Wednesday, 29 March 2023

സ്വയംഭരണവും സ്വാതന്ത്ര്യവും


Text Formatted

സർവകലാശാലകൾക്കുവേണം
​​​​​​​സ്വയംഭരണം; പ​ക്ഷേ...

വൈസ്​ ചാൻസലർ നിയമനത്തിന്റെയും സർവകലാശാലകളിലെ അധ്യാപക നിയമനത്തിന്റെയും പേരിൽ ഉന്നത വിദ്യാഭ്യാസ മേഖല വിവാദകേന്ദ്രമായി മാറുന്ന സാഹചര്യത്തിൽ സർവകലാശാലകളുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട ചില ആ​ലോചനകൾ

Image Full Width
Image Caption
എം. കുഞ്ഞാമൻ / ഫോട്ടോ : ധനൂജ്
Text Formatted

സ്വയംഭരണം അഥവാ അക്കാദമിക സ്വാതന്ത്ര്യമാണ് സര്‍വകലാശാലകളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍, അക്കാദമിക് എന്നീ മൂന്ന് തലങ്ങളിലുള്ള സ്വയംഭരണം പ്രധാനമാണ്​. അക്കാദമിക് ഫീല്‍ഡില്‍ കട്ടിങ് എഡ്ജില്‍ നില്‍ക്കേണ്ടതാണ് സര്‍വകലാശാലകള്‍. കട്ടിങ് എഡ്ജില്‍ നിന്ന് പുതിയ പരീക്ഷണങ്ങളും പുതിയ അക്കാദമിക് സംരംഭങ്ങളും കൊണ്ടുവരികയാണ്  സര്‍വകലാശാലകള്‍ ചെയ്യേണ്ടത്. അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. കരിക്കുലത്തില്‍ മാറ്റം വരുത്തുന്നതിനൊക്കെ അവര്‍ക്ക് സാധിക്കും. അധ്യാപകര്‍ക്ക് ഓട്ടോണമിയുണ്ട്. അവര്‍ക്ക് പുതിയ പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കാനും കഴിയും. 
അക്കാദമിക് ഓട്ടോണമിയ്‌ക്കൊപ്പം, സാമ്പത്തികമായും അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലുമുള്ള സ്വയംഭരണവും സര്‍വകലാശാലകള്‍ക്ക് ആവശ്യമുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ രണ്ടുമൂന്ന് തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ഒന്നാമത്തേത് ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരും സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളിലാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരും അവരുടെ അധികാരം ഉപയോഗിച്ച്​ ഇടപെടലുകൾ നടത്തും. 

കാമ്പസ്​ രാഷ്​ട്രീയത്തിന്​ മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയണം. കാരണം കാമ്പസിലാണ്​ പുതിയ ആശയങ്ങളുണ്ടാകുന്നത്. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് സംഭവിക്കുന്നത്.

കേരളത്തിൽ സർവകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട്​ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ തെറ്റും ശരിയുമല്ല ഇവിടെ പ്രതിപാദ്യ വിഷയം. പകരം, ചില അടിസ്​ഥാന പ്രശ്​നങ്ങൾ വിശകലനം​ ചെയ്യുക മാത്രമാണ്​.

കാമ്പസും രാഷ്​ട്രീയവും

ഇവിടെ, കാമ്പസ് രാഷ്​ട്രീയത്തെക്കുറിച്ച്​ പ്രത്യേകമായി പറയേണ്ടതുണ്ട്​. അത്​, ഒരു വൈജ്ഞാനിക രാഷ്ട്രീയമായിരിക്കണം കൈകാര്യം ചെയ്യേണ്ടത്​. വലിയ സിദ്ധാന്തങ്ങള്‍,  തത്വശാസ്ത്രങ്ങള്‍, ചരിത്രം തുടങ്ങിയ വിശാലമായ വിഷയങ്ങളായിരിക്കണം കാമ്പസ്​ രാഷ്​ട്രീയം ചർച്ച ചെയ്യേണ്ടത്​. അതിന്​, മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയണം. കാരണം അവിടെയാണ് പുതിയ ആശയങ്ങളുണ്ടാകുന്നത്. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് സംഭവിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഔട്ട്‌പോസ്റ്റുകളായിട്ടാണ് കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപകരായാലും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമായാലും വിദ്യാര്‍ഥികളായാലും രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അക്കാദമിക് ഓട്ടോണമിയില്‍ വിഭാവനം ചെയ്യുന്ന ലക്ഷ്യം സാധൂകരിക്കാതെ വരുന്നു. 

