Wednesday, 08 February 2023

പഠന റിപ്പോർട്ട്​


Text Formatted

കെമിക്കൽ സയൻസിലെ 
മലയാളി സ്​ത്രീ സാന്നിധ്യം

ചില കണ്ടെത്തലുകൾ

കേരളത്തിലെ ഒരു പെണ്‍കുട്ടിയ്ക്ക് കെമിക്കല്‍ സയന്‍സ് മേഖലയിലേക്ക് കടന്നുവരാനും അതില്‍ തന്നെ തുടരാനും എത്രത്തോളം സാധ്യമാണ്? ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്​ത്രീകൾ ഏതൊക്കെ കടമ്പ കടന്നാണ് ഇവിടെയെത്തിയത്?  ‘സ്ത്രീകളുടെ കരിയര്‍വഴികള്‍ കെമിക്കല്‍ സയന്‍സ് മേഖലയില്‍: വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള അന്വേഷണം’ എന്ന പഠനത്തിലെ കണ്ടെത്തലുകൾ.

Image Full Width
Image Caption
Photo: Muhammed Fasil
Text Formatted

കെമിസ്ട്രി, സ്​ത്രീ എന്നൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണ മേരി ക്യൂറിയുടെ പേരാണ് മനസ്സിലേക്ക് ഓടിയെത്തുക. ഹൈസ്‌കൂള്‍ ക്ലാസില്‍ ടീച്ചര്‍ ക്യൂറി കുടുംബത്തിന്റെ കഥ പറയുമ്പോള്‍ അഭിമാനത്തോടെ തന്റെ ഭാവിവഴികള്‍ സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയുടെ മുഖമാണ് എന്തോ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്നത്. മേരിയുടെ വഴിയെ അല്ലെങ്കിലും കെമിസ്ട്രിയുടെ ഏതെങ്കിലും ഒരു ശാഖയില്‍ പോലും എത്താന്‍ കഴിയാതെ അവള്‍ ശ്വാസം മുട്ടുന്നത്, കെമിസ്ട്രി ലാബിലെ ഷെല്‍ഫുകളിലൊന്നില്‍ സ്വപ്നം നിറച്ച് അവള്‍ വെച്ച ബീക്കര്‍ നിലത്തുവീണുടയുന്നത്, പങ്കാളിയും കുട്ടിയും മാത്രമുള്ള ഒരു കുമിളയിലേക്ക് സ്വയം നിറയുന്നത്, എല്ലാം ഒരു മിന്നായം പോലെ അവരോട് സംസാരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. എത്രയൊക്കെ ശ്രമിച്ചാലും പരമാവധി ഒരു ടീച്ചര്‍ പോസ്റ്റ്. അതിലപ്പുറം പോകാന്‍ കഴിയില്ലെന്ന ‘യാഥാര്‍ഥ്യം' അവള്‍ എപ്പൊഴോ അറിയാതെ അംഗീകരിച്ചിരുന്നു.

കെമിക്കല്‍ സയന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്​ത്രീകൾ ഏതൊക്കെ കടമ്പ കടന്നാണ് ഇവിടെയെത്തിയത്? സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കെമിസ്ട്രി ഇഷ്ടപ്പെടാനും തുടര്‍ന്ന് പഠിക്കാനും അവരെ പ്രേരിപ്പിച്ചതെന്തൊക്കെ?

കേരളത്തിലെ ഒരു പെണ്‍കുട്ടിയ്ക്ക് കെമിക്കല്‍ സയന്‍സ് മേഖലയിലേക്ക് കടന്നുവരാനും അതില്‍ തന്നെ തുടരാനും എത്രത്തോളം സാധ്യമാണ്? ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്​ത്രീകൾ ഏതൊക്കെ കടമ്പ കടന്നാണ് ഇവിടെയെത്തിയത്? സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കെമിസ്ട്രി ഇഷ്ടപ്പെടാനും തുടര്‍ന്ന് പഠിക്കാനും അവരെ പ്രേരിപ്പിച്ചതെന്തൊക്കെ? - ഒരു ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ഭാവി രസതന്ത്രമേഖലയിലെ മലയാളിസ്​ത്രീകളുടെ കരിയര്‍വഴികള്‍ വരച്ചിടാനുമാണ് ഞങ്ങള്‍ ആറുപേര്‍ ഒത്തുചേര്‍ന്നത്. പഠനത്തിന്റെ ഭാഗമായി ഞങ്ങൾ സംസാരിച്ച ചില സ്​ത്രീകളുടെ അനുഭവത്തിൽനിന്നാണ്​​ തുടക്കത്തിൽ വിവരിച്ച യാഥാർഥ്യം ഞങ്ങൾ തിരിച്ചറിഞ്ഞത്​.

