Wednesday, 29 March 2023

പ്രണയവും കൊലയും


Text Formatted

വിഷചികിത്സയും പ്രതിരോധവും,
​​​​​​​പ്രണയ വൈകല്യത്തിനും

ആണ്‍കുട്ടികളെ കരുതലും ശുശ്രൂഷയും പഠിപ്പിക്കുന്നതിലൂടെ ആണത്തത്തെ അപനിര്‍മിക്കാനും അമിതമായ വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രാപ്തി ഉണ്ടാക്കാം. ജെന്‍ഡര്‍ പരിശീലനം ഇപ്പോഴത്തെ സാഹചര്യത്തില്‍ പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ ആവശ്യം.  

Image Full Width
Image Caption
കൃഷ്​ണപ്രിയ കൊല്ലപ്പെട്ട കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്ത്​ ഓഫീസ്​ പരിസരം, കൃഷ്​ണപ്രിയ
Text Formatted

പ്രണയത്തിന്റെ പേരില്‍ പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയ തിക്കോടിയിലെ യുവതിയെപ്പറ്റി കേള്‍ക്കുമ്പോള്‍ അല്‍പമെങ്കിലും അതിന്റെ നീറ്റല്‍ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. നമ്മുടെ കുട്ടികളെ ഓര്‍ത്തെങ്കിലും അല്‍പനേരം ഒരു അരക്ഷിതബോധം ഉള്ളില്‍ പിടയും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നേരത്തേ ആസിഡ് അറ്റാക്കുകളായി കണ്ടിരുന്നവ ഇപ്പോള്‍ തത്സമയ കൊലപാതകങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഈ പ്രവണത കുറേശ്ശ കൂടിവരുന്നതായും കാണാം. കൂടിവരുന്നതിനനുസരിച്ച് ഇതിനോട് നമ്മള്‍ നിര്‍വികാരപ്പെട്ടുപോകാനും സാധ്യതയുണ്ട്. അത് അപകടകരമാണ്.

ഇതിനോട്​ പലവിധ പ്രതികരണങ്ങള്‍ കാണുന്നുണ്ട്. ഒരു ട്രോളില്‍ കണ്ടത് ഇങ്ങനെ: ‘‘ഒരു ബസിന് കൈ കാണിച്ചിട്ട് അത് നിര്‍ത്തിയില്ലെങ്കില്‍ പോകട്ടെ. അടുത്ത വണ്ടിക്ക് കൈ കാണിക്കാം, എന്നെടുത്താല്‍ പോരേ'' എന്ന്. ഇത് കാണുമ്പോള്‍ കരയണോ ചിരിക്കണോ എന്നറിയില്ല. അരാഷ്ട്രീയവും അനുചിതവുമായ ഇത്തരം തമാശകള്‍ രാഷ്ട്രീയബോധമുള്ളവരെ, പ്രത്യേകിച്ച് സ്ത്രീപക്ഷത്തുള്ളവരെ ദേഷ്യം പിടിപ്പിക്കുന്നതും കണ്ടു. സ്ത്രീയെ വീണ്ടും വസ്തുവല്‍ക്കരിക്കുന്നു എന്നതാണ് ദേഷ്യം പിടിപ്പിക്കുന്നത്. എന്നാല്‍, സാധാരണക്കാരുടെ ഒരു പൊതുബോധത്തില്‍ നിന്നുകൊണ്ട് ‘തീവ്രപ്രണയികള്‍ കൊലയ്ക്കൊന്നും പോകേണ്ടതില്ല’ എന്ന ഒരു ആഹ്വാനവും അതിലുണ്ടല്ലോ. പൊതുബോധത്തില്‍ വളരെ പതുക്കെയാണെങ്കിലും ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ സ്ത്രീയുടെ സദാചാരത്തെ പഴിച്ച്​, ‘‘കാമുകി ചതിയില്‍പെട്ട കാമുകന്റെ കൊലക്കിരയായി'' എന്ന തരത്തിലൊക്കെ പ്രധാന റിപ്പോര്‍ട്ടുകള്‍ വന്നേനെ. ഇപ്പോഴും, ഇത്തരം സംസാരങ്ങളുണ്ടെങ്കിലും അവയൊക്കെ മൂലകളിലേക്ക് ഒതുക്കപ്പെട്ടിട്ടുണ്ട്.

ഏതു വയലന്‍സിന്റെ പിന്നിലും ചിലപ്പോള്‍ തീവ്രമായ വികാരം ഉണ്ടായിരിക്കാം. ആദര്‍ശങ്ങളുടെ പേരിലുണ്ടാകുന്ന മതസ്പര്‍ധയിലും രാഷ്ട്രീയ പകപോക്കലിലും എല്ലാം ഇതുണ്ടാവും. കൊല്ലുന്നതില്‍ രസം കണ്ടെത്തുന്നവരുടെ മനോനില മറ്റുതരത്തിലായിരിക്കും.

ഗൗരവമുള്ള ചര്‍ച്ചകള്‍ പ്രധാനമായും രണ്ട് സമീപനങ്ങളിലാണ് ഊന്നി കാണുന്നത്. ഒന്ന്, പുരുഷമേധാവിത്വ സമൂഹത്തിന്റെ പ്രയോഗമെന്ന രീതിയില്‍ കാണുന്ന സാമൂഹ്യശാസ്ത്രപരമായ വിശകലനം. രണ്ട്, വികലമായ മനസ്സിനെ അപഗ്രഥിക്കുന്ന മനഃശാസ്ത്ര സമീപനം. ജനിതകം പോലെ ജീവശാസ്ത്രപരമായ നിര്‍ണയനങ്ങളും ഇതോട് ചേര്‍ന്നുകാണുന്നുണ്ട്. ഇവയിലെല്ലാം, പ്രസക്തമായ കാര്യങ്ങളുണ്ടുതാനും. വ്യക്തിപരമായും സാമൂഹ്യവുമായ ഈ ദുരന്തങ്ങള്‍ ഒഴിവാക്കണമെന്നതും എല്ലാവരും ചിന്തിക്കുന്ന കാര്യമാണ്. ഇതിന്, കാഴ്ചപ്പാടുകളുടെ അതിരുകള്‍ ഭേദിച്ചുകൊണ്ടുള്ള പുതിയ കാഴ്ചകള്‍ വേണ്ടിവരും. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണ്.

stabb
വൈകാരികമായ അരക്ഷിതാവസ്ഥയാണ് പ്രണയിക്കുകയോ ഒരുമിച്ച് ജീവിക്കുകയോ ചെയ്യുന്ന ആളിന്റെ നേര്‍ക്ക് അക്രമമോ കൊലപാതകമോ നടത്താനുള്ള പ്രേരണയായി തീരുന്നതെന്നു കാണാം. / Photo: Pixabay

