Wednesday, 29 March 2023

Origin of Pandemics


Text Formatted

പുതിയ രോഗങ്ങളുടെ ഉല്‍പത്തികളെക്കുറിച്ച്
​​​​​​​രണ്ട് ഉപന്യാസങ്ങള്‍

സാര്‍സ് കൊറോണ 2 വൈറസുകളുടെ ഉല്‍പ്പത്തി കണ്ടെത്താന്‍ അന്താരാഷ്ട്ര വിദഗ്ധ സംഘം നടത്തിയ ശാസ്ത്രീയാന്വേഷണങ്ങളുടെ കണ്ടെത്തലുകള്‍

Image Full Width
Image Caption
Photo: Creative Commons.org
Text Formatted

ഒന്ന്: സാര്‍സ് കൊറോണ-2 വൈറസുകളുടെ ഉല്‍പ്പത്തി 

പുതിയ വൈറസുകളെ കണ്ടെത്തിയാല്‍ അത് എവിടെനിന്ന്, എങ്ങനെ വന്നു എന്ന് തിരിച്ചറിയുന്നത് ശാസ്ത്രത്തിന്റെ അനുപക്ഷണീയമായ കടമയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യവുമാണ്. ഉല്‍പ്പത്തിയുടെ ഡെെനാമിക്‌സ് അറിയുന്നത് ഇപ്പോഴത്തെ ഇരുട്ടില്‍നിന്ന് പുറത്തുകടക്കാനും ഭാവിയില്‍ അവ ആവര്‍ത്തിക്കുന്നത് തടയാനും വേണ്ടിയാണ്. കോവിഡ് പാന്‍ഡമിക്കിന് കാരണമായ സാര്‍സ് കൊറോണ-2 വൈറസിന്റെ തിട്ടമില്ലാത്ത ഉറവിടം വലിയ വിവാദമായി ആദ്യം തൊട്ടേ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്​. ഇത് മനുഷ്യനിര്‍മിതമാണെന്നും ലബോറട്ടറിയില്‍ നിന്ന് അപകടത്തില്‍ പുറത്തുകടന്ന് വ്യാപിച്ചതാണെന്നും ഇപ്പോഴും പ്രചാരണമുണ്ട്.

ചൈനയിലേക്ക്

ഈ പാന്‍ഡമിക് കാലത്ത്, 2020 മേയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക അസംബ്ലിയില്‍ ലോകരാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തില്‍ പാന്‍ഡമിക്കിന്റെ ഉറവിടവും വൈറസ് മനുഷ്യരിൽ എത്താനുണ്ടായ സാഹചര്യങ്ങളും വഴികളും കണ്ടെത്തണമെന്ന് ലോകാരോഗ്യസംഘടനയോട് ആവശ്യപ്പെട്ടിരുന്നു.

Tedros_Adhanom
ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗാബ്രിയേസ്

ഇതുപ്രകാരം ഈ വര്‍ഷമാദ്യം SARS-CoV-2 വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ ചൈനയിലെത്തിയ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള ജോയിന്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി 15 ദിവസം നീണ്ട അന്വേഷണങ്ങള്‍ക്കുശേഷം ഫെബ്രുവരി പത്തിന് മടങ്ങി. അന്താരാഷ്ട്ര തലത്തിലുള്ളതും ചൈനയില്‍നിന്നുള്ളതുമായ 17 വീതം വിദഗ്ധരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ വുഹാനില്‍ രോഗമുണ്ടായ ക്ലസ്റ്റര്‍ പ്രദേശങ്ങളും, രോഗികളെ ചികിത്സിച്ച ആശുപത്രികളും, രോഗികളുടെ സാമ്പിള്‍ പരിശോധിച്ച ലാബോറട്ടറികളും, ആദ്യം ക്ലസ്റ്ററുകളുണ്ടായ ഹുനാന്‍ മാര്‍ക്കറ്റും, വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സന്ദര്‍ശിച്ചാണ് പഠനം നടത്തിയത്.

