കഥ
സന്തോഷ് ഏച്ചിക്കാനം

താന്‍സാനിയന്‍ പെണ്ണുങ്ങളുടെ മുടി കണ്ടാല്‍ തലയില്‍ കാപ്പിക്കുരു ഉണക്കാന്‍ ഇട്ടിരിക്കുന്നതു പോലെ തോന്നും. ബാര്‍ കൗണ്ടറിനരികില്‍ ഇരിക്കുന്ന ഇവള്‍ പക്ഷേ അങ്ങനെയല്ല. മുടി പരമാവധി നീട്ടി വളര്‍ത്തി മാം ബോ ട്വിസ്റ്റ് ചെയ്ത് ഒരു തെങ്ങില്‍ പൂക്കുല പോലെ കെട്ടിവെച്ചിരിക്കുകയാണ്. ഈ ഒരു പ്രത്യേകതയാണ് അവളെ ജയമോഹനിലേക്ക് ആകര്‍ഷിച്ചത്.
പിങ്ക് നിറത്തിലുള്ള സ്‌കാര്‍ഫും വലിയ കണ്ണുകളും ഒതുങ്ങിയ അരക്കെട്ടുമെല്ലാം കാഴ്ചക്കാര്‍ക്ക് വിട്ടു കൊടുത്ത് ഒരു ഹെനിക്കന്‍ ബിയറുമായി അവള്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ ഓപ്പണ്‍ ബാറില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി. ബെയറര്‍ അടുത്ത റൗണ്ട് മദ്യവുമായി വന്നു. ഹെന്നസി പകര്‍ന്ന അഞ്ച് ഗ്ലാസുകള്‍ മേശപ്പുറത്തുവെച്ച് അയാള്‍ കാലിയായ ഐസ് ബൗള്‍ നിറക്കാനായി തിരിച്ച് പോയി.
മാര്‍ട്ടിനും വേണുവും ഹസന്‍ ഭായിയും ചൈനക്കാരന്‍ ലിയാങ്ങുമായി ബിസിനസ്സ് കാര്യങ്ങള്‍ സംസാരിക്കുവാന്‍ മരപ്പാലത്തില്‍ കേറിയിട്ട് മണിക്കൂര്‍ ഒന്നായി. അതിന്റെ കാലുകള്‍ക്ക് താഴെ കടല്‍ വെള്ളത്തിനു മേല്‍ നിലാവ് വീണുകിടക്കുന്നതും നോക്കി ഞാന്‍ ഇരുന്നു.
ഹസന്‍ ഭായി ഡാര്‍ എസ് സലാമിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. പ്രസിഡണ്ട് സാമിയ സുലുഹു അടക്കം ഭരണകക്ഷിയിലെ വമ്പന്‍ പാര്‍ട്ടികളൊക്കെ അദ്ദേഹത്തിന്റെ അടുത്ത ആളുകളാണ്. ഒരു കണക്കിന് അവരുടെയൊക്കെ ഒരു ബിനാമി ആണെന്നു പറയാം.
ഹസന്‍ ഭായിയുടെ നാല് ഭാര്യമാരില്‍ ഒരുത്തി ബീജിംഗ് കാരിയാണ്. താന്‍സാനിയയ്ക്ക് മേല്‍ ചൈനയുടെ പിടിവീണു തുടങ്ങിയെന്ന് ഇന്നലെ ഒന്നുരണ്ട് സ്ഥലങ്ങളില്‍ കറങ്ങിയപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി.
ഒമാനില്‍ വെച്ചാണ് ഹസന്‍ ഭായിയെ വേണു പരിചയപ്പെടുന്നത്. സലാലക്കാരിയായ അമ്മയുടെ വെളുപ്പും കാപ്പിരിയായ അപ്പന്റെ മൂക്കുമുള്ള ഹസന്‍ ഭായി വഴിയാണ് ഞങ്ങള്‍ ഇപ്പോള്‍ താന്‍സാനിയയില്‍ എത്തിയിരിക്കുന്നത്.
ഇക്കൂട്ടത്തില്‍ ബിസിനസ്സുമായി ഒരു ബന്ധവുമില്ലാത്തത് എനിക്ക് മാത്രം.
"ഞങ്ങള്‍ താന്‍സാനിയയില്‍ .... മാര്‍ബിള്‍ മൈനിംഗ് തൊടങ്ങാന്‍ പോവ്വാ . ഒരു പത്ത് ദിവസം അടിച്ച് പൊളിച്ചിട്ട് വരാം. പോരുന്നോ ' എന്ന് വേണു ചോദിച്ചതിന്റെ പിന്നാലെ സ്‌കൂളീന്ന് പതിനഞ്ച് ദിവസത്തെ ലീവും ഒപ്പിച്ച് ഒരു ബാഗും തോളിലിട്ട് നേരെ വിട്ട് പോന്നതാണ്ഞാന്‍.
"ഒരു മലയാളം മാഷ് കൂടെയുളളത് കൊണ്ട് നമുക്ക് ഒരു യാത്രാവിവരണം എഴുതാം. അല്ലേടാ വേണു.'
ഫ്‌ളൈറ്റില്‍ വെച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടയില്‍ മാര്‍ട്ടിന്‍ ഉറക്കെച്ചിരിച്ചു.
കൊച്ചിയിലെ പേരു കേട്ട ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ് കക്ഷി. സിമന്റും മെറ്റലിനും കമ്പിക്കും അപ്പുറം ഈ പ്രപഞ്ചത്തില്‍ സ്ഥായിയായി വേറെ ഒന്നും തന്നെയില്ല എന്നു വിശ്വസിക്കുന്നവന്‍.
ഇവരുടെ ബിസിനസ്സിന്റെ കണക്കും കാര്യങ്ങളുമെല്ലാം നോക്കുന്നത് അടിച്ച് കോണം തെറ്റി എന്റെ മുമ്പില്‍ ഇരിക്കുന്ന ഈ ജയമോഹനാണ്. ഏതു യാത്രയിലും വേണുവിന്റെ കൂടെ ജയനുണ്ടാവും. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ മറ്റുള്ളവരുമായി സംസാരിച്ച് അത് മുന്നോട്ടുകൊണ്ടുപോണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഈ സി.എ.ക്കാരനാണ്. എത്ര വലിയ ഡിസ്‌കഷനായാലും എട്ടു മണി അടിച്ചാല്‍ പുള്ളി ഷട്ടറിട്ടും.. പിന്നെ കുളിയൊക്കെ കഴിഞ്ഞ് നേരെ ബാറിലേക്ക്. വിദേശ യാത്രകളില്‍ ഹെന്നസിയാണ് ജയന്റെ ഫേവറേറ്റ്.
