Wednesday, 29 March 2023

Film Studies


Text Formatted

‘ബാഡ്​ ലക്ക്​’; സമൂഹത്തിലെ അശ്ലീലങ്ങളിലേക്ക്​ ഒരു കോവിഡുകാല സിനിമ

സമകാലിക സിനിമയെ വെല്ലുവിളിക്കുന്ന, അതിനെ ഇളക്കി മറിക്കുന്ന, പ്രകോപിപ്പിക്കുന്ന ഒരു കോവിഡുകാല സിനിമയാണ്​  റുമാനിയന്‍ ചലച്ചിത്രകാരന്‍ റാഡു ജൂഡിന്റെ ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍ 

Image Full Width
Image Caption
'ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍
Text Formatted

I see cinema as a tool for better seeing the world and reality, a tool for exploring and reflecting on the world
Radu Jude

രസ്പര സമ്മതത്തോടെ പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം അശ്ലീലമാണോ? അല്ലെന്ന് ചൂണ്ടിക്കാണിച്ച്​​ സമകാലിക സമൂഹത്തിലെ അശ്ലീലതകള്‍ കണ്ടെടുക്കുകയാണ് റുമാനിയന്‍ ചലച്ചിത്രകാരന്‍ റാഡു ജൂഡ് (Radu Jude) തന്റെ പുതിയ ചിത്രത്തില്‍. ഈ വര്‍ഷത്തെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച ചിത്രമായിരുന്നു "ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍' (Bad Luck Banging or Loony Porn). ഗോള്‍ഡന്‍ ബെയര്‍ (Golden Bear) നേടിയ ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍, 2015ല്‍ ഇതേ മേളയില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട റാഡു ജൂഡ് തന്റെ മുന്‍കാലചിത്രങ്ങളില്‍ നിന്ന്​ വിഭിന്നമായാണ്​ ഒരുക്കിയിരിക്കുന്നത്​. 
കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ ബര്‍ലിനില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള, ‘ബെര്‍ലിനാലെ’യ്ക്ക് ഏറെ സവിശേഷതകളുണ്ടായിരുന്നു. ജര്‍മനിയിലെ കോവിഡിന്റെ രണ്ടാം വ്യാപനം കാരണം ചുവന്ന പരവതാനികളില്ലാതെ, പ്രശസ്തരായ നടീനടന്മാരുടെ സാന്നിധ്യങ്ങളില്ലാതെ, ആദ്യമായിട്ടായിരുന്നു ബര്‍ലിന്‍ ചലച്ചിത്രമേള ഓണ്‍ലൈനിൽ നടന്നത്. 

പലപ്പോഴും ബുനുവലിന്റേയോ ഗോദാര്‍ദിന്റേയൊ ചിത്രത്തിലൂടെ കടന്നു പോകുന്നതായി നമുക്ക് തോന്നും, അത്തരം ചിന്തകളും സംഭാഷണങ്ങളും ബാഡ്​ ലക്കിനെ സജീവമാക്കി നിര്‍ത്തുന്നു

ലൈംഗികതയോടുള്ള സമീപനം, ധാര്‍മികത, സാമൂഹിക ഇടപെടലുകള്‍ എന്നിവയിലെ ഇരട്ടമുഖം, രാഷ്ട്രീയ വിശ്വാസങ്ങളിലെയും പ്രത്യയശാസ്ത്ര സമീപനങ്ങളിലെയും പൊള്ളത്തരങ്ങള്‍ തുടങ്ങിയവ ചിത്രം തുറന്നുകാണിക്കുന്നു. ആധുനികജീവിതത്തിലെ അശ്ലീലം തുറന്നുകാണിച്ച്​പ്രേക്ഷകരെ പ്രകോപിതരാക്കുന്നു ചിത്രം. തങ്ങളുടെ വ്യക്തിത്വങ്ങളിലെ ഇരുണ്ട നിഴലുകള്‍ കണ്ട് പ്രേക്ഷകര്‍ അത്ഭുതപ്പെടുകയും ചിലപ്പോള്‍ പശ്ചാത്തപിക്കുകയും ചെയ്യും. സ്‌ഫോടനാത്മകമായ ചിന്തകള്‍ക്ക് തിരികൊളുത്തുന്ന ചിത്രം കൂടിയാണ്​ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍

കോവിഡുകാലത്തെ സിനിമ

കോവിഡ് കാലത്തെ മാസ്‌ക്, സുരക്ഷിത അകലം തുടങ്ങിയ മുന്‍കരുതലുകളോടെ നിര്‍മിച്ച ചിത്രം ആരംഭിക്കുന്നത് മൂന്നുമിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ലൈംഗികവേഴ്ചയിലാണ്. ജനപ്രിയ ചിത്രത്തിനായുള്ള ഒരു കരടുരൂപം (a sketch for a popular film) എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന മൂന്ന് ഭാഗങ്ങളിലായുള്ള ചിത്രം കേന്ദ്രീകരിക്കുന്നത് എമി എന്ന സ്‌കൂള്‍ ടീച്ചറുടെ ജീവിതത്തിലും അവരുടെ പ്രതിസന്ധികളിലുമാണ്. ഒരു പതിവു കഥാരൂപത്തിനുമപ്പുറം അവരുടെ ജീവിതവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന സാമൂഹിക ഘടകങ്ങളിലും ജൂഡിന്റെ ക്യാമറ ചെന്നെത്തുന്നു. അതുവഴി സമകാലിക ജീവിതത്തെ അദ്ദേഹം സൂക്ഷമമായി വിശകലനം ചെയ്യുന്നു. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത വഴിയാണ് ചിത്രത്തിന്റെ സവിശേഷതകളില്‍ പ്രധാനം.