അന്വേഷണ സംഘത്തിന് പാന്‍ഡമിക്കിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയുകയും ഇപ്പോഴും ആ സ്രോതസ്സ് അവിടെ നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ ഭാവിയില്‍ അത് മനുഷ്യരിലെത്തുന്നത് തടയാനാകും

2021 ജനുവരി 18- ന് വിദഗ്ധസംഘം ചൈനയിലെത്തിയ ദിവസം തന്നെ ലോകരാജ്യങ്ങളിലെ ആരോഗ്യ വകുപ്പുമന്ത്രിമാരെ അഭിസംബോധന ചെയ്ത് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗാബ്രിയേസ് സംഘത്തിന്റെ ദൗത്യം വ്യക്​തമാക്കി: ‘‘സംശങ്ങള്‍ക്കതീതമായ ശാസ്ത്രീയ പ്രക്രിയകളിലൂടെയുള്ള അന്വേഷണം’’.

വിദഗ്ധരുടെ സംഘം

ലോകാരോഗ്യ സംഘടനയിലെ മൃഗജന്യരോഗ വിദഗ്ധന്‍ Peter Ben Embarek- ന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഈ വിഷയത്തില്‍ ലോകത്തിലെ പ്രമുഖരായ വിദഗ്ധരൊക്കെ ഉണ്ടായിരുന്നു: Fabian Leen dertz എന്ന വെറ്ററിനറി ഗവേഷകനായിരുന്നു ഒരാൾ. മറ്റൊരാൾ, ബര്‍ലിനിലെ Robert Koch institute ലെ ഗവേഷക ഫാബിയാന്‍. ഇവരാണ് 2014-ല്‍ വെസ്റ്റ് ആഫ്രിക്കയിലെ എബോള ഔട്ട്‌ബ്രേക്കിന്റെ സ്രോതസ് വവ്വാലുകളാണെന്ന് ആദ്യം കണ്ടെത്തിയത്. അവിടെ രോഗബാധയുണ്ടായ പ്രദേശത്ത് കുട്ടികള്‍ കളിക്കുന്ന ഒരു മരപ്പൊത്തും മരത്തിന്റെ ശാഖകളില്‍ നിറയെ വവ്വാലുകളുടെ താവളവുമായിരുന്നു. ആ മരം തീവെച്ച് കരിച്ചശേഷമുള്ള ദിവസങ്ങളിലാണ് സമീപപ്രദേശങ്ങളില്‍ എബോള ബാധിച്ചതെന്ന് കുട്ടികളില്‍നിന്ന് മനസിലാക്കിയ ഫാബിയാന്‍, സ്ഥിരം താവളത്തില്‍ നിന്നുള്ള വവ്വാലകളുടെ ഡിസ്‌പ്ലെയ്‌സ്‌മെന്റ് ആയിരുന്നു അവിടെ എബോള രോഗവ്യാപനത്തിന് കാരണം എന്ന് കണ്ടെത്തിയിരുന്നു.

 Peter Ben Embarek
ലോകാരോഗ്യ സംഘടനയിലെ മൃഗജന്യ രോഗ വിദഗ്ധന്‍ Peter Ben Embarek, വെറ്ററിനറി ഗവേഷകന്‍ Fabian Leen dertz

സംഘത്തിലെ മറ്റൊരാള്‍ Marion Koopman, നെതര്‍ലാന്‍ഡ്സിലെ വൈറോളജി വിദഗ്ധനായ ഇദ്ദേഹമായിരുന്നു 2012-ല്‍ മെര്‍സ് രോഗം അറേബ്യന്‍ നാടുകളില്‍ ചില പ്രത്യേക തരം ഒട്ടകങ്ങള്‍ വഴിയാണ് മനുഷ്യരിലെത്തിയതെന്ന് കണ്ടെത്തിയത്. Hung Nguyen നൈറോബി ലൈവ് സ്റ്റോക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധനാണ്. Peter Daszak ന്യൂയോര്‍ക്ക് ഇക്കോഹെല്‍ത്ത് പ്രസിഡന്റാണ്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി പ്രവര്‍ത്തന ബന്ധമുണ്ട്. കൂടാതെ ഡെന്‍മാര്‍ക്ക്, യു.കെ, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഉണ്ടായിരുന്നു. ചൈന ടീമിനെ നയിച്ചത് Liang Wannian ആയിരുന്നു. 

