ദലിത് ക്രൈസ്തവരുടെ രാഷ്ട്രീയം
റവ. ഡോ. ബൈജു മര്‍ക്കോസ്
ദലിത് ക്രൈസ്തവരെ അദൃശ്യരാക്കുന്നത്
സഭയും ജാതിയും തമ്മിലുള്ള അവിശുദ്ധ കോൺട്രാക്റ്റ്
അമേരിക്കയിലെ ക്രൈസ്തവ പൊതുബോധവും വെള്ളക്കാരുടെ മേല്‍ക്കോയ്മ പ്രത്യയശാസ്ത്രവും തമ്മിലുള്ള സോഷ്യല്‍ കോണ്‍ട്രാക്ട് ആണ്, വംശീയതയുടെ ഒരു കാരണമെന്ന നിരീക്ഷണമുണ്ട്. അതേ രീതിയില്‍ തന്നെയാണ് കേരള ക്രൈസ്തവ സഭകളിലെ സവര്‍ണബോധവും അധികാരവും തമ്മിലുള്ള അദൃശ്യമായ ഉടമ്പടികളും.

Doing theory is a Dalit social necessity in order to become the subject of their own thinking rather than becoming the object of somebody else's thinking.
- Gopal Guru, Cracked Mirror
ദലിത് എന്ന വാക്ക് ഒരു ദൈവശാസ്ത്ര സങ്കേതമായും, സാമൂഹിക വിശകലനോപാധിയായും, സഹവര്‍ത്തിത്വത്തിന്റെയും, സമത്വത്തിന്റെയും ശുഭപ്രതീക്ഷയായുമാണ് ഇവിടെ ഉപയോഗിക്കുക. ജാതിബോധ- നിഹിതമായ ഒരു സമൂഹത്തിന്റെ അടിത്തട്ടില്‍ കിടന്ന് ശ്വാസം മുട്ടുവാന്‍ ആരും സ്വയമേ ഒന്നും തിരഞ്ഞെടുക്കാറില്ല ! പാര്‍ശ്വിതമായ സാമൂഹികാവസ്ഥയെ (marginality) കീഴാളമായ സര്‍ഗചേതനകൊണ്ട്, സാധ്യതയുടെയും സംവാദത്തിന്റെയും ക്രിയാത്മകമായ ഇടര്‍മായിടമായി (liminal space) പരിവര്‍ത്തിപ്പിക്കുന്ന ചോദനയുടെ പേരായി ദലിത് എന്ന സംജ്ഞയെ കാണുകയാണിവിടെ.
ദലിത് ക്രൈസ്തവരുടെ അദൃശ്യത സ്വാഭാവികമായി ഉണ്ടായിവന്നതല്ല, മറിച്ച് ഒരു ആഖ്യാനത്തിലൂടെ സൃഷ്ടിച്ചെടുത്തതാണ്. ഏകശിലാത്മകമായ ക്രൈസ്തവികത എന്ന ആഖ്യാനമാണത്.
ദലിത് സമൂഹം, ഭാരതത്തിലെ ജാതിവ്യവസ്ഥയുടെ പുറത്താണെങ്കിലും, അതിന്റെയെല്ലാ ഇരയാക്കലനുഭവങ്ങളും (victimhood) പേറിക്കൊണ്ട് അകത്തുമാണ്. അങ്ങനെ അകത്തും പുറത്തുമായി ചിന്നിച്ചിതറിയ ജീവിതങ്ങളുമായി എവിടെയുമെത്താതെ ഇരുളില്‍ ഈ പേമാരിയില്‍, ജയ് ഭീം എന്ന ചലച്ചിത്രത്തിലെ സെങ്കിണിയെപ്പോലെ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചു യാത്രചെയ്യുന്ന അനാഥജന്മങ്ങളായി ദലിതര്‍ മാറിയിരിക്കുന്നു! ഓരോ നോക്കിലും, വാക്കിലും, ചിന്തയിലും അങ്ങനെ ജാതിബോധം കുത്തിനിറയ്ക്കുന്ന പുരോഗമന കേരളത്തിന്റെ അനിഷേധ്യ ഭാഗമായി നമ്മളും മാറുന്നു! കേരളത്തില്‍, അടയാളപ്പെടുത്താതെ അദൃശ്യമായിപ്പോയ ഒരു സമൂഹമാണ് ദലിത് ക്രൈസ്തവര്‍! ജാതിവിവേചനത്തിന്റെ ക്രൂരതകളില്‍ നിന്ന് രക്ഷ നേടാന്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് ക്രൈസ്തവരായി മാറിയവര്‍, സഭകളില്‍ വീണ്ടും അതേ ക്രൂരതകളുടെ ഇരകളായി തീര്‍ന്നവര്‍! എന്തൊരു ഹൃദയഭേദകമായ വൈപരീത്യമാണത്?

