്‍ദനത്തിനുമെതിരെയുള്ള ചെറുത്തുനില്പുകളായിരുന്നു. കൊളോണിയല്‍ ഭരണകൂടവുമായി വ്യവസ്ഥാപിത രീതികളിലൂടെ തന്നെ നീക്കുപോക്കിന്​ ശ്രമിച്ചിരുന്നതും മതപരിവര്‍ത്തനം ഒരു സമരമാര്‍ഗവും ഉപാധിയുമായി കണ്ടിരുന്നതും ദേശീയതയുടെ ചരിത്രശാസ്ത്രം പാടേ അവഗണിച്ചു. ബദല്‍ചരിത്രരചനയില്‍, സ്വാംശീകരണത്തിലൂന്നിയുള്ള ദേശീയതയുടെ ചരിത്രശാസ്ത്രത്തിന്റെ മാനകങ്ങള്‍ അട്ടിമറിക്കപ്പെട്ടു. സമ്മിശ്രമായ രീതിശാസ്ത്രം അവലംബിച്ചാണ് ബദല്‍ചരിത്രങ്ങളും കീഴാളചരിത്രങ്ങളും എഴുതപ്പെട്ടത്. ചരിത്രം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, എത്‌നോഗ്രാഫി, പാരിസ്ഥിതിക ശാസ്ത്രം, സാമൂഹിക സാമ്പത്തിക ക്രയവിക്രയങ്ങള്‍ പഠിക്കുന്ന ഇതര ജ്ഞാനശാഖകള്‍ ബദല്‍ചരിത്രരചനയ്ക്കായി സ്വീകരിക്കപ്പെട്ടു.

നിലവില്‍  ‘ഉട്ടോപി'യകള്‍ ചിന്താപരീക്ഷണങ്ങളായി മാത്രമാണ് നിലനില്‍ക്കുന്നത്. വെർച്വലില്‍ അതൊരു സ്ഥലകാലബദ്ധമായുള്ള അനുഭവസാധ്യതയാക്കുന്നു. പുതിയ സാമൂഹിക ചിന്തകര്‍ വെര്‍ച്വല്‍ ലോകങ്ങളുടെ മാതൃകകളാണ് സൃഷ്ടിക്കേണ്ടത്.

പുതിയൊരു ജ്ഞാനശാസ്ത്രശാഖയുടെ നിര്‍മാണവും കൂടിയായിരുന്നു ബദല്‍ ചരിത്രനിര്‍മിതി. തീര്‍ത്തും അവഗണിക്കപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ പിന്തള്ളപ്പെട്ടതോ ആയ സാമൂഹിക ഇടങ്ങളില്‍ നിന്നാണ് ചരിത്രം വിഭാവനം ചെയ്യപ്പെട്ടത്. വിമോചനാത്മകമായ സാമൂഹിക രാഷ്ട്രീയജ്ഞാനത്തിന്റെ ഉറവിടമായി ഈ അന്വേഷണങ്ങള്‍. ഭാവനാത്മക ചരിത്രത്തോട് ഏറെ സാദൃശ്യവും നിലനിര്‍ത്തിയിരുന്നു ഇവ. മുഖ്യധാരാ പാഠപുസ്തക ചരിത്രത്തിലെ വസ്തുതകളെയും ആഖ്യാനരീതിയെയും അട്ടിമറിച്ചാണ് ബദല്‍ ചരിത്രങ്ങള്‍ പുതിയ ചരിത്രവ്യവഹാര ഭാഷ തന്നെ സാധ്യമാക്കിയത്. രേഖപ്പെടുത്തപ്പെട്ടതും പ്രചാരത്തിലുള്ളതും മാധ്യമങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ടതുമായ ചരിത്രത്തെയല്ല ബദല്‍ ചരിത്രങ്ങള്‍ അവലംബമാക്കിയതെന്ന് പ്രത്യേകമായിതന്നെ തിരിച്ചറിയേണ്ടതാണ്. ഇത്രയെങ്കിലും പറഞ്ഞത്, മുഖ്യധാരാ ചരിത്രത്തിന്റെ സ്രോതസുകളെ മാത്രം അവലംബിച്ച്​ രചിക്കപ്പെട്ട ‘ആഗസ്റ്റ് 17'  എന്ന നോവലിനെ ബദല്‍ചരിത്രമായി മനസ്സിലാക്കുന്നത് ഗുരുതര പിഴവായിരിക്കുമെന്ന്​ സൂചിപ്പിക്കാനാണ്. 

വെര്‍ച്വല്‍ ചരിത്രം 

വെര്‍ച്വല്‍ യാഥാര്‍ഥ്യവും സിമുലേഷനും അനുഭവതലത്തിലും ബോധമണ്ഡലത്തിലും സൃഷ്ടിക്കുന്ന യാഥാര്‍ത്ഥത്തിന്റെ അനുഭവമെന്താണെന്നു വിശദീകരിക്കുന്ന ഡേവിഡ് ജെ. ചാല്‍മേഴ്‌സിന്റെ ‘Reality + Virtual World and the Problems of  Philosophy' (2022), എന്ന, ടെക്‌നോസോഫിയെക്കുറിച്ചുള്ള മൗലികാന്വേഷണങ്ങളുടെ പുസ്തകത്തില്‍, വെര്‍ച്വല്‍ യാഥാര്‍ഥ്യം രണ്ടാംതരം യാഥാര്‍ഥ്യമല്ലെന്നാണ് (second order reality) വാദിക്കുന്നത്. ഡേവിഡ് ചാല്‍മേഴ്സ് ഉന്നയിക്കുന്ന വാദഗതികളെ പ്രത്യേകമെടുത്തു പരിശോധിക്കേണ്ടതാണ്. പക്ഷെ ഇവിടെ  പ്രസക്തമായ കാര്യം, ‘മറ്റൊരു യാഥാര്‍ഥ്യത്തില്‍' നമ്മള്‍ക്ക് വിഹരിക്കാന്‍ പറ്റുമോ എന്നതാണ്. തീര്‍ച്ചയായും ഒരു വെര്‍ച്വല്‍ ഹിസ്റ്ററി ഇപ്പോള്‍ തന്നെ സാധ്യമാണ്. Second Life എന്നതുപോലെ വെര്‍ച്വല്‍ ചരിത്രത്തില്‍ നമുക്ക് ജീവിതം അനുഭവിക്കാം.

david
ഡേവിഡ് ജെ. ചാല്‍മേഴ്‌സ് / Photo: Demetrius Freeman

ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രം തന്നെയെടുക്കുക. വെര്‍ച്വല്‍ മ്യൂസിയം ഇതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വി.ആര്‍. സെറ്റ് ശിരസ്സില്‍ ഘടിപ്പിച്ച്​ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണായക മുഹൂര്‍ത്തങ്ങൾക്ക്​ നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം. സബര്‍മതി ആശ്രമത്തില്‍ ഗാന്ധിയുടെ കൂടെ അല്പം നേരം ചെലവിടാം. ചെലവിടാം എന്നുപറയുമ്പോള്‍ അന്നത്തെ ആ പരിസ്ഥിതിയില്‍ എന്തായിരുന്നോ നിലനിന്നിരുന്നത് അതിന്റെ ഭാഗമാകാം. വെര്‍ച്വല്‍ ഓഗ്​മെൻറഡ്​റിയാലിറ്റി (virtual augmented reality) ആണെങ്കില്‍ ആശ്രമത്തിലെ അന്തേവാസിയായി നിങ്ങള്‍ക്ക് നിങ്ങളെ തന്നെ സ്വയം കാണാം. ഗാന്ധിയുടെ കൂടെ ദണ്ഡിയാത്രയില്‍ പങ്കെടുക്കാം. അതിനുശേഷം പയ്യന്നൂരില്‍ ചെന്ന് ഉപ്പുകുറുക്കാം. വെര്‍ച്വലിന്റെ അടുത്ത സാധ്യത ഈ യാഥാര്‍ഥ്യത്തില്‍ മാറ്റങ്ങള്‍ (alteration) വരുത്താമെന്നതാണ്. ഗാന്ധിയെ ഗോഡ്സെയുടെ തോക്കില്‍ നിന്ന് രക്ഷപ്പെടുത്താം. ഗാന്ധിയെ ഇന്ത്യയുടെ അധികാര സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാം.  ബ്രിട്ടീഷ് രാജ് അവസാനിക്കാതെ തുടരുന്നതായി വെര്‍ച്വല്‍ ലോകത്തില്‍ അനുഭവേദ്യമാക്കാം, ഭാവനാത്മക യാഥാര്‍ഥ്യം എന്ന നിലയിലല്ല വെര്‍ച്വല്‍ യാഥാര്‍ഥ്യം എന്ന നിലയില്‍.

ഭാവനാത്മക യാഥാര്‍ഥ്യം സ്പര്‍ശനീയമല്ല എന്നാല്‍ വെര്‍ച്വല്‍ ബോധതലത്തില്‍ ഈ സ്പര്‍ശനീയതയെ അനുഭവവേദ്യമാക്കുന്നു. ചരിത്രത്തില്‍ വെര്‍ച്വല്‍ സൃഷ്ടിക്കുന്ന സാധ്യതകളെന്നു പറയുന്നത് വ്യത്യസ്തമായ ചരിത്രസാഹചര്യങ്ങളെയും അനുഭവങ്ങളെയും സൃഷ്ടിക്കാമെന്നതാണ്. വെര്‍ച്വല്‍ കമ്യൂണിസം യാഥാര്‍ഥ്യാനുഭവമാക്കാം. സ്വകാര്യസ്വത്ത്​ നിര്‍മാര്‍ജനം ചെയ്യപ്പെട്ട സമത്വസുന്ദരമായ ലോകം യാഥാര്‍ഥ്യമായി തന്നെ അനുഭവവേദ്യമാകുന്നു. വെര്‍ച്വല്‍ സാധ്യത നാളിതുവരെ സാമൂഹികചിന്തകര്‍ക്ക് ലഭിക്കാതെപോയ വലിയ കളിക്കോപ്പാണ്. വെര്‍ച്വല്‍ മാതൃകകള്‍ സൃഷ്ടിച്ച്​ സാമൂഹിക യാഥാര്‍ഥ്യത്തെ മനസ്സിലാക്കാം. നിലവില്‍ ‘ഉട്ടോപി'യകള്‍ ചിന്താപരീക്ഷണങ്ങളായി മാത്രമാണ് നിലനില്‍ക്കുന്നത്. വെര്‍ച്വലില്‍ അതൊരു സ്ഥലകാലബദ്ധമായുള്ള അനുഭവസാധ്യതയാക്കുന്നു. പുതിയ സാമൂഹികചിന്തകര്‍ വെര്‍ച്വല്‍ ലോകങ്ങളുടെ മാതൃകകളാണ് സൃഷ്ടിക്കേണ്ടത്. അത് ജനതതിക്ക് ഭാവിയുടെ തിരഞ്ഞെടുപ്പിനുള്ള കൃത്യം കൃത്യം മാര്‍ഗരേഖകളായിരിക്കും. 

രാഷ്ട്രീയക്കാരും ബുദ്ധിജീവികളും അവരുടെ ചരിത്രഭാരത്തിന്റെ ഭാണ്ഡചുമടുകളെയാണ് ഭാവിതലമുറയുടെമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. അവര്‍ക്കുവേണ്ടത് അവരുടെ സാമൂഹിക മീമുകളുടെ തുടര്‍ച്ചകളെ സൃഷ്ടിക്കുക എന്നതാണ്, ഒരേ രൂപത്തിലുള്ളവരെ. അത് ഭാവിയെ അപമാനിക്കുന്നത് തുല്യമാണ്.

രാഷ്ട്രീയ- സാമൂഹികചിന്തയെ വെര്‍ച്വല്‍ അടിമുടി മാറ്റിപ്പണിയും എന്നത് തീര്‍ച്ച. നിലനില്‍ക്കുന്ന സാമൂഹികചിന്തകളെല്ലാം ഭാവിയിലെ വെര്‍ച്വലില്‍ തീര്‍ത്തും അപ്രസക്തമാകും. സോവിയറ്റ് യൂണിയന്‍ എന്തുകൊണ്ട് പരാജയമായി എന്നത് വെര്‍ച്വലില്‍ ആവിഷ്‌കരിക്കാം. ഭിന്നലോകങ്ങളുടെ വെര്‍ച്വല്‍ ബഹുപ്രകൃതത്വം നീതിപൂര്‍വകമായ ലോകത്തെ തിരഞ്ഞെടുക്കാനും സ്വീകരിക്കാനും അവസരം നല്‍കുന്നു. സമഗ്രാധികാര പ്രവണതകളുള്ള നേതാക്കള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ അണികള്‍ക്കും അടിച്ചമര്‍ത്തലിന്റെ ഉത്തമമായ വെര്‍ച്വല്‍ മാതൃക സൃഷ്ടിച്ച്​അധികാരത്തില്‍ വിരാജിക്കാം. ചെറുത്തുനില്പിന്റെയും സാമൂഹികവിപ്ലവത്തിന്റെയും മറ്റു വെര്‍ച്വല്‍ മാതൃക പരീക്ഷണങ്ങള്‍ മറുവശത്തു നടക്കുന്നുണ്ടാവുമെന്നുമാത്രം. വെര്‍ച്വലില്‍ മനുഷ്യലോകത്തിന്റെ നീതിവ്യവസ്ഥ അതേപടി പുനാരാവിഷ്‌കരിക്കപ്പെടണമെന്നില്ല. ഇപ്പോള്‍ കാണുന്നതിന്റെ തുടരാവര്‍ത്തനമാവില്ല വെര്‍ച്വല്‍. ഇനി വരാനുള്ള രണ്ടുമൂന്നു തലമുറകള്‍ക്കപ്പുറമുള്ള ജീവിതവ്യവസ്ഥകള്‍ ഒരുപക്ഷെ ഏറ്റവും ഉദാത്തമായ (sublime) ജീവിതം നയിക്കാന്‍ ഭാഗ്യംചെയ്തവരാണ്. നമ്മളോ നമ്മുടെ പൂര്‍വികരോ ആയി അവര്‍ക്ക് ഒരു ബന്ധവും കാണുകയില്ല. മനുഷ്യസമൂഹത്തിന്റെ പൊതു ബൃഹത്​ സമ്പത്ത്​ എന്നുവിശേഷിപ്പിക്കുന്ന കലാസൃഷ്ടികളും ചിന്തകളും വെര്‍ച്വല്‍ ലോകങ്ങളില്‍ സന്നിഹിതമായിരിക്കുകയല്ല. മനുഷ്യരുടെ അൽപത്തത്തിന്റെയും നിസ്സാരതയുടെയും ആത്മാധികാരോന്മാദത്തിന്റെയും (megalomania) സൃഷ്ടികള്‍ എന്ന നിലയ്ക്കായിരിക്കും ഭാവി തലമുറ ഇതൊക്കെ ഒരുപക്ഷെ കാണുക. വെര്‍ച്വലില്‍ എന്ത് സിവില്‍ സമൂഹം! ഇപ്പോഴത്തെ മനുഷ്യരും  ഭൂതകാലത്തെ മനുഷ്യരും കൂടി വെര്‍ച്വലിനെതിരെ, അതായത്, ഭാവിതലമുറകളക്കെതിരെ നടത്തുന്ന കൂട്ടായ ഗൂഢാലോചനയാണ് ഇന്ന് നടക്കുന്ന, എന്നാല്‍ നാളേക്കുവേണ്ടിയെന്ന് പറയപ്പെടുന്ന യാഥാര്‍ഥ്യനിര്‍മിതികള്‍. വികസനം എന്നാല്‍ ഒരു യാഥാര്‍ഥ്യ നിര്‍മിതിയാണ്. അത് ഭാവിക്കെതിരെയുള്ള നമ്മളെല്ലാവരും ഒത്തുചേര്‍ന്നുനടത്തുന്ന വലിയ ഗൂഢാലോചനയാണ്. 