പിന്നെ ഞാനെങ്ങനെ ഇവന്മാരുടെ ഇടയില്‍ പെട്ടു എന്നാവും നിങ്ങളുടെ സംശയം. സത്യം പറയാമല്ലോ ഞാന്‍ ചില്ലറ എഴുത്തും വായനയുമൊക്കെയായി പോകുന്ന ആളാണെങ്കിലും എനിക്ക് എഴുത്തുകാരേക്കാള്‍ ഇങ്ങനെ ചിലരുമായിട്ടാണ് കൂടുതല്‍ അടുപ്പം. എഴുത്തുകാരാകുമ്പൊ അവരിലധികം പേരും സദാസമയവും അതിനെപ്പറ്റിത്തന്നെ പറഞ്ഞു കൊണ്ടിരിക്കും. തെറ്റാണോ ശരിയാണോ എന്നറിയില്ല എഴുത്ത് എഴുതാനുള്ളതാണ് പറയാനുള്ളതല്ല എന്നൊരു തോന്നല്‍ പണ്ടേ എനിക്കുണ്ട്. എഴുത്തിന്റെ ഗുട്ടന്‍സൊക്കെ ഏതാണ്ട് നമുക്കറിയാവുന്ന കാര്യമാണല്ലോ. പക്ഷേ ഇതുപോലെ ചില ഗ്യാങ്ങിന്റെ കൂടെ കറങ്ങുമ്പോള്‍ കിട്ടുന്ന അനുഭവം ഒന്നു വേറെത്തന്നെയാണ്.. അവന്മാര് നമ്മളെ അതുവരെ കാണാത്ത ഏതൊക്കെയോ സ്ഥലങ്ങളില്‍ കൊണ്ടെത്തിക്കും. എനിക്ക് പരിചയമുളള എഴുത്തുകാരെക്കാളൊ ക്കെ ജീവിതാനുഭവങ്ങളുള്ളവരാണ് ഇവരില്‍ പലരും. ഈ വേണുവിന്റെയൊക്കെ അനുഭവം കേട്ടാ വൈക്കം മുഹമ്മദ് ബഷീറുപോലും ഞെട്ടും.പക്ഷേ ഇവര്‍ക്കൊന്നും എഴുതാന്‍ കഴിവില്ലാതായിപ്പോയി. ഉണ്ടായിരുന്നേ ഇവിടെ ഒരു കൂട്ടം മഹത്തായ കൃതികള്‍ പിറന്നേനെ. പക്ഷേ ഇതൊന്നും വലിയ അനുഭവങ്ങളായിട്ട് ഇവര്‍ക്ക് തോന്നുന്നില്ല എന്നതാണ് മറ്റൊരു കാര്യം.
ചുണ്ടില്‍ നുരയിട്ട ബിയറിനെ നാക്കിന്റെ അറ്റം കൊണ്ട് ഒപ്പിയെടുക്കുന്നതിനിടയില്‍ ഞങ്ങളുടെ ടേബിളിലേക്ക് പെണ്‍കുട്ടി തറപ്പിച്ചൊന്നു നോക്കി. പിന്നെ അങ്ങനെ ഒന്നും ചെയ്തിട്ടേ ഇല്ല എന്ന മട്ടില്‍ ബെയറര്‍ സൗജന്യമായി നല്‍കിയ നിലക്കടലയില്‍ നിന്നും ഒരു നുളള് എടുത്ത് വായിലിട്ടു. അതും ചവച്ച് കൊണ്ട് കടലിനെ നോക്കിയിരുന്നു. അവളുടെ വശ്യമായ നുണക്കുഴികളില്‍ നിലാവു വീണു നിറയുന്നത് മദ്യലഹരിക്കിടയിലും ജയമോഹന്‍ കണ്ടുപിടിച്ചു.
"She looked at u.
വേണേ ചെന്ന് മുട്ടടാ സുധീ.
കാശൊക്കെ ഞാന്‍ നമ്മുടെ ബഡ്ജറ്റില്‍ കേറ്റിയേക്കാം '
"എടാ അവള്‍ നോക്കിയത് എന്നെയല്ല '
മേശപ്പുറത്തെ ഗ്ലാസ് അവനു നേരെ ഉയര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.
"ഇതിനെയാണ് '
ഒരു ബോട്ടില്‍ ഹെന്നസിക്ക് ഒരു ലക്ഷം ഷില്ലിംഗിനു മുകളിലാണ് വില. കൗണ്ടറിലിരിക്കുന്നവന്‍ ഒരു മേശയിലേക്ക് തന്നെ നിര്‍ത്താതെ പകര്‍ന്നു കൊടുക്കുന്ന വില കൂടിയ മദ്യം ചുമ്മാ പച്ചവെള്ളം പോലെ മടമടാന്നടിക്കുന്ന വരെ ഡാര്‍- എസ് - സലാമിലെ ഏതു പെണ്ണും ആരാധനയോടെ ഒന്നു നോക്കിപ്പോവും.
അപ്പോഴേക്കും വെയ്റ്റര്‍ ബൗളുമായി തിരിച്ചു വന്നു.
ഐസ് കഷണങ്ങള്‍ കോരിയെടുത്ത് ഹെന്നസി ക്കുമേല്‍ നിരത്തുന്ന അവനോട് പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ച് കൊണ്ട് ജയമോഹന്‍ ചോദിച്ചു.

"What's her name?'
"Glory'
"How much she demand for a night ?'
"Bose better u ask her straight . '
മേശപ്പുറത്തു വീണ വെള്ളത്തുള്ളികള്‍ ടിഷ്യുപേപ്പര്‍ കൊണ്ട് തുടച്ചെടുത്തശേഷം പോകാന്‍ നേരത്ത് അവന്‍ പറഞ്ഞു ;
"ലേറ്റ് ആകും തോറും റേറ്റ് കുറയും. പക്ഷേ അവള് ഒരു പ്രത്യേക ജാതിയാ.... '
"അപ്പൊ പുലര്‍ച്ചക്ക് നോക്കാം'
ജയമോഹന്‍ ഉറക്കെച്ചിരിച്ചു.
