Wednesday, 29 March 2023

മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ- 10


Text Formatted

ബ്യുന്ദാര്‍:

നദി വാരിയെടുത്ത ഗ്രാമത്തിന്റെ ഫോസില്‍

ബ്യുന്ദാറിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട പലരുടേയും പേരുകള്‍ കാണാതായവരുടെ ലിസ്റ്റിലായിരുന്നു. വീടുകളില്‍ അവശേഷിച്ച ചിലര്‍ക്കെങ്കിലും അതാശ്വാസം നല്‍കിക്കാണും. പ്രിയപ്പെട്ടവര്‍ മരണപ്പട്ടികയിലല്ല എന്നതിലെ പ്രതീക്ഷ വളരെ വലുതാണ്. 

Image Full Width
Image Caption
ബ്യുന്ദാർ ഗ്രാമം
Text Formatted

രുദ്രനാഥിന്റെ ശിഖരത്തില്‍, നക്ഷത്രങ്ങളും നിലാവും, മഞ്ഞുമുള്ള പാതിരാത്രിയുടെ കാഴ്ചസൗന്ദര്യത്തിനൊപ്പം മരണഭയം കൂടെയുണ്ടായാല്‍ എങ്ങനെയിരിക്കും? ശ്വാസമെടുക്കാനുണ്ടായ അസ്വസ്ഥതയില്‍, ഗഡ്വാളിന്റെ താഴ്​വാരത്തണുപ്പേറ്റ് പഹാഡിക്കുടിലിന്റെ വാതില്‍പ്പടിമേല്‍ ഇരുന്നും കിടന്നും കഴിച്ചുകൂട്ടിയ രാത്രിയുടെ ഓര്‍മ കൂടിയുണ്ട് രുദ്രനാഥ് തേടിപ്പോയ, ട്രക്കിങിന്.

വാലി ഓഫ് ഫ്‌ലവേഴ്‌സിലേക്ക് തിരിക്കും മുമ്പാണ് രുദ്രനാഥിലേക്ക് നടന്നുകേറിയത്. രണ്ടു രാത്രിയും മൂന്ന് പകലിന്റെ നടത്തവും വെയിലും തണുപ്പും അനുഭവിച്ച് അങ്ങനെ 16 മൈലോളം കാടും മലയും കേറിയിറങ്ങിയ യാത്ര. ചമോലിയിലെ സാഗറില്‍ നിന്ന് തുടങ്ങി, നടപ്പ്.

ഗോപേശ്വര്‍ വഴിയും രുദ്രനാഥിലേക്കെത്താം. ഏതാണ്ട് ഇതേ ദൂരം തന്നെ.
രണ്ടോ മൂന്നോ കൊച്ചു പീടികകളും കുറച്ച് വീടുകളും മാത്രമുള്ള കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഇടം. വഴി തെറ്റിയോ എന്ന് തോന്നാവുന്ന അത്ര ചെറിയ ഇടപ്പാത, വീട്ടുപിന്നാമ്പുറങ്ങളെന്ന് തോന്നിപ്പിച്ച് വളഞ്ഞുപോയി വഴി. പലയിടത്തും അത് നേര്‍ത്തു. ചെറിയ കയറ്റങ്ങള്‍, കാട് തെളിഞ്ഞു. കേറുംതോറും വീടുകള്‍ അകന്നില്ലാതായി. മരങ്ങള്‍ മാത്രം. കാടറിഞ്ഞുള്ള നടപ്പ്. രുദ്രനാഥ് പേരുകേട്ട ഇടമാണെങ്കിലും തീര്‍ത്ഥാടകര്‍ കുറവാണ്. ഏകദേശ വഴി പിടിച്ച് വേണം നടപ്പ്. കുത്തനെ കയറ്റങ്ങളും. ട്രക്കിങ് താല്പര്യമുള്ളവരാണ് പൊതുവേ വരാറ്. യാത്രികര്‍ക്ക്, വനംവകുപ്പ് നിരീക്ഷണമോ വഴി കാണിക്കാന്‍ ബോര്‍ഡോ യാതൊന്നുമില്ല. രുദ്രനാഥ് എല്ലാവരും പോകുന്ന ഇടമല്ല. ഗൈഡോ അവിടത്തുകാരോ ആരുമില്ല കൂടെ. രണ്ടാള്‍ രൂപങ്ങളായി നടന്നു  സുഹൃത്തിനൊപ്പം. 16 കിലോമീറ്റര്‍ നടന്നാല്‍ എത്തുമെന്ന തെറ്റിദ്ധാരണയില്‍ തുടങ്ങിയ നടപ്പ്. എത്ര കേറിയിട്ടും തീര്‍ന്നില്ല. എത്തുന്നില്ലല്ലോ വഴി തെറ്റിയോ എന്നായി ചിന്ത. ചോദിക്കാന്‍ വന്യമായ ആരണ്യകമല്ലാതെ, ആരുമില്ല. അപൂര്‍വ്വമായി ചില യാത്രികരെ കണ്ടുമുട്ടി, ഈ വഴി തന്നെ പിടിച്ചു പൊയ്‌ക്കോളാന്‍ അവര്‍ പറഞ്ഞു, വേറെ എങ്ങോട്ടും വഴിയില്ല. നടന്നിട്ടും നടന്നിട്ടും തീരാത്തതിന്റെ കാരണം പിന്നെയാണ് തലയില്‍ ഉദിച്ചത്. മൈല്‍ക്കുറ്റികളില്‍, കിലോമീറ്റര്‍ കണക്കല്ലല്ലോ. ഉച്ചതിരിഞ്ഞ്, സാഗറില്‍ നിന്ന് തുടങ്ങിയ നടപ്പാണ്. രണ്ട്- മൂന്ന് മണിക്കൂര്‍ കാട്ടിലൂടെ പോയി. മഴയും മഞ്ഞും മുന്നറിയിപ്പില്ലാതെ എത്തുന്ന പ്രകൃതം.

കട്ടിത്തൈര് ഉപ്പിടാതെ തന്നു, അച്ചാറും. നാല് പച്ചമുളക് സമീപത്തുനിന്ന് പറിച്ചു, അത് ഉപ്പും കൂട്ടി കൈകൊണ്ട് ഞരടി ചോറിലിട്ട് വാരിക്കഴിച്ചു. കഞ്ഞി കോരിയിട്ടു തന്നു, പ്ലേറ്റുകളിലേക്ക് വീണ്ടും. നല്ല വിശപ്പ്, ഗംഭീര ലഞ്ച്.

