Second Wave of Covid-19
ഡോ. എം. മുരളീധരന്‍
നീറോ ചക്രവര്‍ത്തിയുടെ വാക്‌സിന്‍
സോഷ്യല്‍ എഞ്ചിനീയറിംഗിലെ പ്രാഗത്ഭ്യവും കൗശലവും വേണ്ടുവോളം തെളിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ രംഗത്തുനിന്നുള്ള പിന്മാറ്റം ഒട്ടും നിഷ്‌കളങ്കമാണെന്ന് കരുതുവാന്‍ വയ്യ.

ഫിലോസഫിയുടേയും ഇക്കണോമിക്‌സിന്റേയും, ഒ.വി. വിജയന്റെ ശൈലി കടമെടുത്താല്‍, ‘രസാവഹമായ കലര്‍പ്പാ'ണ് മിഷേല്‍ ജെ. സെല്‍ഡന്റെ What Money Can't Buy എന്ന പുസ്തകം. വിപണി മൂല്യങ്ങള്‍ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളില്‍ മുഴുവന്‍ ഇരച്ചു കയറുന്നതിനെക്കുറിച്ചും, ജീവിതമൂല്യങ്ങളും മാര്‍ക്കറ്റ് നിയമങ്ങളും തമ്മില്‍ പാലിക്കേണ്ട ധാര്‍മിക സീമയെക്കുറിച്ചുമൊക്കെ ഗാഢമായി ചിന്തിക്കുന്നുണ്ട് ആ പുസ്തകം.
2021 ഏപ്രില്‍ 19ന്, ലോകത്തിലാദ്യമായി കോവിഡ് വാക്‌സിന് വിലയീടാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വന്നപ്പോള്‍ സെല്‍ഡന്‍ പറഞ്ഞു വെച്ചതിന്റെ പ്രവചനാത്മകത ഒരു ശരാശരി ഇന്ത്യക്കാരനെ അമ്പരപ്പിച്ചുകളഞ്ഞു. ഓരോ കണിശമായ നീക്കത്തിലും, കൃത്യമായ ആസൂത്രണത്തിലൂടെ സ്വകാര്യ വിപണി പബ്ലിക് സെക്ടറിനെ എങ്ങനെ കഴുത്തു ഞെരിക്കുന്നു എന്ന് ചതുരംഗക്കളിയിലെ നീക്കങ്ങളുടെ ഡാറ്റയിലെന്നപോലെ അത്ഭുതകരമായി അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. നാലു മാസങ്ങള്‍ക്കുശേഷം വാക്‌സിന്‍ പൊതുവിപണിയില്‍ വരുമ്പോള്‍ രാജ്യം ആരോഗ്യരംഗത്തും സാമ്പത്തിക രംഗത്തും മിക്കവാറും അഭിമുഖീകരിക്കേണ്ടി വരുന്ന വന്‍ ഉരുള്‍പൊട്ടലുകളെക്കുറിച്ച് ഒരു ഉറച്ച ധാരണ നല്‍കാന്‍ ആ പുസ്തകം നിങ്ങളെ നിശ്ചയമായും സഹായിച്ചേക്കും.
മെയ് ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച, പതിനെട്ടിനും നാല്‍പത്തിയഞ്ചിനും ഇടക്ക് പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ നിശ്ചയമായും കാശു മുടക്കേണ്ടിവരും
ഒടുവിൽ വാക്‌സിന് വിലയും പ്രഖ്യാപിച്ചു
ലോകത്തിലാദ്യമായി പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് ചിന്തിക്കുകയും അത് പ്രായോഗികമായി നടപ്പില്‍ വരുത്തുവാന്‍ വിജയകരമായി തുനിയുകയും ചെയ്ത നാടുകളിലൊന്നാണ് ഇന്ത്യ. പതിനാലാം നൂറ്റാണ്ടില്‍ വസൂരി പടര്‍ന്നു പിടിച്ച അന്തരാളത്തില്‍, പ്രാചീന ചികിത്സാ ശാഖയായ ആയുര്‍വേദത്തിലെ രോഗപ്രതിരോധ വിജ്ഞാന സംഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയ മാര്‍ഗങ്ങള്‍ പ്രായോഗികമായി പിന്തുടര്‍ന്ന ബംഗാളിലെ ഭദ്ര ലോക്, ഗ്രാമീണ ജനതയെ മുഴുവന്‍ പ്രതിരോധത്തിന് സന്നദ്ധരാക്കുവാന്‍ അസംസ്‌കൃതമായ വാക്‌സിനേഷന്‍ നടത്തിയതായി താളിയോല ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ലോകത്തിന് സമസ്തവും സൗഖ്യം ആശംസിച്ച ആ മഹത്തായ പാരമ്പര്യത്തിന്റെ പിന്മുറക്കാര്‍ക്ക്, ആരോഗ്യ രംഗം ഏറ്റവും മലീമസമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട അമേരിക്ക പോലും ചെയ്യാന്‍ മടിച്ച കാര്യം നടപ്പില്‍ വരുത്താന്‍ ഒരു ഖേദവും ഉണ്ടായില്ല.

ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും നിര്‍മിക്കുന്ന അന്‍പത് ശതമാനം വാക്‌സിന്‍, യഥാക്രമം 150 / 206 രൂപക്ക് കേന്ദ്ര സര്‍ക്കാരിനും ബാക്കി അന്‍പതു ശതമാനം 400 / 600 രൂപക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്കും 600 / 1200 രൂപക്ക് സ്വകാര്യ ആശുപതി / പൊതു മാര്‍ക്കറ്റിലും ലഭ്യമാക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. (ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി ഏപ്രില്‍ 25 ന് കോവാക്‌സിന്റെ വിപണി വില പ്രഖ്യാപിച്ചിരിക്കുന്നു).
ഈ വിവാദ തീരുമാനം പൊതുമണ്ഡലത്തിലും സാമൂഹിക- ആരോഗ്യ രംഗത്തും കടുത്ത വിമര്‍ശനത്തിന് വിധേയമായിക്കഴിഞ്ഞു. മെയ് ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച, പതിനെട്ടിനും നാല്‍പത്തിയഞ്ചിനും ഇടക്ക് പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ നിശ്ചയമായും കാശു മുടക്കേണ്ടിവരും. ഇന്ത്യയിലെ ജനസംഖ്യയില്‍ 60 കോടിയോളം വരുന്ന സൃഷ്ട്യുന്മുഖരായ യുവ തലമുറയാണ് ഇത്തരത്തിലൊരു കടുത്ത വെല്ലുവിളി നിര്‍ഭാഗ്യവശാല്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. കാശുള്ളവര്‍ വാങ്ങട്ടെ എന്ന ഷൈലോക്കിയന്‍ വിപണി നിയമം ഏറ്റവും ഭീകരമായി ബാധിക്കുക ഈ വിഭാഗത്തിലെ, ദിവസം 140 രൂപ പോലും വരുമാനമില്ലാത്ത, ദാരിദ്ര്യരേഖക്ക് എത്രയോ താഴെ കിടക്കുന്ന 36 കോടിയിലേറെ വരുന്ന ജനങ്ങളെയാണ്. പൗരന്റെ ജീവനും ആരോഗ്യവും ഭരണഘടനാപരമായ അവകാശമാണെന്ന് ഭീമ റാവു അംബേദ്കര്‍ എഴുതി വെച്ച ഒരു പഴയ ഗ്രന്ഥത്തില്‍ പറയുന്നത്, ആ ഗ്രന്ഥത്തിന്റെ ഉജ്വലമായ സാമൂഹിക മൂല്യം അറിയാത്തതു കൊണ്ടാവാം, ആരാണ് ഇവരെ ഒന്ന് ഓര്‍മിപ്പിക്കുക?
