The Economics of Ambedkar
കെ.എം. സീതി
അംബേദ്കറുടെ സാമ്പത്തിക ദര്‍ശനങ്ങള്‍
എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല?
അംബേദ്കറുടെ മൗലിക നിലപാടുകള്‍ ഏതെങ്കിലും അക്കാദമിക- വൈജ്ഞാനിക കള്ളികളില്‍ മാത്രം ഒതുക്കി വിശകലനം ചെയ്യുന്നത് അപക്വമാണ്

സാമൂഹിക ചിന്തകന്‍, ഭരണഘടനാ ശിൽപി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രി, അധഃസ്ഥിത വിമോചകന്‍, വൈസ്രോയി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം, ലേബര്‍ യൂണിയന്‍ നേതാവ് എന്നിങ്ങനെ, വിവിധ മണ്ഡലങ്ങളില്‍ പ്രവർത്തിച്ച ഡോ. അംബേദ്കറുടെ മൗലിക നിലപാടുകള്‍ ഏതെങ്കിലും അക്കാദമിക- വൈജ്ഞാനിക കള്ളികളില്‍ മാത്രം ഒതുക്കി വിശകലനം ചെയ്യുന്നത് അപക്വമാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ സവിശേഷമായി അന്തര്‍- വൈജ്ഞാനിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഡോ. അംബേദ്കറുടെ ഭരണഘടന- നിയമ- ഭരണരംഗത്തെ പരിജ്ഞാനവും ഇടപെടലുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെക്കുറിച്ചും അദ്ദേഹം നടത്തിയ വിശകലങ്ങള്‍, ഇടപെടലുകള്‍, ഒട്ടേറെ പഠനങ്ങള്‍ക്കും സാമൂഹിക മാറ്റത്തിനും കാരണമായിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല എന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക ദര്‍ശനങ്ങള്‍. അംബേദ്കറുടെ സാമ്പത്തിക ദര്‍ശനങ്ങളുടെ പ്രസക്തിയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ സമകാലിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ മുന്‍നിര്‍ത്തി തന്നെയാണ് അതിനെ അപഗ്രഥിക്കേണ്ടത്.
കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അംബേദ്കര്‍ ഒരു നൂറ്റാണ്ടു മുമ്പ് മുന്നോട്ടു വെച്ച ആശയങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്
ഉത്തരേന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ച കര്‍ഷക സമരത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ ഒരു നൂറ്റാണ്ടുമുമ്പ് അംബേദ്കര്‍ ചര്‍ച്ച ചെയ്ത കാര്‍ഷിക മേഖലയിലെ കൈവശഭൂമിയെ സംബന്ധിച്ച് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളുടെ മാറ്റൊലിയാണ്. അതുപോലെ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും അംബേദ്കര്‍ ഒരു നൂറ്റാണ്ടു മുമ്പ് മുന്നോട്ടു വെച്ച ആശയങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ മാറുന്ന നാണയ നയവും രൂപയുടെ വിനിമയ പ്രശ്‌നങ്ങളും അംബേദ്കര്‍ ദശകങ്ങള്‍ക്ക് മുമ്പ് ഗവേഷണം ചെയ്തു ആവിഷ്‌ക്കരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സമീപിക്കാവുന്നതാണ്. മാത്രമല്ല, തൊഴിലിനെ സംബന്ധിച്ചും, സാമ്പത്തിക സമത്വം, ലിംഗനീതി തുടങ്ങിയവയെക്കുറിച്ചും അംബേദ്കര്‍ സ്വീകരിച്ച നിലപാടുകള്‍ എക്കാലത്തും പ്രസക്തമാണ്.

ഡോ. അംബേദ്കറുടെ സാമ്പത്തിക ദര്‍ശനങ്ങളെ വിലയിരുത്തുന്ന വിദഗ്ധര്‍ പലപ്പോഴും അദ്ദേഹത്തെ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെയോ സോഷ്യലിസ്റ്റ് ആശയഗതിയുടെയോ മാത്രം ഉപാസകനായി ചിത്രീകരിക്കാറുണ്ട്.
എന്നാല്‍ അദ്ദേഹം ഈ രണ്ടു പ്രത്യയശാസ്ത്ര ധാരകളെയും പല സന്ദര്‍ഭത്തിലും വിമര്‍ശിക്കുകയും ബദല്‍ സമീപനങ്ങളെ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക ജനാധിപത്യം സ്വപ്നം കണ്ടിരുന്ന അംബേദ്കര്‍ അതിന്റെ രാഷ്ട്രീയ-സമ്പദ് ശാസ്ത്രത്തെ മാറ്റിനിര്‍ത്തികൊണ്ടു വിശകലനം നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല.
