കാലാവസ്ഥയും കേരളവും
എസ്. അഭിലാഷ്
കരുതിയിരിക്കേണ്ട മറ്റൊരു മൺസൂൺ കൂടി വരുന്നു
കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും ഈ മണ്‍സൂണ്‍ കാലത്തും കൂടുതല്‍ മണ്‍സൂണ്‍ പ്രവചിക്കുന്ന സാഹചര്യത്തില്‍ 2018, 2019, 2020 വര്‍ഷങ്ങളില്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചപ്പോഴുണ്ടായ അപകട സാധ്യത മുന്നില്‍ കാണേണ്ടതാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് മണ്‍സൂണ്‍ പ്രവേശിക്കുന്നത് കേരളത്തിലൂടെയായതിനാല്‍ കേരളം ‘മണ്‍സൂണിന്റെ കവാടം’ എന്നാണ് അറിയപ്പെടുന്നത്. സവിശേഷ ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സമ്പന്നമായ കേരളത്തിലും കഴിഞ്ഞ പതിറ്റാണ്ടില്‍ ദൃശ്യമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്ഥയും കൂടുതല്‍ അസ്ഥിരമാകുകയാണ് എന്നാണ്.
ലോകത്തിന്റെ മറ്റു പല കോണുകളിലും വളരെക്കാലം മുമ്പേ
ദൃശ്യമായിരുന്ന അതി തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കേരളത്തില്‍ അനുഭവപ്പെട്ട അതി തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമുക്കതു വ്യക്തമാകും. 2015, 2016 വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട അടിക്കടിയുള്ള വരള്‍ച്ചകളും, 2017 ലെ ഓഖി ചുഴലിക്കാറ്റും അതിനു ശേഷം 2018 ലുണ്ടായ മഹാപ്രളയവുമാണ് കേരളത്തിലെ മാറുന്ന കാലാവസ്ഥയിലേക്ക് ലോകശ്രദ്ധയാകര്‍ഷിച്ചത്.
സമീപ കാലഘട്ടത്തില്‍ മണ്‍സൂണ്‍ കൂടുതല്‍ അസ്ഥിരമാകുന്നതായി മനസിലാക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ദശകത്തില്‍ അതിവർഷമോ അനാവൃഷ്ടി വര്‍ഷമോ ഉണ്ടാകുവാനുള്ള സാധ്യത 50 ശതമാനത്തില്‍ അധികമാണ്
മണ്‍സൂണ്‍ എല്ലാവര്‍ഷവും ജൂണ്‍ ഒന്നിനോടടുപ്പിച്ച് കേരളത്തില്‍ എത്തിച്ചേരുമെങ്കിലും മഴയുടെ വിതരണത്തിലുള്ള വലിയ സ്ഥല (spatio) - കാല (temporal) വ്യതിയാനം മണ്‍സൂണ്‍ മഴയുടെ പൊതുവായ സ്വഭാവമായിട്ടാണ് കണക്കാക്കുന്നത്. വര്‍ഷാവര്‍ഷ മഴ ലഭ്യതയില്‍ 10- 20 ശതമാനം വരെ ചാഞ്ചല്യം പ്രകടമാണെങ്കിലും പൊതുവെ മണ്‍സൂണിനെ സ്ഥിരതയാര്‍ന്ന കാലാവസ്ഥാ പ്രതിഭാസമായിട്ടാണ് കരുതിയിരുന്നത്. പക്ഷെ, സമീപകാലങ്ങളില്‍ ആഗോള താപനം ഇന്ത്യന്‍ കാലവര്‍ഷത്തെ സാരമായി ബാധിക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ അമിത തോതിലുള്ള പുറംതള്ളല്‍ മഴയുടേയും താപനിലയുടേയും സ്ഥിരത സാരമായി നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പല പ്രദേശങ്ങളിലും മഴയുടെ അളവും പെയ്ത്തുരീതിയും പതിവില്‍നിന്ന് വിപരീതമായി വളരെയേറെ വ്യത്യാസപ്പെടുന്നതായി കാണുന്നു. സാധാരണ മഴക്കാലത്ത് ലഭിക്കുന്ന തീവ്രതയില്‍ നിന്ന് കവിഞ്ഞ് ഇന്ത്യയില്‍ പലയിടത്തും അതിതീവ്ര മഴപെയ്യുന്ന പ്രവണത ഏറിവരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തില്‍ കേരളത്തില്‍ ലഭിച്ച മണ്‍സൂണ്‍ മഴയുടെ കണക്ക് പരിശോധിച്ചാല്‍, പകുതിയിലധികം വര്‍ഷങ്ങളിലും മണ്‍സൂണ്‍ മഴയില്‍ ശരാശരിയില്‍ നിന്ന് 20 ശതമാനത്തിലധികം വ്യതിയാനം ഉണ്ടായതായി കാണാം. മണ്‍സൂണ്‍ സമീപ കാലഘട്ടത്തില്‍ കൂടുതല്‍ അസ്ഥിരമാകുന്നതായി ഇതില്‍ നിന്ന് മനസിലാക്കാം. ഇതില്‍ രണ്ട് വര്‍ഷങ്ങളില്‍ (2013, 2018) ശരാശരിയില്‍ നിന്ന് 20 ശതമാനത്തില്‍ അധികം മഴ ലഭിച്ചപ്പോള്‍ മൂന്നു വര്‍ഷങ്ങളില്‍ (2012 , 2015 , 2016) ശരാശരിയില്‍ നിന്ന് 20 ശതമാനത്തില്‍ കുറവു മഴയാണ് ലഭിച്ചത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ദശകത്തില്‍ അതിവർഷമോ അനാവൃഷ്ടി വര്‍ഷമോ ഉണ്ടാകുവാനുള്ള സാധ്യത 50 ശതമാനത്തില്‍ അധികമാണെന്ന് കാണാനാകും.
2021 ലെ മണ്‍സൂണ്‍ ആരംഭിക്കുന്നതിനുമുന്‍പുണ്ടായ ടോട്ടെ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ പ്രതീക്ഷിക്കുന്ന യാസ് ചുഴലിക്കാറ്റും മണ്‍സൂണിന്റെ തുടക്കത്തില്‍ ഒരു പക്ഷെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
കേരളത്തിലെ മണ്‍സൂണ്‍ മഴയില്‍ കഴിഞ്ഞ ദശകത്തില്‍ കാണാൻ സാധിച്ച മറ്റൊരു ശ്രദ്ധേയ മാറ്റം, ജൂണ്‍- ജൂലൈ മാസങ്ങളില്‍ മഴ കുറയുന്നതും ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കൂടുന്നതുമാണ്. ഇതോടൊപ്പം മണ്‍സൂണിന്റെ ആരംഭ സമയത്ത് ജൂണിൽ അറബിക്കടലില്‍ ചുഴലിക്കാറ്റ് പതിവാകുന്നതും കേരളത്തിലെ മണ്‍സൂണ്‍ കാലത്തിന്റെ തുടക്കത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഉദാഹരണമായി, മണ്‍സൂണിന്റെ തുടക്കത്തില്‍ 2019 ലുണ്ടായ വായു ചുഴലിക്കാറ്റും 2020 ലുണ്ടായ നിസർഗ ചുഴലിക്കാറ്റും കേരളത്തിലെ ജൂണിലെ മണ്‍സൂണ്‍ മഴയെ പ്രതികൂലമായി ബാധിച്ചതായി കാണാം.
2021 ലെ മണ്‍സൂണ്‍ ആരംഭിക്കുന്നതിനുമുന്‍പുണ്ടായ ടോട്ടെ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ പ്രതീക്ഷിക്കുന്ന യാസ് ചുഴലിക്കാറ്റും മണ്‍സൂണിന്റെ തുടക്കത്തില്‍ ഒരു പക്ഷെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. വേനല്‍ക്കാലത്ത് (മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ) കേരളത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ ഏകദേശം 130 % മഴ ഇതിനകം കൂടുതല്‍ കിട്ടിയ സാഹചര്യത്തില്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ ഒന്നോ രണ്ടോ ദിവസം അതിശക്തമായ മഴ ലഭിച്ചാല്‍ പ്രളയ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം. അതിതീവ്ര മഴ നാലഞ്ചു ദിവസം മുന്നെ പ്രവചിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഇപ്പോഴുണ്ടായ രണ്ട് ചുഴലിക്കാറ്റുകള്‍ കഴിഞ്ഞ കാലങ്ങളില്‍ മണ്‍സൂണിന്റ തുടക്കത്തെ ദുര്‍ബലമാക്കിയതു പോലെ സംഭവിക്കട്ടെ എന്ന് പ്രത്യാശിക്കാം. എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും ഈ മണ്‍സൂണ്‍ കാലത്തും കൂടുതല്‍ മണ്‍സൂണ്‍ പ്രവചിക്കുന്ന സാഹചര്യത്തില്‍ 2018, 2019, 2020 വര്‍ഷങ്ങളില്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചപ്പോഴുണ്ടായ അപകട സാധ്യത മുന്നില്‍ കാണേണ്ടതാണ്.

