Federalism
പാര്‍ത്ഥാ ചാറ്റര്‍ജി
ഫെഡറലിസം ‘ദേശ-രാഷ്ട്ര'ത്തില്‍ നിന്ന്
‘ജന-രാഷ്ട്ര'ത്തിലേക്ക്
സംസ്ഥാനങ്ങള്‍ക്ക് കണ്‍കറൻറ് അധികാരമുള്ള ക്രമസമാധാനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൈകടത്തുക മാത്രമല്ല, ബാങ്കുകള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സംരംഭങ്ങള്‍ തുടങ്ങിയ സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളിലെ അതിക്രമസ്വഭാവമുള്ള കേന്ദ്ര ഇടപെടല്‍ ‘സ്വാഭാവിക'മായിരിക്കുന്നു.

ഇന്ത്യയില്‍ ഇപ്പോഴുള്ള ഭരണനേതൃത്വവും അത് മുന്നോട്ടുവെക്കുന്ന ദര്‍ശനവും നടപ്പാക്കുന്ന നയങ്ങളും ഫെഡറലിസത്തിന്റെ തത്ത്വങ്ങളെയും ആരോഗ്യകരവും ഫലപ്രദമായതുമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെയും പരിപോഷിപ്പിക്കുന്നതാണോ? 2014 ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്തു നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന മുഖ്യചോദ്യങ്ങളിലൊന്നാണിത്. പല പണ്ഡിതന്‍മാരും അടിവരയിടുന്ന ഒരു പരമാര്‍ഥം, തുടര്‍ച്ചയായി ഇന്ത്യയില്‍ വന്ന ഭരണകൂടങ്ങള്‍ക്കുകീഴില്‍ അധികാരവിതരണത്തില്‍ വളരെയധികം ആനുകൂല്യവും പ്രാമുഖ്യവും ലഭിച്ചത് കേന്ദ്രത്തിനാണെന്നത്രെ. എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് സുദൃഢമായിത്തീര്‍ന്ന ഒരു പുതിയ പ്രവണത കൂടി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതിവിപുലമായിത്തീര്‍ന്ന കേന്ദ്രീകരണോന്മുഖതയാണത്.
ബി.ജെ.പി യുടെ നിലവിലുള്ള രാഷ്ട്രീയതന്ത്രം, ഇന്ത്യയുടെ വടക്കു- പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ അതിനുള്ള ജനസ്വാധീനത്തെ സ്ഥായിയായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷമായി കേന്ദ്രത്തില്‍ പരിണമിപ്പിക്കുക എന്നതാണ്
ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വന്നശേഷം വിശേഷിച്ച് ന്യൂഡല്‍ഹി ബൃഹത്തായ ധനകാര്യാധികാരം പ്രയോഗിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കണ്‍കറൻറ് അധികാരമുള്ള ക്രമസമാധാനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൈകടത്തുക മാത്രമല്ല, ബാങ്കുകള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സംരംഭങ്ങള്‍ തുടങ്ങിയ സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളിലും മണ്ഡലങ്ങളിലും പിടിമുറുക്കിയും അതിക്രമസ്വഭാവമുള്ള ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ‘സ്വാഭാവിക'വും സാധാരണവുമായിരിക്കുന്നു.
ബി.ജെ.പി യുടെ നിലവിലുള്ള രാഷ്ട്രീയതന്ത്രം, ഇന്ത്യയുടെ വടക്കു- പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ അതിനുള്ള ജനസ്വാധീനത്തെ സ്ഥായിയായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷമായി കേന്ദ്രത്തില്‍ പരിണമിപ്പിക്കുക എന്നതാണ്. ഈ തന്ത്രത്തിലൂടെ ഇന്ത്യന്‍ ഭരണകൂടത്തെപ്പറ്റി ആ പാര്‍ട്ടി വിഭാവനം ചെയ്യുന്ന നായകത്വ- അധീശത്വ ദര്‍ശനം ഇന്ത്യയൊട്ടുക്കും അടിച്ചേല്‍പ്പിക്കാനുള്ള യത്നം സുഗമമാകുമെന്ന് അവര്‍ കരുതുന്നു. ഇത് ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്ന പദ്ധതിയുമായി പരിപൂര്‍ണമായി യോജിച്ചുപോകുന്നതാണ്.