freedom
'ചരിത്രത്തില്‍ വെര്‍ച്വല്‍ സൃഷ്ടിക്കുന്ന സാദ്ധ്യതകളെന്നു പറയുന്നത് വ്യത്യസ്തമായ ചരിത്രസാഹചര്യങ്ങളെയും അനുഭവങ്ങളെയും സൃഷ്ടിക്കാമെന്നതാണ്.' / Photos: Oculus, Nehru Memorial Museum and Library

വെര്‍ച്വല്‍ ചരിത്രം വര്‍ത്തമാനത്തെ ഭാവിക്കുവേണ്ടി പുനര്‍നിര്‍മിക്കുകയാണ്. അതുകൊണ്ട്​, സാമാന്യധാരണയുള്ള ഫ്യൂച്ചറിസമല്ല വെര്‍ച്വലിന്റേത്​. അത് രേഖീയവുമല്ല. ലഭ്യമായ ചരിത്രശാസ്ത്രത്തെ ആശ്രയിച്ച്​ അതിനു നില്‍ക്കേണ്ടതില്ല. വെര്‍ച്വല്‍, ഭാവിയെ ചരിത്രത്തിന്റെ ബാധ്യതകളില്‍ നിന്ന് വിടുവിപ്പിക്കുന്നു. സ്വതന്ത്രമായ വര്‍ത്തമാനത്തെ അത് സങ്കല്‍പ്പിക്കുന്നു. അല്ലെങ്കില്‍ തന്നെ കാലഭേദങ്ങള്‍ വെര്‍ച്വല്‍ ചരിത്രത്തില്‍ പ്രസക്തമല്ല. രാഷ്ട്രീയക്കാരും ബുദ്ധിജീവികളും അവരുടെ ചരിത്രഭാരത്തിന്റെ ഭാണ്ഡചുമടുകളെയാണ് ഭാവി തലമുറയുടെമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. അവര്‍ക്കുവേണ്ടത് അവരുടെ സാമൂഹിക മീമുകളുടെ (meme) തുടര്‍ച്ചകളെ സൃഷ്ടിക്കുക എന്നതാണ്, ഒരേ രൂപത്തിലുള്ളവരെ. അത് ഭാവിയെ അപമാനിക്കുന്നത് തുല്യമാണ്. രാഷ്ട്രീയസ്ഥാപനങ്ങള്‍ സ്വന്തം മഹത്വം ഘോഷിക്കാൻ  നിര്‍മിച്ചുവെച്ചിരിക്കുന്ന ചരിത്രത്തെ സ്വീകരിക്കാന്‍ ഭാവിതലമുറ വിസമ്മതിക്കുന്നു. സംഭവിച്ചതെന്ന്​സ്ഥാപിതമായ ചരിത്രത്തിന് (whatever happened)  വെര്‍ച്വലില്‍ യാതൊരു പ്രമാണികതയുമില്ല. ചരിത്രസ്രഷ്ടാക്കള്‍ എന്ന് അതാതുകാലത്തെ  വ്യവസ്ഥാപിതവര്‍ഗം പ്രതിഷ്ഠിച്ചുവെച്ചിരിക്കുന്നവരെ വെര്‍ച്വല്‍, അതിന്റെ സ്വതസിദ്ധമായ കളിരീതികളോടെ (playfulness) ഭാവിയുടെ നൈസര്‍ഗികതയിലേക്ക് കടത്തിവിടുന്നു. അതോടെ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയവരെയും ചരിത്രം പാടെ അവഗണിച്ചവരെയും പുതിയ കാലത്തിന്റെ ഭാവനയ്‌ക്കൊത്തുള്ള അഭിലാഷങ്ങളും പ്രതീക്ഷകളും പുതിയ വ്യക്തിത്വങ്ങളുമായി വെര്‍ച്ച്വല്‍ പുനഃസൃഷ്ടിക്കുന്നു. നേര്‍രേഖീയമായ, ലഭ്യമായ ചരിത്രത്തില്‍ നിന്നുള്ള ചില വിവരങ്ങളെ അടര്‍ത്തിമാറ്റി പ്രസ്തുത വിവരങ്ങളെ മാറ്റിമറിച്ചതുകൊണ്ടുമാത്രം വെര്‍ച്വല്‍ ചരിത്രമാകുന്നില്ല. കാരണം, വെര്‍ച്വല്‍ പ്രതിപ്രവര്‍ത്തനാത്മകമാണ്. ഇതില്‍ ആധികാരികമായ ഒരു കേന്ദ്രമില്ല (there is no authorial voice). ഫിക്ഷന്‍ എന്നത് രചയിതാവിന്റെ ആധികാരികതയാല്‍ നിര്‍ണയിക്കപ്പെട്ടതാണ്.

പ്രതിചരിത്രം വ്യവസ്ഥാപിത ചരിത്രത്തില്‍ നടത്തുന്ന എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ എഡിറ്റിങ്ങോ അല്ല. എഴുതപ്പെടാത്ത, ജീവിക്കപ്പെടാത്ത ചരിത്രത്തിന് What if മാനം നല്‍കി ഭാവിയുടെ ഒരു ചിത്രമാണ് ഇത് വരയ്ക്കുന്നത്. 

പ്രതിചരിത്രവും മറ്റും 

Counter factual history യാണ് പ്രതിചരിത്രം. ഭാവനാത്മക ചരിത്രരചനാരീതിയുടെയും ബദല്‍ചരിത്രത്തിന്റെയും ഘടകങ്ങളെ സ്വാംശീകരിക്കുമ്പോഴും, ഇത് ചരിത്രാഖ്യാനത്തിന്​ ആവശ്യമാകുന്ന ചരിത്രസംഭവങ്ങള്‍ (events) തമ്മിലുള്ളതും പ്രസ്തുത സംഭവങ്ങള്‍ക്ക് പ്രേരകമാവുന്നതുമായ കാരണങ്ങള്‍ (causative) വിശദീകരിക്കുന്നതിനുപകരം ഫിക്ഷന്റെ മണ്ഡലത്തിലേക്ക് മാറ്റുകയാണ് ചെയ്യുക. ഫിലിപ്പ് റോത്തിന്റെ പ്രസിദ്ധമായ ‘പ്ലോട്ട് എഗെയ്​ൻസ്റ്റ് അമേരിക്ക'  തന്നെയാണ് പ്രതിചരിത്രത്തിന് നോവലില്‍ നിന്നുള്ള ഏറ്റവും മികച്ച ഉദാഹരണം. ഫിക്ഷന്റെ ആഖ്യാനഘടകങ്ങള്‍ക്കാണ് ഇതില്‍ പ്രാധാന്യം. ഫിലിപ്പ് റോത്തിന്റെ ‘പ്ലോട്ട് എഗെയ്​ൻസ്​റ്റ്​ അമേരിക്ക' രണ്ടാം ലോകമഹായുദ്ധ കാലത്തെ അമേരിക്കയിലെ ഒരു യഹൂദ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെയാണ് ചരിത്രത്തെ ആവിഷ്‌കരിക്കുന്നത്. കഥയുടെ മുഖ്യഭാഗവും നടക്കുന്നത് യഹൂദ കുടുംബത്തിന്റെ വീടിന്റെ അകത്തളങ്ങളിലാണ്. അമേരിക്കന്‍ ചരിത്രത്തില്‍ റൂസ്​വെൽറ്റിനുപകരം നാസി അനുകൂലിയും കടുത്ത ജൂതവിരുദ്ധനുമായ ലിന്‍ഡണ്‍ബെര്‍ഗ് പ്രസിഡന്റാവുകയാണ് ഈ നോവലില്‍. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നേരിട്ടുതന്നെ നാസികള്‍ ഇടപെടുകയാണ്. യഹൂദവിരോധം യു.എസില്‍ കത്തിപ്പടരുന്നു. അതിനിടയ്ക്കാണ് വൈമാനികന്‍ കൂടിയായ പ്രസിഡണ്ട് ലിണ്ടന്‍ബെര്‍ഗ് വിമാന അപകടത്തില്‍ മരിക്കുന്നത്. റൂസെവെല്‍റ്റ് വീണ്ടും അധികാരത്തിലേക്ക് വരുന്നു.

ഫിക്ഷന്റെ തലത്തിലാണ് നോവല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും മറ്റൊരുവിധത്തിലുള്ള ചരിത്രത്തിന്റെ അനുഭവസാക്ഷ്യമാകുന്നു റോത്തിന്റെ ‘പ്ലോട്ട് എഗെയ്​ൻസ്​റ്റ്​ അമേരിക്ക.’  റോത്  എന്ന ജൂത  മധ്യവര്‍ഗ കുടുംബത്തിലെ ചെറിയകുട്ടിയായ ഫിലിപ്പ് റോത്തിന്റെ അനുഭവങ്ങളിലൂടെയാണ്​ ആഖ്യാനം മുന്നോട്ടുനീങ്ങുന്നത്. ചരിത്രത്തിലെ തമസ്‌കരണങ്ങള്‍ക്കെതിരെയുള്ള യഹൂദ ആശങ്ക കൂടിയാകുന്നു പ്രതിചരിത്രത്തിന്റെ ആഖ്യാനം. അമേരിക്കയില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ വേളയില്‍ നടമാടിയ ജൂതവിരുദ്ധത ബോധപൂര്‍വം തമസ്‌ക്കരിക്കപ്പെട്ടതാണ്. നാസികളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയശക്തികള്‍ അമേരിക്കയില്‍ പ്രബലമായിരുന്നുവെന്നും അവര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത വളരെ അധികമാണെന്നും അക്കാലയളവില്‍ പ്രസിദ്ധീകൃതമായ സിന്‍ക്ലെയര്‍ ലെവിസിന്റെ  ‘It can't happen here’  കാണിച്ചുതന്നിരുന്നു. 

philip
ഫിലിപ് റോത്ത് / Photo: Bob Peterson, Meo Represents

പ്രതിചരിത്രാഖ്യാനങ്ങള്‍ ഭാവിയുടെ ഭൂപടങ്ങളായി മാറുന്നുണ്ട്. റോത്തിന്റെ നോവല്‍ എല്ലാ പ്രതിചരിത്രങ്ങളുടെയും ആരംഭഹേതുവായ What If എന്ന പ്രശ്‌നത്തെയാണ് ആധാരമാക്കുന്നത്. കഴിഞ്ഞുപോയതിനെയല്ല വരാനിരിക്കുന്നതിനെയാണ് ഇത് അനാവരണം ചെയ്യുന്നത്. 2004 -ല്‍ പ്രസിദ്ധീകരിച്ച ഫിലിപ്പ് റോത്തിന്റെ നോവല്‍ അമേരിക്കന്‍ ജീവിതത്തില്‍ രാഷ്ട്രീയസാന്നിധ്യമായത് ട്രംപ് അധികാരത്തിലേക്കുവന്ന കാലയളവിലാണ്. ട്രംപ് അധികാരത്തില്‍ അവരോധിതനായതോടെ അമേരിക്കന്‍ ജനാധിപത്യത്തില്‍ അന്തര്‍ഹിതമായ തീവ്രവലതുപക്ഷവികാരം ഉന്മാദപൂര്‍വം അണപൊട്ടിയൊഴുകി. അമേരിക്ക സാമ്രാജ്യത്വാധിനിവേശങ്ങളിലൂടെ മറ്റു രാഷ്ട്രങ്ങളെ കൈയേറി ബഹിര്‍ഗമിച്ചിരുന്ന ആക്രമണോത്സുകത, ആഭ്യന്തരജീവിതത്തിലേക്കും പകരുകയായിരുന്നു. യഹൂദവിരോധത്തിനുപകരം തദ്സ്​ഥാനം ഇസ്​ലാമിന് നല്‍കപ്പെട്ടു. ഇസ്​ലാം, മാത്രമല്ല കുടിയേറ്റക്കാര്‍ക്കും ആഫ്രോ- അമേരിക്കന്‍ വംശജര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളായി ഇത് പരിണമിച്ചു. ഈ അതിക്രമങ്ങള്‍ക്ക് നിയമപരമായ സാധുതയും പൊലീസ് പിന്‍ബലവും നല്‍കുകയായിരുന്നു അമേരിക്കന്‍ ഭരണസംവിധാനത്തിന്റെ ചുമതല. ഫിലിപ്പ് റോത്തിന്റെ  what if എന്ന ചോദ്യത്തിന്റെ നേരനുഭവമായി ട്രംപിന്റെ അമേരിക്ക. പ്രതിചരിത്രം, എഴുതപ്പെട്ടതും പാഠവത്കരിക്കപ്പെട്ടതുമായ ചരിത്രത്തെ നാമമാത്രമായാണ് പിന്തുടരുന്നത്. ചില സൂചനകള്‍ മാത്രമാണ് അത് ലിഖിതചരിത്രത്തില്‍ നിന്ന് സ്വീകരിക്കുന്നത്. അതുകൊണ്ട്​, പ്രതിചരിത്രം വ്യവസ്ഥാപിത ചരിത്രത്തില്‍ നടത്തുന്ന എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ എഡിറ്റിങ്ങോ അല്ല. എഴുതപ്പെടാത്ത, ജീവിക്കപ്പെടാത്ത ചരിത്രത്തിന് What if മാനം നല്‍കി ഭാവിയുടെ ഒരു ചിത്രമാണ് ഇത് വരയ്ക്കുന്നത്. 

