Sunday, 25 September 2022

ഡിറ്റക്​ടീവ്​ നോവൽ


Text Formatted
ജുഗ്-ഇം-(മരണം)---Jug-im-Maranam-Story-Title
Image Full Width
Image Caption
ചിത്രീകരണം : രാജേഷ് ചിറപ്പാട്.
Text Formatted

നാല്

തിനൊന്നു പേര്‍  അണി  നിരക്കുന്ന കൂറ്റന്‍ പോസ്റ്ററുകള്‍ വഴിയരികില്‍ ഉയര്‍ന്നു.
മഞ്ഞ ജേഴ്‌സിക്കാരാണ്  ഭൂരിപക്ഷവും. കൂടെ കിടപിടിക്കുവാന്‍ അങ്ങിങ്ങായി  വെള്ള ജേഴ്‌സിക്കാരും ഉണ്ട്.
മെസ്സിയുടെയും നയ്മറിന്റെയും ജേഴ്‌സികളിട്ട് മൈദാനത്തു കളിക്കുന്ന കുട്ടികള്‍. അതവര്‍ക്ക് എന്തോ ഒരു പുതിയ ഊര്‍ജ്ജം നല്‍കുന്നത് പോലെ. അവരുടെ രീതികളും ശൈലികളും അനുകരിക്കുന്നവര്‍ ധാരാളം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നവരാണ്   മലയാളികളില്‍  അധിക പേരും. വാഗ്വാദങ്ങളും പന്തയങ്ങളും മുറയ്ക്കു നടക്കുന്നു. ചായക്കടകളിലും ഹോട്ടലുകളിലും  ടെലിവിഷനുകള്‍ വെച്ച് തുടങ്ങി. ചിലത് പുതിയത്. മറ്റു ചിലത് വാടകയ്ക്ക്. അവര്‍ക്കിത് കൊയ്ത്തിന്റെ കാലമാണ്. കൂട്ടത്തോടെ ഫുട്‌ബോള്‍ കാണുക പണ്ടേ ആളുകള്‍ക്കു ഒരാവേശമാണ്.
ശീതീകരിച്ച മുറിയില്‍ ഒറ്റക്കിരുന്നു ഫുട്‌ബോള്‍ ആസ്വദിക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും ആസ്വാദ്യകരം  അതാണ്. ആവേശം മുറുകുമ്പോള്‍ കിട്ടുന്ന ചായയുടേയും  ചൂട് പരിപ്പ് വടയുടേയും  രുചി ഒന്ന്  വേറെ തന്നെയാണ്. സൗത്ത് അഫ്രിക്കയില്‍ നടക്കുന്ന ഈ  കാല്‍ പന്ത് കളിക്ക് ഇവിടെ എന്തിനാണ്  ആളുകള്‍ കയറു പൊട്ടിക്കുന്നതെന്നു മനസ്സിലാകാത്ത ഭാര്യമാരും അമ്മമാരും കുറവല്ല. ഇതൊന്നും അറിയാതെ തങ്ങളുടെ മാത്രം മായാ ലോകത്ത് ജീവിക്കുന്നവരും ധാരാളം. മലപ്പുറം ജില്ലയില്‍ സ്ഥിതി  ചെയ്യുന്ന കോട്ടക്കലിന്റെയും അവസ്ഥ മറ്റൊന്നല്ല. കൂട്ടായ്മകളുടെയും കൂട്ട് കെട്ടു കളുടെയും കഥ പറയാനുണ്ട് ഇവിടുത്തെ കാല്‍ പന്ത് കളികള്‍ക്ക്. ഇവിടുത്തുകാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്  കാല്‍ പന്ത് കളി. ഫുട്‌ബോളിന്റെ പ്രത്യേക താളം ഇവിടുത്തേ ഓരോ കുട്ടിക്കുമുണ്ട്.

ഒരു കാലത്ത്​ "വെങ്കിട്ട കോട്ട' എന്നറിയപ്പെട്ടിരുന്ന ഈ ദേശം മദ്യകാലീന സമയത്ത്,  കൃത്യമായി പറഞ്ഞാല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ   വള്ളുവനാട് രാജ്യത്തിന്റെ സൈനിക  താവളമായിരുന്നു. പണ്ട് കാലത്ത് സാമൂതിരി  രാജാവിന്റെ  നെടിയിരിപ്പ്  സ്വരൂപത്തില്‍ ഒരു കാലത്ത് ജന്മി നാടുവഴി സമ്പ്രദായത്തിനു പേരു  കേട്ട നാടിപ്പോള്‍ വിവിധ  മതസ്ഥരുടെ ആരാധനാലയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പ്രായ മത ഭേതമില്ലാതെ മൈതാനത്തു ഒത്തുകൂടി ഇവര്‍ കാല്‍ പന്ത് കളി ഒരു ആഘോഷമാക്കുന്നു. ഒന്നിന് പുറകെ മറ്റൊന്നായി നഗരത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെ കുറിച്ചു എല്ലാവരും ഏറെ കുറേ  മറന്ന  മട്ടാണ്.  മാഷിന്റെയും ടീച്ചറുടേയും മരണം ദുരൂഹതകളുടെ മറ നീങ്ങാതെ  തന്നെ കിടന്നു. പോലീസ് അന്വേഷണങ്ങള്‍ അതിന്റെ മുറയ്ക്ക്  നടന്നു. മാതാപിതാക്കളെ അറിയാത്ത മകനുവേണ്ടി ഇനി  ഹോസ്പിറ്റലില്‍ കയറി ഇറങ്ങേണ്ട എന്ന ആശ്വാസമുണ്ടെങ്കിലും പത്തു പതിനേഴു വര്‍ഷം വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മകന് തിരിച്ചറിയാതെ പോയതെന്താണെന്ന് മാത്രം  അഹദിന് മനസ്സിലായില്ല. ഒന്നുകില്‍ അവനു ആ ഷോക്കില്‍ ഓര്‍മ്മ നഷ്ടപ്പെട്ടു കാണണം. അതില്‍ നിന്നും ഫാസില്‍  രക്ഷപ്പെട്ടാലേ ശരിയായ രോഗനിര്‍ണ്ണയത്തിലെത്താന്‍ പറ്റൂ   എന്നാണ്  ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ഇങ്ങനെ സെലക്റ്റീവ് അംനീഷ്യ വരാന്‍ സാധ്യത ഇല്ലെന്നു അവര്‍ ഉറപ്പിച്ചു പറയുന്നു. കൂടാതെ മയക്കു മരുന്നുകളുടെ വിത്ഡ്രോവല്‍ സിംപ്റ്റംസും തരണം ചെയ്യണം. അല്ലെങ്കില്‍ അവന്‍ കളിക്കുകയാണ്. ഒന്നുമറിയാത്തത് പോലെ. ഒരു പക്ഷേ, തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍  നിന്നും രക്ഷപ്പെടാന്‍. അങ്ങനെ ആണെങ്കില്‍... ആ പയ്യന് ഇതിലുള്ള പങ്കു അന്വേഷിക്കേണ്ടി വരുക തന്നെ ചെയ്യും.