തികച്ചും അരികുവല്‍കരിക്കപ്പെട്ടതും അദൃശ്യമാക്കപ്പെട്ടതുമാണ് കേരളത്തിലെ ദലിത് ക്രൈസ്തവ ജീവിതം. അനാഥമാക്കപ്പെട്ട ആ സാമൂഹിക ജീവിതത്തിന്റെ ഭവശാസ്ത്രമെന്താണ് (Phenomenology of Dalit Christian Life) എന്നതിലേക്കാണ് ഈ കുറിപ്പ് വിരല്‍ ചൂണ്ടുന്നത്. ഭവശാസ്ത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ആത്മാനുഭവങ്ങളുടെ (expression of lived experience) ആവിഷ്‌കാരമെന്ന നിലയിലാണ്. പലപ്പോഴും ബഹിഷ്‌കൃത ജീവിതങ്ങളെ ആ അനുഭവങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവര്‍ രേഖപ്പെടുത്തുന്ന പരമ്പരാഗത രീതിയാണുള്ളത്! എന്നാലിന്ന്, സ്വാനുഭവങ്ങളെ സ്വയം പ്രസ്താവിക്കുന്നത് തന്നെ ബഹിഷ്‌കൃതരെ സംബന്ധിച്ചിടത്തോളം വീണ്ടെടുപ്പനുഭവമായി തീര്‍ന്നിട്ടുണ്ട്.
കേരളത്തിലെ ഏതു മത / സാമൂഹിക ഇടത്തിലേക്കും പ്രവേശിക്കുന്ന ഒരു ദലിത് ശരീരത്തിന് ചുറ്റുമുള്ള ഓരോ വാക്കും, നോക്കും, ക്രിയയും തന്റെ സാമൂഹികമായ കടത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുവാന്‍ അധികം സമയമൊന്നും ആവശ്യമുണ്ടാവില്ല.
"അദൃശ്യത' (invisibility) തന്നെയാണ് ദലിത് ക്രൈസ്തവ ജീവിതത്തിന്റെ പ്രഥമാനുഭവം. അധികാരസ്ഥാനങ്ങളിലും, അഭിപ്രായരൂപീകരണ സമിതികളിലും മാത്രമല്ല, അനുദിന ജീവിതവ്യാപാരങ്ങളില്‍ പോലും അദൃശ്യമാക്കപ്പെടുന്ന ജീവിതമാണ് ദലിത് ക്രൈസ്തവ ജീവിതം. ജാതിസമൂഹത്തില്‍ മജ്ജയും മാംസവുമുള്ള ശരീരങ്ങളുമായി ജീവിക്കുന്നുണ്ടെങ്കിലും, ദലിത് അസ്തിത്വങ്ങളെ കര്‍തൃത്വങ്ങളായി (subjects) കാണാറേയില്ല. ഈ കാണായ്മ (blindness) തന്നെയാണ് തൊട്ടുകൂടായ്മയായി (untouchability) വികസിച്ച്, ഇന്ന് ഉന്നത വിദ്യാഭ്യാസം, ജോലി, തുടങ്ങി ഒരുപാട് സാമൂഹികവിഭവങ്ങളില്‍ നിന്നും തൊട്ടുകൂടാത്തവരായി ദലിതര്‍ അകറ്റിനിര്‍ത്തപ്പെടുന്നത്. ഈ അദൃശ്യതയ്ക്ക് തത്വശാസ്ത്രപരമായ ഒരു കപട കാരണം കൂടിയുണ്ട്. വേദാധിഷ്ടിതമായ ഷഡ്ദര്‍ശങ്ങളില്‍ ജ്ഞാനസമ്പാദനത്തിന്റെയും, ജ്ഞാനസൃഷ്ടിയുടെയും ഉറവുകള്‍ പലതാണ്. അത്തരം ജ്ഞാന