സമൂഹമാധ്യമങ്ങളും ജനാധിപത്യവും
ജയറാം ജനാർദ്ദനൻ
മീഡിയസിയില്‍ നിന്ന് ഇമ്മീഡിയസിയിലേക്ക്
അഥവാ, സാമൂഹിക മാധ്യമങ്ങളും ജനാധിപത്യവും തമ്മില്‍ എന്തുബന്ധം?
സാമൂഹിക മാധ്യമ കൂട്ടങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഗോത്ര സ്വഭാവം ഉണ്ടെന്നു പറയാം. ഈ ഗോത്രീയതയ്ക്ക് രാഷ്ട്രീയ വിമര്‍ശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നതാണ് വെല്ലുവിളി

മാധ്യമങ്ങളെക്കുറിച്ചുള്ള ഏതാണ്ടെല്ലാ ചര്‍ച്ചകളും ഇന്ന് സാമൂഹിക മാധ്യമങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രിൻറ് മീഡിയയുടെ വായനക്കാരുടെയും ടി.വി. വാര്‍ത്തകള്‍ കാണുന്നവരുടെയും എണ്ണം മാത്രം പരിഗണിച്ചുകൊണ്ടുള്ള നിരീക്ഷണമല്ല ഇത്. വാര്‍ത്തകള്‍ക്കായി പരമ്പരാഗത മാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ കുറഞ്ഞിട്ടൊന്നുമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രിൻറ് മാധ്യമങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയെ ഏറെ കൗതുകത്തോടെയാണ് ഈ മേഖലയിലെ വിദഗ്ധര്‍ നോക്കിക്കാണുന്നത്. അപ്പോള്‍ സര്‍ക്കുലേഷനെ മാത്രം അടിസ്ഥാനമാക്കിയുള്ള മാധ്യമ സ്വാധീനത്തെ കുറിച്ചുള്ള ആലോചനകള്‍ രീതിശാസ്ത്രപരമായി തന്നെ ശരിയാവുമെന്നു തോന്നുന്നില്ല. ഇനി പ്രിൻറ് മാധ്യമങ്ങളുടെ വായനക്കാരുടെ എണ്ണം മുകളിലേക്കോ താഴേക്കോ പോകുന്ന അവസ്ഥയിലായാല്‍ പോലും അവയിലെ വാര്‍ത്തകള്‍, വിഷയങ്ങള്‍, ചര്‍ച്ചകളുടെ സ്വഭാവം, ഭാഷ, സംവാദത്തിന്റെ ശൈലി തുടങ്ങി അതില്‍ പങ്കെടുക്കുന്ന ആളുകള്‍ ആരൊക്കെ എന്നിവയെല്ലാം ഒരു പരിധിവരെ സാമൂഹിക മാധ്യമ സ്വാധീനം നിഴലിക്കുന്നവയായി മാറി കഴിഞ്ഞിട്ടുണ്ട്. ഈ മാറ്റങ്ങളെ സാധ്യമാക്കുന്ന എന്തു പ്രത്യേകതയാണ് സാമൂഹികമാധ്യമങ്ങള്‍ക്കുള്ളത്?
ദേശരാഷ്ട്രത്തിന്റെ വളര്‍ച്ചയുടെയോ വിളര്‍ച്ചയുടെയോ ഏതുഘട്ടത്തിലാണ് സാറ്റലൈറ്റ് ടെലിവിഷനുകള്‍ സാധ്യമാകുന്നത്? മനുഷ്യ സമൂഹത്തിന്റെ പരിണാമത്തിന്റെ ഏതു ദശയിലാണ് സാമൂഹിക മാധ്യമങ്ങള്‍ സാധ്യമായത്?
ഏതുതരം പരിണാമങ്ങളിലാണ് സാമൂഹിക മാധ്യമങ്ങള്‍ കണ്ണുവെക്കുന്നത്?