1947 ല്‍ പട്ടികജാതി വിഭാഗങ്ങളുടെ പരിരക്ഷകളെപറ്റിയുള്ള ഒരു മെമ്മോറാണ്ടം ഭരണഘടന നിര്‍മാണസഭയില്‍ സമര്‍പ്പിച്ച് പറയുന്നത് ഇപ്രകാരമാണ്: ""ഒരു വ്യക്തി, ഒരു മൂല്യം എന്നതാണ് ജനാധിപത്യത്തിന്റെ ആത്മാവ്. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യം ഈ തത്വത്തിന് പ്രാബല്യം നല്‍കുന്നത് രാഷ്ട്രീയ ഘടനയെ സംബന്ധിച്ചു മാത്രമാണ്. ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്വത്തെ പ്രായോഗിക തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കാമെന്ന മട്ടില്‍ സ്വീകരിക്കപ്പെടുന്നതു ഒരു വ്യക്തി, ഒരു വോട്ട് എന്ന ചട്ടമാണ്. സാമ്പത്തിക ഘടനയെ, അതിനു രൂപം നല്കാന്‍ പോന്നവരുടെ ഇംഗിതത്തിനു വിട്ടുകൊടുക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഭരണഘടനാ നിയമവിശാരദന്മാരുടെ കാലഹരണപ്പെട്ട സങ്കല്പനം മൂലമാണ്. എന്നാല്‍ ജനാധിപത്യം, ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്വത്തിനൊത്തു പുലരണമെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തിക ഘടനയുടെ രൂപനിര്‍ണയനവും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു എന്നത് അവര്‍ മനസ്സിലാക്കിയില്ല'' (ഡോ. അംബേദ്കര്‍, സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും 1947, സമ്പൂര്‍ണകൃതികള്‍, വാല്യം 2: 164-65).
‘‘ഇന്ത്യയുടെ ത്വരിതമായ വ്യാവസായിക വികസനത്തിന് സ്റ്റേറ്റ് സോഷ്യലിസം അനിവാര്യമാണ്. സ്വകാര്യ സംരംഭത്തിന് അത് കഴിയുകയില്ല. അഥവാ കഴിഞ്ഞാല്‍ത്തന്നെ സ്വകാര്യ മുതലാളിത്തം യൂറോപ്പില്‍ ചെയ്തപോലെ അത് സാമ്പത്തികമായ അസമത്വം സൃഷ്ടിക്കും’’
ഭരണഘടനാ നിര്‍മാണസഭയില്‍ അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങള്‍ കുറച്ചുകൂടി വ്യക്തമായി രേഖപ്പെടുത്താം: ""സ്വകാര്യ സംരംഭകരുടെ വഴിയടയ്ക്കാതെ ഉല്‍പ്പാദന ക്ഷമത പരമാവധി ഉയര്‍ത്തുകയും ധാര്‍മികാടിസ്ഥാനത്തില്‍ സാമ്പത്തിക വിതരണം നടത്തുകയും ചെയ്യാന്‍ പറ്റിയ തരത്തില്‍ ജനങ്ങളുടെ സാമ്പത്തികജീവിതം ആസൂത്രണം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാക്കുകയാണ് നിര്‍ദ്ദേശിക്കപ്പെട്ട നാലാം വകുപ്പിന്റെ ഉദ്ദേശ്യം''. അദ്ദേഹം തുടരുന്നു: ""കാര്‍ഷിക മേഖല സര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കുകയും ഒരു കൂട്ടുകൃഷി രീതി സ്വീകരിക്കുകയും വ്യവസായ മേഖലയില്‍ സ്റ്റേറ്റ് സോഷ്യലിസത്തിന്റെ ഒരു നവീന രൂപം അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് നിര്‍ദിഷ്ട പരിപാടി. സര്‍ക്കാരില്‍ നിന്ന് മൂലധനം ലഭ്യമാക്കാതെ കൃഷിയോ വ്യവസായമോ അഭിവൃദ്ധി പ്രാപിക്കയില്ല....ഇന്ത്യയുടെ ത്വരിതമായ വ്യാവസായിക വികസനത്തിന് സ്റ്റേറ്റ് സോഷ്യലിസം അനിവാര്യമാണ്. സ്വകാര്യ സംരംഭത്തിന് അത് കഴിയുകയില്ല. അഥവാ കഴിഞ്ഞാല്‍ത്തന്നെ സ്വകാര്യ മുതലാളിത്തം യൂറോപ്പില്‍ ചെയ്തപോലെ അത് സാമ്പത്തികമായ അസമത്വം സൃഷ്ടിക്കും. കൈവശഭൂമികളുടെ ഏകീകരണവും പാട്ടം സംബന്ധിച്ച നിയമങ്ങളും ഇക്കാര്യത്തില്‍ നിഷ്ഫലമാണ്. അവയ്ക്കു കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാന്‍ പറ്റുകയില്ല... ഭൂരഹിത തൊഴിലാളികള്‍ മാത്രമായ 60 ദശലക്ഷം അധഃകൃതര്‍ക്കു ഏകീകരണമോ പാട്ടം നിയമമോ ഒട്ടും സഹായകമാവില്ല....അവരെ സഹായിക്കാവുന്നത് നിര്‍ദിഷ്ട കൂട്ടുകൃഷി സമ്പ്രദായം മാത്രമാണ്'' (ഡോ. അംബേദ്കര്‍, സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും, 1947:160-61).
