സഹകരണസംഘങ്ങളും അഴിമതിയും
അഡ്വ. കെ.പി. രവിപ്രകാശ്
കരുവന്നൂർ രീതി മാറണം, സഹകരണ സംഘങ്ങൾ നിലനിൽക്കണം
കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്ന ഒരു സംവിധാനത്തിന് ഉണ്ടാകേണ്ട ഭരണപാടവം സഹകരണ സംഘങ്ങളുടെ ഡയറക്ടര്‍ബോര്‍ഡുകള്‍ക്കുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. രാഷ്ട്രീയപാര്‍ട്ടിയിലെ അംഗത്വവും വിധേയത്വവും മാത്രം കണക്കിലെടുത്ത് ഡയറക്ടര്‍ബോര്‍ഡിനെ തെരഞ്ഞെടുത്താല്‍ അവര്‍ക്ക് മികച്ച ഭരണാധികാരികളാകാന്‍ കഴിയില്ല- സമീപകാല അഴിമതികളുടെ വെളിച്ചത്തിൽ കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച ് ഒരാലോചന

കേരളത്തില്‍ 1600ലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളുണ്ട് എന്നാണ് കണക്ക്. ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ ഹൃദയസമാന റോളാണ് Primary Agricultural Credit Society (PACS)കള്‍ എന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുള്ളത്. സാധാരണ ബാങ്കുകളെപ്പോലെ ധാരാളം സാമ്പത്തിക ഇടപാടുകള്‍ ഇത്തരം സഹകരണ സംഘങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇവയെ ബാങ്കുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന് ഈ അടുത്തകാലത്ത് സുപ്രീം കോടതി വിധിക്കുകയുണ്ടായി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ല സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് ബാങ്കുകളുടേതായ നിയന്ത്രണസംവിധാനങ്ങളൊന്നും പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ബാധകമല്ല.
ജനങ്ങളുടെ ബാങ്ക്
1956-ലെ സഹകരണ നിയമപ്രകാരമാണ് കേരളത്തില്‍ സഹകരണ സംഘങ്ങള്‍ രൂപപ്പെടുന്നത്. അതിനുമുമ്പുള്ള ബ്രിട്ടീഷ് ഇന്ത്യയുടെ 1904-ലെയും 1912-ലെയും സഹകരണ നിയമപ്രകാരം തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലുമൊക്കെ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളത്തില്‍ സഹകരണ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നത് യഥാര്‍ഥത്തില്‍ 1969-ല്‍ സമഗ്രമായ ഏകീകൃത സഹകരണ നിയമം പാസാകുന്നതോടെയാണ്. ഈ നിയമത്തിന്റെ കീഴില്‍ 15,000 ത്തിലധികം സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ത്തും ഒരു സംസ്ഥാനവിഷയമെന്ന നിലയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പൂര്‍ണ്ണമായ നേതൃത്വം വഹിക്കുന്നത് കേരള സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ വകുപ്പാണ്. അഞ്ചു കോടി മുതല്‍ അഞ്ഞൂറു കോടി വരെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ട്.
വലിയ തോതിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവരെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കേണ്ടത് എന്ന ബോധ്യം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാകണം.
