Tuesday, 06 December 2022

അന്വേഷണ റിപ്പോർട്ട്


Text Formatted

സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഇന്ത്യ, കേരളം

സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മുന്നിലുള്ള രാജ്യമാണ്​ ഇന്ത്യ. സ്ത്രീധന പീഡനവും ലൈംഗികാതിക്രമങ്ങളും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതകളുമാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേരളവും ഈ കണക്കുകളിൽ മുന്നിലുണ്ട്​.

Image Full Width
Image Caption
Photo: Flickr
Text Formatted

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമം ആഗോളതലത്തിൽ തന്നെ വര്‍ധിച്ചുവരുന്നതായാണ് ഏതാനും വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലോകത്ത് ആകെയുള്ള സ്ത്രീകളില്‍ മൂന്നിലൊന്ന് (ഏകദേശം 743 ദശലക്ഷത്തിലേറെ) സ്ത്രീകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പങ്കാളിയില്‍ നിന്നോ അല്ലാത്തവരില്‍ നിന്നോ ലൈംഗികാതിക്രമം നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. റേപ്പ് കേസുകള്‍ ഉള്‍പ്പെടാത്തതാണ് ഈ കണക്ക്. ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ 30 ശതമാനം പേര്‍ പങ്കാളിയില്‍ നിന്ന് ശാരീരികമോ ലൈംഗികമോ ആയ അതിക്രമം നേരിട്ടിട്ടുള്ളവരാണെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ- 5 (National Family Health Survey- NFHS-5) ല്‍ കണ്ടെത്തിയത്. 2019- 2021 കാലയളവിലെ കണക്കാണിത്. 2015-2016 കാലഘട്ടത്തിലെ NFHS നാലാം സര്‍വേയില്‍ കണ്ടെത്തിയതിനേക്കാള്‍ കുറവാണിത്. 

2018-ല്‍ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. സിറിയ, സൊമാലിയ, സൗദി അറേബ്യ, പാകിസ്ഥാന്‍, കോംഗോ, യെമന്‍, നൈജീരിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. 

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ശാരീരിക അക്രമങ്ങള്‍ മാത്രമല്ല, വിവാഹജീവിതത്തില്‍ അരങ്ങേറുന്നത്. ലൈംഗികവും മാനസികവും വൈകാരികവുമായ അതിക്രമങ്ങള്‍/പീഡനങ്ങള്‍ വളരെയേറെയാണ്. 

സ്ത്രീധന പീഡനവും ലൈംഗികാതിക്രമങ്ങളും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതകളുമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ശാരീരിക അക്രമങ്ങള്‍ മാത്രമല്ല, വിവാഹജീവിതത്തില്‍ അരങ്ങേറുന്നത്. ലൈംഗികവും മാനസികവും വൈകാരികവുമായ അതിക്രമങ്ങള്‍/പീഡനങ്ങള്‍ വളരെയേറെയാണ്. 
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 2020-ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളുടെ പേരില്‍ 3,15,694 കേസുകളാണ് എടുത്തിട്ടുള്ളത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസ്​- 39,601.
34,426 കേസുള്ള രാജസ്ഥാനും 34,170 കേസുള്ള പശ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ കേരളത്തില്‍ കഴിഞ്ഞവര്‍ഷം 8139 കേസുകളാണെടുത്തത്. 
2019-ല്‍ ഇന്ത്യയിലാകെ 3,48,162 കേസുകളായിരുന്നു സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. 2018-ല്‍ ആകെ 3,29,638 കേസുകളായിരുന്നു ഉണ്ടായിരുന്നത്. 

fight
ഐക്യരാഷ്ട്ര സംഘടനയുടെ  ‘വേള്‍ഡ് വിമെന്‍ റിപ്പോര്‍ട്ടി’ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്നത് ഇന്ത്യയിലാണ് / Photo: Pixabay

2018, 2019 വര്‍ഷങ്ങളെ അപേക്ഷിച്ച് സ്​ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പലതും 2020-ല്‍ എണ്ണത്തില്‍ കുറവാണെന്ന്  NCRBയുടെ കണക്കില്‍ കാണാം. എന്നാല്‍ 2021-ല്‍ സ്ത്രീധനപീഡനവും ലൈംഗികാക്രമണവും ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ പല കുറ്റകൃത്യങ്ങളും വര്‍ധിച്ചതയാണ് റിപ്പോര്‍ട്ട്. 
2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം എടുത്ത കേസുകളുടെ എണ്ണം 12,784 ആണ്. 10 മാസത്തെ മാത്രം കണക്കാണിത്. സ്ത്രീകള്‍ നല്‍കിയ പരാതികളില്‍ ഏറ്റവും കൂടുതൽ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയെക്കുറിച്ചുള്ളതാണ്. 3803 പരാതികളാണ് ഭര്‍ത്താവിന്റെയും ബന്ധുകളുടെയും പീഡനം സംബന്ധിച്ച് 2021 ഒക്ടോബര്‍ വരെ കേരള പൊലീസിന് ലഭിച്ചിട്ടുള്ളത്. 2020-ല്‍ 2736 കേസുകളായിരുന്നു ഉണ്ടായിരുന്നത്. റേപ്പ്​ചെയ്യപ്പെട്ടതായുള്ള 1845 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൈംഗികാക്രമണ കേസുകള്‍ 3359 ആണ്. 145 തട്ടിക്കൊണ്ടുപോകല്‍ കേസും ഇക്കാലയളവിലുണ്ടായിട്ടുണ്ട്. 