ആഗോള താപനത്തിന്റെ ഫലമായി കരയും കടലും ചൂടുപിടിച്ച് ബാഷ്പീകരണ തോത് വർധിക്കുന്നതിനോടൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുന്നതുകൊണ്ട് അന്തരീക്ഷത്തിന് കൂടുതല്‍ നീരാവിയെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും, ഇത്പലപ്പോഴും അതി തീവ്ര മഴയ്ക്ക് കരണമാകാറുണ്ട്. ഇതുമൂലം മണ്‍സൂണിന്റെ ഭാഗമായ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്ന അവസരങ്ങളില്‍ കേരളത്തില്‍ ചുരുങ്ങിയ കാലയളവില്‍ ലഭിക്കുന്ന അതിതീവ്ര മഴ വര്‍ധിക്കുന്നതായി കാണാനാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴ ദിനങ്ങള്‍ കുറയുകയും അതിതീവ്ര മഴ ദിനങ്ങള്‍ കൂടുകയും ചെയ്യുന്നു. മലനാടും ഇടനാടും തീരപ്രദേശവും ഉള്‍പ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തെ പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ അതിതീവ്ര മഴ പ്രളയത്തിനു കാരണമാകും, അതിനു ശേഷം വലിയ ഇടവേളകളില്‍ മഴ മാറിനില്‍ക്കുന്നത് വരള്‍ച്ചക്കും ആക്കം കൂട്ടും. കഴിഞ്ഞ ദശകത്തില്‍ കേരളത്തില്‍ ലഭിച്ച മണ്‍സൂണ്‍ മഴയുടെ തീവ്രത പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.
മറ്റു സമുദ്രത്തടങ്ങള്‍ 100 വർഷം കൊണ്ട് ഒരു ഡിഗ്രി സെല്‍ഷെസില്‍ താഴെ മാത്രം ചൂടായപ്പോള്‍, അറബിക്കടല്‍ ഏകദേശം 1.1 ഡിഗ്രിക്ക് മുകളില്‍ ചൂടായതാണ് കേരളത്തിന്റെ കാലാവസ്ഥയെ കൂടുതല്‍ അസ്ഥിരമാക്കുന്നത്.
ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റന്‍ മേഘങ്ങള്‍ക്ക് രൂപം കൊള്ളാന്‍ അന്തരീക്ഷ താപവര്‍ധനവ് സഹായകരമാവും. ടൊര്‍ണാഡോ പോലുള്ള ചെറു ചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. ഇത്തരം ചുഴലികള്‍ സാധാരണ കേരളത്തില്‍ കണ്ടുവരാറില്ല. എന്നാല്‍ ഈ കാലവര്‍ഷക്കാലത്ത് മിന്നല്‍ ചുഴലികളും വാട്ടര്‍ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തില്‍ ഉണ്ടായത് ആശങ്കാജനകമാണ്. മണ്‍സൂണ്‍ മഴയുടെ വിതരണത്തിലും തീവ്രതയിലും കാണുവാന്‍ സാധിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം മഴമേഘങ്ങളുടെ ഘടനയില്‍ സംഭവിച്ച മാറ്റങ്ങള്‍ എടുത്തു പറയേണ്ടതാണ്.