ഒരു പ്രാഥമിക സഹകരണ സംഘം രൂപീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ നിയമാവലിയില്‍ പറയുന്നതു പ്രകാരം അംഗങ്ങളില്‍ നിന്നു തന്നെ നിക്ഷേപം സ്വീകരിച്ച് അംഗങ്ങള്‍ക്കു തന്നെ വിതരണം ചെയ്യുന്ന ഏര്‍പ്പാടാണ് നിലവിലുള്ളത്. പ്രാദേശികമായി ജനങ്ങളെ പരസ്പരം സഹായിക്കുന്നതിനുള്ള സംവിധാനമാണ് സഹകരണ സംഘങ്ങള്‍. അതുകൊണ്ടു തന്നെ സഹകാരികള്‍ എന്നാണ് അംഗങ്ങളെ വിളിക്കുന്നത്. ഏതെങ്കിലുമൊരു സഹകരണ സംഘവുമായി ബന്ധമില്ലാത്ത ജനങ്ങള്‍ കേരളത്തില്‍ വിരളമായിരിക്കും. കേരളത്തിലെ സഹകാരികളുടെ എണ്ണം മൂന്നു കോടിയിലധികം വരും എന്നാണ് ഏകദേശ കണക്ക്. കേരളത്തിലെ സൂക്ഷ്മതല സമ്പദ് വ്യവസ്ഥയില്‍ ചെറുതല്ലാത്ത പങ്കാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്നത്. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് സഹകരണ സംഘങ്ങള്‍ അവരുടെ ബാങ്ക് തന്നെയാണ്. സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങളില്‍ 80 ശതമാനവും പ്രാദേശികമായി കണ്ടെത്തുന്നതു തന്നെയാണ്. ബാങ്കുകളുടെ നൂലാമാലകളില്ലാത്തതും, ഇന്‍കം ടാക്സ് നിയമത്തിന്റെ പരിധിയില്‍ വരാത്തതും, നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗങ്ങള്‍ തങ്ങള്‍ക്ക് അറിയുന്നവരും പ്രിയപ്പെട്ടവരും ആണെന്ന ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ചെറുകിട നിക്ഷേപകര്‍ സഹകരണ സംഘത്തില്‍ പണം നിക്ഷേപിക്കുന്നത്. ബാങ്കുകളെക്കാള്‍ കൂടുതല്‍ പലിശ സഹകരണ സംഘങ്ങള്‍ നല്‍കുന്നു എന്നതും അനുകൂല ഘടകമാണ്. 90കള്‍ക്കു ശേഷം നാട്ടിലുണ്ടായ സാമ്പത്തിക വളര്‍ച്ച, പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയും ഗള്‍ഫ് പണവും സഹകരണ മേഖലയുടെ വികാസത്തിന് ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

നിക്ഷേപങ്ങള്‍ക്കുള്ള അനുകൂല ഘടകങ്ങള്‍ പോലെ തന്നെയാണ് വായ്പാ വിതരണത്തിന്റെ കാര്യവും. നാട്ടിന്‍പുറത്തെ ചെറുകിട വായ്പാ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പ്രധാനമായും പ്രാഥമിക സഹകരണ സംഘങ്ങളാണ്. രണ്ട് സഹകാരികള്‍ ജാമ്യം നിന്നാല്‍ മറ്റൊരു ഈടുമില്ലാതെ 5000 മുതല്‍ 25000 രൂപവരെ വായ്പ നല്‍കുന്ന സഹകരണ സംഘങ്ങളുണ്ട്. കൂലിപ്പണിക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും അവരുടെ പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നതിന് വലിയ ഒരു കൈത്താങ്ങായിരുന്നത് ഇത്തരത്തിലുള്ള വായ്പകളാണ്. ഹുണ്ടികക്കാരുടെ പലിശ ചൂഷണങ്ങളില്‍നിന്ന് ഒരളവു വരെ സാധാരണക്കാരെ രക്ഷിച്ച് നിര്‍ത്തിക്കൊണ്ടിരിക്കുന്നത് പ്രാഥമിക സഹകരണ സംഘങ്ങള്‍ തന്നെയാണ്.
സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല പ്രാഥമിക സഹകരണ സംഘങ്ങള്‍ ചെയ്യുന്നത്. കര്‍ഷകരെ സഹായിക്കുന്നതിനും അവരെ മറ്റ് ചൂഷണങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനും വളം, കാലിത്തീറ്റ, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനം തുടങ്ങി പുതിയ കാലത്ത് സൂപ്പര്‍മാര്‍ക്കറ്റ്, ആശുപത്രി, മെഡിക്കല്‍ ഷോപ്പ് തുടങ്ങി വിവിധ വാണിജ്യ ഇടപാടുകള്‍ വരെ സഹകരണ സംഘങ്ങള്‍ ചെയ്തുവരുന്നു. മാത്രമല്ല, സാമൂഹിക- സാംസ്‌കാരിക രംഗത്തെ വലിയ ഒരു സാന്നിധ്യം തന്നെയാണ് സംഘങ്ങള്‍. എല്ലാ സഹകരണ സംഘങ്ങള്‍ക്കും പൊതുനന്മ ഫണ്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ പൊതുനന്മയ്ക്ക് വേണ്ടി തന്നെയാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. നിര്‍ധനര്‍ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികള്‍ മുതല്‍ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വരെ പ്രാദേശിക സഹകരണ സംഘങ്ങള്‍ അകമഴിഞ്ഞ സംഭാവനകളാണ് നല്‍കി വരുന്നത്.