പറയുന്നതല്ലാതെ ജയന് ഈ വക വിഷയങ്ങളിലൊന്നും ഒരു താല്പര്യവുമില്ലെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം.
എന്നാല്‍ ബാക്കിയുളളവരെക്കൊണ്ട് ഉള്ള പോക്രിത്തരങ്ങളൊക്കെ ചെയ്യിപ്പിക്കാന്‍ വളരെ ഉല്‍സാഹമാണു താനും.
കഴിഞ്ഞ ദിവസം രാത്രി ഒരു പബ്ബില്‍ കേറിയതും ഇതുപോലെ ഒരുത്തി ഇവന്റെ അരികില്‍ വന്നിരുന്ന് കോക്ടെയില്‍ ആവശ്യപ്പെട്ടു.
അപ്പൊത്തന്നെ അവള്‍ക്ക് വേണ്ടിഅത് ഓര്‍ഡര്‍ ചെയ്ത് മൊബൈലുമായി വെളിയിലിറങ്ങിയ ജയന്‍ തിരിച്ച് വന്നത് ആ പെണ്ണ് അടുത്ത ടേബിളില്‍ ഇരുന്നവന്റെ ബഡൈ്വസറും വാങ്ങിക്കുടിച്ച് അവന്റെ ചുണ്ടുകള്‍ നുണയാന്‍തുടങ്ങിയപ്പോഴാണ്.
കടല്‍പാലത്തില്‍ നിന്ന് ഹസന്‍ ഭായി താഴേക്കിറങ്ങി.
ചര്‍ച്ച അവസാനിച്ചു കാണണം.
അദ്ദേഹത്തിനു പിന്നാലെ വരുന്ന കൂട്ടുകാരുടെ മുഖത്തെ ഉന്മേഷം കണ്ടപ്പോള്‍ കാര്യങ്ങള്‍ നല്ല നിലയില്‍ ചെന്നെത്തിയിട്ടുണ്ടെന്ന ഒരു തോന്നല്‍ എനിക്കുണ്ടായി. ഹസന്‍ ഭായിയോട് സംസാരിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെട്ടു.
ലിയാങ്ങുമായി ചേര്‍ന്ന് ജോയിൻറ് വെര്‍ച്വര്‍ ആയിട്ടാണ് മൈനിംഗ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. മിനിസ്റ്ററിയിലുള്ള ഒരാളുടെ അളിയന്റെ പേരിലാണ് കോഫിയിലെ സ്ഥലം കിടക്കുന്നത്. അതൊക്കെ ഹസന്‍ ഭായ് ശരിയാക്കിത്തരും. പക്ഷേ 25കൊല്ലത്തെ ലീസിന് 40കോടിയാണ് അവന്മാര് ചോദിക്കുന്നത്. അതില്‍ ഇരുപത്തിയഞ്ച് ലിയാങ്ങ് ഇടാമെന്നു സമ്മതിച്ചിട്ടുണ്ട്.
മൈനിംഗ് തുടങ്ങിയാല്‍ ലാഭത്തിന്റെ 25 ശതമാനം വേറെയും കൊടുക്കണം. എന്നാലും അഡാറ് ലാഭമാണെന്നാ മാര്‍ട്ടിന്‍ പറയുന്നേ.
സാംപിള്‍ നോക്കാന്‍ വന്ന ജിയോളജിക്കാരുടെ റിപ്പോര്‍ട്ടില്‍ ആമണ്ണിനകത്തെ മാര്‍ബിള്‍ പോലെ വേറെയൊരെണ്ണം ഈ ഉലകത്തില്‍ വേറെ കിട്ടില്ലത്രേ. പറഞ്ഞ പോലെയൊക്കെ സംഭവിച്ചാ സംഗതി ലോട്ടറിയാണ്.
ഹസന്‍ ഭായി പറയുന്നതൊന്നും ശ്രദ്ധിക്കാതെ ആകാശം നോക്കി ജയമോഹന്‍ കസേരയില്‍ മലര്‍ന്നു കിടക്കുന്നതു കണ്ടപ്പോള്‍ വേണുവിന് കുരു പൊട്ടി.
"മതി. മതി. നിര്‍ത്താം. കാലത്തെണീക്കണ്ടേ'
അതു കേള്‍ക്കേണ്ട താമസം, മാര്‍ട്ടിനൊഴിച്ച് വെച്ച ഗ്ലാസെടുത്ത് ജയമോഹന്‍ ഒറ്റവലി വലിച്ചു. എന്നിട്ട് ലിയാങ്ങിനു നേരെ ചെന്നു.
"ഇവിടെ എവിടെ നല്ല നായാട്ടിനു പോകാന്‍ പറ്റിയ സ്ഥലം '
"നിങ്ങള്‍ക്ക് വേട്ട ഇഷ്ടമാണോ ' ലിയാങ്ങ് ചോദിച്ചു.
"കേരളത്തിലൊക്കെ മുയലിനെ കൊന്നാപ്പോലും കേസാ...
സിംഹത്തെ കിട്ടുമോ?'
ജയമോഹന്‍ ലിയാങ്ങിന്റെ കവളിലെ മഞ്ഞ ത്തൊലിയില്‍ പിടിച്ച് മൃദുമായിഞെക്കി.
"ഭാഗ്യമുണ്ടെങ്കില്‍ നാളെ നമുക്കൊരു നല്ല മൃഗത്തെ കിട്ടും. '
ലിയാങ്ങ് ചുണ്ടിലേക്ക് ഒരു സിഗരറ്റ് എടുത്തു വെച്ചു.
കബൂക്കിലേക്ക് പോകാനുള്ള വണ്ടി കാലത്ത് 6 മണിക്ക് ഹോട്ടലിന്റെ മുമ്പില്‍ വരും. ഡാര്‍ എസ് സലാമില്‍ നിന്ന് പത്ത് നൂറ്റമ്പത് കിലോമീറ്റര്‍ ദൂരം മുണ്ടെന്നാണ് ഗൂഗിള്‍ നോക്കിയപ്പോള്‍ കണ്ടത്. അവിടെനിന്ന് കോഫിയിലേക്ക് പിന്നെയുമുണ്ട് പത്തിരുപത്തഞ്ച് കിലോമീറ്റര്‍. നാളെ രാത്രി ബ്ലാക്ക് വുഡ്ഡില്‍ ഒരു പാര്‍ട്ടി വെച്ചിട്ടു ണ്ടെന്ന് അറിയിച്ചിട്ടാണ് ലിയാങ്ങ് പോയത്.അതുകൊണ്ട് രാവിലെ ത്തന്നെ പുറപ്പെടണം. ഇല്ലെങ്കില്‍ തിരിച്ച് എത്തുമ്പോള്‍ പാതിരയാക്കും. പാര്‍ട്ടി മിസ് ചെയ്യരുതെന്ന് കാറില്‍ കയറുന്നതിനിടയില്‍ ലിയാങ്ങ് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി.
