Tuesday, 28 March 2023

കേരളവും ലോക തിയറ്ററും


Text Formatted

കലയുടെ ഇൻറർനാഷനൽ സ്​പെയ്​സായി
​​​​​​​മാറിക്കഴിഞ്ഞു കേരളം, ‘ഇറ്റ്​ഫോക്കി’ലൂടെ

Image Full Width
Image Caption
ദീപൻ ശിവരാമൻ
Text Formatted

‘ഇറ്റ്‌ഫോക്ക്' യഥാര്‍ഥത്തില്‍ ഒരു ഇന്റര്‍നാഷനല്‍ സ്‌പെയ്‌സിലേക്ക് ട്രാന്‍സ്‌ഫോം ചെയ്തുകഴിഞ്ഞു. 
കലാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. 
പലസ്​തീനിൽനിന്ന്​ വർക്ക്​ കൊണ്ടുവരിക എന്നത്​ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. 
ആര്‍ട്ടിസ്റ്റിക് ഇമാജിനേഷന്‍, പ്രൊഡക്ഷന്‍ രീതികള്‍, എണ്ണം എന്നിവയിലെല്ലാം കേരളം ഏറെ മുന്നിലാണ്. 
ടിക്കറ്റുവച്ച് നാടകം കളിച്ചാല്‍ അതിനുപോലും ആക്ഷേപമാണ്. ‘കല ഒരു പൂജ പോലെ ചേയ്യേണ്ടതല്ലേ' എന്നൊക്കെയായിരിക്കും ചോദ്യം. 
ഈ പോസ്റ്റ് കോവിഡ് സമയത്ത്, 1500 രൂപ മുടക്കിയാല്‍ ഒരാള്‍ക്ക് എല്ലാ നാടകങ്ങളും കാണാവുന്ന സംവിധാനമുണ്ട്. 
ഞങ്ങള്‍ക്ക് എല്ലാതരത്തിലുമുള്ള ഇന്റലക്ച്വല്‍ ഇമാജിനേഷനുള്ള സാഹചര്യം ഫ്രീ ഹാന്‍ഡായി തന്നെ സർക്കാർ നല്‍കിയിട്ടുണ്ട്.

‘ഇറ്റ്​ഫോക്ക്​- 2023’ ന്റെ ക്യുറേറ്റർമാരിൽ ഒരാളും സംവിധായകനുമായ ദീപൻ ശിവരാമൻ സംസാരിക്കുന്നു. 

മനില സി.​ മോഹൻ: Humanity must unite എന്നാണ് ഇത്തവണ ‘ഇറ്റ്ഫോക്കി’ന്റെ ടാഗ് ലൈൻ. ലോകക്രമവും ഇന്ത്യൻ ദേശീയ സാഹചര്യവുമൊക്കെ മാറിയ ഒരു പശ്ചാത്തലത്തിൽ ഇതിന് വലിയ പ്രസക്തിയുമുണ്ട്. മാനവികതയെ ഒന്നിപ്പിക്കുന്നതിന്റെ ലോക ചരിത്രം തന്നെയാണ് നാടകത്തിന്റേത്. കോവിഡിന്റെ ഗ്യാപ്പിനു ശേഷം നടക്കുന്ന നാടകോത്സവമാണ്. ക്യൂറേറ്റർമാരിലൊരാൾ എന്ന നിലയിൽ എങ്ങനെയാണ് itfok 2023-നെ കാണുന്നത്?

ദീപൻ ശിവരാമൻ:  ‘ഇറ്റ്‌ഫോക്കിനെ’കുറിച്ച് ഡിസ്‌കഷന്‍ വന്ന സമയത്ത് എന്തായിരിക്കണം ഫോക്കസ് എന്നതിനെ കുറിച്ച് കണ്‍സേണുണ്ടായിരുന്നു. ഒരു ഹ്യുമാനിറ്റി ഫെസ്റ്റിവലായി, ‘ഒന്നിക്കണം മാനവികത' എന്ന ടാഗ്​ലൈൻ നിര്‍ദ്ദേശിക്കാൻ പ്രധാനമായും രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്. മറ്റ് കലാകാരരെ അപേക്ഷിച്ച് നാടകപ്രവര്‍ത്തകര്‍ വളരെ കഷ്ടത്തിലായ കാലമായിരുന്നു കോവിഡ്​ സമയം. കാരണം, മുഖം മറച്ച് സോഷ്യല്‍ ഡിസ്റ്റന്‍സ് കീപ് ചെയ്ത് നടത്താന്‍ പറ്റിയ ഒന്നല്ലല്ലോ നാടകം. കേരളത്തില്‍ മാത്രമല്ല ലോകത്തു മുഴുവന്‍ നാടകശാലകള്‍ അടച്ചിടുകയും നാടകപ്രവര്‍ത്തകര്‍ക്ക് തൊഴിലില്ലാതാവുകയും ചെയ്തു. ഒരു  ‘യുദ്ധസമാന’ അന്തരീക്ഷം. അതേസമയം കവികള്‍ക്കും എഴുത്തുകാര്‍ക്കും നല്ല സമയമായിരുന്നു. എല്ലാകാലത്തും അടിസ്ഥാനപരമായി നാടക- കലാ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം എന്നത്, ഹിസ്റ്ററിയും മാനവികതയും ഒന്നിക്കുക എന്നതാണ്. മനുഷ്യരെ കൂടിച്ചേര്‍ക്കാനുള്ള ഇടമാണ് തിയറ്റര്‍ സ്​പെയ്​സ്. ചരിത്രപരമായി നോക്കിയാൽ, മനുഷ്യരെ കൂട്ടിച്ചേര്‍ത്തുനിര്‍ത്താന്‍ ഒരിടം എന്ന തരത്തിലാണ് തിയറ്ററിന്റെ പ്രോഗ്രസുണ്ടായിട്ടുള്ളത്. അവിടെ മനുഷ്യരും ദൈവവും ഒക്കെ പരസ്പരം സംസാരിക്കുന്നു (തെയ്യമൊക്കെ അങ്ങനെയാണല്ലോ). അങ്ങനെ മനുഷ്യരെല്ലാം ഒരു കുടക്കീഴില്‍ ഒരുമിച്ചുനില്‍ക്കേണ്ട ഇടമാണ്​ തിയറ്റർ. അങ്ങനെ, തിയറ്റർ ഫ്രറ്റേണിറ്റിക്ക്​ ആത്​മവിശ്വാസം പകരണം. ഇവർക്കൊപ്പം ഒന്നിച്ചിരുന്ന്​ കാണാൻ എന്തെങ്കിലുമുണ്ടാകണമെന്ന്​ കാണികൾക്കും തോന്നലുണ്ടാക്കണം. 

