Saturday, 13 August 2022

ബി.ജെ.പിയും ഭാവി രാഷ്​ട്രീയവും


Text Formatted

വൈരുദ്ധ്യങ്ങള്‍ ശക്തമാവും, വിഭജിച്ച് ഭരിക്കാനുള്ള
ബി.ജെ.പി അജണ്ട പരാജയപ്പെടും

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള കാമ്പയിനുകള്‍ സംഘപരിവാറിന്റെ പണിപ്പുരയില്‍ നിന്ന് പുറത്തിറങ്ങുന്നവയാണ്. പൊളിറ്റിക്കല്‍ ഇസ്​ലാമിന്റെ ആരാധകരായ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി തുടങ്ങിയ വിഭാഗങ്ങളുടെ മൗലികവാദ നിലപാടുകൾ ഈ കാമ്പയിൻ കൂടുതല്‍ ശക്തമാക്കാൻ ഉപയോഗിക്കപ്പെടുന്നു.

Image Full Width
Image Caption
വിജൂ കൃഷ്ണന്‍ / ഫോട്ടോ: ശിവപ്രസാദ് എം.എ.
Text Formatted

മനില സി.​ മോഹൻ: സംഘ്പരിവാറിന്റെ സൂക്ഷ്മമായ രാഷ്ട്രീയപദ്ധതി അവര്‍ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി നാഷണല്‍ എക്സിക്യൂട്ടീവ് അതിന്റെ ദീര്‍ഘകാല പദ്ധതി പ്രഖ്യാപന വേദിയായിരുന്നു. ഗ്രൗണ്ട് ലെവലില്‍, തൊഴിലാളികള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ സംഘ്പരിവാറിന്റെ ഈ പദ്ധതികള്‍ ഗ്രൗണ്ട് ലെവലില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്? അടുത്ത 30-40 വര്‍ഷത്തേയ്ക്ക് ബി.ജെ.പി തന്നെയായിരിക്കും എന്നാണ് അമിത്ഷായുടെ പ്രഖ്യാപനം. ജനാധിപത്യ ഇന്ത്യയില്‍ സംഘ്പരിവാര്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ദീര്‍ഘകാല പദ്ധതിയുമായി മുന്നോട്ടു പോവാന്‍ കഴിയുമോ? ഇന്ത്യന്‍ ഇക്കോണമി, പരിസ്ഥിതി, കൃഷി, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതവും രാഷ്ട്രീയവും തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യനവസ്ഥയില്‍ എങ്ങനെയായിരിക്കും സംഘ്പരിവാറിനോട് പ്രതിപ്രവര്‍ത്തിക്കുക?

വിജൂ കൃഷ്​ണൻ: സംഘ്പരിവാര്‍ അജണ്ടയോടുള്ള പ്രതിബദ്ധതയെ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ബി.ജെ.പി നാഷണല്‍ എക്സിക്യൂട്ടീവ് സമാപിച്ചത്. ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികമായ 2025 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയോ അതിന്റെ സഖ്യകക്ഷികളോ ഭരണത്തിലെത്തുമെന്ന ഭ്രമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് അവരുടെ രാഷ്ട്രീയ പ്രമേയം. അടുത്ത 30-40 വര്‍ഷം ബി.ജെ.പിയുടെ കാലഘട്ടമായിരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. പണത്തിന്റെയും അധികാരത്തിന്റെയും മുകളിലുള്ള ഹുങ്കാണ് അവരെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് കനത്ത ആഘാതം നല്‍കുമെന്നുറപ്പാണ്. വികസനത്തിന്റെയും പ്രകടനത്തിന്റെയും (Development and performance) രാഷ്ട്രീയത്തെക്കുറിച്ചും ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ സാമൂഹിക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരിനെക്കുറിച്ചുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രമേയം പറയുന്നത്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യം ഈ അവകാശവാദത്തിന് നേര്‍വിപരീതമായിരുന്നു. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും ഏറ്റവും മോശമായ അവസ്ഥയിലാണിപ്പോള്‍. 

വൈകാരിക വിഷയങ്ങളിലെല്ലാം വര്‍ഗീയ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ വിഭജനത്തിന്റെ ആഴം കൂട്ടിക്കൊണ്ടാണ് തൊഴിലില്ലായ്മ, വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്

ദുരിതങ്ങളിലകപ്പെട്ട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ദിവസവേതന തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നതില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2014 മുതല്‍ 2021 വരെയുള്ള എട്ടു വര്‍ഷങ്ങളില്‍, ആത്മഹത്യ ചെയ്ത ദിവസവേതന തൊഴിലാളികളുടെ ശതമാനത്തില്‍ ഇരട്ടിയലധികം വര്‍ധനവാണുണ്ടായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഭയപ്പെടുത്തുന്ന തരത്തില്‍ ഒരു ലക്ഷത്തിലധികം ആത്മഹത്യകളാണ് തൊഴിലാളി വര്‍ഗങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ളത്. ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ നേരിട്ടുള്ള ഇരകളാണവര്‍. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമെല്ലാം ഇതില്‍ കുറ്റക്കാരാണ്. മഹാമാരിക്കാലത്ത് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടപ്പലായനം നടത്തുന്നതും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതുമെല്ലാം നമ്മള്‍ കണ്ടു. ജനങ്ങള്‍ക്കുമേലുള്ള നവലിബറല്‍ അതിക്രമങ്ങളും അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പെരുകുന്ന സാമ്പത്തിക ദുരിതങ്ങളുമെല്ലാം പ്രതിലോമകരമായ പ്രചാരണങ്ങളെയും ആളുകളെ വിഭജിച്ചുകൊണ്ടുള്ള വര്‍ഗീയ ആക്രമണങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടാണ് മുന്നേറുന്നത്.

Migrant Workers
കൊവിഡ് കാലത്തെ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായാനം / Photo : PARI, SUDARSHAN SAKHARKAR

വൈകാരിക വിഷയങ്ങളിലെല്ലാം വര്‍ഗീയ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ വിഭജനത്തിന്റെ ആഴം കൂട്ടിക്കൊണ്ടാണ് തൊഴിലില്ലായ്മ, വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. ഹിജാബിന്റെയും നിസ്‌കാരത്തിന്റെയും ഗോരക്ഷയുടെയും പേരില്‍ ധ്രുവീകരണം നടത്തിക്കൊണ്ടുള്ള പ്രചാരണങ്ങളാണ് ഗ്രൗണ്ട് ലെവലില്‍ അവരുടെ രാഷ്ട്രീയ നയതന്ത്രം. ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, ആദിവാസികളും ദലിതരും ഗോരക്ഷയുടെ പേരില്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. പള്ളികളില്‍ ശിവലിംഗങ്ങള്‍ പെട്ടെന്ന് പൊട്ടിമുളക്കുന്നതും, രാമനവമിയുടെയും ഹനുമാന്‍ ജയന്തിയുടെയും പരശുരാമ ജയന്തിയുടെയും വേളകളില്‍ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണങ്ങളും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള തന്ത്രങ്ങളും നമ്മള്‍ കണ്ടു. ധര്‍മ സന്‍സത് സമ്മേളനങ്ങളില്‍ പങ്കെടുത്ത ആളുകള്‍ ഹിന്ദു യുവാക്കള്‍ക്ക് ആയുധങ്ങള്‍ നല്‍കണമെന്നും മുസ്​ലിംകളെ കൊല്ലണമെന്നും പരസ്യമായി ആവശ്യപ്പെട്ടതില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിമാരും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. 