Arif_Mohammad_Khan
ആരിഫ് മുഹമ്മദ് ഖാൻ

ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം. അന്ന്​, എസ്​.എസ്​.എഫ്​ മുൻകൈയെടുത്ത്​ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന്​  ‘കമീഷന്‍ ഫോര്‍ റീസ്ട്രക്ചറിങ് ഹയര്‍ എഡ്യുക്കേഷന്‍’ രൂപീകരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ ദുഷ്​പ്രവണതകൾ എങ്ങനെ ഇല്ലാതാക്കാമെന്ന് വിദ്യാര്‍ഥികള്‍ ചിന്തിച്ചിരുന്നുവെന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു ഈ കമീഷൻ. കമീഷൻ ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് ആയിരുന്നു. അന്നദ്ദേഹം പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. പ്രൊഫ. മൈക്കിള്‍ തരകനും ഞാനും ഉള്‍പ്പെടെയുള്ളവരായിരുന്നു അംഗങ്ങൾ. അന്ന് കമീഷന്‍ ധാരാളം ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും കോഴ്‌സുകള്‍, പഠനരീതി, പരീക്ഷകള്‍, യൂണിവേഴ്‌സിറ്റി ഫണ്ടിങ് തുടങ്ങിയ പല വിഷയങ്ങളിൽ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. അധ്യാപകരുടെയും വൈസ് ചാന്‍സലര്‍മാരുടെയും തിരഞ്ഞെടുപ്പായിരുന്നു അന്നും ഉത്കണ്ഠ ഉണ്ടാക്കിയ വിഷയം. വിശദ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും എസ്.എഫ്.ഐ. അത് പുസ്തകമാക്കി ഇറക്കുകയും ചെയ്തിരുന്നു. 

കേരളത്തിലെ യൂണിവേഴ്​സിറ്റികളില്‍ യു.ജി.സി. ഫെല്ലോഷിപ്പ് കിട്ടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരികയാണ്. അതുപോലെ സിവില്‍ സര്‍വീസ് പരീക്ഷകളിലും. ഇത് മനസ്സിലാക്കാതെയാണ് രാഷ്ട്രീയപ്രേരിതമായി അഭിപ്രായം പറയുന്നത്.

അന്നും അതിനുശേഷവും ഉണ്ടായ ചില സംഭവവികാസങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയുമായി ചേര്‍ത്ത് കാണണം. ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് അധികാരികള്‍ അഭിപ്രായം പറയുന്നത് ആ മേഖലയില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം വിലയിരുത്താന്‍ ഒരു കമ്മീഷനുണ്ടാക്കി, അവര്‍ അത് പഠിച്ചതിനുശേഷം ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം അധികാരികള്‍ സംസാരിക്കുന്നത്. വെറുതേ എന്തെങ്കിലും പറയാവുന്ന ഒരു പൊതുവിഷയമല്ല വിദ്യാഭ്യാസം. 
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങിന്​ എന്നെ വിളിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണ്, യൂണിവേഴ്‌സിറ്റികള്‍ തകര്‍ച്ചയിലാണ് എന്നൊക്കെയാണ് സര്‍ക്കാര്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്, പഠിച്ചതിനുശേഷം മാത്രമെ കൃത്യമായി പറയാനാകൂ. കേരളത്തിലെ യൂണിവേഴ്​സിറ്റികളില്‍ യു.ജി.സി. ഫെല്ലോഷിപ്പ് കിട്ടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരികയാണ്. അതുപോലെ സിവില്‍ സര്‍വീസ് പരീക്ഷകളിലും. ഇത് മനസ്സിലാക്കാതെയാണ് രാഷ്ട്രീയപ്രേരിതമായി അഭിപ്രായം പറയുന്നത്. കേരളത്തിലെ വിദ്യാര്‍ഥികളുടെ അക്കാദമിക് മികവ് കൂടുന്നേയുള്ളൂ. പലപ്പോഴും അഭിപ്രായം പറയുന്നത് വസ്തുതകളുടെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഭരണാധികാരികള്‍ ഒഴിവാക്കേണ്ടതാണ്. ഇത്തരം പഠനങ്ങളുടെ അഭാവമാണ്​, സമീപകാല വിവാദങ്ങളിൽ പ്രതിഫലിക്കുന്നത്​. 