സഹകരണ സംഘങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ജനങ്ങള്‍ പൂര്‍ണ്ണ വിശ്വസ്തതയോടെയും പൂര്‍ണ മനസ്സാലെയുമാണ് അംഗീകരിച്ചു പോന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് ഉപോല്‍ബലകമായിട്ടുള്ളത്.
തങ്ങള്‍ ഈ സംഘത്തിന്റെ അംഗമാണെന്നും തങ്ങളുടേതാണ് ഈ സംഘമെന്നുമുള്ള ബോധം. രണ്ട്, ഇതിന്റെ നടത്തിപ്പുകാര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണെന്നും തങ്ങള്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുക എന്ന വിശ്വാസം. ഒരു ഗവണ്മെന്റ് സ്ഥാപനത്തിനുള്ള വിശ്വാസ്യത പലപ്പോഴും നേടിയെടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയുന്നുണ്ട്. വിവിധ തരത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും ഓഡിറ്റ് സംവിധാനങ്ങള്‍ക്കുമപ്പുറം ഈ വിശ്വാസ്യതയാണ് സഹകരണസംഘങ്ങളുടെ പിന്‍ബലം. കരുവന്നൂര്‍ സഹകരണ സംഘത്തിലും അതുപോലെ ഈ അടുത്തകാലത്ത് പല സഹകരണ സംഘങ്ങളിലും ഉണ്ടായ കുംഭകോണങ്ങള്‍ ഈ വിശ്വാസ്യതക്കേറ്റ കടുത്ത പ്രഹരമാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികസന ചരിത്രത്തില്‍ സഹകരണ സംഘങ്ങള്‍ക്കും വലിയ പങ്കുണ്ട്. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടത്.
മാർക്സിസ്റ്റ് പാർട്ടി നിയന്ത്രണം
ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെയാണ് ഓരോ സംഘത്തിന്റെയും ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെ (ഭരണാധികാരികളെ) തെരഞ്ഞെടുക്കുന്നതെങ്കിലും രാഷ്ട്രീയകക്ഷികള്‍ അവരുടെ നോമിനികളെയാണ് മത്സരിപ്പിച്ച് ജയിപ്പിക്കുക. സംഘങ്ങളെ എല്ലാക്കാലത്തും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിനായി അംഗത്വം നല്‍കുന്നതില്‍ സംഘത്തിലെ ഭരണകക്ഷിക്കാര്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും. രാഷ്ട്രീയകക്ഷികള്‍ക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളും, പടലപിണക്കങ്ങളും, പിളര്‍പ്പുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമേ സഹകരണ സംഘത്തിന്റെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുള്ളൂ. കേരളത്തിലെ ഭൂരിപക്ഷം സംഘങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണെന്ന് പറയാം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികസന ചരിത്രത്തില്‍ സഹകരണ സംഘങ്ങള്‍ക്കും വലിയ പങ്കുണ്ട്. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടത്. ബഹുജനബന്ധങ്ങള്‍ സ്ഥാപിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും കേരളത്തില്‍ അധികാരത്തിലെത്തുന്നതിനും സഹകരണ സംഘങ്ങള്‍ വലിയ അളവില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്. കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ നിയന്ത്രണത്തിലാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ടുതന്നെ സഹകരണസംഘങ്ങളുടെ ഭരണരംഗത്തെ പാളിച്ചകള്‍ പാര്‍ട്ടിയുടെ പാളിച്ചയായിട്ടാണ് കരുതിവരുന്നത്. അത്തരത്തില്‍ പാര്‍ട്ടി പാളിച്ചയായി വിലയിരുത്തുന്നതുമൂലം അല്ലറ ചില്ലറ പാളിച്ചകളെ മറച്ചുപിടിക്കാന്‍ പാര്‍ട്ടി ശ്രമിക്കാറുണ്ട് എന്നതും സത്യമാണ്.