കൂടുതല്‍ സ്വേച്ഛാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ സംവിധാനത്തിനായുള്ള നിലമൊരുക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.

ബി.ജെ.പിയും സംഘപരിവാറും വെറുക്കുന്ന ആശയങ്ങളാണ് സമാധാനവും മൈത്രിയും. അവര്‍ അവരുടെ ധ്രുവീകരണ പ്രചാരണങ്ങളിലൂടെ ചുറ്റിലും വിഷം നിറച്ചുകൊണ്ടിരിക്കുകയാണ്. ടീസ്ത സെതല്‍വാദിനെപ്പോലെയുള്ള ആക്ടിവിസ്റ്റുകളുടെയും മുഹമ്മദ് സുബൈര്‍ അടക്കമുള്ള മറ്റുള്ളവരുടെയും അറസ്റ്റുകളിലൂടെ വിയോജിക്കുന്ന ശബ്ദങ്ങളെയെല്ലാം വരുതിയിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതേസമയം മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച നൂപുര്‍ ശര്‍മ്മയെ പോലുള്ളവര്‍ക്ക് നിയമപരാമായി യാതൊരു പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല. കൂടുതല്‍ സ്വേച്ഛാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ സംവിധാനത്തിനായുള്ള നിലമൊരുക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. പാര്‍ലമെന്റിനകത്ത് എം.പിമാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരം നിഷേധിച്ചതും ‘അണ്‍പാര്‍ലമെന്ററി' ആയ വാക്കുകളുടെ പട്ടിക പുറത്തിറക്കിയതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

Teesta Setalvad, Muhammed Zubair
ടീസ്ത സെദല്‍വാദ്, മുഹമ്മദ് സുബൈര്‍

ഈ ഘട്ടത്തില്‍ നമുക്കുമുന്നിലുള്ളത് കഠിനമായ ദൗത്യമാണ്. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയും അവരുടെ ജനാധിപത്യ വിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇത്തരം നയങ്ങള്‍ക്കെതിരെ ഞങ്ങള്‍ പ്രതിരോധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മതനിരപേക്ഷ വിഭാഗങ്ങള്‍ക്കിടയിലേക്കും നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഇരകള്‍ക്കിടയിലേക്കും എത്തി ഞങ്ങള്‍ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ആളുകള്‍ക്കിടയിലെ വിള്ളലുകളും വൈരുദ്ധ്യങ്ങളും കൂടുതല്‍ മൂര്‍ച്ചയുള്ളതായിക്കൊണ്ടിരിക്കുകയാണ്.  ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളും കന്നുകാലി കച്ചവടത്തിനുമേലുള്ള നിയന്ത്രണങ്ങളും പശുവിനെ അറക്കുന്നതിന് മേലുള്ള നിരോധനവും കാരണം അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ പെരുകുകയും അത് കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയുമാണ്. 

ഒരു സ്വേച്ഛാധിപത്യ വലതുപക്ഷ സര്‍ക്കാര്‍ മുട്ടുമടക്കാനും മാപ്പുപറയാനും പിന്തിരിയാനും നിര്‍ബന്ധിക്കപ്പെട്ടുവെന്നത് ജനവിരുദ്ധ നവഉദാരവത്കരണ നയങ്ങള്‍ക്കെതിരെയും ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെയും പൊരുതുന്ന എല്ലാവര്‍ക്കും വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്.

കന്നുകാലികളെ ആശ്രയിച്ചുള്ള സമ്പദ്​വ്യവസ്ഥ തകര്‍ന്നതോടെ ക്ഷീരോത്പാദനത്തിലൂടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്നവരും തുകല്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നവരുമെല്ലാം ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കര്‍ഷകരും പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ഭാരതീയ മസ്ദൂര്‍ സംഘില്‍ ചേര്‍ന്നിട്ടുള്ള തൊഴിലാളികളും, എന്തിന്, അവരുടെ വ്യാപാരികളുടെ സംഘടന പോലും പ്രതിഷേധിക്കാൻ നിര്‍ബന്ധിതരായിരിക്കുകയാണ്. അഗ്‌നിപഥിനെതിരായ പ്രതിഷേധം ഏറ്റവും ശക്തമായത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്, അവിടെ യുവാക്കള്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. പൊള്ളയായ പ്രഭാഷണങ്ങള്‍ കൊണ്ട് തൊഴിലില്ലായ്മയും ദാരിദ്ര്യവും വിലക്കയറ്റവും പട്ടിണിയും കാരണം ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങളെ മറികടക്കാനാവില്ല. എല്ലാകാലത്തേക്കുമായി ഈ പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധതിരിക്കാനും കഴിയില്ല. ഇത്തരം വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ ശക്തമാവുകയേ ഉള്ളൂ, വിഭജിച്ച് ഭരിക്കാനുള്ള അവരുടെ അജണ്ട പരാജയപ്പെടും.

Vijoo Krishnan
അസമിലെ ദറംഗ് ജില്ലയിലെ ധോല്‍പൂര്‍ മേഖലയില്‍ നിന്ന് ബി.ജെ.പി സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച കുടുംബാഗങ്ങളിലൊരാളെ വിജൂ കൃഷ്ണന്‍ ആശ്വസിപ്പിക്കുന്നു / Photo: F.B, Vijoo Krishnan

കര്‍ഷകസമരത്തിന്റെ വിജയമാണ് ജനാധിപത്യ ഇന്ത്യ സമീപകാലത്ത് കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ വിജയം. അതൊരു പ്രതീക്ഷയാണ്. അതിന്റെ തുടര്‍ച്ചകള്‍ എത്തരത്തിലുള്ളതായിരിക്കും?