ഭരണഘടനാ നിര്‍മാണ സഭയില്‍ ഈ നിലപാടെടുക്കുന്നതിന് ഏതാണ്ട് 30 വര്‍ഷം മുമ്പ് ജേര്‍ണല്‍ ഓഫ് ദി ഇന്ത്യന്‍ ഇക്കണോമിക് സൊസൈറ്റിയില്‍ അംബേദ്കര്‍ എഴുതിയ ""ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും'' എന്ന ബൃഹത്തായ ലേഖനം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 1918-ലെ ലേഖനത്തില്‍ അംബേദ്കര്‍ എഴുതി: ""ഇന്ത്യയിലെ കൃഷിയെ ചിതറിക്കിടക്കുന്ന തുണ്ടുഭൂമികള്‍ ദോഷകരമായി ബാധിക്കുന്നു എങ്കില്‍ തുണ്ടുകളെ സംയോജിപ്പിക്കുക മാത്രമല്ല, അവയെ വിപുലീകരിക്കുകയും വേണം. സംയോജനം ചിതറിയ ഭൂമികളുടെ ദോഷം പരിഹരിക്കും. എന്നാല്‍ അത് തുണ്ടുകളുടെ ദോഷത്തിനു പരിഹാരമാവില്ല. പരിഹാരമായി സംയോജിത ഭൂമി വിപുലീകൃതമാവണം'' (ഡോ. അംബേദ്കര്‍, ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918, സമ്പൂര്‍ണകൃതികള്‍, വാല്യം 2:217).
തുടര്‍ന്ന്, ""കൃഷിയെ ഒരു സാമ്പത്തിക സംരംഭമായി കണക്കാക്കുമ്പോള്‍ കൈവശഭൂമിയുടെ വലിപ്പം അപ്രസക്തമാകുന്നു'' എന്ന് അംബേദ്കര്‍ വാദിച്ചു. ""തന്റെ കൈവശഭൂമിയില്‍ സാമ്പത്തിക സംരംഭമെന്ന നിലയില്‍ കൃഷി നടത്താന്‍ ആഗ്രഹിക്കുന്ന കര്‍ഷകന് അയാളുടെ അധീനതയിലുള്ള മറ്റു ഉല്‍പ്പാദന ഘടകങ്ങള്‍ക്ക് മുമ്പില്‍ കൈവശഭൂമിയുടെ വലിപ്പം പരിഗണിക്കേണ്ടതില്ല.''
""ഭൂമിയുടെ വലിപ്പമെന്നത് സാമ്പത്തികമായ അര്‍ത്ഥം നഷ്ടപ്പെട്ട ഒരു പദമാണ്. അതിനാല്‍ വലിപ്പം കൂടിയ ഭൂമി ആദായകരമാണെന്നും വലിപ്പം കുറഞ്ഞ ഭൂമി ആദായകരമല്ലെന്നും പറയുന്നത് സാമ്പത്തിക ശാസ്ത്രപരമായി ശരിയല്ല. ഒരു ഭൗമഘടകത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്ന ഉല്‍പ്പാദന ഘടകങ്ങളുടെ തെറ്റായ അനുപാതമോ ശരിയായ അനുപാതമോ ആണ് അദായകരമാക്കുന്നതും അല്ലാതാക്കുന്നതും. അതിനാല്‍ ഒരു ചെറിയ കൃഷിയിടം വലിയ കൃഷിയിടത്തെപോലെ തന്നെ ആദായകരമായ ഭവിക്കാം'' (ഡോ. അംബേദ്കര്‍, ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918: 220).

ചുരുക്കത്തില്‍ ""ഇന്ത്യയിലെ കാര്‍ഷിക വൃത്തിയെ ബാധിച്ച ദോഷങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമായി വേണ്ടത് കൃഷിഭൂയിയുടെ വലിപ്പം വര്‍ധിപ്പിക്കുകയല്ല, മൂലധനവും അനുസാരികളും വര്‍ധിപ്പിക്കുകയാണെന്ന്'' അംബേദ്കര്‍ ചൂണ്ടിക്കാട്ടി. "കൃഷി ഭൂമികള്‍ സംയോജിപ്പിക്കണമെന്നും വിപുലീകരിക്കണ'മെന്നുമുള്ള നിര്‍ദ്ദേശത്തോട് യോജിച്ച് അദ്ദേഹം പറയുന്നത് ""ഇന്ത്യയുടെ വ്യവസായവല്‍ക്കരണമാണ് ഇവിടത്തെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പറ്റിയ പ്രതിവിധി'' (ഡോ. അംബേദ്കര്‍, ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918: 229) എന്നാണ്. എന്നാല്‍ ഇതിനെ സ്വകാര്യ മേഖലയുടെ അനിയന്ത്രിത വളര്‍ച്ചയ്ക്കുള്ള ലൈസന്‍സാക്കി മാറ്റാന്‍ അംബേദ്കര്‍ സമ്മതിച്ചിരുന്നില്ല. ഭരണകൂട ഇടപെടല്‍ ഈ മേഖലകളില്‍ അനിവാര്യമാണെന്ന് ഭരണഘടനാനിര്‍മാണ സഭയില്‍ അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. കാലാന്തരത്തില്‍ ഹരിതവിപ്ലവം ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ (അത്യുല്‍പ്പാദനം ഉള്‍പ്പടെ) സൃഷ്ടിച്ച മാറ്റങ്ങള്‍ക്ക് കാരണമായി എന്നതും, കൃഷിയും വ്യവസായവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇതിലൂടെ ഉറപ്പിച്ചതും കാണാന്‍ അംബേദ്കര്‍ ജീവിച്ചിരുന്നില്ല.