ഇന്ത്യയില്‍ ഇപ്പോഴുള്ള ഫെഡറല്‍ സ്വരൂപം ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ പിന്തുടര്‍ച്ചയാണ്. ഭരണകൂടത്തിന്റെ സുസ്ഥാപിത ഘടനകളുടെ അധീശാധികാരമാണ് അതിന്റെ ആധാരം. 1950കളിലും 1960 കളിലും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഉയര്‍ന്നുവന്ന ആവശ്യം രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ദൃഢനിശ്ചയമുള്ള ജനനീക്കത്തിന് അരങ്ങൊരുക്കി. കൊളോണിയലിസത്തിന്റെ ബാക്കിപത്രമായ കൊളോണിയല്‍ ഘടനകളെയും രൂപങ്ങളെയും ‘ജന-രാഷ്ട്രം' (People Nation) എന്ന രാഷ്ട്രീയാവസ്ഥയ്ക്ക് അനുസൃതമായി പൊരുത്തപ്പെടുത്തി പുനര്‍നിര്‍വചിക്കാനുള്ള ശ്രദ്ധേയ ചുവടുവെയ്പായിരുന്നു അത്.
1956 നു ശേഷം ഇന്ത്യന്‍ പ്രവിശ്യകളുടെയും മുന്‍ നാട്ടുരാജ്യങ്ങളുടെയും പ്രദേശപരമായ പുനഃസംഘാടനം ഭാഷാതത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും അത് പക്ഷേ, ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ പുനര്‍വ്യാഖ്യാനത്തിലേക്ക് നയിച്ചില്ല. ഇത് രണ്ടുതരത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ പ്രതിഫലിച്ചു. ഒന്ന്, ‘ദേശ- രാഷ്ട്രം' എന്ന അധികാരാനുകൂല്യമുള്ള വ്യവഹാരത്തിന് ‘ജന- രാഷ്ട്രം' എന്ന വ്യവഹാരത്തിനു മേല്‍ മേധാവിത്വം ലഭിച്ചു. രണ്ട്, ഫെഡറല്‍ ഘടനയ്ക്കകത്ത് തന്നെ ശക്തിയാര്‍ജ്ജിച്ച കേന്ദ്രീകരണ പ്രവണതയാണ്.
ഫെഡറല്‍ ബന്ധങ്ങളെപ്പറ്റിയുള്ള കൂടിയാലോചനയുടെ അടിസ്ഥാനം, ജന-രാഷ്ട്രത്തിന്റെ ഓരോ മേഖലാസംവിധാനത്തിനും പൂര്‍വാംഗീകാരത്തോടെയുള്ള തുല്യ രാഷ്ട്രീയ നിയമസാധുത ആവശ്യകോപാധിയാവണം എന്നതാണ്. ഇതിനെ ആപേക്ഷിക സമീപനം എന്നു വിളിക്കാം. ഇതാകണം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭരണസംബന്ധവും സാമ്പത്തികവുമായ ബന്ധങ്ങളുടെയും വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും മുന്നാക്കവും പിന്നാക്കവുമായ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയുമെല്ലാം നിയമപരവും ഭരണഘടനാപരവുമായ തര്‍ക്കവിഷയങ്ങളുടെ അടിപ്പടവാകേണ്ടത്. ഈ സമീപനം തന്നെയാവണം നിര്‍ബന്ധമായും വിശിഷ്ട പദവിയുള്ള പ്രത്യേക സംസ്ഥാനങ്ങളുടെ കാര്യത്തിലും അനുവര്‍ത്തിക്കേണ്ടത്.