ഇന്ത്യയിലെ മാത്രമല്ല, ലോകത്തെല്ലായിടത്തുമുള്ള ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്ന ഒന്നായിട്ടാണ് ചരിത്രപരമായ കര്‍ഷക സമരത്തെക്കുറിച്ച് നോം ചോംസ്‌കിയും പറഞ്ഞിട്ടുള്ളത്. അതൊരു പ്രവചനം പോലെ സത്യമായിക്കൊണ്ടിരിക്കുകയാണ്. ജര്‍മനിയിലും സ്പെയ്നിലും നെതര്‍ലാൻറ്സിലും മറ്റ് സ്ഥലങ്ങളിലുമുണ്ടായ പ്രതിഷേധങ്ങളെ അത് സ്വാധീനിച്ചിട്ടുണ്ട്. രാസവളങ്ങള്‍ ആവശ്യപ്പെട്ട്​ കര്‍ഷകര്‍ മുന്നോട്ടുവന്നതോടുകൂടിയാണ് ശ്രീലങ്കയില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ഈ സ്ഥലങ്ങളിലുള്ള പ്രഭാഷണങ്ങളിലും സമരരീതികളിലുമൊക്കെത്തന്നെ ഇന്ത്യന്‍ കര്‍ഷകരുടെ സമരം പ്രതിധ്വനിക്കുന്നുണ്ട്. കര്‍ഷകരും തൊഴിലാളികളും ഒരുമിച്ചുചേര്‍ന്നു നടത്തിയ സമരത്തിന്റെ വിജയം സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു സ്വേച്ഛാധിപത്യ വലതുപക്ഷ സര്‍ക്കാര്‍ മുട്ടുമടക്കാനും മാപ്പുപറയാനും പിന്തിരിയാനും നിര്‍ബന്ധിക്കപ്പെട്ടുവെന്നത് ജനവിരുദ്ധ നവഉദാരവത്കരണ നയങ്ങള്‍ക്കെതിരെയും ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെയും പൊരുതുന്ന എല്ലാവര്‍ക്കും വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്. അത് ജനകീയ ജനാധിപത്യത്തിന്റെ ഘടകങ്ങളെ സജീവമാക്കി. ഒരു വിഭാഗം ധനികരും ഭൂവുടമകളുമായ കര്‍ഷകരും കൂടി ഉള്‍ക്കൊള്ളുന്ന കര്‍ഷകരുടെ വിശാല വിഭാഗങ്ങള്‍ വലിയ കുത്തക മൂലധനത്തിനും അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിനും എതിരായി അണിനിരന്നു. നരേന്ദ്ര മോദി നയിക്കുന്ന സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ്​വൽക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ സാധാരണക്കാരായ കര്‍ഷകര്‍ മനസ്സിലാക്കിയിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങളും അവരുടെ ഉറ്റചങ്ങാതിമാരായ അദാനികള്‍ക്കും അംബാനിമാര്‍ക്കും നിലയ്ക്കാത്ത ലാഭം ഉറപ്പുവരുത്താനുള്ള വഴികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇത് സമരത്തിന് വ്യക്തമായ കുത്തകവിരുദ്ധ സ്വഭാവം നല്‍കുകയും അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സജീവ പിന്തുണയോടുകൂടി, വിഷയത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പില്ലാത്ത വിധത്തില്‍ കര്‍ഷക സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വിജയം.

Kisan Sabha March
Photo: F.B, Vijoo Krishnan

മിനിമം താങ്ങുവില സംബന്ധിച്ച ഒരു സമിതി രൂപീകരിച്ചതായി ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ച, രൂപീകരിക്കപ്പെട്ട സമിതിയെ തള്ളുകയും, വഞ്ചനക്കെതിരെ രാജ്യവ്യാപകമായി ദേശീയ പാതകള്‍ ഉപരോധിച്ച്​ ജുലൈ 31ന്  പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തിരിക്കുകയുമാണ്. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിപുലമായ കാമ്പയിന്‍ ആഗസ്തില്‍ നടക്കും. അഗ്‌നിപഥ് പദ്ധതിക്കെതിരെ ജയ് ജവാന്‍, ജയ് കിസാന്‍, ജയ് നവ്ജവാന്‍(യുവ ജനത) എന്ന മുദ്രാവാക്യവുമായി യുവജന സംഘടനകളും സേനയില്‍നിന്ന് വിരമിച്ചവരുടെ സംഘടനകളുമായി ചേര്‍ന്ന്​ സംയുക്ത കിസാന്‍ മോര്‍ച്ച സംയുക്ത പ്രതിഷേധം നടത്തും. തൊഴിലാളികളുടെയും കര്‍ഷകരുടെയും നിരവധി സമരങ്ങള്‍ നിരന്തരമായി നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്ത് ഒന്നുമുതല്‍ 15 വരെ നീളുന്ന രണ്ടാഴ്ച ആര്‍.എസ്​.എസിനെതിരെ വര്‍ഗ്ഗ സംഘടനകള്‍ കാമ്പയിൻ നടത്താന്‍ പോവുകയാണ്. അവര്‍ സാമ്രാജ്യത്വത്തിന്റെ സേവകരായിനിന്ന്​ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച കാര്യം വെളിപ്പെടുത്തി, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനായിട്ടുള്ള കാമ്പയിനായിരിക്കും ഇത്.

രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനവും നമ്മുടെ ബഹുമുഖമായ പാരമ്പര്യങ്ങളും അനുയോജ്യമായ രീതിയില്‍ ആഘോഷിക്കും. തൊഴിലാളി വര്‍ഗ്ഗവും കര്‍ഷകരും ഒത്തൊരുമിച്ചുകൊണ്ടുള്ള സമരങ്ങള്‍ തീവ്രമാക്കുന്നതിനൊപ്പം സംഘപരിവാറിനെതിരെ രാഷ്ട്രീയ- സൈദ്ധാന്തിക കാമ്പയിനും തുടരും. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഐക്യത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ളതും ഒരു ബദല്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരെയും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും അണിനിരത്തിക്കൊണ്ടുള്ളതുമായ വിശാല ഐക്യസമരമുന്നണിയാണ് ഇനിയുള്ള പ്രതീക്ഷ. ജനാധിപത്യ ആശയങ്ങളോടും ഭരണഘടനയോടും പ്രതിബദ്ധതയുള്ള ഒരു ജനപക്ഷ രാഷ്ട്രീയ ബദലിലേക്കാണ് അത് വഴിത്തെളിക്കുക.

Farmers Protest
തൊഴിലാളി വര്‍ഗ്ഗവും കര്‍ഷകരും ഒത്തൊരുമിച്ചുകൊണ്ടുള്ള സമരങ്ങള്‍ തീവ്രമാക്കുന്നതിനൊപ്പം സംഘപരിവാറിനെതിരെ രാഷ്ട്രീയ- സൈദ്ധാന്തിക കാമ്പയിനും തുടരും / Photo:F.B, Vijoo Krishnan

ഹിന്ദുദേശീയതയെ ഇന്ത്യയില്‍ പല തരത്തില്‍ പയറ്റാന്‍ സംഘ്പരിവാര്‍ ശ്രമിച്ചിട്ടുണ്ട്. ബാബറി മസ്ജിദും ഗുജറാത്ത് വംശഹത്യയും സ്ഫോടന പരമ്പരകളും പശു ദേശീയതയും സമീപകാലത്തെ ഗ്യാന്‍വ്യാപിയുമൊക്കെ ചില വലിയ ഉദാഹരണങ്ങളാണ്. പക്ഷേ ഇപ്പോള്‍ മറ്റ് മതങ്ങളിലെ പിന്നാക്കക്കാര്‍ക്കുവേണ്ടി സംസാരിക്കുന്ന സ്ട്രാറ്റജി പയറ്റുന്നുണ്ട്. കേരളത്തില്‍ ക്രിസ്ത്യന്‍ മതവിഭാഗവുമായി ചേരാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുമുണ്ട്. നോര്‍ത്ത് ഇന്ത്യയിലെ സാധ്യതകള്‍ എന്താണ്?

ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, അവര്‍ രണ്ടാം തരം പൗരരാണെന്നും അതിന് മുകളിലേക്ക് ആഗ്രഹിച്ചുകൂടാ എന്നുമുള്ള സന്ദേശം നല്‍കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദുരാഷ്ട്രത്തിന്റെ കാഴ്ച്ചപ്പാട് ഇതാണ്. ഭയം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ച്​  അതിന്റെ കാരണക്കാര്‍ തന്നെ മറ്റ് മതങ്ങളിലെ പിന്നാക്കക്കാരും ദരിദ്രരുമായ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള നയതന്ത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വേട്ടക്കാരുടെ കൂടെയും വേട്ടമൃഗത്തിന്റെ കൂടെയും ഒരേ സമയം ഓടുക എന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. ഭയത്തിന്റെ അന്തരീക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഇത്തരത്തിലുള്ള നയതന്ത്രങ്ങള്‍ നിലനില്‍ക്കാന്‍ പോന്നതല്ല. അവരുടെ നയങ്ങളുടെ വിഷമതകള്‍ അനുഭവിക്കുന്നവര്‍, അത് ന്യൂനപക്ഷ വിഭാഗങ്ങളായാലും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളായാലും അവരുടെ പൈശാചിക പദ്ധതികളെ തിരിച്ചറിയും.

സംഘപരിവാര്‍ സോഷ്യല്‍ എഞ്ചിനിയറിങ്ങിനെ ആശ്രയിക്കുകയും ചില ജാതി വിഭാഗങ്ങളെ ബി.ജെ.പിയുടെ കൂടെ അണിചേര്‍ക്കുന്നതില്‍ കുറേയധികം വിജയിച്ചിട്ടുണ്ട്.

കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി സംഘപരിവാര്‍ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യാനികള്‍ക്കെതിരായ ശാരീരിക ആക്രമണങ്ങള്‍ വലിയ രീതിയില്‍ പെരുകിയ വര്‍ഷമാണ് 2021. ആ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരെ 486 ആക്രമണങ്ങളാണ് ഉണ്ടായത്, അത് 2020ലെ കണക്കുകളെ അപേക്ഷിച്ച് 75 ശതമാനം കൂടുതലാണ്. സംഘപരിവാറും ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളും വര്‍ഗ്ഗീയ വികാരങ്ങളെ ആളിക്കത്തിക്കുകയാണ് ചെയ്തത്. കൂടാതെ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള  ‘കാസ’ പോലുള്ള തീവ്രവിഭാഗങ്ങള്‍ മുസ്​ലിം വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോവുകയുമുണ്ടായി. ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള കാമ്പയിനുകള്‍ സംഘപരിവാറിന്റെ പണിപ്പുരയില്‍ നിന്ന് പുറത്തിറങ്ങുന്നവയാണ്.

Violence against christians  India
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യാനികള്‍ക്കെതിരായ ശാരീരിക ആക്രമണങ്ങള്‍ വലിയ രീതിയില്‍ പെരുകിയ വര്‍ഷമാണ് 2021 / Photo: Wikimedia

പൊളിറ്റിക്കല്‍ ഇസ്​ലാമിന്റെ ആരാധകരായ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി തുടങ്ങിയ വിഭാഗങ്ങളുടെ മൗലികവാദ നിലപാടുകളും ഈ കാമ്പയിൻ കൂടുതല്‍ ശക്തമാക്കാനായി ഉപയോഗിക്കുന്നു. ഒരു തരത്തിലുള്ള വര്‍ഗ്ഗീയവാദവും മറ്റൊന്നിനെ അവസാനിപ്പിക്കില്ലെന്ന നമ്മുടെ മനസ്സിലാക്കലിനെ ശരിവെക്കുന്ന ഒന്നാണിത്. പരസ്പരം സഹകരിച്ച്​ അവര്‍ നിലനില്‍ക്കുന്നതും വളരുന്നതും ജനങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടാക്കിക്കൊണ്ടാണ്. അതിനാല്‍ എല്ലാ തരത്തിലുമുള്ള വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയും ചാഞ്ചല്യമില്ലാതെ പൊരുതേണ്ടത് സാമുദായിക മൈത്രി സംരക്ഷിക്കുന്നതിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.

മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റമായി രൂപപ്പെട്ടുവന്ന ഒരു വിഭാഗമാണ് പസ്മന്ദ മുസ്​ലിംകൾ  (പുറന്തള്ളപ്പെട്ടവര്‍ എന്ന അര്‍ത്ഥം വരുന്ന പസ്മന്ദ എന്ന വാക്ക് രൂപപ്പെട്ടത് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ്). അവര്‍ ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് അണിചേര്‍ന്നിരുന്നത്. വര്‍ഗ്ഗീയ മതമൗലികവാദ ശക്തികളുമായി സഖ്യത്തിലാകുന്നതിന്റെ അപകടങ്ങളെന്താണെന്ന് അവര്‍ നന്നായി മനസ്സിലാക്കുകയും പൊളിറ്റിക്കല്‍ ഇസ്​ലാമിനെ പ്രതിനിധീകരിക്കുന്ന ശക്തികളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘപരിവാര്‍ സോഷ്യല്‍ എഞ്ചിനിയറിങ്ങിനെ ആശ്രയിക്കുകയും ചില ജാതി വിഭാഗങ്ങളെ ബി.ജെ.പിയുടെ കൂടെ അണിചേര്‍ക്കുന്നതില്‍ കുറേയധികം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ അതിക്രമങ്ങളും കൊലപാതകങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഇത്തരത്തില്‍ അണിചേര്‍ക്കുകയെന്നത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല.

Pasmanda Muslims
മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റമായി രൂപപ്പെട്ടുവന്ന ഒരു വിഭാഗമാണ് പസ്മന്ദ മുസ്​ലിംകൾ. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് അണിചേര്‍ന്നിരുന്നത് / Photo: Countercurrents.org

സംഘപരിവാറിന്റെ പൈശാചികമായ ഇത്തരം ശ്രമങ്ങളെ കര്‍ഷകരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വിശാലമായ ഐക്യം പടുത്തുയര്‍ത്തി പരാജയപ്പെടുത്തും. ഹിന്ദുവിനുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണപ്പാര്‍ട്ടി, ഹിന്ദുക്കളുടെ ഇടയിലുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദരിദ്രരുടെയും കൂടെ നിന്നിട്ടില്ല. ന്യൂനപക്ഷത്തിലുള്ള ഇത്തരം വിഭാഗങ്ങളുടെ കൂടെ നില്‍ക്കുമെന്ന അവരുടെ അവകാശവാദത്തെ ആരും വിശ്വസിക്കുകയുമില്ല.

