Wednesday, 29 March 2023

അഴിമതിയും​ പോംവഴിയും


Text Formatted

കരുവന്നൂർ ആവർത്തിക്കാതിരിക്കാൻ
​​​​​​​എന്ത്​ പരിഹാരമാണ്​ സർക്കാറിനുള്ളത്​?

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു നിലക്കും തകരാന്‍ പാടില്ല, നശിക്കാന്‍ പാടില്ല. 15,000 കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ പത്തോ, നൂറോ സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടെന്നുകരുതി സഹകരണ മേഖലയെ ഒന്നാകെ കുറ്റപ്പെടുത്തുന്നതും ശരിയല്ല.

Image Full Width
Text Formatted

തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ കുംഭകോണം വീണ്ടും വാര്‍ത്തകളിലിടം പിടിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളില്‍ ഇത്തരം ക്രമക്കേട്​ ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ പരിഹാരം കാണുകയും, നിയമനടപടികളുണ്ടാവുകയും ചെയ്യേണ്ട വിഷയമാണ് കരുവന്നൂരിലേത്. എന്നാല്‍ ഇത്തരം സംഭവങ്ങളുടെ മറപിടിച്ച് സഹകരണമേഖലയെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം ശരിയല്ല. നമ്മുടെ സഹകരണ മേഖല വളരെയധികം ശക്തമാണെന്നുമാത്രമല്ല കേരളീയ സാമൂഹിക സാഹചര്യങ്ങളില്‍ അതിന് വലിയ ചരിത്ര പ്രസക്തിയുമുണ്ട്​.

ഇപ്പോള്‍ വിവാദങ്ങളിലിടം പിടിച്ച കരുവന്നൂര്‍ ബാങ്ക് തന്നെ നൂറുവര്‍ഷത്തിലധികം പഴക്കമുള്ള സ്ഥാപനമാണ്. കരുവന്നൂര്‍ ബാങ്ക് രൂപീകൃതമാകുന്ന കാലത്ത് കേരളത്തിലെ ഇന്നുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും രൂപം കൊണ്ടിട്ടില്ല. കേരളം പോലും അന്നുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഴയ കൊച്ചി രാജ്യത്ത് രൂപംകൊണ്ട  സൊസൈറ്റിയായിരുന്നു അത്. അക്കാലങ്ങളിലും പിന്നീടുമെല്ലാം രൂപം കൊണ്ട ചെറുതും വലുതുമായ സൊസൈറ്റികളാണ് പിന്നീട് കേരളത്തിന്റെ സഹകരണരംഗത്ത് വന്‍ പ്രസ്ഥാനങ്ങളായി മാറിയത്.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, വിചാരണ ചെയ്യപ്പെടണം. ഇനിയും പലയിടത്തും പ്രതിസന്ധിയുണ്ടായാല്‍ എന്താണ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ധാരണ ഇപ്പോഴേ ഉണ്ടാകണം. 

ഇന്ന് എല്ലാ ജീവിതതുറകളിലും, പ്രത്യേകിച്ച് വ്യക്തിഗത ബാങ്കിങ്ങില്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്നിലാണ്. ഇതര സംസ്ഥാനങ്ങളിലേതുപോലെ പഞ്ചസാര മില്ലുകള്‍, തുണിമില്ലുകള്‍, ക്ഷീര സ്ഥാപനങ്ങള്‍ തുടങ്ങി വ്യാവസായികാടിസ്ഥാനത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ നമുക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ​​​​ഉള്ളവയാണെങ്കില്‍ താരതമ്യേന ദുര്‍ബലവുമാണ്.  ഈ ബലഹീനത മറികടക്കുന്നതാണ് നമ്മുടെ വായ്പാ സഹകരണ സംഘങ്ങള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ സഹകരണ സ്ഥാപനങ്ങളാണ് ഇന്നവ. ഇന്ത്യന്‍ ജനസംഖ്യയുടെ വെറും രണ്ടര ശതമാനമാണ് മലയാളികളെങ്കിലും വായ്പാ സംഘങ്ങളുടെ നിക്ഷേപം വെച്ച് നോക്കുകയാണെങ്കില്‍ ഇന്ത്യയിലെ പകുതിയിലധികം സഹകരണ നിക്ഷേപവും കേരളത്തിലാണ്. 