സായാഹ്നമാകുന്നു.
നേരത്തെ ഇരുട്ടുപരന്നു. കാട്ടിലെ നടപ്പാണ്.
മഴയുടെ ലക്ഷണമുണ്ട്, പെയ്താല്‍ കൊള്ളുക, മഴ തുടര്‍ന്നാല്‍ എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ല. കുറച്ചു ദൂരം പിന്നിട്ടു, വെളിച്ചം നന്നേ കുറഞ്ഞുവരുന്നു. കാട്ടില്‍ നിന്ന് തുറസ്സായ ഒരു മലയടിവാരത്തേക്ക് എത്തി.
വലിയൊരു പുല്‍മേട്. കാടിനോട് ചേര്‍ന്നുള്ള പരന്ന പ്രദേശം, നല്ല പുല്ലുണ്ട്, കാലികള്‍ മേയുന്നു, രണ്ട് നായ്‌ക്കളെയും കണ്ടു.
ആളുണ്ടാകും എന്നുറപ്പായി, ആശ്വാസം.
ദൂരെയൊരു പഹാഡി കുടില്‍. സമാധാനമായി.
പഹാഡികള്‍ക്കൊപ്പം നായ്ക്കള്‍ എപ്പോഴും കാണും.
കുറച്ചുകൂടി മുന്നോട്ടുപോയി, മലയില്‍ നിന്നുള്ള ചോല. തെളിനീര് ഒഴുകിവരുന്നു, രണ്ട് കുപ്പികളിലാക്കി, കുടിവെള്ളം എടുത്തു. മൃഗങ്ങളും അതുവഴി പോകുന്ന അപൂര്‍വ്വ യാത്രികരും ഈ വെള്ളം കുടിക്കും. രാത്രിയിലോ ഉച്ചയ്‌ക്കോ ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും പഹാഡി കുടിലില്‍ ഭക്ഷണം കിട്ടും, ഉറപ്പില്ല.
പകല്‍ സമയം കഴിക്കാനായി ഡ്രൈ ഫ്രൂട്‌സും ബിസ്‌കറ്റുമുണ്ട്.
മഴയ്ക്കുള്ള ലാഞ്ചന, ഇരുട്ട് പരന്നുതുടങ്ങി. മുഖവും കയ്യും കാലും ചോലയില്‍ കഴുകി വെള്ളം കുടിച്ച് തിരിച്ച് വന്നു. പഹാഡി ചേട്ടനോട് കിടക്കാനിടം ചോദിച്ചു. കാട്ടിലെ കുടിലില്‍ താവളം റെഡിയായി. അവര്‍ക്കത് സീസണില്‍ ചെറിയ വരുമാനം. പൈസയ്ക്ക് കണക്കൊന്നും പറയില്ല. കൊടുക്കുന്നത് വാങ്ങുന്നതാണ് പഹാഡികളുടെ രീതി, പൊതുവേ. കാലിവളര്‍ത്തും മൃഗ പരിപാലനവും ചോളവും ഗോതമ്പും കൃഷിയും ഒക്കെയാണ് ശീലം. പാലും തൈരുമുണ്ട്, അടുത്തുള്ള ജനവാസ മേഖലയില്‍ എത്തിച്ച് വില്‍ക്കും. ആറുമാസം മഞ്ഞുമൂടിക്കിടക്കും. മഞ്ഞുകാലത്ത് ആരും വരില്ല. ബാക്കി സമയം കുറച്ച് സഞ്ചാരികള്‍. രുദ്രനാഥ് യാത്രികരുടെ ആദ്യ ഇടത്താവളമാണ്. മുഴുവന്‍ ദിവസം നടന്നു കേറാനുണ്ട് ഇനിയും.

rudranat-route-(1).jpg
രുദ്രനാഥിലേക്കുള്ള വഴിനടത്തം / ഫോ​ട്ടോ: വി.എസ്​. സനോജ്​

പുല്‍മേട്ടില്‍ നിന്ന്, ചോലയില്‍ മേല്‍കഴുകി തിരിച്ചുവന്നു. ആതിഥേയന്‍ ഭക്ഷണം ഉണ്ടാക്കുന്നു. കുടിലില്‍ മുള വെച്ച് പൊക്കിയ മരത്തട്ട്, നിലത്തോട് ചേര്‍ന്ന്, അതിന്റെ മുകളിലായി കമ്പിളിയിട്ട് ബെഡ് പോലെ ആക്കി, കിടപ്പിനുള്ള സ്ഥലം. കോട്ട് ഊരി ഉറങ്ങാനാവാത്തത്ര അത്ര തണുപ്പുണ്ട്.
സമയം ഇഴഞ്ഞു, കാടിന്റെ നിശബ്ദത ഭേദിച്ച് മഴ പെയ്യാന്‍ തുടങ്ങി.
ചോറും ദാലും ഉണ്ടാക്കിത്തന്നു പഹാഡി. നല്ല വിശപ്പുണ്ട്. ചൂടുവെള്ളവും കിട്ടി. ഭക്ഷണം സുഭിക്ഷം. മഴ ആര്‍ത്തലച്ച് പെയ്യുന്നു. ഇരിപ്പും കിടപ്പുമായി അല്പനേരം. പുതപ്പുകളുണ്ട്, കാലില്‍ ഇട്ടു. അതിലെ പോകുന്ന എല്ലാവരും ഉപയോഗിക്കും. കഴുകലൊന്നുമില്ല. പലതരം ജീവികളുടെ ഒച്ച ചുറ്റിനുമുണ്ട്. സമയത്തെക്കുറിച്ച് പിടിയില്ല. മൊബൈല്‍, കാട്ടിലേക്ക് കേറിയതു മുതലേ അനങ്ങിയിട്ടില്ല. ഇനി തിരിച്ചുപോകുംവരെ റേഞ്ച് കാണില്ല. യാത്രാ ക്ഷീണമുള്ളതിനാല്‍ കിടന്നു.
ഇടിയും മഴയും കനത്തു. കുടിലായതുകൊണ്ട് മഴ തൊട്ടരികിലൂടെ പെയ്യുന്ന പോലെ. പഹാഡി ചേട്ടന്‍ തൊട്ടടുത്തിരുന്ന് വിറക് കൂട്ടി കത്തിക്കുന്നു, കുടിലിനുള്ളില്‍. പുക വലിക്കുന്നുണ്ട്. നല്ല ചൂടും വെളിച്ചവും. കുറച്ചുകഴിഞ്ഞാല്‍ കനല്‍ മാത്രം ബാക്കിയാക്കി അയാളും കിടക്കും. മഴ മുരണ്ടു. ഹിമാലയന്‍ കാട്ടിലെ വന്യവിജനതയില്‍ ആദ്യ മഴയനുഭവം, പോരാത്തതിന് രാത്രിയും. ഓലയും ഷീറ്റുകളുമാണ്. ഒച്ചയോടെ വെള്ളം വീഴുന്നു. ഇടി മിന്നുന്നു. ഹാഡി ചേട്ടന്‍ പക്ഷേ ഗഞ്ചാ പുകയും വലിച്ച് തീ കൂട്ടിയിരിപ്പാണ്. ഉറങ്ങുന്നില്ല. കുടിലിന് മേല്‍ മഴ അലച്ചുകൊണ്ടിരുന്നു. കിടക്കുന്ന മരപ്പാളിയ്ക്ക് താഴെ വെള്ളം ഒലിച്ചുപോകുന്നതറിയാം. കാടിന്റെ ഒച്ച. വന്യമൃഗങ്ങളും ഇഴ ജന്തുക്കളുമുള്ള കാടാണ്. ഒരു വിധേന അരികെല്ലാം മറച്ചിട്ടുണ്ട്. വന്യമൃഗങ്ങള്‍ ആക്രമിച്ചാല്‍ ഒന്നും ചെയ്യാനില്ല, നിന്നു കൊടുക്കുകയല്ലാതെ. പാമ്പ് ഉള്ളിലേക്ക് കേറിവരുമോ, വെള്ളം കേറുമോ എന്നെല്ലാം തോന്നി. ക്ഷീണം കൊണ്ട്, കൂടുതല്‍ ആലോചിക്കും മുന്നേ സുഖനിദ്രയിലേക്ക് കൂപ്പുകുത്തി.

