Wednesday, 29 March 2023

കാലാവസ്​ഥാ വ്യതിയാനവും കേരളവും


Text Formatted

കാലം തെറ്റുന്ന കാലാവസ്ഥ,
കൃഷി ചെയ്യാനാകാത്ത കേരളം

കാലാവസ്​ഥാ വ്യതിയാനം കേരളത്തെയും നേരിട്ടുതന്നെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. കാര്‍ഷികമായും പാരിസ്ഥിതികമായും ഉണ്ടാകുന്ന ആഘാതങ്ങള്‍ക്കൊപ്പം, ഉപഭോഗ സംസ്ഥാനം എന്ന നിലയില്‍, ഭക്ഷ്യ സുരക്ഷാ രംഗത്ത്​ കേരളം സങ്കീര്‍ണമായ വെല്ലുവിളികളാണ് നേരിടേണ്ടി വരിക- ഒരു വിദഗ്​ധ പഠനം

Image Full Width
Text Formatted

ഭൂമണ്ഡലത്തിന്റെ ചൂട് വർധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു- ഹിമയുഗം മുതല്‍ തന്നെ. എന്നാല്‍ സാവധാനത്തിലായിരുന്ന ഈ വര്‍ധന ഇപ്പോള്‍ വേഗത്തിലാണ്. 1880 മുതലുള്ള ഓരോ ദശകത്തിലും അന്തരീക്ഷ താപനില 0.08  ഡിഗ്രി സെല്‍ഷ്യസ് എന്ന തോതില്‍ വര്‍ധിക്കുകയാണ്. 2020-ലെ താപനില, 1880 നെ അപേക്ഷിച്ച്​ 1.2   ഡിഗ്രി ല്‍ഷ്യസ് അധികമാണ്. 2024 ല്‍ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരാനുള്ള സാധ്യതയും ചെറുതല്ല. ഈ താപനത്തിനു കാരണമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ തോത് 1880 ലെ 285 പി.പി.എം. എന്ന നിലയില്‍ നിന്ന്​ 2021 ല്‍ 412.5 പി.പി.എം. എന്ന നിലയിലെത്തിക്കഴിഞ്ഞു.
വ്യാവസായിക കാലഘട്ടത്തിനുശേഷമുള്ള സാങ്കേതിക- സാമ്പത്തിക- സാമൂഹിക മാറ്റങ്ങള്‍ ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗ്ഗമനം വര്‍ധിപ്പിക്കുകയും അതുമൂലം താപനം വേഗത്തിലാക്കുകയും ചെയ്തു. അതായത്, നമുക്ക് പരിചിതമായ കാലാവസ്ഥയില്‍ അതിവേഗം മാറ്റമുണ്ടാകുന്ന തരത്തില്‍. താപന തോത് 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ ഭൂമിയിലെ ജീവിതം ഏറെ ദുഷ്‌കരമായിരിക്കുമെന്ന്​ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നാളേറെയായി. എന്നാല്‍ ചൂട് നിയന്ത്രിക്കാനും ആഘാതം ലഘൂകരിക്കാനും അതിജീവിക്കാനും പ്രയാസകരമായിരിക്കയാണ്. ഈയിടെ നടന്ന  ‘സി.ഒ.പി 26’ എന്നറിയപ്പെടുന്ന ആഗോള സമ്മേളനം സംഗതിയുടെ ഗൗരവം അടിവരയിടുന്നുവെങ്കിലും, താപനം നിയന്ത്രിക്കാനുള്ള ആഗോള നടപടികളുടെ കാര്യത്തില്‍ യോജിപ്പിലെത്തിയില്ല എന്നത് ആശങ്കാജനകമാണ്​.

നമ്മുടെ കൃഷിയും ജീവിതവും സംസ്‌കാരവും കാലാവസ്ഥയുമായി നേര്‍ബന്ധമുള്ളതാണ്. എന്നാല്‍ മാറിമറിയുന്ന കാലാവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ് കേരളമിന്ന്. 

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം ഏറ്റവും കഠിനമായി അനുഭവിക്കേണ്ടി വരിക വികസ്വര- അവികസിത രാജ്യങ്ങളിലെ ജനങ്ങളായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ ഏറെയും പ്രാഥമിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്; കൃഷി, മത്സ്യബന്ധനം, വനവിഭവങ്ങള്‍ എന്നിങ്ങനെ. കാലാവസ്ഥാ മാറ്റം ഏറ്റവും രൂക്ഷമായി ബാധിക്കുന്നതും ഈ മേഖലകളെത്തന്നെ. എന്നാല്‍ ഈ ആഘാതം നേരിടാനാവശ്യമായ സാങ്കേതിക ജ്ഞാനവും സാമ്പത്തിക ശേഷിയും തുലോം പരിമിതമാണെന്നത് ഈ ജനസമൂഹങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ ഏറെ പിന്നിലായിരുന്ന ഈ രാജ്യങ്ങള്‍ പക്ഷേ, അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാവുന്നു എന്നത് വൈരുധ്യമാണ്. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിലെ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ വികസിത- വികസ്വര രാഷ്ട്രങ്ങള്‍ വ്യത്യസ്ത നിലപാടുകളുമായി യോജിക്കാനാവാതെ തുടരുന്നത്.

floods
വികസ്വര-അവികസിത രാജ്യങ്ങളിലെ ജനങ്ങള്‍ കൃഷി, മത്സ്യബന്ധനം, വനവിഭവങ്ങള്‍ എന്നിങ്ങനെ കാലാവസ്ഥാ മാറ്റം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പ്രാഥമിക മേഖലകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്! ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നതില്‍ ഏറെ പിന്നിലായിരുന്ന ഈ രാജ്യങ്ങള്‍ പക്ഷേ, അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാവുന്നു എന്നത് വൈരുധ്യമാണ്. / Photo: Wikimedia Commons