വിവാഹമോചനം കുറഞ്ഞ രാജ്യം 

ലോകത്ത് ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ കുടുംബന്ധങ്ങളുടെ കെട്ടുറപ്പ്​ ഉയര്‍ത്തിക്കാട്ടാന്‍ പലരും വിവാഹമോചനത്തിന്റെ കണക്കുപയോഗിക്കുന്നതു കാണാം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പുകൊണ്ടൊന്നുമല്ല വിവാഹമോചനങ്ങളുടെ എണ്ണം കുറയുന്നതെന്ന് സമൂഹഘടനയെക്കുറിച്ചും കുടുംബങ്ങളിലെ ആണധികാര ബലപ്രയോഗങ്ങളെക്കുറിച്ചും അല്‍പമെങ്കിലും ധാരണയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. 

വിവാഹമോചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ ഏഴിരട്ടിയാണ് വിവാഹജീവിതത്തില്‍ തുടരവെ ആത്മഹത്യ ചെയ്തവരുടെ എണ്ണം. വിവാഹജീവിതം അസഹനീയമായതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്‍മാരേക്കാല്‍ സ്ത്രീകളാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ  ‘വേള്‍ഡ് വിമെന്‍ റിപ്പോര്‍ട്ടി’ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്നത് ഇന്ത്യയിലാണ്. 2020-ലെ കണക്കനുസരിച്ച് 45-49 പ്രായപരിധിയിലുള്ള ദമ്പതികളില്‍ വിവാഹമോചന നിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്. ഇന്ത്യയില്‍ വിവാഹിതരെല്ലാം സംതൃപ്തരാണ് എന്ന് ഈ കണക്കുകള്‍ അര്‍ഥമാക്കുന്നില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തിനെതിരെയാണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നും നൂറുകണക്കിന് സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. വിവാഹമോചനം സംഭവിക്കുന്നില്ലെങ്കിലും, സ്ത്രീകള്‍ ഭര്‍തൃവീടുകളില്‍ എത്രത്തോളം അരക്ഷിതരാണെന്ന് വെളിവാക്കുന്നതാണ് ഈ കണക്കുകള്‍. 

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ 2021 നവംബറില്‍ പുറത്തിറക്കിയ Accidental Deaths and Suicides റിപ്പോര്‍ട്ട് പ്രകാരം, വിവാഹജീവിതത്തിലെ അസ്വാരസ്യം കാരണം 2016-നും 2020-നും ഇടയില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത് 37,591 പേരാണ്. അതായത് ഒരു ദിവസം ഇരുപതിലേറെ ആത്മഹത്യ. ഇത്രയും പേരില്‍ 2688 പേര്‍ മാത്രമാണ് പങ്കാളി വിവാഹമോചനം നേടി എന്നതിന്റെ പേരില്‍ ജീവനൊടുക്കിയത്. ബാക്കിയെല്ലാവരും അസംതൃപ്തമായ വിവാഹജീവിതത്തില്‍ നിന്നുള്ള മോചനം തേടിയാണ് ആത്മഹത്യ ചെയ്തത്. വിവാഹമോചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ ഏഴിരട്ടിയാണ് വിവാഹജീവിതത്തില്‍ തുടരവെ ആത്മഹത്യ ചെയ്തവരുടെ എണ്ണം. വിവാഹജീവിതം അസഹനീയമായതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്‍മാരേക്കാല്‍ സ്ത്രീകളാണ്. 21570 സ്ത്രീകള്‍ ആത്മഹത്യ ചെയ്തപ്പോള്‍, ഇതേ കാലയളവില്‍ 16021 പുരുഷന്‍മാരാണ് വിവാഹജീവിതത്തിലെ അസംതൃപ്തി കാരണം ജീവനൊടുക്കിയത്. 

women
സ്ത്രീധന പീഡനവും തുടര്‍ന്നുള്ള മരണങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം വരുന്നത് സ്ത്രീകളില്‍ തിരിച്ചറിവുണ്ടാക്കുന്നുണ്ട് / Photo: Wikimedia Commons

പീഡനവും ആത്മഹത്യകളും (കൊലപാതകങ്ങളും) വര്‍ധിക്കുന്നു എന്നുപറയുന്നത് കണക്കുകളില്‍ ശരിയായിരിക്കും. പക്ഷെ, യഥാര്‍ഥത്തില്‍ സ്ത്രീധന പീഡനവും മരണവും കൂടുന്നു എന്ന് പറയുന്നതിനേക്കാള്‍, പുറത്തുവരുന്ന കേസുകളുടെ എണ്ണം കൂടുന്നു എന്നാണ് പറയേണ്ടത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഉപദ്രവങ്ങള്‍ സഹിക്കേണ്ടതാണെന്നും ഭര്‍ത്താവും വീട്ടുകാരും എന്ത് ചെയ്താലും വിധിയാണെന്നുമുള്ള സ്ത്രീകളുടെ ധാരണയില്‍ മാറ്റം വരുന്നതാണ് കൂടുതല്‍ സംഭവങ്ങള്‍ പുറംലോകം അറിയാന്‍ ഇടയാക്കുന്നത്. സ്ത്രീധന പീഡനവും തുടര്‍ന്നുള്ള മരണങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം വരുന്നത് സ്ത്രീകളില്‍ തിരിച്ചറിവുണ്ടാക്കുന്നുണ്ട്. പീഡനങ്ങളും അവകാശലംഘനങ്ങളും അതിക്രമങ്ങളും തിരിച്ചറിഞ്ഞ് പ്രതികരിക്കാനും പരാതിപ്പെടാനും തയ്യാറാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനും തടയപ്പെടാനും ഇടയാക്കും. എന്നാല്‍ പരാതികളാകാത്ത സംഭവങ്ങളും ഏറെയുണ്ട്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പലരെയും പരാതിപ്പെടുന്നതില്‍ നിന്ന് തടയുന്നുണ്ട്, പ്രത്യേകിച്ച് വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍. 

