Saturday, 27 November 2021

തമിഴ്​ പുതു സിനിമയുടെ രാഷ്​ട്രീയം


Text Formatted

ജാതിവിരുദ്ധ സമരവും കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനവും തമ്മിലെന്ത്​? 

'ജയ്​ ഭീം' ചരിത്രത്തിന്റെ ഒ​രോർമപ്പെടുത്തലാണ്​

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാതിവിരുദ്ധ സമരങ്ങളിലെ നേതൃപരമായ പങ്കിനെ  ചരിത്ര വിരുദ്ധമായി റദ്ദ് ചെയ്യുന്ന സമീപനത്തിനുള്ള മറുപടിയാണ്  ‘ജയ് ഭീം’ എന്ന സിനിമ

Image Full Width
Image Caption
‘ജയ്​ ഭീം’ സിനിമയില്‍ സൂര്യ
Text Formatted

ന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ശതാബ്​ദത്തിന്റെയെങ്കിലും ചരിത്രം പറയാനുണ്ട്. നൂറു വര്‍ഷത്തിന്റെ ചരിത്രത്തില്‍ ഒരുപാട് ആരോപണങ്ങള്‍, ദൈനം ദിന രാഷ്ട്രീയത്തിലും സൈദ്ധാന്തികപരമായും കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തമായ ആരോപണങ്ങളില്‍ ഒന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടി, അതിന്റെ തുടക്ക കാലം മുതല്‍, ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും പ്രധാന യാഥാര്‍ഥ്യങ്ങളില്‍ ഒന്നായ ജാതിയെ അഡ്രസ്​ ചെയ്തിട്ടില്ല എന്നതാകും.

ഈ വാദം ഉന്നയിക്കുന്നവര്‍ പൊതുവെ പറയാറ്​, വര്‍ഗം എന്ന വളരെ  ‘ഇടുങ്ങിയ' കാഴ്ചപ്പാടിലൂടെ ഇന്ത്യന്‍ സമൂഹത്തിനെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്തതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്നാണ്. 
അവരുടെ വാദപ്രകാരം, യൂറോപ്പിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സൃഷ്ടിക്കപ്പെട്ട ഒരു സിദ്ധാന്തത്തിനെ അതേപടി തീര്‍ത്തും വ്യത്യസ്തമായ ഇന്ത്യന്‍ സാഹചര്യത്തില്‍ പറിച്ചു നടുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. അഥവാ  സമൂഹത്തില്‍ വര്‍ഗ്ഗപരമായ പ്രശനങ്ങള്‍ മാത്രമേ ഉള്ളൂ എന്നും അത് പരിഹരിച്ചാല്‍ അതോടെ തീരുന്നതാണ് ജാതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ എന്നും കരുതിയവരാണ് കമ്യൂണിസ്റ്റ് നേതൃത്വം.

ജാതി വ്യവസ്ഥയെ എല്ലാ അര്‍ത്ഥത്തിലും തള്ളിക്കളയുക എന്നതിനൊപ്പം ഇന്ത്യന്‍ സമൂഹത്തിന്റെ സമ്പൂര്‍ണമായ പരിവര്‍ത്തനത്തിന് ജാതിയിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ പൂര്‍ണമായും തകരേണ്ടതുണ്ട് എന്ന നിലപാടിലേക്ക് 1930 ല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി എത്തിച്ചേരുന്നുണ്ട്.

ഇന്ന് ഇത്, ഒരു വലിയ വിശാല കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യം പറഞ്ഞു പറഞ്ഞ്​എതിര്‍ക്കപ്പെടാന്‍ കഴിയാത്ത സത്യമെന്നോണം അക്കാദമിക ഇടങ്ങളിലും മറ്റും ഉറച്ചുപോയൊരു ആരോപണമാണ്. ചില അക്കാദമിക ബുദ്ധിജീവികളും, നിക്ഷിപ്ത താല്പര്യങ്ങളുള്ള സ്വത്വവാദികളും, പൊളിറ്റിക്കല്‍ ഇസ്​ലാമിസ്റ്റുകളും എല്ലാം ചേരുന്ന വിശാല കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യം ഇതിനുപിന്നിലുണ്ട്. ഇക്കൂട്ടര്‍ പറഞ്ഞു പരത്തുന്ന, ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത വെറുമൊരു ആരോപണം മാത്രമാണ്, കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ ജാതിയെ അഡ്രസ് ചെയ്തിട്ടില്ല എന്നത്. തികഞ്ഞ അര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം എന്ന് വിളിക്കാവുന്ന ഈ ആരോപണം എന്നാല്‍ വലിയ അളവില്‍ ഇടതുപക്ഷത്തുള്ളവരെ പോലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്​ എന്നത് സങ്കടകരമായ വസ്തുതയാണ്.  ‘കമ്യൂണിസ്റ്റുകാര്‍ ജാതിയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലല്ലോ' എന്ന് കേള്‍ക്കാത്ത ഒരു കമ്യൂണിസ്റ്റുകാരനും ഈ രാജ്യത്ത് ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല. ഇത് സത്യമാണ് എന്ന് വിശ്വസിച്ച് കുറ്റബോധത്തോടെ രാഷ്ട്രീയ സംവാദങ്ങളില്‍ ഇടപെടേണ്ടി വരുന്ന എത്രയോ ഇടത് ചിന്താഗതിക്കാരെ സമൂഹമാധ്യമങ്ങളില്‍ കാണാം. 

