Sunday, 07 August 2022

Farmers Protest


Text Formatted

ഉയര്‍ന്നു വരും, കര്‍ഷകരിലൂടെ ഒരു ഇന്ത്യന്‍ പ്രതിപക്ഷം

75 ദിവസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പാശ്ചാത്തലത്തില്‍, ഇന്ത്യയിലെ കര്‍ഷക- തൊഴിലാളി വിഭാഗം ഒരു രാഷ്ട്രീയശക്തിയായി മാറുന്നതിനെ സംബന്ധിച്ച പ്രതീക്ഷ പങ്കുവെക്കുകയാണ് പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനും കര്‍ഷക നേതാവുമായ ഡോ. സുനിലം
 

Image Full Width
Image Caption
ഡോ. സുനിലം
Text Formatted

75 ദിവസമായി, ഇന്ത്യയിലെമ്പാടുമുള്ള 500ഓളം കര്‍ഷക സംഘടനകള്‍ "സംയുക്ത കിസാന്‍ മോര്‍ച്ച' എന്ന ബാനറിന് കീഴില്‍ ഭിന്നത കൂടാതെ, ഒറ്റ ലക്ഷ്യത്തിനായി, പ്രക്ഷോഭ രംഗത്ത് അണിനിരക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ഡോ. സുനിലം എന്ന സോഷ്യലിസ്റ്റ് ചിന്തകനാണ്. രാഷ്ട്രീയവും പ്രയോഗപരവും ആയ ഭിന്നതകള്‍ സംഘടനകള്‍ തമ്മില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയും കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ കര്‍ഷക മാരണ നിയമം പിന്‍വലിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി, വിട്ടുവീഴ്ച കൂടാതെ പ്രവര്‍ത്തിക്കാനും ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും അവയെ ഏകോപിപ്പിച്ചു നിര്‍ത്തുന്നതിലും കിസാന്‍ സംഘര്‍ഷ് സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഡോ.സുനിലത്തിന്റെ ഇടപെടല്‍ സുപ്രധാനമാണ്. 

ഡോ. സുനിലം കര്‍ഷക പ്രശ്‌നത്തില്‍ ഇടപെടുന്നത് ആദ്യമായല്ല. ഇന്ത്യന്‍ കര്‍ഷകരുടെ കൊലനിലമെന്ന് വിശേഷിപ്പിക്കാവുന്ന മധ്യപ്രദേശില്‍ രണ്ടര പതിറ്റാണ്ടിലധികമായി കര്‍ഷകരുടെ വിഷയങ്ങള്‍ ഉന്നയിച്ച് വന്‍ പ്രക്ഷോഭങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. 1998-ല്‍ 24 കര്‍ഷകരുടെ മരണത്തിന് കാരണമായ മുല്‍ത്തായ് വെടിവെപ്പിലേക്ക് നയിച്ച കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ഡോ.സുനിലം ആയിരുന്നു. 1998 ജനുവരി 12-ന് നടന്ന അതിദാരുണമായ ആ സംഭവത്തിന്റെ പേരില്‍ ദ്വിഗ്‌വിജയ് സിംഗ് ഗവണ്‍മെന്റ് ഡോ.സുനിലത്തിന് മേല്‍ ഡസന്‍ കണക്കിന് കേസുകള്‍ ചാര്‍ജു ചെയ്യുകയും അഡീഷണല്‍ ഡിസ്ട്രിക്ട്റ്റ് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിക്കുക പോലുമുണ്ടായി. കര്‍ഷകരെ പോലീസുകാര്‍ക്കെതിരായി കലാപം നടത്താന്‍ പ്രേരിപ്പിച്ചു എന്നതായിരുന്നു കുറ്റം. പിന്നീട് ഹൈക്കോടതി ഡോ.സുനിലത്തിന്റെ പേരിലുള്ള എല്ലാ കുറ്റങ്ങളും റദ്ദു ചെയ്ത് അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.

farm protest
കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകരുടെ മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധം. സമരത്തില്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ സ്തംഭിച്ചു.

2017-ല്‍ മധ്യപ്രദേശിലെ തന്നെ മന്‍ഡ്‌സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പിന്നിലും ഡോ. സുനിലവും അദ്ദേഹം നയിക്കുന്ന കിസാന്‍ സംഘര്‍ഷ് സമിതിയും ശക്തമായി നിലയുറപ്പിച്ചിരുന്നു. മന്‍ഡ്‌സോറില്‍ ബി.ജെ.പി സര്‍ക്കാര്‍ അന്ന് ആറ് കര്‍ഷകരെയാണ് വെടിവെച്ചു കൊന്നത്. നോട്ട് നിരോധനവും വെള്ളപ്പൊക്കക്കെടുതികളും തകര്‍ത്ത കാര്‍ഷിക മേഖലയില്‍ വിളകള്‍ക്ക് മിനിമം സഹായ വില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു 2017 ജൂണ്‍ ഒന്നിന് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ കര്‍ഷകരോഷം ശക്തമാകാന്‍ തുടങ്ങിയതോടെ ജൂണ്‍ ആറിന് കര്‍ഷക റാലിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു പൃഥ്വിരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തത്. അവിടെയും ഡോ. സുനിലമടക്കമുള്ള കര്‍ഷക നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കര്‍ഷക പ്രശ്‌നത്തില്‍ തുടര്‍ച്ചയായി ഇടപെട്ടുവരികയും അവരെ ദേശീയമായി സംഘടിപ്പിക്കുകയും ചെയ്യുന്ന ഡോ. സുനിലത്തിന്റെ പേരില്‍
112-ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്! 