പലതരം അക്രമങ്ങളും നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരികയാണ്. ഇവയ്ക്കെല്ലാം  മാനസികമായ ഒരു വശമുണ്ടെങ്കിലും അടുത്ത ബന്ധങ്ങളിലുണ്ടാകുന്ന വയലന്‍സിന്റെ മാനസികതലം കൂടുതല്‍ സങ്കീര്‍ണമാണ്. ഏതു വയലന്‍സിന്റെ പിന്നിലും ചിലപ്പോള്‍ തീവ്രമായ വികാരം ഉണ്ടായിരിക്കാം. ആദര്‍ശങ്ങളുടെ പേരിലുണ്ടാകുന്ന മതസ്പര്‍ധയിലും രാഷ്ട്രീയ പകപോക്കലിലും എല്ലാം ഇതുണ്ടാവും. കൊല്ലുന്നതില്‍ രസം കണ്ടെത്തുന്നവരുടെ മനോനില മറ്റുതരത്തിലായിരിക്കും. പ്രണയം കാംക്ഷിക്കുകയും ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ വൈകാരികപരിസരത്തിന് അതിന്റേതായ പ്രത്യേക സ്വഭാവങ്ങളുണ്ട്. വൈകാരികമായ അരക്ഷിതാവസ്ഥയാണ് പ്രണയിക്കുകയോ ഒരുമിച്ച് ജീവിക്കുകയോ ചെയ്യുന്ന ആളിന്റെ നേര്‍ക്ക് അക്രമമോ കൊലപാതകമോ നടത്താനുള്ള പ്രേരണയായി തീരുന്നതെന്നു കാണാം. ഇത് ചെയ്യുന്ന വ്യക്തികള്‍ മാനസികമായി ആരോഗ്യമുള്ളവരാണെന്ന് പറയാന്‍ കഴിയില്ല. കൊലപാതകങ്ങള്‍, മുങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ കൂര്‍ത്ത അറ്റം  മാത്രമാണ്. അതിനുതാഴെ മറഞ്ഞിരിക്കുന്നത് ബന്ധങ്ങളിലെ അനാരോഗ്യപ്രവണതകളുടെ ഏറ്റക്കുറച്ചിലോടെയുള്ള പല നിലകളാണ്. 

തിക്കോടിയിലെ കൃഷ്ണപ്രിയയെ ആക്രമിച്ച വ്യക്തിയെ പോലെ തന്നെ അക്രമികളും സ്വയം നാശത്തിലേക്ക് അടുത്തുകൊണ്ടാണിരിക്കുന്നത്. ഏറ്റവും അടുത്തുകഴിയേണ്ടവര്‍ എന്ന നിലയ്ക്ക്, ബന്ധങ്ങള്‍ വിഷലിപ്തസ്വഭാവം കാണിക്കുമ്പോഴും, വിധേയര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയാതെ പോവുകയും അതില്‍നിന്ന് പുറത്തുകടക്കാനാവാതിരിക്കുകയും ചെയ്യുന്നു. വിവാഹത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പുണ്ടായ കൊലപാതകങ്ങളും ആത്മഹത്യകളുമാണ് കേരളത്തില്‍ അടുത്തിടെയായി ശ്രദ്ധിക്കപ്പെട്ടത്. എങ്കിലും വിവാഹത്തിനകത്തും ഇതേ അക്രമം കൂടിയ തോതില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പാട്രിയാര്‍ക്കല്‍ കുടുംബവ്യവസ്ഥ കേമമാണെന്ന തരത്തില്‍ നിലനിര്‍ത്തിയിരിക്കുന്നതുകൊണ്ട് അകത്തുള്ള പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരിക വളരെ പ്രയാസമാണ്. കൊലപാതകങ്ങളുടെ കാര്യത്തില്‍ പങ്കാളിയുടെ അക്രമം പുറത്തുവരുമെങ്കിലും, ആത്മഹത്യയും മറ്റു പീഡനങ്ങളും കൂടുതലും മറഞ്ഞുതന്നെ കിടക്കും. വിവാഹത്തിന് മുന്‍പുള്ള പരിചയത്തിലും പ്രണയത്തിലും കടുത്ത വയലന്‍സ് സംഭവിക്കുന്ന അടുത്ത കാലത്തെ പ്രവണത പ്രത്യേകം വിലയിരുത്തപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. ഇതിലെല്ലാം മാനസിക തകരാറ് കാണാന്‍ കഴിയുമെങ്കിലും, പുരുഷാധികാരത്തില്‍ നിന്ന് മാറ്റി വിശകലനം ചെയ്യാനും കഴിയില്ല.  

ആണിന്റെ നിയന്ത്രണവും ആധിപത്യവും പെണ്ണിന് ആവശ്യമാണെന്ന ധാരണയാണ് സമൂഹം നിലനിര്‍ത്തി പോന്നത്. ഏറ്റവും അടുത്ത്, 2018-ല്‍ നടത്തിയ ദേശീയ സര്‍വേയില്‍ പോലും കേരളത്തില്‍ 52 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവ് തല്ലുന്നതിനെ ന്യായീകരിച്ചുകണ്ടു.

ആണത്തത്തിന്റെയും പെണ്ണത്തത്തിന്റെയും സാമൂഹ്യനിര്‍മിതിയും അതിലൂടെ ഏല്‍പ്പിക്കുന്ന ജെന്‍ഡര്‍ റോളുകളും സ്ത്രീകള്‍ എതിര്‍പ്പില്ലാതെ അനുസരിച്ച് പോന്നിട്ടുണ്ട്. എന്നാല്‍, അതിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. യുവതികള്‍ പഴയതുപോലെ വിവാഹത്തിനുമുമ്പുതന്നെ അവരുടെമേല്‍ ആധിപത്യമുറപ്പിക്കാന്‍ നിന്നുകൊടുക്കാത്തത് ആണത്തത്തിന് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാകുന്നുണ്ടാകാം. ഒരാണുമായി കൂട്ടിച്ചേര്‍ത്ത് പേരെഴുതി മതിലില്‍ വച്ചാല്‍ പോലും പെണ്ണിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാമെന്ന് ആണുങ്ങള്‍ കരുതിപ്പോന്നിരുന്നു. ഒരു പ്രണയത്തില്‍ പെട്ടാല്‍ പിന്നെ മറ്റൊരു വിവാഹത്തെപ്പറ്റി പെണ്ണിനോ പെണ്ണിന്റെ വീട്ടുകാര്‍ക്കോ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. സിനിമകളിലും പ്രണയങ്ങള്‍ വിവാഹത്തില്‍ എത്തിക്കുക വഴി, കുടുംബചിത്രങ്ങള്‍ എന്നുപറഞ്ഞ് കൈയടി നേടി. പ്രണയിക്കുന്ന സമയത്തുതന്നെ തല്ലുകയോ മാനസികമായി തരംതാഴ്​ത്തുകയോ ഒക്കെ ചെയ്യുന്നത് യുവതികള്‍ സഹിച്ചുപോന്നു. ഇപ്പോഴത്തെ യുവതികള്‍ അത്രയും വഴങ്ങിക്കൊടുക്കാത്തത് ആണത്തത്തിന് വലിയ വെല്ലുവിളിയായിത്തീരുന്നുണ്ടാകാം.  

ഒരു വ്യക്തിയുടെ സ്വത്വരൂപീകരണത്തില്‍ ലൈംഗികത്വം വലിയ പങ്കുവഹിക്കുന്നുണ്ട്. ആണിന്റെ നിയന്ത്രണവും ആധിപത്യവും പെണ്ണിന് ആവശ്യമാണെന്ന ധാരണയാണ് സമൂഹം നിലനിര്‍ത്തി പോന്നത്. ഏറ്റവും അടുത്ത്, 2018-ല്‍ നടത്തിയ ദേശീയ സര്‍വേയില്‍ പോലും കേരളത്തില്‍ 52 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവ് തല്ലുന്നതിനെ ന്യായീകരിച്ചുകണ്ടു. മറ്റു പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തിലധികമാണ്. പെണ്ണുങ്ങള്‍ തന്നെ ഇങ്ങനെ ചിന്തിക്കുമ്പോള്‍, ഈയൊരു ബോധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ആണുങ്ങള്‍ക്ക് വളരെ പ്രയാസമായിരിക്കും. അവര്‍ക്ക് ആണത്തം തെളിയിച്ചുകൊണ്ടേയിരിക്കണം. ഇത് ഏറ്റവും തീവ്രമായി ടെസ്റ്റ് ചെയ്യപ്പെടുന്നതും ചലഞ്ച് ചെയ്യപ്പെടുന്നതും സ്ത്രീകളുമായുള്ള ഗാഢബന്ധങ്ങളിലാണ്. പുരുഷന്മാര്‍ ചെയ്യുന്നതെന്തും സ്ത്രീകളില്‍ മതിപ്പുണ്ടാക്കിയെടുക്കാനാണോ എന്നുപോലും തോന്നിപ്പോകാറുണ്ട്. ഇതില്‍ മിക്കപ്പോഴും അവര്‍ പരാജയപ്പെടുകയോ പരാജയപ്പെട്ടു എന്ന തോന്നലുണ്ടാവുകയോ ഒക്കെ ചെയ്യുന്നുണ്ടാവും. ഇതൊക്കെ പരിഹരിക്കാന്‍ ശ്രമിക്കുന്നത് സ്വന്തമാക്കപ്പെട്ടു എന്നുകരുതുന്ന സ്ത്രീകളിലൂടെയാവും. പ്രതീക്ഷിക്കുന്ന തരത്തില്‍ അവര്‍ പെരുമാറുന്നില്ലെങ്കില്‍ അത് മര്‍ദനമുപയോഗിച്ച് ചെയ്യാമെന്നാണ് ചിലര്‍ കരുതുന്നത്. ഇതിന് സമൂഹം അനുമതി നല്‍കുന്നതിലൂടെയാണ് ആണ്‍സ്വഭാവങ്ങളും പെണ്‍സ്വഭാവങ്ങളും രൂപപ്പെടുന്നത്.  