പ്രാഥമിക സംഘങ്ങളുടെ എല്ലാ തീരുമാനങ്ങള്‍ക്കും ഉത്തരവാദികള്‍ ഡയറക്ടര്‍ ബോര്‍ഡാണ്. സഹകരണ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ഉത്തരവാദിത്തം. 10-15 പേരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡ് മാസത്തില്‍ ഒന്നോ രണ്ടോ തവണ യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നത്. പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, ലോണ്‍ പാസാക്കല്‍, പുതിയ സംരംഭങ്ങള്‍ തുടങ്ങല്‍, അധിക നിക്ഷേപങ്ങളുടെ പുനര്‍നിക്ഷേപങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം പൂര്‍ണമായും ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്.
കഴിഞ്ഞ 20-30 വര്‍ഷത്തിനിടയില്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. നിക്ഷേപത്തിന്റെ കാര്യത്തിലായാലും, വായ്പ നല്‍കുന്ന കാര്യത്തിലായാലും, മറ്റ് പ്രവര്‍ത്തന കാര്യത്തിലായാലും കുതിച്ചുചാട്ടം തന്നെയുണ്ടായി, ഓഫീസ് സംവിധാനത്തിന്റെ കെട്ടുംമട്ടും മാറി, പല സംഘങ്ങളുടെയും ഓഫീസുകള്‍ കാഴ്ചയില്‍ കോര്‍പറേറ്റ് ഓഫീസുകളെ വെല്ലുന്നതാണ്. എന്നാല്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നത് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പും ഡയറക്ടര്‍ ബോര്‍ഡുമാണ്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്ന ഒരു സംവിധാനത്തിന് ഉണ്ടാകേണ്ട ഭരണപാടവം നിലവിലെ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്കുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്വവും വിധേയത്വവും മാത്രം കണക്കിലെടുത്ത് ഡയറക്ടര്‍ ബോര്‍ഡിനെ തെരഞ്ഞെടുത്താല്‍ അവര്‍ക്ക് മികച്ച ഭരണാധികാരികളാകാന്‍ കഴിയില്ല. കേവലം ഒരു പദവി എന്നതിലുപരി ഭരണം കൈയാളേണ്ടവരെയാണ് തെരഞ്ഞെടുക്കുന്നത് എന്ന കാര്യം രാഷ്ട്രീയ കക്ഷികള്‍ക്ക് ഓര്‍മയുണ്ടാകണം. അങ്ങനെ ഉണ്ടാകാത്തതുമൂലം പല സംഘങ്ങളുടെയും ഭരണം കേവലം സെക്രട്ടറിയിലേക്കോ, പ്രസിഡന്റിലേക്കോ, ചുരുക്കം ചിലരിലേക്കോ മാത്രമായി ഒതുങ്ങുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഭൂരിപക്ഷം ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും കാഴ്ചക്കാര്‍ മാത്രമായിത്തീരുന്ന സാഹചര്യം. ഇതാണ് സഹകരണ അഴിമതിയുടെ മുഖ്യകാരണങ്ങളിലൊന്ന്.