ഹിന്ദുത്വ വീക്ഷണം നമ്മുടെ ചരിത്രങ്ങളെ കൈകാര്യം ചെയ്യുന്നത് മറ്റൊരു വിധത്തിലാണ്. രാഷ്ട്രം തന്നെയാണ് ജനതയെന്ന് സ്ഥാപിക്കുന്ന, രണ്ടും രണ്ടല്ലെന്ന് വരുത്തുന്ന ദേശീയവാദ ഭാവനയില്‍ അധിഷ്ഠിതമാണത്
ഇപ്പറഞ്ഞ ആപേക്ഷിക വീക്ഷണം, ഇന്ത്യ എന്ന രാഷ്ട്രത്തെപ്പറ്റിയുള്ള പ്രബലവും ആധിപത്യവുമുള്ള ആശയത്തിന്റെ വിമര്‍ശം ഉള്‍ക്കൊള്ളുന്നു. ഇപ്പോള്‍ സമൂഹത്തില്‍ നടുനായകത്വം (hegemony) നേടാന്‍ മല്ലിടുന്ന രണ്ട് മാനക വീക്ഷണങ്ങളുണ്ട് (Normative views)- ബഹുത്വ വീക്ഷണവും ഹിന്ദുത്വ വീക്ഷണവും. രണ്ടും ശഠിക്കുന്നത് രാഷ്ട്രം ഏകവചനം ആണെന്നാണ്. ബഹുത്വ വീക്ഷണം ആധുനികവും ഉദാരവും ഭരണഘടനാപരവുമായ രാഷ്ട്രമൂല്യങ്ങള്‍ക്ക് പ്രാഥമ്യം കൊടുക്കുന്നു. ഇത് മുഖ്യമായി ആവിഷ്‌കരിക്കപ്പെടുന്നത് ആംഗലേയത്തിലാണ്. ഇത്തരക്കാര്‍ പ്രധാനമായുള്ളത്, ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന നാഗരിക വരേണ്യ വിഭാഗത്തിലാണ്. കോര്‍പ്പറേറ്റ് ബിസിനസ് ഹൗസുകളിലും ബ്യൂറോക്രസിയുടെ കേന്ദ്രഭാഗങ്ങളിലും നാഗരിക തൊഴില്‍ മണ്ഡലങ്ങളിലെ ഉന്നതശ്രേണികളിലുമാണ് ഇക്കൂട്ടര്‍ ഏറെയുള്ളത്.
ഹിന്ദുത്വ വീക്ഷണം നമ്മുടെ ചരിത്രങ്ങളെ കൈകാര്യം ചെയ്യുന്നത് മറ്റൊരു വിധത്തിലാണ്. രാഷ്ട്രം തന്നെയാണ് ജനതയെന്ന് സ്ഥാപിക്കുന്ന, രണ്ടും രണ്ടല്ലെന്ന് വരുത്തുന്ന ദേശീയവാദ ഭാവനയില്‍ അധിഷ്ഠിതമാണത്. ഈ വീക്ഷണത്തിന്റെ പ്രചാരണം നടക്കുന്നത് ഉത്തരേന്ത്യയിലെയും പശ്ചിമേന്ത്യയിലെയും അച്ചടി സാഹിത്യം മുഖേനയാണ്; അതില്‍ സകല രചനകളും ഉള്‍പ്പെടും. ഈ കാഴ്ചപ്പാടിന് സാമൂഹികമായി സ്വാധീനമുള്ളത് ബ്രാഹ്‌മണ-ക്ഷത്രിയ-ബനിയ ജാതികളുടെ സഖ്യത്തിനകത്താണ്. ഈ ജാതിസഖ്യമാകട്ടെ ഭൂവുടമസ്ഥതയുള്ള കര്‍ഷക ജാതിവിഭാഗങ്ങളുമായി ശ്രേണീബദ്ധമായി യോജിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ബാന്ധവം പ്രവര്‍ത്തനക്ഷമമാകുന്നത് സങ്കുചിതവും ഭക്തിപരവുമായ മതശാഖാ സമുദായങ്ങള്‍ മുഖേനയുമാണ്.

ഹിന്ദുത്വ വീക്ഷണം വര്‍ത്തമാനഘട്ടത്തില്‍ മത- ജാതി- ഭാഷാ വിഭജനവും ഭിന്നതയും ഉല്ലംഘിച്ച് രാജ്യത്തെ ഹിന്ദുരാഷ്ട്രത്തിന് അനുരൂപമാക്കുകയാണ് ചെയ്യുന്നത്. ബഹുത്വ വീക്ഷണവും ഹിന്ദുത്വ വീക്ഷണവും പങ്കുവെക്കുന്ന പൊതുധാരണ ഒന്നുതന്നെയാണ്. അതായത്, നിലനില്‍ക്കുന്ന ദേശ- രാഷ്ട്രത്തിന്റെ ഏകതയ്ക്കും സ്ഥിരതയ്ക്കും മേഖലാതലത്തിലുള്ള സ്വയംഭരണാധികാരത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തേക്കാള്‍ മുന്‍ഗണന നല്‍കണമെന്നതാണത്.
