കഥാ പഠനം
ഡോ. സജീവ് പി.പി.
എൻ.എസ്. മാധവന്റെ കഥകളുടെ വായന
അജീർണം ബാധിച്ച ജീവിതത്തിലേക്കുള്ള
പെനാൽറ്റി കിക്കുകൾ
പൊതുവെ യഥാതഥ ആഖ്യാനമാണ് മാധവന്റെ കഥകളില്‍ കാണുന്നതെങ്കിലും റിയലിസത്തിന്റെ പരമ്പരാഗത സങ്കല്‍പങ്ങളില്‍നിന്ന് അവ വഴിമാറി നടക്കുന്നതായി സ്പഷ്ടമായി കാണാം. ഫ്ലോബറിന്റെയും ബല്‍സാക്കിന്റെയും വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് മാധവന്‍ എന്ന് ഒരുപക്ഷേ നമ്മള്‍ തെറ്റിദ്ധരിച്ചെന്നിരിക്കും. എന്നാല്‍, ആ കഥകളുടെ ആത്മാവിലേയ്ക്ക് ഊളിയിട്ടാല്‍ കാണാന്‍ കഴിയുന്നത് മറ്റൊരു ലോകമാണ്.

ചെറുകഥ വാക്കുകളുടെ വാങ്മയചിത്രങ്ങളാണന്ന് പൊതുവെ പറയാറുണ്ട്. തീക്ഷ്ണമായ അനുഭവങ്ങളുടെ മിന്നലാട്ടങ്ങള്‍ കാച്ചിക്കുറുക്കിയും ഭാവസാന്ദ്രമായും അവതരിപ്പിക്കുകയെന്നത് മികച്ച കഥാകൃത്തുക്കളുടെ പൊതുസവിശേഷതയാണ്. കഥാപാത്രങ്ങളെ ഒറ്റയ്ക്കോ, കൂട്ടായോ തന്റെ കഥാലോകത്ത് സംഗമിപ്പിക്കുകയും അവരുടെ പരസ്പരസംഘര്ഷങ്ങളില്നിന്ന്കഥയ്ക്കാവശ്യമായ വൈകാരികാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് കഥകളിലൂടെ സാധിച്ചെടുക്കുന്നത്. യഥാതഥ ആഖ്യാനത്തിന്റെ ചടുലതയോ, ഫാന്റസിയുടെ വര്‍ണച്ചിറകുകളോ, മൃത്യുവാഞ്ചയോ, ചിരിയുടെ ലാസ്യലാവണ്യങ്ങളോ ഒക്കെ അതിന്റെ സൃഷ്ടിക്ക്അവലംബിക്കാറുണ്ട്. എന്‍.എസ്. മാധവന്റെ കഥാലോകത്തുകൂടി സഞ്ചരിക്കുമ്പോള്‍ വെളിവാകുന്ന ചില വസ്തുതകള്‍ ഇതില്‍നിന്നെല്ലാം തുലോം വ്യത്യസ്തമാണ്.
പൊതുവെ യഥാതഥ ആഖ്യാനമാണ് മാധവന്റെ കഥകളില്‍ കാണുന്നതെങ്കിലും റിയലിസത്തിന്റെ പരമ്പരാഗത സങ്കല്‍പങ്ങളില്‍നിന്ന് അവ വഴിമാറി നടക്കുന്നതായി സ്പഷ്ടമായി കാണാം. ജീവനുള്ള കഥാപാത്രങ്ങളും, പരിചിത സ്ഥലങ്ങളും, സംഭവ്യതയോടടുത്തുനില്‍ക്കുന്ന കഥാഗതിയും. ഫ്ലോബറിന്റെയും ബല്‍സാക്കിന്റെയും വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് മാധവന്‍ എന്ന് ഒരുപക്ഷേ നമ്മള്‍ തെറ്റിദ്ധരിച്ചെന്നിരിക്കും. എന്നാല്‍, ആ കഥകളുടെ ആത്മാവിലേയ്ക്ക് ഊളിയിട്ടാല്‍ കാണാന്‍ കഴിയുന്നത് മറ്റൊരു ലോകമാണ്. സാമൂഹികജീവിയായ മനുഷ്യന്റെ ഏകാന്തതയിലേക്കുള്ള പതനവും അതുവഴി ഉരുത്തിരിയുന്ന ആത്മസംഘര്‍ഷങ്ങളും കാല്‍പനികമായ ഒരു പ്രത്യേക വിതാനത്തിലേക്ക് മാധവന്റെ കഥകളെ ഉയര്‍ത്തുന്നതായി കാണാം.
മനുഷ്യന്റെ സ്വഭാവഘടനയുടെ വൈചിത്ര്യങ്ങള്‍ സമ്മോഹനമായി വിളക്കിച്ചേര്‍ത്തവയാണ് മാധവന്റെ കഥകള്‍ മിക്കതും. സോദ്ദേശ്യ സാഹിത്യത്തിന്റെ നിലയിലേക്ക് മാറിപ്പോകാതിരിക്കാനുള്ള ജാഗ്രത കഥാകൃത്ത് കാണിക്കുന്നുമുണ്ട്.
തീവ്രപ്രണയത്തിനും വന്യപ്രതികാരത്തിനും കൊതിക്കുന്ന കഥാപാത്രങ്ങള്‍ ആ കഥാലോകത്ത് കാണാം. നഗരത്തിന്റെ ഭ്രാന്തവേഗങ്ങള്‍ക്കിടയിലും ഒറ്റപ്പെടലിന്റെ വിമ്മിഷ്ടം അനുഭവപ്പെടുന്നവരും അതിലുണ്ട്. മനുഷ്യന്റെ സ്വഭാവഘടനയുടെ വൈചിത്ര്യങ്ങള്‍ സമ്മോഹനമായി വിളക്കിച്ചേര്‍ത്തവയാണ് മാധവന്റെ കഥകള്‍ മിക്കതും. സോദ്ദേശ്യ സാഹിത്യത്തിന്റെ നിലയിലേക്ക് മാറിപ്പോകാതിരിക്കാനുള്ള ജാഗ്രത കഥാകൃത്ത് കാണിക്കുന്നുമുണ്ട്.
‘ശിശു’: കാൻസർ സെല്ലുകളെ ഗർഭം ധരിക്കുന്ന വിമല
ശിശു* എന്ന കഥയില്‍ മരണത്തെക്കുറിച്ചുള്ള കാല്‍പനിക കാഴ്ചപ്പാടുണ്ട്. വിമലയുടെ ഉദരത്തില്‍ വളരുന്ന കാന്‍സര്‍ സെല്ലുകളെ ഗര്‍ഭസ്ഥശിശുവിനെ എന്നപോലെയാണ് അവള്‍ കാണുന്നത്. ഉന്മാദമെന്നോ, സ്വയം നഷ്ടപ്പെടലിന്റെ ആകുലതയെന്നോ വിളിക്കാവുന്ന മാനസികാവസ്ഥയിലെത്തിനില്‍ക്കുന്ന ഹരിയെന്ന അവളുടെ പങ്കാളി വിമലയില്‍ തന്റെ തന്നെ പ്രതിരൂപം സൃഷ്ടിക്കുമെന്ന് ആശിക്കുന്നു. അത് അശ്വത്ഥാമാവിനെപ്പെലെ സ്വയം മരണം ഏറ്റുവാങ്ങുന്ന ഒന്നായിരിക്കും എന്ന് പറയുന്നിടത്ത് മൃത്യുവിനോടുള്ള കാല്‍പനികാഭിനിവേശം വ്യക്തമാണ്. മനസ്സിന്റെ ഏതോ ഒരു വിതാനത്തില്‍ നില്‍ക്കുന്ന അയാള്‍, താന്‍ സ്വയം ഒരു അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ഭാവന ചെയ്യുന്നു. തന്റെ മുമ്പിലെ കുട്ടികളോട് അയാള്‍ക്ക് ചോദിക്കാനുള്ളത് ""മനുഷ്യന്റെ അരക്കെട്ടില്‍നിന്ന് മനുഷ്യന്‍ മാത്രമേ പിറക്കാവൂ എന്നുണ്ടോ?'' എന്നാണ്. ജനനത്തിന്റെ സ്വാഭാവികനീതിയെ തകിടംമറിക്കുന്ന ഒന്നാണ് ആ ചോദ്യം.