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം സമസ്ത മേഖലകളെയും ബാധിക്കുന്നുണ്ട്. ഹ്രസ്വകാലം- ദീര്‍ഘകാലം, പ്രത്യക്ഷം- പരോക്ഷം എന്നിങ്ങനെ ആഘാതത്തിന്റെ തോതും, തരവും, അളവും വ്യത്യാസപ്പെട്ടേക്കാമെന്നു മാത്രം. ആഗോള താപനത്തിന്റെ പ്രകടമായ പ്രത്യാഘാതങ്ങളിൽ ദീര്‍ഘകാലത്തേക്ക്​ക്രമേണ സംഭവിക്കുന്ന മാറ്റങ്ങളും, ഹ്രസ്വകാലത്തിലുള്ള പ്രകൃതി ക്ഷോഭങ്ങളും പെടുന്നു. പതുക്കെ മാത്രം സംഭവിക്കുന്ന മാറ്റങ്ങളെക്കാളേറെ ചര്‍ച്ച ചെയ്യപ്പെടുകയും ആശങ്കപ്പെടുകയും ചെയ്യുന്നത് പെട്ടെന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളാണ്. ഒരുപക്ഷെ കേരളം ഇപ്പോള്‍ ആശങ്കപ്പെടുന്നത് ഏറെയും ഇത്തരം ഹ്രസ്വകാല -അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളെപ്പറ്റിയാണ്. അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത് എന്നതുകൊണ്ടുതന്നെ, പലപ്പോഴും മുന്നൊരുക്കങ്ങളും കുറവായിരിക്കുമല്ലോ. ജീവനും സ്വത്തിനും വന്‍ ഭീഷണിയാകുന്ന തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളുടെ എണ്ണവും രൂക്ഷതയും വർധിക്കുമെന്നത് ഉറപ്പാണെന്ന് മുന്നയിപ്പുകള്‍ നല്കിക്കഴിഞ്ഞിട്ടുണ്ട്, ശാസ്ത്രലോകം.

കടലിൽ ആവർത്തിക്കുന്ന ചുഴലിക്കാറ്റും ന്യൂനമർദ്ദങ്ങളും

‘മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയു’മെന്നും  ‘കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ലെ’ന്നും ഉള്ള പഴമൊഴികള്‍, നമ്മുടെ പൂര്‍വിക തലമുറകള്‍ കൈമാറിയ നിരീക്ഷണ പാടവം വെളിപ്പെടുത്തുന്നതാണ്. നമ്മുടെ കൃഷിയും ജീവിതവും സംസ്‌കാരവും കാലാവസ്ഥയുമായി നേര്‍ബന്ധമുള്ളതാണ്. എന്നാല്‍ മാറിമറിയുന്ന കാലാവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ് കേരളമിന്ന്. തിരുവാതിര ഞാറ്റുവേലയില്‍ അഭിമാനം കൊണ്ടിരുന്ന സാമൂതിരിക്കാലം പൊയ്‌പ്പോയതായി ആശങ്കപ്പെടുകയാണിന്നു നാം.

600 കിലോമീറ്ററോളമുള്ള സമുദ്രതീരവും, ഏറെ ലോലമായ പശ്ചിമഘട്ടവും പടിഞ്ഞാറോട്ടു ചരിഞ്ഞ ഭൂമിയും, ജനസാന്ദ്രതയും (ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 ജനങ്ങള്‍) കേരളത്തെ അതിദുര്‍ബലമാക്കുന്ന ഘടകങ്ങളാണ്. അതോടൊപ്പം, ഭൂവിനിയോഗരീതികളിലെ മാറ്റങ്ങള്‍, അതിവേഗമുള്ള നഗരവല്‍ക്കരണം, സാമ്പത്തിക സാങ്കേതിക വികാസം എന്നിവയെല്ലാം തന്നെ ഈ ആഘാതത്തിന്​ആക്കം കൂട്ടുന്നു.

2010 മുതലുള്ള കാലഘട്ടങ്ങളില്‍ നമ്മുടെ സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച അനുഭവിച്ച കാലമായിരുന്നു. നമുക്കപരിചിതമായിരുന്ന ഉഷ്ണക്കാറ്റുകളും സൂര്യാഘാതവും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നാം കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു മുഖം കാണുകയാണ് - പ്രകൃതിദുരന്തങ്ങള്‍ പതിവാകുന്നു.

നമ്മുടെ സമുദ്രതീരത്തിലെ 322 കിലോമീറ്ററും അതിലോല പ്രദേശങ്ങളാണ്. കേരള തീരത്തിന്റെ 41 ശതമാനം പ്രദേശത്തും ഗുണശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്​. തീരദേശ ശോഷണവും കടല്‍ ക്ഷോഭവും സംസ്ഥാനത്ത് നിത്യ സംഭവമായിക്കഴിഞ്ഞു. മല്‍സ്യ സമ്പത്തിലുണ്ടാകുന്ന കുറവ്, മത്സ്യബന്ധനം അസാധ്യമാക്കുന്ന കടല്‍ക്ഷോഭം, സമുദ്രനിരപ്പുയരുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തീരദേശ ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു. സമുദ്രനിരപ്പ് ഒരു മീറ്റര്‍ ഉയരുമ്പോള്‍ കൊച്ചിയുടെ 169 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വെള്ളത്തിനടിയിലാവുമെന്നും 2130 ഓടെ കൊച്ചി പൂര്‍ണമായും മുങ്ങുമെന്നുമുള്ള പ്രവചങ്ങള്‍ പ്രശ്‌നത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. അതോടൊപ്പം, വര്‍ധിച്ചു വരുന്ന ഉപ്പുരസം കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. കുടിവെള്ളത്തിനും ജലസേചനത്തിനും വെല്ലുവിളിയാകുന്ന സാഹചര്യമാണിത്.