ഫിക്ഷന്റെ തലത്തില്‍ നിന്നുമാത്രമല്ല, ചരിത്രവായനയുടെ വിവിധതരം സാധ്യതകളാണ് വിശദീകരിച്ചത്. വ്യവസ്ഥാപിത ചരിത്രത്തില്‍ നിന്ന് ഭിന്നമായി ചരിത്രത്തെയും ചിലപ്പോള്‍ സാംസ്‌കാരികചരിത്രം എന്ന നിലയില്‍ പ്രാതിനിധ്യ സ്വഭാവമുള്ള ഐതിഹ്യത്തെയും ഉപാദാനവസ്തുവായി സ്വീകരിച്ച്​ ഭാവിയുടെ സാധ്യതകളിലേക്ക് തുറന്നിടുകയാണ് പുതിയ ഫിക്ഷനല്‍ ചരിത്രാഖ്യാനം ചെയ്യുന്നത്. ചരിത്രത്തിന്റെ ഫിക്ഷണല്‍ ആഖ്യാനങ്ങളിലൊക്കെ സമയവ്യൂഹം (constellation of time) കാണാം. ഒരു ഹ്രസ്വകാലത്തിന്റെ ഇടയിലാണ് കഥ നടക്കുന്നതെങ്കിലും അതില്‍ വിദൂര ഭൂതകാലത്തിന്റെയും വരാനിരിക്കുന്ന ഭാവിയുടെയും മിടിപ്പുകള്‍ കേള്‍ക്കാം.

capitol
2021- പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ട്രംപ് പരാജയപ്പെട്ടതിനു പിന്നാലെ കാപിറ്റോള്‍ ബില്‍ഡിങ്ങ് അക്രമിക്കുന്ന ട്രംപ് അനുകൂലികള്‍. / Photo: Wikimedia Commons

ഇങ്ങനെ അപാരമായ സ്വാതന്ത്ര്യത്തോടെ ചരിത്രത്തെ ഫിക്ഷന്റെ തലത്തിലേക്ക് കൊണ്ടുവരികയാണ് തന്റെ ഉദ്യമമെന്ന്​ എസ്. ഹരീഷ് ‘ആഗസ്റ്റ് 17' -ന്റെ ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. പക്ഷെ, എസ്. ഹരീഷിന്റെ ആഖ്യാനത്തില്‍ സമയക്രമത്തെ ഈ രീതിയില്‍ വിന്യസിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും രേഖീയചരിത്രത്തിന്റെ പാഠപുസ്തകസങ്കല്പത്തില്‍ നിന്ന് നോവലിന് വിടുതല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ നോവൽ അവലംബമാക്കുന്നത് പാഠപുസ്തകചരിത്രത്തിലെ സംഭവഗതികളെയും വ്യക്തികളെയുമാണ്. ഈ പാഠവത്കരിക്കപ്പെട്ട ചരിത്രാഖ്യാനത്തിലേക്ക് മുഖ്യകഥാപാത്രത്തെ പോലെ നുഴഞ്ഞുകയറി ചില ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുക മാത്രമാണ് എസ്. ഹരീഷ് പ്രധാനമായും നടത്തുന്നത്. ആധുനിക കേരളോല്പത്തിയയുടെ വികാസചരിത്രത്തില്‍ എസ്. ഹരീഷ് നടത്തുന്ന വിദഗ്​ധ മാറ്റമെന്നു പറയുന്നത്, സ്വതന്ത്ര തിരുവിതാംകൂറിനെ ലഭ്യമായ ചരിത്രത്തില്‍ നിന്ന്​ വിടുവിച്ച്​ ഒരു രാഷ്ട്രസങ്കല്പത്തെ വിഭാവനം ചെയ്യുക എന്നതാണ്. എന്നാല്‍ ഈ രാഷ്ട്രസങ്കല്‍പം പോലും ചരിത്രത്തില്‍ നിന്ന് സ്വീകരിച്ചതാണ്. ലോകചരിത്രത്തില്‍ സ്വതന്ത്ര രാഷ്ട്രങ്ങളുടെ വിമോചനചരിത്രവുമായി ബന്ധപ്പെട്ട വാര്‍പ്പുമാതൃകകളെ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന നിലയില്‍ പുനഃസ്ഥാപിക്കുന്നു. എന്നിരിക്കിലും, വിരോധാഭാസം (irony) നിറഞ്ഞ പരിചരണരീതിയിലൂടെ ചരിത്രത്തിന്റെ യാന്ത്രികമായ ആവര്‍ത്തനത്തെ തകിടംമറിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നത് ശരിയാണ്. ദ്വിമുഖ സ്വഭാവമുള്ളതാണ് ചരിത്രത്തോടുള്ള ഈ  സമീപനം. വ്യവസ്ഥാപിത ചരിത്രാഖ്യാനത്തെ തകിടംമറിക്കുന്നത് മതന്യൂനപക്ഷമെന്ന ഉണ്മയിലൂടെയാണ്. ഈ ഉണ്മ പ്രതിരോധസജ്ജമായ ഉന്മാദമായോ സ്വയം ബഹിഷ്‌കൃതമായ കര്‍ത്തൃത്വമായോ ആണ് ഇതില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. 

ബഷീര്‍ ഫിഗര്‍ 

‘ആഗസ്റ്റ് 17' തുടങ്ങുന്നത് സ്വതന്ത്ര തിരുവിതാംകൂര്‍ സ്ഥാപിതമാകുന്നതോടെയാണ്.  ഈ നോവലിലെ ആഖ്യാതാവിന് ചരിത്രമെന്ന പേരിലുള്ള വ്യവഹാരരൂപത്തെക്കുറിച്ച്​ ധാരണയുണ്ട്. പക്ഷെ അയാളുടെ പരിമിതി ഇത് എഴുതാനുള്ള ഭാഷ കൈവശമില്ലേ എന്നതാണ്. എങ്കിലും ചരിത്രസാക്ഷിയെന്ന നിലയില്‍ ചരിത്രത്തെ ആഖ്യാനം ചെയ്യാനാണ് അയാള്‍ ഉദ്യമിക്കുന്നത്. പലതരം ചരിത്രരചനകളുള്ളത് അയാള്‍ വായിച്ചുനോക്കിയതായി പറയുന്നുണ്ട്. എന്നാല്‍, താന്‍ വെറും സാക്ഷിയല്ല, അനുഭവിച്ചറിഞ്ഞ ചരിത്രമാണ് പറയാന്‍ പോകുന്നതെന്നും അയാള്‍ വ്യക്തമാക്കുന്നു, വാസ്തവത്തില്‍ അയാളെ ചരിത്രത്തിന്റെ സാക്ഷി മാത്രമാക്കുന്നത് അയാള്‍ സ്വന്തം ആഖ്യാനത്തില്‍ വഹിക്കാന്‍ പോകുന്ന ധര്‍മത്തെ നിഷേധിക്കുന്നതിനുതുല്യമാണ്. ഈ കഥാപാത്രം വിദേശ ചാര ത്രില്ലറുകളിലെ പോലെ ഡബിള്‍ ഏജന്റാണ്. അയാള്‍ക്കുള്ളത് ഡബിള്‍ ഏജന്‍സിയാണ്. സ്വതന്ത്ര തിരുവിതാംകൂറിന്റെ കൊടിയുര്‍ത്തുന്ന നേരം അയാള്‍ സദസ്സിലുണ്ട്. അയാളെ കൊടിയുയര്‍ത്തുന്ന ശ്രീ ചിത്തിര തിരുനാള്‍ തിരിച്ചറിയുന്നുമുണ്ട്. രാജഭക്തനാണ്​ അയാള്‍. ഈ ദേശഭക്തിയുടെ വംശപരമ്പരയില്‍പെട്ടൊരാളാണ് കഥ പറയുന്നത്. ഈ ദേശഭക്തി ചരിത്രത്തിന്റെ പ്രത്യേക സന്ധിയില്‍ ഹിന്ദുരാഷ്ട്ര ഭക്തിയായി പരിണമിക്കുകയാണ്. രാഷ്ട്രഭക്തിയുടെ ചരിത്രസാനിധ്യം ഈ ആഖ്യാനത്തില്‍ പലയിടത്തുമായുണ്ട്. 

ബഷീര്‍ കഥയുടെയും ഭാവനയുടെയും ലോകത്തില്‍  വ്യവഹരിക്കുന്ന വ്യക്തിയാണ്, വിപ്ലവകാരിയും എഴുത്തുകാരനും കാമുകനുമാണ്.  എന്നാല്‍ ഭാസി,  ‘വസ്തുത'കളുടെ ലോകത്താണ് ജീവിക്കുന്നത്. ഭാസിയുടെ ഇരട്ട ഏജന്‍സിക്ക്​ ഈ രണ്ടു ലോകങ്ങളിലും ഒരേസമയം വിഹരിക്കേണ്ടിവരികയാണ്. 

രാജഭക്തനായ ഈ കഥാപാത്രം പക്ഷെ സംഭ്രമാവസ്ഥയിലാണ്. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളെക്കുറിച്ച്​ മേലാവിലേക്ക് രഹസ്യറിപ്പോര്‍ട്ട് അയക്കാന്‍ നിയോഗിക്കപ്പെട്ട ഇയാള്‍ ഭാസി എന്ന വ്യാജനാമം സ്വീകരിച്ച്​, സ്റ്റേറ്റ് കോൺഗ്രസ്​നേതാക്കളെ പരിചയപ്പെടുന്നു. അവർക്കിടയിലേക്ക്​ നുഴഞ്ഞുകയറുന്നു. തിരുവനന്തപുരത്തുകാരനാണ് എന്നല്ലാതെ അയാളുടെ നാടോ പേരുവിവരങ്ങളോ വ്യക്തമാകുന്നില്ല, അതിന്റെ ആവശ്യവുമില്ലതാനും. ഭാസി എന്ന പേരാണ് അയാള്‍ സ്റ്റേറ്റ് കോണ്‍ഗ്രസുകാരോട് അടുക്കാന്‍ ഉപയോഗിക്കുന്നത്. ടിപ്പിക്കല്‍ തിരുവതാംകൂര്‍ പേരുതന്നെ. ബഷീറിനെ പരിചയപ്പെടുന്നത് ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ്​ സമ്മേളനത്തിൽ വെച്ചാണ്. രണ്ടുപേരും ഗുസ്തിപിടിക്കുന്നു. ഗുസ്തിയാണ് അയാളെ ബഷീറിലേക്ക് ആകര്‍ഷിക്കുന്നതെന്നുതോന്നും. ശാരീരിക വ്യായാമത്തിനപ്പുറം ഗുസ്തിയിലൂടെ അവർ ആത്മബന്ധം സൃഷ്ടിക്കുന്നു. ബഷീര്‍ ഇതൊരിക്കലും പ്രകടമാക്കുന്നിലെങ്കിലും ഭാസിയാണ് ബഷീറിലേക്ക് ആകർഷിക്കപ്പെടുന്നത്. ബഷീര്‍ കഥയുടെയും ഭാവനയുടെയും ലോകത്തില്‍ വ്യവഹരിക്കുന്ന വ്യക്തിയാണ്, വിപ്ലവകാരിയും എഴുത്തുകാരനും കാമുകനുമാണ്.  എന്നാല്‍ ഭാസി, ‘വസ്തുത'കളുടെ ലോകത്താണ് ജീവിക്കുന്നത്. ഭാസിയുടെ ഇരട്ട ഏജന്‍സിക്ക്​ ഈ രണ്ടുലോകങ്ങളിലും ഒരേസമയം വിഹരിക്കേണ്ടിവരികയാണ്. 

basheer
വെെക്കം മുഹമ്മദ് ബഷീർ / Photo: Punalur Rajan

ബഷീറുമായി മട്ടാഞ്ചേരിയില്‍ ‘രാജ്യദ്രോഹപരമായ' പ്രവര്‍ത്തനത്തില്‍ ഭാസി പങ്കെടുക്കുന്നു. സാക്ഷ്യംവഹിക്കുന്നതിനുപകരം അയാള്‍ ഒരു നിലയില്‍ അതിന്റെ ഭാഗമാവുകയാണ്. ആഖ്യാനത്തിന്​ ഭാഷയുടെ പരിമിതികളുണ്ടെന്നുപറയുന്ന ഭാസി, മട്ടാഞ്ചേരിയില്‍ ബഷീര്‍ മുപ്പതുപേരെ വെച്ച് നടത്തിയ, ഇന്‍ക്വിലാബ് സിന്ദാബാദ് മുഴക്കിക്കൊണ്ടുള്ള പ്രകടനത്തെക്കുറിച്ച്​ നടത്തുന്ന വിവരണം, അയാള്‍ക്ക് ഭാഷ വഴങ്ങുമെന്നുതന്നെയാണ് കാണിക്കുന്നത്. അയാള്‍ സി.വി.യിലേതുപോലെ കഥാപാത്രത്തിനുചേരുന്ന ഭാഷ സംസാരിക്കുന്നില്ല. അയാള്‍ ബഷീര്‍ നടത്തിയ പ്രകടനത്തെക്കുറിച്ച്​ വിവരിക്കുന്നത്,  ‘ലോകമെമ്പാടുമുള്ള മനുഷ്യമുന്നേറ്റത്തെ പ്രത്യഭിവാദ്യം' ചെയ്ത്​ മട്ടാഞ്ചേരിക്കാരും ബഷീറും മറ്റു ചെറുപ്പക്കാരും മുദ്രാവാക്യം മുഴക്കി എന്നാണ്. ‘കപ്പല്‍ കടന്നുപോയ തിരകള്‍ അവരുടെ കാല്‍ചുവടുകള്‍ വരെയെത്തി. അയാളുടെ കണ്ണുകളിലും മുഖത്തും ഭ്രാന്ത് ഓളംവെട്ടുന്നു' എന്നും അയാള്‍ എഴുതിയിരിക്കുന്നു. ബഷീറിന്റെ ഭാവനയില്‍ ഈ മുപ്പതുപേര്‍ പങ്കെടുത്ത ജാഥ മഹാപ്രക്ഷോഭമായി തോന്നുമെന്നും ഭാസി പറയുന്നുണ്ട്.  