ഭൗതിക ശാസ്ത്രത്തില്‍ ഗവേഷണ ബിരുദധാരിയായ സുനില്‍ എം. മിശ്ര എന്ന ഡോ. സുനിലം മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള വ്യക്തിയാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോ മെഡിക്കല്‍ ഇലക്‌ട്രോണിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ഡോ.സുനിലം മെല്‍ബണിലെ ബേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിന് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ സോഷ്യലിസ്റ്റ് ചിന്താഗതിയുമായി അടുത്ത ഡോ. സുനിലം യുവ ജനതാ ദളിന്റെ പ്രവര്‍ത്തകനെന്ന നിലയില്‍ ബേതുള്‍ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എം.എല്‍.എ ആയി. 1996-ല്‍ മധ്യപ്രദേശില്‍ രൂപീകരിക്കപ്പെട്ട കിസാന്‍ സംഘര്‍ഷ് സമിതിയുടെ സ്ഥാപക അധ്യക്ഷനും, 2017-ലെ മന്‍ഡ്‌സോര്‍ വെടിവെപ്പിന് ശേഷം രൂപീകരിച്ച ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗവുമാണ് ഡോ. സുനിലം. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഹിന്ദ് കിസാന്‍ മസ്ദൂര്‍ പഞ്ചായത്തിലും സജീവമായിരുന്നു. 

കര്‍ഷക പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും അവയ്ക്ക് രാഷ്ട്രീയ ദിശാബോധം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും ചെയ്യുന്ന സുനിലം ഇന്ത്യയിലെ കര്‍ഷക- തൊഴിലാളി വിഭാഗം ഒരു രാഷ്ട്രീയ ശക്തിയായി മാറുന്നതിനെ സംബന്ധിച്ച പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഈ സംഭാഷണത്തിലൂടെ. തീവ്ര വലതുപക്ഷ രാഷ്ട്രീയം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ട് കൂടുതല്‍ ജനാധിപത്യപരമായ ഇടപെടലുകള്‍ നടത്താന്‍ വിവിധ പ്രസ്ഥാനങ്ങള്‍ സ്വയം തയ്യാറാവുന്നതിനെക്കുറിച്ച്, അത്തരമൊരു പ്രക്രിയയുടെ വികാസത്തിനായുള്ള നിരന്തര ഇടപെടലുകളെക്കുറിച്ച് സംസാരിക്കുകയാണ് ഡോ.സുനിലം. രാജ്യത്തെമ്പാടുമായി വളര്‍ന്നുവരുന്ന പുതിയ മുന്നേറ്റങ്ങള്‍ ജനാധിപത്യത്തെ സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് ശക്തിപകരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

കെ.സഹദേവന്‍: ദില്ലി ചലോ മാര്‍ച്ച് എഴുപത് ദിനങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുന്നില്ലല്ലോ? സമരം ദീര്‍ഘിപ്പിക്കുന്നതിലൂടെ അതിന്റെ തീവ്രത നഷ്ടപ്പെടുമെന്നും സ്വയം ഇല്ലാതാകുമെന്നും ഗവണ്‍മെന്റ് കരുതുന്നുണ്ടെന്ന് തോന്നുന്നു. പ്രക്ഷോഭനേതൃത്വത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന താങ്കളുടെ വിലയിരുത്തല്‍ എന്താണ്? 

ഡോ.സുനിലം: ​​​​​​​സര്‍ക്കാര്‍ പല രീതിയില്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നിരന്തരം ശ്രമിച്ചിട്ടും ഓരോ നാള്‍ കഴിയുന്തോറും ശക്തിപ്പെട്ടുവരുന്നത് കാണാന്‍ കഴിയും. പശ്ചിമ ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ കേന്ദ്രങ്ങളെപ്പോലും പ്രക്ഷോഭത്തിന്റെ അലകള്‍ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. മുസാഫര്‍നഗറില്‍ വര്‍ഗ്ഗീയ വിഭജനത്തിലൂടെ നേടിയെടുത്ത ബി.ജെ.പിയുടെ സ്വാധീനം 
നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജിന്‍ദ്, ഭാഗ്പത്, മഥുര എന്നിവിടങ്ങളിലെല്ലാം 
​​​​​​​പതിനായിരക്കണക്കിന് കര്‍ഷകരുടെ പങ്കാളിത്തത്തോടെ കർഷക മഹാപഞ്ചായത്തുകള്‍ ​​​​​​​നടന്നുകൊണ്ടിരിക്കുകയാണ്. 36 ഗ്രാമങ്ങള്‍ ഒരുമിച്ച് ചേര്‍ന്നുള്ള പദയാത്രകള്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടക്കുന്നു. ജനുവരി 26-ന്റെ ട്രാക്ടര്‍ റാലിയിലേക്ക് തങ്ങളുടെ അനുചരന്മാരെ ഇറക്കിവിട്ട്‌ കര്‍ഷക പ്രക്ഷോഭത്തെ അവമതിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം കര്‍ഷകര്‍ തിരിച്ചറിഞ്ഞത് വലിയ തിരിച്ചടിയാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നതെന്ന് പ്രക്ഷോഭ സ്ഥലങ്ങളിലെ പങ്കാളിത്തം തെളിയിക്കുന്നു. ഫെബ്രുവരി 3-ന് ഗ്വാളിയാേറില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. ആ കര്‍ഷക പഞ്ചായത്തില്‍ പങ്കെടുക്കുന്നതിനാണ് ഞാന്‍ മധ്യപ്രദേശിലെത്തിയത്. രണ്ട് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മാത്രമാണ് പ്രക്ഷോഭ രംഗത്തുള്ളതെന്ന സര്‍ക്കാര്‍ വാദം നുണയാണെന്ന് രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

maha-panchayath.jpg
ഹരിയാനയിലെ ജിന്ദില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്ത്.