36 കോടിയിലേറെ വരുന്ന ദരിദ്രനാരായണന്മാരായ ഇന്ത്യക്കാരാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് കൊള്ളലാഭം നല്‍കാനായി തെരഞ്ഞെടുക്കപ്പട്ട ഹതഭാഗ്യര്‍
സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടത് സൂപ്പർ പ്രോഫിറ്റ്
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേയും ഭാരത് ബയോടെക്കിന്റേയും സാമ്പത്തിക പരാധീനതകള്‍ എണ്ണിപ്പറഞ്ഞ് കണ്ണോക്ക് പാടുന്ന തരളമനസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒ അഡാര്‍ പൂനാവാല ഏപ്രില്‍ ആറിന് ഒരു സ്വകാര്യ ടി.വി. ചാനലിന് നല്‍കിയ അഭിമുഖം നിശ്ചയമായും വായിക്കേണ്ടതുണ്ട്. വാക്‌സിന് 150 രൂപ ചുമത്തുമ്പോള്‍ പോലും ലാഭമുണ്ടെന്നും പക്ഷേ സൂപ്പര്‍ പ്രോഫിറ്റിനാണ് (Super Profit ) ലക്ഷ്യമിടുന്നതെന്നും കൃത്യമായ വാക്കുകളില്‍ അദ്ദേഹം പറഞ്ഞു വെച്ചു. നേരത്തെ ചൂണ്ടിക്കാട്ടിയ 36 കോടിയിലേറെ വരുന്ന ദരിദ്രനാരായണന്മാരായ ഇന്ത്യക്കാരാണ് അദ്ദേഹത്തിന് കൊള്ളലാഭം നല്‍കാനായി തെരഞ്ഞെടുക്കപ്പട്ട ഹതഭാഗ്യര്‍ എന്നു മാത്രം. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടിയും, ഭാരത് ബയോടെക്കിന് 1500 കോടിയും കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണത്തിന് നല്‍കിയപ്പോഴാ, കോവിഡ് സുരക്ഷാമിഷനില്‍ നിന്ന് രണ്ട് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും 900 കോടി വീതം ലഭിച്ചപ്പോഴോ എങ്കിലും അവശന്മാരും ആര്‍ത്തന്മാരുമായ ആ പാവപ്പെട്ടവരെ പൂനാവാലക്ക് ഓര്‍ക്കാമായിരുന്നു.

കോവിഡിന്റെ രണ്ടാം വരവ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് ചെറുപ്പക്കാരെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്ന് ക്യത്യമായി വെളിവാക്കപ്പെട്ട സാഹചര്യത്തില്‍ അത്തരമൊരു തിരിഞ്ഞുനോട്ടം നിശ്ചയമായും ഒഴിവാക്കപ്പെടേണ്ടതായിരുന്നില്ല താനും.
പണമില്ലാത്ത സംസ്ഥാനങ്ങൾ എന്തുചെയ്യും?
ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രഭരണകൂടം സംസ്ഥാനങ്ങള്‍ തമ്മില്‍ അസ്വാരസ്യമോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലാതാക്കാന്‍ ജാഗ്രത പുലര്‍ത്തുന്നത് ദേശസുരക്ഷയും, ഐക്യവും മുന്‍ നിര്‍ത്തിയാണ്. അനൈക്യവും, തര്‍ക്കങ്ങളും ഫെഡറല്‍ സംവിധാനത്തിന്റെ കെട്ടുറപ്പിന് കടുത്ത ഭീഷണി സൃഷ്ടിക്കും എന്നത് പൊളിറ്റിക്കല്‍ സയന്‍സിന്റെ പ്രാഥമിക ധാരണകളിലൊന്നാണ്. പൊതുവിപണിയിലെ വാക്‌സിനു വേണ്ടി സംസ്ഥാനങ്ങള്‍ മത്സരിക്കുമ്പോള്‍ ആദ്യത്തെ കാഷ്വാലിറ്റി, കൊണ്ടാടപ്പെടുന്ന ആ ഏകതാ ബോധമായിരിക്കും എന്ന വസ്തുത അധികാര രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസര്‍ മറന്നുപോകാതിരിക്കാന്‍ ഓരോ ഇന്ത്യക്കാരനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ഓപ്പണ്‍ മാര്‍ക്കറ്റിലെ ഏതു കമ്മോഡിറ്റിയുമെന്ന പോലെ കൂടുതല്‍ വില നല്‍കുന്നവനാണ് നിശ്ചയമായും വാക്‌സിന്‍ ലഭിക്കുക. കൂടുതല്‍ കാശ് വാരിയെറിയുവാന്‍ കഴിയുന്ന സംസ്ഥാനങ്ങള്‍ ലക്ഷക്കണക്കിന് വാക്‌സിന്‍ വാങ്ങിക്കൂട്ടുമ്പോള്‍ താരതമ്യേന സാമ്പത്തിക സുരക്ഷയില്ലാത്ത സംസ്ഥാനങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നേക്കും. സംസ്ഥാനങ്ങള്‍ തമ്മില്‍ കലഹത്തിനും അനാരോഗ്യകരമായ മത്സരത്തിനും ഈ സാഹചര്യം വഴി തുറക്കുമെന്നുറപ്പ്. ഇത്തരം അവസ്ഥകളിലാണ് വിപണി സംസ്‌കാരത്തിലെ ഏറ്റവും ഗര്‍ഹണീയമായ മറ്റൊരു ജീവി പ്രത്യക്ഷപ്പെടുക: ഇടനിലക്കാര്‍. ഉപഭോക്താക്കള്‍ തമ്മിലുള്ള കടുത്ത മാത്സ്യര്യവും, രഹസ്യ സ്വാര്‍ത്ഥ നീക്കങ്ങളും കാംക്ഷിക്കുന്ന ഇവരുടെ വിപണി നിയന്ത്രണത്തിന്റെ രണ്ടു പ്രധാന ആയുധങ്ങളാണ് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും.
വിപണിയില്‍ മത്സരം മുറുകുമ്പോള്‍ വാക്‌സിന്റെ കാര്യത്തിലും നാട്ടിന്‍പുറത്തെ കൊച്ചുകച്ചവടക്കാര്‍ക്കു പോലുമറിയാവുന്ന ചന്തനിയമമാണ് നടപ്പിലാവുക. പൂഴ്ത്തിവെപ്പിന്റേയും കഴുത്തറപ്പന്‍ മത്സരത്തിന്റേയും കരിഞ്ചന്തയുടേയും പൂരപ്പറമ്പായി വാക്‌സിന്‍ രംഗം രൂപാന്തരം കൊള്ളും.
കോവിഡ് ചികിത്സക്ക് പലരും ഉപയോഗിക്കുന്ന റെംഡെസിവിര്‍ (അതിന്റെ രോഗശമന കഴിവുകളെ ക്കുറിച്ചുള്ള കടുത്ത ആശങ്കകള്‍ ലോകാരോഗ്യ സംഘടനയും റീമാപ് - റീ കണ്‍സ്ട്രക്റ്റ് - സോളിഡാരിറ്റി ട്രയല്‍ ടീമുകളും പങ്കുവെച്ചിട്ടുണ്ട്) മാര്‍ക്കറ്റില്‍ ധാരാളമുണ്ടെന്ന് അധികാരികള്‍ പറയുമ്പോഴും, ഒട്ടും ലഭ്യമല്ലാത്ത അനുഭവം നമ്മുടെ തൊട്ടു മുന്നിലുണ്ട്. വിപണിയില്‍ മത്സരം മുറുകുമ്പോള്‍ വാക്‌സിന്റെ കാര്യത്തിലും നാട്ടിന്‍പുറത്തെ കൊച്ചുകച്ചവടക്കാര്‍ക്കു പോലുമറിയാവുന്ന ചന്തനിയമമാണ് നടപ്പിലാവുക. പൂഴ്ത്തിവെപ്പിന്റേയും കഴുത്തറപ്പന്‍ മത്സരത്തിന്റേയും കരിഞ്ചന്തയുടേയും പൂരപ്പറമ്പായി വാക്‌സിന്‍ രംഗം രൂപാന്തരം കൊള്ളും.
കോവിഡിന്റെ തുടക്കക്കാലത്ത് ഡൊണാള്‍ഡ് ട്രംപ് വെന്റിലേറ്ററുകള്‍ വാങ്ങുന്നത് പ്രവിശ്യകളുടെ ചുമതലയാക്കി ഉത്തരവിറക്കിയപ്പോള്‍ യു.എസില്‍ സംജാതമായ അരാജകാവസ്ഥയുടെ ഒരു നേര്‍ചിത്രം- ലേലത്തിലെന്നപോലെ വെന്റിലേറ്ററുകളുടെ വില കുതിച്ചുയരുകയും സമ്പന്ന പ്രവിശ്യകള്‍ മറ്റുള്ളവരേക്കാള്‍ വില നല്‍കി അവ വാങ്ങുകയും, അത്യാവശ്യക്കാര്‍ക്ക് ലഭിക്കാതെ വരികയും ചെയ്തു- നമ്മുടെ മുന്നിലുണ്ടായിട്ടും കേന്ദ്രം വിപണി മാത്സര്യത്തിന് സംസ്ഥാനങ്ങളെ നിയോഗിക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്ന് പറയാതെ വയ്യ.
മൂന്നുമാസം കഴിഞ്ഞിട്ടും വാക്സിൻ ലഭിച്ചത് എട്ടു ശതമാനം പേര്‍ക്കുമാത്രം
2021- 22 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍ കോവിഡ് വാക്‌സിനു വേണ്ടി മാത്രം വാഗ്ദാനം ചെയ്ത 35,000 കോടി രൂപയുടെ കാര്യവും ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വാക്‌സിനു വേണ്ടി ഇനിയും ചെലവഴിക്കാനുള്ള സന്നദ്ധത ഫിനാന്‍സ് എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ടി.വി. സോമനാഥന്‍ പ്രഖ്യാപിച്ചതും ഇപ്പോള്‍ ആരും ഓര്‍ക്കുന്നുണ്ടെന്നു തോന്നുന്നില്ല. സാമൂഹിക ഓര്‍മകളുടെ ആയുസ്സ് തുച്ഛമാണെന്ന് തെറ്റിദ്ധരിച്ച ഒരാള്‍ ചരിത്ര പുസ്തകങ്ങളില്‍ മുറി മീശയുമായി നില്‍പ്പുണ്ട് എന്ന കാര്യം നാം ഒട്ടും മറന്നു കൂടാത്തതാണ് .

ഇന്ത്യയുടെ ജനസംഖ്യയെ മുന്‍നിര്‍ത്തി കോവിഡ് വാക്‌സിനേഷന്‍ പശ്ചാത്തലത്തില്‍ നടത്തപ്പെട്ട ചില പരാമര്‍ശങ്ങള്‍ കൗതുകകരമാണ്. യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ ജനസംഖ്യയെന്നും ഇസ്രായേലും ബ്രിട്ടനും ജര്‍മനിയും അമേരിക്കയുമൊക്കെ വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ത്യയെക്കാള്‍ എത്രയോ മുന്നില്‍ പോവുന്നത് കാര്യമാക്കേണ്ടതില്ലെന്നും വാദിക്കുന്നവര്‍ ഇന്ത്യയേക്കാള്‍ ജനസംഖ്യാനിരക്കില്‍ മുന്നിലുള്ള ഏക രാഷ്ടത്തെ പരിഗണിക്കുന്നതേയില്ല. ഇന്ത്യയേക്കാള്‍ കുറഞ്ഞത് പത്തു കോടിയിലേറെ ജനസംഖ്യയുള്ള ചൈനയില്‍ 15% ലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ സംവിധാനവും രണ്ടു ലോകോത്തര വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങളുമുള്ള ഇന്ത്യയില്‍ മൂന്നുമാസം കഴിഞ്ഞിട്ടും എട്ടു ശതമാനം പേര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞുള്ളൂ എന്ന വസ്തുത നമുക്ക് ഒട്ടും അഭിമാനകരമല്ല.
കോവിഡിന്റെ രണ്ടാം വരവിലെ കടുത്ത വ്യാപനശേഷിയുള്ള മ്യൂട്ടന്റ് വൈറസുമായുള്ള നമ്മുടെ പോരാട്ടം വിജയിക്കണമെങ്കില്‍ എത്രയും പെട്ടെന്ന് ഹേര്‍ഡ് ഇമ്യൂണിറ്റി ത്രെഷ്‌ഹോള്‍ഡ് ആയ 60% ജനങ്ങള്‍ക്കെങ്കിലും വളരെ വേഗം വാക്‌സിന്‍ നല്‍കിയേ മതിയാവൂ. ഈ നിരക്കില്‍ പോവുകയാണെങ്കില്‍ 60% പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും എന്ന വസ്തുത വാക്‌സിനേഷന്റെ സാംഗത്യം തന്നെ നഷ്ടപ്പെടുത്തിയേക്കും. അലംഭാവത്തിന് ലഭിക്കുന്ന ശിക്ഷ നിശ്ചയമായും ഭീകരമായിരിക്കുമെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ഭയക്കുന്നു.