kadal
2017-ലെ ഓഖി ചുഴലിക്കാറ്റിലും തുടർച്ചയായ കടല്‍ക്ഷോഭങ്ങളിലും തിരുവന്തപുരത്തെ വലിയതുറ കൊച്ചുതോപ്പില്‍ തകർന്ന വീടുകള്‍ / Photo: Muhammed Hanan

പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനാടു പ്രദേശം ഒരുപക്ഷെ തീരദേശത്തേക്കാളേറെ പ്രശ്‌നസങ്കീർണമാണ്. ഉയര്‍ന്നുകൊണ്ടിരിക്കുന്ന താപനില, ജലദൗര്‍ലഭ്യം, മഴയുടെ സ്വഭാവ മാറ്റങ്ങള്‍ എന്നിങ്ങനെ നാനാവിധത്തില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. മലനാടുകളിലെ മാറ്റം ഇടനാടുകളെയും തീരദേശങ്ങളെയും കൂട്ടിബാധിക്കുന്നതരത്തില്‍ പരസ്പര്യമുള്ളതാണല്ലോ കേരളത്തിന്റെ ഭൂപ്രകൃതി.

2010 മുതൽ കേരളം അതിരൂക്ഷമായ വരള്‍ച്ച അനുഭവിച്ചുവരികയാണ്​. നമുക്കപരിചിതമായിരുന്ന ഉഷ്ണക്കാറ്റുകളും സൂര്യാഘാതവും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു. ശരാശരി താപനില കടക്കുന്ന സാഹചര്യങ്ങള്‍ പതിവായി. എന്നാല്‍ ഇപ്പോള്‍ നാം കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു മുഖം കാണുകയാണ് - പ്രകൃതിദുരന്തങ്ങള്‍ പതിവാകുന്നു. താരതമ്യേന ശാന്തമായിരുന്ന ശാന്തസമുദ്രവും അറബിക്കടലും ചുഴലിക്കാറ്റുകളുടെയും ന്യൂനമര്‍ദ്ദങ്ങളുടെയും വേദിയായി മാറിക്കഴിഞ്ഞു. 2001 - 2019 കാലയളവില്‍ അറബിക്കടലിലെ ചുഴലിവാതങ്ങള്‍ 52 ശതമാനം കണ്ട്​ വര്‍ധിച്ചു. 2020 ലെ ഒന്‍പത്​ പ്രധാന ന്യൂനമര്‍ദ്ദങ്ങളില്‍ നാലും അറബിക്കടലിലായിരുന്നു. അറബിക്കടലിലെ മാറ്റങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തെയാണല്ലോ ഏറ്റവും ബാധിക്കുക. ഒരു ശതാബ്ദത്തിനു ശേഷം, ലോകം തന്നെ പകച്ചു പോയ ഒന്നായിരുന്നു 2018 ലെ വെള്ളപ്പൊക്കം. തികച്ചും അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ടത് 480 ജീവനാണ്​. ജീവനും സ്വത്തിനും സംഭവിച്ച നഷ്ടത്തിനുപുറമെ, അതുണ്ടാക്കിയ മാനസിക ആഘാതങ്ങളില്‍ നിന്ന് മുക്തി നേടുവാന്‍ ഏറെ നാളുകള്‍ വേണ്ടിവന്നു പലര്‍ക്കും. 2017 ലെ ഓഖി, 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കം, 20-21 വർഷങ്ങളിലെ ഉരുള്‍പൊട്ടല്‍ എന്നിവയെല്ലാം കേരളീയരെ സംബന്ധിച്ച്​കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യക്ഷ ആഘാതങ്ങളാണ്. അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതും നാം അനുഭവിക്കുകയാണ്. തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇടവപ്പാതിയും കാലവര്‍ഷവും കേരളീയരെ അന്ധാളിപ്പിക്കുന്നുണ്ടിപ്പോള്‍.

കഴിഞ്ഞ 120 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച മാസമാണ്, ഇക്കൊല്ലം ആഗസ്ത്. എന്നാല്‍ സെപ്തംബറിലാവട്ടെ 2017 ല്‍ അതെ കാലയളവില്‍ ലഭിച്ച മഴയുടെ മൂന്നിരട്ടിയോളം ആയിരുന്നു താനും. തികച്ചും പ്രവചനാതീതവും അമ്പരപ്പിക്കുന്ന തരത്തിലുമുള്ള മഴക്കാലമാണ് ഈ വർഷമുണ്ടായത്​.

ഈ വർഷം, തെക്കേ ഇന്ത്യയില്‍ പൊതുവെ 11 ശതമാനം മഴ അധികം ലഭിച്ചുവെന്നാണ്​ കണക്ക്​. ആഗസ്ത് മുതൽ നാല് മാസങ്ങളിലെ മഴക്കണക്ക്​കാലാവസ്ഥാ സ്ഥിതിവിവര ചരിത്രത്തിലെ തന്നെ വേറിട്ട നിലയിലാണ്. കഴിഞ്ഞ 120 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച മാസമാണ്, ഇക്കൊല്ലം ആഗസ്ത്. എന്നാല്‍ സെപ്തംബറിലാവട്ടെ 2017 ല്‍ അതെ കാലയളവില്‍ ലഭിച്ച മഴയുടെ മൂന്നിരട്ടിയോളം ആയിരുന്നു താനും. തികച്ചും പ്രവചനാതീതവും അമ്പരപ്പിക്കുന്ന തരത്തിലുമുള്ള മഴക്കാലമാണ് ഈ വർഷമുണ്ടായത്​. പ്രാദേശികമായി, പരിമിതമായ പ്രദേശത്തുമാത്രം വളരെ ശക്തമായ മഴ, കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്‌തൊഴിയുക എന്ന പ്രതിഭാസം ഏതാണ്ട് നമുക്ക് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. ദൈനംദിന ജീവിതത്തെയും ചുറ്റുപാടുകളെയും ബാധിക്കുന്ന തരത്തില്‍ കാലാവസ്ഥാ വ്യതിയാനം അനുഭവവേദ്യമായിക്കഴിഞ്ഞു.