സാമൂഹിക മാധ്യമങ്ങള്‍ക്ക്, മറ്റ് പരമ്പരാഗത മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമായി അപരിമിതമായ അളവില്‍ ആളുകളെ ഒരു സംഭാഷണത്തിന്റെ പരിധിക്കുള്ളിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നുണ്ട് എന്നതും, അതിന്റെ ഉടനടിയായുള്ള പ്രതികരണ സാധ്യതയും ചേര്‍ന്ന് പുതിയൊരു മാധ്യമ ശൈലി ഇവിടെ രൂപപ്പെട്ടുവരുന്നുണ്ട്. അതുവഴി ഏതൊരാള്‍ക്കും അയാളുടെ/അവളുടെ വ്യവഹാര ഭാഷയില്‍ തന്നെ ആശയവിനിമയ പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നു എന്നത് സാമൂഹിക മാധ്യമങ്ങളുടെ ഒരു പ്രധാന സ്വഭാവമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത് നമ്മുടെ സംവാദങ്ങളെ പരിഗണീയമായ അളവില്‍ ജനാധിപത്യവത്കരിക്കുകയും, മാധ്യമ ലോകത്തിന്റെയും മാധ്യമ വായനക്കാരുടേയും ഇടയില്‍ നിലനിന്നിരുന്ന ശ്രേണീബന്ധങ്ങളെ തകര്‍ക്കാന്‍ കാരണമാവുന്നു എന്നും പൊതുവില്‍ കരുതപ്പെട്ടുപോരുന്നു. ഇങ്ങനെ ഉള്ളടക്കത്തില്‍ ഇടപെടാനും, പ്രൊഫഷണല്‍ നിലവാരം നിശ്ചയിക്കാനുമുള്ള ശേഷിക്കുപുറമെ വായനക്കാരനുമേല്‍ മാധ്യമ സ്ഥാപനങ്ങളുടെ മോറല്‍ - എത്തിക്കല്‍ നിലവാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ സാമൂഹിക മാധ്യമങ്ങള്‍ അവയുടെ ഘടനയില്‍ തന്നെ ഉള്‍വഹിക്കുന്നുണ്ട് എന്നതും പലരും മേന്മയായി വിശേഷിപ്പിക്കാറുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഘടനയെയും ഓപ്പറേഷനെയും തീരുമാനിക്കുന്ന സാങ്കേതികവിദ്യയെയാണ് ഈ മാറ്റത്തിന്റെ കാരണമായി ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈയൊരു അവസ്ഥ സ്വാഭാവികമായ രീതിയില്‍ സംവാദങ്ങളുടെ ജനാധിപത്യ സ്വഭാവത്തെ വര്‍ധിപ്പിക്കുന്നുണ്ടോ എന്നത് പക്ഷെ സൂക്ഷ്മതലത്തില്‍ ആരായേണ്ട സംഗതിയാണ്.
മാധ്യമങ്ങളും അവ പ്രവര്‍ത്തിക്കുന്ന സമൂഹവും തമ്മിലുള്ള പാരസ്പര്യത്തെ മുന്‍നിര്‍ത്തി വേണം ഈ അന്വേഷണം തുടങ്ങാന്‍. എങ്ങനെയാണ് സമൂഹങ്ങള്‍, സമുദായങ്ങള്‍ സാധ്യമാകുന്നത്? ഓരോ തരം മാധ്യമങ്ങളും ഏതുതരം സമൂഹത്തെയാണ് വിഭാവനം ചെയ്യുന്നത്? എന്താണ് ആ സമൂഹത്തെയും ആ മാധ്യമങ്ങളെയും സാധ്യമാക്കുന്ന സമാനമായ ഘടനകള്‍? വാങ്മയ സമൂഹത്തില്‍ നിന്ന് ലിഖിത സമൂഹത്തിലേക്കുള്ള മാറ്റം മറ്റേതൊക്കെ തരം മാറ്റങ്ങളെയാണ് സാധ്യമാക്കിയത്, സുഗമമമാക്കിയത്? സമൂഹത്തിലെ ഏതൊക്കെ തരം മാറ്റങ്ങളുടെ തുടര്‍ച്ചയും ഇടര്‍ച്ചയും ആയിരുന്നു ആശയവിനിമയ ഉപാധിയിലെ മേല്‍ പറഞ്ഞ മാറ്റത്തെ സാധ്യമാക്കിയത്, സുഗമമമാക്കിയത്? ചരിത്രപരമായ ഇത്തരം ചോദ്യങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളുടെ സ്വഭാവ ഘടനയെ മനസ്സിലാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്.

ന്യൂസ് പേപ്പറുകളാണ് ദേശരാഷ്ട്രത്തെ സാധ്യമാക്കിയത് എന്ന് ബെനഡിക്ട് ആന്‍ഡേഴ്സണ്‍ പറയുന്നു. പ്രിൻറ് ചിതറിത്തെറിപ്പിച്ച സമൂഹത്തെ ടെലിവിഷന്‍ ചിതറിത്തെറിപ്പിച്ചു എന്ന് മാര്‍ഷല്‍ മക്ലൂഹന്‍ പറയുന്നു. അങ്ങനെയെങ്കില്‍ ദേശരാഷ്ട്രത്തിന്റെ വളര്‍ച്ചയുടെയോ വിളര്‍ച്ചയുടെയോ ഏതുഘട്ടത്തിലാണ് സാറ്റലൈറ്റ് ടെലിവിഷനുകള്‍ സാധ്യമാകുന്നത്? മനുഷ്യ സമൂഹത്തിന്റെ പരിണാമത്തിന്റെ ഏതു ദശയിലാണ് സാമൂഹിക മാധ്യമങ്ങള്‍ സാധ്യമായത്? മനുഷ്യ സമൂഹത്തിന്റെ / ഏതുതരം പരിണാമങ്ങളിലാണ് സാമൂഹിക മാധ്യമങ്ങള്‍ കണ്ണുവെക്കുന്നത്?