ജനനത്തെ അശ്വത്ഥാമാവ് എന്ന മരണബിംബത്തോട് വിളക്കിച്ചേര്‍ക്കുക വഴി ആസന്നമായ ഒരു ദുരന്തം വിളിച്ചോതുന്നുണ്ട് അത്. ""എന്റെ തൊലിയുടെ ചുളിവുകളില്‍, ഞാനുമായി പൊക്കിള്‍ക്കൊടികൊണ്ട് ബന്ധിതമായ, എന്റെ ചിന്തകളറിഞ്ഞ്, എന്റെ വിയര്‍പ്പില്‍നിന്ന്, അതു വളരുമ്പോള്‍, അതെന്റെ സന്തതിയാണ്. ഞാന്‍ അതിലൂടെ സാക്ഷാത്കാരം നേടും'' എന്ന വിമലയുടെ വാക്കുകളില്‍ അവള്‍ക്കുള്ളില്‍ വളരുന്ന അര്‍ബുദകോശങ്ങളുടെ കാല്‍പനികവും ഭ്രാമാത്മകവുമായ ഒരു ചിത്രമുണ്ട്. ക്ഷീരപഥം പോലെ അമൂര്‍ത്തമായി വയറില്‍ നെടുകെ പരന്നുശയിക്കുന്ന കാന്‍സര്‍ സെല്ലുകളെയാണ് വിമല ഗര്‍ഭം ധരിക്കുന്നത്. ഭീതിതമായ ഒരു അനുഭവത്തെ സവിശേഷമായ ആഖ്യാനചാതുരികൊണ്ട് മനോഹരമായ ഒരു കഥയായി പരിവര്‍ത്തനം ചെയ്യുകയാണ് ഈ കഥയിലൂടെ മാധവന്‍ ചെയ്യുന്നത്.
ചൂളൈമേടിലെ മരണഗന്ധം
ചൂളൈമേടിലെ ശവങ്ങള്‍ എന്ന കഥയിലും കാണാം മരണത്തിന്റെ ആസുരതാണ്ഡവം. രാഘവന്റെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ ചൂളൈമേടിലെ മരണഗന്ധമുള്ള അന്തരീക്ഷവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മരണം വളര്‍ച്ചയുടെ അനിവാര്യമായ ഒരു ഘട്ടമാണ്. നിശ്ചലതയില്നിന്ന്നിത്യതയിലേക്കുള്ള പ്രയാണവും, ഒരുവേള രക്ഷപ്പെടലുമാണത്. കഥയുടെ ആരംഭത്തില്‍ രാഘവന്‍ കണ്ടുമുട്ടുന്ന സുവിശേഷവേലക്കാരന്റെ വാക്കുകളില്‍ കഥയുടെ പ്രമേയത്തിലേക്കെത്തുന്ന ചില സൂചനകള്‍ കാണാം. ""ഒരു പ്രായം കഴിഞ്ഞാല്‍ നീ വളരുന്നില്ല മനുഷ്യാ'' എന്ന് അദ്ദേഹം രാഘവനോട് പറയുന്നു. വളര്‍ച്ചയുടെ ഈ നിശ്ചലതയാണ് ചൂളൈമേടിലെ കുട്ടികളുടെ അതിസാരത്തില്‍ ബിംബവത്കരിക്കപ്പെടുന്നത്. തങ്ങള്‍ക്കുചുറ്റുമുള്ള വിരസതയും, വളര്‍ച്ചയില്ലായ്മയും, ജീവിതം സമ്മാനിക്കുന്ന ഭീതിതമായ ക്രിയാശൂന്യതയും, മടുപ്പുമെല്ലാം ഒരതിസാരത്തിലെന്നപോലെ പുറത്തേക്ക് ഒലിച്ചുപോയി മരണമെന്ന നിത്യതയിലേക്ക് അഭയം തേടേണ്ട അവസ്ഥയിലാണ് ചൂളൈമേടിലെ ബാല്യം. രാഘവന്റെ അമ്മയുടെ പല്ലുകള്‍ വെപ്പുപല്ലുകള്‍ക്കു വഴിമാറുമ്പോള്‍ അവര്‍ക്കു സംഭവിക്കുന്ന രുചിഭേദത്തിലുമുണ്ട് വരാന്‍ പോകുന്ന അജീര്‍ണത്തിന്റെ സൂചനകള്‍. ""വല്ലാതെ തോന്നുന്നു (അതോ, എന്തോ മാതിരി തോന്നുന്നു എന്നാണോ അമ്മ പറഞ്ഞത്?).'' അമ്മയുടെ വാക്കുകള്‍ രാഘവന്റെ ഓര്‍മകളില്‍ ചില സന്ദിഗ്ധാവസ്ഥകള്‍ സൃഷ്ടിക്കുന്നു. രാഘവന്റെ ജീവിതത്തിലെ അനിശ്ചിതത്വത്തിലും സമാനമായ സന്ദിഗ്ധാവസ്ഥ കാണാം. രാഘവന്റെ പങ്കാളി തെരേസ അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്ന് അകന്നുപോയിരിക്കുന്നു. ചേരിയിലെ ജീവിതങ്ങളെക്കുറിച്ചുള്ള തീസിസ് തയ്യാറാക്കുക എന്ന അവളുടെ ലക്ഷ്യം കൈവരിച്ചതിനുശേഷം രാഘവനില്‍നിന്നും തെരേസ അകന്നുപോകുന്നു. വൈകാരികമായ ഒരജീര്‍ണം അവിടെയും സംഭവിച്ചിരിക്കാം. സുവിശേഷവേലക്കാരന്‍ പറഞ്ഞതുപോലെ ഒന്നും ഒരുപരിധിവിട്ട് വളരുന്നില്ല.
ചൂളൈമേടിലെ മരണതാണ്ഡവം അറമുകത്തോടെയാണ് തുടങ്ങുന്നത്. രാത്രി നുങ്കംപാക്കം റെയില്‍വേസ്റ്റേഷനില്‍നിന്ന് വണ്ടിയിറങ്ങിവരുമ്പോള്‍ ചാളയിലെ കുട്ടികള്‍ക്കായി രാഘവന്‍ വേവിച്ച കടല വാങ്ങിക്കുമായിരുന്നു. ആ കടലയ്ക്കായി കുട്ടികള്‍ രാഘവനെ കാത്തുനില്‍ക്കുമായിരുന്നു. കുറച്ചുദിവസങ്ങളായി കുട്ടികളെ കാണാഞ്ഞപ്പോള്‍ കാരണമാരാഞ്ഞ രാഘവനോട് എല്ലാവര്‍ക്കും വയറ്റിളക്കമാണന്ന് ടോങ്കക്കാരന്‍ കണ്ണന്‍ പറയുന്നു. അജീര്‍ണം ബാധിച്ച അഭിശപ്ത ബാല്യങ്ങളുടെ ഒഴിഞ്ഞുപോക്കായിരുന്നു അത്. കാമുവിന്റെ പ്ലേഗില്‍ നടനമാടുന്ന മഹാമാരിയുടെ ഒരു വിദൂരഛായ ഇവിടെ ദര്‍ശിച്ചാല്‍ തെറ്റില്ല. വ്യവസായ വിപ്ലവാനന്തരം യൂറോപ്പിനെ ബാധിച്ച വികാരരാഹിത്യത്തെയും സാമൂഹികമായ തിന്മകളെയും സൂചിപ്പിക്കാന്‍ വേണ്ടിയാണ് കാമു ആ കൃതിയില്‍ ശ്രമിച്ചത്. ചൂളൈമേടിലെ ബാല്യങ്ങളുടെ ഒഴിഞ്ഞുപോക്കും ഏതാണ്ട് അതേ ധര്‍മമാണ് നിര്‍വഹിക്കുന്നത്. ""കുട്ടികള്‍ വീട്ടില്‍നിന്ന് പുറത്തേയ്ക്കുപോകുന്നത് അപ്പോഴേയ്ക്കും നിര്‍ത്തിയിരുന്നു. അവര്‍ നിലത്തുകിടന്നു പാതിമയക്കത്തില്‍ തൂറി. അവരുടെ ദേഹത്ത് ഈച്ചകള്‍ ഇണചേര്‍ന്നു'' എന്നിടത്ത് ഒരു മഹാമാരിയുടെയും അതിന്റെ ഇരകളെയും കുറിച്ചുള്ള സൂചനകള്‍ വ്യക്തമാണ്.