സമയം 9:30. അഹദ് ഓഫീസിലെത്തിയപ്പോഴേക്കും സുഹാനയും ദീപക്കും അന്വേഷണത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അത് സുഹാനയുടെ പദ്ധതിയുടെ ഭാഗമായിരുന്നു. ദിശാബോധമില്ലാതെ ഡീറ്റെക്ടിവ് ഏജന്‍സി നടന്നുപോയിരുന്ന സമയത്ത് സുഹാന കൊണ്ട് വന്ന ചില പരിഷ്‌കാരങ്ങളില്‍ ഒന്ന്- രാവിലെ ഓഫീസില്‍ എത്തിയാല്‍ ഉടനെ നിലനില്‍ക്കുന്ന കേസുകളുടെ ഇത് വരെ എത്തിയ നിഗമനങ്ങളെ  കുറിച്ചു  ഒരു ചര്‍ച്ച , അതിനു ശേഷം അന്നു  ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളുടെ ഒരു പ്ലാന്‍. 

ഈ സീരിയല്‍ കൊലപാതകങ്ങളുടെ അന്വേഷണങ്ങളെ   ഞങ്ങള്‍ 
"ഓപ്പറേഷന്‍ ഡയറി' എന്ന് വിളിക്കാന്‍ തീരുമാനിച്ചു; അഹദിനെക്കണ്ടതും സുഹാന അഭിമാനപൂര്‍വ്വം  അറിയിച്ചു. ഒരാഴ്ചക്കാലമായി ഡയറി എന്ന വസ്തുവിന് ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന കേസിന്​ അതിനേക്കാള്‍ അനുയോജ്യമായ  മറ്റൊരു പേരില്ലെന്നു അഹദിനും തോന്നി. പക്ഷേ,  ചിലര്‍ പറയുന്നത് പോലെ, "പേരിലെന്തിരിക്കുന്നു?' ഇത്രെയും ദിവസങ്ങളായിട്ടും  കാര്യങ്ങള്‍ കരയ്ക്കടുക്കുന്ന ലക്ഷണമില്ല. കൃത്യം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്നു വെച്ചാല്‍ സ്ഥലം സി. ഐ മുടക്കു പറയും. ഒരു പ്രൈവറ്റ് ഡിക്ടക്റ്റീവ് ഏജന്‍സി കേസില്‍ തലയിടുന്നത് അങ്ങേര്‍ക്കു ഒട്ടും ഇഷ്ടപെട്ടില്ലെന്നു തോന്നുന്നു. പറഞ്ഞിട്ട് കാര്യമില്ല. അയാളുടെ സ്ഥാനത്തു  താനായിരുന്നെങ്കിലും അങ്ങനെ ചെയ്യാനേ  സാധ്യത ഉള്ളു എന്ന് അഹദിനറിയാം.

Muhsina

അടുക്കും ചിട്ടയോടും കൂടി മരുന്നുകള്‍ വെച്ച അലമാരകളുടെ പശ്ചാത്തലത്തില്‍ സ്റ്റെതെസ്‌കോപ്പും  കഴുത്തില്‍ തൂക്കി   തിരിയുന്ന ഓഫീസ് കസേരയില്‍ ഇരിക്കേണ്ട താന്‍  ഫയലുകളും ഫോട്ടോകളും ചിതറിക്കിടക്കുന്ന ഈ മുറിയില്‍ വന്നിരിക്കേണ്ട ആവശ്യം ഉണ്ടോ എന്ന ചോദ്യം  അഹദ് ഒരു പാട് തവണ മനസ്സിലിട്ടു അമ്മാനമാടിയതാണ്. അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ പോലും ഒരു പക്ഷെ,  താന്‍ കേസന്വേഷണത്തിലേക്കു  തിരിഞ്ഞേനെ എന്ന വസ്തുത അഹദിന് അറിയാവുന്നതാണ്. അത്രയ്ക്കാണ്  അഹദിന് കുറ്റാന്വേഷണത്തോടുള്ള അഭിനിവേഷം. കുറ്റവാളിയെ ചോദ്യം ചെയ്യാനുള്ള, ക്യാമെറകളും റെക്കോര്‍ഡിങ് ഉപകരണങ്ങളും പിടിപ്പിച്ച പ്രത്യേക മുറികളോ മറ്റു സ്വകാര്യങ്ങളോ ഇല്ലാതെ ഒരു ഏജന്‍സി നടത്തിക്കൊണ്ട് പോകുന്നതില്‍ അഹദിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വിയോജിപ്പ്  ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ കേസ് തെളിഞ്ഞതോടെ എതിര്‍പ്പുകള്‍ വഴി മാറി. പ്രശസ്തിയുടെ മുന്നില്‍ അടിയറിവ് പറയാത്തതായി ആരുമില്ല. എന്നാല്‍ പണത്തിനും  പ്രശസ്തിക്കും എപ്പോഴും തുല്യത കല്പിക്കുവാന്‍ പറ്റില്ല എന്നത് സത്യം തന്നെ. ഫോട്ടോ എടുക്കാന്‍ വരുന്ന ഫോട്ടോഗ്രാഫര്‍മരോ ഫീച്ചറുകള്‍ ചെയ്യാന്‍  വരുന്ന ജേര്‍ണയലിസ്റ്റുകളോ അതൊന്നുമന്വേഷിക്കാറില്ല. അതിനാല്‍, പൊട്ടിപ്പൊളിഞ്ഞ മതിലുകള്‍ക്കുള്ളില്‍ അഹദും  സുഹൃത്തുക്കളും വിധിയെ തിരുത്തി എഴുതാന്‍  ആഗ്രഹിക്കുന്നു. അതിനായി രാപ്പകല്‍  ശ്രമിക്കുന്നു.