rain
തികച്ചും പ്രവചനാതീതവും അമ്പരപ്പിക്കുന്ന തരത്തിലുമുള്ള മഴക്കാലമാണ് ഈ വർഷത്തേതു. പ്രാദേശികമായി, പരിമിതമായ പ്രദേശത്തുമാത്രം വളരെ ശക്തമായ മഴ, കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്‌തൊഴിയുക എന്ന പ്രതിഭാസം ഏതാണ്ട് നമുക്ക് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. / Photo: Muhammed Hanan

കേരളത്തിലെ നെല്ലുൽപാദനം പ്രതിസന്ധിയിൽ

കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ഒരു രംഗമാണ് കാര്‍ഷിക രംഗം. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍, കൃഷി ഇന്നും കാലാവസ്ഥയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇന്നും നമ്മുടെ ജനസംഖ്യയുടെ പകുതിയിലേറെപ്പേരും, അതും ഗ്രാമീണമേഖലയില്‍, ഉപജീവനത്തിന്​ ആശ്രയിക്കുന്നത് കൃഷിയെത്തന്നെയാണെന്നതും അവര്‍ പ്രായേണ പരിമിതമായ സാമ്പത്തിക സ്ഥിതിയിലുള്ളവരാണെന്നതും ഈ ആഘാതത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു.

ആഗോള താപനം ഭക്ഷ്യ ഉല്പാദനത്തില്‍ വരുത്തുന്ന ആഘാതങ്ങളെപ്പറ്റി ഒട്ടനവധി പഠനങ്ങള്‍ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ നിരത്തുന്നുണ്ട്. പൊതുവില്‍ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക ഉത്പാദനരംഗത്ത് വിപരീത ഫലങ്ങളാണുണ്ടാക്കുക എന്നാണ് നിഗമനം. നമ്മുടെ നാട്ടിലെ പ്രധാന ഭക്ഷ്യ ധാന്യമായ അരിയുടെ ഉത്പാദനവും കുറയും. ഉയര്‍ന്ന താപനിലയും മഴയുടെ കുറവുമാണ്​ കേരളത്തിലെ നെല്ലുല്പാദനത്തെ പ്രതികൂലമായി ബാധിക്കുകയെന്ന്​ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. താപനിലയില്‍ ഓരോ ഡിഗ്രി സെല്‍ഷ്യസ് വര്‍ധനയും ശരാശരി ആറ് ശതമാനം ഉല്പാദന നഷ്ടത്തിലേക്ക് നയിച്ചേക്കാം. നമ്മുടെ ആവശ്യങ്ങളുടെ പത്തിലൊന്നു പോലും അരി ഉത്പാദനം സാധ്യമല്ലാത്ത ഈ നിലയില്‍ നിന്ന്​ കൂടുതല്‍ ഉല്പാദന നഷ്ടത്തിലേക്കാവുന്ന സാഹചര്യമാണ് പ്രവചിക്കപ്പെടുന്നത്. പൊതുവില്‍, സസ്യങ്ങളുടെ പരാഗണ സമയത്തുണ്ടാകുന്ന അധിക താപനില പരാഗണത്തെയും പൂമ്പൊടിയുടെ മുള ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ജലദൗര്‍ലഭ്യം ജലസേചിത വിളകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. ചിരസ്ഥായി വിളകളായ തെങ്ങ്, കവുങ്ങ് എന്നിവക്കുള്ള ജലസേചനം പരിമിതപ്പെടുത്തുന്നതും നിറുത്തുന്നതും ദീര്‍ഘകാലത്തേക്ക്​ വിളയ്ക്ക് ദോഷം ചെയ്യും. ദക്ഷിണേന്ത്യയിലെ പ്രധാന തെങ്ങു കൃഷി മേഖലകളിലെല്ലാം തുടര്‍ച്ചയായ വരള്‍ച്ചക്കുശേഷം 3 - 4 വര്‍ഷത്തേക്ക് ഉല്പാദനക്ഷമത കുറഞ്ഞതായി കണ്ടിട്ടുണ്ട്. ഉയര്‍ന്ന കാര്‍ണ്‍ ഡൈ ഓക്‌സൈഡ് നില തെങ്ങിന്റെ രോഗ- കീട പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന്​ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇലകളിലെ ഫീനോള്‍ നില കുറയാന്‍ കാരണമാകുന്നതു മൂലമാണിത്. ഇതുമൂലവും ഉത്പാദന ക്ഷമത കുറയും. ഉയര്‍ന്ന താപനിലയില്‍ കൊപ്രയിലെ എണ്ണയുടെ അളവ് മെച്ചപ്പെടുമെങ്കിലും കൊപ്രയുടെ തൂക്കം കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കേരളം ജലസമൃദ്ധമെന്ന ധാരണയാണ് പൊതുവിലുള്ളത്. അതുകൊണ്ട് തന്നെ നമ്മുടെ ജലോപയോഗ ശീലങ്ങളും ഒട്ടൊക്കെ ധാരാളിത്തത്തോടെയാണ്. ഇന്ന് കേരളീയന്റെ ശരാശരി ജലലഭ്യത രാജസ്ഥാനിലേതിനേക്കാള്‍ കുറവത്രെ