ഉറവുകളെ പ്രമാണങ്ങളെന്നു വിളിക്കുന്നു. ആറ് പ്രമാണങ്ങളില്‍ "അനുപലബ്ധി' എന്നത് സുപ്രധാനമായ ഒരു പ്രമാണമാണ്. അനുപലബ്ധിയെന്നാല്‍, നമുക്കുമുന്നില്‍ യാഥാര്‍ഥ്യമായി ഭവിക്കുന്ന ഒരു വസ്തുവിനെയോ, വ്യക്തിയെയോ തൊടുന്നതിലൂടെ നോക്കുന്നതിലൂടെ, അങ്ങനെ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുന്നതിലൂടെ നിര്‍മിച്ചെടുക്കുന്ന അറിവിനെയാണ് സൂചിപ്പിക്കുക. എന്നാല്‍, ഒരാള്‍, മനഃപൂര്‍വം തൊടാതിരിക്കുകയോ (untouch), അദൃശ്യമാക്കുകയോ (invisibilize) ചെയ്യുന്നതിലൂടെ ആ യാഥാര്‍ഥ്യത്തെ (reality), അയഥാര്‍ഥ്യമെന്ന് (unreal) തിട്ടപ്പെടുത്തുന്നതിനെക്കൂടി ഈ പ്രമാണം ശരിവയ്ക്കുന്നുണ്ട്! കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഈ അദൃശ്യത ഇന്ത്യന്‍ സമൂഹത്തിലെ മൂടിവയ്ക്കപ്പെട്ട അനീതിയും അക്രമവുമാണ് വെളിവാക്കുന്നത്. ക്രിസ്തീയ സഭകളിലും "അനുപലബ്ധി' എന്ന പ്രമാണം കൃത്യമായി ആവിഷ്‌കരിക്കപ്പെടുന്നുമുണ്ട്. അത് പച്ചയായ ജാതിബോധമാണ്, ക്രിസ്തീയമല്ലത്. അങ്ങനെ മനഃപൂര്‍വം അദൃശ്യമാക്കപ്പെടുന്ന സമൂഹമാണ് ദലിത് ക്രൈസ്തവര്‍ ഇന്നും.

സാമൂഹിക കടമാണ് (social debt) മറ്റൊരു ദലിത് ക്രൈസ്തവ വ്യതിരിക്താനുഭവം. ചരിത്രപരമായി ദലിത് ക്രൈസ്തവര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഇല്ലായ്മയുടെ (lacuna) സാമൂഹികാനുഭവത്തെയാണ് സാമൂഹിക കടമെന്ന സംജ്ഞകൊണ്ട് സൂചിപ്പിക്കുന്നത്. ഒരാള്‍ക്ക് കടമുണ്ടെന്ന് പറയുന്നതും, അയാള്‍ തന്നെ കടക്കാരനാണെന്ന് പറയുന്നതും രണ്ടു കാര്യങ്ങളാണെന്ന് അമര്യ ഷേയ് എന്ന എഴുത്തുകാരി സൂചിപ്പിക്കുന്നുണ്ട്. ഒരാള്‍ക്ക് കടമുണ്ടെങ്കില്‍ അത് സാമ്പത്തികമായ താല്‍കാലിക ബാധ്യതയാണ്. എന്നാല്‍, ഒരാള്‍ തന്നെ കടമാണെന്നു പറയുന്നത്, അയാള്‍ സാമൂഹികമായ കടത്തിലാണെന്നതുകൊണ്ടാണ്. സാമ്പത്തികബാധ്യതകള്‍ മാത്രമല്ല, സാമൂഹിക, സാംസ്‌കാരിക, പ്രതീകാത്മക, മൂലധനങ്ങളൊന്നുമില്ലാതെ, രാഷ്ട്രീയ കര്‍തൃത്വമില്ലാതെ തികഞ്ഞ ബാധ്യത മാത്രം കൈമുതലായുള്ള ഒരാള്‍.