മുൻധാരണകളുടെ തടവിലുള്ള മനുഷ്യൻ
ചര്‍ച്ചകളെ, വ്യക്തികളെ, സന്ദര്‍ഭങ്ങളെ വിഷലിപ്തമാക്കാനുള്ള അപാര ശേഷിയാണ് സാമൂഹിക മാധ്യമങ്ങളെ നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ വിഷമകരമായ അനുഭവമാക്കി മാറ്റുന്നത്. ഈയൊരു അപാര ശേഷിയാണ് ലോകത്താകമാനം തന്നെ വലത് രാഷ്ട്രീയത്തിന്റെ പ്രിയപ്പെട്ട ആയുധമാക്കി സാമൂഹിക മാധ്യമങ്ങളെ മാറ്റുന്നതും അതില്‍ സ്വന്തം മേധാവിത്വം ഉറപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും. ഏതൊരു ചര്‍ച്ചയും മനുഷ്യവിരുദ്ധമാക്കി മാറ്റാന്‍ ട്രോള്‍ ആര്‍മികള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയ നമ്മുടെ ജനാധിപത്യ ഇടങ്ങളുടെ വികാസം ആണ് എന്ന വാദത്തെ പല വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നു കൊണ്ടുമാത്രം സ്വീകരിക്കാന്‍ കഴിയുന്ന വാദമാണ്.
കൂടുതല്‍ വിവരങ്ങള്‍, കൂടുതല്‍ അറിവുള്ള പൗരന്മാരെ സൃഷ്ടിക്കുമെന്നും കൂടുതല്‍ അറിവുള്ള പൗരന്മാര്‍ മെച്ചപ്പെട്ട ജനാധിപത്യത്തെ സൃഷ്ടിക്കുമെന്നാണ് പൊതുവില്‍ വിശ്വസിച്ചു പോന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ല എന്നാണ് ലിപ്മാന്‍ പറയുന്നത്
ഈ ഘട്ടത്തില്‍ നാം പരിഗണിക്കേണ്ട ഒരു ചോദ്യം ജനാധിപത്യവും മാധ്യമങ്ങളും തമ്മില്‍ സ്വാഭാവികമായ ഒരു പൊക്കിള്‍കൊടി ബന്ധം ഉണ്ടോ എന്നതാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്, അല്ലെങ്കില്‍ ജനാധിപത്യം ഉറപ്പുവരുത്തുന്നത് മാധ്യമങ്ങള്‍ ഉള്ളതുകൊണ്ടാണ് എന്നതൊക്കെ സാമാന്യമായ പ്രസ്താവനകള്‍ മാത്രമാണ്. ഇവ രണ്ടും തമ്മിലുള്ള ബന്ധം പലപ്പോഴും ചര്‍ച്ച ചെയ്ത് മാത്രം അംഗീകരിക്കാന്‍ കഴിയുന്ന സംഗതികള്‍ ആണെന്നത് അവഗണിക്കാന്‍ കഴിയില്ല. ഏറ്റവും ജനാധിപത്യപരമായ സമൂഹങ്ങളില്‍ പോലും സവിശേഷ ചരിത്ര സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ ഏതുരീതിയില്‍ പെരുമാറി എന്നത് പരിഗണിച്ചു കൊണ്ട് മാത്രം തീരുമാനിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതൊക്കെ. ജനാധിപത്യവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാലോചിക്കുമ്പോള്‍ ഇതേക്കുറിച്ചുള്ള ക്ലാസിക്കല്‍ ഡിബേറ്റായി പരിഗണിച്ചുപോരുന്ന വാള്‍ട്ടര്‍ ലിപ്മാന്‍- ജോണ്‍ ഡിവെ സംവാദത്തെ റി വിസിറ്റ് ചെയ്യുന്നത് ജനാധിപത്യവും മാധ്യമങ്ങളും അതിന്റെ തുടക്ക കാലത്ത് നേരിട്ട പ്രശ്‌നങ്ങള്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കാനും ആ ബന്ധം രൂപപ്പെട്ട സാഹചര്യത്തെ അടുത്തറിയാനും അതുവഴി പുതിയ സാഹചര്യങ്ങളെ കരുതലോടെ മനസ്സിലാക്കാനും സഹായിക്കും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലിപ്മാന്‍ ചോദിച്ച നേരെ ചൊവ്വേയുള്ള ചോദ്യം ഇതായിരുന്നു: പൗരന്മാര്‍ക്ക് പൊതുകാര്യങ്ങളെ കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് നേടാനും അതുവഴി എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള റീസണബില്‍ ആയ തിരഞ്ഞെടുപ്പ് നടത്താനും കഴിയുമോ? ഇല്ല എന്നായിരുന്നു ലിപ്മാന്റെ ഉത്തരം. ജനാധിപത്യം