വൈസ്​ ചാൻസലർ തെരഞ്ഞെടുപ്പ്​

ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ തിരഞ്ഞെടുപ്പ് രീതികളില്‍ പ്രശ്‌നങ്ങളുണ്ട്. ചില യൂണിവേഴ്‌സിറ്റികളില്‍ ചാന്‍സലര്‍ ഗവര്‍ണറായിരിക്കും, ചിലയിടങ്ങളില്‍ അല്ല. ചാന്‍സലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അധികാരമില്ല, അതൊരു വെറ്റിങ് ഓഫീസാണ്. ചാന്‍സലര്‍ക്ക് കൊടുക്കുന്ന ലിസ്​റ്റിൽ രാഷ്ട്രീയമായ കടന്നുകയറ്റവും അക്കാദമിക് ഇതര പരിഗണനകളും കടന്നുകൂടാനിടയുണ്ട്. ഇതൊന്നും, സാങ്കേതികമായോ നിയമപരമായോ തീരുമാനിക്കപ്പെടേണ്ട കാര്യമല്ല. സാങ്കേതികമായിട്ടും നിയമപരമായിട്ടും ശരിയാണെങ്കില്‍ തന്നെ ആ പദവി ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ് ആദ്യത്തെ പ്രശ്‌നം. ഒരുപക്ഷേ അദ്ദേഹത്തിന് അനുകൂലമായിട്ടായിരിക്കും കോടതിവിധി വരുന്നത്. പക്ഷേ ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് മൗലികമായ പ്രശ്‌നം. അതിനുള്ള സാധ്യതകള്‍ ഇല്ലാത്ത തരത്തില്‍ നിയമനരീതി മാറ്റിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം, വിദ്യാര്‍ഥികളും അധ്യാപകരും സമൂഹവും നോക്കുന്ന ഒരു ഓഫീസാണ് വി.സിയുടേത്. സര്‍വകലാശാലകളിലെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ്​ രംഗങ്ങളുടെ സംയോജനത്തിന് നേതൃത്വം വഹിക്കേണ്ട പദവിയാണ് വൈസ് ചാന്‍സലര്‍മാരുടേത്. വൈസ് ചാന്‍സലര്‍ എന്നുപറയുന്നത് ഒരു വ്യക്തിയല്ല, അക്കദാമിക് രംഗത്തിന് നേതൃത്വം കൊടുക്കുന്ന ഓഫീസാണ്. അവിടെ വരുന്ന വ്യക്തി, വിവാദങ്ങള്‍ക്ക് അതീതനായിരിക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെയും തന്മൂലമുണ്ടാകുന്ന വിവാദങ്ങളിലൂടെയും വരുന്ന ഒരാള്‍ക്ക് വിദ്യാര്‍ഥികളുടെ മുന്നില്‍ നിന്ന് സംസാരിക്കാനുള്ള മൊറാലിറ്റി നഷ്ടപ്പെടും. അത്തരം വ്യക്തികളെ അക്കാദമിക് ക്രെഡെന്‍ഷ്യല്‍സിന്റെ അടിസ്ഥാനത്തില്‍ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. കാരണം അവര്‍ നിർവഹിക്കുന്ന നേതൃത്വത്തിന് ഒരു സവിശേഷതയുണ്ട്. അവരെ തിരഞ്ഞെടുക്കുന്ന രീതിയും വ്യത്യസ്തമായിരിക്കണം. ഇപ്പോഴുള്ള രീതി ശരിയല്ല. സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളാണെങ്കില്‍ സെര്‍ച്ച് കമ്മിറ്റി കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന് ഒരാളെ ചാന്‍സലര്‍ നിയമിക്കുകയാണ് ചെയ്യുന്നത്. ഇതിലൊക്കെ സ്വാധീനത്തിനും കടന്നുകയറ്റത്തിനും സാധ്യതകളുണ്ട്. ചിലയിടത്ത് അത് അനാവരണം ചെയ്യപ്പെടുന്നു. ചിലയിടത്ത് പുറത്തേക്ക് വരുന്നില്ലെന്നുമാത്രം. അത്തരം പഴുതുകളടച്ച്, വിവാദങ്ങളില്ലാതെ അക്കാദമിക് ക്രെഡെന്‍ഷ്യല്‍സുള്ള വ്യക്തികളെ നിയമിക്കണം. വരുന്ന ആളുകള്‍ക്ക് കഴിവുണ്ടോ എന്നതല്ല പ്രശ്‌നം, എങ്ങനെ വരുന്നു, അല്ലെങ്കില്‍ പരിഗണിക്കപ്പെടാനുള്ള സവിശേഷതകളും യോഗ്യതകളും എന്താണ്​ എന്നതാണ്​ പ്രധാനം. അത് ചോദ്യം ചെയ്യപ്പെടാത്തവയായിരിക്കണം. ചോദ്യം ചെയ്യപ്പെടാവുന്നതാണെങ്കില്‍ ആ സ്ഥാപനത്തിന്റെ മൊറെയ്ല്‍ തകര്‍ന്നുപോവുകയാണ് ചെയ്യുന്നത്.