ലോകം മുഴുവന്‍ വലതുപക്ഷത്തേക്ക്, തീവ്രവലതിലേക്ക് നീങ്ങുന്ന കാഴ്ചയാണുള്ളത്. ഒപ്പം ലാറ്റിനമേരിക്കയിലെ പിങ്ക് തരംഗം കാണാതെ പോവുന്നുമില്ല. ഈ പിങ്ക് തരംഗം  ‘യഥാര്‍ത്ഥ' ഇടതിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്നത് ഇടതുപക്ഷത്തുനിന്ന് തന്നെ ഉയരേണ്ട ചോദ്യമാണ് എന്ന് തോന്നുന്നു. ലോകക്രമത്തിന്റെ രാഷ്ട്രീയ വ്യതിയാനങ്ങളെ ഇന്ത്യയിലിരുന്നുകൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി എങ്ങനെയാണ് നിരീക്ഷിക്കുന്നത്?

ലോകത്തെല്ലായിടത്തുമുള്ള വലതുപക്ഷ വ്യതിയാനത്തിനും തീവ്ര വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്കും ജനകീയ പോരാട്ടങ്ങളെയും പ്രസക്തമായ തെരഞ്ഞെടുപ്പ് വിജയങ്ങളെയും നേരിടേണ്ടിവന്നിട്ടുണ്ട്. മുമ്പില്ലാത്ത വിധം മഹാമാരി ഉണ്ടായപ്പോഴും ലോകത്തെല്ലായിടത്തും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കര്‍ഷകരുടെയും വമ്പന്‍ സമരങ്ങളുണ്ടായിട്ടുണ്ട്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്മെൻറ്​, ബ്രസീലില്‍ ബോള്‍സനാരോയുടെ വലതുപക്ഷത്തിനെതിരെ ഉയര്‍ന്നുവന്ന വലിയ പ്രതിഷേധങ്ങള്‍, മെട്രോ നിരക്ക് കൂട്ടുന്നതിനെതിരെയും വിലക്കയറ്റത്തിനെതിരെയും സ്വകാര്യവത്കരണത്തിനെതിരെയും അസമത്വത്തിനെതിരെയും ചിലിയിലുണ്ടായിട്ടുള്ള പ്രതിഷേധം, ഫ്രാന്‍സില്‍ നടന്ന യെല്ലോ വെസ്റ്റ് തൊഴിലാളികളുടെ പ്രതിഷേധം, സ്പെയിനില്‍ ആയിരങ്ങള്‍ അണിനിരന്ന നാറ്റോക്കെതിരായ പ്രതിഷേധം, നെതര്‍ലാൻറ്സിൽ തുടങ്ങി പിന്നീട് സ്പെയിനിലേക്കും പോളണ്ടിലേക്കും, ജര്‍മനിയിലേക്കും ഇറ്റലിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പടര്‍ന്ന കര്‍ഷക സമരങ്ങള്‍. ശ്രീലങ്കയിലുണ്ടായ പ്രക്ഷുബ്ധമായ മുന്നേറ്റങ്ങള്‍ പരാജയപ്പെടുത്തിയതും ഒരു വലതുപക്ഷ സ്വേച്ഛാധിപത്യ സര്‍ക്കാരിനെയായിരുന്നു. ചെലവ് വെട്ടിച്ചുരുക്കലിനെതിരെയും സ്വകാര്യവത്കരണത്തിനെതിരെയും ലോകത്തെ മിക്ക ഭാഗങ്ങളിലും നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലും ഇടതുപക്ഷ World Federation of Trade Unions (WFTU) ന്‍റെ ഭാഗമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് കാണാന്‍ കഴിയും. അടിസ്ഥാനപരമായി ഈ പ്രതിഷേധങ്ങളെല്ലാം ചൂഷണത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന മുതലാളിത്ത സംവിധാനത്തിനും, നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും, വളരുന്ന സ്വേച്ഛാധിപത്യത്തിനും അസമത്വത്തിനും വിലക്കയറ്റത്തിനും വംശീയ അതിക്രമങ്ങള്‍ക്കും മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചക്കുമെതിരെ ഉള്ളതാണ്. 

World Federation of Trade Unions
ചെലവ് വെട്ടിച്ചുരുക്കലിനെതിരെയും സ്വകാര്യവത്കരണത്തിനെതിരെയും ലോകത്തെ മിക്ക ഭാഗങ്ങളിലും നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലും ഇടതുപക്ഷ World Federation of Trade Unions (WFTU) ന്‍റെ ഭാഗമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് കാണാന്‍ കഴിയും / Photo: peoplesworld.org