രാഘവന്റെ സാന്നിധ്യം അനിവാര്യമാക്കുന്നതെന്ത് എന്നിടത്ത് മൗനം പാലിക്കുകയാണ് കഥാകൃത്ത്. ചാളയിലെ ജീവിതത്തിനുള്ളില്‍ ഏകാന്തതയുടെ ഒരു തുരുത്ത് സൃഷ്ടിച്ച് രാഘവനെ അതില്‍ പ്രതിഷ്ടിക്കുകയാണോ കഥാകൃത്ത് ചെയ്യുന്നത്?
അറുമുകത്തിനു പിന്നാലെ മറ്റ് കുട്ടികളും യാത്രയാവുന്നു. അപ്പോഴേയ്ക്കും ചാളയിലെ ആളുകള്‍ "ഉലകമേ മായം, വാഴ്‌വേ മായം, മാരിയമ്മന്‍ തുണൈ' എന്നിങ്ങനെ വിലപിക്കാന്‍ തുടങ്ങിയിരുന്നു. മരണത്തിന്റെ താണ്ഡവം പിന്നീട് അതിന്റെ അനിവാര്യമായ സ്വാഭാവികതയിലേക്ക് നീങ്ങുന്നു. മരണം ആഘോഷത്തിലേയ്ക്കും മൃഷ്ടാന്നഭോജനത്തിലേയ്ക്കും വഴിമാറി. ആ ഭോജനത്തില്‍ രാഘവനും പങ്കുചേരുന്നു. ബീഡി തെറുക്കുന്ന കുമാരന്റെ മരണത്തോടെ ചൂളൈമേട് നിസ്സംഗതയിലേക്ക് വീഴുന്നു. മുമ്പിലേക്കുവരുന്ന അലൂമിനിയം തട്ടിലേയ്ക്ക് നാണയങ്ങളും നോട്ടുകളും വന്നുവീഴുന്നത് കുറഞ്ഞുവന്നു. ബാല്യത്തില്‍നിന്നും വിട്ട് മരണം മുതിര്‍ച്ചയിലേക്കു തിരിഞ്ഞതോടെ ഒരു വൃത്തം പൂര്‍ണമാകുന്നു. വയസ്സന്‍ ഇമ്മന്‍ മരിച്ചതോടുകൂടി അഘോഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. ഇതിനിടയില്‍ രാഘവന്റെ മാനസികവ്യാപാരത്തെക്കുറിച്ച് അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നു കഥാകൃത്ത്. രാഘവന്റെ ചൂളൈമേടിലേക്കുള്ള വരവും അതിന്റെ ഉദ്ദേശ്യങ്ങളും കഥയില്നിന്ന്മാറിനില്ക്കുന്നു. ചൂളൈമേടിലെ മരണങ്ങള്‍ക്ക് സാക്ഷിയാവാന്‍ വേണ്ടിയാണോ രാഘവന്റെ വരവെന്ന് നാം സന്ദേഹിക്കുന്നു. രാഘവന്റെ സാന്നിധ്യം അനിവാര്യമാക്കുന്നതെന്ത് എന്നിടത്ത് മൗനം പാലിക്കുകയാണ് കഥാകൃത്ത്.

ചാളയിലെ ജീവിതത്തിനുള്ളില്‍ ഏകാന്തതയുടെ ഒരു തുരുത്ത് സൃഷ്ടിച്ച് രാഘവനെ അതില്‍ പ്രതിഷ്ടിക്കുകയാണോ കഥാകൃത്ത് ചെയ്യുന്നത്? ""ഇനി എത്രപേര്‍ മരിച്ചാല്‍ ചൂളൈമേട് കാലിയാകും'' എന്ന മുരുകന്റെ ചോദ്യത്തിന് ""പാവപ്പെട്ടവരുടെ മരണം ആത്മഹത്യകളാണ്, കീഴടങ്ങലുകള്‍'' എന്ന് രാഘവന്‍ മറുപടി പറയുന്നു. വൈകാരികമായൊരു ഏകാന്തതയുടെ ധ്വനനശക്തി ആ വാക്കുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. തുടര്‍ന്ന് രാഘവന് തന്റെ അമ്മയുടെയും തെരേസയുടെയും മടിയില്‍ കിടക്കുകയാണന്ന് തോന്നുന്നു. ആകാശത്തില്‍ പടര്‍ന്ന നൂലേണികളിലൂടെ ദേവപുത്രന്‍മാര്‍ മുകളിലേക്കു കയറുന്നു. അയാള്‍ ഉറക്കച്ചടവില്‍ അമ്മയുടെ, തെരേസയുടെ വയറിന്റെ മടക്കുകള്‍ക്കിടയല്‍ കിടന്നുകൊണ്ടു തൊട്ടു. ആ മടക്കുകളില്‍നിന്നും സംഗീതമുയര്‍ന്നു. തന്റെ ഉല്പത്തിയുടെ ആദ്യനാളുകളിലേയ്ക്ക്; തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക്, അതുവഴി സ്വര്‍ഗീയമായ ആ ഏകാന്തതയിലേക്ക് തിരിച്ചുപോകാനുള്ള അദമ്യമായ ഒരാഗ്രഹം രാഘവനില്‍ നിറഞ്ഞിരിക്കുന്നതുപോലെ നമുക്കുതോന്നും.
വൈകാരികമായ ഏകാന്തതയിലേയ്ക്കു പതിയ്ക്കുന്നവനെ ഉണര്‍ത്താന്‍ ഇതിഹാസത്തിലെ ശംഖനാദങ്ങള്‍പോലെ ചിലത് വേണ്ടിവന്നേക്കാം എന്ന് സൂചിപ്പിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഘടനകൊണ്ടും ആവിഷ്‌ക്കാരം കൊണ്ടും അസാധാരണത്വം പുലര്‍ത്തുന്ന കഥയാണ് ചൂളൈമേടിലെ ശവങ്ങള്‍.
ഗീവര്‍ഗീസ് അച്ചന്റെ പെനല്‍റ്റി കിക്ക്
ഹിഗ്വിറ്റ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ്. പീറ്റര്‍ ഹാന്‍കെ (Peter Handke)യുടെ ജര്‍മന്‍ നോവലായ ‘പെനാല്‍ട്ടി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത’യെ സൂചിപ്പിച്ചാണ് കഥ തുടങ്ങുന്നത്. ജോസഫ് ബ്ലോഹ് എന്ന ഗോള്‍കീപ്പര്‍ കാരണമില്ലാതെ നടത്തുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ഹാന്‍കെയുടെ നോവല്‍ വികസിപ്പിക്കുന്നത്. ഹിഗ്വിറ്റയിലെ ഗീവര്‍ഗീസച്ചന്‍ ആ നോവലിനെകുറിച്ച് ഏറിയാല്‍ ഒന്നോ രണ്ടോ തവണ ഫാദര്‍ കപ്രിയാറ്റിയില്നിന്ന്കേട്ടിട്ടുണ്ടായിരുന്നു. ഫുട്‌ബോള്‍ ഗീവര്‍ഗീസ് അച്ചന്റെ പൂര്‍വാശ്രമവുമായി ബന്ധപ്പെട്ട കളിയാണ്. നാട്ടിലെ പ്രമുഖ സെവന്‍സ് കളിക്കാരനായിരുന്നു ഗീവര്‍ഗീസ്. കൊളംബിയന്‍ ഗോള്‍കീപ്പറായിരുന്ന ഹിഗ്വിറ്റയുടെ പേര് കഥയ്ക്ക് നല്‍കിയതിലൂടെ വളരെ സമര്‍ഥമായി ചില കലാംശങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നുണ്ട് കഥാകൃത്ത്. ഹിഗ്വിറ്റയെന്ന കളിക്കാരന്റെ പ്രത്യേകതയാര്‍ന്ന ശൈലികൊണ്ട് അദ്ദേഹം "കിറുക്കന്‍' എന്നാണ് ഫുട്‌ബോള്‍ ലോകത്ത് അറിയപ്പെടുന്നത്. വലകാക്കുന്ന കളിക്കാരന്‍ സന്ദര്‍ഭത്തിനുയര്‍ന്ന് അപരന്റെ വല കുലുക്കുക എങ്ങനെയെന്ന് ഹിഗ്വിറ്റ ഫുട്‌ബോള്‍ ആരാധകരെ കാണിച്ചുകൊടുത്തു. 1990-ലെ ലോകകപ്പില്‍ കാമറൂണിനെതിരെയുള്ള ചരിത്രപ്രസിദ്ധമായ ആ സെല്‍ഫ്‌ഗോള്‍ പിറന്നതോടെ ഗോളി എന്നത് ഒരു രൂപകാലങ്കാരത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നു.