ഏറ്റവുമൊടുവില്‍ കര്‍ഷകരുടെ അതിജീവനം അസാധ്യമാക്കുന്ന കാര്‍ഷിക വിപണി പിടിച്ചെടുക്കല്‍ തന്ത്രത്തില്‍ വരെ എത്തിനില്‍ക്കുന്ന വന്‍കിട വ്യവസായികളുടെ സമ്മര്‍ദ്ദത്തിന് ഭരണകൂടം കീഴ്‌പ്പെടുന്ന അവസ്ഥയും നാം കണ്ടു. ഭരണകൂട ഇടപെടല്‍ എന്ന് അംബേദ്കര്‍ അര്‍ത്ഥമാക്കിയ കാര്യങ്ങളല്ല ഇപ്പോള്‍ നടക്കുന്നത്. ഭരണകൂടത്തിന്റെ ഒഴിഞ്ഞുപോക്കാണ് ഓരോ സര്‍ക്കാരും ഉറപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍ ഭരണകൂടത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ ഹരിതവിപ്ലവം കാര്‍ഷിക മേഖലയില്‍ പുതിയ അധികാര ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തു. ഭൂബന്ധങ്ങളില്‍ വലിയ മാനങ്ങളും കൈവന്നു. വന്‍കിട ഭൂവുടമകളാണ് അതിന്റെ നേട്ടം മുഖ്യമായി കൊയ്തത്. എന്നാല്‍ ദശലക്ഷക്കണക്കിന് വരുന്ന അധഃസ്ഥിതരുടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടില്ല. ഭൂപരിഷ്‌കരണമെന്ന ലക്ഷ്യം വെറും പൊള്ളയായ വാഗ്ദാനമായി.
സ്വത്തവകാശം മൗലികാവകാശം ആക്കുന്നതിനെ എതിര്‍ത്ത അദ്ദേഹം പിന്നീട് പറഞ്ഞത് ഭരണഘടനയുടെ അനുച്ഛേദം 31 അവലക്ഷണമായ ഒരു വകുപ്പെന്നാണ്
അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയില്‍ ഇത് സംബന്ധിച്ചുയര്‍ത്തിയ ആശങ്കകള്‍ പിന്നീട് യാഥാര്‍ത്ഥ്യമായി. സ്വത്തവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അംബേദ്കറുടെ നിലപാടുകളല്ല സ്വീകരിക്കപ്പെട്ടത്. സ്വത്തവകാശം മൗലികാവകാശമാക്കുന്നതിനെ എതിര്‍ത്ത അദ്ദേഹം പിന്നീട് പറഞ്ഞത് ഭരണഘടനയുടെ അനുച്ഛേദം 31 അവലക്ഷണമായ ഒരു വകുപ്പെന്നാണ്.
അംബേദ്കറുടെ നിലപാട് പിന്നേയും കുറേ വർഷങ്ങള്‍ കഴിഞ്ഞാണ് ഭരണകൂടം തിരിച്ചറിഞ്ഞത്. സ്വത്തവകാശം മൗലികാവകാശമല്ലെന്നു പ്രഖ്യാപിച്ച നാല്പത്തിനാലാം ഭരണഘടനാ ഭേദഗതി ഉണ്ടാകുന്നത് ഭരണഘടനയെ തന്നെ താല്‍ക്കാലികമായി റദ്ദുചെയ്ത അടിയന്തിരാവസ്ഥയ്ക്കു ശേഷമാണെന്നത് നാം ഓര്‍ക്കണം - അപ്പോഴേക്കും സ്വാതന്ത്ര്യം കിട്ടി 30 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
അംബേദ്കര്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ച "സോഷ്യലിസം' എന്ന ആശയം അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഒരു ഭരണഘടനാ ഭേദദഗതിയിലൂടെ അതിന്റെ തന്നെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്ത് മറ്റൊരു വിചിത്രമായ ചരിത്ര ഗതി. യഥാര്‍ത്ഥത്തില്‍ "സ്റ്റേറ്റ് സോഷ്യലിസം' എന്ന ആശയം വളരെ യാന്ത്രികമായി ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കാനല്ല അംബേദ്കര്‍ ആഗ്രഹിച്ചത്. അത് അദ്ദേഹം 1947 ല്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ വ്യക്തമാക്കുന്നുണ്ട്.
"സ്റ്റേറ്റ് സോഷ്യലിസം' വേണമെന്ന ആഗ്രഹം എത്ര ശക്തമായിരുന്നാലും പാര്‍ലമെന്ററി ജനാധിപത്യത്തിനു പകരം ഏകാധിപത്യം വരിക്കാന്‍ പാടുള്ളതല്ല എന്ന് അദ്ദേഹം താക്കീതു ചെയ്തു. എന്നാല്‍ കാല്‍ നൂറ്റാണ്ടിനു ശേഷം - അടിയന്തിരാവസ്ഥയുടെ നാളുകളില്‍ - ഇന്ദിരാഗാന്ധി ചെയ്തത് ഏകാധിപത്യത്തെ വാഴ്ത്തിക്കൊണ്ട് "സോഷ്യലിസം' എന്ന ആശയം ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തു എന്നതാണ്. ആമുഖത്തില്‍ കുറിച്ചതുകൊണ്ടൊന്നും സോഷ്യലിസം ഇന്ത്യയില്‍ നടപ്പാകില്ലെന്നും അതിന് ശക്തമായ ഭൂപരിഷ്‌കരണ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞിരുന്ന അംബേദ്കര്‍ ഭരണഘടനയുടെ രാഷ്ട്രനയ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലൂടെ ഇത് സംബന്ധിച്ച സൂചനകളെങ്കിലും നല്‍കാന്‍ ആഗ്രഹിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 39 ഭാഗികമായെങ്കിലും ഈ ലക്ഷ്യപ്രാപ്തിക്കുള്ള ചുവടുവെപ്പായിട്ടു വരട്ടെ എന്ന് അദ്ദേഹം കരുതി.