അങ്ങനെയൊരാള്‍ തീര്‍ച്ചയായും സാമൂഹിക കടത്തിലായിരിക്കും. കേരളത്തിലെ ഏത് മത / സാമൂഹിക ഇടത്തിലേയ്ക്കും പ്രവേശിക്കുന്ന ഒരു ദലിത് ശരീരത്തിന് ചുറ്റുമുള്ള ഓരോ വാക്കും, നോക്കും, ക്രിയയും തന്റെ സാമൂഹികമായ കടത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുവാന്‍ അധികം സമയമൊന്നും ആവശ്യമുണ്ടാവില്ല. ഇത്തരത്തില്‍ സാമൂഹിക കടത്താല്‍ പൂരിതമായ സമൂഹമാണ് ദലിത് ക്രൈസ്തവ സമൂഹം. അത് തനിയേ ഉണ്ടായിവന്നതല്ല, സൂക്ഷ്മമായ ജാതിവിവേചനത്താല്‍ ചരിത്രപരമായി എത്തപ്പെട്ട ഇല്ലായ്മയുടെ സാമൂഹികാവസ്ഥയാണ്. ഇതോടു ചേര്‍ത്തുപറയേണ്ട ഒരുകാര്യമാണ്, ഭാഷാകടം (linguistic debt). രാഷ്ട്രീയമായോ, സാമൂഹികമായോ സ്വയം നിര്‍ണയത്തിനുള്ള ഭാഷ കൈമോശം വന്ന അവസ്ഥ! ദലിതരെന്ന നിലയ്ക്ക് റിസര്‍വേഷന്‍ എന്ന ഭരണഘടനാവകാശത്തിന് അര്‍ഹതയുള്ളവരായിരിക്കെ, ഇനിയുമത് യാഥാര്‍ഥ്യമാവാതിരിക്കുന്നത് ദലിത് ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയഭാഷയുടെ ഇല്ലായ്മ കൂടിയാണ് വെളിപ്പെടുത്തുന്നത്.

മറ്റൊരു ദലിത് ക്രൈസ്തവ സാമൂഹികാനുഭവം "സന്നിഗ്ധത'യാണ് (ambiguity). ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ, ഒരേസമയം ജാതിവ്യവസ്ഥയുടെ ദാസ്യരായി അകത്തും, ഇരകളായി പുറത്തും ജീവിക്കേണ്ടിവരുന്ന സാഹചര്യം പൊതുസമൂഹത്തില്‍ മാത്രമല്ല, സഭാജീവിതത്തിന്റെ എല്ലാ മേഖലകളിലുമുണ്ടെന്ന യാഥാര്‍ഥ്യം അക്ഷന്തവ്യമാണ്. അകം-പുറം (insideness- outsideness) അനുഭവം സന്നിഗ്ധതകളുടെ ജീവിതമാണ്. പ്രവര്‍ജനത്തിന്റെ (exclusion) സൂക്ഷ്മമായ രീതിശാസ്ത്രമാണത്. അത് ജാതിബോധം തന്നെയാണെന്ന് അടയാളപ്പെടുത്തേണ്ടതുണ്ട്. ജോര്‍ജിയോ അഗംബന്റെ (Giorgio Agamben) ഹോമോസാക്കര്‍ എന്ന സങ്കല്പനം, ദലിത് ക്രൈസ്തവ ജീവിതത്തിന്റെ സന്നിഗ്ധതകള്‍ക്ക് സൈദ്ധാന്തിക വെളിച്ചം പകരുന്നുണ്ട്. അകം- പുറമുള്ള, എവിടെയും ആരെയും സ്വന്തമെന്നെണ്ണുവാന്‍ കഴിയാത്ത സാമൂഹികാനുഭവം ഇടര്‍മയുടെ (liminal) അനുഭവം കൂടിയാണ്. ഹോമോസാക്കര്‍ (homosacer) എന്ന സംജ്ഞകൊണ്ട് അകമ്പന്‍ സൂചിപ്പിക്കുന്നത്, റോമന്‍ സാമ്രാജ്യത്വത്തിന്റെ അനീതി നിറഞ്ഞ ക്രിമിനല്‍- ജസ്റ്റിസ് സിസ്റ്റത്തിന്റെ ഇരയായി, സമൂഹത്തിന്റെ അകത്തും- പുറത്തുമായി