സര്‍ക്കാര്‍ വലിയ തോതില്‍ കീഴടങ്ങലിന്റെ പാതയിലാണ് എന്ന് കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. 11 തവണ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായി. നിയമം കര്‍ഷക ക്ഷേമത്തിനായി തയ്യാറാക്കപ്പെട്ടതാണെന്ന് നിരന്തരം അവകാശപ്പെട്ട ഗവണ്‍മെന്റിന് തങ്ങള്‍ പാസാക്കിയ നിയമങ്ങള്‍ക്കകത്ത്, കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടിയ നിരവധി തകരാറുകളില്‍ 18 എണ്ണം അംഗീകരിക്കേണ്ടിവന്നു. അവയില്‍ 8 എണ്ണം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാന്‍ തയ്യാറാണെന്നും ഭരണകൂടത്തിന് പറയേണ്ടി വന്നു. 

സുപ്രധാനമായ മറ്റൊരു കാര്യം, നാളിതുവരെ ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ തയ്യാറായിട്ടില്ലാത്ത, കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് ഒരു സൂചനപോലും നല്‍കിയിട്ടില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, "ഒരു ഫോണ്‍ വിളിക്കിപ്പുറത്ത് സര്‍ക്കാരുണ്ട്' എന്ന് പറയാന്‍ നിര്‍ബ്ബന്ധിതനാകുന്ന അവസ്ഥ കൂടി ഉടലെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കണം. നിയമം പിന്‍വലിക്കാന്‍ തയ്യാറല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് എങ്ങനെയാണ് പ്രസ്തുത നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുന്നതെന്ന് ചര്‍ച്ചക്കെത്തിയ കര്‍ഷക സംഘടനകളില്‍ ഒന്നിനെപ്പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഓരോ സമയത്തെയും നിലപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവര്‍ പല രീതിയില്‍ പിറകോട്ടു പോയതായി കാണാന്‍ കഴിയും. കര്‍ഷക പ്രക്ഷോഭത്തിന് നിരോധനമേര്‍പ്പെടുത്താന്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാരാണിത്.

farmers
ജനുവരി 26ന് നടന്ന സംഭവങ്ങളെതുടര്‍ന്ന് പ്രക്ഷോഭ സ്ഥലങ്ങളിലെ കര്‍ഷകപങ്കാളിത്തം കൂടിവരികയാണ്. 26ന് നടന്ന ട്രാക്ടര്‍ റാലിയിലേക്ക് തങ്ങളുടെ അനുചരന്മാരെ ഇറക്കിവിട്ട് പ്രക്ഷോഭത്തെ വഴിതിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം കര്‍ഷകര്‍ തിരിച്ചറിഞ്ഞതോടെയാണ് അവര്‍ ജാഗ്രതയിലായത്‌

എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തെ ക്രമസമാധാന പ്രശ്‌നമായി കാണാന്‍ സുപ്രീം കോടതി തയ്യാറായില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 18 മാസത്തേക്ക് നിയമം റദ്ദു ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായതിനു പിന്നില്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കൂടിയാണ്. എന്നാല്‍ ഗവണ്‍മെന്റിന്റെ ഈ ഉപായങ്ങള്‍ തിരിച്ചറിയാന്‍ കര്‍ഷക സംഘടനകള്‍ക്ക് സാധിക്കുന്നുവെന്നതും, ആവശ്യമെങ്കില്‍ ദീര്‍ഘകാല പ്രക്ഷോഭത്തിന് തയ്യാറായിട്ട് തന്നെയാണ് അവര്‍ എത്തിയിരിക്കുന്നതെന്നും കാണാന്‍ കഴിയും.

എണ്‍പതുകളുടെ അവസാനത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം. കര്‍ഷക സംഘടനകളുടെ പങ്കാളിത്തത്തിലെ വൈപുല്യം തന്നെ ഉദാഹരണം. ദീര്‍ഘകാലമായി കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ഈയൊരു മുന്നേറ്റവുമായി ബന്ധപ്പെട്ട പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാമോ?

ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം പല കാരണങ്ങള്‍കൊണ്ടും സവിശേഷതകള്‍ നിറഞ്ഞതാണെന്ന് ഞാന്‍ പറയും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇത്രയധികം കര്‍ഷക സംഘടനകള്‍ ഒരൊറ്റ ബാനറിന് കീഴില്‍ ഒന്നിച്ച് നിന്ന് പ്രക്ഷോഭം നയിക്കുന്നത് ആദ്യമായിട്ടാണ്. പഞ്ചാബിലേക്ക് നോക്കൂ; ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസും അവരുടെ ബദ്ധവൈരികളായ ആം ആദ്മി പാര്‍ട്ടിയും കര്‍ഷക പ്രക്ഷോഭത്തെ ഒരേപോലെ പിന്തുണക്കുന്നത് കാണാം. എന്നുമാത്രമല്ല, എന്‍.ഡി.എയിലെ ദീര്‍ഘകാല സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ മുന്നണി വിട്ടുവന്ന് കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കുന്നു. ഇത്ര വിശാലമായ ഐക്യമുന്നണിയുടെ നേതൃത്വത്തില്‍, ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന അഹിംസാത്മകമായ ഒരു പ്രക്ഷോഭം ദീര്‍ഘകാലം തുടരുക എന്നത് ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ കാണാന്‍ കഴിയാത്ത കാര്യമാണെന്നതും ഈ പ്രക്ഷോഭത്തിന്റെ പ്രത്യേകതയാണെന്ന് പറയേണ്ടതുണ്ട്.