‘ജയ് ഭീം’ എന്ന, സൂര്യ നായകനായ ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത, ജസ്റ്റിസ് ചന്ദ്രു എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതകഥ പറയുന്ന സിനിയുടെ രാഷ്ട്രീയം മനസ്സിലാക്കണം എങ്കില്‍ ആദ്യം ഇവിടെ മുതല്‍ തുടങ്ങണം എന്ന് തോന്നുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജാതിയും

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത് 1920 ലാണ്. കൊളോണിയല്‍ ഇന്ത്യയിലെ വളരെ പ്രതികൂലമായ സാഹചര്യത്തില്‍ 1920ൽ സോവിയറ്റ് യൂണിയനിലെ താഷ്‌ക്കൻറില്‍ പല വഴികളില്‍ എത്തിച്ചേര്‍ന്ന ഒരു ചെറു കൂട്ടം ഇന്ത്യന്‍ വിപ്ലവകാരികളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് രൂപം കൊടുക്കുന്നത്. ശൈശവ ദശയില്‍ തന്നെ കഠിനമായ ഭരണകൂട അതിക്രമങ്ങള്‍ക്ക് വിധേയമാകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഭൂരിഭാഗം സമയവും നിയമപരമായി നിരോധിക്കപ്പെട്ടതിനാല്‍ ചെറു ഗ്രൂപ്പുകളായി അണ്ടര്‍ഗ്രൗണ്ട് പ്രവത്തനമാണ് നടത്തിയത്. 

draft platform of action
ഡ്രാഫ്റ്റ് പ്ലാറ്റ്​ഫോം ഫോര്‍ ആക്ഷന്‍ രേഖയില്‍ നിന്ന്. കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനം പ്രാരംഭകാലത്ത്​ ജാതിക്കെതിരായി സ്വീകരിച്ച നിലപാട്​ വ്യക്തമാക്കുന്ന സൈദ്ധാന്തിക രേഖയാണിത്​.

ശൈശവ ദശയിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ കാലഘട്ടത്തിലെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന സൈദ്ധാന്തിക രേഖ ഒരു പക്ഷെ ‘ഡ്രാഫ്റ്റ് പ്ലാറ്റ്​ഫോം ഫോര്‍ ആക്ഷന്‍’ എന്ന 1930 ല്‍ അംഗീകരിച്ച രേഖയാകും. ഇന്ത്യന്‍ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന്​ വിപ്ലവത്തിലൂടെ സമൂഹത്തിനെ പരിവര്‍ത്തനം ചെയ്യേണ്ട ആവശ്യകതയുമാണ് രേഖ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. 

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തി അതില്‍ എടുക്കേണ്ട സമീപനത്തെക്കുറിച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി എത്തിച്ചേരുന്ന രേഖയില്‍ ജാതിയെ കുറിച്ചുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് കാണാന്‍ സാധിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ സാഹചര്യത്തില്‍ മുന്നോട്ട് വെക്കുന്ന പൊതു ആവശ്യങ്ങളില്‍ ഒന്നായി പറയുന്നത് റാങ്ക്, കാസ്റ്റ്, നാഷണല്‍/ കമ്യൂണല്‍ പ്രിവിലേജ് എന്നിവയുടെ പൂര്‍ണമായ ഉന്മൂലനവും ഒപ്പം ലിഗം- മതം- വംശം എന്നിവക്കതീതമായി എല്ലാ പൗരന്മാര്‍ക്കും തുല്യതയുമാണ്. തുടര്‍ന്ന് വിശദമായി ജാതിയെ കുറിച്ചുള്ള കാഴ്ചപ്പാട് Emancipation of the Pariahs and the Slaves എന്ന ഭാഗത്ത് പറയുന്നുണ്ട്. അതിങ്ങനെയാണ്,
‘‘As a result of the rule of British imperialism in our country there are still in existence millions of slaves and tens of millions of socially outcast working pariahs, who are deprived of all rights. British rule, the system of landlordism, the reactionary caste system, religious deceptions and all the slave and serf conditions of the past throttle the Indian people and stand in the way of its emancipation. They have led to the result that in India, in the twentieth century, there are still pariahs who have no right to meet with all their fellow men, drink from common wells, study in common schools, etc.
Instead of putting an end once and for all to this shameful blot on the Indian people, Gandhi and the Congress leaders call for the maintenance of the caste system, which is the basis and justification for the existence of the sociall outcast pariahs.
Only the ruthless abolition of the caste system in its reformed, Gandhist [sic] variety, only the agrarian revolution and the violent overthrow of British rule, will lead to the complete social, economic, cultural and legal emancipation of the working pariahs and slaves.
The CP of India calls upon all the pariahs to join in the united revolutionary front with all the workers of the country against British rule and landlordism.
The CP of India calls upon all the pariahs not to give way to the tricks of the British and reactionary agents who try to split and set one against the other the toilers of our country.
The CP of India fights for the complete abolition of slavery, the caste system and the caste inequality in all its forms (social, cultural, etc.). The CP of India fights for the complete and absolute equality of the working pariahs and all the toilers of our country.’’

കേവലം സൈദ്ധാന്തിക രേഖകളില്‍ ഒതുങ്ങുന്നതല്ല ജാതി വ്യവസ്ഥക്കെതിരായ കമ്യൂണിസ്​റ്റുകാരുടെ പോരാട്ടത്തിന്റെ ചരിത്രം. ഇരുപതാം നൂറ്റാണ്ടിലുടനീളം കമ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഷിക സമരങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.