എന്താണ് എന്നതിനെ കുറിച്ചുള്ള നമ്മുടെ പറച്ചിലുകള്‍ക്കും മനുഷ്യര്‍ യഥാര്‍ഥത്തില്‍ എന്താണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ചുള്ള നമ്മുടെ അറിവിനും ഇടയില്‍ വലിയൊരു ഗ്യാപ് ഉണ്ടെന്നാണ് ലിപ്മാന്‍ പറയുന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് സഖ്യ കക്ഷികൾക്കു വേണ്ടി യുദ്ധത്തിന് അനുകൂലമായ സമ്മതം ഉണ്ടാക്കിയെടുക്കുന്നതിനു രൂപീകരിച്ച പബ്ലിക് ഇന്‍ഫര്‍മേഷന്‍ കമ്മറ്റിയിലെ അംഗമായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണ് ലിപ്മാന്‍ ഇത് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍, കൂടുതല്‍ അറിവുള്ള പൗരന്മാരെ സൃഷ്ടിക്കുമെന്നും കൂടുതല്‍ അറിവുള്ള പൗരന്മാര്‍ മെച്ചപ്പെട്ട ജനാധിപത്യത്തെ സൃഷ്ടിക്കുമെന്നാണ് പൊതുവില്‍ വിശ്വസിച്ചു പോന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ല എന്നാണ് ലിപ്മാന്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട പൗരസമൂഹത്ത സൃഷ്ടിക്കില്ല. ജനങ്ങള്‍ എത്ര ദുര്‍ബലരും എത്രയെളുപ്പത്തില്‍ പറ്റിക്കാന്‍ കഴിയുന്നവരുമാണെന്നു ഒന്നാം ലോക മഹായുദ്ധ കാലത്തെ പ്രോപഗണ്ട അനുഭവം ലിപ്മാനെ ബോധ്യപ്പെടുത്തി.
‘ലോകം നാം കാണുന്നതിനുമുമ്പുതന്നെ അതെക്കുറിച്ച് നമ്മോടു പറയപ്പെട്ടു. അനുഭവിക്കുന്നതിനു മുമ്പ് നാം കാര്യങ്ങളെ സങ്കല്‍പ്പിച്ചു. അങ്ങനെ മുന്‍ധാരണകളുടെ തടവുകാരായി നാം മാറി’.
മുന്‍ധാരണകളുടെ ഈ തടവില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുക പ്രയാസമാണെന്നാണ് ലിപ്മാന്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍, കൂടുതല്‍ ബഹളങ്ങളിലേക്കും കൂടുതല്‍ അജ്ഞതകളിലേക്കും നയിക്കും. കൂടുതല്‍ വിവരം കൈവശം ഉള്ളവര്‍ കൂടുതല്‍ പക്ഷപാതപരമായി പെരുമാറുന്ന് എന്നാണു അദ്ദേഹത്തിന്റെ പക്ഷം.

ഇതിനു കാരണമായി അദ്ദേഹം പറയുന്നത്, ജനാധിപത്യത്തെ അമേരിക്കയുടെ സ്ഥാപകര്‍ വിഭാവന ചെയ്തതില്‍ തന്നെ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നാണ്. 18ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ചെറിയ സമൂഹങ്ങളിലെ ആളുകള്‍ എങ്ങനെയാണോ പെരുമാറിയിരുന്നത്, അവിടങ്ങളില്‍ എങ്ങനെയാണോ തീരുമാനങ്ങള്‍ എടുത്തിരുന്നത് അതുപോലെ തന്നെ ആയിരിക്കും വ്യവസായ വിപ്ലവാനന്തര, ദേശരാഷ്ട്ര സമൂഹങ്ങളിലും ആളുകള്‍ പെരുമാറുക എന്നാണ് അവര്‍ കരുതിയത്. ചെറിയ സമൂഹങ്ങളില്‍ നമുക്ക് നേരിട്ടനുഭവങ്ങളുള്ള കാര്യങ്ങളില്‍ നമ്മളോട് അഭിപ്രായം ചോദിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. വലിയ സമൂഹങ്ങളിലോ, നമ്മുടെ നേരിട്ടുള്ള അനുഭവങ്ങള്‍ അല്ലാത്തതിലാണ് പലപ്പോഴും നമ്മുടെ അഭിപ്രായങ്ങള്‍ ചോദിക്കപ്പെടുന്നത്. ലിപ്മാന്റെ ചോദ്യം, പൊതുകാര്യങ്ങളെ കുറിച്ച് തീരുമാനങ്ങളെടുക്കാന്‍ മാത്രമുള്ള കഴിവ് സാധാരണ പൗരന് ഉണ്ടാകുമോ എന്നതല്ല, ബുദ്ധിപൂര്‍വം കാര്യങ്ങളെ തിരഞ്ഞെടുക്കാന്‍ കഴിയും വിധം സാധാരണ പൗരന് എപ്പോഴെങ്കിലും കാര്യങ്ങളെ പൂര്‍ണമായും അറിയാന്‍ കഴിയുമോ എന്നതാണ്? ലിപ്മാന്റെ ഉത്തരം ഇല്ല എന്നാണ്.