ജീവിക്കാന്‍ വിധിക്കപ്പെട്ട, ജീവച്ഛവമാക്കപ്പെട്ട, ചോദിക്കാനും-പറയാനും ആരുമില്ലാതെ അലയാന്‍ വിധിക്കപ്പെട്ട, ആരാലും എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാന്‍ മാത്രം ബലഹീനമായിതീര്‍ന്ന, രാഷ്ട്രീയകര്‍തൃത്വം നിഷേധിക്കപ്പെട്ട ബഹിഷ്‌കൃത സ്വത്വത്തെയാണ്. യഥാര്‍ഥത്തില്‍, ഇന്ത്യയിലെ ഹോമോസാക്കറുകളാണ് ദലിതര്‍, പ്രത്യേകിച്ചും ദലിത് ക്രൈസ്തവര്‍. ദലിത് ക്രൈസ്തവരുടെ പ്രത്യേക സാമൂഹികാവസ്ഥയില്‍നിന്ന് ഉണ്ടായിരുന്ന ഒരു വൈകാരിക ഭൂപടം (Emotional Cartography), കേരള പൊതുസമൂഹത്തിന് പ്രത്യേകിച്ച്, കേരള ക്രൈസ്തവ പൊതുബോധത്തിനും പുറത്തുനിന്ന് മഴനനഞ്ഞുകൊണ്ടിരിക്കയാണ് ഇപ്പോഴും! ദലിത് ക്രൈസ്തവരുടെ വൈകാരികതയുടെ ചരിത്രം (Emotional Historiography) ഒരുപക്ഷേ, നമ്മുടെ സാമൂഹിക പൊതുബോധത്തെ തന്നെ സമൂലമായി പരിവര്‍ത്തിപ്പിക്കുവാന്‍ പ്രചോദനമാവുന്നതും ശേഷിയുള്ളതുമായിരിക്കും.

കേരള ക്രൈസ്തവ പൊതു ബോധത്തില്‍ ദലിത് ക്രൈസ്തവര്‍ എങ്ങനെയാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത്, എന്നത് പരിശോധനാവിഷയമാവേണ്ടതുണ്ട്. കേരള ക്രൈസ്തവ പൊതുബോധത്തില്‍ ദലിത് ക്രൈസ്തവര്‍ തികച്ചും അദൃശ്യരാണ്. ദലിത് ക്രൈസ്തവരുടെ അദൃശ്യത മുന്‍പ് സൂചിപ്പിച്ചതുപോലെ സ്വാഭാവികമായി ഉണ്ടായിവന്നതല്ല, മറിച്ച് ഒരു ആഖ്യാനത്തിലൂടെ (narrative) സൃഷ്ടിച്ചെടുത്തതാണ്. ഏകശിലാത്മകമായ ക്രൈസ്തവികത (Monolithic Christianity) എന്ന ആഖ്യാനമാണത്. ഏകശിലാത്മകമായ ക്രൈസ്തവികത എന്നത് ഒരു സോഷ്യല്‍ കോണ്‍ട്രാക്ട് ആണ്. കേരളത്തിലെ ജാതിയും, ക്രൈസ്തവസഭയും (Caste & Church) തമ്മിലുള്ള അവിശുദ്ധമായ കോണ്‍ട്രാക്ട് ആണ് ദലിത് ക്രൈസ്തവരുടെ അദൃശ്യതയ്ക്ക് ഒരു കാരണം. കെല്ലി ബ്രൗണ്‍ ഡഗ്ലസ് (Kelly Brown Douglas) എന്ന അമേരിക്കന്‍ എഴുത്തുകാരി, അമേരിക്കയിലെ ക്രൈസ്തവ പൊതുബോധവും വെള്ളക്കാരുടെ മേല്‍ക്കോയ്മ പ്രത്യയശാസ്ത്രവും (White supremacist Ideology) തമ്മിലുള്ള സോഷ്യല്‍ കോണ്‍ട്രാക്ട് ആണ്, വംശീയതയുടെ (Racism) ഒരു കാരണമെന്ന് നിരീക്ഷിക്കുന്നുണ്ട്. അതേരീതിയില്‍ തന്നെയാണ് കേരള ക്രൈസ്തവ സഭകളിലെ സവര്‍ണബോധവും അധികാരവും തമ്മിലുള്ള അദൃശ്യമായ ഉടമ്പടികളും.