co-operative-banks
സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണം. കടകംപള്ളി സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം

എന്നാല്‍, ഇത്തരം ചരിത്ര പ്രാധാന്യങ്ങള്‍കൊണ്ട് മൂടിവെക്കാന്‍ കഴിയുന്നതല്ല ഈയിടെ ഏതാനും സഹകരണ ബാങ്കുകളിലുണ്ടായ ചില സംഭവങ്ങള്‍. വിവാദങ്ങളിലിടം പിടിച്ച ബാങ്കുകളില്‍ തിരിമറി നടത്തിയവര്‍ ആരാണോ, അവരാണ് കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കുന്നത്. അല്ലാതെ അതിനെതിരെ എഴുതിയവരോ, ഈ വിഷയം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നവരോ അല്ല. ജനകീയമായ സഹകരണ പ്രസ്ഥാനത്തെ വ്യക്തിപരമായ ഗൂഢലക്ഷ്യങ്ങളോടെ തട്ടിപ്പിന്റെ മേഖലയാക്കി മാറ്റിയതാരാണോ, അവരുടെ സ്വത്തുക്കളടക്കം കണ്ടുകെട്ടുന്ന നടപടിയിലേക്ക് നീങ്ങുക, അവരെ മാതൃകാപരമായി ശിക്ഷിക്കുക എന്നതാണ് ഏറ്റവും മുഖ്യം. അതുകൊണ്ടാണ് കരുവന്നൂര്‍ വിഷയത്തില്‍ യു.ഡി.എഫ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്നിട്ട് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും അവിടുത്തെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടി കൈക്കൊള്ളാന്‍ ബാങ്കിനോ സര്‍ക്കാറിനോ സാധിച്ചിട്ടില്ല. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. പൊതുവെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും ഷെഡ്യൂള്‍ഡ് ബാങ്കുകളിലും സാധാരണ ബാങ്കുകളിലുമെല്ലാം പല തരം തട്ടിപ്പും ക്രമക്കേടും നടക്കാറുണ്ട്. ഇത്തരത്തില്‍ പ്രാഥമിക സഹകരണ രംഗത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആ ബാധ്യത ഏറ്റെടുത്തിരുന്നത് ജില്ലാ സഹകരണ ബാങ്കുകളായിരുന്നു. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് സംരക്ഷണമായി റിസര്‍വ് ബാങ്ക് എന്നതുപോലെ. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകൾ പിരിച്ചുവിട്ട് കേരള ബാങ്ക് എന്ന പേരില്‍, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്ക് ആക്കി ജില്ലാ ബാങ്കുകളെ മാറ്റിയിരിക്കുകയാണ്. അതോടെ സഹകരണ ബാങ്കുകള്‍ക്ക് എളുപ്പം പ്രശ്‌നപരിഹാരം സാധ്യമല്ലാതായി.

kerala-bank

 സഹകരണം സങ്കീര്‍ണവും സാങ്കേതികവുമായ വിഷയമാണ്. അതില്‍ കാണിക്കേണ്ട അവധാനത, ഗൗരവം എന്നിവയെല്ലാമുണ്ട്. കേരള ബാങ്ക് സ്ഥാപിക്കുന്നതിനുള്ള വ്യഗ്രതയില്‍ അതൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. സഹകരണ മേഖലയുടെ ഏറ്റവും വലിയ നെടുംതൂണ്‍ ജില്ലാ ബാങ്കുകള്‍ എന്ന് വിശേഷിപ്പിക്കുന്ന സെന്‍ട്രല്‍ ബാങ്കുകളായിരുന്നു. ഈ ബാങ്കുകളില്‍ പലതും മിനി ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ നിലവാരത്തിലേക്കുയര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു കേരളത്തില്‍. 