Kannur_University
കണ്ണൂർ സർവ്വകലാശാല

കോടതി നിശ്ചയിക്കേണ്ട നിയമപ്രശ്‌നമോ സര്‍ക്കാര്‍ തീരുമാനിക്കേണ്ട ഭരണപരമായ പ്രശ്‌നമോ മാത്രമല്ല ഇത്​. അതൊരു ധാര്‍മികതയുടെ പ്രശ്‌നം കൂടിയാണ്​. ധാര്‍മികത ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു ഘടകമാണ്. പലപ്പോഴും അത് ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ട് യൂണിവേഴ്‌സിറ്റിക്കും സംവിധാനത്തിനും തന്നെ വലിയ ആഘാതമേല്‍ക്കേണ്ടിവരുന്നു. സാങ്കേതികത്വവും നിയമപരതയും മാത്രം നോക്കിയാല്‍ പോരാ, ധാര്‍മികതയും കണക്കിലെടുക്കാനുള്ള അവസരം വേണം. ഭരണപരവും നിയമപരവുമായ ഘടകങ്ങള്‍ക്ക് മീതെയാണ് ധാര്‍മികതയുടെ സ്ഥാനം. ധാര്‍മികത മുറുകെപിടിക്കുന്ന വ്യക്തികള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പുതന്നെ സ്ഥാനം ഒഴിഞ്ഞിട്ടുണ്ടാകും. പദവിക്കും മീതെയാണ് ധാര്‍മികതയുടെ സ്ഥാനം. അത്തരം വ്യക്തികള്‍ ഉണ്ടായിരുന്നു സമൂഹത്തില്‍. ഇപ്പോഴും ഉണ്ടാകും. ഇവിടെ പദവി വേണോ ധാര്‍മികത വേണോ എന്ന ചോദ്യം പ്രകടമായി നമ്മുടെ മുന്നില്‍ വരുന്നുണ്ട്. ഇത്തരം പദവികളില്‍ വരുന്നവര്‍ എതിരാളികള്‍ ഇല്ലാത്തവരായിരിക്കണം. കാരണം എതിരാളികളുണ്ടെങ്കില്‍ അവര്‍ എന്തായാലും ചോദ്യം ചെയ്യും. നമ്മുടേതുപോലെ രാഷ്ട്രീയധ്രുവീകരണം സംഭവിച്ച സമൂഹത്തില്‍ എപ്പോഴും ചോദ്യം ചെയ്യലുണ്ടാകാം. പ്രതിപക്ഷം എപ്പോഴും ചോദ്യം ചെയ്യും. അവര്‍ക്കുപോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള വ്യക്തിത്വവും സ്വഭാവ വിശേഷങ്ങളുമുള്ള ആളുകളെ കണ്ടെത്തേണ്ടിവരും. 