Tempest-
പീറ്റര്‍ ബ്രൂക്കിന്റെ ടെംപസ്റ്റില്‍ നിന്ന്​ / Photo : theatrefestivalkerala.com

ഇന്ത്യയിൽ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആളുകള്‍ വലിയ തോതിൽ, സാമൂഹികമായും ബൗദ്ധികമായും ‘ഫിയര്‍ഫുള്‍' ആണ്. പ്രത്യേകിച്ച് ആര്‍ട്ടിസ്റ്റുകളടക്കമുള്ളവർക്ക്​ there is no space for liberal thinking. നിരവധി ഫെസ്​റ്റിവലുകൾ ഇല്ലാതായി. അഞ്ചാറ് വര്‍ഷങ്ങള്‍ കൊണ്ട് അവ ഓര്‍മകള്‍ മാത്രമായി. ഈ സാഹചര്യത്തില്‍ കേരളത്തിലാണ് പിന്നെയും ഒരു സ്‌പേയ്‌സ് നിലനില്‍ക്കുന്നത്. തീര്‍ച്ചയായും ഇവിടെയും പ്രശ്‌നങ്ങളുണ്ട്. എന്നാലും സംവാദത്തിനും ഇടപെടലിനുമുള്ള സാഹചര്യം ഇപ്പോഴും ഇവിടെയുണ്ട്. കലാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഇവിടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. അതല്ല, കേരളത്തിനുപുറത്തെ അവസ്​ഥ. ഭയങ്കരമായ റൈറ്റ്​ വിങ്​ മൊബിലൈസേഷൻ നടക്കുന്ന സമയമാണ്​. ന്യൂനപക്ഷ ചിന്തയല്ല പറയുന്നത്. majoritarian political proposition നെക്കുറിച്ചാണ്​ പറയുന്നത്​. നാസി ജർമനിയിലുണ്ടായതു​പോലെ, നൂറിൽ എൺപതുപേരും ഒരു വശത്തായിരിക്കു​മ്പോൾ, നമ്മൾ ഇരുപതുപേർ കൂടിച്ചേർന്ന്​ പ്രതിരോധിക്കേണ്ടിവരികയാണ്​. ഇവിടെ, നമ്മൾ ചരിത്രപരമായി തന്നെ നിലനിൽക്കുന്നു എന്ന്​ ലോകത്തെ ബോധ്യപ്പെടുത്തേണ്ടിവരികയാണ്​. ആ നിലയ്​ക്കാണ്​ നമ്മൾ ഇന്ത്യ എന്ന കോൺഷ്യസ്​നെസ്സിനെ വിശാലാർഥത്തിൽ ക്യൂറേറ്റ്​ ചെയ്യേണ്ടത്​. എന്താണ് നമ്മൾ വിഭാവനം ചെയ്യുന്ന ഇന്ത്യ?

സ്‌റ്റേറ്റും അതിന്റെ മിഷനറിയും മാത്രം പ്രൊപ്പഗേറ്റ് ചെയ്യുന്ന കലയും കലാപ്രവര്‍ത്തനവും ആയാലോ? അത്​ വളരെ ഡ്രൈ ആയിത്തീരും. കലാപ്രവര്‍ത്തനം എല്ലാ കാലത്തും ഒരു പ്രതിരോധം കൂടിയാണ്​. 

മത-ജാതി-ലിംഗ ഭേദമില്ലാതെ മനുഷ്യര്‍ക്ക് ഒരുമിച്ച് നില്‍ക്കാനും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഫിലോസഫിയെക്കുറിച്ചുമൊക്കെ സംസാരിക്കാനും ഇടപഴകാനുമൊക്കെയുള്ള ഒരു വേദിയാണ് കലാപ്രവര്‍ത്തനത്തിന്റെ ഇടം. അത് നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. പകരം, സ്‌റ്റേറ്റും അതിന്റെ മിഷനറിയും മാത്രം പ്രൊപ്പഗേറ്റ് ചെയ്യുന്ന കലയും കലാപ്രവര്‍ത്തനവും ആയാലോ? അത്​ വളരെ ഡ്രൈ ആയിത്തീരും. കലാപ്രവര്‍ത്തനം എല്ലാ കാലത്തും ഒരു പ്രതിരോധം കൂടിയാണ്​. എന്താണ് നടക്കുന്നത് എന്നതിനോടുള്ള ഒരു പ്രതികരണം കൂടിയാണ് കല. പൊതുബോധത്തോട് സമരം ചെയ്തുകൊണ്ടാണല്ലോ നമ്മള്‍ കല ചെയ്യുന്നത്. ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ് കലാപ്രവര്‍ത്തനം. അതുകൊണ്ടാണ് ഗ്രീസിലൊക്കെ തിയറ്റര്‍ കാണാന്‍ പോകുന്നത് പൗരരുടെ mandatory responsibility ആകുന്നത്. അവിടെയാണ്​ ഈ പറഞ്ഞ കഥാർസിസ്​ സംഭവിക്കുന്നത്​. അത്തരമൊരു സംഗതിയാണ് കലാപ്രവര്‍ത്തനം അല്ലെങ്കില്‍ നാടകപ്രവര്‍ത്തനം എന്നത്. ഇവിടെ കലയുണ്ടാകുന്നു എന്നും കലാകാരർ ഒത്തുചേരുന്നു എന്നും  ലോകത്തോട്​ പറയാനുള്ള ശരിയായ സമയവും സ്​ഥലവും, അതുകൊണ്ടുതന്നെ ഇതാണ്​. തിയറ്റർ മാത്രമല്ല, വിഷ്വൽ ആർട്ടിസ്​റ്റുകൾ, ഫിലോസ​ഫർമാർ, എഴുത്തുകാർ, ചിന്തകർ, പ്രഭാഷകർ, മാധ്യമപ്രവർത്തകർ, കാണികൾ, കലാസ്​നേഹികൾ- അങ്ങനെ ലോകത്തെ  കുറിച്ച്​ ചിന്തിക്കുന്നവർക്ക്​ ഒത്തുചേരാനും പ്രതിരോധമുയർത്താനും ഒരിടം. അതിനുള്ള ഒരു സുരക്ഷിത ഇടം. 

Itfok India
നാടക- കലാ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം എന്നത്​, ഹിസ്റ്ററിയും മാനവികതയും ഒന്നിക്കുക എന്നതാണ്. മനുഷ്യരെ കൂടിച്ചേര്‍ക്കാനുള്ള ഇടമാണ് തിയറ്റര്‍ സ്​പെയ്​സ് / Photo : Raneesh Raveendran

ഇത്തവണ  ‘ഇറ്റ്‌ഫോക്കി'ന്റെ ഹൈലൈറ്റ് പീറ്റര്‍ ബ്രൂക്കിന്റെ ടെംപസ്റ്റ് പ്രൊജക്റ്റ് ആണ്. രണ്ടു ക്ലാസിക്കുകള്‍- ബ്രൂക്ക് എന്ന വ്യക്തിയും ടെംപ്‌സ്റ്റ് എന്ന രചനയും- കേരളത്തിന്റെ സ്‌പെയ്‌സില്‍ ഒന്നിച്ചുവരുന്നു എന്നതത് രസകരവും കൗതുകകരവുമായ ഒരു സംഗതിയാണ്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