ഏറ്റവുമൊടുവില്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. അതില്‍ അദ്ദേഹം അടിവരയിട്ടുപറയുന്നത്, സാമ്പത്തിക സമത്വവും സാമൂഹിക സമത്വവും ഇല്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യവും പാര്‍ലമെന്ററി ജനാധിപത്യവും അര്‍ത്ഥവത്താകില്ലെന്നാണ്. "സ്റ്റേറ്റ് സോഷ്യലിസ' ത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ടാകും. എന്നാല്‍ ഭരണകൂടത്തിന്റെ സാമ്പത്തിക- സാമൂഹിക മേഖലകളിലുള്ള ഇടപെടലുകളെ സാധൂകരിക്കുന്ന പില്‍ക്കാലനയങ്ങള്‍ അംബേദ്കറിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലം കൂടിയാണ്.
ജാതി വ്യവസ്ഥ തൊഴില്‍ വിഭജനം മാത്രമല്ല, അത് തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന് അംബേദ്കര്‍ സോഷ്യലിസ്റ്റുകളെ ഓര്‍മിപ്പിച്ചു.
കാലാന്തരത്തില്‍ ഇതില്‍ നിന്നെല്ലാം പിന്നാക്കം പോയി ആഗോള- നവലിബറല്‍ പ്രത്യയശാസ്ത്രത്തില്‍ അഭിരമിച്ച, മാറി മാറി വന്ന സര്‍ക്കാരുകള്‍ അംബേദ്കര്‍ ഉയര്‍ത്തിയ മൗലിക ചോദ്യങ്ങളെ അഭിമുഖീകരിച്ചില്ല. അതിന്റെ അടിസ്ഥാനം ഭൂപ്രശ്നവും തൊഴിലും തന്നെയാണ്. ഇന്ത്യയുടെ സാമൂഹിക മാറ്റത്തിന്വിഘാതമായിനില്ക്കുന്നത് ഈ മേഖലകളില്‍ ഉറഞ്ഞുകൂടി നില്‍ക്കുന്ന കടുത്ത അസമത്വമാണെന്ന് സ്വാതന്ത്ര്യത്തിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് അംബേദ്കര്‍ വാദിച്ചിരുന്നു. മഹാത്മാഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നേതാക്കളുമായി അംബേദ്കറിന് നിരന്തരം കലഹിക്കേണ്ടി വന്നതും ഈ വിഷയങ്ങളെ ചൊല്ലിയാണ്. അക്കാലത്തെ സോഷ്യലിസ്റ്റ് ആശയഗതിക്കാരുമായും അംബേദ്കറിനു ഏറ്റുമുട്ടേണ്ടിവന്നത് ഈ വിഷയങ്ങളെ സംബന്ധിച്ചാണ്.
1936 ലെ അംബേദ്കറുടെ ജാതി ഉന്മൂലനം എന്ന പ്രഭാഷണ പ്രബന്ധം ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്.
ലാഹോറിലെ ജാഠ്-പത് തോഡക് മണ്ഡലിന്റെ (പിന്നീടു റദ്ദു ചെയ്യപ്പെട്ട) സമ്മേളനത്തിനായി തയ്യാറാക്കിയ അദ്ദേഹത്തിന്റെ ദീര്‍ഘമായ പ്രഭാഷണ പ്രബന്ധത്തില്‍ "ചരിത്രത്തിന്റെ സാമ്പത്തിക വ്യഖ്യാനത്തില്‍ അടിയുറച്ചു വിശ്വസിച്ച സോഷ്യലിസ്റ്റുകള്‍ക്കുള്ള' വിമര്‍ശനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അംബേദ്കര്‍ പറയുന്നു: ""തുല്യമായ സ്വത്തു വിഭജനത്തിനു വേണ്ടി മാത്രം ഒരു വിപ്ലവം നടത്താന്‍ ജനങ്ങള്‍ ഒന്നിക്കുകയില്ല. അങ്ങനെ ഒന്നിക്കണമെങ്കില്‍ വിപ്ലവാനന്തരം അവര്‍ തുല്യരായി പരിഗണിക്കപ്പെടുമെന്നും ജാതിയുടെയോ വിശ്വാസത്തിന്റെയോ പേരില്‍ വിവേചനത്തിന് വിധേയരാകുകയില്ലെന്നും അയാള്‍ക്ക് ബോധ്യമുണ്ടായിരിക്കണം.'' വിപ്ലവം നയിക്കുന്ന ഒരു സോഷ്യലിസ്റ്റ്, അയാള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല എന്നുമാത്രം പറഞ്ഞത് കൊണ്ടായില്ല. അയാള്‍ നല്‍കുന്ന ഉറപ്പിന് ആഴത്തിലുള്ള അടിസ്ഥാനമുണ്ടായിരിക്കണം.''
