Wednesday, 29 March 2023

കടൽ വിഭവ ചൂഷണം


Text Formatted

ആഴക്കടൽ ഇനി
​​​​​​​കുത്തകകൾക്ക്​

ആഴക്കടൽ മത്സ്യബന്ധനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ, പരമ്പരാഗത- ചെറുകിട മത്സ്യത്തൊഴിലാളികളെ, കടലിൽനിന്ന്​ പൂർണമായും പുറത്താക്കുന്നതും കടൽവിഭവങ്ങൾ കുത്തകകൾക്ക്​ തീറെഴുതുന്നതുമാണ്​. വലിയ കപ്പലുകള്‍ മത്സ്യസമ്പത്ത് അമിതമായി ഊറ്റിയെടുക്കുന്നതിനും മത്സ്യമേഖലയില്‍ അമിത വ്യവസായവത്കരണത്തിനും ഇതിടയാക്കും. 

Image Full Width
Image Caption
Photo: Unsplash
Text Formatted

രമ്പരാഗത തൊഴില്‍ എന്നതില്‍ നിന്നുമാറി മത്സ്യബന്ധനവും അനുബന്ധമേഖലകളും പൂര്‍ണമായും വന്‍കിട കമ്പനികള്‍ കൈയടക്കുന്ന ആഗോള വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. മത്സ്യമേഖലയെയാകെ കുത്തകകള്‍ക്ക് തീറെഴുതുന്നതിന് വേഗം കൂട്ടുന്ന നടപടികളാണ് അടുത്ത കാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോക വ്യാപാര സംഘടനയും രാഷ്ട്രങ്ങളും കൊണ്ടുവരുന്ന നയങ്ങള്‍ അത്തരത്തിലുള്ളതാണ്.

1950-51 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 0.40 % മാത്രമായിരുന്നു മത്സ്യമേഖലയുടെ സംഭാവനയെങ്കില്‍, 2017-18 ല്‍ അത് 1.03% ആയി. അതായത്, 157% വര്‍ധന. 2017-18 സമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പി.യില്‍ മത്സ്യമേഖലയുടെ സംഭാവന 1,75,573 കോടി രൂപയായിരുന്നു. 
ലോകത്തിലെ ഏറ്റവും വലിയ കടല്‍വിഭവ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വിദേശനാണ്യലഭ്യതയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നതും മത്സ്യമേഖല തന്നെയാണ്. 2017-18 ല്‍ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ അഞ്ച് ശതമാനം കടല്‍വിഭവങ്ങളായിരുന്നു. ആകെ കയറ്റുമതിയുടെ 19.23 ശതമാനമായിരുന്നു കാര്‍ഷിക കയറ്റുമതി. 2018-19 വര്‍ഷത്തെ കടല്‍വിഭവ കയറ്റുമതി 13,92,559 മെട്രിക് ടണ്‍ ആയിരുന്നു. അതായത്, 46,589 കോടി രൂപ (6.73 ബില്യണ്‍ ഡോളര്‍) മൂല്യം. ഉപ്പുവെള്ളത്തിലെ മത്സ്യകൃഷിയുടെയും അക്വാകള്‍ച്ചറിന്റെയും വര്‍ധനവാണ് കടല്‍വിഭവ കയറ്റുമതിയുടെ തോത് കുതിച്ചുയരാന്‍ കാരണമായത്. 

sea2
2018-ലെ കണക്കനുസിരിച്ച് ഇന്ത്യയിലെ ആകെ മത്സ്യലഭ്യത 22.31 മില്യണ്‍ മെട്രിക് ടണ്ണാണ്. ഇതില്‍ 5.31 മില്യണ്‍ മെട്രിക് ടണ്‍ കടല്‍ മത്സ്യങ്ങളും 17 മില്യണ്‍ മെട്രിക് ടണ്‍ ഉള്‍നാടന്‍ മത്സ്യങ്ങളുമാണ്. / Photo:Flickr

മത്സ്യവിഭവങ്ങളുടെ കാര്യത്തില്‍ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ ഭൂപ്രദേശമാണ് ഇന്ത്യ. ആഴക്കടല്‍ മുതല്‍ തടാകങ്ങള്‍, കുളങ്ങള്‍, നദികള്‍ എന്നിവയുള്‍പ്പെടെ ആഗോള ജൈവവൈവിധ്യത്തിന്റെ 10 ശതമാനത്തിലധികം മത്സ്യങ്ങളും മറ്റു ജലവിഭവങ്ങളുമായിട്ടാണുള്ളത്. 2.02 മില്യണ്‍ സ്‌ക്വയര്‍ കി.മീ. ദൂരത്തിലുള്ള രാജ്യത്തിന്റെ വിശാലമായ പ്രത്യേക സാമ്പത്തികമേഖലയിലും (Exclusive Economic Zone - EEZ) 0.53 മില്യണ്‍ സ്‌ക്വയര്‍ കി.മീ. വരുന്ന കോണ്ടിനെന്റല്‍ ഷെല്‍ഫ് പ്രദേശത്തുമായാണ് കടല്‍ മത്സ്യവിഭവങ്ങള്‍ വ്യാപിച്ചുകിടക്കുന്നത്. ഉള്‍നാടന്‍ വിഭവങ്ങള്‍ കനാലുകള്‍ (1.95 ലക്ഷം കി.മീ.), തടാകങ്ങള്‍ (8.12 ലക്ഷം ഹെക്ടര്‍), കുളങ്ങളും ടാങ്കുകളും (24.1 ലക്ഷം ഹെക്ടര്‍), സംഭരണികള്‍ (12 ലക്ഷം ഹെക്ടര്‍), ഉപ്പുവെള്ളം (12.4 ലക്ഷം ഹെക്ടര്‍), ആല്‍ക്കലൈന്‍ മേഖല (12 ലക്ഷം ഹെക്ടര്‍) തുടങ്ങിയ മേഖലകളിലായാണ്. ഉപയോഗിക്കാത്തതും പരിമിതമായി ഉപയോഗിക്കുന്നതുമായ വിശാലവും വൈവിധ്യമായതുമായ ഉള്‍നാടന്‍ വിഭവങ്ങളാണ് ഉപജീവനവും സമ്പദ് വ്യവസ്ഥയും ത്വരിതപ്പെടുത്താന്‍ സഹായകമാകുന്നത്. 

സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും പങ്കാളിത്ത ഉത്തരാവദിത്തമാണ് കടല്‍ മത്സ്യബന്ധത്തിന്റെ കാര്യത്തിലുള്ളത്. 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) വരെയുള്ള കടലിലെ മത്സ്യബന്ധനത്തിന്റെ നിയന്ത്രണത്തിലും വികസനത്തിലും മാത്രമാണ് തീരദേശ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അധികാരമുള്ളത്.