ഏകശിലാത്മകതയുടെ മറ്റൊരു പ്രശ്‌നം മഹത്വകരമായ ഒരു ഭൂതകാലത്തെ ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടാണതിന്റെ നില്‍പ്പ് എന്നതാണ്. C.E. 52 -ല്‍, തോമസ് ശ്ലീഹായുടെ വരവും അതിനെത്തുടര്‍ന്നുണ്ടായ ബ്രാഹ്‌മണരുടെ മതംമാറ്റവുമാണ് സെൻറ് തോമസ് പാരമ്പര്യത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രശില. സെൻറ് തോമസ് പാരമ്പര്യം ഇന്ന് ദൈവശാസ്ത്ര പാരമ്പര്യമെന്നതിനെക്കാള്‍ ജാതിപാരമ്പര്യമായിട്ടാണ് ആവിഷ്‌കരിക്കപ്പെടുന്നത്. ജാതി ഔന്നത്യവും, മഹത്വകരമായ ഭൂതകാലവും സമ്മേളിക്കുന്ന ഒരു ക്രൈസ്തവ പാരമ്പര്യമെന്ന നിലയ്ക്ക്, ഒരു സോഷ്യല്‍ ഡാര്‍വിനിസം അതില്‍ അന്തര്‍ലീനമായിട്ടുണ്ട്. അതുതന്നെയാണ് അതിന്റെ ആഖ്യാനരാഷ്ട്രീയവും. സോഷ്യല്‍ ഡാര്‍വിനിസം അനുസരിച്ച്, പരിണാമപ്രക്രിയയില്‍ മുന്‍പേ പോകുന്നവരാണ്, പിന്‍പേ പോകുന്നവരേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടവരും യോഗ്യരും. അതുകൊണ്ടുതന്നെ പിന്‍പേ വരുന്നവരൊക്ക സ്വാഭാവികമായും അസംസ്‌കൃതരും, ഇനിയും പരിണമിക്കേണ്ടവരും മാത്രമാണ്. അവരില്‍ നിന്നൊന്നും പഠിക്കേണ്ടതില്ല, അവര്‍ അര്‍ഥവത്തായ സാമൂഹിക സംവാദത്തിനുപോലും അര്‍ഹരായവരല്ല, മറിച്ച്സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഇരകള്‍ മാത്രമായി ചുരുങ്ങേണ്ടവരാണ്. അങ്ങനെ ശ്രേഷ്ഠരും, മ്ലേച്ഛരുമായി വേര്‍തിരിപ്പിക്കുന്ന മഹത്വ ഭൂതകാലങ്ങളാണ്, ചിലരെ ദൃശ്യരും മറ്റു ചിലരെ അദൃശ്യരുമാക്കി ചുരുക്കിക്കളയുന്നത്. പുതിയ നിയമത്തില്‍, ക്രിസ്തുവിന്റെ നേര്‍ച്ചിത്രം നമുക്ക് കിട്ടുന്നത് നാല് വ്യത്യസ്തമായ സുവിശേഷ ആഖ്യാനങ്ങളിലൂടെയാണ്. ക്രിസ്തുവിനെ മനസ്സിലാക്കുവാന്‍ വ്യത്യസ്ത ആഖ്യാനങ്ങളാവശ്യമെങ്കില്‍ ക്രിസ്തു ശരീരമായിരിക്കുന്ന സഭയെ നിർവചിക്കുന്നതിന് വ്യത്യസ്ത ആഖ്യാനങ്ങള്‍ അനിവാര്യമാണ്, അവയുടെ അര്‍ത്ഥപൂര്‍ണമായ സംവാദങ്ങളും ഒഴിവാക്കാനാവാത്തതാണ്. യഥാര്‍ഥത്തില്‍, വ്യത്യസ്തതകളുടെ സംവാദത്തിലൂടെ മാത്രമേ സഹവര്‍ത്തിത്വത്തിന്റെ ആത്മീയതയെ പരിപോഷിപ്പിക്കുവാന്‍ നമുക്ക് കഴിയൂ. വ്യത്യസ്ത ആഖ്യാനങ്ങള്‍ ആദരപൂര്‍വം സംവദിക്കുവാനുള്ള വേദികളൊരുക്കുക എന്നതായിരിക്കും ഈ കാലഘട്ടത്തില്‍ നമ്മുക്കുചെയ്യാവുന്ന ഏറ്റവും വലിയ നന്മ.