അധ്യാപക നിയമനങ്ങളിലെ ഇടപെടലുകൾ

അധ്യാപകനിയമനങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടൽ കൂടുതല്‍ വരുന്നത്.  ‘മാതാ പിതാ ഗുരു ദൈവം’ എന്ന്​ പറയാറുണ്ടല്ലോ. ‘ദൈവം’ പോലും ഗുരുനാഥനുശേഷമാണ് വരുന്നത്. പക്ഷെ ആ ഗുരു എന്നത് കൈക്കൂലി കൊടുത്തോ സ്വാധീനമുപയോഗിച്ചോ പദവി ലഭിക്കുന്ന ഒരധ്യാപകനല്ല. അത്തരം അധ്യാപകരെ ബഹുമാനിക്കേണ്ട കാര്യമില്ല. അധ്യാപകര്‍ വ്യത്യസ്തരാകുന്നത് ചില മൂല്യങ്ങളിലൂടെയാണ്. ബഹുമാനം എന്നത് ഒരു ഫ്യൂഡല്‍ മൂല്യമാണ്. വ്യക്തികളെയല്ല, ചില ഗുണങ്ങളെയാണ് നമ്മള്‍ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നത്. മൂല്യങ്ങളുണ്ടോ എന്നതാണ് മൗലികമായ ചോദ്യം.

University of Calicut
കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി മന്ദിരം

സ്വാധീനത്തിലൂടെ ഒരാൾ നിയമിക്കപ്പെടുമ്പോള്‍, അദ്ദേഹത്തിന് യോഗ്യതയുണ്ട് എന്ന് പറയുന്നത് ഒരു ന്യായീകരണമല്ല. യോഗ്യതയുള്ളയാള്‍ തന്നെയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ, മറ്റുള്ളവരും യോഗ്യതയുള്ളവരാണ്. യോഗ്യതയുള്ളവരെ നിയമിക്കാന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ചോദ്യം. സ്വന്തക്കാരുടെ നിയമനം ചോദ്യം ചെയ്യപ്പെടുമ്പോള്‍ മന്ത്രിമാരും മറ്റുള്ളവരും പറയുന്നത് അദ്ദേഹത്തിന് യോഗ്യതയുണ്ട് എന്നാണ്. അധ്യാപകരുടെ നിയമനത്തിലാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം വൈസ് ചാന്‍സലര്‍ നിശ്ചിതകാലത്തേക്ക് വരുന്ന ആളാണ്. പക്ഷെ അധ്യാപകര്‍ അങ്ങനെയല്ല. വിരമിക്കുന്നതുവരെ ആ പദവിയില്‍ തുടരുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടവരാണ് അവര്‍. 
എല്ലാ കാര്യങ്ങളും കോടതിക്ക് വിടുക എന്നതുതന്നെ രാഷ്ട്രീയം പരാജയപ്പെട്ടതിന്റെ ലക്ഷണമാണ്. സ്വതന്ത്രമായി ഒരു തീരുമാനമെടുക്കുന്നതിന് അധികാരികള്‍ക്ക് കഴിയുന്നില്ല. കാരണം ന്യായയുക്തമായ തീരുമാനങ്ങളല്ല പലപ്പോഴും അവര്‍ക്ക് എടുക്കേണ്ടിവരുന്നത്. അതുകൊണ്ടാണ് കോടതിക്ക് വിടേണ്ടിവരുന്നത്. കോടതിക്ക് വിടുന്നത് ജനങ്ങളെ സംബന്ധിച്ച്​ ആശാവഹമാണെങ്കിലും അത് രാഷ്ട്രീയ പരാജയമാണ്.