""ഇന്ത്യയിലെ പാവപ്പെട്ട തൊഴിലാളിവര്‍ഗം സമ്പന്നരും ദരിദ്രരുമെന്ന ഒരു വ്യത്യാസമില്ലാതെ മറ്റൊരു വ്യത്യാസവും അംഗീകരിക്കുകയില്ലെന്നു പറയാന്‍ പറ്റുമോ'' എന്ന് അംബേദ്കര്‍ ചോദിച്ചു (ഡോ. അംബേദ്കര്‍, ജാതി ഉന്മൂലനം,1936 സമ്പൂര്‍ണകൃതികള്‍, വാല്യം 1: 53-54).
""ഇന്ത്യക്കാര്‍ക്കിടയില്‍ ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നും ശുദ്ധരെന്നും അശുദ്ധരെന്നുമുള്ള വിവേചനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ ഇവിടെ ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന് ഒരു നിമിഷം പോലും നിലനില്‍ക്കാന്‍ പറ്റുകയില്ല,'' അംബേദ്കര്‍ പറഞ്ഞു. ""എല്ലായിടത്തും നിങ്ങളുടെ വഴിയില്‍ കടന്നെത്തുന്ന പിശാച് ജാതിയാണ്. ഈ പിശാചിനെ നിഗ്രഹിക്കാതെ നിങ്ങൾക്ക്രാഷ്ട്രീയ പരിഷ്‌കരണം സാധ്യമല്ല. സാമ്പത്തിക പരിഷ്‌കരണം സാധ്യമല്ല.''
ജാതി വ്യവസ്ഥ തൊഴില്‍ വിഭജനം മാത്രമല്ല, അത് തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന് അംബേദ്കര്‍ സോഷ്യലിസ്റ്റുകളെ ഓര്‍മിപ്പിച്ചു.
""തൊഴിലിന്റെ പുനഃക്രമീകരണം അനുവദിക്കാതിരിക്കുക വഴി ജാതിവ്യവസ്ഥ ഇവിടെ തൊഴിലില്ലായ്മയുടെ മുഖ്യഹേതു''വായി ഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു. ""വ്യാവസായിക സമൂഹത്തിന്റെ ഏറ്റവും വലിയ ദോഷം അതിലന്തര്‍ഭവിച്ചിരിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുമല്ല, തൊഴിലെടുക്കുന്നവര്‍ക്കു അവരുടെ തൊഴില്‍ ആകര്‍ഷകമാകുന്നില്ലെന്നതാണ്,'' അംബേദ്കര്‍ എഴുതി:

"‘‘മനുഷ്യരുടെ മനസ്സോ ഹൃദയമോ തൊഴിലില്‍ അര്‍പ്പിക്കപ്പെടാതായാല്‍ കാര്യക്ഷമത എങ്ങനെയുണ്ടാകും?'' ;
""അതിനാല്‍ മനുഷ്യന്റെ സ്വാഭാവിക ശക്തികളെ പാരതന്ത്രത്തിലാക്കുകയും സാമൂഹിക നിയമങ്ങളുടെ ദുര്‍ഘടാവസ്ഥയ്ക്കു വിധേയമാകുകയും ചെയ്യുന്നിടത്തോളം ജാതിവ്യവസ്ഥ ഒരു സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ ഹാനികരമാണ്'' (ജാതി ഉന്മൂലനം: 55-56). "
"സ്വത്തിനും ജീവനുമുള്ള അവകാശത്തിന്റെ സംരക്ഷണമെന്ന അര്‍ത്ഥത്തില്‍ മാത്രമേ ജാതിയുടെ പ്രണേതാക്കള്‍ സ്വാതന്ത്ര്യം അനുവദിക്കുന്നുള്ളൂ. ഒരാളിന് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കാനുള്ള അവകാശമെന്ന നിലയില്‍ അവര്‍ സ്വാതന്ത്രത്തെ പരിഗണിക്കുന്നില്ല. ഇത്തരം സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് അടിമത്തത്തെ അരക്കിട്ടുറപ്പിക്കാനാണ്'', എന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടി'' (ജാതി ഉന്മൂലനം'': 67-68). ""വ്യവസായം ഒരിക്കലും നിശ്ചലമല്ല. അത് സത്വരവും ആകസ്മികവുമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കും. അത്തരം മാറ്റങ്ങള്‍ക്കൊപ്പം സ്വന്തം തൊഴിലില്‍ മാറ്റം വരുത്താന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്രമുണ്ടായിരിക്കണം,'' എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. (ജാതി ഉന്മൂലനം :55).