അതിരാവിലെ, കണ്ണ് തുറന്ന് ശരിക്കും പ്രദേശമൊന്ന് കണ്ടു.
കൊടുംതണുപ്പ് വെള്ളത്തില്‍ കുളിച്ച് സുഹൃത്ത് നടന്നുവന്നു.
മൂപ്പരുടെ പാതയിലൂടെ ചോലയില്‍ പോയി, ഇറങ്ങി, എല്ലു കോച്ചുന്ന തണുപ്പ്. മുങ്ങിക്കഴിഞ്ഞപ്പോ സുഖമുണ്ട്. ഗഡ് വാള്‍ കാട്ടില്‍, അതിരാവിലെ കുളി പാസായി. ചായയല്ലാതെ, വേറെ ഭക്ഷണമൊന്നും രാവിലെ കിട്ടില്ല, ബ്രേക്ക്ഫാസ്റ്റ് എന്നൊരു പരിപാടി അവര്‍ക്കില്ല. തലേന്നത്തെ സേവനത്തിനുള്ള പൈസ കൊടുത്ത് നടപ്പാരംഭിച്ചു. കുന്നും മേടും കേറിയിറങ്ങിയുള്ള നടത്തം മണിക്കൂറുകള്‍. അണ്ടിപ്പരിപ്പും ഒണക്കമുന്തിരിയും കരുതിയത് രക്ഷയായി.  ഉച്ചസമയം, നല്ല വെയിലുണ്ട്, മലയായതിനാല്‍. ഉച്ച കഴിഞ്ഞപ്പോൾ മറ്റൊരു പഹാഡി കുടില്‍ കണ്ടെത്തി, പോകുന്ന വഴിയേ. ചാവലും ഘടിയും കിട്ടി. കട്ടിത്തൈര് ഉപ്പിടാതെ തന്നു, അച്ചാറും. നാല് പച്ചമുളക് സമീപത്തുനിന്ന് പറിച്ചു, അത് ഉപ്പും കൂട്ടി കൈകൊണ്ട് ഞരടി ചോറിലിട്ട് വാരിക്കഴിച്ചു. കഞ്ഞി കോരിയിട്ടു തന്നു, പ്ലേറ്റുകളിലേക്ക് വീണ്ടും. നല്ല വിശപ്പ്, ഗംഭീര ലഞ്ച്. കുടിലും തൊഴുത്തും ഒന്നുതന്നെ. കന്നുകാലികള്‍ക്കരികില്‍ ഇരുന്നാണ് കഴിപ്പ്. തൊട്ടടുത്ത് അടുപ്പ് കൂട്ടിയിട്ടുണ്ട്. വൈക്കോല്‍ നിലത്ത് വിരിച്ച് അതിലാണിരുപ്പ്. ഒന്ന് മയങ്ങണമെന്നുണ്ട്. പക്ഷേ വൈകുന്നേരത്തിന് മുമ്പ് ലക്ഷ്യസ്ഥാനം പിടിച്ചില്ലെങ്കില്‍ കാട്ടില്‍ പെട്ടുപോകും. ഒരു മരത്തിന്റെ ചുവട്ടില്‍ പത്ത് മിനിറ്റ് നടുനിവര്‍ത്തി, ശേഷം നടപ്പ് തുടര്‍ന്നു. മഴയുടെ വരവും കാറ്റും ഇടിയും മലയില്‍ അപ്രതീക്ഷിതമാണ്. ഉച്ചതിരിഞ്ഞു പല കയറ്റിറക്കങ്ങള്‍ക്കു ശേഷം മറ്റൊരിടത്ത് എത്തിച്ചേര്‍ന്നു. സൗന്ദര്യം അതിരുകവിഞ്ഞ ഒരു സ്ഥലി.

ഹിമാലയന്‍ വാലിയില്‍ അന്ത്യവിശ്രമം എന്ന മനോഹര സാധ്യത മാത്രമേയുള്ളൂ ഇനി മുന്നില്‍ തോന്നി. നേരം വെളുപ്പിക്കുമോ എന്നുറപ്പില്ലാത്ത പോലെയൊരു പേടി. വാതില്‍ തുറന്ന് പുറത്തിറങ്ങി. സുഹൃത്ത് എണീറ്റിരിപ്പാണ്. ഉറങ്ങിക്കോളൂ, കുഴപ്പമില്ല എന്നു പറഞ്ഞ് പുറത്തിരുന്നു.

കുന്നുകള്‍ക്കരികിലെ പുല്‍മേടിലേക്ക് നടന്നെത്തി.
കലണ്ടറിലോ പോയിന്റിങിലോ കാണുന്ന പോലെയൊരു വാലി.
പനാര്‍ ഭൂഗ്യാല്‍ എന്നാണ് പേര്. ട്രക്കിങ് പോയിന്റാണ്. ഇവിടെ മിക്കയിടങ്ങളിലും ഭൂഗ്യാല്‍ ചേര്‍ത്ത പേരുകാണാനാവും. ഭൂഗ്യാല്‍ എന്നാല്‍ പുല്‍മേട്. ടെന്റടിച്ച് താമസിക്കാന്‍ പറ്റിയ ഇടം. ചെമ്മരിയാടിന്‍ പറ്റവും കാലികളും മേഞ്ഞുനടപ്പുണ്ട്. കല്ല് കൊണ്ടുള്ള കൊച്ചു പഹാഡിപ്പുര അവിടെയും ദൂരെ കണ്ടു. കാലാവസ്ഥ അനുകൂലമെങ്കില്‍ നന്ദാദേവി പര്‍വ്വതം, മേലമേട്ടില്‍ നിന്നാല്‍ കാണാം എന്നതാണ് ഇവിടത്തെ മനോഹര സാധ്യത. യാത്രികര്‍ക്ക് രുദ്രനാഥ് എത്തും മുമ്പുള്ള മൂന്ന് ഇടത്താവങ്ങളില്‍ ഒന്നാണ്. ചായ, പറഞ്ഞാല്‍ അവരുണ്ടാക്കിത്തരും. ആരോ ഇരുപ്പുണ്ട്. പക്ഷേ അതിമനോഹര ഇടമായിട്ടും, നിന്നില്ല. ഇരുട്ടിയാല്‍ രുദ്രനാഥ് എത്തിച്ചേരല്‍ ദുഷ്‌കരമാകും. സന്ധ്യയാവുന്നു. സങ്കടത്തോടെ ആ ഭൂപ്രദേശം വിട്ട് മലഞ്ചെരിവിലൂടെ നടപ്പ് തുടര്‍ന്നു. പല ഭാവമുള്ള ഇടങ്ങളിലൂടെ നടപ്പ് നീണ്ടു. കൂറ്റന്‍ കയറ്റങ്ങള്‍, നിരപ്പായ ഭൂതലങ്ങള്‍, കീഴ്​ക്കാംതൂക്കുപോലെ ചെരിവുകള്‍, താഴ്​ചകള്‍ക്കരികില്‍ കല്ലുപതിച്ച വഴികള്‍, ശ്രദ്ധ പാളിയാല്‍ താഴെ പോകും. നടപ്പ് തുടര്‍ന്നു. കാവിക്കൊടി, വലിയൊരു മണി തൂക്കിയിട്ട പടി, കുറച്ചു ദൂരെ നിന്ന് കണ്ടു. രുദ്രനാഥിന്റെ ലക്ഷണങ്ങളായി. ആശ്വാസം. മരക്കഷ്ണവും കമ്പിയും വളച്ചുള്ള പടിത്തട്ടും കവാടവും. മുകളിലേക്ക് എത്തിക്കഴിഞ്ഞ് വാലിയിലൂടെ അല്പം താഴെയ്ക്ക് വലതുഭാഗത്തേക്ക് നടക്കണം. രണ്ട് വടി ക്രോസ് വെച്ചു മുകളില്‍ കമ്പി കൊണ്ടാണ് കവാടം. കാലെടുത്തുവെച്ച് കേറി, പിന്നെയും നടന്നു. നേരം ഇരുട്ടിയിരിക്കുന്നു. രുദ്രനാഥെത്തിയതിന്റെ ആശ്വാസത്തിലൊന്ന് ശ്വസിച്ചു. വന്യവിശാലമായ മലമ്പ്രദേശം. പരന്നുകിടക്കുന്ന താഴ്​വര.