emi

പലപ്പോഴും ബുനുവലിന്റേയോ ഗോദാര്‍ദിന്റേയൊ ചിത്രത്തിലൂടെ കടന്നു പോകുന്നതായി നമുക്ക് തോന്നും, അത്തരം ചിന്തകളും സംഭാഷണങ്ങളും ബാഡ്​ ലക്കിനെ സജീവമാക്കി നിര്‍ത്തുന്നു. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന എമി മാസ്‌ക് ധരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്​. തുടര്‍ന്ന് നാമവരെ കാണുന്നത് റുമാനിയയിലെ തിരക്കുള്ള ബുക്കാറസ്റ്റ് നഗരത്തിലെ തെരുവകളിലൂടെ നടക്കുന്നതായാണ്. കടയില്‍ നിന്ന് പൂക്കള്‍ വാങ്ങി തിരക്കുകള്‍ക്കിടയിലൂടെ നടക്കുന്ന എമി, ബുക്ക്സ്റ്റാളിലെ ജനാലകളില്‍ വെച്ച പുസ്തകങ്ങളിലേക്കും ശ്രദ്ധിക്കുന്നുണ്ട്.

ഉപേക്ഷിക്കപ്പെട്ട കൃത്രിമക്കാല്‍, കോണ്‍ക്രീറ്റിനിടയിലൂടെ വളര്‍ന്ന് പുഷ്പ്പിച്ച് നില്‍ക്കുന്ന ഒറ്റപ്പെട്ട ചെടി... ഇവ കടന്ന് ഒടുവില്‍ അവര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സിന്റെ വീട്ടിലെത്തുന്നു. അവിടെ രോഗിയായ മുത്തശ്ശിയുടെ ദുര്‍ഗന്ധം കാരണം ഓടിപ്പോകുന്ന ചെറുമകള്‍, തന്നേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള പട്ടിയെ സങ്കോചത്തോടേയും ഭയത്തോടേയും സംരക്ഷിച്ചിരുന്ന പൊലീസുദ്യോഗസ്ഥന്‍ എന്നിവരുടെ കാഴ്ചകളിലേക്ക് നാമെത്തുന്നു. എമിയും ഹെഡ്മിട്രസ്സും തമ്മില്‍ നടക്കുന്ന സംഭാഷണത്തിലാണ് അവരും ഭര്‍ത്താവും ഒന്നിച്ചുള്ള, ചിത്രാരംഭത്തിലെ ലൈംഗികദൃശ്യം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌
ചെയ്യപ്പെട്ട വിവരത്തിലേക്കും രക്ഷിതാക്കളില്‍ അതുണ്ടാക്കിയ പ്രശ്‌നങ്ങളിലേക്കും പ്രേക്ഷകരെത്തുന്നത്.

ബുക്കാറസ്റ്റ് നഗരത്തിലെ തെരുവുകളില്‍ കാണുന്ന പരസ്യങ്ങള്‍, ബോര്‍ഡുകള്‍, കോവിഡ് ഭീഷണിയുണ്ടാക്കുന്ന അസ്വസ്ഥത, പഴയ ചുമരുകളിലെ ഗ്രാഫിറ്റി, വാഹനങ്ങളുടെ നിരന്തര ശബ്ദങ്ങള്‍, ആംബുലന്‍സിന്റെ സൈറണ്‍ ... ശബ്ദങ്ങളും ദൃശ്യങ്ങളും ചേര്‍ന്നുണ്ടാക്കുന്ന നഗരജീവിതകാഴ്ചകള്‍

