Wednesday, 29 March 2023

ശാസ്​ത്രവും ഭരണകൂടവും


Text Formatted

ചൈനയിലെ ‘കോവിഡ്​ സംഘർഷം’

ശാസ്ത്രീയ സമീപനവും ഭരണകൂട നിലപാടും തമ്മിലെ വൈരുദ്ധ്യങ്ങള്‍

‘സീറോ’ പദവി കൈവരിക്കാന്‍ കഴിയാത്ത രോഗമാണ് കോവിഡ് എന്ന പ്രാഥമിക ശാസ്​ത്രീയതത്വം നിരാകരിച്ചുകൊണ്ടുള്ള നയങ്ങളാണ് ചൈനീസ് അധികൃതര്‍ പിന്തുടര്‍ന്നത്. വാക്‌സിന്‍ ലഭ്യമല്ലാതിരുന്ന കാലത്തെ വ്യാപകമായ ലോക്ക്​ഡൗണ്‍, ടെസ്റ്റിംഗ് തുടങ്ങിയ നടപടികള്‍ക്ക് ഈ ഘട്ടത്തില്‍ യാതൊരു പ്രസക്തിയുമില്ലായിരുന്നു. ചൈനീസ് വാക്‌സിന്റെ ഫലസിദ്ധിയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.

Image Full Width
Image Caption
ഡോ. ബി. ഇക്​ബാൽ
Text Formatted

കെ. കണ്ണൻ: മൂന്നുവര്‍ഷം മുമ്പ് കോവിഡ് അതിന്റെ സംഹാരാത്മകമായ സഞ്ചാരം തുടങ്ങിയ ചൈന, ഇപ്പോള്‍ രോഗവ്യാപനത്തിന്റെയും പ്രതിരോധ സംവിധാനങ്ങളോടുള്ള സാമൂഹിക പ്രതികരണത്തിന്റെയും കാര്യത്തില്‍ നിര്‍ണായക ഘട്ടത്തിലാണ് എന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് അവിടെ കോവിഡ് നിരക്ക് കുത്തനെ ഉയർന്നത്​? ചൈനിസ് സര്‍ക്കാറിന്റെ  ‘സീറോ കോവിഡ് നയ'ത്തിന് ശാസ്ത്രീയ തകരാറുകളുണ്ടായിരുന്നുവോ? എന്തുകൊണ്ടാണ്, ഈ നയം വന്‍തോതിലുള്ള പൊതുജനരോഷത്തിന് കാരണമായത്?

ഡോ. ബി. ഇക്ബാൽ: മഹാമാരികളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ശാസ്ത്രീയസമീപനവും ഭരണകൂട നിലപാടുകളും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായതിന്റെ  നിരവധി അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. അതിന്റെ മറ്റൊരു ഉദാഹാരണമാണ് ചൈനയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ എയ്ഡ്‌സ് വന്‍തോതില്‍ വ്യാപിച്ചിരുന്ന കാലത്ത് പ്രസിഡണ്ട് തംബോ എംബക്കി, എയ്ഡ്‌സ്, വൈറസ് മൂലം പകരുന്ന രോഗമാണെന്ന ശാസ്​ത്രീയസത്യം തള്ളിക്കളയുകയാണുണ്ടായത്.  എയ്ഡ്‌സ് വംശീയവാദികള്‍ പ്രചരിപ്പിക്കുന്ന വെറുമൊരു യൂറോകേന്ദ്രീകൃത കെട്ടുകഥ മാത്രമാണെന്നാണ് എംബക്കി വാദിച്ചത്. രാജ്യത്ത് ഒരാള്‍ പോലും എയ്ഡ്‌സ് വന്ന് മരിച്ചിട്ടില്ലെന്നുപറഞ്ഞ്, മരണകാരണമായി എയ്ഡ്‌സ് രേഖപ്പെടുത്താന്‍ പാടില്ലെന്ന് എംബക്കി ഉത്തരവ് പുറപ്പെടുവിച്ചു. എയ്ഡ്‌സ് രോഗികളെ സര്‍ക്കാര്‍ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ബന്ധിച്ച എംബക്കി അതിന് വിസമ്മതിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ  പിരിച്ചുവിട്ടു. എംബക്കിയുടെ നിഷേധാത്മക സമീപനമൂലം കുറഞ്ഞത് അഞ്ചുലക്ഷം പേരെങ്കിലും എയ്ഡ്‌സ് മൂലം മരിച്ചിരിക്കാമെന്ന് കണക്കാക്കുന്നു. 

