Wednesday, 29 March 2023

സാഹിത്യം


Text Formatted

കഥ മുത്തശ്ശി കഥാവശേഷയാവുമ്പോള്‍

ശരീരം മനസ്സിനു വഴുതാതെ വന്ന അന്ത്യനാളുകള്‍ക്കൊടുവില്‍ പ്രിയപ്പെട്ട കഥാകാരി, കഥകള്‍  പാതിയില്‍ പറഞ്ഞുനിര്‍ത്തി മറഞ്ഞിരിക്കുന്നു. ആ കഥാപ്രപഞ്ചത്താല്‍ വശീകരിക്കപ്പെട്ട എണ്ണമറ്റ കുട്ടികള്‍. മുതിര്‍ന്നവര്‍ക്കും നിശ്ചയമായും ആഴത്തില്‍ സങ്കടപ്പെടാനുണ്ടാവും. 

Image Full Width
Image Caption
സുമംഗല
Text Formatted

സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും കുഞ്ഞുകഥകളിലൂടെ, കാമ്പുള്ള ഒട്ടനേകം കഥാപുസ്തകങ്ങളിലൂടെ മലയാളി കുട്ടികളെ ചേര്‍ത്തുപിടിച്ച മലയാളത്തിന്റെ ‘കഥമുത്തശ്ശി' സുമംഗലയെന്ന ലീലാ നമ്പൂതിരിപ്പാട് കഥയുടെയും ജീവിതത്തിന്റെയും അരങ്ങൊഴിഞ്ഞു.

2018 മെയില്‍ വടക്കാഞ്ചേരിയില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം താന്‍ എഴുത്തില്‍ നിന്നു വിരമിക്കുകയാണെന്ന് സുമംഗല പ്രഖ്യാപിച്ചിരുന്നു. എങ്കിലും മനസ്സുകൊണ്ട് എണ്ണമറ്റ കഥകള്‍ക്കൊപ്പം തന്നെയായിരുന്നു അവരുടെ ജീവിതം. ശരീരം മനസ്സിനു വഴുതാതെ വന്ന അന്ത്യനാളുകള്‍ക്കൊടുവില്‍ പ്രിയപ്പെട്ട കഥാകാരി, കഥകള്‍ പാതിയില്‍ പറഞ്ഞുനിര്‍ത്തി മറഞ്ഞിരിക്കുന്നു. ആ കഥാപ്രപഞ്ചത്താല്‍ വശീകരിക്കപ്പെട്ട എണ്ണമറ്റ കുട്ടികള്‍. മുതിര്‍ന്നവര്‍ക്കും നിശ്ചയമായും ആഴത്തില്‍ സങ്കടപ്പെടാനുണ്ടാവും. 

കഥ മുത്തശ്ശിയായും കഥയമ്മയായുമൊക്കെ അറിയപ്പെട്ട സുമംഗലയുടെ സര്‍ഗ്ഗനിരതമായ ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണത്തിനു മാത്രമാണിവിടെ ശ്രമിക്കുന്നത്. 

സ്വന്തം പേരില്‍ കഥകളെഴുതാന്‍ അവര്‍ക്ക് മടിയായിരുന്നു. താനാണ് ഈ കഥകളൊക്കെ എഴുതുന്നതെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പേരുമാറ്റി. സാഗരിക, മാളവിക, സുദക്ഷിണ, പ്രിയംവദ എന്നീ പേരുകളായിരുന്നു മനസ്സില്‍.

‘ദക്ഷിണാപഥത്തില്‍ മഹിളാരോധ്യം എന്നൊരു പട്ടണമുണ്ടായിരുന്നു. അവിടെ വര്‍ദ്ധമാനന്‍ എന്ന ധര്‍മിഷ്​ഠനും മഹാധനികനുമായ ഒരു വ്യാപാരി വസിച്ചിരുന്നു. ഒരു ദിവസം രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍ അദ്ദേഹം ആലോചിച്ചു: പണംകൊണ്ട്​ സാധിക്കാത്ത കാര്യം ലോകത്തില്‍ യാതൊന്നുമില്ല. പണമുള്ളവനേ ബന്ധുക്കളും മിത്രങ്ങളുമുള്ളൂ. പണമുള്ളവനാണ് ലോകമാന്യനും പണ്ഡിതനും. പണമുണ്ടെങ്കില്‍ കിഴവനും ചെറുപ്പക്കാരനാണ്; പണമില്ലെങ്കിലും ചെറുപ്പക്കാരനായാലും കിഴവനായിട്ടേ ആളുകള്‍ കണക്കാക്കൂ. അത്രക്കുണ്ട് പണത്തിന്റെ ശക്തി. അതുകൊണ്ട് ഏതുവിധത്തിലും ഇനിയുമിനിയും പണം സമ്പാദിക്കാനാണ് ഞാന്‍ ശ്രമിക്കേണ്ടത്.'