ബില്ല് പറയാന്‍ തുടങ്ങിയ വേണുവിനെ തടഞ്ഞുകൊണ്ട് ജയമോഹന്‍ ഹസന്‍ ഭായിയുടെ അരികിലേക്ക് കസേര വലിച്ചിട്ടു.
‘ഹസന്‍ ഭായി. ഈ ഇരിക്കുന്നവളെ നിങ്ങള്‍ ഇന്നു രാത്രി ഇവനൊന്ന് ശരിയാക്കിക്കൊടുക്കണം. '
"എനിക്കൊന്നും വേണ്ട. '
ഞാന്‍ ജയമോഹന്റെ കൈ എന്റെ തോളില്‍ നിന്നെടുത്ത് താഴെയിട്ടു.
"പ്ലീസ് ഹസന്‍ഭായി ..... നിങ്ങള്‍ അവളെ ചെന്നൊന്നു വിളി. ചുമ്മാ കുറച്ച് നേരം വര്‍ത്താനം പറഞ്ഞിരിക്കാലോ ?'
അവളോട് സംസാരിച്ചാല്‍ കൊള്ളാമെന്ന് എനിക്കും തോന്നി.
പക്ഷേ പുറത്തു പറയാന്‍ പറ്റില്ലല്ലോ. അടക്കിപ്പിടിച്ച ആഗ്രഹമേ നിന്റെ പേര്‍ മലയാളി എന്നാക്കുന്നു.
ഹസന്‍ഭായി കൗണ്ടറിനരികിലേക്ക് ചെന്നതും വേണുവും മാര്‍ട്ടിനും ഇടപെട്ടു.
ഹസന്‍ ഭായിയെ വെറുമൊരു കൂട്ടിക്കൊടുപ്പുകാരനെപ്പോലെ കാണുന്നത് തെറ്റാണെന്ന രീതിയില്‍ കളള് തലയില്‍ കേറുമ്പോഴുള്ള ജയമോഹന്റെ ഇമ്മാതിരി അവിഞ്ഞ സ്വഭാവത്തെ കണക്കിന് കുറ്റപ്പെടുത്താന്‍ തുടങ്ങി.
പക്ഷേ അതൊന്നും ജയമോഹന്‍ മൈന്റ് ചെയ്തില്ല. ഒരു ഹെന്നസി കൂടി ഓര്‍ഡര്‍ ചെയ്ത് അവന്‍ പറഞ്ഞു;
"ഓ പിന്നേ അവന്‍ വല്യ പുണ്യാളനല്ലേ ? എടാ അവന്‍ പെണ്ണിനെയല്ല ഒരു രാജ്യ ത്തെ മൊത്തത്തിലാണ് കൂട്ടിക്കൊടുക്കുന്നത്. '
ഗ്ലോറിയോട് എന്തൊക്കെയോ സംസാരിച്ച ശേഷം ചെറിയൊരു ചമ്മലോടു കൂടി ഹസന്‍ തിരിച്ച് വന്നു.
"ഇന്നത്തെ കാര്യം വിട് . നേരം ഇത്രയായില്ലേ. നാളെ പാര്‍ട്ടിയുണ്ടല്ലോ. ഇതിലും വലിയ ഇടിവെട്ട് ഐറ്റത്തിനെ നമുക്കിറക്കാം. എന്താ '
കാര്യം നടത്തിക്കൊടുക്കാന്‍ പറ്റാത്തതിന്റെ ചമ്മല്‍ മറക്കാനായി ഹസനും ഒരുഡ്രിങ്ക് പറഞ്ഞു.
"അവടെ അപ്പന്‍ വലിയ റവലൂഷണറിയൊക്കെയായിരുന്നു. CCM പാര്‍ട്ടീടെ ആളാ. കഴിഞ്ഞ കൊല്ലം സാന്‍സിബാറില്‍ വെച്ചുണ്ടായ കശപിശ ക്കിടയില്‍ വെടിയേറ്റ് മരിച്ചു. കൊന്നതാവും. എതിര്‍ക്കുന്നവന്മാരെ പിന്നെന്ത് ചെയ്യാന്‍ പറ്റും.'
"ഇതൊക്കെ ഇവിടത്തെ സ്ഥിരം പരിപാടിയാണ്. അവളുടെ അപ്പൂപ്പനും എന്റെ അപ്പനും വലിയ ചങ്ങാതിമാരായിരുന്നു . അവര് 64 ലെ സാന്‍സിബാര്‍ വിമോചനസമരത്തിലൊക്കെ പങ്കെടുത്തവരാ. അതിന്റെ ചില പ്രശ്‌നങ്ങളൊക്കെ അവള്‍ക്കുണ്ട്. ചോരയുടെ ഗുണം പറയാതിരിക്കില്ലല്ലോ? അവള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസിഡന്റു വന്നാപ്പോലും അവളനങ്ങില്ലെന്നൊക്കെയാ ആ കൗണ്ടറിലിരിക്കുന്നവന്‍ പറയുന്നേ. '
"മെരുങ്ങാത്തതിനേയാ എനിക്കിഷ്ടം.' മാര്‍ട്ടിന്‍ പ്ലേറ്റിലെ ടി - ബോണില്‍ നിന്ന് ഒരു കഷ്ണം കടിച്ചെടുത്തു.
പിറ്റേന്ന് കാലത്ത് ആറ് മണിക്കുതന്നെ വണ്ടി വന്നു.
ഞങ്ങള്‍ തലേദിവസത്തെ കള്ളടിയുടെ ക്ഷീണവും തലവേദനയുമൊക്കെയായി സ്വയം പഴിച്ച് കൊണ്ട് താഴെ വന്നപ്പൊ അതാ ലോഞ്ചില്‍ മൊബൈലും നോക്കിക്കൊണ്ട് ജയമോഹന്‍ ഇരിക്കുന്നു.....!