‘ഇറ്റ്‌ഫോക്ക്' തുടങ്ങിയ കാലം മുതല്‍ കണ്ടംപററി മാസ്‌റ്റേഴ്‌സിന്റെ വര്‍ക്കുകള്‍ ഇവിടെ വരണമെന്ന ആഗ്രഹമുണ്ടായിട്ടുണ്ട്. സിനിമയില്‍ ഗൊദാര്‍ദും സനൂസിയും പോലുള്ള മാസ്‌റ്റേഴ്‌സ് തിരുവനന്തപുരത്ത് വന്നുപോകുമ്പോള്‍, തിയറ്ററിലുള്ളവര്‍ക്ക് ഇതൊരു സ്വപ്‌നം മാത്രമായിരുന്നു. നമ്മള്‍ ഗ്രോറ്റോവ്‌സ്‌കി, ചാള്‍സ് ലെവിന്‍സ്‌കി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിക്കുകയും അവരുടെ ഫോട്ടോകള്‍ കാണുകയും ചെയ്ത പരിചയം മാത്രമേയുള്ളൂ. അവരുമായി സംവദിക്കാനുള്ള സംവിധാനം ഉണ്ടായിട്ടില്ല.  ‘ഇറ്റ്‌ഫോക്കി'നെ ഇന്റര്‍നാഷനല്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും മാസ്‌റ്റേഴ്‌സിനെ കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പീറ്റര്‍ ബ്രൂക്കിന്റെ ടെംപസ്റ്റ് പ്രൊജക്റ്റിനൊപ്പം കണ്ടംപററി മാസ്‌റ്റേഴ്‌സ് ആയ അഞ്ചുപേരുടെ വര്‍ക്കുകള്‍ ഇത്തവണ ഉള്‍പ്പെടുത്തിയത്. ഇറ്റലിയിലെ റോമിയോ കാസ്റ്റലൂച്ചി, ദക്ഷിണാഫ്രിക്കയിലെ ബ്രിട്ട് ബെയ്‌ലി, ഡെന്മാര്‍ക്കിലെ യൂജിനോ ബാര്‍ബ, പലസ്തിനില്‍നിന്ന് ബാഷര്‍ മാര്‍കുസ്, ഫ്രാന്‍സില്‍നിന്ന് മെഹ്ദി ഫറജ്പുര്‍, യു.കെയില്‍നിന്ന് ഒവ്‌ല്യാ കുലി എന്നീ ആറ് മാസ്‌റ്റേഴ്‌സിന്റെ വര്‍ക്കുകളുണ്ട് ഇത്തവണ. ടെംപസ്റ്റാണ് നമ്മുടെ ഹൈലൈറ്റ് എങ്കിലും ഇവരുടെ വര്‍ക്കുകളും അതിനൊപ്പം പ്രധാനപ്പെട്ടതാണ്.

ഗൗരവകരമായ തിയറ്ററുകളുടെ ഒരു വേദിയാക്കി ഈ ഫെസ്റ്റിവലിനെ മാറ്റാനാണ് ശ്രമം. കണ്ടംപററി തിയറ്ററിന്റെ റിഫ്‌ളക്ഷന്‍ കേരളത്തിലെ നാടകക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും അനുഭവിക്കാന്‍ അവസരമുണ്ടാക്കുക. അതിനുള്ള പ്രയത്‌നമാണ് ഇത്തവണ ചെയ്തിരിക്കുന്നത്. ‘ഇറ്റ്‌ഫോക്ക്' യഥാര്‍ഥത്തില്‍ ഒരു ഇന്റര്‍നാഷനല്‍ സ്‌പെയ്‌സിലേക്ക് ട്രാന്‍സ്‌ഫോം ചെയ്തുകഴിഞ്ഞു. അതുപോലെ, ഓഡിയന്‍സിന്റെയും ഷോകളുടെയും എണ്ണത്തിലൂം മാറ്റം വന്നുകഴിഞ്ഞു. എഡിന്‍ബറോ ഫെസ്റ്റിവലുമൊക്കെയായി മാച്ച് ചെയ്യുന്ന തരത്തില്‍, അങ്ങനെ മാപ്പ് ചെയ്യുന്ന തരത്തില്‍, വലിയൊരു ഈവന്റായി 'ഇറ്റ്‌ഫോക്കി'നെയും മാറ്റിയെടുക്കുകയാണ്. നമുക്ക് അതിനുള്ള ശേഷിയുണ്ട്. 

peter
പീറ്റര്‍ ബ്രൂക്ക് / Photo:theatrefestivalkerala.com

പാലസ്തീനില്‍നിന്ന് രണ്ടു നാടകങ്ങളുണ്ട് ഇത്തവണ. പാലസ്തിന്റെ രാഷ്ട്രീയ സാഹചര്യം നമുക്കറിയാം. അതൊരു ദുരന്തഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, അവിടെ നാടകം പോലൊരു കലയിൽ എങ്ങനെയാണ് അവരുടെ രാഷ്​ട്രീയം റിഫ്ലക്റ്റ് ചെയ്യുന്നത് എന്നത് കൗതുകമുണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ്. മാത്രമല്ല, അത്തരം സംഘർഷഭരിതമായ സാഹചര്യത്തിൽ തിയറ്റർ ഫോർമേഷനുണ്ടാകുക എന്നതുതന്നെ അൽഭുതകരമായ സംഗതിയാണ്​. അതുകൊണ്ടുതന്നെ, അവിടെനിന്നുള്ള രണ്ട് പ്രൊഡക്ഷനുകള്‍ ഇവിടേക്ക് കൊണ്ടുവരിക എന്നത്​ ഗംഭീരമായ ശ്രമമാണ്. എങ്ങനെയാണ് പാലസ്തീന്‍ ഒരു ഫോക്കസ് ആയത്?

‘മാനവികത ഒന്നിക്കണം, തിയറ്റര്‍ ഒന്നിക്കണം' എന്നു പറയുമ്പോള്‍ നമ്മള്‍ ഒരു പ്രധാന കാര്യം ഓര്‍ക്കണം. ഈ സമയത്ത് പാലസ്തീനിലെയും യുക്രെയ്‌നിലെയും മനുഷ്യര്‍, കൈകളില്‍ ചെറിയ കുഞ്ഞുങ്ങളെയുമെടുത്ത് എവിടെയൊക്കെയോ ഒളിഞ്ഞുകഴിയുകയാണ്. ഇത്തരമൊരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതുകൊണ്ട്, ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ക്യൂറേഷന്‍ ചര്‍ച്ച പൂര്‍ത്തിയാകേണ്ടത്, ഈ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി കൂടി കണക്കിലെടുത്താകണം. പലസ്തീനില്‍നിന്നുള്ള അസ്മ അസീസിയ അവതരിപ്പിക്കുന്ന നാടകത്തിന്റെ പേരുതന്നെ  ‘ഡോണ്ട് ബിലീവ് മി ഇഫ് ഐ ടോക്കു ടു യു വാര്‍' എന്നാണ്. ഞാന്‍ യുദ്ധത്തെക്കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, കാരണം, യുദ്ധം എന്താണ് എന്ന് നിങ്ങള്‍ക്കറിയില്ല എന്ന് ഒരു സ്ത്രീ, തന്റെ ചെറിയ കുഞ്ഞിനെയുമെടുത്ത് വന്ന് പറയുകയാണ്. നാടകം പ്രാക്ടീസ് ചെയ്യുന്ന രണ്ട് സ്ത്രീകള്‍ അവരുടെ കുട്ടികളെയുമെടുത്തും അരങ്ങത്തുവരുന്നു എന്നതും വളരെ പ്രധാനമാണ്. 

dont-believe-me-if-i-talk-to-you-of-war-palestine
‘ഡോണ്ട് ബിലീവ് മി ഇഫ് ഐ ടോക്കു ടു യു വാര്‍' എന്ന നാടകത്തില്‍ നിന്ന്

മറ്റൊരു പലസ്തീന്‍ നാടകം, മാര്‍കുസ് ബാഷറിന്റെ  ‘ഹാഷ്' ആണ്. മറ്റൊരു പ്രൊജക്റ്റാണ് വരേണ്ടിയിരുന്നത്. പക്ഷെ, അതിലെ ഒരു നടന് വിസ കിട്ടിയില്ല. പലസ്തീനിയായ ഈ നടന്റെ കൈയില്‍ പാസ്‌പോര്‍ട്ടു തന്നെയില്ല. ഇവിടേക്കു വരാനുള്ള യാത്രാരേഖകളുണ്ടാക്കാന്‍ അദ്ദേഹം എംബസികളില്‍നിന്ന് എംബസികളിലേക്കും കോണ്‍സുലേറ്റുകളില്‍നിന്ന് കോണ്‍സുലേറ്റുകളിലേക്കും ഓടിനടക്കുകയായിരുന്നു. അത് നടക്കാതെ വന്നപ്പോള്‍, അവിടെനിന്നുതന്നെ മറ്റൊരു നാടകം തീരുമാനിക്കുകയായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ഇത്തരമൊരു പ്രൊജക്റ്റിനുപുറകില്‍ അവര്‍ നടത്തുന്ന സ്ട്രഗ്ള്‍ ഇങ്ങനെയാണ് നമ്മള്‍ ഇവിടെ പ്രസൻറ്​ ചെയ്യുന്നത്.