മുതലാളിത്ത സംവിധാനത്തിനകത്തുള്ള പ്രതിസന്ധി ശക്തമായി തന്നെ തുടരുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പ്രാബല്യത്തിലൂടെ ഏകധ്രുവമായിത്തീര്‍ന്ന ലോകം, സോവിയറ്റ് പതനത്തിനുശേഷമുള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ഏറ്റവും ശക്തമായ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക രംഗത്ത് വെല്ലുവിളി ഉയര്‍ത്തി ചൈന കടന്നുവരികയും ഡോളറിന്റെ ആധിപത്യം ക്രമേണ പിന്‍വാങ്ങുകയുമാണ്. റഷ്യക്കുമേലുള്ള വിലക്കുകള്‍ പരിഗണിക്കുമ്പോള്‍, എണ്ണ വില നിയന്ത്രണത്തിലാക്കുന്നതിനായി അമേരിക്കയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അളവിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ചൈന വാങ്ങിയ എണ്ണക്കുള്ള പണം യുവാനില്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ തയ്യാറായതും, ഇന്ത്യ റഷ്യയില്‍ നിന്നും റൂബ്ള്‍സില്‍ എണ്ണ വാങ്ങാനൊരുങ്ങുന്നതും ലോകവ്യാപാരത്തില്‍ യു.എസ്. ഡോളറിന്റെ അപ്രമാദിത്വത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുകയാണെന്നാണ് സൂചിപ്പിക്കുന്നത്. ചൂഷണവും അസമത്വവും ആന്തരികമായി തന്നെ ഉള്‍ക്കൊള്ളുന്ന മുതലാളിത്ത സംവിധാനം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നതോ അതിനുള്ള കഴിവില്ലാത്തതോ ജനകീയ സമരങ്ങളെ കൂടുതല്‍ ശക്തമാക്കുന്നുണ്ട്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചിലിയന്‍ പ്രസിഡണ്ട് ഗബ്രിയേല്‍ ബോറിക് ഊന്നിപ്പറഞ്ഞത്,  ‘‘നവലിബറലിസത്തിന്റെ ജന്മഭൂമിയാണ് ചിലിയെങ്കില്‍, അതിന്റെ ശവക്കല്ലറയും അവിടെ തന്നെയായിരിക്കും'' എന്നാണ്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കാര്യത്തിലേക്കും, നിങ്ങള്‍ ചോദിച്ചതുപോലെ പിങ്ക് തരംഗം യഥാര്‍ത്ഥ ഇടതിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്കും വരികയാണെങ്കില്‍, കെട്ടകാലത്ത് പ്രചോദനമേകുന്ന പ്രതീക്ഷകളായിട്ടാണ് ഞാന്‍ അത്തരം മുന്നേറ്റങ്ങളെ കാണുന്നത് എന്ന് പറയേണ്ടി വരും. ഇടതുപക്ഷത്തേക്കുള്ള വ്യതിയാനമാണ് മെക്സിക്കോയിലും അര്‍ജന്റീനയിലും ചിലിയിലും പെറുവിലും ഹൊണ്ട്യൂറാസിലും കൊളംബിയയിലും കാണാന്‍ കഴിയുന്നത്, വൈകാതെ ബ്രസീലും ഇതേവഴി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിനോച്ചെയുടെയും ഫ്യുജിമൊറിയുടെയും ഇരുണ്ട കാലത്തിലേക്കുള്ള തിരിച്ചുപോക്കിനെതിരെയുള്ള വിജയങ്ങള്‍ കൂടിയായിരുന്നു ചിലിയിലും പെറുവിലും ഉണ്ടായത്. ഈ വിജയങ്ങള്‍ പ്രതീക്ഷയേകുന്നുവെന്ന് പറയുമ്പോഴും അവ ഇടതുപക്ഷ ജനാധിപത്യ പദ്ധതിയുടെ കൂടെയാണ് നിലകൊള്ളുന്നത് എന്നും നവലിബറല്‍ നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനും എതിരെയാണ് നിലകൊള്ളുന്നതെന്നും ഉറപ്പുവരുത്തേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചിലിയന്‍ പ്രസിഡണ്ട് ഗബ്രിയേല്‍ ബോറിക് ഊന്നിപ്പറഞ്ഞത്,  ‘‘നവലിബറലിസത്തിന്റെ ജന്മഭൂമിയാണ് ചിലിയെങ്കില്‍, അതിന്റെ ശവക്കല്ലറയും അവിടെ തന്നെയായിരിക്കും'' എന്നാണ്. തെരഞ്ഞെടുപ്പ് വിജയിച്ച ഫ്രെന്റെ ആംപ്ലിയോയുടെ (വിശാല മുന്നണി) ഭാഗവും പ്രധാന സഖ്യകക്ഷിയുമാണ് ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. മൂന്ന് കമ്യൂണിസ്റ്റുകള്‍ അവിടെ മന്ത്രിമാരായി നിയമിക്കപ്പെട്ടു. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാമിലോ വല്ലെജോ ആണ് സര്‍ക്കാറിന്റെ വക്താവ്. സി.ഐ.എയുടെ പിന്തുണയോടെ നടന്ന സൈനിക അട്ടിമറിയില്‍ കൊല്ലപ്പെട്ട സാല്‍വദോര്‍ അലെന്റെയുടെ ചെറുമകളായ മായ ഫെര്‍ണാണ്ടസ് അലെന്റെയാണ് പ്രതിരോധമന്ത്രിയായി നിയമിതയായത്. അഗസ്റ്റോ പിനോച്ചെയുടെ നേതൃത്വത്തില്‍ നടന്ന സൈനിക അട്ടിമറി കഴിഞ്ഞ് അമ്പതോളം വര്‍ഷത്തിനുശേഷമാണ് അവര്‍ രാജ്യത്തിന്റെ സൈന്യത്തിനുമേല്‍ അധികാരമുള്ള സ്ഥാനത്ത് നിയമിതയായതെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും സി.ഐ.എ സ്പോണ്‍സര്‍ ചെയ്ത സൈനിക അട്ടിമറികളും അതിന്റെ പിന്തുണയില്‍ നിലനിന്ന ക്രൂരമായ സ്വേച്ഛാധിപത്യ ഭരണങ്ങളും കാരണം രാജ്യത്തെ കമ്യൂണിസ്റ്റുകള്‍ക്ക് തീവ്രമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

gabriel-boric
ചിലിയന്‍ പ്രസിഡണ്ട് ഗബ്രിയേല്‍ ബോറിക് / Photo: Wikipedia

 പ്രവര്‍ത്തകരുടെ കാണാതാകലുകളും കൊലപാതകങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരാണ് ഈ രാജ്യങ്ങളിൽ കൊല്ലപ്പെട്ടത്. നീണ്ട കാലം നിരോധനവും നേരിടേണ്ടി വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവസാനിച്ചുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിയെഴുതിയതാണ്, എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചിലി അതിന്റെ ഇലക്​ടറൽ വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാരിന്റെ പ്രധാന ഭാഗവുമായിത്തീര്‍ന്നിരിക്കുകയാണ്. പ്രഖ്യാപിത മാര്‍ഗ്ഗത്തില്‍ നിന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ വ്യതിചലിക്കുകയാണെങ്കില്‍ അതിനെ തിരുത്തേണ്ട ഉത്തരവാദിത്വമാണ് പാര്‍ട്ടിക്കുള്ളത്.

മൂന്നുതവണ പ്രസിഡൻറ്​ സ്ഥാനത്തേക്ക് മത്സരിച്ച, തുറങ്കിലടക്കപ്പെട്ട മുന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫ്യുജിമൊറിയുടെ മകളായ കെയ്കോ ഫ്യുജിമൊറിയെയാണ് പെറു ലിബ്രേ (ഫ്രീ പെറു) രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ പെഡ്രോ കാസ്റ്റില്ലോ തോല്‍പ്പിച്ചത്. മാര്‍ക്സിസ്റ്റ് ചിന്തയെ ലാറ്റിനമേരിക്കയുടെ ഗ്രാമീണവും തനതുമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിയിണക്കാന്‍ ശ്രമിച്ച, 1928ല്‍ പെറുവിന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ ഹൊസെ കാര്‍ലോസ് മരിയാറ്റെഗ്വിയുടെ ചിന്താപദ്ധതിയാണ് തങ്ങള്‍ സ്വാംശീകരിച്ചിരിക്കുന്നതെന്ന് പെറു ലിബ്രേ പറയുന്നു.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ക്യൂബന്‍ വിപ്ലവത്തെ നയിച്ചത് എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, പക്ഷേ അമേരിക്കയുടെ പിന്തുണയുള്ള സ്വേച്ഛാധിപതിയായ ഫുല്‍ജെന്‍ഷിയോ ബാറ്റിസ്റ്റയ്ക്കെതിരായ വിജയശേഷം ഫിഡലും ചെയും ക്യൂബയെ കമ്യൂണിസ്റ്റ് പാതയിലേക്ക് നയിക്കുകയായിരുന്നു.