ഇത്രയൊക്കെ വലിച്ച് കേറ്റിയതിന്റെ ഒരു ലക്ഷണവും മുഖത്തില്ല എന്നു മാത്രമല്ല പതിവിലധികം ഉന്മേഷവാനുമാണ്. ഇവന്‍ ഒരു പ്രത്യേക ജനുസ്സാണെന്ന് പണ്ടേ അറിയാവുന്നതു കൊണ്ട് ഞങ്ങള്‍ക്കതില്‍ വലിയ ആശ്ചര്യമൊന്നും തോന്നിയില്ല.
"മാന്‍സയിലേക്കുള്ള ഫ്‌ലൈറ്റ്ബുക്ക് ചെയ്തു കേട്ടോ.'
മറ്റന്നാള്‍ മാന്‍ സയ്ക്ക് അടുത്തുള്ള ഷരംഗട്ടി നാഷണല്‍ പാര്‍ക്കിലേക്ക് പോകാനാണു പ്ലാനിട്ടേക്കു ന്നത്.
"ഒരു സൂര്യകാലടി വിട്ടാലോ ' ജയമോഹന്‍ ചോദിച്ചു.
സൂര്യന്‍ ഉദിച്ചുവരുന്നതിനുമുമ്പ് ഒരു കാല്‍, അതായത് മുപ്പത് മില്ലി വിസ്‌കി ഡ്രൈയായി അടിക്കുന്നതിന് അവന്‍ കണ്ടെത്തിയ പേരാണ് സൂര്യകാലടി.
അതിനൊന്നും ചെവി കൊടുക്കാതെ വേണു ജയനെ പിടിച്ച് വണ്ടിയില്‍ കയറ്റി.
ലിയാങ്ങിന്റെ ലാൻറ് ക്രൂയിസറിനു പിന്നാലെ ഞങ്ങളുടെ ഇന്നോവ നീങ്ങിത്തുടങ്ങിയതും പൊടുന്നനെ എല്ലാവരും ഉറക്കമായി. ശരിക്കും ഒറ്റപ്പെട്ടതുപോലെ എനിക്ക് തോന്നി. ഇനി എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ഈ ഡ്രൈവര്‍ മാത്രമാണുള്ളത്. കാഴ്ചയില്‍ പരുക്കനാണെങ്കിലും കുട്ടിക്കാലത്ത് പലരേയും അയാളിലേക്ക് ആകര്‍ഷിച്ചിരുന്ന നിഷ്‌കളങ്കമായ ചിരി അയാള്‍ക്കൊപ്പം വളരാതെ തടിച്ച ചുണ്ടുകളില്‍ പിച്ചവെയ്ക്കുന്നത് ഞാന്‍ കണ്ടു.
ഡാര്‍ എസ് സലാമിന്റെ നഗരാതിര്‍ത്തി വിട്ട് വണ്ടി ഓടി തുടങ്ങിയപ്പോഴേക്കും ജോനാഥന്‍ അയാളെ എനിക്കു മുന്നില്‍ തുറന്നിട്ടു കഴിഞ്ഞിരുന്നു .
ഒരു മകനും മകളും ഭാര്യയും അടങ്ങുന്നതാണ് ജോനാഥന്റെ കുടുംബം. ഭാര്യക്ക് ഡാര്‍ എസ് സലാമില്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന ചെറിയൊരു പെട്ടിക്കടയുണ്ട്.
കുട്ടികളില്‍ മൂത്തവന്റെ പഠിപ്പ് കഴിഞ്ഞു. പെണ്‍കുട്ടി പ്ലസ്ടു ഈ വര്‍ഷം പൂര്‍ത്തിയാക്കും.
"മക്കളെ രണ്ടു പേരേയും ഒരു കരക്കെത്തിച്ചിട്ടു വേണം എനിക്ക് ഈ ആക്‌സിലേറ്ററില്‍ നിന്നും കാലെടുക്കാന്‍. '
വണ്ടിയോടിക്കുന്നതിനിടയില്‍ ജോനാഥന്‍ തന്റെ കീറിയ ജീന്‍സിന്റെ അറ്റം പൊക്കി കാണിച്ചു. കടുംകെട്ടുകെട്ടിയ വെരിക്കോസ് ഞരമ്പുകളില്‍ നിന്നും അയാള്‍ക്ക് ഒരിക്കലും തന്റെ കാലുകളെ അഴിച്ചെടുക്കാന്‍ പറ്റില്ലെന്ന് എനിക്ക് തോന്നി.
"നിങ്ങള്‍ എന്തിനാ ഇതൊക്കെ വിചാരിച്ച് ടെന്‍ഷനടിക്കുന്നേ. അവര്‍ അവരുടെ ജോലി കണ്ടെത്തിക്കോളും.'
"സര്‍ ഇത് നിങ്ങടെ കേരളം അല്ല' ജോനാഥന്‍ പറഞ്ഞു.
"ആഫ്രിക്കയാണ്. ഇവിടെത്തെ ചെറുപ്പക്കാരില്‍ മിക്കതിന്റേയും ജോലിയെന്താണെന്നറിയാമോ....?
ആണിന് മോഷണം .....
പെണ്ണിന് പ്രോസ്റ്റിറ്റിയൂഷന്‍......
നിങ്ങള്‍ ഒരാഴ്ചയായില്ലേ ഇവിടെ വന്നിട്ട്......'
അയാള്‍ പറഞ്ഞത് ശരിയാണ്. ചുരുങ്ങിയ ദിവത്തിനിടയില്‍ ഞാന്‍ ഇതൊക്കെ നേരിട്ട് കണ്ട് കൊണ്ടിരിക്കുകയാണ്.

സന്ധ്യമയങ്ങിയാല്‍ അവരവരുടെ കൂരകളില്‍ നിന്ന് കൂട്ടത്തോടെ നഗരങ്ങളിലേക്ക് വരുന്ന പെണ്‍കുട്ടികള്‍, ഹോട്ടലിന്റെ ലോബികളില്‍ ഇറുകിയ ഉടുപ്പും ചുണ്ടില്‍ കടുത്ത ലിപ്സ്റ്റിക്കും തേച്ച് ഊഴം കാത്തിരിക്കുന്നവര്‍. പബ്ബിനു വെളിയില്‍ ഒരു തണുത്ത ബിയറിനു പകരം എന്തും തരാമെന്ന് ഒരു നാണവുമില്ലാതെ വിളിച്ചു പറയുന്നവര്‍.