ജനാധിപത്യ ക്രമത്തില്‍ നാം നടത്തുന്ന തീരുമാനങ്ങള്‍ നമ്മുടെ നേരിട്ടുള്ള അനുഭവത്തെയോ കൃത്യമായ വിവരങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്, അനുഭവങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
നമ്മുടെ അനുഭവം മാധ്യമങ്ങളുടെ അനുഭവം
ചെറിയ സമൂഹങ്ങളില്‍ നാം നേരിട്ടനുഭവിച്ച കാര്യങ്ങളെ ഇപ്പോള്‍ നാം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ആദ്യത്തേത് നേരിട്ടുള്ള അനുഭവങ്ങളാണ് എങ്കില്‍ രണ്ടാമത്തേത് വാര്‍ത്തകളാണ്. വാര്‍ത്തകളും വസ്തുതകളും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. പക്ഷെ ആ വ്യത്യാസം ഇന്നില്ലാതായിക്കഴിഞ്ഞു. വസ്തുതാപരമായ, നേരിട്ടുള്ള അനുഭവങ്ങളില്‍ നിന്ന് ആളുകളെ വകഞ്ഞുമാറ്റപ്പെട്ടു. വ്യാജമായ പരിസ്ഥിതികളിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. നമ്മുടെ സ്വന്തം അനുഭവത്തെ, തൊട്ടടുത്ത അനുഭവത്തെ കുറിച്ചുപോലും മാധ്യമങ്ങളുടെ അനുഭവം വഴിയാണ് നാം അറിയുന്നത് എന്ന സ്ഥിതി വന്നു. ജനാധിപത്യ ക്രമത്തില്‍ നാം നടത്തുന്ന തീരുമാനങ്ങള്‍ നമ്മുടെ നേരിട്ടുള്ള അനുഭവത്തെയോ കൃത്യമായ വിവരങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്, അനുഭവങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ചിത്രങ്ങള്‍ നമുക്ക് കിട്ടുന്നതോ മാധ്യമങ്ങളില്‍ നിന്നും. മാധ്യമങ്ങള്‍ യഥാര്‍ഥ ചിത്രം നല്‍കുകയാണെങ്കില്‍, പൗരന്മാര്‍ക്ക് ജനാധിപത്യത്തില്‍ ഇടപെടാന്‍ ആവശ്യമായ യഥാര്‍ഥ വിവരങ്ങള്‍ ലഭിക്കുമെന്നും അതനുസരിച്ചു തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും കരുതാം. ഇത് സിദ്ധാന്തത്തിലെ ഉള്ളൂ, പ്രയോഗത്തില്‍ സംഭവിക്കുന്നില്ല.

നമ്മുടെ മാധ്യമ സാഹചര്യം ഇന്ന് വൈജ്ഞാനികപ്രദമല്ല. വേഗതയാണ് അതിന്റെ അടിസ്ഥാനം. മീഡിയസിയില്‍ നിന്ന് ഇമ്മീഡിയസിയിലേക്ക് അവ മാറിക്കഴിഞ്ഞു. അവിടെ ഏറ്റവും എളുപ്പമുള്ള, സുഖകരമായ ഒരു വിശദീകരണമാണ് ആവശ്യം. ആ വിശദീകരണത്തെ അടിസ്ഥാനമാക്കിയാണ് ആളുകള്‍ തീരുമാനമെടുക്കുന്നത്. പ്ലേറ്റോയുടെ ഗുഹയിലെ നിഴലുകള്‍ നോക്കി അതാണ് തങ്ങളുടെ യഥാര്‍ഥ രൂപം എന്ന് വിശ്വസിച്ചിരുന്ന മനുഷ്യരെ പോലെ, മാധ്യമങ്ങളിലെ വാര്‍ത്തകള്‍ നോക്കി ഇതാണ് യാഥാര്‍ഥ്യം എന്നുകരുതി, അതിനെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്ന ജനങ്ങള്‍.