അവര്‍ ജോലി ചെയ്യുന്ന ബുക്കറസ്റ്റിലെ പ്രധാനപ്പെട്ട സ്‌കൂളിലെ രക്ഷിതാക്കള്‍ ഇതിന്റെ പേരില്‍ അവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നു. തന്റെ ഭര്‍ത്താവ് യുജീന്‍ ആണ് അത് നെറ്റില്‍ അപ്‌ലോഡ്‌ ചെയ്തതെന്ന് എമി ഹെഡ്മിസ്ട്രസ്സിനോട് പറയുന്നുണ്ടെങ്കിലും അതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അന്ന് വൈകുന്നേരം വിളിച്ച രക്ഷാകര്‍തൃ യോഗത്തെപ്പറ്റി എമി ഒട്ടും ആശങ്കപ്പെടുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ അവര്‍, സ്വന്തം ദാരിദ്ര്യത്തെക്കുറിച്ച് പറയുന്ന സ്ത്രീയെ മറ്റുള്ളവര്‍ പരിഹസിക്കുന്നത് കാണുന്നു. പാര്‍ക്കിങ്ങ് സ്ഥലത്തല്ലാതെ ട്രക്ക് നിര്‍ത്തി വഴിമുടക്കിയ ഡ്രൈവറുമായി എമിയുടെ തര്‍ക്കം അയാളുടെ തെറിവിളികളിലാണ് അവസാനിക്കുന്നത്. അപ്‌ലോഡ്‌ ചെയ്ത വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് മാറ്റിയെങ്കിലും വീണ്ടും അതവിടെ പ്രത്യക്ഷപ്പെടുകയാണ്. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അഭിരമിക്കുന്ന ലോകത്തിന്റെ സാന്നിധ്യമാണ്​ ഇതിലൂടെ രേഖപ്പെടുത്തുന്നത്​.

റുമാനിയന്‍ ജീവിതത്തിലെ മാത്രമല്ല, സമകാലീന ലോകത്തിലെ സാധാരണകാഴ്ചകളിലൂടെ സിനിമ സഞ്ചരിക്കുന്നു: വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം എന്നിവക്കുള്ള ബജറ്റ്​ കുറച്ച്​, ഇന്റലിജന്‍സിന് തുക വര്‍ധിപ്പിക്കുന്ന​ റുമാനിയന്‍ ഭരണകൂടം. കുട്ടികളുടെ അവയവക്കച്ചവടം, മാനസികപിരിമുറക്കത്തിനുള്ള ഗുളിക, അലഞ്ഞുതിരിയുന്ന നാവികന്റെ കൈയ്യിലെ പൂവ്, പത്തൊമ്പതാം നൂറ്റാണ്ടിലെ ദുരന്തങ്ങളുടെ സമാഹാരം എന്നൊക്കെ പറഞ്ഞ്​ ആര്‍ത്തുചിരിക്കുന്ന പുസ്തക വില്‍പ്പനക്കാരന്‍. റോഡില്‍ വഴിനടക്കുന്നവര്‍ക്കായുള്ള സ്ഥലത്തു കൂടെ പോകുന്ന കാറിനുമുകളിലുള്ള ആള്‍. 1987 ല്‍, 87 ആൻറി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കിയ ആളെ ഓരോ കോപ്പിക്കും ശിക്ഷിച്ച ഭരണകൂടം. ആത്മഹത്യാ സ്‌ക്വാഡില്‍ ചേരാന്‍ വിധിക്കപ്പെടുന്ന മാനവികവിഷയങ്ങള്‍ പഠിക്കുന്ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. ചന്ദനത്തിരികള്‍ കാന്‍സറിനോട് പൊരുതുമെന്ന്​അവകാശപ്പെടുന്ന ഫാര്‍മസിയിലെ ക്യൂവിലുള്ള ആള്‍.

bad luck

ഈ കാഴ്ചകള്‍ ലോകത്തെക്കുറിച്ച്​ നമ്മോട് ധാരാളം പറയുന്നു. ഹൈക്കുകള്‍ പോലെ ഇവ വ്യത്യസ്ത അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അശ്ലീലതയുടെ കാഴ്ചകൾ കൂടിയാകുന്നു ഇവ.
ബുക്കാറസ്റ്റ് നഗരത്തിലെ തെരുവുകളില്‍ കാണുന്ന പരസ്യങ്ങള്‍, ബോര്‍ഡുകള്‍, കോവിഡ് ഭീഷണിയുണ്ടാക്കുന്ന അസ്വസ്ഥത, പഴയ ചുമരുകളിലെ ഗ്രാഫിറ്റി, വാഹനങ്ങളുടെ നിരന്തര ശബ്ദങ്ങള്‍, ഇടയ്ക്കിടെ കേള്‍ക്കുന്ന ആംബുലന്‍സിന്റെ സൈറണ്‍ ... ശബ്ദങ്ങളും ദൃശ്യങ്ങളും ചേര്‍ന്നുണ്ടാക്കുന്ന നഗരജീവിതകാഴ്ചകള്‍. ബുക്കാറസ്റ്റിലെ തിയേറ്ററിനുമുമ്പില്‍ ക്യാമറ ദീര്‍ഘനേരം വന്നു നില്‍ക്കുന്നു. കോവിഡ് ശൂന്യമാക്കിയ തിയേറ്റര്‍. ഇങ്ങനെ മുപ്പത്തിരണ്ട് മിനുട്ടില്‍ അവസാനിക്കുന്ന ഒന്നാം ഭാഗം എമിയുടെ ജീവിതത്തിലെ അസ്വസ്ഥതകളും ആശങ്കകള്‍ക്കുമൊപ്പം പൊതുജീവിതത്തിലേക്കും അതിന്റെ സങ്കീര്‍ണതകളിലേക്കും ചെന്നെത്തുന്നു. 