dr sunilan
ഡോ. സുനിലം

കേന്ദ്ര സര്‍ക്കാരിന് ഇക്കാലയളവില്‍ ബോധ്യപ്പെട്ട ഒരു കാര്യം, തങ്ങളുടെ അധികാരം ദുര്‍വ്വിനിയോഗം ചെയ്ത്, സി.ബി.ഐ, എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കര്‍ഷക സംഘടനാ നേതൃത്വങ്ങളെ ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ സാധ്യമല്ലെന്നതാണ്

2017-ല്‍ മധ്യപ്രദേശിലെ മന്‍ഡ്‌സോറില്‍ കര്‍ഷകര്‍ക്കു ‌നേരെ ബി.ജെ.പി സര്‍ക്കാര്‍ വെടിയുതിര്‍ക്കുകയും ആറ് കര്‍ഷകര്‍ മരണപ്പെടുകയും ചെയ്ത സംഭവത്തിനു ശേഷം കിസാന്‍ സംഘര്‍ഷ് സമിതി 250-ഓളം കര്‍ഷക സംഘടനകളെ ഒരുമിച്ചു നിര്‍ത്തി കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ രൂപീകരണം നടക്കുന്നത് അതോടെയാണ്. ഈയൊരു മുന്നണിയിലേക്ക് മറ്റു സംഘടനകളെക്കൂടി ചേര്‍ത്ത് 500 സംഘടനകള്‍ ഉള്‍ച്ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് രൂപം കൊടുക്കാന്‍ കഴിഞ്ഞതും ആദ്യ സംഭവമാണ്. പഞ്ചാബിലെ 32-ഓളം കര്‍ഷക സംഘടനകള്‍ ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതും ആദ്യമായിട്ടാണെന്ന് ഓര്‍ക്കണം. ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് വലിയതോതില്‍ അന്തര്‍ദേശീയ ശ്രദ്ധ ലഭിച്ചുകൊണ്ടിരിക്കുന്നതും ആദ്യമായിട്ടാണെന്ന് കാണാം. കര്‍ഷക പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളും, കുടിവെള്ളവും ഇന്റര്‍നെറ്റും വിച്ഛേദിക്കുന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ വിദേശ സമൂഹം ഗൗരവമായി പരിഗണിച്ചിരിക്കുകയാണെന്ന് വിവിധ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമ പരിഷ്‌കരണങ്ങള്‍ കോര്‍പറേറ്റ് മൂലധന താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, അത് തങ്ങളുടെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്ക് തടസ്സമാണെന്നും തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കും തൊഴിലാളി വിഭാഗങ്ങള്‍ക്കും സാധിക്കുന്നുവെന്നതാണ് ഇത്തരമൊരു വിശാല ഐക്യത്തിന് സംഘടനകളെ പ്രേരിപ്പിക്കുന്നത്. 

വിവിധങ്ങളായ രാഷ്ട്രീയ പശ്ചാത്തലമുള്ള സംഘടനകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അസാമാന്യമായ രാഷ്ട്രീയ മെയ്‌വഴക്കം ആവശ്യമായി വരുന്നുണ്ട്. അത് സാധ്യമാക്കുന്ന പ്രക്രിയകളെക്കുറിച്ച് വിശദീകരിക്കാമോ? പ്രത്യേകിച്ചും ഇത്തരമൊരു വിശാല സംഖ്യത്തിനായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍. 

ജനാധിപത്യ മൂല്യങ്ങളിലും സംവാദങ്ങളിലും അടിയുറച്ച് നിന്നുകൊണ്ടാണ് ഇത്രയും വിശാലമായ ഐക്യമുന്നണി പ്രവര്‍ത്തിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും, ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയും, പഞ്ചാബിലെ 32 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന സമിതിയും പല തട്ടില്‍ ചര്‍ച്ച നടത്തുകയും വിഷയങ്ങളില്‍ സമവായത്തിലെത്തുകയും ചെയ്യുന്ന രീതിയാണ് നിലനില്‍ക്കുന്നത്.

medha-patkr.jpg
ഗാസിപൂർ അതിർത്തിയില്‍ സാമൂഹ്യ പ്രവർത്തക മേധ പട്കറും കർഷക നേതാവ് രാകേഷ് ടിക്കായത്തും കർഷകർക്ക് അഭിവാദ്യം അർപ്പിക്കുന്നു

ദിവസവും രാത്രി ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന്‌ നയപരവും പ്രായോഗികവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മേധ പട്കര്‍, കവിത കരുഗന്തി, യോഗേന്ദ്ര യാദവ്, ഹനന്‍മുള്ള, ദര്‍ശന്‍പാല്‍ തുടങ്ങിയ നേതാക്കള്‍ ദിവസേനയുള്ള ഈ മീറ്റിംഗില്‍ പങ്കെടുക്കാറുണ്ട്. തൊട്ടടുത്ത ദിവസം രാവിലെ പഞ്ചാബിലെ 32 കര്‍ഷക സംഘടനകള്‍ അടങ്ങിയ സമിതി പ്രത്യേക യോഗം ചേരുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും. അതേദിവസം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം വൈകീട്ട് നാലിന് ചേരുകയും ആറിന് വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുകയാണ് പതിവ്.