ഒന്നാമതായി, ജാതി വ്യവസ്ഥയെ എല്ലാ അര്‍ത്ഥത്തിലും തള്ളിക്കളയുക എന്നതിനൊപ്പം ഇന്ത്യന്‍ സമൂഹത്തിന്റെ സമ്പൂര്‍ണമായ പരിവര്‍ത്തനത്തിന് ജാതിയിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ പൂര്‍ണമായും തകരേണ്ടതുണ്ട് എന്ന നിലപാടിലേക്ക് 1930 ല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി എത്തിച്ചേരുന്നുണ്ട്. ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എടുത്തിരുന്ന ജാതി സംബദ്ധമായ നിലപാടുകളെ കണിശമായി വിമര്‍ശിക്കുന്ന രേഖ, ജാതി വ്യവസ്ഥയെ പരിഷകരിക്കണം എന്നോ - സാവധാനം ഇല്ലായ്മ ചെയ്യണം എന്നുപോലുമോ അല്ല പറയുന്നത്; മറിച്ച് ഒരു ദയയും കൂടാതെ തച്ചു തകര്‍ക്കണം എന്നാണ്. ജാതിയോടുള്ള ഗാന്ധിയന്‍ പട്രോനൈസിംഗ് കാഴ്ചപ്പാടുകളെ തുടക്കത്തില്‍ തന്നെ തള്ളിക്കളയാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സാധിച്ചിരുന്നു. 

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം 1950 ല്‍ നിലവില്‍ വരുന്ന ഇന്ത്യന്‍ ഭരണഘടന പോലും ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യണം എന്ന റാഡിക്കല്‍ നിലപാട് മുന്നോട്ട് വെക്കുന്നില്ല. അയിത്തം പോലുള്ള ആചാരങ്ങളെ നിരോധിക്കുകയും ജാതിക്ക് അതീതമായി അവകാശങ്ങള്‍ ഉറപ്പാക്കുകയും ജാതീയമായി വിവേചനം നേരിട്ടവര്‍ക്ക് പോസിറ്റീവ് ഡിസ്‌ക്രീനിനേഷന്‍ മുന്നോട്ട് വെക്കുകയും ചെയ്യുന്ന ഭരണഘടനക്ക്, ജാതി അല്ലെങ്കില്‍ ജാതിവ്യവസ്ഥ തന്നെ ഇല്ലാതെയാക്കണം എന്നൊരു പദ്ധതിയില്ല. 

ജാതിയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല എന്ന് പോസ്റ്റ് മോഡേണ്‍ ബുദ്ധിജീവികള്‍ നിരന്തരം ആരോപിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമാണ് ഇത്. ഓര്‍ക്കണം, സൈദ്ധാന്തികമായി അറിവുനേടാന്‍ ഇന്നുള്ള തരത്തിലുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത, മുകളില്‍ പറഞ്ഞ പോലെ സ്‌റ്റേറ്റിന്റെ ഏറ്റവും ഹീനമായ അടിച്ചമര്‍ത്തലുകള്‍ക്ക് തുടക്കകാലം മുതല്‍ പാത്രമായ രഹസ്യമായി പ്രവര്‍ത്തിച്ചു പോരുന്ന ഒരു പ്രസ്ഥാനം അതിന്റെ ശൈശവ ദശയില്‍ തന്നെ എത്തിച്ചേരുന്ന നിലപാടാണ് പറഞ്ഞത്. അത് ജാതിയും ജാതിവ്യവസ്ഥയും സമ്പൂര്‍ണമായും തകരണം എന്നതാണ്. 

godavari-parulekar-women-freedom-fighters
വാര്‍ളി ആദിവാസി കര്‍ഷക സമരത്തില്‍ കിസാന്‍ സഭ നേതാവ് ഗോദാവരി പരുലേക്കര്‍ / Photo : indianculturalforum.in

കേവലം സൈദ്ധാന്തിക രേഖകളില്‍ ഒതുങ്ങുന്നതല്ല ജാതി വ്യവസ്ഥക്കെതിരായ കമ്യൂണിസ്​റ്റുകാരുടെ പോരാട്ടത്തിന്റെ ചരിത്രം. ഇരുപതാം നൂറ്റാണ്ടിലുടനീളം കമ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഷിക സമരങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സമരങ്ങളിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്ന് അതാത് പ്രദേശങ്ങളില്‍ നിലനിന്ന ജാതി വ്യവസ്ഥയുടെ വിവിധ രൂപങ്ങള്‍ക്കതിരായ സമരങ്ങളായിരുന്നു. കാര്‍ഷിക വിപ്ലവത്തിന്റെ വേര്‍പിരിക്കാന്‍ കഴിയാത്ത ഘടകമായി ജാതിവ്യവസ്ഥക്ക് എതിരായ സമരങ്ങളെ ആരംഭകാലഘട്ടത്തില്‍ തന്നെ കണ്ട സൈദ്ധാന്തിക നിലപാടിന്റെ പ്രായോഗികമായ ഇടപെടലായിരുന്നു ഇവയെല്ലാം. ഇത്തരം സമരചരിത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ഒരുപക്ഷെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഒന്നായ തെലങ്കാന സമരമായിരിക്കും. നൈസാമിനെതിരെയും ഭൂപ്രഭുക്കള്‍ക്ക് എതിരെയും കര്‍ഷകര്‍ സായുധമായി സമരം ചെയ്തു എന്നതാണല്ലോ തെലങ്കാന സമരത്തിനെ കുറിച്ചുള്ള ചരിത്രം. എന്നാല്‍ തെലങ്കാന സമരത്തിന്റെ ചരിത്രത്തിലേക്ക് വിശദമായി നോക്കിയാല്‍ അത് അവിടെ നില നിന്ന ജാതി വ്യവസ്ഥക്കെതിരായ സമരം കൂടിയായിരുന്നു എന്ന് കാണാന്‍ കഴിയും. 