woman1
സ്ത്രീകള്‍ എന്തും സഹിച്ചിരിക്കുകയല്ല. അവരുടെ പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍ അത് ആന്തരികമായി രോഗങ്ങളായോ, കഴിയാവുന്ന തരത്തില്‍ വയലന്‍സായോ ഒക്കെ പ്രത്യക്ഷപ്പെടും. / Photo: Maxpixel

പുരുഷന്മാര്‍ സ്ത്രീകളെ നിയന്ത്രിക്കട്ടെ എന്ന മാമൂല്‍ പറയുന്ന സ്ത്രീകള്‍ തന്നെ സ്വയം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ സങ്കടം അണപൊട്ടിയൊഴുകാന്‍ തുടങ്ങും. സാമൂഹ്യമായ സ്ത്രീനിര്‍മിതിയില്‍ സ്ത്രീ ആഗ്രഹിക്കുന്ന കാര്യങ്ങളും പെടും. പുരുഷന്റെ സംരക്ഷണം, കരുതല്‍, ‘പരസ്ത്രീ'ബന്ധം ഇല്ലാതിരിക്കല്‍, ഒരുമിച്ചുള്ള സഞ്ചാരം, സിനിമ കാണല്‍,  പ്രശംസ എന്നിവയൊക്കെ ആഗ്രഹിച്ച് വീട്ടുകാര്യങ്ങള്‍ നോക്കി ഒതുങ്ങി കഴിയുന്നതാണ് സ്ത്രീത്വം എന്നാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീകള്‍ എന്തും സഹിച്ചിരിക്കുകയല്ല. അവരുടെ പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍ അത് ആന്തരികമായി രോഗങ്ങളായോ, കഴിയാവുന്ന തരത്തില്‍ വയലന്‍സായോ ഒക്കെ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ ആത്മഹത്യയിലേയ്ക്കും അപൂര്‍വമായെങ്കിലും കൊലപാതകത്തിലേയ്ക്കും എത്താം. എന്നാല്‍, സ്ത്രീകള്‍ക്ക്, പുറമേയുള്ള വയലന്‍സിന് സാമൂഹ്യാനുമതി ഇല്ലാത്തതിനാല്‍ അവര്‍ കൂടുതലും ഇപ്പോഴത്തെ സമൂഹത്തില്‍ വിധേയരാവുന്നതാണ് കാണുന്നത്. ഇതൊക്കെ പറഞ്ഞത് പ്രശ്‌നങ്ങളെ നിസ്സാരവല്‍കരിക്കാനോ, വിഷലിപ്തമാകുന്ന ബന്ധങ്ങളും മറ്റു ബന്ധങ്ങളും ഒരുപോലെയാണെന്ന് സ്ഥാപിക്കാനോ അല്ല. മറിച്ച്, സാമൂഹ്യവും മാനസികവും ചരിത്രപരവുമായ പ്രക്രിയയിലൂടെ സ്‌നേഹബന്ധങ്ങള്‍ വിഷമകരവും വിഷമയവുമാകാനുള്ള സാധ്യതകളെ പരിശോധിക്കുക മാത്രമാണ്.

മനഃശാസ്ത്രപരമായി നോക്കിയാല്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിവില്ലാതെ വരുന്നവരാണ് തീവ്രതരമായ അക്രമത്തിന്​ മുതിരുന്നത്. ചെറുപ്പത്തിലെ വളര്‍ച്ചാസമയത്ത് തന്നെ ഈ വൈകല്യം രൂപപ്പെട്ടുതുടങ്ങിയിരിക്കും. എപ്പോഴും അങ്ങനെയാകണമെന്നില്ല. അതിനുള്ള പ്രവണത ഉണ്ടായേക്കാം. ചെറുപ്പകാലത്ത് തന്നെ അക്രമം കാണിച്ചുതുടങ്ങുന്നവരില്‍ അധികവും ആണ്‍കുട്ടികളാണ്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (ADHD) ഒക്കെ പെണ്‍കുട്ടികളിലും ഉണ്ടാകുമെങ്കിലും കൂടുതലും ആണ്‍കുട്ടികളിലാണ് അക്രമവാസന ചേര്‍ന്നുകാണുന്നത്. വളര്‍ച്ചാസമയത്തുതന്നെ പലതരം വ്യക്തിത്വവൈകല്യങ്ങള്‍ കണ്ടെത്താനാകും. ജനിതകവും ഏറെക്കുറെ ഇതില്‍ പങ്കുവഹിക്കുന്നുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വശത്തുനിന്ന് നോക്കുമ്പോള്‍, കുറ്റകൃത്യങ്ങള്‍ക്ക് ജീവശാസ്ത്രനിര്‍ണയനത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന വാദമുണ്ട്. ജീനുകളും പ്രവര്‍ത്തനക്ഷമമാവുന്നത് പറ്റിയ സാഹചര്യങ്ങളില്‍ മാത്രമാണ്. വളര്‍ച്ചാസമയത്ത് കുട്ടികള്‍ക്ക് ലഭിക്കേണ്ട കരുതലും മനസിന്റെ ഭദ്രമായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.

ആണത്തം മഹത്തായ ഒന്നായി, പഴയ സമ്പ്രദായത്തിന്റെ തുടര്‍ച്ചയായി പലരും ആവര്‍ത്തിക്കുന്നു എങ്കിലും ജീവിതത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ പിന്തള്ളപ്പെട്ട ലിംഗവിഭാഗങ്ങള്‍ ഇനിമേല്‍ തയാറാകണമെന്നില്ല. അപ്പോള്‍ സംഘര്‍ഷങ്ങള്‍ അധികമായേക്കും. 