2018-ലെ കണക്കനുസിരിച്ച് ഇന്ത്യയിലെ ആകെ മത്സ്യലഭ്യത 22.31 മില്യണ്‍ മെട്രിക് ടണ്ണാണ്. ഇതില്‍ 5.31 മില്യണ്‍ മെട്രിക് ടണ്‍ കടല്‍ മത്സ്യങ്ങളും 17 മില്യണ്‍ മെട്രിക് ടണ്‍ ഉള്‍നാടന്‍ മത്സ്യങ്ങളുമാണ്. 1950-നുശേഷം ഇന്ത്യയില്‍ മത്സ്യ ഉത്പാദനം സ്ഥിരമായ വളര്‍ച്ചയാണ് കാണിക്കുന്നത്. 1950-51 വര്‍ഷത്തില്‍ 0.752 മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്ന മത്സ്യ ഉത്പാദനം 2018-19 ആയപ്പോഴേക്കും 13.42 മില്യണ്‍ മെട്രിക് ടണ്‍ ആയി. ഇതില്‍ 3.71 മില്യണ്‍ മെട്രിക് ടണ്‍ കടല്‍ മത്സ്യങ്ങളും 9.71 മില്യണ്‍ മെട്രിക് ടണ്‍ ഉള്‍നാടന്‍ മത്സ്യങ്ങളുമാണ്. 

മത്സ്യകൃഷിയിലൂടെയുള്ള മത്സ്യ ഉത്പാദനം 2000-01 വര്‍ഷം 19 മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്നത് 2017-18 ല്‍ 6.2 മില്യണ്‍ മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. വളര്‍ത്തുമത്സ്യങ്ങളില്‍ 88 ശതമാനവും ശുദ്ധജല മത്സ്യകൃഷിയിലൂടെയുള്ളതാണ്. അതേസമയം, രോഗങ്ങള്‍,  വൈവിധ്യമില്ലായ്മ, ജനിതക വ്യതിയാനങ്ങള്‍, അമിത ചെലവ്, അംഗീകാരം ലഭിക്കാനുള്ള പ്രയാസം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാല്‍ മത്സ്യകൃഷി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുമുണ്ട്. 

ഫിഷറീസ് സംസ്ഥാന വിഷയമായതിനാല്‍, ഈ മേഖലയിലെ നിയന്ത്രണങ്ങളിലും നിയമനിര്‍മാണങ്ങളിലുമെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയുമാണ് ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജോലി. ഉള്‍നാടന്‍ മത്സ്യമേഖല പൂര്‍ണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും പങ്കാളിത്ത ഉത്തരാവദിത്തമാണ് കടല്‍ മത്സ്യബന്ധത്തിന്റെ കാര്യത്തിലുള്ളത്. 
12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) വരെയുള്ള കടലിലെ മത്സ്യബന്ധനത്തിന്റെ നിയന്ത്രണത്തിലും വികസനത്തിലും മാത്രമാണ് തീരദേശ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അധികാരമുള്ളത്. പ്രത്യേക സാമ്പത്തികമേഖലയായ 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ (370 കി.മീ.) വരെയുള്ള പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണ്. 

ആയിരത്തിലേറെ ഇന്ത്യന്‍ യാനങ്ങള്‍ പുറത്താകും

പ്രത്യേക സാമ്പത്തികമേഖലയ്ക്ക് പുറത്തുള്ള ആഴക്കടലില്‍ (Deep Sea) പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശത്തിന്റെ കരടാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് കഴിഞ്ഞ ആഗസ്ത് 29-ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കരടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ആഗസ്ത് 30 ആയിരുന്നു. അതിനാല്‍ത്തന്നെ സംസ്ഥാനങ്ങളുടെയോ മത്സ്യത്തൊഴിലാളികളുടെയോ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ കടല്‍വിഭവങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നു. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാത്രമാണ് കരട് വിജ്ഞാപനം ലഭിച്ചതെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്.  

sea3
കരട് നിര്‍ദേശങ്ങളുടെ ആമുഖത്തില്‍ ഇന്ത്യയിലെ ചെറുകിട മത്സ്യത്തൊഴിലാളികളെക്കുറിച്ച് വളരെയധികം പറയുന്നുണ്ടെങ്കിലും സ്വകാര്യ കുത്തകകളെ പിന്തുണയ്ക്കുന്ന നിര്‍ദേശങ്ങളാണ് അകത്തുള്ളത്. / Photo: Unsplash

ആഴക്കടല്‍ മത്സ്യബന്ധത്തിന് 24 മീറ്ററിലേറെ നീളമുള്ള ബോട്ടുകള്‍ക്ക് അഞ്ചുലക്ഷം രൂപയും 15 മുതല്‍ 24 മീറ്റര്‍ വരെ നീളമുള്ള ബോട്ടുകള്‍ക്ക് ഒരുലക്ഷം രൂപയും പെര്‍മിറ്റ് ഫീസ് നല്‍കണമെന്നാണ് കരടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 12 മുതല്‍ 15 മീറ്റര്‍ വരെ നീളമുള്ള ബോട്ടുകള്‍ക്ക് 50,000 രൂപ ഫീസ് നല്‍കണം. രണ്ടുവര്‍ഷമായിരിക്കും പെര്‍മിറ്റ് കാലാവധി. മത്സ്യചൂഷണം തടയാന്‍ ലക്ഷ്യമിടുന്നതാണ് നിര്‍ദേശങ്ങള്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഫലത്തില്‍ ഇത് വന്‍കിട യാനങ്ങളെ സഹായിക്കുന്നതായി മാറും. ഇത് മത്സ്യസമ്പത്ത് അമിതമായി ചൂഷണം ചെയ്യപ്പെടുന്നതിനും ഇടയാക്കും. 

പുതിയ കരട് മാര്‍ഗനിര്‍ദേശം ചട്ടമാകുന്നതോടെ ആയിരത്തിലേറെ ഇന്ത്യന്‍ യാനങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ കഴിയാതെയാകും. പെര്‍മിറ്റ് ഫീസ് ഏര്‍പ്പെടുത്തുന്നതിനു പുറമെ, യാനങ്ങളില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍, വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങള്‍, വിവിധയിനം വലകളുടെ ഉപയോഗം തുടങ്ങി ചെറുകിട മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന ഒട്ടേറെ നിര്‍ദേശങ്ങളാണ് കരട് വിജ്ഞാപനത്തിലുള്ളത്. 