പക്ഷെ, അതിന് ലിപ്മാന്റെ പരിഹാരം എക്‌സ്‌പെര്‍ട്ടുകള്‍ ആണ്. എല്ലാ വിഷയങ്ങളിലും എക്‌സ്‌പെര്‍ട്ടുകള്‍ കാര്യങ്ങള്‍ തീരുമാനിക്കുക, ജനങ്ങള്‍ അത് നോക്കി നില്‍ക്കുക. ഫലത്തില്‍ ഇത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കും. ഈ വിമര്‍ശനമാണ് ജോണ്‍ ഡിവെ ഉന്നയിച്ചത്. ജനങ്ങള്‍ക്ക് എക്‌സ്‌പെര്‍ട്ടുകളെ വിവരങ്ങള്‍ അറിയിക്കാന്‍ അവസരമില്ലാത്ത, എക്‌സ്‌പെര്‍ട്ടുകളാല്‍ നയിക്കപ്പെടുന്ന ഗവണ്‍മെന്റുകള്‍ അടിസ്ഥാനാപരമായി കുറഞ്ഞ ആളുകളുടെ താല്പര്യം അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആധിപത്യ സ്വഭാവമുള്ള ഗവണ്‍മെന്റുകള്‍ ആയിരിക്കും. വളരെ കോംപ്ലക്‌സ് ആയ ചോദ്യങ്ങളെ പൗരന്മാര്‍ക്കാണോ എക്‌സ്‌പെര്‍ട്ടുകള്‍ക്കാണോ ബോധോദയം വേണ്ടത് എന്ന ചോദ്യത്തിലേക്ക് ലിപ്മാന്‍ ചുരുക്കി എന്നും ഡിവെ പറഞ്ഞു. അതുവഴി ലിപ്മാന്‍ പൗരന്മാരെ വെറും കാഴ്ചക്കാരാക്കി മാറ്റി. പൊതുജനാഭിപ്രായം എന്നാല്‍ ഈ ലോകത്തെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കലാണ്, അങ്ങനെ കിട്ടില്ല എന്നത് കൊണ്ട് ജനങ്ങളെ അഭിപ്രായ രൂപീകരണ പ്രക്രിയയില്‍ നിന്ന് എക്കാലത്തേക്കുമായി തടഞ്ഞു നിര്‍ത്തുകയാണ് ലിപ്മാന്‍ ചെയ്യുന്നത്.
തികഞ്ഞ പരാജയമായിരുന്നിട്ടുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാര നിലവാരം ഇപ്പോഴും 60 ശതമാനത്തില്‍ അധികമായി നില്‍ക്കുന്നത്, മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അസത്യ പ്രചാരണത്തിലൂടെ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ മറയ്ക്കാന്‍ കഴിയും എന്നാണ് കാണിക്കുന്നത്
രാഷ്ട്രീയ ജ്ഞാനം ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് ലിപ്മാന്‍ വാദിച്ചു. അത് പൗരന്മാര്‍ക്കിടയിലെ സംഭാഷണങ്ങളിലൂടെ, സംവാദങ്ങളിലൂടെയാണ് രൂപപ്പെടുക. അഭിപ്രായ രൂപീകരണത്തില്‍ യാഥാര്‍ഥ്യം എന്നത് പൗരന്മാര്‍ കൂട്ടമായി നിര്‍മിക്കുന്ന ഒന്നാണ്. ഇത് നിഷേധിച്ചാല്‍ ജനാധിപത്യത്തെ നിഷേധിക്കുക എന്നാണ് അര്‍ഥം. അതാണ് യഥാര്‍ഥത്തില്‍ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ലിപ്മാന്‍ നിര്‍ദേശിച്ച എക്‌സ്‌പെര്‍ട്ടുകള്‍ ആയി മാധ്യമങ്ങള്‍ മാറി എന്നതാണ് രസകരമായ വിധിവൈപരീത്യം. മാധ്യമങ്ങള്‍ - സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ - ചെയ്യുന്നത് വ്യക്തികളെയും സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങളും അതിന്റെ പലതരത്തിലുള്ള അപഗ്രഥനവും വ്യാഖ്യാനവും ആണ്. ഇതിന്റെ വ്യക്തിപരമോ സാമൂഹികമോ ആയ ഉപയുക്തത എത്രത്തോളമാണ്? ഇവ കൂടുതല്‍ മെച്ചപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍, നമ്മുടെ സാമൂഹിക മനോഭാവങ്ങളില്‍ മാറ്റം ഉണ്ടാക്കാന്‍ സഹായിക്കുന്നുണ്ടോ? ഇതിനൊന്നും നേരെയുള്ള ഒറ്റ ഉത്തരം സാധ്യമല്ല. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് നിരന്തരമായി അര്‍ദ്ധസത്യങ്ങളോ നുണകള്‍ തന്നെയോ പ്രചരിപ്പിച്ച് കപടമായ ഒരു പ്രതീതി യാഥാര്‍ത്ഥ്യം നിര്‍മിച്ചെടുക്കാന്‍ സാധിക്കും. കഴിഞ്ഞ ആറു വര്‍ഷമായി തികഞ്ഞ പരാജയമായിരുന്നിട്ടു പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാര നിലവാരം ഇപ്പോഴും 60 ശതമാനത്തില്‍ അധികമായി നില്‍ക്കുന്നത് വ്യക്തമാക്കുന്നത് മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നിലക്കാത്ത അസത്യ പ്രചാരണത്തിലൂടെ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ മറയ്ക്കാന്‍ കഴിയും എന്നു തന്നെയാണ്.