വനിതാ കമീഷന്റെ കണക്ക് ഇങ്ങനെ

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഈ വര്‍ഷം മുന്‍വര്‍ഷത്തെക്കാള്‍ 46 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് ദേശീയ വനിതാ കമീഷന്‍ പറയുന്നത്. 2021 ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പരിഗണിച്ചാണ് ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2021 ജനുവരി മുതല്‍ ആഗസ്റ്റ് വരെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ 19,953 പരാതികളാണ് വനിതാ കമീഷന് ലഭിച്ചത്. 2020-ല്‍ ഇതേ കാലയളവില്‍ 13,618 പരാതികളാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ആകെ പരാതികളില്‍ പകുതിയും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. 

രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടര്‍ത്തിയവ ഉള്‍പ്പെടെ നിരവധി സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി.യുടെ ഉന്നത നേതാക്കള്‍ വരെ പ്രതികളായ ഒട്ടേറെ ലൈംഗികാക്രമണ കേസുകളും കൊലപാതക കേസുകളും മുന്‍വര്‍ഷങ്ങളിലും ഉത്തര്‍പ്രദേശിലും ദേശീയ രാഷ്ട്രീയത്തിലും കോളിളക്കമുണ്ടാക്കിയത് ആരും മറന്നിട്ടുണ്ടാകില്ല. യോഗി ആദിത്യനാഥ് ഭരണകൂടത്തിനുകീഴില്‍ സ്ത്രീകളും ദലിതരും കൂടുതല്‍ അരക്ഷിതരായിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ കണക്കുകളും വ്യക്തമാക്കുന്നത്. 

സമ്പത്തിന്റെയും അധികാരത്തിന്റെയും ജാതിയുടെയും ഇടപെടലിനൊപ്പം രാഷ്ട്രീയ ഒത്താശ കൂടി ചേര്‍ന്നതാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളേറെയും. നിസഹായരായ ദരിദ്രരും ദലിതരും മുസ്​ലിംകളുമൊക്കെയാണ് ഇരയാക്കപ്പെടുന്നവരിലേറെയും. 

അതേസമയം, ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കിയതിനാല്‍ ജനങ്ങള്‍ അതിക്രമങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും കൂടുതല്‍ അറിവുള്ളവരായിത്തീരുന്നതാണ് പരാതികളുടെ എണ്ണം ഉയരാന്‍ കാരണമെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറയുന്നു. സ്ത്രീകളും പൊതുസമൂഹവും ബോധവത്കരിക്കപ്പെടുന്നത് തീര്‍ച്ചയായും പരാതിപ്പെടുന്നവരുടെ എണ്ണം ഉയരാന്‍ ഇടയാക്കും. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളില്‍ ഇത് ശരിയാകാം. യുവതികളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി ആക്രമിച്ച്​ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് ബോധവത്കരണം കൂടിയതുകൊണ്ടാണെന്ന് പറയാനാകുമോ? സമ്പത്തിന്റെയും അധികാരത്തിന്റെയും ജാതിയുടെയും ഇടപെടലിനൊപ്പം രാഷ്ട്രീയ ഒത്താശ കൂടി ചേര്‍ന്നതാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളേറെയും. നിസഹായരായ ദരിദ്രരും ദലിതരും മുസ്​ലിംകളുമൊക്കെയാണ് ഇരയാക്കപ്പെടുന്നവരിലേറെയും. 

2021 ജൂലൈയില്‍ മാത്രം 3248 പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. 2015-ന് ശേഷം ഒറ്റ മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പരാതിക്കണക്കാണിത്. ഈ വര്‍ഷത്തെ 19,953 പരാതികളില്‍ 7036 എണ്ണം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ളതാണ്. ഗാര്‍ഹിക പീഡന പരാതികള്‍ 4289 എണ്ണമാണ്. സ്ത്രീധന പീഡനത്തിന്റെയും വിവാഹജീവിതത്തിലെ അതിക്രമങ്ങളുടെയും പേരില്‍ ലഭിച്ചത് 2923 പരാതികളാണ്. സ്ത്രീകള്‍ക്കെതിരായ വൈകാരിക ചൂഷണമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന് കീഴില്‍ വരുന്നത്.  സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ പേരില്‍ 1116 പരാതികളാണ് 2021 ആഗസ്റ്റ് വരെ വനിതാ കമീഷന് ലഭിച്ചത്. റേപ്പ്​/ റേപ്പിനുള്ള ശ്രമം എ ന്നിവ നടന്നതായുള്ള പരാതികള്‍ 1022 എണ്ണമാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ 585 പരാതികളും ഇക്കാലയളവില്‍ ലഭിച്ചു. 

rekha sharma
രേഖ ശര്‍മ / Photo: Rekha Sharma, Facebook

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ഉത്തര്‍പ്രദേശിലാണ്, 10084. 2147 പരാതികളുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ഹരിയാന (995), മഹാരാഷ്ട്ര (947) എന്നീ സംസ്ഥാനങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 

2020-ല്‍ ലഭിച്ച പരാതികളുടെ കണക്ക് ദേശീയ വനിതാ കമീഷന്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. 23,722 പരാതികളാണ് കഴിഞ്ഞ വര്‍ഷം വനിതാ കമീഷന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് നവംബറിലാണ്, 2884. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനത്തിനെതിരായ പരാതികളാണ് കമീഷന് ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍. 7715 സ്ത്രീകളാണ് ഈ അവകാശം ലംഘിക്കപ്പെടുന്നതായി പരാതി നല്‍കിയത്. ഗാര്‍ഹിക പീഡന പരാതിയാണ് പിന്നീട് കൂടുതല്‍. 6229 ഗാര്‍ഹിക പീഡന പരാതികളാണ് ലഭിച്ചത്. ഇത് കഴിഞ്ഞ 12 വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ കണക്കാണ്. 2014 മുതല്‍ ഗാര്‍ഹിക പീഡന പരാതികളുടെ എണ്ണം കുറഞ്ഞുവന്നിരുന്നു. എന്നാല്‍ 2018 മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങി. 