കഥാരംഭത്തിലെ ജര്‍മന്‍ നോവലും ഹിഗ്വിറ്റ എന്ന പേരും രണ്ടുതരത്തിലുള്ള ധ്വനിചിഹ്നങ്ങളാണ് കഥയ്ക്കുനല്‍കുന്നത്- മനുഷ്യനില്‍ അന്തര്‍ലീനമായ അക്രമവാസനയും, സാന്ദര്‍ഭികമായി ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന ആക്രമണോത്സുകതയും. ഇതുരണ്ടും ഒറ്റ കഥാപാത്രത്തില്‍ സന്നിവേശിപ്പിച്ചതാണ് കഥാകൃത്ത് കാണിച്ച മിടുക്ക്. തെക്കന്‍ ഡൽഹിയിലെ ഒരു ചെറിയ ഇടവകയിലെ വികാരിയാണ് ഗീവര്‍ഗീസ് അച്ചന്‍. ലൂസി മരണ്ടി എന്ന ആദിവാസി പെണ്‍കുട്ടി അച്ചനെ കാണാന്‍ ഇടയ്ക്കിടെ വരാറുണ്ട്. ജബ്ബാര്‍ എന്ന യുവാവ് പ്രണയാഭ്യര്‍ഥനയുമായി അവളുടെ പിന്നാലെയുണ്ട്. ലൂസിയെ മാംസക്കമ്പോളത്തില്‍ വില്‍ക്കുക എന്നതാണ് ജബ്ബാറിന്റെ ലക്ഷ്യം. റാഞ്ചിയില്‍നിന്ന് ജബ്ബാര്‍ അവളെ ഡൽഹിയില്‍ എത്തിച്ചതും അതിനുവേണ്ടിത്തന്നെ.
ളോഹയുടെ പരിമിതിയില്‍നിന്ന് ഗീവര്‍ഗീസ് അച്ചന്‍ പുറത്തുകടന്നു. ലോകം മുഴുവന്‍ നെഞ്ചേറ്റിയ ഒരു കളിക്കാരന്റെ മനോനിലയെ സമര്‍ഥമായി സൂപ്പര്‍ ഇംപോസ് ചെയ്ത് മാധവന്‍ നെയ്‌തെടുത്ത കഥാപാത്രമാണ് ഗീവര്‍ഗീസ് അച്ചന്‍.
മഞ്ഞയില്‍ ചുവന്ന പുള്ളിയുള്ള സല്‍വാറും, ചുവന്ന നെക്ലേസും, അവളുടെ കാപ്പിരിച്ചുണ്ടിലണിയാന്‍ കറുത്ത ലിപ്സ്റ്റിക്കുമെല്ലാം അവന്‍ അവള്‍ക്ക് വാങ്ങിക്കൊടുത്ത് അവളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഏതോ ആന്തരികശക്തിയാല്‍ അവള്‍ അവന്റെ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നു. ജബ്ബാറില്‍നിന്ന് രക്ഷപ്പെട്ട അവള്‍ തെക്കന്‍ ഡൽഹിയിലുള്ള ഒരു വീട്ടില്‍ വേലയ്ക്ക് നില്‍ക്കുന്നുണ്ടെങ്കിലും അവന്‍ അവളെ കണ്ടത്തുകതന്നെ ചെയ്തു.
ജബ്ബാറില്‍നിന്ന് ലൂസിയെ രക്ഷിക്കുക എന്ന ദൗത്യമാണ് ഗീവര്‍ഗീസ് അച്ചനുമുന്നില്‍ ഇപ്പോഴുള്ളത്. ജര്‍മന്‍ നോവലിലെ ജോസഫ് ബ്ലോഹിനെപ്പോലെ ആന്തരികമായ അക്രമവാസന പേറുന്ന കഥാപാത്രമാണ് ജബ്ബാര്‍. അവനെ തടയുന്നതിനായി തന്റെ ളോഹ നിശ്ചയിക്കുന്ന പരിമിതികള്‍ക്കപ്പുറം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട് ഗീവര്‍ഗീസ് അച്ചന്. ഇവിടെയാണ് ഹിഗ്വിറ്റ എന്ന കളിക്കാരന്റെ പേര് അന്വര്‍ഥമാകുന്നത്. ഗോള്‍വലയ്ക്കുമുമ്പിലെ ഏകാന്തത വിട്ട് കളിസ്ഥലത്തിന്റെ മധ്യത്തിലെ ആരവങ്ങളിലേക്ക് എടുത്തുചാടിയ ആ കൊളംബിയന്‍ കളിക്കാരനെപ്പോലെയായിത്തീരുന്നു ഗീവര്‍ഗീസ് അച്ചന്‍. അച്ചനില്‍നിന്ന് പഴയ ഗീവര്‍ഗീസിലേക്ക്, പഴയ പി.ടി. മാഷിന്റെ മകനിലേക്കുള്ള പരകായപ്രവേശമാണ് ഇനി നടക്കാന്‍ പോകുന്നത്. കാലന്‍ റപ്പായി ക്യാപ്റ്റനായുള്ള കുന്നംകുളം എച്ച്.എസ്സിനെ തോല്‍പ്പിച്ച പഴയ ആ വീറും വാശിയും കെടാതെ ഇനിയും അവശേഷിക്കുന്നുണ്ട് ഗീവര്‍ഗീസില്‍. അച്ഛന്റെ വിലക്കുലംഘിച്ച് ഗീവര്‍ഗീസ് കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ പന്തയക്കാരുടെ ആര്‍പ്പുവിളിയില്‍ സെവന്‍സ് കളിക്കാനിറങ്ങുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ടി.വി.യില്‍ കാണുമ്പോള്‍ ഗോളികളിലായിരുന്നു ഗീവര്‍ഗീസ് അച്ചന്റെ ശ്രദ്ധ. പെനല്‍റ്റി കിക്കുകള്‍ തന്നെയാണ് ഗോളികളെക്കുറിച്ച് പഠിക്കുവാന്‍ പറ്റിയ മാധ്യമം എന്ന് ഗീവര്‍ഗീസ് അച്ചന്‍ ഉള്ളില്‍ പറയുന്നു.

ലൂസിയെ നിരന്തരം പിന്‍തുടരുന്ന ജബ്ബാറിനെ നേരിടാന്‍ തന്നെ ഗീവര്‍ഗീസ് അച്ചന്‍ തീരുമാനിക്കുന്നു. ഒടുവിലത്തെ ദിവസം തന്റെ ളോഹ ഊരിവെച്ച് ലൂസിയെയും കൂട്ടി സ്‌കൂട്ടറില്‍ അവര്‍ ജബ്ബാര്‍ താമസിക്കുന്ന ഷുക്കൂര്‍പൂര്‍ ബസ്തിയുടെ അടുത്തുള്ള വീട്ടിലെത്തുന്നു.
വാതിലില്‍ മുട്ടിയപ്പോള്‍തന്നെ ജബ്ബാര്‍ തുറന്നു. അയാളുടെ കണ്ണുകള്‍ ലൂസിയില്‍ മാത്രമായിരുന്നു. ആ കണ്ണുകള്‍ അച്ചനെ രേഖപ്പെടുത്തുവാന്‍ വിസമ്മതിച്ചു. കഥയില്‍ നാടകീയത അതിന്റെ ഉച്ഛാവസ്ഥയില്‍ എത്തുന്നത് ഇവിടെയാണ്.