പുരുഷാധിപത്യ സംസ്‌കാരമാണ്, സ്ത്രീകളുടെ നേര്‍ക്കുള്ള വയലന്‍സിലേക്ക് നയിക്കുന്നതെന്ന് കാണാമെങ്കിലും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അത് പുരുഷ ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന മുദ്രണങ്ങളെ തിരിച്ചറിഞ്ഞ് അനുകൂലമാക്കി എടുക്കണമെങ്കില്‍ അതതു തലങ്ങളില്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട്. പലപ്പോഴും ആണ്‍കുട്ടികളില്‍ കാണുന്ന അക്രമവും വികൃതിയും, സ്വാഭാവികമായി കരുതുകയും പെണ്‍കുട്ടികളെ അതിനനുസരിച്ച് പൊരുത്തപ്പെടുത്തി എടുക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ചെറുപ്പത്തില്‍ തന്നെ വികാരനിയന്ത്രണത്തില്‍ ഒക്കെയുള്ള വൈകല്യങ്ങള്‍ തിരുത്തിയെടുക്കാവുന്നതാണ്. അതിന് തെറാപ്പിസ്റ്റുകളുടെ സഹായം തേടാം. ഏതൊരാളും മറ്റൊരാളുടെ സ്‌നേഹവും പ്രശംസയും കൊതിക്കുന്നവരാണ്. അതുണ്ടാകുന്നതിനുള്ള ഏറ്റവും നല്ല വഴി മറ്റുള്ളവര്‍ക്ക് അത് നല്‍കുക എന്നതാണ്. എന്നാല്‍, നിര്‍ബന്ധിതമായി ഒരു ജെന്‍ഡറില്‍ പെടുന്നവര്‍ അത് സ്വീകരിക്കാനുള്ളവരും മറ്റു വിഭാഗങ്ങളില്‍ പെടുന്നവര്‍ അത് നല്കാനുള്ളവരും ആണെന്ന സങ്കല്‍പം നമ്മുടെ സാമൂഹ്യജീവിതത്തില്‍ കടന്നുകൂടി. പക്ഷേ, അത് എല്ലാ കാലത്തും നിലനില്‍ക്കുന്നതല്ല. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കര്‍ത്തവ്യങ്ങള്‍ക്ക് വരുംകാലങ്ങളില്‍ വലിയ പ്രസക്തി ഉണ്ടാവില്ല. എല്ലാവര്‍ക്കും എല്ലാ തൊഴിലിലും ഏര്‍പ്പെടാന്‍ കഴിയുന്നതരത്തില്‍ മനുഷ്യരുടെ ചുറ്റുപാടുകള്‍ വികസിച്ചു. സ്വതന്ത്രമായും അന്തസ്സോടെയുമുള്ള നിലനില്‍പ്പ് എല്ലാവരും ആഗ്രഹിക്കുന്നു.

ആണത്തം മഹത്തായ ഒന്നായി, പഴയ സമ്പ്രദായത്തിന്റെ തുടര്‍ച്ചയായി പലരും ആവര്‍ത്തിക്കുന്നു എങ്കിലും ജീവിതത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ പിന്തള്ളപ്പെട്ട ലിംഗവിഭാഗങ്ങള്‍ ഇനിമേല്‍ തയാറാകണമെന്നില്ല. അപ്പോള്‍ സംഘര്‍ഷങ്ങള്‍ അധികമായേക്കും. സ്വന്തം നിലനില്പിനായെങ്കിലും സ്വയം കരുതലും നിയന്ത്രണവും ആണ്‍കുട്ടികളെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു. ആണത്തത്തെ ഉടച്ചുവാര്‍ക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. അടിച്ചമര്‍ത്തലില്ലാതെ വരുന്നിടത്ത് സ്ത്രീകളും അക്രമങ്ങള്‍ പ്രകടിപ്പിച്ചേക്കും. എന്നാല്‍, അവര്‍ സ്വയം നിയന്ത്രണം സാംസ്‌കാരികമായി ശീലിച്ചുവന്നിട്ടുള്ളതുകൊണ്ട് അക്രമസ്വഭാവങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ എളുപ്പമാണ്. സൂക്ഷ്മതലത്തില്‍ ഇപ്പോഴും സ്ത്രീകളും വയലന്‍സ് പ്രയോഗിക്കാറുണ്ടെന്നുള്ളത് മറന്നുകൂടാ. അത് മിക്കവാറും പെണ്ണത്ത നിര്‍മിതിയുടെ ഭാഗമായിരിക്കും. എപ്പോഴും ഡിമാന്റുകള്‍ വച്ചുകൊണ്ടിരിക്കുക, പങ്കാളിക്ക് സ്വസ്ഥത നല്‍കാതെ പിറകേ നടക്കുക, കരഞ്ഞുകൊണ്ടിരിക്കുക, ആത്മഹത്യക്ക് ശ്രമിക്കുക എന്നിവയെല്ലാം സ്ത്രീകള്‍ പ്രകടിപ്പിക്കുന്നതരം അക്രമങ്ങളാണ്. അത് സമൂഹം അനുവദിച്ചുകൊടുക്കുകയും ചെയ്യും. ആണത്തവും പെണ്ണത്തവും പരസ്പരം ചേര്‍ന്നാണ് പലപ്പോഴും ഈ നിര്‍മിതികള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ആളുകളും സമൂഹത്തില്‍ നിന്ന് ഇത്തരം റോളുകള്‍ സ്വീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതുകാണാം. എന്നാല്‍, ഈ നിര്‍മിതികള്‍ ഉടച്ചുവാര്‍ക്കാന്‍ എളുപ്പം സ്ത്രീകള്‍ക്കും പുരുഷേതര വിഭാഗങ്ങള്‍ക്കുമായിരിക്കും. അവര്‍ അന്തസ്സുകെട്ട ജീവിതം തള്ളിക്കളഞ്ഞ് സ്വാഭിമാനത്തോടെ മുന്നോട്ടുവരികയാണ്.

man woman
ആണായതുകൊണ്ട് എപ്പോഴും തങ്ങളുടെ വികാരങ്ങളെ തഴുകിക്കൊണ്ടിരിക്കാന്‍ ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്ന ചിന്ത ആണുങ്ങള്‍ മാറ്റിയെടുക്കേണ്ടതുണ്ട്. / Photo: Pixabay

പുരുഷന്മാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍, മാറ്റം ദുസ്സഹമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍, മാറാതെ വേറെ വഴിയില്ല. അതിനിടയില്‍ കൂടുതല്‍ ദുരന്തങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അത് പരമാവധി കുറയ്ക്കേണ്ടത് സാമൂഹ്യമായ ഉത്തരവാദിത്വമാണ്. ഇത് തിരിച്ചറിഞ്ഞവരും പൗരുഷത്തെ മെരുക്കിയെടുത്ത് കാലത്തിനനുകൂലമായി ലിംഗനിരപേക്ഷതയോടെ ജീവിക്കുന്നവരുമായ പുരുഷന്മാരുടെ, പ്രത്യേകിച്ച് യുവാക്കളുടെ നിര ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ആണ്‍കുട്ടികളെ ആത്മവിശ്വാസവും മറ്റുള്ളവരോട് കരുതലും ഉള്ളവരായി വളര്‍ത്തിയെടുക്കാന്‍, നമ്മള്‍ കഠിനശ്രമം നടത്തേണ്ടിയിരിക്കുന്നു. അതിന്, തിരിച്ചറിവുണ്ടായ പുരുഷന്മാര്‍ക്ക് മുന്‍കൈയെടുക്കാവുന്നതാണ്.  

ആണായതുകൊണ്ട് എപ്പോഴും തങ്ങളുടെ വികാരങ്ങളെ തഴുകിക്കൊണ്ടിരിക്കാന്‍ ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്ന ചിന്ത ആണുങ്ങള്‍ മാറ്റിയെടുക്കേണ്ടതുണ്ട്. സ്വന്തമായി തന്നെ അവയെ നേരിടാന്‍ മാനസികമായി പ്രാപ്തി ഉണ്ടാകണം. കുട്ടിക്കാലം മുതല്‍ ആണ്‍കുട്ടികള്‍ അതിനായി പരിശീലിപ്പിക്കപ്പെടട്ടെ. മറ്റൊരാളെ സ്‌നേഹപൂര്‍വം തലോടുകയും അവരെ മാനിക്കുകയും ചെയ്യുമ്പോഴാണ് അവ തിരിച്ചുകിട്ടുന്നത്. അപ്പോള്‍ മാത്രമാണ് വികാരങ്ങള്‍ക്ക് ശമനമുണ്ടാകുന്നത്. സ്വയം പരിപാലിക്കുന്നത്, മറ്റുള്ളവര്‍ക്ക് പരിപാലനം നല്‍കുന്നത് വഴിയാണെന്നും അത് ലിംഗനിരപേക്ഷമാണെന്നുമുള്ള ബോധം ഉറപ്പിച്ചെടുക്കണം. സൗഹൃദം കൊണ്ടും സഹജീവിതം കൊണ്ടും പ്രണയം കൊണ്ടും ഉദ്ദേശിക്കപ്പെടുന്നത് ഇതാണ്. അടിച്ചമര്‍ത്തുന്നത് സ്‌നേഹമാണെന്ന തെറ്റിദ്ധാരണയാണ് വയലന്‍സിന് ന്യായീകരണമാകുന്നത്.  

