ഇ- ലേണിങ്
ദിലീപ് രാജ്
കോളേജ് അധ്യാപകര്‍ക്കുവേണ്ടത് ഭരണമല്ല, പിന്തുണ!
ഇതാണ് പ്രവര്‍ത്തിക്കാനുള്ള സമയം. ഇല്ലെങ്കില്‍ മഹാമാരി ശമിച്ചാലും നമ്മള്‍ തിരിച്ചു പോകുന്ന ലോകത്തില്‍ കോളേജുകള്‍ ആദ്യം മാഞ്ഞുപോവും-
കേരളത്തിലെ കോളേജ് അധ്യാപകരെക്കുറിച്ച് ചില വിചാരങ്ങൾ

കേരളത്തിലെ കോളേജ് അധ്യാപകരുടെ കാര്യം പ്രത്യേകമായി ആലോചിക്കുന്ന ഒന്നാണ് ഈ ലേഖനം; ഇതിലെ ചില പരിഗണനകള്‍ യൂണിവേഴ്സിറ്റി അധ്യാപര്‍ക്കും കേരളത്തിനു പുറത്തുള്ള അധ്യാപകര്‍ക്കും കൂടി സംഗതമായേക്കാം എന്നിരിക്കിലും.
ഒരു ആരോഗ്യ അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കുന്നതുപോലെത്തന്നെ ഒരു വിദ്യാഭ്യാസ അടിയന്തിരാവസ്ഥയിലുമാണ് നമ്മള്‍. എന്നാല്‍ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള പരിശ്രമങ്ങള്‍ താരതമ്യമില്ലാത്ത വിധം വ്യത്യസ്തങ്ങളാണ്. വികേന്ദ്രീകൃതവും ഭാവനാത്മകവും ശ്രമകരവുമാണ് ആരോഗ്യരംഗത്തെ പരിശ്രമങ്ങള്‍. അധ്യാപകര്‍ ആരോഗ്യരംഗത്തുള്ളവരെയപേക്ഷിച്ച് എന്തെങ്കിലും കഴിവു കുറഞ്ഞവരല്ല. എന്നാല്‍ വിദ്യാഭ്യാസരംഗത്ത് ഏറെ പരിശ്രമങ്ങള്‍ ഉണ്ടെങ്കിലും ഫലം നിരാശയും അങ്കലാപ്പും ആശങ്കകളുമാണ് എന്നതാണാവസ്ഥ.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കൊറോണയുടെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷവും ഈ അധ്യയന വര്‍ഷാരംഭത്തിലും ഇറക്കിയ ഉത്തരവുകളില്‍ കാണുന്ന പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം "ഓരോ അധ്യാപകനും എടുത്ത ക്ലാസുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആഴ്ചയില്‍ ഒരിക്കല്‍ മേധാവികള്‍ക്ക് നല്‍കേണ്ടതാണ് ' എന്നാണ്.. തീര്‍ച്ചയായും ചെയ്യുന്ന ജോലി വിലയിരുത്താനുള്ള ഒരു മാര്‍ഗമാണിത്. അതായത് ഉണ്ടായത് (output) അളന്നെടുക്കാനുള്ള ക്വാണ്ടിറ്റേറ്റിവ് ആയ മാര്‍ഗം. ഇങ്ങനെ ഔട്ട് പുട്ട് അളന്നെടുക്കാനുള്ള പല മാര്‍ഗങ്ങളുണ്ട്. എന്നാല്‍ വിദ്യാഭ്യാസം ഫലപ്രാപ്തിയെ (outcome ) ലക്ഷ്യമിടുന്നതാണെന്നാണ് വെപ്പ്. ഈ ഫലപ്രാപ്തി എങ്ങനെ അളക്കും? അതിനു ഗുണപരമായ സമീപനം ആവശ്യമാണ്. തീര്‍ത്തും ക്വാണ്ടിറ്റേറ്റിവ് ആയി തിട്ടപ്പെടുത്താന്‍ സാധിക്കില്ല.
പ്രഭാഷണം ഓണ്‍ലൈന്‍ ആയതോടെ ഒരു പുതിയ പ്രതിഭാസം കൂടി സംഭവിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അപ്രഖ്യാപിത മേല്‍ -നോട്ടം. ഇതിനെ വേണമെങ്കില്‍ മേല്‍ക്കുമേല്‍ നോട്ടമെന്ന് വിളിക്കാം.
കൊറോണ പൂര്‍വ്വകാലത്ത് കോളേജ് അധ്യാപകരുടെ ജോലി വിലയിരുത്താനുള്ള മാര്‍ഗം പഞ്ചിങ്ങായിരുന്നു. പഞ്ചിങ്ങില്‍ ഒരു ശരീരം എത്ര നേരം ജോലിസ്ഥലത്ത് ഉണ്ടായിരുന്നു എന്ന് കണക്കുകിട്ടും. പിന്നൊരു മാര്‍ഗം മേല്‍നോട്ട (surveillance) മാണ്. എന്നുവെച്ചാല്‍ ആ ദേഹം എത്ര നേരം ക്ലാസ് റൂമുകളില്‍ പ്രഭാഷണം നടത്തുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള കണക്ക്. ഇത് ഔദ്യോഗികമായ ഒരു മാര്‍ഗമല്ല. അധ്യാപകരുടെ ജോലി വിലയിരുത്താനുള്ള അപ്രഖ്യാപിത മാര്‍ഗമാണ്. കൊറോണ വന്ന് പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ പഞ്ചിങ് നിന്നു. മേല്‍ സൂചിപ്പിച്ച അപ്രഖ്യാപിത വിലയിരുത്തല്‍ ഔദ്യോഗികമാക്കി. അതിനാണ് "എടുത്ത ക്ലാസുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആഴ്ചയില്‍ ഒരിക്കല്‍ മേധാവികള്‍ക്ക് നല്‍കേണ്ടതാണ്' എന്ന് പറയുന്നത്. പ്രഭാഷണം ഓണ്‍ലൈന്‍ ആയതോടെ ഒരു പുതിയ പ്രതിഭാസം കൂടി സംഭവിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അപ്രഖ്യാപിത മേല്‍ -നോട്ടം. ഇതിനെ വേണമെങ്കില്‍ മേല്‍ക്കുമേല്‍ നോട്ടമെന്ന് വിളിക്കാം. ഇങ്ങനെയുള്ള ക്വാണ്ടിറ്റേറ്റിവ് ആയ സങ്കേതങ്ങളിലൂടെ അധ്യാപകരുടെ ജോലിയിലെ പുരോഗതി അളക്കാന്‍ സാധിക്കുമോ? ഇന്ന് പിന്തുടരുന്ന പരീക്ഷാ സമ്പ്രദായം വിദ്യാര്‍ഥികളുടെ പഠന പുരോഗതി അളക്കാന്‍ പര്യാപ്തമാണോ? പഠന പുരോഗതി അളക്കുകയാണോ മേല്‍ക്കോയ്മ സ്ഥാപിക്കുകയാണോ മേല്‍നോട്ടങ്ങളുടെയും മൂല്യനിര്‍ണയങ്ങളുടെയും ലക്ഷ്യം?