തെലങ്കാനയില്‍ നിലനിന്ന അടിമ വ്യവസ്ഥക്ക് സമാനമായ ബോണ്ടഡ് ലേബര്‍ സിസ്റ്റമായിരുന്നു  ‘വെട്ടി'. ജന്മിയുടെ വീട്ടിലേക്ക് ഒരോ ദലിത് കുടുംബത്തില്‍ നിന്ന്​ഒരാളെ വീതം വീട്ടുജോലികള്‍ക്കും മറ്റുമായി നല്‍കണം എന്നതായിരുന്നു ഈ വ്യവസ്ഥയുടെ രീതി. താഴ്ന്ന ജാതിയില്‍ പെട്ട ആളുകള്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്കു മേലുള്ള ജന്മിയുടെ അധികാരത്തിനെ കൂടാതെയാണ് ഇത്തരത്തില്‍ ഹീനമായ രീതിയില്‍ മനുഷ്വാധ്വാന ശേഷിയെ ചൂഷണം ചെയ്തത്. കടം തിരിച്ചടക്കാന്‍ സാധിക്കാത്ത കുടിയന്മാരും ഇത്തരത്തില്‍ വേതനമില്ലാതെ വെട്ടി പണി ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതിന്റെ ഏറ്റവും മനുഷ്യത്വരഹിതമായ രൂപങ്ങളില്‍ ഒന്ന് ഇത്തരം വീടുകളിലെ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ജന്മിമാര്‍ കൈവശം വെക്കുന്നതായിരുന്നു. തെലങ്കാന സായുധ വിപ്ലവത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്, വെട്ടി ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു. സായുധ സമരത്തിലൂടെ തെലങ്കാന ഗ്രാമങ്ങളുടെ അധികാരം പിടിച്ചെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും ഇത്തരം രീതികളെ ഉന്മൂലനം ചെയ്തതായി ചരിത്രം പറയുന്നു. പൊലീസിനെയും പട്ടാളത്തിന്റെയും ഉപയോഗിച്ച്  തെലങ്കാന സമരം അടിച്ചമര്‍ത്തിയ ശേഷം പോലും പണ്ടുള്ള പോലെ ഭീതിതമായ രീതിയില്‍ വെട്ടി പോലുള്ള ചൂഷണം തുടരാന്‍ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങളെ മാറ്റി മറിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞിരുന്നു.

കിസാന്‍ സഭയുടെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന സമരത്തിലൂടെയാണ് ആദിവാസി ജനതക്ക് അന്തസ്സോടെയുള്ള ജീവിതം സാധ്യമായത്. സമരം നടന്ന പ്രദേശങ്ങള്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്. 

സമാനമായ ചരിത്രമാണ് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഐതിഹാസികമായ വാര്‍ളി ആദിവാസി കര്‍ഷക സമരത്തിന് പറയാനുള്ളത്. കിസാന്‍ സഭ നേതാക്കളായ ശ്യാംറാവു പാരുലേക്കര്‍, ഗോദാവരി പരുലേക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1945 മുതല്‍ വാര്‍ളി ആദിവാസികള്‍ ആരംഭിക്കുന്ന കര്‍ഷക കലാപം, വര്‍ഗ്ഗസമരത്തെയും ജാതിക്കെതിരായ സമരത്തെയും കൂട്ടിയിണക്കി ഭൂപ്രഭുത്വത്തിന് നേരെയുള്ള സമരമായി മാറ്റിയ കമ്യൂണിസ്റ്റ് ഇടപെടലിന്റെ മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ഭരണത്തില്‍ ലഭിച്ച സൗകര്യങ്ങളിലൂടെ ആദിവാസി ഭൂമിയും വനവും വലിയ രീതിയില്‍ ഭൂവുടമകളായ ഉന്നതജാതിക്കാര്‍ കയ്യടക്കി വെക്കാന്‍ തുടങ്ങിയതാണ് കലാപത്തിന്റെ പാശ്ചാത്തലം. കര്‍ഷകരായ ആദിവാസികള്‍ ഭൂവുടമകളുടെ കടക്കാരായി മാറുകയും ദീര്‍ഘകാലം ഭൂവുടമക്ക് വേണ്ടി അടിമപ്പണി ചെയ്യേണ്ട സ്ഥിതിയും ഉണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ഹീനമായ രീതികളില്‍ ഒന്ന്  ‘ലക്നഗഡി' എന്നറിയപ്പെട്ട വ്യവസ്ഥയായിരുന്നു. ഇതു പ്രകാരം കടക്കാരനായ ആദിവാസിയുടെ ഭാര്യ അല്ലെങ്കില്‍ മകള്‍ കടം തീരുന്ന വരെ ജന്മിയുടെ ലൈംഗിക അടിമയായി ജീവിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. കിസാന്‍ സഭയുടെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന സമരത്തിലൂടെയാണ് ആദിവാസി ജനതക്ക് അന്തസ്സോടെയുള്ള ജീവിതം സാധ്യമായത്. സമരം നടന്ന പ്രദേശങ്ങള്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്. 