സ്ത്രീകള്‍ക്ക് സ്വതന്ത്രമായ ഒരു നിലനില്‍പ്പുണ്ടെന്ന് മനസ്സിലാക്കി കൊണ്ടുള്ള സാമൂഹ്യമായ പിന്തുണയുടെ അഭാവമാണ് അവരെ അപകടത്തില്‍ എത്തിക്കുന്നത്. വിവാഹത്തിന് ശേഷമുണ്ടാകുന്ന ഏത് പ്രശ്‌നവും ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനാണ് എല്ലാ സാമൂഹ്യസംവിധാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മറുവശത്ത്, പെണ്ണത്തം വളര്‍ത്തിയെടുക്കുന്ന രീതി അവരെ ദുര്‍ബലരും, അതിജീവനത്തിനായി തന്ത്രങ്ങള്‍ മെനയുന്നവരും, അപകടത്തില്‍പെടാന്‍ സാധ്യതയുള്ളവരുമാക്കി നിലനിര്‍ത്തുന്നു. ജീവിച്ചുപോരുന്ന അപകടകരമായ അന്തരീക്ഷം സ്വാഭാവികമാണെന്നും, എപ്പോഴെങ്കിലും അത് മാറി, പ്രതീക്ഷിക്കുന്നതുപോലെ സമാധാനപരമായ ഒരു ഭാവി ഉണ്ടാകുമെന്നും അവര്‍ കരുതുന്നു. പ്രശ്‌നമുണ്ടാകുമ്പോഴും അത് സ്വന്തം കുഴപ്പമായി മറ്റുള്ളവര്‍ കാണുമോ എന്ന ഭയത്തിന് സ്ത്രീകള്‍ അടിപ്പെടും. സ്ത്രീകള്‍ക്ക് സ്വതന്ത്രമായ ഒരു നിലനില്‍പ്പുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള സാമൂഹ്യമായ പിന്തുണയുടെ അഭാവമാണ് അവരെ അപകടത്തില്‍ എത്തിക്കുന്നത്. വിവാഹത്തിന് ശേഷമുണ്ടാകുന്ന ഏത് പ്രശ്‌നവും ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനാണ് എല്ലാ സാമൂഹ്യസംവിധാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗാര്‍ഹികപീഡന പരാതി നല്‍കിയതിനുശേഷം കുടുംബകോടതികള്‍ ഒത്തുതീര്‍പ്പാക്കുകയും, നിവൃത്തിയില്ലാതെ വീണ്ടും പീഡകരോടൊപ്പം പോയി ആത്മഹത്യയിലെത്തിയതുമായ നിരവധി സ്ത്രീകളുണ്ട്.  

വിവാഹത്തിനുമുമ്പ് പ്രണയമോ പരിചയപ്പെടലോ അനാവശ്യമായി കാണുന്ന സമൂഹമാണ് നമ്മുടേത്. വിവാഹപൂര്‍വ വ്യവഹാരങ്ങള്‍, അവ ഏതു തരത്തിലുള്ളതാണെങ്കിലും പങ്കാളികള്‍ക്കിടയില്‍ സ്വാഭാവികമായി കാണുന്ന സമൂഹത്തിലേ അവര്‍ക്ക് പിന്തുണ സംവിധാനങ്ങളുമുണ്ടാകൂ. പതിയെ വളര്‍ന്നുവരുന്ന പരിചയപ്പെടലിനും സൗഹൃദത്തിനും ഇടയില്‍ സ്ത്രീകള്‍ക്ക് അത് ടോക്‌സിക് ആകുന്നു എന്ന് തോന്നിയാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആര് സഹായിക്കും? പെണ്‍കുട്ടികള്‍ക്ക് ഒരു ബന്ധവുമില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ട അവസ്ഥയാണ് വീട്ടുകാര്‍ക്കുള്ളത്. പ്രണയിക്കുന്ന അല്ലെങ്കില്‍ ഡേറ്റിങ് ചെയ്യുന്ന യുവാക്കള്‍ക്ക് സുരക്ഷിതമായി ഒത്തുകൂടാന്‍ ഇടങ്ങള്‍ ഉള്ളിടത്ത് മാത്രമേ കൂട്ടുകാരുടെ സഹായം കിട്ടുകയുള്ളൂ. പ്രണയവും ഡേറ്റിങ്ങുമൊക്കെ അപകടകരമെന്ന് കാണുകയും യുവാക്കളെ യഥാര്‍ഥ അപകടങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്ന വിരോധാഭാസമാണ് നമ്മുടെ നാട്ടില്‍ കാണുന്നത്. 

അടുത്തുനടന്ന കൊലപാതകങ്ങളില്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണുകള്‍ പ്രണയാഭ്യര്‍ഥന നടത്തുന്നവര്‍ കൈവശപ്പെടുത്തിയതായി കാണുന്നു. അവര്‍ തമ്മില്‍ പരിചയപ്പെട്ടിരുന്നു എന്നത് അതില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, അതില്‍ പ്രശ്‌നമുണ്ടാകുന്ന സമയത്ത്, ഇടപെടാനുള്ള ഒരു സംവിധാനവുമുണ്ടാകുന്നില്ല. എത്രമാത്രം സമയവും വിഭവങ്ങളും വിവാഹ ചടങ്ങുകള്‍ക്കായി  സമൂഹം ചെലവഴിക്കുന്നു. എന്നാല്‍, ഒരുമിച്ച് ചേരുന്നവരുടെ സുഗമമായ ജീവിതത്തിനുവേണ്ടി സമയമോ വിഭവങ്ങളോ മാറ്റിവെക്കാന്‍ തയാറാകുന്നുമില്ല. മനുഷ്യരുടെ ജീവിതത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതാവണം സാമൂഹികത. മറ്റൊരാളുടെ ഫോണ്‍ കൈവശപ്പെടുത്തിവെക്കുക എന്നത് സ്‌നേഹത്തിന്റെ അടയാളമായി കാണാന്‍ കഴിയുമോ? അഞ്ച് മിനിറ്റ് നേരത്തേക്കായാല്‍ പോലും അത് സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമല്ലേ? ആ ഒരു കാര്യം കൊണ്ടുതന്നെ അയാള്‍ പങ്കാളിത്തത്തിന് അയോഗ്യനാകുന്നു. സ്ത്രീകളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നതിന്, രക്ഷാധികാരിയായി മാറേണ്ട പുരുഷന് സാമൂഹ്യമായി കിട്ടുന്ന അനുവാദമാണ് ഇത്തരം സ്വഭാവങ്ങളുണ്ടാക്കുന്നത്. ഇവിടെ സ്ത്രീകള്‍ നിസ്സഹായരായി പോകും.  