അംബേദ്കറുടെ മൗലിക ചിന്തകള്‍ നമുക്ക് ബോധ്യമാകുന്ന മറ്റൊരു മേഖല അദ്ദേഹത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള നിലപാടുകളാണ്. കൊളംബിയ സര്‍വ്വകലാശയില്‍ നിന്ന് 1917-ല്‍ അംബേദ്കര്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കുന്ന വിഷയവും ഇതുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടീഷ്- ഇന്ത്യയിലെ കേന്ദ്ര- പ്രവിശ്യാ ധനകാര്യ ബന്ധങ്ങളായിരുന്നു വിഷയം. പ്രവിശ്യകള്‍ കേന്ദ്രത്തെയോ, കേന്ദ്രം പ്രവിശ്യകളെയോ അനിയന്ത്രിതമായി ആശ്രയിക്കുന്ന പ്രവണതകളെ അദ്ദേഹം ചോദ്യം ചെയ്തു. ഒരു നല്ല ഭരണത്തിന്‍ കീഴില്‍ കേന്ദ്രവും പ്രവിശ്യകളും അവരവരുടെ ചെലവിനുള്ള തുക സ്വന്തം വിഭവങ്ങളുടെ സമാഹരണത്തിലൂടെ കണ്ടെത്തണമെന്ന് അംബേദ്കര്‍ നിരീക്ഷിച്ചിരിരുന്നു.
ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നത് 1939 ലാണ്. പൂനയിലെ ഗോഖലേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ കാലേ അനുസ്മരണ പ്രഭാഷണം, 1935- ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടില്‍ കൂടി വിഭാവനം ചെയ്ത ഫെഡറല്‍ സംവിധാനത്തെക്കുറിച്ചുള്ള വിമര്‍ശനമായിരുന്നു.
കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെമേലും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മേലും കടന്നുകയറാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് അംബേദ്കര്‍ ആവശ്യപ്പെട്ടു: ""പ്രവിശ്യകളുടെ സ്വയംഭരണം എന്നതിന് അവയുടെ അധികാരങ്ങള്‍ നിര്‍വചിക്കപ്പെടുകയും അവയില്‍ തന്നെ നിക്ഷിപ്തമാക്കുകയും ചെയ്യുകയെന്നര്‍ത്ഥം. പ്രവിശ്യകളുടെ സ്വയംഭരണം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തണം,'' ; അംബേദ്കര്‍ ഓര്‍മിപ്പിച്ചു. ""അല്ലാത്തപക്ഷം കേന്ദ്രത്തിന് പ്രവിശ്യകളുടെ മേഖലയില്‍ കടന്നാക്രമണം നടത്താന്‍ കഴിയും,'' (ഡോ. അംബേദ്കര്‍, ഫെഡറേഷനും സ്വാതന്ത്ര്യവും, 1939, സമ്പൂര്‍ണകൃതികള്‍, വാല്യം 2:39-114).
15 ധനകാര്യ കമ്മീഷനുകളും അംബേദ്കര്‍ ആവിഷ്‌കരിച്ച തത്വങ്ങളെ ആധാരമാക്കിയാണ് പ്രവര്‍ത്തിച്ചത് എന്ന് പറയാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മൗലിക നിലപാടുകള്‍ ഈ കമീഷനുകള്‍ അംഗീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ ആശങ്കകളുണ്ട്
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച് ഇന്നും നിലനില്‍ക്കുന്ന തര്‍ക്കങ്ങളും വിവാദങ്ങളും അംബേദ്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ധനകാര്യ വിഷയങ്ങളില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ചരക്ക്-സേവന നികുതി (GST) വ്യവസ്ഥ ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ വിഷയങ്ങളിലുള്ള സ്വാതന്ത്ര്യം പരിമിതമാക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന ധനകാര്യ ബന്ധങ്ങള്‍ നിശ്ചയിക്കുന്നതും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക വിഹിതം തീരുമാനിക്കുന്നതും കേന്ദ്ര ധനകാര്യ കമീഷനിലൂടെയാണ്. ഭരണഘടന അനുച്ഛേദം 280 പ്രകാരം ഇത്തരമൊരു സംവിധാനത്തിന് അടിത്തറയിട്ടത് അംബേദ്കറാണ്. കഴിഞ്ഞ 15 ധനകാര്യ കമീഷനുകളും അംബേദ്കര്‍ ദശകങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിച്ച തത്വങ്ങളെ ആധാരമാക്കിയാണ് പ്രവര്‍ത്തിച്ചത് എന്ന് പറയാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മൗലിക നിലപാടുകള്‍ ഈ കമീഷനുകള്‍ യഥാര്‍ത്ഥത്തില്‍ അംഗീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകളുണ്ട്.
റിസര്‍വ് ബാങ്കിന്റെ രൂപീകരണത്തിലും അംബേദ്കറുടെ കയ്യൊപ്പ്വിസ്മരിക്കാനാവില്ല. 1935 ല്‍ റിസര്‍വ് ബാങ്ക് നിലവില്‍ വരുന്നതിനു മുമ്പ് ഹില്‍ട്ടണ്‍ കമീഷന്‍ 1926 ല്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഹില്‍ട്ടണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ അംബേദ്കറുടെ രൂപയെ സംബന്ധിച്ച പുസ്തകം മാര്‍ഗനിര്‍ദേശക രേഖയായിരുന്നു. കമീഷന് അദ്ദേഹം സമര്‍പ്പിച്ച ദീര്‍ഘമായ നിര്‍ദ്ദേശങ്ങളും വിലപ്പെട്ടതായിരുന്നു.