അതോടൊപ്പം, ഭക്ഷ്യ ധാന്യങ്ങളിലെ പോഷകഗുണങ്ങളില്‍ ഉണ്ടായേക്കാവുന്ന കുറവ് പൊതുജനാരോഗ്യത്തെ തന്നെ ബാധിയ്ക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്നു, ചില ഗവേഷണങ്ങള്‍. അരിയില്‍ പ്രോട്ടീന്‍, മിനറലുകള്‍, ചില വിറ്റാമിനുകള്‍ എന്നിവ ക്രമേണ കുറയുമെന്നും അതുകൊണ്ട്, ഇപ്പോള്‍ തന്നെ പ്രോട്ടീന്‍ അപര്യാപ്തത നേരിടുന്ന ജനസമൂഹങ്ങളില്‍ ഇത് രൂക്ഷമാവുമെന്നും ആശങ്കയുണ്ട്. അരി ,ഗോതമ്പ്​ എന്നീ പ്രധാന ധാന്യ വര്‍ഗങ്ങളില്‍ മഗ്‌നീഷ്യം, സിങ്ക് എന്നീ മൂലകങ്ങളുടെ അളവ് കുറഞ്ഞു വരുന്നതായും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണ വൈവിധ്യം ശുഷ്‌കിച്ചുകൊണ്ടിരിക്കുന്നുവെന്നും, ലോകത്തിലെ മുഖ്യാഹാര സ്രോതസുകള്‍ 9 എണ്ണം മാത്രമായിരിക്കുമെന്നും വെളിപ്പെടുമ്പോള്‍ ഇക്കാര്യം കൂടുതല്‍ പ്രസക്തമാവുകയാണ്. ഭക്ഷ്യഭദ്രതക്കപ്പുറം ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്​നങ്ങളാണിവയെല്ലാം.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികള്‍ അതിജീവിക്കാനുള്ള കർമപദ്ധതികളുടെ അഭാവത്തില്‍ ലോകത്തിലെ ഭക്ഷ്യോത്പാദനം 2050 ഓടെ 30 ശതമാനം വരെ കുറയുമത്രെ. സ്വാഭാവികമായും ഇത് ആഗോള ഭക്ഷ്യവിലയില്‍ വന്‍ വര്‍ധനക്ക് കാരണമാകും. ഭക്ഷണത്തിനായി കമ്പോളാശ്രയത്വം കൂടുതലുള്ള കേരളം പോലുള്ള പ്രദേശങ്ങള്‍ക്ക് ആശങ്കക്കിടയാക്കുന്നു, ഭക്ഷ്യവിലവർധന. കഴിഞ്ഞ ആഴച്ചകളിലുണ്ടായ വിപരീത കാലാവസ്ഥയുടെ ഫലമായി ഇപ്പോള്‍ ഒട്ടുമിക്ക പച്ചക്കറികളുടെയും കാര്യത്തില്‍ അനുഭവപ്പെടുന്ന വിലവര്‍ധന കേരളീയര്‍ അനുഭവിക്കുന്നുണ്ടല്ലോ.

coconut
ദക്ഷിണേന്ത്യയിലെ പ്രധാന തെങ്ങു കൃഷി മേഖലകളിലെല്ലാം തന്നെ തുടര്‍ച്ചയായ വരള്‍ച്ചയ്ക്ക് ശേഷം 3 - 4 വര്‍ഷത്തേക്ക് ഉല്പാദനക്ഷമത കുറഞ്ഞതായി കണ്ടിട്ടുണ്ട്. ഉയര്‍ന്ന കാര്‍ണ്‍ ഡൈ ഓക്‌സൈഡ് നില തെങ്ങിന്റെ രോഗ കീട പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. / Photo: Wikimedia Commons

കുറഞ്ഞുവരുന്ന ജലലഭ്യത

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ആഘാതം ജലസമ്പത്തിന്റെ കാര്യത്തിലെന്ന് പഠനങ്ങള്‍ അടിവരയിടുന്നു. കേരളം ജലസമൃദ്ധമെന്ന ധാരണയാണ് പൊതുവിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ജലോപയോഗ ശീലങ്ങളും ഒട്ടൊക്കെ ധാരാളിത്തത്തോടെയാണ്. ഇന്ന് കേരളീയരുടെ ശരാശരി ജലലഭ്യത രാജസ്ഥാനിലേതിനേക്കാള്‍ കുറവത്രെ! വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.

കേരളത്തിന്റെ ജലസമ്പത്തിന്റെ 72 ശതമാനവും കാര്‍ഷിക രംഗത്താണ് ഉപയോഗപ്പെടുത്തുന്നത്. ബാക്കി 24 ശതമാനം വ്യവസായിക രംഗത്തും 4 ശതമാനം ഗാര്‍ഹികരംഗത്തും. മൊത്തം കൃഷിഭൂമിയുടെ ഏതാണ്ട് അഞ്ചിലൊന്ന് ജലസേചിതമാണ്. ജലസേചിത കൃഷി ഭൂവിസ്തീർണം കൂട്ടിക്കൊണ്ടിരിക്കുകയും അതിനായി പ്രധാനമായും കിണറുകളെ ആശ്രയിക്കുകയും ചെയ്യുന്ന രീതിയാണ് നമ്മുടേത്. ഏതാണ്ട് 40 ശതമാനവും കിണറുകളെ അശ്രയിച്ചുള്ള ജലസേചനമാണ്. ഗാര്‍ഹികരംഗത്തും സ്ഥിതി വ്യത്യസ്തമല്ല. 62 ശതമാനം കുടുംബങ്ങളും കിണര്‍ വെള്ളത്തെത്തന്നെ ആശ്രയിക്കുന്നവരാണ്.

കുഴൽക്കിണറുകളുടെ എണ്ണവും ആഴവും അമ്പരിപ്പിക്കുന്ന തരത്തിലാണ്. 2000നു മുമ്പ്, കുഴൽക്കിണറുകളുടെ ശരാശരി ആഴം 93 മീറ്റര്‍ ആയിരുന്നത് ഇപ്പോൾ ഏതാണ്ടിരിട്ടിയായിട്ടുണ്ട്.