ഒരുപാട് ചെറുപ്പക്കാരിലൂടെ നാടകത്തിന്റെ ക്വാളിറ്റി മാറിയിട്ടുണ്ട്. ഇവര്‍ക്ക് പ്രൊഫഷണലിസവും ആത്മവിശ്വാസവുമുണ്ട്. അവര്‍ ടിക്കറ്റ് വച്ച് നാടകം കളിക്കുന്നു, അവര്‍ ക്ലെയിം ചെയ്യുന്നു, സംഘാടകര്‍ തങ്ങള്‍ക്ക് അനുയോജ്യമായ റിഹേ്‌സല്‍ സ്‌പെയ്‌സും സ്‌റ്റേജും നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു.

13-ാം എഡിഷനിലെത്തിയ  ‘ഇറ്റ്‌ഫോക്ക്' കേരളത്തിന്റെ നാടക സ്‌പെയിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. അത് നമ്മുടെ നാടകത്തെയും ആര്‍ട്ടിസ്റ്റുകളെയും നവീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് ചെറിയ കാര്യവുമല്ല.  ‘ഇറ്റ്‌ഫോക്ക്' കേരളത്തിലെ നാടക സെന്‍സിബിലിറ്റിയിലുണ്ടാക്കിയ മാറ്റത്തെ, അതിന്റെ തുടക്കം മുതലുള്ള ആളെന്ന നിലയില്‍ എങ്ങനെയാണ് കാണുന്നത്?

കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന നാടകപ്രവര്‍ത്തനങ്ങളെ ഒന്ന് താരതമ്യപ്പെടുത്തി നോക്കേണ്ടതുണ്ട്. കൊല്‍ക്കത്ത, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ തിയറ്ററും നമ്മുടെ തിയറ്ററും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?.
നമ്മുടെ എക്‌സ്‌പോഷര്‍ വളരെ വിസിബിളാണ്. തിയറ്റര്‍ ലാംഗ്വേജുമായി നമുക്ക് ഏറെ മുന്നേറാനായിട്ടുണ്ട്. ആര്‍ട്ടിസ്റ്റിക് ഇമാജിനേഷന്‍, പ്രൊഡക്ഷന്‍ രീതികള്‍, ഒരു വര്‍ഷത്തിലുള്ള പ്രൊഡക്ഷന്റെ എണ്ണം എന്നിവയിലെല്ലാം നാം ഏറെ മുന്നിലാണ്. കര്‍ണാടകയിലൊക്കെ, വര്‍ഷത്തില്‍ ഒരു  നാടകം പോലുമുണ്ടാകണമെന്നില്ല. അപ്പോഴാണ്, കേരളത്തില്‍ ചെറുപ്പക്കാരായ, പ്രോമിസിംഗായ നിരവധി സംവിധായകര്‍ വരുന്നത്. ജിനോ ജോസ്, അസീം അമരവിള, പ്രതാപന്‍, ജോബ് മഠത്തില്‍, കെ. രമേശ്, അഭിമന്യു, അബീഷ് ശശിധരന്‍, അരുണ്‍ലാല്‍ ഇങ്ങനെ ഒരുപാട് ചെറുപ്പക്കാരിലൂടെ നാടകത്തിന്റെ ക്വാളിറ്റി മാറിയിട്ടുണ്ട്. ഇവര്‍ക്ക് പ്രൊഫഷണലിസവും ആത്മവിശ്വാസവുമുണ്ട്. അവര്‍ ടിക്കറ്റ് വച്ച് നാടകം കളിക്കുന്നു, അവര്‍ ക്ലെയിം ചെയ്യുന്നു, സംഘാടകര്‍ തങ്ങള്‍ക്ക് അനുയോജ്യമായ റിഹേ്‌സല്‍ സ്‌പെയ്‌സും സ്‌റ്റേജും നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഉറങ്ങാനുള്ള സ്ഥലവും ഭക്ഷണവുമൊക്കെ അവര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ സ്വയം worthful ആയ ആര്‍ട്ടിസ്റ്റുകളാണെന്ന് അവര്‍ക്ക് സ്വയം വിലയിരുത്താന്‍ കഴിയുന്നു.  

ITFOK 2023
ലോകത്തെല്ലായിടത്തെയും മനുഷ്യര്‍ ഉറ്റുനോക്കുന്ന ഒരിടമായി, യാത്ര ചെയ്ത് എത്തേണ്ട ഒരിടമായി, മാസ്‌റ്റേഴ്‌സ് പ്രൊഡക്ഷനുകള്‍ കാണാന്‍ കഴിയുന്ന ഒരിടമായി തൃശൂരിനെ മാറ്റാന്‍ കഴിയണം

കലാകാരരെ സംബന്ധിച്ച് മൂല്യം പ്രധാനമാണ്. നമുക്ക് മൂല്യം ഇല്ലെങ്കില്‍ ആരാണ് നമ്മളെ വില മതിക്കുക? ആരാണ് നമ്മളെ ഗൗരവത്തിയെലടുക്കുക? ഇവിടെ, നാടകക്കാരെ ആരും ഗൗരവത്തിലെടുത്തിട്ടില്ല. നമ്മള്‍ ചെയ്യുന്ന മൂല്യവത്തായ പ്രവൃത്തിയെ നമ്മളാണ് തിരിച്ചറിയേണ്ടത്.  ‘എന്തിനാണ് നാടകക്കാര്‍ ഈ നാട്ടില്‍' എന്ന ചോദ്യം നാടകക്കാര്‍ ചോദിക്കുകയും അതിന്റെ ഉത്തരം അവരുടെ കൈയിലുണ്ടായിരിക്കുകയും വേണം. തോപ്പില്‍ ഭാസിയും കെ. ദാമേദരനും കെ.ടി. മുഹമ്മദും ഇടശ്ശേരിയും വി.ടിയും അടങ്ങുന്ന എത്രയോ പേരുകളുണ്ട്, കേരളത്തിന്റെ നാടക ചരിത്രം പരിശോധിച്ചുകഴിഞ്ഞാല്‍. ഇവിടുത്തെ എഴുത്തുകാരേക്കാളും സിനിമാക്കാരേക്കാളും ചിത്രകാരരേക്കാളും കൂടുതല്‍ നവോത്ഥാന പ്രക്രിയയില്‍ പങ്കെടുത്തിട്ടുള്ളത് നാടകക്കാരാണ്. എന്നിട്ടും അവര്‍ക്ക് അര്‍ഹമായത് ലഭിച്ചിട്ടില്ല. മറ്റു കലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി താരതമ്യപ്പെടുത്തിയാല്‍, വഴിയറിയാതെ വന്നുപെട്ടുപോയ മനുഷ്യരെപോലെയാണ് നാടകക്കാരെ ഇന്നും കാണുന്നത്. നമ്മുടെ മൂല്യം നമ്മള്‍ തന്നെ മനസ്സിലാക്കാത്തതുകൊണ്ടാണിതു സംഭവിക്കുന്നത്.