വിവിധ തലത്തിലുള്ള കമ്മിറ്റി യോഗങ്ങളില്‍ കാര്യങ്ങള്‍ ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളില്‍ സമവായത്തിലെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുതന്നെ കുറേക്കൂടി ജനാധിപത്യപരമായി ഇടപെടാന്‍ സംഘടനകള്‍ക്ക് സാധിക്കുകയും ചെയ്യുന്നു. കര്‍ഷക സംഘടനകള്‍, കര്‍ണ്ണാടക രാജ്യ റെയ്ത സംഘം, കിസാന്‍ സംഘര്‍ഷ് മോര്‍ച്ച തുടങ്ങിയ സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ഗ്രൂപ്പുകള്‍, സി.പി.എം, എസ്.യു.സി.ഐ, സി.പി.ഐ, സി.പി.ഐ.എം.എല്‍ (ലിബറേഷന്‍) സി.പി.ഐ.എം.എല്‍ തുടങ്ങി ഇടതു പശ്ചാത്തലമുള്ള സംഘടനകള്‍ ഒക്കെയും ഈ പ്രക്രിയയില്‍ പങ്കാളികളാണ്. രാഷ്ട്രം നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ക്കെതിരെ എല്ലാ വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട് കാലം ആവശ്യപ്പെടുന്ന രീതിയുള്ള ഐക്യത്തിന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നുവെന്ന ശുഭസൂചകമായ കാര്യമാണ് കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കാണാന്‍ കഴിയുന്നത്. 

കേന്ദ്ര ഗവണ്‍മെന്റിന്റെ ഭീഷണികളെയും കള്ളപ്രചാരണങ്ങളെയും അതിജീവിക്കാന്‍ സാധിക്കുന്നതെങ്ങിനെയാണ്? 

കേന്ദ്ര സര്‍ക്കാരിന് ഇക്കാലയളവില്‍ ബോധ്യപ്പെട്ട ഒരു കാര്യം, തങ്ങളുടെ അധികാരം ദുര്‍വ്വിനിയോഗം ചെയ്ത്, സി.ബി.ഐ, എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കര്‍ഷക സംഘടനാ നേതൃത്വങ്ങളെ ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ സാധ്യമല്ലെന്നതാണ്. ഈ ചെറിയ കാലയളവില്‍ പല നേതാക്കളെയും സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജന്‍സികളിലൂടെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ ഈ ഭീഷണികള്‍ക്ക് മുന്നില്‍ വിരളുന്നവരല്ല കര്‍ഷക പ്രക്ഷോഭത്തെ നയിക്കുന്നത് എന്നത് സംഘപരിവാര്‍ നേതൃത്വത്തെ വലിയ രീതിയില്‍ അങ്കലാപ്പിലാക്കുന്നുണ്ട്.

farm protest
കർഷക സമരത്തെ നേരിടാന്‍ ഡല്‍ഹി അതിർത്തിയില്‍ ഒരുക്കിയ പൊലീസ് സന്നാഹം / Photo Q.Naqvii

ചെങ്കോട്ടയില്‍ നടന്ന സംഭവത്തെ അപലപിക്കാനും അത് ചെയ്തവരെ തള്ളിക്കളയാനും സംയുക്ത കിസാന്‍ മോര്‍ച്ച തയ്യാറായതും അതിന്റെ ഉത്തരവാദികളായവരെ പൊതുമധ്യത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും ബി.ജെ.പി ഗവണ്‍മെന്റിന്റെ വിശ്വാസ്യതയെ കൂടുതല്‍ കളങ്കപ്പെടുത്തുന്നതാണ്. ഈ വിഷയത്തില്‍ ജനുവരി 26-ന് ചെങ്കോട്ടയില്‍ നടന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അത്തരം ഒരു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നാണ് മനസ്സിലാകുന്നത്.

കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയത്തോട് തൊഴിലാളി സംഘടനകള്‍ സ്വീകരിക്കുന്ന നിലപാടെന്താണ്? കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന വിശാല ഐക്യം സാധ്യമാകേണ്ടതല്ലേ? 

ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിശാലമായ മുന്നേറ്റം കെട്ടിപ്പടുക്കാനാവശ്യമായ ചര്‍ച്ചകള്‍ സജീവമായി നടന്നുവരികയാണ്. കര്‍ഷകരോടൊപ്പം രാജ്യത്തെ തൊഴിലാളി വിഭാഗങ്ങളും കലാകാരന്മാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും അണിനിരക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 5 കോടിയിലധികം അംഗങ്ങളുള്ള ട്രേഡ് യൂണിയനുകള്‍ ഒരുമിച്ചു ചേര്‍ന്നുകൊണ്ടുള്ള സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ എന്ന തൊഴിലാളി സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട 10-ഓളം ട്രേഡ് യൂണിയനുകള്‍ ഈ കോണ്‍ഫെഡറേഷനില്‍ അംഗങ്ങളാണ്. 44 ദേശീയ തൊഴില്‍ നിയമങ്ങള്‍ റദ്ദു ചെയ്തുകൊണ്ട് 4 ലേബര്‍ കോഡുകളായി മാറ്റിയതിനെതിരെ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധിക്കുന്നുണ്ട്. ഇലക്ട്രിസിറ്റി (ഭേദഗതി) ആക്ടിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെയും എഞ്ചിനീയര്‍മാരുടെയും സംഘടനകളുടെ സംയുക്ത സമിതിയായ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേസ് കഴിഞ്ഞ ഫെബ്രുവരി 3-ന് ദേശീയ പണിമുടക്ക് നടത്തുകയുണ്ടായി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യവും ഇതോടൊപ്പം ഈ സമിതി ഉന്നയിക്കുകയുണ്ടായി.