"സംഭവങ്ങളുടേയും ചിഹ്നങ്ങളുടേയും അത്ഭുതങ്ങളുടേയും ചെറുഡിക്ഷ്ണറി ' (Short dictionary of anecdotes, signs and wonders) എന്ന ഇരുപത്തഞ്ച് മിനുട്ടുള്ള രണ്ടാം ഭാഗത്തില്‍, തിരഞ്ഞെടുത്ത വാക്കുകള്‍ക്ക് സംവിധായകന്‍ അര്‍ത്ഥങ്ങളും നിര്‍വ്വചനങ്ങളും നല്‍കുകയാണ്. എമിയോ മറ്റ് കഥാപാത്രങ്ങളോ ഇല്ലാതെ, ചരിത്രത്തിലും ജീവിതത്തിലും നിരന്തരമായി ഉപയോഗിക്കുന്ന ഈ വാക്കുകള്‍ക്ക് ഫോട്ടോകള്‍ക്കൊപ്പം വിശദീകരണങ്ങളും നല്‍കുന്നു. മൂന്നാം ഭാഗത്ത് കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കുക എന്ന ഒരു ഉദ്ദേശ്യം കൂടി ഇതിനുണ്ട്.

emi

രണ്ടാം ലോകമഹായുദ്ധകാലത്ത്, 1944 ആഗസ്ത് 23 ന്, രാജ്യം നാസി ചേരി മാറിയപ്പോള്‍ റുമാനിയയിലെ ഒരു പത്രം രണ്ട് പതിപ്പുകള്‍ ഇറക്കിയിരുന്നു: ഒന്നാമത്തെതിന് "സ്റ്റാലിന്‍ നീണാള്‍ വാഴട്ടെ' യെന്നും മറ്റേതിന് "ഹിറ്റ്‌ലര്‍ നീണാള്‍ വാഴട്ടെ' എന്നും തലക്കെട്ട്​ കൊടുത്തു. ഈ സംഭവം പത്രങ്ങളുടെ ഇരട്ടമുഖങ്ങളാണ് വെളിവാക്കുന്നത്. "മിലിറ്ററി ' എന്ന വാക്കിനെ രാജ്യത്തെ സംരക്ഷിക്കുന്ന ശക്തി എന്നതിനു പകരം, പട്ടാളം റുമാനിയയുടെ ചരിത്രത്തില്‍ നടത്തിയ അതിക്രമങ്ങളിലൂടെയാണ്​ വെളിപ്പെടുത്തുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വംശീയവും രാഷ്ട്രീയവുമായ കൊലപാതകങ്ങള്‍ ചെയ്തവര്‍, രണ്ടാം ലോകമഹായുദ്ധകാലത്ത് റോമാക്കാരേയും ജൂതന്മാരേയും കൊന്നൊടുക്കിയവര്‍, 1989 ല്‍ രാജ്യത്തിലെ ആദ്യവിപ്ലവകാരികളെ വെടിവെച്ച് കൊന്നവര്‍- ഇതാണ് സംവിധായകന്റെ മിലിറ്ററി നിര്‍വ്വചനം. എല്ലാ സ്വേച്ഛാധിപത്യങ്ങളോടും വളരെ അടുത്തുനില്‍ക്കുന്നതും, 1989 ല്‍ പട്ടാളക്കാരുടെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാൻ വിപ്ലവകാരികള്‍ ചെന്നപ്പോള്‍ അവര്‍ക്ക് മുമ്പില്‍ വാതിലുകള്‍ അടച്ചതുമായ "വളരെ വിശ്വസ്തമായ സ്ഥാപനം' എന്നാണ് റോമന്‍ ഓര്‍ത്തോഡക്‌സ് പള്ളിയെ സംവിധായകന്‍ നിര്‍വ്വചിക്കുന്നത്.

ഹിറ്റലര്‍ക്കൊപ്പം നിന്ന്​, റുമേനിയന്‍ സൈന്യം ജൂതരെ വേട്ടയാടിയിരുന്നത് അവരുടെ മനസ്സുകളെ പശ്ചാത്താപത്തിന്റെ വഴികളിലല്ല എത്തിക്കുന്നത്, മറിച്ച് വിജയത്തിന്റെ ചരിത്രത്തിലാണ്.