temporary-road-to-khangria.jpg
നദിയെടുത്ത ബ്യുന്ദാറിന്റെ ഒരു ഭാഗം / ​ഫോ​ട്ടോ: വി.എസ്​. സനോജ്​

മരത്തിനരികെ കല്ലുകൊണ്ടുള്ള കൊച്ചുക്ഷേത്രം ദൂരെ അവ്യക്തമായി കണ്ടു. അതിന് കുറച്ചുമുന്നെ, മൊട്ടക്കുന്നിനരികിലെ പുല്‍മൈതാനിയില്‍ പഹാഡി കുടിലും. ക്ഷീണിച്ചു, നേരെ കേറിചെന്നു. ഇതുപോലെ രണ്ടോ നാലോ ചെറിയ കൊച്ചുമുറി ഗസ്റ്റ് ഹൗസുകളാണുള്ളത്. ചായയിട്ടു തന്നു. ചെന്നൈയില്‍ നിന്നൊരു യാത്രാ സംഘവുമുണ്ടവിടെ. പരിചയപ്പെട്ടു. പത്തിലധികം പേരുണ്ട്. അടുത്ത ലക്ഷ്യം തുംഗനാഥാണ്, ചന്ദ്രശിലയെന്ന മഹാതുമ്പത്തേക്കുള്ള യാത്ര. കൂടെ യാത്ര പോരാന്‍ അവര്‍ ക്ഷണിച്ചു. പോകാനാഗ്രഹമുള്ള ഇടം. മേഘങ്ങള്‍ താഴെ വന്ന് കൂട്ടംകൂടി നില്‍ക്കുന്ന ഹിമവാന്റെ മുകള്‍ത്തട്ട്. പക്ഷേ വലിയ മാറ്റം, യാത്രാ പ്ലാനില്‍ വരുത്തേണ്ടിവരും. അതിനാല്‍ പിന്നീടൊരിക്കലാകാം എന്ന് വെച്ചു.
അതിലൊരാള്‍ കൊല്ലത്തുകാരനാണ്, നല്ലൊരു ഫോട്ടോഗ്രാഫറുമാണ്. കൂടെയുള്ള സുഹൃത്ത് അതിനിടെ ക്ഷേത്രത്തിനരികെ നടന്നുപോയി, വന്നു. ഇരുട്ടായി, നല്ലപോലെ. ട്രക്കിങില്‍ ക്ഷീണിതരാണ് എല്ലാവരും. റൊട്ടിയും ദാലും കഴിച്ചു, അല്പനേരം എല്ലാവരോടും സംസാരം, പാരസറ്റമോള്‍ ഗുളിക എല്ലാവര്‍ക്കുമായി ഒരു യാത്രികന്‍ നീട്ടി. മിക്കവരും അത് മേടിച്ചുകഴിച്ചു. മേലുവേദന തോന്നുന്നതിനാല്‍ സങ്കോചമുണ്ടെങ്കിലും അതൊരെണ്ണം കഴിച്ചു. കിടക്കാനൊരുങ്ങി. തണുപ്പ് കൂടിവരുന്നു. അടുപ്പിച്ചടുപ്പിച്ചാണ് കിടപ്പ്. ജനലില്ലാത്ത ഒരൊറ്റ മുറി മാത്രമാണ് വീട്. കല്ലുവെച്ച ചുവരുകള്‍ക്ക് ജനലോ എയര്‍ ഹോളോ ഒന്നുമില്ല. വാതില്‍ തുറന്നിട്ട് കിടന്നു. തണുപ്പ് കൂടി വന്നപ്പോ ആരോ അടയ്ക്കാനായി പറഞ്ഞു. കിടന്നപാടെ പലരും കൂര്‍ക്കംവലി തുടങ്ങി. പക്ഷേ ഉറങ്ങാന്‍ ശ്രമിച്ചിട്ടും പറ്റാത്തപോലെ. ഒരുതരം അസ്വസ്ഥത.

എല്ലാവരും അട്ടിയിട്ട്, മരിച്ച പോലെ കിടപ്പാണ്. അസുഖമോ ശ്വാസതടസ്സമോ വന്നാല്‍ മരണം സ്വീകരിക്കുകല്ലാതെ ഒന്നും ചെയ്യാനില്ല. ഹെലികോപ്റ്റര്‍ സര്‍വ്വീസ് പോയിട്ട് ആരുമില്ല, വിജനം. യാത്രികരെത്തിയിരുന്നു എന്നതിന് രേഖയില്ല. ഒരിടത്തും ചെക്കിങില്ല.

എങ്ങനെ കിടന്നിട്ടും എണീറ്റിരുന്നിട്ടും സുഖമില്ല. കോട്ടും ഷാളും ഊരി, നെഞ്ചും കഴുത്തും ഫ്രീയാക്കി നോക്കി, ശരിയാകാത്തപോലെ. പരവേശം. കൂടെയുള്ള സുഹൃത്ത് എന്തുപറ്റിയെന്ന് ചോദിച്ചെണീറ്റു.  ശ്വാസത്തിനെന്തോ പ്രശ്‌നമെന്ന് പറഞ്ഞു. പുള്ളിയാകെ ടെന്‍ഷനിലായി. ഗുളിക കഴിച്ചതിന്റെ അലര്‍ജിയാണോ എന്ന് സംശയമായി. മുഖം വീര്‍ത്തതുപോലെ തോന്നി. പണ്ട് ഉണ്ടായിട്ടുണ്ട് ഒരിക്കല്‍ നാട്ടില്‍ വെച്ച്. അന്ന് ആശുപത്രിയിൽ പോകേണ്ടിവന്നു. അതോര്‍ത്തപ്പോൾ നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി. അതുവരെയുള്ള കാഴ്ച്ചയുടെ സുഖം അലിഞ്ഞു. ചിന്തിച്ചു തുടങ്ങിയതോടെ അസ്വസ്ഥത കൂടി. രക്ഷയില്ല. വാതില്‍ തുറന്നിട്ടു, അടയ്ക്കാന്‍ ആരോ പറഞ്ഞു. ശ്വാസമെടുക്കുന്നതിനാണ് പ്രയാസം. വാതിലിനരികിലേക്ക് മാറിക്കിടക്കാന്‍ നോക്കി, പക്ഷേ ഇടമില്ല. എല്ലാവരും അട്ടിയിട്ട്, മരിച്ച പോലെ കിടപ്പാണ്. അസുഖമോ ശ്വാസതടസ്സമോ വന്നാല്‍ മരണം സ്വീകരിക്കുകല്ലാതെ ഒന്നും ചെയ്യാനില്ല. ഹെലികോപ്റ്റര്‍ സര്‍വ്വീസ് പോയിട്ട് ആരുമില്ല, വിജനം. യാത്രികരെത്തിയിരുന്നു എന്നതിന് രേഖയില്ല. ഒരിടത്തും ചെക്കിങില്ല. കാട്ടില്‍ മൈലുകള്‍ താണ്ടി സ്വന്തം ഇഷ്ടപ്രകാരം നടന്നുതീര്‍ത്തതാണ്. ഹിമാലയന്‍ വാലിയില്‍ അന്ത്യവിശ്രമം എന്ന മനോഹര സാധ്യത മാത്രമേയുള്ളൂ ഇനി മുന്നില്‍ തോന്നി. നേരം വെളുപ്പിക്കുമോ എന്നുറപ്പില്ലാത്ത പോലെയൊരു പേടി. വാതില്‍ തുറന്ന് പുറത്തിറങ്ങി. സുഹൃത്ത് എണീറ്റിരിപ്പാണ്. ഉറങ്ങിക്കോളൂ, കുഴപ്പമില്ല എന്നു പറഞ്ഞ് പുറത്തിരുന്നു. തീ എരിയുന്നുണ്ട് കുടിലിനരികെ. നായ്ക്കള്‍ വാതിലിന് സമീപം കിടപ്പുണ്ട്. യാത്രികരോട് പ്രശ്‌നമൊന്നുമില്ല, പൊതുവേ സൗമ്യശീലരാണ്. തണുപ്പു പ്രദേശത്തെ ജീവിയായതിനാല്‍ മേലാകെ വെളുത്ത രോമക്കൂട്ടം. ചെമ്മരിയാടിനെ പോലെയുള്ള നായ്ക്കള്‍. ആട്ടിടന്മാരായ പഹാഡികള്‍ക്കൊപ്പം കൂട്ടുപോകും, വല്ല മൃഗങ്ങളും ആടിനെ പിടിക്കാന്‍ വന്നാല്‍ അവ കുരയ്ക്കും, തനിസ്വരൂപം പുറത്തെടുക്കും. നായ്ക്കളും കുറച്ചുമാറി പുല്‍പരപ്പില്‍ കെട്ടിയിട്ട രണ്ട് കുതിരകളും മാത്രമുണ്ട് ആ വിജനതയിലാകെ. ഭക്ഷണം വെച്ച് താമസമൊരുക്കിയ പഹാഡി പയ്യന്മാരും ഉറങ്ങിയ മട്ടാണ്. ഗോപേശ്വറിലാണവരുടെ വീട്. പഹാഡികള്‍ മഞ്ഞുവീഴുന്ന സീസണില്‍ താഴേ കുന്നിറങ്ങും. രുദ്രനാഥില്‍ കണ്ട പലരും ഗോപേശ്വറുകാരാണ്.