PANCHATHANTHRAM

വിഷ്ണുശര്‍മ്മയുടെ  പഞ്ചതന്ത്രത്തിന് മലയാളത്തിലുണ്ടായ ഏറ്റവും പ്രചാരം നേടിയ പുനരാഖ്യാനം സുമംഗലയുടേതാണ്. നിരവധി പതിപ്പുകളിലായി പതിനായിരക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ ആ കൃതിക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ ഇന്നും പ്രചാരമേറെയാണ്.  ‘കഥമുത്തശ്ശി'യെന്ന് കുട്ടികള്‍ ആദരപൂര്‍വ്വം വിളിക്കുന്ന സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് മലയാള ബാലസാഹിത്യരംഗത്തെ തലതൊട്ടമ്മയാണ്. 

1934ല്‍ പാലക്കാട് ജില്ലയിലെ വെള്ളിനേഴിക്കടുത്ത ഒളപ്പമണ്ണ മനയിലാണ് സുമംഗലയുടെ ജനനം. അച്ഛന്‍ ഋഗ്വേദ വിവര്‍ത്തകനും സംസ്കൃത പണ്ഡിതനുമായ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട്. മാതാവ് നമ്പൂതിരി സമുദായ പരിഷ്‌കര്‍ത്താവ് കുറൂര്‍ ഉണ്ണിമ്പൂതിരിപ്പാടിന്റെ മകള്‍ ഉമ അന്തര്‍ജനം. വെള്ളിനേഴിയില്‍ സ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍ ഒറ്റപ്പാലം ഹൈസ്‌കൂളില്‍ പഠിച്ചു. 1948ല്‍ പത്താംക്ലാസ് ജയിച്ചെങ്കിലും കോളേജില്‍ ചേരാനുള്ള പ്രായം തികയാത്തതിനാല്‍ അച്ഛന്റെ കീഴില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പതിനഞ്ചാം വയസ്സില്‍ ദേശമംഗലം മനയിലെ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിനെ വിവാഹം കഴിച്ചു. വിവാഹാനന്തരം കോഴിക്കോട്ടും 1973ല്‍ ഷൊര്‍ണ്ണൂരും താമസമാക്കി. കേരള കലാമണ്ഡലത്തില്‍ ജോലിക്കു ചേര്‍ന്ന് അധികം കഴിയും മുമ്പേ പബ്ലിസിറ്റി ഓഫീസര്‍ (പി.ആര്‍.ഒ) ആയി. 

കഥ കേള്‍ക്കണമെന്ന്​ ശാഠ്യം പിടിച്ച എട്ടുവയസ്സുകാരി മകള്‍ക്കുവേണ്ടിയാണ് ലീല നമ്പൂതിരിപ്പാട് കഥകള്‍ പറയാന്‍ തുടങ്ങിയത്. പുരാണകഥകളുടെ ശേഖരം തീര്‍ന്നപ്പോള്‍ ആദ്യ കഥ സ്വന്തമായി ഉണ്ടാക്കിപ്പറഞ്ഞുകൊടുത്തു. വിരുന്നിനെത്തി വീട്ടുകാരിയായി മാറിയ പൂച്ചയുടെ കഥ അങ്ങനെ അവരുടെ ആദ്യകഥയായി. പിന്നെ, അണ്ണാനും കാക്കയും പശുക്കുട്ടിയും നായിക്കുട്ടിയുമൊക്കെ കഥാപാത്രങ്ങളായി ധാരാളം കഥകള്‍ പിറന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണത്രേ ​ആദ്യകഥയെഴുതിയത്. അതുപക്ഷേ മുതിര്‍ന്നവര്‍ക്കുള്ള കഥയായിരുന്നു. ആദ്യകാല ബാലകഥകള്‍ അച്ചടിച്ചുവന്നത് തിരുവനന്തപുരത്തുനിന്നിറങ്ങിയ പൂമ്പാറ്റയിലാണ്. അതിന്റെ പത്രാധിപരായിരുന്നു പി.എ. വാരിയരാണ് ലീല നമ്പൂതിരിപ്പാടിനെക്കൊണ്ട് നിര്‍ബന്ധിച്ച് കഥകളെഴുതിച്ചത്. ‘ഈ കഥകള്‍ സ്വന്തം കുട്ടികള്‍ മാത്രം കേട്ടാല്‍പ്പോരാ, മറ്റു കുട്ടികളും വായിക്കണം' എന്ന് വാരിയര്‍ പറഞ്ഞു. 