സ്ത്രീകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പമെന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്.  ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരുഷന്മാരെ വിചാരണ ചെയ്യുമ്പോള്‍, പരാതി നല്‍കിയ സ്ത്രീകള്‍, സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പങ്കുവെച്ചു എന്നും അവര്‍ക്ക് കാമുകന്മാരുണ്ടെന്നുമൊക്കെ, തങ്ങള്‍ ചെയ്ത കുറ്റം ന്യായീകരിക്കാനായി, യാതൊരു ഉളുപ്പുമില്ലാതെ കുറ്റവാളികള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. വിധേയരാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് എന്ത് പിന്തുണയാണ് ഈ സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവുന്നത്? സ്ത്രീകളെ നിശ്ശബ്ദരാക്കി കൊലയ്ക്ക് കൊടുക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് കൂടി നമ്മള്‍ കാണേണ്ടിവരും. 

woman social media
സ്ത്രീകള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പമെന്ന് സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. Photo: Pixabay

ബന്ധങ്ങള്‍ ടോക്‌സിക് ആകുമ്പോഴും സ്ത്രീകള്‍ക്ക് അതില്‍നിന്ന് പുറത്തുവരാന്‍ കഴിയാത്തതിനെപ്പറ്റി ധാരാളം തുറന്നെഴുത്തുകള്‍ ഉണ്ടായിട്ടുണ്ട്. ലെസ്ലി മോര്‍ഗന്‍ സ്റ്റീനര്‍ (Leslie Morgan Steiner) അവരുടെ ക്രേസി ലവ് (Crazy Love) എന്ന പുസ്തകത്തിലും റ്റെഡ് ടാക്കി (TED Talk) ലുമെല്ലാം അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കാന്‍ കഴിയുന്ന സ്ത്രീയായിട്ടുപോലും ദീര്‍ഘകാലം അവര്‍ക്ക് ഭയത്തിന്റെയും പീഡനത്തിന്റെയും ഇരയായി കഴിയേണ്ടിവന്നു. സാധാരണ എല്ലാ സ്ത്രീകളും നേരിടുന്ന ചോദ്യം, എന്തിന് ഈ പീഡനങ്ങള്‍ സഹിച്ച് ദീര്‍ഘകാലം കഴിഞ്ഞു എന്നതാണ് അവരും നേരിട്ടത്. നീണ്ട കാലത്തിനുശേഷം മുമ്പുണ്ടായിട്ടുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളും ഇതേ ചോദ്യമാണ് നേരിടേണ്ടിവരുന്നത്. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല, എന്ന്. രണ്ടാമത്തേതില്‍, പീഡനമാണെന്ന് തിരിച്ചറിയാനെടുക്കുന്ന സമയത്തിനും, ഭയവും അപമാനവും ഏല്‍പ്പിക്കുന്ന മരവിപ്പിനും പുറമെ, സമൂഹവും സ്ഥാപനങ്ങളും അതെങ്ങനെ സ്വീകരിക്കുമെന്ന വലിയ അന്ധാളിപ്പും കാരണമാകുന്നു. തത്സമയത്തുള്ള തുറന്നുപറച്ചിലിനെ അപമാനിച്ചും കുറ്റപ്പെടുത്തിയും അടക്കിവപ്പിക്കുന്ന സമൂഹം തന്നെയാണ് പിന്നീട് എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ല എന്ന് വിധേയയ്ക്കുനേരെ വിരല്‍ചൂണ്ടുന്നത്.  

സ്‌നേഹബന്ധങ്ങളില്‍ പെടുന്നവരുടെ കാര്യം കുറേക്കൂടി സങ്കീര്‍ണമാണ്. ബന്ധങ്ങളില്‍ പെടുന്നവര്‍ പ്രണയമായാലും വിവാഹമായാലും, ആദര്‍ശാത്മകവും മൂല്യവത്തുമായ ഒരു അപരബിംബത്തെ സ്വന്തമാക്കി ഉള്ളില്‍ പ്രതിഷ്ഠിക്കുകയാണ്. പ്രണയത്തിന് കണ്ണില്ല എന്നുപറയുന്നത് ശരിയാണെന്ന് തോന്നുമാറ് അവരിലെ നല്ലതുമാത്രം കാണാന്‍ ബന്ധത്തില്‍ പെടുന്നവര്‍ സന്നദ്ധരാകുന്നു. ആത്മബോധത്തിന്റെ കാമ്പില്‍ സ്ഥിതിചെയ്യുന്ന ഈ മൂല്യം തന്നെയാണ് ബന്ധത്തില്‍ പ്രതിബദ്ധത ഉണ്ടാക്കുന്നത്. ഈ പ്രതിബദ്ധത ബന്ധം നിലനില്‍ക്കുന്നതിന് ആവശ്യവുമാണ്. എന്നാല്‍, ബന്ധം രണ്ടുപേര്‍ക്കും നല്ലതല്ല എന്നത് തിരിച്ചറിയാനും അതില്‍ നിന്ന് വിടുതല്‍ നേടാനും കഴിയാത്തത് സമൂഹം അതിന് ഇടനല്‍കുന്നില്ല എന്നതുകൊണ്ടുകൂടിയാണ്. അവിടെ ലിംഗപരമായ അസമത്വവും കടമകളും കൂടുതല്‍ ബാധ്യതയുണ്ടാക്കുന്നു. പുരുഷന്മാര്‍ കാണിക്കുന്ന ആധിപത്യം സ്‌നേഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുന്ന മൂല്യങ്ങളിലൂടെയാണ് സ്ത്രീകള്‍ വളര്‍ത്തപ്പെടുന്നത്. സ്റ്റീനറെ പോലെയുള്ള ഒരാള്‍ പോലും ദീര്‍ഘകാലം പീഡനം സ്‌നേഹമായി തെറ്റിദ്ധരിച്ചു. അതിന്റെ കെണിയില്‍ അകപ്പെട്ടതായും കൂടുതല്‍ പേര്‍ അതിലേക്ക് നിരന്തരം വീണുകൊണ്ടിരിക്കുകയാണെന്നും അവര്‍ പിന്നീട് തിരിച്ചറിയുന്നു. പ്രണയം ഭ്രാന്തമായി പോകുന്ന അവസ്ഥ അവര്‍ക്ക് പിന്നീട് ബോധ്യപ്പെടുന്നു.  
ഒരുതരം നിസ്സഹായത ഈ വ്യക്തികള്‍ വിധേയരാകുന്നവരില്‍ ഉണ്ടാക്കിയെടുക്കാറുമുണ്ട്. നിങ്ങള്‍ പല കുറവുകളുമുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും നിങ്ങള്‍ തന്നെ അത് വിശ്വസിക്കുകയും ചെയ്യും. നിരന്തരം ആവര്‍ത്തിച്ചുകേള്‍ക്കുന്നതിനാല്‍ കുഴപ്പമുണ്ടെന്ന് വിധേയരും സ്വയം കരുതും.