""നീ അകത്തു കയറുന്നോ'' എന്ന ജബ്ബാറിന്റെ ലൂസിയോടുള്ള ചോദ്യത്തിന് നിഷേധഭാവത്തിന്‍ അച്ചനാണ് ഉത്തരം പറയുന്നത്. തലശ്ശേരിക്കടുത്ത് ഒരു വയലില്‍ സെവന്‍സ് കാണാനെത്തിയവരുടെ വായില്‍നിന്നുയരുന്ന "ഗീവറീതേ' എന്ന ആരവം അച്ചന്റെ കാതില്‍ അപ്പോള്‍ മുഴങ്ങി. അച്ചന്‍ ഹിഗ്വിറ്റയായി ജബ്ബാറിനെ തൊഴിച്ചു. നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കില്‍ നിന്നെ ഡൽഹിയില്‍ കണ്ടുപോകരുതെന്ന് അവനെ ശാസിച്ചു. അവന്‍ അനുസരിച്ചു.
ളോഹയുടെ പരിമിതിയില്‍നിന്ന് ഗീവര്‍ഗീസ് അച്ചന്‍ പുറത്തുകടന്നു. ലോകം മുഴുവന്‍ നെഞ്ചേറ്റിയ ഒരു കളിക്കാരന്റെ മനോനിലയെ സമര്‍ഥമായി സൂപ്പര്‍ ഇംപോസ് ചെയ്ത് മാധവന്‍ നെയ്‌തെടുത്ത കഥാപാത്രമാണ് ഗീവര്‍ഗീസ് അച്ചന്‍. കണ്ണിന് കണ്ണ് എന്ന അച്ചന്റെ നയം; പക്ഷെ താന്‍ പഠിച്ച ബൈബിള്‍ വാക്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. അകാരണമായി മനുഷ്യനില്‍ വന്നുനിറയുന്ന ഹിംസയുടെ ശമനത്തിന് ഹിംസയുടെ മാര്‍ഗം തന്നെ അവലംഭിക്കുക എന്ന സാമാന്യ ലോകനീതിയാണ് ഗീവര്‍ഗീസ് അച്ചന്‍ കൈക്കൊള്ളുന്നത്. നിര്‍വചനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതമായ ഹിംസയുടെ ലോകം കാണിച്ചുതരുന്നുണ്ട് പീറ്റര്‍ ഹാന്‍കെയുടെ നോവല്‍. ജബ്ബാറിന്റെ ഉള്ളിലെ ഹിംസാത്മകതയ്ക്ക് ഉപരിപ്ലവമായി കാണുന്ന കാരണങ്ങളെക്കാള്‍ ആന്തരികമായ ചില കാരണങ്ങളുണ്ട്. പള്ളിയുടെയും പുരോഹിതവര്‍ഗത്തിന്റേയും സ്ഥാപനവത്കരിക്കപ്പെട്ട ശാന്തിമന്ത്രങ്ങള്‍ കൊണ്ട് നേരിടാന്‍ വയ്യാത്തവിധം പരുക്കനായ ഒന്നാണത്. ഗോള്‍വല വിട്ട് മധ്യഭാഗത്തേയ്ക്ക് ഇറങ്ങിക്കളിച്ച ആ ഇതിഹാസതാരത്തെപ്പോലെ ഗീവര്‍ഗീസ് അച്ചനും തന്റെ അസാധാരണമായ പ്രതികരണത്തിലൂടെ കാണിച്ചുതരുന്നതും അതുതന്നെയാണ്.
മഠത്തിന്റെ ചിട്ടവട്ടങ്ങള്‍ വിവരിക്കുമ്പോള്‍ ഒരുതരം അലസമായ ഹാസ്യം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതുകാണാം. ദൈവവേല ചെയ്യാന്‍ അശക്തരായ കന്യാസ്ത്രീകളെ പുറംതള്ളാനുള്ള ഒരു കേന്ദ്രമായി ആ മഠത്തിനെ വായനക്കാര്‍ മനസ്സിലാക്കിയാല്‍ തെറ്റില്ല
ശാരീരികമായി ബാധിക്കുന്ന ചരിത്രം
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച ഒരു അതിക്രമത്തിന്റെ അനുരണനം പേറുന്ന കഥയാണ് "വന്‍മരങ്ങള്‍ വീഴുമ്പോള്‍'. 1984-ലെ ഇന്ദിരാഗാന്ധി വധവും അതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപവുമാണ് കഥയുടെ പശ്ചാത്തലം. നിയുക്ത പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വായില്‍നിന്ന് വീണ ഒരു വാചകമാണ് കറുത്ത ഹാസ്യത്തിന്റെ പ്രതിഫലനമെന്നോണം കഥയില്‍ മുഴങ്ങുന്നത്. ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങാറുണ്ട്’ എന്ന കുപ്രസിദ്ധമായ ആ വാചകം ഇന്ത്യയിലെ ഒരു ന്യൂനപക്ഷത്തിന് മരണവാറണ്ടായി മാറുകയായിരുന്നു.
രാഷ്ട്രീയപ്രമേയം കൈകാര്യം ചെയ്യുന്ന കഥയാണങ്കിലും അത്തരം കഥകള്‍ക്കുവേണ്ടുന്ന ഗൗരവപ്രകൃതി ഈ കഥയില്‍ ദൃശ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മീററ്റിലെ കന്യാസ്ത്രീ മഠവും അവിടുത്തെ അന്തേവാസികളും ചേര്‍ന്നൊരുക്കുന്ന ലാഘവത്വമാര്‍ന്ന അന്തരീക്ഷമാണ് കഥയ്ക്കുള്ളത്. പ്രായംചെന്ന, ജീവിതാന്ത്യം അടുത്ത കന്യാസ്ത്രീകളുടെ പുനരധിവാസകേന്ദ്രമായാണ് ആ മഠം പ്രവര്‍ത്തിക്കുന്നത്. ആ മഠത്തിന്റെ ചിട്ടവട്ടങ്ങള്‍ വിവരിക്കുമ്പോള്‍ ഒരുതരം അലസമായ ഹാസ്യം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതുകാണാം. ദൈവവേല ചെയ്യാന്‍ അശക്തരായ കന്യാസ്ത്രീകളെ പുറംതള്ളാനുള്ള ഒരു കേന്ദ്രമായി ആ മഠത്തിനെ വായനക്കാര്‍ മനസ്സിലാക്കിയാല്‍ തെറ്റില്ല. ദൈവവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവസാനനാളില്‍ കരുതിവെച്ചിരിക്കുന്നത് ഇത്തരം പുറംതള്ളല്‍കേന്ദ്രമാണെന്ന ധ്വനിയാണ് അതില്‍ ആക്ഷേപഹാസ്യമായി വര്‍ത്തിക്കുന്നത്.

സിസ്റ്റര്‍ അഗതയെന്ന ചെറുപ്പക്കാരിയായ സഭാംഗമാണ് മഠത്തിലെ കാര്യദര്‍ശി. സഭയാല്‍ വളര്‍ത്തപ്പെട്ടവളായതുകൊണ്ട് സിസ്റ്റര്‍ അഗതയില്‍ സഹാനുഭൂതി കൂടുതലായുണ്ട്. ഇന്ദിരാഗാന്ധിയ്ക്ക് വെടിയേറ്റ വിവരം തോമസ്സച്ചനാണ് മഠത്തില്‍ അറിയിക്കുന്നത്. അവിടുത്തെ അന്തേവാസികളില്‍ അത് ഭയത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നു. ടി.വി.യില്‍ ഇന്ദിരാഗാന്ധിയുടെ വിലാപയാത്ര കാണുമ്പോള്‍ എലിസബത്തന്‍ നാടകങ്ങളിലെ കോമിക് റിലീഫ് പോലുള്ള ചില സന്ദര്‍ഭങ്ങള്‍ കഥാകൃത്ത് ഒരുക്കുന്നുണ്ട്. വിലാപയാത്ര കാണുന്ന സിസ്റ്റര്‍ സിസിലി അത് മറ്റുള്ളവര്‍ക്കായി വിവരിച്ചുകൊടുക്കുന്നു. ഇത് കേള്‍ക്കുമ്പോള്‍ സിസ്റ്റര്‍ അഗതയില്‍ ചില പ്രത്യേക മാനസികസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ടന്ന് ഈ വരികളിലൂടെ മനസ്സിലാക്കുന്നു.