made snana
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കാലങ്ങളായി നടത്തിപ്പോരുന്ന ദുരാചാരമായ മഡെ സ്‌നാന നിരോധിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത. പ്രസാദം നേദിച്ച ഇലയില്‍ അവര്‍ണ്ണര്‍ കിടന്ന് ഉരുളുന്ന ദുരാചാരമാണ് മഡെ സ്നാന

മുതലാളിത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ചൂഷണങ്ങള്‍ക്കുനേരെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ചെറുതും വലുതുമായ സമരങ്ങളുടെ ഒരുഭാഗത്ത് എപ്പോഴും ജാതിവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളുണ്ട്. കര്‍ണാടകയിലെ ബ്രാഹ്മണരുടെ എച്ചിലില്‍ ദലിതരെക്കൊണ്ട് ഉരുട്ടുന്ന മടേ സ്​നാനത്തിനെതിരായ സമരത്തിലും തമിഴ്നാട്ടിലെ ജാതിമതിലുകള്‍ പൊളിക്കാനുള്ള സമരത്തിലും ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളിലും വഴി നടക്കാനുള്ള സമരങ്ങളിലും തോട്ടിപ്പണി പോലുള്ള ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കുള്ള സമരങ്ങളിലുമെല്ലാം നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കാണാന്‍ സാധിക്കും. 

കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരം ലഭിച്ചപ്പോഴെല്ലാം ജാതിവ്യവസ്ഥയുടെ നേരെ അധികാരത്തെ ഉപയോഗപ്പെടുത്തി ഇടപെടല്‍ നടത്തിയതും കൂടി ഇവിടെ ചേര്‍ത്ത് വെക്കേണ്ടതുണ്ട്. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ നിലനില്‍പ്പിനാധാരമായ കാര്‍ഷിക ഭൂവുടമ ബന്ധങ്ങളില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ അധികാരത്തിലേറിയ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കിയതാണ് ആ ചരിത്രം. ജാതി വിരുദ്ധ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം അവകാശപ്പെടുന്ന സ്വത്വവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ ബി.എസ്​.പി,  റിപ്പബ്ലിക്കന്‍ പാര്‍ട്ടി തുടങ്ങിയവയുടെ ഇതിലെ ട്രാക്ക് റെക്കോര്‍ഡ് കൂടി പരിശോധിക്കാവുന്നതാണ്. അധികാരത്തിലെത്തുമ്പോള്‍ അധികാരി വര്‍ഗ്ഗത്തിന് മുന്നില്‍ സന്ധി ചെയ്ത് ജാതി വ്യവസ്ഥക്കുനേരെ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്തതാണ് സ്വത്വവാദ രാഷ്ട്രീയ സഖ്യങ്ങളുടെ ഇക്കാര്യത്തിലെ ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം.

CPIM1
മഡെ സ്നാനയ്‌ക്കെതിരെ മംഗലാപുരത്ത് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്. Photo : mangaloretoday.com

ജാതിവ്യവസ്ഥയുടെ ഏറ്റവും ക്രൂരമായ രൂപങ്ങള്‍ക്കെതിരെ മിലിട്ടന്റായ ചെറുത്തുനില്‍പ്പുകള്‍ നടത്തി വിജയിച്ചതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ലെഗസി. ചരിത്രം വളരെ വ്യക്തമായ തെളിവുകളോടെ മുന്നില്‍ നില്‍ക്കുമ്പോഴും അതിനെ വെല്ലുന്ന തരത്തില്‍ പ്രോപഗാൻറ മഷിനറികള്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ടാണ് തുടക്കത്തില്‍ സൂചിപ്പിച്ച തരത്തില്‍ കേവലം യാന്ത്രികമായി വര്‍ഗ വിശകലനവും പ്രവര്‍ത്തനവും നടത്തിയവരാണ് കമ്യൂണിസ്റ്റുകള്‍ എന്ന ചിന്ത രൂപപ്പെടുന്നത്. അക്കാദമിക്‌സിന്റെ ലുമ്പന്‍ സ്പേസുകളിലിരുന്ന്​ ചരിത്ര വിരുദ്ധമായി വിശകലനം നടത്തുന്നവര്‍ പലപ്പോഴും ദൈനം ദിന രാഷ്ട്രീയത്തില്‍ ജാതിയെ അഡ്രസ് ചെയ്ത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ  ‘ബ്രഹ്മണിക്ക്' ചാപ്പ കുത്താന്‍ മുന്‍ നിരയിലുണ്ടാകാറുണ്ട് എന്നത് ഒരു വസ്തുതയാണ്. 

ജാതിക്കെതിരായ കമ്യൂണിസ്റ്റ് സമരങ്ങള്‍; തമിഴ്നാട്ടില്‍

ജാതിക്കെതിരായ പോരാട്ടത്തില്‍ നേതൃപരമായ പങ്കാണ് തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ പലരുടെയും ആദ്യ രാഷ്ട്രീയകളരി ജാതി വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനമായ പെരിയോറിന്റെ സെൽഫ്​ റെസ്​പെക്​റ്റ്​ മൂവ്‌മെന്റായിരുന്നു. 