നിങ്ങള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്ന് അവര്‍ നിങ്ങളെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കും. അതിന് ചിലപ്പോള്‍ മാനിപ്പുലേഷനി (കൗശലം) ലൂടെ തെളിവുകളും നിരത്തും. ഈ പ്രയോഗത്തിന് സൈക്കോളജിയില്‍ ‘ഗ്യാസ് ലൈറ്റിങ്’ എന്നു പറയുന്നു. യാഥാര്‍ഥ്യങ്ങള്‍ മായികവിഭ്രാന്തിയാണെന്ന് വിധേയരെ തെളിവ് സഹിതം ബോധ്യപ്പെടുത്തും. ഉദാഹരണത്തിന്, വീടിന്റെ താക്കോലോ മറ്റു അവശ്യവസ്തുക്കളോ ഒളിപ്പിച്ചുവച്ചിട്ട് അത് നിങ്ങളുടെ ശ്രദ്ധക്കുറവോ ഓര്‍മക്കുറവോ ആണെന്ന് സ്ഥാപിക്കും. സ്വകാര്യതയ്ക്കുവേണ്ടിയാണെന്ന നാട്യത്തില്‍ മറ്റുള്ളവരില്‍ നിന്ന് പരമാവധി നിങ്ങളെ അകറ്റുകയും അത് പീഡനത്തിനുള്ള സാഹചര്യമാക്കിയെടുക്കുകയും ചെയ്യും. സത്യമെന്താണെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായിരിക്കും വിധേയപ്പെടുന്നവര്‍ക്ക് ഉണ്ടാകുന്നത്. ഇതേക്കുറിച്ച് വിവരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. നിങ്ങള്‍ എങ്ങനെയൊക്കെ പങ്കാളിയുടെ മാനിപ്പുലേഷന് വശംവദരായി പോകുന്നു എന്ന് തിരിച്ചറിയുക എന്നത്  രക്ഷപെടാനുള്ള ആദ്യത്തെ പടിയാണെന്ന്, ഗ്യാസ് ലൈറ്റ്  ഇഫക്ട് എന്ന പുസ്തകത്തില്‍ റോബിന്‍ സ്റ്റെര്‍ണ്‍ (Robin Stern) വിവരിക്കുന്നു. ഇതിനാവശ്യമായ വിഭവങ്ങളും ആശയങ്ങളും അവര്‍ക്ക് ലഭിക്കുന്നത് പുരുഷമേധാവിത്വമൂല്യങ്ങളില്‍ നിന്നാണെന്നും, വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ പ്രകടമാകുന്നതെങ്കിലും സാമൂഹികതലത്തില്‍ ഇത് നോക്കിക്കാണണമെന്നുമാണ് സാമൂഹ്യശാസ്ത്രജ്ഞരും ഫെമിനിസ്റ്റുകളും കരുതുന്നത്.

robin stern
റോബിന്‍ സ്റ്റെര്‍ണ്‍

പിന്നീട് പീഡകരായി തീരുന്ന പലരും ആദ്യഘട്ടത്തില്‍, സ്ത്രീകളില്‍ വളരെ വലിയ മതിപ്പുണ്ടാക്കുന്നവരാണ്. പൂര്‍ണമായ വിശ്വാസം ആർജിച്ചെടുത്ത ശേഷമായിരിക്കും, നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടാകുന്നത്. അതൊരു പക്ഷെ, അവര്‍ ബോധപൂര്‍വം ആഗ്രഹിക്കുന്നതാവണമെന്ന് തന്നെയില്ല. സ്റ്റീനറുടെ പങ്കാളിയെ പോലെ കുട്ടിക്കാലത്ത് സ്‌നേഹനിരാസവും പീഡനവും അനുഭവിച്ചവരാകാം അവര്‍. അതുവഴി മനസ്സിന് വൈകല്യം ഉണ്ടായവരായിരിക്കാം. വളരെ പ്രയാസപ്പെട്ടു നേടിയ നിങ്ങളെ നഷ്ടപ്പെടുമെന്ന ചിന്ത തന്നെ അവരെ ഭ്രാന്തരാക്കുന്നു. അവരുടെ അരക്ഷിതാവസ്ഥ നിങ്ങള്‍ക്കുനേരെയുള്ള വയലന്‍സ് ആയി മാറുന്നു. പക്ഷേ, ഇതനുവദിച്ചു കൊടുക്കുന്നതുകൊണ്ട് നിങ്ങള്‍ക്കോ അയാള്‍ക്കോ യാതൊരു പ്രയോജനവുമില്ല. പലരും ചിന്തിക്കുന്നത് അവരെ സ്‌നേഹം കൊണ്ട് മാറ്റിയെടുക്കാമെന്നാണ്. അത് വെറും തോന്നലാണ്. നിങ്ങള്‍ വഴങ്ങുന്തോറും അവര്‍ പിടിയും പിടിവാശിയും മുറുക്കുന്നു. വഴിതെറ്റിയ പുരുഷനെ നേരെയാക്കിയെടുക്കേണ്ടത് സ്ത്രീയുടെ ബാധ്യത എന്ന നിലയ്ക്കാണ് സമൂഹം കാണുന്നത്. യുവാക്കള്‍ തെറ്റിപ്പോകുന്നത് കാണുമ്പോള്‍, അവരെ കല്യാണം കഴിപ്പിച്ചാല്‍ ശരിയാകുമെന്ന് നാട്ടുകാര്‍ ഉപദേശിക്കുന്നതും വീട്ടുകാര്‍ നടപ്പാക്കുന്നതും കാണാറുണ്ട്. അമിത മദ്യാസക്തിക്ക് ചികിത്സ കൊടുക്കുമ്പോള്‍ അവര്‍ വീണ്ടും അടിപ്പെടാതിരിക്കാന്‍, അതിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ തന്നെ വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കുന്നതും കണ്ടിട്ടുണ്ട്.

ചിലപ്പോള്‍ സ്ത്രീകള്‍ക്കും, തങ്ങള്‍ ഒരാള്‍ക്കുവേണ്ടി ത്യാഗം സഹിക്കുന്നത് മഹത്തായ കാര്യമായി തോന്നും. തിങ്കളാഴ്ച വ്രതവും മറ്റും നോക്കുന്ന കൂട്ടുകാരികള്‍ക്കൊപ്പം കഴിയുന്നവരാണ് നമ്മളൊക്കെ. ഒരാളെ രക്ഷപ്പെടുത്താന്‍ കഴിയുമല്ലോ എന്ന അഹന്തയില്‍ അഭിരമിച്ചുപോവുകയും ചെയ്യാം. എന്നാലിത്, ഒരു പരിധി കഴിയുമ്പോള്‍ കൈവിട്ട കളിയാണെന്നും രണ്ടുപേരും എവിടെയും എത്തില്ലെന്നും ബോധ്യമാകും. അപ്പോഴേക്കും രക്ഷപ്പെടാന്‍ പ്രയാസമാകും. സ്റ്റീനര്‍ പറയുന്നത് അവരുടെ പങ്കാളി  ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വര്‍ഷങ്ങളോളം മര്‍ദിച്ചിട്ടും, തലയിണയ്ക്കടിയില്‍ തോക്ക് സൂക്ഷിച്ച് ഭയത്തിനിരയാക്കി കൊണ്ടിരുന്നിട്ടും അത് പീഡനമായി സ്വയം തിരിച്ചറിഞ്ഞില്ല എന്നാണ്. ഇങ്ങനെ ആയിരക്കണക്കിന് സ്ത്രീകള്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീയ്ക്ക് കല്‍പ്പിച്ചുനല്‍കിയ സഹനത്തിന്റെയും സ്‌നേഹത്തിന്റെയും മൂല്യങ്ങളുടെ ശക്തിയാണത്. അവയെ പ്രതിരോധിക്കുക ദുഷ്‌കരമാണെങ്കിലും സാധ്യമാണ്. ഇത് തുടരുന്നത് ആര്‍ക്കും സഹായകമാവില്ലെന്നും, തുല്യതയിലേയ്ക്കും അവകാശബോധത്തിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് യോജിക്കുകയില്ലെന്നും ബോധ്യപ്പെടണം.  

 നിങ്ങളുടെ സ്വതന്ത്ര ജീവിതത്തെ തടസപ്പെടുത്തുന്ന തരത്തില്‍ എപ്പോഴും പിറകെ, ഉണ്ടായിരിക്കുകയും നിങ്ങളുടെ മറ്റു ബന്ധങ്ങളും ഫോണും മറ്റു വിനിമയങ്ങളും പിന്തുടരുകയും ചെയ്യുന്നതും അപകടകരമാണെന്ന് തിരിച്ചറിയണം.  ഇനി, ഇത്തരം അപകട സൂചനകളുണ്ടായാല്‍ സമീപിക്കാവുന്ന സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണ്.