ഒറ്റപ്പെട്ട വിജയകഥകളെ മാത്രം ആഘോഷമാക്കിയപ്പോള്‍ നമ്മള്‍ മറന്നുപോയ കുറെയേറെ മുഖങ്ങളുണ്ട്. സ്‌കൂളുകളിലും ട്യൂഷന്‍ സെന്ററുകളിലും ടീച്ചര്‍മാരാവാനും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പിക്കാനും വേണ്ടി മാത്രമാണോ ഇത്രയേറെ പെണ്‍കുട്ടികള്‍ കേരളത്തില്‍ കെമിസ്ട്രിയില്‍ ബിരുദവും ബിരുദാനന്തര ബിരുദങ്ങളും എടുക്കുന്നത്? ഇത്രയും ബിരുദങ്ങളുണ്ടായിട്ടും, കഴിവുണ്ടായിട്ടും ഒരു ജോലിയിലേയ്ക്ക് എത്തുന്നതുതന്നെ എത്രപേര്‍? 

chemistry

2020 ജൂണിൽ, ആദ്യ കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് ഈ പഠനത്തിന് ജീവന്‍വെയ്ക്കുന്നത്. ഇത് കെമിസ്ട്രിയിലെ മാത്രം പ്രശ്‌നമല്ലെന്നും പെണ്‍കുട്ടികള്‍ പൊതുവില്‍ നേരിടേണ്ടിവരുന്ന കടമ്പകളുടെ ഒരു ഉദാഹരണം മാത്രമാണെന്നുമുള്ള തിരിച്ചറിവോടെ തന്നെയായിരുന്നു തുടക്കം. പഠനത്തിനായുള്ള ഞങ്ങളുടെ പ്രോപ്പോസല്‍, കേംബ്രിഡ്ജ് ആസ്ഥാനമായ പ്രസിദ്ധ രസതന്ത്രക്കൂട്ടായ്മയായ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി അംഗീകരിച്ച് ധനസഹായം നല്‍കിയതോടെ പ്രോജക്ട് ആരംഭിച്ചു. കേരളത്തിന്റെ, വളരെ മികച്ചതെന്ന് നമ്മള്‍ പലപ്പോഴും അഭിമാനംകൊള്ളുന്ന വിദ്യാഭ്യാസമേഖലയില്‍, സ്ത്രീകള്‍ കടന്നുപോകുന്ന വഴികള്‍ അറിയുന്നതിന്റെ ഒരു തുടക്കമാണ് ഈ പഠനമെന്ന് പതിയെ ഞങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി. കെമിസ്ട്രി പശ്ചാത്തലത്തില്‍ നിന്ന്​ രണ്ടുപേര്‍ - ജാസില്‍, അനു; ഗവേഷണ- വിശകലനമേഖലയില്‍ നിന്ന്​ ജിതിന്‍, ഹനാന്‍; മനഃശാസ്ത്ര- സാമൂഹ്യശാസ്ത്രമേഖലയില്‍ നിന്ന്​ അസ്മാബി, ശ്രീനാഥ് - രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പഠന- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഞങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ ആദ്യം പങ്കുവെച്ചത് വിദ്യാഭ്യാസത്തിന്റെ പല ഘട്ടങ്ങളിലായി പലരും കൊഴിഞ്ഞുപോകുന്നത് കാണുമ്പോള്‍ തോന്നുന്ന പ്രയാസം തന്നെയായിരുന്നു. 