Bhyundar-Village.jpg
ബ്യുന്ദാറിന്റെ പഴയ ചിത്രം

തണുപ്പില്‍ എണീറ്റ് നടന്നുനോക്കി. പാതിരാത്രിയോടടുക്കുന്നു. നല്ല നിലാവുണ്ട്. പുറത്തുവന്നപ്പോള്‍ പരവേശം കുറഞ്ഞു, ശ്വാസമെടുപ്പ് നോര്‍മല്‍ ആകുന്നതുപോലെ. ഗഡ്വാളിന്റെ മലമുകളില്‍ നക്ഷത്രങ്ങളും നിലാവും വിശാല പുല്‍മേടുകളുള്ള കുന്നില്‍ കൊച്ചു പ്രാചീനക്ഷേത്രവും പഹാഡി കുടിലും മാത്രം. അവിടെ ചുറ്റിപ്പറ്റി നടന്നു. ദൂരെയ്ക്ക് പോയില്ല, വല്ല മൃഗങ്ങളും കാണുമോ എന്നുറപ്പില്ല, നിലാവിന്റെ വെളിച്ചമേയുള്ളൂ. മലമുകളില്‍ മറ്റാരുമില്ല. പുറത്തുപോയി തിരിച്ചുവന്നാല്‍ ഇതേ നായ്ക്കള്‍ തന്നെ ചിലപ്പോള്‍ ആളറിയാതെ കുരച്ചുചാടിയേക്കാം. പിന്നെയും വാതില്‍പ്പടിയില്‍ വന്നിരുന്നു. ഒരു മരണ മുനമ്പില്‍ അകപ്പെട്ടുവെന്നും മഞ്ഞുകൂട്ടവും നക്ഷത്രങ്ങളും മാത്രമാണ് ചുറ്റും എന്നും തോന്നി. നക്ഷത്രങ്ങളെ നോക്കി നടന്നും ഇരുന്നും ഏറെനേരം കഴിച്ചുകൂട്ടി. പിന്നെ ഇരുപ്പ് മാത്രമായി നായ്ക്കള്‍ക്കരികെ, ഷൂസുകള്‍ നിറഞ്ഞ പടിയില്‍ ഇരുന്നുറങ്ങി, പതിയെ, ചെരിപ്പ് നീക്കിയിട്ട് ചാഞ്ഞു കിടപ്പായി, എപ്പോഴോ ഉറങ്ങിപ്പോയി, തൊട്ടടുത്ത് തൊപ്പയുള്ള ആ നായ്ക്കളും അകത്ത്, കൂര്‍ക്കം വലിച്ച് മറ്റ് യാത്രികരും. രാവിലെ ഉണര്‍ന്നപ്പോള്‍ ജീവനോടെയുണ്ട് എന്ന തിരിച്ചറിവില്‍ ആദ്യമൊന്ന് ആശ്വസിച്ചു. ഉള്ളിലെ കിടപ്പാണ് പ്രശ്‌നമെന്നും ഓക്‌സിജന്റെ കുറവാണ് അസ്വാസ്ഥ്യജനകമായ ആ രാത്രി സൃഷ്ടിച്ചതെന്നും അപ്പോഴാണ് മനസ്സിലായത്. സമുദ്രനിരപ്പില്‍ നിന്ന് 11,800 അടിയോളം മുകളിലാണ് രുദ്രനാഥ്. പുലര്‍ച്ചെ തന്നെ തുംഗനാഥ് സംഘം പോയിരിക്കുന്നു. അവര്‍ക്ക് ചന്ദ്രശിലയെത്തണം. കുറച്ചുനേരം കൂടി ഉറങ്ങി. സുഹൃത്ത് രാവിലെത്തന്നെ ക്ഷേത്രത്തില്‍ പോയിരിക്കുന്നു. നല്ലൊരു ചായ കിട്ടി, പതിയെ പുറത്തിറങ്ങി.

ബ്യുന്ദാര്‍ഗംഗയും പുഷ്പാവതിയും ഖാംഗ്രിയയില്‍ വെച്ചാണ് ലക്ഷ്മണ്‍ ഗംഗയാവുന്നത്. ഗോവിന്ദ്ഘാട്ടില്‍ അത് അളകനന്ദയില്‍ ലയിക്കുന്നു.  വിസ്‌ഫോടത്തില്‍ നദി വാരിയെടുത്തുപോയ ഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ സമീപം കണ്ടു

രുദ്രനാഥിന്റെ സ്വര്‍ഗസമാനമായ ഭംഗി, അവാച്യമായ കാഴ്ച.
പ്രാചീനഭംഗിയുള്ള കൊച്ചുക്ഷേത്രത്തില്‍ പൂജാരിയുണ്ട്, സഞ്ചാരികള്‍ വേറെ ആരുമില്ല. അവിടെ പോയി നിശബ്ദം കുറെനേരം ഇരുന്നു. മുന്നില്‍ മലകളും പുല്‍മേടും മാത്രം. ചില ചെറിയ ജലധാരകള്‍ സജീവം. വളരെ ചെറിയ നീരൊഴുക്കുകളാണവ. കാഴ്ചയേക്കാള്‍ മനോഹരമായ പേരുകളാണ് അവയുടെ. കല്ലുകൊണ്ടുള്ള ആ ക്ഷേത്രം പഞ്ചകേദാരങ്ങളിലൊന്നാണ്. വിശ്വാസപ്രകാരം ശിവന്റെ പ്രധാനപ്പെട്ട ഇടം. ഹിമാലയന്‍ മലനിരയുടെ കാഴ്ച കണ്ടാലും കണ്ടാലും തീരില്ല. വെയില് കനക്കുംവരെ വെറുതെ ഗഡ്വാളി താഴ് വരയും നോക്കി അതേ ഇരുപ്പ്.