സാധാരണ, കാലവര്‍ഷ സമയത്തു കാണപ്പെടുന്നത് "നിമ്പോ-സ്ട്രാറ്റസ് ' വിഭാഗത്തില്‍ പെടുന്ന ഉയരം കുറഞ്ഞ മേഘങ്ങളാണ്. ഇത്തരം മേഘങ്ങളില്‍ ഹിമകണങ്ങളുടെ സാന്നിധ്യം കുറവായതിനാല്‍ മണ്‍സൂണ്‍ സമയത്ത് ഇടിയും മിന്നലും ഉണ്ടാകുന്നത് വിരളമായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി മണ്‍സൂണ്‍ സമയത്തും അന്തരീക്ഷത്തില്‍ 12-15 കിലോമീറ്റർ വരെ ഉയരത്തില്‍ എത്തുന്ന ഹിമകണങ്ങളുടെ സാന്നിധ്യമുള്ള ഇടി- മിന്നല്‍ മേഘങ്ങളായ കൂമ്പാര (ക്യൂമുലോനിംബസ്) മേഘങ്ങള്‍ പതിവാകുന്നത് ആഗോളതാപനത്തിന്റെ ഫലമായിട്ടാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇത്തരം മേഘങ്ങളുടെ മറ്റൊരു സവിശേഷത, ചുരുങ്ങിയ കാലയളവില്‍ അതിതീവ്ര മഴ പെയ്യിക്കാന്‍ സാധിക്കും എന്നതാണ്. കേരളത്തില്‍ അതി തീവ്ര മഴ ലഭിച്ച 2018 ലും 2019 ലും ഇത്തരം കൂമ്പാര മേഘങ്ങൾ ദൃശ്യമായിരുന്നു.

അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാള്‍ അതിവേഗമാണ് ചൂടുപിടിക്കുന്നത്. 2019 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടതിനേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ രൂപം കൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഓഖിക്ക് ശേഷം തുടരെ തുടരെ കേരളതീരത്തേക്ക് ന്യൂനമർദങ്ങളെത്തുന്നത് നമ്മുടെ തീരവും പഴയതു പോലെ സുരക്ഷിതമല്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതിന്റെ ഭാഗമായി മണ്‍സൂണ്‍ സമയത്തെ മത്സ്യബന്ധന വിലക്കിനോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കു കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടമാകുവാനും കാരണമായേക്കാം.
മറ്റു സമുദ്രത്തടങ്ങള്‍ 100 വർഷം കൊണ്ട് ഒരു ഡിഗ്രി സെല്‍ഷെസില്‍ താഴെ മാത്രം ചൂടായപ്പോള്‍, അറബിക്കടല്‍ ഏകദേശം 1.1 ഡിഗ്രിക്ക് മുകളില്‍ ചൂടായതാണ് കേരളത്തിന്റെ കാലാവസ്ഥയെ കൂടുതല്‍ അസ്ഥിരമാക്കുന്നത്. മണ്‍സൂണ്‍ കാലത്ത് തീരദേശത്ത് കാറ്റിന്റെ വേഗത പലപ്പോഴും മണിക്കൂറില്‍ 40 കിലോമീറ്ററിനുമുകളിലും, തിരമാലകളുടെ ഉയരം 1- 2 മീറ്റര്‍ വരെയും, കേരളത്തിന്റെ തീരപ്രദേശം കടലാക്രമണ ഭീഷണിയിലും ആകാറുണ്ട്. തീരസംരക്ഷണം ഫലപ്രദമായി നടപ്പാക്കുകയും തീരപുഷ്ടിക്ക് സഹായകരമായ ജൈവ വേലികളും, ആധുനികവും പരിസ്ഥിതി സൗഹൃദവുമായ പ്രതിരോധ സംവിധാനങ്ങളും വികസിപ്പിക്കുകയും ചെയ്ത് തദ്ദേശീയ തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
ഒന്നുരണ്ടു ദിവസങ്ങളില്‍ 10 മുതല്‍ 20 സെന്റീമീറ്റർ വരെ മഴയും ഒരു ആഴ്ചയില്‍ 30 മുതല്‍ 40 സെന്റീമീറ്റർ വരെ മഴയും ലഭിക്കുവാനുള്ള സാഹചര്യമാണ് മണ്‍സൂണ്‍ കാലത്ത് ഇപ്പോള്‍ നിലവിലുള്ളത്.