ചിത്രത്തിന്റെ അവസാനഭാഗം തുടങ്ങുന്നത് "പ്രയോഗങ്ങളും സൂചനകളും: ഹാസ്യപരമ്പര' എന്ന തലക്കെട്ടോടെയാണ്. ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ട എമിയുടേയും ഭര്‍ത്താവിന്റേയും ലൈംഗിക വീഡിയോ വിവാദങ്ങളുണ്ടാക്കിയ സാഹചര്യത്തില്‍ എമി ജോലി ചെയ്യുന്ന, നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗം വിളിക്കുന്നു. അധ്യാപികയായ എമി അവിടെ തുടരേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയാണ് ലക്ഷ്യം. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായും രണ്ടാം ഭാഗത്തിലെ ഡിക്ഷണറി ഉപയോഗിച്ചും, അവസാനഭാഗം രക്ഷിതാക്കളുടെ (പ്രേക്ഷകരുടെ, ജനങ്ങളുടെ ) നിലപാടുകളിലേയും സമീപനങ്ങളിലേയും ഇരട്ടമുഖങ്ങളിലും പൊള്ളത്തരങ്ങളിലുമെത്തുന്നു. ജൂതര്‍ക്കെതിരായ അവരുടെ നിലപാടുകള്‍, അവരുടെ അസംബന്ധ വാദങ്ങൾ, അസഹിഷ്ണുത, ജീര്‍ണത തുടങ്ങിയവ ഈ ഭാഗത്ത് വ്യക്തമാവുന്നു.

അധ്യാപികയുടെ ധാര്‍മികതയെക്കുറിച്ച് പറയുമ്പോള്‍ സ്വന്തം ധാര്‍മികത അവര്‍ക്ക് അപ്രസക്തമാവുന്നു. മകളെ ജയിപ്പിക്കാന്‍ കൈക്കൂലി കൊടുത്ത സ്ത്രീ, എമിയുണ്ടാക്കിയ അപമാനത്തെപ്പറ്റി വാചാലയാവുന്നു. വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന ഇരട്ടമുഖമുള്ള ഒരു സമൂഹത്തെയാണ് നാമിവിടെ തിരിച്ചറിയുന്നത്. വ്യക്തി സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടേണ്ടതാണെന്ന അടിസ്ഥാനതത്വം അംഗീകരിക്കാത്ത ഒരു സമൂഹമായി ലോകം മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ, ചരിത്രത്തില്‍ നടന്ന നിഷ്ഠൂരതകളിലൊന്നായ ജൂത കൂട്ടക്കൊല ന്യായീകരിക്കപ്പെടുന്നു. ആന്‍ ഫ്രാങ്ക്​ അവഗണിക്കപ്പെടുന്നു. ഹിറ്റ്ലര്‍ക്കൊപ്പം നിന്ന്​, റുമേനിയന്‍ സൈന്യം ജൂതരെ വേട്ടയാടിയിരുന്നത് അവരുടെ മനസ്സുകളെ പശ്ചാത്താപത്തിന്റെ വഴികളിലല്ല എത്തിക്കുന്നത്, മറിച്ച് വിജയത്തിന്റെ ചരിത്രത്തിലാണ്.

bad luck

മൂന്ന് വ്യത്യസ്ത രീതികളിലുള്ള അന്ത്യങ്ങള്‍ ആവിഷ്‌ക്കരിച്ച്​ ചിത്രം ഒരു തുറന്ന അവസാനത്തിലെത്തുന്നു. എമി അധ്യാപികയായി സ്‌കൂളില്‍ തുടരേണമോ എന്ന് തീരുമാനിക്കാൻ, രക്ഷിതാക്കളുടെ ഭൂരിപക്ഷ നിലപാട് അറിയാന്‍ ഹെഡ് മിസ്ട്രസ്​ തീരുമാനിക്കുന്നു. ഇതില്‍ രണ്ട് ഘട്ടങ്ങളില്‍ വ്യത്യസ്ത തീരുമാനങ്ങളിലെത്തുന്നു രക്ഷിതാക്കള്‍. ഇതിനിടയില്‍ എമിയെ കൈയ്യേറ്റം ചെയ്യാനും രക്ഷിതാവായ ഒരു സ്ത്രീ തയ്യാറാവുന്നുണ്ട്. മൂന്നാമത്തേത്, എമി ഉള്‍പ്പെട്ട ഒരു ഫാന്റസിയാണ്. ഇത്തരത്തിലുള്ള തുറന്ന അവസാനത്തോടെ ചിത്രം പൂര്‍ത്തിയാക്കുകയാണ് റാഡു ജൂഡ്.

ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണിലെ കേന്ദ്രപ്രമേയം "അശ്ലീല' മെന്ന് വിശേഷിപ്പിക്കപ്പെടുന്ന, വിവാദമായ ലൈംഗിക വീഡിയോ 
ആണ്. അതിലുള്ളതിനേക്കാള്‍ യഥാര്‍ത്ഥവും വിഷലിപ്തവുമായ അശ്ലീലം നാം ജീവിക്കുന്ന സമൂഹത്തിലുണ്ട് എന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. ‘എന്റെ ചിത്രമൊരു മൊണ്ടാഷ് ആണ്, അത് എമിയുടേയും ഭര്‍ത്താവിന്റേയും ലൈംഗിക വീഡിയോയിലുണ്ടെന്ന് പറയപ്പെടുന്ന "അശ്ലീല'വും സമൂഹത്തിലെ അശ്ലീലവും തമ്മിലുള്ള ബന്ധങ്ങളും ചേര്‍ന്നുനില്‍പ്പുകളും (juxtaposition) കണ്ടെത്താന്‍ സഹായിക്കുന്ന സംഭവങ്ങളുടെ ഒരു സമാഹാരമാണ്,' ജൂഡ് പറയുന്നു. വോയറിസവും (മറ്റുള്ളവരുടെ ലൈംഗികചേഷ്ടകള്‍ കണ്ട് രസിക്കുന്ന ശീലം) സിനിമയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇപ്പോള്‍ ധാരാളം പഠനം നടക്കുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന സംവിധായകന്‍, തന്റെ ചിത്രത്തെ വോയറിസവുമായി 
ബന്ധപ്പെടുത്തുന്നുണ്ട്.