ജില്ലാ ബാങ്കുകള്‍ ഇല്ലാതായതോടെ കേരള ബാങ്ക് എന്ന ഷെഡ്യൂള്‍ഡ് ബാങ്കിന് പ്രൈമറി ബാങ്കുകളിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ഒരു രൂപ പോലും ചെലവഴിക്കാന്‍ പറ്റാതായി

എറണാകുളം, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലാ സഹകരണ ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്കെന്നല്ല ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനുതന്നെ ഏറ്റവും വലിയ മാതൃകകളായിരുന്നു. ഈ ഘട്ടത്തിലാണ് പിണറായി വിജയൻ സര്‍ക്കാര്‍ ഈ ബാങ്കുകളെല്ലാം സമന്വയിപ്പിച്ച് കേരള ബാങ്ക് ആക്കി മാറ്റിയത്. സഹകാരികളുടെ അഭിപ്രായം ഈ വിഷയത്തില്‍ സര്‍ക്കാര്‍ കണക്കിലെടുത്തിട്ടേയില്ല. ഇപ്പോഴുള്ളത് കേരള ബാങ്ക് എന്ന് വിളിക്കപ്പെടുന്ന, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബാങ്കുകളാണ്. കേരള ബാങ്കിന് സ്വന്തമായ ലൈസന്‍സ് പോലും ലഭിച്ചിട്ടില്ല. കേരള ബാങ്കില്‍നിന്ന് ഇപ്പോഴും ലഭിക്കുന്നത് ജില്ലാ ബാങ്കുകളുടെ ചെക്ക് ബുക്കും പാസ്ബുക്കുമാണ്. പ്രാദേശിക സഹകരണ ബാങ്കുകളും ജില്ലാ ബാങ്കുകളും തമ്മിൽ കൊടുക്കല്‍ വാങ്ങലുകളിലൂടെ നിലനിന്നിരുന്ന ക്രൈസിസ് മാനേജ്‌മെൻറ്​ സമ്പ്രദായം കൂടിയാണ് കേരള ബാങ്കിന്റെ വരവോടെ തകര്‍ന്നത്. 

ജില്ലാ ബാങ്കുകള്‍ ഇല്ലാതായതോടെ കേരള ബാങ്ക് എന്ന് വിളിക്കപ്പെടുന്ന ഷെഡ്യൂള്‍ഡ് ബാങ്കിന് പ്രൈമറി ബാങ്കുകളിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ഒരു രൂപ പോലും മാറ്റിവെക്കാന്‍ പറ്റാതായി എന്നര്‍ഥം. നിക്ഷേപകര്‍ക്ക് ഇത്തരം പ്രതിസന്ധികളുണ്ടാകുമ്പോള്‍ അവരുടെ പണം കൊടുത്ത് തീര്‍ക്കുകയും ബാങ്കിന്റെ ആസ്തി കണ്ടുകെട്ടുകയും, സമയമെടുത്ത്​, ജില്ലാ ബാങ്കിന് നഷ്ടമൊന്നും വരാതെ പ്രതിസന്ധി മറികടക്കുകയുമായിരുന്നു പതിവ്.

co operative bank

കരുവന്നൂര്‍ കുംഭകോണം ഉണ്ടായ കാലത്തുതന്നെ സഹകരണരംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകാരികള്‍ ജില്ലാ ബാങ്കുകളുടെ അഭാവത്തില്‍ പ്രൈമറി സംഘങ്ങളിലെ പ്രതിസന്ധിഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാവില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.കേരള ബാങ്കിന്റെ ഭാഗമായി മലപ്പുറം ഒഴികെയുളള എല്ലാ ജില്ലാ ബാങ്കുകളിലെയും ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്കിന് തിരിച്ചുകൊടുത്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്. വര്‍ഷങ്ങളെടുത്തിട്ടും ജില്ലാ ബാങ്കുകളെ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്കാക്കുക എന്ന പ്രക്രിയ പൂര്‍ത്തിയായിട്ടില്ല.

സഹകരണ ബാങ്കുകളില്‍ ഇനിയും പലയിടത്തും ഇത്തരത്തിലുളള, അല്ലെങ്കില്‍ ഇതിലും ചെറുതോ വലുതോ ആയ പ്രതിസന്ധികളുണ്ടാകാം. അപ്പോൾ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. കേരളത്തിലെ സഹകരണ മേഖലയില്‍ മില്‍മ പോലെ, നെയ്ത്ത് സംഘങ്ങള്‍ പോലെ, ബീഡിത്തൊഴിലാളി സംഘങ്ങള്‍ പോലെ നിരവധി സഹകരണ സംഘങ്ങളുണ്ടെങ്കിലും കേരളത്തിന്റെ സഹകരണ മേഖല അറിയപ്പെടുന്നത് വായ്പാ സഹകരണ സംഘങ്ങളിലാണ്. കേരളത്തിലെ മിസെലേനിയസ് സംഘങ്ങളും പണം കടംകൊടുക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ മേഖലയുടെ കൈയില്‍ രണ്ടു ലക്ഷം കോടി രൂപയോളമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഒരു ഭാഗത്ത് നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമ്പോള്‍ തന്നെ കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന സന്ദേശം പുറത്തുവരേണ്ടതായിട്ടുണ്ട്.