സമീപ കാലങ്ങളില്‍ ദൃശ്യമാവുന്നത് മണ്‍സൂണ്‍ കൂടുതല്‍ അസ്ഥിരമാകുന്നതായിട്ടാണ്. വരും വര്‍ഷങ്ങളില്‍ ഈ ക്രമരാഹിത്യം വര്‍ധിക്കും. വര്‍ഷാവര്‍ഷ വ്യതിയാനങ്ങളും സീസണിലെ വ്യതിയാനങ്ങളും കൂടുതല്‍ പ്രകടമാവും. മണ്‍സൂണ്‍ സീസണില്‍ ലഭിക്കുന്ന ആകെ മഴയുടെ അളവില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ വിതരണത്തില്‍ സാരമായ വ്യത്യാസം സംഭവിക്കും. ചുരുക്കം ചില ദിവസങ്ങളില്‍ തീവ്രമായി മഴ പെയ്യുകയും ദീര്‍ഘനാള്‍ മഴയില്ലാതിരിക്കുകയും ചെയ്യുന്നത് വരും കാലങ്ങളില്‍ മണ്‍സൂണിന്റെ സ്ഥായീഭാവമായിത്തീരും. ആഗോളതാപനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട അനിശ്ചിതത്വവും കാലാവസ്ഥാ വ്യതിയാനങ്ങളും മണ്‍സൂണ്‍ പ്രതിഭാസത്തെ ഭാവിയില്‍ കൂടുതല്‍ പ്രവചനാതീതമാക്കും. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച തദ്ദേശീയ ജനവിഭാഗങ്ങളെ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെ പ്രതിരോധിക്കുവാന്‍ ഭരണ സംവിധാനങ്ങളുടെ അടിയന്തിര ഇടപെടൽ അത്യാവശ്യമാണ്.
കാലാവസ്ഥയില്‍ പ്രകടമായിട്ടുള്ള മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും നമ്മുടെ വികസന മാര്‍ഗങ്ങളും ദുരന്ത ലഘൂകരണരീതികളും പ്രാദേശിക തലത്തില്‍ രൂപപ്പെടുത്തുന്നതിന് ഏറെ നിര്‍ണായകമാണ്. ഇന്റര്‍ ഗവണ്‍മെൻറല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേയ്ഞ്ച് അടിസ്ഥാനമാക്കുന്ന ഭൂരിഭാഗം മോഡലുകളുടേയും പ്രവചനപ്രകാരം ഇന്ത്യയിലെ മഴ കൂടുതല്‍ കൂടുതല്‍ അസ്ഥിരമാവുകയും മഴലബ്ധി ആകെ അളവില്‍ കുറയുകയും പക്ഷെ തീവ്ര മഴ കൂടുകയും ചെയ്യുമെന്നാണ്. ഒന്നുരണ്ടു ദിവസങ്ങളില്‍ 10 മുതല്‍ 20 സെന്റീമീറ്റർ വരെ മഴയും ഒരു ആഴ്ചയില്‍ 30 മുതല്‍ 40 സെന്റീമീറ്റർ വരെ മഴയും ലഭിക്കുവാനുള്ള സാഹചര്യമാണ് മണ്‍സൂണ്‍ കാലത്ത് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ ചെറിയ വെള്ളപ്പൊക്കങ്ങളും, മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലുകളും പോലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കും. ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള അടിയന്തിര ഇടപെടലുകള്‍ നടത്തേണ്ടതാണ്.
കാലാവസ്ഥാമാറ്റത്തോടൊപ്പം മാനുഷിക ഇടപെടലുകള്‍ കൊണ്ട് ദുര്‍ബലമാകുന്ന നമ്മുടെ പരിസ്ഥിതിയെയും കൂടി കണക്കിലെടുത്തുള്ള സുസ്ഥിരമായ കാഴ്ചപ്പാടോടുകൂടിയുള്ള ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തിര പ്രാധാന്യം നല്‍കേണ്ടത്. പാരിസ്ഥിതികാഘാതം കുറച്ച് അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകളില്‍ പ്രതീക്ഷിക്കുന്ന അതിതീവ്ര കാലസ്ഥാ സംഭവങ്ങളെ കൂടി മുന്‍ക്കൂട്ടി കണ്ടുകൊണ്ടുള്ള വികസന നയരൂപീകരണവും ആസൂത്രണവുമാണ് നമുക്കാവശ്യം. തുടര്‍ച്ചയുള്ളതും തടസമില്ലാത്തതുമായ കാലാവസ്ഥാനിരീക്ഷണമാണ് ദുരന്തനിവാരണത്തിന് പരമപ്രധാനം അതിനാല്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ ചുരുങ്ങിയത് ബ്ലോക്ക് അടിസ്ഥാനത്തിലെങ്കിലും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ പോലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇത് പൊതുജനങ്ങള്‍ക്കും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും യഥാസമയം ലഭ്യമാക്കുന്ന ഓപ്പണ്‍ ഡാറ്റ പോളിസിയിയും അവലംബിക്കേണ്ടതാണ്.