ഇവിടെ മോഷണമില്ലെങ്കില്‍ പിന്നെ ഹോട്ടലിനു വെളിയിലിറങ്ങുമ്പോഴൊക്കെ ഹസന്‍ ഭായി ഞങ്ങള്‍ക്കൊപ്പം തടിമാടന്മാരായ ബോഡി ഗാര്‍ഡിനെ വിടുന്നതെന്തിനാണ്?
"നിങ്ങള്‍ ഡ്രാക്കുള വായിച്ചിട്ടുണ്ടോ?' ഞാന്‍ ചോദിച്ചു.
"അതിലെ നായകന് നിങ്ങടെ പേരാണ്. ജോനാഥന്‍. ജോനാഥന്‍ ഹാര്‍ക്കര്‍. '
"പുസ്തകമൊന്നും വായിച്ചിട്ടില്ല സര്‍. സിനിമയും കണ്ടിട്ടില്ല.
ആളെ എനിക്കറിയാം. പറഞ്ഞു കേട്ടിട്ടുണ്ട്.'
ജോനാഥന്‍ എന്റെ നേരെ നോക്കി ചിരിച്ചു.
സാമാന്യം വലിയ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്നില്‍ ലിയാങ്ങിന്റെ വണ്ടി നിന്നു.
ഡാര്‍ - എസ് - സലാം സിറ്റി ഇവിടെ അവസാനിക്കുകയാണ്. ഹസന്‍ ഭായി ഷോപ്പിനകത്തേക്ക് കയറിപ്പോകുന്നത് കണ്ട് ഇന്നോവ ഒതുക്കി ജോനാഥനും ഇറങ്ങി. മാര്‍ട്ടിന്റെ കൂര്‍ക്കംവലിയില്‍ നിന്നുയര്‍ന്ന നീരാവി വണ്ടിയുടെ ചില്ലുകളെ മൂടല്‍മഞ്ഞ് പോലെ വെളുപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ നാലഞ്ച് കാരിബാഗുകള്‍ നിറയെ സോഫ്റ്റ് ഡ്രിംഗ്‌സിന്റെ ബോട്ടിലു കളും റൊട്ടികളുമൊക്കെയായി ഹസന്‍ ഭായിക്കൊപ്പം ഇറങ്ങി വന്ന ജോനാഥന്‍ അതൊക്കെ ലാന്റ് സ്‌ക്രൂയിസറിലിട്ട് ഇന്നോവയില്‍ കയറി.
"എന്തിനാ ഇത്രേം. ഇതൊക്കെ ആര് കഴിക്കാനാ.' ഞാന്‍ ചോദിച്ചു.
"ഇവിടെ മുഴുവന്‍ വിശക്കുന്നവരാണ് സര്‍ '
ജോനാഥന്‍ വണ്ടി മുന്നോട്ടെടുത്തു.
ആകാശത്തിന്റെ അറ്റം വരെ എത്തുന്ന കൃഷിയിടങ്ങള്‍...
പശുക്കളും പോത്തും മേയുന്ന
ബോ ബാബും അക്കേഷ്യയും കിഞ്ചേലിയയും വളര്‍ന്നു നില്‍ക്കുന്ന പുല്‍മേടുകള്‍..
"ജോനാഥനു കൃഷിയുണ്ടോ?' ഞാന്‍ ചോദിച്ചു.
അയാള്‍ അതിനു മറുപടി പറയാതെ സ്വയം ഒന്നു ചിരിച്ചു.
പിന്നെ പറഞ്ഞു. "അതൊക്കെ നിങ്ങള്‍ ഇന്ത്യക്കാര്‍ക്കല്ലേ?'
പിന്നിലുളളവരെ ഉണര്‍ത്താന്‍ വേണ്ടി മനഃപ്പൂര്‍വ്വം വണ്ടി അയാള്‍ ഒരു ഗട്ടറിലിട്ടു.
മേലോട്ട് പൊങ്ങിയ വേണു ഒരു നിലവിളിയോടെ സീറ്റില്‍ വീണു.
ജോനാഥന്‍ ഭവ്യതയോടെ സോറി പറഞ്ഞു. പിന്നെ നിഷ്‌കളങ്കമായ ചിരിയോടെ അയാള്‍ എന്നെ നോക്കി..
റോഡ് വക്കിലൊക്കെ ഷീറ്റിട്ട ചെറിയ വീടുകള്‍..
മുറ്റത്തെ വെയിലില്‍ ഉണങ്ങിക്കൊണ്ടിരിക്കുന്ന പിഞ്ഞിയ കുപ്പായങ്ങള്‍.
ഉമ്മറത്ത് കാലും നീട്ടിയിരുന്ന് മുറത്തിലെ ധാന്യത്തില്‍ നിന്ന് പതിരുകള്‍ എടത്തു മാറ്റുന്ന പ്രായം ചെന്ന പെണ്ണുങ്ങള്‍. അവരുടെ കണ്‍വെട്ടത്തിനു ചുറ്റും സ്വന്തമായി ഉണ്ടാക്കിയ കളിപ്പാട്ടങ്ങളുമായി ഓടി നടക്കുന്ന കുട്ടികള്‍. അമ്മ ഒന്നാണെങ്കിലും അവര്‍ ഓരോരുത്തര്‍ക്കും വെവ്വേറെ തന്തമാരാണ്.
അവരെ അവര്‍ക്കറിയില്ല. ആരാണെന്നവര്‍ ചോദിക്കാറുമില്ല. മിക്കവാറും
പേരക്കുട്ടികളെ നോക്കി വളര്‍ത്തുന്നത് മുത്തശ്ശിമാരാണ്.
കോഫിയിലെത്തും വരെ ജോനാഥന്‍ തന്റെ നാട്ടിലെ ഓരോ രോ കാര്യങ്ങളെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു..
"സൗത്ത് സുഡാനും സോമാലിയയും പോലെയല്ല .... പട്ടിണി കിടന്ന് ചാവാതിരിക്കാന്‍ സാമിയ സുലുഗു ഞങ്ങള്‍ക്കിത്തിരി ഭക്ഷണം തരും.