ഇതെല്ലാം കഥയല്ലേ എന്നയാള്‍ ബഷീറിനോട് ആരായുന്നുണ്ട്. ബഷീര്‍ ഇതിനു പറയുന്ന മറുപടി, എല്ലാവരും കഥയിലാണ് ജീവിക്കുന്നതെന്നാണ്. കഥയും യാഥാര്‍ഥ്യവും വേർപെടുത്താനാകത്ത വെര്‍ച്വല്‍ അനുഭവമാണ് എന്നാണ് ബഷീര്‍ പറയുന്നത്. എന്നാല്‍ ഡബിള്‍ ഏജന്ററായ ഭാസിക്ക് ‘കഥ'യില്‍ മാത്രം ജീവിച്ചാല്‍ പോരാ, അയാളുടെ ഭരണകൂടത്തിനാവശ്യമുള്ളതും അയാള്‍ നിയോഗിക്കപ്പെട്ടതുമായ കാര്യത്തിന് ആവശ്യം വേണ്ട വിഭവമെന്താണെന്നു വ്യക്തമാകുന്നുണ്ട്. അയാള്‍ പറയുന്നത് ഇതാണ്: ‘അക്കാലം എനിക്ക് കഥകളില്‍ വലിയ വിശ്വാസമില്ലായിരുന്നു. എന്റെ ജോലി അതാണ് പഠിപ്പിച്ചത്. വസ്തുത അന്വേഷിക്കുക.’
വസ്തുത അന്വേഷിക്കുകയാണ് അയാളുടെ ജോലി; കഥ വായിക്കുകയല്ല. ചാരന്മാര്‍ പൊതുവില്‍ വസ്തുത അന്വേഷികളാണെങ്കിലും കഥയില്‍ ജീവിക്കാന്‍ മാത്രമേ അവര്‍ക്ക് അര്‍ഹതയുള്ളൂ.

അതേസമയം, അയാളുടെ തൊഴിൽപരമായ സ്വത്വം നഷ്ടപ്പെടുന്നുണ്ടോ എന്നും അയാള്‍ ആശങ്കപ്പെടുന്നുണ്ട്. അയാളും കഥയുടെ ഭാഗമാവുകയാണ്. ‘അടുത്തുനില്‍ക്കുമ്പോഴും അകന്നുനിന്ന് കാണുന്ന എന്റെ ജോലിയുടെ സ്വഭാവം മറന്ന് ഇവര്‍ക്കിടയില്‍ അലിഞ്ഞുപോകുന്നതായി' അയാള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. കഥയില്‍പെടാതെ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞു പോകാനുള്ള വെമ്പല്‍ ഭ്രാന്തില്‍ നിന്നുള്ള രക്ഷപ്പെടലായാണ് അയാള്‍ കരുതുന്നത്. കഥകള്‍ മെനഞ്ഞ്​ സൃഷ്ടിച്ച പച്ചക്കള്ളത്തിന്റെ ലോകം മുഴുവട്ടിന്റേതാണ്. കഥയും യാഥാര്‍ഥ്യവും തമ്മിലുള്ള ഭിന്നിപ്പ് അലിഞ്ഞുപോകുന്നത് മാനസികവിഭ്രാന്തിയുടെ തലത്തില്‍ മാത്രമാണ്. മിഥ്യയുടെ ലോകത്തില്‍ അധിവസിക്കുകയാണ് ബഷീര്‍. ഭാസി മാത്രമല്ല സഹതടവുകാരായ രാഷ്ട്രീയ സുഹൃത്തുക്കളും ഈ വിഭ്രാന്തിയുടെ ലോകത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. പി.ടി. പുന്നൂസ് പറയുന്നത്; ‘ഈ ഭ്രാന്തന്‍ എഴുതാത്ത കഥകളുടെ കെണിയില്‍പെടുത്തിയിരുന്നു' എന്നാണ്. 

എഴുത്തുകാരനായ ബഷീറിന്റെ രചനകള്‍ ‘ആഗസ്റ്റ് 17’ ല്‍ കടന്നുവരുന്നു. കഥാപാത്രമായ ബഷീറും എഴുത്തുകാരനായ ബഷീറും ഭിന്നവ്യക്തിത്വങ്ങളല്ല. ബഷീറിന്റെ രചനകള്‍ എന്നപോലെ ബഷീറിനെക്കുറിച്ചുള്ള പോപ്പുലര്‍ വാര്‍പ്പുമാതൃക തന്നെയാണ് സൗകര്യാര്‍ഥം ഈ ആഖ്യാനത്തില്‍ പിന്തുടരുന്നത്. 

ബഷീറിന്റെ ഭ്രാന്ത്, ഈ നോവലിനുബാഹ്യമായ ബഷീറിന്റെ ആരാധകര്‍ സൃഷ്ടിച്ച ബഷീര്‍ ലെജന്റിന്റെ അനേകകഥകളില്‍ നിന്ന് ചൂണ്ടിയതാണ്. ജനപ്രിയമായ വാര്‍പ്പുചരിത്രത്തെ അനുധാവനം ചെയ്​തും ആനുകാലികമായ മുന്‍വിധികളെ മുന്‍നിര്‍ത്തിയുമാണ് ചരിത്രത്തെ ‘ആഗസ്റ്റ് 17' ല്‍  വിഭാവനംചെയ്യാന്‍ ശ്രമിക്കുന്നത്. വാര്‍പ്പുചരിത്രത്തെ ഭേദിക്കാന്‍ ബഷീര്‍ എന്ന ഇതിഹാസതുല്യമായ കഥാപാത്രത്തെ കൊണ്ടുവരുമ്പോഴും ആ കഥാപാത്രത്തെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പിറവിയോടെ ഉപേക്ഷിക്കേണ്ടിവരികയാണ്. പിന്നീട് ബഷീര്‍ പ്രത്യക്ഷമാകുന്നത് മതിഭ്രമാത്മകമായാണ്. ബഷീറിന്റേതെന്നു കരുതുന്ന ശവം കണ്ടെടുക്കുന്ന സമയത്ത്​, ബഷീറിന്റെ കഥാലോകത്തില്‍ നിന്നുള്ള സകല കഥാപാത്രങ്ങളും ഏതാണ്ട് ഒരു സിനിമാരംഗം പോലെ പ്രത്യക്ഷപ്പെടുകയാണ്.

ബഷീര്‍, ഹിന്ദുധര്‍മ രാജ്യമായ സ്വന്തത്ര തിരുവിതാംകൂറില്‍ തിരസ്‌കൃതനാവുന്നതില്‍ അതിശയമില്ല. രാജഭരണത്തെ എതിര്‍ക്കുന്ന ബഷീറിന് സ്വാഭാവികമായും നിഷേധിക്കപ്പെടുന്ന അസ്തിത്വമാണത്. രാജഭരണത്തെ എതിര്‍ത്തുവന്നിരുന്ന വിപ്ലവകാരിയയായ ബഷീര്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി അധികാരം സ്ഥാപിച്ച സ്വതന്ത്ര തിരുവിതാംകൂറിലും ഭ്രഷ്ടനായി തുടരുകയാണ്. ഹിന്ദുധര്‍മ രാഷ്ട്രത്തിനും കമ്യൂണിസ്​റ്റ്​ സര്‍വാധിപത്യത്തിനും ഒരേപോലെ അന്യനാണ് ബഷീര്‍ എന്നര്‍ഥം. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ബഷീറിന്റെ സ്ഥാനം നിഷേധിക്കുക മാത്രമല്ല, ബഷീറിന്റേതെന്നു പ്രചരിപ്പിക്കപ്പെടുന്ന കഥകള്‍ പുരോഗമന സമൂഹത്തിന്​ ഉപയുക്തമാകുന്നതല്ലെന്നും കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ വിലയിരുത്തിയതായി നോവലില്‍ വിശദീകരിക്കുന്നു. സ്റ്റാലിനിസ്റ്റ് റഷ്യയെ കുറിച്ചുള്ള പൊതുധാരണകള്‍ അതേ മുന്‍വിധിയോടെ ഇവിടേക്കും ഇറക്കുമതി ചെയ്യുകയാണ്​ ഹരീഷ് ചെയ്തിരിക്കുന്നത്. ചരിത്രത്തിന്റെ ഭാവനാത്മകമായ ആവിഷ്‌കാരമല്ല  ഇതിലൂടെ ഹരീഷ് നിര്‍വഹിക്കുന്നത്. പകരം പോപ്പുലര്‍ തലത്തിലുള്ള ചരിത്രവിജ്ഞാനീയത്തെ ആശ്രയിച്ച്​ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന രാജ്യത്തിന്റെ പരമാധികാരപ്രകൃതത്തെ പുനരാവിഷ്‌കരിക്കുകയാണ്. ഹിന്ദുരാഷ്ട്രത്തിന്റെ പരീക്ഷണശാലയായി രൂപപ്പെടുന്ന സ്വതന്ത്ര തിരുവതാംകൂര്‍, കമ്യൂണിസ്​റ്റ്​ സർവാധിപത്യത്തിലും തൽസ്ഥിതിയിൽ തന്നെ തുടരുന്നു എന്നതാണ്. ഇത് പാഠപുസ്തക ചരിത്രത്തെ കഥയായി പുനരവതരിപ്പിക്കുന്നതല്ലെങ്കിലും കമ്യൂണിസത്തെ, വിപര്യത്തെക്കുറിച്ചുള്ള ലോകാനുഭവങ്ങളെ, ഇവിടേക്ക് അനുവര്‍ത്തിക്കുന്നു എന്നുമാത്രം.

stalin
'സ്റ്റാലിനിസ്റ്റ് റഷ്യയെ കുറിച്ചുള്ള പൊതുധാരണകള്‍ അതേ മുന്‍വിധിയോടെ നോവലിലേക്ക് ഇറക്കുമതി ചെയ്യുകയാണ്​ ഹരീഷ് ചെയ്തിരിക്കുന്നത്. ചരിത്രത്തിന്റെ ഭാവനാത്മകമായ ആവിഷ്‌ക്കാരമല്ല, പകരം പോപ്പുലര്‍ തലത്തിലുള്ള ചരിത്രവിജ്ഞാനീയത്തെ ആശ്രയിക്കുകയാണിതില്‍'

മലബാറിലേക്കുള്ള ക്രൈസ്തവ കുടിയേറ്റം 

തിരുവിതാംകൂറുകാരനായ രാജഭക്തന്‍ മലബാറില്‍ നടത്തിയ സന്ദര്‍ശനമാണ് ഇതില്‍ പാഠപുസ്തക ചരിത്രേതരമായ ഒരേയൊരു ആഖ്യാനം. മലബാറിലേക്കുള്ള തെക്കന്‍ കുടിയേറ്റക്കാരുടെ കൂടെ യാത്രചെയ്ത്​ അവരിലൊരാളായി അയാള്‍ കോഴിക്കോട്ടെത്തുകയാണ്. കുടിയേറ്റക്കാരുടെ കൂട്ടത്തിലെ ദേവസ്യ, ഏലിക്കുട്ടി എന്നിവരെ മാര്‍ത്തോമക്കാരന്‍ അവറാച്ചനായാണ് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. മലബാറിനെക്കുറിച്ചുള്ള ഏതാണ്ട് ദ്രവിച്ചുതുടങ്ങിയ ഒരു വാര്‍പ്പുകാഴ്ചയാണ് അവറാച്ചനിലൂടെ അവതരിപ്പിക്കുന്നത്, ഒരുപക്ഷെ ഈ യാത്രയുടെ ഉദ്ദേശ്യം തന്നെ മലബാറും തിരുവിതാംകൂറും റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ പ്രസിദ്ധമായ കൊളോണിയല്‍ കാഴ്ചയെ പോലെ, "east is east and west is west and never the twain shall meet' എന്ന നിലയിലാണ്. നാല്പതുകളില്‍ അവറാച്ചന്റെ മലബാറിനെ കുറിച്ചുള്ള മുന്‍അറിവുകള്‍ സമകാലികകാഴ്ചയുടെ സ്വഭാവമുള്ളതാണ്. സുറിയാനി ക്രിസ്ത്യാനികള്‍ മലബാറിന്റെ പല പ്രദേശങ്ങളിലേക്കും കടന്നുവരികയും ആ പ്രദേശത്തിന്റെ ജീവിതരീതിയെ ആകെ മാറ്റിമറിക്കുകയും ചെയ്യും. അയാളുടെ നോട്ടത്തില്‍ മലബാറിലെ അലസന്മാരായ നാട്ടുകാര്‍ അസൂയയുടെയും ആദരവോടെയും അവരെ കാണും.