കോവിഡ് കാലത്ത് ആദ്യഘട്ടത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ്  ട്രംപും സമാന അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്.  തന്റെ ശാസ്‌ത്രോപദേശകരുടെ നിര്‍ദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് കോവിഡിനെ ചൈനീസ് സൃഷ്ടിയെന്നുപറഞ്ഞ്​ ലഘൂകരിച്ച് കാണുകയുകയും പൊതുപരിപാടികളില്‍ മാസ്‌ക് ധരിക്കാതെ  പ്രത്യക്ഷപ്പെടുകയും ചെയ്തു.  ഏറ്റവുമധികം രോഗവ്യാപനവും മരണവും നടന്ന രാജ്യമായി, വൈദ്യമേഖല ഏറ്റവുമധികം വികാസം പ്രാപിച്ച, അമേരിക്ക മാറി. 

donald-trump
ഡോണൾഡ് ട്രംപ്. തന്റെ ശാസ്‌ത്രോപദേശകരുടെ നിര്‍ദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് കോവിഡിനെ ചൈനീസ് സൃഷ്ടിയെന്നുപറഞ്ഞ്​ ലഘൂകരിച്ച് കാണുകയാണ്​ ട്രംപ്​ ചെയ്​തത്​.

ചൈനയില്‍ നിന്ന്​ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് വാര്‍ത്തകളും ഏതാണ്ടിതേ പാതയിലൂടെ ഭരണാധികാരികള്‍ സഞ്ചരിക്കുന്നതിന്റെ ഉദാഹരണങ്ങളില്‍ അവസാനത്തേതായി കരുതേണ്ടിയിരിക്കുന്നു. യാതൊരു ശാസ്​ത്രീയാടിത്തറയുമില്ലാത്ത  ‘സീറോ കോവിഡ്’ എന്ന ലക്ഷ്യം മുന്നോട്ടുവച്ച് ചൈനയിലെ ജനങ്ങളെ ദുരിതത്തിലാഴ്​ത്തുകയും നിരവധി നഗരങ്ങള്‍ ലോക്ക് ഡൗണിനു വിധേയമാക്കുകയും നിര്‍ബന്ധിത ടെസ്റ്റിംഗ് നടത്തിയതുമാണ് പ്രശ്‌നം വഷളാക്കിയത്. പ്രാദേശിക രോഗമായി (Endemic Disease) മാറിക്കഴിഞ്ഞ കോവിഡിന്റെ ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കുകയും മാസ്‌ക് ധാരണവും മറ്റു പെരുമാറ്റചട്ടങ്ങളും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടിയിരുന്നത്. അതിനു ശ്രമിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ലോക്ക് ഡൗണ്‍ വ്യാപകമായി നടപ്പിലാക്കിയതാണ് രോഗവ്യാപനത്തിന്​ കാരണമായത്.  

കോവിഡ് മൂലം കേരളത്തിലെ രോഗാതുരത ഇനിയും വര്‍ധിക്കാന്‍  സാധ്യതയുണ്ട്. പ്രമേഹം പോലെ ഇപ്പോള്‍ തന്നെ കൂടുതലായി കാണപ്പെടുന്ന രോഗങ്ങള്‍ക്ക് കോവിഡാനന്തരം ചിലരെങ്കിലും വിധേയരാവാന്‍ സാധ്യതയുണ്ട്. 