കോവിഡിന്റെ ഉറവിടം: നാലു സാധ്യതകള്‍

ഫെബ്രുവരി ആറിന് ലാന്‍സറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലോകാരോഗ്യ സംഘടന സംഘത്തിന് നേതൃത്വം കൊടുത്ത പീറ്റര്‍ ബെന്‍ ദൗത്യത്തിന്റെ പ്രസക്ത നേട്ടങ്ങളായി ലോകത്തിനുമുമ്പില്‍ വെച്ചത് മൂന്നു കാര്യങ്ങളാണ്: ഒന്ന്​; ഇപ്പോഴത്തെ അന്വേഷണത്തില്‍ സംഘത്തിന് പാന്‍ഡമിക്കിന്റെ ഉറവിടം -സോഴ്‌സ് കണ്ടെത്താന്‍ കഴിയുകയും ഇപ്പോഴും ആ സ്രോതസ്സ് അവിടെ നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ ഭാവിയില്‍ അത് മനുഷ്യരിലെത്തുന്നത് തടയാനാകും. രണ്ട്​​; വവ്വാലുകളില്‍ നിന്ന് വൈറസുകള്‍ മനുഷ്യരിലേക്ക് സ്പില്‍ ചെയ്ത് എത്തിയ സഞ്ചാരപാത കണ്ടെത്തുകയാണെങ്കില്‍ ഈ വഴികളെ ഭാവിയില്‍ എന്നന്നേക്കുമായി കൊട്ടിയടക്കാനോ, തടയാനോ പറ്റിയേക്കും. മൂന്ന്​​; മനുഷ്യരിലെത്തുന്നതിനുമുമ്പുള്ള വൈറസിന്റ അവസ്ഥകളും സ്വഭാവവിശേഷങ്ങളും മനസ്സിലാക്കാന്‍ പറ്റിയാല്‍ ഭാവിയില്‍ ഇതിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാനും ഔഷധ ഗവേഷണങ്ങള്‍ക്കും സഹായകമായിരിക്കും. ഇങ്ങനെ മഹത്തായ ലക്ഷ്യങ്ങളുമായാണ് ഗവേഷകര്‍ മുന്നോട്ടുപോയത്.

ജനുവരിയില്‍ എത്തിയ സംഘം ആദ്യ രണ്ടാഴ്ച ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (CDC) വിദഗ്ധരുമായും ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരുമായും മിനിസ്ട്രി ഉദ്യോഗസ്ഥരുമായും ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. അവസാന രണ്ടാഴ്ച വുഹാനിലെ രോഗത്തിന്റെ ആദ്യ ക്ലസ്റ്ററുകളുണ്ടായ ഹുനാന്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയും 2019 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ അവിടെയുണ്ടായിരുന്നവരുടെയും സമുദ്ര ഉല്‍പ്പന്നങ്ങളുടെയും വന്യമൃഗങ്ങളുടെയും വരവും പോക്കും വിലയിരുത്തി. അവ വിതരണം ചെയ്തവരേയും വാങ്ങിയവരേയും മാപ്പ് ചെയ്തു. ഫ്രോസന്‍ ചെയ്തുവെച്ച സീവേജ് സാമ്പിളുകള്‍ ശേഖരിച്ചു. ആദ്യകാലത്ത് കോവിഡ് ബാധിച്ചവരെ നേരിട്ടുകണ്ട് വിവരശേഖരണം നടത്തി.

wuhan
കോവിഡ് വ്യാപന സമയത്ത് വുഹാനിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയവര്‍

കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ച്​ അവരുടെ രേഖകള്‍ പരിശോധിച്ചു. രോഗനിര്‍ണയം ചെയ്ത സമയക്രമമനുസരിച്ച് രോഗികളുടെ ‘ലൈന്‍ ലിസ്റ്റ്' നല്‍കാന്‍ ചൈനയിലെ ആരോഗ്യ വകുപ്പ് അധികാരികള്‍ വിസമ്മതിച്ചതായി പിന്നീട് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാബോറട്ടറി, സീറോളജി, വൈറോളജി പഠനങ്ങളും എപ്പിഡിമിയോളജി പഠനവിശകലനങ്ങളും നടത്തി.