""ഇപ്പോള്‍ ദില്ലിയിലെ വിജയ് ചൗക്കിലൂടെ ഇന്ദിരാഗാന്ധിയടെ അന്ത്യയാത്ര നീങ്ങുകയാണ്. അതുതന്നെ ടി.വി.യില്‍ ദ്വിമാനമായി ആവര്‍ത്തിക്കുന്നു. ടി.വി.യിലെ അതേ ചിത്രങ്ങള്‍ സിസ്റ്റര്‍ സിസിലിയുടെ വാക്കുകളായി മാറുന്നു. ഒരേ ദുരന്തം മൂന്നുതട്ടുകളില്‍ ആടുന്നത് എനിക്ക് അധികനേരം സഹിച്ചിരിക്കുവാന്‍ കഴിഞ്ഞില്ല. എന്റെ കുടലിന്റെ പേശികള്‍ വലിഞ്ഞു. ഞാന്‍ വാഷ്‌ബേസിനില്‍ കുനിഞ്ഞുനിന്നു ചര്‍ദിച്ചു. ജീവിതത്തില്‍ ആദ്യമായി ചരിത്രം എന്നെ ശാരീരീകമായി ബാധിച്ചു''.
ഇരകളെ സൃഷ്ടിക്കുവാനുള്ള ചരിത്രത്തിന്റെ നിയോഗമാണോ അഗതയുടെ ഈ മാനസികാവസ്ഥയിലൂടെ വെളിവാകുന്നത്? ചരിത്രം ശാരീരികമായി ബാധിക്കുന്ന എത്രയോ ബീഭത്സമായ ചിത്രങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടുണ്ട്. മീററ്റിലും ദില്ലിയിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ലാഘവത്വത്തോടെയാണ് കഥാകൃത്ത് തന്റെ കഥയില്‍ അത് ആവിഷ്‌കരിക്കുന്നതെങ്കിലും അതിന് അതിന്റേതായ ഒരു ഉള്‍ക്കനമുണ്ടന്ന് വായനക്കാര്‍ക്ക് അറിയാന്‍ പറ്റും.
രാഷ്ട്രീയ കഥയുടെ ഗൗരവം സൃഷ്ടിക്കാന്‍ പരാജയപ്പെടുമ്പോഴും ബിംബങ്ങളുടെ ഫലപ്രദമായ പ്രയോഗംകൊണ്ടും സരളമായ ആഖ്യാനംകൊണ്ടും ശ്രദ്ധേയമായ കഥയാണ് വന്‍മരങ്ങള്‍ വീഴുമ്പോള്‍.
മഠത്തിലെ പിരിമുറുക്കത്തിന്റേതായ ഈ അന്തരീക്ഷത്തിലേയ്ക്കാണ് കലാപകാരികളില്‍നിന്ന് രക്ഷപ്പെട്ട് ഓടിയെത്തുന്ന ജഗ്ഗിയും അവന്റെ അമ്മയും എത്തിച്ചേരുന്നത്. ആശ്രമത്തിലേക്ക് അവരെ പ്രവേശിപ്പിച്ചതിനുശേഷം അവരില്‍ ഒരു സുരക്ഷിതബോധം സൃഷ്ടിക്കാന്‍ സിസ്റ്റര്‍ അഗതയ്ക്കും കൂട്ടാളികള്‍ക്കും കഴിയുന്നുണ്ട്. ""ഈശോ, നീ ഞങ്ങള്‍ക്ക് കരുണ ചെയ്യാന്‍ അവസരങ്ങള്‍ തരുന്നു'' എന്ന സിസ്റ്റര്‍ അഗതയുടെ വാക്കുകളില്‍ സഹാനുഭൂതിയേക്കാളും ഹാസ്യമാണ് നിഴലിക്കുന്നത്. ദാരിദ്ര്യവും കലാപവും തങ്ങളുടെ ദൈവവേലയുടെ അവസരങ്ങളായി പരിവര്‍ത്തനപ്പെടുത്തുന്ന വ്യവസ്ഥാപിത ദൈവസഭകളുടെ സ്വാര്‍ഥം ഗൂഢമായി അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
ജഗ്ഗിക്ക് അവര്‍ പാലും റൊട്ടിയും കൊടുക്കുന്നു. അതെല്ലാം അവന്‍ ആര്‍ത്തിയോടെ തിന്നു. എന്നാല്‍ സിസ്റ്റര്‍ ആഞ്ചലിക്ക അവന്റെ ശിരോമകുടത്തില്‍ തൊട്ടപ്പോള്‍ അവന്റെ ഭാവം മാറി. സിക്കുകാരന്റെ സ്വത്വത്തിന്റെ പ്രതീകമായ മുടിയില്‍ തൊട്ടുകളിക്കുമ്പോള്‍ അവന്റെ വംശീയബോധം സടകുടഞ്ഞെഴുനേല്‍ക്കുന്നു.

കഥയുടെ അവസാനം ജഗ്ഗിയെയും അവന്റെ അമ്മയെയും സിസ്റ്റര്‍മാര്‍ ഒരു ആംബുലന്‍സിലാണ് രക്ഷപ്പെടുത്തി റെയില്‍വേസ്റ്റേഷനില്‍ എത്തിക്കുന്നത്. അതിനായി അവര്‍ ബലം പ്രയോഗിച്ച് ജഗ്ഗിയുടെ മുടി മുറിച്ചുകളയുന്നു. എന്നിട്ട് അവനെ ഒരു ശവപ്പെട്ടിയില്‍ കിടത്തുന്നു. ജഗ്ഗിയുടെ അമ്മ ഒരു കന്യാസ്ത്രീയുടെ വേഷത്തില്‍ അവരെ അനുഗമിക്കുന്നു. മുടിമുറിച്ച ജഗ്ഗിയെ കിടത്താന്‍ ശവപ്പെട്ടി ഉപയോഗിക്കുന്നത് ധ്വനിസാന്ദ്രമായ ഒരു വിവരണമാണ്. സ്വത്വം നശിച്ചവന്‍ ശവത്തിനുതുല്യം എന്നൊരു കാഴ്ചപ്പാട് അതിനകത്തുണ്ട്. ഒരു ജനതയുടെ സ്വത്വപ്രതിസന്ധി തന്നെയാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്.
രാഷ്ട്രീയകഥയുടെ ഗൗരവം സൃഷ്ടിക്കാന്‍ പരാജയപ്പെടുമ്പോഴും ബിംബങ്ങളുടെ ഫലപ്രദമായ പ്രയോഗംകൊണ്ടും സരളമായ ആഖ്യാനംകൊണ്ടും ശ്രദ്ധേയമായ കഥയാണ് വന്‍മരങ്ങള്‍ വീഴുമ്പോള്‍.
അധികാരത്തിന്റെ ഭീമാകാരത്വം
സാമൂഹികമായ ആക്ഷേപഹാസ്യം നിഴലിക്കുന്ന കഥയാണ് ‘വിലാപങ്ങള്‍'. ആര്‍ത്തി മൂത്ത ഭരണാധികാരിയില്‍നിന്നും രക്ഷതേടി പാലായനംചെയ്യുന്ന ഒരു ജനതയുടെ മങ്ങിയതെങ്കിലും ശക്തമായ ചിത്രമുണ്ട് ഈ കഥയില്‍. ബൈബിളിലെ വിലാപങ്ങള്‍ എന്ന ഭാഗത്തെ ഒരു സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. ജനപൂര്‍ണമായിരുന്ന ഒരു നഗരം എങ്ങനെ ഏകാന്തമായി തീര്‍ന്നു എന്നാണ് ആ സൂക്തം അന്യേഷിക്കുന്നത്. മുസൂറി എന്ന ദ്വീപ് പരീക്കുട്ടി എന്ന പെരുമാളിന്റെ വാഴ്ചയെത്തുടര്‍ന്ന് എങ്ങനെ ഒരു ഏകാന്തമായ ദ്വീപായിതീര്‍ന്നു എന്നതിന്റെ ഉത്തരം കഥാവസാനം നമുക്ക് ലഭിക്കും.