ഈ സന്ദര്‍ഭത്തിലാണ് ഹിന്ദി ഭാഷയുടെ അനന്യസ്ഥാനം മുന്നിലേക്കുവരുന്നത്. ഹിന്ദി ഭാഷയിലൂടെയാണ് ജനതയുടെ ചരിത്രത്തെ ദേശചരിത്രവുമായി ഏകീഭവിപ്പിക്കാനുള്ള മാര്‍ഗം രാഷ്ട്രം തേടുന്നത്. ഇക്കാര്യത്തില്‍ ഹിന്ദിയുടെ നില മറ്റുള്ള ഇന്ത്യന്‍ ഭാഷകള്‍ക്ക് ഒപ്പമല്ല. വളരെ മീതെയാണ്. നാനാതരത്തിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലൂടെ ഹിന്ദിക്ക് പ്രചാരവും സ്ഥാനോത്കര്‍ഷവും നല്‍കുന്നുണ്ട്. ഇതിനേക്കാള്‍ ഹിന്ദിയുടെ പ്രചാരത്തിന് പ്രഭാവമേകുന്നത് ബോളിവുഡ് സിനിമകളും ടെലിവിഷന്‍ വാര്‍ത്തകളും വിനോദ പരിപാടികളും വാണിജ്യ പരസ്യങ്ങളുമാണ്. ഹിന്ദിക്ക് മീഡിയയുമായുള്ള ബന്ധം ആ ഭാഷയുടെ വ്യാപനത്തിനു മാത്രമല്ല പ്രാദേശികഭാഷാവിധാനങ്ങളായ ഗുജറാത്തി, മറാഠി, ബംഗാളി, ഒഡിയ പോലുള്ളവയുടെ സ്വയംഭരണാധികാരത്തെ കീഴ്പ്പെടുത്താന്‍ സാധിക്കുമെന്ന സൂചനകളും ലഭ്യമാണ്.
അനേകം സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ബി.ജെ.പി ഉണ്ടാക്കിയെടുത്തത് വ്യതിരിക്തമായ ഒരു പാര്‍ട്ടി വ്യവസ്ഥയാണ്. ഈ വിരുദ്ധ സ്വഭാവമുള്ള ഘടകങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അധീശത്വാഭിനിവേശമുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തെ വഴികാട്ടുന്നത് തുടരും
രണ്ട് ദേശീയ പാര്‍ട്ടികളും - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഭാരതീയ ജനതാ പാര്‍ട്ടിയും - നേതൃത്വപരമായും സംഘടനാപരമായും അത്യന്തം കേന്ദ്രീകരണ പ്രകൃതമുള്ളവയാണ്. ഭരണം കൈയാളുന്ന ബി.ജെ.പി, ഫെഡറല്‍ തിരഞ്ഞെടുപ്പ് വ്യവസ്ഥയെ കേന്ദ്രീകൃതരൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിവിന്റെ പരമാവധി നോക്കുന്നുണ്ട്. പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് വ്യവസ്ഥയെ മാത്രമല്ല ഫെഡറല്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും പ്രസിഡന്‍ഷ്യല്‍ രൂപത്തിലേക്ക് മാറ്റാനാണ് ബി.ജെ.പി കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം - ‘ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്' - തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു.
ബി.ജെ.പിയുടെ ഈ അധീശത്വ നിര്‍ഭരമായ ഉന്നം പ്രത്യക്ഷമാക്കിയ കാര്യപരിപാടികള്‍ നാം കാണുകയുമുണ്ടായി. ഉത്തര്‍പ്രദേശിലും ബീഹാറിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മുസ്‌ലിംകളെ പാടേ പുറംതള്ളിയത്, ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, പൗരത്വ ഭേദഗതി നിയമം, ഭരണകൂട കാര്‍മികത്വത്തില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാപനം നടത്തിയത്... അങ്ങനെ പലതും.
ഈ അധീശത്വമോഹത്തിനും ഹിന്ദുരാഷ്ട്രത്തിന്റെ സ്ഥാപനവത്കരണതന്ത്രത്തിനും മുന്‍പിലുള്ള മുഖ്യമുടക്കം അടിക്കടി ആവര്‍ത്തിക്കുന്ന പ്രാദേശിക അവകാശബോധ്യങ്ങളും മേഖലാപരമായ പരാതികളും അന്യായങ്ങളും ജാതിസംഘര്‍ഷവും വിഭാഗീയ അവകാശവാദങ്ങളുമുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളാണ്. ഈ വര്‍ണവിചിത്രമായ ഘടകാംശങ്ങളാണ് ‘ജന-രാഷ്ട്രം' എന്ന ആശയത്തെ നിര്‍മിക്കുന്നത്.