സാര്‍സ് കൊറോണ-2 വൈറസുകള്‍ മനുഷ്യരിലെത്തിയതിന് പ്രധാനമായും നാലു പരികല്‍പനകളാണ് ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്തത്. കോവിഡിന്റെ ഉറവിടത്തിന്​ നാലു സാധ്യതകളാണ് സംഘം അന്വേഷിച്ചത്. 
1. ഏതെങ്കിലും വന്യമൃഗങ്ങളില്‍നിന്ന് നേരിട്ട് മനുഷ്യരിലെത്തിയത്.
2. ശീതികരിച്ച, സംസ്‌കരിക്കപ്പെട്ട മാംസഭക്ഷ്യവസ്തുകളിലൂടെ ചൈനയിലെ മാര്‍ക്കറ്റുകള്‍ വഴി അപകടത്തില്‍ എത്തിയത്. ഇത് ഏതെങ്കിലും മത്സ്യ- ജന്തു മാംസ ഉല്‍പ്പന്നങ്ങളാകാം.
3. ചൈനയിലെ ഏതെങ്കിലും (വുഹാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ) ഗവേഷണ സ്ഥാപനത്തില്‍ നിന്ന് അപകടത്തില്‍ ലീക്ക് ചെയ്യപ്പെട്ടത്.
4. വവ്വാലുകളില്‍നിന്ന് ഇടയിലുള്ള മറ്റേതെങ്കിലും മൃഗങ്ങളിലൂടെ മനുഷ്യരിലെത്തിയത്.

ശേഖരിക്കപ്പെട്ട വിവരങ്ങള്‍ വെച്ച് ഇവ ഓരോന്നും കാര്യകാരണസഹിതം വിശകലനം ചെയ്ത സംഘം ഇനി പറയുന്ന നിഗമനങ്ങളിലെത്തി: രോഗം പൊട്ടിപ്പുറപ്പെട്ട ഇന്‍ഡക്‌സ് കേസുകളുണ്ടായ വുഹാന്‍ നഗരം വനമേഖലക്കടുത്തല്ലാത്തതിനാലും ഇതിന് സമീപപ്രദേശങ്ങളില്‍ വവ്വാലുകള്‍ അധിവസിക്കുന്ന താവളങ്ങളില്ലാത്തതിനാലും നേരിട്ട് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നു എന്ന തിയറി തള്ളി.

ആദ്യം ക്ലസ്റ്ററുകള്‍ രുപപ്പെട്ട ഹുനാന്‍ മാര്‍ക്കറ്റല്ല വൈറസുകളുടെ ഉറവിടം എന്നും ഇത് രോഗാണുക്കളെ ധാരാളം ആളുകളിലേക്ക് പടര്‍ത്തി പെരുപ്പിച്ച /ആംപ്ലിഫൈ ചെയ്ത ഇടം മാത്രമെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. 

പുറമേനിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ നിന്നാണ് ചൈനയില്‍ വൈറസ് എത്തിയത് എന്നാണ് ചൈനയില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ അതിനെ തള്ളിക്കളയുന്ന വിധത്തിൽ, ആദ്യം കരുതിയതുപോലെ നേരത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹുനാന്‍ മാര്‍ക്കറ്റല്ല കേസുകളുടെ ഉറവിടം എന്നാണ് ടീമിലെ ചൈനീസ് സംഘത്തലവന്‍ Liang Wannian അഭിപ്രായപ്പെട്ടത്. 2019 ഡിസംബര്‍ ഒന്നിന് രോഗലക്ഷണം കണ്ടെത്തിയ ആദ്യ രോഗിക്കോ പിന്നീട് ഡിസംബര്‍ എട്ടുതൊട്ട് കണ്ടെത്തിയ ആദ്യ കേസുകള്‍ക്കോ ഈ മാര്‍ക്കറ്റുമായി ബന്ധമുണ്ടായിരുന്നില്ല. ആദ്യരോഗിക്ക് അറിയപ്പെടാത്ത മറ്റേതെങ്കിലും രോഗിയില്‍ നിന്ന് നവംബര്‍ അവസാനം വൈറസ് പകര്‍ന്നുകിട്ടിയതാകാം. അതിനാല്‍ ആദ്യം ക്ലസ്റ്ററുകള്‍ രുപപ്പെട്ട ഹുനാന്‍ മാര്‍ക്കറ്റല്ല വൈറസുകളുടെ ഉറവിടം എന്നും, ഇത് രോഗാണുക്കളെ ധാരാളം ആളുകളിലേക്ക് പടര്‍ത്തി പെരുപ്പിച്ച/ആംപ്ലിഫൈ ചെയ്ത ഇടം മാത്രമെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. 