പ്രധാന അക്കാദമിക് സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുമ്പോള്‍, ആരാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് അധ്യാപകര്‍ അറിയരുത്. പ്രധാന സ്ഥാനങ്ങളിലേക്ക് അധ്യാപകരുടെ സി.വി. അയക്കുമ്പോള്‍, അത് ഏത് വ്യക്തിയ്ക്കാണെന്ന് വ്യക്തമാകരുത്

അധ്യാപക നിയമനങ്ങളില്‍ ഇടപെടാന്‍ സമ്മര്‍ദ സ്വാധീന ശക്തികള്‍ക്ക് പലപ്പോഴും കഴിയുന്നു. രാഷ്ട്രീയക്കാര്‍ ഇടപെടരുത് എന്നൊക്കെ ധാര്‍മികമായിട്ട് പറയാന്‍ പറ്റും. ഇത്തരം ഇടപെടലുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം. 
അധ്യാപകരുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമം മാറ്റേണ്ടതുണ്ട്. ദേശീയതലത്തില്‍ ഒരു നടപടിക്രമം കര്‍ശനമായിട്ടും ഉണ്ടാക്കണം. ഒരു ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി സര്‍വീസിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. അധ്യാപകര്‍ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ അതിലേക്ക് അപേക്ഷിക്കണം. അവരെ കൃത്യമായ നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുക്കണം. യു.പി.എസ്.സി. സെലക്ഷനില്‍ ഇതുവരെ വലിയ പരാതികള്‍ വന്നിട്ടില്ല. യു.പി.എസ്.സി, ഇന്റര്‍വ്യൂവിന് വലിയ പ്രാധാന്യം കൊടുത്തിരുന്ന കാലത്ത് ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക്, അതായത്​ ഇംഗ്ലീഷ് നന്നായി പറയാന്‍ കഴിയാത്തവർക്കും മറ്റും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇന്റര്‍വ്യൂവിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുവന്നു. കാലാനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവന്നതിനാല്‍ യു.പി.എസ്.സി. പരീക്ഷകളെക്കുറിച്ച് ഇപ്പോൾ വലിയ പരാതികള്‍ കേള്‍ക്കുന്നില്ല. അര്‍ഹതയുള്ളവരെ ശരിയായ നടപടിക്രമത്തിലൂടെ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. യൂണിവേഴ്‌സിറ്റി അധ്യാപകരുടെ തിരഞ്ഞെടുപ്പും അതുപോലെയാകണം. 

നിയമനത്തിലും സ്ഥാനക്കയറ്റം നല്‍കുന്നതിലും സുപ്രധാന അക്കാദമിക് സ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കുമ്പോഴും കൃത്യമായ നടപടിക്രമം ഉണ്ടാകണം. പ്രധാന അക്കാദമിക് സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുമ്പോള്‍, ആരാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് അധ്യാപകര്‍ അറിയരുത്. പ്രധാന സ്ഥാനങ്ങളിലേക്ക് അധ്യാപകരുടെ സി.വി. അയക്കുമ്പോള്‍, അത് ഏത് വ്യക്തിയ്ക്കാണെന്ന് വ്യക്തമാകരുത്. ഇതിന്​ ചില പുതിയ രീതികളെക്കുറിച്ച്​ ആലോചിക്കാം. ഉദാഹരണത്തിന്, ഫിസിക്‌സിലാണ് ഒഴിവെങ്കില്‍ ലോകത്തെ പ്രശസ്തരായ ഫിസിക്‌സ് പ്രൊഫസര്‍മാർക്ക്​ അപേക്ഷകരുടെ സി.വി. അയക്കാം. വിദേശ സര്‍വകലാശാലകളിലും നാഷണല്‍ സര്‍വകലാശാലകളിലുമുള്ള ഈ പ്രൊഫസര്‍മാര്‍ അപേക്ഷകള്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് നടത്തണം. അപ്പോള്‍ ആരാണ് തിരഞ്ഞെടുത്തതെന്ന് അപേക്ഷകര്‍ക്ക് അറിയാന്‍ പറ്റില്ല. 
അധ്യാപകരുടെ സ്ഥാനം വളരെ ഉദാത്തമായതാണ്. അത് വളരെ ഗൗരവമായി തന്നെ കാണേണ്ടതാണ്. ഇന്ത്യയിലടക്കം പല യൂണിവേഴ്‌സിറ്റികളിലുമുള്ള അധ്യാപകരെ സമീപിക്കുന്നത് അവരുടെ വിദ്യാര്‍ഥികള്‍ക്കുപോലും എളുപ്പമല്ല. അത്രയും വ്യത്യാസം പ്രൊഫസര്‍മാരും വിദ്യാര്‍ഥികളും തമ്മില്‍ അല്ലെങ്കില്‍ പ്രൊഫസര്‍മാരും മറ്റുള്ളവരും തമ്മിലുണ്ട്. അവരെ സ്വാധീനിക്കാന്‍ സാധ്യമല്ല. അമര്‍ത്യാ സെന്നിനെ സ്വാധീനിക്കാന്‍ നമുക്കാര്‍ക്കെങ്കിലും കഴിയുമോ? അതുപോലെ, സ്വാധീനിക്കാന്‍ സാധ്യമല്ലാത്ത ആളുകളാണ്​ തങ്ങളുടെ തിരഞ്ഞെടുപ്പിനുപിന്നിൽ എന്നത്​ അപേക്ഷകരുടെ ആത്മവിശ്വാസവും കൂട്ടുന്നു.