ഇതുവഴി കാലാവസ്ഥാ സാക്ഷരത താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാനും പൊതുജങ്ങളിലും മാധ്യമങ്ങളിലും കാലാവസ്ഥ അവബോധം സൃഷ്ടിക്കാനും സാധിക്കും. അങ്ങനെ ലഭ്യമായ കാലാവസ്ഥാ വിവരങ്ങള്‍ ലളിതമായി മനസിലാക്കാനും കൂടുതല്‍ പ്രയോജനപ്പെടുത്താനും സാധിക്കും. സര്‍ക്കാര്‍- പൊതു മേഖലാ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍ ഒരു പൊതു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കി മുന്നറിയിപ്പുകള്‍ക്കും ഗവേഷണത്തിനുമായി ഉപയോഗിക്കാം. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മഞ്ഞ, ഓറഞ്ച്, റെഡ് മുന്നറിയുപ്പുകള്‍ക്കനുസരിച്ച് ഓരോ അവസരത്തിലും വ്യക്തിയെന്ന നിലയിലും സമൂഹികമായും എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്ന് പ്രദേശവാസികള്‍ക്കും പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതാണ്.
തദ്ദേശ സമൂഹങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു ബഹുതല - അപകട - പ്രകൃതി പ്രക്ഷോഭ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കിയെടുക്കുകയും കാര്യക്ഷമമായി നിലനിര്‍ത്തുകയും വേണം.
വികേന്ദ്രീകൃത ഭരണ സംവിധാനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനം കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്നത് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാദേശിക അടിസ്ഥാനത്തില്‍ ദുരന്ത സാഹചര്യം മുന്‍കൂട്ടി മനസിലാക്കാൻ തദ്ദേശ സ്ഥാപങ്ങളെയും അതാതു പ്രദേശത്തു ലഭ്യമായ വിഷയ വിദഗ്ധരെയും മറ്റു കക്ഷികളെയും ഉള്‍പ്പെടുത്തി കുറഞ്ഞത് ബ്ലോക്ക് തലത്തിലെങ്കിലും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുക എന്നത് 2018 ലെ പ്രളയത്തിനു ശേഷം ഉയര്‍ന്നു വരുന്ന ആവശ്യമാണ്. പുതിയ ഗവണ്മെൻറ് അടിയന്തരമായി ഇതില്‍ ഇടപെടും എന്ന് പ്രതീക്ഷിക്കാം.
കാലാവസ്ഥ, ജല മാനേജ്മെൻറ്, ഭൗമശാസ്ത്രം, കാര്‍ഷിക മേഖല, പക്ഷി-മൃഗസംരക്ഷണം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവരെ സംഘടിപ്പിച്ച് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ സംയോജിത ഗവേഷങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഏകീകൃത സംവിധാനം ഒരുക്കേണ്ടതാണ്. തദ്ദേശ സമൂഹങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു ബഹുതല - അപകട - പ്രകൃതി പ്രക്ഷോഭ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കിയെടുക്കുകയും കാര്യക്ഷമമായി നിലനിര്‍ത്തുകയും വേണം. അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇരയാകാനിടയുള്ള ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തം ഇത്തരം സാമൂഹിക അപകട ലഘൂകരണ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ബഹുജന പങ്കാളിത്തത്തോടുകൂടിയുള്ള "bottom-up' മാതൃകയാണ് ഏറ്റവും ഫലപ്രദം.▮