സ്ത്രീധന പീഡന പരാതികളുടെ എണ്ണം 3788 ആണ്. സ്ത്രീധന മരണം സംബന്ധിച്ച് 330 പരാതികളുണ്ടായി. 1236 റേപ്പ്​ പരാതികളാണ് കമീഷന് കിട്ടിയത്. ലൈംഗികാതിക്രമത്തിന്റെ പേരില്‍ 376 പരാതികളാണുണ്ടായത്. തൊഴില്‍സ്ഥലത്തെ ലൈംഗികാതിക്രമം സംബന്ധിച്ച് 144 പേരാണ് പരാതി നല്‍കിയത്. സ്​ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ 704 പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്.    

മുന്നില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം 

ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ പീഡനമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുന്നില്‍. 2020-ല്‍ 1,12,292 കേസുകളാണ് ഈ ഗണത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 2019-ലേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019-ല്‍ രാജ്യത്താകെ 1,26,575 കേസുകളാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ 2018-ലേക്കാള്‍ കൂടുതലാണ് 2020-ലെ കേസുകളുടെ എണ്ണം. 2018-ല്‍ 1,04,165 സ്ത്രീകളാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അതിക്രമത്തിനിരയായതായി പരാതിപ്പെട്ടത്. 
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തിന്റെ പേരിലുള്ള കേസുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് പശ്ചിമ ബംഗാളാണ്, 19,966 കേസുകള്‍. 14,533 കേസുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്. 13,896 കേസുള്ള രാജസ്ഥാന്‍ മൂന്നാമതും 11,413 കേസുള്ള അസം നാലാമതുമാണ്. കേരളം 12-ാം സ്ഥാനത്താണ്. 2736 കേസുകളാണ് 2020-ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തെലങ്കാന (7745), മഹാരാഷ്ട്ര (6749), ആന്ധ്രപ്രദേശ് (6579), മധ്യപ്രദേശ് (5540), ഹരിയാന (4122), ഒഡിഷ (3659), ഗുജറാത്ത് (3345) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. കര്‍ണാടകയില്‍ 2092 കേസുകളാണുള്ളത്. തമിഴ്നാട്ടില്‍ 702 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

തനിക്ക് സംഭവിക്കുന്നത് അനീതിയാണെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്ക് ഇല്ലാത്ത സമൂഹങ്ങളില്‍ ഗാര്‍ഹിക പീഡനമോ ഭര്‍ത്താവില്‍ നിന്നുള്ള അതിക്രമങ്ങളോ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെടില്ല. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകളുടെ എണ്ണം കുറവ്. സിക്കിമില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. നാഗാലാന്‍ഡില്‍ രണ്ടും മിസോറമിലും മണിപ്പൂരിലും ഏഴ് കേസുകളുമാണുള്ളത്. ഗോവയില്‍ എട്ട് പരാതികളാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അതിക്രമത്തിന്റെ പേരില്‍ നല്‍കപ്പെട്ടത്. 

പരാതികളുടെ എണ്ണം കുറഞ്ഞ സംസ്ഥാനങ്ങള്‍ സ്ത്രീസൗഹൃദമാണെന്ന് അര്‍ഥമില്ല. വിദ്യാഭ്യാസ നിലവാരവും അവബോധവും സാമൂഹികഘടനയുമെല്ലാം ഇതില്‍ ഘടകങ്ങളാണ്. തനിക്ക് സംഭവിക്കുന്നത് അനീതിയാണെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്ക് ഇല്ലാത്ത സമൂഹങ്ങളില്‍ ഗാര്‍ഹിക പീഡനമോ ഭര്‍ത്താവില്‍ നിന്നുള്ള അതിക്രമങ്ങളോ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെടില്ല. 

ആക്രമിക്കപ്പെടുന്ന ഐഡൻറിറ്റി

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ആത്മാഭിമാനത്തിനെതിരായ അതിക്രമമാണ്. ഇത്തരം അതിക്രമങ്ങളുടെ പേരില്‍ 86,745 കേസുകളാണ് രാജ്യത്ത് 2020-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2019-ല്‍ 89,292 കേസുകളുണ്ടായിരുന്നു. 2018-ല്‍ ഇത് 90,039 ആയിരുന്നു. ഒഡീഷയിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍- 12,641. മഹാരാഷ്ട്ര (10,007), ഉത്തര്‍പ്രദേശ് (9903), രാജസ്ഥാന്‍ (8690), മധ്യപ്രദേശ് (5431) എന്നിവയാണ് കൂടുതല്‍ കേസുള്ള മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ 3971 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹിയില്‍ 1841 കേസും ജമ്മു കശ്മീരില്‍ 1766 കേസുകളുമാണുള്ളത്.

thapad
തനിക്ക് സംഭവിക്കുന്നത് അനീതിയാണെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്ക് ഇല്ലാത്ത സമൂഹങ്ങളില്‍ ഗാര്‍ഹിക പീഡനമോ ഭര്‍ത്താവില്‍ നിന്നുള്ള അതിക്രമങ്ങളോ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെടില്ല. ഥപട് എന്ന സിനിമയിലെ രംഗം / Photo: IMDb

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ 4137 ആണ്. 1264 കേസുകളുള്ള ഉത്തര്‍പ്രദേശിലാണ് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം കൂടുതല്‍. രാജസ്ഥാനില്‍ 1018 കേസുകളാണുള്ളത്. കേരളത്തില്‍ ചെറിയ പെണ്‍കുട്ടികള്‍ക്കെതിരായ 631 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