‘കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരമായും തൊഴില്‍പരമായും വളരെ മുന്നിലാണ്, അതിനാല്‍ ഇത്തരമൊരു പഠനം ഇവിടെ നടത്തേണ്ട ആവശ്യമൊന്നുമില്ല, മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയാല്‍ മതി' യെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് അവരില്‍ നിന്ന്​ ഞങ്ങള്‍ക്കു ലഭിച്ചത്.

പലപ്പോഴും ചര്‍ച്ചകളില്‍ സ്ത്രീകള്‍ വലിയ കണ്ടുപിടിത്തങ്ങളൊന്നും നടത്തിയിട്ടില്ലെന്ന വാദത്തിന് മറുപടിയായി മേരി ക്യൂറിയുടെ പേരുയര്‍ത്തുമ്പോള്‍, ആകെയൊരു ക്യൂറിയെ മാത്രമല്ലേ പറയാനുള്ളൂ എന്ന പരിഹാസം കേള്‍ക്കാറുണ്ടായിരുന്നുവെന്ന് എല്ലാവരും ശരിവെച്ചു. ഇനി മികച്ച സംരംഭക-ഗവേഷക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഇന്ത്യയിലെ സ്ത്രീകളാകട്ടെ, നമ്മളാല്‍ പ്രശംസിക്കപ്പെട്ടുമില്ല! മേരി ക്യൂറിമാര്‍ ആവര്‍ത്തിക്കാത്തതെന്ത്; നമ്മുടെയിടയിലെ മിടുക്കിമാരൊന്നും മേരി ക്യൂറിമാര്‍ ആയിത്തീരാത്തതെന്തെന്ന്; അതിനവര്‍ക്ക് നേരിടേണ്ടിവരുന്ന തടസങ്ങളെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ്  ‘Women's Career Pathway in Chemical Science,  A multistage investigation in Kerala' എന്ന പേരില്‍ പഠനം തുടങ്ങുമ്പോള്‍ ഞങ്ങളെ നയിച്ചത്. 2020 നവംബര്‍ വരെയാണ് പഠനത്തിനാസ്പദമായ സര്‍വേ നടന്നത്.

marry curry
മേരി ക്യൂറി / Photo: Wikimedia Commons

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ലാബുകള്‍ തുടങ്ങിയവയില്‍ കെമിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 262 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. പ്രാഥമിക വിവരശേഖരണ ഘട്ടത്തില്‍ തന്നെ ഈ മേഖലയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ സൂചന പ്രകടമായിരുന്നു. ഞങ്ങള്‍ വിവരശേഖരണത്തിനായി ബന്ധപ്പെട്ട ഭൂരിഭാഗം സ്ഥാപനങ്ങളിലും, പ്രത്യേകിച്ചും വ്യവസായസ്ഥാപനങ്ങളില്‍, സ്ത്രീപ്രാതിനിധ്യം വളരെ കുറവായിരുന്നു.  ‘കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരമായും തൊഴില്‍പരമായും വളരെ മുന്നിലാണ്, അതിനാല്‍ ഇത്തരമൊരു പഠനം ഇവിടെ നടത്തേണ്ട ആവശ്യമൊന്നുമില്ല, മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയാല്‍ മതി' എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് അവരില്‍ നിന്ന്​ ഞങ്ങള്‍ക്കു ലഭിച്ചത്. സ്ഥാപനങ്ങള്‍ വഴി ഞങ്ങള്‍ ബന്ധപ്പെട്ട സ്ത്രീകളില്‍ നിന്ന്​ പക്ഷെ, സര്‍വേയില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷമാണ് അറിയാന്‍ കഴിഞ്ഞത്. 