""ഡെന്റിസ്റ്റ് നിപുണ്‍,  പിസ്സ ഡെലിവറി ബോയ് വിക്കി,  ആര്‍ക്കിറ്റക്ട്  ഗംഗ,  അധ്യാപകരായ  മൊയ്ദീന്‍ മാഷും ഖദീജ ടീച്ചറും. ഇവിരില്‍ ആരില്‍ നിന്നും തുടങ്ങണം നമ്മുടെ അന്വേഷണം?'' സുഹാന ചോദ്യമുന്നയിച്ചു, ചിന്താകുലയായി.  "" ഐ തിങ്ക് വീ മസ്റ്റ് സ്റ്റാര്‍ട്ട് ഫ്രം ദീ ഫസ്റ്റ് വിക്ടിം'' കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും കണ്ണെടുക്കാതെ ദീപക് അഭിപ്രായപ്പെട്ടു.
""അതില്‍ കാര്യണ്ട്. നിപുണിന്റെ കാര്യത്തില്‍ നമുക്കിനിയും അറിയാത്ത ഒരു പാട് കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് എന്റെ മനസ്സ് പറയുന്നു,’’ അഹദ് ദീപകിനെ പിന്തുണച്ചു.
""ഇവരെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന  ഡയറിയില്‍ നിന്നു തുടങ്ങിയാലെന്താ?’’ 
""അതും  ഞാനും ആലോചിച്ചതാണ്. എന്നാല്‍, നിപുണിന്റെ കാര്യത്തില്‍ അങ്ങനൊരു ഡയറി കണ്ടെത്താന്‍ നമുക്കായിട്ടില്ല. അയാളുടെ ഭാര്യയുടെ മൊഴിയില്‍ നിന്നും അത് വ്യക്തമാണെങ്കില്‍ പോലും. പോലീസ് അന്വേഷണങ്ങളുടെ ഫയലുകളിലോ തെളിവുകളിലോ അവ സ്ഥാനം പിടിച്ചിട്ടില്ല. അതെങ്ങനെ അപ്രത്യക്ഷമായി? നിപുണ്‍  തന്നെ ഒളിപ്പിച്ചതാണോ? എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.''
""അതെളുപ്പമല്ലേ? അയാളുടെ വീടും ക്ലിനിക്കും പരിശോധിച്ചാല്‍ പോരെ?''
""അതെല്ലാം  പോലീസ് ഇതിനോടകം തന്നെ പരിശോധിച്ചിട്ടുണ്ടാകില്ലേ?’’  അഹദ് ഫയലുകളുടെ ഫോട്ടോസ്റ്റാറുകള്‍ക്കായി തൊട്ടടുത്തിട്ട മേശയ്ക്ക് മുകളില്‍ തിരച്ചില്‍ തുടങ്ങി.
""അങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റില്ല. പോലീസ് സംശയാസ്പതമായ സാധനങ്ങള്‍ മാത്രമല്ലേ ശേഖരിക്കൂ?'' സുഹാന ഒരുറപ്പിനായി  അഹദിനെ നോക്കി.
""ഒരു ഡയറി ഒരിക്കലും വിട്ടു കളയാന്‍ വകയില്ല. പ്രത്യേകിച്ച് ഇങ്ങനെ ഒരു ദുരൂഹ മരണത്തില്‍.''
""ദീപക്,  നിപുണിനെക്കുറിച്ചു നീ ഗൂഗിള്‍ ചെയ്‌തോ? അയാളുടെ കോളേജ്, സുഹൃത്തുക്കള്‍,  മാതാപിതാക്കള്‍ എന്നീ വിവരങ്ങള്‍ കൂടി ശേഖരിക്കണം. നമുക്കെന്നാല്‍ ഡോക്ടറില്‍ നിന്നു തന്നെ തുടങ്ങാം,'’ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അഹദ് പറഞ്ഞു.
അത് ശരിയാണ്. ഒരു വിരല്‍ തുമ്പു ചലിപ്പിച്ചാല്‍ കിട്ടുന്ന വിവരങ്ങള്‍ ചില്ലറയല്ല. ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ ഇഷ്ടമുള്ള വിനോദങ്ങള്‍ വരെ നൂതന വലയില്‍ ഒളിച്ചിരിപ്പുണ്ടാകും. അത് എവിടെയാണ്  തിരയേണ്ടത് എന്ന് നല്ല ബോധ്യമുണ്ടാകണം എന്ന് മാത്രം.

ജിജ്ഞാസയോടെ, അഹദും സുഹാനയും ദീപകിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക് കണ്ണും നട്ടിരുന്നു. പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്തു മൂവര്‍ക്കും കമ്പ്യൂട്ടര്‍ ഒരത്ഭുതം തന്നെ ആയിരുന്നു. കമ്പ്യൂട്ടര്‍  ക്ലാസ്സുകളില്‍ വിട്ടു മാറാത്ത കൗതുകത്തോടെ അവര്‍ ടീച്ചര്‍ പറയുന്നത് കാതോര്‍ക്കും,  വീണു കിട്ടുന്ന  ഇടവേളകളില്‍ കമ്പ്യൂട്ടറില്‍ ഗെയിം വെച്ച് തരാന്‍ ടീച്ചരോട് കെഞ്ചും. വീട്ടിലെത്തിയാല്‍ അനിയനോടോ അനിയത്തിയോടോ താനിന്നു  കമ്പ്യൂട്ടര്‍ ഉപയോഗിച്ച വിശേഷങ്ങള്‍ പങ്കു വെക്കും. കാലം മാറി,  കോലവും. ഇന്നിപ്പോള്‍ എല്ലാ വീട്ടിലും ലാപ്‌ടോപ് ആയി,  ഇന്റെര്‍നെറ്റ് ആയി,  രണ്ടും മൂന്നും മൊബൈല്‍  ഫോണുകളായി. സ്‌ക്രീന്‍ ഒന്ന് കാണാന്‍ കൊതിച്ചവരും സ്‌ക്രീന്‍ ടൈം കുറക്കാന്‍ പാട് പെടുന്നു. അതിവേഗത്തില്‍ കീ ബോര്‍ഡിന്റെ നാനാ  ഭാഗത്തും ഓടിയെത്തുന്ന  ദീപക്കിന്റെ  കൈകള്‍ക്ക് നിപുണ്‍  രാജീവിനെക്കുറിച്ച് അന്വേഷിച്ചു കണ്ടെത്തുവാന്‍ പരമാവധി മൂന്നു മിനിറ്റ് എടുത്തിട്ടുണ്ടാകും. ആദ്യം ഒരു ആക്ടര്‍ നിപുണിന്റെ പേരാണ്   പ്രത്യക്ഷമായത്. അയാളുടെ വിവിധ പോസിലുള്ള ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ കൂടാതെ അയാളുമായി അടുത്തിടെ നടന്ന ഇന്റെര്‍വ്യൂകളുടെ വിശദാംശങ്ങളും. മൂന്നാല് പോസ്റ്റുകള്‍ക്കടിയിലായി,
Enamel pearl-the window to dentistry 
നിപുണ്‍  രാജീവ്,  passed out from Govt dental college, Mumbai had secured the gold medal in the final exams conducted during the year.
""ഇതല്ലേ നമ്മുടെ കക്ഷി? വല്യ പുള്ളി ആണല്ലോ? ഗോള്‍ഡ് മെഡല്‍ എല്ലാം കിട്ടിയിട്ടുണ്ട്. ഇതെന്ത് ബ്ലോഗ് ആണ്?''
""അക്കാഡമിക് ബ്ലോഗ് ആണെന്നു തോന്നുന്നു,’’  സുഹാനയുടെ അഭിപ്രായം തന്നെ ആയിരുന്നു അഹദിനും.
""തീര്‍ന്നിട്ടില്ല.'' 
Nipun Rajeev, the chairman of Govt dental college, Mumbai during the year 2004 delivers a speech on the minority dental students in the college.
ദീപക്കിന്റെ കൈ വിരലുകള്‍ താളത്തില്‍ ചലിച്ചു. മറ്റൊരു തലക്കെട്ടിനു മുമ്പില്‍ പോയന്റ് ചെയ്തു നിന്നു.
The Indian Dental Association President Mr. Veer Das inaugurated the new mobile dental clinic of the government dental college, Mumbai. The college principal presided the function. Nipun Rajeev delivered the felicitation.
മനുഷ്യന്‍ ഒന്നു രണ്ട് മണിക്കൂര്‍ കൊണ്ട് ചെയ്യുന്ന ജോലി ഈ ഇന്റെര്‍നെറ്റ് നിമിശങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ചു തരും,  അത് എന്തിനെക്കുറിച്ചാണെങ്കിലും, ലോകത്തിന്റെ ഏത് കോണിലാണെങ്കിലും!
""കൊള്ളാമല്ലോ. ഇവന്റെ കോളേജ് ഹിസ്റ്ററി. ആ ബ്ലോഗൊന്നു തുറന്നു നോക്കിയാലോ? ''
രണ്ടു ക്ലിക്കില്‍ ഇങ്ങനെ തെളിഞ്ഞു, Enamel pearls-a window to dentistry