തട്ടിക്കൊണ്ടുപോകല്‍; കൊല്ലാനും വിവാഹത്തിനും

തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മൂന്നാം സ്ഥാനത്ത്​. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായി 63,693 കേസുകളാണ് 2020-ല്‍ ഇന്ത്യയില്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇത് 2019-ലേതിനേക്കാള്‍ കുറവാണ്. 2019-ല്‍ 73,844 സ്ത്രീകളാണ് തട്ടിക്കൊണ്ടുപോകലിനിരയായത്. തട്ടിക്കൊണ്ടുപോകല്‍ തന്നെ വിവിധ തരത്തിലുണ്ട്. കൊലപ്പെടുത്താന്‍  തട്ടിക്കൊണ്ടുപോകുന്ന കേസുകളുണ്ട്. മോചനദ്രവ്യത്തിനും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നുണ്ട്. നിര്‍ബന്ധിത വിവാഹത്തിനുവേണ്ടി സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് ഉത്തര്‍പ്രദേശിലാണ്- 9257 കേസുകള്‍. 7805 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. ബിഹാര്‍ (6747), അസം (5915), മഹാരാഷ്ട്ര (5332) ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ 152 കേസുകളാണുള്ളത്. 
2020-ല്‍ രാജ്യത്താകെ 104 സ്ത്രീകളെയാണ് വധിക്കാൻ  വേണ്ടി തട്ടിക്കൊണ്ടുപോയത്. ഇക്കാര്യത്തിലും ഉത്തര്‍പ്രദേശ് തന്നെയാണ് മുന്നില്‍. ആകെ കേസുകളില്‍ പകുതിയിലേറെയും ഉത്തര്‍പ്രദേശിലാണ്. 58 സ്ത്രീകളെയാണ് ഉത്തര്‍പ്രദേശില്‍ വധിക്കാനായി തട്ടിക്കൊണ്ടുപോയത്. ജാര്‍ഖണ്ഡിലും ബിഹാറിലും ഇത്തരത്തിലുള്ള 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹത്തിന്​ തട്ടികൊണ്ടുപോകുന്ന സംഭവങ്ങളും കൂടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍ തന്നെയാണ്. വിവാഹപ്രായമെത്താത്ത 2943 പെണ്‍കുട്ടികളെയാണ് ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയത്.

ഇന്ത്യയിലാകെ 25,098 സ്ത്രീകളെയാണ് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിക്കുന്നതിനായി 2020-ല്‍ തട്ടിക്കൊണ്ടുപോയത്. ഉത്തര്‍പ്രദേശിലാണ് ഇത്തരം സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍, 7830. ബിഹാറില്‍ 5378 സ്ത്രീകളെയാണ് വിവാഹത്തിനായി തട്ടിക്കൊണ്ടുപോയത്. അസം (2384), പഞ്ചാബ് (1217), മധ്യപ്രദേശ് (1043) എന്നീ സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളില്‍. കേരളത്തില്‍ 48 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജമ്മു കശ്മീരിലാണ് ഏറ്റവുമധികം സ്ത്രീകളെ വിവാഹത്തിനായി കടത്തിക്കൊണ്ടുപോയത്. 456 കേസുകളാണ് ജമ്മു കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

18 വയസ്സിന് മുകളിലുള്ള സ്ത്രീകളെ വിവാഹത്തിനായി തട്ടിക്കൊണ്ടുപോയ 13,862 സംഭവങ്ങളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 4887 സ്ത്രീകളെയാണ് ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത വിവാഹത്തിന്​ കടത്തിക്കൊണ്ടുപോയത്. അസം (2638), ബിഹാര്‍ (2620) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. കേരളത്തില്‍ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 
18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹത്തിനായി തട്ടിക്കൊണ്ടുപോയതായുള്ള 11,236 കേസുകളാണ് രാജ്യത്ത് 2020-ല്‍ രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹത്തിന്​ തട്ടികൊണ്ടുപോകുന്ന സംഭവങ്ങളും കൂടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍ തന്നെയാണ്. വിവാഹപ്രായമെത്താത്ത 2943 പെണ്‍കുട്ടികളെയാണ് ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയത്. 2758 കേസുകളുള്ള ബിഹാര്‍ തൊട്ടുപിന്നിലുണ്ട്. ഇത്തരത്തിലുള്ള 42 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ചണ്ഡീഗഡില്‍ 19 ഉം ജമ്മു കശ്മീരില്‍ 16 ഉം പെണ്‍കുട്ടികളെ 2020-ല്‍ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്​ 2480 കേസുകളാണ് 2020-ല്‍ ആകെയെടുത്തിട്ടുള്ളത്. 1055 കേസുകളുള്ള അസമാണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. കേരളത്തില്‍ അഞ്ച് കേസുകളാണുണ്ടായിരുന്നത്. വിദേശത്തുനിന്ന് പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്തതായുള്ള ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മഹാരാഷ്ട്രയിലാണ്. 
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 943 മനുഷ്യക്കടത്ത് കേസുകളുമുണ്ടായി. മഹാരാഷ്ട്രയിലാണ് കൂടുതല്‍, 242 കേസുകള്‍. 100 കേസുകളുള്ള അസം ആണ് രണ്ടാമത്. 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരളവും തെലങ്കാനയുമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍പന നടത്തിയതിന് 12 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് (4), ഗുജറാത്ത് (2), പശ്ചിമ ബംഗാള്‍ (2), ജാര്‍ഖണ്ഡ് (1), അസം (1), ബിഹാര്‍ (1), ഹരിയാന (1) എന്നീ സംസ്ഥാനങ്ങളിലാണ് ഈ കേസുകള്‍. 