ഭക്ഷണം മാത്രം. '
കോഫി ചെറിയൊരു കവലയാണ്. അഞ്ചെട്ട് കെട്ടിടങ്ങള്‍. ഞങ്ങളെത്തുമ്പോള്‍
ധാരാളം ആളുകള്‍ അവിടെ കൂടിനില്‍ക്കുന്നുണ്ട്.
വണ്ടികള്‍ കണ്ടതും എന്തോ വലിയ അല്‍ഭുതം സംഭവിച്ചതുപോലെ അവര്‍ അതിനു ചുറ്റും ഓടിക്കൂടി. വണ്ടിയുടെ ചില്ലിനപ്പുറം തഴമ്പിച്ചതും ചേറുപിടിച്ചതുമായ കൈകള്‍ എന്തൊക്കെയോ സംസാരിക്കാന്‍ തിരക്കുകൂട്ടി.
യാചനയും പരിഭവങ്ങളും പരാതികളും ......
ലിയാങ്ങും ഹസന്‍ ഭായിയും നേരത്തേ വാങ്ങിയ പാനീയത്തിന്റെ കുപ്പികള്‍ അവര്‍ക്ക് എറിഞ്ഞു കൊടുക്കാന്‍ തുടങ്ങി.
റൊട്ടി കഷണങ്ങള്‍ക്ക്‌മേല്‍ അവര്‍ നായ്ക്കളെപ്പോലെ ചാടി വീണു.
കൊടുക്കുന്നതായി ആംഗ്യം കാണിച്ച് കൊടുക്കാതെ അവരെയിട്ടു കളിപ്പിക്കുന്നതു കണ്ടപ്പോള്‍ ലിയാങ്ങിനോട് എനിക്ക് ദേഷ്യം തോന്നി.
അതിനിടയില്‍ മാര്‍ട്ടിന്‍ ഹസന്‍ ഭായിയുടെ കൈയില്‍ നിന്നും ഒരു ബോട്ടില്‍ വാങ്ങി ദൂരേക്കെറിഞ്ഞു. ഒരു കൂട്ടം ആളുകള്‍ വലിയ ആരവത്തോടെ കുപ്പിക്ക് പിന്നാലെ ഓടുകയും അതവസാനം ഒരു പൊരിഞ്ഞ അടിയില്‍ കലാശിക്കുകയും ചെയ്തു.
ഞങ്ങള്‍ക്കായി സവിശേഷമായ ഒരു കായിക വിനോദം തരപ്പെടുത്തിയതുപോലെ
ഹസനും ലിയാങും അവരുടെ ആഹ്ലാദത്തിലേക്ക് ഞങ്ങളേയും വലിച്ചിട്ടു.
ജോനാഥനെ പക്ഷേ അവിടെയെങ്ങും കണ്ടില്ല.
അല്ലെങ്കിലും അയാള്‍ ഇതൊന്നും ഇങ്ങനെ കണ്ടു നില്‍ക്കില്ലെന്നെനിക്കറിയാമായിരുന്നു.
ഇതിനിടയില്‍ ജയമോഹന്‍ ഒരു തട്ടുകടയില്‍ ചെന്ന് ഗ്രില്ലില്‍ വെച്ച് ചുട്ട നാടന്‍ കോഴിയുടെ മൂന്നാല് കഷണങ്ങളുമായി വന്നു.
"പാവങ്ങള്‍ '
കാരിബാഗിലെ അവസാനത്തെ ബോട്ടിലും എറിഞ്ഞുകൊടുത്ത് ലിയാങ്ങ് എന്റെ നേരെ വന്നു. ഞാന്‍ അല്പ സ്വല്‍പം എഴുതുന്ന ആളാണെന്നറിഞ്ഞതു കൊണ്ടാണോ അയാള്‍ അങ്ങനെയൊരു ഡയലോഗ് അടിച്ചത്.....? ഹസന്‍ ഭായി എല്ലാവരോടും ലാന്റ് സ്‌ക്രൂയിസറിലോട്ട് കേറിക്കോളാന്‍ പറഞ്ഞു.
ഇനി അങ്ങോട്ട് പ്രധാന പാതവിട്ട് മണ്‍റോഡിലൂടെയാണ് പോകേണ്ടത്. മൈനിംഗിനായി കണ്ടെത്തിയ സ്ഥലത്തെത്താന്‍ പത്തിരുപത് കിലോമീറ്റര്‍ ദൂരമുണ്ട്. സ്റ്റിയറിംഗ് ജോനാഥനെ ഏല്‍പ്പിച്ച് ഹസന്‍ ഭായി
ഞങ്ങള്‍ക്കൊപ്പം പിന്‍സീറ്റിലേക്ക് വന്നു. ജയമോഹനാകട്ടെ 60 വീതം നാലുഗ്ലാസുകളിലാക്കി അതിനു മേല്‍ വെള്ളം ഒഴിച്ചു.
വലിയൊരു കാലിക്കൂട്ടത്തിനു റോഡ് മുറിച്ച് കടക്കാന്‍ ജോനാഥന്‍ വണ്ടി ഇത്തിരി ഒതുക്കിക്കൊടുക്കുന്നതിനിടയില്‍ മാര്‍ട്ടിന്‍ ലിയാങ്ങിനോട് ചോദിച്ചു.
"എന്തായി നമ്മുടെ വേട്ടയുടെ കാര്യം'
ജയമോഹന്‍ ഞെട്ടലോടെ മാര്‍ട്ടിനെ നോക്കി.
"ഞാന്‍ ഇന്നലെചുമ്മാ പറഞ്ഞതാ'
ജയമോഹന്‍ പറഞ്ഞു.
"ഞാന്‍ ഇന്ന് കാര്യമായിട്ട് പറഞ്ഞതാ.'
മാര്‍ട്ടിന്റെ മറുപടി കേട്ട് ജോനാഥന്‍ ഒഴികേ ബാക്കി എല്ലാവരും ഉറക്കെച്ചിരിച്ചു.
"വെയ്റ്റ്. ഭാഗ്യമുണ്ടെങ്കില്‍കിട്ടും. '
"അതിനു തോക്ക് വേണ്ടേ?' വേണു ചോദിച്ചു.
"തോക്കില്ലേ ?'
ലിയാങ്ങ് വേണുവിനെ നോക്കി ഉറക്കെച്ചിരിച്ചു.