ക്ലീന്‍ ഷേവ് ചെയ്ത മെലിഞ്ഞ ഒരു പയ്യന്റെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആയി സെറ്റ് ചെയ്തിരുന്നു. സൂക്ഷ്മ പരിശോധനയില്‍ മാത്രമേ നെറ്റിയുടെ അറ്റത്തുള്ള മറുക് ശരിക്ക് കാണുവാന്‍ സാധിക്കുകയുള്ളു. 
""കോളേജില്‍ പഠിക്കുമ്പോഴെങ്ങാനും എടുത്ത  ഫോട്ടോ ആകും. എന്തൊരു വ്യത്യാസം,’’  ദീപക് മൂക്കത്തു കൈ വെച്ച് പോയി.
ശേഷം, വിവിധ യൂണിവേഴ്‌സിറ്റികളുടെ പരീക്ഷ പേപ്പറുകള്‍ സോള്‍വ് ചെയ്തു പോസ്റ്റ് ചെയ്തിരിക്കുന്നു, കുറച്ചു കഴിഞ്ഞുള്ള പോസ്റ്റുകളില്‍ ഡെന്റെല്‍ പി. ജി പേപ്പറുകള്‍ സോള്‍വ് ചെയതതാണ്. ""നമുക്കിത്രയും പോരല്ലോ. അവന്റെ കോളേജ്, കുടുംബം, സുഹൃത്തുക്കള്‍...എല്ലാ വിവരങ്ങളും ശേഖരിക്കണം,'' അഹദ് പോലീസ് റെക്കോര്‍ഡുകള്‍ തിരയുവാന്‍ തുടങ്ങി.

""നമ്മുടെ പാസ്‌ററ്, പ്രസന്റ് തിയറി വര്‍ക്ക് ഔട്ട് ചെയ്താല്‍ പോരെ? അത് ഞാന്‍ ഏറ്റു,'' സുഹാന ലാപ്‌ടോപ്പുമായി തന്റെ പ്രിയപ്പെട്ട ഇടത്തേക്ക് മാറിയിരുന്നു,  അവിടത്ത ഏറ്റവും മനോഹരമായ സ്ഥലത്തേയ്ക്ക്. അവിടെയിരുന്നാല്‍  സുഹാനയ്ക്ക് അണ്ണാന്‍ കുഞ്ഞുങ്ങളുടെ  "ചില്‍ ചില്‍ ' ശബ്ദങ്ങള്‍ കേള്‍ക്കാം, കിളികളുടെ കൊച്ചു വര്‍ത്തമാനങ്ങള്‍ക്കും  ഇലകളുടെ പരാതീനതകള്‍ക്കും  കാതോര്‍ക്കാം. അവിടെ ഇരുന്നാണ്  അവള്‍ പുസ്തകങ്ങള്‍ വായിക്കാറുള്ളത്. അവ   ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാനാണ്  സുഹാനാക്കിഷ്ടം . അങ്ങനെ ചെയ്തിരുന്ന നാളുകള്‍  അവള്‍ക്ക് മിസ്സ് ചെയ്യാറുണ്ട്.  നോവലുകളാണെങ്കില്‍ മൂന്നു നാല് തവണയായി തീര്‍ക്കും (ജോലിക്കിടയിലെ ഇടവേള അഹദിന് നിര്‍ബന്ധമാണ്. വിശ്രമമില്ലാത്ത മനുഷ്യന്‍ ഓയില്‍ ഒഴിക്കാത്ത ഇരുമ്പ് പോലെയാണ്. നിരന്തരമായി ശബ്ദങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കും. എന്നാല്‍ കാര്യക്ഷമത നന്നേ കുറവായിരിക്കുകയും ചെയ്യും എന്നാണ്  അഹദിന്റെ അഭിപ്രായം) ഒടുവില്‍ ഇടവേള കഴിഞ്ഞു എന്ന് ബോധ്യമാകുമ്പോള്‍ മനസ്സില്ലാ  മനസ്സോടെ തന്റെ  പ്രിയപ്പെട്ട  വരികളോട് വിട പറയും. വീണ്ടും തിരിച്ചു വരാമെന്ന ഉറപ്പില്‍ പതിയെ താളുകളടക്കും. അവ  മുഴുവനായി അടഞ്ഞു തീരുന്നതിനു മുന്‍പ് തന്റെ ഭംഗിയുള്ള ബുക്ക് മാര്‍ക്ക് അതില്‍ തിരുകി കയറ്റും. അത് സുഹാന സ്വന്തമായി ഉണ്ടാക്കിയതാണ്. അവളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണത്തിലുള്ളത്‌സുഹാന തന്റെ  പുസ്തകങ്ങളോട് സംസാരിക്കുന്ന ആ ചിത്രം അവളുടെ ഭാവനയില്‍ മൊട്ടിട്ടതാണ്,  അവളുടെ പെയിന്റ്  ബ്രഷില്‍  വിരിഞ്ഞതാണ്. പുസ്തകം അടഞ്ഞിരിക്കുന്ന സമയങ്ങളില്‍   ആ ചിത്രം  തന്റെ പുസ്തകത്താളുകളോട് സല്ലപിക്കുന്നത്  സുഹാന  തന്റെ ഭാവനയില്‍ കാണാറുണ്ട്. ചിലപ്പോഴൊക്കേ പേപ്പറില്‍ പകര്‍ത്താറുമുണ്ട്. 
 അവിടെയിരുന്നാല്‍ സുഹാനയ്ക്ക് കിട്ടുന്ന പോസിറ്റീവ് എനര്‍ജി ചില്ലറയല്ല. 