വലതുപക്ഷവൽക്കരണം
കോടിക്കണക്കിന് മനുഷ്യര്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ക്ക് പൊതു സ്വഭാവം കണ്ടെത്താന്‍ ശ്രമിക്കുന്നത് പ്രയാസമുള്ള കാര്യമാവും. എന്നിരുന്നാലും അവയുടെ വ്യക്തിപരത എന്ന പ്രാഥമിക സ്വഭാവം എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ്. വ്യക്തികള്‍ അവരുടെ അനുഭവങ്ങള്‍ എഴുതുക, അവര്‍ക്ക് പരിചിതമായ സംഭവങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ എഴുതുക എന്നിങ്ങനെ അതിനെ വിപുലീകരിക്കാവുന്നതാണ്. ഇത്തരം എഴുത്തുകളുടെ വ്യക്തിപരമായ സ്വഭാവം ഒരേ സമയം അതിനെ ആകര്‍ഷകമാക്കുകയും എന്നാല്‍ അതിലൂടെ രൂപപ്പെടുത്തുന്ന സാമാന്യവത്കരണങ്ങള്‍ വലിയ പ്രയാസങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു എന്നത് കാണാതിരുന്നുകൂടാ. വ്യക്തിപരമായ എഴുത്തുകളോട് അതെഴുതുന്ന ആളുകള്‍ക്ക് തീവ്രമായ ആത്മബന്ധം ഉണ്ട്. ഈ വ്യക്തിപരത മിക്കപ്പോഴും ഒരു സംവാദം ജനാധിപത്യപരമായി വികസിക്കുന്നതിന് തടസമാണ്. സ്ത്രീ പ്രശ്‌നം, സംവരണം, ജാതി, സ്വത്വ രാഷ്ട്രീയം, പരിസ്ഥിതി എന്നിങ്ങനെയുള്ള പല വിഷയങ്ങളിലെയും ചര്‍ച്ചകള്‍ നോക്കിയാല്‍ ഇത് വ്യക്തമാകും. പുതിയ കാല രാഷ്ട്രീയം മുന്നോട്ട് വെച്ച പ്രമേയങ്ങള്‍ എന്ന നിലയില്‍ ഇവയോരോന്നും അതിന്റെതായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ ചര്‍ച്ചകളുടെ പൊതു സ്വഭാവം വളരെ കര്‍ശനമായ, ഏതെങ്കിലും വിധത്തിലുള്ള പുനഃപരിശോധനകള്‍ അസാധ്യമാക്കുന്ന നിലപാടുകളാണ് മിക്കവാറും സ്വീകരിക്കപ്പെടുക എന്നതാണ്. ഏതര്‍ത്ഥത്തിലാണ് ഈ ചര്‍ച്ചകള്‍ ജനാധിപത്യ സംസ്‌കാരത്തിന്റെ വിപുലീകരണമാകുന്നത് എന്ന് വ്യക്തമല്ല.