തന്റെ എല്ലാ ചിത്രങ്ങളും ഹാസ്യമില്ലാത്ത, സത്യസന്ധമായ കോമഡികളാണ് എന്നാണ് സംവിധായകന്‍ റാഡു ജൂഡ് പറയാറുള്ളത്. പ്രശസ്ത സാഹിത്യകാരന്‍ ബല്‍സാക്കിന്റെ "ദ ഹ്യൂമണ്‍ കോമഡി' യും അങ്ങയായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു

ചലച്ചിത്ര പ്രേക്ഷകരെപ്പോലെയും പൊതുസമൂഹത്തേപ്പോലെയുമാണ് സ്‌കൂളിലെ രക്ഷിതാക്കള്‍ പ്രതികരിക്കുന്നതും എമിയുടെ സ്വകാര്യജീവിതത്തില്‍ കടന്നുകയറുന്നതും അതില്‍ ഇടപെടുന്നതും. ധാര്‍മികമൂല്യങ്ങളേക്കുറിച്ച് പറഞ്ഞ് തങ്ങളെ സ്വയം വെളിപ്പെടുത്തുകയാണവര്‍. അവരുടെ ജാതീയത, വംശീയത, ഹിപ്പോക്രസി (ഇരട്ടമുഖം), തങ്ങള്‍ക്ക് "ഉപയോഗ' മില്ലാത്തവയോടുള്ള വെറുപ്പ് എന്നിവ ഇവിടെ വ്യക്തമാവുന്നു. "നമ്മുടെ സമൂഹത്തില്‍ വല്ല മൂല്യങ്ങളും അവശേഷിക്കുന്നുണ്ടെങ്കില്‍ അവകൂടി നശിപ്പിക്കുകയാണിവര്‍' എന്ന് അഭിമുഖത്തില്‍ റാഡു ജൂഡ് വെളിപ്പെടുത്തുന്നു. ഇത്തരക്കാര്‍ തീരുമാനിക്കുന്ന വിദ്യാഭ്യാസം മാത്രമല്ല , ഏതൊരു വ്യവസ്ഥയും അപകടകരമാം വിധം ജീര്‍ണിക്കുന്നു.

radu
റാഡു ജൂഡ്

ചിത്രത്തിന്റെ ആദ്യഭാഗം റുമാനിയയിലെ ബുക്കാറസ്റ്റ് തെരുവിലെ തിരക്കുകളിലൂടെ എമിയുടെ ദീര്‍ഘനേരത്തേക്കുള്ള യാത്ര, കോവിഡ് കാലത്തെ നഗരക്കാഴ്ചകളിലൂടെ അതിന്റെ അസ്വസ്ഥതകളിലൂടെ നമ്മെ കൊണ്ടുപോകുന്നു. 
എമിയെന്ന അധ്യാപികയുടേയും വായനക്കാരിയുടേയും വ്യക്തിത്വത്തെക്കുറിച്ചും നിലപാടുകളേക്കുറിച്ചും നാമറിയുന്നു. അവര്‍ക്ക് ചുറ്റുമുള്ളവരുടെ ജീവിതവും അവരുടെ സമീപനങ്ങളും നമുക്ക് മുമ്പില്‍ വെളിവാക്കപ്പെടുന്നു. ഇവയ്‌ക്കൊപ്പം പൊതുജീവിതത്തില്‍ കോവിഡ് ഉണ്ടാക്കിയ ആശങ്കകളും അസ്വസ്ഥതകളും നാം കാണുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഡിക്ഷണറി, ഒന്നും മൂന്നും ഭാഗങ്ങളെ യോജിപ്പിച്ചുനിര്‍ത്തുകയാണ്. ചരിത്രത്തിലെ പല സംഭവങ്ങള്‍ക്കും പുതിയ നിര്‍വ്വചനങ്ങളും, വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങളും നല്‍കുന്ന സംവിധായകന്‍ മൂന്നാം ഭാഗത്തിലെ വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പുതിയ (ശരിയായ) അര്‍ത്ഥം സ്വീകരിക്കാന്‍ പ്രേക്ഷകരോട് ആവശ്യപ്പെടുകയാണ്. നിര്‍വ്വചനങ്ങള്‍ക്ക് പുറമെ ദൃശ്യങ്ങളും ചിത്രങ്ങളുപയോഗിച്ചും വാക്കുകളെ വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ ആദിവാസികളെ ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന വിദേശികളുടെ കാഴ്ചയിലും മറ്റും സംവിധായകന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് വെളിപ്പെടുന്നത്.