മേശപ്പുറത്തു അടുക്കി വെച്ചിരിക്കുന്ന ഫയലുകളില്‍ നിന്നും ഒരു നീല ഫയല്‍ വലിച്ചെടുത്തു.  മറ്റുള്ളവ പ്രതിഷേധമെന്നോണം നിരതെറ്റി താഴേക്കു ചെരിഞ്ഞു അടക്കമുള്ള സ്റ്റെപ്പുകളെപ്പോലെ അവിടെ നിന്നു. അത് താഴെ വീഴാതിരിക്കാനുള്ള തത്രപ്പാടില്‍ സുഹാനയുടെ കൈ തട്ടി മേശപ്പുറത്തുണ്ടായിരുന്ന ചില്ലു ഗ്ലാസ് താഴെ വീണു പൊട്ടി. അതെല്ലാം വൃത്തിയാക്കി ഫയല്‍ തുറന്നപ്പോഴേക്കും സമയം 12 കഴിഞ്ഞിരുന്നു. അഹദ് പേപ്പറുകളില്‍ എന്തോ കുത്തിക്കുറിക്കുന്നതും  ദീപക് ഫോണ്‍ ചെയ്യുന്നതും ഒരു മിന്നായം പോലെ കണ്ടു സുഹാന തന്റെ ഫയലുകളിലേക്ക് മടങ്ങി.

നിപുണ്‍  കൊലക്കേസില്‍ ചോദ്യം ചെയ്യപ്പെട്ടവര്‍ ഭാര്യ ജെസ്സ, വേലക്കാരി ശ്രീജ, ഡ്രൈവര്‍ ഹസ്സന്‍,  ഡെന്റെല്‍ ക്ലിനിക് അസിസ്റ്റന്റ് സോണിയ എന്നിവരാണ്.
ജെസ്സ - ഡെന്റിസ്റ്റ്, തങ്ങളുടെ സ്വന്തം ക്ലിനിക്കായ സിതാരാ ഡെൻറല്‍ ക്ലിനിക്കില്‍ ഉച്ചവരെ ജോലി ചെയ്തു പോരുന്നു. (സിതാര അവരുടെ  മകളാണ്  ) ഉച്ചക്ക് ശേഷം കോട്ടക്കലിലെ ഒരു  പ്രശസ്ത ഡാന്‍സ്  സ്‌കൂളില്‍ നൃത്തം  അഭ്യസിക്കും, മൂന്നരയോടെ പ്ലേ സ്‌കൂളില്‍ പഠിക്കുന്ന മകളെയും കൂട്ടി വീട്ടിലേക്കു. ഇതാണവരുടെ ദിനചര്യ. 
""വളരെ നല്ല നിലയില്‍ ജീവിച്ചു പോരുന്ന അവര്‍ക്ക് നിപുണിനെ കോലപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍  ആലോചിച്ചു നോക്കുമ്പോള്‍ അങ്ങനെ ഒരു സാധ്യത തള്ളിക്കളയാനും ആവില്ല. കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു.''
പിന്നുള്ളത് ശ്രീജ - മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വ്യക്തി. അതവരെ കേസിലേക്കു  കൂടുതല്‍ അടുപ്പിക്കുന്നു.  മരണസമയം പതിവ് പോലെ  8 പിഎം തന്നെയാണ്. സംശയ നിവാരണത്തിനായി സുഹാന ഒന്നുകൂടി ഫയലുകള്‍ പരിശോധിച്ചു, ഒപ്പം പോസ്റ്റ് മാര്‍ട്ടം  റിപ്പോര്‍ട്ടും. 28  വയസ്സ് മാത്രമുള്ള നിപുണ്‍  രാജീവിനു ശാരീരിക പ്രശ്‌നങ്ങളൊന്നും കാണില്ലെന്നു സുഹാന ഊഹിച്ചു. റിപ്പോര്‍ട്ടിലെ മാക്രോസ്‌കോപിക് വിശദീകരണങ്ങളില്‍ നിന്നും  പുറമെയും ആന്തരികമായും മുറിവുകളില്ല എന്നും വ്യക്തമായിരുന്നു.
 "ഇങ്ങനെ ഒരു കേസ് ഇതിനു മുന്‍പ് കണ്ടിട്ടില്ല. വളരെ വിചിത്രമായിരിക്കുന്നു.'           പതിവുപോലെ രാവിലെ ജോലിക്ക് വന്ന ശ്രീജയാണ്  തറയില്‍ മരിച്ചു കിടക്കുന്ന നിപുണിനെ കണ്ടത്. നിപുണും കുടുംബവും അന്ന് ഒരു യാത്ര പോകാനിരിക്കെ സാധാരത്തേക്കാളും  നേരത്തെ എത്തണമെന്ന് നിപുണിന്റെ ഭാര്യ വിളിച്ച് പറഞ്ഞിരുന്നു . അപ്പോഴാണ്  സുഹാന അത് ശ്രദ്ധിച്ചത്. നിപുണിന്റെ ഭാര്യ ജെസ്സ -മിശ്രിത വിവാഹം. ഇനി അങ്ങനെ എന്തെങ്കിലും നൂലാമാലകള്‍ ഉണ്ടാകുമോ? 
അപ്പോഴേക്കും പുറത്തെങ്ങും മഞ്ഞ നിറം പരന്നു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയാല്‍ കത്തുന്ന സൂര്യപ്രകാശം ഏല്‍ക്കാതെ നടക്കാന്‍ പറ്റാത്ത അവസ്ഥ. ചില ചെടികള്‍ക്കു ചെറിയൊരു വാട്ടമുണ്ടെങ്കിലും മറ്റുള്ളവ അവ ആസ്വദിക്കുന്നതായി തോന്നി. അവ നിവര്‍ന്നു നിന്നു മന്ദമാരുതാനൊപ്പം  നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.