E.V Ramasami
പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ

ജാതി വ്യവസ്ഥക്കെതിരെ സി.പി.എം അടക്കമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഐതിഹാസികമായ ചരിത്രം തമിഴ് മണ്ണിലുണ്ട്. 
ജാതി വിരുദ്ധ രാഷ്ട്രീയ ചരിത്രമുള്ള ദ്രാവിഡ പാര്‍ട്ടികളുടെയും മറ്റും പ്രവര്‍ത്തന കേന്ദ്രമാണെങ്കിലും പ്രത്യക്ഷത്തിലുള്ള ജാതി ആക്രമണങ്ങളുടെ ഒരു നീണ്ട നിര  തമിഴ്‌നാടിന്​ പറയാനുണ്ട്; പ്രത്യകിച്ച് ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ. ഇത്തരം അക്രമങ്ങള്‍ക്കെതിരെ കോടതികള്‍ക്കുള്ളിലും നിയമനിര്‍മ്മാണ സഭകള്‍ക്കുള്ളിലും പുറത്ത് മിലിട്ടന്റായ രീതികളിലും ചെറുത്തുനില്‍പ്​ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ചരിത്രമാണ് കമ്യൂണിസ്റ്റുകള്‍ക്ക് തമിഴ്‌നാട്ടിലുള്ളത്.

യാതൊരു പ്രിവിലേജുമില്ലാത്ത, സര്‍ക്കാര്‍ രേഖകളില്‍ പോലും പേരില്ലാത്ത ഒരു വിഭാഗത്തിനുവേണ്ടി ഒരു പ്രസ്ഥാനം നടത്തിയ കോടതിക്ക് അകത്തും പുറത്തുമുള്ള പോരാട്ടമാണ്  ‘ജയ് ഭീം’.

ഒരുപക്ഷെ ഈ ചരിത്രത്തിലെ ഏറ്റവും ഓര്‍മിക്കപ്പെട്ടുന്ന പോരാട്ടങ്ങളില്‍ ഒന്ന് 1969 ലെ കീഴ്​ വെൺമണി കൂട്ടക്കൊലയാകും. ജാതിവ്യവസ്ഥക്ക് എത്രമാത്രം മനുഷ്യത്വ രഹിതമായി ഇടപെടാന്‍ കഴിയും എന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേറെ ഉണ്ടാകില്ല. 1960 കളില്‍ തഞ്ചാവൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദലിതരായ കര്‍ഷകര്‍ മെച്ചപ്പെട്ട കൂലി ചോദിച്ച്​ സി.പി.എം നേതൃത്വത്തില്‍ സമരം ചെയ്​തു തുടങ്ങി. കര്‍ഷകര്‍ സംഘടിക്കുകയും കൂലി കൂട്ടി ചോദിക്കുകയും ചെയ്തത് ജന്മിമാരെ അലോസരപ്പെടുത്തി. കൂലി വർധനവിന്​ വിളവെടുക്കാതെ പണി മുടക്കുക കൂടി ചെയ്തതോടെ കമ്യൂണിസ്റ്റുകാരായ കര്‍ഷകരെ പാഠം പഠിപ്പിക്കാന്‍ ജന്മിമാരും ലോക്കല്‍ പൊലീസ് സംവിധാനവും തീരുമാനിച്ചു. 1969 ഡിസംബര്‍ 25 ന്​ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അധികം സമാനതകളില്ലാത്ത ക്രൂരതക്കാണ് കീഴ്​ വെൺമണി ഗ്രാമം സാക്ഷിയായത്. ജന്മിമാരും ഗുണ്ടകളും പൊലീസ് സഹായത്തോടെ ഗ്രാമം വളയുകയും വീടുകള്‍ക്ക് തീയിടുകയും ചെയ്തു. 23 കുട്ടികളും 16 സ്ത്രീകളും അടക്കം 44പേരാണ് ആ രാത്രി വെന്തു മരിച്ചത്. 

cpm
2019-ല്‍ ആനമലൈ ടൈഗര്‍ റിസര്‍വില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കല്ലാര്‍ കാടര്‍ വിഭാഗത്തിലെ 23 കുടുംബങ്ങള്‍ക്ക്, തമിഴ്‌നാട് ട്രൈബല്‍സ് അസോസിയേഷന്‍, ഏക്ത പരിഷത് സംഘടനകളുടെ ശ്രമഫലമായി 2021 നവംബര്‍ ഏഴിനാണ് പുതിയ പട്ടയം ലഭിച്ചത്.