"തപ്പി നോക്ക്. അപ്പൊ ക്കാണും'
ഹസന്‍ ഭായ് വേണുവിന്റെ നാഭിക്ക് താഴെ ഇക്കിളിയിട്ടു.
"ഓ..... അങ്ങനെ'
വേണുവിനപ്പോഴാണ് കാര്യം പിടി കിട്ടിയത്.
"ഏതാണ്ട് രണ്ട് മാസമായിക്കാണും അല്ലേ ഹസന്‍....' ലിയാങ്ങ് അവര്‍ നടത്തിയ വേട്ടയുടെ കഥ പറഞ്ഞു തുടങ്ങി.
"ഞങ്ങള്‍ ഇതു വഴി ഇതേ വണ്ടിയില്‍ ......., അന്ന് ഞങ്ങടെ കൂടെ ഹനാഫിയും ജിയാങ്ങുമുണ്ടായിരുന്നു,
ഇങ്ങനെ പൊക്കോണ്ടിരിക്കേ പെട്ടെന്നാണ് ആ മൃഗം കാട്ടിനകത്തു നിന്നും റോഡിലേക്ക് ചാടി വന്നത്. ഒരു സീബ്രക്കുട്ടി! ക്യൂട്ട് ..... തീരെ ചെറുത്.
പത്ത് പതിമൂന്നുവയസ്സായിക്കാണും. ഞങ്ങളെ കണ്ടതും തലയില്‍ കെടന്ന കപ്പയുടെ കെട്ട് താഴെയിട്ട് നിലവിളിയോടെ അവള്‍ വന്ന വഴി ഒറ്റയോട്ടം.
ഹനാഫി വണ്ടി ചവിട്ടിയതും ഞങ്ങളിറങ്ങി സീബ്രക്കുഞ്ഞിന് പിന്നാലെ ഓടി. കൊച്ചാണെങ്കിലും എന്നാ ഓട്ടമായിരുന്നു. ചീറ്റപ്പുലി തോറ്റു പോകും.
ജിയാങ്ങിന്റെ കൈയില്‍ പെട്ടതാണ്. ഫ്രോക്കേ പിടി വീണതാ.... കീറി നേരെ കൈയിലോട്ടു പോന്നു. പിറന്ന പടി അവള്‍ കാട്ടിനകത്തേക്ക് മറഞ്ഞു. അവടെ ഷേപ്പൊന്നു കാണേണ്ടതായിരുന്നു. ഹോ! അറിയാതെ വെടി പൊട്ടിപ്പോകും'
ലിയാങ് ഡാഷ്‌ബോര്‍ഡില്‍ ആഞ്ഞടിച്ചു.
ജോനാഥന്‍ വണ്ടിയുടെ വേഗത കൂട്ടി.
എനിക്ക് പേടിയായി.

മൈനിംഗ് ഏരിയക്കടുത്ത് അവിടിവിടെയായി അഞ്ചെട്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മരക്കമ്പും മണ്ണുംകുഴയുണ്ടാക്കിയ തീരെ ചെറിയ കുടിലുകളാണ്. ഇത്രയും വലിയ മനുഷ്യര്‍ അതിനകത്ത് എങ്ങനെ കഴിയുന്നു ?
ഒരു കഷ്ണം ചേലയുടെ രണ്ടറ്റവും കഴുത്തിനു പിന്നില്‍ കെട്ടിയുണ്ടെന്നൊഴിച്ചില്‍ സ്തീകള്‍ ഒട്ടു മുക്കാലും നഗ്‌നരാണ്. കൈയില്‍ ചോളം കുറുക്കിയൊഴിച്ച പിഞ്ഞാണങ്ങളുമായി പൊടി മണ്ണില്‍ വീണുരുളുന്ന കുട്ടികള്‍.
ഹസന്റെ കൈയില്‍ റൊട്ടി കണ്ടതും പാത്രങ്ങളൊക്കെ താഴെയിട്ട് കുട്ടികളും സ്ത്രീകളുമെല്ലാം വണ്ടിക്കു നേരെ ഓടി വന്നു. ഇവര്‍ക്ക് കോഫിയില്‍ ഉള്ളവരേക്കാള്‍ വിശക്കുന്നുണ്ട്. റൊട്ടി പിച്ചിക്കീറി വായില്‍ തിരുകിയപ്പോള്‍ അവരുടെ കണ്ണുകള്‍ തുറിച്ചു. ചിലര്‍ ഉറക്കെ ചുമച്ചു. വേറെ ചിലര്‍ അമ്മമാരോട് വെള്ളത്തിനായി കൈ നീട്ടി.
അതുകണ്ട് ലിയാങ് എന്റെ ചെവിക്കരികില്‍ വന്ന് പതുക്കെ മന്ത്രിച്ചു, "ഇവറ്റകള്‍ ഇത് തിന്നു കഴിയുമ്പോഴേക്കും നമ്മള്‍ ഇവിടത്തെ മാര്‍ബിള്‍ മൊത്തം കുഴിച്ചെടുത്ത് സ്ഥലം വിട്ടിരിക്കും.'
കട്ടര്‍ വെച്ച് പാറകളില്‍ നിന്ന് ഒരു കഷ്ണം മാര്‍ബിള്‍ അടര്‍ത്തി കൊണ്ടുവരാന്‍ ലിയാങ് ജോനാഥനോട് പറഞ്ഞു.
അയാള്‍ സ്വന്തം മാംസം പോലെ അത് അറുത്തെടുക്കാന്‍ തുടങ്ങി.
ഇടയ്ക്ക് അറിയാതെ ഒന്ന് ബ്ലേഡില്‍ തട്ടിയതും പൊടിഞ്ഞു തുടങ്ങിയ ചോര വിരലുകളിലൂടെ ഒഴുകി നഖത്തിനു താഴെ തൂങ്ങിക്കിടക്കുന്നത് ഞാന്‍ കണ്ടു.
അപ്പോള്‍ വായുടെ ഇരുവശങ്ങളില്‍ നിന്നും മെല്ലെ പുറത്തേക്കിറങ്ങി വന്ന കോമ്പല്ലുകള്‍ കാണാതിരിക്കാന്‍ ഞാന്‍ ചുണ്ടുകള്‍ പരമാവധി അമര്‍ത്തിപ്പിടിച്ചു. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.