ഇങ്ങനെ ഒരു ഉച്ച സമയത്താണ്  താന്‍  ഈ ഓഫീസില്‍  ആദ്യമായി വന്നു കയറിയതെന്ന് സുഹാന ഓര്‍ത്തു . അന്ന് പക്ഷേ അവിടെ ഒരു ജോലി ചെയ്യുമെന്നോ ഇത് സ്വന്തം വീട് പോലുള്ള  ഒരിടം ആകുമെന്നോ അറിയില്ലായിരുന്നു. എല്ലാം ഒരു നിമിത്തമെന്നേ  പറയാനൊക്കൂ.  അല്ലെങ്കില്‍ ഒരെഴുത്തുകാരി ആകേണ്ട താനിവിടെ എത്തിപ്പെട്ടതെങ്ങനെ? അല്ലെങ്കില്‍ താനിപ്പോള്‍  എവിടെ ആയിരിയ്ക്കും? എഴുത്തോ കേസന്വേഷണമോ എന്നുള്ള ഒരു തീരുമാനം എടുക്കേണ്ടി വന്നപ്പോള്‍  താനിത് തിരഞ്ഞെടുത്തത് എന്താണ്? മികച്ച ഒരു എഴുത്തുകാരിയാവുക എന്നത് അന്നത്തെ ആഗ്രഹമായിരുന്നു. ഒരു പക്ഷെ, സ്വപ്നം എന്നു തന്നെ പറയാം-ഓരോ നിമിഷവും നെയ്തു കൂട്ടുന്ന പദ്ധതികള്‍,  ഓരോ ദിനങ്ങളേയും മുന്നോട്ട് കൊണ്ട് പോകുന്ന ഒരു പോസിറ്റീവ് എനര്‍ജി. അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അനുഭവിച്ചു തന്നെ അറിയണം. ഒരിക്കല്‍ തന്റെ ഒരു കൂട്ടുകാരി വായനയെക്കുറിച്ചു പറഞ്ഞതോര്‍ക്കുന്നു, ഒരു പൊട്ടക്കിണറിനരികില്‍   പോയിരുന്നു അതിനകത്തെ ശബ്ദങ്ങള്‍ ഭാവനയില്‍ നെയ്തു കൂട്ടുന്ന വിഡ്ഢികളാണ്  വായനക്കാര്‍ എന്നാണവള്‍ പറഞ്ഞത്. അന്ന് താന്‍ എഴുതാന്‍ തുടങ്ങിയിട്ടില്ല. ധാരാളം വായിക്കുമായിരുന്നു. ചിലപ്പോള്‍ അവസാന അധ്യായത്തില്‍ എത്തി നില്‍ക്കുന്ന പുസ്തകം ഉപേക്ഷിച്ചു പോകാനാകാത്തതിനാല്‍  ഒരു ബര്‍ത്‌ഡേ പാര്‍ട്ടിയോ ഓണാഘോഷമോ എന്തിനു ക്ലാസ്സു പോലും കട്ടു ചെയ്ത ദിവസങ്ങളുണ്ട്. ജനാലക്കരികില്‍ ഇട്ട പഠന മേശക്കരികിലെ കസേരയില്‍ ഇരുന്നു ആ പുസ്തകം വായിച്ചു തീര്‍ക്കും,  മിക്കപ്പോഴും ഭക്ഷണം പോലും കഴിക്കാന്‍ മറന്നു! തൊട്ടടുത്തുള്ള പാറക്കെട്ടിനകത്തെ വെള്ളത്തില്‍ കുഞ്ഞു മീനുകളെ പിടിക്കുവാന്‍ വരുന്ന മീന്‍ കൊത്തികളോ കൊക്കുകളോ ഉണ്ടാവും സുഹാനയുടെ കൂട്ടിനു. ചില പേരറിയാത്ത പക്ഷികള്‍ വിധക്തമായി നീന്തുന്നതും കാണാം. അവയുടെ പേരുകള്‍ സുഹാനയ്ക്കു വേണമെങ്കില്‍ അന്വേഷിച്ചു കണ്ടെത്താമായിരുന്നു. പക്ഷെ, ആ അജ്ഞത അവള്‍ക്കു എപ്പോഴും ഭാവനയുടെ വാതിലുകള്‍ തുറന്നു നല്‍കി. അവയുടെ പേരുകള്‍ അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ,  താനിത്രയും ആത്മാര്‍ത്ഥമായി അവയെ നിരീക്ഷിക്കുമായിരുന്നോ എന്നറിയില്ല. തന്റെ അജ്ഞാത സുഹൃത്തുക്കളെ അങ്ങനെ കാണാനുള്ള ഒരു ആഗ്രഹം മനസ്സിന്റെ കോണില്‍  എവിടേയോ ഒളിച്ചിരിക്കുന്നതായി അവള്‍ക്കറിയാം.

ഡ്രൈവര്‍  ഹസ്സന്‍, എന്നും ജെസ്സയെ ക്ലിനിക്കില്‍  നിന്നും തിരിച്ച് പിക് ചെയ്തു നൃത്ത ക്ലാസുകളില്‍  കൊണ്ടുവിടുന്നതും  മകളെ സ്‌കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുന്നതുമയാളാണ്.  ഇതിന് പുറമെ അല്ലറ ചില്ലറ ഷോപ്പിങ്ങിനും ജെസ്സയും മകളും കാറില്‍  പോകാറുണ്ടായിരുന്നു . ഈ ഒരു കാലയളവില്‍  അവര്‍ക്ക്  ഒരപകടമോ സംശയകരമായ മറ്റ് പെരുമാറ്റങ്ങളോ അയാളില്‍  നിന്നും ഉണ്ടായിട്ടില്ല എന്നു ജെസ്സയുടെ മൊഴിയുണ്ട്. തന്നെയുമല്ല, ഇയാള്‍  ജെസ്സയുടെ വീട്ടില്‍  ഏകദേശം പത്തു വര്‍ഷത്തോളം ഡ്രൈവര്‍  ആയി ജോലി ചെയ്തിട്ടുണ്ട് . എന്നാല്‍  സംഭവം നടന്ന ദിവസം ഹോസ്പിറ്റലില്‍  പോകുവാനായി നിപുണ്‍  ഡ്രൈവറെ വിളിച്ചിരുന്നതായി അയാള്‍  മൊഴി നല്‍കിയിട്ടുണ്ട് . സാധാരണ ഗതിയില്‍  ഒറ്റക്കു വണ്ടി ഓടിച്ചു പോകാറുള്ള നിപുണെന്തിന് അന്ന് തന്റെ ഡ്രൈവറുടെ സഹായം തേടി എന്ന ചോദ്യം അവിടെ അവശേഷിക്കുന്നു. ഒരു ചെറിയ തലവേദന എന്നു മാത്രമാണു  നിപുണ്‍  ഹസ്സനോട് പറഞ്ഞത്. പക്ഷേ,  നിപുണ്‍ അപ്പോള്‍ വളരെ അസ്വസ്ഥനായിരുന്നു എന്നും ഹസ്സന്റെ മൊഴിയുണ്ട് . മരണ ശേഷം പലതും കൂട്ടി വായിക്കുമ്പോള്‍ പന്തികേട് തോന്നിയേക്കും . അതിനാല്‍ അതത്ര വിശ്വാസയോഗ്യമല്ല എന്നു സുഹാനയ്ക്ക് അറിയാമായിരുന്നു . 
വെള്ളത്തിന്റെ താളാത്മകമായ "ഗുള്‍   ഗുള്‍ ' ശബ്ദം സുഹാനയുടെ ചെവികളില്‍ തുളച്ചു കയറി. വെള്ളത്തിന് വ്യത്യസ്ഥമായ ശബ്ദങ്ങളുണ്ട് . സാഹചര്യങ്ങളനുസരിച്ചു മാറാന്‍  കഴിയുന്നവ. നദിയിലെ കളകളാരവം പോലെയോ വെള്ളച്ചാട്ടത്തിന്റെ കുത്തൊഴിക്കിന്റെ ശബ്ദം പോലെയോ അല്ല വെള്ളം തിളച്ചു പൊങ്ങുബോഴുള്ളത്,  കൃത്യമായ ഇടവേളകളിള്‍  കേള്‍ക്കുന്ന ഒരു നിലവിളിയാണത്.  നീരാവിയായി മാറുന്നതിന് മുന്‍പ് തന്നെ  രക്ഷപ്പെടുത്തണേ എന്നു അത് കേണപേക്ഷിക്കുന്നത് പോലെ സുഹാനയ്ക്ക് തോന്നാറുണ്ട് .