പരമ്പരാഗത രീതിയിലുള്ള സാധാരണ കിണറുകളെക്കാള്‍ കുഴല്‍ക്കിണറുകള്‍ വ്യപകമാകുകയാണ്​. നമ്മുടെ ഭൂഗര്‍ഭ ജലസമ്പത്ത് ശോഷിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും കുഴല്‍ക്കിണറുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്​. വയനാട്, ഇടുക്കി ജില്ലകളിലും കുഴല്‍ക്കിണറുകള്‍ വ്യാപകമാകുന്നു. ചിറ്റൂര്‍ പോലെ താരതമ്യേന വരണ്ട പ്രദേശങ്ങളില്‍ വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്ന കുഴൽക്കിണറുകളുടെ എണ്ണവും ആഴവും അമ്പരിപ്പിക്കുന്ന തരത്തിലാണ്. 2000നു മുമ്പ്, കുഴൽക്കിണറുകളുടെ ശരാശരി ആഴം 93 മീറ്റര്‍ ആയിരുന്നത് ഇപ്പോൾ ഏതാണ്ടിരിട്ടിയായിട്ടുണ്ട്. ഒരു പുതിയ കുഴൽക്കിണറിനു വേണ്ടിവരുന്ന ശരാശരി വാര്‍ഷിക ചെലവ് കാര്‍ഷിക വരുമാനത്തിന്റെ 40 ശതമാനത്തോളമാണ്. പ്രതീക്ഷിച്ചപോലെ സ്ഥിരമായി ജലം ലഭിക്കാതാവുമ്പോള്‍, കടം തിരിച്ചടക്കാനാവാതെ ആത്മഹത്യയിലഭയം പ്രാപിക്കേണ്ടി വരുന്ന സാഹചര്യവും ഇത്​ സൃഷ്​ടിക്കുന്നുണ്ട്​.

rain-farming
Photo: Muhammed Hanan

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ രൂക്ഷമായി നേരിടേണ്ടി വരുന്നത് ദരിദ്രസമൂഹങ്ങള്‍ തന്നെയാണ്​. അത്തരക്കാരില്‍ ഗാര്‍ഹികരംഗത്തെ ജലദൗര്‍ലഭ്യം സ്ത്രീകളെയാണ് ഏറെ ബാധിക്കുക. കുടുംബത്തിന്റെ ജല സുരക്ഷ വീട്ടമ്മമാരുടെ ചുമതലയായി കാണുന്ന സാമൂഹിക കാഴ്ച്ചപ്പാടാണല്ലോ നമ്മുടേത്. ജലക്ഷാമം രൂക്ഷമാവും തോറും വെള്ളത്തിനായി കൂടുതല്‍ ദൂരം താണ്ടേണ്ടി വരികയും 38 ശതമാനം കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നതുമായി വയനാട്ടില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ഗാര്‍ഹിക ജലാവശ്യങ്ങള്‍ക്കായി ജല കമ്പോളങ്ങളെ ആശ്രയിക്കുന്നതും വ്യാപകമാകുകയാണ്. കടുത്ത വേനൽക്കാലങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുടുംബങ്ങളിലെ ശരാശരി ജല ഉപഭോഗം, ജലസമ്പന്നമായ പ്രദേശങ്ങളേക്കാള്‍ 22 ശതമാനത്തോളം കുറവാണെന്ന് തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇത്തരം കുടുംബങ്ങള്‍ ജലസംഭരണത്തിന്​ കമ്പോളങ്ങളെ ആശ്രയിക്കുക മൂലം 42 ശതമാനത്തോളം അധിക ചെലവ് വഹിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് അവരുടെ മാസ കുടുംബവരുമാനത്തിന്റെ 6 ശതമാനത്തോളം വരും. ഈ അധിക് ചെലവ് കുടുംബത്തിന്റെ പൊതു ഉപഭോഗത്തെയും നീക്കിയിരുപ്പ് തുകയേയും സാരമായിത്തന്നെ ബാധിക്കുന്നു. മാത്രമല്ല, ജല ഉപയോഗം പരിമിതപ്പെടുത്തുന്നതുമൂലവും മലിന ജല ഉപയോഗത്താലുമുണ്ടാകുന്ന ഹ്രസ്വകാല - ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതകളും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.

കർഷകരുടെ ഉപജീവന വെല്ലുവിളികൾ

കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുബന്ധമായി കാര്‍ഷികാദായം കുറയുകതന്നെയാണെന്നാണ്​ ഈ രംഗത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയരുന്ന താപനില, കാലവും സ്വഭാവവും തെറ്റുന്ന മഴ എന്നിവയാണ് കുട്ടനാടന്‍ കര്‍ഷകര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. തത്ഫലമായി നെല്‍ക്കൃഷിയില്‍ രോഗ- കീടങ്ങള്‍ കൂടുന്നുണ്ടെന്നും ഉൽപാദനം കുറയുകയാണെന്നും ഭൂരിഭാഗം കര്‍ഷകരും പ്രതികരിക്കുന്നു. ഉൽപാദനച്ചെലവിലെ വര്‍ദ്ധനയും ഉൽപാദനം കുറയുന്നതുമൂലമുള്ള വരുമാന നഷ്ടവും കാര്‍ഷികാദായത്തില്‍ ഇടിവുണ്ടാക്കുന്നു.