മലബാറിന്റെ സാമാന്യ ജീവിതചിത്രം നാല്പതുകളില്‍ തന്നെ ഇതിലും ഭേദപ്പെട്ട നിലയില്‍ കുടിയേറ്റ ഓര്‍മകളില്‍ നിന്നുതന്നെ ലഭ്യമാണ്. നിര്‍ഭാഗ്യവശാല്‍, തിരുവിതാംകൂര്‍ ചരിത്രത്തിന്റെ പരിമിതലോകത്തിനകത്തു നിന്നാണ് ഭാസിയുടെയും അവറാച്ചന്റെയും ലോകവീക്ഷണം രൂപപ്പെടുന്നത്. അവറാച്ചനെ സംബന്ധിച്ച്​ ആദ്യഘട്ടത്തിലുള്ള യാത്രയുടെ ഉദ്ദേശ്യം, കുടിയേറ്റക്കാറായ സുറിയാനി ക്രിസ്ത്യാനികള്‍ ചിത്തിര തിരുനാളിനെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കുടിയേറ്റമേഖലകളില്‍ വ്യാപിപ്പിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കലാണ്. അതിന്​ സാധ്യത വിരളമാണെന്നു തിരിച്ചറിയുന്ന ഇയാള്‍ അവരുടെ രാജ്യവിരുദ്ധ ദൂഷണങ്ങളെ മാത്രമേ ഒരു വിശേഷപ്രശ്‌നമായി കാണുന്നുള്ളൂ. പക്ഷെ അതിന്റെ രാഷ്ട്രീയാഘാതം വളരെ പരിമിതമാണെന്നും അയാള്‍ മനസ്സിലാക്കുന്നുണ്ട്. 

മാര്‍ത്താണ്ഡവര്‍മക്കുശേഷം തിരുവതാംകൂര്‍ പൂര്‍ണാധികാരം എന്താണെന്ന്​ആസ്വദിക്കുകയായിരുന്നു എന്നാണ് ആഖ്യാതാവ് പറയുന്നത്. ഔദ്യോഗിക ചിത്രകാരന്റെ രചനാവഴക്കത്തോടെയാണ് പിന്നീടുള്ള സംഭവഗതി വിശദീകരിക്കുന്നത്.

രണ്ടാമത്തെ തവണ അയാള്‍ തിരുവമ്പാടിയിലെത്തുമ്പോള്‍, തന്റെ പ്രവചനസ്വഭാവമുള്ള നീരിക്ഷണങ്ങള്‍ യാഥാര്‍ഥ്യമായി മാറിയതില്‍ അയാള്‍ക്ക് സ്വയമൊരു മതിപ്പുതോന്നുന്നുണ്ട്. പക്ഷെ ഭാവനാത്മകരചനയുടെ രീതി വെടിഞ്ഞ് ​ഇപ്പോള്‍ നിലനില്‍ക്കുന്ന ജേർണലിസ്റ്റിക് എന്ന് വിളിക്കാവുന്ന സാമൂഹ്യശാസ്ത്രം അവതരിപ്പിക്കുന്നു. ഈ അലസമായ സാമൂഹ്യവിശകലനരീതി നോവലിന്റെ പലയിടങ്ങളിലും കാണാം. വര്‍ത്തമാനത്തിന്റെ അധീശത്വ സാംസ്‌കാരികബോധമാണ് ഇതില്‍ നിഴലിക്കുന്നത്. കുടിയേറ്റഗ്രാമത്തിന്​തൊട്ടടുത്ത പ്രദേശം കമ്യൂണിസ്​റ്റ്​ കേന്ദ്രമാകുന്നതും പകലും രാത്രിയൊന്നുമില്ലാതെ ചെറുപ്പക്കാര്‍  സമത്വം സൃഷ്ടിക്കുന്നതിനെക്കുറിച്ചാലോചിക്കുന്നുവെന്ന നീരിക്ഷണവുമൊക്കെ ടിപ്പിക്കല്‍ നോട്ടങ്ങളാണ്. പ്രതിചരിത്രമോ ഭാവനാത്മകചരിത്രമോ ഒന്നുമാകുന്നില്ല. മാധ്യമവാര്‍ത്തകളില്‍ നിന്ന് സ്വരൂപിച്ചെടുത്ത സമകാലികധാരണകളെ ചരിത്രാനുഭവമെന്ന നിലയില്‍ രേഖപ്പെടുത്തുക മാത്രമാണ്. ഇങ്ങനെയുമുള്ള സന്ദര്‍ഭങ്ങള്‍ ആഖ്യാനത്തില്‍ കടന്നുവരുന്നതോടെ കഥയേക്കാള്‍ വസ്തുതാബദ്ധമായ മാധ്യമവത്കൃത യാഥാര്‍ഥ്യം വലിഞ്ഞുകയറി സാമ്പ്രദായിക റിയലിസത്തിന്റെ സ്വഭാവത്തിലേക്ക് പ്രതിപാദനം വഴിത്തിരിയുന്നത് കാണാം. ഇങ്ങനെ പ്രതിപാദിക്കുമ്പോഴും ശ്രദ്ധേയമായ ഒരു നീരീക്ഷണം ആഗസ്റ്റ് 17 -ല്‍ വരുന്നത് ഹിന്ദുധര്‍മ രാജ്യമായ സ്വതന്ത്ര തിരുവിതാംകൂറില്‍ നിന്ന് ക്രൈസ്തവര്‍ കൂട്ടത്തോടെ മലബാറിലേക്ക് പലായനം ചെയ്യുകയാണ് എന്നതാണ്. 

അധികാരത്തിന്റെ തുടര്‍ച്ചകള്‍ 

ബ്രിട്ടീഷ് വിരുദ്ധ സമരത്തിലൂടെ ഇന്ത്യ സ്വാതന്ത്യത്തിലേക്ക് നടന്നടുക്കുന്ന സന്ദര്‍ഭത്തിലാണ് നാട്ടുരാജ്യങ്ങള്‍ക്ക് ബ്രിട്ടീഷ് ഇന്ത്യ ആക്ട് നല്‍കിയ പരിമിതമായ പരമാധികാരം ഉപയോഗപ്പെടുത്തി ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ തിരുവതാംകൂര്‍ സ്വതന്ത്രരാജ്യമായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചത്. എ. ശ്രീധര മേനോന്‍ വിശദീകരിക്കുന്നത്, ദിവാനായിരുന്ന സി.പി.യേക്കാള്‍ സ്വതന്ത്ര തിരുവതാംകൂര്‍ എന്ന ആശയം രാജകുടുംബത്തില്‍ നിന്നാണ് വന്നതെന്നാണ്. എന്തായാലും സി.പി.യുടെ അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരം ആദ്യത്തെ ഹിന്ദുരാഷ്ട്രം എന്ന സങ്കല്പവുമാണ് സ്വതന്ത്ര തിരുവിതാംകൂറിനെ മകുടം ചാര്‍ത്തുന്നത്. മാര്‍ത്താണ്ഡവര്‍മയ്ക്കുശേഷം തിരുവതാംകൂര്‍ പൂര്‍ണാധികാരം എന്താണെന്ന്​ ആസ്വദിക്കുകയായിരുന്നു എന്നാണ് ആഖ്യാതാവ് പറയുന്നത്. ഔദ്യോഗിക ചരിത്രകാരന്റെ രചനാവഴക്കത്തോടെയാണ് പിന്നീടുള്ള സംഭവഗതി വിശദീകരിക്കുന്നത്. രാജഭക്തനായ ചരിത്രകാരന്റെ ചരിത്രരചനാരീതി എങ്ങനെയെന്നുകൂടി അവതരിപ്പിക്കുന്നുണ്ട്. കഥയും വസ്തുതയും സാമ്പാറും കഷണങ്ങളും തമ്മില്‍ കൂടികുഴയുന്നപോലെ തിരുവിതാംകൂര്‍ പ്രേമം ആഖ്യാതാവിനെയും ആഖ്യാതാവിലൂടെ സംവേദനം ചെയ്യുന്ന എഴുത്തുകാരനെയും കൂട്ടിചേര്‍ക്കുന്നു. ഇതുവരെയുള്ള ആഖ്യാനത്തിലെ സന്തുലിതത്വം വിട്ട്​​ സ്വതന്ത്ര തിരുവിതാംകൂറിന്റെ സംസ്ഥാപനത്തെ  ഒരു ഉന്മാദബാധിതനെ പോലെയാണ് അയാള്‍ ആവേശകരമായി ആഖ്യാനം ചെയ്യുന്നത്. 

സി.പി. രാമസ്വാമി അയ്യർ, കൊലപാതകശ്രമത്തെ അതിജീവിച്ച്​ സ്വതന്ത്ര തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയാവുകയാണ്. ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിലേക്ക് നയിക്കുന്ന ഇതര കാര്യങ്ങളും വഴിയേ ഈ ആഖ്യാനത്തില്‍ പ്രതിപാദിക്കുന്നു. പട്ടം താണുപിള്ളയടക്കമുള്ള നേതാക്കളൊക്കെ തടവിലാക്കപ്പെട്ടു. അവര്‍ക്ക് മാനസാന്തരം സംഭവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. അക്കാലത്തെ പ്രസിദ്ധരോ കുപ്രസിദ്ധരോ ആയ ചരിത്രവ്യക്തികളെ കഥയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കേരള ചരിത്രശില്‍പികള്‍ എന്ന മട്ടിലുള്ള പാഠപുസ്തക ചരിത്രരചന പോലെ ആഖ്യാനം മുന്നോട്ടുപോവുകയാണ്. ഇതില്‍ പ്രധാനപ്പെട്ടയാള്‍ കെ.കെ. നായര്‍ തന്നെ. കെ.കെ. നായര്‍ അയോധ്യയില്‍ ബാബ്റി പള്ളിയില്‍ രാമന്റെ വിഗ്രഹം രാത്രിക്കുരാത്രി സ്ഥാപിച്ച വിവരവും തുടര്‍സംഭവവും ചരിത്രത്തില്‍ നിന്ന് അതേപടി ചേര്‍ത്തുവെച്ചിട്ടുണ്ട്. കെ.കെ. നായര്‍, സി.പി. രാമസ്വാമിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെ ആദ്യത്തെ ഹിന്ദുരാഷ്ട്രസേവനത്തിന്​ നിയോഗിക്കപ്പെടുകയാണ്. ഇത്തരം  ചേര്‍ക്കലുകള്‍ പ്രത്യേകമായ കൗതുകമുണര്‍ത്തുന്നുണ്ടന്നുള്ളത് പറയാതിരിക്കാന്‍ പറ്റില്ല. കെ.കെ. നായര്‍ ഭരണത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് അവരോധിക്കപ്പെടുക മാത്രമല്ല, അയാള്‍ ഭരണത്തില്‍ വളരെ പെട്ടെന്ന്  നിര്‍ണായകമായി തീരുകയാണ്.

cp
സി.പി. രാമസ്വാമി അയ്യർ / Photo: Keralaculture

തിരുവിതാംകൂര്‍ രാജ്യത്തിനോട് കടപ്പെട്ടു ജീവിക്കുന്നവരില്‍ നിന്ന് വ്യത്യസ്തനായി അതിനോട് പൊരുതിമരിച്ച ഫ്രാങ്കോ രാഘവന്‍ പിള്ളയെ പോലുള്ളവരെയും ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട്. പരിചയപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ ദേശ ചരിത്രകാരന്‍ വിമത രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത് എന്നുമാത്രം. ഇതേമട്ടില്‍, ആധുനിക തിരുവിതാംകൂര്‍ ശില്‍പികള്‍ എന്ന നിലയില്‍ സാംസ്‌കാരികരംഗത്തും ബിസിനസ്​ രംഗത്തും പ്രവര്‍ത്തിക്കുന്നവരെയും പരിചയപ്പെടുത്തുന്നു. കെ.എന്‍.ആര്‍. എന്ന കവിയെയും കെ.പി. സുകുമാരന്‍ നായര്‍ എന്ന എഴുത്തുകാരനെയും പരിചയപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍,  മലയാളത്തിലെ തന്നെ ലബ്ധപ്രതിഷ്ടരായ രണ്ടു എഴുത്തുകാരുടെ രചനകളെ പാരഡി ചെയ്യുംവിധമുള്ള കൃതികളുടെ വിവരണങ്ങളാണ് നല്‍കിയിരിക്കുന്നത്. എഴുത്തുകാരെക്കുറിച്ചുള്ള കിംവദന്തികളുടെയും കുന്നായ്മകളുടെയും നിലവാരമുള്ള പോപുലര്‍ വാര്‍പ്പ് വിമര്‍ശനത്തെയാണ് ഈ ഡബിള്‍ ഏജൻറ്​ വിവരണങ്ങളില്‍ കൊണ്ടുവരുന്നത്. ആഴമില്ലാത്തതുമാത്രമല്ല വളരെ നിലവാരമില്ലാത്ത ട്രിക്ക് മാത്രമായി ഈ വിവരണം. ബഷീറിന്റെതുപോലുള്ള വിമത രചനകള്‍ക്കുപകരം സവര്‍ണ വരേണ്യസാഹിത്യത്തിന്റെ പ്രകൃതത്തെ വിശദീകരിക്കുകയാണ് ഉദ്ദേശ്യം. ജ്ഞാനപീഠ പുരസ്‌കാരത്തെക്കുറിച്ചുള്ള കേരളത്തിലെ സാംസ്‌കാരിക മേഖലകളിലെ ചില കിംവദന്തികളില്‍ (?) കേള്‍ക്കുന്ന മട്ടിലുള്ള വിവരണമാണ് ഡബിള്‍ ഏജൻറിന്റെ സാഹിത്യചരിത്ര വിശദീകരണം.  