റുമാനിയന്‍ പട്ടാളത്തിന്റെ ജൂതകൂട്ടക്കൊല ചരിത്രപാഠമായി കുട്ടികളെ പഠിപ്പിച്ച എമിയെന്ന ചരിത്രാധ്യാപികയില്‍ രക്ഷിതാക്കള്‍ കുറ്റം കണ്ടെത്തുകയാണ്. ജൂതകൂട്ടക്കൊലക്കാലത്തെ ധീരയായ പെണ്‍കുട്ടി ആന്‍ ഫ്രാങ്ക് അവര്‍ക്ക് ആരുമല്ലാതാവുന്നു. അറിവാണ് ഗ്രേഡിനേക്കാള്‍ പ്രധാനമെന്ന് ഉപദേശിച്ച എമിയെ അവര്‍ അധിക്ഷേപിക്കുന്നു. എമിയെന്ന അധ്യാപികയുടെ സ്വകാര്യജീവിതത്തിലെ ലൈംഗിക ദൃശ്യം അശ്ലീലമെന്ന് പറയുകയും അതിന്റെ പേരില്‍ അവരെ വിചാരണ നടത്തുകയും ചെയ്യുന്ന അവര്‍ക്ക്, അതിലും വലിയ അശ്ലീലതയാണ് തങ്ങള്‍ മക്കളോടും സമൂഹത്തോടും കാണിക്കുന്നതെന്ന് തിരിച്ചറിയാനാകുന്നില്ല. 

തന്റെ എല്ലാ ചിത്രങ്ങളും ഹാസ്യമില്ലാത്ത, സത്യസന്ധമായ കോമഡികളാണ് എന്നാണ് സംവിധായകന്‍ റാഡു ജൂഡ് പറയാറുള്ളത്. പ്രശസ്ത സാഹിത്യകാരന്‍ ബല്‍സാക്കിന്റെ "ദ ഹ്യൂമണ്‍ കോമഡി' യും അങ്ങനെയായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. "എന്നെ സംബന്ധിച്ച്​, ലോകവും അതിലെ യാഥാര്‍ത്ഥ്യങ്ങളും നല്ല രീതിയില്‍ കാണാനുള്ള ഒരു ഉപകരണമാണ് സിനിമ. സിനിമയുടെ മാത്രമായ ഭാഗങ്ങളായ ക്യാമറയും എഡിറ്റിങ്ങുമുപയോഗിച്ച് ഞാന്‍ ലോകം ആഴത്തില്‍ പരിശോധിക്കുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു'- ജൂഡ് പറയുന്നു. 

Costa Gavras
കോസ്റ്റാ ഗാവ്രസ്

1977-യില്‍ റുമാനിയയില്‍ ജനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ റാഡു ജൂഡ്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2003ലാണ് ബുക്കാറസ്റ്റിലെ മീഡിയ സര്‍വ്വകലാശാലയില്‍ നിന്ന് ചലച്ചിത്രസംവിധാനത്തില്‍ ബിരുദം നേടുന്നത്. പ്രസിദ്ധ ഫ്രഞ്ച് സംവിധായകന്‍ കോസ്റ്റാ ഗാവ്രസിന്റെ (Costa Gavras) സഹസംവിധായകനായി ചലച്ചിത്രരംഗത്തെത്തിയ ജൂഡ്, റുമാനിയയിലെ ക്രിസ്റ്റി പുയിക്കൊപ്പവും പ്രവര്‍ത്തിച്ചിരുന്നു. ആഗോള ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ Corp la corp (2003), Marea Neagra (2004), The Tube with a Hat (2006) എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്കുശേഷം റൂഡിന്റെ ആദ്യഫീച്ചര്‍ ഫിലിം ദ ഹാപ്പിയസ്റ്റ് ഗേള്‍ ഇന്‍ ദ വേള്‍ഡ് (2009) ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടി. തുടര്‍ന്ന് 2012 ലെ ത്രില്ലര്‍, എവരിബഡി ഇന്‍ ഔര്‍ ഫാമിലി ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 

2015 ല്‍ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായ റാഡു ജൂഡിന്റെ അഫേറിം (Aferim) മറ്റ് നിരവധി ലോക അംഗീകാരങ്ങളും നേടി. ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡിനായുള്ള റുമാനിയന്‍ നോമിനേഷനായിരുന്നു ഈ ചിത്രം. 2020 ലെ അപ്പര്‍കെയ്‌സ് പ്രിൻറ്​ (Uppercase Print) റുമാനിയന്‍ കമ്യൂണിസ്റ്റ് ഭരണാധികാരി നിക്കോളായ് ചൗഷെസ്‌ക്യുവിനെതെരെ ചുവരെഴുതിയതിന്റെ പേരില്‍ പൊലീസ് പിടിയിലായ കുട്ടിയുടെ കഥ പറയുന്നു. ബര്‍ലിനാലെയില്‍ ആ വര്‍ഷം പ്രദര്‍ശിപ്പിച്ച ചിത്രം ലോകസിനിമാരംഗത്ത്​ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. അതിനുശേഷമാണ് ബാഡ് ലക്ക് ബാങ്ങിങ്ങുമായി റാഡു ജൂഡ് വരുന്നത്. 