വിദ്യാഭ്യാസത്തിലെ നാല് പങ്കാളികള്‍ (stake holders ) ഗവണ്‍മെൻറ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുസമൂഹം (രക്ഷിതാക്കള്‍, തൊഴില്‍ ദാതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങി..) എന്നിവയാണ്. ഈ നാല് തല്‍പര കക്ഷികള്‍ക്കും ഇന്ന് നിര്‍വഹിക്കുന്ന ധര്‍മമല്ലാതെ കൂടുതല്‍ ഫലപ്രദമായി ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലേ? ഗവണ്മെൻറ് ഫലത്തില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നടത്തിപ്പാണ് ഇപ്പോള്‍ ചെയ്യുന്നത്.

അധ്യാപകരും വിദ്യാര്‍ത്ഥികളുമാവട്ടെ പഠനം എന്ന പ്രക്രിയ (process) യില്‍ മാത്രം ശ്രദ്ധിക്കുന്നു. പൊതുസമൂഹം സംശയത്തോടെയും ഈര്‍ഷ്യയോടെയും അധ്യാപകരെ നോക്കിക്കാണുന്നു. (ഈ ഈര്‍ഷ്യ ശമിപ്പിക്കാനാവണം മേല്‍ സൂചിപ്പിച്ച തരം നിര്‍ദേശങ്ങള്‍ ഇറങ്ങുന്നത്. അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട് എന്ന ഒരു പ്രസ്താവന കൂടിയാണല്ലോ അത്). നാലുകൂട്ടരും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യ (content)ത്തിലും ഫലപ്രാപ്തി (outcome )യിലും കാര്യമായി എന്തെങ്കിലും താല്‍പ്യം കാണിക്കുന്നില്ല.
മാറേണ്ട മൂല്യനിര്‍ണയ രീതികള്‍
ലക്ഷ്യത്തില്‍ ഉറച്ച ഒരു സമ്പ്രദായത്തില്‍ മൂല്യനിര്‍ണയം എന്നത് അന്യോന്യമുള്ള ഒരു ഏര്‍പ്പാടായിരിക്കും. അതായത്, വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി അളക്കാനുള്ള മാര്‍ഗം സ്വാഭാവികമായും അധ്യാപകരുടെ ജോലിയിലെ പ്രാപ്തിയെ കാണിക്കും. അതേസമയം, ലക്ഷ്യത്തിലും ഫലപ്രാപ്തിയിലും പഠനപുരോഗതിയിലും താല്‍പര്യം പുലര്‍ത്താത്ത ഒരു സമ്പ്രദായത്തില്‍ എല്ലാവര്‍ക്കും ഉഴപ്പാന്‍ പറ്റും. എന്തുകൊണ്ടാണ് പഠിപ്പിക്കല്‍/ പഠിക്കല്‍ / മൂല്യനിര്‍ണയ സമ്പ്രദായം ചീത്തയാവുന്നത്? കേരളത്തിലെ കോളേജുകളിലെ അധ്യാപകര്‍ അവരുടെ അറിവ് അപ്‌ഗ്രേഡ് ചെയ്യുന്നുണ്ടോ എന്ന് അസ്സെസ്സ് ചെയ്യാന്‍ പഞ്ചിങ്ങും റിപ്പോര്‍ട്ടും കൊണ്ട് സാധിക്കുമോ? നിരന്തരപഠനം നടത്തുന്നതിന് അധ്യാപകരെ പ്രേരിപ്പിക്കുന്നതില്‍ എന്തു കൊണ്ടാണ് സമ്പ്രദായം പരാജയപ്പെടുന്നത്?
സ്‌കൂള്‍ അധ്യാപകര്‍ സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കാത്തതെന്ത് എന്ന ചോദ്യം ഇടയ്ക്കിടെ പലരും ഉന്നയിക്കുന്നത് കാണാറുണ്ട്. ഇതേ ചോദ്യം കോളേജ് അധ്യാപകരെക്കുറിച്ച് ചോദിച്ചാല്‍?