എന്താണ്​ പരിഹാരം?

ഫാക്കല്‍റ്റി നിയമനത്തിന് ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി സര്‍വീസിലൂടെ ഒരു ലിസ്റ്റ് ഉണ്ടാക്കി, അതിന്റെ കാലാവധി രണ്ടോ മൂന്നോ വര്‍ഷമായി നിജപ്പെടുത്തണം. ഈ കാലയളവില്‍ വരുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ടത് ഈ ലിസ്റ്റില്‍ നിന്നായിരിക്കണം. യൂണിവേഴ്‌സിറ്റി തലത്തിലോ സ്‌റ്റേറ്റ് തലത്തിലോ ഇന്റര്‍വ്യൂ പാടില്ല. ഇന്റര്‍വ്യൂ ഘട്ടത്തിലാണ് പ്രശ്‌നം വരുന്നത്. അധ്യാപകര്‍ക്ക്  ‘നെറ്റ്’ (National Eligibility Test) കൊണ്ടുവന്ന സമയത്ത്​, ഞാന്‍ യു.ജി.സി. അംഗമായിരുന്നു. അന്ന് ഇത് മാറ്റണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ മറ്റും സമീപിച്ചിരുന്നു. കോളേജ് മാനേജ്‌മെൻറിന് ഇഷ്ടമുള്ളവരെ സെലക്റ്റ് ചെയ്യാന്‍ പറ്റില്ല എന്നതുകൊണ്ടാണ് മാറ്റാന്‍ ആവശ്യപ്പെടുന്നത്. കാശ് കൊടുക്കാന്‍ കഴിവുള്ളവരെയായിരിക്കും അവര്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത്. ആ സ്വാധീനവും സ്വാതന്ത്ര്യവും കുറയുമെന്നതിനാലാണ് അവര്‍ ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. പിന്നീടാണ് സംസ്ഥാനതലത്തില്‍ ‘സ്ലെറ്റ്​’ (State Level Eligibility Test) ഉണ്ടാക്കിയത്. 

ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ വൈസ് ചാന്‍സലറായാല്‍, അദ്ദേഹത്തിന് മറ്റേതെങ്കിലും വിഷയത്തിലെ അധ്യാപകരെ വിലയിരുത്താനുള്ള കഴിവുണ്ടാകില്ല. അപ്പോള്‍ വൈസ് ചാന്‍ലസര്‍ ചെയര്‍മാനായ കമ്മിറ്റിക്ക് മാത്രമെ അധ്യാപക നിയമനത്തിന് ഇന്‍ര്‍വ്യൂ നടത്താനാകൂ എന്ന് പറയുന്നതില്‍ ഒര്‍ഥവുമില്ല