‘ഗൂഢാലോചനാസിദ്ധാന്തം' തള്ളി

വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദര്‍ശിച്ച സംഘം അവിടത്തെ സംവിധാനങ്ങള്‍ വിലയിരുത്തുകയും വിദഗ്ധരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഡാറ്റാബേസ് രേഖകള്‍ വിശകലനം ചെയ്​തു. ശേഖരിച്ച പഴയ സീറം സാമ്പിളുകളും സീവേജ് സാമ്പിളുകളും അനലൈസ് ചെയ്​തു. 2019 ഡിസംബറിനു മുമ്പ് അവിടത്തെ ശാസ്ത്രഞ്ജര്‍ക്ക് ആര്‍ക്കും സാര്‍സ് കോറോണ വൈറസ്-2 നെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഉറപ്പിച്ചിട്ടുണ്ട്. അങ്ങനെ ‘ഗൂഢാലോചനാസിദ്ധാന്ത'ത്തിന്റെ ഭാഗമായ ‘ലബോറട്ടറി ലീക്കും' സംഘം തള്ളി.
2020 മെയ് ഒന്നിന് അന്നത്തെ യു.എസ്​ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, ‘എനിക്ക് കോവിഡ് വൈറസിന്റെ ഉറവിടം വുഹാന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ് വൈറോളജിയാണെന്ന് തറപ്പിച്ച് പറയാനാകും, പക്ഷെ തുറന്നുപറയാന്‍ പരിധികളുണ്ട്​' എന്നുപറഞ്ഞത് വിവാദമായിരുന്നു. പുതിയ വൈറസിനെ കണ്ടെത്തി മൂന്ന് ദിവസത്തിനുള്ളില്‍ അതിന്റെ ജനിതക സീക്വന്‍സ് മനസ്സിലാക്കി ചൈനയിലെ ശാസ്ത്രഞ്ജര്‍ അന്താരാഷ്ട്ര ഗവേഷണത്തിന് ഷെയര്‍ ചെയ്തിരുന്നു ( 2020 ജനുവരി 12 ). ഇതിന്​ ബീറ്റ കൊറോണ വൈറസില്‍ പെട്ട Ra TG 13 വൈറസിന്റെ ജനിതക ഘടനയുമായി 96 % സമാനതയുണ്ടായിരുന്നതായി തുടര്‍ന്ന് കണ്ടെത്തി (WHO March 2020). വൈറസ് മനുഷ്യനിര്‍മിതിയാണെങ്കില്‍ ഒരിക്കലും ഈ ജനിതകഘടന ഉണ്ടാകുമായിരുന്നില്ല. 

hunan
ഹുനാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാര്‍ക്കറ്റ്‌

ബാക്കി, വവ്വാലുകളില്‍ നിന്ന് മറ്റുജീവികള്‍ വഴി മനുഷ്യരിലെത്തി എന്ന തിയറിയാണ്. ഇതിന് തെളിവായി അവിടെ വവ്വാലുകളേയും ഇനാംപേച്ചികളേയും വളര്‍ത്തുന്നതും വില്‍ക്കുന്നതുമായ കര്‍ഷകരെയും വ്യാപാരികളെയും അവയുടെ മാര്‍ക്കറ്റുകളും അവരിലെ രോഗബാധിതരെയും സംഘം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇത് എങ്ങനെ എന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. 

ചൈനയില്‍ കുറെ നാളുകളായി പുതിയ രോഗമുണ്ടായിരുന്നുവെന്നും അത് മൂടിവെച്ചതായിരുന്നുവെന്നും വ്യാപക പ്രചാരണമുണ്ടായിരുന്നു. സംഘം ഇതിന്റെയും സത്യാവസ്ഥ പരിശോധിച്ചു. വൈറസിന്റെ സര്‍ക്കുലേഷന്‍ അവിടെ മുമ്പില്ല എന്നുറപ്പിക്കാന്‍ പല പെറ്റ് - പോറ്റ് മൃഗങ്ങളെയും വന്യമൃഗങ്ങളെയും അവയുടെ സീറവും പരിശോധിച്ചിരുന്നു. കൂടാതെ പല രക്തബാങ്കുകളില്‍നിന്ന് പഴയ രക്തസാമ്പിള്‍ ശേഖരിച്ച് ആന്റിബോഡി പരിശോധന ചെയ്തുനോക്കി. ചൈനയില്‍ മറ്റെവിടെയും മറ്റ് സോഴ്‌സകളില്‍നിന്ന് സമാന രോഗ പകര്‍ച്ചകളോ ക്ലസ്റ്ററുകളോ സമാന രോഗങ്ങളോ ഉണ്ടായതായി തെളിവില്ല. 2019 ഡിസംബറിനു മുമ്പ് ചൈനയില്‍ രോഗപ്പകര്‍ച്ചയുണ്ടായിട്ടില്ലെന്നും ഉണ്ടെങ്കില്‍ അത് ‘സൈലന്റ് സ്‌പ്രെഡ് ' ആയിരിക്കാമെന്നുമാണ് സംഘത്തിന്റ നിഗമനം.