കേരളത്തിലെ കോളേജധ്യാപകര്‍ ഒട്ടും മോശക്കാരല്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ജോലിയില്‍ പ്രവേശിച്ച ഒരുകൂട്ടം യുവ അധ്യാപകര്‍ പ്രത്യേകിച്ചും ഏറെ പ്രതീക്ഷ നല്‍കുന്നവരാണ്. അവര്‍ കേരളത്തിലും കേരളത്തിനു പുറത്തുമുള്ള പ്രമുഖ സര്‍വകലാശാലകളില്‍ പഠിക്കുകയും ഗവേഷണം നടത്തുകയുമൊക്കെ ചെയ്തിട്ടുള്ളവരാണ്. എന്നാല്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ കേരളത്തിലെ കോളേജ് അധ്യാപകരെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരു സിസ്റ്റം അല്ല ഇപ്പോള്‍ നിലവിലുള്ളത്.
ആനുഷംഗികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ. സ്‌കൂള്‍ അധ്യാപകര്‍ സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കാത്തതെന്ത് എന്ന ചോദ്യം ഇടയ്ക്കിടെ പലരും ഉന്നയിക്കുന്നത് കാണാറുണ്ട്. ആ ചോദ്യത്തിനു പിന്നിലെ പ്രേരണ ജനാധിപത്യപരമാണെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ ഇതേ ചോദ്യം കോളേജ് അധ്യാപകരെക്കുറിച്ച് ചോദിച്ചാല്‍ പലപ്പോഴും കേരളത്തിനുപുറത്തെ സ്ഥാപനങ്ങളിലാണ് അണ്ടര്‍ ഗ്രാജ്വെറ്റ് തലം തൊട്ട് സ്വന്തം മക്കളെ പഠിപ്പിക്കാന്‍ ഭൂരിപക്ഷം പേരും ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതും മൂല്യപരമായ ഒരു കാര്യമായല്ല ഇവിടെ സൂചിപ്പിക്കുന്നത്. സാമൂഹികമായി പ്രസക്തമായ ഒരു വിവരം എന്ന നിലയ്ക്കാണ്. ഒരു സമ്പ്രദായം എന്ന നിലയ്ക്ക് അശോക യുണിവേഴ്‌സിറ്റിയോ അസിം പ്രേംജി യുണിവേഴ്‌സിറ്റിയോ ക്രിയയോ സമാനമായ മറ്റേതെങ്കിലും യുണിവേഴ്‌സിറ്റിയോ പുലര്‍ത്തുന്ന രീതികള്‍ സ്വന്തം സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തുന്നതിന് എത്ര പേര്‍ അനുകൂലമായിരിക്കും?

ഉദാഹരണത്തിന് അശോക യൂണിവേഴ്സിറ്റിയില്‍ ചേരുന്ന സമയത്തുതന്നെ മേജര്‍ ഏതാണെന്ന് ഒരു വിദ്യാര്‍ത്ഥി തീരുമാനിക്കേണ്ടതില്ല. കോഴ്സുകളുടെ ഒരു കൊട്ട (basket of courses) യില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഇക്കാര്യത്തില്‍ അയവുണ്ട് (flexibility), അനക്കവും (mobility) സാധിക്കും. നിരന്തര നിര്‍ണയമല്ലാതെ എന്‍ഡ് സെമസ്റ്റര്‍ എഴുത്തു പരീക്ഷയില്ല.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിന്റെ സാധ്യത ഇങ്ങനെയുള്ള അയവും ചലനാത്മകതയുമാണ്. നമ്മളത് സ്വീകരിച്ചപ്പോള്‍ പ്രക്രിയ മാത്രമേ സ്വീകരിച്ചുള്ളൂ. എന്താണതിന്റെ ലക്ഷ്യം എന്നത് മറന്നു. ഈയടുത്ത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയവനുസരിക്കുന്ന തരത്തിലുള്ള ഇന്റേഗ്രെറ്റഡ് കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. യു.ജി.സിയുടെ പുതിയ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം മാറ്റം കൊണ്ടുവരാന്‍ എല്ലാ യൂണിവേഴ്‌സിറ്റികളും നിര്‍ബന്ധിതരായേക്കും. വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഭാഗമായി വിദൂര വിദ്യാഭ്യാസം മാറിയ സാഹചര്യത്തില്‍ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ഒക്കെ വിദൂര വിദ്യാഭ്യാസത്തെ ഒന്നടങ്കം പുനര്‍ നിര്‍വചിക്കാനും സ്റ്റുഡന്റ് മൊബിലിറ്റി ഉറപ്പു വരുത്തും വിധം സര്‍ഗാത്മകമായ കോഴ്സുകളുടെ ഒരു ബാസ്‌ക്കറ്റ് ലഭ്യമാക്കാനും സാധിക്കേണ്ടതാണ്.
ഇവിടെ ഒരു കാര്യം എടുത്തു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അശോക യൂണിവേഴ്‌സിറ്റിയോ ഐ.ഐ.ടികളോ ഏതെങ്കിലും വിദേശ യുണിവേഴ്‌സിറ്റിയോ ഒക്കെ ആത്യന്തികമായ ആദര്‍ശ മാതൃകകളായി കാണുന്ന ഒരാളല്ല ഞാന്‍. പലപ്പോഴും വലിയ ഫീസ് നല്‍കി പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം അധ്യാപകര്‍ക്ക് സ്വയം തന്നെ കൂടിയ ഉത്തരവാദിത്തം ഉണ്ടാക്കുന്നുണ്ടാവാം. നിരന്തര മൂല്യനിര്‍ണയം ഒരു വഴിപാടല്ലാത്തതിനാല്‍ അധ്യാപകരെപ്പോലെ തന്നെ വിശ്രമമില്ലാതെ പണിയെടുക്കാന്‍ വിദ്യാര്‍ത്ഥികളും നിർബന്ധിതരാവുന്നുണ്ടാവാം. കുറഞ്ഞ അധ്യാപക - വിദ്യാര്‍ത്ഥി അനുപാതം കൂടുതല്‍ ശ്രദ്ധ അനുവദിക്കുന്നുണ്ടാവാം. അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരേ പോലെ ഉഴപ്പാളികളാക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമ്പ്രദായത്തെ മനസ്സിലാക്കാനും തിരുത്താനും അത്തരം സമ്പ്രദായങ്ങള്‍ അടുത്തറിയുന്നത് സഹായകമാവും എന്നാണ് വിവക്ഷിച്ചത്. പലതും പകര്‍ത്താനും സ്വീകരിക്കാനും ഉണ്ടാവും അതില്‍ നിന്നും. കോഴ്സുകള്‍ സ്വയം ഡിസൈന്‍ ചെയ്യാന്‍ സാധിക്കും വിധം സ്വച്ഛന്ദത അക്കാദമിക കാര്യങ്ങളില്‍ കോളേജ് അധ്യാപകര്‍ക്ക് ലഭിക്കണമെങ്കില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഘടനാപരമായി വരേണ്ടതുണ്ട്.