തന്റെ മകനില്‍നിന്ന് യൗവനം ഇരന്നുവാങ്ങിയ യയാതിയെപ്പോലെ തൊണ്ണുറ്റി ഏഴാം വയസ്സിലും പെരുമാള്‍ ഭോഗാലസമായ ജീവിതം കാംക്ഷിക്കുന്നു. പിതാവിന്റെ വൈകാരികാധിനിവേശത്തിന് ഇരയായ മകന്റെ മനോനില തെറ്റി ഭ്രാന്തനായി തീര്‍ന്നതായിരുന്നു അതിന്റെ പരിണിതഫലം.
പെരുമാളിന്റെ ബലം അദ്ദേഹത്തിന്റെ വൈദ്യര്‍ വാര്യര്‍ ആണ്. ആരൊക്കെ വിട്ടുപോയാലും വാര്യര്‍ ഉണ്ടെങ്കില്‍ താന്‍ ഇനിയും ഒരു നൂറുകൊല്ലംകൂടി ജീവിക്കുമെന്ന് പെരുമാള്‍ പ്രസ്താവിക്കുന്നുണ്ട്. അധികാരമോഹിയും ഭോഗാലസനുമായ ആധുനിക ഭരണാധികാരിയുടെ കല്ലില്‍കൊത്തിയ രൂപമാണ് പെരുമാള്‍. തന്റെ ഉന്തുസിംഹാസനം തള്ളിനടക്കുന്ന മമ്മതും, ഇളയ മകന്‍ കാദീരും എല്ലാംതന്നെ തന്റെ ഭോഗാലസമായ ജീവിതത്തിലെ ഇരകള്‍ മാത്രം. കാദീര്‍ ഒരിക്കല്‍ തന്റെ ചപ്രാസിയോട് പെരുമാള്‍ ഇനി എത്രകാലം കൂടി ജീവിക്കുമെന്ന് ചോദിച്ചതിന് പ്രതിഫലമായി തന്റെ മനസ്സിന്റെ സമനില തന്നെ വിലയായി പെരുമാളിനു നല്‍കേണ്ടിവന്നു. നാല്‍പതുവയസ്സായ മകനെ കൊണ്ട് പെണ്ണുകെട്ടിച്ചതിനുശേഷം രണ്ടുപേരെയും തന്റെ കിടപ്പറയില്‍ താഴെ പായ വിരിച്ചുകിടത്തി തന്റെ മകനില്‍ വൈകാരികമായ മേധാവിത്വം ഏര്‍പ്പെടുത്തുകയാണ് പെരുമാള്‍. തന്റെ മകനില്‍നിന്ന് യൗവനം ഇരന്നുവാങ്ങിയ യയാതിയെപ്പോലെ തൊണ്ണുറ്റിയേഴാം വയസ്സിലും പെരുമാള്‍ ഭോഗാലസമായ ജീവിതം കാംക്ഷിക്കുന്നു. പിതാവിന്റെ വൈകാരികാധിനിവേശത്തിന് ഇരയായ മകന്റെ മനോനില തെറ്റി ഭ്രാന്തനായി തീര്‍ന്നതായിരുന്നു അതിന്റെ പരിണിതഫലം. ഭരണാധികാരികള്‍ ഭരണീയരുടെമേല്‍ നടത്തുന്ന എല്ലാതരം അധിനിവേശങ്ങളെയും സൂചിപ്പിക്കുന്ന കഥാസന്ദര്‍ഭമാണിത്.
കാക്കളുടെ കാഷ്ടം വീണുണ്ടായ ഫോസ്‌ഫേറ്റാണ് ദ്വീപിന്റെ സമ്പത്ത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഉള്‍ക്കായലില്‍ നിന്ന് കുടിവെള്ളമെടുക്കാന്‍ അടുത്ത ബ്രിട്ടീഷ് യുദ്ധക്കപ്പലിന്റെ കപ്പിത്താന്‍ ഫോസ്‌ഫേറ്റ് കയറ്റുമതി ചെയ്യാമെന്ന് ദ്വീപ് നിവാസികളായ പകീരികളെ ഉപദേശിച്ചു. പകീരികുട്ടിമൂസയെ അവര്‍ പെരുമാളായി വാഴിച്ചു. പെരുമാള്‍ കൊഴുത്തു. ഒടുവില്‍ ഫോസ്‌ഫേറ്റ് തീര്‍ന്നപ്പോള്‍ ദ്വീപ് വാസികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോക്കുതുടങ്ങി. തന്റെ ദിവാനും അക്കൂട്ടത്തിലുണ്ടാകുമെന്ന് പെരുമാളിന് ഉറപ്പായിരുന്നു. ദ്വീപിലെ തുരുത്തിലെ പള്ളിയിലേയ്ക്ക് തന്റെ ഹെലിക്കോപ്റ്ററില്‍ പറക്കുന്ന പെരുമാള്‍ ഒരുനാള്‍ എണ്ണ തീര്‍ന്ന് താഴേക്കുപതിച്ചു. അവശിഷ്ടങ്ങളുടെ ഇടയില്‍നിന്നും പുറത്തുവന്ന പെരുമാള്‍ താന്‍ ജീവിച്ചിരിക്കുന്നതാണ് എല്ലാവരോടുമുള്ള പ്രതികാരം എന്ന് വിശ്വസിച്ച് അപകടം കണ്ട് തടിച്ചുകൂടിയവരെ ആട്ടിപ്പായിക്കുന്നു. താനും തന്റെ വാര്യരും ഉണ്ടെങ്കില്‍ ഇനിയും താന്‍ നൂറുകൊല്ലം കൂടി ജീവിക്കും എന്ന് ഊറ്റംകൊള്ളുന്നു.
വെള്ളിയാഴ്ച കായലിലെ പള്ളിയില്‍ നിസ്‌കാരത്തിനുപോകാന്‍ പെരുമാളിന് ബിസ്മാര്‍ക്ക് ചുണ്ടന്‍ വേണം. തന്റെ സ്പീഡ്‌ബോട്ടിന് വേഗം പോരെന്ന് പെരുമാള്‍ക്ക് തോന്നി. പെരുമാളിലെ ഏകാധിപതിയെ സൂചിപ്പിക്കാന്‍ തന്നെയാണ് ചുണ്ടന് ബിസ്മാർക്ക് എന്ന് പേരിട്ടിരിക്കുന്നതെന്ന് വ്യക്തം. ഒടുവില്‍ കായലില്‍ കൊച്ചുവള്ളങ്ങളോട് കൂട്ടിമുട്ടി ചുണ്ടന്‍ തകര്‍ന്ന് കായലിന്റെ ആഴങ്ങളിലേക്ക് പെരുമാള്‍ യാത്രയായി. അധികാരത്തിന്റെ ഭീമാകാരത്വത്തെ തകര്‍ക്കാന്‍ കൊച്ചുകൊച്ചു കൈകളുടെ കൂട്ടായ യത്‌നം മതിയെന്ന ചരിത്രയാഥാര്‍ഥ്യം വെളിവാക്കുകയാണ് കഥാകൃത്ത് ഇവിടെ. പെരുമാളിന്റെ ശവം സ്പീഡ്‌ബോട്ടിലേക്ക് ഇറക്കികിടത്തിയപ്പോള്‍ ""വെച്ചുകളിക്കേണ്ട, വേഗം സ്റ്റാര്‍ട്ടാക്ക്. ആ വാര്യര്‍ ഇപ്പോ വരും. പണ്ടാരം ഇനിയും നൂറുകൊല്ലം ജീവിക്കും''എന്ന് ഒരു പക്കീരി പറയുന്നുണ്ട്. മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന അധികാരത്തിന്റെ കിരാതരൂപമായി തീരുകയാണ് പെരുമാള്‍ ഇവിടെ.