ജനാധിപത്യപരമായ സഹവര്‍ത്തിത്വത്തിനും, വ്യത്യസ്തതകളുടെ ആഘോഷത്തിനും വേണ്ടി ദലിത് ക്രൈസ്തവരുടെ വ്യതിരിക്തമായ ഉത്തരവാദിത്തമെന്താണ്? മൂന്നുകാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. വിഭങ്ങളുടെ മേലുള്ള അവകാശവും, ആ അവകാശത്തെപ്പറ്റിയുള്ള അവബോധവുമാണ് ഒന്നാമത്തേത്. ദലിത് ക്രൈസ്തവ ബോധത്തില്‍ സ്വയനിഷേധത്തിന്റെയും പാരലോകപ്രാപ്തിയുടെയും ആത്മീയതയും ജീവിതശൈലിക്കുമാണ് മുന്‍ഗണന. ക്രൈസ്തവ ആത്മീയതയില്‍ സ്വയനിഷേധത്തിന്റെ തലമുണ്ടെങ്കിലും അത് ഒരിക്കലും ഋണാത്മകമല്ല, പരലോകോന്മുഖവുമല്ല. ഋണാത്മകമായ സ്വയനിഷേധത്തിന്റെ മായയില്‍ നിന്ന്, സ്വയനിര്‍വചനത്തിന്റെ യാഥാര്‍ഥ്യബോധത്തിലേക്ക് ദലിത് ക്രൈസ്തവര്‍ സംഘമായി യാത്രചെയ്യേണ്ടതുണ്ട്. കര്‍തൃത്വത്തിന്റെ വീണ്ടെടുപ്പാണ് രണ്ടാമത്തെ കാര്യം. പാര്‍ശ്വാനുഭവങ്ങളെ സര്‍ഗാത്മകമായ ഇടര്‍മാനുഭവങ്ങളാക്കി രൂപാന്തരപ്പെടുത്തുന്ന ആധ്യാത്മികവും, സാമൂഹികവും, രാഷ്ട്രീയപരവുമായ ചെയ്തികളിലേര്‍പ്പെടുക എന്നതാണ് പ്രധാനം. അതിലൂടെയാവും കര്‍തൃത്വത്തിന്റെ വീണ്ടെടുപ്പുണ്ടാവുക.
മൂന്നാമത്തേത്, സാമൂഹിക-സംവാദത്തിനുള്ള (social dialogue) ഉത്തരവാദിത്തമാണ്. അടഞ്ഞ സാമൂഹികബോധ്യമല്ല, മറിച്ച് തുറവിയുടെ സംവാദാത്മകതയാവും ദളിത് ക്രൈസ്തവ സമൂഹത്തെ ദൃശ്യപ്പെടുത്തുന്ന സര്‍ഗാത്മക ക്രിയ.

എതിര് എന്ന തന്റെ ജീവിതാഖ്യാനം ഒരു ദലിത് എത്തനോഗ്രഫി എന്ന നിലയിലേക്കുയര്‍ത്തി, പൊള്ളുന്ന വാക്കുകള്‍കൊണ്ട് ജാതിബോധത്തെ പൊളിച്ചെഴുതുന്ന എം. കുഞ്ഞാമന്‍, പുസ്തകം അവസാനിപ്പിക്കുമ്പോള്‍ ഇങ്ങനെ എഴുതുന്നുണ്ട്, ‘ഞാന്‍ പുറപ്പെട്ടുവന്നയിടം ഇപ്പോഴും അങ്ങനെതന്നെ തുടരുന്നുവല്ലോ!' എന്ന്. ഇപ്പോഴും അനുസ്യൂതം തുടരുന്ന ജാതിക്രൂരതകളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ദലിത് ക്രൈസ്തവരെ സംബന്ധിച്ച്, മരിച്ചാലും തീരാത്ത ജാത്യാനുഭവങ്ങളിലൂടെയാണ് അവര്‍ സഞ്ചരിക്കേണ്ടത്. "സ്വാതന്ത്ര്യമെന്നത് നിരന്തര സമരമാണെന്ന' (Freedom is Constant Struggle) എയ്‌ഞ്ചേല ഡേവിസിന്റെ വാക്കുകള്‍ പ്രചോദനമാവട്ടെ! ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.