തങ്ങളുടെ കോണ്‍ട്രിബ്യൂഷന്‍ നാടകക്കാര്‍ തിരിച്ചറിയുകയാണ് വേണ്ടത്. അതിനനുസരിച്ച് നമ്മള്‍ ഡിമാൻറ്​ ചെയ്യണം. ‘ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് ഞങ്ങള്‍ അര്‍ഹിക്കുന്ന ആദരവും പ്രതിഫലവും ഞങ്ങള്‍ക്ക് കിട്ടേണ്ടതുണ്ട്' എന്നു പറയുന്ന തരത്തില്‍ ഡിമാൻറ്​ ചെയ്യണം.

നമ്മള്‍ ഒരു ഇന്റലക്ച്വല്‍ പ്രൊഡക്റ്റാണുണ്ടാക്കുന്നത്. നാടകവും ചിത്രകലയും സിനിമയും സംഗീതവും സാഹിത്യവുമൊന്നും ഇല്ലാത്ത,  ബാങ്കര്‍മാരും കച്ചവടക്കാരും മാത്രമുള്ളൊരു നാട്- അത്തരമൊരു ലോകം എന്തുമാത്രം വിരസമായിരിക്കും. കല ചെയ്യാന്‍ പ്രാപ്തരായവരുള്ളതുകൊണ്ടല്ലേ ഇത്തരമൊരു വിരസമായ അവസ്ഥയില്ലാത്തത്. എന്നാല്‍, കലാകാരര്‍ക്ക് എന്താണ് തിരിച്ചുകിട്ടുന്നത്? ആക്ഷേപമല്ലാതെ. ടിക്കറ്റുവച്ച് നാടകം കളിച്ചാല്‍ അതിനുപോലും ആക്ഷേപമാണ്. ‘കല ഒരു പൂജ പോലെ ചേയ്യേണ്ടതല്ലേ' എന്നൊക്കെയായിരിക്കും ചോദ്യം. ഡോക്ടര്‍ക്കും അധ്യാപകര്‍ക്കും ഹോട്ടല്‍ നടത്തുന്നവര്‍ക്കും കാറുണ്ടാക്കുന്നവര്‍ക്കുമെല്ലാം സമൂഹം ഒരു വാല്യു കൊടുക്കുന്നുണ്ട്. ഇവരെയൊക്കെ മുതിര്‍ന്ന ആളുകളായിട്ട് കാണുന്നുണ്ട്, സമൂഹം. എന്നാല്‍, നമ്മളെല്ലാം കുട്ടികളാണ്. സിസ്റ്റത്തിന് മനസ്സിലാകാത്ത, ഡയറക്ഷനില്ലാത്ത ആളുകളായാണ് നമ്മളെ കാണുന്നത്. അതുകൊണ്ട്, നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയുടെ വാല്യു മനസ്സിലാക്കി വേണം നമ്മള്‍ ഈ സമൂഹവുമായി ഇടപെടാന്‍. 

‘ഇറ്റ്‌ഫോക്ക്' ഒരു എന്‍ട്രി പോയൻറ്​ മാത്രമാണ്. ഡിസ്‌കഷനും നെഗോസിയേഷനും നടക്കുന്ന ഒരിടം. ആക്ച്വല്‍ വര്‍ക്ക് എന്നത് കേരളത്തില്‍ പണിയെടുക്കുന്ന കലാകാരരുടെ വര്‍ക്ക് തന്നെയാണ്. ആ കോണ്‍ട്രിബ്യൂഷന്റെ പ്രതിഫലനം മാത്രമാണ് ‘ഇറ്റ്‌ഫോക്ക്' എന്നത്. ആ കോണ്‍ട്രിബ്യൂഷന്‍ ഇവിടുത്തെ നാടകക്കാര്‍ തിരിച്ചറിയുകയാണ് വേണ്ടത്. അതിനനുസരിച്ച് നമ്മള്‍ ഡിമാൻറ്​ ചെയ്യണം. ‘ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് ഞങ്ങള്‍ അര്‍ഹിക്കുന്ന ആദരവും പ്രതിഫലവും ഞങ്ങള്‍ക്ക് കിട്ടേണ്ടതുണ്ട്' എന്നു പറയുന്ന തരത്തില്‍ ഡിമാൻറ്​ ചെയ്യണം. കൈയൊടിഞ്ഞ് പ്ലാസ്റ്ററിടാന്‍ ആശുപത്രിയിലേക്ക് പോകുന്ന പോലെതന്നെയാണ്, ഒടിഞ്ഞ മനസ്സുമായി പ്ലാസ്റ്ററിടാന്‍ ആളുകള്‍ തിയറ്ററിലേക്ക് വരുന്നത്. ഇന്റലക്ച്വല്‍- ഇമേഷനല്‍ വെല്‍ബീയിംഗുകള്‍ ഫിസിക്കല്‍- മെറ്റീരിയല്‍ വെല്‍ബീയിംഗുകള്‍ക്ക് തുല്യമായ ഒന്നാണ് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം. കല ചെയ്യുന്നവരും കാഴ്ചക്കാരും ഇത് തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ‘ഇറ്റ്‌ഫോക്ക്' വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. 

Itfok-India
Photo : Raneesh Raveendran

വേറൊരു തലത്തിലേക്ക് ഈ ഫെസ്റ്റവല്‍ മാറേണ്ടതുമുണ്ട്. ഇതൊരു പ്രധാനപ്പെട്ട സൈറ്റാണ് എന്ന നിലയ്​ക്ക്​, ലോകത്തെല്ലായിടത്തെയും മനുഷ്യര്‍ ഉറ്റുനോക്കുന്ന ഒരിടമായി, യാത്ര ചെയ്ത് എത്തേണ്ട ഒരിടമായി, മാസ്‌റ്റേഴ്‌സ് പ്രൊഡക്ഷനുകള്‍ കാണാന്‍ കഴിയുന്ന ഒരിടമായി തൃശൂരിനെ മാറ്റാന്‍ കഴിയണം.  ‘ചെറിയ തുക മുടക്കി കേരളത്തിലേക്കും തൃശൂരിലേക്കും വരൂ’ എന്നു പറയാന്‍ കഴിയണം. ഇത് നമുക്ക് സാധ്യമാണ്. നമ്മുടെ കള്‍ചറല്‍ ഫാബ്രിക്കില്‍ ഇത്തരമൊരു മാറ്റം കൊണ്ടുവരാന്‍ തീര്‍ച്ചയായും കഴിയും. ഇപ്പോള്‍, സര്‍ക്കാര്‍ ചെയ്യുന്നത് വലിയ കാര്യമാണ്. അഞ്ചോ ആറോ കോടി രൂപ ചെലവാക്കുന്നത് നല്ലതാണ്. ജനങ്ങള്‍ക്കുവേണ്ടി ഒരു ‘Right Festival' നടത്തൂ എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്ത ഒരുതരം ഇടപെടലുമുണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് എല്ലാതരത്തിലുമുള്ള ഇന്റലക്ച്വല്‍ ഇമാജിനേഷനുള്ള സാഹചര്യം ഫ്രീ ഹാന്‍ഡായി തന്നെ നല്‍കിയിട്ടുണ്ട്. അതുതന്നെ വലിയ സംഗതിയാണ്. ഒരു മലയാളി നാടക സംവിധായകന്‍ എന്ന നിലയ്ക്ക് അഭിമാനം തോന്നുന്ന സംഗതിയാണിത്. ചരിത്രപരമായി പ്രശ്‌നസങ്കീര്‍ണമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇങ്ങനെയെല്ലാം കേരളത്തില്‍ സംഭവിക്കുന്നത് എന്നോര്‍ക്കണം. കൊച്ചിന്‍ ബിനാലേ, ഐ.എഫ്.എഫ്.കെ, ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍- ഇതൊരു ഹാപ്പനിംഗ് സ്‌പെയ്‌സ് ആൻറ്​ പ്ലെയ്‌സ് ആണ്. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ബൗദ്ധികമായതും കലാപരമായതുമായ വിനിമയങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഇവിടെ നമുക്ക് മനുഷ്യ മനസ്സുകളെ revamp ചെയ്യാന്‍ കഴിയുന്നു എന്നത് പ്രധാനമാണ്. 