എന്തൊക്കെ ഇല്ലായ്മകളുണ്ടെങ്കിലും പുറത്തിറങ്ങുമ്പോളിടാന്‍ ഒരു വെളുത്ത കുപ്പായമുണ്ട് എന്നാശ്വസിക്കും പോലത്തെ ഒരവസ്ഥയാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ അടിയന്തിരാവസ്ഥയിലും എന്‍ഡ് സെമസ്റ്റര്‍ എഴുത്തുപരീക്ഷകള്‍ നടന്നാല്‍ എല്ലാം ഭദ്രമാണ് എന്ന ചിന്ത.
പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കിയാല്‍ നമ്മുടെ സാഹചര്യങ്ങളില്‍ പരിഹാരത്തിന്റെ ദിശയില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഭാവന ചെയ്യാന്‍ സാധിക്കും. നമ്മുടെ നാട്ടിലെ കോളേജ് അധ്യാപകര്‍ക്ക് അപകര്‍ഷതയുണ്ടാക്കുന്ന തരം അന്തരീക്ഷമാണ് പൊതുവില്‍ നിലനില്‍ക്കുന്നത്. ആത്മമര്യാദ അനുവദിക്കാത്ത തരം സാഹചര്യം നിലനിര്‍ത്തുന്നതില്‍ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മാധ്യമങ്ങളുടെയും സമീപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഒരു തരം പള്ളിക്കൂട രീതിയാണ് ഇവിടെ തുടര്‍ന്നു വരുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ പോലും തത്ത പറയും പോലെ ഉരുവിട്ടു പഠിക്കുന്ന ബോധനരീതി തുടരുന്ന ഒരു സ്ഥലത്ത് അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പഠന പുരോഗതി എന്നൊന്ന് എളുപ്പമല്ല. എങ്ങോട്ടു തിരിഞ്ഞാലും മേല്‍ -നോട്ടങ്ങള്‍ മാത്രമാണ്. ഡിസിപ്ലിന്‍ കമ്മിറ്റി തുടങ്ങിയ ഓമനപ്പേരുകളില്‍ ഇത് ക്രമവല്‍ക്കരിച്ചിട്ടുമുണ്ട്.
ദൈനംദിന പ്രവര്‍ത്തനമായ പഠിപ്പിക്കലില്‍ അധ്യാപകര്‍ക്ക് പ്രചോദനവും പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന തരത്തില്‍ എന്തെങ്കിലും ബദല്‍ മൂല്യനിര്‍ണയ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവേണ്ടതല്ലേ? സ്വയം വിലയിരുത്തലും പഞ്ചിങ്ങും യാന്ത്രികമായ റിപ്പോര്‍ട്ടുകളും തന്നെ മതിയോ? വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും പ്രധാനമായി എടുക്കുന്ന ഒരു മൂല്യനിര്‍ണയ രീതി എങ്ങനെ ഉരുത്തിരിച്ചെടുക്കും?
എന്തൊക്കെ ഇല്ലായ്മകളുണ്ടെങ്കിലും പുറത്തിറങ്ങുമ്പോളിടാന്‍ ഒരു വെളുത്ത കുപ്പായമുണ്ട് എന്നാശ്വസിക്കും പോലത്തെ ഒരവസ്ഥയാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ അടിയന്തിരാവസ്ഥയിലും എന്‍ഡ് സെമസ്റ്റര്‍ എഴുത്ത് പരീക്ഷകള്‍ നടന്നാല്‍ എല്ലാം ഭദ്രമാണ് എന്ന ചിന്ത.
സുതാര്യമായ പരീക്ഷകള്‍
ക്ലബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം രംഗപ്രവേശം ചെയ്ത ഉടനെയാണ് ഇത് എഴുതുന്നത്. രണ്ടു മൂന്നു ദിവസം അവിടെ ചുറ്റിത്തിരിഞ്ഞപ്പോള്‍ ഒന്നിലേറെ തവണ വിദ്യാര്‍ത്ഥികളുടെ മുന്‍കയ്യില്‍ ഇന്റേണല്‍ അസ്സെസ്സ്‌മെന്റിലെ അനീതികളെക്കുറിച്ച് നടന്ന ചര്‍ച്ചകളില്‍ എത്തിപ്പെടുകയുണ്ടായി. ഒരു പക്ഷേ ക്ഷണികമായ ഒരു വേദിയില്‍ മാത്രമേ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കൂ എന്നതുകൊണ്ടാവാം ക്ലബ് ഹൗസ് ഈ ചര്‍ച്ചയുടെ അരങ്ങാവുന്നത്. ഏക വ്യക്തി കേന്ദ്രീകൃതമായ മൂല്യനിര്‍ണയം ഉണ്ടാക്കുന്ന പക്ഷപാതങ്ങളാണ് പലരും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ ഉന്നയിച്ചു കണ്ടത്. ഇത് സിസ്റ്റത്തിലെ കുഴപ്പത്തിന്റെ ലക്ഷണമായും ആരൊക്കെയാണ് വ്യവസ്ഥയുടെ ഭാരം വഹിക്കുന്നതെന്നതിന്റെ അറിയിപ്പായും എടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
ഇന്നിപ്പോള്‍ പഠന പ്രക്രിയയാണ് തുറന്നു വെച്ചിരിക്കുന്നത്. മൂല്യനിര്‍ണയം ഗൂഢവും. അതില്‍ മാറ്റം സാധ്യമാവണമെങ്കില്‍ വിദ്യാഭാസത്തിന്റെ ഉള്ളടക്കം അതിന്റെ സ്റൈയ്ക് ഹോള്‍ഡര്‍മാര്‍ പ്രധാനമായി എടുക്കുന്ന സാഹചര്യം ഉണ്ടാവണം.