സമാനമായ മറ്റൊരു സംഭവം നടക്കുന്നത് 1992 ല്‍ ധര്‍മപുരി ജില്ലയിലെ വചതി എന്ന ഗ്രാമത്തിലാണ്. ജൂണ്‍ 20ന്​ റെയ്ഡ് എന്ന പേരില്‍ വചതി എന്ന ആദിവാസി ഗ്രാമത്തിലേക്ക് വലിയ സംഘം പൊലീസുകാരുള്‍പ്പെടയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതിക്രമിച്ചു കയറി. വീരപ്പന്റെ സഹായികളാണ് ഗ്രാമീണര്‍ എന്ന വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു റെയ്​ഡ്​. റെയിഡിന്റെ മറവില്‍ ക്രൂരമായ സ്റ്റേറ്റ് വയലന്‍സാണ് ഗ്രാമീണര്‍ക്കുനേരെ അഴിച്ചു വിട്ടത്. ഉദ്യോഗസ്ഥ സംഘം വീടുകളും മറ്റ് വസ്തുക്കളും തകര്‍ക്കുകയും ആളുകളെ ഭേദ്യം ചെയ്യുകയും 18 സ്ത്രീകളെ ലൈംഗികാക്രമണത്തിനിരയാക്കുകയും ചെയ്​തു. 20 വര്‍ഷത്തോളമാണ് സി.പി.എം നേതൃത്വത്തില്‍ വചതിയിലെ ഗ്രാമീണര്‍ക്കുവേണ്ടി കേസ് നടത്തിയത്. 2011 സ്‌പെറ്റംബര്‍ 29 ന്​ പ്രതികളായ 269 പ്രതികളെയും കോടതി കുറ്റക്കാരായി വിധിച്ചു. അപ്പോഴേക്കും കുറ്റക്കാരില്‍ 54 പേര്‍  മരിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത്രയധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസ് ഉണ്ടാകില്ല. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജാതി വിരുദ്ധ സമരങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സംഘടന Tamil Nadu Untouchability Eradication Front (TNUEF) എന്ന സി.പി.എമ്മിന്റെ ബഹുജന സംഘടനയാണ്. 2007 രൂപീകരിച്ച ഈ സംഘടനയുടെ പ്രധാന ഉദ്ദേശ്യം, സി.പി.എം ഉള്‍പ്പെടെയുള്ള സംഘടനകള്‍ അയിത്തത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തി പകരുകയാണ്. മധുര ജില്ലയിലെ ഉത്തപുരം ഗ്രാമത്തിലെ ജാതിമതില്‍ പൊളിച്ചാണ് TNUEF ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. ഗ്രാമത്തിലെ ദലിതരെ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന്​മാറ്റി നിര്‍ത്താന്‍ നിര്‍മിച്ചതായിരുന്നു ഈ ജാതിമതില്‍. ഉത്തപുരത്തെ വിജയത്തിന് ശേഷം നിരവധി ജാതിമതിലുകള്‍ തമിഴ്‌നട്ടിലുടനീളം തകര്‍ക്കപ്പെട്ടിരുന്നു. 
കഴിഞ്ഞ ഒന്നര ദശകത്തില്‍ നിരവധി സമരങ്ങള്‍ക്കാണ്  TNUEF  നേതൃത്വം നല്‍കിയത്. ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ തന്നെ വളരെ പിന്നാക്കം നില്‍ക്കുന്ന അരുദ്ധതിയാര്‍ വിഭാഗത്തിന്റെ സംവരണം, ദലിതര്‍ക്ക് ആരാധന നിഷേധിക്കുന്ന പ്രശ്​നം, ദലിതര്‍ക്ക് ഭൂമി ലഭിക്കാനുള്ള സമരങ്ങള്‍, ദുരഭിമാനക്കൊലക്കെതിരായ കാമ്പയിന്‍ തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് വലിയ സമര പോരാട്ടങ്ങള്‍ TNUEF തമിഴ്‌നാട്ടില്‍ നടത്തി വരുകയാണ്. 

jai-bhim
‘ജയ് ഭീം’ സിനിമയില്‍ നിന്ന്.

രാജാക്കണ്ണ് കൊലപാതകം 

‘ജയ് ഭീം’ സിനിമക്ക് ആധാരമായ കേസ് നടക്കുന്നത് 1993 ലാണ്. തമിഴ്നാട്ടിലെ കുടലൂർജില്ലയില്‍ ഒരു മോഷണവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കഥക്ക് ആധാരം. രാജാക്കണ്ണ് എന്ന കുറുമ്പര്‍ വിഭാഗത്തില്‍ പെട്ട ആദിവാസി യുവാവും ബന്ധുക്കളും കള്ളക്കേസില്‍ ലോക്കപ്പിലെത്തുകയും ക്രൂരമായ മര്‍ദ്ദനത്തിനിരയാകുകയും ഒടുവില്‍ കസ്റ്റഡിയില്‍ കൊല ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇതിനെ ലോക്കപ്പില്‍ നിന്ന്​ ആദിവാസി യുവാക്കള്‍ ഒളിച്ചുകടന്നു എന്ന രീതിയില്‍ വരുത്തിത്തീര്‍ക്കുകയായിരുന്നു. രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി എല്ലാ വഴിയുമടഞ്ഞപ്പോള്‍ പ്രദേശത്തെ സി.പി.എം നേതൃത്വത്തെ സമീപിക്കുന്നതോടെയാണ് മറ്റൊരു കേസ് പോലെ തേഞ്ഞുമാഞ്ഞു പോകുമായിരുന്ന രാജാക്കണ്ണ് കൊലപാതകം ഇന്ത്യന്‍ നിയമചരിത്രത്തിന്റെ ഭാഗമായത്. സി.പി.എം നേതൃത്വം വഴിയാണ് സജീവ പാര്‍ട്ടി പ്രവര്‍ത്തകനും തമിഴ്‌നാട്ടിലെ എസ്.എഫ്‌.ഐ യുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ അഡ്വ. ചന്ദ്രുവിലേക്ക് കേസ് എത്തുന്നത്. ഇദ്ദേഹം പിന്നീട് മദ്രാസ് ഹൈക്കോടതി ജഡ്ജിയായാണ് വിരമിച്ചത്. തുടക്കത്തില്‍ നടത്തിയ സമരപരിപാടികളോട് പൊലീസ് സംവിധാനം നിസ്സംഗത പാലിച്ചപ്പോഴാണ് നിയമത്തിന്റെ മാര്‍ഗത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ കേസിനെ കൊണ്ടുപോകുന്നത്. നിയമ യുദ്ധം നടക്കുമ്പോഴും സമരം തുടർന്നു. അന്ന് ഈ വിഷയത്തില്‍ ഇടപെട്ട കെ. ബാലകൃഷ്ണനാണ് ഇപ്പോള്‍ സി.പി.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി.