സാധാരണക്കാരുടെ, പ്രത്യേകിച്ച് ഗ്രാമീണരുടെ അത്താണിയാണ് സഹകരണ ബാങ്കുകള്‍. സഹകരണ ബാങ്കുകളില്‍നിന്ന് പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നു എന്നതാണ് ആ ബാങ്കുകളെ വ്യത്യസ്തമാക്കുന്നത്. പ്രോജക്ട് റിപ്പോര്‍ട്ടും സിബല്‍ റേറ്റിങ്ങും ഇല്ലാതെ തന്നെ ആര്‍ക്കും ഇത്തരം സഹകരണ സംഘങ്ങളില്‍ കയറിചെന്ന് സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചോ ചെറിയ സ്വത്തുക്കള്‍ പണയം വെച്ചോ ഏതാനും ലക്ഷം രൂപ കടമെടുക്കാന്‍ കഴിയും. പക്ഷേ, സാധാരണക്കാര്‍ക്ക് ദേശവത്കൃത ബാങ്കുകളില്‍ ഇതുപോലെ കടമെടുക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, അവിടെ നിക്ഷേപിക്കുന്നത് പോലും ഒരു ഭാരിച്ച പണിയാണ്. ഇത്തരത്തില്‍ കോടാനുകോടി രൂപയുടെ ബിസിനസ് നടത്തുന്ന സംവിധാനമാണ് കേരളത്തിലെ സഹകരണമേഖല. മാത്രമല്ല, പ്രാദേശിക തലത്തില്‍ അല്‍പം മനുഷ്യപ്പറ്റോടെയാണ് സഹകരണ ബാങ്കുകള്‍ പ്രവൃത്തിക്കുന്നത്. സര്‍ഫാസി നിയമപ്രകാരം വായ്പ തിരിച്ചടക്കാത്തവരുടെ ഈടുവകകള്‍ ജപ്തി ചെയ്യാനുള്ള സാധ്യതയുണ്ടായിട്ടും അതിലേക്ക് നീങ്ങാതെ മനുഷ്യരുടെ കിടപ്പാടം സംരക്ഷിക്കാനാണ് സഹകരണ ബാങ്കുകള്‍ പരമാവധി ശ്രമിക്കുക. പുതുതലമുറ ബാങ്കുകളുടെ ഷൈലോക്കിയന്‍ രീതി സഹകരണ ബാങ്കുകള്‍ കൈക്കൊള്ളാറില്ല. 

സഹകരണ സംഘങ്ങൾ അടിസ്ഥാന വര്‍ഗത്തിന്റെ അത്താണിയാണ്. അതിനാണ് ഇന്ന് ആപത്ത് നേരിട്ടിരിക്കുന്നത്. ഇതിനോട് പതുങ്ങിയ രീതിയില്‍ പ്രതികരിച്ചാല്‍ പോരാ. ഒരു ഭാഗത്ത് നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമ്പോള്‍ തന്നെ കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന സന്ദേശം പുറത്തുവരേണ്ടതായിട്ടുണ്ട്. കരുവന്നൂര്‍ വിഷയത്തെ നേരിടേണ്ടത് അത്തരമൊരു മാതൃകാപരമായ നടപടിയിലൂടെയായിരിക്കണം. 