എന്താണിതിനൊരു സമ്പ്രദായ സംബന്ധമായ പരിഹാരം?
രണ്ടു നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്കായി വെക്കട്ടെ:
- മൂല്യനിര്‍ണയം കഴിയുന്നേടത്തോളം ഓപ്പണ്‍ ആക്കുക. ഡിജിറ്റല്‍ മാധ്യമം അതിന് സാധ്യതകള്‍ നല്‍കുന്നുണ്ട്. ഒരു ശരിയായ എല്‍.എം.എസ് ഉണ്ടെങ്കില്‍ എല്ലാം സ്വാഭാവികമായിത്തന്നെ റെക്കോര്‍ഡ് ചെയ്യപ്പെടും.
- ഒരാള്‍ മാര്‍ക്കിടുക എന്നതിനു പകരം - അധ്യാപക - വിദ്യാര്‍ത്ഥി എന്നതിനുപകരം - വ്യക്തിഗതവും ഗ്രൂപ്പ് ആയുമുള്ള പ്രകടനങ്ങളില്‍ പഠനഫലപ്രാപ്തി ഗുണപരമായി അളക്കാനുള്ള ഒന്നിലധികം ആളുകളുള്ള രീതി അവലംബിക്കുക.
- സുതാര്യവും വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും സ്റ്റുഡന്റ് അസ്സെസ്സ്‌മെന്റ് നടപ്പാക്കുക. എം.എന്‍.വിജയന്‍ പറഞ്ഞതുപോലെ ഊണ് കഴിച്ചവരല്ലേ അതിനെപ്പറ്റി അഭിപ്രായം പറയേണ്ടത്? പഞ്ചിങ് മെഷീനും എത്തിനോക്കിപ്പോകുന്നവരുമാണോ? സ്വാഭാവികമായ ഒരു സമ്പ്രദായത്തില്‍ ഒരാളെ 40 പേര്‍ വിലയിരുത്തുന്നത് താരതമ്യേന കുറഞ്ഞ റിസ്‌ക്ക് ആണ്.
പഠനപ്രക്രിയ ഫലപ്രദവും രസകരവും ആക്കുന്നതിന് സഹായകമായ തരത്തിലാണ് വിലയിരുത്തല്‍ രീതികള്‍ ആവിഷ്‌കരിക്കേണ്ടത്. ഇന്നിപ്പോള്‍ പഠന പ്രക്രിയയാണ് തുറന്നു വെച്ചിരിക്കുന്നത്. മൂല്യനിര്‍ണയം ഗൂഢവും. അതില്‍ മാറ്റം സാധ്യമാവണമെങ്കില്‍ വിദ്യാഭാസത്തിന്റെ ഉള്ളടക്കം അതിന്റെ സ്റൈയ്ക് ഹോള്‍ഡര്‍മാര്‍ പ്രധാനമായി എടുക്കുന്ന സാഹചര്യം ഉണ്ടാവണം. അധ്യാപകരായാലും വിദ്യാര്‍ത്ഥികളായാലും കൂടുതല്‍ നന്നായി പ്രകടനം നടത്താനുള്ള സാഹചര്യങ്ങളുണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം.

വ്യക്തിഗതമായി നോക്കിയാല്‍ ആരും മോശക്കാരല്ല. പ്രകടനങ്ങള്‍ മോശമാവുന്നുണ്ടെങ്കില്‍ അതിന്റെ സാഹചര്യം മനസ്സിലാക്കുകയും തിരുത്തുകയും വേണം. ഭരണം എന്നതിന്റെ ധാത്വര്‍ത്ഥം ഭാരം താങ്ങുന്നത് എന്നാണ്. കീഴ്‌പ്പെടുത്തല്‍ എന്നല്ല. നിര്‍ഭാഗ്യവശാല്‍ കീഴ്പ്പെടുത്തല്‍ മനോഭാവമാണ് ഈ രംഗത്ത് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. സമഗ്രമായ ഒരു കാഴ്ചപ്പാടിന്റെയടിസ്ഥാനത്തില്‍ ക്രിയാത്മകമായ പിന്തുണ നല്‍കുകയാണെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ളവര്‍ തന്നെയാണ് കോളേജ് അധ്യാപകര്‍.
പ്രശ്‌നം സാങ്കേതികമല്ല
അധ്യയന വര്‍ഷാരംഭത്തില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയും നിര്‍ദേശിക്കുന്നുണ്ട്: "ഓരോ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ആരംഭിക്കുവാന്‍ ശ്രമിക്കേണ്ടതാണ്'. ഒരു വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അങ്കലാപ്പില്‍ നില്‍ക്കുന്ന അക്കാദമിക സമൂഹത്തെ അനുഭാവപൂര്‍വം മനസ്സിലാക്കി സമഗ്രമായ ഒരു സമീപനം രൂപീകരിക്കുന്നതിനും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അടക്കം ലഭ്യമാക്കുന്നതിനും പകരമാണ് ഈ ഒഴുക്കന്‍ നിര്‍ദേശം. അതേസമയം യൂണിവേഴ്സിറ്റികളില്‍ ഇതിനകം എല്‍.എം.എസ് വരികയും താരതമ്യേന ഫലപ്രദമായി അതുവഴി പഠനം നടത്താന്‍ വേണ്ട കാര്യങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചെയ്തു പഠിക്കുകയും ചെയ്തിട്ടുണ്ട്.