മനുഷ്യനിര്‍മിതമല്ല, പ്രകൃതിയില്‍നിന്ന്

സമിതി വൂഹാനിലെ ആശുപത്രികളിലെ കേസ് രേഖകളും കോവിഡ് സംശയിക്കപ്പെടുന്ന ലക്ഷണങ്ങളുള്ള ഇന്‍ഫ്‌ളൂവന്‍സ ലൈക് ഇല്‍നസ് (ILI) കേസുകളും ഡിസംബറില്‍ ന്യൂമോണിയ രോഗം ബാധിച്ചവരുടെ റിക്കാര്‍ഡുകളും ഫാര്‍മസികളിലെ ജലദോഷപ്പനിക്കുള്ള പ്രിസ്‌ക്രിപ്ക്ഷനുകളും ഓഡിറ്റ് ചെയ്തു. അന്ന് കോവിഡ് ബാധിതരായിരുന്ന 4500-ഓളം രോഗികളുടെ സാംപിള്‍ ശേഖരിച്ച് വൈറസ് ആര്‍.എന്‍.എ സ്വീകന്‍സ് വിശകലനവും, ആന്റിബോഡി പഠനവും നടത്തി. ഇതിനെക്കുറിച്ച് ഫെബ്രുവരി 10 ലക്കത്തിലെ നേച്ചര്‍ ലേഖനം തലക്കെട്ടില്‍ വിശേഷിപ്പിച്ചത്; ‘വിദഗ്ധ സംഘത്തിന് ഇതുസംബന്ധിച്ച് പ്രധാന പാറക്കല്ലുകള്‍ മറിച്ചിട്ട് നോക്കാനായിട്ടില്ലെങ്കിലും ഭാവി അന്വേഷണങ്ങള്‍ക്ക് വഴിവെട്ടിയിട്ടുണ്ട്’ എന്നാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ origin of SARS CoV-2 രേഖയില്‍ വൈറസിന്റെ ജനിതക സീക്വന്‍സ് മനസ്സിലാക്കി ഇതിന്റെ മനുഷ്യരിലേക്കുള്ള ചാട്ടം ‘ഒരു സ്ഥലത്ത് ഒരു സമയം ഒരു പോയിന്റില്‍' മാത്രം സംഭവിച്ചതാണെന്നും അത് 2019ന്റെ അവസാനത്തിലാണെന്നും പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഇത് മനുഷ്യനിര്‍മിതിയല്ല, പ്രകൃതിയില്‍ തന്നെ ഉണ്ടായതാണെന്ന് ജനിതക സീക്വന്‍സ് പഠനങ്ങളും കാണിച്ചിരുന്നു. മുമ്പുതന്നെ ശാസ്ത്രജ്ഞര്‍ വവ്വാലുകളില്‍ സാര്‍സ് 2 വൈറസുമായി ജനിതക സാമ്യമുള്ള വൈറസുകളെ കണ്ടെത്തിയിരുന്നു. ഫെബ്രുവരി ഒമ്പതിന് നേച്ചര്‍ കമ്യൂണിക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം, കഴിഞ്ഞ ജൂണില്‍ തന്നെ കിഴക്കന്‍ തായ്‌ലാന്‍ഡിലെ വവ്വാലുകളില്‍ സാര്‍സ് കൊറോണ വൈറസ്-2 വിന്റെതിന് സമാനമായി 92% ജീനുകള്‍ ഷെയര്‍ ചെയ്യുന്ന RaC-203 എന്ന് പേരിട്ട വൈറസുകളെ കണ്ടെത്തിയതായി വിവരമുണ്ടായിരുന്നു. ഇവയൊക്കെ തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ വവ്വാലുകളിലൂടെ വ്യാപിക്കുന്നാണ്ടാവാം.