മനുഷ്യര്‍ സ്ഥിരാതിഥേയരായ (Definitive Host) രോഗാണുക്കളെ മാത്രമേ നമുക്ക് വാക്‌സിനേഷനിലൂടെ പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയൂ. വസൂരി, പോളിയോ എന്നീ വൈറസുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. അതുകൊണ്ടാണ്​ വസൂരിരോഗം 1980 കളില്‍ നിര്‍മാര്‍ജ്ജനം (Zero Pox) ചെയ്യപ്പെട്ടത്.  ഇപ്പോള്‍ പോളിയോ  അഫ്ഗാനിസ്​താന്റെ ചില ഭാഗങ്ങളില്‍ നിന്നൊഴികെ  നിര്‍മാജ്ജനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രോഗങ്ങള്‍ പോലെ  ‘സീറോ’ പദവി കൈവരിക്കാന്‍ കഴിയാത്ത രോഗമാണ് കോവിഡ് എന്ന പ്രാഥമിക ശാസ്​ത്രീയതത്വം നിരാകരിച്ചുകൊണ്ടുള്ള നയങ്ങളാണ് ചൈനീസ് അധികൃതര്‍ പിന്തുടര്‍ന്നത്. അതുപോലെ വാക്‌സിന്‍ ലഭ്യമല്ലാതിരുന്ന കാലത്തെ വ്യാപകമായ ലോക്ക്​ഡൗണ്‍, ടെസ്റ്റിംഗ് തുടങ്ങിയ നടപടികള്‍ക്ക് ഈ ഘട്ടത്തില്‍ യാതൊരു പ്രസക്തിയുമില്ലായിരുന്നു. വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാതെ ലോക്ക്​ഡൗണിലും നിര്‍ബന്ധിത ടെസ്റ്റിംഗിലുമാണ് ചൈനീസ് ഭരണാധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.  പ്രായാധിക്യമുള്ളവര്‍ക്കുപോലും ചൈനയില്‍  വേണ്ടത്ര വാക്‌സിനേഷന്‍ നല്‍കിയിരുന്നില്ല.  ഡിസംബര്‍ ആദ്യം ലഭിച്ച വിവരമനുസരിച്ച് 60 വയസ്സിന് മുകളിലുള്ള 250 ദശലക്ഷം പേരില്‍ 68 ശതമാനം പേര്‍ക്കും 30 ദശലക്ഷം വരുന്ന 80 വയസ്സിനുമുകളിലുള്ളവരില്‍ 40 ശതമാനം പേര്‍ക്കും മാത്രമാണ് മൂന്ന് ഡോഡ് വാക്‌സിനേഷനും ലഭിച്ചത്. ചൈനീസ് വാക്‌സിന്റെ ഫലസിദ്ധിയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. 

small-pox.
ദക്ഷിണാഫ്രിക്കയിൽ പ്രസിഡണ്ട് തംബോ എംബക്കിയുടെ നിഷേധാത്മക സമീപനമൂലം കുറഞ്ഞത് അഞ്ചുലക്ഷം പേരെങ്കിലും എയ്ഡ്‌സ് മൂലം മരിച്ചിരിക്കാമെന്ന് കണക്കാക്കുന്നു.

ചൈനയുടെ അനുഭവത്തിൽനിന്ന്​ ഇന്ത്യക്ക്​ എന്തു പാഠമാണ്​ പഠിക്കാനുള്ളത്​?

ഇന്ത്യ ശരിയായ പാതയിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നത്. വാക്‌സിനേഷന്‍ കവറേജിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ മുന്നിലാണ്. ആദ്യഘട്ടത്തില്‍ പൊടുന്നനവേ രാജ്യവ്യാപകമായി ലോക്ക്​ഡൗണ്‍ പ്രഖ്യാപിച്ച്​, പ്രത്യേകിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ജോലിനോക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ കഷ്ടപ്പെടുത്തിയതാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.  

ചൈനയിലെ കണക്ക് നോക്കിയാല്‍, ഡിസംബര്‍ 11ന്​ പുതുതായി രോഗബാധ കണ്ടെത്തിയത് 8838 പേരിലാണ്. ഇവരില്‍ 2240 പേര്‍ക്കുമാത്രയാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്., ബാക്കി 6598 പേര്‍ക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല. ലക്ഷണം ഇല്ലാതിരിക്കുന്നത്, കോവിഡിന്റെ പുതിയ സ്വഭാവ സവിശേഷതയാണോ?

ആദ്യം മുതല്‍ തന്നെ ഏതാണ്ട് നാല്പത് ശതമാനം വരെ രോഗബാധിതര്‍ രോഗലക്ഷണം കാട്ടിയിരുന്നില്ല. ഇക്കാര്യം അപ്പോള്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. പുതിയ വകഭേദങ്ങളുടെ (ഡല്‍റ്റ, ഒമിക്രോണ്‍) വ്യാപന നിരക്ക് കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണ്. 

migrant
ലോക്ക്​ഡൗണിൽ, വിവിധ സംസ്ഥാനങ്ങളില്‍ ജോലിനോക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ കഷ്ടപ്പെടുത്തിയതാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. / Photo : ruralindiaonline.org

കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ നാം കഴിഞ്ഞ ഘട്ടങ്ങളില്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍- ലോക്ക്ഡൗണ്‍ അടക്കമുള്ളവ - പുതിയ വ്യാപന സാഹചര്യങ്ങളില്‍ അതേപടി പിന്തുടരാന്‍ കഴിയില്ല എന്നാണല്ലോ ചൈനയിലെ ജനങ്ങളുടെ പ്രതികരണം തെളിയിക്കുന്നത്. അതുകൊണ്ട്, കോവിഡിനുവേണ്ടി ഇനി സ്വീകരിക്കാവുന്ന, ശാസ്ത്രീയവും ജനകീയവുമായ, പ്രതിരോധമാര്‍ഗങ്ങളുടെ സ്വഭാവം എന്തായിരിക്കണം ? 

കോവിഡ് ഒരു പ്രാദേശിക രോഗമായി (എന്‍ഡമിക്ക് രോഗം) എച്ച് 1 എന്‍ 1 തുടങ്ങിയ മുന്‍കാല മഹാമാരികളെ പോലെ സമൂഹത്തില്‍ നിലനില്‍ക്കും. വാക്‌സിൻ സ്വീകരിച്ചും അവശ്യമായ സന്ദര്‍ഭങ്ങളിലെങ്കിലും (ആള്‍ക്കൂട്ട സന്ദര്‍ഭങ്ങള്‍, അടഞ്ഞ ശീതീകരിച്ച മുറികള്‍) മാസ്‌ക് ഉപയോഗിച്ചും രോഗം നിയന്ത്രിച്ച് നിര്‍ത്തുകയാണ് വേണ്ടത്. പ്രായാധിക്യമുള്ളവരും മറ്റ് അനുബന്ധരോഗങ്ങളുള്ളവരും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി പിന്തുടരണം. അധികം വൈകാതെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കാനാവുന്ന പുതിയ വാക്‌സിന്‍ ലഭ്യമാവുമെന്നാണ് കരുതപ്പെടുന്നത്.

കോവിഡിനെതിരെ ആഗോളതലത്തില്‍ തന്നെ സ്വീകരിച്ച പൊതുജനാരോഗ്യനടപടികള്‍ മറ്റു രോഗങ്ങളുടെ വ്യാപനത്തെ എങ്ങനെയാണ് സ്വാധീനിച്ചത്? പ്രത്യേകിച്ച് ഇന്‍ഫ്ളൂവന്‍സ, ന്യൂമോണിയ തുടങ്ങിയവയുടെ കാര്യത്തില്‍.

കോവിഡ് പെരുമാറ്റചട്ടങ്ങളിലൂടെ, പ്രത്യേകിച്ചും അവശ്യസാഹചര്യങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നതുവഴി, വായുവിലൂടെ പകരുന്ന ഫ്ലൂ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുമെന്ന ധാരണ പൊതുസമൂഹം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഇനിയും ഏതുനിമിഷവും മറ്റൊരു മഹാമാരി പൊട്ടിപുറപ്പെടാമെന്ന ബോധവും ഉയര്‍ന്നുവന്നിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നിരീക്ഷണസംവിധാനങ്ങള്‍ (Infectious disease  Monitoring and Surveillance system​​​​​​​) ശക്തിപ്പെടുത്തേണ്ടതാണെന്ന ജാഗ്രത ശക്തിപ്പെട്ടിട്ടൂണ്ട്.  

ചില ദിനപ്പത്രങ്ങള്‍ പോലും വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. പിഞ്ചുകുട്ടികളുടെ ജീവനാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധതയെ തുറന്നുകാട്ടുകയും വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യണം. 

കേരളത്തില്‍ സമീപകാലത്ത്, കുട്ടികളിലടക്കം വലിയ തോതില്‍ പനി പടരുന്നുണ്ട്​. പലര്‍ക്കും കോവിഡിനേക്കാള്‍ രൂക്ഷമായ ചുമയും ശ്വാസതടവുമാണ് അനുഭവപ്പെട്ടത്. കോവിഡുമായി ഇതിന് ബന്ധമുണ്ടോ?