തിരിച്ചു മടങ്ങണം, പഹാഡികള്‍ക്ക് പൈസ കൊടുത്തു മടങ്ങി. ഒന്നര പകല്‍ കൊണ്ട് കേറിയ മലമുകളില്‍ നിന്ന് ഒരു പകല്‍ കൊണ്ട് തിരിച്ചിറക്കം. വേഗം നടന്നു. പിത്രധാര്‍ വഴിയും അനസൂയാക്ഷേത്രം വഴിയും രണ്ട് പാതകളുണ്ട്. പക്ഷേ വഴി തെരഞ്ഞുപിടിച്ചു പോകുക പ്രയാസമാണ് അനസൂയാക്ഷേത്രത്തിലേക്ക് അവിടെ നിന്ന്. ആരും വരാതെ, വഴി ചിലയിടത്ത് മൂടിപ്പോയെന്ന് പഹാഡി പറഞ്ഞു. വന്നവഴി തന്നെ മടങ്ങി. സായാഹ്നം വരേയ്ക്കും നടത്തം. ഇടയ്ക്ക് ചില പാറകളില്‍ ഇരുപ്പ്, കിടപ്പ്. ഉച്ചയ്ക്ക് ഒരു കുടിലില്‍ നിന്ന് ഭക്ഷണം കിട്ടി. ചോറും ഘടിയും ദാലും തന്നെ. വൈകുന്നേരത്തോടെ താഴെയെത്തി. സാഗറില്‍ ചെന്നു. കുറച്ച് പഴം മേടിച്ചു കഴിച്ചു. ഏതോ വണ്ടിയ്ക്ക് കൈ കാണിച്ചു. നിര്‍ത്തിയ വണ്ടിയില്‍ കേറിപ്പറ്റി നേരെ ഗോപേശ്വര്‍. അവിടെ നിന്ന്. അവിടന്ന് ഗോവിന്ദ്ഘട്ട്. 

ചെന്ന് മുറിയെടുത്തു. രാവിലെ നടക്കണം, ഖാംഗ്രിയയിലേക്ക്. അളകനന്ദ സംഹാരരുദ്രയായി ഒഴുകുന്നയിടം. ആ രാത്രി സുഖകരമായി ഉറങ്ങി. രാവിലെ നടപ്പിനായി എണീറ്റു. കാല്‍ അനക്കാൻ വയ്യ. വാലി ഓഫ് ഫ്‌ളവേഴ്‌സിലേക്ക് എത്തണം. ഗോവിന്ദ്ഘട്ടില്‍ നിന്ന് ഖാംഗ്രിയയിലേക്ക് 14 കിലോമീറ്ററോളമുണ്ട്.
ഗഡ് വാള്‍- ഹിമാലയന്‍ മേഖലയില്‍ മിക്കയിടത്തും കുതിരയുടേയും കോവര്‍ കഴുതയുടേയും പുറത്താണ് യാത്രികര്‍ പലരും ധാമുകളിലേക്കെത്തുക. വിശ്വാസികളില്‍ പ്രായമായവരും കുട്ടികളും സ്ത്രീകളും ആ ജീവിയുടെ പുറത്തേറും. രുദ്രനാഥിലെ മൂന്നു ദിന, മൈല്‍ യാത്ര, കാലിനെ താറുമാറാക്കി. നീര് വന്നിട്ടുണ്ട്. ക്ഷീണവും. മണ്‍പാതകളും കല്ലുമിട്ട, വിണ്ടുകീറിയ വഴിയിലൂടെ നടക്കുക എളുപ്പമല്ല, കുതിര തന്നെ ശരണം. ലാടത്തിന്റെ ബലത്തില്‍ ചാഞ്ഞും ചെരിഞ്ഞും ദുഷ്‌കരമായി ഇടറിയും, അത് ഖാംഗ്രിയയിലേക്ക് നടന്നു. പൂക്കളുടെ താഴ്വരയ്ക്ക് മുന്നേയുള്ള മലഞ്ചെരിവിലെ താല്‍ക്കാലിക സെറ്റില്‍മെന്റാണ് ഗാംഗ്രിയ. ഇപ്പോൾ വീഴുമെന്ന് തോന്നുംവിധം കുലുക്കം. ഇടയ്ക്കതിന് കാലിടറുന്നു. പക്ഷേ ലാടം തറച്ച ബലിഷ്ഠമായ കാലുകൊണ്ട്, വീഴ്ത്താതെ കൊണ്ടുപോയി. താഴ്ച്ചയുള്ള പടികളും കല്ല് പതിച്ചിട്ട ഭാഗങ്ങളും നിഷ്​പ്രയാസം കടന്നു. ചില പൊഴികളിലേക്ക് ലാടം തറച്ച കാല്‍ അകപ്പെട്ടു. കല്ലിന്റെ കൂട്ടങ്ങളുണ്ട്. വേച്ച് നടന്നു, നിയന്ത്രിച്ച് ഒപ്പം പഹാഡിയും. 

gangria.jpg

കേദാര്‍നാഥ് മേഘവിസ്‌ഫോടനവും പ്രളയവും സൃഷ്ടിച്ച ദുരന്തം കഴിഞ്ഞ് അധികകാലമായിരുന്നില്ല. പണി നടക്കുകയാണ്. പാലങ്ങളോ റോഡുകളോ ഇല്ല, എല്ലാം ഒലിച്ചുപോയി, കല്ലും മണ്ണും പാറയും കൂടിക്കിടക്കുന്നു, പലയിടത്തും. റോഡ് ഉണ്ടാക്കിയിട്ടു വേണം എന്നതായിരുന്നു ചെല്ലുമ്പോഴുള്ള കാഴ്​ച. കരിങ്കല്ലും മണ്ണുമിട്ട താല്‍ക്കാലിക പാതകള്‍. കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് വഴിയുണ്ടാക്കലും മറ്റും നടക്കുന്നു. താല്‍ക്കാലിക നടപ്പാതയാണ് മിക്കയിടത്തും. ബാക്കിയെല്ലാം പണികളിലാണ്. പുല്‍നയും ബ്യുന്ദാറും വഴിയാണ് യാത്ര. നദി വാരിയെടുത്ത ഗ്രാമങ്ങള്‍. തകര്‍ന്ന കുറെ വീടുകള്‍ കണ്ടു. കഥകള്‍ ഏറെയുണ്ട് ഈ വിജനഗ്രാമങ്ങള്‍ക്ക് പറയാന്‍. ബ്യുന്ദാര്‍ഗംഗയും പുഷ്പാവതിയും ഖാംഗ്രിയയില്‍ വെച്ചാണ് ലക്ഷ്മണ്‍ ഗംഗയാവുന്നത്. ഗോവിന്ദ്ഘാട്ടില്‍ അത് അളകനന്ദയില്‍ ലയിക്കുന്നു. അതിവേഗം കുതിക്കുന്ന നദിയുടെ ഓരം പറ്റി സഞ്ചാരികള്‍ കടന്നുപോകുന്നു. വിസ്‌ഫോടത്തില്‍ നദി വാരിയെടുത്തുപോയ ഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ സമീപം കണ്ടു. നിന്ന നില്‍പ്പില്‍ ഗ്രാമങ്ങളെ അപ്രത്യക്ഷമാക്കിയ മഹാപ്രളയവും മണ്ണിലിടിച്ചിലും ബ്യുന്ദാറിനേയും പുല്‍നയേയും തകര്‍ത്തു. നൂറ്റാണ്ടോളം പഴക്കമുള്ള ഈ ഗ്രാമങ്ങള്‍ക്കരികിലൂടെ സഞ്ചാരികള്‍ പൂക്കളുടെ താഴ്വരയിലേക്ക് പോയിരുന്നത് മേഘവിസ്‌ഫോടനത്തിന് ശേഷം മറ്റൊരു അനുഭവമായി. ആവാസ വ്യവസ്ഥയുമായി ചേര്‍ന്നുപോയിരുന്ന ഗ്രാമങ്ങളാണ്, ലക്ഷ്മണ്‍ഗംഗയുടെ കരയില്‍. അതിനോട് ചേര്‍ന്ന് ഇടതൂര്‍ന്ന കാടുകളാണ്. വീടുകളെ മനുഷ്യവാസത്തിന് പറ്റാത്തയിടമാക്കി പ്രകൃതിയുടെ രൗദ്രത. ഉറ്റവരെയും വളര്‍ത്തുമൃഗങ്ങളേയും പലര്‍ക്കും നഷ്ടമായി.