ദേശീയപ്രസ്ഥാനത്തിലെ മൂന്ന് ധാരകളായ സെക്യുലർ ദേശീയതയും ഹിന്ദു ദേശീയതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനവുമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ രാഷ്ട്രത്തിലും പ്രബല രാഷ്ട്രീയശക്തികളായി നിലകൊള്ളുന്നത്. ഇതില്‍ സെക്യുലര്‍ ദേശീയതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഐക്യ കേരളത്തിനായി നിലകൊള്ളുമ്പോള്‍ ഹിന്ദു ദേശീയത പിന്തുണയ്ക്കുന്നത് ഹിന്ദു രാഷ്ട്രമായ സ്വതന്ത്ര തിരുവിതാംകൂറിനെയാണ്. ഇന്ത്യയില്‍ നിന്ന് വിമുക്തമായ സ്വതന്ത്ര തിരുവിതാംകൂറിനെ സവര്‍ക്കറും  മുഹമ്മദ് അലി ജിന്നയും പിന്തുണയ്ക്കുന്നുണ്ട്. ഹിന്ദു മഹാസഭ, സ്വതന്ത്ര തിരുവിതാംകൂറിനെതിരെയുള്ള ഇന്ത്യന്‍ രാഷ്​ട്രത്തിന്റെ സൈനിക നടപടികള്‍ക്കെതിരെ ഹിന്ദുസമൂഹം ഒന്നിക്കണമെന്ന ആഹ്വാനമാണ് നല്‍കുന്നത്.

ഉത്തര കൊളോണിയല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സവിശേഷതകള്‍ തന്നെയാണ് സ്വതന്ത്ര തിരുവിതാംകൂറിലും കാണുന്നത്. ഒരേയൊരു കുറവുമാത്രമാണ് പ്രകടമാകുന്നത്; അധഃസ്ഥിതരുടെ രാഷ്ട്രീയമുന്നേറ്റം രാഷ്ട്രീയമണ്ഡലത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ഇത് തീര്‍ത്തും അവഗണിക്കപ്പെട്ടിരിക്കുന്നു. അലിഗറിയുടെ തലത്തില്‍ നിന്നുകൊണ്ടുതന്നെ മൂന്ന് പ്രബലധാരകളും സ്വതന്ത്ര തിരുവിതാംകൂറിനുമേല്‍ അധികാരം സ്ഥാപിക്കുന്നതോടെ ഉണ്ടാകാവുന്ന രാഷ്ട്രീയ പരിണിതികള്‍ എന്താണെന്ന്​ വെര്‍ച്വല്‍ യാഥാര്‍ഥ്യത്തിലെന്ന പോലെ ‘ആഗസ്റ്റ് 17’ല്‍ ആവിഷ്‌കരിക്കുന്നു. ഭിന്നരീതികളില്‍ രാഷ്ട്രീയ സ്വഭാവം പുലര്‍ത്തുന്നതാണെങ്കിലും ഈ പ്രബലധാരകള്‍ മൂന്നിലും പ്രകടമാകുന്ന ജൈവാധികാരത്തിന്റെ സദൃശ്യാത്മകതയാണ് നോവൽ അനാവരണം ചെയ്യുന്നത്. 

ചരിത്രത്തിന്റെ  പ്രതീതിപരമായ ആവര്‍ത്തനത്തിലുപരിയായി ആഖ്യാതാവിന്​ മറ്റൊരു വെര്‍ച്വല്‍ സാധ്യതയും ആവിഷ്‌ക്കരിക്കാനാകുന്നില്ല. ഇതിനു കാരണം, സമ്പ്രദായിക ചരിത്ര രചനയുടെ ചട്ടക്കൂടിനുള്ളില്‍ അകപ്പെട്ടുനില്‍ക്കുന്ന ചരിത്രബോധമാകണം. 

പുതിയൊരു ധാര്‍മികശക്തിയോടെ, ആര്‍ജവത്തോടെ ഈ നോവലിൽ സംസാരിക്കുന്ന ഏക രാഷ്ട്രീയ നേതാവ് അക്കാമ്മ ചെറിയാനാണ്. ലിംഗപൗരത്വപരമായ അസമത്വത്തെ തുറന്നെതിര്‍ത്ത്​ ആധുനികമായ ലിംഗനീതി രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യന്‍ ദേശീയതുടെ രാഷ്ട്രീയത്തെ പാടേ തള്ളി, സ്വാതന്ത്ര്യം ജനതയുടെ സ്വയംനിർണയാവകാശമാണെന്ന് ​പ്രഖ്യാപിക്കുകയാണ്​അക്കാമ്മ ചെറിയാൻ. ലിബറല്‍ ദേശീയതയില്‍ ഇങ്ങനെയുള്ള വിമോചനാത്മകമായ ഊര്‍ജം അന്തഃസ്ഥിതമാണെന്ന്​ ഇതുവരെ തെളിയാക്കപ്പെട്ടില്ലെങ്കിലും ‘ആഗസ്റ്റ് 17’ല്‍  അത്തരത്തിലുള്ള ഒരു വെര്‍ച്വല്‍ സാധ്യത മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷെ, ക്രമാനുഗതമായി അധികാരം ഇതിനെയും ദുഷിപ്പിക്കുമെന്ന പൊതുധാരണ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഉദാരവാദിത്വ ഭരണക്രമം ആത്യന്തികമായി പരാജയപ്പെടാനുള്ളതാണ്.

nayar
കെ.കെ. നായർ

സാമ്പ്രദായിക ചരിത്രത്തിന്റെ കാലഘട്ടവത്കരണം (periodization) ആവര്‍ത്തിക്കുന്നുണ്ട്  ഇതില്‍. അതായത്, ഫ്യൂഡല്‍ ശ്രേണീഘടനയില്‍ നിര്‍മിതമായ ഹിന്ദു രാജഭരണം ബൂര്‍ഷ്വാ ഉദാരവാദ ഭരണത്തിന് വഴിമാറികൊടുക്കുന്നു. അത് ഒരു ക്രമത്തിലെന്ന പോലെ കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. മെന്‍ഷേവിക്ക് / കുമിറ്റാങ് ഇടക്കാല ഭരണത്തെ അനുസ്മരിപ്പിക്കുമാറ് സ്റ്റേറ്റ് കോണ്‍ഗ്രസ് ഭരണം സ്വതന്ത്ര തിരുവിതാംകൂറില്‍ അധികാരത്തില്‍ വരികയും ഇന്ത്യയുടെ അധിനിവേശത്തിനെതിരെ പ്രതിരോധമുയര്‍ത്തുകയുമാണ് ചെയ്യുന്നത്. ഇന്ത്യ സ്വതന്ത്ര തിരുവിതാംകൂറിനെ അംഗീകരിക്കുന്നില്ല. അമേരിക്കയുമായി ഐക്യപ്പെടുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് ഭരിക്കുന്ന സ്വതന്ത്ര തിരുവിതാംകൂര്‍ സ്വാഭാവികനടപടി എന്ന നിലയില്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയെ നിരോധിക്കുകയാണ്. ചരിത്രത്തിന്റെ പ്രതീതിപരമായ (impressionistic) ആവര്‍ത്തനത്തിലുപരിയായി ആഖ്യാതാവിന്​ മറ്റൊരു വെര്‍ച്വല്‍ സാധ്യതയും ആവിഷ്‌കരിക്കാനാകുന്നില്ല. ഇതിനുകാരണം, സമ്പ്രദായിക ചരിത്രരചനയുടെ ചട്ടക്കൂടിനുള്ളില്‍ അകപ്പെട്ടുനില്‍ക്കുന്ന ചരിത്രബോധമാകണം. 

നോവലില്‍ തന്നെ സൂചിപ്പിക്കുന്ന രീതിയില്‍ നിനച്ചിരിക്കാത്ത വേഗതയിലാണ് ലോകചരിത്രത്തിന്റെ ക്രമാനുഗതികത്വം ആഖ്യാനത്തിലേക്ക് പരകായപ്രവേശം ചെയ്യുന്നത്. സോവിയറ്റ് യൂണിയനെക്കുറിച്ചുള്ള ശീതസമരകാലത്തെ പാശ്ചാത്യ സാമൂഹ്യശാസ്ത്രങ്ങളില്‍ പറഞ്ഞുവെച്ചതൊക്കെ അപ്പടി ആവര്‍ത്തിക്കുക മാത്രമേ വിനീത ചരിത്രകാരന് ചെയ്യാനുള്ളൂ. സ്റ്റാലിനിസ്റ്റ് ഭരണം ട്രോട്സ്‌​കി, ബുഖാരിന്‍ എന്നീ ഉജ്വല കമ്യൂണിസ്റ്റ് നേതാക്കളോടും സൈദ്ധാന്തികരോടും ചെയ്തത് കെ.സി. ജോര്‍ജിലൂടെയും മറ്റും ആവര്‍ത്തിക്കുന്നു. അതായത്, സോവിയറ്റ് ചരിത്രം നേരെ സ്വതന്ത്ര തിരുവിതാംകൂറിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്. കേരളചരിത്രത്തെ കുറിചുള്ള ലിഖിതപാഠങ്ങള്‍ ഇതില്‍ ദമനം ചെയ്യപ്പെട്ട യാഥാര്‍ഥ്യമെന്നപോലെ ഇടയ്ക്കിടെ തിരിച്ചുവരവ്​ നടത്തുന്നു. ഈ തിരിച്ചുവരവുകള്‍ ഒരു ഓര്‍മപ്പെടുത്തല്‍ എന്ന നിലയിലാണ് ആവര്‍ത്തിക്കുന്നത്. അതിന്റെ സാരാംശം ഇത്രമാത്രമായിരിക്കും: ‘അധികാരത്തിലിരിക്കുന്നവര്‍ തെറ്റിദ്ധരിക്കരുത്. കേരളത്തിലെ വിപ്ലവ ഇതിഹാസം സുരക്ഷിതമായി പാഠപുസ്തകങ്ങളില്‍ തന്നെ നില്‍ക്കുന്നു. ഫിക്ഷന്റെ ലീലകള്‍ ചരിത്രത്തില്‍ ഒന്ന് പരീക്ഷിച്ചുനോക്കുകയേ താന്‍ ചെയ്യുന്നുള്ളൂ' എന്നാണ് ഉഗ്രമയമായ ഭാവനയുടെ അധികാരി വിനീതപൂര്‍വം പറയാന്‍ ശ്രമിക്കുന്നത്. കാരണം, മറ്റുതലത്തിലുള്ള പൊല്ലാപ്പുകള്‍ ഏറ്റെടുക്കാന്‍ താന്‍ മടിക്കുന്നു എന്നും കൂടിയാണ് അതിന്റെ അര്‍ത്ഥധ്വനി.  

കേരളത്തിലെ റാഡിക്കല്‍ പ്രസ്ഥാന നായകരില്‍ അദ്വിതീയനാണ് പി. കൃഷ്ണപിള്ള. എങ്കിലും, ഇ.എം.എസ്. തന്നെ സൂചിപ്പിച്ച പോലെ, തന്നിഷ്ടം നടപ്പാക്കിയിരുന്ന ഒരു നേതാവായിരുന്നുവത്രെ. ഈ നോവലില്‍ ഇ.എം.എസിന്റെ നിസ്സാരമായ മരണമാണ് ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തിയതായി കേട്ടത്. ഇ.എം.എസിന്റെ നിസ്സാരമരണം ഏതെങ്കിലും ടെലിവിഷന്‍ അവതാരകരുടെ മനസ്സില്‍ എന്തെങ്കിലും ഇടര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് തികച്ചും വ്യക്തിപരവും അയാളുടെ സ്വത്വകാംക്ഷയായി ബന്ധപ്പെട്ടതുമായ കാര്യമായി മനസ്സിലാക്കാം പക്ഷെ, പി. കൃഷ്ണപിള്ളയെ പോലെയുള്ള ആവേശമുണര്‍ത്തുന്ന വ്യക്തിത്വത്തെ സമഗ്രാധികാരിയായി ആവിഷ്‌കരിക്കുന്ന ആ ചരിത്രക്കാഴ്ച രാജഭക്തിയുടെ ആക്രന്ദനമുള്ളതാകുന്നു എന്നുപറയാതിരിക്കാന്‍ നിവൃത്തിയില്ല.

akkama
പുതിയൊരു ധാര്‍മിക ശക്തിയോടെ, ആര്‍ജവത്തോടെ ഈ നോവലിൽ സംസാരിക്കുന്ന ഏക രാഷ്ട്രീയ നേതാവ് അക്കാമ്മ ചെറിയാനാണ്. / Photo: Keralaculture.org

വെര്‍ച്വല്‍ ചരിത്രം എന്നാല്‍ ഭാവിയുടെ റിപ്ലൈ ആണെങ്കില്‍ ‘ആഗസ്റ്റ് 17’ല്‍ കാണുന്നത് ചരിത്രാഖ്യാനങ്ങളുടെ അനുവര്‍ത്തനമാണ്. പ്രതിചരിത്രങ്ങള്‍ സമകാലികമായ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ മുന്‍കൂട്ടികണ്ടുകൊണ്ടുള്ള പ്രവചനാത്മക സ്വഭാവമുള്ളതാണ്. സമകാലിക രാഷ്ട്രീയത്തിന്റെ ആഖ്യാനത്തില്‍ അവിടെയും ഇവിടെയും കൊളുത്തിയിടുന്നുണ്ടെങ്കിലും, ദേശീയതകളുട സ്വയം നിര്‍ണായകാവകാശം എന്ന പ്രശ്‌നത്തെ ബൃഹത്ദേശീയതയുടെ ആഖ്യാന ഉയരങ്ങളില്‍ നിന്നാണ് ആഖ്യാതാവ് കാണുന്നതെന്നുതോന്നുന്നു. കൊളോണിയൽ അനന്തര ഇന്ത്യ അഭിമുഖീകരിച്ച ഗൗരവകരമായ പ്രശ്‌നം, ബ്രിട്ടീഷ് ഇന്ത്യയിലെ സ്വതന്ത്രപദവിയുള്ള രാജ്യങ്ങളുടെ ഇന്ത്യന്‍ ദേശരാഷ്ട്രത്തിലേക്കുള്ള ഉദ്ഗ്രന്ഥനമായിരുന്നു. ഇത് അല്പം വിശദമായി നോവലില്‍ പരാമര്‍ശ വിഷയമാകുന്നുണ്ട്. എന്നാല്‍, ഇന്ത്യയോടുചേര്‍ന്ന കശ്മീരിന് നല്‍കിയ 370-ാം വകുപ്പനുസരിച്ചുള്ള  പ്രത്യക ഭരണഘടനാപദവി റദ്ദാക്കിയ ഘട്ടത്തിലാണ് സ്വതന്ത്ര പരമാധികാര സ്വതന്ത്ര തിരുവിതാംകൂറിനെ കുറിച്ച് നമ്മളിന്ന് പ്രതിപാദിക്കുന്നത്.