farm protest
പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുടെ ഒരു യോഗത്തില്‍നിന്ന്. യോഗങ്ങളില്‍ കാര്യങ്ങള്‍ ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളില്‍ സമവായത്തിലെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് കുറേക്കൂടി ജനാധിപത്യപരമായി ഇടപെടാന്‍ സംഘടനകള്‍ക്ക് സാധിക്കുന്നു

ചരക്ക് ലോറികളുടെ ഉടമസ്ഥ സംഘടനയായ ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓണേര്‍സ് അസോസിയേഷന്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 15 ലക്ഷം അംഗങ്ങളുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. പറഞ്ഞുവരുന്നത്, മോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരെ കര്‍ഷക സംഘടനകള്‍ ആരംഭിച്ച പ്രക്ഷോഭം ഇന്ത്യയിലെ തൊഴിലാളി സംഘടനകളും മറ്റ് സാമൂഹിക വിഭാഗങ്ങളും ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ് എന്നതാണ്. പുതിയൊരു രാഷ്ട്രീയ മുന്നേറ്റം ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 

'ഗോദി മീഡിയ'യുടെ തമസ്‌കരണത്തെ അതിജീവിക്കാനും ജനങ്ങളിലേക്ക് കര്‍ഷക പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ നിരന്തരം എത്തിക്കുവാനും സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കിയതെങ്ങിനെയെന്ന് വ്യക്തമാക്കാമോ? 

സര്‍ക്കാരിന്റെയും അവര്‍ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെയും നുണപ്രചരണങ്ങളെ അതിജീവിക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിന് സാധിച്ചിട്ടുണ്ട് എന്നത് പ്രധാന സംഗതിയാണ്. വലിയ രീതിയില്‍ വാര്‍ത്താ തമസ്‌കരണം മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ ജനങ്ങള്‍ സ്വമേധയാ സോഷ്യല്‍ മീഡിയ വഴി പ്രക്ഷോഭ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മുന്നിട്ടിറങ്ങി. ഒരുഘട്ടത്തില്‍ 'ഗോദി മീഡിയ'യ്ക്ക് പോലും തങ്ങളുടെ
ക്രെഡിബിലിറ്റി നഷ്ടപ്പെടാതിരിക്കാന്‍ കര്‍ഷക പ്രക്ഷോഭ വാര്‍ത്തകള്‍ 
നല്‍കാതിരിക്കാന്‍ കഴിയാത്ത അവസ്ഥവരെ വന്നെത്തുകയുണ്ടായി. കര്‍ഷക പ്രക്ഷോഭത്തിന് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും പിന്തുണയും ഏറിവന്നപ്പോള്‍ അതിനെ നിയന്ത്രിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഈ രീതിയില്‍ നിയന്ത്രണവിധേയമായപ്പോള്‍ ജനങ്ങള്‍ മറ്റ് വഴികള്‍ ആലോചിക്കാന്‍ തുടങ്ങി. സിഗ്നല്‍, ടെലഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങളിലേക്ക് ആളുകള്‍ കൂട്ടത്തോടെ വഴിമാറുന്നത് കാണാന്‍ കഴിയും. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കിസാന്‍ ഏക്ത മോര്‍ച്ചയുടെയും കര്‍ഷക സമരത്തെ പിന്തുണക്കുന്ന മറ്റ് ചില ട്വിറ്റര്‍ അക്കൗണ്ടുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ടപ്പോള്‍ അവയ്‌ക്കെതിരെ ശക്തമായ വികാരം ഉയര്‍ന്നുവരികയുണ്ടായി. ഇതേത്തുടര്‍ന്ന്, നിര്‍ത്തിവെച്ച അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കാന്‍ ട്വിറ്റര്‍ മാനേജ്‌മെന്റിന് തയ്യാറാകേണ്ടിവന്നു. അതിശക്തമായ ജനകീയാടിത്തറ പ്രക്ഷോഭത്തിന് ഉണ്ടാക്കിയെടുക്കുന്നതിലൂടെ മറ്റെല്ലാ തമസ്‌കരണങ്ങളെയും അതിജീവിക്കാന്‍ സാധ്യമാകും എന്നതിനുള്ള ഉദാഹരണമാണിത്. വന്‍മൂലധനത്തിന് കീഴ്‌പ്പെട്ടുനിന്നുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ അവയുടെ വിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും വസ്തുതകള്‍ അറിയാന്‍ ജനങ്ങള്‍ സ്വതന്ത്ര മാധ്യമങ്ങളെ അന്വേഷിച്ച് പോകുന്ന അവസ്ഥ സംജാതമായിട്ടുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. 

കര്‍ഷക പ്രക്ഷോഭം ശക്തമായി നിലനില്‍ക്കുന്ന അവസരത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ് പുതിയ വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത്. കര്‍ഷക സമൂഹത്തെ സമാശ്വസിപ്പിക്കുന്ന നടപടി അതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ നിലനിന്നിരുന്നു. എന്നിരുന്നാലും അത്തരത്തിലുള്ള ഒന്നും ബജറ്റില്‍ കാണാന്‍ സാധിക്കുന്നില്ല. എന്താണ് താങ്കളുടെ വിലയിരുത്തല്‍? 