അനേകം സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ബി.ജെ.പി ഉണ്ടാക്കിയെടുത്തത് വ്യതിരിക്തമായ ഒരു പാര്‍ട്ടി വ്യവസ്ഥയാണ്. ഈ വിരുദ്ധ സ്വഭാവമുള്ള ഘടകങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അധീശത്വാഭിനിവേശമുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തെ വഴികാട്ടുന്നത് തുടരും. പ്രതിപക്ഷശക്തികള്‍ കൂടെക്കൂടെ ജനകീയ സമരങ്ങളെ പിന്തുണച്ച് അവയുടെ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും അവയ്ക്ക് ഏകീകൃത പ്രകൃതമില്ല. പ്രതിപക്ഷശക്തികളുടെ ഈ അസംഘടിതസ്ഥിതി അധീശത്വവാഞ്ഛയുള്ള ഹിന്ദുത്വപദ്ധതിയെ വെല്ലുവിളിക്കാന്‍ പര്യാപ്തമല്ല.
ദേശ-രാഷ്ട്രവും ജന-രാഷ്ട്രവും തമ്മിലുള്ള ഒരു വ്യത്യസ്ത ബന്ധം നാം വിഭാവനം ചെയ്യേണ്ടതുണ്ട്. ഇത് പക്ഷേ, ഹിന്ദുരാഷ്ട്രവീക്ഷണത്തിന്റെ ഏകാത്മകദര്‍ശനത്തോടോ ബഹുത്വവീക്ഷണം ഉദ്ഘോഷിക്കുന്ന, പല അനുബന്ധശാഖകള്‍ കൂടിച്ചേര്‍ന്ന നാഗരിക ഐക്യം എന്ന ആശയത്തോടോ സമര്‍പ്പണം ചെയ്യുന്നതാകരുത്. ഈ വ്യത്യസ്ത വിഭാവനം ഊന്നല്‍ കൊടുക്കുന്നത് സമൂഹത്തിലെ അനേകം വ്യതിരിക്ത സാംസ്‌കാരിക രൂപവത്കരണങ്ങളെ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിലെ തുല്യഘടകങ്ങളായി പരിഗണിക്കുന്നതായിരിക്കണം എന്നതിലാണ്. ഇത് പക്ഷേ, ഭരണഘടനയുടെ സമൂലമായ പുനഃസംഘാടനത്തിന് വാദിക്കുന്നില്ല. അതിനേക്കാള്‍, കൂടുതല്‍ സമുചിതവും നീതിനിഷ്ഠവുമായ ഒരു ഫെഡറല്‍ സമ്പ്രദായം പ്രാബല്യത്തില്‍ വരുത്താനുള്ള അശ്രാന്തപരിശ്രമമാണ് വേണ്ടത്. 1950 കളിലും 1960 കളിലും ഭാഷാസംസ്ഥാനങ്ങള്‍ക്കുവേണ്ടി ഏകോപിത ജനമുന്നേറ്റം ഉണ്ടായപ്പോള്‍ സഫലമാക്കപ്പെട്ട ഒരു പരിതോവസ്ഥ സൃഷ്ടിക്കുക എന്നര്‍ഥം.▮
വിവർത്തനം: ലിഷ കെ.കെ.
(എം.ജി സര്‍വകലാശാലയിലെ ‘ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷന്‍' സംഘടിപ്പിച്ച സ്‌കോളര്‍സ് ഓഫ് എമിനെന്‍സ് വെബ് ലക്‌ചേഴ്‌സില്‍ പാര്‍ത്ഥാ ചാറ്റര്‍ജി നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം. ഈ പ്രഭാഷണ സംഗ്രഹം കൗണ്ടര്കറൻറ്സില് (ഏപ്രില്‍ 24, 2021) എഴുതിയത് ഡോ. കെ.എം. സീതി . കടപ്പാട് : കൗണ്ടര്‍ കറൻറ്സ്.)