വയനാടന്‍ കര്‍ഷകരുടെ അനുഭവത്തില്‍, ഉയര്‍ന്നു വരുന്ന താപനിലയും (പകല്‍-രാത്രി) ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന വേനല്‍ മഴയുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ അനുഭവങ്ങള്‍. വയനാടിന്റെ സവിശേഷതയായിരുന്ന "നൂല്‍ മഴ' ഇന്ന് കനത്ത മഴയുടെ സ്വഭാവത്തിലാണത്രെ. പ്രദേശത്തെ പ്രധാന പരമ്പരാഗത വിളകളായ കാപ്പി, കുരുമുളക് എന്നവയുടെ ഉല്പാദനത്തില്‍ ക്രമാനുഗതമായ കുറവ് അനുഭവപ്പെടുന്നു. പ്രദേശത്തെ എല്ലാ വിളകളിലും (കാപ്പി, കുരുമുളക്, നെല്ല്, വാഴ, തെങ്ങ്, മഞ്ഞള്‍, ഇഞ്ചി) കീടരോഗ ബാധയുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതായും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. താരതമ്യേന അപ്രധാനമായിരുന്ന കീടങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും പുത്തന്‍ രോഗങ്ങളും കീടങ്ങളും ശ്രദ്ധയില്‍ പെടുകയും ചെയ്യുന്നതായും കര്‍ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന്​ മനസിലാക്കാം. കൂടാതെ വയനാടിന്റെ പ്രധാനവിളയായ കാപ്പി പുഷ്പിക്കുന്നതിലും ഫലപ്രാപ്തിയിലും കുറവ് കാണുന്നതായി ഭൂരിഭാഗം കര്‍ഷകരും പ്രതികരിച്ചു. ഉൽപാദനനഷ്ടം മാത്രമല്ല, ഉൽപ്പന്നത്തിന്റെ ഗുണമേണ്മയിലും വന്‍ കുറവ് അനുഭവപ്പെടുന്നു എന്നത് ഗണ്യമായ വരുമാന നഷ്ടത്തിനു കാരണമാകുന്നു.

കാര്‍ഷിക- അനുബന്ധ പ്രാഥമിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ ജീവനോപാധികള്‍ പൂര്‍ണമായും ഇല്ലാതാകാനുള്ള സാധ്യത ഏറെയാണ്.

കാലാവസ്ഥയിലെ ദീര്‍ഘകാല - ഹ്രസ്വകാല വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന കാര്‍ഷിക വരുമാന നഷ്ടം, ഉല്പാദനനഷ്ടം, പരിപാലനത്തിലുണ്ടാകുന്ന അധികച്ചെലവുകള്‍, ഉൽപ്പന്ന ഗുണ ശോഷണം എന്നീ ഘടകങ്ങള്‍ മൂലമാകാം. അപ്രതീക്ഷിതവും രൂക്ഷവുമായ അതിവൃഷ്ടി, അനാവൃഷ്ടി എന്നീ പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം പലപ്പോഴും കര്‍ഷകരുടെ സാമ്പത്തികാടിത്തറ തകര്‍ക്കുന്നു.

സമുദ്രനിരപ്പുയരുന്നതുമൂലമുള്ള ഓരുവെള്ള ഭീഷണി ഉള്‍നാടന്‍ ജലാശയങ്ങളേയും കൃഷിഭൂമികളേയും തരിശാക്കുമോ എന്ന ആശങ്കയുണ്ട്. കാര്‍ഷിക- അനുബന്ധ പ്രാഥമിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ ജീവനോപാധികള്‍ പൂര്‍ണമായും ഇല്ലാതാകാനുള്ള സാധ്യതയും ഏറെയാണ്. സമുദ്ര നിരപ്പില്‍ നിന്ന്​ താഴ്ന്നു കിടക്കുന്ന കൃഷിഭൂമികളും പരസ്പര ബന്ധിതമായ ജലാശയങ്ങളും നമ്മുടെ നാടിന്റെ സ്വഭാവ വിശേഷമാണെന്നോർക്കുക. 
സമുദ്ര- ഉൾനാടൻ മത്സ്യ സമ്പത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം ഇന്ന്​ ചര്‍ച്ചാ വിഷയമാണ്​. ജീവനോപാധികളുടെ നാശം എന്നതിലുപരി കേരളീയരുടെ ആരോഗ്യത്തെത്തന്നെയും ബാധിക്കുന്ന സംഗതിയാണിത്. കേരളീയരുടെ ഇഷ്ടഭക്ഷണമെന്ന നിലയിലും ഏറ്റവും ചെലവു കുറഞ്ഞ പ്രോട്ടീന്‍ സ്രോതസ്സ് എന്ന നിലയിലും പ്രാധാന്യമുള്ള മത്തി നമ്മുടെ തീരങ്ങളില്‍ നിന്ന്​അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നത് കാലാവസ്ഥാ വ്യതിയാനവുമായിക്കൂടി ബന്ധപ്പെട്ട പ്രതിഭാസമാണെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു.

അതായത്, കാര്‍ഷിക അനുബന്ധ മേഖലകളിലെ ആഘാതങ്ങള്‍ കേവലം വരുമാനനഷ്ടം എന്നതിലുപരി, ആരോഗ്യം, ഉപജീവനമാര്‍ഗം, ജീവിത സാഹചര്യങ്ങള്‍ എന്നിവയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ബാധിക്കുന്ന തരത്തിലാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ കാര്‍ഷിക വിളകളെയും മത്സ്യസമ്പത്തിനെയും പാലുല്പാദനത്തെയും മറ്റനേകം ഉല്പാദനമേഖലകളെയും വിപരീതമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്​. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കാര്‍ഷികോല്പാദനോപാധികളുടെ വിതരണക്കാര്‍, കാര്‍ഷിക ഉല്പാദനാനന്തര മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, സര്‍വ്വോപരി ഉപഭോക്താക്കള്‍ എന്നിവരെല്ലാം അതുമൂലം ദുരിതമനുഭവിക്കേണ്ടിവരുന്നു.

fish
കേരളീയരുടെ ഇഷ്ടഭക്ഷണമെന്ന നിലയിലും ഏറ്റവും ചെലവു കുറഞ്ഞ പ്രോട്ടീന്‍ സ്രോതസ്സ് എന്ന നിലയിലും പ്രാധാന്യമുള്ള മത്തി നമ്മുടെ തീരങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. / Photo: Muhammed Fasil