അംബേദ്കറുടെ സാമ്പത്തിക ശാസ്ത്രത്തിലുള്ള രണ്ടാമത്തെ ഡോക്ടറേറ്റ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന്, ഹില്‍ട്ടണ്‍ കമീഷന്‍ വരുന്നതിനു മൂന്ന് വര്‍ഷം മുമ്പായിരുന്നു. വിഷയം രൂപയെക്കുറിച്ചുതന്നെ. പണപ്പെരുപ്പത്തിന് കാരണമാകുന്ന വിഷയങ്ങള്‍ ഗൗരവത്തോടെ ഗവേഷണം ചെയ്ത അംബേദ്കര്‍ ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സുമായി ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ പങ്കുവെച്ചു. കാലന്തരത്തില്‍ അംബേദ്കറുടെ നിലപാടാണ് ശരിയെന്നു സാമ്പത്തിക വിദഗ്ധര്‍ക്ക് ബോധ്യപ്പെട്ടു. പണപ്പെരുപ്പം ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ തകിടം മറിക്കുമെന്ന് ഒരു നൂറ്റാണ്ടു മുമ്പ് ഗവേഷണം ചെയ്തു മുന്നറിയിപ്പുകള്‍ നല്‍കിയ ധിഷണാശാലിയാണ് അംബേദ്കര്‍.

ഹിന്ദു കോഡ് ബില്ലിനെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ഒടുവില്‍, 1951-ല്‍ അംബേദ്കറിന്റെ ക്യാബിനറ്റില്‍ നിന്നുള്ള രാജിയില്‍ കലാശിച്ചു. ലിംഗനീതിയില്‍ അധിഷ്ഠിതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ ആത്മാർഥമായി ശ്രമിച്ച അദ്ദേഹം നിരാശയോടെയാണ് പടിയിറങ്ങിയത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയതും തന്റെ സഹപ്രവര്‍ത്തകരായിരുന്ന കോണ്‍ഗ്രസുകാരായിരുന്നു.
സാമ്പത്തിക സമത്വവും സാമൂഹിക സമത്വവും ഇല്ലാതെ പാര്‍ലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നു പ്രവചിച്ച അംബേദ്കര്‍ ഇന്ത്യ കണ്ട മഹാനായ ധൈഷണിക-രാഷ്ട്രീയ ചിന്തകനാണ്
ധനകാര്യ കമീഷന് അടിത്തറയിട്ട അംബേദ്കര്‍, കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം ഏറ്റെടുക്കാനും താല്‍പ്പര്യം കാണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച നിര്‍ണായക സാമ്പത്തിക വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയതൊന്നും അദ്ദേഹത്തിന് പ്രത്യകിച്ച് അംഗീകാരം നേടിക്കൊടുത്തില്ല. ജവാഹര്‍ലാല്‍ നെഹ്റു സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പലപ്പോഴും വഴങ്ങി അംബേദ്കറിന്റെ പല വിലപ്പെട്ട അഭിപ്രായങ്ങളും മുഖവിലക്കെടുത്തില്ല.
വൈസ്രോയി എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ മന്ത്രിയായിരിക്കെ തൊഴില്‍, ജലസേചനം, ഊര്‍ജം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത അംബേദ്കര്‍ ഭരണ രംഗത്തെ കഴിവുതെളിയിച്ച രാഷ്ട്രതന്ത്രജ്ഞനാണ്. രാജ്യത്ത് ആദ്യമായി എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച് തുടങ്ങുന്നതും അംബേദ്കറാണ്. രാജ്യത്തിന്റെ വ്യാവസായിക വികസനത്തിന് തറക്കല്ലിട്ട നിരവധി ജലസേചന പദ്ധതികള്‍, വൈദ്യുതി സംരംഭങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്. പലപ്പോഴും ഇതെല്ലം ബോധപൂര്‍വം തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ വിസ്മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു.
അംബേദ്കറുടെ സാമ്പത്തിക വീക്ഷണങ്ങള്‍ ഇന്ത്യയുടെ
സാമൂഹികാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും സാമൂഹിക മാറ്റത്തിനായുള്ള ഇടപെടലുകള്‍ക്കും ദാര്‍ശനികാടിത്തറ ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക- സാമൂഹിക സമത്വമില്ലാതെ പാര്‍ലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നു പ്രവചിച്ച അംബേദ്കര്‍ ഇന്ത്യ കണ്ട മഹാനായ ധൈഷണിക- രാഷ്ട്രീയ ചിന്തകനാണ്. കീഴാള രാഷ്ട്രീയത്തിനും സാമൂഹിക ജനാധിപത്യത്തിനും അടിത്തറയൊരുക്കിയ അദ്ദേഹത്തിന്റെ ചിന്തകള്‍ കലാതീതമായി നിലനില്‍ക്കും. ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ ജനിതകഘടന സൂക്ഷ്മമായി വിലയിരുത്തിയ അംബേദ്കര്‍ വരും തലമുറകള്‍ക്കു മാര്‍ഗദര്‍ശിയും ബൗദ്ധിക സ്രോതസ്സുമാണ്.
കോഴിക്കോട് ബാലുശ്ശേരിയിലെ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടത്തിയ ഡോ. അംബേദ്കര്‍ അനുസ്മരണ പ്രഭാഷണം.