നാടകം എക്കാലത്തും ഒരു ഹൈബ്രിഡ് ഫോമാണ്. അവിടെ എഴുത്തുകാരുണ്ട്, ആര്‍ക്കിടെക്റ്റുകളുണ്ട്, ചിത്രകാരരുണ്ട്, സംഗീതജ്ഞരുണ്ട്, ഫിലിം മേക്കേഴ്‌സുണ്ട്. ഇവരുടെയെല്ലാം കോണ്‍ട്രിബ്യൂഷന്‍ ആവശ്യമുണ്ട്.

‘ഇറ്റ്​ഫോക്കി’ന്റെ തുടക്കകാലത്ത്​, ടിക്കറ്റിനെ ചൊല്ലിയും മറ്റും പലരും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മൈന്‍ഡ് സെറ്റ് മാറിയിട്ടുണ്ട്. ടിക്കറ്റെടുത്ത് കാണേണ്ടതുതന്നെയാണ് നാടകം എന്ന ബോധ്യം ഇപ്പോള്‍ ആളുകള്‍ക്കുണ്ട്.  ‘ഇറ്റ്‌ഫോക്ക്' നാടകക്കാരിലുണ്ടാക്കിയ മാറ്റം പോലെത്തന്നെ പ്രേക്ഷകരിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. നാടകം കാണുന്നവരുടെ എണ്ണവും കാഴ്ചയുടെ ക്വാളിറ്റിയും മാറിയിട്ടുണ്ടോ?

സ്വഭാവികമായും നമ്മള്‍ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. ഫെസ്റ്റിവലിലേക്ക് നല്ല നാടകങ്ങള്‍ വരുന്നു, അത് കാണാനാവശ്യമായ തിയറ്ററിടങ്ങളുണ്ടാക്കുന്നു. പീറ്റര്‍ ബ്രൂക്കിനെപ്പോലുള്ളവരുടെ നാടകങ്ങള്‍ വരുമ്പോള്‍ രണ്ട് ഷോകള്‍ ചെയ്തുകൊണ്ട് പരമാവധി പേരെ അത് കാണിക്കാന്‍ സംവിധാനമുണ്ടാക്കുന്നു. എല്ലാ പ്രധാന ഇന്റര്‍നാഷനല്‍ നാടകങ്ങളും രണ്ട് ഷോയാണ്. 

പ്രേക്ഷകര്‍ക്ക് സൗകര്യപ്രദമായി നാടകം കാണാന്‍ മറ്റു നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വെറും 60 രൂപയ്ക്കാണ് നാടകം കാണിക്കുന്നത്. ഈ പോസ്റ്റ് കോവിഡ് സമയത്ത്, 1500 രൂപ മുടക്കിയാല്‍ ഒരാള്‍ക്ക് എല്ലാ നാടകങ്ങളും കാണാവുന്ന സംവിധാനമുണ്ട്. എല്ലാവര്‍ക്കും നാടകം കാണാന്‍ അവസരവുമുണ്ടാക്കുന്നു. പകുതി ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങാം, പകുതി കൗണ്ടറിലും. പത്തു ശതമാനം ടിക്കറ്റ് ഷോ തുടങ്ങുന്നതിനുമുമ്പ് വാങ്ങാം. ഇന്ന് കാണിക്കുന്ന ഷോ ഒഴിവില്ലെങ്കില്‍ നാളെ കാണാം. രണ്ടു മാസം മുമ്പ് വെബ്‌സൈറ്റ് ഓപണായിരുന്നു.  ലോക നിലവാരത്തിലുള്ള, കണ്ടംപററി ഫീല്‍ ലുക്കുള്ള വെബ്‌സൈറ്റാണ്, അതിനുപുറകില്‍ മികച്ച ഡിസൈനര്‍മാരുണ്ട്. പിന്നെ, ഒരു മാസം മുമ്പ് ടിക്കറ്റ് വില്‍പന തുടങ്ങി. പൂര്‍ണമായ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. കാഴ്ചക്കാരെ പ്രതീക്ഷീച്ചുതന്നെയാണ് ഇതെല്ലാം ചെയ്തത്. ഒരു സര്‍പ്രൈസിംഗ് ഫാക്ടര്‍ കൊടുക്കാതെ മുന്‍കൂട്ടിയുള്ള തയാറെടുപ്പോടെ, യാത്രയടക്കം പ്ലാന്‍ ചെയ്ത് വരാനുള്ള സൗകര്യത്തിന്. ഏത് നാടകം എപ്പോള്‍ കാണണം എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ.  

ITFOK-india
Photo : Raneesh Raveendran

മറ്റു ആര്‍ട്ടിസ്റ്റുകളുമായുള്ള കൊളാബറേഷനാണ് മറ്റൊരു പ്രധാന സംഗതി. ഇത്തവണ, 25 മുതിര്‍ന്ന ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്ത്  ‘തെരുവര’ എന്നൊരു പരിപാടി നടത്തുന്നുണ്ട്. ഇത് ഗംഭീര പരിപാടിയാണ്. അന്‍പു വര്‍ക്കിയാണ് ക്യുറേറ്റര്‍. നാടകം എക്കാലത്തും ഒരു ഹൈബ്രിഡ് ഫോമാണ്. അവിടെ എഴുത്തുകാരുണ്ട്, ആര്‍ക്കിടെക്റ്റുകളുണ്ട്, ചിത്രകാരരുണ്ട്, സംഗീതജ്ഞരുണ്ട്, ഫിലിം മേക്കേഴ്‌സുണ്ട്. ഇവരുടെയെല്ലാം കോണ്‍ട്രിബ്യൂഷന്‍ ആവശ്യമുണ്ട്. അതുകൊണ്ടാണ് ചിത്രകാരരുടെ നേതൃത്വത്തില്‍ ഒരു മാസം മുഴുവന്‍ തൃശൂര്‍ നഗരത്തെ ചിത്രം വരയ്ക്കുന്ന ഒരിടമാക്കി മാറ്റിയത്. പടിഞ്ഞാറെക്കോട്ട പോലുള്ള സ്ഥലങ്ങളുടെ കഥയും ചരിത്രവും ഓര്‍ത്തെടുത്തുകൊണ്ട് വലിയ കാലിഗ്രാഫി ആര്‍ട്ടുകള്‍ ചെയ്യുകയാണ്. നഗരത്തെ പതുക്കെപ്പതുക്കെ ഫെസ്റ്റിവലിലേക്ക് പാകപ്പെടുത്തിയെടുക്കുകയാണ് ഇതിലൂടെ ചെയ്തത്. ഇത് എല്ലാവര്‍ഷവും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് പത്തുവര്‍ഷം ചെയ്തുകഴിഞ്ഞാല്‍, തൃശൂര്‍ നഗരത്തില്‍ ഒരു വര്‍ക്ക് പോലും ഇല്ലാത്ത ഇടമുണ്ടാകില്ല. കാരണം, ഈ വര്‍ക്കുകള്‍ സംരക്ഷിക്കപ്പെടും, അത് മൂടിക്കളയില്ല, അതാണ്, നഗരസഭയും മറ്റുമായുള്ള അഗ്രിമെന്റ്. അവരൊക്കെ ഇതില്‍ നന്നായി സഹകരിക്കുന്നുണ്ട്.