സ്വതന്ത്ര തിരുവിതാംകൂര്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ കമ്യൂണിസ്റ്റ് രാജ്യമായി മാറുകയും പലനിലയ്ക്കും ഹിന്ദുരാഷ്ട്രത്തിന്റെ തന്നെ തുടര്‍ച്ചയായി നിലനില്‍ക്കുന്നതുമായാണ് നോവലില്‍ പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രഗാത്രത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ‘തിരുവിതാംകൂര്‍ ഇതില്‍ പ്രതിപദ്യമാകുവിധം ഒരു പീഡകരാഷ്ട്രമാകുമായിരുന്നില്ല’ എന്ന സാധ്യത കൂടിയാണ് പറയാതെ പറയുന്നത്. ആത്യന്തികമായി ബൃഹത് ദേശീയതയാണ് ജനാധിപത്യാപരമായി കൂടുതല്‍ അഭികാമ്യം എന്ന ധാരണയെ അവ്യക്തമായെങ്കിലും ഈ ആഖ്യാനം പങ്കുപറ്റുന്നു.  

ഉത്തരകൊളോണിയല്‍ ദേശരാഷ്ട്രത്തിന്റെ ഹിംസാത്മകതയ്ക്ക് ബദലായി  ‘ആഗസ്റ്റ് 17’ -ല്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഏക മൗലിക സങ്കല്‍പം, സീതി ലോഡ്ജ് എന്ന വിചിത്ര സ്വഭാവമുള്ള ഒരിടമാണ്.  

ഇന്ത്യന്‍ ദേശീയതയില്‍നിന്ന്​ വിമോചിപ്പിക്കപ്പെട്ട്​ കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ഉത്തരകൊളോണിയല്‍ ദേശരാഷ്ട്രത്തിന്റെ ചരിത്രം സ്വന്തം മലംകൊണ്ടാണ് ഒരിക്കല്‍ രാജഭക്തനായ അയാള്‍ ജയിലിന്റെ ചുമരുകളില്‍ എഴുതുന്നത്. ജയിലറയും ഭ്രാന്താലയവും എന്ന വേര്‍തിരിവ്​  ഇവിടെ ഇല്ലാതാകുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തിന്റെ സകല സവിശേഷതകളോടും കൂടി, കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ സ്വതന്ത്ര തിരുവിതാംകൂര്‍ ഭ്രാന്താലയമാവുകയാണ്.

ഉത്തരകൊളോണിയല്‍ ദേശരാഷ്ട്രത്തിന്റെ ഹിംസാത്മകതയ്ക്ക് ബദലായി ‘ആഗസ്റ്റ് 17’ -ല്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഏക മൗലികസങ്കല്‍പം, സീതി ലോഡ്ജ് എന്ന വിചിത്രസ്വഭാവമുള്ള ഒരിടമാണ്. ഐക്യകേരള പ്രസാധനത്തിന്റെ താവളവും സ്വതന്ത്ര തിരുവതാംകൂറിനെതിരെയുള്ള ഒരു വിമതലോകവുമാണ് സീതി ലോഡ്ജ്. 

സീതി ലോഡ്ജ്

ആഖ്യാനഗതിയെ ഇടയ്ക്ക് ഭേദിച്ച്​ വീണ്ടുംവീണ്ടുമെത്തി​ച്ചേരുന്ന ഇടമാണ് സീതി ലോഡ്ജ്. സ്വതന്ത്ര തിരുവിതാംകൂറിനും ഹൈന്ദവ ബൃഹത് ദേശീയതയ്ക്കുമെതിരെയുള്ള ഒരുസ്ഥലകാല പ്രതിരോധകേന്ദ്രമെന്ന നിലയിലാണ് സീതി ലോഡ്ജ് പ്രതിപാദ്യമാകുന്നത്. മറ്റൊരു കാലത്തിലേക്ക് കാലൂന്നിനില്‍ക്കുന്ന ഒരു സ്വതന്ത്രപ്രദേശം. ആദ്യഘട്ടത്തില്‍ അത് ഭാവിലോകത്തിന്റെ വിസ്തൃതിയിലേക്കാണ് പടര്‍ന്നുനില്‍ക്കുന്നതെങ്കില്‍ അവസാനഘട്ടമാകുമ്പോഴേക്കും ഗൃഹാതുതരമായി തിരിച്ചുപിടിക്കേണ്ട ഒരു വിസ്മൃതകാലത്തിലാണ് നിലകൊള്ളുന്നത്. നിലനില്‍ക്കുന്നതായ വ്യവസ്ഥയ്ക്കുപുറത്താണ് സീതി ലോഡ്ജ്. ആണുങ്ങള്‍ മാത്രം അധിവസിക്കുന്ന ലോകം. അങ്ങനെയൊരു ചരിത്രപരമായ പരാധീനത പ്രത്യക്ഷമായി തന്നെ ഇതിലുണ്ടെങ്കിലും കാലത്തിന്റെ സാമാന്യബോധത്തെ പ്രതിരോധിച്ചുനിർത്തുന്നു  ‘സീതി’യിലെ സംവാദങ്ങള്‍. കാല്പനികമായൊരു തലത്തില്‍ വര്‍ത്തിക്കുകയും സ്ഥലകാലത്തില്‍ നിന്ന് ഭിന്നിച്ചുനില്‍ക്കുകയും ചെയ്യുന്ന ഇവിടം, ദേശാതീതമായുള്ള കൂടിച്ചേരലുകളാണ് സൃഷ്ടിക്കുന്നത്. പുത്തനായൊരു രാഷ്ട്രീയാന്തരീക്ഷമാണ് ഇവിടെ കാണാന്‍ കഴിയുക. കടുത്ത ദാരിദ്ര്യത്തിലും ഇവിടുത്തെ മനുഷ്യര്‍ ഉന്മേഷം വെടിയുന്നില്ല. അധീശത്വപരമായ സാമൂഹിക- രാഷ്ട്രീയ സ്വരൂപങ്ങള്‍ക്കെല്ലാമെതിരായി നിൽക്കുന്ന വിമതഭൂമികയാണിത്. സകല സങ്കുചിത്വങ്ങളെയും ഭേദിച്ച്​, വിപ്ലവാനന്തര സ്വതന്ത്ര രാജ്യത്തെക്കുറിച്ച് ഭാവനാവിസ്താരം നടത്തുന്ന ഒരു ‘ഉട്ടോപിക്' ലോകം. പ്രാഗ് കമ്യൂണുകളുടെ കളത്തില്‍ നിലനിന്നിരുന്ന ഗോത്രസമത്വമൊക്കെ ഈ സങ്കരഭൂമികയില്‍ അനുഭവപ്പെടുന്നുണ്ട്.

നോവലിന്റെ എട്ടാം അധ്യായത്തിലാണ് സീതി ബില്‍ഡിങ്ങിനെ  പരിചയപ്പെടുത്തുന്നത്. കുറെയധികം മുറികളുള്ള ഒരു വീടാണിത്. ഒരുകാലത്തെ പ്രതാപവാന്മാരായിരുന്ന ഏതോ കുടുംബം താമസിച്ചിരുന്ന വീടിന്റെ ഇടുങ്ങിയ മുറികള്‍ മൂന്നോ നാലോ പേര്‍ക്കായി വാടകയ്ക്ക് നല്കിയിരിക്കുന്നു. പ്രകൃതിയുമായി ഇടതൂര്‍ന്നുനില്‍ക്കുന്ന ഈ പഴഞ്ചൻ കെട്ടിടത്തിലാണ് ഏറ്റവും പുതുതലമുറ വിപ്ലവകാരികള്‍ താമസിക്കുന്നത്. ഇവര്‍ മാത്രമല്ല, മറ്റനേകം മനുഷ്യരുമുണ്ട് ഇവിടെ. ഈ ലോഡ്ജിന്റെ ഘടന വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബഷീര്‍ ഈ ലോഡ്ജിലെ അന്തേവാസിയാണ്. അല്ലെങ്കില്‍ ഈ ലോഡ്ജിലെ പ്രധാന താമസക്കാരന്‍ ബഷീറാണ്. ബഷീര്‍ താമസിക്കുന്നത് ഈ കെട്ടിടത്തിന്റെ അടുക്കളയിലുമാണ്. മൊത്തം വീടിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന അടുക്കളപ്രദേശത്ത്​അവശേഷിച്ചിരുന്ന നാമമാത്രമായ വസ്തുക്കളെക്കുറിച്ചു പറയുന്നുണ്ട്. ഈ പ്രദേശം പരിപൂര്‍ണമായും ബഷീറിന്റെ അധീനതയിലാണ്. ബഷീര്‍ കൈവശപ്പെടുത്തിവെച്ചിരിക്കുന്ന പ്രദേശത്തെക്കുറിച്ച്​, കേട്ടുകേള്‍വിയില്‍ മാത്രമുള്ള ഏതോ അജ്ഞാത ദ്വീപിനെക്കുറിച്ച്​ എന്ന പോലെ ദുരൂഹതകള്‍ നിറഞ്ഞുനിൽക്കുന്നയിടം. ബഷീറിയന്‍ ആധിപത്യത്തിലുള്ള നിഗൂഢത നിറഞ്ഞ ഈ പ്രദേശം, മറ്റു അന്തേവാസികളുടെ മനസിൽ,  ബഷീറിനെക്കുറിച്ചുതന്നെയുള്ള വിചിത്രഭാവനകളുമായി കെട്ടുപിണഞ്ഞുകിടന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന അവിടത്തെ താമസക്കാരുടെ പ്രധാന തൊഴില്‍ രാഷ്ട്രീയവിചാരങ്ങളില്‍ മുഴുകുക എന്നതായിരുന്നു. ഇതുകഴിഞ്ഞുള്ള മിച്ചസമയങ്ങളിലാണ് ബഷീറിന്റെ മുറിയെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചിരുന്നത്.

കൊളോണിയലാനന്തര സ്വതന്ത്ര രാഷ്ട്രീയത്തിന്റെ നിരര്‍ത്ഥകതയെയും  അതിന്റെ ആഭാസകരമായ സ്വേച്ഛാപ്രവണതകളെയും തുറന്നുകാണിക്കുന്നതോടൊപ്പം അതിനെതിരായ സംവാദമുഖരിതമായ പ്രതിരോധ ഇടമായും സാധ്യതയുമായാണ് സീതി ലോഡ്ജ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

ബഷീര്‍ തന്റെ നിരോധിക്കപ്പെട്ട ‘ധര്‍മരാജ്യത്തെ'ക്കുറിച്ചും പ്രേമലേഖനം കഥയെക്കുറിച്ചും ഭാസിയോടുപറയുന്നത് ഇവിടെവെച്ചാണ്. ബഷീറിന്റെ മതാതീതമായ ഭാവനയ്ക്ക് വിളയാടാന്‍ ഇതില്‍പരം പറ്റിയൊരിടമില്ല. സീതി ലോഡ്ജിലെ അന്തേവാസികള്‍ എന്നെന്നേക്കുമായി  രാജ്യഭ്രഷ്ടരായ അവസ്ഥയിലാണ് (permanent exile). ഏതാണ്ട് ലെനിനും സഖാക്കളും, റഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം, യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ജീവിച്ചിരുന്ന പോലെയാണ്. കടുത്ത ദാരിദ്ര്യത്തിലും പ്രത്യേകമായ ഊര്‍ജം സഖാക്കള്‍ക്കുണ്ടായിരുന്നു. വിപ്ലവം ഉടൻ നടക്കുമെന്ന പ്രതീക്ഷ മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. എല്ലാ അടിച്ചമര്‍ത്തലുകളും നേരിട്ടുകൊണ്ടിരിക്കേ തന്നെ അവര്‍ കമ്യൂണിസത്തെക്കുറിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും ഗഹനമായ ആശയസംവാദങ്ങളില്‍ ഏര്‍പ്പെട്ടു.

basheer 2
'സകല സങ്കുചിത്വങ്ങളെയും ഭേദിച്ച്​, വിപ്ലവാനന്തര സ്വതന്ത്ര രാജ്യത്തെക്കുറിച്ച് ഭാവനാവിസ്താരം നടത്തുന്ന ഒരു ‘ഉട്ടോപിക്' ലോകമാണ് സീതി ലോഡ്ജ്. ബഷീര്‍ ഇവിടത്തെ അന്തേവാസിയാണ്. അല്ലെങ്കില്‍ ഈ ലോഡ്ജിലെ പ്രധാന താമസക്കാരന്‍ ബഷീറാണ്.' / Photo: Punalur Rajan

നോവലില്‍ സീതി ലോഡ്ജിലെ അന്തേവാസികളെക്കുറിച്ച് പറയുന്നത്, രാജ്യഭ്രഷ്ടരായ എല്ലാ വിപ്ലവകാരികളെക്കുറിച്ചും ശരിയായിരിക്കും. ​നോവലില്‍ പറയുന്നത് ഇപ്രകാരമാണ്: ‘ഭ്രാന്തമായ എന്തെല്ലാമോ ആശയങ്ങള്‍ ഉള്ളില്‍ കലങ്ങിമറിഞ്ഞ്​ മൊത്തം ശരീരത്തെയും ഉണ്ടാക്കിയിരിക്കുന്നു.'  
സീതി ലോഡ്ജ് ബാഹ്യജീവിതത്തില്‍ നിന്ന് അകന്നുമാറി കാലത്തിന്റെ ആന്തരികതയിലാണ് (interior of time) നിലനിന്നിരുന്നത്.  