ഡി.സി കിഴക്കേമുറിയാണ് പഞ്ചതന്ത്രം പരിഭാഷപ്പെടുത്താന്‍ സുമംഗലയോട് ആവശ്യപ്പെടുന്നത്. അതൊരു ശ്രമകരമായ ദൗത്യമായിരുന്നു. വിഷ്ണുശര്‍മ്മയുടെ പുസ്തകത്തിന്റെ പദാനുപദ വിവര്‍ത്തനമായല്ലാതെ പുനരാഖ്യാനമായി അത് ചെയ്തുതീര്‍ത്തു.

സ്വന്തം പേരില്‍ കഥകളെഴുതാന്‍ അവര്‍ക്ക് മടിയായിരുന്നു. താനാണ് ഈ കഥകളൊക്കെ എഴുതുന്നതെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പേരുമാറ്റി. സാഗരിക, മാളവിക, സുദക്ഷിണ, പ്രിയംവദ എന്നീ പേരുകളായിരുന്നു മനസ്സില്‍. കൂട്ടുകാരിയും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അധ്യാപികയുമായിരുന്ന രാധാപത്മനാഭന്‍ (അവരുടെ ‘ഇച്ചിബോയും കൂട്ടുകാരും' പില്‍ക്കാലത്ത് സുമംഗല പരിഭാഷപ്പെടുത്തി) ‘സുമഗംല' എന്ന പേര് നിര്‍ദ്ദേശിച്ചു. ദേശമംഗലത്തിന്റെ ‘മംഗല'ത്തിനു മുന്നില്‍ ‘സു' എന്നു ചേര്‍ത്താണ്​ സുമംഗലയായത്​.

മകള്‍ക്ക് പറഞ്ഞുകൊടുത്ത അഞ്ച് കഥകള്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം സമാഹരിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. അങ്ങനെയിരിക്കെ ഡി.സി കിഴക്കേമുറിയാണ് പഞ്ചതന്ത്രം പരിഭാഷപ്പെടുത്താന്‍ സുമംഗലയോട് ആവശ്യപ്പെടുന്നത്. അതൊരു ശ്രമകരമായ ദൗത്യമായിരുന്നു. വിഷ്ണുശര്‍മ്മയുടെ പുസ്തകത്തിന്റെ പദാനുപദ വിവര്‍ത്തനമായല്ലാതെ പുനരാഖ്യാനമായി അത് ചെയ്തുതീര്‍ത്തു. ശങ്കരന്‍കുട്ടിയുടേയും അശോകിന്റേയും ബഹുവര്‍ണ ചിത്രങ്ങളോടെ, ഹാര്‍ഡ് ബൗണ്ടായി 1977 നവംബര്‍ 14ന് ശിശുദിനത്തില്‍ പഞ്ചതന്ത്രം പുറത്തിറങ്ങി. മുപ്പതുരൂപ മുഖവിലയും പതിനെട്ടുരൂപ പ്രീ പബ്ലിക്കേഷന്‍ വിലയുമാണ് നാനൂറ് പേജുള്ള പുസ്തകത്തിന് നിശ്ചയിച്ചത്. ‘സഞ്ജീവകന്‍' മുതല്‍ ‘ഞണ്ടും സര്‍പ്പവും' വരെയുള്ള അഞ്ചുതന്ത്രങ്ങളിലെ കഥകളും അതിലുള്‍പ്പെടുത്തി. അതിനുശേഷം എത്രയോ പതിപ്പുകളിലായി പതിനായിരക്കണക്കിനു കോപ്പികള്‍ പഞ്ചതന്ത്രം വിറ്റഴിഞ്ഞു. സുമംഗലയുടെ ‘മാസ്റ്റര്‍ പീസായി' ഇതിനെ കാണാം. 