പഠനത്തില്‍ നിന്ന്​ ലഭിച്ച വിവരങ്ങള്‍ പലതും സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെ കുറിച്ചുമുള്ള (മിഥ്യാ)ധാരണകള്‍ മാറ്റുന്നതായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസേതര മേഖലകളായ വ്യവസായ സ്ഥാപനങ്ങള്‍, ലാബുകള്‍ തുടങ്ങിയവയില്‍ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ്; 262 പേരില്‍ 12 പേര്‍ മാത്രം. കേരളത്തിന്റെ സാമൂഹ്യരംഗത്ത് നിലനില്‍ക്കുന്ന ജാതീയ പിന്നാക്കാവസ്ഥ പഠനത്തിലും തെളിഞ്ഞുനിന്നു. പട്ടികജാതി- വർഗ വിഭാഗങ്ങളില്‍ നിന്ന്​ 13 പ്രതിനിധികള്‍ മാത്രമാണുണ്ടായിരുന്നത്, മൊത്തം പങ്കാളിത്തത്തിന്റെ അഞ്ചുശതമാനത്തില്‍ താഴെ മാത്രം.

lab2
സ്‌കൂളുകളില്‍ മികച്ച ലാബ് ഒരുക്കേണ്ടതിന്റെയും സിലബസില്‍ പരീക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതിന്റെയും ആവശ്യകതയിലേക്ക് പഠനം വിരല്‍ചൂണ്ടുന്നു. / Photo: Flickr

സ്‌കൂള്‍, ഡിഗ്രി, പി.ജി., പിഎച്ച്​.ഡി, വിവാഹം, ജോലി എന്നിങ്ങനെ തിരിച്ചുള്ള ചോദ്യങ്ങളായിരുന്നു സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിദ്യാഭ്യാസേതര മേഖലയിലെ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ അവസരങ്ങളില്ല എന്നു മാത്രമല്ല, കുടുംബത്തിന്റെ വലിയതോതിലുള്ള പിന്തുണ കിട്ടുന്നവര്‍ മാത്രമാണ് ആ മേഖലയില്‍ എത്തിച്ചേരുന്നത് എന്നതും വ്യക്തമായി. വിദ്യാഭ്യാസമേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കാകട്ടെ, കുടുംബപിന്തുണ കുറവും. കുടുംബപിന്തുണ ലഭിക്കാത്തതാകാം മറ്റു മേഖലകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിന്ന്​ സ്ത്രീകളെ പിന്നോട്ടുവലിക്കുന്നതെന്ന സൂചനയാകാം ഇതു നല്‍കുന്നത്. കെമിസ്ട്രി അധ്യാപികമാരായി സ്‌കൂളുകളില്‍ ജോലിചെയ്യുന്നവരാണ് ഏറ്റവും കൂടുതല്‍ ജോലിയില്‍ അസംതൃപ്തിയുള്ളവരായി കണ്ടെത്തിയത്. ഒരു വിദ്യാര്‍ഥിനി കെമിക്കല്‍ സയന്‍സ് തന്റെ കരിയര്‍ മേഖലയായി തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്ന് സ്‌കൂള്‍ അധ്യാപകരാണ്​എന്നിരിക്കേ (ഇതേ പഠനത്തിലെ മറ്റൊരു ശ്രദ്ധേയ ഫലം) അധ്യാപികമാരുടെ ഈ അസംതൃപ്തി പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, നേരത്തെ അമ്മയാവുന്നത് ജോലിക്ക് തടസമല്ലെന്ന് ഏറ്റവും കൂടുതല്‍ അഭിപ്രായപ്പെട്ടതും ഹൈസ്‌കൂള്‍ അധ്യാപികമാരാണ്.

സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേര്‍ക്കും, അതായത്​, 57.25 ശതമാനം പേർക്കും, കരിയര്‍ ഉപേക്ഷിച്ചുപോയ ഒരു സ്ത്രീ സുഹൃത്തിനെയെങ്കിലും അറിയാമെന്ന വസ്തുത ആശങ്കാജനകമാണ്. സംസ്ഥാനത്ത് ഈ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് ഉയര്‍ന്നതാണെന്ന് ഇതു തെളിയിക്കുന്നു.