പുതിയ രാഷ്ട്രീയ പ്രമേയങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച്, പ്രവര്‍ത്തിക്കാന്‍ വേണ്ട വലിയൊരു ഇടം രൂപപ്പെടുത്തുക എന്നത് ആവശ്യമാണ്. സാമൂഹിക മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന എക്കോ ചേമ്പര്‍ ഇക്കാര്യത്തില്‍ വലിയ സാധ്യതകളൊന്നും തന്നെ മുന്നോട്ടുവെക്കുന്നില്ല. സാമൂഹിക മാധ്യമ കൂട്ടങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഗോത്ര സ്വഭാവം ഉണ്ടെന്നു പറയാം. ഈ ഗോത്രീയതയ്ക്ക് രാഷ്ട്രീയ വിമര്‍ശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നതാണ് വെല്ലുവിളി. സൂക്ഷ്മ രാഷ്ട്രീയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പുതിയൊരു ഭാഷ ആവശ്യമാണ്. അതിലൂടെ മാത്രമേ അത്തരം രാഷ്ട്രീയം വിനിമയം ചെയ്യാന്‍ സാധിക്കൂ. അതിനുപകരം വലത് രാഷ്ട്രീയ ബോധ്യങ്ങള്‍ പൊതുബോധത്തില്‍ പൊതിഞ്ഞു കെട്ടി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നവര്‍ സംവാദ രാഷ്ട്രീയ സാധ്യതകളെ റദ്ദ് ചെയ്യുകയാണ്. മാധ്യമങ്ങളുടെ ഈ ഈ വലതുപക്ഷവത്ക്കരണം പുരോഗമന രാഷ്ട്രീയത്തിന് വലിയ ബാധ്യതയാണ് വരുത്തി വെയ്ക്കുന്നത്. ഇത്തരം ഇടപെടലുകള്‍ കൊണ്ടാണ് മുസ്ലിം ഫോബിയ പ്രചരിപ്പിക്കുന്നത് സാമൂഹിക വിമര്‍ശനമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്. ഇതിലൂടെ സാമൂഹിക പ്രക്രീയകള്‍ എന്നത് വിവിധ സമുദായങ്ങള്‍ തമ്മിലുള്ള വെല്ലുവിളികളും രഹസ്യ ഇടപാടുകളുമായി മനസിലാക്കപ്പെടും. ഒരു വിഷയത്തിലും സവിശേഷ ജ്ഞാനം ആവശ്യമില്ലാത്ത വിധത്തില്‍ സാമാന്യ ബോധങ്ങള്‍ എല്ലാ ചര്‍ച്ചകളിലും അവസാന വാക്കായി മാറും. ഒരു വിഷയത്തിലും സവിശേഷ ജ്ഞാനം ആവശ്യമില്ലാത്തവര്‍, മാധ്യമങ്ങളുടെ സഹായത്തോടെ എല്ലാ മേഖലകളിലും സാവിശേഷ ജ്ഞാനം ഉള്ളവരായി മാറുകയും ചെയ്യും.
മാറിക്കഴിഞ്ഞ ജനാധിപത്യത്തെ, മാധ്യമങ്ങളെ കുറിച്ചുള്ള ഇപ്പോഴും മാറാത്ത, കാല്പനികമായ ആലോചനകള്‍ കൊണ്ട് നേരിടുക അസാധ്യമാണ്. ആ അസാധ്യതയാണ് സാമൂഹിക മാധ്യമങ്ങളിലെ സംവാദങ്ങളെ സാധ്യമാക്കുന്നത്.
മറ്റൊരര്‍ഥത്തില്‍, മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനമല്ല ഇന്നത്തെ ജനാധിപത്യം. അത് മനസ്സിലാക്കുക എന്നതാണ് സാമൂഹിക മാധ്യമങ്ങളെയും ജനാധിപത്യത്തെയും കുറിച്ചുള്ള ആലോചനയില്‍ പ്രാഥമികമായും വരേണ്ട കാര്യം. മാറിക്കഴിഞ്ഞ ജനാധിപത്യത്തെ, മാധ്യമങ്ങളെ കുറിച്ചുള്ള ഇപ്പോഴും മാറാത്ത, കാല്പനികമായ ആലോചനകള്‍ കൊണ്ട് നേരിടുക അസാധ്യമാണ്. ആ അസാധ്യതയാണ് സാമൂഹിക മാധ്യമങ്ങളിലെ സംവാദങ്ങളെ സാധ്യമാക്കുന്നത്. മറ്റൊരര്‍ഥത്തില്‍ സംവാദങ്ങളെ സാധ്യമാക്കുക/ സാധ്യമാക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുക എന്നതിലപ്പുറം മറ്റൊന്നും തന്നെ സാമൂഹിക മാധ്യമത്തിന്റെ ലക്ഷ്യമോ മാര്‍ഗ്ഗമോ അല്ല. അതിനെ പിടിച്ചു ജനാധിപത്യത്തെ ബാധിച്ച രോഗത്തെ മെച്ചപ്പെടുത്താനും കഴിയില്ല. കാരണം ഇത് ആ രോഗത്തിനുള്ള മരുന്നല്ല. രോഗത്തിന്റെ ലക്ഷണമാണ്. ▮