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കര്‍ഷകരെ പൂര്‍ണമായും വഞ്ചിക്കുന്ന ഒന്നാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഏറ്റവും അവസാന പരിഗണ നല്‍കുന്ന സര്‍ക്കാരാണ് ഇതെന്ന് ഈ ബജറ്റ് വെളിപ്പെടുത്തുന്നുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഗവണ്‍മെന്റ്, കര്‍ഷകരെ സംബന്ധിച്ച്‌ ഏറ്റവും നിരാശാജനകമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 23 വിളകള്‍ക്ക് മിനിമം സഹായ വില പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണ്. നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ പോലും എം.എസ്.പി വിലയ്ക്ക് രാജ്യമൊട്ടാകെ സംഭരിക്കുവാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ആശ്വാസമാകുവാന്‍ പോന്ന ഒന്നുംതന്നെ ഉള്‍ച്ചേര്‍ക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതി കാര്‍ഷികമേഖലയുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്യുമ്പോള്‍ മാത്രമേ കര്‍ഷക-കര്‍ഷകത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇലക്ട്രിസിറ്റി ഭേദഗതി നിയമം പിന്‍വലിക്കാമെന്ന വാഗ്ദാനം നല്‍കുകയുണ്ടായി. എന്നാല്‍ അത് ചെയ്തില്ലെന്ന് മാത്രമല്ല, വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡികള്‍ എടുത്തുകളഞ്ഞതിലൂടെ വലിയ ഭാരമാണ് ചെറുകിട കര്‍ഷകരുടെ തലയിലേക്ക് കയറ്റിവെച്ചിട്ടുള്ളത്.

kisan sabha
കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ നാസികില്‍ നിന്ന് മുംബൈയിലേക്ക് നടന്ന കര്‍ഷകരുടെ മാര്‍ച്ച്

ഇന്ത്യയുടെ ജനസംഖ്യയില്‍ 65% കര്‍ഷകരാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ ബജറ്റില്‍ കേവലം 5.2% വകയിരുത്തല്‍ മാത്രമാണ് നടത്തിയിരിക്കുന്നത് എന്ന് കാണാം. അതായത്, 30.42 ലക്ഷം കോടി രൂപയുടെ വാര്‍ഷിക ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി വകയിരുത്തിയ തുക 1.48 ലക്ഷം കോടി രൂപ മാത്രമാണ്. ഭക്ഷ്യ സബ്‌സിഡി 1.84 ലക്ഷം കോടി രൂപയില്‍ നിന്നും 1.15 ലക്ഷം കോടിയായി കുറച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമായി 10,000 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നിറവേറ്റണമെങ്കില്‍ കര്‍ഷകരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 14% വര്‍ധനവ് ഉണ്ടാകേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ കര്‍ഷകരുടെ വരുമാനത്തില്‍ 2.8% വര്‍ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. പി.എം കിസാന്‍ പദ്ധതി, ഗ്രാമീണ ചന്തകളുടെ വികസനത്തിനായുള്ള പദ്ധതി, ഡയറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് തുടങ്ങി നിരവധി പദ്ധതികളില്‍ ബജറ്റ് അലൊക്കേഷന്‍ മുന്‍കാലങ്ങളില്‍ നിന്ന് വലിയ തോതില്‍ വെട്ടിച്ചുരുക്കിയതായി കാണാം. ഇവയൊക്കെ സൂചിപ്പിക്കുന്നത് കര്‍ഷകര്‍- കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ ഈ സര്‍ക്കാരിന്റെ പരിഗണനയിലെ അന്തിമ ശ്രേണിയില്‍ മാത്രം വരുന്നവരാണ് എന്നാണ്. 

ഒരു സാമൂഹിക വിഭാഗമെന്ന നിലയില്‍ തങ്ങളുടെ പ്രത്യേക ആവശ്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനപ്പുറം വിശാലമായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കൂടി ഉയര്‍ത്താന്‍ കര്‍ഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈയൊരു മാറ്റം സൂചിപ്പിക്കുന്നതെന്താണ്? 

വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉയര്‍ത്തപ്പെടുന്നത് ഇന്ത്യയില്‍ ആദ്യമായല്ല. ടാറ്റ-ബിര്‍ള പോലുള്ള വന്‍കിട ബിസിനസ് ഹൗസുകള്‍ക്ക് അനുകൂലമായ നയപരമായ തീരുമാനങ്ങള്‍ ഭരണകൂടം കൈക്കൊള്ളുന്ന അവസരത്തില്‍ അത്തരം കോര്‍പ്പറേറ്റുകള്‍ക്കെതിരെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്.

കർഷകരെ പിണക്കി തെരഞ്ഞെടുപ്പുകളെ നേരിടാൻ ബി.ജെ.പി തയ്യാറാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ നിയമം പിൻവലിക്കാൻ അവർ തയ്യാറാകും. സംഘടനകളുമായി സംസാരിക്കാൻ തങ്ങൾ എപ്പോഴും സജ്ജരാണ് എന്ന അവരുടെ വാക്കുകൾ തന്നെ അവർ എത്രമാത്രം പരിഭ്രാന്തിയിലാണ് എന്നതിനെ സൂചിപ്പിക്കുന്നു.