പരാജയപ്പെട്ട മനുഷ്യർ
കപ്പിത്താന്റെ മകള്‍ എന്ന കഥയിലെ മാളവിക വൈകാരികമായ ഏകാന്തത അനുഭവിക്കുന്ന കഥാപാത്രമാണ്. മതിഭ്രമത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയില്‍പെട്ട് ഉഴറുന്ന മനസ്സാണ് അവളുടേത്. മതിഭ്രമത്തിന്റെ നിമിഷങ്ങളില്‍ താന്‍ യേശുവാണന്ന് അവള്‍ക്കുതോന്നുന്നു. റോസാച്ചെടിയുടെ മുള്ളുകൊണ്ട് മരിച്ച ഓസ്ട്രിയന്‍ കവി റെയിനര്‍ മരിയ റില്‍ക്കെ അവളുടെ മനസ്സിലുണ്ട്. കവിയുടെ സഹോദരന്‍ റോസാച്ചെടിയുടെ മുള്ളില്‍ യുറേനിയം തൈലം പുരട്ടി കവിയെ അപായപ്പെടുത്തുകയായിരുന്നത്രെ. വില്യും റില്‍കെ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് മാളവികയ്ക്കുനേരെയാണ്. തെല്‍മയോടൊന്നിച്ച് അവള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ എതിര്‍വശത്തെ ഫ്ലാറ്റില്‍നിന്നും അയാള്‍ അവള്‍ക്കുനേരെ യുറേനിയം രശ്മികള്‍ അയക്കുന്നു; അവളെ കൊല്ലാൻ.

പരാജയപ്പെട്ട ചിത്രകാരിയാണ് മാളവിക. ഫ്രാന്‍സില്‍ അവള്‍ കുറച്ചുകാലം ചിത്രകല പഠിച്ചിരുന്നു. മാറുന്ന ആസ്വാദനശീലമനുസരിച്ച് ചിത്രകലയില്‍ വിജയം കണ്ടെത്താന്‍ കഴിയാതായതോടെ അവള്‍ ഡല്‍ഹിക്കു മടങ്ങി. തന്റെ പരാജയബോധത്തില്‍നിന്നും ഉടലെടുത്ത ഒറ്റപ്പെടലിന്റെ വൈകാരികസംഘര്‍ഷങ്ങളാണ് മാളവികയെ നയിക്കുന്നത്. അന്ന മരിയ എന്ന ഇംഗ്ലീഷുകാരിയാണ് അവളുടെ ഏക ആശ്രയം. ഒടുവില്‍ അന്നയും അവളെ വിട്ടുപോകുന്നു. കുട്ടിക്കാലത്ത് അച്ഛന്റെ സ്‌നേഹം അവള്‍ക്ക് ലഭിച്ചിരുന്നില്ല. കപ്പിത്താനായിരുന്ന അദ്ദേഹം കടലുകള്‍ താണ്ടിക്കൊണ്ടിരുന്നു. അച്ഛന്‍ അയക്കുന്ന കത്തുകളിലെ തുറമുഖങ്ങളുടെ മണം അവളെ ത്രസിപ്പിച്ചിരുന്നു. ആ മണമായിരുന്നു അവള്‍ക്ക് അച്ഛന്‍. ബാല്യത്തിലേ പിടികൂടിയ ഏകാന്തത വൈകാരികമായ ഒരു പാരവശ്യത്തിലേയ്ക്ക് അവളെ കൊണ്ടെത്തിക്കുകയായിരുന്നു. ‘ഞാന്‍ ആധി കടിച്ചൊതുക്കുന്നത് വീഞ്ഞോ, കഞ്ചാവോ കൊണ്ടല്ല. എന്റെ ദേഹം കൊണ്ടാണ്. പല പുരുഷന്‍മാരുടെ കൂടെയും സ്ത്രീകളുടെ കൂടെയും ഞാന്‍ ഉറങ്ങിയിട്ടുണ്ട്. ഇണചേരുമ്പോള്‍ ഞാന്‍ വാതോരാതെ ഓരോ അസംബന്ധങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. അന്ന മരിയ മാത്രമേ അവയ്ക്ക് മറുപടി പറഞ്ഞിരുന്നുള്ളു. എന്നെ ഏറ്റവും സന്തോഷിപ്പിച്ചിട്ടുള്ളത് അവളുമായുള്ള ബന്ധമായിരുന്നു'... എന്ന് അവള്‍ തെല്‍മയോട് പറയുമ്പോള്‍ അവള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെയും പുറംലോകത്തുനിന്നുള്ള അവളുടെ ഒളിച്ചോട്ടത്തിന്റെയും വേദന അതില്‍ നിഴലിക്കുന്നുണ്ട്.
തെല്‍മയും അവളുടെ ഭര്‍ത്താവ് രാഘവനും അവളെ ആശുപത്രിയിലാക്കാന്‍ കപ്പിത്താനോട് ആവശ്യപ്പെടുന്നു. തന്റെ കപ്പലോട്ടങ്ങള്‍ കഴിഞ്ഞ് അയാളും പരിക്ഷീണനായിരുന്നു.
തീക്ഷണമായ വൈകാരിക സന്ദര്‍ഭങ്ങളെ സരളവും ചടുലവുമായ ആഖ്യാനത്തോടെ അവതരിപ്പിക്കുക എന്നത് എന്‍.എസ്. മാധവന്റെ രചനാകൗശലത്തിന്റെ ഭാഗമാണ്
മാളവികയുടെ പാത്രസൃഷ്ടി ആകര്‍ഷണനീയമാണങ്കിലും ആഖ്യാനത്തില്‍ ശരാശരി കഥയാണ് കപ്പിത്താന്റെ മകള്‍. രാഘവന്റെ വീക്ഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. മാളവികയുടെ നുറുങ്ങ് സംഭാഷണങ്ങളിലൂടെയും ചേഷ്ടകളിലൂടെയുമാണ് അവളുടെ അസ്വസ്ഥമായ മനസ്സിന്റെ പ്രകാശനം സാധ്യമാകുന്നത്. സങ്കീര്‍ണമായ മാനസികവ്യാപാരങ്ങളെ പ്രതിഫലിപ്പിക്കത്തക്ക ആഴമുള്ള ആഖ്യാനമല്ല കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. മാധവന്റെ മറ്റു കഥകളിലെ രചനാകൗശലം എന്തുകൊണ്ടോ ഈ കഥയില്‍ കാണാന്‍ സാധിക്കുന്നില്ല.
തീക്ഷണമായ വൈകാരിക സന്ദര്‍ഭങ്ങളെ സരളവും ചടുലവുമായ ആഖ്യാനത്തോടെ അവതരിപ്പിക്കുക എന്നത് എന്‍.എസ്. മാധവന്റെ രചനാകൗശലത്തിന്റെ ഭാഗമാണ്. ബിംബസമൃദ്ധിയാല്‍ ഉള്ളിലെ ആശയലോകത്തെ വായനക്കാരനിലേയ്ക്ക് എത്തിക്കാന്‍ ആ കഥകള്‍ക്ക് കഴിയുന്നുമുണ്ട്. ചെറുകഥയുടെ പരമ്പരാഗതശൈലി അനുവര്‍ത്തിക്കുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. തന്റേതായൊരു ഭാഷാശൈലി രൂപപ്പെടുത്തിയെടുക്കുക വഴി വേറിട്ടൊരു വായനാനുഭവം സൃഷ്ടിക്കുന്നതില്‍ വിജയിക്കുന്നുണ്ട് അദ്ദേഹത്തിന്റെ കഥകള്‍. പുത്തന്‍ ആശയങ്ങളെ മലയാളിയുടെ സംവേദനശീലങ്ങളോട് ഇണക്കിനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് മാധവന്റെ വിജയരഹസ്യം. ദുര്‍ഗ്രഹതയെ പടിയ്ക്കുപുറത്ത് നിര്‍ത്തിയും, ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള പ്രയോഗംകൊണ്ടും അനുവാചകനെ ത്രസിപ്പിക്കുന്ന കഥകളാണ് മാധവന്റെത്. അതുകൊണ്ടുതന്നെ ആ കഥകള്‍ വായിക്കുന്നത് സവിശേഷമായ അനുഭൂതിയാണ് സൃഷ്ടിക്കുന്നത്. ▮
* എന്റെ പ്രിയപ്പെട്ട കഥകള്‍: മാധവന്‍. എന്‍.എസ്, ഡി.സി.ബുക്‌സ്., കോട്ടയം- 2018. (എല്ലാ ഉദ്ധരണികളും ഈ എഡിഷനില്‍നിന്ന്.)
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.