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി, പ്രത്യേകിച്ചും പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള നഷ്ടം കണക്കാക്കുമ്പോള്‍ പലപ്പോഴും ഋജുവായ സമീപനമാണ് അവലംബിക്കാറുള്ളതെന്നു കാണാം. കാര്‍ഷിക വിള നാശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നഷ്ടം തിട്ടപ്പെടുത്തുന്ന രീതിയാണ് പൊതുവിലുള്ളത്. എന്നാല്‍, കാര്‍ഷിക രംഗത്തെ പ്രധാന ആഘാതങ്ങള്‍ ദീര്‍ഘകാലത്തേക്ക്​കാർഷികോല്പാദനത്തെ ബാധിക്കുന്നവയാണ്​. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ മുതലായ സന്ദര്‍ഭങ്ങളില്‍ കൃഷിഭൂമിയുടെ ശോഷണം സംഭവിക്കുക സ്വാഭാവികമാണ്. മേല്‍മണ്ണ് പൂര്‍ണമായും നഷ്ടമാകും. ജലസേചന സൗകര്യങ്ങള്‍, കാര്‍ഷിക യന്ത്രസാമഗ്രികള്‍, മണ്ണ്- ജല സംരക്ഷണ സംവിധാനങ്ങള്‍, സൂക്ഷിപ്പ് സൗകര്യങ്ങള്‍, സംസ്‌കരണ സൗകര്യങ്ങള്‍ എന്നിങ്ങനെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും, ഹ്രസ്വകാലത്തിലും ദീര്‍ഘകാലത്തിലും ബാധിക്കുന്ന ഘടകങ്ങളെ ബാധിക്കുന്ന ആഘാതങ്ങള്‍ നഷ്ടക്കണക്കില്‍പ്പെടാറില്ല മിക്കപ്പോഴും. കേരളത്തിലെ ഒട്ടുമിക്ക പുരയിടങ്ങളിലുമുള്ള വൃക്ഷവിള നാശവും കണക്കില്‍പ്പെടാറില്ല.

ഭൂമിശാസ്ത്രപരമായും സാമൂഹികമായും ഉള്ള സവിശേഷതകള്‍ മൂലം കേരളം അതിലോല മേഖല തന്നെയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷികമായും പാരിസ്ഥിതികമായും ഉണ്ടാകുന്ന ആഘാതങ്ങള്‍ കഠിനമാണെന്നത് നാം അനുഭവിച്ചറിയുകയാണ്.

എന്താണ് പരിഹാരം?

കാലാവസ്ഥാ വ്യതിയാനം അതിവിദൂര ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒന്നാണെന്ന ആത്മവിശ്വാസത്തോടെയും അലസതയോടെയും ഈ പ്രതിഭാസത്തെ സമീപിച്ചിരുന്നവരെല്ലാം ഇതുമായി ബന്ധപ്പെട്ട ആഘാതങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കയാണ്. അതിവൃഷ്ടിയും അനാവൃഷ്ടിയും പ്രകൃതിദുരന്തങ്ങളും കടുത്ത ആഘാതം സൃഷ്ടിക്കുകയും, തികച്ചും അപ്രതീക്ഷിതമായ ദിനാവസ്ഥകള്‍ ആവർത്തിക്കുകയും ചെയ്യുന്നു. ഭൂമിശാസ്ത്രപരമായും സാമൂഹികമായും ഉള്ള സവിശേഷതകള്‍ മൂലം കേരളം അതിലോല മേഖല തന്നെയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷികമായും പാരിസ്ഥിതികമായും ഉണ്ടാകുന്ന ആഘാതങ്ങള്‍ കഠിനമാണെന്നത് നാം അനുഭവിച്ചറിയുകയാണ്. അതോടൊപ്പം, ഒരു ഉപഭോഗ സംസ്ഥാനം എന്ന നിലയില്‍, ഭക്ഷ്യ സുരക്ഷാ രംഗത്ത്​ നാം സങ്കീര്‍ണമായ വെല്ലുവിളികളാണ് നേരിടേണ്ടി വരിക. 
കാലാവസ്ഥാ വ്യതിയാന ആഘാതങ്ങള്‍ ചെറുക്കാനും, ലഘൂകരിക്കാനും, അതിജീവിക്കാനും നമുക്ക് കഴിയണം. സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെയും, ശാസ്ത്രീയ അറിവുകളിലൂടെയും,  ഉപഭോഗ ശീലങ്ങൾ നിയന്ത്രിച്ചും വെല്ലുവിളികള്‍ നേരിടാം. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം കേരളീയരുടെ അതിജീവന സാദ്ധ്യത മെച്ചപ്പെടുത്താനുതകുന്ന അടിത്തറയാണ്.

കാലാവസ്ഥാ മാറ്റത്തിന്​ ഹേതുവാകുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ വ്യക്തിയും ഒഴിവാക്കുക എന്നതു മാത്രമല്ല, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യണം. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇക്കാര്യം നേടാവുന്നതേയുള്ളു. ആഗോള താപനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗ്ഗമനം ഏറ്റവും പരിമിതപ്പെടുത്തുക എന്നതുതന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം. നമ്മുടെ ഉപഭോഗ ശീലങ്ങളിലുള്ള മിതത്വവും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലുള്ള ശാസ്ത്രീയതയും ഇക്കാര്യത്തില്‍ ഏറ്റവും പ്രസക്തമാണ്.

സമൂഹത്തിന്റെ അറിവും കരുതലും വിജ്ഞാന മൂലധനവുമാണ് കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള അടിസ്ഥാന ഘടകം. ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രയോഗത്തില്‍ വരുത്താനുള്ള നമ്മുടെ ആര്‍ജ്ജവം വെല്ലുവിളികളെ നേരിടുന്നതിനും ആഘാതം ലഘൂകരിയ്ക്കുന്നതിനും സഹായകരമാവും. നമ്മുടെ അറിവും പൗരത്വബോധവുമാണ് പ്രതിരോധത്തിന്റെ ഏറ്റവും ശക്തമായ മതില്‍.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ഡോ. പി. ഇന്ദിരാദേവി

കേരള കര്‍ഷകക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ (അഗ്രി. എക്‌സ്‌പെര്‍ട്ട്). കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പ്രൊഫസർ ആയിരുന്നു.

Audio