എന്നാല്‍ ഇത്തരം കമ്പനികളെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടുള്ള രാഷ്ട്രീയ ഇടപെടല്‍ ഇന്ത്യയില്‍ നടക്കുന്നത് ആദ്യമായാണ്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ത്തപ്പെട്ട ഏറ്റവും സുപ്രധാന മുദ്രാവാക്യം, ""ഹിന്ദുസ്ഥാന്‍ ഞങ്ങളുടേതാണ്, അദാനി-അംബാനിമാരുടെ തറവാട്ട് സ്വത്തല്ല'' എന്നതാണ്. ഇത് കേവലം മുദ്രാവാക്യത്തില്‍ ഒതുക്കി നിര്‍ത്തുകയായിരുന്നില്ല കര്‍ഷകര്‍ ചെയ്തത്. അവരെ നേരിട്ട് ചാലഞ്ച് ചെയ്യുക കൂടിയായിരുന്നു. പഞ്ചാബില്‍ മാത്രമായി ജിയോ നെറ്റ് വര്‍ക്കുകളുടെ 1500-ലധികം ടവറുകള്‍ കര്‍ഷകര്‍ എടുത്തുമാറ്റി. റിലയന്‍സിന്റെ പെട്രോള്‍ പമ്പുകള്‍, അദാനിയുടെ ഫോര്‍ച്യൂണ്‍ ഭക്ഷ്യ എണ്ണ എന്നിവ വ്യാപകമായി ബഹിഷ്‌കരിക്കപ്പെട്ടു. ഈ വന്‍കിട കമ്പനികളുടെ ബിസിനസ് മാളുകള്‍ക്ക് മുന്നില്‍ ധര്‍ണകളും മറ്റും സംഘടിപ്പിക്കപ്പെട്ടു. മുംബൈയില്‍ അംബാനിയുടെ കോര്‍പ്പറേറ്റ് ഓഫീസിന് മുന്നില്‍ 15,000-ത്തിലധികം വരുന്ന കര്‍ഷകര്‍ ധര്‍ണ നടത്തി.

press-meet.jpg
കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച നടത്തുന്ന പതിവ് വാര്‍ത്താസമ്മേളനങ്ങളില്‍ ഒന്ന്

ഇത്തരത്തില്‍ സര്‍ക്കാര്‍ നയങ്ങളുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രത്യക്ഷ സമരം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് പറയേണ്ടതുണ്ട്. ഇത് സൂചിപ്പിക്കുന്നത് സാമ്പത്തിക നയരൂപീകരണങ്ങള്‍ക്ക് പിന്നിലെ മൂലധന താല്‍പര്യങ്ങള്‍ അതിന്റെ യഥാര്‍ഥ ഇരകളായി മാറിക്കഴിഞ്ഞ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അടങ്ങുന്ന സാധാരണ മനുഷ്യര്‍ തിരിച്ചറിയുന്നു എന്നതാണ്. ജനകീയ മുന്നേറ്റങ്ങള്‍ അതിന്റെ കൃത്യമായ രാഷ്ട്രീയ രൂപം കൈക്കൊള്ളുന്നത് കാണാന്‍ നമുക്ക് സാധിക്കും.

കർഷക പ്രക്ഷോഭം വിജയം നേടുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നുവോ? ഈയൊരു പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ പരിണാമം എന്തായിരിക്കും എന്നാണ് താങ്കൾ കരുതുന്നത്?

നിയമം റദ്ദു ചെയ്യാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ് എന്നത് വാസ്തവമാണ്. കോർപറേറ്റുകൾക്ക് സർക്കാർ നൽകിയ കമിറ്റ്മെന്റ് പാലിക്കാൻ സാധ്യമല്ലാത്ത വിധം കർഷക സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദം ശക്തമാണ്. കർഷകരെ പിണക്കി തെരഞ്ഞെടുപ്പുകളെ നേരിടാൻ ബി.ജെ.പി തയ്യാറാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ നിയമം പിൻവലിക്കാൻ അവർ തയ്യാറാകും. സംഘടനകളുമായി സംസാരിക്കാൻ തങ്ങൾ എപ്പോഴും സജ്ജരാണ് എന്ന അവരുടെ വാക്കുകൾ തന്നെ അവർ എത്രമാത്രം പരിഭ്രാന്തിയിലാണ് എന്നതിനെ സൂചിപ്പിക്കുന്നു.

ഇതിന്റെ രാഷ്ട്രീയ പരിണാമം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഗവൺമെന്റിന്റെ നയരൂപീകരണങ്ങൾക്കെതിരെ ബദലുകൾ കണ്ടെത്താൻ അവർക്ക് സാധിക്കുമോ? വ്യക്തമായ പൊതു മിനിമം പരിപാടിയുടെ മേലെ രാഷ്ട്രീയ ഐക്യം സാധ്യമാക്കാൻ പ്രതിപക്ഷത്തിന് കഴിയുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ഈ ഘടകങ്ങളെയൊക്കെ ആശ്രയിച്ചിരിക്കും ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം എന്ന് ഞാൻ വിശ്വസിക്കുന്നു. 

ഡോ. സുനിലം

സുനിലം എന്ന ഡോ. സുനില്‍ മിശ്ര സോഷ്യലിസ്റ്റ് ചിന്തകനും എന്‍.എ.പി.എം ദേശീയ കമ്മിറ്റി അംഗവും സംയുക്ത കിസാന്‍ മോര്‍ച്ച അധ്യക്ഷനുമാണ്. മധ്യപ്രദേശ് നിയമസഭയില്‍ രണ്ട് തവണ എം.എല്‍.എയായി. സമാജ്‌വാദി പാര്‍ട്ടി ദേശീയ സെക്രട്ടറിയായിരുന്നു.
 

കെ. സഹദേവന്‍

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യന്‍ പരിസ്ഥിതി വര്‍ത്തമാനം, നാരായണ്‍ ദേസായിയുടെ  എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യന്‍: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്, ഇന്ത്യന്‍ സ്വതന്ത്ര്യസമരവും ആദിവാസികളും, 
തുടങ്ങിയവ പ്രധാന കൃതികള്‍.