Muhsina

രണ്ടു കപ്പുകളിള്‍  ചായ പകര്‍ന്ന്  ദീപക്  അഹദിനും സുഹാനയ്ക്കും കൊടുത്തു. ദീപകിന് പാചകത്തോട് വലിയ താല്പര്യമാണ്. പുതിയ ഭക്ഷണങ്ങള്‍ രുചിക്കുന്നതും റെസിപ്പികള്‍  പരീക്ഷിക്കുന്നതും അയാള്‍ക്കൊരു ഹരമാണ്. ഒരു നന്ദിക്കു പോലും കാത്തു നില്‍ക്കാതെ ദീപക് ഫോണിന്റെ ലോകത്ത് മുഴുകി. ഓരോ അഞ്ചു മിനുറ്റിലും സന്ദേശങ്ങള്‍  പരിശോധിയ്ക്കുക എന്നതു ദീപകിന്റെ  ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരുന്നു . ഗെയിമിലെ ഒരു നൂറായിരം സുഹൃത്തുക്കള്‍ വേറെയും. ""നിപുണിന്റെ കേസില്‍  നമുക്ക് വിശദമായൊരു ചോദ്യം ചെയ്യല്‍   ആവശ്യമാണ്. അതിനുള്ള അനുമതിയുണ്ടോ?'' തിരക്കിട്ട് ലാപ്‌ടോപ്പില്‍ വിക്കിയുടെ വിവരങ്ങള്‍  തിരയുന്ന അഹദിനോടു സുഹാന ചോദിച്ചു. സാധാരണ ഗതിയില്‍  അനുമതിയുടെ ഒരു ആവശ്യവുമില്ല. പോലീസ് അന്വേഷണവും കേസ് ഫയലുകളും ക്ലോസ് ചെയ്തിട്ടുണ്ടാകും. ഇതിപ്പോള്‍ , പോലീസിന് പാരല്ലല്‍  ആയി ഒരു അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമ്പോള്‍  പാലികേണ്ട, അല്ലെങ്കില്‍  പാലിച്ചെന്നു വരുത്തേണ്ട ചില ഫോര്‍മാലിറ്റീസ് .
""അത് വിന്‍സെന്റ്  എറ്റിട്ടുണ്ട്,'' ലാപ്‌ടോപ്പില്‍  നിന്നും കണ്ണെടുക്കാതെ അഹദ് അറിയിച്ചു, ''നാളെ നിപുണിന്റെ ഭാര്യയെ  കാണാന്‍  അനുവാദം ചോദിക്കാം.  കിട്ടിയ വിവരങ്ങളും സംശയങ്ങളും വെച്ചു വിശദമായ ഒരു ചോദ്യാവലി തയ്യാറാക്കാന്‍  മറക്കേണ്ട . പോലീസ് ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍  കൊണ്ട് തുടങ്ങുന്നത് ആകും ഉചിതം. എന്തു പറയുന്നു?''
""അത് തന്നെയാണ്  നല്ലത്. എന്റെ മനസ്സില്‍ ചില പദ്ധതികളുണ്ട്,'' സുഹാന അഭിമാനപൂര്‍വ്വം  അറിയിച്ചു . അതാണ്  സുഹാന, കേസന്വേഷണത്തില്‍  സ്വന്തമായി ഒരു ശൈലി മിനഞ്ഞെടുത്തവള്‍. 
""അത് നിന്റെ കാര്‍ഡ്  ആണോ?'' മേശപ്പുറത്ത് നനഞ്ഞു കുതിര്‍ന്നിരിക്കുന്ന ഒരു കട്ടിക്കടലാസ് ചൂണ്ടി അഹദ് ചോദിച്ചു .
""ഏയ് , അത് മറ്റെന്തോ ആണ്.''
അത്ഭുതത്തോടെ, സുഹാന അത് നോക്കി. ഒരു എ.ടി.എം കാര്‍ഡിന്റെ വലുപ്പത്തിലുള്ള നീല കട്ടിക്കടലാസ്. നേരത്തെ വെള്ളം തട്ടി മറിഞ്ഞപ്പോള്‍ നനഞ്ഞതാകണം . അരികെല്ലാം പൊടിഞ്ഞു പോകുമാറായിരിക്കുന്നു . മേശപ്പുറത്ത് നിന്നും ഒരു തുണി എടുത്തു സുഹാന മേശ തുടച്ചു.