ഖനന മേഖലയിലുള്ള വ്യവസായങ്ങള്‍ ദേശസാത്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പെറു ലിബ്രേ, അത് മാര്‍ക്സിസ്റ്റ്, സോഷ്യലിസ്റ്റ്, സാമ്രാജ്യത്വവിരുദ്ധ ചേരിയിലാണെന്ന് വ്യക്തമായി പ്രസ്താവിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും കാസ്റ്റില്ലോയുടെ വലതുപക്ഷത്തേക്കുള്ള ചായ്വ് വലിയ രീതിയില്‍ പെറു ലിബ്രേക്ക് തളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട് എന്നാണ് സൂചനകള്‍. കാലാവധി കഴിയുന്നതിനും മൂന്നുവര്‍ഷം മുമ്പെ, 2023ല്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ഒരു തിരുത്തലിന്റെ പ്രതീക്ഷയാണ് നല്‍കുന്നത്. കൊളംബിയയുടെ ചരിത്രത്തില്‍ ആദ്യമായി ഗുസ്താവോ പെട്രോയുടെ നേതൃത്വത്തിലുള്ള ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുകയാണ്. പാക്ടോ ഹിസ്റ്റോറിക്കാ (ഹിസ്റ്റോറിക് പാക്ട്) എന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ വിശാല മുന്നണിയുടെ ഭാഗമാണ് കൊളംബിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ക്യൂബന്‍ വിപ്ലവത്തെ നയിച്ചത് എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, പക്ഷേ അമേരിക്കയുടെ പിന്തുണയുള്ള സ്വേച്ഛാധിപതിയായ ഫുല്‍ജെന്‍ഷിയോ ബാറ്റിസ്റ്റയ്ക്കെതിരായ വിജയശേഷം ഫിഡലും ചെയും ക്യൂബയെ കമ്യൂണിസ്റ്റ് പാതയിലേക്ക് നയിക്കുകയായിരുന്നു.

Fidel-Castro,-Che-Guvera
ചെ ഗുവേര, ഫിഡല്‍ കാസ്‌ട്രോ / Photo: Wikipedia

അമേരിക്കയുടെ പിന്നാമ്പുറമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിന് ഉണ്ടായ ഈ വിജയങ്ങള്‍ അതിന്റെ സാമ്രാജ്യത്വ അപ്രമാദിത്വത്തിനെ പ്രസക്തമായ രീതിയില്‍ തന്നെ തളര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികളാണെങ്കിലും കേന്ദ്ര തലത്തിലെ പാര്‍ട്ടികളാണെങ്കിലും നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണെന്ന് കണക്കാക്കാന്‍ മടിച്ചുനില്‍ക്കുമ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായി, പിങ്ക് തരംഗത്തിലെ ലാറ്റിന്‍ അമേരിക്കന്‍ പാര്‍ട്ടികളുടെ നിലപാട് കൃത്യമായും അതിനെതിരാണ്. വിശാലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി പടുത്തുടയര്‍ത്താനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഇത്തരം പുരോഗമനങ്ങളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ പാഠങ്ങളുണ്ട്.

പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന, ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന  മുന്നണിയുടെ പ്രതിപക്ഷ സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ അത്തരമൊരു മുന്നണിയുടെ ആവശ്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന്  ബോധ്യമുണ്ടോ? ശ്രമങ്ങള്‍ നടക്കുന്നുണ്ടോ?

ശക്തിപ്പെടുന്ന വര്‍ഗീയ - കോര്‍പറേറ്റ് കൂട്ടുകെട്ട്, കൂടിക്കൊണ്ടിരിക്കുന്ന സര്‍വ്വാധിപത്യ അക്രമങ്ങള്‍ക്ക് വഴിവെച്ചതായാണ് നരേന്ദ്ര മോദി നയിക്കുന്ന എട്ട് വര്‍ഷത്തെ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് കാണാന്‍ കഴിയുക. ഫാസിസ്റ്റ് ആര്‍.എസ്.എസ്സിന്റെ ഹിന്ദു രാഷ്ട്ര അജണ്ട അക്രമോത്സുകമായി അത് മുന്നോട്ടുകൊണ്ടുപോവുകയാണ്. ഒപ്പം, അത്രതന്നെ അക്രമോത്സുകമായ നവലിബറല്‍ നയങ്ങള്‍ പിന്തുടരുകയും സര്‍വ്വാധിപത്യപരമായ ഭരണക്രമങ്ങള്‍ വളരുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും ഇന്ത്യന്‍ റിപബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ പ്രകൃതവും മുമ്പെന്നുമില്ലാത്ത വിധത്തില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആളുകളുടെ ജീവിതമാര്‍ഗ്ഗവും, തൊഴിലാളികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും അക്രമിക്കപ്പെടുന്നത് കൂടിക്കൊണ്ടിരിക്കുന്നു. ഇതില്‍ ചിലത് നമ്മള്‍ മുന്നേ സൂചിപ്പിച്ചുകഴിഞ്ഞു.

എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളും ഒരു മൂര്‍ത്തമായ പദ്ധതിക്കുകീഴില്‍ അണിനിരക്കുകയും ഒന്നിച്ചുള്ള സമരങ്ങളും മുന്നേറ്റങ്ങളും സംഘടിപ്പിക്കുകയും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെട്ടുവരികയും ചെയ്യും.

ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും ജനവിരുദ്ധമായ സാമ്പത്തിക നയങ്ങള്‍ പിന്‍വലിപ്പിക്കാനുമായി ബി.ജെ.പി സര്‍ക്കാരിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണന്നതില്‍ ഇടതുപക്ഷത്തിന് സംശയമില്ല. എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും അണിനിരത്തി ബി.ജെ.പിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ദൗത്യം.  ഹിന്ദുത്വ ശക്തികളാല്‍ ഇന്ത്യന്‍ ജനതയും ജനാധിപത്യവും നേരിടുന്ന ഗുരുതര വെല്ലുവിളികള്‍, എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെയും വിശാലമായ മുന്നേറ്റത്തിനുള്ള വേദികള്‍ പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വര്‍ഗീയശക്തികളോട് എതിരിടാനായുള്ള ജനങ്ങളുടെ വിശാലഐക്യം രൂപപ്പെടേണ്ടത് ഏറ്റവും അടിസ്ഥാനതലങ്ങളില്‍ നിന്നാണ്. സമാനമായി, ജനാധിപത്യ അവകാശങ്ങള്‍ക്കുമേലെ സര്‍വ്വാധിപത്യ ശക്തികള്‍ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ പോരാടാനും വിശാലഐക്യം രൂപപ്പെടണം. ഇവയെല്ലാം സമരമുന്നണി ആയിരിക്കും, രാഷ്ട്രീയ തെരഞ്ഞെടുപ്പ് സഖ്യങ്ങളായിരിക്കില്ല. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വെറുതെ തട്ടിക്കൂട്ടി പരസ്പര ധാരണകളിലെത്തുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതിയാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