SUMANGALA

മലയാളികളുടെ ‘കഥയമ്മൂമ്മ' തന്റെ ആയുസ്സു മുഴുവന്‍ കുട്ടികളുടെ മാനിസികോല്ലാസത്തിനായി സമര്‍പ്പിച്ചു. എണ്ണം പറഞ്ഞ പുസ്തകങ്ങളിലൂടെ കുട്ടികളുടെ മനം കവരാന്‍ അവള്‍ക്കായി.
ഈ കഥ കേട്ടിട്ടുണ്ടോ?, മിഠായിപ്പൊതി, മഞ്ചാടിക്കുരു, നെയ്പ്പായസം, കേട്ടകഥകളും കേള്‍ക്കാത്ത കഥകളും, നാടോടിചൊല്‍ക്കഥകള്‍, കഥ കേട്ടുറങ്ങാം, എട്ടുകുട്ടകം പൊന്ന്, തത്തപറഞ്ഞ കഥകള്‍, അത്ഭുതരാമായണം, ഇച്ചിബോയും കൂട്ടുകാരും (പരിഭാഷ), കര്‍ണ്ണനു കിട്ടിയ ശാപവും മറ്റുകഥകളും, ശ്രീകൃഷ്ണന്റെ ഓടക്കുഴലും മറ്റുകഥകളും, കഥകഥപ്പൈങ്കിളി, വാല്മീകിരാമായണം, ശ്രീരാമകഥകള്‍, ശ്രീമഹാഭാഗവത കഥകള്‍, കുട്ടികള്‍ക്ക് കൃഷ്ണകഥകള്‍ തുടങ്ങിയ ബാലസാഹിത്യകൃതികൾക്കുപുറമേ പച്ചമലയാളം നിഘണ്ടു (രണ്ടുവാല്യം) കേരളകലാമണ്ഡലം ചരിത്രം എന്നിവയും സുമംഗലയുടെ രചനകളാണ്. 

വലിയേട്ടത്തി, കുഞ്ഞിനുവേണ്ടി, താലപ്പൊലി, തങ്കക്കിങ്ങിണി എന്നീ കഥകളുടെ സമാഹാരമാണ് "തങ്കക്കിങ്ങിണി'. നെയ്പ്പായസം, പഴയതും പുതിയതും, പ്രതികാരം, പൂമ്പട്ടും കരിങ്കല്ലും, പൂക്കളുടെ മറവില്‍ എന്നീ കഥകളാണ് "നെയ്പ്പായസ'ത്തിലുള്ളത്. ‘കഥകഥപ്പൈങ്കിളി'യില്‍ അമ്പത് ഹൃദ്യമായ പുരാണകഥകള്‍ ക്രമീകരിച്ചിരിക്കുന്നു. കേട്ടുരസിക്കാനുള്ള നൂറ്റിയിരുപത്തഞ്ചു മുത്തശ്ശിക്കഥകളാല്‍ സമ്പന്നമാണ് ‘ ഈ കഥ കേട്ടിട്ടുണ്ടോ?' എന്ന ഗ്രന്ഥം. ഈറ്റമായനും ചകരമായനും, കുഴച്ചുരുട്ടിയാല്‍, ഉണ്ടിരിക്കുന്ന നായര്‍, ഇട്ടിത്തുപ്പനും ഇട്ടിത്തേയിട്ടും തുടങ്ങി നാല്പത്തിരണ്ടു നാടോടിക്കഥകള്‍ സമാഹരിച്ച ‘നാടോടി ചൊല്‍ക്കഥകളും' , വിരുന്നുകാരന്‍ മുതല്‍ കുട്ടിപ്പുര വരെയുള്ള ഇരുപത്തൊമ്പതു നാടോടിക്കഥകളുമുള്ള "മിഠായിപ്പൊതി'യും ആസ്വാദ്യമധുരമായ വായനാനുഭവം പകരുന്ന  ബാലസാഹിത്യ രചനകള്‍ തന്നെ. "മുത്തുസഞ്ചി'യിലാവട്ടെ രസകരങ്ങളായ പതിമൂന്നു കഥകളാണുള്ളത്. 

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗമായിരുന്ന സുമംഗലയുടെ ബാലസാഹിത്യ പുസ്തകങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം, ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള മുംബൈ പദ്മബിനാനി ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ശ്രീപത്മനാഭസ്വാമി സമ്മാനം, സാമൂഹ്യക്ഷേമ വകുപ്പ് അവാര്‍ഡ്, ശൂരനാട് കുഞ്ഞന്‍പിള്ള അവാര്‍ഡ്, ഗുരുവായൂര്‍ ദേവസത്തിന്റെ  ‘പൂന്താനം' ജ്ഞാനപ്പാന അവാര്‍ഡ് എന്നിവ അംഗീകാരങ്ങളില്‍ ചിലതാണ്.

ഡോ. കെ. ശ്രീകുമാർ

മാധ്യമപ്രവർത്തകൻ, ബാലസാഹിത്യകാരൻ, നാടകചരിത്രകാരൻ. നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന്‌ വാല്യങ്ങൾ, ബാലകഥാസാഗരം, ലോക ബാലകഥകൾ, മലയാള സംഗീത നാടക ചരിത്രം, അടുത്ത ബെൽ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Audio