കരട് നിര്‍ദേശങ്ങളുടെ ആമുഖത്തില്‍ ഇന്ത്യയിലെ ചെറുകിട മത്സ്യത്തൊഴിലാളികളെക്കുറിച്ച് വളരെയധികം പറയുന്നുണ്ടെങ്കിലും സ്വകാര്യ കുത്തകകളെ പിന്തുണയ്ക്കുന്ന നിര്‍ദേശങ്ങളാണ് അകത്തുള്ളത്. ഈ വൈരുദ്ധ്യം അതീവ ഗുരുതരമാണ്. അത് തിരുത്തപ്പെടേണ്ടതുമാണ്. 
നിലവില്‍ ആയിരത്തോളം ഇന്ത്യന്‍ യാനങ്ങളാണ് പ്രത്യേക സാമ്പത്തികമേഖലയ്ക്ക് പുറത്ത് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. ഇവയെയാണ് പുതിയ പെരുമാറ്റചട്ടം ബാധിക്കുക. നിലവിലുള്ള ലൈസന്‍സുകളുടെ സ്ഥാനത്ത് ഓരോ യാനത്തിനും കേന്ദ്രസര്‍ക്കാരില്‍നിന്നാണ് പെര്‍മിറ്റ് എടുക്കേണ്ടത്. അതിനുള്ള തുക ഭീമമായി വര്‍ധിപ്പിച്ചിരിക്കുകയുമാണ്. 24 മീറ്ററില്‍ താഴെയുള്ള യാനങ്ങള്‍ തന്നെ ആവശ്യത്തിലധികം ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുപുറമെ വന്‍കിട യാനങ്ങളെക്കൂടി കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അത് ചെറുകിട മേഖലയെ തകര്‍ക്കുന്നതിനാണ്. ചെറുകിട യാനങ്ങള്‍ക്ക് നിലവില്‍ 25,000 രൂപയാണ് പെര്‍മിറ്റ് ഫീസ്. പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ഇത് ഒരുലക്ഷം രൂപയായി ഉയരും. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുകയും വേണം. മത്സ്യബന്ധന യാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം നിലവില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് മന്ത്രാലയത്തിനാണുള്ളത്. എന്നാല്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പിനുകൂടി പങ്കാളിത്തം ഉണ്ടായെങ്കില്‍ മാത്രമെ നടപടികള്‍ സുതാര്യവും പ്രാദേശികരായിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരവുമാവുകയുള്ളൂ. 

മത്സ്യബന്ധന യാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം നിലവില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് മന്ത്രാലയത്തിനാണുള്ളത്. എന്നാല്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പിനുകൂടി പങ്കാളിത്തം ഉണ്ടായെങ്കില്‍ മാത്രമെ നടപടി സുതാര്യവും പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരവുമാവുകയുമുള്ളൂ. 

12 മുതല്‍ 15 മീറ്റര്‍ വരെ നീളമുള്ള യാനങ്ങള്‍ക്ക് ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ സാധിക്കില്ല. 20-22 മീറ്റര്‍ നീളമുള്ള യാനങ്ങള്‍ ഉപയോഗിച്ചാണ് ആഴക്കടല്‍ മത്സ്യബന്ധനം സാധാരണയായി നടത്തുന്നത്. കന്യാകുമാരി ജില്ലയിലെ തുത്തൂര്‍ നിവാസികളുടെ ആയിരത്തോളം യാനങ്ങള്‍ ആഴക്കടലില്‍ സുസ്ഥിര മത്സ്യബന്ധനം നടത്തുന്നുണ്ട്. അവയെല്ലാം 20-22 മീറ്റര്‍ നീളമുള്ളവയും ഐക്യരാഷ്ട്ര സംഘടനയുടെ മാനദണ്ഡപ്രകാരം ചെറുകിട മേഖലയില്‍പെടുന്നവയുമാണ്. 25 മീറ്ററില്‍ താഴെയുള്ള യാനങ്ങളെയാണ് ചെറുകിട മേഖലയില്‍ പെടുത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ യാനങ്ങള്‍ സുസ്ഥിര മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മേഖലയിലേക്ക് കുത്തക കമ്പനികളെ കയറ്റാനുള്ള നീക്കമാണ് നടക്കുന്നത്. 

പുതിയ നിര്‍ദേശം ഏറ്റവുമധികം ബാധിക്കുന്ന മത്സ്യബന്ധന തുറമുഖങ്ങളിലൊന്ന് കൊച്ചിയായിരിക്കുമെന്ന് ഓള്‍ ഇന്ത്യ ഡീപ് സീ ഫിഷേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ്​ ചാള്‍സ് ജോര്‍ജ് പറയുന്നു. 650-ലേറെ ചെറുകിട ആഴക്കടല്‍ യാനങ്ങളാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രവര്‍ത്തനമേഖലയാണ് കുത്തകകള്‍ക്ക് തീറെഴുതാനൊരുങ്ങുന്നത്. ചെറുകിട മത്സ്യമേഖലയെ തകര്‍ക്കുന്ന പുതിയ പെരുമാറ്റച്ചട്ടം മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് അസോസിയേഷന്‍ കത്തെഴുതിയിട്ടുണ്ട്. കടലിനെ കുത്തകകള്‍ കൈയടക്കാന്‍ അവസരമുണ്ടാക്കുന്ന നയത്തിനെതിരെ കൊച്ചി തുറമുഖം ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭം നടത്താന്‍ തീരുമനിച്ചിട്ടുണ്ടെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു. 

sea4
650-ലേറെ ചെറുകിട ആഴക്കടല്‍ യാനങ്ങളാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രവര്‍ത്തനമേഖലയാണ് കുത്തകകള്‍ക്ക് തീറെഴുതാനൊരുങ്ങുന്നത്. / Photo: Wikimedai Commons

ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ മത്സ്യം കടലില്‍ നിന്ന് പിടിക്കുന്നുണ്ടെന്നാണ് സീഷെല്‍സ് ആസ്ഥാനമായിട്ടുള്ള ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമീഷന്‍ (IOTC) റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോള്‍ വലിയ കപ്പലുകള്‍ ഈ മേഖലയിലേക്ക് വരുമ്പോള്‍ മത്സ്യസമ്പത്ത് അമിതമായി ഊറ്റിയെടുക്കുകയും മത്സ്യമേഖലയില്‍ അമിത വ്യവസായവത്കരണം നടപ്പാവുകയും ചെയ്യും. 

ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും പെര്‍മിറ്റ് നല്‍കാനുള്ള നിര്‍ദേശവും അംഗീകരിക്കാനാകില്ലെന്നാണ് മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഓരോ വര്‍ഷവും എത്ര യാനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുമെന്ന കാര്യവും കരടില്‍ വ്യക്തമാക്കിയിട്ടില്ല. പെര്‍മിറ്റ് ഫീസ് നല്‍കുന്ന ഏത് യാനത്തിനും അനുമതി നല്‍കാനാണ് നീക്കമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ നിന്ന് മനസ്സിലാകുന്നത്. 

ഫിഷറീസ് വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിര്‍ദേശങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്, നിര്‍ദിഷ്ട മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ നിയമത്തിന്റെ ഭാഗമല്ല എന്നതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു ഘടകം. 

കേരളം പഠിക്കും

ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള കരട് മാര്‍ഗനിര്‍ദേശത്തെക്കുറിച്ച് പഠിക്കാന്‍ കേരളം ഉന്നതസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.എസ്. ശ്രീനിവാസ്, ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. മാര്‍ഗനിര്‍ദേശത്തിലെ പല ഭാഗങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് പഠനം നടത്താന്‍ സംസ്ഥാനം തീരുമാനിച്ചത്. കരട് മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സമിതിയെ നിയോഗിക്കാൻ തീരുമാനമുണ്ടായത്. സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് കരട് മാര്‍ഗനിര്‍ദേശത്തിന്മേലുള്ള ഭേദഗതി നിര്‍ദേശം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കരട് മാര്‍ഗനിര്‍ദേശത്തിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. മാര്‍ഗനിര്‍ദേശം അന്തിമമാക്കുന്നതിനുമുമ്പ് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും മത്സ്യത്തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ദേശിച്ചിരുന്നു. കടല്‍സമ്പത്ത് കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനം നിര്‍ദേശിച്ച പദ്ധതി തള്ളുകയാണ് ചെയ്തത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ദേശിച്ചിരുന്നു. കടല്‍സമ്പത്ത് കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനം നിര്‍ദേശിച്ച പദ്ധതി തള്ളുകയാണ് ചെയ്തത്. കേരളത്തിലെ 16 ഫിഷര്‍മെന്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കായി 41 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രി അമിത് ഷാ കേരളത്തിന് രണ്ട് ആഴക്കടല്‍ കപ്പലുകള്‍ വാഗ്ദാനം ചെയ്തിരുന്നു എന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. 

ചൂഷണം പ്രോത്സാഹിപ്പിക്കുന്ന ഡബ്ല്യൂ.ടി.ഒ.

മത്സ്യമേഖലയിലെ സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ (WTO) തീരുമാനം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വക ഇരട്ടപ്രഹരമായി ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പുതിയ കരട് മാര്‍ഗനിര്‍ദേശം വന്നത്. കഴിഞ്ഞ ജൂണില്‍ ജനീവയില്‍ നടന്ന ലോകവ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളനത്തിലാണ് മത്സ്യമേഖലയിലെ സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനമുണ്ടായത്. രാജ്യങ്ങളോടു ചേര്‍ന്ന പ്രത്യേക സാമ്പത്തിക മേഖലയില്‍ (200 നോട്ടിക്കല്‍ മൈല്‍ വരെ) മത്സ്യബന്ധനത്തിന് നല്‍കിവരുന്ന എല്ലാ സബ്‌സിഡികളും രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നിര്‍ത്തലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത 164 രാജ്യങ്ങളില്‍ പകുതിയിലേറെയും സബ്‌സിഡി തുടരണമെന്ന പക്ഷക്കാരായിരുന്നു. എന്നാല്‍ വികസിത രാജ്യങ്ങളുടെ താത്പര്യപ്രകാരമാണ് സമ്മേളനത്തിലെ തീരുമാനമുണ്ടായത്. മത്സ്യസമ്പത്തിന്റെ അമിതചൂഷണവും വിനാശകരമായ മത്സ്യബന്ധനരീതിയും തടയുന്നതിനാണ് സബ്‌സിഡി നിരോധനം എന്നാണ് ലോകവ്യാപാര സംഘടന പറയുന്നത്. എന്നാല്‍ സബ്‌സിഡി ഇല്ലാതാകുന്നതോടെ ചെറുകിട യാനങ്ങള്‍ പൂര്‍ണമായി പിന്‍മാറുകയും വന്‍കിട കമ്പനികളുടെ യാനങ്ങള്‍ കടല്‍ കൈയടക്കുകയും ചെയ്യും. 

ngozi
ഡബ്ല്യൂ.ടി.ഒ. 12-ാമത് മന്ത്രിതല സമ്മേളനത്തില്‍ ഡയറക്ടകര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവിയേല സംസാരിക്കുന്നു. / Photo: Flickr

ചെറുകിടക്കാര്‍ക്കുള്ള സബ്സിഡി 25 വര്‍ഷത്തേക്കുകൂടി തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വികസിത രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയില്‍ നല്‍കിവരുന്ന സബ്സിഡി തുച്ഛമാണെങ്കിലും അവര്‍ക്ക് അത് വലിയ ആശ്വാസമായിരുന്നു. ഒരു മത്സ്യത്തൊഴിലാളിക്ക് ഡെന്മാര്‍ക്കില്‍ പ്രതിവര്‍ഷം 75,578 ഡോളറും സ്വീഡനില്‍ 65,976 ഡോളറും സബ്സിഡി നല്‍കുമ്പോള്‍ ജപ്പാനില്‍ അത് 8,385 ഡോളറും അമേരിക്കയില്‍ 4,956 ഡോളറുമാണ്. ചൈനയില്‍ 45 ഡോളര്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ 15 ഡോളര്‍ മാത്രമാണ്. 

കാലാവസ്ഥാ വ്യതിയാനം മൂലം തകിടംമറിഞ്ഞുകൊണ്ടിരിക്കുന്ന കടല്‍കാലാവസ്ഥയുമായി മല്ലിട്ട് അതിജീവിക്കാന്‍ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നതാണ് ഡബ്ല്യു.ടി.ഒ.യുടെ തീരുമാനം. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ തീരസംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളം മത്സ്യത്തൊഴിലാളികളെയാണ് ഇത് ദോഷകരമായി ബാധിക്കുക. തീരുമാനം നടപ്പാകുന്നതോടെ തുറമുഖ നിര്‍മാണം, യാനങ്ങളുടെ നിര്‍മാണം, എന്‍ജിന്‍, വല, ഇന്ധനം എന്നിവയ്‌ക്കൊക്ക നല്‍കിയിരുന്ന സബ്‌സിഡി ഇല്ലാതാകും. ലോകത്താകെ മത്സ്യസമ്പത്ത് വന്‍തോതില്‍ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകവ്യാപാര സംഘടനയും ഇന്ത്യന്‍ സര്‍ക്കാരുമൊക്കെ ചെയ്യുന്നത് ചെറുകിട മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയും മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വന്‍കിടക്കാര്‍ക്ക് പിന്തുണ നല്‍കുകയുമാണ്. 
ലോക വ്യാപാര സംഘടനയുടെ 2001-ലെ ദോഹ സമ്മേളനത്തില്‍ തന്നെ മത്സ്യമേഖലയിലെ സബ്സിഡി വെട്ടിച്ചുരുക്കാനുള്ള പൊതു പെരുമാറ്റച്ചട്ടം ഉണ്ടാക്കിയെങ്കിലും അത് ഒരുതരത്തിലുള്ള മാറ്റവുമുണ്ടാക്കിയിട്ടില്ലെതാണ് യാഥാര്‍ഥ്യം. അമിതചൂഷണത്തിന് വിധേയമായ മത്സ്യങ്ങള്‍ 21 ശതമാനമായിരുന്നത് 20 വര്‍ഷം പിന്നിടുമ്പോള്‍ 34.5 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്. കൂടുതല്‍ മത്സ്യം, കൂടുതല്‍ പ്രോട്ടീന്‍, കൂടുതല്‍ ലാഭം എന്ന മുതലാളിത്ത നയങ്ങളാണ് ഈ വിപത്തിനുകാരണം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇക്കാലത്തിനിടയില്‍ ടോക്യോ, പാരീസ് ഉച്ചകോടികളും 2021 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 13 വരെ ഗ്ലാസ്ഗോയില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ 26-ാമത് കാലാവസ്ഥാ വ്യതിയാന സമ്മേളന (COP26) ത്തില്‍ വരെ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. 

ഇന്ത്യയില്‍ മൂന്നരലക്ഷത്തോളം യാനങ്ങളാണ് കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. ഇവയൊന്നും വ്യാവസായിക മത്സ്യബന്ധനം നടത്തുന്നവയല്ല. ചെറുകിട, പരമ്പരാഗത യാനങ്ങളുടെ കൂട്ടത്തില്‍പെടുന്നവയാണ്. അന്താരാഷ്ട്ര സമുദ്രങ്ങളിലും ആഴക്കടലിലും 30 ദിവസം പ്രവര്‍ത്തിക്കുന്ന തുത്തൂര്‍ മത്സ്യത്തൊഴിലാളികളുടെ ഒറ്റ ബോട്ടിനുപോലും 25 മീറ്ററില്‍ കൂടുതല്‍ നീളവുമില്ല.

ഇന്ത്യയില്‍ മൂന്നരലക്ഷത്തോളം യാനങ്ങളാണ് കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. ഇവയൊന്നും വ്യാവസായിക മത്സ്യബന്ധനം നടത്തുന്നവയല്ല. ഇവയെല്ലാം ചെറുകിട, പരമ്പരാഗത യാനങ്ങളുടെ കൂട്ടത്തില്‍പെടുന്നവയാണ്. അന്താരാഷ്ട്ര സമുദ്രങ്ങളിലും ആഴക്കടലിലും 30 ദിവസം പ്രവര്‍ത്തിക്കുന്ന തുത്തൂര്‍ മത്സ്യത്തൊഴിലാളികളുടെ ഒറ്റ ബോട്ടിനുപോലും 25 മീറ്ററില്‍ കൂടുതല്‍ നീളവുമില്ല. 90 ശതമാനം മത്സ്യത്തൊഴിലാളികളും ദാരിദ്ര്യരേഖയ്ക്ക് താഴെയുമാണ്. ഇവര്‍ക്ക് സബ്സിഡികള്‍ അത്യാവശ്യമാണ്. അതുകൊണ്ട് പിന്നാക്ക രാജ്യങ്ങള്‍ക്കുള്ള "സവിശേഷവും വ്യതിരിക്തവുമായ പരിഗണന' (Special and Differential Treatment- SDT) വേണമെന്നാണ് ഇന്ത്യയുടെ നിലപാട്.

ശോഷിക്കുന്ന മത്സ്യസമ്പത്ത്

വലിയ നഷ്ടക്കച്ചവടമായി മാറിയ മത്സ്യബന്ധനം വന്‍തുക സബ്സിഡി നല്‍കിയാണ് വികസിത രാഷ്ട്രങ്ങള്‍ നിലനിര്‍ത്തുന്നത്. വികസിത രാജ്യങ്ങള്‍ 34.5 ബില്യണ്‍ ഡോളറാണ് മത്സ്യമേഖലയ്ക്ക് സബ്സിഡിയായി നല്‍കുന്നത്. ഇതില്‍ 7.2 ബില്യണ്‍ ഡോളറും (ഏകദേശം 56,000 കോടി രൂപ) ഇന്ധന സബ്സിഡിയാണ്. മത്സ്യബന്ധന കപ്പലുകളുടെ നിര്‍മാണം, തുറമുഖങ്ങളുടെ പശ്ചാത്തലസൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ബാക്കി തുക. ചൈന, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ സബ്സിഡി നല്‍കുന്ന രാജ്യങ്ങള്‍. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കുപ്രകാരം നശീകരണ മത്സ്യബന്ധനത്തിന് വര്‍ഷംതോറും 22 ബില്യണ്‍ ഡോളറാണ് ധനസഹായം നല്‍കുന്നത്. ഇത്തരം ധനസഹായങ്ങളെ "നെഗറ്റീവ് സബ്സിഡി' അഥവാ "ഹാംഫുള്‍ സബ്സിഡി' എന്ന പട്ടികയിലാണ് ലോകവ്യാപാര സംഘടന പെടുത്തിയിരിക്കുത്. 

fish
അമിതചൂഷണത്തിന്റെയും അശാസ്ത്രീയമായ മത്സ്യബന്ധനത്തിന്റെയും ഫലമായി മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണെങ്കിലും ലോകത്താകെ മത്സ്യ ഉപഭോഗത്തില്‍ വര്‍ധനവാണുണ്ടാകുന്നത്. / Photo: Unsplash

അമിത മത്സ്യബന്ധനം ഇനിയും തുടരുകയാണെങ്കില്‍ ലോകത്തെ പല പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളും മത്സ്യങ്ങളില്ലാത്ത അവസ്ഥയിലേക്കെത്തും. "കടലിലെ മരുഭൂമികള്‍' എന്നു വിളിക്കുന്ന അവസ്ഥയിലേക്കാണ് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ മെഡിറ്ററേനിയന്‍ കടല്‍, നോര്‍ത്ത് സീ, കിഴക്കന്‍ ചൈന കടല്‍ എന്നിവ നീങ്ങുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യൂറോപ്പിലെ കടലുകളിലുള്ള 136 ഇനം (സ്റ്റോക്ക്) മത്സ്യങ്ങളില്‍ എട്ടു ശതമാനം മാത്രമെ 2023-ല്‍ അവശേഷിക്കൂ എന്നാണ് യൂറോപ്യന്‍ യൂണിയനിലെ ഫിഷറീസ് കമ്മീഷണറായിരുന്ന മരിയ ദെമനാക്കി മുന്നറിയിപ്പ് നല്‍കുന്നത്. യൂറോപ്യന്‍ വിപണിയിലെ പ്രധാന മത്സ്യങ്ങളായ പാറ്റഗോണിയന്‍ ടൂത്ത് ഫിഷ്, ഹാലിബട്ട്, ബ്ലൂലിംഗ്, അറ്റ്ലാന്റിക് സ്റ്റര്‍ജിയ, സേബിള്‍ ഫിഷ്, ബ്ലൂവിറ്റിംഗ് തുടങ്ങിയ മത്സ്യ ഇനങ്ങള്‍ ഭീകരമായ തകര്‍ച്ചയാണ് നേരിടുത്. ദക്ഷിണാഫ്രിക്കന്‍ തീരമേഖലയിലെ 50 ശതമാനം മത്സ്യങ്ങളും വ്യാവസായിക മത്സ്യബന്ധനത്തെത്തുടര്‍ന്ന് ഇപ്പോള്‍ തന്നെ അമിതചൂഷണം നേരിടുകയാണ്. 

ഏറ്റവും രൂക്ഷമായി ചൂഷണം നേരിടുന്നത് അഞ്ച് ഇനം ചൂരകളാണ്, ചൈനയിലും ജപ്പാനിലുമുള്ള അബലോ, അറ്റ്ലാന്റിക്കിലെയും പസഫിക്കിലെയും കോഡു മത്സ്യങ്ങള്‍, അറ്റ്ലാന്റിക് ഹാട്രിബട്ട്, കരീബിയന്‍ കടലിലെ സ്പൈനിലോബ്സ്റ്റര്‍, മധ്യ-തെക്കെ അമേരിക്കയില്‍ കാണപ്പെടു മഹിമഹി, ഓറത്ത് റഫി, അറ്റ്ലാന്റിക് മത്തി, 70 ഇനം സ്രാവുകള്‍, റോക് ഫിഷ്, ഏഷ്യയിലെ കണവകള്‍ എിവയെല്ലാം അമിതചൂഷണത്തിന് വിധേയമാകുവയാണ്.

2002-ല്‍ ആഗോള മത്സ്യ ഉപഭോഗം 47 ദശലക്ഷം ടണ്ണായിരുന്നു. 2015-2022-ല്‍ 179 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇനി വരും വര്‍ഷങ്ങളിലും മത്സ്യം ആഹാരത്തിന്റെ ഭാഗമാക്കണമെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തെയും വിനാശകരമായ അമിത മത്സ്യചൂഷണത്തെയും തടഞ്ഞേ മതിയാകൂ.

ടണ്‍ കണക്കിന് മത്സ്യം പിടിച്ച് സൂക്ഷിക്കാനാവുന്ന ഭീമന്‍ കപ്പലുകളാണ് വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്താന്‍ പല വികസിത രാജ്യങ്ങളും ഉപയോഗിക്കുന്നത്. 14,000 ടണ്‍ കേവുഭാരവും 140 മീറ്റര്‍ നീളവുമുള്ള അറ്റ്ലാന്റിക് ഡോണ്‍, ലോകത്തെ ഏറ്റവും വലിയ മത്സ്യബന്ധന കപ്പലായ റഷ്യയുടെ ലഫായത് തുടങ്ങിയ കപ്പലുകളെ തങ്ങളുടെ അതിര്‍ത്തിയില്‍ പ്രവേശിപ്പിക്കാന്‍ ഒരു രാജ്യവും തയ്യാറല്ല. ഇത്തരം കപ്പലുകള്‍ രാജ്യാതിര്‍ത്തിയില്‍ കടന്നുകഴിഞ്ഞാല്‍ മത്സ്യസമ്പത്ത് മൊത്തമായി ഊറ്റിയെടുക്കുമെന്നതുകൊണ്ടാണ് അവയെ രാജ്യങ്ങള്‍ അകറ്റിനിര്‍ത്തുന്നത്. ബ്രിട്ടന്റെ കൊര്‍ണേലിയസ് ഡ്രോലിക്, വെറോനിക്ക തുടങ്ങിയ കപ്പലുകള്‍ക്ക് പ്രതിദിനം 2000 ടണ്‍ മത്സ്യം പിടിച്ചു സൂക്ഷിക്കാനാവും. യൂറോപ്പിന്റെ സമുദ്രമേഖലയിലാകെ സഞ്ചരിച്ച് മത്സ്യബന്ധനം നടത്തി കപ്പലില്‍ വെച്ചുതന്നെ സംസ്‌കരിക്കുന്ന 39 ഫാക്ടറി വെസലുകളുമുണ്ട്. സ്വന്തം കടലുകള്‍ ശൂന്യമാകുമ്പോള്‍ മറ്റു രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും കടന്നുകയറി മത്സ്യബന്ധനം നടത്തുന്നത് ഇവയുടെ പതിവാണ്. 

അമിതചൂഷണത്തിന്റെയും അശാസ്ത്രീയമായ മത്സ്യബന്ധനത്തിന്റെയും ഫലമായി മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണെങ്കിലും ലോകത്താകെ മത്സ്യ ഉപഭോഗത്തില്‍ വര്‍ധനവാണുണ്ടാകുന്നത്. 2002-ല്‍ ആഗോള മത്സ്യ ഉപഭോഗം 47 ദശലക്ഷം ടണ്ണായിരുന്നു. 2015-2022-ല്‍ 179 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇനി വരും വര്‍ഷങ്ങളിലും മത്സ്യം ആഹാരത്തിന്റെ ഭാഗമാക്കണമെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തെയും വിനാശകരമായ അമിത മത്സ്യചൂഷണത്തെയും തടഞ്ഞേ മതിയാകൂ. കാലാവസ്ഥാ വ്യതിയാനവും അമിത മത്സ്യബന്ധവും തടയാനുള്ള ഫലപ്രദമായ നടപടികളുണ്ടായില്ലെങ്കില്‍ മത്സ്യശേഖരത്തില്‍ 35 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും സ്റ്റാന്‍ഫഡ് സെന്റര്‍ ഫോര്‍ ഓഷ്യന്‍ സൊല്യൂഷന്‍സിലെയും ബേണ്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. 226 മൈറന്‍ പ്രദേശങ്ങളില്‍ 103-ലും മത്സ്യശേഖരം റെക്കോര്‍ഡ് തകര്‍ച്ചയാണ് നേരിട്ടിട്ടുള്ളതെന്ന് പഠനത്തില്‍ കണ്ടെത്തി. 
ആഗോളതാപനം ഇപ്പോള്‍ 1.5 ഡിഗ്രി കടക്കുകയാണ്. അടുത്ത രണ്ട് ദശകത്തില്‍ രണ്ട് ഡിഗ്രി കടക്കുമെന്നാണ് മുന്നറിയിപ്പ്. താപനില 1.8 ഡിഗ്രി സെല്‍ഷ്യസ് കടന്നാല്‍ മത്സ്യശേഖരം വീണ്ടെടുക്കാനാകാത്ത നാശം നേരിടുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

fish2
മത്സ്യ ലഭ്യതക്കുറവിനൊപ്പം ഇന്ധന വില വര്‍ധനയും കേരളത്തിലെ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. / Photo: Flickr

കേരളതീരവും മത്സ്യസമ്പത്തിന്റെ കടുത്ത ശോഷണം നേരിടുകയാണ്. കേരളത്തിലെ മത്സ്യ ഉത്പാദനം 2012-ല്‍ 8.39 ലക്ഷം ടണ്‍ ആയിരുന്നത് ഇപ്പോള്‍ 3.6 ലക്ഷം ടണ്ണായി കുറഞ്ഞിരിക്കുകയാണെന്നാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMFRI) കണ്ടെത്തിയത്. മത്തിയുടെയും അയലയുടെയും ലഭ്യതയാണ് ഏറ്റവുമധികം കുറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കേരളതീരം അമിതമായി ചൂടാകുന്നതാണ് മത്സ്യസമ്പത്ത് കുറയാനുള്ള കാരണം. കേരളതീരത്തെ അമിതമായ ചൂട് കാരണം മത്തി ശ്രീലങ്കന്‍, തമിഴ്നാട് തീരങ്ങളിലേക്ക് നീങ്ങുകയാണ്. താപനില 29 ഡിഗ്രിയില്‍ കൂടുതലായാല്‍ മത്തിക്ക് പിടിച്ചുനില്‍ക്കാനാകില്ല. കേരളത്തിലെ തീരക്കടലിലെ ശരാശരി താപനില 32 ഡിഗ്രിയാണ്.  

പ്രതിസന്ധി തീരാത്ത തീരം

മത്സ്യ ലഭ്യതക്കുറവിനൊപ്പം ഇന്ധന വില വര്‍ധനയും കേരളത്തിലെ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. കേരള തീരത്ത് മത്തിയുടെ അളവ് കുറയുമ്പോള്‍ ആഴക്കടലില്‍ പോയാണ് ചെറുകിട ബോട്ടുകള്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്നതുകാരണം പുറംകടലില്‍ പോകുന്നത് തൊഴിലാളികള്‍ക്ക് നഷ്ടമാണ്. ജനുവരിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 62.5 രൂപയായിരുന്നു. ഇപ്പോള്‍ 84 രൂപയായി. തമിഴ്നാട്ടില്‍ 16-20 രൂപ നിരക്കിലാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ നല്‍കുമെന്നായിരുന്നു 2021-ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 

ചെറുകിട മത്സ്യബന്ധത്തിനത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന 11 ലക്ഷത്തിലേറെ ആളുകളാണ് കേരളത്തിലുള്ളത്. ഇതില്‍ എട്ടരലക്ഷത്തിലേറെ ആളുകള്‍ കടലിനെയാണ് ആശ്രയിക്കുന്നത്. രണ്ടരലക്ഷം പേര്‍ ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തുന്നവരാണ്. 

20 വര്‍ഷം മുമ്പ് കേരളത്തിന് കേന്ദ്രവിഹിതമായി 28,000 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. കേരളത്തില്‍ 14,322 മണ്ണെണ്ണ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഒരു എന്‍ജിന് ഒരുവര്‍ഷം 2000 ലിറ്റര്‍ മണ്ണെണ്ണ വേണം. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 129 ലിറ്റര്‍ മാത്രമാണ്. 
മത്സ്യലഭ്യതക്കുറവും ഇന്ധന വില വര്‍ധനയും കാരണം വലഞ്ഞിരിക്കുന്ന പരമ്പരാഗത മത്സ്യമേഖലയെ പ്രതിസന്ധിയുടെ ആഴത്തിലേക്ക് വലിച്ചെറിയുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 
സബ്‌സിഡി പൂര്‍ണമായി ഇല്ലാതാവുകയും വന്‍തുക പെര്‍മിറ്റ് ഫീസായി നല്‍കേണ്ടിവരികയും ചെയ്താല്‍ ചെറുകിട മത്സ്യമേഖലയുടെ തകര്‍ച്ച പൂര്‍ണമാകും. മത്സ്യസമ്പത്തിന്റെ അമിതചൂഷണവും നിയമവരുദ്ധമായ മത്സ്യബന്ധനവും തടയാനെന്ന് പറഞ്ഞ് നടപ്പാക്കുന്ന കാര്യങ്ങള്‍ ഏറ്റവുമധികം ബാധിക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലൊന്ന് 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളമായിരിക്കും. ഇന്ത്യയുടെ ആകെ തീരപ്രദേശത്തിന്റെ 10 ശതമാനമാണ് കേരളത്തിനുള്ളത്. 

ചെറുകിട മത്സ്യബന്ധത്തിനത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന 11 ലക്ഷത്തിലേറെ ആളുകളാണ് കേരളത്തിലുള്ളത്. ഇതില്‍ എട്ടരലക്ഷത്തിലേറെ ആളുകള്‍ കടലിനെയാണ് ആശ്രയിക്കുന്നത്. രണ്ടരലക്ഷം പേര്‍ ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തുന്നവരാണ്. 