jai bhim
ജസ്റ്റിസ് ചന്ദ്രു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തില്‍ നടന്ന യഥാര്‍ഥ കഥയും അദ്ദേഹം അഭിഭാഷകനായിരുന്ന കാലത്ത് കൈകാര്യം ചെയ്ത കേസുമാണ് സിനിമയുടെ ഇതിവൃത്തം. Photo : Ajmal Mk Manikoth

ദിവസേന അഞ്ച്​ കസ്റ്റഡി മരണം ഇന്ത്യയില്‍ നടക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. യാതൊരു പ്രിവിലേജുമില്ലാത്ത, സര്‍ക്കാര്‍ രേഖകളില്‍ പോലും പേരില്ലാത്ത ഒരു വിഭാഗത്തിനുവേണ്ടി ഒരു പ്രസ്ഥാനം നടത്തിയ കോടതിക്ക് അകത്തും പുറത്തുമുള്ള പോരാട്ടമാണ്  ‘ജയ് ഭീം’. ഈ കേസില്‍ ആദ്യം ഇടപെട്ട സി.പി.എം കമ്മപുരം താലൂക്ക് കമ്മിറ്റി മെമ്പറായ സഖാവ് ഗോവിന്ദന് സമരങ്ങളില്‍ നിന്ന്​ പിന്മാറാന്‍ ലക്ഷക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങള്‍ വന്നതായാണ് അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തിയത്. നിരവധി തവണ ശാരീരികാക്രമണങ്ങളും പ്രദേശത്തെ പാര്‍ട്ടിക്കാര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ജസ്റ്റിസ് ചന്ദ്രുവിനെ  ഒരു പെട്ടി നിറയെ കാശുമായി പൊലീസുകാര്‍ കാണാന്‍ വന്നിരുന്നു എന്ന് സിനിമ ഇറങ്ങിയ ശേഷം വന്നൊരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുന്നുണ്ട്. എന്താകും ഇത്തരത്തില്‍ എല്ലാ പ്രതിബന്ധങ്ങളെയും പ്രലോഭനങ്ങളെയും മറികടന്ന്​ നീതിക്കായി നിലകൊള്ളാന്‍ ഇവരെയെല്ലാം ശക്തരാക്കിയ ഘടകം? അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഉള്‍ക്കൊള്ളാതെ ഇതിന് ഉത്തരം പറയാനാകില്ല.

കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തെക്കുറിച്ച്​ കാലാകാലങ്ങളായി പറഞ്ഞു നടക്കുന്ന, വലിയ ചരിത്ര വിരുദ്ധതയെ ഈ സിനിമ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ തന്നെ കഥയിലൂടെ പൊളിച്ചടുക്കുന്നുണ്ട്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാതിവിരുദ്ധ സമരങ്ങളിലെ നേതൃപരമായ പങ്കിനെ  ചരിത്ര വിരുദ്ധമായി റദ്ദ് ചെയ്യുന്ന സമീപനത്തിനുള്ള മറുപടിയാണ്  ‘ജയ് ഭീം’ എന്ന സിനിമ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും ജാതിയുടെ വിവിധ രൂപങ്ങള്‍ക്കെതിരായ സമരത്തിന്റെതുകൂടിയാണ്. അതില്‍ ഭാഗമായ അനേകം പേരുടെ പ്രതിനിധിയാണ് ജസ്റ്റിസ് ചന്ദ്രു അടക്കമുള്ളവര്‍. അവര്‍ക്കുള്ള സിനിമാറ്റിക്ക് ട്രിബ്യൂട്ടാണ് ഈ ചിത്രം.
സമീപകാലത്തെ ചില സിനിമകളില്‍ വരാറുള്ള തികച്ചും അപ്രസക്തമായ മുഴച്ചു നില്‍ക്കുന്ന ഡയലോഗുകള്‍ക്കുപോലും പലപ്പോഴും ലഭിക്കുന്ന കയ്യടി, ജാതിയുടെ വയലന്‍സിനെ ഉടനീളം, സിനിമയുടെ കലാപരമായ ചേരുവകള്‍ ഒട്ടും ചോരാതെ, തുറന്നു കാട്ടുന്ന ഈ സിനിമക്ക് ചില കോണുകളില്‍ നിന്ന് ലഭിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഇക്കൂട്ടര്‍ കാലാകാലങ്ങളായി പറഞ്ഞു നടക്കുന്ന, മുകളില്‍ പറഞ്ഞ, വലിയ ചരിത്ര വിരുദ്ധതയെ സിനിമ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ തന്നെ കഥയിലൂടെ പൊളിച്ചടുക്കുന്നുണ്ട്. 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

സുദീപ്​ സുധാകരൻ

ബംഗളൂരു​ സെൻറ്​ ജോസഫ്​സ്​ കോളേജ്​ ഓഫ്​ ലോയിൽ അസിസ്​റ്റൻറ്​ പ്രൊഫസർ.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM