ഡോക്ടറും മാനസികാരോഗ്യവും
ഡോ. പി. കെ. സുകുമാരന്‍
വിഷാദത്തിനും
ആത്മഹത്യക്കുമിടയിലെ
ക്ലിനിക്ക്
30 ശതമാനം ഇന്ത്യന്‍ ഡോക്ടര്‍മാരില്‍ വിഷാദരോഗമുണ്ടെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. ഇവരിൽ 17 ശതമാനം പേര്‍ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. കോവിഡിനുമുമ്പും കോവിഡ് സമയത്തും അതിനുശേഷവും ഡോക്ടർ നേരിടുന്ന മാനസികപ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം

‘‘നമ്മുടെ ആസ്പത്രിയിലെ ജോര്‍ജ് ജോസഫിന് ഡിപ്രനാണത്രേ. ഒരു മാസം ലീവിലാണെന്നാ കേട്ടത്. ഭദ്രകാളിയെയും ചെകുത്താന്‍ പിടിച്ചല്ലോ. ഡോക്ടര്‍ക്ക് രോഗം വരുമോ, അതും മാനസികരോഗം? അങ്ങനെയാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും?'', പൊതുജനത്തിന്റെ ആശങ്കയാണ്.
നമ്മെ ചികിത്സിക്കുന്ന ഡോക്ടറും ഭരിക്കുന്ന മന്ത്രിയും വിധിക്കുന്ന ന്യായാധിപരും നീതിന്യായം നടപ്പാക്കുന്ന പൊലീസും ആത്യന്തികമായി മനുഷ്യരാണ്. അപ്പോള്‍ മനുഷ്യര്‍ ചെയ്യുന്നതെല്ലാം ഇവരും ചെയ്യും. അവര്‍ക്ക് സംഭവിക്കുന്നതെല്ലാം ഇവര്‍ക്കും സംഭവിക്കും. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദവും വെല്ലുവിളികളും താങ്ങാനാവാതെ വരുമ്പോള്‍ ഓരോരുത്തരുടെ കഴിവും വ്യക്തിത്വവുമനുസരിച്ച്, ഓരോരോ ക്വഥനാങ്കം പോലെ, തകരുന്ന ഓരോരോ ബിന്ദുക്കളുണ്ട്. അതിനുമപ്പുറം കടന്നാല്‍ ആരും തകര്‍ന്നുപോകും.
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ ഔപചാരിക ജേണലായ ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്യാട്രി, പഠനത്തിനുശേഷം എത്തിയ നിഗമനം, 30 ശതമാനം ഇന്ത്യന്‍ ഡോക്ടര്‍മാരില്‍ വിഷാദരോഗമുണ്ടെന്നാണ്. 17 ശതമാനം പേര്‍ ജീവിതം അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നു. ഏകദേശം 80 ശതമാനം ഡോക്ടര്‍മാർക്കും വിദ്യാഭ്യാസകാലം മുതലേയുള്ള സമ്മര്‍ദം വ്യക്തിത്വത്തില്‍ കോറലുണ്ടാക്കുന്നു.

2008 മുതല്‍ 2017 വരെ പരിശോധനക്കെത്തിയവരില്‍ 80 ശതമാനം പേർ മാനസികാരോഗ്യപ്രശ്‌നമുള്ളവരായിരുന്നു. ഭൂരിഭാഗത്തിനും വിഷാദരോഗം, ഉല്‍ക്കണ്ഠാരോഗം തുടങ്ങിയ സമ്മര്‍ദജനക പ്രശ്‌നങ്ങളായിരുന്നു. ഡോക്ടര്‍മാരിലെ മഹാഭൂരിപക്ഷം പേരെ സംബന്ധിച്ചും പഠനകാലം മുതല്‍ ജോലി, വിവാഹം, ജീവിതം എന്നിവയെല്ലാം സംഘര്‍ഷപൂരിതമാണ്. വലിയ ഉത്തരവാദിത്വങ്ങളുള്ള ഐ.എ.എസ്.-ഐ.പി.എസ്. ജോലിയുള്ളവരും ഭരണകര്‍ത്താക്കള്‍, മാനേജര്‍മാര്‍, സെക്രട്ടറിമാര്‍, വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ സ്ഥാനങ്ങളിലിരിക്കുന്നവരും വലിയ സമ്മര്‍ദം നേരിടുന്നവരാണ്. ഇവര്‍ക്കെല്ലാം ഉല്‍ക്കണ്ഠാ രോഗങ്ങള്‍, എക്‌സിക്യൂട്ടീവ് സ്ട്രെസ്, ആഘാതാനന്തര സമ്മര്‍ദരോഗം (Post- traumatic stress disorder) എന്നിവ വരാനിടയുണ്ട്.
മെഡിക്കല്‍ സേവന സംവിധാനം
ലോകത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര പഠനസംവിധാനങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ വലിപ്പം കൊണ്ട് ലോകോത്തരമായ ഈ സംവിധാനത്തില്‍ ചില ഗുരുതര പാളിച്ചകളുണ്ടെന്ന് സമ്മതിച്ചേതീരൂ. മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും ഇടയിലുള്ള സുസംഘടിതവും ദേശീയ പ്രാതിനിധ്യമുള്ളതുമായ ആത്മഹത്യകളെക്കുറിച്ചുള്ള വ്യക്തമായ ഡേറ്റ ഇന്ത്യയില്‍ ലഭ്യമല്ല. ഇന്ത്യന്‍ ഗവേഷണരംഗത്തിന് അപമാനകരമാണിത്. ഏതാണ്ട് എല്ലാ വികസിതരാജ്യങ്ങളിലും ഇത് ലഭ്യമാണ്. എന്നാല്‍ 2010 മുതല്‍ 2019 വരെയുള്ള കുറെ കണക്കുകള്‍ ലഭ്യമാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്മാർ, ഡോക്ടർമാർ എന്നിവരെല്ലാം ഇതില്‍പ്പെട്ടിരുന്നു. ഗവേഷകര്‍ അധികവും പത്രവാര്‍ത്തകളെയാണ് ആശ്രയിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ് പത്രമാധ്യമങ്ങളാണ് അവര്‍ക്ക് സഹായകരമായത്. ‘ആര്‍ സോഫ്റ്റ്വെയറു’പയോഗിച്ച് ഇവരുടെ സാമൂഹ്യ- സാമുദായിക പശ്ചാത്തലവും ആത്മഹത്യയുടെ വിവരങ്ങളും അപഗ്രഥിച്ചിരുന്നു.

മറ്റ് ജോലിക്കാരേക്കാൾ രണ്ടും നാലും ഇരട്ടിക്കിടയിലാണ് ഡോക്ടര്‍മാരുടെ ആത്മഹത്യാനിരക്ക്. ഡോക്ടർമാരുടെ ആകെയുള്ള 358 മരണങ്ങളില്‍ 125 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, 105 റസിഡൻറുകള്‍, 128 ഡോക്ടര്‍മാര്‍ എന്നിവരുൾപ്പെടുന്നു.
‘ഡോക്ടര്‍ കുട്ടി’കളിലെ ആത്മഹത്യ
മറ്റ് ജോലിക്കാരേക്കാൾ രണ്ടും നാലും ഇരട്ടിക്കിടയിലാണ് ഡോക്ടര്‍മാരുടെ ആത്മഹത്യാനിരക്ക്. ഡോക്ടർമാരുടെ ആകെയുള്ള 358 മരണങ്ങളില്‍ 125 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, 105 റസിഡൻറുകള്‍, 128 ഡോക്ടര്‍മാര്‍ എന്നിവരുൾപ്പെടുന്നു. 70 ശതമാനം ആത്മഹത്യകളും 30 വയസിനു താഴെയായിരുന്നു (29.9% + 12.2%). സ്ത്രീ റസിഡന്റുകളും ഡോക്ടര്‍മാരും അവരുടെ പുരുഷവിഭാഗത്തേക്കാള്‍ പ്രായം കുറഞ്ഞവരായിരുന്നു. ഏറ്റവും കൂടുതല്‍ ആത്മഹത്യ കേരളമൊഴിച്ചുള്ള തെക്കെ ഇന്ത്യയിലായിരുന്നു.
ഏറ്റവും കൂടുതല്‍ പേർ അനസ്തീഷ്യ വിഭാഗത്തിലുള്ളവരും (22.4%) അടുത്തത് സ്ത്രീരോഗവിഭാഗത്തിലുള്ളവരുമായിരുന്നു (16.0%). ഇതില്‍ ഭൂരിഭാഗവും ഏറ്റവും തീവ്രമായ വഴികളാണ് തെരഞ്ഞെടുത്തത്. ഏറ്റവും കൂടുതല്‍ പേർ തൂങ്ങിമരിക്കുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികൾക്കും (45.2%) റസിഡന്റുകൾക്കും (23.1%) താങ്ങാനാവാത്തത് പഠനസമ്മര്‍ദമാണെങ്കില്‍, ഡോക്ടര്‍മാരുടെ (26.7%) ഇടയിൽ ഇത് വൈവാഹികപ്രശ്‌നങ്ങളായിരുന്നു.

അടുത്തതായി, മാനസികാരോഗ്യപ്രശ്‌നങ്ങളാണ്. വിദ്യാര്‍ഥികൾക്കിടയില്‍ ഇത് 24 ശതമാനവും ഡോക്ടര്‍മാർക്കിടയിൽ 20 ശതമാനവുമായിരുന്നു. റസിഡന്റുകൾക്കിടയില്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദം നേരിട്ടവർ 20.5% ആണ്. ഈ വിഭാഗങ്ങളില്‍ 13 ശതമാനം മാത്രമേ ജീവനെടുക്കുംമുമ്പ് മനോരോഗ വിദഗ്ധന്റെ അഭിപ്രായം തേടിയിരുന്നുള്ളൂ. പഠനത്തിനുപയോഗിച്ച ഒമ്പത് ആത്മഹത്യാ കുറിപ്പുകളിൽ, 2.4 ശതമാനത്തിലും സൂചിപ്പിച്ചിരുന്നത് സാമ്പത്തികപ്രശ്‌നങ്ങളായിരുന്നു. വിദ്യാര്‍ഥികള്‍ക്കും റസിഡൻറുകള്‍ക്കും പഠനസമ്മര്‍ദവും ഡോക്ടര്‍മാർക്കിടയിൽ വൈവാഹികപ്രശ്‌നങ്ങളും ആത്മഹത്യയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.
ഒരു താത്കാലിക പ്രതിസന്ധിഘട്ടത്തിൽ, ജീവന്‍ തകര്‍ക്കാനുള്ള ഏറ്റവും കഠിനമായ തീരുമാനമെടുക്കുകയാണിവർ. വിഷയകേന്ദ്രീകൃത ഗവേഷണത്തിലൂടെ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കും. ഈ ദിശയില്‍ ഇന്ത്യയില്‍ നടന്ന ആദ്യ ഗവേഷണഫലമാണിത്. അവഗണിക്കപ്പെട്ട സുപ്രധാന പൊതുജനാരോഗ്യ മേഖലയാണിത്. വസ്തുതാപരവും വിഷയകേന്ദ്രീകൃതവുമായ കൂടുതല്‍ ഗവേഷണം ഈ രംഗത്തുണ്ടാകേണ്ടതുണ്ട്.
വൈദ്യസേവനത്തിന്റെ അപര്യാപ്തത
മറ്റൊരു പ്രശ്‌നം, സൈക്യാട്രിസ്റ്റുകളെയും മനഃശാസ്ത്രജ്ഞരെയും കാണാനുള്ള വെയ്റ്റിങ്ങ് ലിസ്റ്റ് നീളുന്നതാണ്. എത്ര സമയം നീളുന്നുവോ അത്രയും രോഗിയുടെ മാനസിക- ശാരീരിക ഭാവിയും മോശമായിരിക്കും. അതോടൊപ്പം, രോഗിയെ കാണാനുള്ള ഡോക്ടറുടെ താത്പര്യവും കുറയും. യാത്രാസൗകര്യക്കുറവ്, മാനസികരോഗങ്ങളെക്കുറിച്ച് സമൂഹത്തിലുള്ള അവമതിപ്പ്, മാനസികരോഗങ്ങളെക്കുറിച്ച് ശാസ്ത്രീയ വിവരമില്ലായ്മ, ഓണ്‍ലൈനായി ചികിത്സിക്കാനും വാര്‍ത്താവിനിമയം ചെയ്യാനും മറ്റും ആവശ്യമുള്ള ശേഷി ഇന്റര്‍നെറ്റിനില്ലാതെ വരിക എന്നിവയും പ്രശ്‌നങ്ങളാണ്.
മന്ത്രിമാര്‍ കുറ്റം ചെയ്യാത്ത ‘ബൂര്‍ഷ്വാ' ഡോക്ടറെ സ്ഥലം മാറ്റി മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളുടെ കൈയ്യടി നേടുന്നു. ഡോക്ടറുടെ വനരോദനം ആരും കേൾക്കുന്നില്ല. വാഗ്ദത്തം ചെയ്തതെല്ലാം ചെയ്യാന്‍ ആരോഗ്യവകുപ്പിന് കഴിയില്ല എന്ന സത്യം ഡോക്ടര്‍മാര്‍ക്ക് രോഗികളോട് പറയാം.
ഡോക്ടര്‍മാരില്‍ വിഷാദരോഗം കൂടുതലാണോ?
ഡോക്ടര്‍മാര്‍ ഒരു വിഭാഗമെന്ന നിലയില്‍, മറ്റ് ജോലി ചെയ്യുന്നവരേക്കാളും വിഷാദരോഗത്തിന് കൂടുതല്‍ വശംവദരാണോ?
അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ ക്രോഡീകരിച്ച് മെറ്റാ അനാലിസിസ് ചെയ്തപ്പോള്‍, വിഷാദരോഗം ഹൗസ് സർജൻസിക്കാരിൽ 27 ശതമാനവും അടുത്ത ഘട്ടമായ റജിസ്ട്രാര്‍ ജോലിയില്‍ 29 ശതമാനവും, അടുത്ത പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരില്‍ 60 ശതമാനവുമാണ്. ഉത്തരവാദിത്തം കൂടുന്തോറും സമ്മര്‍ദവും കൂടുന്നതായി കാണാം.
എന്തുകൊണ്ടാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ ദുഃഖിതരായി കാണപ്പെടുന്നത്?
വിശ്രമമില്ലാതെ ജോലി ചെയ്യുന്നു, ആരും പിന്തുണയ്ക്കുന്നില്ല എന്നെല്ലാമാണ് അവരുടെ അനുഭവം. മന്ത്രിമാര്‍ കുറ്റം ചെയ്യാത്ത ‘ബൂര്‍ഷ്വാ' ഡോക്ടറെ സ്ഥലം മാറ്റി മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളുടെ കൈയ്യടി നേടുന്നു. ഡോക്ടറുടെ വനരോദനം ആരും കേൾക്കുന്നില്ല. വാഗ്ദത്തം ചെയ്തതെല്ലാം ചെയ്യാന്‍ ആരോഗ്യവകുപ്പിന് കഴിയില്ല എന്ന സത്യം ഡോക്ടര്‍മാര്‍ക്ക് രോഗികളോട് പറയാം.

എന്തുകൊണ്ടാണ് ഡോക്ടര്‍മാര്‍ വിഷാദരോഗികളാകുന്നത്?
ഡോക്ടര്‍മാര്‍ നീണ്ടസമയം കഠിനമായ സമ്മര്‍ദത്തില്‍ ജോലി ചെയ്യേണ്ടിവരുന്നു. അതിനാലവരുടെ മാനസിക- ശാരീരിക ആരോഗ്യം സമ്മര്‍ദത്തിലാകുന്നു. ഇംഗ്ലണ്ടില്‍ 20 വര്‍ഷം നീണ്ടുനിന്ന സംഘടിതപഠനം തെളിയിച്ചത്, 31- 54 ശതമാനം പേര്‍ കഠിനാധ്വാനം മൂലം തകര്‍ന്നുപോയി എന്നാണ്.
എന്തുകൊണ്ടാണ് ഡോക്ടര്‍മാര്‍ക്ക് ഇത്ര സമ്മര്‍ദം?
ജോലിയുടെ സ്വഭാവം തന്നെ. ഒരു ഡോക്ടറെന്ന നിലയില്‍ ഉത്കണ്ഠയില്ലാതെ ജോലി ചെയ്യാന്‍ കഴിയുമോ? പുതിയ ഡോക്ടര്‍ക്ക് ഉത്കണ്ഠയില്ലാതെ പ്രവര്‍ത്തിക്കാൻ പ്രയാസമാണ്. ജോലി ആരംഭിക്കുന്ന ആദ്യ ഒന്നോ രണ്ടോ കൊല്ലത്തില്‍ അവർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനിടെ, ചില നിര്‍ണായക നിമിഷങ്ങളെ അഭിമുഖീകരിക്കേണ്ടിവരാം.
ഭൂരിഭാഗം ഡോക്ടര്‍മാരും ആഴ്ചയില്‍ 40 മണിക്കൂറിലേറെ കഠിനമായി ജോലി ചെയ്യുന്നവരാണ്. ഇത്തരം സാഹചര്യത്തിൽ ജോലിയെടുക്കാന്‍ ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിലെ ചെറുപ്പക്കാര്‍ തയ്യാറല്ല.
മാനസികരോഗമുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയുമോ?
ഇത്തരം വിദ്യാര്‍ഥികളെ സൈക്കോ തെറാപിക്ക് വിധേയമാക്കുമ്പോള്‍, അവർക്ക്ആവശ്യമുള്ള വിവരങ്ങള്‍ പറഞ്ഞുകൊടുക്കുകയും പിന്തുണാതെറാപ്പി കൊടുക്കുകയും വേണം. ഭൂരിഭാഗം പേർക്കും പഠനം തുടരാനും പിന്നീട് ഡോക്ടറെന്ന നിലയില്‍ പ്രാക്ടീസ് ചെയ്യാനും പ്രയാസമുണ്ടാവില്ല.
ഭൂരിഭാഗം ഡോക്ടര്‍മാരും ആഴ്ചയില്‍ 40 മണിക്കൂറിലേറെ കഠിനമായി ജോലി ചെയ്യുന്നവരാണ്. ഇത്തരം സാഹചര്യത്തിൽ ജോലിയെടുക്കാന്‍ ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിലെ ചെറുപ്പക്കാര്‍ തയ്യാറല്ല. അവര്‍ക്ക് നമ്മെപ്പോലെ ബുദ്ധിമുട്ടാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പലരും മെഡിക്കല്‍ പ്രൊഫഷന്‍ തെരഞ്ഞെടുക്കില്ല. എന്നാല്‍, അവിടുത്ത സര്‍ക്കാരുകള്‍ക്ക് കഠിനമായി ജോലി ചെയ്യാന്‍ തയ്യാറുള്ളവരെ വേണം. ഇന്ത്യയിലെയും മറ്റ് അവികസിത രാജ്യങ്ങളിലെയും ഡോക്ടര്‍മാര്‍ ഈ അവസരം ആവേശപൂർവം സ്വീകരിക്കുന്നു. നമ്മുടെ ഡോക്ടര്‍മാരില്ലെങ്കില്‍ അവരുടെ ആരോഗ്യസംവിധാനമാകെ തകരാറിലാകും. രോഗമുള്ളവരും അതിന്റെ സമ്മര്‍ദമുള്ളവരുമായി ഇടപഴകുന്ന ജോലിയായതിനാൽ, ആ സമ്മര്‍ദം ഡോക്ടര്‍മാരുടെ ചുമലിലേക്ക് നേരിട്ട് വരുന്നു. കാരണം, രോഗികളുടെ ജീവന്റെ നേരിട്ടുള്ള ഉത്തരവാദിത്വം ഡോക്ടര്‍മാരുടെ കൈകളിലാണല്ലോ. ഇതുകൊണ്ടാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സമ്മര്‍ദമനുഭവപ്പെടുന്നത്.
ഒരു ഡോക്ടറെന്ന നിലയിലുള്ള പ്രയാസങ്ങളെന്തൊക്കെയാണ്?
മഹത്തരങ്ങളിൽ മഹത്തരമായ സേവനമാണ് മെഡിക്കല്‍ സേവനം, പക്ഷേ...
ഏതാനും ദശകങ്ങളായി മിടുക്കന്മാരായ കുട്ടികള്‍ ക്ലാസ് വണ്‍ ജോലി, ഗവേഷണം, ഐ.ഐ.ടി., കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലേക്കും ചാര്‍ട്ടേഡ് അക്കൗണ്ടൻറ്, മാനേജര്‍ തുടങ്ങിയ ജോലികളിലേക്കുമാണ് പോകുന്നത്. ഡോക്ടര്‍മാരാവാന്‍ അധികം മിടുക്കന്മാർക്കും താത്പര്യമില്ല. മെഡിക്കല്‍ വിദഗ്ദ്ധരാവാന്‍ 30 വയസ് വരെ പഠിക്കേണ്ടിവരുന്നു. അതിനേക്കാള്‍ പകുതി ചെലവും സമയവും ഉപയോഗിച്ച് പഠിച്ചാല്‍ ഇരട്ടിയലധികം പ്രതിഫലം കിട്ടാന്‍ ഒരു പ്രയാസവുമില്ല. നല്ല പേ പായ്ക്കറ്റുമായി കാമ്പസ് ഇന്റര്‍വ്യൂ അവരെ കാത്തിരിപ്പുണ്ടാവും. ആക്രമണവും ആസ്പത്രി തകര്‍ക്കലും പോലുള്ള കാര്യങ്ങളില്ലാത്ത മേഖലയാണവ. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചെലവും പ്രയാസവും ഭീമമാണ്. ഒരു ഭാവിഡോക്ടര്‍ പല ത്യാഗങ്ങളും അനുഭവിക്കേണ്ടിവരുന്നു.
ഏറ്റവും കൂടുതല്‍ സമ്മര്‍ദം അനുഭവിക്കേണ്ടിവരുന്ന സ്പെഷ്യലിസ്റ്റ് വിഭാഗങ്ങൾ ഏതെക്കൊയാണെന്ന് നോക്കാം.
ഏറ്റവും കൂടുതല്‍ സമ്മര്‍ദമനുഭവിക്കുന്നവര്‍ മുകളില്‍നിന്ന് താഴോട്ട് ഭരണപരമായ സമ്മര്‍ദമനുഭവിക്കുന്നവരാണ്. സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളനുസരിച്ച് മാനസിക രോഗക്കണക്ക് നോക്കാം.

തീവ്ര പരിചരണ വിഭാഗം- 60 %,
ന്യൂറോളജി- 46-48 %,
കുടുംബ ഡോക്ടര്‍- 47- 51 %,
സ്ത്രീരോഗ- പ്രസവ വിഭാഗം- 46-53 %,
ജനറല്‍ മെഡിസിന്‍- 46-48 %,
അടിയന്തര ചികിത്സ- 45-56 %,
പകരുന്ന രോഗവിഭാഗം- 51 %,
ഫിസിയോ തെറാപി- 50 %,
പ്രമേഹം, എന്‍ഡോക്രൈനോളജി- 50 %,
റേഡിയോളജി- 49 %,
ബാലചികിത്സാവിഭാഗം- 49 %,
ശ്വാസകോശവിഭാഗം- 48 %,
ഗാസ്ട്രോ എന്ററോളജി- 48 %,
യൂറോളജി- 48 %,
അനസ്തീഷ്യേളജി- 47 %,
റുമാറ്റോളജി- 46 %,
ജനറല്‍ സര്‍ജറി- 44 %,
കാര്‍ഡിയോളജി- 42 %,
അലര്‍ജി, ഇമ്യുണോളജി, നെഫ്രോളജി- 40 %,
പ്ലാസ്റ്റിക് സര്‍ജറി- 44 %,
ഓഫ്താല്‍മോളജി- 40 %,
ഓട്ടോലാരിൻജോളജി- 37 %,
ഓങ്കോളജി- 36 %,
പത്തോളജി- 35 %,
ഡെര്‍മറ്റോളജി- 33 %,
പൊതുജനാരോഗ്യം, പ്രതിരോധ വിഭാഗം- 26 %
എന്നിങ്ങനെയാണ് സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിൽ സമർദമനുഭവിക്കുന്നവരുടെ ശതമാനക്കണക്ക്.

മറ്റുള്ളവരെ അപേക്ഷിച്ച് സർജന്മാർക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണോ?. സര്‍ജന്മാരുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാം. ഉത്കണ്ഠ, വിഷാദരോഗം, വിവാഹമോചനം, മുറിയുന്ന ബന്ധങ്ങള്‍, മദ്യം- മയക്കുമരുന്ന് ഉപയോഗം എന്നിവയാണ് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. സര്‍ജന്മാര്‍, ഫിസിഷ്യന്മാര്‍ എന്നിവരില്‍ ഈ പ്രശ്‌നങ്ങള്‍ മറ്റു ജോലി ചെയ്യുന്നവരേക്കാൾ കൂടുതലാണ്.
മറ്റ് പ്രൊഫഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഡോക്ടറുടെ ജീവിതം സംഘര്‍ഷഭരിതമാണ്. പരിശീലനകാലം മുതല്‍ സമ്മര്‍ദജനകമായ അന്തരീക്ഷത്തിലാണ് അവരുടെ ജീവിതയാത്ര. അവരില്‍ നിന്ന് വീഴ്ചകൾ ആരും പ്രതീക്ഷിക്കുന്നില്ല.
ഡോക്ടര്‍മാര്‍ക്ക് മികച്ച രീതിയിലുള്ള മാനസികാരോഗ്യം ആവശ്യമാണ്. എന്തെന്നാൽ, മാനസിക- ശാരീരിക രോഗങ്ങൾ ഡോക്ടര്‍മാരില്‍ കൂടുതലാണ്. 25 ശതമാനത്തിലേറെ പേരിലെങ്കിലും ഇത് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. അടിയന്തര ചികിത്സാവിഭാഗത്തിലുള്ള ഡോക്ടര്‍മാരിൽ കൂടുതല്‍ മാനസികത്തകര്‍ച്ച കാണാറുണ്ട്. 2022-ല്‍ വിഷാദരോഗത്തിനുശേഷമുള്ള ‘മെഡിസ്കേപ്’ പഠനം അതാണ് തെളിയിച്ചത്. ആ പഠനത്തില്‍ 13,000 ഫിസിഷ്യന്മാരും 29 സ്പെഷ്യലിസ്റ്റുകളും പങ്കെടുത്തിരുന്നു. 2021 ജൂൺ 29 മുതൽ സെപ്തംബർ 26 വരെയായിരുന്നു പഠനം. എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റുകളും പങ്കെടുത്ത പഠനത്തില്‍ കണ്ടെത്തിയത്, 47 ശതമാനം പേര്‍ വിഷാദരോഗത്തിനുശേഷമുള്ള മാനസികത്തകര്‍ച്ചക്ക് വിധേയരായിരുന്നു എന്നാണ്.
ഡോക്ടര്‍ക്കും വേണം ചികിത്സ
മെച്ചപ്പെട്ട മാനസികാരോഗ്യം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയോടൊപ്പം മെഡിക്കല്‍ പ്രൊഫഷനലുകളുടെ ബോധവത്കരണവും രോഗചികിത്സയും വൈദ്യസേവന വ്യവസായമേഖലയുടെ ശരിയായ പ്രവര്‍ത്തനത്തിന് നിര്‍ണായകമാണ്. സമൂഹവും ഈ വിഷയത്തില്‍ ആശങ്കാകുലരാണ്. മറ്റ് പ്രൊഫഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഡോക്ടറുടെ ജീവിതം സംഘര്‍ഷഭരിതമാണ്. പരിശീലനകാലം മുതല്‍ സമ്മര്‍ദജനകമായ അന്തരീക്ഷത്തിലാണ് അവരുടെ ജീവിതയാത്ര. അവരില്‍ നിന്ന് വീഴ്ചകൾ ആരും പ്രതീക്ഷിക്കുന്നില്ല. മേലധികാരികളും രോഗികളും അവരുടെ കുടുംബവും സമൂഹവും ഡോക്ടരുടെ തെറ്റ് അക്ഷന്തവ്യമായി കണക്കാക്കുന്നു. ചെറിയ തെറ്റിനുപോലും അക്രമാസക്തമായി പ്രതികരിക്കുന്ന സമൂഹം ഡോക്ടറെ ആക്രമിച്ചും ആസ്പത്രി തകര്‍ത്തുമാണ് പ്രതികരിക്കുക. കൂടാതെ, തങ്ങളുടെ പ്രവർത്തനത്തിന് ഡോക്ടര്‍മാര്‍ ഒരു ഉയര്‍ന്ന നിലവാരം സ്വയം നിശ്ചയിച്ചിരിക്കുന്നതിനാലും മറ്റ് പ്രൊഫഷനുകളില്‍ വ്യത്യസ്തമായി സ്വയം വിമര്‍ശനം വ്യാപകമായതിനാലും അവരുടെ മാനസികാരോഗ്യം ഗൗരവതരമായി ഹനിക്കപ്പെടുന്നു.
മാനസികത്തകര്‍ച്ചയെപ്പറ്റി പഠിക്കണമെങ്കില്‍ മാനസികാരോഗ്യത്തെപ്പറ്റി അറിയണം. ഈ കോവിഡ് കാലത്ത് ആ സമ്മര്‍ദവും കൂടി ഡോക്ടര്‍മാർക്കുണ്ടായി. കൂടുതല്‍ അധ്വാനഭാരവും അവരുടെ ചുമലിൽ വന്നുചേർന്നു. അതും മാനസികത്തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. കൂടാതെ ആസ്പത്രി, മെഡിക്കല്‍ കോളേജുകള്‍ എന്നിവ കഠിനമായ പരിശീലനവും ജോലി സാഹചര്യവും ആവശ്യപ്പെടുന്ന ഇടങ്ങളാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മാനസികാരോഗ്യം അവരുടെ പരിഗണനയില്‍ അവസാനത്തേതാകുന്നു. മാത്രമല്ല, ആരോഗ്യസേവനത്തിലെ സ്വയംപര്യാപ്തത, എന്ന നമ്മുടെ സംസ്കാരത്തിന്റെ ഭാഗവുമാകുന്നു. പല ഡോക്ടര്‍മാരും കരുതുന്നത് നമുക്ക് ഒട്ടും അയവ് കാണിക്കാന്‍ പാടില്ല എന്നാണ്. അതനുസരിച്ച് മാനസികത്തകര്‍ച്ച ഒട്ടും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതിനുള്ള അവസരവും ഉണ്ടാകാന്‍ പാടില്ല.

മറ്റ് വെല്ലുവിളികളും ഡോക്ടര്‍മാരെ നേരിട്ട് ബാധിക്കുന്നുണ്ട്, പ്രത്യേകിച്ച് കോവിഡ് കാലത്ത്. ജോലി കഴിഞ്ഞ് വീട്ടിലേക്കുവരുമ്പോള്‍ കോവിഡും ഒപ്പം കൊണ്ടുവരാനിടയുണ്ടെന്ന കുറ്റബോധം, പി.പി.ഇ. കിറ്റ് ഉപയോഗിക്കാനുള്ള മെഡിക്കല്‍ പ്രോട്ടോക്കോളുകളുടെ പ്രയാസങ്ങൾ തുടങ്ങിയവയെല്ലാം അവരെ അലോസരപ്പെടുത്തും. കൂടാതെ, 2020 മുതലുള്ള നിസഹായതയും സമ്മര്‍ദം സൃഷ്ടിക്കും.
ഡോക്ടര്‍മാർക്ക് സ്വീകരിക്കാൻ കഴിയുന്ന ചില നിര്‍ദേശങ്ങൾ പരിശോധിക്കാം.
- എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ അതിര്‍ത്തി നിര്‍വചിച്ചിരിക്കണം. അതനുസരിച്ച് എല്ലാം ചെയ്യണം.
- പൂര്‍ണമായ ഉറക്കം വേണം. ഹോബികള്‍ ആവശ്യമാണ്. ആഴ്ചയില്‍ നാല് മണിക്കൂറെങ്കിലും കംപ്യൂട്ടര്‍ ഉപയോഗിക്കണം.
- ദിവസം അരമണിക്കൂറെങ്കിലും മറ്റ് കെട്ടുപാടുകളില്ലാതെ കുടുംബവുമായും വേണ്ടപ്പെട്ടവരുമായും സമയം ചെലവാക്കാന്‍ സൗകര്യമുണ്ടാകണം.
- ദിനചര്യയെന്ന നിലയില്‍ നന്ദി പ്രകടിപ്പിക്കാനും സ്വയം സ്നേഹം പ്രകടിപ്പിക്കാനും അവസരമുണ്ടായിരിക്കണം.
- ആരോഗ്യകരമായ സമ്മര്‍ദങ്ങളെ നേരിടാനുള്ള പരിശീലന വൈദഗ്ദ്ധ്യം വളര്‍ത്തിയെടുക്കുക.
- ജീവിതശൈലീ മാറ്റങ്ങളിലൂടെ ദൈനംദിന ജീവിതത്തെ ആരോഗ്യകരമാക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക.
- ജോലിഭാരം സഹപ്രവര്‍ത്തകരുമായി പങ്കിടുക.
- വളരെ ചെറിയ വിജയങ്ങള്‍ പോലും വലിയതോതില്‍ ആഘോഷിക്കണം.
- മൈന്‍ഡ്ഫുള്‍നെസ്- യോഗ പരിശീലനങ്ങളും ശ്വാസപരിശീലനവും ചെയ്യണം.
- ഇതിനെല്ലാം അപ്പുറം, സമ്മര്‍ദം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ മാനസികാരോഗ്യവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് എത്രയും വേഗം സമഗ്ര പരിഹാരം കാണണം. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.