വീട്ടു സാമാനങ്ങളും വീടും അല്പസമയം കൊണ്ട് ഇല്ലാതാകുന്നതു കണ്ട് പലരും ഒന്നും ചെയ്യാനാകാതെ മോഹാലസ്യപ്പെട്ടു. സംവത്സരങ്ങള്‍ അവിടെ ജീവിച്ചവരുടെ അഭയസ്ഥാനത്തെ നദി അസ്ഥികൂടം പോലെയാക്കി.  സര്‍വ്വം ഒലിച്ചുപോയി. പലരും കാട്ടില്‍ പലയിടത്തുമായി കുടുങ്ങി. ഒന്നര ദിവസമെടുത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യരെ സൈന്യം രക്ഷിച്ച്, ക്യാംപിലെത്തിച്ചു. അറുപതോളം കുടുംബങ്ങളുണ്ടായിരുന്ന ഗ്രാമത്തില്‍ ഭൂരിഭാഗം പേരേയും രക്ഷപ്പെടുത്തിയെങ്കിലും വീടുകള്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചു. അവശിഷ്ടം മാത്രം ബാക്കി. ബ്യുന്ദാറിനെ കണ്ടപ്പോള്‍ പ്രേതസിനിമയുടെ സെറ്റ് പോലെ തോന്നിച്ചു. നദി അത്രമേല്‍ വിസ്തൃതമായി ഗതിമാറി കുത്തിയൊലിച്ചു. ആ വരവില്‍ ഗ്രാമങ്ങളടക്കം എല്ലാം ഒലിച്ചുപോയി. ജോഷിമഠ് താലൂക്കിലാണ് ബ്യുന്ദാര്‍. കേദാര്‍നാഥ് മേഘവിസ്‌ഫോടനം ചമോലി ജില്ലയെ സാരമായി ബാധിച്ചു. ചമോലിയില്‍ മാത്രം 80 ഓളം ഗ്രാമങ്ങളെ ദുരന്തം തകര്‍ത്തെറിഞ്ഞു. മഴയും നദിയുടെ കുത്തൊഴുക്കും പതിവുണ്ടെങ്കിലും മേഘവിസ്‌ഫോടനം കണക്കുകൂട്ടല്‍ തെറ്റിച്ചു. ഗോവിന്ദ്ഘട്ടും പാണ്ടുകേശ്വറും ഭീതിതമായ അവസ്ഥയ്ക്ക് സാക്ഷിയായി. പാണ്ടുകേശ്വറിനെ ഉരുള്‍പൊട്ടല്‍ കടപുഴക്കി. ഖാംഗ്രിയയിലേക്കുള്ള പാലങ്ങളും റോഡും ഒലിച്ചുപോയി. ആ പോക്കിലാണ് ബ്യുന്ദാറും പുല്‍നയും പോയത്.

sanoj
വി.എസ്. സനോജ് യാത്രക്കിടെ

കാട്ടിലേക്ക് വിറകൊടിക്കാനും കന്നുകാലികളെ തീറ്റാനും പോയവരില്‍ മിക്കവരും രക്ഷപ്പെട്ടു. വീട്ടിലുണ്ടായവരെ ദുരന്തമെടുത്തു. നിരവധി പേരെ കാണാതായി, മൃതദേഹം കണ്ടെത്തിയില്ല. സര്‍ക്കാര്‍ ലിസ്റ്റില്‍ കാണാതായവരായി കൂടുതല്‍, മരിച്ചവരുടെ പേര് കുറവ്. ബ്യുന്ദാറിനെക്കുറിച്ചുള്ള പറച്ചിലുകളില്‍ നിന്ന് മറ്റൊരു കഥ കൂടി കേട്ടു. കൂടെ വന്ന കുതിരക്കാരന്‍ പറഞ്ഞതാണത്. ഗ്രാമം ഒലിച്ചുപോയപ്പോ കൂടുതലും അകപ്പെട്ടത്  ആണുങ്ങളാണെന്ന്. സ്ത്രീകള്‍ കൂട്ടത്തോടെ കാട്ടിലേക്ക് വിറകിന് പോയ സമയത്താണ്, വീടുകള്‍ ഒലിച്ചുപോയത്- അയാള്‍ പറഞ്ഞു. പൊതുവേ മലമ്പ്രദേശത്തെ ആണുങ്ങള്‍, പ്രത്യേകിച്ച് പഹാഡികള്‍ അലസരാണ്. വലിയ പണികളെടുക്കാന്‍ മടിയുണ്ട്. ആടിനെ മേച്ചും കന്നുകാലികളെ നോക്കിയും കഞ്ചാവ് ചുരുട്ടി വലിച്ചും ഗൈഡായും അവര്‍ കഴിയും. സ്ത്രീകള്‍ കഠിനാധ്വാനികളാണ്. കാട്ടില്‍ പോയി വിറകുണ്ടാക്കും, വിറക് കീറും, പച്ചക്കറി നടും, വീടും കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും നോക്കും. പകല്‍ അതിരാവിലെ കാട് കയറി, കുറെ ദിവസത്തേക്കുള്ള വിറകുമായി വൈകീട്ട് തിരിച്ചെത്തും. സ്ത്രീകള്‍ കൂട്ടമായി പോകും. ആണുകള്‍ വീട്ടിലുമുണ്ടാകും. അന്നും അതുതന്നെയുണ്ടായി. കാട്ടില്‍ പോയവര്‍ മിക്കവരും രക്ഷപ്പെട്ടു, വീട്ടിലെ പലരും ഒലിച്ചുപോയി. തിരികെയെത്തുമ്പോൾ മഴയും മണ്ണിലിടിച്ചിലും. നദി, ഗ്രാമം വളഞ്ഞിരിക്കുന്നു. നോക്കിനില്‍ക്കെ, വീടുകള്‍ ഒലിച്ചുപോകുന്നത്​ കണ്ടതോര്‍ത്ത് രക്ഷപ്പെട്ട സ്ത്രീകള്‍ ക്യാമ്പുകളിലിരുന്ന് നനഞ്ഞു വിറച്ചു കരഞ്ഞു. സ്ത്രീകള്‍ ഒറ്റപ്പെട്ടുപോയ ഗ്രാമമെന്ന് ചിലര്‍ ഫീച്ചറെഴുതി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് റോണി സെന്‍ എന്ന ബംഗാളി ഫോട്ടോഗ്രാഫര്‍ ചെയ്ത ഫോട്ടോ സീരീസിലെ ചിത്രങ്ങള്‍, ചമോലിയുടെ അവസ്ഥ അനാവരണം ചെയ്യുന്നുണ്ട്.