കോവിഡ് കാലത്ത് വിദ്യാലയങ്ങളും മറ്റും അടച്ചിട്ടിരുന്നതിനാല്‍ കുട്ടികള്‍ പതിവായി സ്‌കൂള്‍ തുറക്കുന്ന അവസരത്തിലും മഴക്കാലത്തും മറ്റും സ്ഥിരമായി ഉണ്ടായിക്കൊണ്ടിരുന്ന പകര്‍ച്ചപ്പനിയില്‍ നിന്നും മറ്റും മുക്തരായിരുന്നു. കുട്ടികളുടെ ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥ വേണ്ടത്ര പ്രവര്‍ത്തിക്കേണ്ടിവന്നിരുന്നില്ല. ഈ സ്ഥിതിവിശേഷത്തെ  രോഗപ്രതിരോധകടം (Immune Debt) എന്ന് വിളിക്കാറുണ്ട്. സ്വാഭാവികമായും രോഗപ്രതിരോധവ്യവസ്ഥ വേണ്ടത്ര സജ്ജമല്ലാതിരുന്നതിനാല്‍ സ്‌കൂള്‍ തുറന്നതോടെ പകര്‍ച്ചപ്പനിയും മറ്റും വ്യാപിച്ചു. ഇതില്‍ അമിതമായി ഭയപ്പെടേണ്ടതില്ല. കുട്ടികളും മാസ്‌ക് അവശ്യാനുസരണം ഉപയോഗിക്കുകയും ശുചിത്വം പാലിക്കുകയും കോവിഡ് കാലത്ത് വിട്ടുപോയ വാക്‌സിന്‍ സ്വീകരിക്കയും ചെയ്താല്‍ ഇത്തരം പനിയും മറ്റും നിയന്ത്രിക്കാനാവും. 

അതുപോലെ, മലപ്പുറം ജില്ലയില്‍ വ്യാപകമായി അഞ്ചാം പനി പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പ്രത്യേകമായ കാരണമുണ്ടോ?

വാക്‌സിനെതിരെ വലിയതോതില്‍ പ്രചാരണം നടക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡിഫ്തീരിയ മൂലമുള്ള മരണം പോലും നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചില ദിനപ്പത്രങ്ങള്‍ പോലും വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. പിഞ്ചുകുട്ടികളുടെ ജീവനാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധതയെ തുറന്നുകാട്ടുകയും വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യണം. 

UNICEF
കോവിഡ് പെരുമാറ്റചട്ടങ്ങളിലൂടെ, പ്രത്യേകിച്ചും അവശ്യസാഹചര്യങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നതുവഴി, വായുവിലൂടെ പകരുന്ന ഫ്ലൂ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുമെന്ന ധാരണ പൊതുസമൂഹം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. Photo : UNICEF

കേരളം രോഗാതുരത കൂടുതലുള്ള സംസ്ഥാനമാണല്ലോ. കോവിഡ് വ്യാപനം, കേരളത്തിന്റെ വര്‍ധിച്ച രോഗാതുരതയെ എങ്ങനെയാണ് ബാധിച്ചത്?

കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ പ്രമേഹം തുടങ്ങിയ പകര്‍ച്ചേതര രോഗങ്ങളെ കൂടുതല്‍ രൂക്ഷമാക്കും. അതുപോലെ കോവിഡുമൂലം അപകടസാധ്യതയുള്ളവര്‍ പകര്‍ച്ചേതര രോഗങ്ങള്‍ ഉള്ളവരുമാണ്. കേരളത്തില്‍ കോവിഡ് കാലത്ത് പ്രായാധിക്യമുള്ളവര്‍ റിവേഴ്സ് ക്വാറന്റൈന്‍ പാലിച്ചതുകൊണ്ടും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായതുകൊണ്ടും കോവിഡ് മൂലമുള്ള രോഗാതുരത കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോവിഡ് ബാധിച്ചവരെ പിന്നീട്  ‘പോസ്റ്റ് കോവിഡ് സിന്‍ഡ്രോം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങള്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവരെ പരിചരിക്കാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും കോവിഡ് മൂലം കേരളത്തിലെ രോഗാതുരത ഇനിയും വര്‍ധിക്കാന്‍  സാധ്യതയുണ്ട്. പ്രമേഹം പോലെ ഇപ്പോള്‍ തന്നെ കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന രോഗങ്ങള്‍ക്ക് കോവിഡാനന്തരം ചിലരെങ്കിലും വിധേയരാവാന്‍  (Covid induced diabetes) സാധ്യതയുണ്ട്. ഇതെല്ലാം  കണക്കിലെടുത്ത് കോവിഡാനന്തര രോഗനിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്തേണ്ടതാണ്.