വാക്സിൻ വില അവിടെ നിൽക്കില്ല
കോവിഡ് വാക്‌സിനുകള്‍ ഇന്ത്യയില്‍ കമ്പനികള്‍ പ്രഖ്യാപിച്ച വിലയ്ക്ക് ജനങ്ങള്‍ക്ക് മിക്കവാറും ലഭിക്കാനിടയില്ല. മാര്‍ക്കറ്റില്‍ യഥാക്രമം 600 / 1200 രൂപക്ക് ലഭിക്കുന്ന (കോവിഷീല്‍ഡ് / കോവാക്‌സിന്‍ ) വാക്‌സിനുകള്‍ക്ക് ടാക്‌സും, ആശുപത്രികള്‍ ചുമത്തുന്ന സര്‍വീസ് ചാര്‍ജും നല്‍കേണ്ടിവന്നേക്കും. മാത്രമല്ല, മിക്കവാറും മഹാരാഷ്ട്രയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ വിദൂര സംസ്ഥാനങ്ങളിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യപ്പെടുമ്പോഴുണ്ടാവുന്ന ചെലവും ഉപഭോക്താവ് വഹിക്കേണ്ടിവരുമോ എന്നും വ്യക്തമല്ല. കേരളവും, അസമും മദ്ധ്യപ്രദേശും, യു.പിയും തെലുങ്കാനയുമടക്കമുള്ള വളരെ കുറച്ച് സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കും എന്ന് പ്രഖ്യാപിച്ചത് ശുഭോദര്‍ക്കമാണ്. നിങ്ങളുടെ സംസ്ഥാനം, നിര്‍മാണ കേന്ദ്രത്തില്‍ നിന്നുള്ള ദൂരം, പ്രായം, നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വാക്‌സിന്‍ എന്നീ ഘടകങ്ങള്‍ ആശ്രയിച്ചായിരിക്കും മെയ് ഒന്നിനു ശേഷം വാക്‌സിന് നിങ്ങള്‍ നല്‍കേണ്ടി വരുന്ന വില തീരുമാനിക്കപ്പെടുക. സമാനമായ മറ്റു പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങള്‍ പോലെ ഒരു രാജ്യം, ഒരു വാക്‌സിന്‍ വില എന്ന സൗഭാഗ്യം മിക്കവാറും ഇന്ത്യന്‍ പൗരനെ തേടി വരാനിടയില്ല തന്നെ.
കൂടുതല്‍ നിര്‍മാണ യൂണിറ്റുകള്‍ തുറന്നും, കംപള്‍സറി ലൈസന്‍സിംഗ് ഉപയോഗിച്ചും മരുന്നു കമ്പനിയുടെ ഏകച്ഛത്രാധിപത്യം തകര്‍ത്താല്‍ മാത്രമേ ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് ഭാവിയില്‍ വില കുറയാന്‍ സാദ്ധ്യതയുള്ളൂ
അവശേഷിക്കുന്ന വഴികൾ
ഈ രാവണന്‍ കോട്ടയില്‍ നിന്ന് പുറത്തേക്കുള്ള വഴികള്‍ താരതമ്യേന അപൂര്‍വമാണ് എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. പക്ഷേ അവസാനത്തെ പിടിവള്ളി പോലെ ഇനിയും അവശേഷിക്കുന്നുണ്ട് ചില വഴികളെങ്കിലും. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മാണത്തിന് സുസജ്ജമായ 20 നിര്‍മാണകേന്ദ്രങ്ങളെങ്കിലുമുണ്ട്. അവയെ വളരെ എളുപ്പം പ്രവര്‍ത്തന നിരതമാക്കുന്നത് ഒട്ടും ബുദ്ധിമുട്ടേറിയ കാര്യവുമല്ല. യുദ്ധകാലാടിസ്ഥാനത്തില്‍ അവയെ സജ്ജമാകാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടികളാരംഭിക്കുകയാണ് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു മാര്‍ഗം. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 84, 92,100, 102 വകുപ്പുകള്‍ ഉപയോഗിച്ച് മറ്റുള്ള കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി (Compulsory licensing) വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയാണ് മറ്റൊരു വഴി. ഫാര്‍മ ഭീമന്‍ ബേയേഴ്‌സ് 2008-ല്‍ പേറ്റൻറ് നേടിയ അര്‍ബുദ വിരുദ്ധ മരുന്നായ Nexavar ന് (Sorafenib tosylate) രണ്ടേ മുക്കാല്‍ ലക്ഷം രൂപയായിരുന്നു മാര്‍ക്കറ്റിലെ വില. 2012-ല്‍ ഇന്ത്യന്‍ Patent Act -ലെ 84 (1) എന്ന വകുപ്പുപയോഗിച്ച് Natco Pharma കംപള്‍സറി ലൈസന്‍സിംഗ് നേടുകയും മരുന്നിന്റെ വില വെറും 8000 രൂപയാക്കി കുറക്കുകയും ചെയ്തതാണ് ഇന്ത്യന്‍ പേറ്റന്റ് രംഗത്തെ തിളങ്ങുന്ന ഓര്‍മ. കൂടുതല്‍ നിര്‍മാണ യൂണിറ്റുകള്‍ തുറന്നും, കംപള്‍സറി ലൈസന്‍സിംഗ് ഉപയോഗിച്ചും മരുന്നു കമ്പനിയുടെ ഏകച്ഛത്രാധിപത്യം തകര്‍ത്താല്‍ മാത്രമേ ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് ഭാവിയില്‍ വില കുറയാന്‍ സാധ്യതയുള്ളൂ. ജി.എസ്.ടി കൗണ്‍സില്‍ മാതൃകയില്‍ ഒരു ദേശീയ വാക്‌സിനേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതുവഴി വാക്‌സിന്റെ അപഥ സഞ്ചാരങ്ങള്‍ നിരീക്ഷിക്കുവാനും തിരുത്തുവാനുമുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സോഷ്യല്‍ എഞ്ചിനീയറിംഗിലെ പ്രാഗത്ഭ്യവും കൗശലവും വേണ്ടുവോളം തെളിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ രംഗത്തുനിന്നുള്ള പിന്മാറ്റം ഒട്ടും നിഷ്‌കളങ്കമാണെന്ന് കരുതുവാന്‍ വയ്യ. 1978-ല്‍ Expanded program of Immunisation നടപ്പാക്കിയതു മുതല്‍ വാക്‌സിനുകളെല്ലാം സൗജന്യമായാണ് ഇന്ത്യയില്‍ നല്‍കിവന്നത്. പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പോലുള്ള മഹത്തായ സൗജന്യ വാക്‌സിനേഷന്‍ പദ്ധതികള്‍ 1995- മുതല്‍ വര്‍ഷംതോറും വിജയകരമായി നടപ്പില്‍ വരുത്തിയാണ് നാം ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന പോളിയോ രോഗത്തെ ഇന്ത്യയില്‍ നിന്ന് തൂത്തെറിഞ്ഞത്. ആ മഹത്തായ പാരമ്പര്യം മറന്ന് മഹാമാരിയുടെ രണ്ടാം വരവ് ഒന്നാം തരംഗത്തേക്കാള്‍ ഭീതിദമാവുമ്പോള്‍ വാക്‌സിന്‍ ദൗര്‍ലഭ്യം ഇനിയൊരിക്കലും കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ വരാത്തവണ്ണം ഫെഡറല്‍ നിയമങ്ങള്‍ വകഞ്ഞുമാറ്റി മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാനങ്ങളുടെ തലയില്‍ അടിച്ചേല്‍പിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജുഗീഷുവായി നില്‍ക്കുകയാണെന്നാണ് ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ കരുതുന്നത്. ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വാക്‌സിനുകള്‍ സൗജന്യമായി നല്‍കണമെന്ന കര്‍ശന നിലപാടെടുത്തതും സാമൂഹികാരോഗ്യ രംഗത്ത് പരക്കെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്.
Politics is nothing but health written in large letters എന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചനാത്മകമായി സംസാരിച്ച ആചാര്യന്റെ മുന്നില്‍ കൂപ്പുകൈകളുമായി ആരോഗ്യ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഗാഢമായ മുഹൂര്‍ത്തം കൂടിയാണിത്. ▮