കരുവന്നൂര്‍ സഹകരണ സംഘത്തിന്റെ കാര്യംതന്നെ എടുക്കാം. 300 കോടിയുടെ അഴിമതി എന്നാണ് പ്രാഥമിക നിഗമനം. സെക്രട്ടറിയും അയാളുടെ കൂട്ടാളികളും ചേര്‍ന്ന് കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറിലും മറ്റും ആരുമറിയാതെ മാറ്റങ്ങള്‍ വരുത്തി കോടികള്‍ തിരിമറി നടത്തി എന്നാണ് കേസ്. 10-12 വര്‍ഷങ്ങളായി ചെയ്തുവന്നിരുന്ന ക്രമക്കേടുകളാണ് ഇപ്പോള്‍ പൊങ്ങിവന്നത്. ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും യഥാര്‍ഥത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സഹകരണ വകുപ്പുതന്നെ ഉണ്ടാക്കി നല്‍കുന്ന വര്‍ഷാന്ത കണക്കുകളും, അവരുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും വേണ്ടവണ്ണം പരിശോധിക്കാനോ മനസ്സിലാക്കാനോ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇത് അഴിമതി തുടരാന്‍ സെക്രട്ടറിക്കും കൂട്ടര്‍ക്കും സഹായകമായി. ശക്തമായ ഒരു ഭരണസമിതി ഉണ്ടായിരുന്നെങ്കില്‍ അഴിമതി നടക്കില്ല എന്ന് നിസ്സംശയം പറയാം. സൊസൈറ്റിയുടെ പ്രവര്‍ത്തന വൈപുല്യത്തിന് അനുസരിച്ച് കഴിവുറ്റ ഭരണസമിതിയെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഴിമതി നടക്കും എന്നതാണ് കരുവന്നൂര്‍ സൊസൈറ്റി നല്‍കുന്ന പാഠം.
വായ്പയെടുക്കാനുള്ള സംവിധാനങ്ങള്‍ നിലച്ചുപോയാല്‍ വട്ടിപ്പണക്കാരുടെ ചൂഷണത്തിന് വിധേയമാകുക ആ പ്രദേശത്തെ ഏറ്റവും പാവപ്പെട്ടവരായിരിക്കും. സ്വയംസഹായ സംഘങ്ങളുടെ നിക്ഷേപവും സഹകരണ സംഘങ്ങളിലാണ് കിടക്കുന്നത്.
സൊസൈറ്റികള്‍ തകര്‍ന്നാല്‍
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഹൃദയമാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടുതന്നെ ഹൃദയത്തിന് വരുന്ന തകരാറുകള്‍ മനുഷ്യജീവിതത്തെ ബാധിക്കുന്നതുപോലെ അതത് പ്രദേശങ്ങളിലെ സഹകരണ സംഘങ്ങള്‍ക്ക് വരുന്ന ആഘാതങ്ങള്‍ അവിടെ ജീവിക്കുന്ന മനുഷ്യജീവിതങ്ങളെ മുഴുവന്‍ ബാധിക്കും. ചെറുകിട നിക്ഷേപകരായിരിക്കും ഭൂരിപക്ഷം പേരും. അവരുടെ സ്വപ്നങ്ങളും വരുമാന മാര്‍ഗങ്ങളുമാണ് ഇല്ലാതാവുന്നത്. ഇത് അവരുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മാത്രമല്ല കാരണമാകുന്നത്, അതുവഴി ഉണ്ടാകുന്ന മാനസികാഘാതങ്ങള്‍ വിവരണാതീതമായിരിക്കും. മൂന്നോ നാലോ പേര്‍ കൂടിച്ചേര്‍ന്ന് ചെയ്ത സാമ്പത്തിക കുറ്റങ്ങള്‍ ആണ് ഇത്തരത്തില്‍ വലിയ പ്രാദേശിക ദുരന്തമായി മാറുന്നത്. അതുപോലെ വായ്പയെടുക്കാനുള്ള സംവിധാനങ്ങള്‍ നിലച്ചുപോയാല്‍ വട്ടിപ്പണക്കാരുടെ ചൂഷണത്തിന് വിധേയമാകുക ആ പ്രദേശത്തെ ഏറ്റവും പാവപ്പെട്ടവരായിരിക്കും. സ്വയംസഹായ സംഘങ്ങളുടെ നിക്ഷേപവും സഹകരണ സംഘങ്ങളിലാണ് കിടക്കുന്നത്.