കലയിലേക്ക് നമ്മള്‍ വളരെ കണ്ടംപററിയായതും റവല്യുഷണറിയായതുമായ ഇമാജിനേഷന്‍ കൊണ്ടുവരും. എന്നാല്‍, ജീവിതത്തിനകത്ത് വളരെ പിന്തിരിപ്പന്മാരുമാണ്.

അതുപോലെ ലിജോ- റെനി, ബ്രിജേഷ് ഷൈജാല്‍ എന്നീ ആര്‍ക്കിടെക്റ്റുകള്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത രണ്ട് പവലിയന്‍ സ്‌പെയ്‌സുകള്‍ മറ്റൊരു സവിശേഷതയാണ്. ബ്രിജേഷാണ് ഡിസൈന്‍ ചെയ്ത ഓപണ്‍ എയര്‍ പവലിയന്‍ 1200-ഓളം പേര്‍ക്ക് ഇരിക്കാവുന്ന വലിയ തിയറ്ററാണ്. അവിടെയാണ് വലിയ പ്രൊഡക്ഷനുകള്‍ അവതരിപ്പിക്കുന്നത്. ആര്‍ക്കിടെക്ചറല്‍ ഇമാജിനേഷനിലൂടെ എങ്ങനെയാണ് സ്‌പെയ്‌സ് ഉപയോഗപ്പെടുത്തുന്നത് എന്ന് കാണിച്ചുതരികയാണിവിടെ. 

കലയിലേക്ക് നമ്മള്‍ വളരെ കണ്ടംപററിയായതും റവല്യുഷണറിയായതുമായ ഇമാജിനേഷന്‍ കൊണ്ടുവരും. എന്നാല്‍, ജീവിതത്തിനകത്ത് വളരെ പിന്തിരിപ്പന്മാരുമാണ്. നമ്മുടേത് ഒരു ബോറന്‍ ലൈഫായിരിക്കും. അതിന്റെ ഡിസൈന്‍, അണ്ടര്‍സ്റ്റാന്റിംഗ് ഓഫ് ദ സ്‌പെയ്‌സ്, ഫാബ്രിക്, കളര്‍ തുടങ്ങി എല്ലാ കാര്യത്തിലും. ഇങ്ങനെയൊരു എസ്‌തെറ്റിക് സെന്‍സുള്ള ഒരു സ്‌പെയ്‌സില്‍ ജീവിച്ചുകഴിഞ്ഞാല്‍, ജീവിതം കുറച്ചുകൂടി മെച്ചമാണ് എന്നു തോന്നും. അതിനുള്ള ഒരു പരിശ്രമം കൂടിയാണിത്. പ്രാപ്തിയുള്ള ആര്‍ട്ടിസ്റ്റുകളും ആര്‍ക്കിടെക്റ്റുകളുമായി സഹകരിച്ച് ഇടങ്ങളെയും പരിസരങ്ങളെയും പുതിയൊരു ട്രാന്‍സ്‌ഫോര്‍മേഷനിലേക്ക് കൊണ്ടുപോകുകയാണ്. ഇങ്ങനെയൊരു സ്ഥലത്തെ ഇങ്ങനെയൊക്കെ ട്രാന്‍സ്‌ഫോം ചെയ്യാം എന്ന് കാണിച്ചുകൊടുക്കുകയാണ്. അത്, അക്കാദമി ഭാരവാഹികളെ സംബന്ധിച്ചുകൂടിയുള്ള ഒരു തിരിച്ചറിവാണ്.

അതുപോലെ, പവലിയന്‍ ഗ്യാലറിയുണ്ടാക്കിയിട്ടുള്ളത് ആര്‍ട്ടിസ്റ്റ് സുജാതന്റെ 45ഓളം ആര്‍ട്ട് വര്‍ക്കുകളുപയോഗിച്ചാണ്. ലിജോ- റെനിയാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതൊരു അമേസിംഗ് സ്‌പെയ്‌സ് ആണ്. ബ്രിജേഷ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതും ഗംഭീര പവലിയനാണ്. 

 Raneesh Raveendran
ദീപൻ ശിവരാമൻ / Photo : Raneesh Raveendran

പബ്ലിക് ലക്ചര്‍ സീരീസാണ് മറ്റൊരു പ്രധാന സംഗതി. വിവിധ മേഖലകളിലെ ആളുകള്‍ ഇവിടേക്കു വരണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിപാടി. പ്രൊഫ. ആരി സിതാസ്, ഗണേഷ് എന്‍. ഡെവി, സച്ചിദാനന്ദന്‍, എം.എ. ബേബി, ഡോ. കെ.പി. ശങ്കരന്‍, ഗുലാം മുഹമ്മദ് ഷെയ്ക്ക്, മുകുന്ദ് റാവു, പ്രകാശ് രാജ് തുടങ്ങി വ്യത്യസ്ത തുറകളിലുള്ളവര്‍ ഇവിടെ വന്ന് സംസാരിക്കുന്നു. അവരുടേത് പബ്ലിക് ഓപണ്‍ ഫോറമാണ്, ഇവിടെ ഒരു പാരാമീറ്റവും വച്ചിട്ടില്ല. അവര്‍ ജനങ്ങളുമായി സംസാരിക്കുകയാണ്. ഇതിനൊപ്പമാണ് ഇന്റര്‍നാഷനല്‍ തിയറ്റര്‍ കൊളോക്വിയം. നീലം മാന്‍സിംഗ് ചൗധരി, റസ്തം ബറൂച്ച, സുന്ദര്‍ സരുകായ്, ശിവ് വിശ്വനാഥന്‍, കിര്‍ത്തി ജെയിന്‍, അഷിഷ് സെന്‍ ഗുപ്ത തുടങ്ങിയവര്‍ ഈ വേദിയില്‍ വരുന്നുണ്ട്. 

ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് തിയറ്റര്‍ സ്‌കൂള്‍സ് (IFTS) എന്ന പരിപാടിയും ‘ഇറ്റ്‌ഫോക്കി'ന്റെ ഇമാജിനേഷനാണ്. ഒരു പെഡഗോജി ഫെസ്റ്റിവല്‍ എന്ന നിലക്കാണ്, ഡ്രാമ സ്‌കൂളിന്റെ നേതൃത്വത്തില്‍ അത് സംഘടിപ്പിച്ചത്. എന്താണ് തിയറ്റര്‍ പെഡഗോജിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, ലോകത്തെ തിയറ്റര്‍ സ്‌കൂളുകളില്‍ എന്തൊക്കെയാണ് പഠിപ്പിക്കുന്നത്, അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, എന്ത് രാഷ്ട്രീയമാണ് കലയില്‍ അവര്‍ കൈകാര്യം ചെയ്യുന്നത്, ഈ പുതിയ ലോകത്ത് കല ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നത് എങ്ങനെയാണ്, എന്തു കലയാണ് അവര്‍ ചെയ്യേണ്ടത്, ചരിത്രത്തില്‍നിന്ന് എന്താണ് പഠിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് തിയറ്റര്‍ സ്‌കൂള്‍ ഫെസ്റ്റിവലില്‍ കൈകാര്യം ചെയ്തത്. 12-ഓളം തിയറ്റര്‍ സ്‌കൂളുകളില്‍നിന്ന് 150ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിലുള്ള പെഡഗോഗ്‌സ് വന്ന് വര്‍ക്ക്‌ഷോപ്പുകള്‍ നടത്തി. എല്ലാ വര്‍ഷവും ഇത് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇത്തവണത്തെ മറ്റൊരു ട്രെന്‍ഡായിരുന്നു വര്‍ക്ക്‌ഷോപ്പ് സീരീസ്. കുടുംബശ്രീയും കിലയുമായും സഹകരിച്ച് സ്ത്രീകളായ 51 തിയറ്റര്‍ മേക്കേഴ്‌സ് പങ്കെടുത്ത ആറു ദിവസത്തെ തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ്. 