vaccin
കുട്ടികളില്‍ കുറഞ്ഞതോതിലാണെങ്കിലും കോവിഡാനന്തര രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഗൗരവമായ പരിഗണന അര്‍ഹിക്കുന്ന മേഖലയാണിത്. Photo : UNICEF

സെന്‍ട്രല്‍ ജപ്പാനിലെ നഗോയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടേതായി ഒരു പഠനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കുട്ടികളുടെ പില്‍ക്കാല ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് അത് പറയുന്നു. മസിലുകളുടെ പ്രവര്‍ത്തനം, ശരീരം ബാലന്‍സ് ചെയ്യാനുള്ള ശേഷി, നടത്തത്തിന്റെ വേഗത തുടങ്ങിയ കായിക പ്രവര്‍ത്തനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത് എന്ന് ഈ പഠനം പറയുന്നു. പ്രത്യേക പ്രായവിഭാഗങ്ങളില്‍, പ്രത്യേകിച്ച് കുട്ടികളിലും പ്രായമുള്ളവരിലും സവിശേഷമായ എന്ത് ശാരീരിക പ്രത്യാഘാതങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഉണ്ടായിട്ടുള്ളത്?

കോവിഡാനന്തര രോഗങ്ങളെ സംബന്ധിച്ച്​ കൂടുതല്‍ പഠനങ്ങള്‍ നടന്ന് വരികയാണ്. എങ്കിലും പൊതുവില്‍ പറഞ്ഞാല്‍ മുതിര്‍ന്ന പൗരരിലും മറ്റു രോഗങ്ങളുള്ളവരിലുമാണ് കൂടുതലായി പോസ്റ്റ് കോവിഡ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. കുട്ടികളില്‍ കുറഞ്ഞതോതിലാണെങ്കിലും  കോവിഡാനന്തര രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഗൗരവമായ പരിഗണന അര്‍ഹിക്കുന്ന മേഖലയാണിത്. ഒരു പുതിയ വൈറസുണ്ടാക്കിയ പുതിയ രോഗമെന്ന നിലയില്‍ കോവിഡിനെ ഇനിയും കൂടുതലായി പഠനവിധേയമാക്കേണ്ടതുണ്ട്. 

covid.
രോഗപ്രതിരോധവ്യവസ്ഥ വേണ്ടത്ര സജ്ജമല്ലാതിരുന്നതിനാല്‍ സ്‌കൂള്‍ തുറന്നതോടെ പകര്‍ച്ചപ്പനിയും മറ്റും വ്യാപിച്ചു. ഇതില്‍ അമിതമായി ഭയപ്പെടേണ്ടതില്ല. Photo : UNICEF

കോവിഡിന്റെ തീവ്രവ്യാപനത്തിനുശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന പലതരം പോളറൈസേഷനുകളെക്കുറിച്ച് ആഗോളതലത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതിലൊന്ന്, കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ വന്‍തോതില്‍ മാറ്റിനിര്‍ത്തപ്പെടലിന്, എക്സ്‌ക്ലൂഷന്, വിധേയമാകുന്നു എന്നതാണ്. കോവിഡ് സമയത്ത് താങ്കള്‍ തന്നെ ഉന്നയിച്ചിട്ടുള്ള  ‘വാക്സിന്‍ വംശീയത’ എന്ന പ്രശ്​നത്തിന്റെ കോവിഡാനന്തര സാമൂഹിക പ്രത്യാഘാതമായി ഇതിനെ വിലയിരുത്താം എന്നു തോന്നുന്നു. സാമൂഹികമായ ഇത്തരം പോളറൈസേഷനുകളെ ശാസ്ത്രീയമായി എങ്ങനെയാണ് നേരിടാനാകുക?  