സ്‌കൂള്‍ പഠനകാലത്ത് മികച്ച ലാബ് സൗകര്യം ലഭിച്ചവരാണ് പില്‍ക്കാലത്ത് ഗവേഷണമടക്കമുള്ള ഉന്നതനേട്ടങ്ങളിലേക്ക് എത്തിച്ചേരുന്നത് എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. സ്‌കൂളുകളില്‍ മികച്ച ലാബ് ഒരുക്കേണ്ടതിന്റെയും സിലബസില്‍ പരീക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതിന്റെയും ആവശ്യകതയിലേക്ക് പഠനം വിരല്‍ചൂണ്ടുന്നു. അതേസമയം, നിലവില്‍ ബിരുദം ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയായുള്ളവര്‍ പഠനകാലത്ത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നതായും കണ്ടെത്തി. സാമ്പത്തികപരിമിതികള്‍ കരിയര്‍ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നു എന്നതിനെ ഇത് അടിവരയിടുന്നു.
വീട്ടുജോലി മൂലം കരിയറില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നവരില്‍ വിവാഹിതരും അവിവാഹിതരും ഒരുപോലെയാണെന്ന കണ്ടെത്തല്‍ അപ്രതീക്ഷിതമായിരുന്നു. വിവാഹത്തിനുമുന്‍പും ശേഷവും വീട്ടുജോലി സ്ത്രീക്ക് മാത്രമാണെന്ന സാമൂഹിക കാഴ്ചപ്പാട് കരിയറില്‍ മുന്നേറുന്നതില്‍ നിന്ന്​എത്രത്തോളം സ്ത്രീകളെ തടയുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. വിവാഹിതരായ സ്ത്രീകള്‍ക്ക് പഠന/ജോലി സംബന്ധമായ സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ തടസങ്ങളുള്ളതായും കണ്ടെത്തി. ഈ തടസങ്ങളുടെ തീവ്രത വിദ്യാഭ്യാസയോഗ്യത കൂടുന്നതനുസരിച്ച് കൂടുന്നുണ്ടെന്നുള്ളതും കൗതുകവും ആശങ്കയും ജനിപ്പിക്കുന്നു.

രക്ഷിതാക്കളുടെ, പ്രത്യേകിച്ച് മാതാവിന്റെ വിദ്യാഭ്യാസയോഗ്യത പെണ്‍കുട്ടികളുടെ കരിയര്‍ വളര്‍ച്ചയ്ക്ക് അടിത്തറയാകുന്നതെങ്ങനെയെന്ന് പഠനം അടിവരയിടുന്നുണ്ട്. സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിനുപുറമെ പെണ്‍കുട്ടികളെ ദൂരെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കാനനുവദിക്കുന്നതിലും, പെണ്‍കുട്ടികള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും, വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിലുമടക്കം നിര്‍ണായകഘടകമായി പ്രവര്‍ത്തിക്കുന്നത് മാതാപിതാക്കളുടെ വിദ്യാഭ്യാസയോഗ്യതയാണ്. പിതാവിന്റെ വിദ്യാഭ്യാസ യോഗ്യത പ്രൈമറി സ്‌കൂള്‍ മാത്രമുള്ള സ്ത്രീകള്‍ മറ്റുള്ളവരെ അപേക്ഷിച്ച്​ സഹപാഠികളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ കൂടുതല്‍ ഉപദ്രവങ്ങള്‍ നേരിട്ടതായും വിവാഹശേഷം കരിയറില്‍ മാറ്റം വരുത്താന്‍ കൂടുതല്‍ സമ്മര്‍ദം നേരിടുന്നതായും കണ്ടെത്തി.

lab3
മേരി ക്യൂറിമാര്‍ ഉണ്ടാവുന്നത്, സമൂഹത്തിന് ഉപകാരപ്രദമായ കണ്ടെത്തലുകള്‍ നടത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നത്, ഓരോ കെമിസ്ട്രി ലാബുകളില്‍ നിന്നും സ്വപ്നങ്ങള്‍ ചിറകുവെച്ചുയരുന്നത് - കേവലം വ്യക്തിപരമായ പരിശ്രമങ്ങള്‍ കൊണ്ട് മാത്രമല്ല. / Photo: Muhammed Fasil

സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേര്‍ക്കും, അതായത്​, 57.25 ശതമാനം പേർക്കും, കരിയര്‍ ഉപേക്ഷിച്ചുപോയ ഒരു സ്ത്രീ സുഹൃത്തിനെയെങ്കിലും അറിയാമെന്ന വസ്തുത ആശങ്കാജനകമാണ്. സംസ്ഥാനത്ത് ഈ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് ഉയര്‍ന്നതാണെന്ന് ഇത് തെളിയിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയാണ്. സ്ഥാപനങ്ങളോടുചേര്‍ന്നുള്ള ഡേ കെയര്‍ സെന്ററുകള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ ലഭ്യത, ലാബുകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കിടയിലും മുന്നിട്ടുനില്‍ക്കുന്നത് കുടുംബ- സാമൂഹിക പിന്തുണയാണെന്നത്, കരിയറില്‍ ഉയര്‍ന്നുവരാന്‍ സ്ത്രീകള്‍ എത്ര പ്രയാസമനുഭവിക്കുന്നു എന്നതിന്റെ തെളിവാണ്.

വനിതാ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയും ഗവേഷണത്തില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് ഡിപ്പാര്‍ട്ട്‌മെൻറ്​ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (DST) യുടെ  ‘കിരണ്‍ സ്‌കീം’. എന്നാല്‍, നമ്മളില്‍ മിക്കവര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല.

അതേസമയം, അവസരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തടസം സൃഷ്ടിക്കുന്നുണ്ട്. സയൻസ്​, ടെക്​നോളജി, എന്‍ജിനീയറിങ്​, മാത്​സ്​ മേഖലയിൽ  (Science, Technology, Engineering and Maths-  STEM) മേഖലയില്‍ സ്ത്രീപങ്കാളിത്തം ഉറപ്പാക്കാന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളുണ്ട്. എന്നാല്‍, ഭൂരിഭാഗം ആളുകള്‍ക്കും അവയെക്കുറിച്ച് അറിയില്ല. ഉദാഹരണത്തിന്, വനിതാ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയും ഗവേഷണത്തില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് ഡിപ്പാര്‍ട്ട്‌മെൻറ്​ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (DST) യുടെ ‘കിരണ്‍ സ്‌കീം’. എന്നാല്‍, നമ്മളില്‍ മിക്കവര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല. പെണ്‍കുട്ടികള്‍ക്ക് സവിശേഷമായി വ്യക്തിത്വ വികാസ ക്ലാസ്​ കൊടുക്കണമെന്നതും സര്‍വേയില്‍ പങ്കെടുത്തവരുടെ നിര്‍ദ്ദേശങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു.

പഠനഫലങ്ങളുടെ വെളിച്ചത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: തുല്യജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുക- പ്രത്യേകിച്ച്​ സ്വകാര്യ, വിദ്യാഭ്യാസേതര മേഖലകളില്‍, പരീക്ഷണാഭിമുഖ്യം വളര്‍ത്താൻ വിദ്യാര്‍ഥികള്‍ക്ക് ടൂള്‍ കിറ്റ്​ ലഭ്യമാക്കുക, തൊഴിലിടങ്ങള്‍ മാതൃ- ശിശു സൗഹൃദമാക്കുക, കെമിക്കല്‍ സയന്‍സ് കമ്യൂണിറ്റിക്കുള്ളിലും പ്രാദേശിക കൂട്ടായ്മകളിലും ചര്‍ച്ച നടത്തുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുക. 

lab4
കെമിക്കല്‍ സയന്‍സ് മേഖലയില്‍ മുന്നോട്ടുപോകാൻ കേരളത്തിലെ സ്ത്രീകളനുഭവിക്കുന്ന പ്രയാസങ്ങള്‍ ശാസ്ത്രീയരീതിയില്‍ വിശദീകരിക്കാന്‍ പഠനത്തിലൂടെ സാധിച്ചിട്ടുണ്ട്. / Photo: Unsplash

കരിയര്‍ വഴികളില്‍ മതം, ജാതി എന്നിവയുടെ സ്വാധീനത്തെക്കുറിച്ച് സൂക്ഷ്മമായ പഠനങ്ങളുടെ അനിവാര്യത ഞങ്ങളുടെ പ്രാഥമികഫലങ്ങള്‍ ശരിവെക്കുന്നു.