ബന്ധങ്ങള്‍ ടോക്‌സിക് ആകുന്നത് തിരിച്ചറിയുന്നതിനും പെട്ടെന്ന് സഹായം തേടുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ഇപ്പോള്‍ മനഃശാസ്ത്ര വിദഗ്ദ്ധര്‍ നല്‍കുന്നുണ്ട്. ചില അപകടസൂചനകളെ കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍, എപ്പോഴും എങ്ങനെയാണ് അയാള്‍ പെരുമാറാന്‍ പോകുന്നതെന്നറിയാതെ ആകാംക്ഷയുടെ മുള്‍മുനയിലാണോ, ബന്ധത്തിലെ വൈകാരികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അസാധാരണമാംവിധം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ടോ, ബന്ധം കൊണ്ടുപോകേണ്ടതിന്റെ ഭാരം മുഴുവന്‍ അഥവാ കൂടുതലായി ഏറ്റെടുക്കേണ്ടിവരുന്നുണ്ടോ, നിങ്ങളുടെ ഉയര്‍ച്ചയിലോ അല്ലാതെയോ പങ്കാളി അസൂയ പ്രകടിപ്പിക്കുന്നുണ്ടോ, എന്നൊക്കെ നോക്കുന്നത് അപകടസൂചന നല്‍കും. നിങ്ങളുടെ സ്വതന്ത്രജീവിതത്തെ തടസപ്പെടുത്തുന്ന തരത്തില്‍ എപ്പോഴും പിറകെ, ഉണ്ടായിരിക്കുകയും നിങ്ങളുടെ മറ്റു ബന്ധങ്ങളും ഫോണും മറ്റു വിനിമയങ്ങളും പിന്തുടരുകയും ചെയ്യുന്നതും അപകടകരമാണെന്ന് തിരിച്ചറിയണം. ഇനി, ഇത്തരം അപകടസൂചനകളുണ്ടായാല്‍ സമീപിക്കാവുന്ന സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ജെന്‍ഡര്‍ വൈദഗ്ദ്ധ്യം കൂടി നേടിയ തെറാപ്പിസ്റ്റുകള്‍ നമുക്ക് ആവശ്യമാണ്. ഇപ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമേ അങ്ങനെയുള്ളൂ. അവരിലേക്ക് വിധേയര്‍ക്ക് എത്താന്‍ കഴിയുന്ന സംവിധാനങ്ങളുമില്ല. ഹെല്‍പ്​ലൈന്‍ സംവിധാനങ്ങളും ഗവണ്‍മെന്റിന്റെ ‘ഭൂമിക' പദ്ധതിയുമൊക്കെ ഇതിനായി പരിശീലിപ്പിക്കപ്പെട്ട തെറാപ്പിസ്റ്റുകളുടെ സേവനം നല്‍കിയാല്‍ നന്നായിരിക്കും.  

പലവിധത്തിലും ദ്രുതഗതിയിലുള്ള പരിവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്വാഭിമാനത്തോടെയുള്ള ജീവിതം എല്ലാ ലൈംഗിക വിഭാഗങ്ങളും ആഗ്രഹിക്കുകയും ജീവിച്ചുതുടങ്ങുകയും ചെയ്യുന്നു. ഇലക്​ട്രോണിക്​മാധ്യമങ്ങള്‍ വഴി വ്യത്യസ്ത സംസ്‌കാരങ്ങള്‍ പരിചയപ്പെടാന്‍ യുവാക്കള്‍ക്ക് അവസരം ഉണ്ടാകുന്നു. ഒരു വശത്ത് അടിച്ചമര്‍ത്തലിന് സ്ത്രീകള്‍ തയാറാകാതിരിക്കുകയും മറുവശത്ത് പുരുഷന്മാര്‍ക്ക് കൂടുതല്‍ അക്രമപ്രവണതയ്ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കോവിഡ് മൂലമുണ്ടായ അടച്ചുപൂട്ടലും ഒറ്റപ്പെടലും അക്രമങ്ങള്‍ വര്‍ധിപ്പിക്കുന്നുമുണ്ട്. വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ പ്രതിരോധിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. പൊള്ളലുകള്‍ അധികമാകാതെ നോക്കണം. പരിഹാരങ്ങള്‍ തേടുമ്പോള്‍ പല വീക്ഷണങ്ങളില്‍ നിന്നും സമഗ്രമായി കാണുന്ന സമീപനമാണ് നല്ലത്. മാനസികപ്രശ്‌നത്തിലോ ജീവശാസ്ത്രപരമായ നിര്‍ണയനത്തിലോ മാത്രം ഒതുക്കി ഈ വിഷയം കണ്ടാല്‍ പോരാ. പുരുഷാധിപത്യപരമായ സാമൂഹ്യഘടനയിലാണ് ഇവ പ്രകടമാകുന്നത്. അതേസമയം എല്ലാ തലങ്ങളിലും ഇടപെടല്‍ ആവശ്യമായി വരും. ഒരു വശത്ത് സ്ത്രീകള്‍ പ്രതിരോധങ്ങളുണ്ടാക്കുമ്പോള്‍ തന്നെ ആണ്‍കുട്ടികളിലെ അക്രമപ്രവണത നേരത്തേ കണ്ടെത്തുകയും ചികിത്സിക്കപ്പെടുകയും, വേണം. വിഷമയമാകുന്ന ബന്ധങ്ങളിലും സമയത്തിനുള്ള കണ്ടെത്തലും പരിഹാരം ചെയ്യാനുള്ള സംവിധാനങ്ങളും വേണം. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ തുല്യതാബോധം കുട്ടിക്കാലത്തുതന്നെ വളര്‍ത്തിയെടുക്കണം. ആണ്‍കുട്ടികളെ കരുതലും ശുശ്രൂഷയും പഠിപ്പിക്കുന്നതിലൂടെ ആണത്തത്തെ അപനിര്‍മിക്കാനും അമിതമായ വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രാപ്തി ഉണ്ടാക്കാം. ജെന്‍ഡര്‍ പരിശീലനം ഇപ്പോഴത്തെ സാഹചര്യത്തില്‍ പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ ആവശ്യം.  

വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ സാമൂഹ്യവും കൂടിയാണെന്ന് സാധാരണ തിരിച്ചറിയാറില്ല. സാമൂഹികമായ ഘടകങ്ങളും മനസ്സിന്റെ ഘടനാപരമായ പ്രശ്‌നങ്ങളും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി കണ്ടുകൊണ്ടേ പ്രതിരോധവും ചികിത്സയും രൂപപ്പെടുത്തിയെടുക്കാന്‍ കഴിയൂ. സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തിബന്ധങ്ങളിലും അത് പ്രതിഫലിപ്പിക്കാനാവും. സാമൂഹ്യമായി ഇടപെടുന്ന സ്ത്രീകളില്‍ ആത്മവിശ്വാസം കൂടുന്നത് കാണുന്നുണ്ട്. ധാര്‍മികവും വൈകാരികവുമായ ആവശ്യങ്ങള്‍ക്ക് പങ്കാളിയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് സ്ത്രീകളെ ബന്ധങ്ങളില്‍ കുരുക്കിയിടുന്നത്. ‘സ്ത്രീ നന്നായാല്‍ കുടുംബം നന്നാകും’ എന്നൊക്കെ പറഞ്ഞ് സ്ത്രീകളെ കുടുംബത്തിലേക്ക് ഒതുക്കുകയാണെന്ന് തിരിച്ചറിയണം. പുരുഷനും  സ്ത്രീയ്ക്കും മറ്റു ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമെല്ലാം   സമൂഹത്തോടും ഉറ്റവരോടും ഒരേ പോലെ കരുതലുണ്ടാകുമ്പോള്‍  വിഷം തീണ്ടാത്ത, ആരോഗ്യകരമായ ബന്ധങ്ങള്‍  ഉണ്ടാകുമെന്ന് പറയാം. 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Audio