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് തിരുവിതാംകൂര്‍ രാജവംശത്തിന്റെ സമ്പൂര്‍ണ അധികാരത്തിലേക്ക് കൈമാറ്റം നടന്നശേഷമാണ് വീണ്ടും സീതി ലോഡ്ജ് നോവലില്‍ കടന്നുവരുന്നത്. അപ്പോഴേക്കും സീതി ലോഡ്ജില്‍ ഐക്യകേരളത്തിന്റെ ഓഫീസ് തുറന്നതായി ചാരൻ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐക്യകേരള സ്വപ്നം​ ഇവിടെ വിമതദേശത്തെക്കുറിച്ചുള്ള സങ്കല്പമെന്ന നിലയിലാണ് വരുന്നത്. വിമതപ്രവര്‍ത്തനത്തിന്റെ ആസ്ഥാനം എന്ന നിലയിലാണ് ഐക്യകേരളത്തിന്റെ ഓഫീസ് സീതി ലോഡ്ജില്‍ തുറക്കുന്നത്. ഭാസി രണ്ടാമതും ലോഡ്ജിലെത്തുന്നത് ബഷീറിന്റെ ഓര്‍മകളെ തേടിയാണ്. രാജഭക്തനായിരിക്കേ തന്നെ അയാള്‍ ചാരപ്രവൃത്തിയില്‍ നിന്ന് പയ്യെ പിന്‍വാങ്ങിയിരിക്കുന്നു അപ്പോഴേക്കും. പ്രധാന നേതാക്കളൊക്കെ അവിടെ വരാറുണ്ടെങ്കിലും ബഷീറിന്റെ കാലത്തേതുപോലെ അവിടെ ആരും തങ്ങാറില്ല. എങ്കിലും പഴയ കാലത്തെപ്പോലെ, ക്ഷീണിച്ചും കോലംകെട്ടുമുള്ള ചെറുപ്പക്കാർ തന്നെയായിരുന്നു അവിടെ അയാള്‍ കണ്ടതെന്ന്​  സാക്ഷ്യപ്പെടുത്തുന്നുണ്ട്. സീതി ലോഡ്ജിലെ ജീവിതത്തെ മുന്‍നിര്‍ത്തി ആ ജീവിതത്തിന്റെ സാര്‍വലൗകികമായ പ്രകൃതത്തെപ്പറ്റി നീരീക്ഷണം നടത്തുമ്പോള്‍ അയാളുടെ കാഴ്ചയും വിമതത്വമുള്ളതാകുന്നു: 
‘ഇങ്ങനെ ചെറുപ്പക്കാര്‍ നിരാശ്രയമായും അരാജകമായും കഴിയുകയും അതേസമയം ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവിന്റെ പ്രേരണശക്തിയാണ് തങ്ങളെന്ന് കരുതി ജീവിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍ ലോകത്തെ എല്ലാ പട്ടണങ്ങളിലും ഉണ്ടെന്ന്​ എനിക്കുതോന്നി. എല്ലാ സമയത്തുമുണ്ട്. ഏതെങ്കിലും വിദൂരദേശത്തെ നഗരങ്ങള്‍ കടന്നുപോകുമ്പോള്‍ കാലങ്ങളായി പുതുക്കിപ്പണിയാത്ത, വെള്ളപൂശാത്ത, മുറ്റത്തു കാടുവളര്‍ന്ന, പഴകിയ തുണികള്‍ ഉണക്കാനിട്ടിരിക്കുന്ന, നേരം പുലരാറായിട്ടും വെളിച്ചമുള്ള ഒരു കെട്ടിടം കണ്ടാല്‍ സൂക്ഷിച്ചുനോക്കിക്കൊള്ളൂ, ചിലപ്പോള്‍ സീതി ബില്‍ഡിങ്‌സ് പോലെ മറ്റൊന്നായിരിക്കും. അവിടെ ജനലരികിലൊക്കെ കാണുന്ന മെലിഞ്ഞ രൂപങ്ങള്‍ തങ്ങളുടെ ആയുസ്സിലെ നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയാണ്.'

സീതി ലോഡ്ജിനെക്കുറിച്ചുള്ള ഈ വിവരണങ്ങള്‍ നോവലില്‍ വായിച്ചശേഷം,  തികച്ചും യാദൃച്​ഛികമായി, ‘ആഗസ്റ്റ് 17’  പ്രസിദ്ധീകരിച്ച അതേസമയത്തുതന്നെ​ ഇറങ്ങിയ, കെ. ബാലകൃഷ്ണന്‍ എഴുതിയ ‘കമ്യൂണിസ്റ്റ് കേരളം- കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം'  എന്ന പുസ്തകം വായിക്കാനിടയായി. അതില്‍, സീതി ലോഡ്ജിനെ അനുസ്മരിപ്പിക്കുംവിധം, കമ്യൂണിസ്റ്റ് നേതാക്കള്‍ താമസിച്ചിരുന്ന കൊച്ചിയിലെ ഒരു ലോഡ്ജിനെക്കുറിച്ച്​ വിവരണമുണ്ട്. അത്​ ഇങ്ങനെയാണ്​: ‘ഉത്തരവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ കൊച്ചി മേഖലയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൊച്ചിയിലേക്ക് നിയോഗിക്കപ്പെട്ട കെ.സി. ജോര്‍ജ് അവിടെ ഒരു ലോഡ്ജില്‍ താമസമാക്കി, രഹസ്യമായി യൂത്ത് ലീഗിലൂടെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയായിരുന്നു. മലബാറില്‍ നിന്നെത്തിയ എ.കെ. നാരായണനും ടി.കെ. രാജുവുമാണ് തിരുവിതാംകൂറിലും കൊച്ചിയിലും കമ്യൂണിസ്റ്റ് അനുഭാവമുള്ള വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചതെന്ന് കെ.സി. അനുസ്മരിച്ചിട്ടുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും യൂത്ത് ലീഗിന്റെയും പ്രവര്‍ത്തനത്തിനായി കെ.സിയും പി.ടി. പുന്നൂസും താമസിച്ച അതേ മുറിയിലാണ് അന്ന് എഴുത്തുകാരനാകാന്‍ തുടങ്ങിയിരുന്ന വൈക്കം മുഹമ്മദ് ബഷീറും താമസിച്ചിരുന്നത്...'  കെ.സി. ജോര്‍ജിന്റെ ആത്മകഥയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടാവുക. ഒരു ലോഡ്ജിനെയും അതിലെ അന്തേവാസികളെയും പറ്റി ഹ്രസ്വമായ പരാമർശമാണെങ്കിലും, കേരളത്തിന്റെ കമ്യൂണിസ്റ്റ് ഭൂതത്തില്‍ ഇതുപോലുള്ള വാസകേന്ദ്രങ്ങളും ഒരുപക്ഷെ അജ്ഞാതരായ എത്രയോ വിദ്യാര്‍ഥികളും യുവാക്കളും പുതിയ ലോക നിർമിതിക്കായി അവരുടെ ഭാഗങ്ങള്‍ നിര്‍വഹിച്ചിരിക്കും. 

സീതി ലോഡ്ജില്‍ തിരികെയെത്തുന്ന ഭാസി, അവിടുത്തെ പുതിയ അന്തേവാസികളോട് ബഷീറിനെക്കുറിച്ചും പഴയ കാര്യങ്ങളെക്കുറിച്ചും തിരക്കുന്നുണ്ട്. അയാള്‍ തിരിച്ചറിയുന്ന കാര്യമിതാണ്:  ‘പഴയ ഓര്‍മകള്‍ പോലെതന്നെ ഈ  കെട്ടിടവും ഇപ്പോള്‍ വളരെ പഴയതായിരിക്കുന്നു'. അവിടെയുള്ളവരില്‍ ചിലര്‍ക്ക് ഐക്യകേരള പ്രസ്ഥാനവുമായി ബന്ധമുണ്ടെങ്കിലും അവര്‍ക്ക് ആ കാലഹരണപ്പെട്ട ഈ കെട്ടിടം പണ്ട് എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു അറിഞ്ഞുകൂടാ. കെ. ബാലകൃഷ്ണന്റെ  ‘കമ്യൂണിസ്​റ്റ്​​ ഭൂതത്തി'ലെ ചരിത്രവസ്തുതകളുടെ സ്ഥിതിയും ഇതൊക്കെ തന്നെ. ഹരീഷിന്റെ നിഷ്ടൂരമായ ഫലിതബോധം ആക്രമിക്കുന്നത് പൊളിഞ്ഞുകിടക്കുന്ന ചരിത്രത്തെക്കുറിച്ച്​ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇടയ്ക്കിടെ അയവിറക്കാറുള്ള ഗൃഹാതുരത്വത്തെ കൂടിയാണ്. കാരണം, ഈ ഗൃഹാതുരത്വം പോലും രാഷ്ട്രീയാധികാരത്താല്‍ നിർണയിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഇതാണ് ഇതിന്റെ പരിഹാസ്യമായ വശം. നാളെ മഹാനായ വല്യേട്ടന്‍ ചരിത്രത്തെ വേറെയൊരുവിധം വ്യാഖാനിച്ചുകാണാമെന്നു തീരുമാനിച്ചാല്‍ അവിടെ തീരുന്നതാണ് ഈ പാര്‍ട്ടി നൊസ്റ്റാള്‍ജിയ.

സംഘര്‍ഷാത്മകമായ ദേശാതിര്‍ത്തികളെയും മനുഷ്യവിദ്രോഹപരമായ അതിരുകളെയും നിരാകരിക്കുന്ന ഡീ ടെറിറ്റോറിയാലായ സ്വരാജ്യത്തെയാണ് സീതിയിലൂടെ  ‘ആഗസ്റ്റ് 17’ല്‍ വിഭാവനം ചെയ്യുന്നത്.

സ്വതന്ത്ര തിരുവിതാംകൂറില്‍ അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ സീതി ബില്‍ഡിങ്‌സിനെ കുറിച്ച് പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരുന്നു. സീതി ബില്‍ഡിങ്സ് കമ്യൂണിസ്റ്റ് വിരുദ്ധ കേദ്രമായിരുന്നുവെന്നും അവിടെ ഗുസ്തിക്കാരനായിരുന്ന ഒരാളാണ് അതിനു ശക്തിപകര്‍ന്നിരുന്നതെന്നും മ്യൂണിസ്​റ്റ്​ പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നു. സീതി എങ്ങനെ കമ്യൂണിസ്​റ്റ്​ വിരുദ്ധ ഗുരുത്വാകര്‍ഷണ കേന്ദ്രമായി എന്നുപഠിക്കാന്‍ ന്യായമായും അതിന്റെ യുവജന പ്രസ്ഥാനത്തെ നിയോഗിച്ചിരിക്കുന്നു. 

കൊളോണിയലാനന്തര സ്വതന്ത്ര രാഷ്ട്രീയത്തിന്റെ നിരര്‍ഥകതയെയും അതിന്റെ ആഭാസകരമായ സ്വേച്ഛാപ്രവണതകളെയും തുറന്നുകാണിക്കുന്നതോടൊപ്പം അതിനെതിരായ സംവാദമുഖരിതമായ പ്രതിരോധ ഇടമായും സാധ്യതയുമായാണ് സീതി ലോഡ്ജ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദത്തിത്വത്തില്‍ നിന്ന് പിന്‍വാങ്ങുകയും എന്നാല്‍ സ്വകാര്യ വന്‍കിട മൂലധനത്തിന്റെ സംരക്ഷണാര്‍ഥം ഭീകര മര്‍ദനശക്തിയായി മാറുകയും വംശീയത കൈയടക്കുകയും ചെയ്​ത ഭരണകൂടത്തിന്റെ സമകാലികരൂപങ്ങള്‍ക്കെതിരെ പ്രാദേശികേതരമായ (non-territorial) പരമാധികാരത്തിന്റെ ഭാവി അന്വേഷിക്കേണ്ട ഒരു ചരിത്രസന്ധിയിലാണ് ലോകം. ഔപചാരികമായ ആശയവിനിമയത്തിനപ്പുറം സംവാദാത്മകമായ ഉള്ളടക്കത്താല്‍ സമ്പുഷ്ടമായ സ്വയംഭരണാവകാശമാണ് പുതിയ ജനാധിപത്യത്തിന് പ്രധാനമാകുന്നത്. സംഘര്‍ഷാത്മകമായ ദേശാതിര്‍ത്തികളെയും മനുഷ്യവിദ്രോഹപരമായ അതിരുകളെയും നിരാകരിക്കുന്ന ഡീ ടെറിറ്റോറിയാലായ സ്വരാജ്യത്തെയാണ് സീതിയിലൂടെ ‘ആഗസ്റ്റ് 17’ല്‍ വിഭാവനം ചെയ്യുന്നത്. പരമാധികാര വാഴ്ചയുടെ നാളിതുവരെയുള്ള സകലചരിത്രത്തെയും പൊളിച്ചെഴുതിക്കൊണ്ടുമാത്രമേ ഇത് സാധ്യമാവൂ. അതിനായി എംപിരിസിസ്റ്റ് ചരിത്രത്തിന്റെ മാമൂല്‍യുക്തിയെ മറികടന്നുപോകാന്‍ ചിത്തഭ്രമമെങ്കില്‍ ചിത്തഭ്രമാത്മകമായ ചരിത്രബോധം ഭാവിക്ക് ഉപകാരപ്പെട്ടേക്കും.  

ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Audio