അധ്യാപകരുടെ ഏകപക്ഷീയമായ ആധികാരികത അഴിച്ചു പണിയുന്ന തരത്തില്‍ ഒരു സങ്കര സമീപനം സര്‍ഗാത്മകമായി രൂപപ്പെടുത്തുന്നതിലൂടെ മാത്രമേ ലക്ഷ്യവേധിയായ ഒരു പഠനസമുദായമായി മാറാന്‍ സാധിക്കുകയുള്ളൂ.
ആത്മാര്‍ത്ഥവും ആത്മവിമര്‍ശനപരവും നിര്‍ഭയവുമായ വിലയിരുത്തലാണ് ഈ സമയത്ത് അത്യാവശ്യം. മാനസിക സംഘര്‍ഷമനുഭവിക്കുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനുഭവം അനുകമ്പയോടെ മനസ്സിലാക്കപ്പെടണം. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന റെയ്ഞ്ച് ഇല്ലായ്മ വൈദ്യുതി തകരാര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സവിശേഷമായി, അവരുടെ സാമൂഹ്യനിലയും നഗര - ഗ്രാമ വ്യത്യാസവും കണക്കിലെടുത്ത് പരിഹരിക്കണം. അതിന് നിരന്തരവും വികേന്ദ്രീകൃതവുമായ ഇടപെടലുകള്‍ ഉണ്ടാവണം. ഇതൊക്കെയും ആരുടെയും ഔദാര്യമല്ല, ഇക്കാലത്തെ അവകാശങ്ങള്‍ ആണെന്നംഗീകരിക്കപ്പെടണം. ഇ-ലേണിംഗിലേക്ക് കടക്കാന്‍ ആവശ്യമായ എന്തൊക്കെ വിഭവങ്ങളും വൈഭവങ്ങളുമാണ് ഓരോ കോളേജിലും യൂണിവേഴ്സിറ്റി തലത്തിലും ഇപ്പോള്‍ ഉള്ളത്? എന്തൊക്കെയാണ് ഇല്ലാത്തത്? ഇല്ലാത്തവയില്‍ ഏതൊക്കെയാണ് എല്ലാവരും പഠിക്കേണ്ടത്? ഏതിനൊക്കെയാണ് ഒരു സ്ഥാപനത്തില്‍ ചിലര്‍ക്ക് മാത്രം ട്രെയിനിംഗ് വേണ്ടിവരുക? ഇതൊക്കെ വിലയിരുത്തിയിട്ടുള്ള പദ്ധതിയുടെ അടിസ്ഥാനത്തില്‍ വേണം എല്‍.എം.എസ് സ്ഥാപിക്കുന്നത്.
നിങ്ങള്‍ ഒരു ട്രെയിനിങ് എടുത്തു എന്നു കരുതുക. നിങ്ങളുടെ സ്ഥാപനത്തില്‍ ഇ- ലേണിംഗിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ യാതൊന്നുമില്ല. ട്രെയിനിംഗ് കഴിഞ്ഞ് എന്താണ് ചെയ്യുക? പഠിച്ച സ്‌കില്ലുകള്‍ കൊണ്ടെന്താണ് കാര്യം? സൗകര്യങ്ങള്‍ വരുമ്പോള്‍ വീണ്ടും പഠിക്കേണ്ടി വരില്ലേ? ഒരിക്കല്‍ ചില കാര്യങ്ങള്‍ പഠിച്ചശേഷം പോയി ചെയ്യാവുന്ന കാര്യമേയല്ല ഇ-ലേണിംഗ് കോഴ്‌സ് ഡിസൈന്‍. വളരെയധികം സര്‍ഗാത്മകമായ കാര്യമാണ്. നിരന്തരം ചെയ്യുകയും പഠിക്കുകയും ചെയ്യേണ്ട കാര്യം. ചെയ്തു പഠിക്കുകയും അതിന്റെ ഭാഗമായി പരിശീലനം നേടുകയും ചെയ്യേണ്ട കാര്യം.
ഇ-ലേണിംഗ് കോഴ്‌സ് വാണിജ്യാടിസ്ഥാനത്തില്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ചോദ്യങ്ങള്‍ ഉണ്ടാക്കലാണ് ഏറ്റവുമധികം പൈസ പ്രതിഫലം കൊടുക്കുന്ന ഒരു പണി. പലപ്പോഴും വിഷയവിദഗ്ധരെ ഒരാഴ്ചയൊക്കെ ഒരു സ്ഥലത്ത് താമസിപ്പിച്ച് കൂടിയാലോചനകളിലൂടെയാണ് ഇത് നടപ്പാക്കുക.