ലൈംഗികാക്രമണം

പിഞ്ചുകുഞ്ഞ് മുതല്‍ 90 വയസ്സുകാരി വരെ റേപ്പിനിരയാക്കപ്പെടുന്ന നാടാണ് ഇന്ത്യ. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ സെക്ഷന്‍ 376 പ്രകാരമാണ് റേപ്പിന്​കേസെടുക്കുന്നത്. ഈ വകുപ്പ് പ്രകാരം ഇന്ത്യയില്‍ 2020-ല്‍ 28,153 കേസുകളാണെടുത്തത്. 2019-ല്‍ 32,260 ആയിരുന്നു. ഇതില്‍ 25,498 കേസുകള്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ റേപ്പ്​ ചെയ്യപ്പെട്ടതാണ്. 2655 കേസുകളില്‍ ഇരകള്‍ 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. 2018-ല്‍ 33,977 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.  

rape
2005 മുതല്‍ 2020 വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റേപ്പ് കേസുകളുടെ ഗ്രാഫ് / NCRB

2020-ല്‍ ഏറ്റവും കൂടുതല്‍ റേപ്പ്​ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ്, 5337. തൊട്ടടുത്ത സ്ഥാനത്തുള്ള യു.പി.യില്‍ 2796 കേസാണുള്ളത്. മധ്യപ്രദേശ് (2341), മഹാരാഷ്ട്ര (2065), അസം (1657), ഹരിയാന (1373), ചത്തീസ്ഗഡ് (1212), ഒഡീഷ (1211), പശ്ചിമ ബംഗാള്‍ (1128), ആന്ധ്രപ്രദേശ് (1095) എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലേറെ സ്ത്രീകള്‍ ഒരു വര്‍ഷം റേപ്പ്​ചെയ്യപ്പെടുന്നു. ഡല്‍ഹിയില്‍ 997 റേപ്പ്​ കേസുകളാണ് 2020-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 647 സ്ത്രീകള്‍ റേപ്പിനിരയായതായാണ് കണക്ക്.
18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ റേപ്പിനിരയായതും രാജസ്ഥാനിലാണ്, 1279 കുട്ടികള്‍. ആന്ധ്രപ്രദേശില്‍ 587 പെണ്‍കുട്ടികളാണ് റേപ്പ്​ചെയ്യപ്പെട്ടത്. യു.പി.യില്‍ 204 കുട്ടികളും ഹിമാചല്‍ പ്രദേശില്‍ 196 കുട്ടികളും ജാര്‍ഖണ്ഡില്‍ 116 കുട്ടികളും റേപ്പ്​ ചെയ്യപ്പെട്ടു. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ റേപ്പ്​ ചെയ്യപ്പെട്ട കേസുകള്‍ 2020-ല്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. അതേസമയം, 2018-ലും 2019-ലും കേരളത്തില്‍ ഇത്തരത്തിലുള്ള ആയിരത്തിലേറെ കേസുകള്‍ ഉണ്ടായിരുന്നതായും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖകളിലുണ്ട്. 

സ്ത്രീയെ കൂട്ട റേപ്പിനിരയാക്കി കൊലപ്പെടുത്തിയ സംഭവങ്ങള്‍ 226 എണ്ണമാണ് 2020-ല്‍ രാജ്യത്തുണ്ടായത്​. 2019-ല്‍ 286 സ്ത്രീകളാണ് കൂട്ട റേപ്പിനിരയായി കൊല്ലപ്പെട്ടത്. 2018-ല്‍ 296 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 31 സ്ത്രീകള്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശാണ് ഇക്കാര്യത്തില്‍ മുന്നില്‍. മധ്യപ്രദേശ് (27), അസം (26), മഹാരാഷ്ട്ര (23), ഒഡീഷ (20), തെലങ്കാന (14) എന്നീ സംസ്ഥാനങ്ങളാണ് കണക്കില്‍ തൊട്ടുപുറകിൽ. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു കേസാണ് ഉണ്ടായത്. ഡല്‍ഹിയിലും ഒരു കൊല റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ കേരളത്തില്‍ 14 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 2018-ല്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 2019-ല്‍ അഞ്ച് കേസുകളും 2018-ല്‍ മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

കുട്ടികളോട് ക്രൂരത കേരളത്തില്‍ 

കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിന് (Protection of Children from Sexual Offences- POCSO) കീഴില്‍ 46,523 കേസുകളാണ് രാജ്യത്ത് കഴിഞ്ഞവര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികള്‍ ഇരകളായ കേസുകളുടെ മാത്രം കണക്കാണിത്. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായത് ഉത്തര്‍പ്രദേശിലാണ്, 6722 പേര്‍. മഹാരാഷ്ട്ര (5630), മധ്യപ്രദേശ് (5603), തമിഴ്നാട് (3103), പശ്ചിമബംഗാള്‍ (2688) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഡല്‍ഹിയില്‍ 1130 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

പെണ്‍കുട്ടികളെ റേപ്പ്​ ചെയ്തതിന് 28058 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്​. 3262 കേസുള്ള മധ്യപ്രദേശാണ് മുന്നില്‍. മഹാരാഷ്ട്ര (2800), ഉത്തര്‍പ്രദേശ് (2533), തമിഴ്നാട് (2227), ഗുജറാത്ത് (1881) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനത്ത്. കേരളത്തില്‍ 1259 കേസാണുള്ളത്. ഇതിലും കേരളത്തിന് 11-ാം സ്ഥാനമാണ്. 

child abuse
കേരളത്തില്‍ 1879 പോക്​സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 11-ാം സ്ഥാനമാണ് കേരളത്തിന് / Photo: Flickr

കുട്ടികളെ അശ്ലീല ചിത്ര നിര്‍മാണത്തിന് (Child Pornography) ഉപയോഗിച്ചതായി 555 കേസുകളാണ് രാജ്യത്താകെ 2020-ലുള്ളത്. ബിഹാറാണ് ഇക്കാര്യത്തില്‍ മുന്നില്‍. 106 കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ളത് കേരളമാണ്. 83 കേസുകളാണ് നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 

സ്ത്രീധന മരണം

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിരോധിക്കപ്പെട്ട ഇന്ത്യയില്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 2020-ല്‍ 7045 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തത്. 2019-ല്‍ ഇത് 7162 ആയിരുന്നു. 2018-ല്‍ 7166 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ മരിച്ചത്.