അന്താരാഷ്ട്ര ഫെസ്റ്റിവലിനോട് കിടപിടിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, തിയറ്റര്‍ മേക്കേഴ്‌സ്, കാഴ്ചക്കാര്‍ എന്നിവരുടെ ഒരു ഇടമായി ഇത്തവണത്തെ ‘ഇറ്റ്‌ഫോക്കി'നെ മാറ്റാന്‍ കഴിഞ്ഞു.

ആര്‍ട്ടിസ്റ്റ് ഇന്‍ കോണ്‍വര്‍സേഷന്‍ എന്ന സെഷനില്‍ 15 സംവാദങ്ങള്‍ നടന്നു. കേരളത്തിലെ നാടക സംവിധായകരും നടന്മാരും ഇവിടെയെത്തുന്ന ഗ്രൂപ്പുകളുമായും സംവിധായകരുമായും നാടകപ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തുന്ന ഈവന്റാണിത്. എങ്ങനെയാണ് അവര്‍ കല ഉണ്ടാക്കുന്നത്, അതിന്റെ സോഷ്യോ-  പൊളിറ്റിക്കല്‍ കോണ്‍ടെക്‌സ്റ്റ് എന്താണ്, അവരുടെ ഇക്കോണമി എന്താണ്, അവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, അവരുടെ തിയറ്റര്‍ എങ്ങനെയാണ് റണ്‍ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കുകയാണ്. 

ഇങ്ങനെ ഒരു അന്താരാഷ്ട്ര ഫെസ്റ്റിവലിനോട് കിടപിടിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, തിയറ്റര്‍ മേക്കേഴ്‌സ്, കാഴ്ചക്കാര്‍ എന്നിവരുടെ ഒരു ഇടമായി ഇത്തവണത്തെ ‘ഇറ്റ്‌ഫോക്കി'നെ മാറ്റാന്‍ കഴിഞ്ഞു.

ഇത്തവണ കേരള തിയറ്ററിന്റെയും മറ്റ് ഭാഷകളിലെ തിയറ്ററുകളുടെയും സാന്നിധ്യം എങ്ങനെയാണ് പ്രകടമാകുന്നത്?

ലോകത്തെ പ്രധാന നാടകങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്കും നാടകക്കാര്‍ക്കും പരിചയപ്പെടുത്തുക എന്നതാണ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ എന്ന നിലയ്ക്ക് ‘ഇറ്റ്‌ഫോക്കി'ന്റെ അടിസ്ഥാന ദൗത്യം. ലോക- ഇന്ത്യന്‍- മലയാള നാടകങ്ങള്‍ തമ്മില്‍ ഒരു കോണ്‍വര്‍സേഷന്‍ സാധ്യമാകണം. കലാകാരരും കാഴ്ചക്കാരും മാറിവരുന്ന ഒരു ലോകത്ത് കല ആസ്വദിക്കാന്‍ പ്രാപ്തരാക്കുന്ന ഒരു ഇടപെടല്‍.

കേരളത്തില്‍നിന്ന് 65-ഓളം നാടകങ്ങളാണ് എന്‍ട്രിയായി വന്നത്. ഇന്ത്യയില്‍നിന്ന് 155 ഓളം നാടകങ്ങൾ. 60 ഓളം വിദേശ എന്‍ട്രികളുമുണ്ടായിരുന്നു. കേരളമൊഴിച്ചുള്ള ഇന്ത്യയിലെ മറ്റിടങ്ങളില്‍നിന്ന് പത്ത് നാടകങ്ങളും കേരളത്തില്‍നിന്ന് നാല് നാടകങ്ങളുമാണ് സെലക്റ്റ് ചെയ്തത്. വിദേശത്തുനിന്ന് പത്തെണ്ണവും. 12 വിദേശ നാടകങ്ങള്‍, എട്ട് ഇന്ത്യന്‍ നാടകങ്ങള്‍, നാല് കേരള നാടകങ്ങള്‍ എന്നായിരുന്നു പ്ലാന്‍ ചെയ്തത്. മൂന്നുവര്‍ഷം ഫെസ്റ്റിവല്‍ നടക്കാതിരുന്നുവല്ലോ. ഈ കാലയളവില്‍ നല്ല നാടകങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് മികച്ച എന്‍ട്രികളാണുണ്ടായിരുന്നത്. അതിനാല്‍, കാണിക്കേണ്ട നാടകങ്ങള്‍ തന്നെ സെലക്റ്റ് ചെയ്യാൻ അവസരമുണ്ടായി. ഒത്തുതീര്‍പ്പുകള്‍ വേണ്ടിവന്നില്ല. 

Itfok-
Photo : theatrefestivalkerala.com

എന്നാല്‍, ഫെസ്റ്റിവല്‍ എന്ന നിലയ്ക്ക് ചില മാനദണ്ഡങ്ങള്‍ വേണമല്ലോ. ഉദാഹരണത്തിന് പീറ്റര്‍ ബ്രൂക്കിന്റെ പ്രൊജക്റ്റ് രണ്ടു തവണ കാണിക്കണമെങ്കില്‍ വേദി വേണമല്ലോ. അതുകൊണ്ട്, ക്വാളിറ്റി തിയറ്റര്‍ അര്‍ഥവത്തായ തരത്തില്‍ ഉപയോഗപ്പെടുത്തുക എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയത്. അതുപോലെ, നാടകക്കാര്‍ക്ക് വര്‍ക്ക് ചെയ്യാന്‍ സ്‌പെയ്‌സ് കൊടുക്കുക, അക്കമഡേഷനും ഭക്ഷണവും കൊടുക്കുക, എല്ലാവരെയും തുല്യരായി പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം പ്രധാനമാണ്. അത്തരത്തില്‍, എല്ലാ തലങ്ങളിലുമുള്ള ശ്രദ്ധാപൂര്‍വമായ ഒരു പ്രോഗ്രാം പ്ലാനിങ് ഇത്തവണയുണ്ടായിട്ടുണ്ട്.  

ദീപൻ ശിവരാമൻ

നാടക സംവിധായകന്‍, സീനോഗ്രാഫര്‍. ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പെര്‍ഫോര്‍മന്‍സ് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍. ഒ.വി. വിജയന്റെ  ‘ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ നാടകാവിഷ്‌കാരം നടത്തി. സ്‌പൈനല്‍ കോഡ്, പിയര്‍ ജിൻറ്​, ഉബു റോയ്, ദി കാബിനറ്റ് ഓഫ് ഡോ. കാലിഗിരി തുടങ്ങിയവ സംവിധാനം ചെയ്ത പ്രധാന നാടകങ്ങള്‍.  ‘ഇറ്റ്‌ഫോക്ക്- 2023'ന്റെ ക്യുറേറ്റര്‍.
 

മനില സി. മോഹന്‍

ട്രൂകോപ്പി എഡിറ്റർ ഇന്‍ ചീഫ്