നിയമനങ്ങളില്‍ രാഷ്ട്രീയ സ്വാധീനം കുറയ്ക്കണമെന്ന അഭിപ്രായമൊക്കെ മുമ്പും വൈസ് ചാന്‍സലര്‍മാർക്കുണ്ടായിരുന്നുവെന്നത് യു.ജി.സി. അംഗമായിരുന്ന കാലത്ത് എനിക്ക്​ ബോധ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം കുറയ്ക്കാനുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചപ്പോള്‍ എങ്ങനത്തെ ആളുകളാണ്​ യൂണിവേഴ്‌സിറ്റികളിൽ വരുന്നതെന്ന് അറിയണമെന്ന് ചില വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍ എല്ലാ വിഷയത്തിലും വിദഗ്ധനല്ല, പിന്നെ എന്തിനാണ് അറിയുന്നതെന്ന് ഞാന്‍ ചോദിച്ചു. ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ വൈസ് ചാന്‍സലറായാല്‍, അദ്ദേഹത്തിന് മറ്റേതെങ്കിലും വിഷയത്തിലെ അധ്യാപകരെ വിലയിരുത്താനുള്ള കഴിവുണ്ടാകില്ല. അപ്പോള്‍ വൈസ് ചാന്‍ലസര്‍ ചെയര്‍മാനായ കമ്മിറ്റിക്ക് മാത്രമെ അധ്യാപക നിയമനത്തിന് ഇന്‍ര്‍വ്യൂ നടത്താനാകൂ എന്ന് പറയുന്നതില്‍ ഒര്‍ഥവുമില്ല. പല വൈസ് ചാന്‍സലര്‍മാരും ആ ആശയത്തെ എതിര്‍ക്കുകയാണ് ചെയ്തത്. കാരണം അവരുടെ അധികാരപരിധിയെ ചോദ്യം ചെയ്യുന്നതാണിത്.

mahatma-gandhi-university
മഹാത്മാഗാന്ധി സർവ്വകലാശാല

മുമ്പൊക്കെ വൈസ് ചാന്‍ലസര്‍ നിയമനം സെര്‍ച്ച് കമ്മിറ്റിയുടെ ലിസ്റ്റില്‍ നിന്ന് മാത്രമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. യു.ജി.സി. വി.സി. ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നുണ്ട്. മുമ്പ് നോമിനേറ്റ് ചെയ്ത് സര്‍ക്കാര്‍ സെലക്റ്റ് ചെയ്യുന്നത് കാരണം പല വിഭാഗങ്ങളിലുള്ളവര്‍ക്കും യോഗ്യതയുണ്ടെങ്കിലും വി.സി. സ്ഥാനത്തേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല. പഠിപ്പിച്ച് പരിചയമുള്ള പ്രൊഫസര്‍മാരാണ് എല്ലാ സര്‍വകലാശാലകളിലുമുള്ളത്. പക്ഷെ ചില വിഭാഗത്തിലുള്ളവര്‍ക്ക് വി.സി.യാകാന്‍ പറ്റുന്നില്ല. കാരണം, സ്വാധീനത്തിനുള്ള ഒരു ഇടം അവിടെയുണ്ട്. 

വി.സി. സ്ഥാനത്തേക്ക് ചില വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് എത്താന്‍ സാധിക്കാത്തതില്‍ അക്കാദമിക്കായ കാര്യങ്ങള്‍ക്കപ്പുറം സാമൂഹിക കാരണങ്ങളാണുള്ളത്. ഭൂരിഭാഗം കോളേജുകളും എയിഡഡ്, അണ്‍ എയിഡഡ് മേഖലയിലാണ്. അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., മുസ്‌ലിം ലീഗ്, ക്രിസ്റ്റ്യന്‍ സംഘടനകളാണ്. ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന ഇടം വളരെ കുറവാണ്. കോളേജുകള്‍ ഇല്ലാത്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ അഭിപ്രായം പറയാനാകില്ല. അവര്‍ക്ക് നിയമനം ലഭിക്കണമെങ്കില്‍ ദേശീയ പാര്‍ട്ടികളുടെ ഇടപെടലുണ്ടാവേണ്ടിവരും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ദേശീയ പാര്‍ട്ടികള്‍ക്ക് സ്വാധീനം കുറവാണ്. ഇത്തരം സംഘടനകളെയൊക്കെ ബാലന്‍സ് ചെയ്തുകൊണ്ടുപോകാനേ സര്‍ക്കാരുകള്‍ക്കും പാര്‍ട്ടികള്‍ക്കും സാധിക്കുകയുള്ളൂ. ഇത്തരം ബാലൻസിങ്ങുകളും സ്വാധീനിക്കാനുള്ള ഇടങ്ങളും ഇല്ലാതാക്കുകയാണ്  അത്യന്താപേക്ഷിതമായിട്ടുള്ളത്. ​​​​​​​​​​​​​​


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

എം. കുഞ്ഞാമന്‍

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ  ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Audio