സ്ത്രീധന മരണ കേസുകള്‍ കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്. 2302 സ്ത്രീകളാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 2020-ല്‍ യു.പി.യില്‍ മരിച്ചത്. 1047 മരണം റിപ്പോര്‍ട്ട് ചെയ്ത ബിഹാറാണ് രണ്ടാമത്. മധ്യപ്രദേശ് (627), പശ്ചിമ ബംഗാള്‍ (523), രാജസ്ഥാന്‍ (480) എന്നീ സംസ്ഥാനങ്ങളാണ് വരുന്ന സ്ഥാനങ്ങളില്‍. കേരളത്തില്‍ 2020-ല്‍ ആറ് സ്ത്രീകള്‍ക്കാണ് സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായത്. ഡല്‍ഹിയില്‍ 112 സ്ത്രീധന മരണമാണ് റിപ്പോർട്ട്​ ചെയ്തത്.

സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കുറഞ്ഞുപോയതിന്റെ പേരില്‍ പീഡിപ്പിക്കുന്നതുമെല്ലാം സാധാരണ സംഭവങ്ങള്‍ മാത്രമായാണ് പലരും കരുതിപ്പോന്നത്. എന്നാല്‍ അതില്‍ നിന്ന് മാറിചിന്തിക്കുന്ന തലമുറ വളര്‍ന്നുവരുന്നുണ്ട്

രാജ്യത്തെ ആകെ കണക്കില്‍ സ്ത്രീധന മരണം മുന്‍വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞതായാണ് കാണുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ആത്മഹത്യയും കൊലപാതകവും വര്‍ധിച്ചുവരുന്നതായാണ് സമീപകാല വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2018, 2019 വര്‍ഷങ്ങളേക്കാള്‍ കുറവാണ് 2020-ല്‍. എന്നാല്‍ 2021-ല്‍ കേസുകളുടെ എണ്ണം കൂടുതലായിരിക്കുമെന്ന് ഇതുവരെയുള്ള കണക്കുകളില്‍ നിന്നു തന്നെ മനസ്സിലാക്കാം. 
2021 ജനുവരി മുതല്‍ ആഗസ്റ്റ് വരെ കേരളത്തില്‍ എട്ട് സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ഇവരെല്ലാം 18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു. 2019-ല്‍ ആകെ എട്ട് മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018-ല്‍ 17 പേരാണ് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തത്. 2017-ല്‍ 12 ഉം 2016-ല്‍ 25 ഉം സ്ത്രീകള്‍ക്കാണ് കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 

വളരെ ശക്തമായ സ്​ത്രീധന നിരോധന നിയമമാണ് രാജ്യത്ത് നിലവിലുള്ളത്​. സ്ത്രീധനം വാങ്ങിയെന്ന പരാതി പോലീസിന്റെയോ നിയമത്തിന്റെയോ മുന്നിലെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്ന ഭരണസംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ അവിടെവരെ എത്തുന്ന കേസുകള്‍ കുറയുന്നതാണ് കാരണം. അറിവില്ലായ്മയേക്കാള്‍ ദുരഭിമാനം കാരണം പരാതി നല്‍കാത്തവരായിരിക്കും കൂടുതല്‍. സ്ത്രീധനം മകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ അനിവാര്യമാണെന്ന മിഥ്യാഭിമാനം വെച്ചുപുലര്‍ത്തുന്നവരാണ് ഏറെയാളുകളും. അതുകൊണ്ടുതന്നെ സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കുറഞ്ഞുപോയതിന്റെ പേരില്‍ പീഡിപ്പിക്കുന്നതുമെല്ലാം സാധാരണ സംഭവങ്ങള്‍ മാത്രമായാണ് പലരും കരുതിപ്പോന്നത്. എന്നാല്‍ അതില്‍ നിന്ന് മാറിചിന്തിക്കുന്ന തലമുറ വളര്‍ന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീധന പീഡന കേസുകള്‍ ഭാവിയില്‍ കുറയുക തന്നെ ചെയ്യും.

1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം 10,488 കേസുകളാണ് രാജ്യത്ത് 2020-ല്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധനത്തിനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ ബോധവതികളാകുന്നതിന്റെ ഫലമായാണ് ഇത്തരം പരാതികളുടെ എണ്ണം കൂടുന്നത്. 

gold
സ്ത്രീധനം മകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ അനിവാര്യമാണെന്ന മിഥ്യാഭിമാനം വെച്ചുപുലര്‍ത്തുന്നവരാണ് ഏറെയാളുകളും / Photo: Wikimedia Commons

വിവാഹസമയത്ത് പെണ്‍വീട്ടുകാരില്‍ നിന്ന് ആണ്‍വീട്ടുകാര്‍ സ്വീകരിക്കുന്നതെന്തും സ്ത്രീധനത്തിന്റെ പരിധിയില്‍ വരും. വിവാഹ ചടങ്ങ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ള സ്വീകരിക്കുന്ന സമ്മാനങ്ങളെല്ലാം ഇതില്‍പെടും. സ്ത്രീധനം ആവശ്യപ്പെട്ടതിന്​ തെളിവുകള്‍ നല്‍കിയാല്‍ കേസെടുക്കാനാകും. മൊബൈല്‍ സന്ദേശങ്ങളും, വാട്‌സ്​ആപ്പ്​ ചാറ്റുകളും, വോയ്‌സ് റെക്കോര്‍ഡുകളും ഉള്‍പ്പെടെ തെളിവായി സ്വീകരിക്കും. സ്ത്രീധനം കൊടുക്കുക, വാങ്ങുക, ആവശ്യപ്പെടുക എന്നിവയ്‌ക്കൊപ്പം തന്നെ വിവാഹത്തിനായി നല്‍കുന്ന പരസ്യങ്ങളിലൂടെ സ്ത്രീധന ആവശ്യം സൂചിപ്പിക്കുന്നതും പരാതിയായി പരിഗണിക്കും. 