കര്‍ഷകരുടെ കൂട്ടായ മുന്നേറ്റത്തില്‍നിന്ന് പാഠം പഠിച്ചുവേണം ജനങ്ങളുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ വിശാലമുന്നേറ്റം പടുത്തുയര്‍ത്തേണ്ടത്. എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളും ഒരു മൂര്‍ത്തമായ പദ്ധതിക്കുകീഴില്‍ അണിനിരക്കുകയും ഒന്നിച്ചുള്ള സമരങ്ങളും മുന്നേറ്റങ്ങളും സംഘടിപ്പിക്കുകയും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെട്ടുവരികയും ചെയ്യും. ബൂര്‍ഷ്വാസി ഭൂപ്രഭു അധികാര വര്‍ഗ്ഗത്തിന്റെ നയങ്ങള്‍ക്ക് ബദലായ നയങ്ങള്‍ ഒന്നിച്ചുള്ള ഇടത് കാമ്പയിനുകളും സമരങ്ങളും ഉയര്‍ത്തിപ്പിടിക്കും. സി.പി.എമ്മിന്റെയും ഇടതുശക്തികളുടെയും സ്വതന്ത്രമായ ശക്തിയും വര്‍ഗ്ഗ ജനകീയ പോരാട്ടങ്ങളില്‍ ശക്തമായ മിലിട്ടൻറ്​ രൂപത്തില്‍ ജനങ്ങളെ അണിനിരത്താനുള്ള കഴിവും വളരുന്നതിലൂടെയല്ലാതെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ടക്കെതിരെയും നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വിജയിക്കാന്‍ നമുക്കാവില്ല. ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരായ എല്ലാ മതനിരപേക്ഷ ശക്തികളെയും വിശാലമായ മുന്നേറ്റത്തിന്റെ ഭാഗമായി അണിനിരത്താന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കും. മാത്രമല്ല, നിയോലിബറല്‍ നയങ്ങളുടെ അക്രമോത്സുക നടത്തിപ്പിനും, ദേശീയ സമ്പത്തുകളുടെ പൂര്‍ണമായ കൊള്ളയടിക്കും, പൊതുരംഗത്തിന്റെയും പൊതുസേവനങ്ങളുടെയും ധാതുവിഭവങ്ങളുടെയും വലിയ രീതിയിലുള്ള സ്വകാര്യവത്കരണത്തിനും എതിരായി ജനങ്ങളുടെ വിശാലവിഭാഗങ്ങളെ അണിനിരത്തുന്നതിന്റെ മുന്‍പന്തിയില്‍ തന്നെ പാര്‍ട്ടിയുണ്ടാകും. വിജയിച്ച കര്‍ഷക സമരം പോലെ, വര്‍ഗ്ഗ- ജനകീയ സമരങ്ങള്‍ തീവ്രമാക്കുന്നതിലൂടെ മാത്രമേ കോര്‍പറേറ്റ്- വര്‍ഗ്ഗീയ ഭരണക്രമത്തിനെതിരായ ജനങ്ങളുടെ വിശാല മുന്നേറ്റവും മതനിരപേക്ഷ പ്രതിപക്ഷ ശക്തികളുടെ അണിനിരക്കലും സാധ്യമാവുകയുള്ളൂ.

Farmers Struggle
ബൂര്‍ഷ്വാസി ഭൂവുടമ അധികാര വര്‍ഗ്ഗത്തിന്റെ നയങ്ങള്‍ക്ക് ബദലായ നയങ്ങള്‍ ഒന്നിച്ചുള്ള ഇടത് കാമ്പയിനുകളും സമരങ്ങളും ഉയര്‍ത്തിപ്പിടിക്കും / Photo: Manu Thejaswi

ഹിന്ദുത്വ കോര്‍പറേറ്റ് ഭരണക്രമത്തിനെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ അതിന്റെ കൂടെ തന്നെ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയും നവലിബറല്‍ നയങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടങ്ങള്‍ ആവശ്യമായുണ്ട്. ധാരണയിലെത്തിയ വിഷയങ്ങളില്‍ പാര്‍ലമെന്റിന് അകത്ത് മതനിരപേക്ഷ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഹകരണവും വര്‍ഗ്ഗീയ അജണ്ടക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളുടെയും വിശാല മുന്നേറ്റവും ഉറപ്പുവരുത്തും. ഓരോ പ്രശ്നങ്ങളുടെയും അടിസ്ഥാനത്തില്‍, പാര്‍ട്ടിയും ഇടതുപക്ഷവും സ്വതന്ത്രമായും മറ്റ് ജനാധിപത്യ ശക്തികളുടെ കൂടെച്ചേര്‍ന്നും, നവഉദാരവത്കരണത്തിനെതിരെയും ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കുമെതിരായ സര്‍വ്വാധിപത്യ കടന്നാക്രമങ്ങളെയും പൈശാചിക നിയമങ്ങള്‍ ഉപയോഗിച്ച് വിസമ്മതങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെയും പൊരുതും. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ ഏകോപനം സാധ്യമായിട്ടുണ്ട്. പക്ഷേ, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോലിബറല്‍ സാമ്പത്തിക നയങ്ങളോടുള്ള ഉറച്ച പ്രതിപത്തി തുടരുകയും ഹിന്ദുത്വയെ എതിരിടുന്ന സന്ദര്‍ഭങ്ങളില്‍ അവസരവാദപരമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയുമാണ് ചെയ്യുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ദൃഢനിശ്ചയത്തോടെ പോരാടുകയും വിട്ടുവീഴ്ചയില്ലാത്ത തരത്തില്‍ വര്‍ഗീയശക്തികളെ പ്രതിരോധിക്കുകയും ചെയ്യാതെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സാധിക്കില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അസ്ഥിരമാക്കാന്‍, ഒളിഞ്ഞും തെളിഞ്ഞും അവര്‍ സംഘപരിവാറുമായും ബി.ജെ.പിയുമായും സഖ്യത്തിലാകുന്നത് ഇതിനെ സാധൂകരിക്കുന്ന ഒന്നാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ കൂറുമാറുന്നത് സംഘപരിവാറിനെ എതിര്‍ക്കുന്ന ശക്തിയെന്ന നിലയില്‍ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഭരണഘടനക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധം കെട്ടിപ്പൊക്കുന്നതില്‍ ഞങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ മതനിരപേക്ഷ ശക്തികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഒത്തൊരുമിച്ചുള്ള വര്‍ഗ- ജനകീയ സമരങ്ങളിലൂടെ ഹിന്ദുത്വ കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരായ ഒരു അന്തരീക്ഷം ഞങ്ങള്‍ സൃഷ്ടിക്കും. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി കൂട്ടിച്ചേര്‍ക്കുന്നതിനായി തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് അനുയോജ്യമായ തെരഞ്ഞെടുപ്പ് നയതന്ത്രങ്ങള്‍ സ്വീകരിച്ച് ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തും.  

വിജൂ കൃഷ്​ണൻ

അഖിലേന്ത്യ കിസാന്‍ സഭ ജോ. സെക്രട്ടറി. സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗം. 

മനില സി. മോഹന്‍

ട്രൂകോപ്പി എഡിറ്റർ ഇന്‍ ചീഫ്