പക്ഷെ, നമ്മുടെ വിദ്യാഭ്യാസത്തില്‍ ചോദ്യമിടുന്നത് അത്ര പ്രധാനപ്പെട്ട സംഭവമായി കണക്കാക്കപ്പെടുന്നില്ല. ഓര്‍മയും എഴുതുന്നതിലെ സ്പീഡും മാത്രമാണല്ലോ ഇപ്പോള്‍ പരിശോധിക്കുന്നത്. സിലബസ് എടുത്ത് പരക്കെ മുറിച്ചിട്ട് കുറെ why, explain ഒക്കെ ചേര്‍ത്താല്‍ ചോദ്യപ്പേപ്പറായി! വാസ്തവത്തില്‍, ഇ-ലേണിംഗ് ആരും ഗൗരവമായി എടുക്കാതിരിക്കാനുള്ള പ്രധാന കാരണം പരീക്ഷയ്ക്ക് ഒരു നോട്ട് പി.ഡി.എഫ് കിട്ടിയാല്‍ കാണാപ്പാഠം പഠിച്ച് ഫുള്‍ മാര്‍ക്ക് നേടാമെന്ന് എല്ലാവര്‍ക്കും അറിയാമെന്നതാണ്. നിങ്ങള്‍ ഓണ്‍ലൈന്‍ ആയോ ഓഫ്ലൈന്‍ ആയോ പഠിപ്പിച്ച് ബുദ്ധിമുട്ടേണ്ടതില്ല ആ നോട്ടിങ്ങെടുക്ക് എന്നതാണ് വിദ്യാര്‍ത്ഥികളുടെയും മനോഭാവം. പരീക്ഷ സമയാസമയത്ത് നടക്കുകയും എങ്ങനെയെങ്കിലും വിദ്യാര്‍ഥികള്‍ ജയിക്കുകയും വേണമെന്നേ എല്ലാവര്‍ക്കും ഉള്ളൂ. അതിനിടയില്‍ അധ്യാപകര്‍ ജോലി ചെയ്തിട്ടുണ്ട് എന്നതിനും വിദ്യാര്‍ഥികള്‍ ക്ലാസിലിരുന്നിട്ടുണ്ട് എന്നതിനും ഒരു രേഖ ഉണ്ടായാല്‍ സന്തോഷം.
പകരംവെക്കല്‍ വാദം
ഇ-ലേണിംഗിനെക്കുറിച്ച് നടന്നു വരുന്ന ചര്‍ച്ചകളില്‍ പൊതുവെ കണ്ടു വരുന്ന ഒരു രീതി, പരമ്പരാഗത ക്ലാസ് റൂമിനെയും ഇ- ലേണിംഗിനെയും ശത്രുതാപരമായി പ്രതിസ്ഥാപിക്കുക എന്നതാണ്. ഈ വാദരീതിയെ നമുക്ക് പകരംവെക്കല്‍ വാദം (replace-ability argument) എന്നു വിളിക്കാം. മുമ്പ് ടെലിവിഷന്‍ വന്നപ്പോള്‍ വായന മരിക്കുമെന്നും ഇ- ബുക്കുകള്‍ വന്നപ്പോള്‍ അച്ചടിച്ച ബുക്കുകള്‍ ഇല്ലാതാവുമെന്നും ഒട്ടേറെ പേര് വാദിച്ചതിനു സമാനമാണ് ഈ ഭീതി. ഒരു നല്ല ലൈബ്രറിയില്‍ പോയി നോക്കൂ, ഇവയെല്ലാം സമാധാനപരമായി സഹവര്‍ത്തിക്കുന്നതു കാണാം.
കോളേജുകളെയും സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളെയും അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് പുറന്തള്ളാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞ് അതിനനുവദിക്കാത്ത രീതിയില്‍ ഇപ്പോള്‍ തന്നെ അവ നവീകരിക്കാന്‍ ചില ധീരമായ ശ്രമങ്ങള്‍ നടത്തണം.
ഇ- ലേണിംഗിന് പരമ്പരാഗത പഠനത്തെ പകരം വെക്കാന്‍ സാധിക്കില്ല. ക്ലാസ് റൂം പോലുള്ള ഭൗതികമായ ഇടങ്ങളെ പകരം വെക്കാന്‍ വിര്‍ച്വല്‍ ഇടങ്ങള്‍ക്കുമാവില്ല. കാരണം ചില അനുഭവങ്ങള്‍ പകരം വെക്കാനാവാത്തതാണ്. എന്നാല്‍ അക്കാര്യം ഹൃദയഭേദകമാം വിധം ആവര്‍ത്തിച്ച് പുതിയ ഒരു ബോധനരീതിയെത്തന്നെ എതിര്‍ക്കുക എന്നത് അതീവ ദുര്‍ബലമായ ഒരു വാദരീതിയാണ്. പ്രശ്‌നം സാങ്കേതികവിദ്യയല്ല. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം പ്രഥമ പരിഗണനയായി എടുത്ത് അതിന്റെ ഫലപ്രാപ്തി മുന്‍നിര്‍ത്തിയും സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ കൂടി ഉള്‍പ്പെടുത്തിയും നമ്മുടെ വിലയിരുത്തല്‍ രീതികളും ബോധന സമ്പ്രദായവും പരിഷ്‌കരിക്കാന്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ സ്റ്റെയ്ക്ക്‌ഹോള്‍ഡര്‍മാരും ഒരുമിക്കുമോ എന്നതാണ് വെല്ലുവിളി. ഞാന്‍ ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസിയാണ്. അധ്യാപകരുടെ ഏകപക്ഷീയമായ ആധികാരികത അഴിച്ചു പണിയുന്ന തരത്തില്‍ ഒരു സങ്കര (blended) സമീപനം സര്‍ഗാത്മകമായി രൂപപ്പെടുത്തുന്നതിലൂടെ മാത്രമേ ലക്ഷ്യവേധിയായ ഒരു പഠനസമുദായമായി മാറാന്‍ സാധിക്കുകയുള്ളൂ.
യു.ജി.സിയുടെ സങ്കരപഠന നിര്‍ദ്ദേശവും പ്രതിരോധ സാധ്യതകളും
ഫ്‌ളെക്‌സിബിലിറ്റിയിലും മൊബിലിറ്റിയിലും ഊന്നുകയും മൂല്യനിര്‍ണയത്തിലും ബോധനരീതിയിലും സങ്കര സമീപനം വേണമെന്ന് വാദിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ ലേഖനത്തില്‍ ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ അതില്‍ രാഷ്ട്രീയമായി പ്രസക്തമായ കാര്യം, ഇവ വികേന്ദ്രീകൃതമായ ഒരു സമീപനമവലംബിച്ച്, കോളേജുകളെ നിഷ്‌ക്രിയമാവാന്‍ അനുവദിക്കാതെ കേരളത്തില്‍ ഇപ്പോള്‍ തന്നെ സാക്ഷാത്കരിക്കേണ്ടതിന്റെ ആവശ്യകതയിലുള്ള ഊന്നലാണ്.