ആത്മഹത്യാ പ്രേരണ

സ്ത്രീകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് 5132 കേസുകളാണ് 2020-ല്‍ രജിസ്റ്റര്‍ ചെയ്തത്. 2019-ല്‍ ഇത് 5088 ആയിരുന്നു. 2018-ല്‍ 5266 ആയിരുന്നു. ഏറ്റവും കൂടുതല്‍ ആത്മഹത്യാപ്രേരണ കേസുകള്‍ എടുത്തത് മഹാരാഷ്ട്രയിലാണ്, 844 കേസുകള്‍. മധ്യപ്രദേശ് (744), പശ്ചിമബംഗാള്‍ (490), തെലങ്കാന (404), ആന്ധ്രപ്രദേശ് (392), ഉത്തര്‍പ്രദേശ് (381) എന്നീ സംസ്ഥാനങ്ങളിലും സ്ത്രീകളെ ആത്ഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. കേരളത്തില്‍ 34 കേസുകളാണുള്ളത്. 

ആസിഡ് ആക്രമണം

സ്ത്രീകള്‍ക്കെതിരായ 109 ആസിഡ് ആക്രമണമാണ് 2020-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2019-ല്‍ 156 ഉം 2018-ല്‍ 136 ഉം ആസിഡ് ആക്രമണമാണ് ഉണ്ടായത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണമുണ്ടായത്. 29 സ്ത്രീകളാണ് ആസിഡ് ആക്രമണത്തിന് ഇരകളായത്. 23 സ്ത്രീകള്‍ ആക്രമിക്കപ്പെട്ട ഉത്തര്‍പ്രദേശാണ് രണ്ടാമത്. കര്‍ണാടകയിലും ഒഡീഷയിലും ആറ് വീതം സംഭവങ്ങളുണ്ടായി. കേരളത്തില്‍ നാല് സ്ത്രീകളാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. 2019-ല്‍ കേരളത്തില്‍ രണ്ട് ആസിഡ് ആക്രമണമായിരുന്നു സംഭവിച്ചത്. 2018-ലും നാല് ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സൈബര്‍ കുറ്റകൃത്യങ്ങള്‍

സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ 2399 കേസുകളാണ് 2020-ല്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനങ്ങളില്‍ ഒഡീഷയാണ് മുന്നില്‍. സൈബര്‍ ഇടങ്ങളിലെ അതിക്രമങ്ങള്‍ സംബന്ധിച്ച് 526 സ്ത്രീകളാണ് ഒഡീഷയില്‍ പരാതി നല്‍കിയത്. അസം (402), ഉത്തര്‍പ്രദേശ് (338), തമിഴ്നാട് (191), കര്‍ണാടക (156), മഹാരാഷ്ട്ര (132) കേരളം (121) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളത്. 
ലൈംഗികചുവയുള്ള സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതിന് 1720 കേസുകളാണെടുത്തത്. ഉത്തര്‍പ്രേദശിലാണ് ഏറ്റവും കൂടുതല്‍ (325). കേരളത്തില്‍ 115 കേസുകളാണെടുത്തത്.  

സ്ത്രീകള്‍ക്കെതിരായ മറ്റെല്ലാ അതിക്രമങ്ങളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസുകള്‍ കുറവാണ്. അവിടെ സ്ത്രീകളാരും വീടുകളില്‍ അതിക്രമത്തിന് ഇരയാകുന്നില്ലെന്നല്ല, മറിച്ച് അക്രമങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയും അടിച്ചമര്‍ത്തപ്പെടുകയുമാണെന്ന് വേണം മനസ്സിലാക്കാന്‍.

ഗാര്‍ഹിക പീഡനം, ലൈംഗികവൃത്തിക്കുള്ള ബലപ്രയോഗം 

ഗാര്‍ഹിക പീഡനം തടയല്‍ നിയമപ്രകാരം 2020-ല്‍ രാജ്യത്താകെ 446 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 180 കേസുകളുള്ള മധ്യപ്രദേശും 165 കേസുകളുള്ള കേരളവുമാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ജാര്‍ഖണ്ഡ് (66), ചത്തീസ്ഗഡ് (23), മഹാരാഷ്ട്ര (3), ഹിമാചല്‍പ്രദേശ് (2), മണിപ്പൂര്‍ (1), പശ്ചിമ ബംഗാള്‍ (1) എന്നിവയാണ് ഗാര്‍ഹിക പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റു സംസ്ഥാനങ്ങള്‍. സ്ത്രീകള്‍ക്കെതിരായ മറ്റെല്ലാ അതിക്രമങ്ങളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസുകള്‍ കുറവാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവിടെ സ്ത്രീകളാരും വീടുകളില്‍ അതിക്രമത്തിന് ഇരയാകുന്നില്ലെന്നല്ല, മറിച്ച് അക്രമങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയും അടിച്ചമര്‍ത്തപ്പെടുകയുമാണെന്ന് വേണം മനസ്സിലാക്കാന്‍. അവകാശനിഷേധവും പീഡനവുമാണ് നടക്കുന്നതെന്ന തിരിച്ചറിവും സംരക്ഷണത്തിന് നിയമമുണ്ടെന്ന അറിവും ഇല്ലാത്തതും പരാതികള്‍ കുറയാന്‍ കാരണമാകുന്നു. അവബോധമുള്ള സമൂഹത്തില്‍ മാത്രമെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുള്ളൂ. 
സ്ത്രീകള്‍ ലൈംഗികവൃത്തിക്ക്​ നിര്‍ബന്ധിക്കപ്പെട്ടതായുള്ള കേസുകള്‍ 195 എണ്ണമാണ് രാജ്യത്ത് 2020-ല്‍ ഉണ്ടായത്. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (99), കേരളത്തില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികവൃത്തിക്ക് സ്ത്രീകളെ ചൂഷണം ചെയ്തതായുള്ള 36 പരാതികളാണുള്ളത്. 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

കെ.വി. ദിവ്യശ്രീ

ട്രൂകോപ്പി സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
 

Audio