കെമിക്കല്‍ സയന്‍സ് മേഖലയില്‍ മുന്നോട്ടുപോകാൻ കേരളത്തിലെ സ്ത്രീകളനുഭവിക്കുന്ന പ്രയാസങ്ങള്‍ ശാസ്ത്രീയരീതിയില്‍ വിശദീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മകളെ ഉത്തേജിപ്പിക്കുന്നതിന്​ ‘കെമിക്യൂള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, ഈ പഠനം ഈ ദിശയിലുള്ള നമ്മുടെ ആദ്യചുവട് മാത്രമാണെന്നും ഇതിലെ ഓരോ കണ്ടെത്തലുകളും വിശദമായ തുടര്‍പഠനങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും 
വ്യക്തമാണ്. പഠനത്തിലെ കണ്ടെത്തലുകളെല്ലാം കേരളത്തിലെ സാമൂഹിക - സാമുദായിക - അക്കാദമിക നേതൃത്വങ്ങളുടെ അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നതാണെന്ന് പഠനം വിലയിരുത്തിയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

മേരി ക്യൂറിമാര്‍ ഉണ്ടാവുന്നത്, സമൂഹത്തിന് ഉപകാരപ്രദമായ കണ്ടെത്തലുകള്‍ നടത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നത്, ഓരോ കെമിസ്ട്രി ലാബുകളില്‍ നിന്നും സ്വപ്നങ്ങള്‍ ചിറകുവെച്ചുയരുന്നത് - കേവലം വ്യക്തിപരമായ പരിശ്രമങ്ങള്‍ കൊണ്ട് മാത്രമല്ല, കുടുംബത്തിന്റെയും, അതുള്‍പ്പെടുന്ന സമൂഹത്തിന്റെയും കൂട്ടായ പിന്തുണയോടും കൂടിയാണെന്നതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. കേരളത്തില്‍ നിന്ന്​ കെമിസ്ട്രിയിലെ മികച്ച ഗവേഷകരെയും സംരംഭകരെയും അധ്യാപികമാരെയും വാര്‍ത്തെടുക്കുന്നതിലക്കുള്ള ഒരു ചുവടുവെപ്പായി ഈ പഠനം മാറട്ടെയെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.  

(റിപ്പോര്‍ട്ട് ലിങ്ക്: കേരളത്തിലെ സ്ത്രീകളുടെ കരിയര്‍ വഴികള്‍ കെമിക്കല്‍ സയന്‍സ് മേഖലയില്‍ : വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള ഒരന്വേഷണം  (Women's Career Pathway in Chemical Sciences;  a Multi- stage Investigation in Kerala, India); DOI: https://doi.org/10.5281/zenodo.5178906 
പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://rsc-idf-wck.pubpub.org/)


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

പി.ടി. ഹനാൻ

‘കേരളത്തിലെ സ്ത്രീകളുടെ കരിയര്‍ വഴികള്‍ കെമിക്കല്‍ സയന്‍സ് മേഖലയില്‍: വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള ഒരന്വേഷണം’ എന്ന പ്രോജക്ടിന്റെ ലീഡ് ഗവേഷകയും റിസര്‍ച്ച് അസോസിയേറ്റും. കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന്​സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടി.

വി. ജിതിന്‍

‘കേരളത്തിലെ സ്ത്രീകളുടെ കരിയര്‍ വഴികള്‍ കെമിക്കല്‍ സയന്‍സ് മേഖലയില്‍ : വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള ഒരന്വേഷണം’ എന്ന പ്രോജക്ടില്‍ പി. ജാസിലിനൊപ്പം മുഖ്യ ഗവേഷകന്‍. ഇപ്പോള്‍ ബംഗളൂരു ആസ്ഥാനമായ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ ഗവേഷകൻ.

Audio