യു.ജി.സി സങ്കര പഠനത്തെക്കുറിച്ച് മുന്നോട്ടുവെച്ച കോണ്‍സെപ്റ്റ് നോട്ടിന്റെ കാര്യം സന്ദര്‍ഭവശാല്‍ സൂചിപ്പിക്കുകയുണ്ടായി. അതില്‍ പുറമേക്കുകാണുന്ന ഭാഗം ഫ്‌ളെക്‌സിബിലിറ്റി, മൊബിലിറ്റി, മൂല്യനിര്‍ണയത്തിലെ വിദ്യാര്‍ത്ഥി കേന്ദ്രിത സമീപനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ തുടങ്ങിയവയൊക്കെ തന്നെയാണ്. എന്നാല്‍ ഈ കോമളഭാഷയില്‍ പൊതിഞ്ഞവതരിപ്പിക്കുന്ന നിര്‍ദേശമാവട്ടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓരോ കോഴ്സും 40 ശതമാനം സ്വയം പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ആയി പഠിക്കാന്‍ അനുവദിക്കണമെന്നും ബാക്കി 60 ശതമാനം ബ്ലെന്‍ഡഡ് ലേര്‍ണിംഗ് ആയി രൂപപ്പെടുത്തണമെന്നും ആണ്. ഇത് നിശ്ചയമായും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ അനുസരിച്ച് കേന്ദ്രീകൃതവും വരേണ്യ സ്ഥാപനങ്ങളിലും വിഭാഗങ്ങളിലും ചുരുങ്ങുന്നതുമായ ഒരു ഭാവി ലക്ഷ്യമിടുന്ന വിഭാവനമാണ്.

എങ്ങനെയാണ് ഇത്തരമൊരു നീക്കത്തെ ചെറുക്കുക? പല പ്രതലങ്ങളില്‍ ചെറുത്തുനില്‍പ്പുകള്‍ വേണ്ടിവരും. ഈ ലേഖനത്തില്‍ മുന്നോട്ടു വെക്കാന്‍ ശ്രമിച്ചത് കേരളത്തിനു സാധ്യമാവുന്ന, അകത്തു നിന്നുള്ള ഒരു പ്രതിരോധ നീക്കമാണ്. അതായത്, കോളേജുകളെയും സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളെയും അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് പുറന്തള്ളാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞ് അതിനനുവദിക്കാത്ത രീതിയില്‍ ഇപ്പോള്‍ തന്നെ അവ നവീകരിക്കാന്‍ ചില ധീരമായ ശ്രമങ്ങള്‍ നടത്തണം. രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടുമാത്രമേ ഇത് സാധിക്കൂ. ഒന്നുകൂടി മൂര്‍ത്തമായ രീതിയില്‍ ഇക്കാര്യം എടുത്തു പറയാം:
- എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുക. ഉന്നതവിദ്യാഭ്യാസം സാര്‍വര്‍ത്രികവും മൗലികവുമായ അവകാശമാക്കുക. ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ എല്ലാ സ്ത്രീകള്‍ക്കും പോഷകാഹാരം ഐ.സി.ഡി.എസ് പദ്ധതി പ്രകാരം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് സമാനമായ നയം വേണം ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍.
- നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലായിടത്തും നെറ്റ് കണക്റ്റിവിറ്റി ഉണ്ടെന്ന് സര്‍വീസ് പ്രൊവൈഡര്‍മാരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താന്‍ ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും ഉത്തരവാദിത്തം ഏല്‍പ്പിക്കുക.
- എല്ലാ കോളേജുകളിലും എല്‍.എം.എസും അതുവഴിയുള്ള ഫലപ്രദമായ പഠനവും ഉടന്‍ സാധ്യമാക്കുക. കോളേജുകള്‍ ഒറ്റയ്‌ക്കോ കൂട്ടുചേര്‍ന്നോ ഇന്‍സ്ട്രക്ഷണല്‍ ഡിസൈന്‍ വിഭാഗങ്ങള്‍ രൂപീകരിച്ച് ഇ ലേണിംഗ് കോഴ്‌സ് ഡിസൈന്‍ വിഷയാടിസ്ഥാനത്തില്‍ ബൂട്ട് ക്യാമ്പുകളും മറ്റും നടത്തി സാധ്യമാക്കുക.
ഇതാണ് പ്രവര്‍ത്തിക്കാനുള്ള സമയം. ഇല്ലെങ്കില്‍ മഹാമാരി ശമിച്ചാലും നമ്മള്‍ തിരിച്ചു പോകുന്ന ലോകത്തില്‍ കോളേജുകള്‍ ആദ്യം മാഞ്ഞുപോവും. പണക്കാര്‍ ഇപ്പോള്‍ തന്നെ സ്റ്റേറ്റ് യുണിവേഴ്‌സിറ്റികളെയല്ല തെരഞ്ഞെടുക്കുന്നത്. ക്രമത്തില്‍ സ്റ്റേറ്റ് യുണിവേഴ്‌സിറ്റികളും അപ്രസക്തമാകും. ഇതിന്റെയെല്ലാം ഫലമായി തള്ളി മാറ്റപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം കൂടുതല്‍ കൂടുതല്‍ അപ്രാപ്യമായി മാറും.
നമുക്ക് നടത്താനുള്ളത് സ്വന്തം അസ്തിത്വം ഉറപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പ്രതിരോധമാണ് എന്നു ചുരുക്കം.▮