ഇത്തരം വിഭാഗീയ പ്രവണതകള്‍ക്കെതിരെ വാക്‌സിന്‍ സാര്‍വദേശീയത (Vaccine Internationalism) പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ‘മഹാമാരികൾ: ​പ്ലേഗ്​ മുതൽ കോവിഡ്​ വരെ; ചരിത്രം ശാസ്​ത്രം അതിജീവനം’ എന്ന എന്റെ പുസ്തകത്തില്‍ അത്തരം സ്വാഗതാര്‍ഹങ്ങളായ സംരംഭങ്ങളെ പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വാക്‌സിന്‍ വംശീയതയും മറ്റും കെട്ടടങ്ങിയിട്ടൂണ്ട്. വാക്‌സിന്‍ വംശീയത തങ്ങള്‍ക്കുതന്നെ അപകടകരമാവും എന്ന് വികസിതരാജ്യങ്ങള്‍ക്ക് മനസ്സിലായിട്ടൂണ്ട്.  സാര്‍വദേശീയ ഐക്യദാര്‍ഢ്യത്തിലൂടെ (International Solidarity)  മാത്രമേ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയൂ എന്ന കാഴ്​ചപ്പാട് മിക്ക രാജ്യങ്ങളും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. മഹാമാരി സാധ്യതയുള്ള (Pandemic potential) ഒരു പകര്‍ച്ചവ്യാധി ഏതുരാജ്യത്തുണ്ടായാലും രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ലോകമാകെ വ്യാപിക്കും എന്ന യാഥാര്‍ത്ഥ്യം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.  എങ്കിലും രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളും മൂലധനതാതപര്യങ്ങളും വര്‍ധിച്ചുവരുന്ന തീവ്രദേശീയതയുമെല്ലാം, മറ്റൊരു മഹാമാരി വ്യാപിച്ചാല്‍ ഇനിയും കോവിഡ് കാലത്തുണ്ടായ സാമൂഹ്യഅസമത്വങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.  ഇക്കാര്യത്തില്‍ ജനാധിപത്യ പുരോഗമന വീക്ഷണമുള്ള രാഷ്ട്രങ്ങളും  സാമൂഹ്യപ്രസ്ഥാനങ്ങളും ജാഗ്രരൂകരാവേണ്ടതാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തിയതോടെ കൂടുതല്‍ ശാസ്​ത്രീയവും ജനകീയവുമായ നയമാണ് അമേരിക്കന്‍ സര്‍ക്കാര്‍ കോവിഡിന്റെ കാര്യത്തില്‍ പിന്തുടരുന്നത്.

ഈയിടെ താങ്കള്‍ യു.എസ്. സന്ദര്‍ശനം നടത്തിയിരുന്നുവല്ലോ. കോവിഡിനുശേഷം അമേരിക്കയിലെ  പൊതുജനാരോഗ്യ മേഖലയിലുണ്ടായ മാറ്റങ്ങൾ​ ​ശ്രദ്ധിച്ചിരുന്നുവോ?

അമേരിക്കയില്‍ കോവിഡ് നിയന്ത്രണവിധേയമായിത്തുടങ്ങിയിട്ടുണ്ട്. ട്രംപ്​ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തതോടെ കൂടുതല്‍ ശാസ്​ത്രീയവും ജനകീയവുമായ നയമാണ് അമേരിക്കന്‍ സര്‍ക്കാര്‍ കോവിഡിന്റെ കാര്യത്തില്‍ പിന്തുടരുന്നത്. ഫൈസറിന്റെയും മറ്റും എം.ആര്‍.എന്‍.എ വാക്‌സിന്‍ എല്ലാവര്‍ക്കും ഫാര്‍മസികള്‍ വഴി സൗജന്യമായി നല്‍കുന്നുണ്ട്.   ഇന്ത്യക്കാരനാണെങ്കിലും എനിക്കും സൗജന്യമായി എം.ആര്‍.എന്‍.എ വാക്‌സിന്‍ ഒരു ഫാര്‍മാസിയില്‍ നിന്ന്​സ്വീകരിക്കാന്‍ കഴിഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച്, കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് ധാരാളം  ഗവേഷണങ്ങളും വിവിധ സര്‍വകലാശാലകളിലും ആരോഗ്യകേന്ദ്രങ്ങളിലും  നടന്നുവരുന്നു.   

ഡോ. ബി. ഇക്ബാല്‍

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ, സംസ്​ഥാന പ്ലാനിങ്​ ബോർഡ്​ അംഗം, പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യന്‍ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകള്‍, നിരോധിക്കേണ്ട മരുന്നുകള്‍, ആഗോളവല്‍ക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം, കേരള ആരോഗ്യ മാതൃക: വിജയത്തില്‍ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.

കെ. കണ്ണന്‍

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റര്‍.