ഒരു സൊസൈറ്റിയുടെ തകര്‍ച്ച അവിടെ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് അനുഭവം. മറ്റു സൊസൈറ്റികളെയൊക്കെ അത് ബാധിക്കും. ആളുകളുടെ വിശ്വാസ്യതയ്ക്ക് പോറലേറ്റാല്‍ മറ്റു സൊസൈറ്റികളുടെ നിക്ഷേപവും പിന്‍വലിക്കപ്പെടും. ഇത് സഹകരണ പ്രസ്ഥാനത്തെയും അടിസ്ഥാനപരമായി ജനങ്ങളെയും ബാധിക്കും. അവിടെ തൊഴിലെടുക്കുന്നവരെയും സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളെയും ബാധിക്കും. അതുകൊണ്ട് ഓരോ സൊസൈറ്റിയെയും സംരക്ഷിച്ച് നിര്‍ത്തുക എന്നത് സഹകാരികളുടെ മാത്രം ഉത്തരവാദിത്തമല്ല. ഇതിനൊക്കെ നേതൃത്വം നല്‍കുന്ന രാഷ്ട്രീയകക്ഷികളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.
വേണ്ടത് ജാഗ്രതയും ഉത്തരവാദിത്തവും
താരതമ്യേന ശക്തമായ സഹകരണനിയമമുള്ള സംസ്ഥാനമാണ് നമ്മുടേത്. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതുതന്നെയാണ് പ്രധാനം. പലപ്പോഴും രാഷ്ട്രീയ ഇടപെടലുകള്‍ നിയമം നടപ്പാക്കുന്നതിനെ ബാധിക്കുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള പരിശോധനയിലും, ഓഡിറ്റിലും കണ്ടെത്തുന്ന കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ ധാരാളം വീഴ്ചകള്‍ കണ്ടെത്താന്‍ കഴിയും. സൊസൈറ്റിയുടെ ദൈനംദിന നടത്തിപ്പിനെയും, വിശ്വാസ്യതയെയും ബാധിക്കുന്നതിനാല്‍ പെട്ടെന്നുള്ള നടപടികള്‍ ഉണ്ടാകാറില്ല. ഇത് അഴിമതിക്കാര്‍ക്ക് വളമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. അഴിമതി കണ്ടുപിടിക്കപ്പെട്ടാല്‍ പെട്ടെന്നുതന്നെ നടപടിയുണ്ടാകണം. സഹകരണ സംഘത്തിന്റെ ഭരണസമിതിയെ പ്രാപ്തിയുള്ളവരാക്കി മാറ്റുന്നതിന് ഗവണ്മെൻറ് തലത്തില്‍തന്നെ പരിപാടികള്‍ ഉണ്ടാകണം. അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാന്‍ സഹകരണ വകുപ്പിന് കഴിയണം.
അംഗങ്ങള്‍ ഭരണസമിതിയിലെ ചര്‍ച്ചയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ഗൗരവമായി ഇടപെടുകയും തീരുമാനങ്ങളില്‍ പങ്കാളികളാവുകയും വേണം.
വലിയ തോതിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവരെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കേണ്ടത് എന്ന ബോധ്യം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാകണം. കാര്യശേഷിയും സത്യസന്ധതയും തെളിയിച്ചവരെയാകണം തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കേണ്ടത്. അംഗങ്ങള്‍ ഭരണസമിതിയിലെ ചര്‍ച്ചയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ഗൗരവമായി ഇടപെടുകയും തീരുമാനങ്ങളില്‍ പങ്കാളികളാവുകയും വേണം.
വായ്പ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക. ലംഘിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഭരണസമിതിക്കാവുക. നിയമലംഘനം നടന്നാല്‍ ഭരണസമിതി അംഗങ്ങള്‍ ക്രിമിനല്‍ സിവില്‍ നിയമനടപടികള്‍ക്ക് വിധേയമാകുംവിധം സഹകരണ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരിക തുടങ്ങിയ പരിഷ്‌കാരങ്ങളെക്കുറിച്ച് ആലോചിക്കണം.
കേരളസമൂഹത്തിന്റെ സാമ്പത്തിക ചലനാന്മകതയില്‍ പ്രത്യേകിച്ച് ദുര്‍ബലവിഭാഗങ്ങള്‍ക്ക് എല്ലാ കാലത്തും കൈത്താങ്ങാകുന്ന സഹകരണ പ്രസ്ഥാനത്തെ ശക്തമാക്കിത്തന്നെ നിലനിര്‍ത്തുക എന്നത് കേരളത്തിലെ എല്ലാ മനുഷ്യസ്നേഹികളുടെയും ഉത്തരവാദിത്തമാണ്. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.