ഫയലുകളുടേയും മറ്റ് പുസ്തകങ്ങളുടെയും അടുക്കുകള്‍  ഒന്നു മിനുക്കി, കാര്‍ഡു വെയിസ്റ്റ് കുട്ടയില്‍  നിക്ഷേപിക്കുവാനായി കയ്യിലെടുത്തു. അതിന്റെ മറുവശത്ത് എന്തോ എഴുതിയിട്ടുണ്ടായിരുന്നു, വെള്ള നിറത്തില്‍. പക്ഷേ, അത് മലയാളമോ ഇംഗ്ലീഷോ അറബിയോ ഹിന്ദിയോ അല്ല. ഈ നാലു  ഭാഷകളും സുഹാനയ്ക്ക് നന്നായി വായിക്കാനറിയാം. കണ്ടിട്ട് തമിഴായും തോന്നുന്നില്ല. ഒരു പക്ഷേ, വല്ല രഹസ്യ സന്ദേശവും ആകുമോ? സുഹാന കയ്യുറ  അണിഞ്ഞ്  ശ്രദ്ധാപൂര്‍വ്വം അതൊരു  പ്ലാസ്റ്റിക് കവറിലിട്ടു. ആറു ഡികടക്ടീവ് കണ്ണുകളും കാര്‍ഡിന്റെ മേല്‍ പതിഞ്ഞു. അതവര്‍  തിരിച്ചും മറിച്ചും പരിശോധിച്ചു- എഴുത്തറിയാത്ത കുട്ടികളെ പഠിപ്പിക്കുന്ന സ്റ്റാന്റിങ്  ലൈനുകളും സ്ലീപ്പിങ് ലൈനുകളും ധാരളമായി ഉള്ള ഒരെഴുത്ത്. ചിലപ്പോള്‍  വല്ല ചെറിയ കുട്ടികളും എഴുതി പഠിച്ചതാകാം. അല്ലെങ്കില്‍  മുതിര്‍ന്നവര്‍ അലസമായി കുത്തി വരച്ചതുമാകാം. വെറുതെ ഓരോ സംശയങ്ങള്‍. പക്ഷേ, അതെങ്ങനെ ഈ മേശപ്പുറത്ത് വന്നു.

""ഇന്ന് പോസ്റ്റ്മാന്‍  കൊണ്ട് വന്ന ഒരു കവറു  ഞാനാ  മേശപ്പുറത്ത് വെച്ചിരുന്നു. അതില്‍ ഒന്നുണ്ടായിരുന്നില്ല. ഞാന്‍  പറയാന്‍  മറന്നു പോയി. അഹദ് എന്ന പേരായിരുന്നു കവറില്‍. പ്രിന്റ്  ചെയ്ത വിലാസം ആണ്.''
പുസ്തകങ്ങള്‍ക്കിടയില്‍  പെട്ട് പോയ ഇളം നീല നിറത്തിലുള്ള ഒരു കവര്‍  സുഹാന തിരഞ്ഞെടുത്തു. ശരിയാണ്. പ്രിന്റ് ചെയ്ത ഒരു അഡ്രെസ്സ് മാത്രമേ അതിലൂള്ളൂ. അയച്ച ആളുടെ വിലാസമോ മറ്റൊന്നും തന്നെയോ ഇല്ല. എടരിക്കോട് പോസ്റ്റ് ഒഫ്ഫീസിന്റെ സീല്‍  മാത്രമേ അതിലുള്ളൂ.
""ഇതെന്തു മറിമായം? അപ്പോള്‍  നമുക്ക് മറ്റ് സാദ്ധ്യകള്‍  തള്ളിക്കളയാം. ഇത് നമ്മള്‍  വായിക്കാന്‍  വേണ്ടി തന്നെ ആരോ അയച്ചതാണ്  . പിന്നെ എന്തു കൊണ്ട് മനസ്സിലാകുന്ന ഭാഷയില്‍  എഴുതിയില്ല?''
""ഈ സന്ദേശത്തിന്റെ അര്‍ഥം പെട്ടന്നൊന്നും കണ്ടു പിടിക്കരുത് എന്നുള്ള വല്ല നിര്‍ബന്ധ ബുദ്ധിയും  അയാള്‍ക്കുണ്ടാകുമോ?'' സുഹാന സാധ്യതകളാലോചിക്കുവാന്‍  തുടങ്ങി. എവിടെയോ കണ്ടു മറന്ന ഏതോ ഒരോര്‍മ്മ തന്റെ ഊഴത്തിനായി കാത്തു നില്‍ക്കുന്നത് പോലെ. കണ്ണുകളടച്ചു ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ശ്രമിച്ചു. മനസ്സു വല്ലാതെ നിശ്ചലമായിരിക്കുന്നു. അവിടെ ഒന്നുമില്ലാത്ത ഒരവസ്ഥ. അത് മനസ്സിന്റെ മറ്റൊരു വികൃതിയാണ്. ആലോചിക്കുന്തോറും വേണ്ട ഓര്‍മ്മകളെ ഒരു മായാജാലകനെപ്പോലെ മറച്ചു വെക്കുന്ന ഒരു വിദ്യ. പിന്നീടെപ്പോഴെങ്കിലും വെറുതെ ഇരിക്കുമ്പോള്‍ അത് മനസ്സിലേക്കു  എറിഞ്ഞു തരുന്ന ഒരു കുറുമ്പ്.

അക്ഷരങ്ങള്‍ എന്നും സുഹാനയ്ക്കു ഒരാവേശമാണ്. അവ സൃഷ്ടിക്കുന്ന മായാ ലോകത്തില്‍ അകപ്പെട്ടാല്‍ ഏതു ദുഖവും മറി കടക്കാം. എന്നാല്‍ ഇത് വട്ടം കടക്കുന്ന ഒന്നാണ്. ചെറുപ്പത്തില്‍ സ്വകാര്യ സന്ദേശങ്ങള്‍ എഴുതുവാന്‍ നാരങ്ങ ഉപയോഗിച്ചത് ഓര്‍മ്മയുണ്ട്. റിയയുടെ( റിയ സുഹാനയുടെ ഇത്തയുടെ മകളാണ്) കൂടെ വെളുത്ത ക്രയോണില്‍ എഴുതിയ ചിത്രം കണ്ടുപിടിക്കുവാന്‍ വാട്ടര്‍ കളര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്? വളരെ വിചിത്രമായൊരു ഭാഷ! 
എന്തു കിട്ടിയാലും ഗൂഗിള്‍  ചെയ്തു നോക്കുക എന്നത് എല്ലാവരുടെയും ശീലമായിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചു ദീപകിന്റെ. അവന്‍ തിരിച്ചും മറിച്ചും നോക്കി. വിക്കി പീഡിയാ സൈറ്റുകള്‍ തിരഞ്ഞു. അനേകം ഭാഷകളുമായി ഒത്തു നോക്കി. എങ്കിലും ആ വളഞ്ഞു പുളഞ്ഞ വരകള്‍ എവിടെയും കണ്ടെത്താനായില്ല. അത് ഉത്തരമില്ലാത്ത ഒരു ചോദ്യചിഹ്നമായി അവരുടെ മുന്നില്‍ അവശേഷിച്ചു. 

​​​​​​​(തുടരും)


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.

ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്,  ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Audio