കഴിഞ്ഞ ജൂണില്‍ തന്നെ കിഴക്കന്‍ തായ്‌ലാന്‍ഡിലെ വവ്വാലുകളില്‍ സാര്‍സ് കൊറോണ വൈറസ് 2വിന്റെതിന് സമാനമായി 92% ജീനുകള്‍ ഷെയര്‍ ചെയ്യുന്ന RaC-203 എന്ന് പേരിട്ട വൈറസുകളെ കണ്ടെത്തിയതായി വിവരമുണ്ടായിരുന്നു.

വംശ ജനിതകശാസ്ത്രത്തിന്റെ അനാലിസിസിലൂടെ ( Phylogenic Analysis) ചൈനയിലെ യുനാനില്‍ ഹോഴ്സ് ഷൂ വവ്വാലുകളില്‍ നിന്ന് 2013 ല്‍ കണ്ടെത്തിയ RAT GB വൈറസുമായി കോവിസ് വൈറസിന്റെ ജനിതക ഘടനക്ക് 96% യോജിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ Rm Y NO-2 വൈറസുകളില്‍ 93% യോജിപ്പ് കണ്ടെത്തിയിട്ടുണ്ട്​. ബാക്കി 4% മാറ്റങ്ങള്‍ ഇടയിലുള്ള ജീവിയിലൂടെയുള്ള (ഈനാംചേച്ചി) സഞ്ചാരപഥത്തില്‍ മനുഷ്യരിലേക്ക് ചേക്കേറുമ്പോള്‍ സംഭവിച്ചതാകമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

wuhan
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പ്രധാന പ്രവേശന കവാടം

വിദഗ്ധ സംഘത്തിന് ആദ്യം വുഹാന്‍ നഗരത്തില്‍ പ്രവേശിക്കുന്നതിനുതന്നെ ഔദ്യോഗിക നൂലാമാല മൂലം അനുമതി വൈകിയിരുന്നു. എങ്കിലും, ചെറിയ സമയപരിധിയില്‍ നടത്തിയ ഈ റിട്രോസ്‌പെക്ടീവ് പഠനത്തിലൂടെ ഒരു വര്‍ഷത്തിനുമുമ്പുണ്ടായ രോഗത്തിന്റെ ശരിയായ ഉറവിടം നിര്‍ണയിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും ഭാവിയില്‍ ഇതുപോലുള്ള പാന്‍ഡമിക്കുകളില്‍നിന്ന് എങ്ങനെ രക്ഷനേടാമെന്ന വഴി മനസിലാക്കാനാകും എന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ടോപിക്കല്‍ മെഡിസിനിലെ വിദഗ്ധന്‍ ഡേവിഡ് ഹെമാന്‍ പറഞ്ഞത്. ചിലപ്പോള്‍ ശരിയായ ഉറവിടം വ്യക്തമായി കണ്ടെത്താന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയില്‍നിന്ന് മടങ്ങുന്നതിനു തലേന്ന് ( ഫെബ്രുവരി 9) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത്രയൊക്കെ വിവരങ്ങളാണ് പങ്കുവെച്ചത്. 

‘ജൈവായുധം', ‘ലബോറട്ടറി അപകടം' തുടങ്ങിയ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ ഈ അന്വേഷണത്തിനായിട്ടുണ്ട്. എങ്കിലും, സമിതിക്ക് പാന്‍ഡമിക്ക് സംബന്ധിച്ച അന്താരാഷ്ട്ര വിവാദങ്ങളുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച് അടച്ചുവെക്കാനായി എന്ന് കരുതേണ്ടതില്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

(രണ്ടാം ഭാഗം അടുത്ത പാക്കറ്റിൽ)

ഡോ. ജയകൃഷ്ണന്‍ ടി.

എപ്പിഡെമിയോളജി വിദഗ്ധന്‍. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസര്‍, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, കെ. എം. സി. ടി. മെഡിക്കല്‍ കോളേജ്, കോഴിക്കോട്.

Audio