uppercase-print
'അപ്പര്‍കെയ്‌സ് പ്രിന്റ്' എന്ന ചിത്രത്തില്‍ നിന്ന്

അദ്ദേഹം ചലച്ചിത്രജീവിതം തുടങ്ങുന്നത് റുമാനിയയെ വിഷയമാക്കിയുള്ള ആക്ഷേപഹാസ്യങ്ങളോടെയാണ്. റുമാനിയന്‍ ന്യൂവേവ് സിനിമയിലെ മറ്റ്
സംവിധായകര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. വലതുപക്ഷ രാഷ്ട്രീയം ​വേ​രോടുന്ന സമകാലിക റുമാനിയയില്‍ അപകടരമായ രീതിയിലാണ്​ അദ്ദേഹത്തി​ന്റെ സിനിമാ ജീവിതം. 2018 ല്‍ സംവിധാനം ചെയ്ത I Do Not Care If We Go Down in History as Barbarians, 2020ലെ Uppercase Print പോലുള്ള ചിത്രങ്ങളോടെ വിവാദങ്ങളുയര്‍ത്തിയ റാഡു, ബാഡ് ലക്ക് ബാങ്ങിങ്ങുമായി പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള ബെര്‍ലിന്‍ മേള ജൂറിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്: ""ദീര്‍ഘകാലം നിലനില്‍ക്കുന്ന കലാമേന്മയുള്ള ചിത്രം. അത് ഇക്കാലത്തെ ശരീരങ്ങളുടേയും മനസ്സുകളുടേയും ജീവിതമൂല്യങ്ങളുടേയും അന്തഃസത്ത തിരശ്ശീലയിലെത്തിക്കുന്നു, സമകാലീന ജനതയുടെ അസ്ഥിത്വം ആവിഷ്‌കരിക്കുന്നു. ഇക്കാലത്തെ ജീവിതത്തെ മുഖത്തടിച്ചും പ്രകോപിപ്പിച്ചും വെല്ലുവിളിച്ചുമൊക്കെയാണ് അത് ആ കൃത്യം നിര്‍വ്വഹിക്കുന്നത്. സമകാലീന സിനിമയെ അത് വെല്ലുവിളിക്കുന്നു, അതിനെ ഇളക്കി മറിക്കുന്നു. അങ്ങനെ പതിവു ചലച്ചിത്രരീതികളേയും സാമൂഹിക പതിവുകളേയും പ്രകോപിക്കുന്നു, വെല്ലുവിളിക്കുന്നു, തകര്‍ക്കുന്നു. അത് വിശാലവും വന്യവുമാണ്, സമര്‍ത്ഥവും ബാലിശവുമാണ്, ജ്യാമിതീയവും ഊര്‍ജ്ജസ്വലവും കൃത്യതയില്ലാത്തതുമാണ്. അത് പ്രേക്ഷകരെ ആക്രമിക്കുന്നു, അവരില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കുന്നു, എല്ലാവരേയും അതിനോട് ചേര്‍ത്ത് നിര്‍ത്തുന്നു. (ഈ കോവിഡ് കാലത്ത്) അത് ആരേയും കൃത്യമായ അകലത്തില്‍ മാറ്റിനിര്‍ത്തുന്നില്ല.'' 

പതിവു ചലച്ചിത്രമേളകളിലെ, സിനിമകള്‍ക്ക് പുറത്തുള്ള ആഘോഷങ്ങളെ പരിഹസിക്കാറുള്ള ജൂഡ്, ഈ വര്‍ഷം ഓണ്‍ലൈന്‍ മേളയായിരുന്നതിനാല്‍ "ചുവന്ന പരവതാനി' യിലൂടെ നടക്കേണ്ടതായി വന്നില്ലെന്ന് ആശ്വസിക്കുന്നു. മറ്റൊരു മല്‍സരങ്ങള്‍ക്കുമില്ലാത്ത വര്‍ണക്കാഴ്ചകള്‍ സിനിമാമല്‍സരങ്ങള്‍ക്കെന്തിനാണെന്ന് റാഡു ജൂഡ് ചോദിക്കുന്നു. പുതിയ പരീക്ഷണങ്ങളും വെല്ലുവിളികളൂം വിമര്‍ശനങ്ങളും നിറഞ്ഞ ചിത്രങ്ങളുമായി റാഡു ജൂഡ് ഇനിയും തന്റെ ചലച്ചിത്രസഞ്ചാരം തുടരുമെന്ന സൂചന കൂടി ഈ സിനിമ നൽകുന്നു. ▮

സി.വി. രമേശൻ

ചലച്ചിത്ര നിരൂപകന്‍, 1983 മുതല്‍ കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍. കോളേജില്‍ അധ്യാപകനായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Audio