ep-jayarajan, mvr
ഇ.പി. ജയരാജന്‍, എം.വി. രാഘവന്‍

ഏതാണ്ട് മുപ്പതു വര്‍ഷം മുമ്പ് സംസ്ഥാന സഹകരണ ബാങ്കിന്റെ 20 കോടി രൂപ ഇന്ത് ബാങ്കില്‍ നിക്ഷേപിച്ചതില്‍ എം.വി. രാഘവന്‍ കമീഷന്‍ പറ്റിയിട്ടുണ്ടെന്ന ആരോപണം ഇന്നത്തെ എൽ.ഡി.എഫ്​ കണ്‍വീനറായ ഇ.പി. ജയരാജന്‍, എം.എല്‍.എ. എന്ന നിലയില്‍ അന്ന് ആരോപിച്ചു. ഏതാനും ആഴ്ചകള്‍ക്കകം അത് അന്വേഷിക്കുകയും ഇത്തരത്തില്‍ കമീഷൻ നടന്നിട്ടുണ്ടെന്ന് റിസര്‍വ് ബാങ്കില്‍ നിന്ന് മനസ്സിലാക്കുകയും ചെയ്ത എം.വി.ആര്‍. സ്വമേധയാ ആ കേസ് സി.ബി.ഐക്ക് വിട്ടു.

സി.ബി.ഐ. കോടതിയിലെ സാക്ഷികളില്‍ ഒരാളായിരുന്നു ഞാന്‍. പ്രതി ഇന്നു ജീവിച്ചിരിപ്പില്ല എന്നതുകൊണ്ട് പേര് പറയുന്നതില്‍ അര്‍ഥമില്ല. പക്ഷേ, ആ പ്രതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തപ്പെട്ടു. അന്നത്തെ പ്രതിക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടായിരുന്നിട്ടുകൂടി സഹകരണ മേഖലയിലെ പുഴുക്കുത്തായി മാറുന്നു എന്നുകണ്ടപ്പോള്‍ സി.ബി.ഐയ്ക്ക് കേസ് വിട്ടുകൊടുത്ത കീഴ്​വഴക്കം കേരളത്തിനുണ്ടെന്ന് ഇന്നത്തെ സഹകരണ മന്ത്രിയും വകുപ്പും പ്രത്യേകിച്ച് ഓര്‍ക്കേണ്ടതായിട്ടുണ്ട്.

സഹകരണ സംഘങ്ങൾ അടിസ്ഥാന വര്‍ഗത്തിന്റെ അത്താണിയാണ്. അതിനാണ് ഇന്ന് ആപത്ത് നേരിട്ടിരിക്കുന്നത്. ഇതിനോട് പതുങ്ങിയ രീതിയില്‍ പ്രതികരിച്ചാല്‍ പോരാ.

ആരുടെയും മുഖം നോക്കാതെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓഗസ്റ്റ് 30-നുമുമ്പ് ഈ ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും പലിശയടക്കം നിക്ഷേപം തിരിച്ചുകൊടുക്കും എന്ന സഹകരണമന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവന തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്. അത് സംഭവിക്കട്ടേ.

പക്ഷേ, രണ്ടു കാര്യങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്. ഒന്ന്, കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടണം, ശിക്ഷിക്കപ്പെടണം. രണ്ട്, ഇനിയും പലയിടത്തും പ്രതിസന്ധിയുണ്ടായാല്‍ എന്താണ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ധാരണ ഇപ്പോഴേ ഉണ്ടാകണം. 

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു നിലക്കും തകരാന്‍ പാടില്ല, നശിക്കാന്‍ പാടില്ല. 15,000 കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ പത്തോ, നൂറോ സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടെന്നുകരുതി സഹകരണ മേഖലയെ ഒന്നാകെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. സഹകരണ പ്രസ്ഥാനങ്ങളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ശരിയായ എല്ലാ നടപടികളെയും യു.ഡി.എഫ്​ പിന്തുണയ്ക്കും. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് വേണ്ടി സമ്മർദം ശക്തമാക്കും. 

സി.പി. ജോൺ

സി.എം.പി. ജനറല്‍ സെക്രട്ടറി. മാര്‍ക്‌സിന്റെ മൂലധനം: ഒരു വിശദവായന, കോവിഡ് 19: മനുഷ്യനും രാഷ്ട്രീയവും, റോസ ലക്‌സംബര്‍ഗ്: ജീവിതം, ദര്‍ശനം, Spectrum of Polity- View of an Indian Politician എന്നിവ പ്രധാന പുസ്തകങ്ങള്‍.

Audio