വേണം, ആഴക്കടല്‍ നയം

വ്യക്തമായ ഒരു ആഴക്കടല്‍ നയം ഇല്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് കേരള യൂണിവേഴ്‌സിറ്റിയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാര്‍ പറഞ്ഞു. ""കടല്‍ വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കണം, ആര് ഉപയോഗിക്കണം എന്നതു സംബന്ധിച്ച് കൃത്യമായ നയമോ ധാരണയോ ഇവിടെയില്ല. പങ്കാളിത്ത കരാറിലൂടെയാണ് ഇപ്പോള്‍ ഇന്ത്യ വന്‍ കപ്പലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കുന്ന ഏത് വിദേശ കമ്പനിക്കും ഇന്ത്യന്‍ കടല്‍വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ഇങ്ങനെ കടലില്‍ നിന്ന് എടുക്കുന്ന വിഭവങ്ങള്‍ എവിടെയാണ് വിപണനം ചെയ്യപ്പെടുന്നത് എന്നതും പ്രശ്‌നമാണ്.''- പ്രൊഫ. ബിജുകുമാര്‍ പറയുന്നു. 

fishing1
മത്സ്യസമ്പത്ത് സ്തംഭനാവസ്ഥയിലെത്തുമ്പോള്‍, ചൂഷണം കുറച്ച്, കടല്‍വിഭവങ്ങള്‍ക്കുമേലുള്ള സമ്മര്‍ദം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ, കൊള്ളയടിക്കാനുള്ള വഴി തുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. / Photo: Unsplash

കഴിഞ്ഞ 30 വര്‍ഷമായിട്ടും ആഴക്കടല്‍ നയം രൂപപ്പെടുത്താന്‍ സാധിക്കാത്ത ഇന്ത്യ ആഴക്കടലുമായി ബന്ധപ്പെട്ട എല്ലാം കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ബ്ലൂ ഇക്കോണമി നയത്തിനുകീഴിലാണ് ഇപ്പോള്‍ പെടുത്തിയിരിക്കുന്നത്. ഫിഷറീസ്, അക്വാകള്‍ച്ചര്‍, കോസ്റ്റല്‍ ടൂറിസം, കോസ്റ്റല്‍ ബയോടെക്‌നോളജി, കോസ്റ്റല്‍ എനര്‍ജി, ഡീപ് സീ മിനറല്‍സ് ഇവയെല്ലാം അടങ്ങിയതാണ് ലോകത്തെല്ലായിടത്തും ബ്ലൂ ഇക്കോണമി. ഇന്ത്യയെ സംബന്ധിച്ച് ഫിഷറീസ്, മിനറല്‍സ് എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട മേഖലയായി കണക്കാക്കപ്പെടുന്നത്. മത്സ്യസമ്പത്തും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നതിനുള്ള നിര്‍ദേശം ബ്ലൂ ഇക്കോണമി നയത്തിലുണ്ട്. എന്നാല്‍ ഇന്ത്യന്‍ കടലിലെ മത്സ്യസമ്പത്തിന്റെ വളര്‍ച്ച സ്തംഭനാവസ്ഥയിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറന്നുകൊണ്ടാണ് പരമാവധി ചൂഷണത്തിനുള്ള നയം രൂപപ്പെടുത്തുന്നത്. മത്സ്യസമ്പത്ത് സ്തംഭനാവസ്ഥയിലെത്തുമ്പോള്‍, ചൂഷണം കുറച്ച്, കടല്‍വിഭവങ്ങള്‍ക്കുമേലുള്ള സമ്മര്‍ദം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ, കൊള്ളയടിക്കാനുള്ള വഴി തുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. പരമ്പരാഗതമായി നമുക്ക് കിട്ടിയിട്ടുള്ള വിഭവങ്ങളെല്ലാം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അവയ്ക്കുമേലുള്ള സമ്മര്‍ദം കുറച്ചില്ലെങ്കില്‍ അത് പാരിസ്ഥിതിക സുസ്ഥിരതയെ ബാധിക്കും. 

മത്സ്യബന്ധന യാനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നതാണ് സുസ്ഥിര മത്സ്യബന്ധത്തിന്റെ കാര്യത്തില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രൊഫ. ബിജുകുമാര്‍ ചൂണ്ടിക്കാട്ടുന്നു. യാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് വിദഗ്ധ സമിതികള്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അത് അപ്രായോഗികമാണ്. ചെറുകിട മേഖലയിലുള്ള ഈ യാനങ്ങള്‍ പലപ്പോഴും 200 നോട്ടിക്കല്‍ മൈലിനപ്പുറം പോയി ആഴക്കടലില്‍ മീന്‍ പിടിക്കാറുണ്ട്. ഇപ്പോള്‍ തന്നെ അമിതചൂഷണം നേരിടുന്ന ആഴക്കടല്‍ മത്സ്യസമ്പത്തിനുമേല്‍ വീണ്ടും സമ്മര്‍ദമേല്‍പ്പിക്കുകയാണ് പുതിയ നടത്തിലൂടെ സംഭവിക്കാന്‍ പോകുന്നത്. 
പരമ്പരാഗത മത്സ്യമേഖലയ്ക്കുള്ള വിഭവങ്ങള്‍ക്കുതന്നെയാണ് വന്‍കിട യാനങ്ങള്‍ വരുമ്പോഴുണ്ടാകുന്ന അമിത സമ്മര്‍ദവും താങ്ങേണ്ടിവരുന്നത് എന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം നടപ്പായാലുണ്ടാകുന്ന ഒരു പ്രശ്‌നമെന്ന് പ്രൊഫ. ബിജുകുമാര്‍ പറയുന്നു.

മൊത്തം വിഭവശേഖരത്തെക്കുറിച്ച് ധാരണയില്ലാതിരിക്കുന്നത് ചൂഷണം സുസ്ഥിരമാകുക എന്ന ആത്യന്തികലക്ഷ്യത്തിലേക്ക് ഒരിക്കലും എത്താന്‍ സാധിക്കില്ല. അവിടെ വാണിജ്യപരമായ ചൂഷണം മാത്രമെ നടക്കൂ. ആഴക്കടലിലെ ജൈവവൈവിധ്യം നശിക്കുന്നതിന് അമിത ചൂഷണം കാരണമാകുമെന്നതാണ് രണ്ടാമത്തെ പ്രശ്‌നം. ആഴക്കടല്‍ നയത്തിന്റെ അഭാവത്തില്‍ ബ്ലൂ ഇക്കോണമിയെ ശക്തിപ്പെടുത്താന്‍ വേണ്ടി മാത്രം ആഴക്കടല്‍ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ഗുണവും ഉണ്ടാകില്ലെന്ന് മാത്രമല്ല, ഉള്‍നാടന്‍ വിഭവങ്ങളുടെ ശേഖരത്തെപ്പോലും ബാധിക്കാനുമിടയുണ്ട്.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം. 

കെ.വി. ദിവ്യശ്രീ

ട്രൂകോപ്പി സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
 

Audio