ഒരുപക്ഷേ, മറ്റൊരിടത്തേക്ക് ഒഴുകിപ്പോയി, എങ്ങനെയോ കരപറ്റി, എവിടെയോ കേറിക്കൂടി, രക്ഷപ്പെട്ട് എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുവരുന്ന ഒരാളെ അവര്‍ പ്രതീക്ഷിച്ചിരിക്കാം. ഒഴുക്കില്‍പ്പെട്ട വളര്‍ത്തുമൃഗത്തിന്റെ നനഞ്ഞൊട്ടിയ തിരിച്ചുവരവ്, ബ്യുന്ദാറിലെ കുട്ടികളെങ്കിലും, സ്വപ്നം കണ്ടിരിക്കാം.

മിക്കയിടവും തകര്‍ന്നതിനാല്‍ സമീപത്തെ കാട്ടിലൂടെ പുതിയ വഴി വെട്ടുന്നത് കണ്ട് ഖാംഗ്രിയ എത്തി. അതു കഴിഞ്ഞാല്‍ വാലി ഓഫ് ഫ്‌ളവേഴ്‌സിലേക്ക് രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രമേയുള്ളൂ നടക്കാന്‍. വലത്തോട്ട് തിരിഞ്ഞ് കൂറ്റന്‍ കയറ്റങ്ങള്‍ പിന്നിട്ടാല്‍ ഹേം കുണ്ട് എന്ന ഉയരമുള്ള സ്ഥലമായി, ഹേംകുന്ദ് സാഹിബ് എന്ന ഗുരുദ്വാരയുണ്ടവിടെ. അതിപുരാതന ലക്ഷ്മണ ക്ഷേത്രമുള്ള മനോഹരയിടം. പക്ഷേ കയറ്റം അതികഠിനം. പ്രായമുള്ള പഞ്ചാബി അമ്മൂമ്മമാര്‍ പക്ഷേ വഴിപാട് നേര്‍ന്നതുകൊണ്ട് അവിടേക്ക് കഷ്ടപ്പെട്ട്  നടന്നു വരുന്നത് കണ്ടു. ഖാംഗ്രിയയില്‍ നിന്ന് നേരെ അല്പം കേറി, ഇടത്തോട്ട് പോയാല്‍ പൂക്കളുടെ താഴ്വരയായി. യാത്രികര്‍, ഖാംഗ്രിയയിലെ താല്ക്കാലിക ഇടത്താവളത്തില്‍ താമസിക്കും. സഞ്ചാരികളുടെ സ്വപ്നഭൂമി എന്നറിയപ്പെടുന്ന വാലി ഓഫ് ഫ്‌ളവേഴ്‌സിലേക്ക് ആറുമാസമാണ് യാത്ര. ശേഷം മഞ്ഞുമൂടി, വിജനമാകും. ഈ സമയത്ത് ഫോട്ടോഗ്രാഫര്‍മാരും ബൊട്ടാണിസ്റ്റുകളും വിദേശ സഞ്ചാരികളും പ്രത്യേക പെര്‍മിഷനോട് വരാറുണ്ടെന്ന് കുതിരക്കാരന്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഹെലികോപ്റ്റര്‍ സര്‍വീസുണ്ട്. ഖാംഗ്രിയയിലെ ഡോര്‍മിറ്ററിയില്‍ ഒരു രാത്രി കഴിഞ്ഞു. തൊട്ടടുത്ത കട്ടിലില്‍ ജപ്പാനില്‍ നിന്നുള്ള രണ്ട് പയ്യന്മാരും. ബ്യുന്ദാര്‍ ഗ്രാമം സ്വന്തം ജീവിതം ഇപ്പോ തിരിച്ചുപിടിച്ചുകാണും. പ്രകൃതിയ്ക്ക് മുറിവ് ഉണക്കാനും നല്ലപോലെ അറിയാം. വഴിയും നടപ്പാലവും പൂര്‍ത്തിയായിട്ടുണ്ടാകും. ദുരിതാശ്വാസ ക്യാംപിലെ കെടുതി വിട്ട് ബ്യുന്ദാര്‍ വാലിയുടെ പ്രശാന്തതയിലേക്ക് തിരിച്ചുവന്നിരിക്കും അവിടത്തുകാര്‍.

byundar1.jpg
ഖാംഗ്രിയയിലേക്കുള്ള പുതിയ പാതയും കവിഞ്ഞൊഴുകിയ നദിയും / ​ഫോ​ട്ടോ: വി.എസ്​. സനോജ്​

അങ്ങനെ ആ യാത്ര അവസാനിച്ചു. ചിപ്‌കോ പ്രക്ഷോഭകാലത്ത് ബ്യുന്ദാര്‍ വാലിയിലെ മരംവെട്ടിനെതിരെ നടന്ന സമരം ലോകമറിഞ്ഞതാണ്. ഈ മേഖലയിലെ മനുഷ്യര്‍ അതിനായി വഹിച്ച പങ്ക് എത്ര വലുതായിരുന്നുവെന്ന് - ദ ചിപ്‌കോ മൂവ്‌മെൻറ്​ - എ പീപ്പിള്‍സ് ഹിസ്റ്ററി- എന്ന പുസ്തകത്തിലടക്കം പലരും എഴുതി. ബ്യുന്ദാറിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട പലരുടേയും പേരുകള്‍ കാണാതായവരുടെ ലിസ്റ്റിലായിരുന്നു. വീടുകളില്‍ അവശേഷിച്ച ചിലര്‍ക്കെങ്കിലും അതാശ്വാസം നല്‍കിക്കാണും. പ്രിയപ്പെട്ടവര്‍ മരണപ്പട്ടികയിലല്ല എന്നതിലെ പ്രതീക്ഷ വളരെ വലുതാണ്. ഒരുപക്ഷേ, മറ്റൊരിടത്തേക്ക് ഒഴുകിപ്പോയി, എങ്ങനെയോ കരപറ്റി, എവിടെയോ കേറിക്കൂടി, രക്ഷപ്പെട്ട് എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുവരുന്ന ഒരാളെ അവര്‍ പ്രതീക്ഷിച്ചിരിക്കാം. ഒഴുക്കില്‍പ്പെട്ട വളര്‍ത്തുമൃഗത്തിന്റെ നനഞ്ഞൊട്ടിയ തിരിച്ചുവരവ്, ബ്യുന്ദാറിലെ കുട്ടികളെങ്കിലും, സ്വപ്നം കണ്ടിരിക്കാം. രുദ്രനാഥിന്റെ തുമ്പില്‍ ശ്വാസംമുട്ടി, കുത്തിയിരുന്ന രാത്രിയോര്‍മ, പൂക്കളുടെ വാലി കണ്ടപ്പോള്‍ മറന്നെങ്കിലും ഒരു നദി, ജീവിതം എങ്ങനെ കീഴ്‌മേല്‍ മറിക്കുമെന്ന ബ്യുന്ദാറിന്റെ ആത്മകഥയ്ക്ക് കൂടി സാക്ഷിയായി മടങ്ങി, അപഹരിക്കപ്പെട്ട ഗ്രാമത്തിന്റെ ശോഷിച്ച രൂപം കണ്ടുതീര്‍ത്ത്. 

വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Audio